Tuesday, May 17, 2011

മുല്ലാ നാസറുദ്ദീന്‍ കഥകള്‍

Mulla Nasarudeen


വിളക്കിന്റെ ഉപയോഗം
'എനിക്ക് ഇരുട്ടത്ത് കണ്ണ് കാണാം.' - ഒരു ദിവസം ചായപ്പീടികയിലിരുന്ന് മുല്ല ബഡായി പറഞ്ഞു.
'നിങ്ങള്‍ ചില ദിവസം രാത്രി വിളക്കുമായി നിരത്തിലൂടെ നടക്കുന്നത് കാണാറുണ്ടല്ലോ -അതോ?'
'അതോ -അത് ഇരുട്ടത്ത് കണ്ണു കാണാത്ത മറ്റുള്ളവര്‍ എന്നെ വന്ന് മുട്ടാതിരിക്കാനാണ്.'



ഊഹങ്ങള്‍
'വിധി എന്നു പറയുന്നതിന് എന്താണര്‍ത്ഥം, മുല്ലാ?'
'വെറും ഊഹം.'
'എങ്ങനെ?'
'കാര്യങ്ങള്‍ നേരെ നടക്കാന്‍ പോവുകയാണെന്ന് നിങ്ങള്‍ ഊഹിക്കുന്നു. അതങ്ങനെയാകുന്നില്ല. അതിനെ നിങ്ങള്‍ 'നിര്‍ഭാഗ്യം' എന്നു ശപിക്കുന്നു. ചിലപ്പോള്‍ നശിച്ച് കുളം കോരാന്‍ പോവുകയാണെന്ന് നിങ്ങള്‍ വിചാരിച്ച കാര്യങ്ങള്‍ നേരെയാകുന്നു. അത് നിങ്ങള്‍ 'സൗഭാഗ്യം' എന്ന് ആശ്വസിക്കുന്നു. അതുപോലെ, ചിലകാര്യങ്ങള്‍ നടക്കാന്‍ പോവുകയാണെന്നോ അല്ലെന്നോ നിങ്ങള്‍ ഊഹിക്കുന്നു. ആ വഴിക്ക് സഹജബോധം നിങ്ങള്‍ക്കു നഷ്ടപ്പെടുന്നു. അങ്ങനെ എന്താണ് നടക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാതെ വരുന്നു. അങ്ങനെ ഭാവി അജ്ഞാതമാണ് എന്ന് നിങ്ങള്‍ ഊഹിക്കുന്നു. പിടികൂടപ്പെടുമ്പോള്‍ നിങ്ങളതിനെ 'വിധി' എന്നു വിളിക്കുന്നു.'

ദീര്‍ഘദൃഷ്ടി

മുല്ല ഒരു വിവാഹസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടു. അതിനു മുമ്പത്തെ തവണ ആ വീട്ടില്‍ വെച്ച് മുല്ലയുടെ ചെരിപ്പ് കളവു പോയിരുന്നു. ഇത്തവണ ചെരിപ്പ് വാതില്ക്കല്‍ വെക്കുന്നതിനു പകരം അദ്ദേഹം അതു പൊതിഞ്ഞ് കീശയില്‍ കുത്തിത്തിരുകുകയാണ് ചെയ്തത് .
വീട്ടുകാരന്‍ ചോദിച്ചു:
'നിങ്ങളുടെ കീശയില്‍ കാണുന്നത് എന്തു പുസ്തകമാണ്?'
'അവന്‍ ഇപ്പോഴും എന്റെ ചെരിപ്പിന്റെ പിന്നാലെ തന്നെയായിരിക്കും' - നാസറുദ്ദീന്‍ വിചാരിച്ചു: 'എനിക്ക് ഒരു പണ്ഡിതനെന്ന മതിപ്പ് നിലനിര്‍ത്തേണ്ടതും ഉണ്ട്.' മുല്ലാ വെളിവായിപ്പറഞ്ഞു: 'ഈ മുഴച്ച് കാണുന്നതിനകത്തെ വിഷയം 'ദീര്‍ഘദൃഷ്ടി'യാണ്.'
'ഏത് പുസ്തകവ്യാപാരിയില്‍ നിന്നാണത് വാങ്ങിയത്?'
'നേര് പറഞ്ഞാല്‍, ഇത് വാങ്ങിയത് ചെരിപ്പുകുത്തിയില്‍നിന്നാണ്.'

വെറുതെ, വിചാരിക്കൂ

'നന്ന്, എന്താണത്? തത്ത്വചിന്തയല്ലല്ലോ?'
'ദാ, അവിടെ അമീര്‍ ചെല്ലുന്നവര്‍ക്കെല്ലാം പൊടിപ്പന്‍ വിരുന്നു കൊടുക്കുന്നുണ്ട്.'
കുട്ടികള്‍ കൂട്ടത്തോടെ അമീറിന്റെ വീടിനു നേരെ ഓടി. നാസറുദ്ദീന്‍ താന്‍ പറഞ്ഞ വിരുന്നിന്റെ വിഭവങ്ങളെപ്പറ്റി ആലോചനയായി.
കുട്ടികള്‍ ദൂരെ മറയുന്നത് അദ്ദേഹം കണ്ടു. പെട്ടെന്നുതന്നെ മുല്ല തന്റെ ഉടുപുടവകള്‍ വലിച്ചുമുറുക്കിയുടുത്ത് അവരുടെ പിന്നാലെ ഓടി. മുല്ലാ വെച്ചടിച്ചു.
'ഞാനും അവിടെപ്പോയി നോക്കുന്നതാണ് നല്ലത്.' മുല്ല കിതപ്പോടെ സ്വയം പറഞ്ഞു: 'ചിലപ്പോള്‍ ഞാന്‍ പറഞ്ഞത് നേരായിരിക്കാനും മതി.'

പരുത്തിക്കൃഷി

മുല്ല ക്ഷൗരക്കടയില്‍ ചെന്നു. ക്ഷുരകന് പരിചയം കമ്മി. കത്തിക്ക് മൂര്‍ച്ചയും ഇല്ല. മുല്ലയുടെ താടി വടിച്ചപ്പോള്‍ തൊട്ടേടത്തൊക്കെ മുറിഞ്ഞു. ചോര പൊട്ടുമ്പോള്‍ അതു നിര്‍ത്താന്‍വേണ്ടി മുറിഞ്ഞേടത്തൊക്കെ അയാള്‍ അല്പാല്പം പഞ്ഞി വെക്കുന്നുണ്ടായിരുന്നു. ഇത് കുറേ നേരം തുടര്‍ന്നു. മുല്ലയുടെ മുഖത്തിന്റെ ഒരു വശം പഞ്ഞിക്കഷ്ണംകൊണ്ട് നിറഞ്ഞു.
ക്ഷുരകന്‍ മറ്റേ കവിളിലേക്ക് തിരിഞ്ഞപ്പോഴാണ് മുല്ല കണ്ണാടി നോക്കിയത് . തന്റെ ഒരു കവിളിലെ പരുത്തിക്കൃഷികണ്ട് അദ്ദേഹം ചാടിയെണീറ്റു:
'മതി, മതി. നന്ദി! അനിയാ, ഞാന്‍ മറുവശത്ത് ബാര്‍ലി കൃഷിചെയ്തുകൊള്ളാം.'

ആരുടെ ദാസന്‍?

മുല്ലാ നാസറുദ്ദീന്‍ എങ്ങനെയോ രാജകൊട്ടാരത്തിന്റെ പ്രീതി സമ്പാദിച്ചു. രാജസേവകന്മാരുടെ സമ്പ്രദായങ്ങള്‍ തുറന്നു കാണിക്കാനാണ് മുല്ല തന്റെ പദവി ഉപയോഗിച്ചത്.
രാജാവിന് വല്ലാതെ വിശന്ന ഒരു ദിവസം വഴുതിനങ്ങാക്കൂട്ടാന്‍ അദ്ദേഹത്തിന് നന്നേ ബോധിച്ചു. ഇനി എന്നും ഈ കൂട്ടാന്‍ മതി എന്നു കല്പനയായി.
'അതു ലോകത്തിലേക്ക് ഏറ്റവും നല്ല പച്ചക്കറിയാണ്. അല്ലേ, മുല്ലാ?' രാജാവ് കല്പിച്ച് ചോദിച്ചു.
'അതേ തിരുമേനി, ഏറ്റവും മുന്തിയത്.'
നാലഞ്ചു ദിവസം കഴിഞ്ഞു. തുടര്‍ച്ചയായി പത്താമത്തെ തവണയും വഴുതിനിങ്ങാ വിളമ്പിയപ്പോള്‍ രാജാവിന് ശുണ്ഠിയെടുത്തു:
'എടുത്തുകൊണ്ടുപോകൂ! ഞാനതു വെറുക്കുന്നു.'
മുല്ല യോജിച്ചു:
'അതെയതെ. ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും വൃത്തികെട്ട പച്ചക്കറിയാണത്.'
'പക്ഷേ മുല്ലാ, അത് ഏറ്റവും മുന്തിയതാണെന്ന് നിങ്ങള്‍തന്നെ പറഞ്ഞിട്ട് ഒരാഴ്ചയായില്ലല്ലോ.'
'വാസ്തവം. പക്ഷേ, ഞാന്‍ പച്ചക്കറിയുടെ ദാസനല്ല, രാജാവിന്റെ ദാസനാണ്.'

