Tuesday, September 29, 2015

മമ്മൂട്ടിയെ മല കയറ്റാന്‍

കാഴ്ചപ്പാട്

ഒറ്റപ്പാലത്തിനടുത്തൊരു ഗ്രാമത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്. അമ്പലവും കുളവും അരയാലുമൊക്കെയുള്ള പ്രകൃതിരമണീയമായൊരു ലൊക്കേഷനിലാണ് അന്ന് ചിത്രീകരണം നടക്കുന്നത്.
രാവിലെ, സെറ്റ് റെഡിയാകുന്നതും കാത്തിരിക്കുമ്പോള്‍ ഒരു മനുഷ്യനെ മോഹന്‍ലാല്‍ ശ്രദ്ധിച്ചു. കാവിമുണ്ടും ജുബ്ബയുമാണ് വേഷം. താടി ഇത്തിരി വളര്‍ന്ന് മുറ്റിയിട്ടുണ്ട്. തൊട്ടടുത്തു നടക്കുന്ന ഷൂട്ടിങ്ങിന്റെ ബഹളങ്ങളൊന്നും ആ മനുഷ്യനെ അലട്ടുന്നതേയില്ല. വളരെ ഏകാഗ്രതയോടെ, അമ്പലത്തിന്റെ പുറംമതിലിന്മേലുള്ള ഒരു പോയിന്റിലേക്ക് മാത്രം നോക്കി ഒറ്റ നില്‍പ്പാണ് കക്ഷി.
ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ മോഹന്‍ലാല്‍ ഈ കക്ഷിയുടെ കാര്യം വിട്ടു. ഉച്ചഭക്ഷണം കഴിഞ്ഞ് ലാല്‍ വിശ്രമിക്കാനിരുന്നു. അപ്പോഴും അയാള്‍ അതാ അവിടെത്തന്നെ ഒരിഞ്ചുപോലും മാറാതെ നില്‍ക്കുന്നു. കത്തിക്കാളുന്ന 
വെയിലാണെന്നതുപോലും അയാള്‍ക്ക് വിഷയമേയല്ല.
ഷൂട്ടിങ് വീണ്ടും തുടങ്ങി. സമയം സന്ധ്യയാകാറായി. ലൊക്കേഷന്‍ മാറ്റാനായി ഷൂട്ടിങ് നിര്‍ത്തിയപ്പോള്‍ മോഹന്‍ലാല്‍ ആ വിചിത്രമനുഷ്യനെ നോക്കി. അത്ഭുതം! അപ്പോഴും അയാള്‍ അവിടെത്തന്നെ.
മോഹന്‍ലാലിന് കൗതുകം അടക്കാനായില്ല. എന്തു സംഗതിയാവും ഇയാള്‍ ഇത്രയും സൂക്ഷ്മമായി നോക്കുന്നത്?
മോഹന്‍ലാല്‍ നേരെ അയാളുടെ അടുത്തേക്ക് ചെന്നു.
'ഏയ്, നിങ്ങള്‍ രാവിലെ മുതലേ ഇവിടെ നില്‍ക്കുന്നുണ്ടല്ലോ. എന്താണ് നോക്കുന്നത്?'
അയാള്‍ അത് കേട്ടഭാവം നടിച്ചില്ല. മോഹന്‍ലാല്‍ അയാളുടെ തോളത്ത് തട്ടിക്കൊണ്ട് ചോദ്യം ആവര്‍ത്തിച്ചു. ധ്യാനത്തില്‍നിന്നുണര്‍ത്തിയതിന്റെ കോപം കൊണ്ടെന്നപോലെ ലാലിനെ രൂക്ഷമായൊന്ന് നോക്കിയശേഷം അയാള്‍ അതേ പോയിന്റിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
'ദാ, അവിടെ നോക്ക്.'
മോഹന്‍ലാല്‍ അവിടേക്ക് നോക്കി. ഇല്ല, ഒന്നും കാണുന്നില്ല. ചെങ്കല്ലിന്റെ ചതുക്കുകളല്ലാതെ ഒന്നുംതന്നെ അവിടെയില്ല. എങ്കിലും ക്ഷമയോടെ മോഹന്‍ലാല്‍ നോക്കിക്കൊണ്ടിരുന്നു. അഞ്ചുപത്ത് മിനിറ്റ് കഴിഞ്ഞ് കണ്ണ് കഴച്ചപ്പോള്‍ ലാല്‍ അയാളോട് പറഞ്ഞു: 'ഞാനൊന്നും കാണുന്നില്ലല്ലോ!'
ഗൗരവത്തിന് അല്പംപോലും കുറവില്ലാതെ അയാള്‍ മറുപടി പറഞ്ഞു:
'രാവിലെ മുതല്‍ നിന്നിട്ട് ഞാനൊന്നും കണ്ടില്ല. പിന്നെയല്ലേ പത്തു മിനിറ്റ് കൊണ്ട് നിങ്ങള് കാണുന്നത്...'
കിലുക്കം സിനിമയിലെ ആ വാചകം അറിയാതെ മോഹന്‍ലാലിന്റെ ചുണ്ടുകളിലൂടെ പുറത്തേക്ക് വീണു:
'വട്ടാണല്ലേ...'

പൃഥ്വിരാജിന്റെ ഇംഗ്ലീഷ്


ആസ്‌ത്രേലിയയിലാണ് നടന്‍ പൃഥ്വിരാജ് ഉപരിപഠനം നടത്തിയത്. ആദ്യമായി അങ്ങോട്ട് തനിച്ചാണ് പോയത്. യാത്രാസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല. പ്രായം വെറും പതിനെട്ടു വയസ്സ്.

പൃഥ്വി കയറിയ വിമാനം എന്തോ സാങ്കേതികകാരണങ്ങളാല്‍ ബാങ്കോക്കില്‍ ഇറക്കേണ്ടിവന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളപോലെ യാത്രക്കാര്‍ക്കുള്ള താമസസൗകര്യവും ടാക്‌സിയും മറ്റും വിമാനക്കമ്പനിതന്നെ ഒരുക്കിയിരുന്നു.
പരിചയക്കുറവിന്റെ പരിഭ്രമം മറച്ചുവെച്ച് പൃഥ്വിരാജ് പുറത്തുകടന്നു. വെളിയില്‍ ടാക്‌സികളൊന്നും കാണുന്നില്ല. ആകപ്പാടെയുള്ളത് ഒരു തകര്‍പ്പന്‍ ബെന്‍സ് കാര്‍ മാത്രം. തമ്പാനൂരിലെ തല്ലിപ്പൊളി ടാക്‌സികള്‍ മാത്രം കണ്ടുശീലിച്ച പൃഥ്വി, ഒടുവില്‍ മടിച്ചുമടിച്ച് ഹോട്ടലില്‍വരെ കൊണ്ടുചെന്നാക്കാമോ എന്ന് ബെന്‍സുകാരനോട് ചോദിച്ചു. അയാള്‍ സന്തോഷപൂര്‍വം ഡോര്‍ തുറന്നുകൊടുത്തു.

വണ്ടി നീങ്ങി. യാത്രയ്ക്കിടയില്‍ പ്രാകൃതമായ ഇംഗ്ലീഷില്‍ അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഒറ്റയക്ഷരംപോലും പൃഥ്വിക്ക് മനസ്സിലായില്ല. പൃഥ്വിയുടെ ഇംഗ്ലീഷ് അയാള്‍ക്കും മനസ്സിലാകുന്നില്ല.
വണ്ടി ഹോട്ടലിനു മുന്നിലെത്തി. ചാര്‍ജെത്രയെന്ന് പൃഥ്വി ചോദിച്ചു. മീറ്ററില്‍ 20 ഡോളര്‍ എന്നു കാണാമായിരുന്നു.
ഡ്രൈവര്‍ അയാളുടെ കൊഞ്ഞന്‍ ഇംഗ്ലീഷില്‍ പറഞ്ഞു: 'ഫോത്തി ദോളേഴ്‌സ്.'
നാല്‍പ്പത് ഡോളറോ? തന്നെ പറ്റിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ പൃഥ്വിയും വിട്ടുകൊടുത്തില്ല. 'ഇരുപത് ഡോളറില്‍ ഒറ്റപ്പൈസ കൂടുതല്‍ തരില്ല.' അയാളും വിടുന്ന മട്ടില്ല. കലപില കലപിലയെന്ന് എന്തൊക്കെയോ പുലമ്പു
കയാണ്. ഇതിനിടയില്‍ എന്തോ കടലാസെടുത്ത് പൃഥ്വിയെക്കൊണ്ട് ഒപ്പിടുവിക്കാനും അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അതുകൂടി കണ്ടപ്പോള്‍ പൃഥ്വിരാജിന് കലികയറി: 'താന്‍ ബാങ്കോക്കുകാരനാണെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തുകാരനാ. എല്ലാ അടിതടയും പഠിച്ചിട്ടുതന്നാ ഇങ്ങോട്ടു വന്നത്.'
പരസ്​പരം മനസ്സിലാകാത്ത ഭാഷയില്‍ ഇരുവരും തമ്മില്‍ നടത്തിയ വാക്പയറ്റ് അരമണിക്കൂറോളം നീണ്ടു. ഒടുവില്‍ ടാക്‌സിഡ്രൈവര്‍ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ച്, പൃഥ്വിരാജിന്റെ കൈ പിടിച്ചുവലിച്ച് ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇരട്ടി കാശ് വാങ്ങി തന്നെ പറ്റിക്കാന്‍ ടാക്‌സിക്കാരന്‍ ശ്രമിച്ച കാര്യം പൃഥ്വിരാജ് റിസപ്ഷനിസ്റ്റിനോട് വിവരിച്ചു. ഡ്രൈവറും റിസപ്ഷനിസ്റ്റിനോട് എന്തൊക്കെയോ പറഞ്ഞു.

രണ്ടു ഭാഗങ്ങളും കേട്ട റിസപ്ഷനിസ്റ്റ് ഇംഗ്ലീഷില്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് പൃഥ്വിക്ക് അമളി മനസ്സിലായത്.
ഡ്രൈവര്‍ പറയാന്‍ ശ്രമിച്ചത്, സാറ് പൈസ തരണ്ട, എനിക്ക് വിമാനക്കമ്പനിയില്‍നിന്ന് കിട്ടും എന്നായിരുന്നു. അര്‍ധരാത്രി കഴിഞ്ഞിരുന്നതിനാല്‍ ഇരട്ടിചാര്‍ജ് ഈടാക്കാന്‍ അവിടെ വ്യവസ്ഥയുണ്ട്. യാത്രക്കാരന്‍ ഒപ്പിട്ടുകൊടുത്താല്‍ മാത്രം മതിയത്രേ!
കാര്യമറിയാതെ ഒരു മനുഷ്യനോട് കലഹിച്ച കാര്യമോര്‍ക്കുമ്പോള്‍ പൃഥ്വിരാജിന് ഇന്നും ജാള്യത തോന്നാറുണ്ട്.

മമ്മൂട്ടിയെ മല കയറ്റാന്‍


മമ്മൂട്ടിയുടെ കോപത്തെക്കുറിച്ച് കഥകള്‍ ഒരുപാടുണ്ട്. ഈ സ്വഭാവമറിയാവുന്ന അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ ചൂടാക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ പാഴാക്കാറുമില്ല.
മേഘത്തിന്റെ ഷൂട്ടിങ് പൊള്ളാച്ചിയില്‍ നടക്കുന്നു.
ഒരു കാട്ടുപ്രദേശത്താണ് ലൊക്കേഷന്‍. ഒരു ദിവസം സംവിധായകന്‍ പ്രിയദര്‍ശന്‍ ലൊക്കേഷനിലെ മരത്തണലിലിരുന്ന് സ്‌ക്രിപ്റ്റില്‍ എന്തൊക്കെയോ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞു: 'പ്രിയാ, സൂക്ഷിക്കണം. മൂര്‍ഖനൊക്കെ ഉള്ള സ്ഥലമാണ്.'
'ഇപ്പോ ഇവിടെ ഏതായാലും മൂര്‍ഖനില്ല. പക്ഷേ, ഉടനെ വരും, ഒരു പച്ചക്കാറില്‍.' പ്രിയദര്‍ശനിത് പറഞ്ഞുതീരുമ്പഴേക്കും പച്ചക്കാറില്‍ മമ്മൂട്ടി വന്നിറങ്ങി. അതോടെ കൂട്ടച്ചിരി മുഴങ്ങി. സംഭവം തിരക്കിയ മമ്മൂട്ടിയോട് ശ്രീനിവാസന്‍ ഇത്തിരി എരിവു കൂട്ടി, സംഭവം വിവരിച്ചുകൊടുത്തു.
'ഏതായാലും മൂര്‍ഖനാണല്ലോ, നീര്‍ക്കോലിയല്ലല്ലോ'. മമ്മൂട്ടി തിരിച്ചടിച്ചു.
ആ ദിവസം അടുത്തുള്ളൊരു കുന്നിന്റെ മുകളിലാണ് ഷൂട്ടിങ്. അങ്ങോട്ട് റോഡില്ലാത്തതിനാല്‍ ചെങ്കുത്തായ കയറ്റം നടന്നുതന്നെ കയറണം. മമ്മൂട്ടി, കുന്ന് നടന്നുകയറാന്‍ തയ്യാറാവുമോ എന്ന് ചിലര്‍ക്കൊരു ശങ്ക. ചര്‍ച്ച അതേക്കുറിച്ചായി. അപ്പോള്‍ ശ്രീനിവാസന്‍ നാടകീയമായി പ്രഖ്യാപിച്ചു: 'മമ്മൂട്ടി കുന്നു കയറിക്കോളും. പക്ഷേ, അതിനൊരു കാര്യം ചെയ്യണം...' ശ്രീനിവാസന്‍ സസ്‌പെന്‍സില്‍ നിര്‍ത്തി.
'അതെന്താണ്?' എല്ലാവരും ആകാംക്ഷാഭരിതരായി.
ഗൗരവം വിടാതെ ശ്രീനിവാസന്‍ പറഞ്ഞു: 'കടുംനിറത്തിലുള്ള കുറേ ഷര്‍ട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പ്രൊഡ്യൂസര്‍ കുന്നിന്‍മുകളില്‍ നിന്നാല്‍ മതി. മമ്മൂട്ടി താനേ കയറിക്കോളും.'
'ഇടിവെട്ട്' കുപ്പായങ്ങളോട് മമ്മൂട്ടിക്കുള്ള കമ്പത്തെക്കുറിച്ച് അറിയാവുന്ന സദസ്സ് വീണ്ടുമൊരു ചിരിയില്‍ മുങ്ങി.
മമ്മൂട്ടി പതിവുപോലെ കോപത്തിലും

Saturday, September 19, 2015

കണ്ണൂരിലെ കടല്‍ത്തീരങ്ങള്‍



കേരളത്തില്‍ ഡ്രൈവിങ്ങ് ബീച്ച് ഒന്നേയുള്ളൂ. അത് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാടിനു സ്വന്തം. തലശ്ശേരിക്കും കണ്ണൂരിനുമിടയില്‍ എന്‍.എച്ച് 17 ല്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറു മാറി ഒരു സ്വപ്നതീരം. മുഴപ്പിലങ്ങാട് പഞ്ചായത്തിന് അറബിക്കടല്‍ കൊലുസ്സു ചാര്‍ത്തിയ പോലെ....

ഏഴ് കിലോമീറ്റര്‍ ദൂരം. 100 മീറ്ററോളംവീതി. വേലിയിറക്കത്തില്‍ കടല്‍ ഉള്‍വലിയുമ്പോള്‍ ബീച്ചിന്റെ വീതി 200 മീറ്റര്‍ കവിയും. തീരം പരന്നു കിടക്കുന്നു. 'റ' ആകൃതിയായതിനാല്‍ ഒരറ്റത്തുനിന്നു നോക്കിയാല്‍ ബീച്ചിന്റെ മറ്റേ അറ്റം കാണാം. ബീച്ചിന് പച്ചപ്പിന്റെ അതിര്‍വരമ്പിട്ട് കരയില്‍ നീളെ തലയെടുപ്പോടെ കാറ്റാടിമരങ്ങള്‍. കാറ്റാടിക്കപ്പുറം തണല്‍ വിരിയിച്ച് തെങ്ങില്‍തോപ്പില്‍ മധുരക്കള്ള് നുണയുന്ന വിദേശസഞ്ചാരികള്‍... ശാന്തമായ, ആഴം കുറഞ്ഞ കടല്‍. മെല്ലെ തീരത്തെ പുണരുന്ന തിരകള്‍ക്കുമുണ്ടൊരു നാണം കുണുങ്ങിയായ പെണ്‍കൊടിയുടെ ശാലീനത... കടലില്‍ തീരത്തോടു ചേര്‍ന്ന് പാറക്കൂട്ടങ്ങള്‍. കിഴക്കന്‍ കടലില്‍ തെങ്ങും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ ധര്‍മ്മടം തുരുത്ത്്... പതയും നുരയും ചാര്‍ത്തിയ മുഴപ്പിലങ്ങാട് ബീച്ച് ഒരു സുന്ദരി തന്നെ. ഡ്രൈവ് -ഇന്‍-ബീച്ചിനപ്പുറം മനസ്സിന്റെ ഭാരം ഇറക്കിവെക്കാനുള്ള ഒരു തീരം കൂടിയാണ് മുഴപ്പിലങ്ങാട്.

ഒരു കൊച്ചു യാത്ര


തളിപ്പറമ്പില്‍ നിന്നും മുഴപ്പിലങ്ങാട് ബീച്ചിലെത്താന്‍ 65 കിലോമീറ്റര്‍ താണ്ടണം. ഒരു പെട്ടി ഓട്ടോയുമായി ഈ ദൂരം കടന്ന് ഞായറാഴ്ചകളില്‍ മുഴപ്പിലങ്ങാട് എത്തുന്നതിന് ചെലവ് ഒരു തടസ്സമാവാറില്ല -കെ.എല്‍ 13 എന്‍. 1743, 'ബറാക്കത്ത് ' ഓട്ടോ ഡ്രൈവര്‍ സയ്ദിന്് ഒന്നേ പറയാനുള്ളൂ. ബീച്ചില്‍ വണ്ടിയോടിക്കുന്നതിന്റെ സുഖം.. അതൊന്നു വേറെ തന്നെ. സുഹൃത്തുക്കളായ ഉബൈദും ഷഫീക്കും ഈ ബീച്ച് ഡ്രൈവിങ്ങിന്റെ ഹരം പങ്കിടാന്‍ സയ്ദിനൊപ്പം പതിവായി ഇവിടെയെത്തുന്നു..

