ഗൗതമന്‍ ഭാസ്‌കരന്‍
ഓരോ സംവിധായകനും ഉണ്ടാവും പ്രിയപ്പെട്ട ചില അഭിനേതാക്കള്‍. സത്യജിത് റേയുടെ ഭാഗ്യതാരം സൗമിത്ര ചാറ്റര്‍ജിയായിരുന്നു. ആ രചയിതാവിന്റെ സിനിമകളില്‍നിന്ന് സൗമിത്ര ചാറ്റര്‍ജിയുടെ പ്രതിഭ പ്രസരിച്ചുകൊണ്ടിരുന്നു. 1959-ല്‍ അപുര്‍ സന്‍സാര്‍ എന്ന ചിത്രത്തിലാണ് സത്യജിത് റേ അദ്ദേഹത്തെ ആദ്യം അഭിനയിപ്പിച്ചത്. പിന്നീട് മറ്റു സിനിമകളിലും ചാറ്റര്‍ജി വേഷമിട്ടു. ആ ചലച്ചിത്രാചാര്യന്റെ സിനിമയെ അദ്ദേഹം വളരെയധികം സമ്പന്നമാക്കി.
ഗോപാലകൃഷ്ണനും ഇതുപോലെ പ്രിയപ്പെട്ട ചില നടന്മാര്‍ ഉണ്ടായിരുന്നു. ഈ സ്വജനപക്ഷപാതം (കൂടുതല്‍ ഭേദപ്പെട്ട ഒരു പദം കിട്ടാത്തതുകൊണ്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത്) പക്ഷേ, തുല്യമായി വിതരണംചെയ്യപ്പെട്ടിരുന്നു. നിരവധി നടന്മാരെ നിരവധി അവസരങ്ങളില്‍ അദ്ദേഹം ഉപയോഗിച്ചു. കരമന ജനാര്‍ദനന്‍ നായര്‍, പി.സി. സോമന്‍, വെമ്പായം തമ്പി, സോമശേഖരന്‍ നായര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ലളിത എന്നിവര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് ആരായിരുന്നുവെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ഈ നടന്മാരുടെ അപ്പുറത്തേക്ക് കണ്ണയയ്ക്കും. അത് അദ്ദേഹത്തിന്റെ ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മയാണ്. നാലു പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും എന്നീ ഒടുവിലത്തെ രണ്ടു ചിത്രങ്ങള്‍ ഒഴികെ അടൂരിന്റെ എല്ലാ സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചത് മങ്കട രവിവര്‍മയായിരുന്നു.
സത്യജിത് റേ താരങ്ങളെ വിരളമായി മാത്രമേ ഉപയോഗിച്ചുള്ളൂ. താരങ്ങളെ ഉപയോഗിച്ചപ്പോഴെല്ലാം കാര്യമായ പര്യാലോചന അതിനു പിന്നിലുണ്ടായിരുന്നു. 1966-ല്‍ ഉത്തംകുമാര്‍ എന്ന ബംഗാളി സൂപ്പര്‍ താരത്തെ നായക് എന്ന ചിത്രത്തില്‍ അഭിനയിപ്പിക്കുമ്പോള്‍ ഒരു താരത്തിന്റെ വേഷത്തോട് ഒരു താരത്തിനല്ലാതെ നീതിപുലര്‍ത്താനാവില്ലെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. നായക് ഒരു താരത്തെക്കുറിച്ചുള്ള കഥയായിരുന്നു. എന്നിട്ടും ഉത്തംകുമാറിനെ അഭിനയിപ്പിച്ചതിന്റെ പേരില്‍ സത്യജിത് റേ വിമര്‍ശനങ്ങള്‍ നേരിട്ടു. ഒരു സൂപ്പര്‍ താരത്തെ ഉപയോഗിക്കുന്ന തലത്തിലേക്ക് റേ ഇപ്പോള്‍ തരംതാണിരിക്കുന്നുവെന്ന് മൃണാള്‍സെന്‍ കുത്തുവാക്കു പറഞ്ഞു.
