Monday, December 12, 2016

ക്രിസ്മസ് ടേസ്റ്റിയാക്കാന്‍ വൈന്‍ മാജിക്

മണ്ണിലും വിണ്ണിലും ആഘോഷം നിറയുകയാണ് ക്രിസ്മസ് നാളുകളില്‍. നക്ഷത്രം, പുല്‍ക്കൂട്, വര്‍ണ വെളിച്ചം തുടങ്ങിയവ മാത്രമല്ല, ഒത്തുചേരല്‍, ഒരുമിച്ചുള്ള ഭക്ഷണം എന്നിങ്ങനെ പങ്കുവയ്ക്കുന്നതിലും കൂടിയാണ് ആഘോഷത്തിന്റെ മാറ്റ്. പരസ്പരം കേക്കും വൈനുമൊക്കെ കൈമാറുന്നതും ക്രിസ്മസ് ആഘോഷനാളുകളിലെ പ്രത്യേകതയാണ്. ആഘോഷവേളകളില്‍ എന്നും ഒഴിവാക്കാനാവാത്ത ഒരു പാനീയമാണ് വീഞ്ഞ് അഥവാ വൈന്‍. മുന്തിരിയോ മറ്റു പഴങ്ങളോ പുളിപ്പിച്ചെടുക്കുന്ന ഒരു വിദ്യയാണ് വൈനിന്റെ രഹസ്യം. ആദ്യകാലത്ത് വൈന്‍ എന്നാല്‍ മുന്തിരിവൈന്‍ മാത്രമായിരുന്നു. പലതരത്തിലുള്ള മുന്തിരികള്‍ ഉപയോഗിച്ച് പലതരത്തിലുള്ള വൈനുകള്‍ തയ്യാറാക്കുമായിരുന്നു. എന്നാല്‍ ഇന്ന് മുന്തിരി മാത്രമല്ല എല്ലാ പഴങ്ങളും ഇലകളും ഉപയോഗിച്ചുവരെ വൈന്‍ തയ്യാറാക്കുന്നുണ്ട്. കടകളിലും പല ഫ്ലേവറുകളില്‍ വൈനെത്തുന്നുണ്ട്. കുടുംബശ്രീകള്‍ മുതല്‍ മറ്റു ചെറിയ ചെറിയ യൂണിറ്റുകള്‍ വഴിയും ബേക്കറികള്‍ തുടങ്ങിയ ഇടങ്ങളില്‍ വൈനുകള്‍ എത്തുന്നുണ്ട്. 

വീടുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ വൈനിന് ആവശ്യക്കാരേറെയാണ്. റസിഡന്‍റ്സ് അസോസിയേഷനുകളിലും മറ്റും അയലത്തുള്ള വീട്ടുകാര്‍ ചേര്‍ന്ന് വൈന്‍ കെട്ടിവയ്ക്കുന്നതും പതിവാണ്. കടുംനിറത്തിലുള്ള വൈനുകള്‍ ഉരുണ്ട വൈന്‍ഗ്ലാസ്സുകളിലും ഇളംനിറത്തിലുള്ളവ നീളന്‍ വൈന്‍ഗ്ലാസ്സുകളിലും വിളമ്പിയാല്‍ രുചിക്ക് മാത്രമല്ല കാഴ്ചയ്ക്കും ഏറെ ആകര്‍ഷകമാകും. 

ഗ്രേപ്പ് വൈന്‍ ഉണ്ടാക്കാം:

ചേരുവകള്‍
1. കറുത്ത മുന്തിരിങ്ങ- ഒന്നേകാല്‍ കിലോഗ്രാം
2. വെള്ളം-6 കുപ്പി
3. യീസ്റ്റ്-2 ടീസ്പൂണ്‍
4. ഗോതമ്പ്-200 ഗ്രാം
5. പഞ്ചസാര-2 കിലോഗ്രാം
(2 കപ്പ് പഞ്ചസാര കരിക്കുക)

പാകം ചെയ്യുന്ന വിധം
മുന്തിരിങ്ങ ഒരു ഭരണിയിലിട്ട് മര്‍ദിച്ച് അതില്‍ ഗോതമ്പും രണ്ടു കിലോ പഞ്ചസാരയും യീസ്റ്റും വെള്ളവും ചേര്‍ത്തിളക്കി കെട്ടിവയ്ക്കുക. എല്ലാ സാധനവും ചേര്‍ത്തു കഴിയുമ്പോള്‍ ഭരണിയുടെ വക്കില്‍നിന്ന് മൂന്നുനാലിഞ്ചു താഴ്ന്നു നില്ക്കണം. ദിവസവും രാവിലെ ചിരട്ടത്തവികൊണ്ട് ഇളക്കി മൂടിക്കെട്ടി വയ്ക്കുക. 22-ാം ദിവസം പിഴിഞ്ഞരിച്ച് 2 കപ്പ് പഞ്ചസാര കരിച്ചതും ചേര്‍ത്ത് 21 ദിവസംകൂടി അനക്കാതെ വയ്ക്കുക. യാതൊരു കാരണവശാലും ഇടയ്ക്കു തുറക്കരുത്. 21 ദിവസം കൂടുമ്പോള്‍ മട്ടുകൂടാതെ ഊറ്റിയെടുത്ത് കുപ്പികളിലാക്കി ഉപയോഗിക്കാം. 9 കുപ്പി വൈനാണ് ഈ ചേരുവയില്‍ കിട്ടുന്നത്.

നെല്ലിക്ക വൈന്‍ :

ചേരുവകള്‍
1. നെല്ലിക്ക-രണ്ടു കിലോഗ്രാം
2. പഞ്ചസാര-ഒന്നര കിലോഗ്രാം
3. വെള്ളം-5 ലിറ്റര്‍
4. യീസ്റ്റ്-ഒരു ടീസ്പൂണ്‍
5. പഞ്ചസാര കരിക്കുവാന്‍-അര കപ്പ്
(ആവശ്യമെങ്കില്‍)

പാകം ചെയ്യുന്ന വിധം
നെല്ലിക്ക കഴുകി വൃത്തിയാക്കി ഒരു രാത്രി വെള്ളത്തിലിടുക. പിറ്റേദിവസം വെള്ളത്തില്‍നിന്നെടുത്ത് ഒരു മസ്ലിന്‍ തുണിയില്‍ കെട്ടി 5 ലിറ്റര്‍ വെള്ളത്തില്‍ തുണിയോടുകൂടി ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുക്കുക. ഇതില്‍നിന്ന് 4 കപ്പ് വെള്ളമെടുത്ത് അതില്‍ ഒന്നര കിലോ പഞ്ചസാരയിട്ട് തിളപ്പിച്ച് പാനിയാക്കി അരിച്ചെടുക്കുക. നെല്ലിക്ക കെട്ടഴിച്ച് കുരുകളഞ്ഞ് ഒരു ഭരണിയിലാക്കി അതിലേക്ക് യീസ്റ്റ്, പഞ്ചസാരപ്പാനി, നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം എന്നിവയിട്ട് മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും രാവിലെ ഒരേസമയത്ത് ചിരട്ടത്തവികൊണ്ട് 5 മിനിറ്റുനേരം നല്ലതുപോലെ ഇളക്കണം. 21-ാം ദിവസം അരിച്ചു മട്ടുമാറ്റി വീണ്ടും 21 ദിവസം അനക്കാതെ വയ്ക്കുക. പിന്നീട് ഉപയോഗിക്കാം. കളര്‍ വേണമെങ്കില്‍ പഞ്ചസാര കരിച്ചു ചേര്‍ത്താല്‍മതി.

വൈനുണ്ടാക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
1. നന്നായി അടയ്ക്കാവുന്ന അടപ്പുള്ള ഭരണി തിളച്ച വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ഉണക്കുക.
2. വൈനുണ്ടാക്കുന്ന ചേരുവകള്‍ എല്ലാം ചേര്‍ത്തതിനുശേഷം ഭരണിയുടെ വക്കില്‍നിന്ന് 5 ഇഞ്ചു താഴ്ന്നു നില്ക്കണം. വൈന്‍ പുളിച്ചു പൊങ്ങുന്നതിനുവേണ്ടിയാണ്. അല്ലെങ്കില്‍ വീര്യംകൊണ്ട് ഭരണി പൊട്ടിപ്പോകും.
3. ഭരണി തുണികൊണ്ട് അയച്ചു മൂടിക്കെട്ടിയാല്‍ മതി.
4. യീസ്റ്റും പഞ്ചസാരയും അരക്കപ്പ് ചെറു ചൂടുവെള്ളവും കൂടി ചേര്‍ത്തിളക്കി 10 മിനിട്ട് പുറത്തുവച്ച് പൊങ്ങിയശേഷം ഭരണിയിലൊഴിക്കാം.
5. എല്ലാ ദിവസവും കൃത്യസമയത്ത് മരത്തവികൊണ്ട് 5 മിനിട്ട് ഇളക്കണം.
6. വൈന്‍ ഊറ്റുമ്പോള്‍ മട്ടു കലങ്ങാതിരിക്കുവാന്‍ സൈഫണ്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.
7. വൈന്‍ നിറമുള്ള കുപ്പികളില്‍ സൂക്ഷിക്കുക.
8. കുപ്പി നിറയ്ക്കുമ്പോള്‍ വക്കുവരെ നിറയ്ക്കരുത്. കുപ്പിയുടെ വക്കില്‍നിന്ന് 3 ഇഞ്ച് താഴ്ന്നു നില്ക്കണം.
9. വൈന്‍ പഴകുന്തോറും ഗുണം കൂടും. നെല്ലിലോ മണ്ണിലോ കുഴിച്ചിട്ടാല്‍ നല്ലതാണ്.
10. മൂടിക്കെട്ടിവച്ചിരിക്കുന്ന വീഞ്ഞ് കൂടെക്കൂടെ തുറന്നു നോക്കരുത്.
11. വൈനിന് ഏറ്റവും നല്ലത് ഉണ്ടഗോതമ്പാണ്.

പഞ്ചസാര കരിച്ചെടുക്കുന്ന വിധം
പാത്രം അടുപ്പത്തുവച്ച് വെള്ളം വറ്റിച്ചതിലേക്ക് പഞ്ചസാരയിട്ട് തടിസ്പൂണ്‍കൊണ്ട് ഇളക്കുക. പഞ്ചസാര ചൂടാകുമ്പോള്‍ ചെറിയചെറിയ കുമിളകള്‍ വരാന്‍ തുടങ്ങും. കൂടക്കൂടെ ഇളക്കിക്കൊണ്ടിരിക്കണം. ചെറിയ ഉരുളകള്‍ ഉരുകി പതഞ്ഞു പൊങ്ങിവരുമ്പോള്‍ തിളച്ച വെള്ളം കുറേശ്ശ ഒഴിച്ച് പാനിയാക്കുക. വെള്ളം പാനിയിലേക്ക് വീഴുമ്പോള്‍ ചെറിയ ശബ്ദം ഉണ്ടാകും. വെള്ളം ഒഴിക്കുന്നതോടൊപ്പം ഇളക്കിക്കൊണ്ടിരിക്കണം. പതഞ്ഞുവരുന്നത് നില്‍ക്കുമ്പോള്‍ അത് സിറപ്പ് പാകമാകും.

Friday, November 11, 2016

പുഴയുടെ പുറപ്പാട്‌

കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് കാട്ടില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ട് പുഴയുടെ പുറപ്പാടു തേടി ഒരു ഫോട്ടോഗ്രാഫറുടെ യാത്ര

കാട്ടിലൂടെ നടക്കുമ്പോള്‍ നാം മറക്കുന്നത് കാലിനേയും വയറിനേയുമാണ്. കയറ്റിറക്കങ്ങള്‍ കഴിഞ്ഞ് സമയമാപിനിയെ തൊടുമ്പോഴാണ് വയറ് വിശക്കുന്നുവെന്ന് പറയുക. ആദ്യമായാണ് യാത്രയെങ്കില്‍ അട്ടകള്‍ ഓര്‍മ്മപ്പെടുത്തുമ്പോഴായിരിക്കും കാലിനെ നാം ഓര്‍ക്കുന്നത്.

കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് അതിനരികില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ടു നീങ്ങുന്ന യാത്ര പണ്ടെനിക്ക് മുത്തശ്ശിക്കഥയായിരുന്നെങ്കില്‍ ഇന്നെനിക്ക് പ്രാണവായുവാണ്.

തേക്കടി തടാകത്തിനു മുകളിലെ പെരിയാറിനെ കാണാന്‍ നടത്തിയ യാത്ര മനസ്സില്‍ നിറയുന്നു. കൊടിയ വേനലിലും കയങ്ങളില്‍ വെള്ളം നിറച്ച് സുക്ഷിക്കുന്ന കാട്ടരുവിയുടെ കരയിലുടെ നടന്ന് തുടക്കത്തിലെ നീര്‍ത്തുള്ളിയെ കണ്ടെത്താന്‍ മൂന്നര ദിവസത്തെ നീണ്ട നടത്തം. മുല്ലയാറും പെരിയാറും ചേര്‍ന്നുണ്ടായ വെള്ളത്തിന്റെ പേരില്‍ രണ്ടു സംസ്ഥാനങ്ങള്‍ വഴക്കടിക്കുമ്പോഴും പണ്ടേ തുടങ്ങിയ ജലമോഷണത്തിന്റെ കഥ പറയുന്ന ചെമ്പകവല്ലിയിലെ കല്‍ക്കെട്ടുകളിന്നുമുണ്ട്. ചൊക്കംപെട്ടി മലനിരയുടെ മുകളില്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കാനുള്ള ചെറുചാലുകളും. അതിനപ്പുറം തമിഴ്‌നാട്ടിലേക്കുള്ള കുത്തിറക്കം ഇറങ്ങുമ്പോള്‍ അരികത്തെ ഉരുളന്‍പാറകള്‍ പുഴയായിരുന്നുവെന്ന് നമ്മോടു പറയും.

തേക്കടിയില്‍ നിന്നും 23 കിലോമീറ്ററോളം ബോട്ടില്‍ യാത്രചെയ്താല്‍ താന്നിക്കുടിയിലെത്തും. അവിടെനിന്ന് മുന്നര ദിവസത്തെ നടപ്പുനടന്നാല്‍ പെരിയാറിന്റെ തുടക്കമായ ചൊക്കാംപെട്ടി മലനിരകളിലുമെത്താം.

അണ കെട്ടി ഒരു കാടിനെ മുക്കികൊല്ലുന്നതിന്റെ കഥയാണ് തേക്കടിയില്‍ നിന്നും താന്നിക്കൂടിയിലേക്കുള്ള യാത്രയ്ക്കിയില്‍ തടാകത്തില്‍ കാണുന്ന മരക്കുറ്റികള്‍ നമ്മോട് പറയുക. വംശനാശ ഭീഷണിയുള്ള ചേരക്കോഴിയും മലമുഴക്കി വേഴാമ്പലും വലുതും ചെറുതുമായ നീര്‍ക്കാക്കകളും ഈ പഴയ കാടിന്റെ നശിക്കാത്ത ഓര്‍മ്മകളായി മുന്നിലും ആകാശത്തും കാണാം.
തേക്കടിയില്‍ നിന്ന് മണിക്കൂറിലേറെ യാത്ര ചെയ്താലേ മുല്ലയാറും പെരിയാറും സംഗമിക്കുന്ന മുല്ലക്കുടിക്ക് സമീപം എത്താനാവൂ. ഈ 28 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ ആനകളും കാട്ടുപോത്തും മ്ലാവും പന്നിയുമെല്ലാം നമ്മുടെ മുന്നില്‍ ഉണ്ട്. ബോട്ടിലൂടെ 28 കിലോമീറ്റര്‍ താണ്ടിയാല്‍ താന്നിക്കുടിയിലെത്താം. അവിടെ നിന്ന് 28 കിലോമീറ്റര്‍ കൂടി താണ്ടിയാല്‍ ചൊക്കാംപെട്ടിയിലെത്തും. ഈ ദൂരം താണ്ടാനാണ് മൂന്നു ദിവസമെടുക്കുന്നത്.

താന്നിക്കുടിയില്‍ പഴയൊരു ഇന്‍സ്‌പെക്ഷന്‍ ബംഗഌവുണ്ട്. പണ്ട് ശിക്കാറിന് പോയിരുന്നവര്‍ക്കായി ഒരുക്കിയതാണിത്. ഇന്നത് പരിരക്ഷണത്തിന്റെ ആസ്ഥാനമാണ്. വേനലായാല്‍ താന്നിക്കുടി ഐ ബി ക്കടുത്ത് വരെ ബോട്ടില്‍ പോകാന്‍ കഴിയില്ല. ചൊക്കാംപെട്ടിയില്‍ നിന്നും ഒഴുകിയെത്തുന്ന പുഴ മുല്ലയാറുമായി ചേരുന്നിടത്തു നിന്ന് മുകളിലോട്ട് പോകുമ്പോള്‍ അരികിലെ മുളകളെല്ലാം പൂത്തുനില്‍ക്കുന്നു. താഴെ പുഴയുടെ അരികില്‍ പച്ച. കുറച്ച് മുകളിലെത്തുമ്പോള്‍ പുഴയ്‌ക്കൊരു ചെമ്പന്‍ വര്‍ണ്ണം. ചിലയിടങ്ങളില്‍ കടും ചുവപ്പ്. അതിനിടയില്‍ ഒരു നേര്‍ത്ത ചാലായി പുഴ. ഇങ്ങനെയായാല്‍ മുകളിലെ അവസ്ഥയെന്തായിരിക്കുമെന്ന് ഉള്ളിലാശങ്ക. കുറച്ചുകൂടി മുകളിലോട്ട് നീങ്ങുമ്പോള്‍ അങ്ങിങ്ങുള്ള കയങ്ങളില്‍ വെള്ളം നിറച്ച് പുഴ കിടക്കുന്നു. ഇര വിഴുങ്ങിയ പാമ്പുപോലെ. അരികിലെ മണ്‍തിട്ടയില്‍ പല വര്‍ണ്ണത്തില്‍ മണ്ണിന്റെ അടുക്കുകള്‍. ഇത് കാടിന്റെ ജീവചരിത്രമെന്ന് ഒരുമിച്ചുണ്ടായിരുന്ന വിജ്ഞാന ഭണ്ഡാരം ഡോ. സതീഷ്ചന്ദ്രന്റെ വെളിപ്പെടുത്തല്‍. കാടു കത്തിയ കാലം ആ മണ്ണടുക്കില്‍ എഴുതിവെച്ചിരിക്കുന്നു. താന്നിക്കുടിയില്‍ നിന്ന് മ്ലാപ്പാറയിലേക്ക് 10 കിലോമീറ്ററോളം ദൂരമുണ്ട്. താന്നിക്കുടി കഴിഞ്ഞുള്ള കയറ്റത്തിലാണ് കോണകം തൂക്കിപ്പാറ. ആദ്യമായി ഇതു വഴി പോകുന്നവര്‍ കോണകമഴിച്ച് ഇവിടുത്തെ മരത്തില്‍ തൂക്കുന്നത് പഴയ ആചാരം. ഞാനും അവിടെ തൂക്കി, കോണകമല്ല, കൈയിലുള്ള തൂവാല. അതു കഴിഞ്ഞാണ് നെല്ലിപ്പാറ. ഇതിന്റെ താഴ്‌വാരത്തില്‍ പോത്തിന്‍ കൂട്ടം, ദൂരെ ഒരാന. കുറച്ച് താഴെ ഒരു കാട്ട്‌പോത്ത് പുഴയരികില്‍ എല്ലാം മറന്ന് മേയുന്നു. പോത്തിനടുത്ത് ഞാനെത്തിയിട്ടും അതറിഞ്ഞില്ല. അതു കഴിഞ്ഞ് പുഴയരികില്‍ തീ കൂട്ടി ഒരു കട്ടന്‍ ചായ. രാവിലെ കരുതിയ ഉപ്പുമാവുണ്ട് കൂട്ടിന്. അല്‍പ്പ വിശ്രമം. അതു കഴിഞ്ഞ് മ്ലാപ്പാറയ്‌ലേക്കുള്ള ഇറക്കം. ആദ്യ ദിവസത്തെ ക്യാമ്പ് മ്ലാപ്പാറയിലാണ്. കാട്ടുചോലയിലൊരു കുളി കഴിഞ്ഞപ്പോള്‍ നടത്ത ക്ഷീണം അലിഞ്ഞുപോയി. ചോറു വേവുന്നതും കാത്തിരിപ്പാണ് പിന്നെ. ഉണക്കമുള്ളനും കാന്താരി മുളകും ചേര്‍ത്തിടിച്ച് ചമ്മന്തിയും ചോറും അത്താഴം. കുശാല്‍. ടെന്റൊരുക്കി തീ കൂട്ടി ഉറക്കചാക്കിലേക്ക് കയറി കഴിഞ്ഞാല്‍ പിന്നെ ഒന്നുമറിയില്ല. രാവിലെ പക്ഷികളുടെ ഒച്ച കേള്‍ക്കും വരെ.

മ്ലാപ്പാറയില്‍ പുഴയോരത്തു നിന്നും മുകളിലോട്ട് കുത്തനെയുള്ള കയറ്റമാണ്. പഴയ മ്ലാപ്പാറ എസ്റ്റേറ്റാണിത്. കുറേ കെട്ടിടങ്ങളും പേരയും നാരകവുമൊക്കെ കാണാം. ഇവ മാത്രമാണ് ഇവിടം പണ്ട് എസ്റ്റേറ്റായിരുന്നെന്നതിന് തെളിവ്. ഏത് ഏലത്തോട്ടവും കുറച്ച് വര്‍ഷം വെറുതേയിട്ട് ശല്യപ്പെടുത്താതിരുന്നാല്‍ കാടാകുമെന്നതിന്റെ സാക്ഷ്യപത്രമാണിവിടെ. അവിടം തൊട്ട് കൂട്ടിന് അട്ടയുണ്ട്.


കുറേ നടന്നാല്‍ ഇഞ്ചപ്പാറയിലെത്തും. രാവിലെ ഏഴിന് ഉപ്പുമാവും കഴിച്ച് തുടങ്ങിയ യാത്രയുടെ ആദ്യപാദം ഇവിടെ കഴിയുന്നു. ഇവിടെ കട്ടന്‍ ചായ തിളയ്ക്കും വരെ വിശ്രമം. അതു കഴിഞ്ഞുള്ള നടപ്പ് നല്ല കാട്ടിലൂടെയാണ്. മുകളില്‍ മലയണ്ണാന്‍. താഴെ പുഴയ്ക്ക് പലവര്‍ണ്ണങ്ങള്‍. ഇലകളുടെ പ്രതിബിംബമാണത്. രണ്ടാം ദിവസത്തിന്റെ അന്ത്യമടുത്തു വരുന്നു. മൂലവൈഗയിലാണ് ഊണും ഉറക്കവും. പുഴയുടെ നടുക്ക് ദ്വീപു പോലൊരു സ്ഥലത്ത് ഇരട്ടകളെ പോലുള്ള ആനകളുടെ തീറ്റയും കുസൃതിയും. കുറച്ച് ദൂരെ ഒരാനക്കൂട്ടം. അതില്‍ നിന്ന് മാറി നടക്കുന്ന ചട്ടുകാലന്‍ ആന ഞങ്ങളെ കണ്ടതും മുന്നറിയിപ്പ് ചിന്നം വിളിയുമായി കാട്ടിലേക്കോടി. പിറകില്‍ ഇരട്ടകളും. പുഴ മത്സ്യങ്ങളാല്‍ സമൃദ്ധമാണ്. പാറക്കുഴികളിലെ വെള്ളത്തിലെല്ലാം മീനുകള്‍. ഉയര്‍ന്ന തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം കാണുന്ന കുയില്‍ മീനുകളാണേറെ.വംശനാശ ഭീഷണിയുള്ള ബ്രാഹ്മണകണ്ടയും കൂട്ടിനുണ്ട് പിന്നെ ഈറ്റില കണ്ടയും കൂരലും.