സാന്‍ട്രോയും ടവേരയും സുമോയും ഇന്നോവയും മറ്റുമടങ്ങിയ സ്‌റ്റൈലന്‍മാരും ഇരമ്പിപ്പായുന്ന നാടന്‍ ജീപ്പും മുഴപ്പിലങ്ങാട് ബീച്ചിന്റെ സായാഹ്നങ്ങളെ ത്രസിപ്പിക്കുമ്പോള്‍ അതിനിടയിലൂടെ ഒരു വണ്ടിനെപ്പോലെ പെട്ടി ഓട്ടോ മൂളിപ്പിച്ചു തലങ്ങും വിലങ്ങും പറത്തുകയാണ് സയ്ദ്. വലിപ്പച്ചെറുപ്പങ്ങളില്ലാത്ത മുഴപ്പിലങ്ങാട് കടല്‍ത്തീരം.

ഞായറാഴ്ച..എല്ലാവരും മുഴപ്പിലങ്ങാട് തീരം തേടിവരുന്ന ദിവസം... എയര്‍ഹോസ്റ്റസ് വിദ്യാര്‍ഥിനി സരിഗ, ബി.എ സൈക്കോളജി ഒന്നാം വര്‍ഷക്കാരി നീതുലാല്‍, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നിഖില എന്നിവര്‍ മുഴപ്പിലങ്ങാട് ബീച്ചിന്റെ ഹരം നുണയാനെത്തി. കണ്ണൂര്‍ സര്‍വ്വകലാശാല തലശ്ശേരി കാമ്പസിലെ പി.ജി.വിദ്യാര്‍ഥികളായ ബിജു, ദേവേഷ്, ബിനിത്ത് എന്നിവരും ഡ്രൈവ് -ഇന്‍-ബീച്ചിനെ അടുത്തറിയാനെത്തി. തീരം പുണരാനെത്തിയ കുഞ്ഞുതിരകളോട് സല്ലപിച്ചും, വെള്ളം തെറിപ്പിച്ചും, പഞ്ചാരമണലില്‍ കാല്‍വിരല്‍പാടുകള്‍ തീര്‍ത്തും അവര്‍ തീരവുമായി സല്ലപിച്ചു. ബീച്ചിലെ ഗസ്റ്റ് ഹൗസായ ബീച്ച് പവലിയനില്‍ ഇടയ്‌ക്കൊരു വിശ്രമം. ഇളനീരുമായാണ് ഗസ്റ്റ് ഹൗസ് സഞ്ചാരികളെ സ്വീകരിക്കുക. വെല്‍കം ഡ്രിങ്ക് ആയാണ് ഇളനീര്‍ നല്‍കുക. അതും കണ്‍മുമ്പില്‍ വെട്ടിയിട്ടത്. അതാണ് ബീച്ചിന്റെ പതിവ്.

കാല്‍പാദങ്ങളെ ഇക്കിളിപ്പെടുത്തിയ തിരകള്‍ അവരെ കടലില്‍ ഒരു യാത്രയ്്ക്കു ക്ഷണിച്ചു. ആരു കൊണ്ടുപോകും...? ബീച്ച് പവലിയന്‍ മാനേജര്‍ ഷാജി, 9895992071 നമ്പറിലേക്ക്്് വിളിച്ചു. എഞ്ചിന്‍ ഘടിപ്പിച്ച വലിയ വള്ളവും മുഖം വെളുക്കെ ചിരിയുമായെത്തിയത് സത്താര്‍ മുഴപ്പിലങ്ങാട്. ഡി.ടി.പി.സി യുടെ അംഗീകാരമുള്ള ട്രാവല്‍ ഏജന്‍സികള്‍ ഏര്‍പ്പെടുത്തുന്ന കടല്‍യാത്രകള്‍ക്ക്്് സത്താര്‍ റെഡി. കടല്‍യാത്രക്കുള്ള മുന്നൊരുക്കങ്ങള്‍ സത്താര്‍ ഓര്‍മിപ്പിച്ചു.



സത്താറിന്റെ വിരുതില്‍ തോണി തിരകളെ വകഞ്ഞുമാറ്റി മുന്നോട്ടു നീങ്ങി. തീരം പതുക്കെ പതുക്കെ പിന്നോട്ടു പോയി. ഉയര്‍ന്നു താഴ്ന്ന തിരയില്‍ തോണി തൊട്ടില്‍ പോലെ മെല്ലെയുലഞ്ഞു. അതുവരെ തീരത്തു നിന്നു മാത്രം നോക്കിക്കണ്ട കടലിനെ നേരില്‍ക്കണ്ടപ്പോള്‍ അടിച്ചുപൊളിച്ചുനടന്നവരുടെ മുഖത്ത്് പരിഭ്രമത്തിന്റെ നേരിയ കാര്‍മേഘങ്ങള്‍...ഒട്ടും പേടിക്കേണ്ട... സത്താര്‍ ധൈര്യം പകര്‍ന്നു. ചില്ലറക്കാരനല്ല സത്താര്‍. അഞ്ചോളം സിനിമകളില്‍ മുഖം കാണിച്ചിട്ടിട്ടുണ്ട്. ബല്‍റാം V/s താരാദാസില്‍ മമ്മൂട്ടിയായി കടലില്‍ സ്പീഡ് ബോട്ടോടിച്ചത് തെല്ലൊര് അഭിമാനത്തോടെ തന്നെയാണ് സത്താര്‍ പറഞ്ഞത്. രക്ഷകനിലും ബ്ലാക്കിലുമെല്ലാം സത്താറിനെ അവിടവിടെയായി കാണാം. കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോഴും സത്താറിന്റെ പങ്ക് ഉറപ്പ്..

കടല്‍ കാണാനെത്തിയ പുതിയ അതിഥികളെ തീരം വിട്ടപ്പോള്‍ വരവേറ്റത് ഡോള്‍ഫിനുകളാണ്. തോണിക്കടുത്തെത്തി ഒന്നു രണ്ടെണ്ണം തലയുയര്‍ത്തി നോക്കി. ഓ.. ഇവരാണോ എന്ന മട്ടില്‍ അവ വീണ്ടും വെള്ളത്തിലേക്ക് ഊളിയിട്ടു. ഡോള്‍ഫിനുകളുടെ ഡ്രൈവ് -ഇന്‍-ബീച്ചു കൂടിയാണ് മുഴപ്പിലങ്ങാട് തീരം. മുഴപ്പിലങ്ങാട് തീരത്തിനും ധര്‍മ്മടം തുരുത്തിനുമിടയിലെ തോണിയാത്രയില്‍ ഡോള്‍ഫിനുകള്‍ പതിവു കാഴ്ചയാണ്. അതിരാവിലെയാണ് യാത്രയെങ്കില്‍ ധാരാളം ഡോള്‍ഫിനുകള്‍ തീരം വിട്ടയുടന്‍ പ്രത്യക്ഷപ്പെടും. കാറ്റ്്് നിശ്ചലമാവുമ്പോഴാണത്രെ ഡോള്‍ഫിനുകള്‍ തീരം കാണാന്‍ വരിക.

ചിലപ്പോള്‍ കാച്ചാന്‍ കാറ്റ് എന്നൊരു വികൃതിക്കാറ്റ് മുഴപ്പിലങ്ങാട്ട് എത്താറുണ്ട്. പൂഴിയെപ്പോലും പറത്തുന്ന കാറ്റ്. മകരമാസത്തിലാണ് കാച്ചാന്റെ വരവ്. ബീച്ചില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ ഒരു ഭാഗത്തുനിന്ന് പൂഴിയെടുത്ത് കാറ്റ് മറുഭാഗത്തിടും. വാഹനം നിന്നിടത്ത് ഒരു കുഴിയുണ്ടാവും. തീരത്തിന്റെ വിസ്മയങ്ങളിലൊന്നാണ് ഈ കാച്ചാന്‍ കാറ്റ്.

തീരം വിട്ടപ്പോള്‍ തന്നെ തിരകളുടെ കലമ്പല്‍ അടങ്ങി. തോണിയുടെ ഇളക്കങ്ങള്‍ക്ക് ഒരു താളക്രമമുണ്ടായി. പിന്നില്‍ കിലോമീറ്ററുകള്‍ക്കകലെ കര. മുന്നില്‍ കരകാണാക്കടല്‍. പുളച്ചുപായുന്ന മീനുകള്‍... കത്തിനില്‍ക്കുന്ന വെയി ല്‍.. തൊപ്പിയിട്ടു, സത്താറൊഴികെ എല്ലാവരും.
തിരിച്ചെത്തുമ്പോഴേക്കും ബീച്ച് പവലിയനില്‍ ഒന്നാം തരം ഊണ് റെഡി. ചെറിയൊരു വിശ്രമം മാത്രം...വീണ്ടും തീരത്തേക്ക്്് .. അല്ലെങ്കില്‍ നഷ്ടമാവുക അപൂര്‍വ്വമായ അസ്തമയചാരുതയാണ്.

മുഴപ്പിലങ്ങാട്ടെ സായാഹ്നം ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കാവുന്ന അത്യപൂര്‍വ്വകാഴ്ചയാണ്. വിശാലമായ തീരം, പരന്നുകിടക്കുന്ന കടല്‍, പാദങ്ങളെ ചുംബിച്ച് കടന്നുപോകുന്ന വെള്ളിപ്പളുങ്കുതിരമാലകള്‍..തിര വന്ന് തീരം പുല്‍കി തിരികെ പോകുമ്പോള്‍ ചെറുകടല്‍ജീവികളെത്തേടി പിന്നാലെ പായുന്ന തിത്തിരിപ്പഷികള്‍, വീണ്ടും തിരയെത്തുമ്പോള്‍ തിരിഞ്ഞോടുന്നു.....കണ്ടിരിക്കാന്‍ എന്തു രസം.. വൈകുന്നേരം തീരം ആളുകളെ കൊണ്ട് നിറഞ്ഞു. ഏറെയും കുഞ്ഞുങ്ങളുമായി വരുന്ന കുടുംബങ്ങള്‍. നിരനിരയായെത്തുന്ന വാഹനങ്ങള്‍, ബൈക്കുകള്‍, സൈക്കിളുമായെത്തുന്ന കുട്ടികള്‍. ശാന്തമായ കടലില്‍ ഇറങ്ങാനാണ് കുഞ്ഞുങ്ങള്‍ക്കു താല്‍പ്പര്യം. അവര്‍ ആടിത്തിമിര്‍ക്കുകയാണ്. അസ്തമയസൂര്യന്റെ സിന്ദൂരവര്‍ണ്ണം ക്യാമറയില്‍ ഒപ്പിയെടുക്കുകയാണ് മിക്കവരും.

സൂര്യന്‍ കടലില്‍ ചായുമ്പോള്‍ കറുപ്പിന്റെ കരിമ്പടം പുതയ്ക്കുന്ന പാറക്കൂട്ടങ്ങള്‍. തീരത്തെ കാറ്റാടികള്‍ക്കും കണ്ടലുകള്‍ക്കും ഇടയിലേക്ക്്് മറയുന്ന ജലപ്പക്ഷികള്‍.

ഇനി ഒരിക്കല്‍ കൂടി....അല്ല ..ഒരു പാടു തവണ കൂടി വരണം, ഈ മനോഹരതീരത്തേക്ക്..

സൗഹൃദം ഒന്നുകൂടി ഉറപ്പിച്ച് സരിഗയും സംഘവും വന്ന വഴിയിലൂടെ തിരിച്ചു പോയി.

വരിക, കുടുംബത്തോടൊപ്പം





നനഞ്ഞ മണല്‍ വിരിച്ചിട്ട പരവതാനി പോലെയാണ് മുഴപ്പിലങ്ങാട് തീരം. ചെറിയ ചരിവുള്ള തീരത്തെ തിരമാലകള്‍ എപ്പോഴും തഴുകുന്നതിനാല്‍ മണല്‍ തഴുകി മിനുക്കിയതു പോലെയാണ്. ശക്തിയായി ചവിട്ടിയാല്‍ പോലും താഴ്ന്നു പോകില്ല. ഇതാണ് മുഴപ്പിലങ്ങാടിനെ വാഹനങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. വേലിയിറക്കത്തിന് തീരത്തിന്റെ വീതി കൂടും, ചന്തവും. എട്ടുവരിപ്പാത പോലെ പരന്നു കിടക്കുന്ന തീരത്തുകൂടി കാറുകള്‍ മിതമായ വേഗത്തിലേ പോകാറുള്ളൂ. ബൈക്കിലെത്തുന്ന ചെത്തുകുട്ടപ്പന്മാര്‍ ചിലപ്പോള്‍ പറക്കും.

സായാഹ്നം ചെലവിടാനെത്തുന്ന കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ തീരത്ത് പോലീസിന്റെ സാന്നിദ്ധ്യമുണ്ട്. തീരം കാണാനെത്തിയാല്‍ തിരമാലകള്‍ നിങ്ങളെ മാടി വിളിക്കും. ശാന്തമായി തീരം തേടിവരുന്ന തിര. പാല്‍നുര പതയുന്ന തിരമാലകള്‍ക്കു പിന്നാലെ കുഞ്ഞുങ്ങള്‍ ഓടും. ആഴം തീരെ കുറവായതിനാല്‍ ധൈര്യപൂര്‍വ്വം ഇറങ്ങിച്ചെല്ലാം. കുട്ടികളുടെ ജലകേളിയില്‍ മുതിര്‍ന്നവര്‍ക്കും പിടിച്ചുനില്‍കാനാവില്ല. പിന്നാലെ അവരും ചെല്ലും തിരകളുടെ സ്പര്‍ശനമേല്‍ക്കാന്‍.

തീരത്ത് പൂഴിയില്‍നിന്ന് എന്തോ ചൂഴ്‌ന്നെടുക്കുന്ന നാട്ടുകാരായ പെണ്ണുങ്ങള്‍. പൂഴി തുളച്ച് പുറത്തേക്കു തല നീട്ടുന്ന ഓരിക്കയെ കയ്യോടെ പിടിക്കുന്നു. കല്ലുമ്മക്കായയുടെ ഒരു ചാര്‍ച്ചക്കാരനാണ് ഓരിക്ക. സഞ്ചാരികളില്‍ ചിലരും കിട്ടിയ സഞ്ചിയില്‍ ഓരിക്ക നിറച്ചു. തീരം കാണാനെത്തുന്ന വിദേശികളുടെ പ്രിയഭക്ഷണം.. 31 എന്‍.സി.സി ബറ്റാലിയന്‍ സംഘടിപ്പിച്ച പാരാസെയിലിങ്ങ് മുഴപ്പിലങ്ങാട് ബീച്ചിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു. കാറ്റിന്റെ ഗതിയില്‍ ഉയര്‍ന്നു പൊങ്ങുന്ന വലിയ തുണിക്കുടയില്‍ പറക്കുന്ന കേഡറ്റുകള്‍ കാഴ്ചക്കാരുടെ ആവേശം ഇരട്ടിപ്പിച്ചു. പറക്കാന്‍ കൊതിച്ച് കുട്ടികള്‍ അച്ഛനമ്മമാരെ നോക്കി.. പൊതുജനങ്ങള്‍ക്കും ഇത്തരം പറക്കലിന് സാഹസിക അക്കാദമി ഇവിടെ അവസരം നല്‍കാറുണ്ട്.



ആലപ്പുഴ നിന്നും മൂകാംബികയിലേക്കുള്ള ഒരു യാത്രാസംഘം മുഴപ്പിലങ്ങാട് തീരത്തെത്തി, പലവട്ടം ശങ്കിച്ചു നിന്നു. വണ്ടി തീരത്ത് താണു പോകുമോ എന്നായിരുന്നു ആശങ്ക. പലരോടും പലവട്ടം ചോദിച്ചുറപ്പിച്ച ശേഷം ഒടുവില്‍ അവരും പിടിച്ചുനില്‍ക്കാനാവാതെ ഇറങ്ങി. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ളതാണ് മുഴപ്പിലങ്ങാട് തീരം.. മണലില്‍ കളിക്കോട്ട കെട്ടാനും തിരമാലകളോടൊപ്പം ഓടിക്കളിക്കാനും ഇവിടെത്തന്നെ വരിക. കേരളത്തിലെ ഏറ്റവും ചേതോഹരമായ സായാഹ്നങ്ങള്‍ക്ക് സാക്ഷിയാവാം.

കണ്ണൂരില്‍ വേറെയുമുണ്ട് മനോഹരമായ ബീച്ചുകള്‍. പയ്യാമ്പലം, ഏഴിമല, മീന്‍കുന്ന്, ഓവര്‍ബറീസ് ഫോളി തുടങ്ങി സഞ്ചാരികളെ പ്രലോഭിപ്പിക്കുന്ന നിരധി ബീച്ചുകള്‍. കണ്ണൂരിന്റെ ടൂറിസം വികസനത്തിലെ നിറമുള്ള സ്വപ്നങ്ങളാണ് ഈ ബീച്ചുകള്‍. സഞ്ചാരികളുടെ വിശ്രമതീരങ്ങളും.  


Text K. Sajeevan, Photos: Madhuraj

Wednesday, September 9, 2015

നടി സമം 'വേശ്യ!'

നാടക പ്രവര്‍ത്തകരായുള്ള സ്ത്രീകളുടെ കത്തുന്ന അനുഭവങ്ങളിലേക്ക് ഒരു യാത്ര.