താരങ്ങള്‍ തനിക്കുവേണ്ടി അഭിനയിച്ചപ്പോള്‍ ഗോപാലകൃഷ്ണന് ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നില്ല. സ്വയംവരത്തിലും എലിപ്പത്തായത്തിലും അഭിനയിക്കുമ്പോള്‍ ശാരദ ഒരു ജനപ്രിയതാരമായിരുന്നു. സ്വയംവരത്തില്‍ അഭിനയിക്കുന്ന കാലത്ത് മധു ഒരു സൂപ്പര്‍ താരമായിരുന്നു. പിന്നീട് അനന്തരത്തില്‍ തുടങ്ങി തുടര്‍ച്ചയായ മൂന്നു ചിത്രങ്ങളില്‍ ഗോപാലകൃഷ്ണന്‍ മമ്മൂട്ടിയെ അഭിനയിപ്പിച്ചു.
വിധേയനിലെ ഭാസ്‌കരപ്പട്ടേലരായും മതിലുകളിലെ ബഷീറായും അവിസ്മരണീയമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. ബഷീറിനെ അവതരിപ്പിച്ചശേഷം പട്ടേലരായി അഭിനയിച്ചപ്പോള്‍ വ്യത്യസ്തമായ ഈ രണ്ടു കഥാപാത്രങ്ങളുടെയും പകര്‍ന്നാട്ടത്തിലൂടെ മമ്മൂട്ടി പ്രേക്ഷകനെ വിസ്മയിപ്പിക്കുകതന്നെ ചെയ്തു. മതിലുകളിലെ ബഷീര്‍ എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന, നല്ല വ്യക്തിപ്രഭാവമുള്ള, സൗമ്യനായ ഒരു സാഹിത്യ കാല്‍പ്പനികനാണ്. പക്ഷേ, വിധേയനിലെ പട്ടേലര്‍ എല്ലാവരാലും വെറുക്കപ്പെടുന്ന, അവജ്ഞാപൂര്‍വം വീക്ഷിക്കപ്പെടുന്ന, മൃഗീയസ്വഭാവമുള്ള ഒരാളാണ്. സൗമ്യനായ ആ കാല്‍പ്പനിക എഴുത്തുകാരനില്‍നിന്ന് വെറുക്കപ്പെടേണ്ട ഈ ദുഷ്ടനിലേക്കുള്ള പരകായപ്രവേശം മമ്മൂട്ടി വിസ്മയകരമായി ചെയ്തു. ഭീതികൊണ്ടും തങ്ങള്‍ക്കുമേല്‍ അയാള്‍ ചെലുത്തുന്ന അധികാരംകൊണ്ടും പട്ടേലരിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ജനങ്ങളെ അയാള്‍ തന്റെ വിനീതദാസന്മാരാക്കുന്നു. സമുദായത്തിലെ അധഃകൃതരെ തൊഴിക്കുകയും അവരുടെ മേല്‍ തുപ്പുകയും ചെയ്യുന്ന ദുഷ്ടനും ദുര്‍വൃത്തനുമാണ് മമ്മൂട്ടിയുടെ പട്ടേലര്‍. അയാള്‍ കൊലചെയ്യുകയും ബലാല്‍സംഗം നടത്തുകയും ചെയ്യുന്നു. തന്റെ സുന്ദരിയായ ഭാര്യ സരോജ (തന്‍വി ആസ്മി)യെ അയാള്‍ ശ്വാസംമുട്ടിച്ചു കൊല്ലുന്നു. തന്റെ ദുഷ്ടത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ അവള്‍ വിസമ്മതിക്കുന്നതുകൊണ്ടാണ് സരോജയെ അയാള്‍ കൊല്ലുന്നത്.
1960-കളുടെ തുടക്കത്തില്‍ നടക്കുന്ന കഥയാണ് വിധേയന്റേത്. ജന്മനാടായ കേരളത്തിലെ ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി അയല്‍സംസ്ഥാനങ്ങളിലേക്കു കുടിയേറിയ നൂറുകണക്കിനു ക്രിസ്ത്യാനി കര്‍ഷകരെപ്പോലെ തൊമ്മിയും (എം.ആര്‍. ഗോപകുമാര്‍) ഭാര്യ ഓമനയും (സബിത ആനന്ദ്) തെക്കന്‍ കര്‍ണാടകത്തില്‍ എത്തുകയാണ്. കര്‍ണാടകയിലെ വിപുലമായി പരന്നുകിടക്കുന്ന കന്യാഭൂമിയെപ്പറ്റി കേട്ട തിരുവിതാംകൂര്‍ കര്‍ഷകര്‍ അതില്‍ ആകൃഷ്ടരായി. രണ്ടാം ലോകമഹായുദ്ധകാലത്തു തുടങ്ങിയ കൂട്ടപ്പലായനത്തില്‍ ഒടുവില്‍ വന്നവര്‍ തൊമ്മിയും ഓമനയുമായിരുന്നു.
