അവള്‍ക്ക് വയസ്സ് പതിനാറ് തികഞ്ഞിട്ടില്ല. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ''സാറൊന്നുപദേശിക്കണം'' എന്ന അഭ്യര്‍ഥനയോടെയാണ് പിതാവ് അവളെ എന്റെ പക്കല്‍ കൊണ്ടുവന്നത്. തിരുവനന്തപുരത്തുള്ള ഒരു ബിസിനസ്സുകാരനുമായി അവള് കടുത്ത പ്രണയത്തിലാണ്. മൊബൈലില്‍ വന്ന ഒരു മിസ്ഡ് കാളില്‍ തുടങ്ങിയ അടുപ്പമാണ്. വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞപ്പോഴേക്കും വൈകി.
ഒരുമാസത്തെ പരിചയം കൊണ്ട് അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വേര്‍പിരിയാന്‍ പറ്റാത്തവിധം' അവര്‍ അടുത്തുകഴിഞ്ഞിരിക്കുന്നു.
ശനിയും ഞായറും എന്‍ട്രന്‍സ് കോച്ചിങ്ങിന് തൃശ്ശൂര്‍ക്ക് പോകുന്നുണ്ട്. വരാന്‍ വൈകുമ്പോള്‍ ആധി പിടിക്കണ്ടല്ലോ എന്നോര്‍ത്താണ് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുത്തത്.
മുറി അടച്ചിട്ട് മകള്‍ പഠിക്കുകയാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ്, അവള് മൊബൈലില്‍ സല്ലപിക്കുകയാണെന്നറിഞ്ഞത്. മൊബൈല്‍ പിടിച്ചുവാങ്ങി. പിറ്റേദിവസം സ്കൂളില്‍ വിട്ടില്ല. അന്ന് രാത്രിയായപ്പോള്‍ അവള് ഹിസ്റ്റീരിക് ആയി മാറി.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് അത് കിട്ടാതെ വരുമ്പോഴുള്ള വികാരപ്രകടനങ്ങള്‍ക്ക് സമാനമായിരുന്നു അവളുടെ ഭാവമെന്ന് ആ പിതാവ് ഓര്‍മിക്കുന്നു. രണ്ടുദിവസം കൊണ്ട് അത് മാറി.
വീട്ടുകാരും ബന്ധുക്കളും ഉപദേശിച്ചപ്പോള്‍ അവള് നല്ല കുട്ടിയാകാമെന്ന് പറഞ്ഞു. വീട്ടില്‍ സ്ഥിരമായി അവളെ ശ്രദ്ധിച്ചു. കുഴപ്പമൊന്നുമില്ല. പക്ഷേ, വൈകാതെ സ്കൂളില്‍ ബാത്ത്റൂമിലിരുന്ന് സ്ഥിരം മൊബൈലില്‍ സംസാരിച്ച അവളെ അധ്യാപികമാര്‍ പിടികൂടി. വീട്ടില്‍ മൊബൈല്‍ പിടിച്ചെടുത്തപ്പോള്‍ കാമുകന് പുതിയൊരു സെറ്റ് എത്തിച്ചുകൊടുക്കുകയായിരുന്നു. ഒരു കൂട്ടുകാരിയാണ് മൊബൈല്‍ സൂക്ഷിച്ചിരുന്നത്. രാവിലെ സ്കൂളിലെത്തുമ്പോള്‍ അവള്‍ക്ക് കൈമാറും.
''ഇവള് ഇങ്ങനെയാകുമെന്ന് സ്വപ്നത്തില്‍ കരുതിയില്ല, ഇതിനുതാഴെ ഒരു പെണ്‍കൊച്ചുകൂടിയുണ്ട്. നന്നായി സ്നേഹിച്ചും വേണ്ടതെല്ലാം വാങ്ങിക്കൊടുത്തുമാണ് വളര്‍ത്തിയത്. ഒടുക്കം ഇങ്ങനെയായി....'' പിതാവ് കരയാന്‍ തുടങ്ങി. ഞാന്‍ അവളെ വിളിച്ച് മാറ്റിനിര്‍ത്തി സംസാരിച്ചു. അവള് പറഞ്ഞു: ''അങ്കിള്‍ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ. ബിജുവേട്ടനെ മറക്കണമെന്നുമാത്രം പറയരുത്.''
