Monday, April 19, 2010

പൊന്നുതമ്പുരാനെ രക്ഷിച്ച ചീനഭരണി

Cheenabharanai
ചിറമേല്‍ കാരണവര്‍ രാജാവിനെ ശത്രുസൈന്യത്തില്‍നിന്ന് രക്ഷിച്ചത് ഇങ്ങനെ.....

ആരുണ്ടെടാ തമ്പുരാനെ രക്ഷിപ്പാന്‍... എന്ന ചോദ്യത്തിന് അടിയന്‍ ലച്ചിപ്പോം എന്ന മറുപടിയുമായി ഭ്രാന്തന്‍ ചാന്നാന്‍ ചാടിവീണ് പൊന്നുതമ്പുരാനെ രക്ഷിക്കുന്ന സംഭ്രമജനകമായ ഒരു രംഗം സി.വി. രാമന്‍പിള്ളയുടെ 'മാര്‍ത്താണ്ഡവര്‍മ്മ' എന്ന ചരിത്രാഖ്യായികയിലുണ്ട്.

സമാനമായ ഒരു രംഗം കൊച്ചിരാജ്യചരിത്രത്തിലുമുണ്ട്. ശത്രുക്കളില്‍നിന്ന് രക്ഷതേടിയെത്തിയ പൊന്നുതമ്പുരാനെ വലിയ ചീനഭരണിയിലൊളിപ്പിച്ച് രായ്ക്കുരാമാനം വള്ളത്തില്‍ കയറ്റി കൊച്ചിയിലെത്തിച്ച് രക്ഷിച്ച കഥ. ആ ചരിത്രത്തിന്റെ അഭിമാനവുമായി അരണാട്ടുകരയില്‍ ഒരു കുടുംബം. അരണാട്ടുകര തരകന്റെ ചിറമേല്‍ തറവാട്.

കൊച്ചി രാജവംശത്തിലെ ചില രാജാക്കന്മാര്‍ തൃശ്ശൂരിലെ കോവിലകം തലസ്ഥാനമാക്കിയാണ് ഭരിച്ചിരുന്നത്. തൃശ്ശൂര്‍ കോവിലകം ഒരുനാള്‍ സാമൂതിരിയുടെ വാള്‍ക്കാരും കുന്തക്കാരും വളഞ്ഞു. ചെറുത്തുനില്പുകള്‍ വിഫലമായി. രാജാവ് മരണം മുന്നില്‍ക്കണ്ടു.

ഈ സമയം കുറച്ചു ബ്രാഹ്മണര്‍ രാജാവിനെ കാണാന്‍ കൊട്ടാരത്തിലേക്കു കയറി. ബ്രാഹ്മണരായതുകൊണ്ട് സാമൂതിരിയുടെ ഭടന്മാര്‍ കടത്തിവിട്ടു. ഇവരോടൊപ്പം ബ്രാഹ്മണവേഷത്തില്‍ പുറത്തിറങ്ങിയ കൊച്ചിരാജാവ് അരണാട്ടുകരയിലാണെത്തിയത്. അരണാട്ടുകര കടവിനടുത്ത് താമസിച്ചിരുന്നത് പ്രഗല്ഭനായ ആയുര്‍വ്വേദവൈദ്യര്‍ ചിറമേല്‍ തറവാട്ടുകാരണവരാണ്. തറവാട്ടിലെത്തിയ തമ്പുരാനെ കാരണവര്‍ വലിയ ചീനഭരണിയില്‍ ഒളിപ്പിച്ചു. അപ്പോഴേയ്ക്കും അവിടെയെത്തിയ ശത്രുസൈന്യം തറവാട് വളഞ്ഞെങ്കിലും രാജാവ് ഒളിച്ചിരുന്ന ഭരണി കണ്ടെത്താനായില്ല.

സാമൂതിരിയുടെ ഭടന്മാര്‍ പോയിക്കഴിഞ്ഞശേഷം ചിറമേല്‍ കാരണവര്‍ തന്റെ വള്ളത്തില്‍ കയറ്റി രാജാവിനെ രായ്ക്കുരാമാനം കൊച്ചിയിലെത്തിച്ചു. ഇതിനു പ്രതിഫലമായി രാജാവ് ചിറമേല്‍ കാരണവര്‍ക്ക് തരകന്‍ എന്ന സ്ഥാനപ്പേരും കരമൊഴിവാക്കി ഒട്ടേറെ ഭൂസ്വത്തും പള്ളികളില്‍നിന്ന് രാജാവിനുള്ള കപ്പം പിരിച്ചെടുത്തുപയോഗിക്കാനുള്ള അധികാരവും നല്‍കി.

ഇന്നത്തെ തറവാട്ടുകാരണവര്‍ ഡോ. മാത്യു തരകന്‍ ഖത്തറില്‍ ജോലിചെയ്യുകയാണ്. അനുജന്‍ ജോണ്‍ തരകനും ഭാര്യ അമ്പിളിയും മകന്‍ ഒന്നരവയസ്സുകാരനായ ആന്റണിയും അമ്മ റാണി തരകനുമാണ് ഇന്ന് തറവാട്ടിലെ താമസക്കാര്‍. ജോണ്‍ തരകന്‍ എറണാകുളത്ത് ബാങ്കുദ്യോഗസ്ഥനാണ്.

തമ്പുരാനെ രക്ഷിച്ച വലിയ ചീനഭരണിയും 150 പറ നെല്ല് കൊള്ളുന്ന ഒറ്റത്തടിയില്‍ തീര്‍ത്ത പത്താഴവുമടക്കം ഒട്ടേറെ പ്രാചീനവസ്തുക്കള്‍ അടങ്ങിയ ഒരു മ്യൂസിയംതന്നെ ചിറമേല്‍ തറവാട്ടിലുണ്ട്. പുരാതനമായ ഒട്ടേറെ താളിയോലഗ്രന്ഥങ്ങളുമുണ്ട്.

കടപ്പാട് മാതൃഭൂമി