തൊമ്മി ഭാസ്‌കരപ്പട്ടേലരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. നികുതി പിരിച്ചെടുക്കാനും നിയമം നടപ്പാക്കാനും ബ്രിട്ടീഷുകാര്‍ നിയമിച്ച പട്ടേലര്‍മാരില്‍ ഒരാളാണ് ഭാസ്‌കരപ്പട്ടേലര്‍. 1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുവെങ്കിലും ഈ സമ്പ്രദായത്തിലുള്ള റവന്യൂ ഭരണം 1960-കളുടെ ആദ്യപാദങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കുന്നതുവരെ പ്രചാരത്തിലുണ്ടായിരുന്നു. തൊമ്മിയും ഭാര്യയും വരുന്ന സമയത്ത് ഭാസ്‌കരപ്പട്ടേലര്‍ക്കു നിയമപരമായ അധികാരങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.
പക്ഷേ, തന്റെ വലംകൈയായ ചിലരിലൂടെയും ബലപ്രയോഗത്തിലൂടെയും തനിക്കു ചുറ്റുമുള്ളവരെ ദ്രോഹിക്കുന്ന പതിവ് അയാള്‍ തുടരുന്നുണ്ടായിരുന്നു. പട്ടേലര്‍ തൊമ്മിയെ പേടിപ്പിക്കുകയും അയാളെ വിനീതനായ ഊമയാക്കി മാറ്റുകയും ചെയ്യുന്നു. പിന്നീട് തൊമ്മിയുടെ ഭാര്യയെ പട്ടേലര്‍ ബലാല്‍സംഗം ചെയ്യുന്നു. ആ ബലാല്‍സംഗത്തിനുശേഷം അത് പട്ടേലരുടെ ഒരു തുറന്ന ബന്ധമായിമാറുന്നു. ആ ദമ്പതികള്‍ക്കു പലതും കൊടുക്കുകയും അവരില്‍നിന്ന് പലതും അപഹരിക്കുകയും ചെയ്യുന്നു അയാള്‍.
സരോജയെ പട്ടേലര്‍ കൊലചെയ്തതിനെത്തുടര്‍ന്ന് അവളുടെ ബന്ധുക്കള്‍ പട്ടേലരെ പിന്തുടരുന്നതോടെ കഥയുടെ ഗതി മാറുന്നു. സരോജയുടെ മരണം ആത്മഹത്യയായി ചിത്രീകരിക്കാനുള്ള പട്ടേലരുടെ ശ്രമങ്ങള്‍ നിഷ്ഫലമാവുന്നു. വിജനമായ വനത്തില്‍ സരോജയുടെ ബന്ധുക്കള്‍ നിയോഗിച്ച വാടകക്കൊലയാളികളായ തോക്കുധാരികള്‍ അയാളെ പിന്തുടര്‍ന്ന് വേട്ടയാടുന്നു. ഒടുവില്‍ പട്ടേലരെ അവര്‍ വെടിവെച്ചുകൊല്ലുന്നു.
