Wednesday, June 6, 2018

വിമാന അപകടങ്ങള്‍

വിമല്‍ ഗായത്രി(vimalgayathri@gmail.com) എന്ന ചേട്ടന്‍ തന്റെ ബ്ലോഗില്‍ എഴുതിയ ചില വിമാന അപകടങ്ങളുടെ വിവരണം ഇതാ നിങ്ങള്ക്കായി...


ക്രാഷ്‌ ലാന്റ്‌ 1 - പ്രേതവിമാനം!

2005 ഓഗസ്റ്റ്‌ 14 രാവിലെ. സൈപ്രസ് എന്ന ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പറക്കാനായി ഹീലിയോസ് എയര്‍വെയ്സിന്‍റെ ഫ്ലൈറ്റ്‌ 522 തയ്യാറെടുക്കുന്നു. വിമാനത്തിനുള്ളില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ക്യാബിന്‍ ക്രൂ ആന്തൃയാസ് പെട്രോമോ ഡോറിന് മുന്നില്‍ നിലയുറപ്പിച്ചു. ഇരുപത്തഞ്ചു കാരനായ അയാള്‍ കൊമേഴ്സ്യല്‍ പൈലറ്റ്‌ ട്രെയ്നിംഗ് പൂര്‍ത്തിയാക്കി പൈലറ്റായി പുതിയൊരു കരിയര്‍ തുടങ്ങാനായി അവസരം കാത്തിരിക്കുകയാണ്. ഓഫ്ഡ്യൂട്ടി ആയിരുന്നിട്ടും, തന്‍റെ കാമുകിയും ഈ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമായ ഹരിസിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനായി പെട്രോമോ പ്രത്യേകം തരപ്പെടുത്തിയതാണ് ഈ ഡ്യൂട്ടി. കോക്പിറ്റില്‍ ക്യാപ്റ്റന്‍ ഹാന്‍സ്‌ മാര്‍ട്ടിനും കോ-പൈലറ്റ്‌ പാംപോസും പ്രീ ഫ്ലൈറ്റ്‌ ചെക്കിങ്ങുകള്‍ പൂര്‍ത്തിയാക്കി. വേനലവധി ആയതിനാല്‍ കുടുംബങ്ങള്‍ ആയിരുന്നു യാത്രക്കാരില്‍ അധികവും. ഒടുവില്‍, കൃത്യം 9 മണിക്ക് 115 ഓണ്‍ ബോര്‍ഡ്‌ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഹീലിയോസ് വിമാനം വായുവിലേക്ക് പറന്നുയര്‍ന്നു. 


എയര്‍ ട്രാഫിക്‌ കണ്ട്രോളര്‍ നിര്‍ദേശിച്ച 32000 അടി ആള്‍ട്ടിറ്റ്യൂഡിലേക്ക് വിമാനം കുതിക്കുന്നതിനിടയില്‍ കോക്ക്പിറ്റില്‍ മുഴങ്ങിയ ഒരു അലാം, വിമാനത്തില്‍ അത് വരെയുണ്ടായിരുന്ന സാധാരണ അവസ്ഥ മാറ്റി മറിക്കുകയായിരുന്നു. കിട്ടിയ ഇന്‍ഡിക്കേഷന്‍ 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' ആണ് എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, എയര്‍ ട്രാഫിക്‌ കണ്ട്രോളറെ വിവരം അറിയിച്ചു. 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' എന്നത് വിമാനം റണ്‍വേയിലായിരിക്കുമ്പോള്‍ മാത്രം കേള്‍ക്കാനിടയുള്ള ഒന്നാണ്. വിമാനത്തിന്‍റെ എന്‍ജിനുകള്‍ ടേക്ക് ഓഫിന് തയ്യാറല്ല എന്ന് പൈലറ്റിനെ അറിയിക്കുകയാണ് ഈ അലാം ചെയ്യുന്നത്. പക്ഷേ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം പത്ത്‌ കിലോമീറ്റര്‍ ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ ഇങ്ങനെ ഒരു അലാം കേട്ടതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ആകെ ആശയക്കുഴപ്പത്തിലായി. ഒപ്പം വിമാനത്തിനുള്ളില്‍ ചൂട് വര്‍ദ്ധിക്കുകയും ഓക്സിജന്‍റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യാന്‍ തുടങ്ങി. കോക്ക്പിറ്റിലെ പിരിമുറുക്കം വീണ്ടും കൂട്ടിക്കൊണ്ട് പുതിയൊരു മുന്നറിയിപ്പ് കൂടി പൈലറ്റുമാര്‍ക്ക് ലഭിച്ചു- 'Master caution alarm'! വിമാനത്തിനുള്ളിലെ ചില സംവിധാനങ്ങള്‍ അസാധാരണമായി ചൂടാവുന്നു എന്ന് നിര്‍ദേശിക്കുകയാണ് ഈ അലാം ചെയ്യുന്നത്. ഒപ്പം പൈലറ്റുമാരുടെ അറിവില്ലാതെ തന്നെ പാസഞ്ചര്‍ ക്യാബിനിലെ ഓക്സിജന്‍ മാസ്കുകള്‍ താഴേക്ക് വീഴുകയും ചെയ്തു! എന്താണ് സംഭവിക്കുന്നത് എന്നറിയാതെ 115 യാത്രക്കാരും, കോക്ക്പിറ്റില്‍ നിന്നും യാതൊരു മുന്നറിയിപ്പും ലഭിക്കാത്തതിനാല്‍ ക്യാബിന്‍ ക്രൂവും പരിഭ്രമിച്ചു. ക്രൂവിന്‍റെ നിര്‍ദേശ പ്രകാരം എല്ലാ യാത്രക്കാരും ഓക്സിജന്‍ മാസ്കുകള്‍ ധരിച്ചു. ടേക്ക് ഓഫ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ സൈപ്രസ്സിലെ കണ്ട്രോള്‍ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പൈലറ്റുമാര്‍ പ്രതികരിക്കാതെയായതോടെ ഫ്ലൈറ്റ്‌ 522 നും 115 യാത്രക്കാര്‍ക്കും വിമാന ജീവക്കാര്‍ക്കും എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയാതെയായി. എന്നാല്‍ അപ്പോഴും മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ഏഥന്‍സ് ലക്ഷ്യമാക്കി ഹീലിയോസ് 522 കുതിക്കുകയായിരുന്നു! 

ഏഥന്‍സ്: 
സാധാരണയായി സൈപ്രസില്‍ നിന്നും ഏഥന്‍സിലേക്കുള്ള യാത്രയ്ക്ക് ഒന്നര മണിക്കൂറാണ് വേണ്ടിയിരുന്നത്. പക്ഷെ ഹീലിയോസ് 522 ഏകദേശം രണ്ടു മണിക്കൂറായി എയര്‍പോര്‍ട്ടുമായി ബന്ധപ്പെടാതെ ഏഥന്‍സ് നഗരത്തിന് മുകളിലൂടെ വട്ടമിട്ട് പറക്കുകയാണ്. ഫ്ലൈറ്റ്‌ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് ഗ്രീസ് ഭരണകൂടം ഉറപ്പിച്ചു. മൂന്ന് മില്ല്യയണിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഏഥന്‍സിലേക്ക് വിമാനം ഇടിച്ചിറക്കിയാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട ഗ്രീക്ക്‌ എയര്‍ ഫോഴ്സ്‌ രണ്ട് ഫൈറ്റര്‍ ജെറ്റ്‌ വിമാനങ്ങളെ ഹീലിയോസ് വിമാനത്തിനെ നിരീക്ഷിക്കാന്‍ അയച്ചു. എന്നാല്‍ ഹീലിയോസ് ഫ്ലൈറ്റിന്‍റെ അടുത്തുകൂടി പറന്ന ഫൈറ്ററിന്‍റെ പൈലറ്റ്‌ കണ്ട്രോള്‍ ടവറില്‍ അറിയിച്ച വിവരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ ക്യാപ്റ്റനെ കാണാനില്ല! കോ-പൈലറ്റ്‌ ബോധരഹിതനായി സീറ്റില്‍ ഇരിക്കുന്നു! ക്യാബിനിലെ ഒരു യാത്രക്കാരനും തങ്ങളുടെ വിമാനത്തോട് ചേര്‍ന്ന് ഒരു യുദ്ധ വിമാനം പറക്കുന്നത് ശ്രദ്ധിക്കുന്നത് പോലുമില്ല. എല്ലാപേരും മരിച്ചിരിക്കുന്നു! പെട്ടെന്നാണ് ഫൈറ്റര്‍ പൈലറ്റ്‌ അത് കണ്ടത്. ഒരാള്‍ ഇപ്പോള്‍ കോക്ക്പിറ്റില്‍ അനങ്ങുന്നു! അയാള്‍ ക്യാപ്റ്റന്‍റെ സീറ്റില്‍ വന്നിരുന്നു. ഫൈറ്ററിന്‍റെ പൈലറ്റും കണ്ട്രോള്‍ ടവറും പല തവണ ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെട്ടെന്ന് ഹീലിയോസ് വിമാനം ഇടത്തേക്ക് തിരിയുകയും കുത്തനെ താഴേക്ക് കുതിക്കുകയും ചെയ്തു. ഒടുവില്‍, സൈപ്രസില്‍ നിന്നും പറന്നുയര്‍ന്ന ഹീലിയോസ് 522 മൂന്നര മണിക്കൂറുകളുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഏഥന്‍സിലെ ഒരു മലയിലേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്തു! വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാപേരും കൊല്ലപ്പെട്ടു. 

അന്വേഷണം ആരംഭിച്ചു. പക്ഷെ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ കുഴക്കിയത് മറ്റൊരു കണ്ടെത്തലായിരുന്നു. ദുരന്തത്തിനിരയായവര്‍ എല്ലാപേരും ക്രാഷ് സമയത്ത് ജീവനോടെ ഉണ്ടായിരുന്നു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്! അവര്‍ മരിച്ചത് വിമാനം നിലത്ത് പതിച്ചതിന്‍റെ ആഘാതത്തിലായിരുന്നു. അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമായി. പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ഉത്തരം കണ്ടു പിടിക്കേണ്ടത്. 
1. യാത്രക്കാര്‍ മരിച്ചത് യാത്രയ്ക്കിടെ അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ ഒരു യുദ്ധ വിമാനത്തിന്‍റെ സാമീപ്യത്തില്‍ പോലും പ്രതികരിച്ചില്ല? 
2. ഫൈറ്റര്‍ വിമാനത്തിന്‍റെ പൈലറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അവസാന നിമിഷം വിമാനത്തിനെ നിയന്ത്രിച്ചിരുന്ന, വിമാനത്തിനുള്ളില്‍ അന്നേരം ചലിച്ചിരുന്ന ഒരേ ഒരാള്‍... ആര്? 

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം കോക്ക്പിറ്റിലെ അവശിഷ്ട്ടങ്ങളില്‍ നടത്തിയ ടിഷ്യൂ പരിശോധനകളില്‍ നിന്നും ചീഫ്‌ ഇന്‍വെസ്റ്റിഗേറ്ററായ ആക്രിവോസ്‌ സൊലക്കിസിന് ലഭിച്ചിരുന്നു. വിമാനം താഴേക്ക് പതിക്കുപോള്‍ കണ്ട്രോളില്‍ ഉണ്ടായിരുന്നത് ക്യാപ്റ്റനോ കോ-പൈലറ്റോ ആയിരുന്നില്ല; ഫ്ലൈറ്റ്‌ അറ്റന്‍റന്‍റ് പെട്രോമോ ആയിരുന്നു അത്! തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നും ഇയാള്‍ പൈലറ്റ്‌ ട്രൈനിംഗ് കഴിഞ്ഞിരുന്നു എന്നും വ്യക്തമായി. ടെററിസ്റ്റ് അറ്റാക്ക്‌ എന്ന രീതിയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോയത്; വിമാനത്തിന്‍റെ വോയിസ്‌ റെക്കോര്‍ഡര്‍ പരിശോധിക്കുന്നത് വരെ. അതില്‍ ക്രാഷിന്‍റെ അവസാന നിമിഷങ്ങളില്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന പെട്രോമോയുടെ ശബ്ദമായിരുന്നു! പക്ഷേ വിമാനത്തിന്‍റെ റേഡിയോ സംവിധാനം അപ്പോഴും സൈപ്രസിലെ എയര്‍ട്രാഫിക്‌ കണ്ട്രോള്‍ ടവറിലേക്ക് ട്യൂണ്‍ ചെയ്തിരുന്നതിനാല്‍ ആരും ആ അഭ്യര്‍ത്ഥന കേട്ടതും ഇല്ല. ഇതേ കാരണം തന്നെയായിരുന്നു ഫൈറ്റര്‍ പൈലറ്റ് ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോയതിനു പിന്നിലും. വിമാനം പെട്ടെന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ് താഴേക്ക് പതിച്ചത് ഇടത് എന്‍ജിനില്‍ ഇന്ധനം തീര്‍ന്നത് കൊണ്ടാണെന്നും കണ്ടെത്തപ്പെട്ടു. ഡാറ്റാ റെക്കോര്‍ഡര്‍ കൂടി പരിശോധിച്ചപ്പോള്‍ ആദ്യ അരമണിക്കൂറിനു ശേഷം വിമാനം മനുഷ്യ നിയന്ത്രണത്തിലായിരുന്നില്ല, മറിച്ച് ഓട്ടോ പൈലറ്റ്‌ സിസ്റ്റം ആണ് വിമാനം പറത്തിയിരുന്നത് എന്ന് വ്യക്തമായി. ഹൈജാക്കല്ല ദുരന്ത കാരണം എന്ന് മനസ്സിലാക്കിയതോടെ വോയിസ്‌ റെക്കോര്‍ഡറിന്‍റെ ആദ്യ അര മണിക്കൂര്‍ പുനഃ പരിശോധിക്കപ്പെട്ടു. അതില്‍ നിന്നും പൈലറ്റുമാര്‍ കോക്ക്പിറ്റില്‍ കണ്ട അലാമിലേക്കായി അന്വേഷണം. ഇതിനിടയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ നശിക്കാത്ത ഒരു ഇലക്ട്രോണിക് സ്വിച്ച്പാനല്‍ അന്വേഷണത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി. പ്രഷറൈസേഷന്‍ പാനല്‍. വിമാനം പറക്കുമ്പോള്‍ ഓട്ടോമാറ്റിക് മോഡില്‍ ആയിരിക്കേണ്ട ഈ പാനലിലെ സ്വിച്ച്, മാനുവല്‍ മോഡില്‍ ആയിരുന്നു കാണപ്പെട്ടത്! 

ഒടുവില്‍, വിമാനത്തിന്‍റെ മെയിന്‍റനന്‍സ് എന്‍ജിനിയറെ ചോദ്യം ചെയ്തതില്‍ നിന്നും ഹീലിയോസ് വിമാനത്തിന് സംഭവിച്ച ദുരൂഹതയുടെ ചുരുളഴിഞ്ഞു. അവസാന പറക്കലിനു തൊട്ട് മുന്‍പുള്ള യാത്രയ്ക്കിടെ വിമാനത്തിന്‍റെ പിന്‍ വാതിലില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തെ പറ്റി ഫ്ലൈറ്റ് ക്രൂ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും യാത്രയ്ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരുന്ന വിമാനം എന്‍ജിനിയറും അദ്ദേഹത്തിന്‍റെ സഹായിയും പരിശോധിച്ചു. വിമാനവാതിലിന്‍റെ സീല്‍ സംവിധാനത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കാനായി അവര്‍ ഒരു പ്രഷറൈസേഷന്‍ ടെസ്റ്റ്‌ നടത്തിയിരുന്നു. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാതെ തന്നെ ഡിജിറ്റല്‍ പ്രഷര്‍ കണ്ട്രോള്‍ യൂണിറ്റ് മാനുവല്‍ മോഡിലേക്ക് മാറ്റി അവര്‍ വിമാനത്തിനുള്ളിലെ വായൂ സമ്മര്‍ദ്ദം കൂട്ടി. എന്നാല്‍ വാതിലിലൂടെ വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തി അവര്‍ പരിശോധന അവസാനിപ്പിച്ചു. പക്ഷെ പ്രഷറൈസേഷന്‍ പാനലിലെ സ്വിച്ച് തിരികെ ഓട്ടോ പൊസിഷനിലേക്ക് തിരിച്ചു വയ്ക്കാന്‍ എന്‍ജിനിയര്‍ മറന്നു! ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്ന കാര്യം. 