തുടര്‍ന്നൊരു കയറ്റമാണ്, കുണ്ടാങ്കല്ലിലേക്ക്. ആനപോലും നിരങ്ങി വീഴുന്ന തരം ഉരുളന്‍ കല്ലുകളുള്ള ഇടമാണിത്. വീതി കുറഞ്ഞ കാട്ടാറിലൂടെ പാറകള്‍ ചാടികയറിയുള്ള ഈ യാത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്. തമിഴ്‌നാട്ടുകാരാണ് ഈ സ്ഥല ത്തെ കുണ്ടാങ്കല്ലെന്ന് വിളിച്ചത്. മന്നാന്‍മാര്‍ക്ക് ഇവിടം പടുതക്കാട്ട് വിടുതിയാണ്. തോട്ടരികില്‍ ചോറു വേവിക്കുമ്പോള്‍ കണ്ണന്‍ നൂറാന്‍കിഴങ്ങ് മാന്താന്‍ പോയി. ദൂരെ കുലച്ചു നില്‍ക്കുന്ന കാട്ടുവാഴയിലേക്കായിരുന്നു എന്റെ നോട്ടം. മുറിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. കല്ലുവാഴയാണത്. കല്ലില്ലാത്ത ഭാഗം ചെത്തി തോരന്‍ വെച്ചു. തോടരികിലെ മണ്ണിനടിയിലേക്ക് നീണ്ടുപോകുന്ന കിഴങ്ങു മാന്തല്‍ ചില്ലറ അദ്ധ്വാനമൊന്നുമല്ല. മാറാങ്കിഴങ്ങ് എന്നാണിതിനെ മാന്നാന്‍മാര്‍ വിളിക്കാറ്. പുഴുങ്ങി തിന്നാന്‍ നല്ല സ്വാദാണ്. കുണ്ടാന്‍കല്ലിലെ താമസം കഴിഞ്ഞ് മണലോട വഴിയാണ് മുക്കാറിലേക്ക് പോകുന്നത്. മണലോട കഞ്ചാവുകാരുടെ കേന്ദ്രമാണ്. വഴിയരികിലെ വെടിപ്ലാവിനു മുകളില്‍ സിംഹവാലന്‍. താഴെ പൊട്ടിക്കിടക്കുന്ന വെടിച്ചക്കകളാണത് പറഞ്ഞത്.

അന്ന് രാത്രി മുക്കാറിലാണ് താമസം. കാട്ടിനുള്ളിലെ താമസത്തിന്റെ അവസാനത്തെ കിടപ്പ് ഇവിടെയാണ്. സുന്ദരമലയില്‍ നിന്നും ചൊക്കന്‍ പെട്ടിയില്‍ നിന്നും ചെമ്പകവല്ലിയില്‍ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവികള്‍ പെരിയാറാകുന്ന സുന്ദര ദൃശ്യത്തിനാണ് ഞാന്‍ സാക്ഷിയാകുന്നത്. ഈ ഭാഗ്യം കിട്ടിയ അപൂര്‍വ്വം ഒരാളാവുകയാണ് ഞാന്‍.

ക്യാമറയ്ക്ക് ഒപ്പിയെടുക്കാന്‍ ആവുന്നതിലേറെ സൗന്ദര്യം ഈ കാഴ്ചയ്ക്കുണ്ട്. ഒഴുകിയെത്തുന്ന അരുവികള്‍ നിശ്ചലമായി കിടക്കുന്ന മുക്കാറില്‍. കാടിന്റെ വര്‍ണ്ണഭേദങ്ങള്‍ ആ പുഴകള്‍ തീര്‍ത്ത കണ്ണാടിയില്‍ പ്രതിഫലിക്കുന്നുണ്ട്. പല പച്ചകള്‍ ഉറഞ്ഞ് കറുപ്പാകുന്നതും അലിഞ്ഞ് വെള്ളയാകുന്നതും ഇവിടെ കാണാം. ഈ ചിത്രം വരികളില്‍ ഒതുക്കാനാവില്ല. എന്റെ ക്യാമറയില്‍ പകര്‍ത്താനും. അതെന്റെ മനസ്സിന്റെ ചുമരില്‍ തൂക്കിയിട്ടിരിപ്പാണ്. മുക്കാറില്‍ നിന്ന് ഇടത്തോട്ട് പോയാല്‍ ചെമ്പകവല്ലിയാണ്. ഇവിടെ കാലങ്ങള്‍ക്ക് മുമ്പ് മുല്ലപ്പെരിയാര്‍ ഒരുക്കുന്നതിനു മുമ്പുതന്നെ തമിഴ്‌നാട്ടുകാര്‍ അണകെട്ടിയിരുന്നു. കേരളത്തിലേക്കൊഴുകുന്ന ചെമ്പകവല്ലിത്തോടിനെ തടഞ്ഞുനിര്‍ത്തി ഒരു കിലോമീറ്ററോളം കല്‍ചാലിലൂടെ തമിഴ്‌നാടിന്റെ മുകളില്‍ കൊണ്ടുപോയി ഒഴുക്കി വിടുകയായിരുന്നു അവര്‍. എപ്പഴോ ഇതു കണ്ടെത്തി കേരളാ വനം വകുപ്പ് രണ്ടിടങ്ങളിലായി ഈ ചാല്‍ പൊളിച്ച് വെള്ളം കേരളത്തിലേക്ക് തന്നെ ഒഴുക്കി. അന്നവിടെ വിഘ്‌നമകറ്റാന്‍ സ്ഥാപിച്ച വിഘ്‌നേശ്വര പ്രതിമ ഇന്നുമുണ്ട്. പഴയ സുര്‍ക്കിയിട്ടുറപ്പിച്ച കല്‍ക്കെട്ടുകളും. ഇത് പിന്നിട്ട് കുറച്ച് മുകളിലോട്ട് നടന്നാല്‍ ഒരു ഭാഗത്ത് തൂശനിക്ക കുച്ചിലാണ്. പണ്ട് തമിഴ്‌നാട്ടുകാര്‍ വന്ന് ക്യാമ്പടിച്ചിരുന്ന സ്ഥലമാണിത്. അന്ന് ഭക്ഷണത്തിന്റെ ബാക്കി മത്തന്‍ കുരു മുളച്ച് വളര്‍ന്ന സ്ഥലമാണിത്. തൂശനിക്കയെന്നാല്‍ കുമ്പളങ്ങ. ഇത് പിന്നിട്ടാല്‍ കുത്തനെയുള്ള ഇറക്കമാണ്. കേരളാതമിഴ്‌നാട് അതിര്‍ത്തിയാണിവിടം. ഇറങ്ങിചെല്ലുന്നത് പന്ത്രണ്ടേക്കര്‍ എന്നറിയപ്പെടുന്ന എസ്റ്റേറ്റിലാണ്. വഴിയിലെങ്ങും പുളിനാരകങ്ങള്‍. കുറച്ച് നടന്നപ്പോള്‍ ഹരിതകാനനം. ചുറ്റും കള്ളിച്ചെടികള്‍. കാട്ടുകോഴികള്‍.

മുന്നില്‍ തീര്‍ഥപ്പാറ. കുളി ഇവിടെയാണ്. കാടിന്റെ സമസ്ത ഗന്ധവും മനസ്സില്‍ മാത്രമാക്കി ശരീരത്തിലെ കാട്ടോര്‍മ്മകള്‍ ഒഴുക്കി കളഞ്ഞാണിനി യാത്ര. പളിയക്കുടിയാണ് ലക്ഷ്യം. അവിടെ ഞങ്ങളെ കാത്ത് പെരിയാര്‍ കടുവ സങ്കേതത്തിലെ വാഹനവുമായി സുകുവെത്തും. പളിയക്കുടിയിലെത്തുമ്പോള്‍ കുരച്ച് സ്വാഗതം ഓതുന്ന നാട്ടുപട്ടികള്‍ , കൊത്തി ഓടിക്കാനെത്തുന്ന സുന്ദരന്‍ പൂവന്‍കോഴികള്‍. ഈ കുടിക്കടുത്തുള്ള പുഴയില്‍ വെള്ളമില്ല. ഉരുളന്‍ കല്ലുകള്‍ മാത്രം. എങ്ങിനെ വെള്ളമുണ്ടാകാനാണ്. തമിഴ്‌നാട് അതിര്‍ത്തിക്കിപ്പുറം കാടില്ല. എസ്റ്റേറ്റുകള്‍ മാത്രം.

ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ ഇപ്പുറം കടന്നപ്പോള്‍ സുകു കാത്തിരിപ്പുണ്ട്. പിന്നെ വാസുദേവനല്ലൂര്‍ കമ്പം തേനി വഴി കുമിളിയിലേക്ക് തിരികെ യാത്ര. വഴിയരികില്‍ വെള്ളക്കുപ്പായമഴിച്ച് വെച്ച് നഗ്‌നയായ് വൈഗ കിടക്കുന്നു. മനസ്സില്‍ പഴയൊരു സെമിനാറിന്റെ തലവാചകം.

(ഈ യാത്ര മഹാഭാഗ്യവാന്‍മാര്‍ക്കു മാത്രമുള്ളതാണ്. സംരക്ഷിത വനപ്രദേശത്തിന്റെ ഹൃദയത്തിലുടെയുള്ള യാത്ര പരിരക്ഷണ ആവശ്യാര്‍ത്ഥം വനപാലകരോടൊപ്പം മാത്രമാണ് ).