ദുര്‍ഗ്രഹമായ വിധി

നാസറുദ്ദീന്‍ ഒരിടവഴിയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ ഇടവഴിക്കടുത്തുള്ള വീട്ടിന്റെ മുകളില്‍നിന്ന് കാലു തെറ്റി ഒരാള്‍ വന്നു വീണത് മുല്ലയുടെ കഴുത്തിലാണ്. വീണയാള്‍ക്ക് കാര്യമായി ഒന്നും പറ്റിയില്ല. മുല്ല ചികിത്സയിലായി.
ചില അനുചരന്മാര്‍ മുല്ലയെ കാണാന്‍ ചെന്നു:
'ഈ സംഭവത്തില്‍ താങ്കള്‍ കാണുന്ന ജ്ഞാനം എന്താണ്, മുല്ലാ?'
'കാരണത്തിനും ഫലത്തിനും തമ്മിലുള്ള ബന്ധം അനിവാര്യമാണെന്ന ചിന്ത കളയുക. വീടിനു മുകളില്‍നിന്ന് വീഴുന്നത് ഒരാള്‍; ഒടിയുന്നത് വേറൊരാളുടെ കഴുത്തും!'

വങ്കന്മാര്‍

വലിയൊരു തലച്ചുമടായി സ്ഫടികപ്പാത്രങ്ങള്‍ കൊണ്ടുപോവുകയായിരുന്നു മുല്ല. അദ്ദേഹം അതുംകൊണ്ടു വീണു. എല്ലാം തവിടുപൊടിയായി.
ചുറ്റും ആള് കൂടി.
'വങ്കന്മാരേ, എന്താ കാര്യം?'
മുല്ല ഒച്ചവെച്ചു.
'നിങ്ങള്‍ ഇതിനുമുമ്പ് ഒരു വിഡ്ഢിയെ കണ്ടിട്ടില്ലേ?'

രണ്ടുപേരും, തിരുമേനീ!

രാജസദസ്സിലെ ആചാരമര്യാദകളെപ്പറ്റി നാസറുദ്ദീന് വേണ്ടത്ര നിശ്ചയമുണ്ടായിരുന്നില്ല. ഒരു കുതിരലായക്കാരനാണ് നാസറുദ്ദീന് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തത്. രാജാവ് ചില ചോദ്യങ്ങള്‍ ചോദിക്കും - ഇവിടെ താമസം തുടങ്ങിയിട്ട് എത്രയായി? ഒരു മുല്ലയാവാന്‍ എത്രകൊല്ലം പഠിച്ചു? നികുതി ചുമത്തലിനെപ്പറ്റിയും ജനങ്ങളുടെ ആധ്യാത്മികജീവിതത്തെപ്പറ്റിയും താങ്കള്‍ സംതൃപ്തനാണോ? തുടങ്ങിയവ.
മുല്ല എല്ലാ ഉത്തരവും ഓര്‍ത്തുവെച്ചിരുന്നു. പക്ഷേ, പറഞ്ഞു വന്നപ്പോള്‍ ക്രമം തെറ്റിപ്പോയി.
'എത്ര കൊല്ലം പഠിച്ചു?'
'മുപ്പത്തഞ്ച് കൊല്ലം.'
'അപ്പോള്‍ എത്ര വയസ്സായി?'
'പന്ത്രണ്ട്.'
'അസാധ്യം. നമ്മളിലാരാണ് ഭ്രാന്തന്‍?'
'രണ്ടു പേരും, തിരുമേനീ.'
'നിങ്ങളെപ്പോലെ എനിക്കും ഭ്രാന്താണെന്നോ?'
'അതെ തിരുമേനീ. രണ്ടു പേരും ഭ്രാന്തന്മാരാണ്. രണ്ട് വിധത്തിലാണെന്നേയുള്ളൂ.'

വാക്ക് മാറാത്തവന്‍

'മുല്ലയ്ക്ക് എത്ര വയസ്സായി?'
'നാല്പത്.'
'രണ്ടുകൊല്ലം മുമ്പ് വയസ്സ് ചോദിച്ചപ്പോഴും ഇതേ ഉത്തരമാണല്ലോ പറഞ്ഞത്?'
'അതെ. നിനക്കറിഞ്ഞുകൂടേ, ഞാന്‍ കൂടെക്കൂടെ വാക്ക് മാറാറില്ലെന്ന്.'

അദ്ഭുതം തന്നെ

മറ്റൊരാളുടെ അടുക്കളത്തോട്ടത്തില്‍ വലിഞ്ഞുകയറിയ നാസറുദ്ദീന്‍ കയ്യില്‍ക്കിട്ടിയതൊക്കെ വാരിയിട്ട് ചാക്ക് നിറച്ചുതുടങ്ങി.
തോട്ടക്കാരന്‍ അതു കണ്ട് ഓടിയെത്തി: 'എന്താ, എന്താ? , എന്താ നീയിവിടെ ചെയ്യുന്നത്?'
'ഒരു വലിയ കാറ്റാണ് എന്നെ ഇവിടെക്കൊണ്ടിട്ടത്.'
'ഈ പച്ചക്കറികളുടെയെല്ലാം വേര് പറിച്ചതാര്?'
'കാറ്റില്‍ പറന്നുപോകാതിരിക്കാന്‍വേണ്ടി ഞാന്‍ മുറുക്കിപ്പിടിച്ചപ്പോള്‍ പിഴുതുപോന്നതാകണം.'
'എന്നാല്‍പ്പിന്നെ പച്ചക്കറികള്‍ ഈ ചാക്കില്‍ എങ്ങനെയെത്തി?'
'ഞാനും അതാണാലോചിക്കുന്നത് -അതൊക്കെ എങ്ങനെ ഈ ചാക്കിലെത്തി?'

ഇഹലോകം

കപ്പല്‍ മുങ്ങാന്‍ പോവുകയാണ്. ആത്മാവിനെ പരലോകയാത്രയ്ക്ക് സജ്ജമാക്കണമെന്ന് താക്കീതു കൊടുത്തപ്പോള്‍ മുല്ലയെ പരിഹസിച്ചുചിരിച്ച സഹയാത്രികരെല്ലാം അദ്ദേഹത്തിന്റെ മുമ്പില്‍ മുട്ടുകുത്തിവീണു. അവരെല്ലാം മുല്ലയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് സഹായത്തിന്നപേക്ഷിച്ചു. രക്ഷ കിട്ടിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് അവര്‍ വാക്കു പറഞ്ഞുകൊണ്ടിരുന്നു.
മുല്ല ഉച്ചത്തില്‍ പറഞ്ഞു: 'ഇഹലോകത്തെ വസ്തുക്കളില്‍ നിങ്ങള്‍ക്കുള്ള കമ്പം കളയൂ. അവയുടെ മേലുള്ള കെട്ടിപ്പിടിത്തം വിടൂ. എന്നെ വിശ്വസിക്കൂ. ഞാന്‍ കര കാണുന്നുണ്ട്.'

പഠിക്കാന്‍ പഠിക്കുക

'കുടം പൊട്ടിക്കരുത്.' മുല്ല തൊള്ളയിട്ടു. കൂടെ ഒരു തല്ലും കൊടുത്തു.
കണ്ടുനിന്ന ഒരാള്‍ ചോദിച്ചു:
'കുറ്റമൊന്നും ചെയ്യാത്ത ആളെ ശിക്ഷിക്കുന്നതെന്തിനാണ് മുല്ലാ?'
'വിഡ്ഢി! കുടം ഉടച്ചു വന്നിട്ട് അവനെ അടിച്ചാല്‍ അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടാവുമോ?' മുല്ല തിരിച്ചു ചോദിച്ചു.

ഒറ്റയ്ക്ക് നേരിടേണ്ടിവരുമ്പോള്‍

മുല്ലയുടെ കഴുതയെ കാണാതായി. അദ്ദേഹം വളരെ സങ്കടപ്പെട്ടു. ഉച്ചത്തിലുള്ള മുല്ലയുടെ നിലവിളി നിലയ്ക്കാതായപ്പോള്‍ ഒരു അയല്‍വാസി ചോദിച്ചു:
'ആദ്യഭാര്യയെ നഷ്ടപ്പെട്ടപ്പോള്‍ നിങ്ങള്‍ ഇത്ര സങ്കടപ്പെട്ടില്ലല്ലോ?'
'നേര് തന്നെ. പക്ഷേ നിങ്ങള്‍ക്കോര്‍മയില്ലേ, അന്ന് നിങ്ങള്‍ നാട്ടുകാരെല്ലാവരും 'നമുക്ക് മറ്റൊരു ഭാര്യയെ കണ്ടെത്താമെന്ന്' എന്നോടു പറഞ്ഞത്. ഇപ്പോള്‍ നോക്കൂ, പകരം ഒരു കഴുതയെ കൊണ്ടത്തരാമെന്ന് ആരെങ്കിലും പറയുന്നുണ്ടോ?'

ആരും പരാതിപ്പെടാത്ത കാര്യം

നാട്ടുവിദ്വാനായ ഹംസ ചായപ്പീടികയിലിരുന്ന് തത്ത്വചിന്ത വിളമ്പുകയായിരുന്നു:
'മനുഷ്യന്റെ കാര്യം വിചിത്രംതന്നെ! അവന് ഒരിക്കലും ഒന്നിലും തൃപ്തിയില്ല. മഞ്ഞുകാലത്ത് അവന്‍ തണുപ്പ് കൂടുതലാണെന്ന് പരാതിപ്പെടും. വേനല്‍ക്കാലത്ത് ഉഷ്ണം കൂടുതലാണെന്നും. എന്തിനെപ്പറ്റിയും അവന് പരാതിയാണ്.'
മറ്റുള്ളവര്‍ ആ ആലോചനയെ ശരിവെയ്ക്കും മട്ടില്‍ തലയാട്ടി.
നാസറുദ്ദീന്‍ ഒരു പ്രശ്‌നം ഉന്നയിച്ചു:
'വസന്തത്തെപ്പറ്റി ആരും ഒന്നും പരാതിപ്പെടാറില്ലെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?'