വിമാനത്തില്‍ യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ ആവശ്യമായ ഓക്സിജന്‍റെ അളവ് നില നിര്‍ത്തുന്ന സംവിധാനം മാനുവല്‍ മോഡിലേക്ക് മാറ്റപ്പെട്ടിരുന്നതിനാല്‍ വിമാനം പറന്നുയര്‍ന്നു കഴിഞ്ഞപ്പോള്‍ ക്യാബിന്‍ ഓട്ടോമാറ്റിക്‌ ആയി പ്രഷറൈസ് ചെയ്യപ്പെട്ടില്ല! ഇതിനെ തുടര്‍ന്ന്‍ കോക്ക്പിറ്റില്‍ കേട്ട അലാം, ശബ്ദത്തിലെ സാമ്യത കൊണ്ട് ടേക്ക്ഓഫ്‌ കോണ്‍ഫിഗര്‍ വാണിംഗ് ആയി പൈലറ്റുമാര്‍ തെറ്റിദ്ധരിക്കുകയും കൂടി ചെയ്തതോടെ വലിയ ഒരു ദുരന്തത്തിലേക്ക് അവര്‍ പറന്നടുക്കുകയായിരുന്നു. ശരീരത്തിനുള്ളിലേക്ക് ചെല്ലുന്ന ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ പൈലറ്റുമാര്‍ക്ക് അവരുടെ പ്രതികരണ ശേഷി സാവധാനം കുറഞ്ഞു തുടങ്ങി. കണ്ട്രോള്‍ ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പോലും അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെയായി. ഒടുവില്‍ അവര്‍ക്ക് ബോധം പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു. പിന്നിലെ ക്യാബിനില്‍ അപ്പോഴും യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല- തങ്ങളുടെ വിമാനം ഇപ്പോള്‍ പറക്കുന്നത് മനുഷ്യ സഹായമില്ലാതെയാണ് എന്ന്! എന്നാല്‍ വെറും പന്ത്രണ്ട് മിനിറ്റ്‌ നേരം മാത്രം ഓക്സിജന്‍ സപ്ലെ ചെയ്യാന്‍ കഴിവുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ കാലിയായതോടെ യാത്രക്കാരും മെല്ലെ മെല്ലെ ബോധത്തിനും അബോധത്തിനും ഇടയിലുള്ള, പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട അവസ്ഥയും കടന്ന് ബോധ രഹിതരായി! 

പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുക്കാഞ്ഞതിനാല്‍ വിമാനം ഏഥന്‍സ് വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടേയിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് പെട്രോമോ അവസാനം വരെ ബോധം നില നിര്‍ത്തിയതെന്നും തെളിഞ്ഞു. അതും തീര്‍ന്നപ്പോഴാണ്‌ അയാള്‍ കോക്ക്പിറ്റിലേക്ക് എത്തുന്നതും വിമാനത്തിന്‍റെ കണ്ട്രോള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും. പക്ഷേ അപ്പോഴേക്കും ഇടത് എന്‍ജിനിലെ അവസാന തുള്ളി ഇന്ധനവും കുടിച്ചു തീര്‍ത്ത്, ഏവിയേഷന്‍ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും വലിയ ദുരൂഹത ഉയര്‍ത്തിയ വിമാനം താഴേക്ക് കുതിച്ചു. ഏഥന്‍സിലെ ആ മലനിരകളിലേക്ക്......

ക്രാഷ്‌ ലാന്റ്‌ 2 - ദി റിയല്‍ കാണ്ഡഹാര്‍!!
ഡിസംബര്‍ 24, 1999. ലോകം ക്രിസ്മസിനെ വരവേല്‍ക്കാന്‍ തയാറെടുക്കുന്നു. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനം IC 814 ഡല്‍ഹിയിലേക്കു പുറപ്പെടാനായി റണ്‍വേ ലക്ഷ്യമാക്കി ടാക്സീ വേയിലൂടെ മെല്ലെ നീങ്ങി. വൈകുന്നേരം 4 മണിക്ക്‌ റണ്‍വേയില്‍ നിന്നും പറന്നുയരുമ്പോഴും ലാന്‍ഡിംഗ്‌ ഗിയറിനെ ഉള്ളിലൊതുക്കി ഗിയര്‍ ഡോര്‍ അടയുന്നതു വരെയും, ലോകത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നും ദിനവും പറന്നുയരുന്ന ആയിരക്കണക്കിനു വിമാനങ്ങളില്‍ ഒന്നു മാത്രമായിരുന്നു IC 814. ഒന്നര മണിക്കൂറിന്റെ ഷോര്‍ട്ട്‌ ടൈം ഫ്ലൈറ്റ്‌ ആയതിനാല്‍ താമസിയാതെ തന്നെ ക്യാബിന്‍ ക്രൂ ഡ്രിങ്ക്സ്‌ സര്‍വീസ്‌ ആരംഭിച്ചിരുന്നു. 

പൈലറ്റ്മാര്‍ക്ക്‌ ചായ നല്‍കി കോക്ക്പിറ്റില്‍ നിന്നും പുറത്തിറങ്ങിയ ചീഫ്‌ സ്റ്റ്യുവാര്‍ഡ്‌ അനില്‍ ശര്‍മ്മയുടെ കണ്ണുകള്‍ സാക്ഷിയായത്‌- തുടര്‍ന്നുള്ള 7 ദിവസങ്ങളില്‍ പുതിയ മില്ലേനിയത്തിനെ വരവേല്‍ക്കാനായി ലോകത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും കരുതി വച്ചിരുന്ന താളുകളെ കവര്‍ന്നെടുത്ത ഒരു അന്തര്‍ദേശീയ വാര്‍ത്തയുടെ ആദ്യ നിമിഷങ്ങള്‍ക്കാണ്. ഒരുകയ്യില്‍ തോക്കും, മറു കയ്യില്‍ ഗ്രനേഡുനായി നില്‍ക്കുന്ന മുഖം മൂടിയ രൂപത്തെ കണ്ട്‌ ശര്‍മ്മ ഞെട്ടി! ശര്‍മ്മയുടെ തലയ്ക്കു നേരെ തൊക്കു ചൂണ്ടിയ അയാള്‍ കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ അലറി. കോക്ക്പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ആയുധധാരിയെ കണ്ട്‌ ക്യാപ്റ്റന്‍ ദേവിശരണും, ഫസ്റ്റ്‌ ഒഫീസര്‍ രാജേന്ദ്രകുമര്‍ സിംഗും, ഫ്ലൈറ്റ്‌ എഞ്ചിനീയര്‍ ജാഗിയയും എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ ഭീതിയൊടെ പരസ്പരം നോക്കി നില്‍ക്കെ, വിമാനം പടിഞ്ഞാറേക്കു മാത്രം പറാത്തിയാല്‍ മതിയെന്ന് ക്യാപ്റ്റനൊട്‌ അയാള്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഹൈജാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു എന്നുറപ്പിച്ച ക്യാപ്റ്റന്‍ ശരണിന്, ഹൈജാക്കറുടെ സംസാരത്തില്‍ നിന്നും അയാള്‍ ഒറ്റയ്ക്കല്ല എന്നും പാസഞ്ചര്‍ ക്യാബിനില്‍ വേറേ 4 പേര്‍ കൂടി അയാളുടെ സഹായികളായി ഉണ്ടെന്നും അവരുടെ ഡസ്റ്റിനേഷന്‍ പാകിസ്ഥാനിലെ ലാഹോര്‍ ആണെന്നും വ്യക്തമായി! എന്നാല്‍ കാര്‍ഗില്‍ യുദ്ധം അവസാനിച്ച്‌ മാസങ്ങള്‍ മാത്രം കഴിഞ്ഞ ആ അവസരത്തില്‍, എന്തു തന്നെ സംഭവിച്ചാലും പാകിസ്ഥാനിലേക്കു പറക്കാന്‍ മനസ്സാ തയ്യാറാകാതിരുന്ന ക്യാപ്റ്റന്‍ ശരണ്‍, 'ലാഹോര്‍ വരെ പറക്കാന്‍ വേണ്ട ഫ്യുവല്‍ ഇല്ല' എന്ന ഒരു ചെറിയ കള്ളത്തിലൂടെ ഹൈജാക്കറെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, 'ഒരുപക്ഷെ സാങ്കേതികമായ കാരണങ്ങളാല്‍ ഡല്‍ഹിയില്‍ ഇറങ്ങാന്‍ കഴിയാതെ ആള്‍ട്ടര്‍നേറ്റിവ്‌ ഡസ്റ്റിനേഷനായ അഹമ്മദാബാദിലേക്ക്‌ പറക്കാന്‍ നിങ്ങള്‍ക്കാകുമെങ്കില്‍ എന്തുകൊണ്ട്‌ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിനേക്കാള്‍ അടുത്തുള്ള ലാഹോറിലേക്ക്‌ പൊയ്ക്കൂട' എന്ന അയാളുടെ മറു ചോദ്യത്തില്‍ ക്യാപ്റ്റന്‍ കുടുങ്ങി! അതേ സമയം ക്യാബിനില്‍ യാത്രക്കാരെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി ബാക്കിയുള്ള നാലു പേര്‍ വിമാനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടയില്‍ ഹൈജാക്കര്‍ കാണാതെ എമര്‍ജന്‍സി ട്രാന്‍സ്പോണ്ടര്‍ സിസ്റ്റം ഉപയോഗിച്ച്‌ ക്യാപ്റ്റന്‍ ശരണ്‍ ഇന്ത്യയിലെ എയര്‍ട്രാഫിക്‌ കണ്ട്രോള്‍ ടവറിലെത്തിച്ച സന്ദേശം ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുലച്ചു. ചാനലുകളിലൂടെ ആ വാര്‍ത്ത വളരെ വേഗം ലോകശ്രദ്ധ പിടിച്ചു പറ്റി. Indian Airlines IC 814 has been hijacked! 

ലാഹോറിനെ ചൊല്ലിയുള്ള കോക്ക്പിറ്റിനുള്ളിലെ തര്‍ക്കം തുടര്‍ന്നു. ഇന്ത്യയില്‍ തന്നെ എവിടെയെങ്കിലും ഇറങ്ങാനായാല്‍ തങ്ങള്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള അസിസ്റ്റന്‍സ്‌ കിട്ടും എന്ന് ക്യാപ്റ്റന് ഉറപ്പായിരുന്നു. അതിന് ഇന്ത്യന്‍ അതോറിറ്റിക്ക്‌ കഴിയുന്നത്ര സമയം കൊടുക്കാനായി ക്യാപ്റ്റന്‍ ശരണ്‍ വിമാനത്തിന്റെ വേഗത കഴിയുന്നത്രയും കുറച്ചാണു ഫ്ലൈ ചെയ്തത്‌! ഒരുപക്ഷേ ഇന്ത്യയില്‍ തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയം തന്നെയാവണം ഹൈജാക്കര്‍മാരെ ഇന്ത്യയില്‍ നിന്നും വിമാനം പുറത്തേക്ക്‌ കൊണ്ടു പോകാന്‍ പ്രേരിപ്പിച്ചതും. പക്ഷെ ഹൈജാക്കറുടെ ആവശ്യം ഭീഷണിയായി മാറിയപ്പോള്‍ മറ്റ്‌ മാര്‍ഗങ്ങളില്ലാതെ ക്യാപ്റ്റന്‍ ലാഹോറിലെ ATC യോട്‌ ലാന്റിംഗ്‌ ക്ലിയറന്‍സ്‌ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അനുമതി നിഷേധിച്ചു എന്നു മാത്രമല്ല, ലാഹോറിലെ എയര്‍സ്പെയ്സ്‌ ഷട്ട്ഡൗണ്‍ ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ എക്കണോമി ക്ലാസിലെ യാത്രക്കാരില്‍ നിന്നും എട്ടു പേരെ ഹൈജാക്കര്‍മാര്‍ ബലം പ്രയോഗിച്ച്‌ എക്സിക്യുട്ടീവ്‌ ക്യാബിനിലേക്ക്‌ മാറ്റി. അതില്‍ ഒരാള്‍ നേപ്പാളില്‍ മധുവിധു ആഘോഷിച്ച്‌ ഭാര്യയുമൊത്ത്‌ മടങ്ങിയ റുപിന്‍ കാട്ട്യാല്‍ ആയിരുന്നു. ഹൈജാക്കര്‍മാര്‍ അവരുടെ കൈകള്‍ പിന്നില്‍ കെട്ടി സീറ്റ്‌ ചരിച്ചു വച്ച്‌ സീറ്റ്ബെല്‍റ്റ്‌ ഇട്ടു!

സമയം കടന്നു പോകുന്നതിനനുസരിച്ച്‌ വിമാനത്തിലെ ഫ്യുവല്‍ ഏതാണ്ട്‌ അവസാന ഘട്ടത്തിലേക്കെത്തി. ലാഹോറില്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതുകൊണ്ടും അടിയന്തരമായി വിമാനത്തില്‍ ഇന്ധനം നിറക്കേണ്ടതു കൊണ്ടും ഏറ്റവും അടുത്ത എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലാതെ പൈലറ്റുമാര്‍ ഹൈജാക്കര്‍മാരോട്‌ കാര്യം അറിയിച്ചു. ആദ്യം എതിര്‍ത്തെങ്കിലും കൂടിയാലോചിച്ച ശേഷം, ഇന്ധനം നിറച്ച്‌ ഉടന്‍ തന്നെ ടേക്ക്‌ ഓഫ്‌ ചെയ്യാമെന്ന പൈലറ്റിന്റെ ഉറപ്പിന്മേന്‍ ലാഹോറില്‍ നിന്നും 50 കിലോമീറ്റര്‍ കിഴക്കുള്ള, നോര്‍ത്ത്‌ ഇന്ത്യന്‍ സിറ്റിയായ അമൃത്സറില്‍ വിമാനം ഇറക്കാന്‍ ഹൈജാക്കര്‍മാര്‍ സമ്മതം നല്‍കി. എന്നാല്‍ അമൃത്സറില്‍ തങ്ങള്‍ക്ക്‌ എന്തെങ്കിലും സഹായം ലഭിക്കും എന്ന് കരുത്തിയ ക്യാപ്റ്റനു പിഴച്ചു! പ്രധാനമന്ത്രി ചെയര്‍മാനായ ഇന്ത്യന്‍ ക്രൈസിസ്‌ മനേജ്മന്റ്‌ ഗ്രൂപ്പ്‌, അമൃത്സറിലെ ലോക്കല്‍ ഫോഴ്സിനെ വിമാനത്തെ സമീപിക്കാന്‍ അനുവാദം നല്‍കിയില്ല. ഡല്‍ഹിയില്‍ നിന്നും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ (NSG) കമാന്‍ഡോസ്‌ എത്തുന്നതു വരെ ലോക്കല്‍ പോലീസ്‌ ഫോഴ്സിനോട്‌ ക്ഷമിക്കാനായിരുന്നു ഉത്തരവ്‌! അതുകൊണ്ട്‌ തന്നെ പഞ്ചാബ്‌ പോലീസ്‌ കമാന്‍ഡോ ഡിപ്പാര്‍ട്ട്‌മന്റ്‌, വിമാനത്തെ വീണ്ടും പറക്കാനനുവദിക്കാതെ പിടിച്ചിടാനുള്ള മാര്‍ഗങ്ങളാണു സ്വീകരിച്ചത്‌. അതിനാല്‍ ഫ്യുവല്‍ ടാങ്കര്‍ അവര്‍ വിമാനത്തിനടുത്തേക്ക്‌ വിടാന്‍ തയാറായില്ല.

എന്തോ അപകടം വരാന്‍ പോകുന്നു എന്ന് കോക്ക്പിറ്റിനുള്ളിലെ ഹൈജാക്കര്‍ക്ക്‌ മനസ്സിലാക്കാന്‍, ഫ്യുവലിങ്ങില്‍ വരുന്ന സമയതാമസം ധാരാളമായിരുന്നു. രംഗം പന്തിയല്ല എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, അടിയന്തരമായി വിമാനത്തിനു ഇന്ധനം നല്‍കണമെന്ന് ATCയോട്‌ അഭ്യര്‍ത്ഥിച്ചു. പക്ഷെ വിമാനത്തിനടുത്തേക്ക്‌ ടാങ്കര്‍ വിടാന്‍ അവര്‍ തയ്യാറയില്ല. തങ്ങള്‍ ചതിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയ തീവ്രവാദികള്‍ അവരുടെ യഥാര്‍ത്ഥ മുഖം കാണിക്കാന്‍ ആരംഭിച്ചു. എത്രയും പെട്ടെന്ന് വിമാനം തിരികെ ലാഹോറിലേക്ക്‌ പറത്താന്‍ ആവശ്യപ്പെട്ട ഹൈജാക്കേഴ്സ്‌, അങ്ങനെ ചെയ്തില്ലെങ്കില്‍ വിമാനത്തിലെ എല്ലാപേരേയും കൊല്ലുമെന്ന് ക്യാപ്റ്റനെ ഭീഷണിപ്പെടുത്തി. ഭീഷണിയുടെ തീവ്രത കൂട്ടാനായി നേരത്തെ എക്സിക്യൂട്ടിവ്‌ ക്ലാസിലേക്ക്‌ മാറ്റിയിരുത്തിയ യാത്രക്കാരില്‍ റുപിന്‍ കാട്ട്യാലിനെയും ഒപ്പം ഇരുന്ന മറ്റൊരാളിനെയും കത്തി കൊണ്ടു നെഞ്ചത്ത്‌ കുത്തി മാരകമായി പരുക്കേല്‍പ്പിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ, എത്ര നേരം തന്റെ വിമാനത്തിനു എയറിര്‍ സസ്റ്റെയ്ന്‍ ചെയ്യാനാവും എന്നുപോലുമറിയാതെ ക്യാപ്റ്റന്‍ ശരണ്‍ വിമാനത്തിനെ വീണ്ടും റണ്‍ വേയിലേക്ക്‌ ഓടിച്ചു. പിന്നെ ശേഷിച്ച ഇന്ധനം ഊറിക്കുടിച്ചുകൊണ്ട്‌ IC 814 എന്ന ട്വിന്‍ എഞ്ചിന്‍ എയര്‍ബസ്‌ 300 കാതടപ്പിക്കുന്ന ശബ്ദത്തോടെ വായുവിലേക്കു കുതിച്ചു; എയര്‍ ട്രാഫിക് കണ്ട്രോളറുടെ അനുമതിയില്ലാതെ.! ഒപ്പം, ക്യാപ്റ്റന്‍ ശരണ്‍ അമൃത്സറിലെ കണ്ട്രോള്‍ ടവറിലേക്ക്‌ തന്റെ അവസാനത്തെ സന്ദേശം അയച്ചു - "we all dying now. we are heading towards lahore"!! അങ്ങനെ, സ്വന്തം മണ്ണില്‍ വച്ച്‌ തങ്ങളുടെ വിമാനം തീവ്രവാദികളുടെ കയ്യില്‍ നിന്നും തിരികെ പിടിക്കാനുള്ള സുവര്‍ണാവസരം ഇന്ത്യയുടെ പിടിപ്പുകേടുകൊണ്ടു മാത്രം പാഴായി!