Text & Photos: C Sunil Kumar

Monday, October 10, 2016

The Movie Cliches List - സിനിമകളിലെ സ്ഥിരം ക്ലീഷേകള്‍


1. നായകനും നായികയും ചൂണ്ട ഇടുമ്പോള് ഇപ്പോഴും ചെരുപ്പ് കിട്ടും - ഇതിനും മാത്രം ചെരുപ്പ് ആരാണ് പുഴയിലും കുളത്തിലും ഇടുന്നത് ?
2..സിനിമയില് ഉന്നം തെറ്റുന്ന കല്ല് എല്ലായ്പ്പോഴും ഒരു ഗ്രാമീണന് പാല് കുടം തലയിലേറ്റി വരുന്നതില് തന്നെ കൊള്ളുന്നു ? ഇതു ഗ്രാമത്തിലാണ് ഇപ്പോഴും പാല്കുടവുമായി നടക്കുന്നത് ?
3.നായിക എത്ര കുലീനയും ലജ്ജാവതിയും ആയിരുന്നാലും ഇടിയും മിന്നലും വന്നാല് അല്ലെങ്കില് ജയന്റ് വീലില് കയറിയാല് പേടിച്ചു അടുത്തുള്ള ചെറുപ്പക്കാരനെ കേട്ടിപ്പിടിചിരിക്കും - എന്ത് കൊണ്ടാണ് പെണ്ണുങ്ങള് ഇങ്ങനെ ?
4. മെന്റല് ഹോപിറ്റലില് ഫുള് കോമഡിയായിരിക്കും .
5. കൊമെഡിയനമാര്എപ്പോഴും ചാണക കുഴിയില് വീഴും , നായകനും മറു നടന്മാരൊന്നും വീഴില്ല
6. ബോംബ് പൊട്ടിയാലും , പടക്ക കട മൊത്തമായി കത്തിയെരിഞ്ഞാലും കരിയും പുകയും മാത്രമായി ഒരു രൂപം വരും - ആര്ക്കും ഒരു പൊള്ളല് പോലും ഏല്ക്കില്ല .
7 .ഷോക്കടിച്ചാല് മുടി കുന്തം പോലെ നില്ക്കും , പിന്നെ അവരെ രക്ഷിക്കാന് ആരെങ്കിലും പോയാല് അവരും സ്ടാച്ചു പോലെ ഇങ്ങനെ നില്ക്കും - വേറെ കുഴപ്പമൊന്നും സംഭവിക്കില്ല
8. നായകന് എത്ര നന്മയുള്ളവനായാലും ആരെങ്കിലും നുണ പറഞ്ഞാലുടനെ നായകന്റെ അമ്മയും വേണ്ടപ്പെട്ടവരുമെല്ലാം നായകനെ തെറ്റിദ്ധരിച്ചു തള്ളിപറയും
9. വില്ലനായ അച്ഛന്റെ കൈ കൊണ്ട് അബദ്ധത്തില് വില്ലനായ മകന് മരിക്കുന്നു
10. ഉന്നമില്ലാത്ത വില്ലന്മാര്, ഉന്നമുള്ള നായകന്.
11. ഉണ്ടയുള്ളപ്പോ വെടി വെക്കില്ല, വെടി വെക്കുമ്പോ ഉണ്ട കാണില്ല.
12. കൂടിയ ഡയലോഗ് വിട്ടു നടന്നു പോകുന്ന നായകനെ വില്ലന് തോക്കുന്ടെങ്കിലും നോക്കി നിക്കും. ഇനി പുറകില് നിന്ന് കുത്താല് വല്ലോം പോകുവാനെങ്കില് ആദ്യമേ അങ്ങ് അലറും. നായകന് അത് കേട്ടിട്ട് വേണം തിരിയാനും വില്ലനെ അടിക്കാനും
13. നായികമാരുടെ കൂട്ടുകാരൊക്കെ കൊച്ചു പിള്ളേര് ആയിരിക്കും, തമിഴില് ആണ് കൂടുതല്, നിഷ്കളങ്കത കാണിക്കാന് ആണ്. നിഷ്കളങ്കയായ ഈ നായിക ചിലപ്പോ അടുത്ത പാട്ടുസീനില് ടൂ പീസില് വരും. അല്ലെങ്കില് നായികയെ കാണിക്കുമ്പോള് അaന്ധയെ സഹായിക്കുന്ന, വൃദ്ധരെ വഴി നടത്തുന്ന, സന്മനസ്സുള്ള പെണ്ണായിരിക്കും.
14. ബലാല്സംഗം കഴിഞ്ഞാല് നെറ്റിയിലെ കുങ്കുമം എന്തായാലും ഒന്ന് തേഞ്ഞരിക്കണം
15. നായികയുടെ നഗ്നത നായകന് കണ്ടാല്, ജീവന് രക്ഷിച്ചാല് പ്രേമം
16. ഒരു പ്രകോപനവും ഇല്ലാതെ ഡ്രൈവിംഗ് സീന് മൂന്നു മിനിറ്റില് അധികം കാണിച്ചാല്.. അതിനര്ത്ഥം അക്സിടന്റ്റ് ഉറപ്പ്
17. എണ്പതുകളില് തൊഴില്രഹിതര് ആയ ചെറുപ്പക്കാര് സംഘം ചേര്ന്നാല് വായില്നോട്ടം .കോമഡി , ഇന്നാണെങ്കില് കൊട്ടേഷന്
18. ജഗതി അന്നും ഇന്നും ഓട്ടോ കാശ് കൊടുക്കില്ല
19. അയാള് എന്നെ ............... (അത്രേ പറയൂ , വേണമെന്കിഇല് നശിപ്പിച്ചു എന്ന് ചേര്ക്കാം )
20. അന്യനാട്ടിലുള്ള കഥാപാത്രങ്ങള് രംഗ പ്രവേശം ചെയ്യുമ്പോള് ..ഇന്ത്യന് എയര്ലൈന്സ് വിമാനം വന്നു ലാന്റ് ചെയ്യുന്ന സീന് കാണിക്കും

Friday, September 9, 2016

കാവേരിയുടെ നൃത്തജാലം





മഴക്കാലത്ത് ഹൊഗ്ഗനക്കലിലേക്ക് പോകാം. കാവേരിയുടെ സുന്ദരതാണ്ഡവം കാണാം. വെള്ളച്ചാട്ടങ്ങള്‍ക്ക് താഴെ വട്ടക്കൊട്ടയില്‍ തുഴയാം


ശിവനസമുദ്രം ജലപാലപാതങ്ങള്‍ക്കു താഴെ, രണ്ടു വന്‍ വെള്ളച്ചാട്ടങ്ങള്‍ നല്‍കിയ ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനെന്നോണം അതിവേഗത്തിലാണ് ഇപ്പോള്‍ കാവേരിയുടെ ഗമനം. കാവേരി ഏറെ ദൂരം ഒഴുകും മുമ്പ് കനകപുര സംഗമേശ്വര ശിവക്ഷേത്രത്തിനു സമീപം അര്‍ക്കാവതി എന്നൊരു പോഷകനദി കാവേരിയില്‍ ലയിക്കും. മേകത്താടിന് തൊട്ടു മുകളിലുള്ള ഈ നദീസംഗമത്തിന് നിത്യസാക്ഷിയെന്നോണമാണ് സംഗമേശ്വരന്റെ നില്‍പ്പ്.

സംഗമസ്ഥാനത്തിനു താഴെ മണലൊഴിഞ്ഞ കാവേരിയാണ്. കാവേരിയിലെ അനുസ്യൂതമായ തെളിനീരൊഴുക്കിനും, ഹരിതാഭമായ ഇരു കരകള്‍ക്കുമിടയിലെ പഞ്ചാരമണല്‍തിട്ട പൊടുന്നനെ അപ്രത്യക്ഷമാകും. മേകത്തോട് എന്നറിയപ്പെടുന്ന ഇടുങ്ങിയ മലയിടുക്കിലൂടെയാണ് കാവേരിയുടെ തമിഴകത്തേക്കുള്ള പ്രയാണം. തുടര്‍ന്ന് 36 കി.മി. ദൂരം കാവേരി കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയായൊഴുകും. അതിനിടയിലാണ് മനേഹരമായ ഹൊഗ്ഗനക്കല്‍ വെള്ളച്ചാട്ടം.

'പുകയും പാറ' എന്നാണ് ഹൊഗ്ഗനക്കല്‍ എന്ന കന്നഡ പദത്തിനര്‍ഥം. തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബംഗളൂരുവില്‍ നിന്ന് 140 കി.മീറ്ററും, മൈസൂരില്‍ നിന്ന് 80 കി.മീറ്ററും, സേലത്തു നിന്ന് 114 കി.മീറ്ററും ദൂരമുണ്ട്.

ഹൊഗ്ഗനക്കലിലൂടെ ഒഴുകുന്ന കാവേരിയുടെ ഇടതുകര കര്‍ണ്ണാടകത്തിലും വലതുകര തമിഴ്‌നാട്ടിലുമാണ്. പശ്ചിമഘട്ടത്തിലെ നിബിഡവനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന ഹൊഗ്ഗനക്കാലിലെ ഔഷധഗുണമുള്ള കാവേരിയില്‍ കുളിക്കാനായി ധാരാളം പേര്‍ എത്താറുണ്ട്. വിനോദസഞ്ചാരികള്‍ക്ക് അവിടെ അപായരഹിതമായി വെള്ളച്ചാട്ടത്തില്‍ കുളിക്കാം. 'പരശല്‍' എന്ന വട്ടക്കൊട്ടയില്‍ ജലയാത്ര നടത്താം.

കരിമ്പാറക്കെട്ടുകളില്‍ നിന്നും കുത്തനെ താഴോട്ടു പതിക്കുന്ന ജലധാര ഇടിമുഴക്കത്തോടെ ആകാശത്തേക്കുയര്‍ന്ന് പുകയായി പോകുന്ന കാഴ്ച്ച ആരവം, അഥര്‍വം, റോജ, നരന്‍ തുടങ്ങിയ അനേകം ചിത്രങ്ങളില്‍ നാം കണ്ടിട്ടുണ്ട്. മെയിന്‍ ഫാള്‍സ്, സിനി ഫാള്‍സ്, ക്രോക്കഡൈല്‍ ഫാം, മിനി സൂ, സിനി ബെഡ് (മേകത്തോടിനു മുകളില്‍ അപ്രത്യക്ഷമാകുന്ന മണല്‍പ്പരപ്പ് ഇവിടെ പ്രത്യക്ഷമാകുന്നു), ഭീമാകാരമായ ചിതല്‍പ്പുറ്റുകള്‍ എന്നിവയാണ് ഹൊഗ്ഗനക്കലിലെ മറ്റു കാഴ്ച്ചകള്‍.





കാവേരിയില്‍ നിന്ന് അപ്പപ്പോള്‍ പിടിച്ചെടുക്കുന്ന മത്സ്യം മുളകിട്ടു പൊരിച്ചതും മീന്‍കുഴമ്പും കൂട്ടിയുള്ള നാടന്‍ ഭക്ഷണവും, മാലീസുമാണ് (ഓയില്‍ മസ്സാജ്) ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന കൗതുകങ്ങള്‍. ഹൊഗ്ഗനക്കലില്‍ നിന്നും തെക്കോട്ട് തിരിഞ്ഞ് തിരുച്ചെങ്കോട്ട്, ഓമല്ലൂര്‍ താലൂക്കുകളിലൂടെ മുന്നോട്ടൊഴുകുന്ന കാവേരി, മലങ്കാരി മലകള്‍ എന്നറിയപ്പെടുന്ന സീതമല, പാലമല എന്നിവക്കിടയിലൂടെ മേട്ടൂര്‍ ഡാമിന്റെ സ്റ്റാന്‍ലി റിസര്‍വോയറിലേക്ക് പ്രവേശിക്കുന്ന കാഴ്ച്ച മനോഹരമാണ്.

ഹൊഗ്ഗനക്കലില്‍ നിന്നും കൊട്ടവഞ്ചിയില്‍ കര്‍ണ്ണാടകത്തിലെ മാര്‍ക്കോട്ടം ഗ്രാമത്തിലെത്താം. അവിടെ നിന്നും എം. എ. ഹില്‍സിലേക്ക് (മാതേശ്വരന്‍ മല) നേരിട്ട് ബസ്സുണ്ട്. കാവേരിയുടെ തീരം പറ്റി പഴയ വീരപ്പന്‍ കാടുകളിലൂടെയുള്ള യാത്ര മറ്റൊരനുഭവം തരും. മടിയില്ലെങ്കില്‍ ഫോട്ടോ എടുക്കാനുള്ള സൗകര്യത്തിന് കണ്ടക്ടറെ സോപ്പിട്ട് ബസ്സിന്റെ മുകളില്‍ ഒരു സീറ്റ് തരപ്പെടുത്തുക. ബസ്സിനകത്ത് എപ്പോഴും നല്ല തിരക്കാണ്. യാത്രക്കാര്‍ക്കു പുറമെ അടുത്ത ചന്തകളിലേക്കുളള വനവിഭവങ്ങളും വളര്‍ത്തു മൃഗങ്ങളും കൂട്ടിനുണ്ടാവും.

Travel Info
Hogenakkal
Location:
State-Tamilnadu, Dharmapuri dt.
Altitude: 750 feet above sea level admist Yelagiri Hills.

How to reach

By air: Bengaluru 140 km.

By rail: Though Salem 111 km is the major rail head, Morappur station is the nearest rail head from where trains are there to Chennai and Coimbatore.

By road: Reach Salem via Coimbatore, Bhavani, on NH 47 (165 km) and deviate to Dharmapuri from Salem on NH7 (65 km) and then to Hogenakal (46 Km). From Bengaluru one can reach Hogenakal via Hosur, Krishnagiri and Dharmapuri on Nh 7(140 Km).

Best season: Just after Monsoon.

Stay

KSTDC Tourist bungalow, Ph: 080 2275869.
Hotel TamilNadu, Ph: 04342 256447, 254448.