നമ്മളെല്ലാം അങ്ങനെയല്ലേ?

പായുകയാണ് കഴുത. അതിന്റെ കയറുംപിടിച്ച് പിറകെ നാസറുദ്ദീനും ഉണ്ട്. ഇതുകണ്ട് ഒരയല്‍വാസി വിളിച്ചു ചോദിച്ചു.
'എവിടെപ്പോവുകയാണ്, മുല്ലാ?'
'ഞാന്‍ എന്റെ കഴുതയെ നോക്കി പോവുകയാണ്.'

സത്യത്തിന്റെ വില

ശിഷ്യസമൂഹത്തോട് ഒരിക്കല്‍ നാസറുദ്ദീന്‍ പറഞ്ഞു:
'നിങ്ങള്‍ക്ക് സത്യം ആവശ്യമാണെങ്കില്‍ അതിന് നല്ല വില കൊടുക്കണം.'
'സത്യത്തെപ്പോലുള്ള ഒന്നിന് വിലയോ?' -കേട്ടിരുന്നവരില്‍ ഒരാള്‍ സംശയിച്ചു.
'ദൗര്‍ലഭ്യമാണ് ഒരു വസ്തുവിന്റെ വില നിശ്ചയിക്കുന്നത് എന്ന കാര്യം നീ ശ്രദ്ധിച്ചിട്ടില്ലേ?' -മുല്ല ചോദിച്ചു.വിഷമിക്കേണ്ടതെപ്പോള്‍

ഒറ്റയ്ക്കാവുമ്പോള്‍

നാസറുദ്ദീന്റെ കഴുതയെ കാണാതായി. അയല്‍പക്കങ്ങളിലൊക്കെ തിരയുവാന്‍ എല്ലാവരും കൂടി.
ആരോ ചോദിച്ചു:
'മുല്ലാ, താങ്കള്‍ക്ക് ഒരു വിഷമവും ഉള്ളതായിക്കാണുന്നില്ലല്ലോ. അതിനെ ഒരിക്കലും കണ്ടുകിട്ടുകയില്ലെന്ന് വെച്ച് താങ്കള്‍ അതു മനസ്സില്‍നിന്ന് വിട്ടുകളഞ്ഞോ?'
നാസറുദ്ദീന്‍ മറുപടി കൊടുത്തു:
'അതാ, ആ കുന്ന് കാണുന്നില്ലേ? അവിടെ ഇതുവരെ ആരും തിരഞ്ഞില്ല. അവര്‍ കഴുതയെ അവിടെയും കണ്ടെത്തിയില്ല എന്നറിയുമ്പോള്‍ ഞാന്‍ വിഷമിക്കാന്‍ തുടങ്ങും.'

കാലചിന്ത

'എന്താണ് മുല്ലാ, ഈ നാലുംകൂടിയ വഴിയില്‍ ഇരിക്കുന്നത്?'
'ഒരു ദിവസം ഇവിടെ എന്തെങ്കിലും സംഭവിക്കും. അന്നു വലിയൊരു ജനക്കൂട്ടം ഓടിക്കൂടും. അന്നേരം എനിക്കതു വേണ്ടമാതിരി കാണാന്‍ സാധിക്കാതെ വരും. അതൊഴിവാക്കാന്‍ വേണ്ടി ഞാന്‍ ഇപ്പോഴേ സ്ഥലം പിടിച്ചതാണ്.'

വെറുതെ കളയാന്‍ നേരമില്ല

മുന്‍ നിശ്ചയമനുസരിച്ച് ഒരാളെ കാണുന്നതിനുവേണ്ടി തൊട്ടടുത്തുള്ള പട്ടണത്തില്‍ മുല്ല ഓടിയെത്തി. പക്ഷേ, അദ്ദേഹം പൂര്‍ണനഗ്നനായിരുന്നു! ആളുകള്‍ അതേപ്പറ്റി ചോദിച്ചു.
'അതോ, വസ്ത്രം ധരിക്കുന്ന തിരക്കില്‍ ഞാന്‍ വസ്ത്രം മറന്നുപോയി.'

പ്രഖ്യാപനം

നാസറുദ്ദീന്‍ ചന്തയില്‍നിന്ന് വിളിച്ചുചോദിച്ചു:
'ഹേ, ജനങ്ങളേ! നിങ്ങള്‍ക്ക് ബുദ്ധിമുട്ടാതെ വിജ്ഞാനം ആവശ്യമുണ്ടോ? കപടമില്ലാത്ത സത്യം ആവശ്യമുണ്ടോ? അധ്വാനംകൂടാതെ ലക്ഷ്യപ്രാപ്തി, ത്യാഗം കൂടാതെ പുരോഗതി ആവശ്യമുണ്ടോ?'
എളുപ്പം വളരെ വലിയൊരു ജനക്കൂട്ടം നാസറുദ്ദീന് മുമ്പില്‍ തടിച്ചുകൂടി. അവരെല്ലാം ഏകസ്വരത്തില്‍ വിളിച്ചുപറഞ്ഞു:
'ആവശ്യമുണ്ട്, ആവശ്യമുണ്ട്.'
'വളരെ നന്ന്.' മുല്ല പറഞ്ഞു: 'നിങ്ങള്‍ക്ക് അത് ആവശ്യമുണ്ടോ എന്ന് അറിയാന്‍ മാത്രമാണ് ചോദിച്ചത്. അത്തരം വല്ലതും എന്നെങ്കിലും ഞാന്‍ കണ്ടുപിടിക്കുകയാണെങ്കില്‍ അതേപ്പറ്റി പൂര്‍ണമായി നിങ്ങളോടു പറഞ്ഞുകൊള്ളാം.'

തീയ്ക്കുപോലും

തീ ആളിക്കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു നാസറുദ്ദീന്‍. പക്ഷേ, കനലുകള്‍ എരിഞ്ഞില്ല. മുല്ല ഊതിയതൊക്കെ വെറുതെയായി.
ശുണ്ഠിയെടുത്തു മുല്ല ഗര്‍ജിച്ചു.
'നീ കത്താന്‍ ഭാവമില്ലെങ്കില്‍ ഞാന്‍ എന്റെ ഭാര്യയെ വിളിക്കും.' അതു പറഞ്ഞ് കുറേക്കൂടി ശക്തിയില്‍ ഊതി. കരി കുറേക്കൂടി പ്രകാശിച്ചു. തീനാളം വര്‍ധിപ്പിക്കാന്‍വേണ്ടി മുല്ല ഭാര്യയുടെ തൊപ്പി തട്ടിപ്പറിച്ച് അടുപ്പിലിട്ടു. ഉടനെ തീ ആളിക്കത്തി.
നാസറുദ്ദീന്‍ പുഞ്ചിരിച്ചു:
'നോക്കണം, തീയ്ക്കുപോലും എന്റെ ഭാര്യയെ പേടിയാണ്.'

മരിച്ചാല്‍

'മുല്ലാ, മരിച്ചാല്‍ ഏതു രീതിയിലാണ് നിങ്ങളെ സംസ്‌കരിക്കേണ്ടത്?'
'തല കീഴായിട്ട്. ആളുകള്‍ വിചാരിക്കുംപോലെ നമ്മള്‍ ഈ ലോകത്തില്‍ തല നേര്‍ക്കായിട്ടാണ് നടക്കുന്നതെങ്കില്‍ അടുത്തലോകത്തില്‍ തലകീഴായി നടന്നുനോക്കാനാണ് എനിക്കു പൂതി.'

സ്വപ്നം

പാതിരയ്ക്ക് മുല്ല ബദ്ധപ്പെട്ട് ഭാര്യയെ വിളിച്ചുണര്‍ത്തി:
'ഓടിപ്പോയി എന്റെ കണ്ണട കൊണ്ടുവരൂ, വേഗം! ഞാന്‍ ഒരദ്ഭുതകരമായ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുകയാണ്. എനിക്കത് കുറേക്കൂടി വ്യക്തമായിക്കാണാന്‍ കണ്ണട വേണം. വേഗം പോയി കൊണ്ടുവരൂ.'

Sunday, May 15, 2011

KO


Saw the movie KO today...
KO Tamil movie Review

My Review...
It’s not every day that you get to watch a political thriller with double-crosses, skilful tactics, mesmerizing visuals and a romantic story tossed in, without having to squirm or ending up with a headache. Ko’s screenplay does the trick – brilliantly choreographed stunts and gun firing sequences, cleverly planted twists at every nook and corner of the plot and some good music. Running a little more than two hours, Ko proves to be an absolute entertainer.
KO Tamil movie Review

Jeeva has given his best performance till date. His body language and his acting have given a real look to the character. Karthika, the daughter of yesteryear actress Radha, could not have expected a better role than this. She has emoted well in many scenes. Piaa is good in her second lead role. Ajmal surprises you with his wonderful acting, while Prakash Raj and Kota Srinivasa Rao have given impeccable performance.
KO Tamil movie Review

Writer Shubha is the real hero of the film for writing dialogues and racy screenplay with KV Anand. Anthony’s editing is perfect, and Peter Haynes’ actions are impressive, Richard M Nathan's cinematography is apt. All this credit should go to KV Anand, who has taken the best out of his cast and crew. The director has made the film in an extraordinary style.
KO Tamil movie Review

The background score by Harris Jayaraj becomes a major disappointment for the film as Harris tries imitating A.R. Rahman by bringing more fusions. But, it’s not his style and he should have done with his limits. The scenes and music doesn’t match at many points. Harris Jeyaraj's numbers are already chartbusters but Ennamo Edho is obviously the pick of the lot. The placement of some of the numbers hamper proceedings.
KO Tamil movie Review
Ko = King sized entertainer! Don't miss it!