പാകിസ്ഥാന്റെ ക്രൂര മുഖമായിരുന്നു പിന്നീടുള്ള IC 814 ന്റെ യാത്രയ്ക്ക്‌ നേരിടേണ്ടി വന്നത്‌. കാര്‍ഗിലില്‍ ഇന്ത്യയോടേറ്റ ദയനീയ പരാജയം അവര്‍ മറന്നിരുന്നില്ല. ലാഹോറില്‍ ലാന്‍ഡ്‌ ചെയ്യാന്‍ അനുവദിക്കണമെന്ന ക്യാപ്റ്റന്‍ ശരണിന്റെ യാചന പാകിസ്ഥാന്‍ പുച്ഛിച്ചു തള്ളി. എന്തടിയന്തര ഘട്ടമായാലും ഒരു ഇന്ത്യന്‍ വിമാനം തങ്ങളുടെ മണ്ണില്‍ ഇറങ്ങാന്‍ അനുവദിക്കില്ല എന്ന് അവര്‍ പറയാതെ പറയുകയായിരുന്നു തുടര്‍ന്നുള്ള അവരുടെ നീച പ്രവര്‍ത്തിയിലൂടെ. ലാഹോര്‍ എയര്‍പോര്‍ട്ടിലെ നാവിഗേഷന്‍ ലൈറ്റുകളൂം റണ്‍വേ ലൈറ്റുകളും ഉള്‍പ്പെടെ എല്ലാ വെളിച്ച സംവിധാനങ്ങളും അധികൃതര്‍ ഒഫ്‌ ചെയ്തു! ഒപ്പം വിമാനത്തിന്റെ രണ്ട്‌ ഇന്ധന ടാങ്കുകളുടെയും മോശാവസ്ഥ കാണിച്ചുകൊണ്ട്‌ കോക്ക്പിറ്റിലെ റിസര്‍വ്‌ ലൈറ്റുകളും തെളിഞ്ഞു! ഒരു പൈലറ്റിന്റെ കരിയറിലെ ഏറ്റവും മോശം സിറ്റുവേഷനിലൂടെ കടന്നു പോകുകയായിരുന്നു ക്യാപ്റ്റന്‍ ശരണ്‍. 189 യാത്രക്കാരുടെ ജീവനും കയ്യില്‍ പിടിച്ചുകൊണ്ട്‌, തീവ്രവാദികളുടെ തോക്കിനുമുന്നില്‍, ട്രാഫിക്‌ കണ്ട്രോളറുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കണ്ണുകളില്‍ വിശ്വാസമര്‍പ്പിച്ച്‌, അര്‍ദ്ധരാത്രി ഒരു ജറ്റ്‌ ലാന്‍ഡിംഗ്‌! വിമാനത്തിന്റെ അവസ്ഥ മോശമായതോടെ രണ്ടും കല്‍പ്പിച്ച്‌ അദ്ദേഹം ഡിസന്റ്‌ ചെയ്യാന്‍ ആരംഭിച്ചു. ഒടുവില്‍ നീണ്ട്‌, നേര്‍ത്ത്‌ കാണപ്പെട്ട വെളിച്ചം റണ്‍വേയാണെന്നുറപ്പിച്ച്‌ ലാന്‍ഡ്‌ ചെയ്യാനായി ക്യാപ്റ്റന്‍ ലാന്‍ഡിംഗ്‌ ഗിയര്‍ താഴ്ത്തി. എന്നാല്‍ വളരെ അടുത്തെത്തിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം കോ-പൈലറ്റിന്റെ വാക്കുകളിലൂടെ ശരണിനു മനസ്സിലായത്‌- "സാബ്‌, യേ തൊ റോഡ്‌ ഹെ!!" പാകിസ്താനിലെ ഏതോ തിരക്കേറിയ റോഡിലേക്കാണ് റണ്‍വേ ആണെന്നു കരുതി ശരണ്‍ വിമാനം ഇടിച്ചിറക്കാന്‍ തുടങ്ങിയത്‌!! പെട്ടെന്നു തന്നെ സംയമനം വീണ്ടെടുത്ത ക്യാപ്റ്റന്‍ വിമാനത്തിന്റെ നോസ്‌ വീണ്ടും ഉയര്‍ത്തി. തലനാരിഴ വ്യത്യാസത്തില്‍ വിമാനം ക്രാഷില്‍ നിന്നും രക്ഷപ്പെട്ടു!

വിമാനത്തിന്റെആള്‍ട്ടിറ്റ്യൂഡ്‌ വളരെ കുറവാണെന്നും ഏതു നിമിഷവും അതു തങ്ങളുടെ മണ്ണില്‍ തകര്‍ന്നു വീഴുമെന്നും മനസ്സിലാക്കിയ പാകിസ്ഥാനി അധികൃതര്‍ ഒടുവില്‍ ലാഹോറിലെ റണ്‍വേ തുറന്ന് വിമാനത്തിന് ലാന്റിംഗ്‌ ക്ലിയറന്‍സ്‌ നല്‍കി. ലാഹോറില്‍ ഇറങ്ങുമ്പോഴേക്കും IC 814 ന്റെ വലത്‌ എഞ്ചിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരുന്നു! എക്സിക്ക്യൂട്ടിവ്‌ ക്യാബിനില്‍, അപ്പോഴേക്കും റൂപിന്‍ കാട്ട്യാലിന്റെ അവസ്ഥ വളരെ മോശമായി കഴിഞ്ഞിരുന്നു. പരുക്കേറ്റവര്‍ക്ക്‌ വൈദ്യസഹായത്തിനായി എയര്‍പോര്‍ട്ട്‌ അതോറിറ്റിയുമായി പൈലറ്റുമാര്‍ യാചിച്ചെങ്കിലും വിമാനത്തിനു ആവശ്യമായ ഇന്ധനം നല്‍കുന്നതിനപ്പുറം വിമാനത്തില്‍ നിന്നും ഒരാളെ പോലും പുറത്തേക്കോ പുറത്തു നിന്നും ഒരു സഹായവും വിമാനത്തിനുള്ളിലേക്കോ നല്‍കാന്‍ അവര്‍ തയ്യാറായില്ല. തങ്ങളുടെ എയര്‍ സ്പെയ്സില്‍ നിന്നും വിമാനം എത്രയും പെട്ടെന്ന് പറഞ്ഞുവിട്ട്‌ കൈ കഴുകാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. അങ്ങനെ രണ്ടര മണിക്കൂറുകള്‍ക്കു ശേഷം IC 814 ആകാശത്തിലേക്കുയര്‍ന്നു; ഒരിക്കല്‍ കൂടി. 

വിമാനം വീണ്ടും പൂര്‍ണ്ണമായും തങ്ങളുടെ വരുതിയിലായെന്നുറപ്പിച്ച തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക്‌ പറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കാബൂളില്‍ നൈറ്റ്‌ ലാന്റിംഗ്‌ ഫെസ്സിലിറ്റി ഇല്ല എന്ന അറിയിപ്പിനെ തുടര്‍ന്ന് ഹൈജാക്കര്‍മാര്‍ കാബൂള്‍ ഉപേക്ഷിച്ച്‌ അടുത്ത ഡെസ്റ്റിനേഷനായി ദുബായ്‌ തെരഞ്ഞെടുത്തു. പക്ഷേ, ദുബായിലേക്കുള്ള യാത്രാമധ്യേ രക്തം വാര്‍ന്ന് റുപിന്‍ കാട്ട്യാല്‍ അന്ത്യശ്വാസം വലിച്ചു. ദുബായില്‍ തങ്ങളുടെ വിമാനം എത്തിയ വിവരം അറിഞ്ഞ ഇന്ത്യന്‍ ഗവണ്‍മന്റ്‌ അവിടെ വച്ച്‌ NSG ക്ക്‌ ഒരു കമാന്‍ഡോ ഓപ്പറേഷന്‍ നടത്താന്‍ യു.എ.ഇ ഭരണകൂടത്തോട്‌ അനുവാദം ചോദിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതിനിടയില്‍ യു.എ.ഇ അധികൃതരും ഹൈജാക്കര്‍മാരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായി 27 യാത്രക്കാരെ ദുബായില്‍ തന്നെ റിലീസ്‌ ചെയ്തു. ഒപ്പം, മരിച്ച കാട്ട്യാലിന്റെ മൃതദേഹം വിമാനവാതിലിനോട്‌ അറ്റാച്ച്‌ ചെയ്ത സ്റ്റെപ്പ്‌ ലാഡറില്‍ എടുത്തു കിടത്തി, ഹൈജാക്കര്‍മാര്‍ - കാര്യങ്ങളുടെ ഗൗരവം ലോകത്തിനു തുറന്നുകാട്ടി. റിലീസായ ആളുകള്‍ വഴി, സംഭവത്തിനു കൂടുതല്‍ മീഡിയാ എക്സ്പോഷര്‍ കിട്ടുമെന്നും തങ്ങളുടെ ലക്ഷ്യത്തിലേക്ക്‌ കൂടുതല്‍ വേഗത്തില്‍ ചെന്നെത്താമെന്നുമായിരുന്നു റാഞ്ചികളുടെ കണക്കുകൂട്ടല്‍. ജീവന്‍ തിരികെ കിട്ടിയ സന്തോഷത്തില്‍, റിലീസായ യാത്രക്കാര്‍ എയര്‍പോര്‍ട്ടിന്റെ അറൈവല്‍ ടെര്‍മിനലിലേക്ക്‌ പോകുമ്പോള്‍ ബാക്കി യാത്രക്കാരെയും കൊണ്ട്‌ IC 814 വീണ്ടും ടേക്ക്‌ ഓഫ്‌ ചെയ്തു! അതിന്റെ അണ്‍ നോണ്‍ ഡെസ്റ്റിനേഷനിലേക്ക്‌!! 

രാത്രി മുഴുവന്‍ വടക്കു ദിശയിലേക്ക്‌ പറന്ന വിമാനം, ഹൈജാക്ക്‌ ചെയ്യപ്പെട്ട്‌ 18 മണിക്കൂറുകള്‍ക്കു ശേഷം ക്രിസ്മസ്‌ ദിനത്തില്‍ പുലര്‍ച്ചെ താലിബാന്‍ എന്ന മിലിറ്റന്റ് ഗ്രൂപ്പ് ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ഇറങ്ങി! താലിബാന്‍ തീവ്രവാദികള്‍ വിമാനം വളഞ്ഞു. അവര്‍ കോക്ക്പിറ്റിലെ റാഞ്ചികളെ നോക്കി കൈ വീശി; അവര്‍ തിരിച്ചും!! കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടു പോകുന്ന അവസ്ഥയിലാണു എന്ന് ക്യാപ്റ്റന്‍ ശരണ്‍ മനസ്സിലാക്കി. വീണ്ടും ഇന്ധനം നിറച്ച്‌ വിമാനം പറത്താന്‍ ഹൈജാക്കര്‍ ആവശ്യപ്പെട്ടെങ്കിലും വിശദമായ ഒരു എഞ്ചിനീയറിംഗ്‌ ഇന്‍സ്പെക്ഷന്‍ നടത്താതെ ഇനി ഫ്ലൈ ചെയ്യുന്നതു സെയ്ഫ്‌ അല്ലെന്ന് പൈലറ്റ്‌ തീര്‍ത്ത്‌ പറഞ്ഞതിനാല്‍ അവര്‍ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയില്‍ വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ നിന്നും തീവ്രവാദികള്‍, നിറയെ തോക്കുകളും ഗ്രനേഡുകളും ഉള്ള ഒരു ബാഗ്‌ പുറത്തെടുത്തത്‌ വിമാനജീവനക്കാരുടെയും യാത്രക്കാരുടെയും പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചു. തങ്ങള്‍ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണെന്ന് അവര്‍ മനസ്സുകൊണ്ട്‌ സ്വയം വിധിയെഴുതി.

4 ദിവസങ്ങള്‍ക്കു ശേഷം....
വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്തുണ്ടായ ജനപ്രക്ഷോഭങ്ങളും, മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഒരു വിഷയമായി ഹൈജാക്കിംഗ്‌ മാറിയതും ഹൈജാക്കര്‍മാരുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദ്ദം കൂട്ടി. ഒടുവില്‍, മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി 2009 ഡിസംബര്‍ 27 ന് ഇന്ത്യ ഒരു നെഗോഷ്യേറ്റിംഗ്‌ ടീമിനെ കാണ്ഡഹാറിലേക്ക്‌ അയച്ചു. താലിബാന്റെ അറിവില്ലാതെ, നെഗോഷ്യേറ്റര്‍മാര്‍ യാത്ര ചെയ്ത വിമാനത്തിനുള്ളില്‍ ഒരു കമാന്‍ഡൊ ഗ്രൂപ്പിനെ ഒളിപ്പിച്ചിരുത്താനുള്ള 'അതിബുദ്ധി' ഇന്ത്യ കാണിച്ചെങ്കിലും വിമാനം കാണ്ഡഹാറില്‍ ഇറങ്ങിക്കഴിഞ്ഞപ്പൊള്‍ തന്നെ താലിബാന്‍ തീവ്രവാദികള്‍ വിമാനത്തെ പൂര്‍ണ്ണമായും വളഞ്ഞതുകൊണ്ട്‌ കമാന്‍ഡോകള്‍ക്ക്‌ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കൂടി കഴിഞ്ഞില്ല!

