Tuesday, August 8, 2017

പരിപ്പു ചീര പറിച്ചു കളയാനുള്ളതല്ല


സാമ്പാര്‍ ചീര, വാട്ടര്‍ ലീഫ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന പരിപ്പുചീര നമ്മുടെ നാട്ടില്‍ തഴച്ചുവളരുന്ന പച്ചക്കറിയാണ്. പോര്‍ട്ടുലാക്കേസീ കുടുംബത്തില്‍പ്പെട്ട ഈ ബ്രസീലുകാരിയുടെ ശാസ്ത്രനാമം ടാലിനം ട്രയാന്‍ഗുലേര്‍.

നമ്മുടെ സാമ്പാറിനും മൊളുഷ്യത്തിനും കൊഴുപ്പുകൂട്ടാന്‍ പറ്റിയതാണ് പരിപ്പുചീര. തക്കാളിയും പരിപ്പുചീരയും ഉള്ളിയും ചേര്‍ത്തുണ്ടാക്കുന്ന സോസ് കാമറൂണ്‍കാരുടെ തീന്‍മേശയിലെ അവിഭാജ്യഘടകമാണ്. അമേരിക്കക്കാരുടെ വെജിറ്റബിള്‍ സൂപ്പിന് കൊഴുപ്പ് കൂട്ടുന്നതും അവര്‍ ടാലിനം എന്ന് വിളിക്കുന്ന പരിപ്പുചീര തന്നെ. മീസില്‍സ് മുതല്‍ പ്രമേഹം വരെയുള്ള രോഗചികിത്സയില്‍ പരിപ്പുചീരയ്ക്ക് അതിന്റേതായ പങ്കുണ്ട്.

മറ്റു പച്ചക്കറികളുമായി തട്ടിച്ചുനോക്കുമ്പോള്‍ പതിന്മടങ്ങ് വിറ്റാമിന്‍ 'എ' അടങ്ങിയതാണ് പരിപ്പുചീര. ഒപ്പം കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂലകങ്ങളുടെ കലവറയും.

പച്ചനിറത്തില്‍ തിങ്ങിവളരുന്ന പരിപ്പുചീരയ്ക്ക് പിങ്കുനിറത്തില്‍ ചെറിയപൂക്കളുണ്ട്. യാതൊരു പരിചരണവും കൂടാതെ തഴച്ചുവളരുന്നതിനാല്‍ കളകളെന്ന് കരുതി പറിച്ചു കളയുന്നതാണ് പരിപ്പുചീരയുടെ ശാപം. നമ്മുടെ ചീരയുള്‍പ്പെടെയുള്ള ഏത് ഇലക്കറിയും പൂവിടാന്‍ തുടങ്ങിയാല്‍ ഇലകളുടെ വലിപ്പം കുറയും. പരിപ്പുചീരയ്ക്ക് അത്തരം പ്രശ്‌നങ്ങളില്ല. എന്നും എപ്പോഴും ഒരേ പച്ചപ്പാണ് പരിപ്പുചീരയുടെ പ്രത്യേകത.

ഇളം തണ്ട് മുറിച്ചു നട്ടാണ് വംശവര്‍ധന. വേനല്‍മഴ കിട്ടിക്കഴിഞ്ഞാല്‍ കൃഷിയിറക്കാം. അടിവളമായി ഓരോ ചെടിക്കും രണ്ടു പിടി ചാണകവളം നല്‍കണം. തൈകള്‍ നട്ട് ഒന്നരമാസത്തിനുള്ളില്‍ വിളവെടുപ്പ് തുടങ്ങാം. ഓരോ വിളവെടുപ്പിന് ശേഷവും ഒരു പിടി ജൈവവളം നല്‍കി മണ്ണ് കൂട്ടിക്കൊടുക്കണം. കീടങ്ങളൊന്നും തന്നെ പരിപ്പുചീരയെ ബാധിക്കാറില്ല.