Sunday, May 1, 2011

മലയാളം സിനിമ ഒരു ലേഖനവും അതിനുള്ള മറുപടിയും!!

Mollywood Guide

മോളിവുഡ് ഗൈഡ്

നല്ല സിനിമയ്ക്കു വേണ്ടി പരിശ്രമിക്കുന്നതിനിടയില്‍ സംഭവിച്ചുപോകുന്ന പിഴവുകളാണ് ഇടയ്ക്കിടെ ഉണ്ടാവുന്ന സൂപ്പര്‍ഹിറ്റുകള്‍ എന്ന് ആരോ എവിടെയോ പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. നല്ല സിനിമകള്‍ പെട്ടിയിലിരിക്കുന്നതും സൂപ്പര്‍ഹിറ്റ് സിനിമകള്‍ കണ്ട് നല്ല സിനിമയുടെ വക്താക്കള്‍ ബോധം കെട്ടു വീഴുന്നതും പുതുമയല്ല. എങ്കിലും, സിനിമ ഹിറ്റായെങ്കിലേ വ്യവസായം നിലനില്‍ക്കൂ. പൊളിയുന്ന നല്ല പടങ്ങളെക്കാള്‍ നന്നായി ഓടുന്ന പൊളിപ്പടങ്ങളാണ് നമുക്ക് ആവശ്യം. അത്തരത്തില്‍ സൂപ്പര്‍ ഹിറ്റായിട്ടുള്ള സിനിമകളിലൂടെ സഞ്ചരിച്ച് അവയുടെ തിരക്കഥ പരിശോധിച്ചു കണ്ടെത്തിയ വിലപ്പെട്ട വിവരങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്.
മലയാള സിനിമയില്‍ നായകനാണ് ഏറ്റവും പ്രാധാന്യം. നായകനു വേണ്ടിയാണ് കഥയും കഥാപാത്രങ്ങളും ഒക്കെ സൃഷ്ടിക്കപ്പെടുന്നത്. ഈ നായകന് ആവശ്യമായി അളവില്‍ നായികമാര്‍, വില്ലന്‍മാര്‍, ഗുണ്ടകള്‍ എന്നിവരെ ഇറക്കുമതി ചെയ്ത് പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്നതെന്നു തിരക്കഥാകൃത്ത് കരുതുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും പാകത്തിനു ചേര്‍ത്ത് പുറത്തിറക്കുന്ന സിനിമകളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരം സിനിമകളിലൂടെ ഏറെ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള പൊതുഘടകങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം. നായകന്‍മാരെ പ്രധാനമായും മൂന്നായി തിരിക്കാം. സവര്‍ണ നായകന്‍മാര്‍, അങ്ങനെ പ്രത്യേകിച്ചു വര്‍ണഗുണമൊന്നുമില്ലാത്ത നായകന്‍മാര്‍, പിന്നെ ഗ്രാമീണ നായകന്‍മാര്‍.
സവര്‍ണനായകന്‍മാര്‍
ക്ഷത്രിയ, ബ്രാഹ്മണ കുലത്തില്‍ പെട്ടവന്‍ അല്ലെങ്കില്‍ നല്ല പാലാ അച്ചായന്‍ എന്നിവയാണ് സവര്‍ണനായകന്‍മാരുടെ പ്രചാരമുള്ള വേര്‍ഷനുകള്‍. ‘നോം വരണില്യ…’, ‘ഹയ്, എന്താ യീ കേക്ക്‌ണേ ?’ എന്നൊക്കെ പറയുന്ന വള്ളുവനാടന്‍ സവര്‍ണന്‍ പൊളിഞ്ഞുപോയ തറവാട്ടില്‍ നിന്നും വില്ലന്‍മാരുടെ ഉപദ്രവം കൊണ്ട് ചെറുപ്പത്തില്‍ നാടുവിട്ടുപോവുകയാണ് പതിവ്. ചെന്നെത്തുന്നത് മുംബെയിലായിരിക്കും. അവിടെ ചെന്ന് കുറെക്കാലം പൈപ്പുവെള്ളം കുടിച്ചുകിടന്ന ശേഷം യാദൃച്ഛികമായി അധോലോകരാജാവാകുന്നതാണ് കീഴ്‌വഴക്കം. മുംബൈ മഹാനഗരത്തിന്റെ മൊത്തം കണ്‍ട്രോള്‍ ഈ നായകന്റെ കയ്യിലായിരിക്കും. അധോലോകത്തെ നിയന്ത്രിക്കുന്നതും ദാവൂദ് ഇബ്രാഹിം ഛോട്ടാ രാജന്‍ കക്ഷികളുമായി എംഒയു ഒപ്പിട്ട് ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നതുമൊക്കെ നമ്മുടെ നായകന്റെ നേരമ്പോക്കായിരിക്കും. കൊള്ള, കൊല എന്നിവയാണ് മുഖ്യതൊഴിലെങ്കിലും കര്‍ണാടക, ഹിന്ദുസ്ഥാനി സംഗീതത്തില്‍ അപാരമായ ജ്ഞാനം ഉറപ്പാണ്. ഗുണ്ടയായ നായകന്‍ ചെമ്പൈയുടെയോ ഏതെങ്കിലും ഉത്തരേന്ത്യന്‍ ഉസ്താദിന്റെയോ ഗുരുതുല്യനായ ശിഷ്യനായിരിക്കും എന്നതിനാല്‍ നാട്ടിലെത്തിക്കഴിയുമ്പോള്‍ പരിചയപ്പെടുന്ന സകലസംഗീതജ്ഞരും ഗുണ്ടയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിക്കളയും. അനാഥയായ പെണ്‍കുട്ടിയായിരിക്കും കാമുകി. നാട്ടിലെത്തി കൈവിട്ടുപോയ തറവാടും കുളവും കുടുംബക്ഷേത്രവും വീണ്ടെടുക്കുന്നതിലൂടെ നായകന് ആഗ്രഹപൂര്‍ത്തി ഉണ്ടാകുന്നു.
പാലാ അച്ചായന്‍ കേരളത്തിനു പുറത്തെ തോട്ടം നോക്കാന്‍ വേണ്ടി ഒരു പോക്കു പോയതായിരിക്കും. കഥ ആവശ്യപ്പെടുന്നതനുസരിച്ച് അപ്പച്ചന്റെ ഷഷ്ടിപൂര്‍ത്തിക്കോ ഇടവകപ്പള്ളിയിലെ പെരുന്നാളിനോ കുഞ്ഞുപെങ്ങളുടെ പെണ്ണുകാണലിനോ നാഷനല്‍ പെര്‍മിറ്റ് ലോറിയിലോ ടാങ്കറിലോ ജീപ്പിലോ ആണ് വരവ്. ‘എന്നതാ അമ്മച്ചീ…’ ‘എന്നാ പരിപാടിയാടാ ഉവ്വേ ?’ എന്നൊക്കെ ചോദിച്ച് ഐഡന്റിറ്റി നിലനിര്‍ത്തും. മൊത്തത്തില്‍ റൗഡിസം കൂടെപ്പിറപ്പാണെങ്കിലും അപ്പച്ചനും അമ്മച്ചീം ഭയങ്കര ജീവനായിരിക്കും. കോമഡിയും പറഞ്ഞ് കള്ളും കുടിച്ച് തല്ലും കൂടി നടക്കുന്ന നായകന്‍ കഥയില്‍ ഇടപെടണമെങ്കില്‍ അപ്പന്‍ മരിക്കണം. അപ്പന്റെ മരണത്തിനു പ്രതികാരം ചെയ്യുന്നതാണ് അച്ചായന്റെ ജീവിതദൗത്യം. സ്വന്തമായി തേയിലത്തോട്ടം, റബര്‍ എസ്‌റ്റേറ്റ്, അബ്കാരി റേഞ്ചുകള്‍ എന്നിവയും പാലാക്കാര്‍ക്കു മാത്രമുള്ളതാണ്. അച്ചായന്റെ കാമുകി സവര്‍ണഹിന്ദുവായിരിക്കും.
വര്‍ണേതരനായകന്മാര്‍