മറ്റ്‌ വഴിയില്ലാതെ ഇന്ത്യന്‍ സംഘം റാഞ്ചികളുമായി ചര്‍ച്ച നടത്താന്‍ തുടങ്ങി. ഏകദേശം 30 മണിക്കൂറുകളുടെ മാരത്തോണ്‍ ചര്‍ച്ചയ്ക്കു ശേഷമാണ് ഇന്ത്യന്‍ സംഘത്തിന് റാഞ്ചികളുടെ ഡിമാന്റുകളുടെ ആദ്യ ലിസ്റ്റ്‌ ലഭിച്ചത്‌. ഇന്ത്യയിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന 35 കൊടും ഭീകരരെ മോചിപ്പിക്കാനും ഒപ്പം 200 മില്ല്യണ്‍ യു.എസ്‌ ഡോളര്‍ മോചനദ്രവ്യമായും റാഞ്ചികള്‍ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നെ താലിബാന്‍ ഇടപെട്ട്‌, മൗലാനാ മസൂദ്‌ അസര്‍, മുഹമ്മദ്‌ ഒമര്‍ സയ്ദ്‌ ഷെയ്ഖ്‌, മുഷ്‌ താഖ്‌ അഹമ്മദ്‌ സര്‍ഗ്ഗാര്‍ എന്നീ മൂന്ന് ഭീകരരുടെ മോചനത്തിലേക്ക്‌ റാഞ്ചികളുടെ ആവശ്യങ്ങള്‍ ചുരുക്കി. ചര്‍ച്ച നല്ല രീതിയില്‍ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തില്‍, ഹൈജാക്കിങ്ങിന്റെ ആറാം ദിവസം സ്ത്രീകളും കുട്ടികളും അടങ്ങുന്ന 35 അംഗ സംഘത്തെ മോചിപ്പിക്കാനായി റാഞ്ചികള്‍ ബിസ്സിനസ്സ്‌ ക്ലാസ്സിലേക്ക്‌ മാറ്റി. തങ്ങള്‍ എല്ലാപേരും ഉടന്‍ തന്നെ സ്വതന്ത്രരാകും എന്ന് എല്ലാ യാത്രക്കാരും മനസ്സില്‍ ഉറപ്പിച്ചു. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ടാണ് പിറ്റേന്ന് രാവിലെ, ക്രുദ്ധരായ ഹൈജാക്കര്‍മാര്‍ എക്കണോമി ക്ലാസില്‍ നിന്നും മാറ്റിയ 35 പേരെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ തിരികെ കൊണ്ടു വന്നത്‌. ചര്‍ച്ച പരാജയപ്പെട്ടു! പിന്നെ, ഇരുനൂറോളം മനുഷ്യര്‍ ഉണ്ടായിരുന്ന ആ വിമാനത്തില്‍ ആകെ ശ്മശാന മൂകതയായിരുന്നു. ഏത് നിമിഷവും കൊല്ലപ്പെടാന്‍ മാനസികമായി അവര്‍ തയ്യാറെടുത്തു. പക്ഷെ ഒരു ജനതയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും രോഷവും കണ്ടില്ലെന്നു നടിക്കാന്‍ ദൈവത്തിനോ ഭരണാധികാരികള്‍ക്കോ ആയില്ല. മൂന്ന് മണിക്കൂറുകള്‍ക്ക്‌ ശേഷം വിമാനത്തിനുള്ളില്‍ ആ വാര്‍ത്ത എത്തിയത്‌ ഒരു ഉത്സവ പ്രതീതി ഉണര്‍ത്തിക്കൊണ്ടാണ്. ഒടുവില്‍, ഇന്ത്യന്‍ ഗവണ്‍മന്റിനു വിമാനറാഞ്ചികളുടെ മുന്നില്‍ തല കുനിക്കേണ്ടി വന്നു. മൂന്ന് കൊടും ഭീകരരെയും നിരുപാധികം വിട്ടയക്കാന്‍ ഉത്തരവായി. ഉടന്‍ തന്നെ അവരെ ഡല്‍ഹിയില്‍ നിന്നും കാണ്ഡഹാറിലേക്ക്‌ എത്തിച്ചു. തങ്ങള്‍ക്കു വേണ്ടി തട്ടിയെടുക്കപ്പെട്ട വിമാനത്തിനു മുന്നില്‍ വച്ച്‌, ഭീകരന്മാരില്‍ പ്രധാനിയായ മൗലാനാ മസൂദ്‌ അസര്‍, ഹൈജാക്കര്‍മാരുടെ ലീഡറായി ആദ്യവസാനം കോക്ക്പിറ്റിലുണ്ടായിരുന്ന തന്റെ അനുജന്‍, മുഹമ്മദ്‌ ഇബ്രാഹിം അതറിനെ ആശ്ലേഷിച്ചു! പിന്നെ, തങ്ങള്‍ക്കായി ഒരുക്കിയിരുന്ന വണ്ടിയില്‍ ഹൈജാക്കര്‍മാരും ഭീകരരും ഒരു ഭരണകൂടത്തെ തന്നെ ഇളിഭ്യരാക്കി അകന്നകന്നു പോയി. എല്ലാത്തിനും സാക്ഷിയായി അപ്പൊഴും IC 814 അവിടെയുണ്ടായിരുന്നു; 158 മനുഷ്യജീവനുകള്‍ ഒളിപ്പിച്ചു വച്ച ഒരു കളിപ്പാട്ടം പോലെ....!
courtesy: National Geographic Channel & Google

ക്രാഷ് ലാന്റ്‌ 3 - The roofless plane!

ഹവായ്‌- അമേരിക്കയുടെ അമ്പതാമത്തേതും, പൂര്‍ണമായും ദ്വീപായതുമായ ഒരേ ഒരു സ്റ്റേറ്റ്‌. 1988 ഏപ്രില്‍ 28, after noon. ഹവായ്‌ ദ്വീപില്‍ ഇത്‌ ശൈത്യകാലമാണ്‌. ഹിലോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്നും യാത്രക്കാര്‍, ഹോണൊലുലുവിലേക്ക്‌ പുറപ്പെടാന്‍ തയ്യാറാകുന്ന അലോഹ എയറിന്റെ അലോഹ 243 എന്ന വിമാനത്തിലേക്കു നടന്നടുത്തു. വെറും 35 മിനിറ്റിന്റെ യാത്ര. അലോഹ 243 ഈ രണ്ടു ദ്വീപുകള്‍ക്കിടയില്‍ ഷട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന വിമാനമാണ്‌. ഇതു 243 യുടെ ഇന്നത്തെ ഒമ്പതാമത്തെ യാത്രയും!


അലോഹ 243 ഒരു ബോയിംഗ്‌ 737 വിഭാഗത്തില്‍ പെട്ട വിമാനമാണ്‌. ക്യാപ്റ്റന്‍ ബോബ്‌ ഷോണ്‍സ്റ്റെയ്മര്‍ 11 വര്‍ഷമായി അലോഹയുടെ ഒപ്പമുള്ള പൈലറ്റും. ഫസ്റ്റ്‌ ഒഫീസര്‍ മിമി ടോംപ്കിന്‍സ്‌, ചീഫ്‌ ഫ്ലൈറ്റ്‌ അറ്റന്റന്റ്‌ ക്ലാരാബെല്ല എന്ന CB, മിഷേല്‍ ഹോണ്ട, ജേയ്ന്‍ സാറ്റോ, എന്നിവരാണ്‌ 19 വര്‍ഷമായി ഹവായ്‌ ദ്വീപുകള്‍ക്കു മുകളിലൂടെ സെയ്ഫ്‌ ജേര്‍ണി നടത്തുന്ന അലോഹ 243യുടെ ഇപ്പോഴത്തെ ക്രൂ മെംബേഴ്സ്‌. യാത്രക്കാര്‍ പലരും സ്ഥിരക്കാര്‍ ആയതുകൊണ്ട്‌ തന്നെ വിമാനജീവനക്കാരും അവരും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയായിരുന്നു. ആകെ 89000 യാത്രകള്‍ വിജയകരമായി പൂത്തിയാക്കിയ വിമാനം, ലോകത്തു തന്നെ ആകെ ഒരേ ഒരു ബോയിംഗ്‌ 737 മാത്രമേ അന്നുവരെ അപകടത്തില്‍ പെട്ടിട്ടുള്ളൂ എന്നതിനാല്‍ തന്നെ ക്ലീന്‍ സേഫ്റ്റി റെക്കോഡ്‌, കഴിവുറ്റവരും എക്സ്പീരിയന്‍സ്ഡുമായ വിമാന ജീവനക്കാര്‍. മോശമായി ഒന്നും തന്നെ സംഭവിക്കാന്‍ യാതൊരു സാധ്യതയും ആരും കണ്ടില്ല; ഗയാവു യമമോട്ടൊ എന്ന യാത്രക്കാരി ഒഴികെ! വിമാനത്തിലേക്ക്‌ കയറുമ്പോള്‍ വാതിലിനോട്‌ ചേര്‍ന്ന് വലതു വശത്തായുള്ള വിന്‍ഡോയില്‍ നിന്നും തുടങ്ങി അടുത്തായി സ്റ്റിച്ച്‌ ചെയ്തിരുന്ന സ്ക്രൂവിലേക്ക്‌ വരെ വിമാനത്തിന്റെ ബോഡിയില്‍ കാണപ്പെട്ട ഒരു ചെറിയ പൊട്ടല്‍ യമമോട്ടോയെ അല്‍പ്പം നെര്‍വ്വസ്‌ ആക്കിയിരുന്നു!

1:25 PM. അലോഹ 243 കൃത്യ സമയത്തിന്‌ ടേക്ക്‌ ഓഫ്‌ ചെയ്തു. കോക്ക്പിറ്റില്‍ ക്യാപ്റ്റ്ന്‍ ബോബ്‌ റേഡിയോ സംഭാഷണത്തില്‍ ബിസിയായിരുന്നു. കോ പൈലറ്റ്‌ മിമിയാണ്‌ കണ്ട്രോളില്‍. 20 മിനിറ്റുകള്‍ക്കു ശേഷം വിമാനം അതിന്റെ നിശ്ചിത ആള്‍ട്ടിറ്റ്യൂഡായ 24000 അടിയിലേക്ക്‌ ഉയര്‍ന്നു. അതിഭയങ്കരമായൊരു സ്ഫോടന ശബ്ദം! പിന്നെ ശക്തമായി കാറ്റ്‌ അടിച്ചുകയറുന്നതിന്റെ ഒച്ചയും മാത്രമേ പൈലറ്റുമാര്‍ക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. അതുകൊണ്ടു തന്നെ പൈലറ്റുമാര്‍ക്ക്‌ പരസ്പരം സംസാരിക്കുന്നതു പോലും കേള്‍ക്കാന്‍ കഴിഞ്ഞുമില്ല. ക്യാപ്റ്റന്‍ ബോബ്‌ വിമാനത്തിന്റെ കണ്ട്രോള്‍ പെട്ടെന്നു തന്നെ എറ്റെടുത്തു. പിന്നിലേക്ക്‌ തിരിഞ്ഞ കോ പൈലറ്റ്‌ മിമി കോക്ക്പിറ്റിന്‌ പിന്നില്‍ കണ്ട നടുക്കുന്ന കാഴ്ച്ച വിശ്വസിക്കാനാകാതെ ക്യാപ്റ്റനെ നോക്കി. കോക്ക്പിറ്റ്‌ ഡോറിന്‌ പുറകില്‍ നീലാകാശം മാത്രം! വിമാനത്തിന്‌ മേല്‍ക്കൂരയില്ല!

ഫ്ലൈറ്റിന്റെ ഫ്ലോര്‍ ബീമിനുമുകളിലേക്കുള്ള ഏതാണ്ട്‌ 35 ചതുരശ്ര മീറ്റര്‍ അലൂമിനിയം സ്കിന്‍, മിഡ്‌ എയറില്‍ വച്ച്‌ നഷ്ടമായിരിക്കുന്നു! വിമാനത്തിനുള്ളിലെ പ്രഷറൈസ്‌ ചെയ്യപ്പെട്ട വായു അതിശക്തമായി പുറത്തേക്കൊഴുകി. ഡ്രിങ്ക്സ്‌ സെര്‍വ്‌ ചെയ്തുകൊണ്ടിരുന്ന CB ഒഴികെയുള്ള രണ്ട്‌ ഫ്ലൈറ്റ്‌ ജീവനക്കാരികളും സീറ്റുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു! CB യെ കാണാനില്ല. ആളുകളുടെ മുടി മുന്നിലേക്ക്‌ പറന്ന് വടി പോലെ നിന്നു! വിമാനത്തിനുള്ളില്‍ നിന്നും സാധനങ്ങളും പേപ്പറുകളും ഒക്കെ പുറത്തേക്ക്‌ പറന്നുകൊണ്ടേയിരുന്നു. കോക്ക്പിറ്റിനു പുറകിലെ അഞ്ച്‌ വരികളിലെ സീറ്റുകളും യാത്രക്കാരും ഇപ്പോള്‍ പൂര്‍ണ്ണമായും വായുവിലേക്ക്‌ എക്സ്പോസ്ഡ്‌ ആണ്‌! പുറം ചട്ട നിര്‍മിക്കാത്ത ബസ്സില്‍ സഞ്ചരിക്കുന്നത്‌ പോലെ! 24000 അടി ഉയരത്തില്‍ മണിക്കൂറില്‍ 300 കി.മീ വേഗതയില്‍ വിമാനത്തിലേക്ക്‌ കാറ്റ്‌ അടിച്ചു കയറുകയാണു വിമാനത്തിനുള്ളിലെ താപനില -50 ഡിഗ്രിയിലേക്ക്‌ പൊടുന്നനെ താഴ്‌ന്നു! യാത്രക്കാര്‍ക്ക്‌ ശ്വസിക്കാന്‍ ആവശ്യമായ അളവില്‍ ഓക്സിജനും ഇല്ലാതെയായി. ക്യാബിനില്‍ ആകെ നിലവിളികള്‍ ഉയര്‍ന്നു. തങ്ങള്‍ അടുത്ത നിമിഷം മരിക്കാന്‍ പോകുന്നു എന്നു എല്ലാവരും ഉറപ്പിച്ചു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണടഞ്ഞതുകൊണ്ട്‌ യാത്രക്കാര്‍ക്ക്‌ ആര്‍ക്കും തന്നെ കോക്ക്പിറ്റ്‌ കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പൈലറ്റുമാര്‍ ജീവനോടെയില്ല എന്ന് യാത്രക്കാര്‍ക്ക്‌ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും എയര്‍ ഹോസ്റ്റസ്‌ മിഷേല്‍ ഹോണ്ട, അബോധാവസ്ഥയില്‍ കിടക്കുന്ന തന്റെ സഹപ്രവര്‍ത്തകയെ എടുത്ത്‌ മടിയില്‍ കിടത്തി യാത്രക്കാരോടായി ചോദിച്ച - "can anyone of you fly a plane?" എന്നൊരു ചോദ്യം തങ്ങളുടെ വിമാനത്തിന്റെ കണ്ട്രോളില്‍ ആരും ഇല്ല എന്ന് യാത്രക്കാരെ വിശ്വസിപ്പിക്കാന്‍ പോന്നതായിരുന്നു! പക്ഷേ അലോഹ 243 അപ്പോഴും മനുഷ്യ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. ഇനിയും ഇതേ ഉയരത്തില്‍ പറന്നാല്‍ ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ യാത്രക്കാര്‍ക്ക്‌  ഹൈപ്പോക്സിയ  എന്ന അവസ്ഥ ബാധിക്കും എന്ന്‌ മനസ്സിലാക്കിയ ക്യാപ്റ്റന്‍ ബോബ്‌, സാധാരണ ഗതിയില്‍ ആളുകള്‍ക്ക്‌ ശ്വസിക്കാന്‍ കഴിയുന്ന ആള്‍ട്ടിറ്റ്യൂഡിലേക്ക്‌ വിമാനം എത്തിക്കാനായി മിനിറ്റില്‍ 1200 മീറ്റര്‍ എന്ന തോതില്‍ ഒരു ഇമ്മീഡിയറ്റ്‌ ഡിസന്റ്‌ അപ്പോഴേക്കും ആരംഭിച്ചു കഴിഞ്ഞിരുന്നു. ATC യില്‍ അപകട സൂചന നല്‍കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു മിമി. ഡെസ്റ്റിനേഷനായ ഹോണൊലുലുവിലേക്ക്‌ യാതൊരു സംഭാഷണവും സാധ്യമാവാതായതോടെ അവര്‍ റേഡിയോ ഫ്രീക്വന്‍സി ഏറ്റവും അടുത്തുള്ള മറ്റൊരു ഐലന്‍ഡായ മ്യൂവിയിലെ കാഹുലൂയി ഏയര്‍പോര്‍ട്ടിലേക്ക്‌ ട്യൂണ്‍ ചെയ്തു. ഒടുവില്‍ തങ്ങളുടെ വിമാനത്തിന്റെ മൂന്നിലൊരു ഭാഗം നഷ്ടപ്പെട്ട്‌ 3 മിനിറ്റുകള്‍ക്കു ശേഷം ആദ്യമായി പൈലറ്റുമാര്‍ ഗ്രൗണ്ടുമായി വോയിസ്‌ കോണ്ടാക്റ്റ്‌ നടത്തി! കാഹുലൂയി ATC കണ്ട്രോളര്‍ ഉടന്‍ തന്നെ എമര്‍ജന്‍സി ലാന്റിങ്ങിനുള്ള പ്രോസീജിയേഴ്സ്‌ ആരംഭിച്ചു.