അടൂരിന്റെ ചിത്രങ്ങളിലെ ഉദ്വേഗജനകമായ ഏക പരിസമാപ്തിയാണ് ഇത്. പാറക്കെട്ടുകളുള്ള കാട്ടിലൂടെ തോക്കുധാരികള്‍ പട്ടേലരെ പിന്തുടരുന്നു. അര്‍ധനഗ്‌നനായി, വിശന്നുവലഞ്ഞ്, മുറിവേറ്റ്, നാണംകെട്ട്, അഹങ്കാരം നശിച്ച്, ശക്തിഹീനനായി നില്‍ക്കുന്ന പട്ടേലരെ അവര്‍ വളയുന്നു. തന്റെ യജമാനനോടൊപ്പം പലായനംചെയ്യുന്ന തൊമ്മി ഒരു വലിയ പാറയ്ക്കു പിന്നില്‍ ഒളിക്കുന്നു. അന്തരീക്ഷത്തില്‍ വെടിയൊച്ച മുഴങ്ങുന്നു. തോക്കേന്തിയ കൈകളോടെ പാറക്കെട്ടില്‍ കുഴഞ്ഞുവീണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പട്ടേലരെ നാം കാണുന്നു. കുറച്ചുനേരത്തേക്ക് എന്തു ചെയ്യണമെന്നറിയാതെ നിന്നുപോവുകയാണ് തൊമ്മി. അയാള്‍ എങ്ങനെ പ്രതികരിക്കാനാണ്? അയാള്‍ സന്തോഷിക്കണോ? പട്ടേലരുടെ ക്രൂരമായ ആധിപത്യം അവസാനിച്ചതില്‍ ആശ്വസിക്കണോ? അതോ തനിക്കു ജീവിക്കാനുള്ള വക തന്ന ഒരാളുടെ മരണത്തില്‍ വിലപിക്കണോ? തൊമ്മി പട്ടേലരുടെ അടുത്തേക്കു നീങ്ങുന്നു. അയാളില്‍നിന്ന് തോക്ക് എടുത്തുമാറ്റുന്നു. തൊട്ടടുത്തുള്ള അരുവിയിലേക്ക് അത് വലിച്ചെറിയുന്നു. അവിടെനിന്ന് ഓടിക്കൊണ്ട് ഉച്ചത്തില്‍ ഓമനയെ വിളിച്ച് അയാള്‍ പറയുന്നു. 'പട്ടേലര് മരിച്ചു, പട്ടേലര് മരിച്ചു.'
സക്കറിയയുടെ ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും (1986)എന്ന രചനയെ ആസ്പദമാക്കി ചെയ്ത വിധേയന്‍ ഗോപാലകൃഷ്ണന്റെ രണ്ടാമത്തെ അനുകല്‍പ്പനമായിരുന്നു. വിധേയത്വത്തിന്റെ ഗഹനമായ വിശകലനമാണിത്. യജമാന, ഭൃത്യബന്ധത്തിന്റെ വിചിത്രഭാവങ്ങളിലൂടെ വിശാലമായ ഒരു പരിപ്രേക്ഷ്യത്തിലാണ് വിധേയത്വത്തെ ഇവിടെ വിശകലനംചെയ്യുന്നത്. തുടക്കത്തില്‍ വേദനയും ദേഷ്യവും വിമുഖതയും കാട്ടുന്നുണ്ടെങ്കിലും തൊമ്മി തന്റെ അടിമമനോഭാവത്തിലും അനുസരണശീലത്തിലും ആനന്ദം കണ്ടെത്തുകയാണ്. തന്റെ ഭാര്യ പട്ടേലരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതില്‍ അഭിമാനം തോന്നുന്ന ഘട്ടംവരെ ആ പാദസേവ ചെന്നെത്തുന്നു. ഒരു രാത്രിയില്‍ ഭാര്യയോടൊപ്പം കിടക്കവേ, പട്ടേലരുടെ വിലകൂടിയ അത്തര്‍ പൂശിയ അവളുടെ ശരീരത്തില്‍നിന്നുയരുന്ന ഗന്ധം തനിക്കിഷ്ടമാണെന്ന് അയാള്‍ പറയുന്നു. അത്രയുമുണ്ടായിരുന്നു അയാള്‍ പകരമായി അനുഭവിച്ച ആനന്ദം.
ചിത്രാന്ത്യത്തില്‍ മാത്രമാണ് പട്ടേലരും തൊമ്മിയും സമന്മാരാവുന്നത്. പിടികിട്ടാപ്പുള്ളികളായി ഒളിച്ചോടി നിറവനത്തില്‍ അഭയംതേടുമ്പോള്‍ അവര്‍ ഒരേപോലെ വസ്ത്രം ധരിക്കുന്നു, ഒരേ ഇലയില്‍നിന്ന് ഒരേ ഭക്ഷണം കഴിക്കുന്നു. തൊമ്മി ഇത്രയും കാലം അനുഭവിച്ച പരപീഡനപരമായ അടിമത്തത്തിന്റെയും തടവിന്റെയും അവസാനമാണിത്. താന്‍ വിമോചിതനായെന്നു തിരിച്ചറിയുമ്പോള്‍ അയാള്‍ ആശയക്കുഴപ്പത്തിലാവുന്നു. ആ അവസ്ഥയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് അവനറിയില്ല. ആ സ്വാതന്ത്ര്യത്തെ എങ്ങനെ കൊണ്ടുനടക്കുമെന്നും അവനറിയില്ല.