തിയറ്ററില്‍ ആരാധകരെ ഇളക്കിമറിക്കാന്‍ വേണ്ടി ജനിച്ച ഇവര്‍ കുട്ടിക്കാലത്ത് മിനിമം ഒരു കൊലപാതകം എങ്കിലും ചെയ്തിട്ടുള്ളവരായിരിക്കും. കൊലപാതകം കഴിഞ്ഞാല്‍ പോലീസിനു പിടികൊടുക്കാതെ ഇവര്‍ നേരേ പോകുന്നത് തമിഴ്‌നാട്ടിലേക്കായിരിക്കും. പൊള്ളാച്ചിയാണ് ഇഷ്ടസ്ഥലം. അവിടെപ്പോയി അടി, പിടി, കൊള്ള കൊല, തട്ടിപ്പ്, പിടിച്ചുപറി എന്നിവയില്‍ പ്രൊഫഷനലായ പരിശീലനം നേടാന്‍ പതിനഞ്ചു വര്‍ഷമെങ്കിലും നായകന്‍ ചെലവഴിക്കും. നായകന്‍ ഗ്രാമത്തിലില്ലാത്ത കാലം കൊണ്ട് ഗ്രാമം അറുവഷളായിത്തീരും. കൊടിയ ദുഷ്പ്രഭുത്വം ഗ്രാമത്തെ അടക്കിവാഴുകയും ഗ്രാമം ഒരു അവതാരപുരുഷനെ അല്ലെങ്കില്‍ രക്ഷകനെ കാത്തിരിക്കുകയും ചെയ്യുന്ന സമയത്ത് പഴയ നായകന്‍ പുതിയ പേരില്‍ പുതിയ രൂപത്തില്‍ 50 ബെന്‍സ് കാറുകളുടെ എസ്‌കോര്‍ട്ടോടെ അവതരിക്കുകയും ചെയ്യും.
ഗ്രാമീണനായകന്‍മാര്‍
കൃഷിയാണ് തൊഴില്‍. കൗമാരത്തില്‍ കുടുംബഭാരം തോളില്‍ വച്ചുകിട്ടിയതോടെ ഭയങ്കരമായി പഠിക്കുമായിരുന്ന നായകന്‍ അത് നിര്‍ത്തി അനിയന്‍മാരെ പഠിപ്പിക്കാന്‍ വേണ്ടി തൂമ്പയുമെടുത്ത് പോയപോക്കാണ്. മരൂഭൂമി പോലെ കിടന്ന സ്ഥലം വെട്ടിത്തെളിച്ച് കൃഷി ചെയ്ത് പൊന്നുവിളയിച്ച് അനിയന്മാരെ വല്യ ഉദ്യോഗസ്ഥരാക്കുകയും അനിയത്തിമാരെ വലിയ നിലയില്‍ കെട്ടിച്ചയക്കുകയും ചെയ്ത ശേഷമുള്ള അനിവാര്യമായ അന്യതാബോധത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. നായകന്റെ ഭാര്യ എക്‌സ്ട്രാ ഡീസന്റായിരിക്കും. അനിയന്‍മാരും അനിയത്തിമാരും ചെയ്യുന്ന ക്രൂരതകള്‍ അനുഭവിച്ച് പൊന്നുവിളയിച്ച ഭൂമിയും വീടും എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിപ്പോകുന്ന നായകനെയോര്‍ത്ത് പ്രേക്ഷകര്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നതാണ് ക്ലൈമാക്‌സ്. ഇത്തരം മണകുഞാഞ്ചന്‍ നായകന്‍മാര്‍ക്ക് നിലവില്‍ മാര്‍ക്കറ്റ് കുറവാണ്.
നായകനും സെറ്റപ്പുകളും
ഗുണ്ടായിസമാണ് കയ്യിലിരിപ്പെങ്കിലും പൊലീസുകാരെയും രാഷ്ര്ടീയക്കാരെയും കണ്ടാല്‍ ഓക്‌സ്‌ഫോഡ് ഇംഗ്ലിഷ് പറയുന്നത് നായകന്റെ ഒരു ദുശ്ശീലമാണ്. നായകനെ കുടുക്കാനായി എത്തുന്ന ഉന്നത ഉദ്യോഗസ്ഥരും കലക്ടര്‍മാരും ഒക്കെ നായകന്റെ കൊടിയ ഫാന്‍സ് ആയിരിക്കും എന്നതും ഉറപ്പാണ്. അവരൊക്കെ ജീവിതത്തില്‍ പ്രതിസന്ധികളിലായിരുന്നപ്പോള്‍ അവരെ സഹായിച്ചിട്ടുള്ളത് നമ്മുടെ നായകനാണ് എന്നതിനാല്‍ ശിഷ്ടകാലം നായകന്റെ കാര്യസ്ഥനായി ജീവിക്കുന്നതിനു വേണ്ടി അവര്‍ ഐഎഎസ് ഐപിഎസ് പദവികള്‍ രാജി വച്ച് ഇവര്‍ നായകന്റെ ജീപ്പിന്റെ ഡ്രൈവറാകുന്ന കാഴ്ചയും കാണാം.
ഇനി, നായകന്‍ അടിസ്ഥാനവര്‍ഗ പ്രതീകമാണെന്നിരിക്കട്ടെ, കക്ഷിക്ക് ഉന്നതവിദ്യാഭ്യാസവും ഹിന്ദി, ഇംഗ്ലിഷ്, ഫ്രഞ്ച്, ലാറ്റിന്‍, അറബിക് തുടങ്ങി പത്തു പന്ത്രണ്ട് ഭാഷകളിലെങ്കിലും പ്രാവീണ്യവും മെഡിസിന്‍ മുതല്‍ റോക്കറ്റ് എന്‍ജിനീയറിങ് വരെയുള്ള വിഷയങ്ങളില്‍ ഉഗ്രപരിജ്ഞാനവും ഉണ്ടായിരിക്കും. പിന്നെന്തു കൊണ്ട് നായകന്‍ ഗുണ്ടയായി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം- പരീക്ഷയുടെ തലേദിവസം ഹാര്‍ഡ്‌കോര്‍ വില്ലന്റെ ചതിവില്‍പെട്ട് പഠനം മുടങ്ങി. അല്ലെങ്കില്‍ ഡബിള്‍ എംഎയും ത്രിബിള്‍ ഐഎഎസും ഉണ്ടെന്ന വിവരം മറച്ചുവച്ച് കുടുംബം നടത്താന്‍ വേണ്ടി ചുമടെടുക്കുയാവും ആദര്‍ശധീരന്‍. ഒടുവില്‍ നായകന്‍ കലക്ടറാവുകയോ നായികയായ കലക്ടറെ വിവാഹം കഴിക്കുകയോ ചെയ്യുന്നതോടെ സമത്വം എന്ന ആശയം നടപ്പാവുകയാണ് പതിവ്.
അമേരിക്കയില്‍ നിന്ന്, അല്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് ആദ്യമായി കേരളത്തിലേക്കു വരുന്ന നായകന്‍ വില്ലന്റെയും വില്ലന്റെ സഹായികളുടെയും ജീവചരിത്രവും രഹസ്യ ഇടപാടുകളും ഡേറ്റ് സഹിതം മനസിലാക്കുന്നത് അമേരിക്കന്‍ ചാരസംഘടനയ്ക്കു പോലും ഒരു വിസ്മയമാണ്. ഉദാഹരണത്തിന് ‘പണ്ട് തിരുവനന്തപുരത്ത് ഒരു നവംബര്‍ 17ന് കൊച്ചിന്‍ കðബിലെ സോഡക്കുപ്പി പൊട്ടിച്ചത് ചോദ്യം ചെയ്യാന്‍ വന്ന ബെയററെ പേനാക്കത്തിക്ക് കുത്തിയശേഷം പിന്നിലെ മതില്‍ ചാടി രക്ഷപെട്ട അജ്ഞാതനായ ആ അതിഥി നീയാണെന്ന് എനിക്കറിയാം’ എന്ന ലെവലിലൊക്കെ നായകന്‍ സംസാരിക്കുമ്പോള്‍ അതിഥിയോടൊപ്പം നമ്മളും ഞെട്ടും. ഇത്തരത്തില്‍ ഒരു പത്തോ പതിനഞ്ചോ ആളുകളുടെ സൂക്ഷ്മമായ ജീവചരിത്രം അറിയാവുന്ന ആളായിരിക്കും നായകന്‍.
ശതകോടീശ്വരനാണെങ്കിലും നായകന് പ്രാഥമികവിദ്യാഭ്യാസം പോലും ഉണ്ടാവില്ല എന്നതാണ് മറ്റൊരു സവിശേഷത. അഥവാ പ്രാഥമികവിദ്യാഭ്യാസം ഉണ്ടെങ്കില്‍ ഇംഗ്ലിഷ് എഴുതാനും വായിക്കാനും അറിയില്ല എന്നതുറപ്പ്. എന്നാല്‍, നിര്‍ണായകസന്ദര്‍ഭങ്ങളില്‍ പുള്ളി സായിപ്പിനെ വെല്ലുന്ന സ്ഫുടതയോടെ ഇംഗ്ലിഷ് സംസാരിച്ചുകളയും. എത്ര വിദ്യാഭ്യാസമുള്ളവനെക്കാളും കാര്യവിവരവും ലോകവിവരവും പൊതുവിജ്ഞാനവും നമ്മുടെ എല്‍കെജി-യുകെജി നായകനുണ്ടായിരിക്കും. നായകന്റെ പെര്‍ഫോമന്‍സ് കണ്ട് അവരൊക്കെ ലജ്ജിക്കുന്നതും ക്ഷ,ണ്ണ,ക്ക വരയ്ക്കുന്നതും നിത്യസംഭവവുമായിരിക്കും.
നായകനും അടിതടയും