3000 അടി ഉയരത്തില്‍ വച്ച്‌ അലോഹ 243, കാഹുലൂയി എയര്‍പോര്‍ട്ടിനെ ലക്ഷ്യമാക്കി വലത്തേക്ക്‌ തിരിയാന്‍ തുടങ്ങിയപ്പോള്‍ യാത്രക്കാര്‍ വിമാനത്തിന്റെ കണ്ട്രോളിലെ പൈലറ്റിന്റെ സാന്നിധ്യം, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട 5 മിനിറ്റുകള്‍ക്ക്‌ ശേഷം ആദ്യമായി മനസ്സിലാക്കി. മനസ്സില്‍ അവര്‍ക്ക്‌ വീണ്ടും ഒരു ചെറിയ പ്രതീക്ഷ ഉണര്‍ന്നു പക്ഷേ പ്രശ്നങ്ങള്‍ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇടയ്ക്കിടെ റേഡിയോ ട്രാന്‍സ്മിഷനില്‍ നേരിട്ട തകരാര്‍ വിമാനത്തിന്റെ വൈറ്റല്‍ കണ്ട്രോളുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങുന്നതിന്റെ ആദ്യ ലക്ഷണമായിരുന്നു എന്ന് പൈലറ്റുമാര്‍ക്ക്‌ മനസ്സിലായിരുന്നില്ല! വിമാനത്തിന്റെ ഹൈഡ്രോളിക്‌ സിസ്റ്റം കൂടി പ്രവര്‍ത്തനരഹിതമായതോടെ ക്യാപ്റ്റന്‍ ബോബും മിമിയും, ഒരു പൈലറ്റും സ്വപ്നം കൂടി കാണാന്‍ ആഗ്രഹിക്കാത്ത ആ നിമിഷങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. പുറംചട്ട ഇളകി പോയപ്പോള്‍ വിമാനത്തിന്റെ ക്രിട്ടിക്കല്‍ വയറിങ്ങും കണ്ട്രോള്‍ കേബിളുകളൂം മുറിഞ്ഞ്‌ പോയിരുന്നു! എത്രയും പെട്ടെന്ന് ലാന്റ്‌ ചെയ്യുക എന്നതില്‍ കുറഞ്ഞ്‌ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല പൈലറ്റുമാര്‍ക്ക്‌. ലാന്റിംഗ്‌ ഗിയര്‍ എക്സ്റ്റന്റ്‌ ചെയ്ത കൊ-പൈലറ്റിന്‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഗിയര്‍ എക്സ്റ്റന്റ്‌ ആയതായി പൈലറ്റുമാര്‍ക്ക്‌ ഇന്‍ഫോമേഷന്‍ നല്‍കുന്ന ഇന്‍ഡിക്കേറ്ററുകളില്‍ നോസ്‌ ഗിയറിന്റെ ഇന്‍ഡിക്കേഷന്‍ ലൈറ്റ്‌ തെളിയുന്നില്ല! മിമി ഒന്നുകൂടി ശ്രമിച്ചെങ്കിലും ഫലം അതു തന്നെ.

സാങ്കേതികമായി വിമാനം ഏറെ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ തന്നെ ഗിയര്‍ ശരിക്കും പുറത്തേക്കു വരാത്തതാണോ അതോ കോക്‌ പിറ്റിലെ ഇന്‍ഡിക്കേറ്റര്‍ വര്‍ക്ക്‌ ചെയ്യാത്തതാണോ എന്ന കാര്യത്തില്‍ രണ്ടു പൈലറ്റുമാര്‍ക്കും യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല! ക്യാപ്റ്റന്‍ വേണം ഒരു തീരുമാനമെടുക്കാന്‍. അദ്ദേഹത്തിന്റെ മുന്നില്‍ ഇനി രണ്ട്‌ ഓപ്ഷനുകള്‍ മാത്രമേ ഉള്ളൂ. ഏറെ ചിന്തിക്കാന്‍ സമയവുമില്ല. ഒന്നുകില്‍ രണ്ടും കല്‍പ്പിച്ച്‌ വിമാനം കാഹുലൂയി എയര്‍പോര്‍ട്ടിന്റെ ടാര്‍മാക്കിലേക്ക്‌ ഇടിച്ചിറക്കുക. അല്ലെങ്കില്‍ വളരെ ക്രൂഷ്യലായ കുറച്ച്‌ സമയം കൂടി ആകാശത്ത്‌ ചെലവഴിച്ച്‌, എയര്‍പോര്‍ട്ടിനു മുകളിലൂടെ താഴ്‌ന്ന് പറന്ന് ലാന്റിംഗ്‌ ഗിയര്‍ പുറത്തു വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷം ലാന്റ്‌ ചെയ്യുക. പക്ഷെ, അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ച ക്യപ്റ്റന്‍ ബോബ്‌ ആദ്യത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കുകയായിരുന്നു! അദ്ദേഹം മിമിയൊട്‌ പറഞ്ഞു- "here we go! get ready, we are going to land anyway!" അപ്പോഴെക്കും കാഹുലൂയി എയര്‍പോര്‍ട്ടിന്റെ റണ്‍ വേയില്‍ ഫയര്‍ ഫൈറ്റിംഗ്‌ ടീം, ഒരു ക്രാഷ്‌ ലാന്റിങ്ങിനെ നേരിടാന്‍ സുസജ്ജരായി കഴിഞ്ഞിരുന്നു. ബൈനോക്കുലറിലൂടെ വിമാനത്തിന്റെ അപ്രോച്ച്‌ നിരീക്ഷിക്കുകയായിരുന്ന ചീഫ്‌ ഫയര്‍ ഫൈറ്റര്‍ ആ കാഴ്ച കണ്ടു. വിടര്‍ന്ന ചിരിയോടെ അയാള്‍ വയര്‍ലസ്‌ വഴി ATC കണ്ട്രോളറോട്‌ പറഞ്ഞു -"We won half the game; the nose gear appears down!" ആ വിവരം ATC യില്‍ നിന്നും പൈലറ്റിലേക്കെത്തിച്ചത്‌ വെറുമൊരു ഇന്‍ഫോമേഷനായിരുന്നില്ല, 90 യാത്രക്കാരുടെ ജീവന്‍ തന്റെ കയ്യില്‍ സുരക്ഷിതമായേക്കും എന്ന ആത്മവിശ്വാസവും കൂടി ആയിരുന്നു.

ഒടുവില്‍ സംഭവബഹുലമായ 13 മിനിറ്റുകള്‍ക്കു ശേഷം 40 ടണ്‍ ഭാരവും വഹിച്ച്‌ 320 Km/Hr വേഗതയില്‍ അലോഹ 243 റണ്‍ വേയുടെ 600 മീറ്റര്‍ അകലെ എത്തി. എല്ലാ യാത്രക്കാരോടും മുന്നിലെ സീറ്റില്‍ കൈ അമര്‍ത്തി തല താഴ്ത്തി ക്രാഷ്‌ പോസിഷനില്‍ ഇരിക്കാന്‍ മിഷേല്‍ ഹൊണ്ട അലറി. സാധാരണ ലാന്റിങ്ങില്‍ നിന്നും വ്യത്യസ്തമായി അലോഹ 243 നോസ്‌ ഡൗണ്‍ പോസിഷനില്‍ റണ്‍ വേയിലേക്ക്‌ വീഴാന്‍ തുടങ്ങി. വിമാനത്തിന്റെ മുന്നിലെ ലാന്‍ഡിംഗ്‌ ഗിയര്‍ ആദ്യം നിലത്തു കുത്തി. ടാര്‍മാര്‍ക്കില്‍ അമര്‍ന്ന ടയറുകള്‍ ഘര്‍ഷണത്താല്‍ കരിഞ്ഞു തുടങ്ങിയപ്പോഴേക്കും പിന്നിലെ മെയിന്‍ ലാന്റിംഗ്‌ ഗിയര്‍ വലിയൊരു ശബ്ദത്തോടെ റണ്‍ വേയില്‍ വന്നിടിച്ചു! വിമാനത്തിന്റെ വേഗത കുറക്കാനായി മിമി ടോംപ്കിന്‍സ്‌ ചിറകുകളിലെ ഫ്ലാപ്പുകള്‍ എക്സ്റ്റന്റ്‌ ചെയ്തു. അല്‍പ്പ ദൂരം ഉരുണ്ടു നീങ്ങി അലോഹ 243 നിശ്ചലമായി. നിമിഷങ്ങളുടെ നിശബ്ദതയ്ക്ക്‌ ശേഷം, രക്തത്തില്‍ കുളിച്ചിരിക്കുന്ന യാത്രക്കാര്‍ അവരുടെ പരുക്കുകള്‍ മറന്ന്, തങ്ങളുടെ ജീവന്‍ രക്ഷിച്ച ബോബിനെയും മിമിയെയും കയ്യടിച്ച്‌ ആദരവ്‌ പ്രകടിപ്പിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതര്‍. പക്ഷെ ചീഫ്‌ ഫ്ലൈറ്റ്‌ അറ്റന്‍ഡന്റ്‌ CB മാത്രം വിമാനത്തിലില്ല. കോക്ക്‌ പിറ്റിന്‌ പിന്നില്‍ നിന്നും യാത്രക്കാര്‍ക്ക്‌ ഡ്രിങ്ക്സ്‌ നല്‍കുകയായിരുന്ന CB വിമാനത്തിന്റെ മേല്‍ക്കൂര ഇളകിത്തെറിച്ചപ്പോള്‍ വിമാനത്തിനുള്ളിലെ പ്രഷര്‍ ചെയ്യപ്പെട്ട വായുവിനൊപ്പം പുറത്തേക്ക്‌ വലിച്ചെറിയപ്പെടുകയായിരുന്നു! CB യുടെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും ബോഡിയും വിമാനാവശിഷ്ടവും ലഭിച്ചില്ല.

ഏവിയേഷന്‍ ചരിത്രത്തിനെ തന്നെ തിരുത്തിക്കുറിച്ച ഒരു സംഭവം. എല്ലാവരുടെയും സംശയം ഒന്നു തന്നെയായിരുന്നു. ഒരു ജറ്റ്‌ എയര്‍ലൈനറിന്റെ റൂഫ്‌, പറക്കലിനിടെ ഇത്ര നിസ്സാരമായി എങ്ങനെ ഇളകിപ്പോയി? NTSB - The US National Transport Safety Board അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ പൊളിഞ്ഞു പോയ ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ ലാബുകളില്‍ നടത്തി. വിമാനത്തിന്റെ പുറം ചട്ട നിര്‍മിക്കുന്ന ലോഹ പ്ലേറ്റുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നത്‌ റിവറ്റുകള്‍ ഉപയോഗിച്ചാണ്‌. ഈ റിവറ്റുകള്‍ കയറ്റാനായി ഡ്രില്ല് ചെയ്ത ദ്വാരങ്ങളില്‍ വീണ, നഗ്ന നേത്രങ്ങള്‍ കൊണ്ട്‌ കാണാന്‍ കഴിയാത്ത സ്ക്രാച്ചുകള്‍ കാലക്രമേണ വലുതാവുകയായിരുന്നു. അലോഹയുടെ മോശം മെയിന്റനന്‍സ്‌ കാരണം അതു കണ്ടുപിടിക്കപ്പെട്ടതുമില്ല. ഒടുവില്‍ ഒരു ചെറിയ കീറല്‍, വിമാനത്തിന്റെ വലിയൊരു ഭാഗത്തെയും ഒരു മനുഷ്യ ജീവനെയും ഒപ്പം വലിച്ചെടുത്ത്‌ പറന്ന് പോകുകയായിരുന്നു; ഒരിക്കലും കണ്ടു പിടിക്കപ്പെടാത്ത, ഇന്നും മനുഷ്യന് അജ്ഞാതമായ എവിടേക്കൊ........!!
Courtesy: National Geographic Channel, Discovery, Google and Wikipedia.     

ക്രാഷ് ലാന്റ് 4 - The deadliest ever!


1977, സ്പെയിന്‍കനേറി ഐലന്‍ഡിനെ സ്പെയിനില്‍ നിന്നും സ്വതന്ത്രമാക്കാനായി തീവ്രവാദ സംഘടനകള്‍ ശക്തിയാര്‍ജ്ജിക്കുന്ന കാലം. എങ്കില്‍പോലും പ്രകൃതി അനുഗ്രഹിച്ച് നല്‍കിയ ഭംഗി കൊണ്ട് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ കനേറി ദ്വീപ് അങ്ങോട്ടേക്കാകര്‍ഷിച്ച് കൊണ്ടേയിരുന്നു.

മാര്‍ച്ച് 27, 10AM. കനേറി ദ്വീപിലെ ഗ്രാന്‍ കനേറിയ എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലിനുള്ളില്‍, ഒരു കോഫീ ഷോപ്പില്‍ തീവ്രവാദികള്‍ ഒളിപ്പിച്ചു വച്ചിരുന്ന ബോംബ് പൊട്ടുന്നു ഉടന്‍ തന്നെ മറ്റൊരു സ്ഫോടനം കൂടി ഉണ്ടാകുമെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഗ്രാന്‍ കനേറിയ എയര്‍പോര്‍ട്ട് അടച്ചിടാനും, ഗ്രാന്‍ കനേറിയയിലേക്ക് ഹെഡ് ചെയ്തിരുന്ന എല്ലാ ഇന്‍ബൗണ്‍ഡ് ട്രാഫിക്കും ഡൈവേര്‍ട്ട് ചെയ്യാനും അധികൃതര്‍ തീരുമാനിക്കുന്നു. തുടര്‍ന്ന്, സ്ട്രൈക്കിംഗ് ഡിസ്റ്റന്‍സില്‍ ലഭ്യമായിരുന്ന ഒരേ ഒരു എയര്‍ പോര്‍ട്ടായ, ടെനറീഫ് ഐലന്‍ഡിലെ ലോസ് റോഡിയോസിലേക്ക് ഗതി മാറ്റാന്‍ ATC ടവറില്‍ നിന്നും എല്ലാ വിമാനങ്ങളിലേക്കും സന്ദേശം പാഞ്ഞു!

ഡൈവേര്‍ട്ട് ചെയ്യാന്‍ അറിയിപ്പ് കിട്ടിയ നിരവധി വിമാനങ്ങളില്‍ രണ്ടെണ്ണം അക്കാലത്തെ ഏറ്റവും വലിയ യാത്രാവിമാനമായിരുന്ന ബോയിംഗ്747 വിഭാഗത്തില്‍പെട്ട ജംബോ ജെറ്റുകളായിരുന്നു! ഒന്ന്, 1970-ല്‍ ബോയിംഗ് 747 ന്‍റെ ഉത്ഘാടന പറക്കല്‍ നടത്തിയ അതേ വിമാനം! പാന്‍ അമേരിക്കന്‍ കമ്പനിയുടെ ഉടമസ്ത്ഥതയിലുള്ള, ലോസ് ഏഞ്ചല്‍സില്‍ നിന്നും, 380 യാത്രക്കാരും 16 ജീവനക്കാരുമായി വന്ന PAN-AM 1736. മറ്റേത്, 234 യാത്രക്കാരും 14 ജീവനക്കാരുമായി ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള KLM-4805. തങ്ങള്‍ക്ക് രണ്ട് മണിക്കൂറിലേറെ പറക്കാനുള്ള ഇന്ധനം ഉണ്ടെന്നും ഒരു ഹോള്‍ഡിംഗ് പാറ്റേണില്‍ തങ്ങള്‍ പറന്നുകൊള്ളാമെന്നും KLM ന്‍റെ പൈലറ്റ് ATC കണ്ട്രോളറോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും, എയര്‍പോര്‍ട്ട് എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകും എന്ന് പറയാന്‍ കഴിയാത്തതിനാല്‍ അഭ്യര്‍ത്ഥന കണ്ട്രോളര്‍ നിരസിച്ചതിനെ തുടര്‍ന്ന് KLM 4805-ഉം ലോസ് റോഡിയോസിലേക്ക് തിരിഞ്ഞു!

ലോസ് റോഡിയോസ് വളരെ ചെറിയൊരു എയര്‍ പോര്‍ട്ടാണ്. ഒരേ ഒരു റണ്‍വേയും വളരെ കുറച്ച് പാര്‍ക്കിംഗ് സ്പെയ്സും മാത്രമുള്ള, ചെറിയ വിമാനങ്ങള്‍ക്കായുള്ള ഒരു റീജിയണല്‍ എയര്‍പോര്‍ട്ട്. ഞായറാഴ്ച ആയതുകൊണ്ട് തന്നെ കണ്ട്രോള്‍ ടവറില്‍ ആകെ രണ്ട് കണ്ട്രോളര്‍മാര്‍ മാത്രം. അപ്രതീക്ഷിതമായി വന്ന ഒരു കൂട്ടം വിമാനങ്ങള്‍ അവരെയും ആകെ വിഷമത്തിലാക്കി. തിരിച്ച് വിടപ്പെട്ട വിമാനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ലാന്‍ഡ് ചെയ്യാന്‍ തുടങ്ങി. ലോസ് റോഡിയോസിലെ പാര്‍ക്കിംഗ് സ്പെയ്സുകള്‍ പൂര്‍ണ്ണമായും അവ കയ്യടക്കിക്കൊണ്ടിരുന്നു. ATC കണ്ട്രോളര്‍ മാരുടെ ജോലി കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. ഇനി വരാനിരിക്കുന്ന വിമാനങ്ങളില്‍ രണ്ടെണ്ണം തങ്ങള്‍ക്കും ലോസ് റോഡിയോസിനും മുന്‍ പരിചയമില്ലാത്ത“ബോയിംഗ് 747” എന്ന ഭീമന്മാരാണ് എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഈ രണ്ട് കൂറ്റന്‍ വിമാനങ്ങളെ ഇനി എവിടെ ഇടും എന്ന് ചിന്തിച്ച് Airport map ലേക്ക് തിരിഞ്ഞ അവര്‍ പുതിയൊരു ആശയവുമായി മുന്നോട്ടു വന്നു. ലാന്‍ഡ് ചെയ്യുന്ന ബോയിംഗ് വിമാനങ്ങള്‍ റണ്‍വേയില്‍ നിന്നും ടാക്സി വേയിലേക്ക് കടന്ന് ടാക്സി വേയുടെ മറുതല റണ്‍വേയുമായി ചേരുന്ന ഭാഗത്ത് പാര്‍ക്ക് ചെയ്യുക!