Tips: മഴക്കലാത്ത് വെള്ളച്ചാട്ടം ആസ്വദിക്കുമ്പോള്‍
*വെള്ളച്ചാട്ടത്തിലോ അടുത്തുള്ള അരുവികളിലോ കുളിക്കുമ്പോള്‍ പെട്ടെന്ന് മലവെള്ളപാച്ചിലുണ്ടാവാം, ഒഴുക്കുകൂടാം. *വഴികളും പാറകളും വഴുക്കാന്‍ സാധ്യതയുണ്ട്. നല്ല ഗ്രിപ്പുള്ള ചെരിപ്പോ ഷൂവോ കരുതണം.
*അട്ട ശല്യം കൂടും. ഉപ്പുകിഴി, പുകയില കരുതുക.
*ഗൈഡുകളുടെ നിര്‍ദേശം അനുസരിക്കുക.
*പ്രഥമ ശുശ്രൂഷാകിറ്റ് കരുതണം.
*മദ്യപിച്ച് വെള്ളത്തിലിറങ്ങരുത്.
*വെള്ളത്തിനുള്ളില്‍ കുപ്പിച്ചില്ലുകള്‍ കണ്ടേക്കാം.
*മാറ്റാന്‍ ഒരു ജോഡി വസ്ത്രങ്ങളും കരുതുക.
*റെയിന്‍ കോട്ടോ കുടയോ കരുതുക.
*മഴവെള്ളം അകത്തുകടക്കാത്ത രീതിയിലുള്ള ബാഗ് കരുതുക.