ചങ്ക്, ഒരെല്ല് തുടങ്ങി വൈദ്യശാസ്ത്രത്തെ വിസ്മയിപ്പിക്കും വിധം ഏതെങ്കിലും ഒരു അവയവം നായകന് അധികമുണ്ടാവും. അടിയുണ്ടാക്കുന്നതിനിടയില്‍ ഭൂതകാലം ഓര്‍മിക്കുന്നതും ആ ഓര്‍മയില്‍ നിന്നു കിട്ടുന്ന എനര്‍ജിയില്‍ വില്ലന്മാരെ കിലോമീറ്ററുകള്‍ ദൂരെ ഇടിച്ചു തെറിപ്പിക്കുന്നതും ഈ അവയവത്തിന്റെ ശക്തികൊണ്ടാണെന്നാണ് സങ്കല്‍പം. കുടുംബത്തിലെ എല്ലാവരെയും വില്ലന്‍ അപായപ്പെടുത്തുകയോ അല്ലെങ്കില്‍ നായകന്റെ വലംകൈയായി കൂടെ നടന്നവനെ പീസുപീസാക്കുകയോ ചെയ്യുന്നതോടെ പത്തിരുനൂറാളിന്റെ ശക്തി നായകനു കൈവരുകയും ഓരോ ഇടികൊണ്ട് 20 പേരെ വീതം ജില്ലയ്ക്കപ്പുറത്തേക്ക് തെറിപ്പിക്കുകയും ചെയ്യാനുള്ള വൈഭവം നായകനു മാത്രം അവകാശപ്പെട്ടതാണ്.
നായകനെ അടിച്ചു നിലംപരിശാക്കുന്നതിനു വേണ്ടി കളരിഗുരുക്കന്‍മാര്‍, കരാട്ടേ-ജൂഡോ വിദഗ്ധന്‍മാര്‍, വാടകക്കൊലയാളികള്‍ തുടങ്ങിയവരൊക്കെ വന്നാലും നായകനെ ഒന്നും ചെയ്യാന്‍ പറ്റാതെ അവരൊക്കെ തോറ്റ് തിരികെ പോവുകയാണ് പതിവ്. നായകന്‍ ഈ ആയോധനകലകളെല്ലാം അഭ്യസിക്കുകയും ഇവയിലെല്ലാം കാലാകാലങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്തിട്ടുള്ള ആളാണെങ്കിലേ ഇവരെയെല്ലാം തോല്‍പിക്കാന്‍ പറ്റൂ എന്നാണ് യുക്തിയെങ്കിലും സിനിമയിലെ പ്രായോഗികത അനുസരിച്ച് ഇതൊന്നും അറിയാതിരിക്കുകയും നല്ല നാടന്‍ തല്ലു മാത്രം അറിയുകയും ചെയ്തതാണ് നായകന്റെ വിജയരഹസ്യം. പൊലീസുകാരനെ വഴിയിലിട്ടു തല്ലുന്നത് ഇഷ്ടവിനോദം.
നായികമാര്‍
നായികമാര്‍ രണ്ടു തരക്കാരാണ്. ജീന്‍സ് ഇടുന്നവരും ദാവണി ധരിക്കുന്നവരും. ദാവണി ധരിക്കുന്നവര്‍ പരിശുദ്ധരും നിഷ്‌കളങ്കരും ശാലീനരും പൊതുവേ അമ്പലവാസികളും ആയിരിക്കും. അവര്‍ വഞ്ചിക്കപ്പെടാനും പീഡിപ്പിക്കപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. പശുക്കിടാവ്, കുട്ടികള്‍ തുടങ്ങിയവരുമായിട്ടേ ദാവണിനായിക കൂട്ടുകൂടു. തുമ്പിയെപ്പിടിക്കല്‍, പട്ടം പറത്തല്‍ തുടങ്ങിയവായും ഇഷ്ടവിനോദം. മുത്തശ്ശി, മുത്തശ്ശന്‍ തുടങ്ങിയവരുണ്ടെങ്കില്‍ അവരുടെ മുഴുവന്‍ കാര്യങ്ങളും ദാവണി നോക്കിക്കോളും. എന്നാല്‍, ജീന്‍സിടുന്നവര്‍ അഹങ്കാരികളും യുക്തിവാദികളും ഫെമിനിസ്റ്റുകളും ആയിരിക്കും. അടച്ചിട്ട മുറിയില്‍ മ്യൂസിക് സിസ്റ്റത്തില്‍ ഇംഗ്ലിഷ് പാട്ട് ഉച്ചത്തില്‍ വച്ച് ഡാന്‍സ് കളിക്കുന്നതും എയറോബിക്‌സും ആണ് ഇവരുടെ പ്രധാനവിനോദം.
അച്ഛനെയും അമ്മയെയും പറ്റിക്കുന്നതും 15 അടി ഉയരമുള്ള ഹോസ്റ്റലിന്റെ മതിലു ചാടുന്നതും വായിനോക്കികളെയും വില്ലന്മാരെയും കരാട്ടേയിലൂടെ നേരിടുന്നതും ഇവര്‍ക്ക് നിസ്സാരമാണ്. എന്നാല്‍ ഇതൊക്കെ നായകനെ കണ്ടുമുട്ടുന്നിടം വരെ മാത്രമേയുള്ളൂ. നായകനുമായി പ്രണയത്തിലാകുന്നതോടെ പിറ്റേന്നു മുതല്‍ ജീന്‍സ് നായിക ദാവണിയുടുത്തു തുടങ്ങുകയും സയലന്റാവുകയും ചെയ്യും.ആര്‍ക്കും തോല്‍പിക്കാനാവാത്ത നായികയെ കീഴ്‌പെടുത്താന്‍ നായകന്റെ കയ്യില്‍ ഒറ്റ നമ്പരേയുള്ളൂ- കരണത്തടി. പ്രത്യേകിച്ച് കാരണം ഒന്നുമില്ലെങ്കിലും നായകന്‍ കരണത്തടിക്കുന്നതോടെ മരംകേറിയായ നായിക ഒതുങ്ങും. അന്നുമുതല്‍ നായകനെ പ്രേമിച്ചു തുടങ്ങും. അതുപോലെ തന്നെ അബദ്ധത്തില്‍ നായകന്‍ നായികയുടെ നഗ്നത കണ്ടുപോയാല്‍ പിന്നെ നായികയ്ക്ക് ആ നായകനെ വിവാഹം കഴിച്ചേ പറ്റൂ എന്ന സ്ഥിതിയുമുണ്ട്.
നായികയുടെ മുറച്ചെറുക്കന്‍ പൊതുവേ മദ്യപാനിയും കഞ്ചാവിന്റെ ഉപയോക്താവും നാട്ടിലെ അലമ്പുകളുടെയെല്ലാം സംഘാടകനും വൈകൃതങ്ങളുടെ സര്‍വകലാശാലയും ആയിരിക്കും. എന്നാല്‍, നായികയുടെ വീട്ടിലുള്ള എല്ലാവര്‍ക്കും മുറച്ചെറുക്കനെക്കൊണ്ട് തന്നെ അവളെ കെട്ടിക്കണം എന്ന് ഒരേ വാശിയുമുണ്ടാവും. നായികയുടെ അച്ഛന്‍ മരിക്കുന്നതിനു തൊട്ട് മുമ്പ് ‘അവനെക്കൊണ്ട് അവളെ കെട്ടിക്കണം, അത് തന്റെ അന്ത്യാഭിലാഷമാണ്’ എന്നു പറഞ്ഞിട്ടുണ്ട് എന്ന ലോ പോയിന്റില്‍ പിടിച്ചാവും നായികയുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ മകളെ കുരുതി കൊടുക്കാന്‍ വാശി പിടിക്കുന്നത്.
പ്രണയം, വിവാഹം
മിനിമം അന്‍പതു വയസെങ്കിലുമുള്ള സുന്ദരനായ നായകന്‍ അവിവാഹിതനായിരിക്കും. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്നൊരു ചോദ്യമില്ല. സാധാരണ പുരുഷന്മാരുടെ പ്രത്യുല്‍പാദനശേഷിയും മറ്റും പത്ത് നാല്‍പതു വയാസകുന്നതോടെ കുറയുമ്പോള്‍ നമ്മുടെ നായകന്റെ മനസ്സില്‍ ആദ്യമായി ഒരു ലഡ്ഡു പൊട്ടുന്നത് പോലും അന്‍പതാം വയസ്സിലായിരിക്കും. ഒരു സ്ത്രീ വേണം, കൂട്ട് വേണം എന്നൊക്കെയുള്ള വിചിത്രമായ ആശയങ്ങള്‍ ഈ പ്രായത്തില്‍ നായകനെ വേട്ടയാടിത്തുടങ്ങും. അന്‍പതു കഴിഞ്ഞ നായകന്‍ നേരിടുന്ന പ്രതിസന്ധി പെണ്ണന്വേഷിക്കുന്നതുമായി ബന്ധപ്പെട്ടല്ല, മറിച്ച് 18-20 പ്രായത്തിലുള്ള നായികമാരില്‍ നിന്നൊരുത്തിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും. എല്ലാവരും ഒരേപോലെ സുന്ദരികള്‍, മദാലസകള്‍. എല്ലാവരും അച്ഛന്‌റെ പ്രായമുള്ള നായകനെ വിവാഹം കഴിക്കാന്‍ വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ നടക്കുന്നവര്‍. നായകന്‍ ഒരുത്തിയെ നായികയായി തിരഞ്ഞെടുത്തു എന്നിരിക്കട്ടെ, തിരഞ്ഞെടുക്കപ്പെടാത്തവരും പിന്നെ, നായകന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്തവരുമായ നാട്ടിലെ യുവതികള്‍ കൂട്ടത്തോടെ നിരാശരാവുകയോ ആത്മഹത്യക്കു ശ്രമിക്കുകയോ ചെയ്യും. നായകന്‍ സ്‌റ്റേറ്റ് വിട്ടു പോയ കാലം മുതല്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നവരായിരുന്നു ഇവരൊക്കെ എന്ന തിരിച്ചറിവ് നായകനെയും നമ്മളെയും ഒരുപോലെ തളര്‍ത്തും.