അപ്പോഴേക്കും KLM-4805 ATC യില്‍ നിന്നും ലാന്‍ഡിംഗ് ക്ലിയറന്‍സ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ലോസ് റോഡിയോസിലെ റണ്‍വേയിലേക്ക് ആദ്യമായി ഒരു ബോയിംഗ് 747 പറന്നിറങ്ങി. KLM ന്‍റെ സെയ്ഫ് ലാന്‍ഡിംഗ്! കണ്ട്രോള്‍ ടവറില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് KLM, ടാക്സി വേയുടെ ഏറ്റവും ഒടുവിലായി പാര്‍ക്ക് ചെയ്തു. KLM ന്‍റെ യാത്രക്കാരെ മുഴുവന്‍ ടെര്‍മിനലിലേക്ക് മാറ്റുന്നതിനിടയില്‍ രണ്ട്ചെറിയ വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തിരുന്നു. അവയും KLM ന്‍റെ ഇടതു വശം ചേര്‍ന്ന് പാര്‍ക്ക് ചെയ്തു. അടുത്തത് PAN-AM ന്‍റെ ഊഴമാണ്. വീണ്ടുംഒരു 747 കൂടി സുരക്ഷിതമായി ലോസ് റോഡിയോസിലെ ടാര്‍മാക്കിലേക്കിറങ്ങി! PAN-AM പാര്‍ക്കിംഗ് ക്ലിയറന്‍സ് ആവശ്യപ്പെട്ടു. KLM ന്‍റെയും, മുന്നേവന്ന രണ്ട് ചെറിയ ഫ്ലൈറ്റുകളുടെയും പിന്നിലായി PAN-AM ന്‌ പാര്‍ക്കിംഗ് അനുവദിക്കപ്പെട്ടു. ടെര്‍മിനല്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ PAN-AMന്‍റെയാത്രക്കാരെ ടെര്‍മിനലിലേക്ക് വിടാന്‍ ATC അനുവദിച്ചില്ല. തുടര്‍ച്ചയായ 13 മണിക്കൂറുകളുടെ യാത്ര തന്‍റെ യാത്രക്കാരെ തീര്‍ത്തും ക്ഷീണിതരാക്കി എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, പുറത്തിറങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കായി വിമാനത്തിന്‍റെ വാതിലുകള്‍ തുറന്നു കൊടുത്തു. അപ്പോഴേക്കും അന്തരീക്ഷം മൂടിക്കെട്ടാന്‍ തുടങ്ങിയിരുന്നു. രണ്ട് മലകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ലോസ് റോഡിയോസില്‍ കാലാവസ്ഥാ പ്രവചനം ഏറെക്കുറെ അസാധ്യമാണ്.അതിശക്തമായ മൂടല്‍ മഞ്ഞ് വരുന്നതും വളരെ പെട്ടെന്നാവും…….!

ഒന്നര മണിക്കൂറുകള്‍ക്ക് ശേഷം…….
ലോസ് റോഡിയോസിലെ ATC ടവറില്‍ ഗ്രാന്‍ കനേറിയില്‍ നിന്നും സന്ദേശം വന്നു. ഗ്രാന്‍ കനേറി എയര്‍ പോര്‍ട്ട് റീ ഓപ്പണ്‍ ചെയ്തിരിക്കുന്നു. ATC കണ്ട്രോളര്‍ എല്ലാ വിമാനങ്ങളോടും ഗ്രാന്‍ കനേറിയയിലേക്ക് തിരികെ പറക്കാന്‍ തയ്യാറാവാന്‍ നിര്‍ദ്ദേശിച്ചു. ടെര്‍മിനലിനുള്ളില്‍, യാത്രക്കാരോട് തങ്ങളുടെ വിമാനങ്ങളിലേക്ക് പോകുവാനായി അറിയിപ്പുകള്‍ മുഴങ്ങുന്നുണ്ടായിരുന്നു. മുഷിപ്പിക്കുന്ന തങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നതില്‍ സന്തോഷിച്ച് KLM ന്‍റെ യാത്രക്കാരും വിമാനത്തിലേക്ക് തിരികെ പോകാന്‍ തയ്യാറെടുത്തു. പക്ഷെ അവര്‍ അറിഞ്ഞിരുന്നില്ല, ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയൊരു ദുരന്തം മിനിറ്റുകള്‍ക്കപ്പുറം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന്!

KLM ന്‍റെ കോക്ക്പിറ്റിനുള്ളില്‍ ക്യാപ്റ്റന്‍ എടുത്ത ഒരു തീരുമാനം എല്ലാം മാറ്റിമറിക്കുകയായിരുന്നു. റീ ഫ്യുവലിംഗ്!! ലോസ് റോഡിയോസില്‍ തങ്ങള്‍ക്ക് നഷ്ട്ടമായ സമയം അവിടെ വച്ച് തന്നെ തിരികെ പിടിക്കുക! ഗ്രാന്‍ കനേറിയയിലേക്ക് അനായാസമായി പറക്കാന്‍ വേണ്ട ഇന്ധനം തന്‍റെ പക്കല്‍ ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഗ്രാന്‍ കനേറിയയില്‍ ഉണ്ടായേക്കാവുന്ന തിരക്കില്‍ സ്വാഭാവികമായും തങ്ങള്‍ക്ക് ഇന്ധനത്തിനായി കൂടൂതല്‍ സമയം ചെലവഴിക്കേണ്ടി വരും എന്നു ചിന്തിച്ച ക്യാപ്റ്റന്‍, വിമാനത്തില്‍ ഇന്ധനം നിറക്കാന്‍ തീരുമാനിച്ചു. അതും തിരികെ ആംസ്റ്റര്‍ഡാം വരെ പറക്കാന്‍ കഴിയും വിധം പരിപൂര്‍ണ്ണമായ റീ ഫ്യുവലിംഗ്! ഒരു വിമാനത്തിന്‍റെ സെയ്ഫ് ടേക്ക് ഓഫിന് നിഷ്കര്‍ഷിച്ചിരിക്കുന്ന നിയമം അനുസരിച്ച് ആ വിമാനത്തിന്‍റെ ഫസ്റ്റ് ഡസ്റ്റിനേഷനിലേക്ക് പറക്കാന്‍ ആവശ്യമായ ഇന്ധനം മാത്രമാണ് ക്യാരി ചെയ്യേണ്ടത്. പക്ഷെ അല്‍പ്പസമയം ലാഭിക്കാനായി, 55 ടണ്‍ ജെറ്റ് ഫ്യുവല്‍ ആവശ്യപ്പെട്ടുകൊണ്ട് KLM ക്യാപ്റ്റന്‍ ആ നിയമം മനപ്പൂര്‍വം മറക്കുകയായിരുന്നു!



തങ്ങളുടെ മുന്നില്‍ കിടന്ന രണ്ട് ചെറു വിമാനങ്ങളും പോയിക്കഴിഞ്ഞിട്ടും KLM പുറപ്പെടാനുള്ള യാതൊരു ലക്ഷണവും കാണാത്തതിനാല്‍, കണ്ട്രോള്‍ ടവറില്‍ നിന്നും ക്ലിയറന്‍സ് ചോദിച്ചു. എന്നാല്‍ മുന്നില്‍ കിടക്കുന്ന KLM റീ ഫ്യുവലിംഗ് നടത്തുന്നതിനാല്‍ ATC ക്ലിയറന്‍സ് നല്‍കിയില്ല. തുടര്‍ന്ന് ATC യുടെ അനുവാദത്തോടെ KLM നെ ചുറ്റിക്കറങ്ങി റണ്‍വേയിലേക്ക് കടക്കാന്‍ PAN-AM ന്‍റെ പൈലറ്റുമാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലോകത്തിലെ എറ്റവും വലിയ രണ്ട് വിമാനങ്ങളെ ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ ആ ടാക്സീ വേയുടെ സ്ഥലപരിമിതി അനുവദിക്കാത്തതു മൂലം അവസാനം ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു! മൂടല്‍ മഞ്ഞ് അപ്പോഴേക്കും കാഴ്ച്ച ഏറെക്കുറെ മറച്ചുകഴിഞ്ഞിരുന്നു!
    
40 മിനിറ്റുകള്‍ക്ക് ശേഷം KLM പുറപ്പെടാന്‍ തയ്യാറയി. പൈലറ്റുമാര്‍ തങ്ങളുടെ 4 എഞ്ചിനുകളും ഒന്നിനു പുറകേ ഒന്നായി സ്റ്റാര്‍ട്ട് ചെയ്തു. പിന്നിലെ ടാക്സീ വേ പൂര്‍ണ്ണമായും അടഞ്ഞു കിടക്കുന്നതിനാല്‍ കണ്ട്രോളര്‍മാര്‍, വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം എടുക്കാറുള്ള, ഒരു തീരുമാനം എടുത്തു; ബാക്ക് ടാക്സി! സാങ്കേതികമായ കാരണങ്ങളാല്‍ ടാക്സീ വേ ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന അവസരങ്ങളില്‍, ‘റണ്‍വേ’ തന്നെ ‘ടാക്സീ വേ’ അയി ഉപയോഗിച്ച് റണ്‍വേയുടെ മറുതല വരെ ടാക്സി ചെയ്യുന്ന വിമാനം അവിടെ നിന്നും 180 ഡിഗ്രി തിരിഞ്ഞശേഷം നോര്‍മലായി ടേക്ക് ഓഫ് ചെയ്യുന്ന രീതിയാണ് ബാക്ക് ടാക്സി! മൂടല്‍ മഞ്ഞ് കാരണം വിസിബിലിറ്റി തീരെ കുറഞ്ഞു കഴിഞ്ഞിരുന്നു. KLM റണ്‍വേയിലേക്ക് കടന്ന് ടാക്സി തുടങ്ങിക്കഴിഞ്ഞപ്പോള്‍ ATC, PAN-AM–നും ബാക്ക്ടാക്സിക്ക് നിര്‍ദ്ദേശം നല്‍കി. റണ്‍വേയിലൂടെ റോള്‍ഡൌണ്‍ ചെയ്ത് ഇടതു വശത്ത് കാണുന്ന മൂന്നാമത്തെ എക്സിറ്റിലേക്ക് കടന്ന് അടുത്ത ഇന്‍സ്ട്രക്ഷനായി വെയ്റ്റ് ചെയ്യുക എന്നതായിരുന്നു നിര്‍ദ്ദേശം!

ലോസ് റോഡിയോസിലെ റണ്‍വേക്ക്, ടാക്സീ വേയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന 4 എക്സിറ്റുകളാണുള്ളത്. അദ്യത്തേത് 90 ഡിഗ്രി തിരിയുന്ന C1 ഉം, യഥാക്രമം 130, 148, 35 ഡിഗ്രികളില്‍ തിരിയുന്ന C2-ഉം, C3-ഉം, C4-ഉം. ഇതില്‍ C3-യിലേക്കാണ് PAN-AM തിരിയേണ്ടത്. കോക്ക്പിറ്റിനുള്ളില്‍ ലഭ്യമായിരുന്ന റണ്‍വേ മാപ് സശ്രദ്ധം വീക്ഷിച്ചുകൊണ്ട് PAN-AM പൈലറ്റ്മാര്‍ ടാക്സി ആരംഭിച്ചു. അപ്പോഴേക്കും KLM, റണ്‍വേയുടെ 75 ശതമാനത്തിലധികം ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു! ഒന്നാമത്തെയും രണ്ടാമത്തെയും എക്സിറ്റുകള്‍ പിന്നിട്ട PAN-AM ഇപ്പോള്‍ തങ്ങള്‍ക്ക് തിരിയേണ്ട മൂന്നാമത്തെ എക്സിറ്റിനായുള്ള അന്വേഷണത്തിലാണ്. പക്ഷെ, മൂടല്‍ മഞ്ഞ് നിറഞ്ഞു നിന്ന റണ്‍വേയിലെ മൂന്നാമത്തെ എക്സിറ്റ് ഇതിനോടകം തന്നെ തങ്ങള്‍ കടന്നുപോയി എന്ന് റണ്‍വേയില്‍ നിന്നും പത്തു മീറ്ററിലേറെ ഉയരത്തിലുള്ള 747 ന്‍റെ കോക്ക്പിറ്റില്‍ ഇരുന്നിരുന്ന പൈലറ്റ്മാര്‍ അറിഞ്ഞിരുന്നില്ല!! തങ്ങള്‍ക്ക് എന്തോ അബദ്ധം പറ്റിയിരിക്കുന്നു എന്നു മനസ്സിലാക്കിയ അവര്‍ വിമാനത്തിന്‍റെ വേഗത പിന്നെയും കുറച്ചു. ഇതേ സമയം റണ്‍വേയുടെ അങ്ങേത്തലക്കല്‍ KLM, 180 ഡിഗ്രി തിരിഞ്ഞ് ടേക്ക് ഓഫ് പൊസിഷനില്‍ അയിക്കഴിഞ്ഞിരുന്നു! ഗ്രൌണ്ട് റഡാര്‍ സവിധാനമില്ലാത്ത ഒരു എയര്‍പോര്‍ട്ടിന്‍റെ ഒരേ റണ്‍വേയില്‍, കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലത്തായി പരസ്പരം കാണാന്‍ കഴിയാതെ രണ്ട് ജംബോ ജെറ്റുകള്‍ മുഖാമുഖം!

ടേക്ക് ഓഫ് ചെയ്യാനുള്ള അനുവാദത്തിനായി KLM വീണ്ടും ATC യുമായി ബന്ധപ്പെട്ടു. എന്നാല്‍ PAN-AM ഇതുവരെ റണ്‍വേ ക്ലിയര്‍ ചെയ്തിട്ടില്ല എന്നറിയാമായിരുന്ന ATC കണ്ട്രോളര്‍ “4805.... you are cleared to the Papa Beacon climb to and maintain flight level nine zero right turn after take-off proceed with heading zero four zero until intercepting the three two five radial from gran caneria VOR” എന്ന് മറുപടി നല്‍കി. ടേക്ക് ഓഫിനു ശേഷം വിമാനം ഏത് ദിശയിലേക്ക് എത്ര ഉയരത്തില്‍ പറത്തണം, എന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് കണ്ട്രോളര്‍ ചെയ്തത്. ഒരിക്കലും അത് വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള അനുവാദമായിരുന്നില്ല. അതിനുള്ള ക്ലിയറന്‍സ് പ്രത്യേകമായാണ് നല്‍കുക. എന്നാല്‍ റേഡിയോ സംവിധാനത്തില്‍ വന്ന ചില ബുദ്ധിമുട്ടുകള്‍ കാരണം ആ വാചകം ടേക്ക് ഓഫ് ക്ലിയറന്‍സായി KLM പൈലറ്റുമാര്‍ തെറ്റിദ്ധരിച്ചു. കോ-പൈലറ്റ് വിമാനത്തിന്‍റെ ബ്രേക്ക് റിലീസ് ചെയ്തു. ക്യാപ്റ്റന്‍ തന്‍റെ എഞ്ചിനുകള്‍ ഫുള്‍ ത്രസ്റ്റിലേക്ക് സെറ്റ് ചെയ്തു. KLM 4805 മുന്നിലേക്ക് കുതിക്കാന്‍ തുടങ്ങി. സെക്കന്‍ഡുകള്‍ കഴിയും തോറും വിമനത്തിന്‍റെ വേഗത ഇരട്ടിച്ചുകൊണ്ടേയിരുന്നു. അപ്പോഴേക്കും അല്പ്പം മുന്നില്‍ PAN-AM നാലാമത്തെ എക്സിറ്റായ C4 ലേക്ക് എത്തിയിരുന്നു.

05:04:34PM - PAN-AM കോക്ക്പിറ്റ്:
വിമാനം C4 ലേക്ക് തിരിക്കാന്‍ തുടങ്ങിയ PAN-AM ക്യാപ്റ്റന്‍, കോ പൈലറ്റിന്‍റെ നിലവിളി കേട്ട് നോക്കുമ്പോള്‍ കാണുന്നത് തങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തുകൊണ്ടിരിക്കുന്ന KLM നെ! പെട്ടെന്ന് തന്‍റെ വിമാനം റണ്‍ വേയില്‍ നിന്നും പുറത്ത് കടത്താന്‍ അദ്ദേഹം പരിശ്രമിച്ചുവെങ്കിലും വളരെ സാവധാനം സഞ്ചരിച്ചിരുന്ന ആ വലിയ വിമാനത്തിന് റണ്‍ വേയില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള സമയം അത് പോരുമായിരുന്നില്ല! PAN-AM ന്‍റെ കോക്ക്പിറ്റ് ഒഴികെയുള്ള ഭാഗങ്ങള്‍ ഇപ്പോഴും റണ്‍ വേയില്‍ തന്നെയാണ്!