 Text & Photos: Dr. Rajan Chungath

Thursday, August 18, 2016

അമ്മിഞ്ഞപ്പാല്‍

മുലപ്പാലിന്‍റെ മഹത്വത്തെക്കുറിച്ച് ഏറെ പറയാറുണ്ടെങ്കിലും ചിലപ്പോഴെങ്കിലും നമ്മുടെ അമ്മമാര്‍ അതൊക്കെ മറന്നുപോകുന്നതായി തോന്നുന്നു. മുലപ്പാലിന്‍റെ ഗുണഗണങ്ങളെക്കുറിച്ചുള്ള അവബോധത്തോടൊപ്പം തന്നെ പ്രധാനമാണ് എങ്ങനെ മുലയൂട്ടണമെന്നതും. നവജാതശിശുക്കളുള്ള അമ്മമാര്‍ക്കും ഉടനടി അമ്മയാകാന്‍ പോകുന്നവര്‍ക്കുമായി മുലയൂട്ടലുമായി ബന്ധപ്പെട്ട ചില നുറുങ്ങുകള്‍ ഇതാ:
എപ്പോള്‍ തുടങ്ങണം?
സുഖപ്രസവമാണെങ്കില്‍ ഒരു മണിക്കൂറിനുള്ളിലും സിസേറിയനാണെങ്കില്‍ മയക്കം തെളിഞ്ഞതിനുശേഷം കഴിയുന്നതും ആദ്യത്തെ രണ്ടു മുതല്‍ അങ്ങേയറ്റം നാലു മണിക്കൂറിനുള്ളിലും മുലയൂട്ടല്‍ തുടങ്ങണം. മുല ചപ്പിക്കുടിക്കുവാനുള്ള കുഞ്ഞിന്‍റെ കഴിവ് ഏറ്റവും ശക്തമായിരിക്കുന്നത് പ്രസവശേഷമുള്ള ആദ്യമണിക്കൂറിലാണെന്നോര്‍ക്കുക.
എപ്പോഴെല്ലാം മുലയൂട്ടണം?
ഇത്ര മണിക്കൂര്‍ ഇടവിട്ട് എന്നു പറയാന്‍ പറ്റില്ല. കുഞ്ഞിന് ആവശ്യമുള്ളപ്പോഴൊക്കെ കൊടുക്കുക. Demand feeding എന്നതാണ് ഏറ്റവും അനുയോജ്യം. ആരോഗ്യമുള്ള കുഞ്ഞ് ഒരു പ്രാവശ്യം വയറുനിറയെ പാല്‍ കുടിച്ചാല്‍ രണ്ടു മൂന്നു മണിക്കൂര്‍ സുഖമായി ഉറങ്ങും. വീണ്ടും വിശന്നുകരയുമ്പോള്‍ പാല്‍ കൊടുത്തു തുടങ്ങാം.
കുഞ്ഞിനെ എങ്ങനെ പിടിക്കണം?
പല അമ്മമാരും മുലയൂട്ടുന്നതു വിവിധങ്ങളായ രീതിയില്‍ പിടിച്ചിട്ടാണെങ്കിലും പ്രധാനമായും നാലുതരത്തിലുള്ള രീതികളാണുള്ളത്.
ക്രേഡില്‍ ഹോള്‍ഡ്(Cradle hold) : ഇവിടെ കുഞ്ഞിന്‍റെ തല, ഏതു ഭാഗത്തെ മുലയാണോ കൊടുക്കുന്നത് ആ ഭാഗത്തെ കൈമുട്ടിന്‍റെ മടക്കിനുള്ളില്‍ വരത്തക്കവണ്ണമാണ് അമ്മ പിടിക്കേണ്ടത്. കൂടാതെ കൈകൊണ്ടു കുഞ്ഞിന്‍റെ പുറം താങ്ങുകയും വേണം. ആവശ്യത്തിന് ഉയരം കിട്ടാന്‍ മടിയില്‍ ഒരു തലയിണ വച്ചതിനുശേഷം വേണം ഇതു ചെയ്യാന്‍. മറുകൈ കൊണ്ടു മുല പിടിച്ചു കുഞ്ഞിന്‍റെ വായില്‍ വച്ചുകൊടുക്കുകയും വേണം. ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒരു പൊസിഷന്‍ ആണിത്.
ക്രോസ് ക്രേഡില്‍ ഹോള്‍ഡ് (Cross Cradle hold) : ഇത് ഏകദേശം ക്രേഡില്‍ ഹോള്‍ഡ് പൊസിഷന്‍ പോലെത്തന്നെയാണെങ്കിലും കുഞ്ഞു കുടിക്കുന്ന മുലയുടെ നേരെ വിപരീത ദിശയിലുള്ള കൈകൊണ്ടാണു കുഞ്ഞിനെ പിടിക്കുന്നത്. മടിയില്‍ തലയിണ വച്ചശേഷം കൈപ്പത്തികൊണ്ടു കുഞ്ഞിനെ തലയും കൈകൊണ്ടു പുറവും താങ്ങണം. ഇങ്ങനെ തല താങ്ങിപ്പിടിക്കുമ്പോള്‍ തള്ളവിരല്‍ കുഞ്ഞിന്‍റെ മുകളില്‍ വരുന്ന ചെവിക്കു പിറകിലും മറ്റു വിരലുകള്‍ അടിയില്‍ വരുന്ന ചെവിക്കു പിറകിലും വരുന്ന രീതിയിലും വേണം പിടിക്കാന്‍. മറ്റേ കൈകൊണ്ടു മുല പിടിച്ചു കുഞ്ഞിന്‍റെ വായില്‍ വച്ചു കൊടുക്കാം.
Football hold
ഫുട്ബോള്‍ ഹോള്‍ഡ് (Foot ball hold) : ഈ രീതിയെ ക്ലച്ച് ഹോള്‍ഡ് (Clutch hold) എന്നും പറയാറുണ്ട്. കുഞ്ഞിന്‍റെ തല മുന്‍വശത്തു വരത്തക്കവണ്ണം ഏതെങ്കിലുമൊരു കക്ഷത്തില്‍ ഇടുക്കിപ്പിടിക്കുന്ന രീതിയാണിത്. ഇങ്ങനെ ചെയ്യുമ്പോള്‍ കുഞ്ഞിന്‍റെ തലയും കഴുത്തും കൈകൊണ്ടു താങ്ങിപ്പിടിക്കണം. മറുകൈകൊണ്ടു മുലക്കണ്ണു കുഞ്ഞിന്‍റെ വായില്‍ വച്ചുകൊടുക്കണം. മടിയില്‍ തലയിണവച്ചശേഷം ആയാസരഹിതമായി കുഞ്ഞിനു മുലക്കണ്ണിലേക്കെത്തിപ്പിടിക്കാന്‍ തക്ക രീതിയില്‍ വേണം ഇതു ചെയ്യാന്‍. കുഞ്ഞിന്‍റെ കഴുത്ത് ഒരുപാടു വളയാതിരിക്കാനും ശ്രദ്ധിക്കണം. ഇരട്ടക്കുഞ്ഞുങ്ങളെ ഒരേ സമയം രണ്ടു വശത്തും മുലയൂട്ടാന്‍ ഏറ്റവും പറ്റിയ പൊസിഷനാണിത്. ഒരു ഫുട്ബോള്‍ മാറോടടുക്കി പിടിക്കുന്നതുപോലെ കുഞ്ഞിന്‍റെ തല പിടിക്കുന്നതിനാലാണ് ഈ പേരു വന്നത്.
വശങ്ങളിലേക്ക് ചരിഞ്ഞുകിടക്കുന്ന പൊസിഷന്‍(Lying down/Sidelying position) : വലതുവശത്തേക്കു ചരിഞ്ഞു കിടക്കുമ്പോള്‍ ഇടതുകൈ കൊണ്ടും ഇടതുവശത്തേക്കു ചരിഞ്ഞുകിടക്കുമ്പോള്‍ വലതുകൈകൊണ്ടും മുല പിടിച്ചു കുഞ്ഞിന്‍റെ വായില്‍ വച്ചുകൊടുക്കുന്ന പൊസിഷന്‍ ആണിത്. ഏതു ഭാഗത്തേക്കാണോ ചരിഞ്ഞു കിടക്കുന്നത് ആ ഭാഗത്തെ കൈ തലയ്ക്കു പിറകില്‍ വരത്തക്കവണ്ണം വേണം അമ്മ കിടക്കാന്‍. ചില അമ്മമാര്‍ക്ക് തുടകള്‍ക്കിടയില്‍ ഒരു ചെറിയ തലയിണ വയ്ക്കുന്നതു സൗകര്യപ്രദമായി തോന്നാം. സിസേറിയന്‍ കഴിഞ്ഞവരാണെങ്കില്‍ വയറിനു മുകളില്‍ ഒരു ചെറിയ തലയിണ വയ്ക്കുന്നത് കുഞ്ഞിക്കാലു കൊണ്ടുള്ള ചവിട്ടു തടയാന്‍ സഹായിക്കും.
മേല്‍പ്പറഞ്ഞവയ്ക്കു പുറമെ സാഡില്‍ സിറ്റിങ്ങ് (Saddle Sitting) പൊസിഷന്‍ എന്നൊരു രീതികൂടി ചിലര്‍ അവലംബിക്കാറുണ്ട്. ഒരു സൈക്കിള്‍ സീറ്റിലോ കുതിരപ്പുറത്തെ സീറ്റിലോ ഇരിക്കുന്നതുപോലെ അമ്മയുടെ മടിയില്‍ കുത്തനെ ഇരുന്നുകൊണ്ട് മുലകുടിക്കുന്ന പൊസിഷനാണിത്. കഴുത്ത് ഉറക്കാത്തതുകൊണ്ടു നവജാതശിശുക്കള്‍ക്കും മൂന്നു മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ഈ രീതി അഭികാമ്യമല്ല.
ഫലപ്രദമായ മുലയൂട്ടല്‍ എങ്ങനെ?
 ഓരോ ഒന്നര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവിട്ട് കുഞ്ഞുണര്‍ന്ന് മുല കുടിക്കും. (ദിവസത്തില്‍ 8 മുതല്‍ 12 തവണ വരെ).
 ആദ്യത്തെ ഒന്നുരണ്ടു ദിവസം പച്ച കലര്‍ന്ന കറുപ്പുനിറത്തില്‍ മലശോധന ഉണ്ടായിരിക്കും. അതിനുശേഷം തവിട്ടു കലര്‍ന്ന മഞ്ഞ നിറത്തോടും പിന്നീട് മഞ്ഞനിറത്തോടും കൂടിയ മലശോധന.
 ജനിച്ചു മൂന്നാം ദിവസം മുതല്‍ ദിവസേന മൂന്നു മുതല്‍ ആറു തവണ വരെയെങ്കിലും മലശോധന.
 ദിവസേന ആറു മുതല്‍ എട്ടു തവണ വരെയെങ്കിലും മൂത്രം പോകും. (ഡയപ്പര്‍ ഉപയോഗിക്കുകയാണെങ്കില്‍ 6—8 തവണ നന്നായി കുതിര്‍ന്ന ഡയപ്പര്‍ മാറ്റണമെന്നര്‍ഥം)
 ജനിച്ചപ്പോഴുള്ള ഭാരത്തിന്‍റെ 10% വരെ ഭാരം ആദ്യത്തെ ഒരാഴ്ച കുറയാമെങ്കിലും ജനിച്ചു അഞ്ചാറു ദിവസം കഴിയുമ്പോള്‍ മുതല്‍ ശരീരഭാരം ക്രമേണ കൂടാന്‍ തുടങ്ങും. (ദിവസേന 15 മുതല്‍ 30 ഗ്രാം വരെയും ആഴ്ചയില്‍ 110 മുതല്‍ 220 ഗ്രാം വരെയും ഭാരം വര്‍ധിക്കും.)
 ശ്രദ്ധിച്ചുനോക്കിയാല്‍ കുഞ്ഞിന്‍റെ താടിയിലെ സന്ധി പാലുകുടിക്കുന്നതിനനുസരിച്ച് ഇളകുന്നതു കാണാം. മുല വലിച്ചുകുടിക്കുന്ന ശബ്ദവും കേള്‍ക്കാന്‍ സാധിക്കും. ഒരു അഞ്ചാറുതവണ പെട്ടെന്നു വലിച്ചുകുടിച്ച് പാല്‍ വായില്‍ നിറച്ചശേഷം ഒരുമിച്ച് ഇറക്കുന്നതാണ് കുഞ്ഞുങ്ങളുടെ രീതി.
ആദ്യ ദിവസങ്ങളിലെ പാല്‍
പ്രസവാനന്തരം ആദ്യത്തെ മൂന്നു ദിവസത്തെ പാല്‍ കട്ടികൂടിയതും മഞ്ഞനിറത്തോടുകൂടിയതുമായിരിക്കും. ഇതിനെ കൊളസ്ട്രം എന്നു പറയുന്നു. രോഗപ്രതിരോധശക്തി നല്‍കുന്ന ആന്‍റിബോഡികള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ A, D, E, K എന്നിവയെല്ലാം കൂടിയ അളവില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ആദ്യത്തെ കുറെ ആഴ്ചകളില്‍ കുഞ്ഞിനെ ശ്വാസകോശ സംബന്ധമായ അണുബാധയില്‍ നിന്നും വയറിളക്കത്തില്‍ നിന്നും രക്ഷിക്കാന്‍ ഇതിനു കഴിയും. അതിനാല്‍ ഈ പാല്‍ പിഴിഞ്ഞുകളയുകയോ കുഞ്ഞിനു കൊടുക്കാതിരിക്കുകയോ ചെയ്യരുത്.
മുലപ്പാല്‍ കുറയാന്‍ കാരണങ്ങള്‍
അമ്മയുടെ പോഷണക്കുറവാണ് പാല്‍ കുറയാന്‍ പ്രധാന കാരണം. അമ്മയ്ക്കുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങള്‍, കുഞ്ഞുമായി മാനസികമായ അടുപ്പം ഇല്ലാതിരിക്കല്‍ (ഉദാ: ആവശ്യമില്ലാത്തതും അപ്രതീക്ഷിതവുമായ ഗര്‍ഭധാരണങ്ങളില്‍), പ്രസവാനന്തരമുള്ള മാനസികാസ്വാസ്ഥ്യങ്ങള്‍, മുല കൊടുക്കുന്ന രീതി ശരിയാകാതെ വരുമ്പോള്‍ പാല്‍ ചുരത്താന്‍ ബുദ്ധിമുട്ടുണ്ടാവുക എന്നീ സന്ദര്‍ഭങ്ങളിലും കുഞ്ഞിനു വേണ്ടത്ര പാല്‍ കിട്ടാതെ വരാം.
ചിലതരം മരുന്നുകള്‍ (ഗര്‍ഭനിരോധന ഗുളികകള്‍, മെതര്‍ജിന്‍, എര്‍ഗോമെട്രിന്‍ മുതലായവ. മുലയിലെ വിണ്ടുകീറലുകള്‍, പഴുപ്പ്, പതിഞ്ഞ മുലഞ്ഞെട്ട്, ഉള്‍വലിഞ്ഞ മുലഞെട്ട് എന്നിവയും മുലയൂട്ടല്‍ തടസ്സപ്പെടുത്താം. ഇത്തരം സാഹചര്യങ്ങളില്‍ മൂലകാരണം കണ്ടെത്തി ചികിത്സ വേണ്ടവയാണെങ്കില്‍ അതു ചെയ്യുക. മുല ഞെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചു മുലപ്പാല്‍ ഊറ്റിയെടുത്ത് കൊടുക്കാം.
പ്രത്യേകം ശ്രദ്ധിക്കാന്‍
 കിടന്നുകൊണ്ടു മുല കൊടുക്കുമ്പോള്‍ അമ്മ ഉറങ്ങിപ്പോകരുത്.
 പാല്‍ മൂക്കിലും ശ്വാസകോശത്തിലും കയറാതെ സൂക്ഷിക്കുക. അങ്ങനെ വന്നാല്‍ ആസ്പിരേഷന്‍ ന്യൂമോണിയ പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകാം.
 പാല്‍ ശ്വാസനാളത്തില്‍ കയറിയാല്‍ കമിഴ്ത്തിപ്പിടിച്ചു പുറത്തു തട്ടണം. ഗുരുതരമായാല്‍ വൈദ്യസഹായം തേടണം.
മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കാന്‍
 കുഞ്ഞു മുലക്കണ്ണില്‍ കഷ്ടപ്പെട്ട് എത്തിപ്പിടിക്കുന്ന രീതിയില്‍ കുഞ്ഞിനെ പിടിക്കരുത്. കുഞ്ഞിനു സൗകര്യപ്രദമായ അകലത്തില്‍ പിടിക്കണം.
 കുഞ്ഞിന്‍റെ മൂക്ക് മൂലയില്‍ അമര്‍ന്ന് ശ്വാസോച്ഛ്വാസം തടസപ്പെടരുത്. (വലിയ സ്തനങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.)
 മുലക്കണ്ണില്‍ മാത്രമായി കടിച്ചുതൂങ്ങാന്‍ കുഞ്ഞിനെ അനുവദിക്കരുത്. അതു മുലക്കണ്ണിനു ക്ഷതവും വിള്ളലും ഉണ്ടാക്കും. മറിച്ചു മുലക്കണ്ണിനു ചുറ്റുമുള്ള കറുത്ത വൃത്തം കൂടി കുഞ്ഞിന്‍റെ വായ്ക്കുള്ളിലാണെന്ന് ഉറപ്പുവരുത്തണം.
 ഓരോ തവണയും കുഞ്ഞു രണ്ടു മുലയും കുടിച്ചുതീര്‍ക്കുന്നുവെന്ന് ഉറപ്പാക്കണം.
 ഓരോ തവണ മുലയൂട്ടുമ്പോഴും തുടക്കം ഒരേ മുലയില്‍ നിന്നാവാതെ മുലകള്‍ മാറ്റിമാറ്റി കൊടുക്കുക.
 മുലയൂട്ടലിനെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ മുലപ്പാലിന്‍റെ അളവു കുറയ്ക്കും.
 മുലക്കണ്ണ് കുഞ്ഞിന്‍റെ കരച്ചില്‍ മാറ്റാനുള്ള ഉപകരണമായി ഉപയോഗിക്കാതിരിക്കുക.
 മുല കൊടുക്കും മുമ്പ് മുല നന്നായി കഴുകാനും മുലയൂട്ടല്‍ കഴിഞ്ഞാല്‍ കുഞ്ഞിനെ തോളത്തിട്ടു തട്ടി ഗ്യാസ് (ഏമ്പക്കം) പുറത്തേക്കു വിടുവിക്കാനും ശ്രദ്ധിക്കുക.
ബ്രസ്റ്റ് പമ്പ് ഉപയോഗിക്കുമ്പോള്‍
ശരിയായ രീതിയില്‍ മുല വലിച്ചു കുടിക്കാന്‍ ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങള്‍ക്കുവേണ്ടി മുലപ്പാല്‍ കറന്നെടുക്കാനുള്ള ലളിതമായ ഒരു ഉപകരണമാണ് ബ്രസ്റ്റ് പമ്പ്. ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചോ അല്ലാതെയോ കറന്നെടുക്കുന്ന പാലിനെ എക്സ്പ്രസ്ഡ് ബ്രസ്റ്റ് മില്‍ക്ക് എന്നു പറയുന്നു. പ്രത്യേകതരം പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച, മുലയില്‍ ഘടിപ്പിക്കുന്ന ഒരു ഭാഗവും ഒരു റബ്വര്‍ നിര്‍മിതമായ സക്കറും ചേര്‍ന്നതാണ് ഈ ഉപകരണം. ബ്രസ്റ്റ് പമ്പിനു പകരമായി 20 മി. ലീ. പ്ലാസ്റ്റിക് സിറിഞ്ചിന്‍റെ അറ്റം വൃത്താകൃതിയില്‍ വൃത്തിയായി മുറിച്ചുമാറ്റിയും ഉപയോഗിക്കാവുന്നതാണ്. കറന്നെടുത്ത പാല്‍ അന്തരീക്ഷത്തിലെ താപനിലയില്‍ ആറു മണിക്കൂര്‍ വരെ കേടുകൂടാതിരിക്കും.
റഫ്രിജറേറ്ററില്‍ വച്ചാല്‍ 24 മണിക്കൂര്‍ വരെ കേടുകൂടാതെ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ വച്ച മുലപ്പാല്‍ പുറത്തെടുത്താല്‍ ചൂടാക്കരുത്. പകരം സാധാരണ ഊഷ്മാവിലുള്ള പച്ചവെള്ളത്തില്‍ ഇറക്കിവച്ചു തണുപ്പു മാറ്റിയെടുക്കാം. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് കറന്നെടുത്ത പാല്‍ മുലക്കുപ്പിയിലാക്കി കൊടുക്കരുത്. ചെറിയ കപ്പും സ്പൂണും ഉപയോഗിച്ചോ പഴയ കാലത്തെ ഗോകര്‍ണം ഉപയോഗിച്ചോ കൊടുക്കാം. ഇനി അഥവാ പാല്‍ തീരെ ഇല്ലാത്തവര്‍ക്ക് കൃത്രിമ പോഷണങ്ങളെ ആശ്രയിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ പാല്‍പ്പൊടി ടിന്നില്‍ പറയുന്ന അതേ ഫോര്‍മുലയില്‍ വേണം പാല്‍ തയ്യാറാക്കാന്‍. അല്ലെങ്കില്‍ വേണ്ടത്ര പോഷണങ്ങള്‍ കിട്ടുകയില്ല. ഈ പാലും കൊടുക്കാനായി മുലക്കുപ്പിയെ ആശ്രയിക്കരുത്. ഫോര്‍മുല ഫീഡിനെക്കാള്‍ അപകടമാണു മുലക്കുപ്പിയുടെ ഉപയോഗം.