''ഈ രംഗത്തു വന്നവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പരിപോഷിപ്പിച്ച് നല്ലൊരു അഭിനേത്രിയായി വളര്‍ത്തിക്കൊണ്ടു വരുന്നതിനു പകരം അവളെ മറ്റു പലതിനും പ്രാപ്തയാക്കുന്നു! അവള്‍ അതിലൂടെ വിലകൂടിയ ആഭരണങ്ങളും ഡ്രസ്സുകളും ജീവിത സൗകര്യങ്ങളും നേടുന്നു. ഇതിന് പലപ്പോഴും സമിതിയുടെ ഉടമസ്ഥനും എഴുത്തുകാരനും സംവിധായകനും കൂട്ടുനില്‍ക്കുന്നു. കാരണം ഇടയ്ക്ക് ഒന്ന് എനിക്കും ആകാമല്ലോ' എന്ന വിചാരം. ഇതിനെതിരെ അഭിമാന ബോധമുള്ള ഒരു സ്ത്രീ ശബ്ദമുയര്‍ത്തിയാല്‍ അവള്‍ ആ സമിതിയില്‍ ഏറ്റവും പിശക് 'സാധനം' ആയി. പിന്നെ അവളെ പരമാവധി മറ്റുള്ളവരാല്‍ തെറ്റിദ്ധരിപ്പിച്ച് അപമാനിതയാക്കി, പീഡിപ്പിച്ച് ഒരു ആയുസ്സ് മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത വേദനകള്‍ അവളുടെ നെഞ്ചുപൊളിച്ച് അവിടെ പ്രതിഷ്ഠിച്ച് ആ സമിതിയില്‍ നിന്ന് പുറന്തള്ളുന്നു. ഇവിടെ ഇങ്ങനെ സ്ത്രീ ആത്മാവിനെ കുരിശിലേറ്റിയത് ആരാണ്?''1

''കഴിഞ്ഞ വര്‍ഷം എന്റെ നാട്ടിലുള്ള ഒരു അമേച്വര്‍ സമിതി സംഗീതനാടക അക്കാദമിയുടെ മത്സര നാടകത്തിനു കളിക്കാന്‍ എന്നെ വിളിച്ചു. എന്റെ വേണ്ടപ്പെട്ടവര്‍ ഒക്കെയായിരുന്നു അവര്‍. ദക്ഷിണ മേഖലയില്‍ ഞങ്ങള്‍ക്കു ഫസ്റ്റ് കിട്ടി. സ്റ്റേറ്റിലേക്കു സെലക്ഷന്‍ കിട്ടിയപ്പോള്‍ പിന്നെ പോകാതിരിക്കാന്‍ വയ്യ. സംഗീതനാടക അക്കാദമി സ്റ്റേറ്റ് മത്സരം നടത്താന്‍ വൈകി. സീസണ്‍ സമയം ഫെബ്രുവരി 18. ഞാന്‍ ട്രൂപ്പിലെല്ലാവരോടും വിവരം പറഞ്ഞു. എല്ലാവരും സമ്മതിച്ചു. അങ്ങനെ ഞാന്‍ എന്റെ ഒരു കൂട്ടുകാരിയെ പോര്‍ഷനൊക്കെ പഠിപ്പിച്ചു. അവസാന നിമിഷം ട്രൂപ്പുടമ കാലു മാറി. ഞാന്‍ തന്നെ നാടകം കളിക്കണം. സബ്സ്റ്റിറ്റിയൂട്ടിനെ പറ്റത്തില്ല എന്ന്. ഞാനാകെ കുഴങ്ങി. പിന്നെ മത്സരനാടകം കഴിഞ്ഞ് വന്ന് കളിക്കാമെന്നു തീരുമാനിച്ചു. ഞങ്ങള്‍ക്ക് 2 മണിക്കായിരുന്നു നാടകം. എനിക്ക് ആ നാടകം കഴിഞ്ഞു വന്ന് കളിക്കാന്‍ പറ്റും എന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകരൊക്കെ പറഞ്ഞു. പക്ഷേ മത്സരം കഴിഞ്ഞ് കാറു പിടിച്ച് വന്നിട്ടും ഞാന്‍ താമസിച്ചാണെത്തിയത്. നാടകം വേറൊരു ദിവസം കളിച്ചു. അങ്ങനെ നാടകം മുടങ്ങിയതിന്റെ പിറ്റേദിവസം നാടകം കഴിഞ്ഞു വണ്ടിവിട്ടപ്പോള്‍ വണ്ടിയില്‍ എല്ലാവരും കൂടിചേര്‍ന്ന് എന്നോട് ഭയങ്കര വഴക്ക്. ഒരു സഹനടന്‍, എന്റെ ജൂനിയറാണ്, വളരെ മോശമായ രീതിയില്‍ എന്നോട് സംസാരിച്ചു. ഞാന്‍ ഒറ്റക്ക്. അടിയുടെ ഘട്ടംവരെ എത്തി. ഈ വൈരാഗ്യം സ്റ്റേജിലും കാണിക്കും. ഈ നടന്‍ വില്ലനായിട്ടാണ്. എന്നെ കടന്നുപിടിക്കുന്ന ഒരു രംഗമുണ്ട്. എന്റെ കൈപിടിച്ച് മനപ്പൂര്‍വ്വം ഞെരിക്കുമായിരുന്നു. (നാടകം കഴിഞ്ഞ് കൈ നോക്കുമ്പോള്‍ ചുവന്നുതടിച്ച് വേദനയും) എങ്ങനെയെങ്കിലും ആ സീസണ്‍ തള്ളിനീക്കി.''

''പല നടന്മാരും മദ്യപിച്ചിട്ടു വണ്ടിയില്‍ ഇരുന്ന് തെറിയൊക്കെ പറയും. സ്ത്രീകള്‍ ഇരിക്കുന്നു എന്ന യാതൊരു വിചാരവും കാണില്ല. ഇതൊക്കെ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്.''

ഈ ജീവിത കഥനങ്ങളിലൂടെ നടികള്‍ മുന്നോട്ടുവെക്കുന്ന നിശിതമായ നിരീക്ഷണങ്ങള്‍ അരങ്ങിന്റെ മറ്റൊരു അക കാഴ്ചകളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.

സ്ത്രീക്ക് സമൂഹം കല്പിച്ചുകൊടുത്ത മറ്റു ജോലികളില്‍നിന്ന് വ്യത്യസ്തമായി നടിക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം സമൂഹത്തിന് പരിചിതമായുള്ള ഒന്നല്ല. അതിനാല്‍തന്നെ നാടക പ്രവര്‍ത്തകയുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നിലനില്‍ക്കുന്നത് സാധാരണമാണ്. നടിയുടെ സ്വാതന്ത്ര്യവും ജോലിയിടവും അധ്വാനവും വിദ്യാഭ്യാസവുമുള്ള, കുടുംബപാരമ്പര്യമുള്ള മധ്യവര്‍ഗ സ്ത്രീയുടെ സാമൂഹിക ഇടപെടലില്‍നിന്ന് വ്യത്യസ്തമാണ്. സമൂഹത്തിന്റെ ശാരീരികവും, ലൈംഗികവുമായ തൃഷ്ണകളെ പൂര്‍ണ്ണമായും വഹിക്കാന്‍ തക്കവിധം ഉപയുക്തമായ, ആകര്‍ഷകത്വമുള്ള ഒന്നായി ഇവിടെ നടി മാറ്റപ്പെടുന്നു. സ്ത്രീക്ക് നാടകവേദി പുതിയൊരു തൊഴിലിടമായി മാറിയ 1930-കളില്‍ ഒട്ടേറെ നടികള്‍ ഈ രംഗത്തെത്തുകയുണ്ടായി. താഴ്ന്ന സാമ്പത്തിക സ്ഥിതിയുള്ള, മറ്റു ജോലികളെടുത്തു ജീവിക്കുന്ന സ്ത്രീകള്‍ നാടകരംഗം പുതിയ തൊഴിലിടമായി കണ്ടുതുടങ്ങി. കാഴ്ചയ്ക്ക് പ്രേക്ഷക സമൂഹം കല്പിക്കുന്ന ആകര്‍ഷകത്വവും, മലയാളഭാഷ വൃത്തിയായി കൈകാര്യംചെയ്യുന്നവരും രംഗത്തു പിടിച്ചുനിന്നു. നാടകം കാണാന്‍വരുന്ന വലിയൊരു പങ്കുവരുന്ന മധ്യവര്‍ഗ്ഗക്കാര്‍ക്ക് പലപ്പോഴും പ്രീതി ജനിപ്പിക്കുന്നത് തങ്ങളുടെ സാംസ്‌കാരിക ചിഹ്നങ്ങളും ഭാഷയും ഉള്‍ക്കൊള്ളുന്ന നടികളായിരുന്നു എന്നതുകൊണ്ട്, മധ്യവര്‍ഗ്ഗ-സവര്‍ണ്ണ കുടുംബങ്ങളിലെ നടികള്‍ക്ക് ജനപ്രീതിയുണ്ടാക്കുവാന്‍ എളുപ്പം സാധിച്ചു. അവര്‍ ഏറെക്കാലം വേദിയില്‍ പിടിച്ചുനില്‍ക്കുകയും ചെയ്തു.

ഇതേക്കുറിച്ച് കുട്ടിയേടത്തി വിലാസിനി പറഞ്ഞത് ഇങ്ങിനെയാണ്:
''എന്റെ യഥാര്‍ത്ഥ പേര് ബ്രോണി എന്നാണ്. ഇരിങ്ങാലക്കുടക്കാരന്‍ ജോസഫിന്റെയും അന്നമ്മയുടെയും മകള്‍. നാടകം സംവിധാനംചെയ്യാന്‍ വന്ന കൊച്ചുട്ടനാശാന്റെ ഉപദേശമായിരുന്നു പേര് മാറ്റണം എന്നത്. അദ്ദേഹം പറഞ്ഞു, 'ഈ പേരുമായി കലാരംഗത്തിറങ്ങിയാല്‍ രക്ഷപ്പെടില്ല എന്ന്. ഈ രംഗത്ത് കൊടികുത്തി വാഴുന്നത് സവര്‍ണ്ണരാ, നായന്മാരും ഹിന്ദുക്കളും നിന്നെ അകറ്റിനിര്‍ത്തും.' അങ്ങിനെയാണ് ഞാന്‍ വിലാസിനിയായത്. പിന്നെ കോഴിക്കോട് വിലാസിനിയും കുട്ട്യേടത്തി വിലാസിനിയുമായി.'' ഇത് ബ്രോണിയുടെ മാത്രം കഥയല്ല. ഈ പാത പിന്തുടര്‍ന്ന ഒട്ടേറെപ്പേര്‍ മലയാള നാടകവേദിയിലുണ്ട്.

നാടക പ്രവര്‍ത്തകര്‍ പല സാമ്പത്തിക, ജാതി, മതവിഭാഗങ്ങളില്‍നിന്നും വരുന്നവരായിരിക്കാം. അവര്‍ക്ക് സമൂഹത്തിലും നാടകവേദിയിലും ലഭിക്കുന്ന ആദരവ് നിര്‍ണ്ണയിക്കുന്നതില്‍ അവര്‍ വന്ന സാമൂഹിക സാഹചര്യം, കഴിവ്, ഭാഗ്യം, ആകര്‍ഷകത്വം, കാര്യപ്രാപ്തി, ആവശ്യകത എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. എന്നാല്‍ ദിവസവും ഒന്നും രണ്ടും നാടകാവതരണങ്ങളില്‍ പങ്കെടുത്ത്, ദീര്‍ഘദൂരം യാത്രചെയ്യുന്ന, രാത്രികാലങ്ങളില്‍ വീട്ടില്‍നിന്നു മാറി നില്‍ക്കുന്ന, പരപുരുഷനൊപ്പം 'തൊട്ട് അഭിനയിക്കുന്ന' നടി പൊതുസമൂഹ ചിന്തയില്‍ 'വേശ്യ'യുമായി എപ്പോഴും താരതമ്യം ചെയ്യപ്പെട്ടു.

നടിയുടെ ജീവിതം എപ്പോഴും അംഗീകാരത്തിനും നിന്ദക്കുമിടയിലൂടെയുള്ള ഒരു യാത്രയാണ്. ഈ ദുഷ്‌കരമായ യാത്രയെക്കുറിച്ച് ഒട്ടേറെ നടികളുമായി നേരിട്ടും, അവരുടെ തന്നെ അനുഭവക്കുറിപ്പുകളിലൂടെയും അവരുമായി സംവേദിച്ചതിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഇതിലെ സ്ത്രീനാടകാനുഭവക്കുറിപ്പുകള്‍.

ഇന്നുവരെ നമ്മുടെ നാടക ചരിത്രം ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കാത്ത ഒട്ടനവധി രേഖകള്‍ ഇവരുടെ അനുഭവക്കുറിപ്പുകളിലൂടെ എഴുതി ചേര്‍ക്കപ്പെടുകയാണ്.

അരങ്ങ് ജീവിതമായ വഴി
അരങ്ങ് സ്ത്രീക്ക് ആത്മപ്രകാശനം സാധ്യമാക്കുന്ന വേദിയാണോ? അല്ലെന്നാണ് നടികളുടെ അനുഭവങ്ങള്‍ പറയുന്നത്. എങ്കിലും അരങ്ങിലേക്കെത്തുന്ന ഓരോ നടിയും അതിനായുള്ള ശ്രമം നടത്തുന്നുണ്ട്. നേരിട്ട് അറിഞ്ഞുകൊണ്ടാവില്ലെന്നു മാത്രം. ഈ തിരിച്ചറിവുകള്‍ നയിക്കുന്ന വഴികളിലൂടെ മുന്നോട്ടു വന്നവരല്ല ഈ നടികളില്‍ പലരും. എന്നാല്‍ നാടകനടികള്‍ അഭിനയരംഗത്ത് എത്തുന്നതിന് കാരണമായി പൊതുവില്‍ അറിയപ്പെടുന്നത് സാമ്പത്തിക കഷ്ടതകളാണ്. എന്നാല്‍ ഈ പൊതു നിഗമനത്തിനൊപ്പം നില്‍ക്കുവാന്‍ ഇവരുടെ അനുഭവ സാക്ഷ്യങ്ങള്‍ അനുവദിക്കുന്നില്ല. ഇവിടെ ആദ്യമായി പരിശോധിക്കുന്നത് ഇവര്‍ എന്തുകൊണ്ട് നാടകരംഗം തിരഞ്ഞെടുത്തു എന്നതാണ്. ഇവിടെ നാടകപ്രവര്‍ത്തക സ്വയവും, സമൂഹവും പൊതുവില്‍ കരുതുന്ന 'സാമ്പത്തികം' എന്ന ഒറ്റവാക്കിനെ ഈ അനുഭവക്കുറിപ്പുകള്‍ മാറ്റിപ്പറയുന്നുണ്ട്. നാടക രംഗത്തേക്കു കടന്നു വരുന്നതിന്റെ യാദൃശ്ചികതക്കു പിന്നില്‍ ഇവര്‍ക്കെല്ലാം പൊതുതാല്‍പര്യമുണ്ട്. 'കലയോടുള്ള അടുപ്പം'- എന്നാല്‍ ഇവര്‍ രംഗത്തേയ്ക്കുവന്ന സാഹചര്യങ്ങളില്‍ ഒരേ സ്വഭാവം കാണുക പ്രയാസമാണ്.

എങ്കിലും അരങ്ങിലേക്കെത്തുന്ന ഓരോ നടിയും അതിനായുള്ള ശ്രമം നടത്തുന്നുണ്ട്. നേരിട്ട് അറിഞ്ഞുകൊണ്ടാവില്ലെന്നു മാത്രം. ഈ തിരിച്ചറിവുകള്‍ നയിക്കുന്ന വഴികളിലൂടെ മുന്നോട്ടു വന്നവരല്ല ഈ നടികളില്‍ പലരും. എന്നാല്‍ നാടകനടികള്‍ അഭിനയരംഗത്ത് എത്തുന്നതിന് കാരണമായി പൊതുവില്‍ അറിയപ്പെടുന്നത് സാമ്പത്തിക കഷ്ടതകളാണ്. എന്നാല്‍ ഈ പൊതു നിഗമനത്തിനൊപ്പം നില്‍ക്കുവാന്‍ ഇവരുടെ അനുഭവ സാക്ഷ്യങ്ങള്‍ അനുവദിക്കുന്നില്ല. ഇവിടെ ആദ്യമായി പരിശോധിക്കുന്നത് ഇവര്‍ എന്തുകൊണ്ട് നാടകരംഗം തിരഞ്ഞെടുത്തു എന്നതാണ്. ഇവിടെ നാടകപ്രവര്‍ത്തക സ്വയവും, സമൂഹവും പൊതുവില്‍ കരുതുന്ന 'സാമ്പത്തികം' എന്ന ഒറ്റവാക്കിനെ ഈ അനുഭവക്കുറിപ്പുകള്‍ മാറ്റിപ്പറയുന്നുണ്ട്. നാടക രംഗത്തേക്കു കടന്നു വരുന്നതിന്റെ യാദൃശ്ചികതക്കു പിന്നില്‍ ഇവര്‍ക്കെല്ലാം പൊതുതാല്‍പര്യമുണ്ട്. 'കലയോടുള്ള അടുപ്പം'- എന്നാല്‍ ഇവര്‍ രംഗത്തേയ്ക്കുവന്ന സാഹചര്യങ്ങളില്‍ ഒരേ സ്വഭാവം കാണുക പ്രയാസമാണ്.

''എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു നടിയാവണം എന്നത്. പഠിക്കുമ്പോഴും എല്ലാ തരത്തിലുമുള്ള പരിപാടികളിലും പങ്കെടുത്തിരുന്നു. ഞങ്ങളുടെ അടുത്ത ബന്ധുവാണ് എന്നെ നാടകരംഗം പരിചയപ്പെടുത്തിയത് ...''
വി ടി സ്റ്റെല്ല5

''സ്വന്തം ട്രൂപ്പില്‍ ഒരു നടി വരാതിരുപ്പോള്‍ ഭര്‍ത്താവ് ഈ രംഗത്തേക്കു കൊണ്ടുവന്നു.''
തങ്കം ജോസ്6

''ഭര്‍ത്താവുപേക്ഷിച്ചു പോയതുകൊണ്ട് മക്കളെ വളര്‍ത്താന്‍ വഴിമുട്ടിയപ്പോള്‍ യാദൃശ്ചികമായി, ജീവിക്കാന്‍ വേണ്ടി നാടകരംഗത്ത് എത്തിയതാണ്.''
സരോജം7

''ആദ്യം കലയോടുളള താല്‍പര്യം മാത്രമായിരുന്നു. പിന്നെ അതൊരു ജീവിതമാര്‍ഗ്ഗമായി.''
പി. ഗിരിജ8

''നാട്ടില്‍ തന്നെയുള്ള ആര്‍ട്‌സ് ക്ലബ്ബ് ഒരു നാടകം കളിക്കാന്‍ തീരുമാനിക്കുന്നു. രണ്ടു സ്ത്രീ കഥാപാത്രങ്ങള്‍ ആ നാടകത്തിലുണ്ടായിരുന്നു. ഒരാളെ പുറത്തുനിന്നു വിളിക്കുന്നു. ഒരാള്‍ ഞാന്‍ മതിയെന്നു അവര്‍ തീരുമാനിക്കുന്നു. ഞാനും സമ്മതിക്കുന്നു.''
പ്രഭാവതി9

''നടി പോയതോടെ സമിതി പ്രതിസന്ധിയിലായി. നായികയില്ലാതെ നാടകം മുടങ്ങുമെന്ന് ഏതാണ്ടുറപ്പായി. അപ്പോഴാണ് എന്നെ നാടകത്തിലഭിനയിപ്പിച്ചാലെന്തെന്ന് സാറിന് തോന്നിയത്. അദ്ദേഹം എന്റെ അഭിപ്രായമാരാഞ്ഞു. സംഗീതവും അഭിനയവും മുമ്പുതന്നെ ഇഷ്ട വിഷയങ്ങളായതിനാല്‍ രണ്ടാമതൊന്നാലോചിക്കാതെ സമ്മതം മൂളി.

അങ്ങിനെ ജീവിതത്തിലെന്നപോലെ അരങ്ങിലും ഞാനദ്ദേഹത്തിന്റെ നായികയായി.''
തങ്കം വാസുദേവന്‍നായര്‍10

എന്‍.എന്‍. പിള്ള എഴുതി സംവിധാനം ചെയ്ത 'അസലാമു അലൈക്കും' എന്ന നാടകമാണ് ഓമനയുടെ അഭിനയ ജീവിതത്തിനു വഴിതുറന്നത്. ഓമന11ക്കന്ന് ഇരുപത്തിമൂന്നു വയസ്സ്.... ഹിന്ദു - മുസ്ലീം മൈത്രിക്കുവേണ്ടി ആഹ്വാനംചെയ്യുന്ന ആ നാടകത്തില്‍ പിള്ള അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായി ആരഭിനയിക്കും എന്നത് പ്രശ്‌നമായി. പല നടികളെയും പരീക്ഷിച്ചെങ്കിലും തൃപ്തികരമായില്ല. വരുമാനം കുറവായിരുന്നതിനാല്‍ സ്ഥിരം നടിയെ കിട്ടുക വിഷമമായിരുന്നു. വീട്ടിലുള്ള ആള്‍തന്നെ അഭിനയിക്കുന്ന പക്ഷം ആ പ്രശ്‌നവുമില്ല. ഓമന എതിര്‍പ്പൊന്നും പറഞ്ഞില്ല.

വെറും യാദൃശ്ചികതയും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് നാടകരംഗം പരിചയപ്പെടുവാന്‍ കാരണമായി തീര്‍ന്നതെന്നു ഇവരില്‍ ചിലര്‍ പറയുമ്പോള്‍ തന്നെ നാടകാഭിനയത്തെ സഹായിക്കുന്ന കലാപരമായ കഴിവുകള്‍ ഉള്ളവരാണ് പലരും, എന്നത് അവരുടെ തന്നെ കാഴ്ചയെ ചോദ്യം ചെയ്യുന്നു.

കോഴിക്കോട്ടുകാരിയായ സാവിത്രിശ്രീധരന്‍12 നൃത്തത്തിനായിരുന്നു ആദ്യം പ്രാധാന്യം നല്‍കിയിരുന്നത്. കലോല്‍സവങ്ങളില്‍ തന്റെ നൃത്ത പരിപാടിക്കുശേഷം അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളില്‍, അക്കാലത്തെ പ്രസിദ്ധ നടികളായ കുട്ടിയേടത്തി വിലാസിനിയുടെയും ശാന്തകുമാരിയുടെയും അഭിനയം കണ്ടു ഭ്രമിച്ചാണ് നാടകം ജീവിതമാക്കിയത്. ഭര്‍ത്താവും അച്ഛനും അവരുടെ നാടകവഴിക്ക് താങ്ങും പ്രോത്സാഹനവുമായിനിന്നതാണ് ഈ രംഗത്തു തുടരാന്‍ സാധിച്ചതിന്റെ കാരണമായി 16-ാം വയസ്സില്‍ വിവാഹിതയായ സാവിത്രി ശ്രീധരന്‍ കരുതുന്നത്.

''ഡാന്‍സ് കുറച്ച് അറിയാം.'' ബാല്യത്തില്‍ നൃത്തവും പാട്ടും അഭിനയവും ഇഷ്ടമായിരുന്നു.'' സ്‌കൂളില്‍നിന്നു സമ്മാനം കിട്ടിയിട്ടുണ്ട്.'' തങ്ങളുടെ ഉള്ളിലുള്ള ഈ സര്‍ഗ്ഗാത്മക കഴിവുകളാണ് ജീവിത വരുമാനത്തിനുളള മാര്‍ഗ്ഗമായി നാടകരംഗം തിരഞ്ഞെടുക്കാനുള്ള യാദൃശ്ചികതക്കു പിന്നിലെന്ന് കാണാം.

പലരും സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചുതുടങ്ങിയതാണ്. മറ്റു ചിലര്‍ അമേച്വര്‍ നാടകങ്ങളിലൂടെയാണ് പ്രൊഫഷണല്‍ നാടക രംഗത്തേക്കെത്തിയത്. മലയാള നാടകത്തിലെ പ്രതിഭാധനന്മാരായ പ്രവര്‍ത്തകര്‍ പലരും ഇവരെ ഈ രംഗത്തേക്ക് ആനയിച്ചവരില്‍പ്പെടുന്നു.

തോപ്പില്‍ ഭാസി, പി കെ വേണുക്കുട്ടന്‍നായര്‍, സി ജി ഗോപിനാഥ്, പൊന്‍കുന്നം വര്‍ക്കി, ഉള്ളൂര്‍ രാമകൃഷ്ണന്‍, നിലമ്പൂര്‍ അയിഷ, സുധര്‍മ്മ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. അച്ഛനോ, ജ്യേഷ്ഠന്മാരോ നാടക രംഗത്തേക്ക് കൊണ്ടുവന്ന, കലാ കുടുംബങ്ങളില്‍പ്പെട്ടവരാണ് മറ്റൊരു വിഭാഗം. എങ്കിലും നാടകസംവിധായകര്‍, രചയിതാക്കള്‍, ബ്രോക്കര്‍മാര്‍ എന്നിവരാല്‍ ഈ രംഗത്തേക്ക് എത്തിയവരാണ് അഭിനയ താല്‍പര്യമുള്ള വിഭാഗത്തിലെ ഭൂരിപക്ഷം പേരും. വളരെ ചുരുങ്ങിയ ഒരു വിഭാഗം മാത്രമാണ് വിവാഹത്തിനുശേഷം ഭര്‍ത്താവിലൂടെ ഈ രംഗത്തേക്ക് വന്നിട്ടുള്ളത്. അഭിനയ കലയോടുള്ള താല്‍പര്യം കൊണ്ടു നാടകരംഗത്തെത്തിയവരില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെയാണ് - ''ജീവിതത്തോട് അടുത്തുനില്‍ക്കുന്ന ഒരു കലാരൂപം എന്ന നിലയ്ക്കായിരുന്നു എന്റെ നാടകാഭിനയം.''

നാടകാഭിനയത്തെ വരുമാന മാര്‍ഗ്ഗം കൂടിയായി കാണുന്നവര്‍ മാത്രമാണ് ഈ രംഗത്തു പിടിച്ചുനില്‍ക്കുന്നത്. അല്ലാത്തവര്‍ക്ക് ഈ രംഗം താല്‍ക്കാലിക ആത്മ പ്രകാശനത്തിനുള്ള വേദിയാണ്.

വീട്ടിലെ ദാരിദ്ര്യം കാരണം റോഡുപണിക്കു പോയിക്കൊണ്ടിരിക്കുമ്പോഴാണ് വിലാസിനി13 എന്ന പ്രസിദ്ധയായ നടി, ഒരു നൃത്താദ്ധ്യാപകന്റെ പ്രേരണയില്‍ സര്‍ക്കസു കമ്പനിയില്‍ നൃത്തം ചെയ്യുവാനെത്തുന്നത്. പിന്നീടവര്‍ നാടക രംഗത്തേക്കും കടന്നു വരുന്നു. അനുഗ്രഹീതയായ ഈ നടി ഈ രംഗത്ത് ഇന്നും സജീവമാണ്. അവര്‍ക്കഭിനയം ആത്മ പ്രകാശനത്തിനൊപ്പം കുടുംബം പോറ്റാനുളള സ്രോതസ്സു കൂടിയാണ്.

''ഇല്ല, മക്കളുടെ വിദ്യാഭ്യാസത്തിനുപോലും തികയുന്നില്ല. സ്വന്തമായിട്ടു കിടപ്പാടം പോലുമില്ല. കടത്തിന്റെ നടുവില്‍ നട്ടം ചുറ്റുന്നു.''
സരോജം - കൊല്ലം14

''കുടുംബത്തിന്റെ നിലനില്‍പ്പിനും എന്റെ പഠനത്തിനും നാടകത്തില്‍നിന്നുള്ള വരുമാനം സഹായകരമായിരുന്നു''
ബിന്ദു രാജ് കോട്ടയം15

''പ്രതിഫലം വാങ്ങിച്ചുകൊണ്ട് നാടകം അഭിനയിച്ചിട്ടില്ല.''
പി സി ദേവകി16

''ഓരോ വര്‍ഷത്തേയും നാടകത്തിന്റെ വിജയം പോലെയായിരിക്കും. മഴക്കാലം വലിയ ബുദ്ധിമുട്ടുതന്നെ.''
സിസിലി - തൃശ്ശൂര്‍17

നാടക വരുമാനം, നാടകത്തിന്റെ വിജയവും, അവതരണകാലവുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. നാടകത്തിന്റെ പ്രതിഫലത്തിനാകട്ടെ ഏകീകരണ സ്വഭാവവുമില്ല.

രമണി18യുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. രണ്ടു കുട്ടികളേയും വയസ്സായ മാതാപിതാക്കളേയും നോക്കേണ്ടുന്ന ചുമതല അവര്‍ക്കാണ്. ഭര്‍ത്താവ് വീട്ടുകാര്യങ്ങള്‍ അന്വേഷിക്കാറേ ഇല്ല. നാടക രംഗത്തു നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ അവര്‍ അക്കമിട്ടു നിരത്തുന്നതിങ്ങനെയാണ്.

എന്റെ വരുമാന മാര്‍ഗ്ഗം, രംഗത്തു നില്‍ക്കുമ്പോള്‍ നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കാം, പല രീതിയിലുളള മനുഷ്യരുമായും ഇടപെടാം, ചില സമയങ്ങളില്‍ നമ്മുടെ ദുഃഖങ്ങള്‍ മറക്കാം എന്നതും.
പ്രതിഫലത്തിന്റെ കാര്യത്തില്‍ സ്ത്രീ -പുരുഷ വിവേചനം ഉണ്ടെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. മറ്റു ചിലര്‍ നായക നടന്മാര്‍ക്കാണ് കൂടുതലെന്നറിയിച്ചപ്പോള്‍ നായക നടനും നായക നടിക്കും പ്രതിഫലം കൂടുതലാണെന്നായിരുന്നു വേറെ ചിലര്‍ പറഞ്ഞത്. സീനിയോറിറ്റി, പ്രസിദ്ധി, ഗ്ലാമര്‍ എന്നിവയും വേതനത്തെ നിശ്ചയിക്കുന്ന ഘടകങ്ങളായി പലരും വ്യക്തമാക്കി. നേരിട്ടുള്ള അന്വേഷണത്തില്‍ നിന്നു വ്യക്തമായത് സ്ത്രീകളുടെ ദൗര്‍ലഭ്യം ഈ രംഗത്ത് ഇപ്പോഴും നിലനില്‍ക്കുന്നു എന്നതുകൊണ്ട് താരതമ്യേന ഭേദപ്പെട്ട ശമ്പളം പൊതുവെ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട് എന്നതാണ്.

''എന്റെ നാടകാഭിനയത്തിന്റെ വരുമാനം കൊണ്ടാണ് എന്റെ കുടുംബം അക്കാലത്ത് മുന്നോട്ട്് നീങ്ങിയത്. എന്റെ അനുജത്തിമാരെ ഇതിനാലാണ് പഠിപ്പിക്കാനായത്. ഇതൊന്നും അംഗീകരിക്കാന്‍ ആരും തയ്യാറാവില്ല. എങ്കിലും കുടുംബത്തെ ഞാന്‍ സഹായിച്ചതിനാലാവണം അവരാരും എന്നെ തള്ളിപ്പറഞ്ഞിട്ടില്ല. 13-ാം വയസ്സില്‍ ഈ രംഗത്തു വന്നു. അന്നും ഇന്നും എന്റെ വരുമാനമാണ് കുടുബത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. അതുകൊണ്ടു തന്നെ ഒരു വിശ്രമത്തെക്കുറിച്ച് ഓര്‍ത്തിട്ടില്ല.''

- അറുപതു വയസ്സിലേക്കു കടക്കുന്ന ഒരു നടി പറഞ്ഞതിങ്ങനെയാണ്.
വേതനത്തിന് ഏറെ പ്രാധാന്യമുള്ള ഈ സാഹചര്യത്തിലും പല അമേച്വര്‍ സംഘങ്ങളും ആഘോഷ കമ്മിറ്റിക്കാരും നാടകം കഴിഞ്ഞശേഷം പണം നല്‍കാതെ നടികളെ വിഷമിപ്പിക്കാറുണ്ട്.

''ഒരിക്കല്‍ തൃശൂരില്‍ ഞാന്‍ നാടകം ചെയ്യുവാന്‍ പോയി. വെളപ്പായ രാധയും എന്റെ കൂടെ ഉണ്ടായിരുന്നു. മേക്കപ്പിനുമുമ്പ് കാശു വാങ്ങിക്കാന്‍ രാധയുടെ അമ്മ എന്നെ നിര്‍ബ്ബന്ധിച്ചു.

അതെനിക്ക് പുതിയ കാര്യമായിരുന്നു. മറ്റൊരു അവസരത്തില്‍ തൃശൂരില്‍ നാടകം ചെയ്യുവാന്‍ ചെന്നപ്പോള്‍ ഞാന്‍ നേരത്തേ കാശു വാങ്ങിയില്ല. അഭിനയിച്ച ശേഷം കമ്മിറ്റിക്കാര്‍ കാശില്ലെന്നു പറഞ്ഞു. തിരിച്ചു പോകുവാനുള്ള ബസ്സിനുപോലും പണമില്ല. അവസാനം തലേന്ന് ഉദ്ഘാടനത്തിനു വന്ന മാന്യന്റെ വീട്ടില്‍ പോയി വിവരം പറഞ്ഞു. ഒടുവില്‍ അയാളുടെ ഇടപെടല്‍ കൊണ്ടു മാത്രം കാശു കിട്ടി.''
പട്ടാമ്പി സുഭദ്ര19

ഒരു സംഘത്തില്‍ ചെന്നുകഴിഞ്ഞാല്‍ കരാറനുസരിച്ച് ജോലി ചെയ്യേണ്ടുന്ന ബാധ്യത അഭിനേതാക്കള്‍ക്കുണ്ട്. എത്ര മോശമായ അനുഭവങ്ങളുണ്ടായാലും ഇടയ്ക്കുെവച്ചു മാറാന്‍ ഇവര്‍ക്കാവില്ല. കാരണം വരുമാനമില്ലാതെ പുറത്തു നില്‍ക്കേണ്ടി വരും, മറ്റു സംഘങ്ങള്‍ നടികളെ ക്ഷണിക്കുന്ന സമയവും കഴിഞ്ഞിരിക്കും.

കുടുംബം നോക്കുന്ന ചുമതല നേരിട്ട് ഏറ്റെടുക്കുന്നതിനാലാവും കണക്കുപറഞ്ഞ് വേതനം വാങ്ങിക്കാനും പറ്റിക്കപ്പെടുമ്പോള്‍ ചോദ്യം ചെയ്യാനും അവര്‍ മുന്‍കൈ എടുക്കുന്നത്. 1948 മുതല്‍ 1962 വരെ തിരുവനന്തപുരം അമേച്ച്വര്‍ നാടകവേദിയിലാണ് പട്ടം സരസ്വതി അമ്മ പ്രവര്‍ത്തിച്ചത്. ശ്രീ ചിത്തിരതിരുനാള്‍ ലൈബ്രറിയുടെ ഒട്ടുമിക്ക നാടകങ്ങളിലും അവര്‍ അക്കാലത്ത് അഭിനയിച്ചിരുന്നു. ഇതേകാലത്ത് റേഡിയോ നാടകങ്ങളിലും സജീവമായിരുന്നു. ആശുപത്രിയില്‍ മിഡ്‌വൈഫ് ജോലി രാവിലെ ഏഴു മണിമുതല്‍ രാത്രി ഏഴു മണിവരെ ചെയ്തശേഷമാണ് നാടകാഭിനയം.