ഗോപാലകൃഷ്ണന്റെ മുന്‍കാലചിത്രങ്ങളേക്കാള്‍ ഉത്കര്‍ഷേച്ഛയുള്ള ഒരു സംരംഭമായിരുന്നു വിധേയന്‍. വ്യക്തിയേക്കാള്‍ സമൂഹത്തിന്റെ മനസ്സിനെയാണ് ഇവിടെ അദ്ദേഹം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നത്. ഈ പഠനത്തില്‍, വിശാലമായ ഒരു വ്യവസ്ഥിതിയുടെ ഇരുധ്രുവങ്ങളിലാണ് പട്ടേലരും തൊമ്മിയും. ഒന്ന് സമഗ്രാധിപത്യത്തെയും മറ്റേത് സമഗ്ര വിധേയത്വത്തെയും പ്രതിനിധാനംചെയ്യുന്നു. രണ്ടും തികച്ചും വ്യത്യസ്തമായ രീതികളില്‍ പൈശാചികതയും അസ്വാരസ്യവും നിറഞ്ഞവയാണ്. ഇവിടെ പട്ടേലര്‍ പണത്തിനു പിറകെയല്ല പോകുന്നത്. പണത്തിലൂടെയല്ല, അധികാരം നേടാനും നിലനിര്‍ത്താനും അയാള്‍ ശ്രമിക്കുന്നത്. മറിച്ച് ഭീതി പരത്തിയും അക്രമമാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ടുമാണ്. നിസ്സഹായരായ മനുഷ്യരെ തൊഴിക്കാന്‍ അയാള്‍ തന്റെ കാലുകള്‍ ഉദാരമായി ഉപയോഗിക്കുന്നു.
റവന്യൂ, ഭരണ കാര്യങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ നിയമനിര്‍മാണസഭ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയപ്പോള്‍ നഷ്ടമായ തന്റെ അധികാരം പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയില്‍ അയാള്‍ ആധിപത്യത്തിന്റെ അടിത്തറ പണിയുന്നത് ഇങ്ങനെ ഭീതി പരത്തിയും അക്രമം നടത്തിയുമാണ്. അയാള്‍ ആധിപത്യത്തെക്കുറിച്ചുള്ള ഭ്രമഭാവനകളില്‍ മുഴുകുന്നു. ഓമനയെപ്പോലുള്ള സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ അയാള്‍ ശാരീരികമായ ശക്തി ഉപയോഗിക്കുന്നു. തൊമ്മിയെപ്പോലുള്ളവരെ അയാള്‍ പേടിപ്പിച്ചുനിര്‍ത്തുന്നു.
ഭീകരവും ഭീതിയുളവാക്കുന്നതുമായ ഒരു കഥയാണിത്. പൈശാചികതയെക്കുറിച്ച് ചിന്തിക്കാന്‍ ഈ ചിത്രം നിങ്ങളെ പ്രേരിപ്പിക്കുന്നു. മൂലകൃതിയുടെ ആഖ്യാനം കുറേക്കൂടി ഹിംസാത്മകമായിരുന്നുവെന്നും ചില ഭാഗങ്ങള്‍ താന്‍ ഒഴിവാക്കുകയും മറ്റു ചില ഭാഗങ്ങള്‍ ഒന്നുകൂടി സൗമ്യമാക്കുകയും ചെയ്തുവെന്നും അടൂര്‍ പറയുന്നു.