പതിനെട്ട് വയസ്സ് തികയുന്ന ദിവസം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. അവന് പറഞ്ഞിട്ടുണ്ട്: ''നീ പഠിക്കുകയൊന്നും വേണ്ട, പഠിച്ച് ജോലി മേടിച്ച് ശമ്പളം കൊണ്ടുവന്ന് കഴിയേണ്ട ഗതികേടൊന്നും എന്റെ വീട്ടിലില്ല....'' അതുകൊണ്ടുതന്നെ ഏറെ വിഷയങ്ങള്‍ക്ക് എ പ്ലസ് വാങ്ങി എസ്.എസ്.എല്‍.സി. പാസ്സായ അവള് ഇപ്പോള്‍ കാര്യമായി ഒന്നും പഠിക്കുന്നില്ല. എന്‍ട്രന്‍സ് കോച്ചിങ്ങും ഉപേക്ഷിച്ചു.
മൊബൈല്‍ ഫോണ്‍ നല്കുന്ന സ്വകാര്യതയും മുഖമില്ലാതെ സംസാരിക്കാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും സമൂഹത്തില്‍ ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നും മദ്യവും പോലെ മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനും അഡിക്ട് ആയ ഒരു സമൂഹം അതിവേഗം വളര്‍ന്നുവരുന്നുണ്ട്.
ഇതില്‍ കൗമാരക്കാരോ യുവതീയുവാക്കളോ മാത്രമല്ല മധ്യവയസ്കരും വാര്‍ധക്യം പ്രാപിച്ചവരുമൊക്കെ പെടുന്നുണ്ട്.
എന്നാല്‍, കൗമാരക്കാരിലാണ് ഇത് വലിയ ആഘാതം സൃഷ്ടിക്കുന്നത്. പ്രായത്തിന്റെ പക്വതക്കുറവ് മൂലം ഇവര്‍ മൊബൈലിനെ വിശ്വസിക്കുന്നു. അതില്‍ പരിചയപ്പെടുന്നവര്‍ പറയുന്നതെല്ലാം സത്യമെന്ന് കരുതുന്നു. പ്രണയഭാവങ്ങള്‍ മനസ്സില്‍ പിടിമുറുക്കുന്ന പ്രായമായതിനാല്‍ അവര്‍ അതിവേഗം വഞ്ചിക്കപ്പെടുന്നു. സിനിമയും ദൃശ്യമാധ്യമങ്ങളും പകരുന്ന സങ്കല്പ ലോകത്തിലിരുന്ന് അവര്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടും.
മുതിര്‍ന്നവര്‍ക്ക് മൊബൈല്‍ സല്ലാപം ഒരു നേരംപോക്കായിരിക്കും. ഇരുകൂട്ടരും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ്. അത് ചിലപ്പോള്‍ വളര്‍ന്ന് വഴിവിട്ട ബന്ധങ്ങളില്‍ എത്തിപ്പെടാം. രണ്ടുകൂട്ടര്‍ക്കും പരാതിയില്ലാത്തിടത്തോളം കാലം അത് തുടര്‍ന്നു പോകും. പരസ്പരം കലഹിക്കുമ്പോഴോ മൂന്നാമതൊരാള്‍ ഇതറിയുമ്പോഴോ അതൊരു പ്രശ്നമായെന്നുവരാം.
മറ്റുചിലപ്പോള്‍ മൊബൈലില്‍ പരിചയപ്പെടുന്നവര്‍ പിന്നീട് എവിടെയെങ്കിലും സംഗമിക്കുമ്പോള്‍ മൊബൈലില്‍ രഹസ്യമായും ചിലപ്പോള്‍ പരസ്യമായും ഈ രംഗങ്ങള്‍ പകര്‍ത്തപ്പെടുന്നു. പുരുഷനാകും ഇതിന് മുന്‍കൈയെടുക്കുക. മൊബൈലില്‍ പകര്‍ത്തിയത് പിന്നീട് സുഹൃത്തുകള്‍ വഴി ലോകമെമ്പാടും പകര്‍ന്നുകൊടുക്കുമ്പോഴാണ് ചതി പറ്റിയത് പെണ്‍കുട്ടി തിരിച്ചറിയുക. എന്നാല്‍, ഇതെല്ലാം സ്വന്തം കൈയിലിരിപ്പിന്റെ പ്രതിഫലമെന്നു പറഞ്ഞ് മാറ്റിനിര്‍ത്താം.
കൗമാരക്കാരുടെ കാര്യം അങ്ങനെയല്ല. അവരുടെ നിഷ്കളങ്കത ചൂഷണം ചെയ്യപ്പെടുന്നു. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാത്ത കുട്ടികളാണെങ്കില്‍ പെട്ടെന്ന് ഇത്തരം ബന്ധങ്ങളില്‍ അകപ്പെടാം. ഇനി സ്നേഹിക്കുന്ന മാതാപിതാക്കളാണെങ്കിലും പ്രായത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി മക്കളെ ശ്രദ്ധിച്ചേതീരൂ.