''ഈ നാടകങ്ങള്‍ക്കെല്ലാം ഞാന്‍ 50 രൂപ വീതം വാങ്ങിക്കും. അന്ന് എല്ലാ നാടകങ്ങളിലും ഞാനുണ്ടായിരുന്നു. നാലുനാടകം ഞാന്‍ ഒരുമിച്ചു ചെയ്തിട്ടുണ്ട്.... അന്ന് 50 രൂപ എനിക്കു വലിയ കാര്യമായിരുന്നു.... കുടുംബം കഴിയണമെന്ന പ്രശ്‌നമുള്ളതുകൊണ്ട് ആരെന്തുപറഞ്ഞാലും ഞാന്‍ കാര്യമാക്കില്ല.'' അവര്‍ പറഞ്ഞു.

തന്റെ വേതനം കണക്കുപറഞ്ഞ് ഈ നടികള്‍ വാങ്ങിക്കുമായിരുന്നു. കാരണം ഒരു വലിയ കുടുംബത്തിന്റെ ഉത്തരവാദിത്വം പലപ്പോഴും ഈ നടികള്‍ക്കുണ്ടായിരുന്നു. നിയന്ത്രിതമായ ചിലവുകള്‍, തങ്ങളുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെട്ട രീതിയില്‍ നിലനിര്‍ത്തുവാന്‍ ഈ നടികള്‍ക്കായിരുന്നു.

''അന്ന് പ്രൊഫഷണല്‍ നാടകത്തിനുപോയാല്‍ കാശു കിട്ടുമായിരുന്നു. പ്രധാന നടന് 60 രൂപയോ മറ്റോ, എന്നെ വന്നു നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് ഒരു സ്റ്റേജിന് 100 രൂപ തരണം എന്ന്.

101 രൂപ തരാമെന്ന് അവരേറ്റു. അവര്‍ക്ക് ആളെ വേണമായിരുന്നു. അന്ന് എന്നെ കിട്ടുന്നതു വലിയ കാര്യമായി അവര്‍ക്കുതോന്നി.'' ആറന്മുള പൊന്നമ്മ ഇതു പറയുമ്പോള്‍ അന്നു സ്ത്രീകള്‍ നാടകത്തിനുപോയി തുടങ്ങിയ കാലമാണെന്ന് ഓര്‍ക്കണം.

കെ.പി.എ.സി. സുലോചന, സുധര്‍മ്മ എന്നിവരുടെ അനുഭവവിവരങ്ങളിലും ഇതിന്റെ തുടര്‍ച്ച കാണാനാവും. ശ്രീമതി സുലോചന സ്വന്തമായി നാടക സംഘം തുടങ്ങിയപ്പോള്‍ 6-ാമത്തെ കളിക്ക് അഭിനേതാക്കള്‍ക്ക് വേതനം കൊടുക്കാത്ത പതിവ് ശൈലി മാറ്റി. അതിനു കാരണമായി കെ.പി.എ.സി. സുലോചന പറയുന്നത് കുടുംബം നോക്കാന്‍ അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളുടെ ഓര്‍മ്മകളാണ്. ഈ പെണ്‍കാഴ്ച നാടകവേദിക്കകത്തു വരുത്തുന്ന മാറ്റങ്ങളാണ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്.

നടി സമം 'വേശ്യ!'
കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍പോലും പുരുഷന്മാര്‍ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്നു എന്നത് ഈ രംഗത്തെ നടികളുടെ ദൗര്‍ലഭ്യത്തെ സൂചിപ്പിക്കുന്നു. കലാ തല്‍പരരായ സ്ത്രീകള്‍ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് നാടകാഭിനയം സമൂഹകാഴ്ചയില്‍ മോശപ്പെട്ട ഒന്നായിരുന്നതുകൊണ്ടാണ് ഇവര്‍ രംഗത്തു വരാതിരുന്നതെന്ന് അനുഭവ സാക്ഷ്യങ്ങളില്‍ നിന്നും വായിച്ചെടുക്കാനാവും. ഒട്ടനവധി മോശപ്പെട്ട അനുഭവങ്ങള്‍ ഇവര്‍ക്ക് പറയാനുമുണ്ട്.

''ആദ്യകാലങ്ങളില്‍ ജനം ഒരു ദുര്‍ന്നടത്തക്കാരി എന്ന നിലയിലാണ് കണ്ടിരുന്നത്. ധാരാളം സഹിക്കേണ്ടി വന്നു.''

''വളരെ മോശമായിട്ടാണ് കണ്ടിരുന്നത്. ഇപ്പോഴും കുറവില്ല. ഇതുമൂലം കുറച്ചുകാലം അഭിനയം നിര്‍ത്തിയതായിരുന്നു. പിന്നെയും കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കൂടിയതു കാരണം തുടരേണ്ടി വന്നു.''

''വളരെയധികം തെറ്റിദ്ധാരണയോടെയാണ് ആദ്യമൊക്കെ നാട്ടുകാര്‍ കണ്ടിരുന്നത്. രാത്രിയിലുള്ള പോക്കും, നാടകം എന്നു കേട്ടാല്‍ എന്തോ മോശമുള്ള കാര്യമാണെുള്ള ചിന്താഗതിയും.''

''നാടകത്തിന് പോകുമ്പോഴും, ഉറക്കച്ചടവോടുകൂടി തിരിച്ചു വരുമ്പോഴും, പലരും പരിഹാസത്തോടെ മുഖത്തുനോക്കി അര്‍ത്ഥം വച്ചു ചിരിക്കുമായിരുന്നു.''

''നാടകത്തിന് പോകുമ്പോള്‍ അത് വേശ്യാവൃത്തി നടത്തി കൂടുതല്‍ പണം സമ്പാദിക്കുന്നതിനാണെന്നാണ് പലരും കണ്ടിരുന്നത്.''

''പച്ച മലയാളത്തില്‍ പറഞ്ഞാല്‍ വേശ്യ - ഇപ്പോഴും കാഴ്ചപ്പാട് അങ്ങനെയാണെങ്കിലും അല്‍പം മാറ്റം - കാരണം ഒരു വിഭാഗം നമ്മെ മാനിക്കുന്നു."

''ആദ്യ കാലത്ത് നാടകക്കാരി എന്നത് അങ്ങേയറ്റം പുച്ഛമുള്ള ഒന്നായിരുന്നു.''

''അയ്യോ, അത് പറയാതിരിക്കുന്നതാണു നല്ലത്.'' എന്നിങ്ങനെ ആദ്യ കാലത്തു നേരിട്ട പുച്ഛത്തിന്റെയും അവഹേളനയുടെയും കഥകള്‍ ഈ രംഗത്തുള്ള മിക്കപേര്‍ക്കും പറയാനുണ്ട്. മുകളില്‍ സൂചിപ്പിച്ച ഉദാഹരണങ്ങളിലൊന്നില്‍ ഏറ്റവും വിഷമകരമായി തോന്നുന്ന വസ്തുത മക്കളുടെ ഭാവിയെ ബാധിക്കും എന്ന ഒരു അഭിനേത്രിയുടെ പരാമര്‍ശമാണ്. നൃത്തത്തിനും സംഗീതത്തിനും ഒരു പരിധിവരെ നാം കല്‍പ്പിച്ചിരുന്ന ആദരവും അംഗീകാരവും നാടകത്തിന് നല്‍കാന്‍ ആദ്യ കാലത്ത് തയ്യാറായിരുന്നില്ല ''പുരോഗമനവാദികള്‍ എതിര്‍ത്തു, പിന്തിരിപ്പന്മാര്‍ പഴി പറഞ്ഞു.'' എന്നിങ്ങനെയുള്ള വസ്തുതകളും ചിലര്‍ പറഞ്ഞു.

ആദ്യ കാലത്തെന്നല്ല ഇപ്പോഴും നാടക നടിമാരോടുള്ള അവഗണന പൂര്‍ണ്ണമായും മാറിയിട്ടില്ല. ''വളരെ മോശപ്പെട്ട സ്ത്രീകളാണ് നാടകത്തിനു പോകുന്നത് എന്നാണ് അന്നും ഇന്നും നമ്മുടെ നാട്ടുമ്പുറങ്ങളിലെ മനുഷ്യര്‍ കരുതുന്നത്. അതിന് വലിയ വ്യത്യാസമൊന്നും ഇല്ല. ആദ്യ കാലത്ത് ക്ലാസിക്കല്‍ ഡാന്‍സിനു പോകുമായിരുന്നു. ഡാന്‍സിനു പോകുന്ന സമയങ്ങളില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. നാടകത്തിനിറങ്ങിയപ്പോള്‍ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും വിരോധം. നമ്മുടെ നാടക സഹപ്രവര്‍ത്തകര്‍ ക്ഷണിക്കാന്‍ വരുന്നതിന് പലതും കേള്‍ക്കേണ്ടി വന്നു. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ഞാന്‍ ഒന്നിനും ചെവികൊടുക്കില്ല'' എന്നതായിരുന്നു മറ്റൊരു പ്രതികരണം.

ചില നാടക നടികള്‍ തങ്ങളുടെ ഒറ്റപ്പെടല്‍ ഇങ്ങനെ വിവരിച്ചു.

''ഞാന്‍ പള്ളിയില്‍ കൂര്‍ബ്ബാന കാണുന്നത് പുറകിലിരുന്നാണ്'' എല്ലാവരുമെന്നെ നോട്ടപ്പുള്ളിയെപ്പോലെ കരുതുന്നതായി എനിക്കും തോന്നും. ഉള്‍വലിയാനാണ് തോന്നുക.
''എന്റെ കൊച്ചിലേ ഉള്ള കൂട്ടുകാരിയെ ഒരിക്കല്‍ ബസ്സില്‍ വെച്ചു കണ്ടു. ഞാനവളുടെ കുട്ടിയെ എടുത്തു മടിയില്‍ വച്ചു, പക്ഷേ അവള്‍ കുട്ടിയെ എന്റെ മടിയില്‍നിന്ന് പറിച്ചെടുത്ത് മറ്റൊരു സീറ്റില്‍ പോയിരുന്നു. ഒരു കുഷ്ഠ രോഗിയെപ്പോലെ, പകര്‍ച്ച വ്യാധിയുള്ളതുപോലെ ...''

കെ.പി.എ.സി ബീയാട്രീസിനെപ്പോലെയുള്ള പഴയകാല നടികള്‍ക്ക് വേദനാജനകമായ ഒട്ടേറെ നാടകാനുഭവങ്ങള്‍ പറയാനുണ്ട്.

കെ.പി.എ.സിയുടെ 'പുതിയ ആകാശം പുതിയ ഭൂമി'യില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിവാഹാലോചനകള്‍ വരുന്നത്. വിവാഹാലോചനകള്‍ സമുദായ നേതൃത്വം വിലക്കി. ഒടുവില്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി പള്ളിയിലെ കുര്‍ബാന സമയത്ത് കുരിശുപിടിച്ചു നില്‍ക്കേണ്ടിവന്നു.... അഞ്ചുമണിക്കുള്ള കുര്‍ബാനക്ക് ആളു കുറവായിരുന്നു. ഞാന്‍ നേരെ പള്ളീലോട്ടു ചെന്ന് മരക്കുരിശും പിടിച്ച് ഒറ്റ നില്‍പ്പുതന്നെ, കുര്‍ബാന കഴിയും വരെ. അങ്ങനെ കല്യാണത്തിന് പള്ളിയുടെ അനുവാദവും കിട്ടി. എന്നിട്ടും വിവാഹം നടക്കാന്‍ ഒട്ടേറെകാലം കാത്തിരിക്കേണ്ടിവന്നു. പിന്നീട് വിവാഹത്തോടെ രംഗത്തുനിന്നു കുറച്ചു കാലം മാറിനിന്നെങ്കിലും ഭര്‍ത്താവിന്റെ മരണശേഷം രണ്ടുകുട്ടികള്‍ കൂടിയുള്ള കുടുംബം പുലര്‍ത്താന്‍ അവര്‍ വീണ്ടും നാടക രംഗത്തേക്കിറങ്ങി.20

ആദ്യ നാടകാനുഭവം കഴിഞ്ഞുവന്ന അടൂര്‍ പങ്കജത്തെ നാട്ടുകാരും ബന്ധുക്കളും തൊട്ടുകൂടാത്തവളായി കണ്ടു. നാടകം കളിച്ച് വഴിപിഴച്ചവള്‍ എന്ന പുച്ഛഭാവമായിരുന്നു അവര്‍ക്ക്. അച്ഛന്റെ വാക്കുകള്‍ മാത്രമാണ് പങ്കജത്തിന് അല്പമെങ്കിലും ആശ്വാസമായത്. വീട്ടില്‍ ചെന്നപ്പോള്‍ അച്ഛമ്മ അട്ടഹസിച്ചു. ''അഴിഞ്ഞാട്ടം കഴിഞ്ഞ് വന്നിരിക്കയല്ലെ? കുളിച്ചു ശുദ്ധമായിട്ട് കയറിയാല്‍ മതി.''21

എന്നാല്‍ ഇന്ന് പഴയകാല നടികള്‍ക്കെങ്കിലും അല്പമൊക്കെ അംഗീകാരം കിട്ടുന്നതായി അവര്‍ പറയുന്നുണ്ട്. ''ഇന്ന് നാടകമില്ലേ''? എന്ന് അയല്‍ക്കാര്‍ സ്‌നേഹപൂര്‍വ്വം ചോദിക്കുന്നു. എനിക്കിന്നൊരു സ്റ്റേജുണ്ടെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു. ഈ മാറ്റം തീര്‍ത്തും ആശ്വാസകരമാണ്. സാവിത്രി ശ്രീധരന്‍ എന്ന നടി കോഴിക്കോട് മാനാരിയില്‍നിന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കുന്നത് നടി എന്ന അവരുടെ വ്യക്തിത്വത്തിനു ലഭിച്ച അംഗീകാരം കൂടിയാണ്. എങ്കിലും എന്നെ ഇതുവരെ ആരും ''നാടക നടിയെന്നു'' വിളിച്ചിട്ടില്ല എന്ന് ഒരു നടി പറയുമ്പോള്‍ ഒട്ടേറെ അര്‍ഥതലങ്ങളുണ്ടെന്ന് അറിയുകയും ചെയ്യുന്നു. നടികള്‍ക്ക് തങ്ങളുടെ പെണ്‍മക്കളെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നതില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. എന്റെ കുട്ടികള്‍ക്ക് ഞാനഭിനയിക്കുന്നതു പോലും താല്‍പര്യമില്ല എന്നു ചിലര്‍ പറയുമ്പോള്‍ മകനും മകളും നല്ല കലാവാസനയുള്ളവരെങ്കിലും മകളെ ആ പ്രൊഫഷനിലേക്ക് നയിക്കാന്‍ ചില അമ്മമാര്‍ക്ക് താല്‍പര്യമില്ലാത്തതായും അറിയാന്‍ കഴിഞ്ഞു.

''.... കാരണം ഞങ്ങള്‍ കഷ്ടപ്പെടുന്നുണ്ടല്ലോ.'' പിന്നെ സ്ത്രീകള്‍ക്ക് എല്ലാം പ്രൊഫഷണിലും പ്രശ്‌നമുണ്ട്. ഇവിടെയുമുണ്ട് എന്ന് പറഞ്ഞു മാറുന്നവരുമുണ്ട്. എന്നാല്‍ തന്റെ പെണ്‍മക്കളെ നാടക രംഗത്തു കൊണ്ടുവന്ന നടികളും ധാരാളമുണ്ട്.

''അവര്‍ ചെറുപ്പം മുതലേ കാണുന്നത് ഈ രംഗമാണ്.'' ഒരു കുട്ടിയുടെ റോളിന് ആളില്ലെന്നു പറഞ്ഞു. ഞാനവളെ കൊണ്ടുപോയി. ഇപ്പോള്‍ പഠനത്തിനൊപ്പം ചില അമേച്വര്‍ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

പുതുതായി ഈ രംഗത്തേക്കു വരുന്ന പെണ്‍കുട്ടികള്‍ക്ക് ഈ രംഗത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഏറെ ആശാജനകമാണ്. ''യാദൃശ്ചികമായി വന്നതാണ്. പിന്നെ അമ്മയുടെ അഭിനയം കാണുമ്പോള്‍ ആഗ്രഹമുണ്ടായിരുന്നു. ചെറുപ്പം മുതലേ പല നാടക ക്യാമ്പിലും നടന്നു വലുതായതാണു ഞാന്‍. അതിനാല്‍ ഈ ഫീല്‍ഡിനെക്കുറിച്ച് നന്നായി അറിയാം. നല്ല അഭിപ്രായവുമാണ്. പിന്നെ പഠനത്തിനായുള്ള പോക്കറ്റുമണിയും ഇതിലൂടെ കണ്ടെത്താനാവുന്നു.''

എല്‍ എല്‍ ബി ബിരുദധാരിയായ റാണിക്ക് കൂട്ടുകാരില്‍ നിന്ന് നാടക നടിയാണെന്ന പേരില്‍ ചില മോശപ്പെട്ട സംസാരങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, ജോലി കിട്ടിയാലും ഇടയ്‌ക്കൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. സ്വാതി, പൂക്കോടു കലാസമിതി നാടകങ്ങളില്‍ പങ്കെടുക്കുന്നത് കലാകാരന്മാരായ അച്ഛനമ്മമാരുടെ കൂടെയാണ്. അമ്മ ജയയും അച്ഛന്‍ നൗഷാദും. അതില്‍ അഭിമാനം കൊള്ളുന്നു. കിട്ടിയ കഴിവ് എത്ര ദിവസം അടക്കിവെയ്ക്കാനാവും? എന്നവര്‍ ചോദിക്കുന്നു. അഭിനയിക്കാതിരിക്കാന്‍ ജയക്കാവില്ല. വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നു. ഉള്‍ഗ്രാമത്തില്‍നിന്നു യാത്രചെയ്ത്, ഒട്ടേറെ പരിഹാസങ്ങള്‍ സഹിച്ച് നാടകരംഗത്തു വന്നെത്തിയ ജയ മകള്‍ കലാകാരിയാവുന്നതില്‍ ഏറെ സന്തോഷിക്കുന്നു.