കുട്ടിക്കാലം, ഫ്ളാഷ്‍ബാക്ക്
ദാരുണമായ കുട്ടിക്കാലം നായകന്റെ ജന്മാവകാശമാണ്. അച്ഛന്‍ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്. അച്ഛനുണ്ടെങ്കില്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ വീരമൃത്യുപ്രാപിക്കുകയോ അകാലത്തില്‍ കൊല്ലപ്പെട്ട വിപ്ലവനായകനോ ആയിരിക്കും. ജാരസന്തതി ആണെങ്കില്‍ സമൂഹത്തില്‍ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന ആളുടെ ആയിരിക്കും എന്നതും ആ മഹാത്മാവിന്റെ ശരിക്കുമുള്ള മകന്‍ കൊടും വില്ലനായിരിക്കും എന്നതും ശ്രദ്ധേയമാണ്. മഹാത്മാവിന്റെ ശരിക്കുമുള്ള ഭാര്യയ്ക്കും സ്വന്തം മകനെക്കാള്‍ സ്‌നേഹവും ബഹുമാനവും ജാരസന്തതിയോടായിരിക്കും.
നായകനും അമ്മയും അനിയനും എല്ലാം ഒരു കൂരയ്ക്കു കീഴില്‍ വര്‍ഷങ്ങളായി കഴിയുന്നവരാണെങ്കിലും ഒരു പ്രത്യേകസാഹചര്യത്തില്‍ തന്റെ കുട്ടിക്കാലം മുതലുള്ള ജീവചരിത്രം പെറ്റമ്മയോടും അനിയനോടും നായകന്‍ പറഞ്ഞു കേള്‍പ്പിക്കുന്നതും ഇതൊക്കെ ആദ്യമായി കേട്ടിട്ടെന്ന പോലെ അവര്‍ അമ്പരന്നു നില്‍ക്കുന്നതും ഒടുവില്‍ കഥ പറഞ്ഞുതീരുമ്പോഴേക്കും നായകനുമായി ചെറിയ പിണക്കമുള്ളവരൊക്കെ വന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പുള്ളിക്കാരന്റെ കാല്‍പിടിച്ചു മാപ്പുചോദിക്കുന്നതും വികാരാധീനമായ സംഭവമാണ്.
ഐടി, ടെക്‌നോളജി
ഐടി മേഖലയാണ് വിസ്്മയിപ്പിക്കുന്ന മറ്റൊരു മേഖല. എല്ലാ രഹസ്യങ്ങളുമടങ്ങുന്ന ഫ്‌ളോപി ഡിസ്‌ക് ആണ് അടുത്തകാലം വരെ നായകനും വില്ലനും കൈവശം വച്ചിരുന്നതെങ്കില്‍ അടുത്തകാലത്ത് അത് യുഎസ്ബി ആയി മാറിയിട്ടുണ്ട്. യുഎസ്ബി കുത്തുന്നതോടെ ഓട്ടോമാറ്റിക്കായി മിനിമം 48 ഫോണ്ട് സൈസില്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ പലതും എഴുതിക്കാണിക്കും. കംപ്യൂട്ടറില്‍ വൈറസ് ബാധിക്കുമ്പോള്‍ Downloading Virus എന്നെഴുതി കാണിക്കുകയും വലിയ അലാറം മുഴക്കുകയും ചെയ്യും എന്നതും വലിയൊരാശ്വാസമാണ്. അധോലോകനേതാക്കന്മാരും തീവ്രവാദികളും അതീവരഹസ്യമായി കോഡ് രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന രാജ്യാന്തര രസഹ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കോ യുഎസ്ബിയോ എന്തുമാകട്ടെ, അത് ഡീകോഡ് ചെയ്യാനുള്ള സംവിധാനം നായകന്റെ കയ്യിലുണ്ടാവും. വില്ലന്റെ പാസ്‌വേഡ് അറിയാതെ കുഴങ്ങുന്ന സൈബര്‍ പൊലീസിന്റെ അടുത്തു ചെല്ലുന്ന നായകന്‍ ഊഹം വച്ച് ഒരു പാസ്‌വേഡ് അടിക്കുമ്പോള്‍ അത് കിറുകൃത്യമായിരിക്കുകയും ചെയ്യും. നായിക കംപ്യൂട്ടറിനു മുന്നിലിരുന്ന് മൗസില്‍ പിടിക്കുന്നതും നെറ്റി ചുളിക്കുന്നതും കീബോര്‍ഡില്‍ കടകടകടേന്ന് അമര്‍ത്തുന്നതുമല്ലാതെ സ്‌ക്രീനില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്നു വരെ പ്രേക്ഷകര്‍ കാണേണ്ടി വന്നിട്ടില്ലെന്നതു വേറെ കാര്യം.
മിസൈല്‍, ബോംബ് ടെക്‌നോളജിയാണ് മറ്റൊന്ന്. കുറെയധികം വയറുകളും ഒരു ടൈംപീസും ടിവിയുടെ റിമോട്ടുമാണ് എല്ലാ ടെക്‌നോളജിയുടെയും ആധാരം. റിമോട്ടില്‍ ചുവന്ന ബട്ടണമര്‍ത്തിയാല്‍ ബോംബ് പൊട്ടും. വിവിധ സ്ഥലങ്ങളില്‍ കുഴിച്ചിട്ടിരിക്കുന്ന ബോംബ് പൊട്ടിക്കാനാണെങ്കില്‍ റിമോട്ടില്‍ വിവിധ സ്ഥലങ്ങളിലുള്ള ബട്ടണുകള്‍ അമര്‍ത്തിയാല്‍ മതി. അതുപോലെ തന്നെ മിസൈലിന്റെ സ്റ്റാര്‍ട്ടര്‍, ആക്‌സിലറേറ്റര്‍, കðച്ച്, ബ്രേക്ക് തുടങ്ങിയവയെല്ലാം റിമോട്ടിലായിരിക്കും. റിമോട്ട് കൈവിട്ടുപോയാല്‍ പിന്നെ ആര്‍ക്കും മിസൈല്‍ നിയന്ത്രിക്കാനാവില്ല. സിനിമയിലെ റിമോട്ടിന് 500 കിലോമീറ്റര്‍ വരെ ദൂരെയിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാനാവും എന്നതും വലിയ അനുഗ്രഹമാണ്. ബോംബ് റിപ്പയര്‍ ചെയ്യണമെങ്കിലും നിര്‍വീര്യമാക്കണമെങ്കിലും ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങള്‍ മാത്രമാണ്. ഒന്ന്, ടൈപീസിലെ അലാറം അടിക്കാറായോ ഇല്ലയോ എന്നത്. രണ്ട് ബോംബിലെ പച്ചവയറും ചുവന്ന വയറും എവിടെ എന്നത്. പച്ച വയര്‍ മുറിച്ചാല്‍ ബോംബ് പൊട്ടുകയും ചുവന്ന വയര്‍ മുറിച്ചാല്‍ നിര്‍വീര്യമാവുകയും ചെയ്യും എന്നാണ് ശാസ്ത്രം.