പരസ്പരം ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. കൗമാരത്തിലെ ആകര്‍ഷണമല്ല യഥാര്‍ഥ പ്രണയമെന്ന് ബോധ്യപ്പെടുത്തണം. അതോടൊപ്പം, അവരെ കാര്യമായി ശ്രദ്ധിക്കുവാന്‍ സമയം കണ്ടെത്തണം. അവരുടെ കൂട്ടുകാര്‍ ആരൊക്കെ? കമ്പ്യൂട്ടറില്‍ അവര്‍ പരതുന്ന സൈറ്റുകള്‍ ഏതൊക്കെ? എല്ലാറ്റിലുമുപരി മക്കളുടെ അധ്യാപകരുമായി അടുത്ത ബന്ധം മാതാപിതാക്കള്‍ക്കുണ്ടാകണം. അവര്‍ ഏന്തെങ്കിലും സൂചിപ്പിക്കുമ്പോള്‍ ''ഹേയ്... എന്റെ മകള്‍ അങ്ങനെയൊന്നും ചെയ്യില്ല'' എന്നു പറഞ്ഞ് അവരെ കൊച്ചാക്കാന്‍ നോക്കാതെ അവര്‍ പറയുന്ന കാര്യത്തില്‍ ശ്രദ്ധവെക്കാന്‍ ശ്രമിക്കുക. ലാളിക്കുന്നതിനൊപ്പം ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം കൂടി വിനിയോഗിക്കുക. അതൊരിക്കലും നശിപ്പിക്കുന്ന രീതിയിലാകരുതെന്നു മാത്രം. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം കൗമാരക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുക. മാതാപിതാക്കളുടെ പേരില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനെടുത്താല്‍ വിളിയുടെ വിവരങ്ങള്‍ എളുപ്പം കിട്ടും. കാമുകന് നല്കിയ സിംകാര്‍ഡ് മാറ്റിയിട്ട് മാതാപിതാക്കളെ കബളിപ്പിച്ച കുട്ടികളുണ്ട് എങ്കിലും രക്ഷാകര്ത്താക്കള് ശ്രദ്ധിക്കുന്നു എന്ന തിരിച്ചറിവ് തന്നെ ഇവര്‍ക്ക് നേര്‍വഴി നടക്കാന്‍ പ്രചോദനമേകും.
ഇനി ആദ്യം പറഞ്ഞ പെണ്‍കുട്ടിയുടെ കാര്യം: ഒരു വിധത്തിലും വഴങ്ങാത്ത പെണ്‍കുട്ടിയുടെ കാമുകനെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആളെ കണ്ടെത്തി.
കോവളത്ത് ഒരു ഹോട്ടലില്‍ കാര്‍ഡ്രൈവറായി ജോലിനോക്കുന്ന 'കാമുകന് ' വയസ്സ് 36. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഒപ്പം ജോലി ചെയ്യുന്ന ചെറുപ്പക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മിസ്ഡ് കോള്‍ ചൂണ്ടയിട്ടതാണ്. കൊത്തിയത് പാവം പെണ്‍കുട്ടിയും. ലാത്തികൊണ്ടുള്ള കുത്ത് കിട്ടിയപ്പോള്‍ അയാള്‍ കൈകൂപ്പി പറഞ്ഞു; വെറുതെ ടൈംപാസ്സിനായിരുന്നു തന്റെ പ്രേമമെന്ന്.
എന്തായാലും പെണ്‍കുട്ടിയെയും ഈ രംഗത്തിന് സാക്ഷിയാകാന്‍ കൊണ്ടുപോയിരുന്നു. അല്ലെങ്കില്‍, കാമുകന് വ്യാജനായിരുന്നുവെന്ന് ഒരിക്കലും അവള് വിശ്വസിക്കില്ല. അവളുടെ അച്ഛനും സഹായികളുമൊക്കെ വഞ്ചകരാണെന്നും അവള് പറഞ്ഞേനെ. അവളുടെ കുഴപ്പമല്ലിത്. അവളുടെ പ്രായത്തിന്റെയും നമ്മുടെ കാലത്തിന്റെയും കുഴപ്പമാണ്.
By: ജിജോ സിറിയക്
Courtesy - Mathrubhumi