നാടകരംഗത്തു പ്രവര്‍ത്തിക്കുക എന്നത് ഒരേ സമയം ആഹ്ലാദകരവും ദുഃഖകരവുമാണെന്ന് ഇവരില്‍ പലരും പറയുകയുണ്ടായി. അഭിനയിക്കാതിരിക്കുവാന്‍ ഈ കലാകാരികള്‍ക്ക് വിഷമമാണ്. എന്നാല്‍ നടിയായി ജീവിക്കുക ഈ സമൂഹത്തില്‍ ഒട്ടേറെ പ്രയാസമുള്ള കാര്യവുമാണ്.

ഇതിനെല്ലാം പുറമെ കുടുംബത്തിന്റെ കെട്ടുറപ്പ് പലപ്പോഴും ഇവരുടെ ബാധ്യതയായതിനാല്‍ ഉപേക്ഷിച്ചിട്ട് പോകാനും വയ്യ. ഈ സംഘര്‍ഷമാണ് ഇവരുടെ അനുഭവങ്ങളില്‍ പ്രധാനമായും തെളിഞ്ഞുകാണുന്നത്.


അരങ്ങ് നടിയെ കാണുമ്പോള്‍
ആണ്‍കോയ്മയിലധിഷ്ഠിതമായ അരങ്ങില്‍ സ്ത്രീകള്‍ക്ക് സ്വന്തമായ ഒരിടം കണ്ടെത്താനാവുന്നില്ല എന്ന ചര്‍ച്ചകള്‍ മലയാള നാടക വേദിയിലിപ്പോള്‍ സജീവമാണ്. ആണ്‍കോയ്മയുടെ സദാചാര വ്യവസ്ഥയെ ഭേദിച്ചുകൊണ്ടാണ് ഓരോ നടിയും അരങ്ങിലെത്തുന്നത്. എന്നാല്‍ സമൂഹത്തിന്റെ ഒരു പരിഛേദം മാത്രമായ അരങ്ങും നടിയുടെ മേല്‍ ഒരു ഭാഗത്ത് ഒട്ടനവധി സദാചാര നിയമങ്ങള്‍ കെട്ടിവയ്ക്കുകയും, മറുഭാഗത്ത് ശരീരത്തിന്മേലുള്ള ഒളിഞ്ഞു നോട്ടങ്ങളും, മര്യാദാ ലംഘനവും, അസഭ്യപ്രയോഗവുമൊക്കെ നടത്തുകയും ചെയ്യുന്നു. നടിയുടെ ശരീര ചലനങ്ങളെ അതുകൊണ്ടു തന്നെ അരങ്ങിലും ആസ്വാദകരിലും പുരുഷ ഒളിഞ്ഞു നോട്ടങ്ങളെ ആവോളം തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സംവിധാനപ്പെടുത്തിയിട്ടുള്ളത്. ഒരേ സമയം അരങ്ങിലും സമൂഹത്തിലും നിലനില്‍ക്കുന്ന ആണ്‍കോയ്മ സദാചാര വ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടും, എന്നാല്‍ ശരീര ഭാഷയില്‍ പുരുഷകാഴ്ചയ്ക്ക് ആവോളം തൃപ്തി നല്‍കുന്നതുമാണ് നടിയുടെ അഭിനയ രീതി എന്നു വരുന്നു.

സ്ത്രീ എന്ന നിലയില്‍ സംഘാംഗങ്ങളില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും നാടകസമിതി ഉടമകള്‍, പ്രധാന നടന്മാര്‍, സംവിധായകര്‍, നാടക ബ്രോക്കര്‍മാര്‍ തുടങ്ങിയ അധികാര ശ്രേണിയിലുള്ളവരില്‍ നിന്ന് വേദനാജനകമായ അനുഭവങ്ങള്‍ വല്ലതും ഉണ്ടായിട്ടുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് 'നിരവധി അനുഭവങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്' എന്ന ഒറ്റ വാക്യത്തിലെ ഉത്തരങ്ങളോ 'ഉണ്ട്' എന്ന ഒറ്റവാക്കോ ആയിരുന്നു അധികവും മറുപടി. സമിതികളുടെയോ ബന്ധപ്പെട്ട വ്യക്തികളുടെയോ പേരുകള്‍ അധികമാരും പരാമര്‍ശിച്ചില്ല. ലൈംഗികമായ പീഡനത്തിനുള്ള ശ്രമങ്ങള്‍ ഏറ്റവുമധികം ഉണ്ടായിട്ടുള്ളത് നാടക മുതലാളിമാരില്‍ നിന്നാണ് സംവിധായകന്‍, എഴുത്തുകാര്‍, നടന്മാര്‍ എന്നിവര്‍ക്കു പുറമെ ബ്രോക്കര്‍മാരും ലൈംഗികമായ ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കാറുണ്ട്. ബ്രോക്കര്‍മാരില്‍ ചിലര്‍ ഒരു സമിതിയില്‍ അംഗമാക്കി കൊടുക്കുന്നതിനുള്ള കമ്മീഷനായി അത്തരം അവകാശ വാദങ്ങള്‍ ഉന്നയിക്കാറുണ്ടത്രേ! മറുപടികളിലെ മൗനങ്ങള്‍ അത്തരത്തിലുളള ചൂഷണങ്ങളെ അതിജീവിക്കാനാവാത്തതിന്റെ നിസ്സഹായത വെളിപ്പെടുത്തുന്നുണ്ടായിരുന്നു.

ആ നിസ്സഹായതയുടെ മൊഴി ഒരു കുറിപ്പില്‍ ഇങ്ങനെയായിരുന്നു - 'കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന സ്ഥിതിയിലാണ് ഒരു നടിയെന്ന നിലയില്‍ എന്റെ അവസ്ഥ.' കായികമായി ചെറുത്തു നില്‍ക്കുക മാത്രമാണ് ഏക മാര്‍ഗ്ഗം. പക്ഷേ അതിന്റെ അനന്തരഫലം സ്വഭാവ ഹത്യയാണെന്നും പലരും പറഞ്ഞു. ''നാടകം കഴിഞ്ഞ് ക്യാമ്പില്‍ വന്നു. ഇതിനിടെ വീട് അടുത്തുള്ളവരും പോകാന്‍ മാര്‍ഗ്ഗമുള്ളവരും പോയി. അവസാനം ഞാന്‍ മാത്രം ബാക്കി. ട്രൂപ്പിന്റെ ചുമതല ഒരാളെ ഏല്‍പ്പിച്ചിരുന്നു. അയാളും ഉണ്ട്. അയാള്‍ ഒരു ഗ്ലാസ് കാപ്പി കൊണ്ടു തന്നിട്ട് എന്നെ ഒന്നു തട്ടിയിട്ട് പുറത്തിറങ്ങി. ഞാന്‍ വേഗം വാതിലടച്ചു. പക്ഷേ അയാള്‍ പെട്ടെന്ന് വാതില്‍ തള്ളി. ഞാനും അയാളും ബലാബലം നില്‍ക്കുകയാണ്. അയാളുടെ കരുത്തിനൊപ്പം എനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് ഞാന്‍ കതകിന്റെ പിടിമാറ്റി. അയാള്‍ ബലമായി തള്ളിയതും ഞാന്‍ കൈവിട്ടതും ഒരുമിച്ചായിരുന്നു. അയാള്‍ മുറിയിലേക്ക് വീണതും ഞാന്‍ പുറത്തുകടന്നു. സമയം പുലര്‍ച്ചെ അഞ്ചരമണി. ഈ സമയങ്ങളില്‍ ബസ് സ്റ്റേഷനില്‍ കാത്തുനില്‍ക്കാനും ബുദ്ധിമുട്ടാണ്. പക്ഷെ എന്തുചെയ്യാം, അകത്തും പുറത്തും ഒരുപോലെ.''

ഒരുപാട് അക്ഷരത്തെറ്റുകളോടെയാണെങ്കിലും ഈ സംഭവം അവര്‍ എഴുതി വിവരിക്കുമ്പോള്‍, ഇവരുടെ അനുഭവലോകം കൂടുതല്‍ പ്രശ്‌ന സങ്കീര്‍ണ്ണമാണെന്നും, 'ഉണ്ട്' എന്ന് എഴുതിയ മറുപടികള്‍ക്കു പുറകില്‍ ഇങ്ങനെ ഒട്ടനവധി സന്ദര്‍ഭങ്ങളുടെ ഓര്‍മ്മകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നു. നേരിട്ടുള്ള പീഡനങ്ങള്‍ ഇല്ലെങ്കില്‍ തന്നെ. തങ്ങളുടെ അന്തസ്സിനെ ചോര്‍ത്തിക്കളയുന്ന അപവാദ പ്രചരണങ്ങള്‍ സംഘാംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ടെന്ന് മറ്റൊരു ഉദാഹരണം വെളിപ്പെടുത്തുന്നു. ''ഞങ്ങളുടെ കൂടെ ഒരു ആര്‍ട്ടിസ്റ്റുണ്ട്, പെണ്‍കുട്ടികളെ ഏതെങ്കിലും പയ്യന്‍സിനോട് ചേര്‍ത്ത് പറയുന്നത് പുള്ളിക്ക് രസമാണ്. ഞാന്‍ എന്റെ സ്വന്തം സഹോദരനെപ്പോലെ ഇടപെടുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളെ എന്നോട് കൂട്ടിവച്ച് അവന്‍ പറഞ്ഞു നടന്നു - ഞങ്ങളെ പിണക്കാന്‍ ഊമക്കത്തയച്ചു.

ഇങ്ങനെ പരദൂഷണം പറഞ്ഞ് പെണ്‍കുട്ടികളെ നാണം കെടുത്തുകയും ഭാവി തുലയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ഈശ്വരന്‍ തീര്‍ത്താല്‍ തീരാത്ത ശിക്ഷ കൊടുക്കും.''

പ്രസിദ്ധയായ ഒരു നടി നാടക രംഗത്ത് ഇന്നു നിലനില്‍ക്കു മറ്റൊരു ചൂഷണ കഥയിലേക്ക് എന്നെ കൊണ്ടുപോയി.
''നാടകത്തിനുള്ളിലെ നാടകം നിങ്ങള്‍ക്കറിയില്ല. നാടക ഏജന്റുമാര്‍ക്ക് ഉടമ കള്ളു മാത്രമല്ല നല്‍കേണ്ടത്. നടികളേയും കൊടുക്കണം. ഞാനൊരു സ്ത്രീയാണ്. എനിക്കതിനാവില്ല. അതിനാല്‍ എന്റെ സമിതിയുടെ നാടകം അധികം ഓടിയില്ല.''

എന്നാല്‍ നാടക സംഘങ്ങളുമായുള്ള തന്റെ ഇടപെടലില്‍ സന്തോഷകരമായ അനുഭവങ്ങള്‍ മാത്ര േമ ഉണ്ടായിട്ടുള്ളു എന്ന് പട്ടാമ്പി സുഭദ്ര രേഖപ്പെടുത്തുന്നു. ഒരു സ്ത്രീക്ക് മറ്റു തൊഴിലിടങ്ങളില്‍ നിന്ന് അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പോലും ഈ രംഗത്തുണ്ടാവില്ലെന്ന് അവര്‍ കരുതുന്നു.

''പഞ്ചായത്ത് ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എനിക്ക് താല്‍ക്കാലിക ജോലി കിട്ടി. എന്നാല്‍ സ്ഥിരപ്പെടുത്തണമെങ്കില്‍ ഒരു ഉദ്യോഗസ്ഥനെ തൃപ്തിപ്പെടുത്തണമെന്ന അവസ്ഥ വന്നപ്പോള്‍ നിവൃത്തിയില്ലാതെ ഞാന്‍ രാജിവച്ചു. എന്നാല്‍ നാടകരംഗം ഒരു സ്ത്രീക്ക് നന്നായി പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന ഒരു ഫീല്‍ഡാണ്. ഒരു നടിയില്ലെങ്കില്‍ ആ നാടകം നടക്കില്ല-അതിന്റെ സ്ഥാനം സംഘത്തിലവള്‍ക്കുണ്ട് ...''

ഈ വ്യത്യസ്തമായ അനുഭവക്കുറിപ്പുകള്‍ നാടകരംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ കൂടുതല്‍ ആഴമേറിയതാക്കുന്നു - മറ്റേതു രംഗവുമെന്നപോലെ ഈ രംഗത്തും സ്ത്രീ വിരുദ്ധമായ പെരുമാറ്റങ്ങള്‍ സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടാകുന്നുണ്ട്. നാടക നടിയുടെ പ്രവര്‍ത്തന മണ്ഡലം (നാടക ക്യാമ്പ,് അവതരണത്തിനായുള്ള യാത്രകളും, താമസവും) വീടിനു പുറത്ത് രാത്രി കാലങ്ങളിലാണ്. കൂടുതല്‍ സമയവും സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ക്കൊപ്പവുമാണ്. സമൂഹത്തിന്റെ സദാചാര വ്യവസ്ഥയില്‍ രാത്രി കാലങ്ങളില്‍ വീടുവിട്ടിറങ്ങുന്ന സ്ത്രീകള്‍ അസ്വസ്ഥതകളുണ്ടാക്കുന്നു. അത്തരം തീരുമാനമെടുത്ത് ഈ രംഗത്തു വരുന്ന സ്ത്രീകളുടെ സദാചാര മൂല്യത്തെക്കുറിച്ച് സമൂഹമെന്നപോലെ അവളുടെ പ്രവര്‍ത്തന മണ്ഡലത്തിലുള്ളവരും സംശയിക്കുന്നു.

പൊതുരംഗത്തക്കു വരുന്ന സ്ത്രീ ആരുടേയും സ്വകാര്യ സ്വത്തല്ലെന്ന ചിന്ത അവളുടെ ശരീരത്തിനും മനസ്സിനും നേരെയുള്ള ആക്രമണത്തിനു പ്രേരിപ്പിക്കുന്നു. നാടകരംഗത്തെ അവസ്ഥയും ഇത്തരം സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. എന്നാലവിടെയും ധാരാളം ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

നാടകക്കാരനായ ഭര്‍ത്താവിന്റെ മേല്‍വിലാസമുള്ള തങ്ങള്‍ക്ക് നാടക രംഗത്തു നിന്ന് നല്ല അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നത് ചില നടികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ഒരേ സമിതിയിലോ, ഭര്‍ത്താവിന്റെ പരിചയവൃത്തങ്ങളിലോ നാടകമഭിനയിക്കുമ്പോള്‍ മോശമായ യാതൊരു പെരുമാറ്റവും അനുഭവിക്കേണ്ടി വരുന്നില്ലെന്നവര്‍ പറയുന്നു.

''20-ാം വയസ്സില്‍ ഞാന്‍ നാടകത്തില്‍ ചേര്‍ന്നു. 6 വര്‍ഷം കഴിഞ്ഞ് ഫീല്‍ഡില്‍നിന്നു പരിചയപ്പെട്ട ഒരാളെ വിവാഹം ചെയ്തു. 91 വരെയും പ്രൊഫഷണല്‍ ട്രൂപ്പില്‍ നിന്നു. പ്രത്യേകിച്ച് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.''

''ഭര്‍ത്താവിന്റെ മേല്‍വിലാസം ഉള്ളതുകൊണ്ടാണ് ഒരു മോശപ്പെട്ട അനുഭവവും എനിക്ക് ഇല്ലാതിരുന്നത്. നന്നായി ഉപകരിച്ചിട്ടുണ്ട് ആ മേല്‍വിലാസം.''

വിവാഹം കഴിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്ത് നാടകസമിതിയുടെ ആരംഭ വേളകളിലെ കഷ്ടപ്പാടുകളിലെല്ലാം ശമ്പളം പോലും നല്‍കാതെ അഭിനയിപ്പിച്ചശേഷം നാടക സമിതി വളര്‍ന്നപ്പോള്‍ ആട്ടിപ്പുറത്താക്കിയ ഒരു സ്ത്രീയുടെ കഥ ഈ സാഹചര്യത്തിന്റെ മറ്റൊരു വശമാണ്.

നടികളെ നഷ്ടപ്പെടാതിരിക്കാനും ട്രൂപ്പ് മുന്നോട്ടു കൊണ്ടുപോകാനുമായി നാടക മുതലാളിമാര്‍ അവര്‍ക്ക് താല്‍ക്കാലിക ഭാര്യാ സ്ഥാനം നല്‍കി നിലനിര്‍ത്തുന്നത് പ്രൊഫഷണല്‍ നാടകരംഗത്ത് സംഭവിക്കാത്ത കാര്യമല്ലെന്ന് ചിലര്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. ''ഒരു നാടകസമിതി ഉടമയാണ് എന്റെ മോന്റെ അച്ഛന്‍. അദ്ദേഹത്തിന് സ്വന്തം ഭാര്യയും മക്കളും ഉണ്ട്. എന്റെ കഷ്ടപ്പാടിലും ദു:ഖത്തിലും എനിക്കാശ്രയമായിരുന്നു. പക്ഷെ ഇന്നു ഞാനും എന്റെ മോനും ആശ്രയമില്ലാത്തവരായി.'' രഹസ്യമായി സൂക്ഷിക്കണമെന്ന് പറഞ്ഞു രേഖപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍. പുറത്തു പറയുവാന്‍ ആഗ്രഹിക്കാത്ത ഇത്തരം രഹസ്യങ്ങളില്‍ മിക്ക നടികളും സഹപ്രവര്‍ത്തകരെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്.
''നമ്മള്‍ ബോധമില്ലാതെ കളിക്കരുത്.

15 വയസ്സു മുതല്‍ ഒരു സ്ത്രീക്ക് കാര്യങ്ങള്‍ തിരിച്ചറിയണം. തീരെ ശ്രദ്ധയില്ലാതെ നടക്കരുത്. താല്‍പര്യമില്ലാത്തതു കാണുമ്പോള്‍ ഇറങ്ങിപ്പോരണം. നമുക്കതിനുള്ള അധികാരമുണ്ട്. ആരുടേയും കീഴിലല്ലല്ലോ.''