കടപ്പാട് മെട്രോ മനോരമ




തിരക്കഥാകൃത്തുക്കളായ ഉദയ്‍കൃഷ്ണ- സിബി.കെ.തോമസിന്റെ മറുപടി (കടപ്പാട് മെട്രോ മനോരമ).
Uday Krishna, Siby K Thomas


“മലയാള സിനിമയില്‍ ആവര്‍ത്തിക്കുന്ന കഥാസന്ദര്‍ഭങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ വായിച്ചു. വളരെ ശരിയായ ഒപ്പം രസകരങ്ങളായ നിഗമനങ്ങളാണ് അവയെല്ലാം. പക്ഷേ, ഇതൊക്കെ മലയാളസിനിമയില്‍ മാത്രം നടക്കുന്ന ഒരു കുഴപ്പം പിടിച്ച ഏര്‍പ്പാടാണ് എന്ന് വിലയിരുത്തരുത്. ലോക സിനിമതന്നെ ഇങ്ങനെയാണ്. ഓരോ നാട്ടിലെയും കച്ചവടസിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ അവ കൃത്യമായ ഒരു ഫോര്‍മുലയെ പിന്‍തുടരുന്നതു കാണാം. ഹിന്ദിയിലും തമിഴിലും മലയാളത്തിലും ഇതുണ്ട്. ഈ സമ്പ്രദായത്തെ അത്രപെട്ടെന്ന് തകിടം മറിക്കാന്‍ കഴിയില്ല. അതിന് ശ്രമിച്ചവരില്‍ ഭൂരിപക്ഷം പേരും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
‘രജനീകാന്ത് നായകനായ യന്തിരന്‍ ആറുകോടി രൂപ കളക്ട് ചെയ്ത നാടാണ് കേരളം. പോക്കിരി രാജ ഏഴുകോടിയും കാര്യസ്ഥന്‍ ആറുകോടിയും കളക്ട് ചെയ്ത നാടാണ് ഇത്. അത്തരം സിനിമകളേ ഇവിടെ വിജയിച്ചിട്ടുള്ളു. വഴിമാറി എടുത്തചിത്രങ്ങളില്‍ ചിലത് വന്‍വിജയമായി എന്ന് മാധ്യമങ്ങള്‍ വിലയിരുത്തുമ്പോഴും അവയുടെ തിയറ്റര്‍ ഷെയര്‍ മുന്‍സൂചിപ്പിച്ച ചിത്രങ്ങളുടെ നാലില്‍ ഒന്നുപോലും വരില്ല. അപ്പോള്‍, പ്രേക്ഷകര്‍ക്ക് വേണ്ടത് ഫോര്‍മുലചിത്രങ്ങളാണ് എന്നുതന്നെയാണ് നാം മനസിലാക്കേണ്ടത്. താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും വേണ്ടത് അതുതന്നെയാണ്. പിന്നെ തിരക്കഥാകൃത്തുക്കള്‍ ഒറ്റയ്ക്ക് എങ്ങനെ വഴിമാറി നടക്കും.
‘പിന്നെ കഥാസന്ദര്‍ഭങ്ങളുടെ കാര്യം. എണ്‍പതോളം കഥാസന്ദര്‍ഭങ്ങളേ ലോകത്ത് ഉള്ളൂ നാടോടി കഥളെ സംബന്ധിച്ച് പഠനം നടത്തിയവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുപോലെ തന്നെയാണ് കച്ചവട സിനിമയുടെ കാര്യവും. നാടോടി കഥകളിലെ വീരകഥാഗാനങ്ങള്‍ ശ്രദ്ധിച്ചാലറിയാം. വടക്കന്‍ കഥയായാലും തെക്കന്‍ കഥയായാലും നായകന് പതിനെട്ടടവ് അറിയാം. പത്തൊന്‍പതാമത്തെ അടവ് രഹസ്യമായിരിക്കും. അത് അയാള്‍ ക്ലൈമാക്‌സിലേ പുറത്ത് എടുക്കൂ. അതുപോലെ ലോകത്തുണ്ടായിട്ടുള്ള എല്ലാ വീരനായകന്മാരും ചതിയിലാണ് കൊല്ലപ്പെടുന്നത്. അല്ലാതെ ചിക്കന്‍ ഗുനിയയോ മഞ്ഞപ്പിത്തമോ പിടിച്ച് മരിച്ചിട്ടില്ല. നായകന്‍ വലം കാലുവെച്ചാണ് വരുന്നത്. വീരകഥകളില്‍ മെയ്യഴകുവര്‍ണിക്കുന്ന ഈരടികള്‍ ശ്രദ്ധിച്ചാലറിയാം. ലോകത്തെ എല്ലാ നായകന്മാര്‍ക്കും ഒരേ മെയ്യഴകാണ്. ഈ ഈരടികള്‍ വടക്കന്‍പാട്ടിലും തെക്കന്‍പാട്ടിലും ഒന്നുതന്നെയാണ്.
‘കച്ചവട സിനിമയ്ക്കു പറ്റിയ കഥാസന്ദര്‍ഭങ്ങളും ഇതുപോലെതന്നെ. പത്തോ പതിനഞ്ചോ എണ്ണം വരുമായിരിക്കും. അവ തിരിച്ചും മറിച്ചും താരങ്ങള്‍ക്കനുയോജ്യമായ വിധത്തില്‍ പാകപ്പെടുത്തിയെടുക്കുക എന്ന ജോലിയാണ് ഇവിടെ എഴുത്തുകാര്‍ക്കുള്ളത്. അതുകൊണ്ടാണ് മുഖ്യധാരയിലെ ഒരു മികച്ച തിരക്കഥാകൃത്തിന് മികച്ച സാഹിത്യകാരനാകാന്‍ കഴിയാതെ പോകുന്നത്. അതുപോലെ മികച്ച പല സാഹിത്യകാരന്മാരും സിനിമയുടെ മുഖ്യധാരയില്‍ പരാജയപ്പെടുന്നതും. നായകന്റെ ഇന്‍ട്രഡക്ഷന്‍, ഇന്റര്‍വെല്‍ പഞ്ച്, ക്ലൈമാക്‌സ് ട്വിസ്റ്റ് ഈ മൂന്നു കാര്യങ്ങളെപ്പറ്റിയാണ് പ്രേക്ഷകര്‍ പ്രധാനമായും ആലോചിക്കുന്നത്. ഈ മൂന്നുകാര്യങ്ങള്‍ വിദഗ്ധമായി കഥയില്‍ തുന്നിച്ചേര്‍ക്കാന്‍ പറ്റിയാല്‍ തിരക്കഥാകൃത്തിന്റെ പണി പകുതി കഴിഞ്ഞു.
‘നായാട്ട് എന്ന സിനിമയില്‍ കെപിഎസി സണ്ണി അവതരിപ്പിക്കുന്ന ഒരു വില്ലന്‍ കഥാപാത്രമുണ്ട്. അയാളുടെ ഗുരുവിന്റെ പേര് വില്‍ഫ്രഡ് പരേര എന്നാണ്. പെരേര കൊടികെട്ടിയ വില്ലനായിരുന്നു. സണ്ണിയുടെ കഥാപാത്രം പെരേരയുടെ ചിത്രം വച്ച് പൂജിക്കുന്നുണ്ട്. പെരേര മുന്‍പ് നല്‍കിയ ഉപദേശങ്ങള്‍ അനുസരിച്ചാണ് അയാള്‍ പ്രവര്‍ത്തിക്കുന്നതും. സിനിമയുടെ ഒരു ഭാഗത്ത് സണ്ണിയോട് മറ്റൊരു കഥാപാത്രം ചോദിക്കുന്നുണ്ട്. പെരേര എങ്ങനയാ മരിച്ചത്? അതിന് സണ്ണിയുടെ ഉത്തരം വളരെ രസകരമാണ്. ”ഒരു ദുര്‍ബലനിമിഷത്തില്‍ എനിക്കയാളെ കൊല്ലേണ്ടി വന്നു” വില്ലനിലെ നീചത്വം വര്‍ധിപ്പിക്കാനായി തിരക്കഥാകൃത്ത് ചെയ്യുന്ന ഒരു പണിയാണിത്. ഞങ്ങള്‍ക്കു മുന്‍പേ നടന്ന തിരക്കഥാകൃത്തുക്കള്‍ ഉപയോഗിച്ച ഫോര്‍മുലതന്നെയാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ഇനി പുതിയ എഴുത്തുകാരും താരങ്ങളും വരും. അന്ന് ഇന്നത്തെ എഴുത്തുകാരും താരങ്ങളും വഴിമാറിക്കൊടുക്കും. പക്ഷേ, ഫോര്‍മുല മാത്രം മാറില്ല. കാലത്തിന് അനുസരിച്ച് ചില വ്യത്യാസങ്ങള്‍ വരുമെന്നുമാത്രം.
‘സിനിമാക്കഥകളെ സാഹിത്യകൃതികളുമായിട്ടല്ല മറിച്ച് നാടോടിക്കഥകളുമായിട്ടാണ് താരതമ്യം ചെയ്ത് പഠിക്കേണ്ടത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. വില്ലന് മുന്നറിയിപ്പു കൊടുത്തിട്ട് അവനെ പറഞ്ഞ സമയത്തുകൊല്ലുന്ന നായകന്മാരുടെ കഥ ഇന്ത്യന്‍ സിനിമയില്‍ ആയിരത്തോളം എണ്ണം വന്നിട്ടുണ്ട്. മലയാളത്തില്‍ അത്തരം കഥകള്‍ നൂറിനു മുകളില്‍ ഉണ്ടാവും. അതേ കഥ തന്നെയാണ് ട്വന്റി 20യില്‍ ഞങ്ങള്‍ പറഞ്ഞത്. പക്ഷേ, കഥയുടെ പഴമയല്ല അവതരണത്തിലെ പുതുമയാണ് ജനം ശ്രദ്ധിച്ചത്. അതുകൊണ്ട്, കഥാസന്ദര്‍ഭങ്ങളെയോ നായകസങ്കല്‍പ്പത്തെയോ അപ്പടി ഉടച്ചുവാര്‍ക്കല്‍ നടക്കില്ല. തീര്‍ത്തും ക്ലീഷേ ആയ കൂട്ടുകള്‍ ഒഴിവാക്കി കുറച്ച് പുതുമകളും സമ്മാനിച്ച് തിരക്കഥകള്‍ രചിക്കുക എന്നതേ സാധിക്കൂ.
‘ഇനി മറ്റൊന്ന്, വാണിജ്യസിനിമകള്‍ അല്ല എന്നു പറഞ്ഞ് ഇറക്കുന്ന സിനിമകള്‍ പരിശോധിച്ചാലും അവയ്ക്കും ഉണ്ടാവും ഒരു സ്ഥിരം കൂട്ട്. സിനിമയില്‍ മാത്രമല്ല മറ്റ് വിജ്ഞാന വിനോദ ഉപാധികള്‍ക്കു പോലും ഇതു ബാധകമാണ്. പത്രഡിസൈനിങ്ങിലും വാര്‍ത്തകളുടെ അവതരണത്തിലും രചനാരീതിയിലും ഈ ഫോര്‍മുല പാലിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഇവയില്‍ ജനത്തെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്ന മാധ്യമം വാണിജ്യസിനിമ ആയതുകൊണ്ട് അത് ജനം എളുപ്പത്തില്‍ ശ്രദ്ധിക്കുന്നു എന്നു മാത്രം.”