പ്രഫ. സുനില്‍ മൂത്തേടത്ത് പ്രഫസര്‍ ഓഫ് നഴ്സിങ്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി

Monday, August 8, 2016

ബന്ധങ്ങള്‍ നിലനിര്ത്താന്‍

ദാമ്പത്യ ബന്ധത്തില്‍ വിജയിക്കുക എന്നത് ഇപ്പോഴും പലര്‍ക്കിടയിലും സാധ്യമാകുന്നില്ല. പലപ്പോഴും കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളുടെ പേരില്‍ ദമ്പതികള്‍  തെറ്റിപ്പിരിയുന്നതായിട്ടാണ് നമ്മള്‍ക്ക് കാണാന്‍ സാധിക്കുക. ചില കണക്കുകള്‍ അനുസരിച്ച് സാമ്പത്തിക പ്രതിസന്ധി സമയങ്ങളില്‍ കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ട്. ദമ്പതിക്കള്‍ക്കിടയിലെ വിള്ളലുകള്‍ പലപ്പോഴും പല കാരണങ്ങള്‍ക്കൊണ്ടും ഉണ്ടാകാം.

ദീര്‍ഘകാല ദാമ്പത്യ ബന്ധങ്ങളുടെ വിജയ രഹസ്യംങ്ങള്‍ എന്താണെന്ന്  നമുക്കൊന്ന് നോക്കാം
തുറന്നു സംസാരിക്കുക
പല ദമ്പതികളും പരസ്പരം തുറന്നു സംസാരിക്കാറില്ല.പല കാര്യങ്ങളും മനസ്സില്‍ വച്ച് കൊണ്ട് നടക്കും.ഒടുവില്‍ എല്ലാം കൂടി ബോംബായി പൊട്ടിത്തെറിക്കും.തമ്മില്‍ എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടായാലും പരസ്പരം തുറന്നു പറയാനും വിട്ടു വീഴ്ചകള്‍ ചെയ്യാനും ശ്രമിക്കുക.

സ്വയംസമര്‍പ്പണം
വിജയിച്ച ബന്ധങ്ങളിലെല്ലാം പരസ്പരമുള്ള വിശ്വാസം, സമര്‍പ്പണം എന്നിവ കാണാം. പരസ്പരം ഉള്ള വിശ്വാസം ആണ് പ്രധാനം അല്ലാതെ ജോലി ,കുട്ടികള്‍ എന്ന് മാത്രം പറഞ്ഞു നടക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. നമ്മള്‍ക്ക് രണ്ടു പേര്‍ക്കും നമ്മളെ അറിയാം എനിക്ക് നീയും നിനക്ക് ഞാനും ഉണ്ടാകും എന്നുള്ള ആത്സമര്‍പ്പണത്തിനു മുന്‍പില്‍ മറ്റൊന്നും ഒന്നുമല്ല.

മറ്റുള്ളവരുടെ സ്വാതന്ത്രത്തില്‍ കൈകടത്താതിരിക്കുക
വിവാഹം കഴിച്ചു എന്നതിന്‍റെ പേരില്‍ ഒരു പരിധിയില്‍ കൂടുതല്‍ നിയന്ത്രണം പങ്കാളിക്ക് മേല്‍ വയ്ക്കുന്നത് നന്നല്ല. അവനോടു സംസാരിക്കാന്‍ പാടില്ല. അങ്ങോട്ട്‌ പോകരുത്, ഇങ്ങോട്ട് തിരിയരുത് എന്നിങ്ങനെ. ഓരോരുത്തര്‍ക്കുമുള്ള സ്വാതന്ത്രത്തില്‍ കൂടുതല്‍ കൈകടത്താതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.അതെ സമയം പങ്കാളിയുടെ ഇഷ്ട്ടം എന്താണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ ബന്ധത്തിന് കൂടുതല്‍ ദൃഡത കൈവരും.

എങ്ങിനെ സംസാരിക്കണം?
വിജയിച്ച ദമ്പതിക്കള്‍ക്കറിയാം എങ്ങിനെ സംസാരിക്കണം എന്ന്. നമ്മുടെ മാനസികസമ്മര്‍ദം മറ്റുള്ളവരില്‍ കാണിക്കാതിരിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളുടെ ഫലങ്ങള്‍ പങ്കാളിയെ അറിയിക്കണ്ട എന്നല്ല. ഒരു പക്ഷെ നമ്മുടെ ദേഷ്യം ചിലപ്പോള്‍ അവരുടെ ഹൃദയം തകര്ത്തെക്കും.

വാഗ്വാദം
പരമാവധി വാഗ്വാദങ്ങള്‍ ഒഴിവാക്കുക എങ്കിലും സ്നേഹം ഉള്ളിടങ്ങളില്‍ ചെറിയ പിണക്കങ്ങള്‍ സാധാരണം. എന്നാല്‍ അത് ഏതു രീതിയില്‍ കൊണ്ട് പോകണം എന്നതാണ് കാര്യം. വലിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തന്നെ ഒത്തുതീര്‍പ്പിനായി ശ്രമിക്കുക. ചെറിയ ഈഗോ പ്രശ്നങ്ങള്‍ ഒഴിവാക്കുക.

ലൈംഗിക ജീവിതം
എന്തൊക്കെ പറഞ്ഞാലും ലൈഗികത നല്ല ബന്ധങ്ങളുടെ കാതലാണ്. നമ്മള്‍ തൊടുന്നത് പോലും പങ്കാളിയുടെ മനസിനെ ചിലപ്പോള്‍ തണുപ്പിക്കും. അതിനാല്‍ ലൈംഗികതയെ ഒഴിവാക്കരുത്‌. വിജയിച്ച പല ബന്ധങ്ങളിലും ലൈംഗികത വലിയ പങ്കു വഹിച്ചിട്ടുണ്ട്.

മാറ്റങ്ങള്‍ സ്വീകരിക്കുക
മാറ്റങ്ങള്‍ ബന്ധങ്ങളെ വളരെ അധികം ബാധിക്കും. ഉദാഹരണത്തിന് പങ്കാളിയുടെ ജോലി നഷ്ട്ടപെട്ടത്‌ നമുക്ക് താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും മാറ്റങ്ങളോട് സഹകരിക്കുക. നമ്മള്‍ ഇഷ്ടപെട്ടത്‌ അവന്റെ/അവളുടെ ജോലിയല്ല അവനെ/അവളെയാണ് എന്ന് ബോധ്യപ്പെടുത്തുക. ഇതെല്ലാം ബന്ധങ്ങള്‍ ഉറപ്പിക്കും

പ്രേമം അവസാനിക്കുന്നില്ല
സമയം പലപ്പോഴും ബന്ധങ്ങളെ വഴി തെറ്റിക്കും. പ്രേമിച്ചു ഒരു ഘട്ടം കഴിയുമ്പോള്‍ പിന്നെ ഇങ്ങനെ ഒരാളെ പ്രേമിച്ചിരുന്നു എന്നൊരു ഓര്മ പോലും നല്കാതെയാകും പലരും ഒരുമിച്ച്ജീവിക്കുക. എന്നാല്‍ വിജയിച്ച ദമ്പതികള്‍ മരണം വരെ പരസ്പം പ്രേമിച്ചു കൊണ്ടിരിക്കും.

രഹസ്യങ്ങള്‍ സൂക്ഷിക്കുക
തുറന്നു പറച്ചില്‍ ബന്ധങ്ങളില്‍ വളരെ പ്രാധാന്യമുള്ളതാണ് എങ്കിലും എല്ലാ രഹസ്യങ്ങളും ചിലപ്പോള്‍ പങ്കാളിക്ക് ഇഷ്ട്ടം ആകണം എന്നില്ല പ്രത്യേകിച്ച് പഴ കൂട്ടുകാരനെ/കാരിയെ ആരും അറിയാതെ പ്രേമിച്ചിരുന്നു തുടങ്ങിയ സത്യങ്ങള്‍ അവരുടെ മനസിനെ ചിലപ്പോള്‍ മുറിവേല്പ്പിചെക്കാം. അതിനാല്‍ രഹസ്യങ്ങള്‍ തുറന്നു പറയുന്നതിന് മുന്‍പ് ഒന്നാലോചിക്കുക.

പരസ്പരം അറിയുക ,മൃദുവാകുക, സന്തോഷം നല്‍കുക
നമ്മുടെ പന്കാളിയോടു മൃദുവായി സംസാരിക്കുക പെരുമാറുക ഇവയെല്ലാം ആണ് ഏറ്റവും പ്രധാനം. ഈ ബന്ധം നമ്മള്‍ക്കെത്രയും സന്തോഷം നല്‍കിയോ അത്രയും സന്തോഷം പങ്കാളിക്കും കിട്ടിയെങ്കില്‍ ഈ ബന്ധം എങ്ങിനെ ഉടയാനാണ്?

Sunday, July 17, 2016

ആലപ്പുഴയ്ക്കൊരു ഒാര്‍ഡിനറി യാത്ര...


ആലപ്പുഴപട്ടണത്തിലേക്ക് ഒരു യാത്ര... കോട്ടയം കോടിമത ബോട്ട്ജട്ടിയില്‍ നിന്ന് രാവിലെ 7 ന് പുറപ്പെടുന്ന ബോട്ടില്‍ വളരെ കുറഞ്ഞ ചെലവില്‍ ധാരാളം കാഴ്ചകള്‍ കണ്ടൊരുയാത്ര.
ഞായറാഴ്ചയുടെ ആലസ്യങ്ങളുമായി ആടിപ്പാടിയെത്തിയപ്പോഴെയ്ക്കും ബോട്ട് കോടിമതയില്‍ നിന്ന് ദാ തിരിച്ചു കഴിഞ്ഞു...ഇനിയെന്തൊന്ന് ചെയ്യും എന്നും കരുതി അവിടെ നിന്നപ്പോള്‍ ദാ മുന്നോട്ട് തിരിച്ച ബോട്ട് ഒരു തരത്തില്‍ വീണ്ടും തിരിച്ച് തിരിച്ച് തിരിച്ച്... ഞങ്ങളെ കയറ്റാന്‍ വേണ്ടി മാത്രം പുറകോട്ട് വരുന്നു!!!.

7 മണിക്ക് ബോട്ട് പോകുമെന്നറിഞ്ഞു കൂടെ നിങ്ങളെന്താണ് താമസിച്ചത്? വാതില്‍ക്കല്‍ നിന്ന ചേട്ടന്റെ ചോദ്യം? എന്തായാലും ബോട്ടിലുള്ള എല്ലാവര്‍ക്കും ഞങ്ങളെ കൂടി കയറ്റാനുള്ള മനസുള്ളതുകാരണം യാത്ര തരപ്പെട്ടു... മകള്‍ എയ്ഞ്ചലയും കൂട്ടുകാരി ഗീതുവുമാണ് കൂട്ടിന്.

ബോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്നവരാണ് കൂടുതല്‍ പക്ഷെ ടൂറിസ്റ്റുകളും ഉണ്ട്...കേറിയപാടെ ഏറ്റവും പുറകിലാണ് സീറ്റ് കിട്ടിയത്...എന്‍ജിന്റെ ക്ട ക്ട ശബ്ദം... ടിക്കറ്റൊക്കെ എടുത്ത് മുന്‍പിലേക്ക് ...കൊടൂരാറിന്റെ കുഞ്ഞോളങ്ങളിലെ പൊന്‍തിളക്കം...പോളകളിളകിയൊഴുകുന്നു....മരക്കമ്പുകളില്‍ കിനാവുകണ്ടിരിക്കുന്ന സുന്ദരിക്കിളികള്‍...നോക്കെത്താദൂരത്തോളം നീലപ്പ് (നീലാകാശം...)ഇടയ്ക്കിടെ പച്ചതുരുത്തുകള്‍... കണ്ണ്നിറച്ച് കാഴ്ചകള്‍. കരയില്‍ നിന്നും ആളുകള്‍ കയറുന്നു ഇറങ്ങുന്നു...

ഇടയ്ക്ക് തൊട്ടപ്പുറത്തിരിക്കുന്ന ജര്‍മന്‍ ദമ്പതികളുമായി എയ്ഞ്ചല കൂട്ടായി. ഇന്ത്യയിലെ പ്രസിദ്ധ സ്ഥലങ്ങളുടെ വിവരണങ്ങളടങ്ങിയ പുസ്തകം ഇടയ്ക്കിടയ്ക്കു മറിച്ചു നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു എന്തായാലും പുസ്തകത്തിലെ കുരങ്ങനെയും പൂക്കളെയുമൊക്കെ കാണിച്ച് തന്റെ മൂന്ന് വര്‍ഷത്തെ അറിവുകള്‍ ജര്‍മ്മന്‍കാരോട് പറഞ്ഞു കൊടുക്കുന്നുണ്ട്...ജര്‍മനിക്കാരെ എയ‌്ഞ്ചലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കണെ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങളും...!