മിക്കവാറും ഇത്തരം പ്രതികരണങ്ങളുടെ പൊതു സ്വഭാവം വിരല്‍ ചൂണ്ടുന്നത് ഒരു സ്ത്രീ ശ്രദ്ധിക്കേണ്ടുന്ന അടക്കത്തിലേക്കും ഒതുക്കത്തിലേക്കുമാണ്.
അറിയപ്പെടുന്ന പുരോഗമന നാടക സംഘങ്ങളില്‍ പോലും സ്ത്രീ പുരുഷന്മാര്‍ക്ക് വ്യത്യസ്തമായ അച്ചടക്ക നിയമങ്ങളാണ്. സ്ത്രീകള്‍ക്കുള്ള കത്തുകള്‍ പൊട്ടിച്ചശേഷം മാത്രം നല്‍കുക, അതിഥികളെ കാണുവാന്‍ അനുവദിക്കാതിരിക്കുകയോ, അല്ലെങ്കില്‍ 5 മിനിട്ടു നേരത്തേക്കു മാത്രം അനുവദിക്കുകയോ ചെയ്യുക. സ്വന്തം താല്‍പര്യത്തോടെ പുറത്തു പോകാനനുവദിക്കാതിരിക്കുക, കൂട്ടിനും, സംരക്ഷണത്തിനുമായി സമിതിയില്‍ നിന്ന് അംഗങ്ങളെ വിടുക, ഭക്ഷണം മുറിയിലെത്തിക്കുക എന്നിവയെല്ലാം നടിയെ സ്ത്രീയുടെ സദാചാരത്തെ സൂക്ഷിക്കുവാന്‍ ഓരോ സമിതിയുമെടുക്കുന്ന മുന്‍കരുതലുകളാണ്. മറ്റേതു തൊഴില്‍ മേഖലയിലും ഉള്ളതുപോലെ ലൈംഗിക ചൂഷണങ്ങള്‍ നാടക രംഗത്തും സ്ത്രീകള്‍ക്കു നേരെ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍പോലും പറ്റാത്ത തരത്തില്‍ മാനസികമായും സാമ്പത്തികമായും ദുര്‍ബലരും സുരക്ഷിതത്വമില്ലാത്തവരുമാണ് തങ്ങള്‍ എന്നവര്‍ കരുതുന്നു. ഏതെങ്കിലും രീതിയിലുളള ജോലിസ്ഥിരതയോ ആനുകൂല്യങ്ങളോ ഇവര്‍ക്കില്ല എന്നത് ജോലി സ്ഥലത്തെ അവരുടെ അവസ്ഥയെ കൂടുതല്‍ മോശമാക്കുന്നു. കുട്ടികളെ പോറ്റുക എന്ന ഉത്തരവാദിത്വം കൂടിയുള്ളവര്‍ കൂടുതല്‍ നിശ്ശബ്ദരായിത്തീരുന്നു.

പ്രേക്ഷകര്‍ കാണുന്ന കാഴ്ചകള്‍
ഏതൊരു കലയുടേയും വിജയം നിര്‍ണ്ണയിക്കുന്നത് പ്രേക്ഷകരാണ്. ആസ്വാദനം നന്നായി നടക്കുക എന്നത് ഓരോ കലാകാരന്റെയും വലിയ ആഗ്രഹമാണ്. നല്ല പ്രേക്ഷനാവുക എന്നത് നല്ല കലാകാരനോ കലാകാരിയോ ആവുന്നതുപോലെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നാടകം അതിന്റെ പ്രേക്ഷകരെ കണ്ടെത്തുന്നതുപോലെതന്നെ പ്രേക്ഷകര്‍ നാടകമെന്ന കലയുടെ സ്വഭാവത്തെയും നിര്‍ണ്ണയിക്കുന്നു. നാടകം രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കുവഹിക്കുന്നത് ഇപ്പോഴും പുരുഷന്മാരാണ്. അതിനാല്‍തന്നെ അവരുടെ കാഴ്ചയിലാണ് സ്ത്രീയുടെ ചലന വ്യവസ്ഥകള്‍ നാടകത്തില്‍ വിരിയുന്നത്.

ഇതാവട്ടെ ഭൂരിപക്ഷംവരുന്ന പുരുഷ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന വിധമായിരിക്കും ചിട്ടപ്പെടുത്തിയിട്ടുണ്ടാവുക. 1930-കളില്‍ വേലുക്കുട്ടി ആശാന്‍ എന്ന പെണ്‍നടന്‍, അറിയപ്പെട്ടത് അദ്ദേഹത്തിന് ഈ രീതിയില്‍ പുരുഷ പ്രേക്ഷകനെ തൃപ്തിപ്പെടുത്താനായതുകൊണ്ടാണ്. ഇവിടെ ഈ തൃപ്തിപ്പെടുത്തലിന് ആവശ്യമായ ചലനങ്ങളും, മറ്റു ചിഹ്ന വ്യവസ്ഥകളും സ്ത്രീ കഥാപാത്രത്തില്‍ കൊണ്ടുവരുന്നത് അഭിനയിക്കുന്ന ആണായാലും പെണ്ണായാലും പ്രേക്ഷകര്‍ക്ക് പ്രശ്‌നമില്ല. 1940-കളുടെ അവസാനം, സ്ത്രീകള്‍ നാടക രംഗത്ത് ഏറെ സജീവമായ കാലത്ത് വേലുക്കുട്ടി ആശാന്‍ വാസവദത്തയെ വിജയകരമായി അവതരിപ്പിച്ചത് ഇതിനുള്ള തെളിവാണ്.

''വാസവദത്തയിലെ വേലുക്കുട്ടിയോടൊപ്പം അഭിനയിക്കുന്ന തോഴിമാരെല്ലാം യഥാര്‍ത്ഥ സ്ത്രീകള്‍. എന്നിട്ടും അവരെ മുഴുവന്‍ നിഷ്പ്രഭമാക്കുന്നതായിരുന്നു ആ അതുല്യ നടന്റെ അഭിനയ പാടവം. വാസവദത്തയുടെ കാമാര്‍ത്തമായ കടാക്ഷവിക്ഷേപങ്ങളും അംഗചേഷ്ഠകളും ഭാവഹാദികളും, അസാമാന്യ കഴിവുള്ള ഒരു നടിക്കുമാത്രം സാധിക്കുന്ന ലാഘവത്തോടെ, അയന്ത ലളിതമായി വേലുക്കുട്ടി അവതരിപ്പിച്ചു.''28

ഈ നാടകത്തില്‍ തോഴിയായി അഭിനയിച്ച എ.എം. അഗാസ്താമ്മ (തങ്കമ്മ) അതേക്കുറിച്ച് ഓര്‍മ്മിച്ചത് ഇങ്ങിനെയാണ്: ''വേലുക്കുട്ടിനായര്‍ക്ക് പ്രമേഹമുണ്ടായിരുന്നു. കരുണ അരങ്ങേറണമെന്നും, അതില്‍നിന്ന് കിട്ടുന്ന പണം ചികിത്സയ്ക്ക് കൊടുക്കണമെന്നുമായിരുന്നു പദ്ധതി. തൃശൂര്‍ ഹൈസ്‌കൂളില്‍ കളിച്ച 'കരുണ' ഇന്നും ഓര്‍മ്മയുണ്ട്. വേലുക്കുട്ടി ഭാഗവതര്‍ തന്നെയായിരുന്നു വാസവദത്ത. പാപ്പുട്ടിഭാഗവതരും മാവേലിക്കര എന്‍. പൊന്നമ്മയും ഉണ്ടായിരുന്നു. അണിയറയില്‍ ഒരു സ്ത്രീ മുടിവിതര്‍ത്തു നില്‍ക്കുന്നു. അസാധ്യ സൗന്ദര്യം..... ആ സ്ത്രീ ആരാ എന്ന് ചോദിച്ചുപോയി.... മാവേലിക്കര പൊന്നമ്മ പറഞ്ഞു, അറിയില്ലേ, അതാണ് വേലുക്കുട്ടി ഭാഗവതര്‍......'' തോഴിയായി അഭിനയിച്ചതിന് ലഭിച്ച രൂപ, അദ്ദേഹത്തിന്റെ ചികിത്സക്ക് നല്‍കി. വേലുക്കുട്ടി ആശാനിലെ സ്ത്രീയെ അരങ്ങും അണിയറയും ഒരുപോലെ ഇഷ്ടപ്പെട്ടതിന് കാരണം, അദ്ദേഹത്തിന്റെ 'സ്ത്രീരൂപം' പുരുഷ കാഴ്ചയെ തൃപ്തിപ്പെടുത്തുവാന്‍വേണ്ടി രൂപപ്പെടുത്തിയതിനാലാണെന്നു കാണാം. ഇവിടെ കഥാപാത്രത്തിലേക്കുള്ള പ്രേക്ഷകന്റെ യാത്ര ഈ തൃപ്തിപ്പെടുത്തലിനുശേഷം മാത്രമാണ്.

എന്നാല്‍ ഒരു സ്ത്രീക്ക് അരങ്ങില്‍ പ്രേക്ഷകരുടെ മുന്നിലെ കഥാപാത്രമായി മാറുന്നതിനുമുമ്പ് ലൈംഗികചോദന ഉണര്‍ത്തുന്ന രൂപമായി മാറുന്നതില്‍ ഏറെ അസ്വസ്ഥതയുണ്ടെന്നു കാണാം. പ്രേക്ഷകരെക്കുറിച്ചുള്ള നടികളുടെ പരാമര്‍ശങ്ങളില്‍ ചെറുതും വലുതുമായ ഇത്തരം ഒട്ടേറെ അസ്വസ്ഥതകളുണ്ടായിരുന്നു. നോട്ടംപോലും കുറ്റപ്പെടുത്തും വിധമാണ്, മദ്യപന്മാരായ ചില ആളുകള്‍ വളരെ മോശമായ കമന്റും പറയാറുണ്ട്, നാടകം അവതരിപ്പിക്കുന്ന സ്ഥലങ്ങളില്‍ നടികളെ വളരെ അവജ്ഞയോടെയാണ് ജനങ്ങള്‍ കാണുന്നത് തെറിവാക്കുകള്‍ ഉപയോഗിച്ച് നടികളെ ശല്യം ചെയ്യാറുണ്ട്, സമൂഹത്തിലില്ലാത്ത വിചിത്ര ജീവികളെ കാണുംപോലെ പെരുമാറിയിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും താര മൂല്യങ്ങള്‍ക്കും താരാരാധനക്കുമൊക്കെ സമിതിക്കാര്‍ ഉയര്‍ന്ന പരിഗണന നല്‍കുന്ന ഒരു ലോകത്തില്‍ പ്രേക്ഷകരുടെ പ്രശംസകള്‍ പല നടികള്‍ക്കും വലിയ അനുഗ്രഹമാണ്. ആദ്യകാല നടിമാര്‍, പ്രത്യേകിച്ചും പുരോഗമനാശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന നാടക സമൂഹത്തിലെ നടിമാര്‍ ഇവരെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ആദരിക്കുകയും ചെയ്യാറുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രേക്ഷകരുടെ സ്‌നേഹ പ്രകടനം തന്നെ ശ്വാസം മുട്ടിച്ചിട്ടുണ്ടെന്ന് കെ പി ഏ സി സുലോചന പറയുന്നു: ''അശ്വമേധം നാടകം കാണാന്‍ കുഷ്ഠരോഗ ആശുപത്രിയില്‍ നിന്ന് കുറേപേര്‍ എത്തിയിരുന്നു. നാടകത്തിനുശേഷം അവരെന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞങ്ങളുടെ സഹോദരിയാണിതെന്നു പറഞ്ഞു. വല്ലാത്ത അനുഭവമായിരുന്നു അത്.''

മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ' കേരളത്തിലുടനീളം ഞങ്ങളന്ന് അവതരിപ്പിക്കുകയുണ്ടായി. ഓരോയിടത്തും നാടകശേഷം പ്രേക്ഷകര്‍ വല്ലാത്ത സന്തോഷം പ്രകടിപ്പിക്കുമായിരുന്നു. ഞങ്ങളുടെ അമ്മയാണിതെന്ന് പറയുകയും ചുവന്ന മാലകള്‍ അണിയിക്കുകയും ചെയ്തത് മറക്കാനാവില്ല''-സ്റ്റെല്ല29

ഏറ്റവും കൂടുതല്‍ സൂചിപ്പിച്ചിട്ടുളള അപാകത കമന്റടികള്‍ ആണ്. അത് ഏറ്റവും പ്രത്യക്ഷമാകുന്നത് അരങ്ങില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്. വേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കാണികളില്‍ നിന്ന് കമന്റുകള്‍, മറ്റ് പ്രതികരണങ്ങള്‍ എന്നിവ ഉണ്ടാകാറുണ്ടോ? എന്ന അന്വേഷണത്തിലൂടെ മനസ്സിലായ വസ്തുതകള്‍ ഇവയാണ്:
''പലപ്പോഴും ഞങ്ങളും മനുഷ്യരാണെന്ന ബോധ്യമില്ലാതെ മുമ്പില്‍ തന്നെ വന്നിരുന്ന് ചില വൃത്തികെട്ട കമന്റുകള്‍ പാസ്സാക്കി ഞങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കാറുണ്ട്.


അതു പലപ്പോഴും കര്‍ട്ടനിടുന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്.''
''സ്ത്രീകളാണ് കൂടുതല്‍ കമന്റുകള്‍ കേള്‍ക്കാറുള്ളത്. അവരുടെ ശരീരത്തെക്കുറിച്ച് ചിലര്‍ വര്‍ണ്ണിക്കാറുണ്ട്. ഇത് ഒരു പരിധി വരെയേ സഹിക്കാന്‍ പറ്റൂ.''
''എന്തൊക്കെ വിളിച്ചു കൂവിയാലും നാടകം തീര്‍ക്കാതെ സ്റ്റേജില്‍ നിന്ന് ഇറങ്ങാന്‍ പറ്റില്ലല്ലോ? അതുകൊണ്ട് എല്ലാം സഹിക്കുന്നു. ആളുകളെ ശ്രദ്ധിക്കുകയേ ഇല്ല. പക്ഷേ ചെവി പൊട്ടിയതല്ലല്ലോ.''
''ചില കമന്റുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് വിറയലും നെഞ്ചിടിപ്പും ഉണ്ടാകാറുണ്ട്.''
''കമന്റുകള്‍ ഉണ്ടാകാറുണ്ട്. ആ സമയത്ത് ശ്രദ്ധ അങ്ങോട്ടു പതിക്കുമ്പോള്‍ ഡയലോഗ് കിട്ടാറില്ല.''
''നിരന്തരമായ ഉറക്കക്ഷീണം മൂലം ചിലപ്പോള്‍ ഒരു ഡയലോഗ് തെറ്റുമ്പോള്‍ പുളിച്ച തെറിവിളിക്കും. ചില പുരുഷന്മാര്‍ ഏറ്ററവും മുമ്പില്‍ വന്നിരുന്ന് ഉടുവസ്ത്രം പോലും മാറ്റിക്കാണിക്കും.''

കമന്റടികള്‍ ഏറെയും സ്ത്രീയെ ശരീരം മാത്രമായി കണ്ടിട്ടുള്ളവയാണ്. ചെയ്യുന്ന കഥാപാത്രത്തോട് താദാത്മ്യപ്പെട്ടുള്ള കമന്റുകള്‍ കുറവാണ്. വഞ്ചന, ചതി എന്നീ ഭാഗങ്ങള്‍ അഭിനയിക്കുമ്പോഴും ആധുനിക വസ്ത്രങ്ങള്‍ ധരിച്ച കഥാപാത്രമായി സ്റ്റേജിലെത്തുമ്പോഴും കമന്റ് ഉറപ്പാണ് എന്ന് പുതിയകാല നടികള്‍ പറയുന്നു.

അനാവശ്യ സ്ഥലത്ത് ചിരിയും അഭിപ്രായം പറച്ചിലുമായി നടീനടന്മാരെ അസ്വസ്ഥപ്പെടുത്തുന്ന ഒട്ടേറെ പ്രേക്ഷകരുണ്ട്. എന്നാല്‍ നടികളെ ഇവര്‍ പലപ്പോഴും പ്രത്യേക ലക്ഷ്യമിട്ട് ശ്രദ്ധ പിടിച്ചുപറ്റുവാന്‍ ശ്രമിക്കും. മുന്‍നിരയില്‍ത്തന്നെ മദ്യപിച്ച് വന്നിരുന്ന് കമന്റടിക്കുകയും വസ്ത്രം പൊക്കി കാണിക്കുകയും ചെയ്യുന്നവരും പ്രേക്ഷകര്‍ക്കിടയിലുണ്ടെന്ന് നടികള്‍ പറയുമ്പോള്‍ തൊഴിലിടം പലതലങ്ങളില്‍ സങ്കീര്‍ണ്ണമാവുകയും അഭിനയത്തെതന്നെ സ്വാധീനിക്കുന്ന ഒന്നായിമാറുകയും ചെയ്യുന്നു. പഴയകാലത്തും സ്ഥിതി ഒട്ടും ഭേദമായിരുന്നില്ല. ''ഉത്സവപ്പറമ്പുകളില്‍ നാടകം ബുക്ക് ചെയ്യുന്ന കോണ്‍ട്രാക്ടര്‍മാരില്‍ ഭൂരിപക്ഷവും ചട്ടമ്പിമാരായിരിക്കും.