05:04:29PM - KLM കോക്ക്പിറ്റ്:
നിമിഷം തോറും വേഗത കൈവരിക്കുന്ന വിമാനത്തിന്‍റെ വിന്‍ഡ് ഷീല്‍ഡിലേക്ക് മൂടല്‍ മഞ്ഞിനെ വകഞ്ഞുമാറ്റി വന്നു പതിച്ച ചെറിയ പ്രകാശം എതിരേ വരുന്ന വിമാനത്തിന്‍റെ ഹെഡ് ലൈറ്റാണെന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, തന്‍റെ മുന്നിലുള്ള ഒരേ ഒരു മാര്‍ഗ്ഗം തന്നെ തെരഞ്ഞെടുത്തു. ഇമ്മീഡിയറ്റ് ടേക്ക് ഓഫ്! അദ്ദേഹം വിമാനത്തിന്‍റെ നോസ് പൊടുന്നനെ ഉയര്‍ത്തി. പക്ഷേ ഫുള്‍ ടാങ്ക്‍ ഫ്വുവലുമായി പറന്നുയരാന്‍ വേണ്ട വേഗത KLM കൈവരിച്ചിരുന്നില്ല. വിമാനത്തിന്‍റെ പുറകിലെ ചെറു ചിറകുകള്‍ 40 മീറ്ററോളം റണ്‍വേയില്‍ അമര്‍ന്നുരഞ്ഞ് തീ തുപ്പി!

05:04:37PM എക്സിറ്റ് C4:
KLM 4805 ന്‍റെ ലോവര്‍ ഫ്യൂസലേജും എഞ്ചിനുകളും ഫ്യുവല്‍ ടാങ്കും അടങ്ങുന്ന ഭാഗം PAN-AMന്‍റെ കോക്ക് പിറ്റിനു പിന്നില്‍, പാസഞ്ചര്‍ ക്യാബിനിലേക്ക് ഒരു വന്‍ സ്ഫോടന ശബ്ദത്തോടെ ഇടിച്ചു കയറി. അവശ്യത്തിലുമധികം ഉണ്ടായിരുന്ന ജെറ്റ് ഫ്യുവല്‍ ബാക്കി കാര്യങ്ങള്‍ അനായാസമാക്കി! 27 യാത്രക്കാര്‍ ഇരുന്നിരുന്ന PAN-AMന്‍റെ അപ്പര്‍ ഡെക്ക് കാണാനേയില്ല! കുറച്ച് അകലെയായി, ആയിരക്കണക്കിന് കഷണങ്ങളായി ചിതറിയ KLMന്‍റെ അവശിഷ്ട്ടങ്ങളെ പോലും തീ വിഴുങ്ങി! KLMന്‍റെയുള്ളില്‍ ഉണ്ടായിരുന്ന 248 പേരും തല്ക്ഷണം മരിച്ചു. PAN-AMന്‍റെ 396 പേരില്‍ പൈലറ്റും ഫസ്റ്റ് ഓഫീസറും ഫ്ലൈറ്റ് എഞ്ചിനിയറും മറ്റ് 6 ജീവനക്കാരും ഉള്‍പ്പെടെ 61 പേര്‍ ക്രാഷിനെ സര്‍വൈവ് ചെയ്തു! ആകെ മരണം 583!
ഒന്ന് വീക്ഷിച്ചാല്‍, വളരെ യാദൃശ്ചികം എന്നു തോന്നുന്ന കുറേ കാര്യങ്ങള്‍ രണ്ടു വിമാനങ്ങള്‍ക്കിടയില്‍ ഒരുമിച്ചു കൂടുകയായിരുന്നു 1977 മാര്‍ച്ച് 27 ന്. ബോംബ് സ്ഫോടനം, പാര്‍ക്കിംഗിലെ പ്രശ്നങ്ങള്‍, റീ ഫ്യുവലിംഗ്, ഗ്രൌണ്ട് റഡാര്‍ ഇല്ലാത്ത റണ്‍വേയിലെ ബാക്ക് ടാക്സി, പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടില്ലാതിരുന്ന എക്സിറ്റുകള്‍, മൂടല്‍ മഞ്ഞ്, റേഡിയോ സംഭാഷണത്തില്‍ വന്ന കണ്‍ഫ്യൂഷന്‍സ്. ഇവയില്‍ എതെങ്കിലും ഒന്ന് ഒഴിവായിരുന്നു എങ്കില്‍ എവിയേഷന്‍ ഹിസ്റ്ററിയിലെ ‘The deadliest ever’ എന്ന വിശേഷണം നേടിയ അപകടത്തിന് ലോസ് റോഡിയോസിലെ ടാര്‍മാക്ക് ഒരിക്കലും സാക്ഷിയാവേണ്ടി വരില്ലായിരുന്നു!

Courtesy: Google(pictures), Wikipedia, National Geographic, Discovery

ക്രാഷ് ലാന്‍ഡ്‌ - 5, കോക്ക്പിറ്റ് എന്ന കളിപ്പാട്ടം


1994 March 24, 9 PM. എയര്‍ബസ്‌ A310 വിഭാഗത്തിലെ ഒരു ബ്രാന്‍ഡ്‌ ന്യൂ ഫ്ലൈറ്റ്‌ 10000 മീറ്റര്‍ ഉയരത്തിലൂടെ ഇരുട്ടിനെയും അതിശക്തമായ തണുപ്പിനെയും വകഞ്ഞു മാറ്റി മണിക്കൂറില്‍ 850 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുകൊണ്ടിരുന്നു! റഷ്യയുടെ എയ്റോഫ്ലോട്ട് 593, മോസ്കോയില്‍ നിന്നും ഹോംഗ്കോങ്ങിലേക്കുള്ള നീണ്ട പത്ത്‌ മണിക്കൂര്‍ യാത്രയുടെ ഏതാണ്ട് പകുതിയിയിലാണ്. 63 യാത്രക്കാരും 12 വിമാനജീവനക്കാരും ഉള്‍പ്പെടെ  75 പേര്‍, വളരെ സ്മൂത്തായ ഫ്ലയിംഗ് കണ്ടിഷന്‍. പൊടുന്നനെ എയ്റോഫ്ലോട്ട് 593 വലത്തേക്ക് റോള്‍ ചെയ്യാന്‍ തുടങ്ങി. നിമിഷങ്ങള്‍ കഴിയും തോറും വിമാനം അപകടകരമാം വിധം മലക്കം മറിഞ്ഞു. പിന്നെ നോസ് മുകളിലേക്ക് ഉയര്‍ന്ന് 90 ഡിഗ്രിയില്‍ മുകളിലേക്ക് കുതിക്കുകയും അത് പോലെ തിരിഞ്ഞ് താഴേക്കും വീഴാന്‍ തുടങ്ങി. മംഗോളിയന്‍ അതിര്‍ത്തിയില്‍ നിന്നും 500 km വടക്ക് മാറി സ്ഥിതി ചെയ്യുന്ന കണ്ട്രോള്‍ ടവറിലെ റഡാറില്‍ നിന്നും എയ്റോഫ്ലോട്ട് 593 പൊടുന്നനെ അപ്രത്യക്ഷമായി, ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ.....!

മണിക്കൂറുകള്‍ക്ക് ശേഷം, മിസ്സിംഗ്‌ എയര്‍ക്രാഫ്റ്റിനെ അന്വേഷിച്ച് രണ്ട് ഹെലികോപ്റ്ററുകളെ അധികൃതര്‍ അയച്ചു. ഒടുവില്‍ ഒരു തണുത്തുറഞ്ഞ മലഞ്ചരിവില്‍ എയ്റോഫ്ലോട്ട് 593 ന്‍റെ അവശിഷ്ട്ടങ്ങള്‍ അവര്‍ കണ്ടെത്തി. ആയിരക്കണക്കിന് ലോഹക്കഷണങ്ങളായി മാറിയ എയ്റോഫ്ലോട്ടിന്‍റെ അവശിഷ്ടങ്ങളില്‍ മനുഷ്യന്‍റെ എന്ന് തോന്നുന്ന ചില ശരീര ഭാഗങ്ങളല്ലാതെ ആരെങ്കിലും രക്ഷപ്പെട്ടേക്കാനുള്ള സാധ്യത പോലും ഉണ്ടായിരുന്നില്ല. ബോംബ്‌ സ്ഫോടനം എന്നായിരുന്നു പ്രാഥമിക നിഗമനം. ലോകം മുഴുവന്‍ ആ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. അന്വേഷണവും ആ രീതിയില്‍ തന്നെയായിരുന്നു തുടങ്ങിയത്. എന്നാല്‍ ചീഫ്‌ ഇന്‍വെസ്റ്റിഗേറ്റര്‍ ഇവാന്‍സ്‌ അന്വേഷണത്തിന്‍റെ ആദ്യ ദിവസം തന്നെ ബോംബ്‌ സ്ഫോടനത്തിന്‍റെ സാധ്യത പൂര്‍ണമായും തള്ളിക്കളഞ്ഞു. പക്ഷേ അദ്ദേഹത്തെ ഏറ്റവുമധികം കണ്‍ഫ്യൂസ് ചെയ്യിച്ചത് കോക്ക്പിറ്റിനുള്ളില്‍ കണ്ട, ഒരു കുട്ടിയുടെ ശരീര ഭാഗങ്ങളായിരുന്നു! കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു.....

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വിമാനത്തിന്‍റെ ബ്ലാക്ക്‌ ബോക്സുകള്‍ കണ്ടെത്തിയത് വലിയൊരു വഴിത്തിരിവായിരുന്നു. രണ്ടു ബ്ലാക്ക്‌ ബോക്സുകള്‍. CVR എന്ന കോക്പിറ്റ് വോയിസ്‌ റെക്കോഡറും FDR എന്ന ഫ്ലൈറ്റ്‌ ഡാറ്റാ റെക്കോഡറും. ഇതില്‍ CVR, കോക്പിറ്റിനുള്ളിലെ സംഭാഷണ ശകലങ്ങളും എയര്‍ ട്രാഫിക്‌ കണ്ട്രോളറും പൈലറ്റുമായുള്ള റേഡിയോ സംഭാഷണങ്ങളും രേഖപ്പെടുത്തുമ്പോള്‍ FDR വിമാനത്തിന്‍റെ കോക്പിറ്റില്‍ നിന്നും ഇലക്ട്രോണിക് സംവിധാനങ്ങളിലേക്ക് അയക്കപ്പെടുന്ന നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തുന്നു. ഡാറ്റാ റെക്കോഡറിന്‍റെ ആദ്യ പരിശോധനയില്‍, ക്രാഷ് സമയത്ത്‌ വിമാനത്തിന്‍റെ രണ്ട് എഞ്ചിനുകളും ഫുള്‍ പവറില്‍ റണ്‍ ചെയ്യുന്നുണ്ടായിരുന്നു എന്ന് വ്യക്തമായിടത്ത് നിന്ന് എഞ്ചിന്‍ തകരാര്‍ എന്ന കാരണത്തിന് അപകടത്തില്‍ യാതൊരു പങ്കുമില്ല എന്ന് ഉറപ്പായി. ഇവാന്‍സ്‌ വോയിസ്‌ റെക്കോഡറിലേക്ക് തിരിഞ്ഞു. ആദ്യത്തെ നാല് മണിക്കൂറുകള്‍ വളരെ സാധാരണമായ അന്തരീക്ഷമായിരുന്നു കോക്പിറ്റില്‍. പക്ഷേ പിന്നീട് വോയിസ്‌ റെക്കോഡറില്‍ നിന്നും കേട്ട രണ്ടു കുട്ടികളുടെ ശബ്ദം ഇവാന്‍സിനെ ഞെട്ടിച്ചു...! തന്‍റെ ഇത്രെയും നാളത്തെ ക്രാഷ് അന്വേഷണ ചരിത്രത്തിലോ, ഒരുപക്ഷെ ലോക ചരിത്രത്തിലോ കേട്ട്കേള്‍വിയില്ലാത്ത ഒരു വിമാന ദുരന്ത കാരണത്തിലേക്കാണ് തന്‍റെ അന്വേഷണം ചെന്നെത്തുന്നത് എന്ന് വേദനയോടെ അദ്ദേഹം മനസ്സിലാക്കി. ക്രാഷിന് തൊട്ടുമുന്‍പ്‌ വരെ വിമാനം പറത്തിയിരുന്നത് വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലനായിരുന്നു.........!!!!!

FLASH BACK.............
1994 March 24, 04:39 PM. എയ്റോഫ്ലോട്ട് 593 മോസ്കോയില്‍ നിന്നും പറന്നുയര്‍ന്നു. പരിപൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ്‌ ചെയ്ത എയര്‍ബസ്‌ A 310ന്‍റെ ഫ്ലൈറ്റ്‌ ഡക്കില്‍ മൂന്ന് വൈമാനികര്‍. ക്യാപ്റ്റന്‍ യാരാസ്ലോവ് ക്യുഡ്രിന്‍സ്കി, ക്യാപ്റ്റന്‍ ഡാനിലോ, ഫസ്റ്റ് ഓഫീസര്‍ പിസ്കാരോമൂന്നുപേരും ആയിരത്തിലേറെ മണിക്കൂറുകള്‍ A310 ന്‍റെ കോക്ക്പിറ്റില്‍ ചെലവഴിച്ചിട്ടുള്ള ഫസ്റ്റ്ക്ലാസ്‌ പൈലറ്റുമാര്‍. യാത്രയുടെ ആദ്യഘട്ടത്തില്‍ കണ്ട്രോളില്‍ ക്യാപ്റ്റന്‍ ഡാനിലോ ആണ്. ക്യുഡ്രിന്‍സ്കി അസിസ്റ്റ് ചെയ്യും. രണ്ടാം പകുതിയില്‍ കണ്ട്രോളില്‍ ക്യുഡ്രിന്‍സ്കി വരുമ്പോള്‍ ഫസ്റ്റ് ഓഫീസര്‍ പിസ്കാരോ അദ്ദേഹത്തെ അസിസ്റ്റ് ചെയ്യും. ഇതായിരുന്നു സ്ട്രാറ്റജി. ഏകദേശം നാലുമണിക്കൂറുകള്‍ക്ക് ശേഷം ഫ്ലൈറ്റ്‌ കണ്ട്രോള്‍, റിലീഫ്‌ പൈലറ്റ്‌ ക്യുഡ്രിന്‍സ്കിയ്ക്ക് കൈമാറി ക്യാപ്റ്റന്‍ ഡാനിലോ വിശ്രമത്തിനായി പാസഞ്ചര്‍ ക്യാബിനിലേക്ക് പോയി. 10000 മീറ്റര്‍ ഉയരത്തില്‍ വളരെ ശാന്തമായ അന്തരീക്ഷത്തിലൂടെ എയ്റോഫ്ലോട്ട് 593 കുതിച്ചുകൊണ്ടേയിരുന്നു.

ക്യാപ്റ്റന്‍  ക്യുഡ്രിന്‍സ്കിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ യാത്ര അല്‍പ്പം പ്രത്യേകത നിറഞ്ഞതാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ സ്വന്തം ഫാമിലിയെ ഒരു ഇന്‍റര്‍നാഷണല്‍ ഫ്ലൈറ്റിനു കൊണ്ട് പോകാന്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് എയ്റോഫ്ലോട്ട് അവസരം നല്‍കുന്നുണ്ട്. ക്യാപ്റ്റന്‍ ക്യുഡ്രിന്‍സ്കി തന്‍റെ രണ്ടു മക്കളെയും ഇന്ന് അവരുടെ ആദ്യ വിദേശ യാത്രയ്ക്ക് കൊണ്ട് പോകുകയാണ്. 15 വയസ്സുകാരന്‍ എല്‍ദാറും 13 വയസ്സുകാരി യാനയും. രണ്ടു പേരും ഒരുപാട് സന്തോഷത്തിലാണ്. പക്ഷെ തങ്ങളെ ഒരുപാടു സ്നേഹിക്കുന്ന അച്ഛന്‍ തങ്ങള്‍ക്കായി ഒരുക്കിയിരുന്ന യഥാര്‍ഥ സര്‍പ്രൈസ്‌ മറ്റൊന്നായിരുന്നു എന്നത് അവര്‍ അറിയുന്നത് വിമാനത്തിലെ ഒരു ജീവനക്കാരന്‍ വന്ന് അവരെ കോക്ക്പിറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയപ്പോഴാണ്.!

തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനാവാതെ കോക്ക് പിറ്റിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് അവരുടെ അച്ഛന്‍ അഭിമാനത്തോടെ മറ്റൊരു സര്‍പ്രൈസ്‌ കൂടി നല്‍കി. ഒരു വൈമാനികനും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം...... കുട്ടികളെ കൊണ്ട് വിമാനം പറത്തിക്കുക!!! ആദ്യത്തെ അവസരം യാനയ്ക്കായിരുന്നു. ക്യാപ്റ്റന്‍ ക്യുഡ്രിന്‍സ്കി മകളെ തന്‍റെ സീറ്റില്‍ പിടിച്ചിരുത്തി. ‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’ എന്ന ബട്ടണ്‍  ഇടത്തേക്ക് തിരിച്ച ക്യുഡ്രിന്‍സ്കി മകളോട് വിമാനത്തിന്‍റെ കണ്ട്രോള്‍ കോളം ഇടത്തേക്ക് തിരിക്കാന്‍ പറഞ്ഞു. അച്ഛന്‍റെ നിര്‍ദേശം അനുസരിച്ച യാന കണ്ട്രോള്‍ കോളം ഇടത്തേക്ക് തിരിച്ചു. വിമാനം ഇടത്തേക്ക് തിരിയാന്‍ തുടങ്ങി! വീണ്ടും ‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’ ക്യുഡ്രിന്‍സ്കി പഴയ പോസിഷനിലേക്ക് തിരിച്ചു, വിമാനം വീണ്ടും പഴയ സ്ഥിതിയിലുമായി. ഓട്ടോ പൈലറ്റ് പറത്തിക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തിനെ, അത്യാവശ്യ ഘട്ടങ്ങളില്‍ അല്‍പ്പം ഗതി മാറ്റാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’. അതില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് വിമാനം ഓട്ടോമാറ്റിക് ആയി തിരിയും. എന്നാല്‍ ഇതിനെക്കുറിച്ച് അറിയാത്ത തന്‍റെ മകളെ സന്തോഷിപ്പിക്കാനായി, താന്‍ തന്നെയാണ് വിമാനം തിരിക്കുന്നത് എന്ന തോന്നല്‍ അവളില്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’ തിരിച്ച ശേഷം ക്യുഡ്രിന്‍സ്കി മകളോട് കണ്ട്രോള്‍ കോളം തിരിക്കാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹം ഉദ്ദേശിച്ച പോലെ തന്നെ, താന്‍ തന്നെയാണ് വിമാനം തിരിച്ചത് എന്ന് മകള്‍ വിശ്വസിക്കുകയും ചെയ്തു.

സൈബീരിയക്ക്‌ മുകളില്‍ 10000 മീറ്റര്‍ ഉയരത്തില്‍ എയ്റോഫ്ലോട്ട് പറക്കുകയാണ്. സ്വന്തം അനിയത്തി വിമാനം പറത്തുന്നത് കൊതിയോടെ നോക്കി നിന്ന തനിക്ക് തന്നെയാണ് അച്ഛന്‍ അടുത്ത അവസരം നല്‍കാന്‍ പോകുന്നത് എന്ന് മനസ്സിലാക്കിയ എല്‍ദാര്‍, യാന എഴുന്നേറ്റ ഉടനെ തന്നെ ക്യാപ്റ്റന്‍റെ സീറ്റ്‌ കരസ്ഥമാക്കി! കണ്ട്രോള്‍ കോളം തിരിക്കാന്‍ ശ്രമിച്ച എല്‍ദാര്‍ പക്ഷെ പരാജയപ്പെട്ടു. തന്നേക്കാളും പ്രായം കുറഞ്ഞ യാന വളരെ ഈസിയായി തിരിച്ച കണ്ട്രോള്‍ കോളം ഇപ്പോള്‍ തിരിയാത്തത്‌, അച്ഛന്‍ ‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’ പ്രീസെറ്റ്‌ കോഴ്സിലേക്ക് തിരിച്ച് വച്ചിരിക്കുന്നത് കൊണ്ടാണ് എന്ന് മനസ്സിലാക്കാനുള്ള അറിവ് ആ പതിനഞ്ച്കാരനില്ലായിരുന്നു! ഇതിനിടയില്‍ ക്യുഡ്രിന്‍സ്കി വീണ്ടും ഹെഡിംഗ് സെലക്ഷന്‍ മാറ്റി. അതോടെ കണ്ട്രോള്‍ കോളവും വളരെ ഈസിയായി തിരിയാന്‍ തുടങ്ങി. എല്‍ദാര്‍ വിമാനം ഇടത്തേക്ക് തിരിച്ചു. വീണ്ടും ക്യുഡ്രിന്‍സ്കി പ്രീസെറ്റ്‌ ഹെഡിങ്ങിലേക്ക് വിമാനം സെറ്റ്‌ ചെയ്തു. റോളിംഗ് അവസാനിപ്പിച്ച് വിമാനം വീണ്ടും സ്റ്റെഡിയായി. പക്ഷേ എല്‍ദാറിന്‍റെ ആഗ്രഹം അവസാനിച്ചിരുന്നില്ല. എല്‍ദാറിന്‍റെ സീറ്റിന് പിന്നില്‍ ക്യാപ്റ്റനും മകളും തമ്മിലുള്ള സംസാരത്തിലായിരുന്നു കോ പൈലറ്റിന്‍റെയും ശ്രദ്ധ. എല്‍ദാര്‍ വീണ്ടും കണ്ട്രോള്‍ കോളം തിരിക്കാന്‍ ശ്രമിച്ചു. പക്ഷേ നേരത്തത്തെ പോലെ അത് വഴങ്ങുന്നുണ്ടായിരുന്നില്ല. അവന്‍ ഇടത്തേക്കും വലത്തേക്കും ശക്തമായി കോളം തിരിക്കാന്‍ ശ്രമിച്ചു.

അച്ഛന്‍റെ സീറ്റില്‍ വന്നിരുന്ന്‍ ഏതാണ്ട് മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം എല്‍ദാര്‍ തന്നെയാണ് അത് ആദ്യമായി ശ്രദ്ധിച്ചത്.! വിമാനം തുടര്‍ച്ചയായി വലത്തേക്ക് റോള്‍ ചെയ്യുന്നു! എല്‍ദാര്‍ പെട്ടെന്ന് തന്നെ അച്ഛനോട് വിവരം പറഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലായില്ല. വിമാനം വീണ്ടും റോള്‍ ചെയ്തുകൊണ്ടേയിരിക്കുകയാണ്. കോക്ക്പിറ്റ് സ്ക്രീനിലേക്ക് നോക്കിയ ക്യുഡ്രിന്‍സ്കിയും ഫസ്റ്റ് ഓഫീസര്‍ പിസ്കാരോയും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. തങ്ങളുടെ വിമാനം 45 ഡിഗ്രിയിലധികം തിരിഞ്ഞിരിക്കുന്നു! എയര്‍ബസ്‌ A310 ന് നിഷ്കര്‍ഷിച്ചിരിക്കുന്ന സെയ്ഫ് റോളിംഗ് ലിമിറ്റിനേക്കാള്‍ ഒരുപാട് കൂടുതലായിരുന്നു അത്! 600 കി.മീ വേഗത്തില്‍ അതിശക്തമായി വലത്തേക്ക് റോള്‍ ചെയ്യുന്ന A310! പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു; നാടകീയവും. അപ്രതീക്ഷിതമായുള്ള വിമാനത്തിന്‍റെ ആ മൂവ്മെന്‍റ് ഉണ്ടാക്കിയ ഗ്രാവിറ്റി കാരണം എല്ലാപേരും അവരവരുടെ സീറ്റുകളിലേക്ക് അമര്‍ത്തപ്പെട്ടു. കോക്ക്പിറ്റില്‍ ഉള്ള ആര്‍ക്കും വിമാനത്തിന്‍റെ കണ്ട്രോള്‍ കോളത്തിലേക്ക് കൈ എത്തിക്കാന്‍ പോലും കഴിയുന്നില്ല. ആകെ അതിന് സാധിച്ചത് നേരത്തേ തന്നെ കണ്ട്രോള്‍ കോളത്തില്‍ പിടിച്ചിരുന്നിരുന്ന എല്‍ദാറിനും!! പെട്ടെന്ന് കോക്ക്പിറ്റിനുള്ളില്‍ കേട്ട അലാം കൂടിയായപ്പോള്‍ പൈലറ്റുമാര്‍ക്ക് കാര്യങ്ങള്‍ ഏകദേശം ഉറപ്പിച്ചു. ഫ്ലൈറ്റിന്‍റെ ഓട്ടോപൈലറ്റ്‌ പൂര്‍ണ്ണമായും ഷട്ട്ഡൌണ്‍ ആയിരിക്കുന്നു.

ഇപ്പൊ വിമാനത്തിന്‍റെ നിയന്ത്രണം മുഴുവന്‍ എല്‍ദാറിന്‍റെ കയ്യിലാണ്!  പൊടുന്നനെ വിമാനത്തിന്‍റെ നോസ് ഉയര്‍ന്നു. വിമാനം 90 ഡിഗ്രിയില്‍ മുകളിലേക്ക് പറക്കാന്‍ തുടങ്ങി. പാസഞ്ചര്‍ ക്യാബിനില്‍ നിന്നും നിര്‍ത്താത്ത നിലവിളികള്‍ ഉയര്‍ന്നു. ഭൂമിക്ക്‌ 90 ഡിഗ്രിയില്‍ മുകളിലേക്ക് വിമാനത്തെ പറത്താനുള്ള പവര്‍ ജെറ്റ്‌ എഞ്ചിന് കുറഞ്ഞു തുടങ്ങിയപ്പോള്‍ വിമാനത്തിന്‍റെ മറ്റൊരു ഓട്ടോമാറ്റിക്‌ സേഫ്റ്റി ഫീച്ചര്‍ വിമാനത്തിനെ നോസ് അപ്പ് പൊസിഷനില്‍ നിന്നും നോസ് ഡൈവ് പോസിഷനിലേക്ക് കൊണ്ട് വന്നു. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കോ പൈലറ്റിന് ഇപ്പോള്‍ കണ്ട്രോള്‍ കോളത്തില്‍ തന്‍റെ കൈ എത്തിക്കാന്‍ കഴിഞ്ഞുവെങ്കിലും വിമാനം മിനിറ്റില്‍ 40000 അടി വേഗത്തില്‍ താഴേക്ക് വീഴുകയാണ്! പൈലറ്റുമാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വിമാനം ഒരു മിനിറ്റിനുള്ളില്‍ ഭൂമിയിലേക്ക്‌ ക്രാഷ് ചെയ്യും! കോ പൈലറ്റ്‌ പിസ്കാരോ തന്‍റെ കഴിവിന്‍റെ പരമാവധി കണ്ട്രോള്‍ കോളം വലിച്ച് പിടിച്ച് വിമാനത്തെ വീഴ്ചയില്‍ നിന്നും തടയാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ വിമാനത്തിന്‍റെ നോസ് വീണ്ടും ഉയര്‍ന്നു. പക്ഷെ അത് വീഴ്ചയില്‍ നിന്നും വിമാനത്തിനെ ലെവലാക്കുകയായിരുന്നില്ല ചെയ്തത്. വിമാനം വീണ്ടും 90 ഡിഗ്രിയില്‍ മുകളിലേക്ക് പറക്കാന്‍ തുടങ്ങി! അപ്പോഴേക്കും എല്‍ദാറിനെ മാറ്റി ക്യുഡ്രിന്‍സ്കിയും തന്‍റെ സീറ്റിലേക്ക് വന്നുകഴിഞ്ഞിരുന്നു. പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയ ശേഷം ആദ്യമായി പൈലറ്റും കോ പൈലറ്റും ഒത്തൊരുമിച്ച് വിമാനം നിയന്ത്രിക്കാന്‍ തുടങ്ങി! ഒടുവില്‍ വിമാനം അവരോട് റിയാക്റ്റ് ചെയ്യാന്‍ ആരംഭിച്ചു. അവര്‍ വിമാനം വീണ്ടും സാധാരണ നിലയിലേക്ക് കൊണ്ട് വന്നു. പക്ഷെ അപ്പോഴും പൈലറ്റുമാര്‍ക്ക് കൃത്യമായി അറിയാതിരുന്നത്, സെക്കന്‍ഡില്‍ 17 മീറ്റര്‍ എന്ന കണക്കില്‍ അവര്‍ നഷ്ട്പ്പെടുത്തിയ തങ്ങളുടെ ആള്‍ട്ടിട്യൂഡിനെ കുറിച്ചായിരുന്നു. ഉദ്വേഗജനകമായ അത്രയും സമയം കൊണ്ട് എയ്റോഫ്ലോട്ട് ഏകദേശം 6000 മീറ്ററോളം താഴേക്ക് വീണു കഴിഞ്ഞിരുന്നു! ഒടുവില്‍, കൃത്യമായ ഒരു ഡയറക്ഷന്‍ ഇല്ലാതെ പറന്ന എയ്റോഫ്ലോട്ട് 593 ഏതോ ഒരു മലമുകളിലേക്ക് അതിവേഗത്തില്‍ ഇടിച്ചു കയറി!!
...................................................................................................................
ക്യുഡ്രിന്‍സ്കിയ്ക്ക് എവിടെയാണ് പിഴച്ചത് എന്ന് ഇവാന്‍സ് തന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ടായിരുന്നു. CVRഉം FDRഉം പരിശോധിച്ചതില്‍ നിന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്:  മകനെ, വിമാനം പറത്തുന്നത് താന്‍ തന്നെയാണ് എന്ന് തെറ്റിധരിപ്പിച്ച്, ഹെഡിംഗ് സെലക്റ്റ്‌ നോബ്‌ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചു വച്ച് അദ്ദേഹം പിന്നില്‍ നിന്ന മകളോട് സംസാരിക്കുന്നതില്‍ വ്യാപൃതനായി. പക്ഷെ അപ്പോളും എല്‍ദാര്‍ വിമാനം തിരിക്കാനായി ശ്രമിക്കുന്നുണ്ടായിരുന്നു. കണ്ട്രോള്‍ കോളത്തിന്‍റെ തുടര്‍ച്ചയായ ഇരുവശത്തേക്കുമുള്ള ചലനം, വിമാനത്തിന്‍റെ റോളിങ്ങിനെ നിയന്ത്രിക്കുന്ന, ചിറകിലെ aileron കളുടെ ഓട്ടോപൈലറ്റ് സംവിധാനത്തെ നിര്‍ജ്ജീവമാക്കുകയായിരുന്നു! തുടര്‍ന്നാണ് വിമാനം വലത്തേക്ക് അപകടകരമാം വിധം തിരിയാന്‍ തുടങ്ങിയത്. പക്ഷെ ഇവാന്‍സ്‌ റിപ്പോര്‍ട്ട് അവസാനിപ്പിച്ചത്, അപകടം സംഭവിച്ചത് ഒരു കുട്ടി വിമാനം പറത്തിയത് കൊണ്ടായിരുന്നു എന്ന്‍ പറഞ്ഞുകൊണ്ടായിരുന്നില്ല. മറിച്ച് പൈലറ്റ്‌ എറര്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍!!! തീര്‍ച്ചയായും സേവ് ചെയ്യാമായിരുന്ന വിമാനം പൈലറ്റ്‌മാരുടെ കൈപ്പിഴ ഒന്നുകൊണ്ടു മാത്രമായിരുന്നു ക്രാഷ് ചെയ്യപ്പെട്ടത് എന്ന്! ഇവാന്‍സ്‌ കണ്ടെത്തിയ ശരിക്കുമുള്ള അപകടകാരണം ലോകത്തെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു. ഒടുവില്‍ ഇവാന്‍സിന്‍റെ കണ്ടെത്തല്‍ പൂര്‍ണ്ണമായും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടു. താഴേക്ക് വീഴാന്‍ തുടങ്ങിയ വിമാനത്തിന്‍റെ കണ്ട്രോള്‍ കോളം വലിച്ചു പിടിക്കാതെ അതിനെ ഫ്രീ ആയി വിട്ടിരുന്നു എങ്കില്‍ വിമാനം ഓട്ടോമാറ്റിക്‌ ആയി പൂര്‍വ്വസ്ഥിതിയിലേക്ക് വരുമായിരുന്നു! A310 വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ക്ക് ഉള്ള ഒരു പ്രത്യേക ഫീച്ചര്‍ ആയിരുന്നു അത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ എയ്റോഫ്ലോട്ട് പറത്തിയിരുന്ന വൈമാനികര്‍ക്ക് തങ്ങള്‍ പറത്തുന്ന വിമാനത്തെക്കുറിച്ച് പൂര്‍ണ്ണമായ അറിവുണ്ടായിരുന്നില്ല. ഒടുവില്‍, ലോകമെമ്പാടുമുള്ള വിമാനക്കമ്പനികള്‍ക്ക്, തങ്ങളുടെ പൈലറ്റുമാര്‍ക്ക്‌ നല്‍കുന്ന ട്രെയിനിംഗ് കൂടുതല്‍ കര്‍ക്കശമാക്കാനുള്ള ഒരു താക്കീതായി എയ്റോഫ്ലോട്ട് 593 ന്‍റെ ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ അവസാനിക്കുകയായിരുന്നു..........
Courtesy- Google, Discovery, National Geographic & Wikipedia

ബ്ലോഗിലോട്ടുള്ള ലിങ്ക് - http://vimalgayathri.blogspot.in