ചൂണ്ടകളും ചോറുപാത്രങ്ങളുമായി വന്നവര്‍ മീന്‍ തേടി ഇറങ്ങി തുടങ്ങി...ടൗണില്‍ പോകേണ്ടവര്‍ കയറിക്കൊണ്ടുമിരുന്നു. ഇടയ്ക്ക് കുറച്ചു നേരം ഒരു മീന്‍ പിടുത്ത ബ്രേക്ക് ഉണ്ടായിരുന്നു. വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ടയാള്‍ പൊങ്ങിയത് പിടയ്ക്കുന്ന കരിമീനുമായിട്ടാണ്...രാവിലെ വീട്ടുവാതില്‍ക്കല്‍ എത്തുന്ന മീന്‍കാരനുമായി വിലപേശുന്ന നേരത്ത് ഇങ്ങോട്ട് പോന്നാല്‍ മതിയല്ലോ എന്ന് വെറുതെയൊന്നു വിചാരിച്ചു? വിചാരിക്കാല്ലോ? ബോട്ടിനൊപ്പം പറന്നെത്തുന്ന വര്‍ണകിളികളുടെ വേഗതയും ചുറ്റിക്കറങ്ങിയുള്ള പോക്കും കാമറയില്‍ പകര്‍ത്താന്‍ ഒരുങ്ങിയ ടൂറിസ്റ്റുകളെ പറ്റിച്ചെ എന്ന് പറഞ്ഞ് പറന്നകന്ന പക്ഷികള്‍...

ആ കര ഈ കര ...ആളുകളെ കയറ്റിയും ഇറക്കിയുമുള്ള യാത്ര...ആലപ്പുഴയിലേക്ക് ഇതാദ്യമായല്ല...ഒരു പാട് തവണ വന്നിട്ടുണ്ടെങ്കിലും കാഴ്ചയുടെ ഫ്രയിമുകള്‍ക്ക് നിറം കൂടിയിട്ടെയുള്ളു...കൂട്ടുകാരുമായി വന്ന ആദ്യയാത്രയുടെ കാഴ്ചകള്‍ നിറംമങ്ങാതെ നില്‍ക്കുന്നു. ആര്‍ ബ്ലോക്കിലെ കപ്പയും മീന്‍കറിയും കഴിച്ച് അതിനടുത്തുള്ള പാടവരമ്പത്ത് സൊറപറഞ്ഞിരുന്നതും.

കൂട്ടുകാരിയുടെ അച്ഛന്റെ ജോലിസ്ഥലത്ത് സദ്യയൊരുക്കിയതും വള്ളം കളികണ്ടതും...തൊടിയില്‍ നിറയെ കായ്ച്ചു നിന്ന് പേരമരവും... പേരയ്ക്കപറിച്ച് നടന്നു വന്ന വഴിക്ക് ഒരാവശ്യവുമില്ലാതെ ചാലൊഴുകുന്നതിന് മീതെ ചാടി തെന്നി വീണതുമെല്ലാം ചിന്നി മിന്നി പോയി...അതിന്റെയൊക്കെ ഉഗ്രന്‍ചിത്രങ്ങള്‍ പകര്‍ത്തിയ മോട്ടുമുയലിനെപ്പോലുള്ള കൂട്ടുകാരന്റെ കൂള്‍ പിക്സ് ക്യാമറ - പക്ഷെ ഭാഗ്യമോ നിര്‍ഭാഗ്യമോ? ബോട്ടില്‍ നിന്നും കരയിലേക്കിറങ്ങുന്നതിനിടയില്‍ പൊന്നുപോലെ സൂക്ഷിച്ച ക്യാമറ വേമ്പനാട്ട് കായലില്‍ വീണു...ചില യാത്രകളുടെ ഒാര്‍മകള്‍ക്ക് മധുരം കൂടുതലാണ്!


ക്യൂ, എസ്, ടി. കായല്‍നിലങ്ങള്‍
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം തിരുവിതാംകൂറില്‍ ഭക്ഷ്യക്ഷാമം നേരിട്ടകാലത്ത് കേരളത്തെ ഊട്ടിയ കായല്‍ രാജാക്കന്‍മാരുടെ ചരിത്രമുറങ്ങുന്ന നാട്ടിലൂ ടെയാണ് ഈ യാത്ര. മുരിക്കനെപോലെയുള്ള കായല്‍ രാജാക്കന്‍മാരുടെ ധീരകഥകള്‍...ആധുനിക എന്‍ജിനിയറിങ് വിദഗ്ദര്‍പോലും അമ്പരപ്പോടെ നോക്കുന്ന കായല്‍നില നിര്‍മാണം.

ചുറ്റും ബണ്ട് കെട്ടി സമുദ്രനിരപ്പിനെക്കാള്‍ താഴെ കൃഷിഭൂമിയൊരുക്കി ധാന്യം വിളയിക്കാമെന്ന് കാണിച്ചുതന്ന തോമസ് ജോസഫ് മുരിക്കന്‍. ചിത്തിര (C), റാണി (R), മാര്‍ത്താണ്ഡം (M) ബ്ലോക്കുകളില്‍ കതിര്‍മണി വിളയിച്ച മികവിന് കൃഷിരാജാപട്ടം നല്‍കി അന്നത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍നെഹ്റു അദേഹത്തെ ആദരിച്ചു.
മുരിക്കന്റെ പള്ളി
ചിത്തിര കായലിന് സമീപമുള്ള ചിത്തിരപള്ളി(ദേവാലയം) മുരിക്കന്റെ പള്ളി എന്നാണ് അറിയപ്പെടുന്നത്. ചരിത്രസ്മാരകത്തിന്റെ ജലഛായചിത്രം പോലെ കായലിന് കാവലായ് നില്‍ക്കുന്നു ഈ ആലയം. പണ്ട് കായലിനു നടുവിലെ കൃഷിയിടം കാണാന്‍ വേണ്ടിമാത്രം വിദേശത്തുനിന്നും ഇവിടെ ആളുകള്‍ വന്നിരുന്നു...

ഭൂനയം പ്രാബല്യത്തില്‍ വന്നതോടെ കൃഷിഭൂമികളൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്നിപ്പോള്‍ മിക്കഭാഗവും കൃഷിയില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു.സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതറിഞ്ഞ് മുരിക്കന്‍ പറഞ്ഞു - സര്‍ക്കാര്‍ കൃഷിനടത്തുന്നത് കാണാമല്ലോ- എന്ന് പഴമൊഴി. ഇന്നിപ്പോള്‍ കായലില്‍ നിന്നും കുത്തിയെടുത്ത കൃഷിഭൂമി വീണ്ടും കായലായി മാറിക്കൊണ്ടിരിക്കുന്നു. കൃഷിയുടെ കാര്യത്തില്‍ ആ വാക്കുകള്‍ അറം പറ്റിയിരിക്കുകയാണ്. പാടം നിറയെ ധാന്യമണികളും അത് കൊത്തിപ്പെറുക്കാന്‍ വിരുന്നെത്തുന്ന ദേശാടനക്കിളികളും, അന്യംനിന്നു കൊണ്ടിരിക്കുന്നു.


രണ്ടുമണിക്കൂര്‍ യാത്ര ലക്ഷ്യസ്ഥാനം എത്താറായി...ഇളം വെയിലിന്റെ നിറം മാറി...തിരിച്ചുള്ള ബോട്ട് സമയം 11.30, 2.30, പിന്നെ 5നും...അപ്പോള്‍ 2.30നുള്ള ബോട്ടില്‍ തിരിച്ച് തുഴയാം എന്ന കണക്കു കൂട്ടലില്‍ ആലപ്പുഴപ്പട്ടണത്തിലേക്ക്...വേറെ ഒന്നുമില്ല ആദ്യം കണ്ട കടയില്‍ നിന്ന് കാപ്പികുടിച്ചു...എന്നാല്‍ പിന്നെ അര്‍ത്തുങ്കല്‍ പള്ളി വരെയൊന്നു പോയേക്കാം.... ഒരു പ്രൈവറ്റ് ബസില്‍ അര്‍ത്തുങ്കലേക്ക്...
പള്ളിയില്‍ പെരുന്നാളൊന്നുമല്ലെങ്കിലും ഞായറാഴ്ച കുര്‍ബാന കൂടാന്‍ ആള്‍ക്കാര്‍ ഒരുപാടുണ്ടായിരുന്നു...മുറ്റത്തെ പഞ്ചാരമണലില്‍ കാലുകള്‍ പതിപ്പിച്ച് കുറച്ചുനേരം...കടല്‍ തീരത്ത് പോകാനുള്ള ആഗ്രഹം കത്തുന്നവെയിലില്‍ മറന്നുപോയി!. അടുത്ത ബസില്‍ തിരിച്ച് ആലപ്പുഴയ്ക്ക്...നേരം ഉച്ചയായെങ്കിലും ചോറുകഴിക്കാനുള്ള വിശപ്പൊന്നും ഇല്ലായിരുന്നതുകൊണ്ട് ഒാരോ ജ്യൂസ് കുടിച്ച് ബോട്ടുജട്ടിയിലേക്ക്...

തിരിച്ചുള്ള ബോട്ട് കാഞ്ഞിരം വരെയെയുള്ളു. ഇപ്രാവശ്യം ബോട്ടെത്തുന്നതിനും മുന്‍പേ എത്തിയല്ലോ എന്ന് വിചാരിച്ച് കാഞ്ഞിരം ബോട്ടിലേക്ക്...ഇഷ്ട സീറ്റില്‍ അങ്ങനെ ഇരിക്കുമ്പോള്‍ ദാ വരുന്നു രാവിലെ പരിചയപ്പെട്ട ജര്‍മനിക്കാര്‍...അവരും ആലപ്പുഴ കണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. എട്ട് ദിക്കും പിന്നെ ബോട്ടും ഞെട്ടുന്ന പോലെ ഉറക്കെ ഹായ് എയ്ഞ്ചല...എന്ന്!!! ബോട്ടിലുള്ള മനുഷ്യരൊക്കെ നിങ്ങളൊക്കെ ആരാ എന്ന ഭാവത്തില്‍ ഞങ്ങളെ നോക്കുന്നില്ലെ എന്നൊരു സംശയം? ആഹ... വെള്ളത്തിലാണ് പുറത്തേയ്ക്കിറങ്ങാനും പറ്റത്തില്ല...!

എന്തായാലും അങ്ങോട്ട് പോയതിലും വേഗതയില്‍ ഇങ്ങോട്ട് എത്തിയെന്നു തോന്നുന്നു...തിരിച്ചുള്ളയാത്രയില്‍ രാവിലെ മീന്‍ പിടിക്കാന്‍ ഒാരോ തുരുത്തില്‍ ഇറങ്ങിയവരൊക്കെ ചെറു സഞ്ചികളുമായി കയറുന്നുണ്ടായിരുന്നു.

എല്ലാവരും ഒരു നല്ലദിവസം കിട്ടിയതിന്റെ സന്തോഷവുമായി വീടുകളിലേക്ക്. രാവിലെ മുന്നോട്ട് യാത്രതുടങ്ങിയ ബോട്ടിനെ പുറകോട്ടടുപ്പിച്ച് ഞങ്ങളെ കയറ്റാന്‍ നല്ല മനസുകാണിച്ച ബോട്ടുയാത്രക്കാര്‍ക്കെല്ലാം നന്ദിയോടെ വീട്ടിലേക്ക്...

Text - അല്‍ഫോന്‍സാ ജിമ്മി, Photos - ജിമ്മികമ്പല്ലൂര്‍