നാടകാവതരണം കഴിഞ്ഞാലും പറഞ്ഞ തുക മുഴുവന്‍ നാടകസെറ്റുകാര്‍ക്ക് കൊടുക്കാന്‍ ഇവര്‍ തയ്യാറാവില്ല..... അപൂര്‍വ്വം ചില അവസരങ്ങളില്‍ ചട്ടമ്പി കോണ്‍ട്രാക്ടര്‍മാര്‍ നാടക നടികളെ പിടിച്ചുവെയ്ക്കുകയും പതിവുണ്ട്.'' ഇത്തരം കാര്യങ്ങള്‍ അന്നത്തെ നടികള്‍, നാടക രംഗത്തു പിടിച്ചുനില്‍ക്കുവാന്‍ എടുത്ത സാഹസത്തിന്റെ തോത് വെളിപ്പെടുത്തുന്നതാണ്. ആലപ്പുഴ അമ്മിണി നാടകം ചെയ്യുവാന്‍ ആരുടെയും കൂട്ടില്ലാതെ പോയിരുന്നവളാണ്, പക്ഷേ അവര്‍ പേടിയോടെ ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്: ''പാലായില്‍ ഒരു നാടകത്തിനുപോയി ഞാനും മറ്റൊരു നടി ചെല്ലമ്മയുമുണ്ട്. അന്ന് ചെറുപ്പമാണ്, സൗന്ദര്യവുമുണ്ടായിരുന്നു. ചില സമ്പന്നര്‍, പണച്ചാക്കുകള്‍ രണ്ടു നടിമാരെയും തട്ടിക്കൊണ്ടുപോകണമെന്ന് തീരുമാനിച്ചു. മൈക്ക് - ലൈറ്റ്കാരോട് ഒരു ഗൂഢാലോചന നടത്തി, നാടകം കഴിഞ്ഞ ഉടനെ ലൈറ്റ് മുഴുവന്‍ കെടുത്തി, നടിമാരെ പൊക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ലൈറ്റ്കാരന്‍ നല്ല മനുഷ്യരായിരുന്നു. അയാള്‍ വിവരം ഞങ്ങളോട് പറഞ്ഞുതന്നു. നാടകത്തിനുവിളിച്ച എം.എന്‍. കുരുവിള സാറിന്റെ സഹായത്തോടെ നാടകം കഴിഞ്ഞ ഉടനെ ഞങ്ങള്‍ കരിമ്പിന്‍കാട്ടിലൂടെ ഓടി, റോഡിലെത്തി.'' (അഞ്ഞൂറില്‍പരം നാടകങ്ങളിലഭിനയിച്ച ഇവരുടെ യഥാര്‍ത്ഥ പേര് ഫിലോമിന എന്നാണ്)
എന്നാല്‍ ഇതിനേക്കാള്‍ സംഘര്‍ഷഭരിതമായിരുന്നു രാഷ്ട്രീയ നാടകങ്ങളില്‍ പങ്കെടുത്ത സ്ത്രീകളുടെ അവസ്ഥ. തന്റെ ഒരനുഭവം നിലമ്പൂര്‍ ആയിഷ പറയുന്നത് ഇങ്ങിനെയാണ്: ''മഞ്ചേരി മേലാക്കത്ത് നാടകം കളിക്കുകയാണ്. ആദ്യം പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പെട്ടെന്ന് എന്നെ ലക്ഷ്യമാക്കി എയര്‍ഗണ്‍ കൊണ്ട് വെടി. എന്റെ ഭാഗ്യം. ഞാനിങ്ങിനെ നടന്നു ഡയലോഗു പറയുകയായിരുന്നു. വെടിവെച്ചയാളുടെ ഉന്നം തെറ്റിയതല്ല. ഞാന്‍ കൃത്യ സമയം കൊണ്ട് മാറിയതാണ്. ഞാന്‍ നീങ്ങുന്നതിനുമുമ്പ് നിന്നിരുന്ന സ്ഥാനത്തുനിന്നു ശരിയായി ഉണ്ട പിന്‍കര്‍ട്ടനില്‍ പതിയുകയും കര്‍ട്ടന്‍ തുളയുകയും ചെയ്തു. എന്നെ പരുക്കേല്‍പ്പിക്കാന്‍വേണ്ടി മനഃപൂര്‍വ്വം ചെയ്തതാണ്.''31

അരങ്ങിലെ സ്ത്രീയുടെ കാഴ്ചയുണ്ടാക്കുന്ന അസ്വസ്ഥതയ്‌ക്കൊപ്പം, അരങ്ങിനോടുള്ള പ്രേക്ഷകപ്രതികരണങ്ങളും നടിക്കു നേരേതന്നെയാവും ആദ്യം നീങ്ങുക എന്ന അറിവും, ഈ രംഗത്തെ തൊഴിലിനെ കൂടുതല്‍ പ്രശ്‌നഭരിതമാക്കുന്നു.


കാലാകാലങ്ങളില്‍ മാറിവരുന്ന പ്രേക്ഷകസമൂഹമാണ് യഥാര്‍ത്ഥത്തില്‍ നാടക ഭാഷയെ നിര്‍ണ്ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നത്. പ്രത്യേകിച്ച് സാമ്പത്തികവിജയം നേടേണ്ട ഈ തൊഴില്‍ നാടകങ്ങളെ സംബന്ധിച്ചിടത്തോളം. അതിനാല്‍ നടിക്ക് ഇവരുടെ താല്‍പ്പര്യങ്ങളെ നാടക ഭാഷക്കകത്തും പുറത്തും നേരിടുകയല്ലാതെ നിവൃത്തിയില്ല.

കുറിപ്പുകള്‍
1.ഈ അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവക്കുറിപ്പുകളില്‍ പേരുവെളിപ്പെടുത്തില്ല എന്ന വിശ്വാസത്തോടെ എഴുതിയതോ, നേരിട്ട് പറഞ്ഞവയോ ആണ്. ആയതിനാല്‍ അത്തരമൊരു നിര്‍ദ്ദേശം വെയ്ക്കാത്ത നടികളുടെ പേരുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്. നൂറിലധികം പ്രൊഫഷണല്‍ നടികളുടെ അനുഭവങ്ങള്‍ 2000 മുതല്‍ ഇതിനായി ശേഖരിക്കുകയുണ്ടായി. ഇവ പലപ്പോഴും ഇന്റര്‍വ്യൂ, ചോദ്യാവലി എന്നിവയ്‌ക്കൊപ്പം ഒരേരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ ലേഖിക നടത്തിയ വ്യക്തിപരമായ സംഭാഷണങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളും ഈ ലേഖനത്തിന്റെ ഭാഗമാണ്.
3.Gerda Lerner, The majority finds its past (Newyork Oxford University Press, 1979)
4.Joan W. Scott, Gender and the Politics of History (Newyork: Columbia University Press,1988)
5.വി.ടി. സ്റ്റെല്ല - തൃശൂര്‍ ജില്ലയിലെ പാലക്കല്‍ സ്വദേശി. ജനനം: 1976. അമേച്ച്വര്‍ നാടകവേദിയിലൂടെ പ്രൊഫഷണല്‍ നാടകവേദിയിലേക്ക്. ടിവി സീരിയലുകള്‍, സിനിമ, ഡബ്ബിങ് എന്നിവയും ചെയ്തുവരുന്നു
6.തങ്കംജോസ് കിളികൊല്ലൂര്‍ സ്വദേശിയാണ്. ജനനം: 1944 കെ.പി.എ.സി,കൊല്ലം നവചേതന, തിരുവനന്തപുരം അയോദ്ധ്യ, ചേര്‍ത്തല തപസ്യ, ഭാരതമിത്ര, ഐശ്വര്യ, വയലാര്‍ നാടകവേദി, കൊല്ലം അസിത തുടങ്ങി ഒട്ടേറെ സംഘങ്ങളില്‍ പ്രവര്‍ത്തിച്ചു.
7.സരോജം. എസ് - കൊല്ലത്തെ വെട്ടിലത്താഴം സ്വദേശി. കൊല്ലം ധന്യ, കരുനാഗപ്പള്ളി സമീക്ഷ, തിരുവനന്തപുരം കാവ്യകല തുടങ്ങിയ നാടകസംഘങ്ങളില്‍ പ്രവര്‍ത്തിച്ചു.
8.ഗിരിജ. പി - തൃശൂര്‍ സ്വദേശി. ജനനം: 1959. കുലിംഗ, ഇടശ്ശേരി നാടകഅരങ്ങ്, തൃശൂര്‍ വാസര, പെരുമ്പാവൂര്‍ സംഘകല, അങ്കമാലി ഭാരതക്ഷേത്ര തുടങ്ങി ഒട്ടേറെ സമിതികളില്‍ സജീവമായി.
9.പ്രഭാവതി. എം - കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി. ജനനം: 1965. സംഗമം തീയേറ്റേഴ്‌സ്, സൗമ്യസ്വര കോഴിക്കോട്, കലിംഗ തീയേറ്റേഴ്‌സ്,സ്റ്റേജ് ഇന്ത്യ എന്റര്‍ടെയ്‌നേഴ്‌സ്, പ്രേക്ഷക ക്രിയേഷന്‍സ് കോഴിക്കോട് തുടങ്ങിയ സമിതികളില്‍ സഹകരിച്ചു.

10.തങ്കം വാസുദേവന്‍ നായര്‍ - പാട്ടുകാരി എന്ന രീതിയില്‍ അറിയപ്പെട്ടതിനുശേഷം പ്രസിദ്ധ നാടകപ്രവര്‍ത്തകന്‍ വൈക്കം വാസുദേവന്‍ നായരെ വിവാഹംകഴിച്ചു. ഭര്‍ത്താവിനൊപ്പം തങ്ങളുടെ നാടകസമിതിയില്‍ നാടകാഭിനയം ആരംഭിച്ചു. 'യാചകി'യിലെ അഭിനയം അവരെ പ്രശസ്തയാക്കി. അല്പകാലത്തെ നാടക പ്രവര്‍ത്തനത്തിനുശേഷം രംഗത്തുനിന്നു വിരമിച്ചു.
11.ഓമന-1931-ല്‍ ജനിച്ചു. നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ സഹോദരി. അദ്ദേഹത്തിന്റെ നാടകങ്ങളില്‍ രംഗത്തും അണിയറയിലും സജീവസാന്നിദ്ധ്യമായിരുന്നു. 1989-ല്‍ നാടകരംഗത്തുനിന്നു വിരമിച്ചു.
12.സാവിത്രി ശ്രീധരന്‍ - 1961 മുതല്‍ കോഴിക്കോട് നാടകവേദിയില്‍ സജീവം - കലിംഗ, സംഗമം, സ്റ്റേജ് ഇന്ത്യ, ചിരന്തന എന്നീ സംഘങ്ങളുമായി സഹകരിച്ചു. വളയനാട് കലാസമിതിയിലൂടെയാണ് രംഗത്ത് എത്തിയത്. കെ.ടിയുടെ ഒട്ടുമിക്കവാറും നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
13.വിലാസിനി - ഇരിങ്ങാലക്കുട സ്വദേശി. യഥാര്‍ത്ഥ നാമം ബ്രോണി. 'പൂജ'യിലൂടെ രംഗപ്രവേശനം. കേരള കലാവേദി, സംഗമം തീയേറ്റേഴ്‌സ്, തിരുവനന്തപുരം ആരാധന, അതുല്യ, ഗായത്രി, അടൂര്‍ സ്വാതി, ആറ്റിങ്ങല്‍ സൗമ്യസാര തുടങ്ങിയ സംഘങ്ങളില്‍ അഭിനയിച്ചു. എം.ടിയുടെ 'കുട്ടിയേടത്തി' സിനിമയില്‍ 'കുട്ടിയേടത്തി'യായി അഭിനയിച്ച് പ്രശസ്തിനേടി. ടിവി സീരിയലുകളിലും അഭിനയിച്ചുവരുന്നു. സംഗീതനാടക അക്കാദമിയുടെ നല്ല നടിക്കുള്ള പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 'വിശ്വമാതാ തീയേറ്റേഴ്‌സ്' എന്ന നാടകസംഘത്തിനു രൂപംകൊടുത്തെങ്കിലും ഏറെനാള്‍ നീണ്ടുനിന്നില്ല.

14.സരോജം. എസ് - കൊല്ലം, വെടിലത്താഴം സ്വദേശി. കൊല്ലം ധന്യ, കരുനാഗപ്പള്ളി സമീക്ഷ, ദേശാഭിമാനി, തുരുവനന്തപുരം കാവ്യകല തുടങ്ങി ഒട്ടേറെ സംഘങ്ങളില്‍ സഹകരിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ചപ്പോള്‍ ജീവിതമാര്‍ഗ്ഗം എന്ന നിലക്ക് രംഗത്തെത്തി എന്നവര്‍ പറയുന്നു.
15.ബിന്ദുരാജ് - കോട്ടയം (1981) പാലപ്പുറം സ്വദേശി. ഒറ്റപ്പാലം ദര്‍ശനയിലൂടെ സജീവമായി നാടകരംഗത്ത്.
16.ദേവകി. പി.സി - 1942-ല്‍ ജനിച്ചു. മലപ്പുറം ജില്ലയിലെ പുലാമന്തോളില്‍ താമസിക്കുന്നു. അദ്ധ്യാപികയായി വിരമിച്ചു. മോഹന്‍ ആര്‍ട്ട്‌സ് ക്ലബ്ബിന്റെ രാഷ്ട്രീയ നാടകങ്ങളില്‍ സജീവപങ്കാളിത്തം.

പ്രസിദ്ധ നാടകനടന്‍ ടി.പി. ഗോപാലന്‍ മാസ്റ്റര്‍ക്കൊപ്പം നാടകപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. അദ്ധ്യാപക കലാസമിതികളിയും സജീവമായി പങ്കെടുത്തു.
17.സിസിലി - 1959-ല്‍ ജനിച്ചു. തൃശൂര്‍ ജില്ലയിലെ പുതുക്കാട് സ്വദേശി. കലാനിലയം സ്ഥിരം നാടകവേദി. കഴിമ്പ്രം തീയേറ്റേഴ്‌സ്, ആലുവ ശാരിക, തൃശൂര്‍ യമുന എന്റര്‍ടൈനേഴ്‌സ്, തൃശൂര്‍ വ്യാസ തുടങ്ങി സമിതികളില്‍ സഹകരിച്ചുകൊണ്ട് നാടകരംഗത്തേക്ക് വന്നു.
18.രമണി - ഇടവ സ്വദേശി. നൃത്തസംഗീത നാടകത്തിലൂടെ രംഗത്തേക്ക്. കൊല്ലം സോപാനം, ആറ്റിങ്ങല്‍ ദേശാഭിമാനി തുടങ്ങിയ സമിതികളിലൂടെ നാടകരംഗത്തേക്ക്.
19.പട്ടാമ്പി സുഭദ്ര - പാലക്കാട് ജില്ലയിലെ പാലപ്പുറം സ്വദേശി. 1954-ല്‍ ജനനം. ഒരുപാട് അമേച്ച്വര്‍ നാടകസമിതികളില്‍ സഹകരിച്ചു. കഴിമ്പ്രം തീയേറ്റേഴ്‌സ് തൃശൂര്‍, തൃശൂര്‍ ചിന്മയി, ദര്‍ശന ഒറ്റപ്പാലം തുടങ്ങിയ സമിതികളിലൂടെ പ്രൊഫഷണല്‍ നാടകരംഗത്തേക്ക്.
20.ബിയാട്രിസ് കെ.പി.എ.സി- 1938ല്‍ ജനനം. കൊച്ചിയിലെ കൂവപ്പാടത്തു താമസിക്കുന്നു. പി.ജെ. ആന്റണിയാണ് രംഗത്തേക്ക് കൊണ്ടുവന്നത്. പ്രതിഭ തീയേറ്റേഴ്‌സ്, കെ.പി.എ.സി, മാളവിക, കുന്നംകുളം ഗീതാജ്ഞലി, കാലടി തീയേറ്റേഴ്‌സ്, തൃശൂര്‍ ചിന്മയി, ആരാധന, സംഗമിത്ര, സൂര്യസോമ, നവധാര, അങ്കമാലി പൂജ തുടങ്ങി ഒട്ടേറെ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
21.അടൂര്‍ പങ്കജം - 1930ല്‍ ജനനം. 1950-ല്‍ സ്വാമി ബ്രഹ്മവ്രതന്‍ രൂപീകരിച്ച ഉത്തരകേരള ലളിതകലാനിലയം എന്ന സമിതിയിലൂടെ നാടകരംഗത്തേക്ക്. മലയാള സിനിമാരംഗത്തെ സജീവ സ്ത്രീ സാന്നിദ്ധ്യമായിരുന്നു. 1975-ല്‍ അടൂരില്‍ സ്ഥാപിച്ച ജയാ തീയറ്റേഴിന്റെ ഉടമ. സംഗീതനാടക അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
22.സുകുമാരന്‍. എല്‍.സി - 1953-ല്‍ ജനിച്ചു. കോഴിക്കോട് സ്വദേശി. കോഴിക്കോട് സംഗമം തീയേറ്റേഴ്‌സ്, കലിംഗ തീയേറ്റേഴ്‌സ് എന്നീ സമിതികളില്‍ സജീവമായി അഭിനയിച്ചിരുന്ന പ്രഗത്ഭയായ നടി.
28.ജോസ്. സി.എന്‍ - നാടകത്തിന്റെ കാണാപ്പുറങ്ങള്‍, ഡിസി ബുക്‌സ്, 1996
29.സ്റ്റെല്ല - 'അമ്മ' നാടകരൂപത്തില്‍ മലയാളത്തില്‍ ആദ്യമായവതരിപ്പിച്ചത് 77-78 കാലത്ത് രൂപീകൃതമായ ജനകീയ സാംസ്‌കാരികവേദിയുടെ ഭാഗമായ കോഴിക്കോട് രണചേതനയാണ്. ഈ നാടകത്തില്‍ അമ്മയുടെ റോളാണ് സ്റ്റെല്ല ചെയ്തിരിക്കുന്നത്. മകന്‍ പാഥേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജോയ് മാത്യുവുമായിരുന്നു.

രാമചന്ദ്രന്‍ മുകേരി, പപ്പന്‍ നെല്ലിക്കോട്, എ.സി.കെ. രാജ എന്നിവരും ഈ നാടകത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒന്നു രണ്ടു വര്‍ഷക്കാലം കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട നാടകമായിരുന്നു ഇത്. സ്റ്റെല്ല ഇന്നും സിനിമ, ടെലിവിഷന്‍ അഭിനയരംഗത്തും, ഡബ്ബിങ് രംഗത്തും സജീവമാണ്.
(മലയാള നാടക സ്ത്രീചരിത്രം എന്ന പുസ്തകത്തില്‍ നിന്ന്)
സജിത മഠത്തില്‍