ക്ലാസിക് ഗോപാലകൃഷ്ണന്‍ ശൈലിയില്‍ ഈ ചിത്രത്തില്‍ പറയാതെ വിട്ട ഭാഗങ്ങളാണ് ഏറെയും. കൈയില്ലാത്ത ഒരു കസേരയില്‍ ഒരു തോക്ക് ചാരിവെച്ച ദൃശ്യത്തിലാണ് ചിത്രത്തിന്റെ തുടക്കത്തില്‍ ശീര്‍ഷകങ്ങള്‍ തെളിയുന്നത്. കള്ളുഷാപ്പിനു പുറത്തു വെച്ച കസേര ഇനി വരാനിരിക്കുന്ന കാര്യങ്ങളുടെ മുന്‍സൂചനയാവുന്നു. തോക്ക് അധികാരത്തെ സൂചിപ്പിക്കുമ്പോള്‍ കൈയൊടിഞ്ഞ കസേര ക്ഷയോന്മുഖമായ ഫ്യൂഡലിസത്തെ സൂചിപ്പിക്കുന്നു. ഫ്യൂഡലിസത്തിന്റെ അവസാന അടയാളങ്ങള്‍പോലും ക്ഷയിച്ചുപോയിരുന്നു.
അതുവരെ താന്‍ പറഞ്ഞതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ സിനിമയെങ്കിലും തന്റെ എല്ലാ ചലച്ചിത്രകൃതികളിലൂടെയും തുടര്‍ച്ചയുടെ ഒരു ചരട്, എല്ലാറ്റിനെയും കോര്‍ത്തിണക്കുന്ന ഒരു നൂലിഴ, കടന്നുപോവുന്നുണ്ടെന്ന് അടൂര്‍ പറയുന്നു. അവയിലൊന്ന് ആത്മീയതയാണ്. ഒരിക്കലും അത് പ്രത്യക്ഷമോ പ്രകടമോ അല്ലെങ്കിലും.
ആദ്യത്തെ തവണ തൊമ്മി തെരുവിനു കുറുകെ നടന്ന് പട്ടേലരുടെ മുന്നിലേക്ക് നീങ്ങുമ്പോള്‍ അകലെ പള്ളിമണി മുഴങ്ങുന്നു. ശവസംസ്‌കാരച്ചടങ്ങിലെ മണിനാദമായി ക്രിസ്ത്യാനികള്‍ അതിനെ തിരിച്ചറിയും. അവസാനത്തില്‍ തൊമ്മി തിരിച്ചു വീട്ടിലേക്ക് ഓടുമ്പോള്‍ വീണ്ടും പള്ളിമണി മുഴങ്ങുന്നു. പക്ഷേ, ഇത്തവണ അത് പ്രാര്‍ഥനായോഗത്തിനുവേണ്ടിയുള്ള മണിനാദമാണ്. ഈ രണ്ടു മണിനാദങ്ങള്‍ക്കുമിടയില്‍ ഇടവകയിലെ പാതിരി, എന്തുകൊണ്ടാണ് കുമ്പസാരിക്കാന്‍ വരാത്തത് എന്ന് തൊമ്മിയോടു ചോദിക്കുന്നത് നാം കാണുന്നു. ആത്മീയതയെ ദ്യോതിപ്പിക്കുന്ന മറ്റൊരു ശ്രദ്ധേയമായ രംഗമുണ്ട് ചിത്രത്തില്‍: ഗ്രാമത്തിലെ കുളത്തിലെ പവിത്രമത്സ്യങ്ങളെ തോട്ട പൊട്ടിച്ചു പിടിക്കാന്‍ പട്ടേലര്‍ ആഗ്രഹിക്കുമ്പോള്‍ അതു പാപമാണെന്നു പറഞ്ഞ് തൊമ്മി അതു ചെയ്യാതിരിക്കാന്‍ അപേക്ഷിക്കുന്നുണ്ട്. തോട്ട പൊട്ടാതെയാവുമ്പോള്‍ ആ ചെറുമത്സ്യങ്ങള്‍ കുളത്തില്‍ പുളച്ചുനടക്കുന്നു.
തൊമ്മി ശരിക്കും ഒരു പാപിയല്ലെന്നാണ് ഈ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഭീഷണിയിലൂടെയും അപഹരണങ്ങളിലൂടെയും പാപംചെയ്യാന്‍ അയാള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇതിനെ ഉദാഹരിക്കുന്ന ഒരു രംഗത്തില്‍ തന്റെ ഭാര്യയെ കൊല്ലരുതെന്ന് തൊമ്മി പട്ടേലരോടു യാചിക്കുന്നതു കാണാം. ഒരര്‍ഥത്തില്‍, പട്ടേലര്‍തന്നെ തന്റെ ജീവിതസാഹചര്യങ്ങളുടെ ഇരയാണ്. സരോജയെ ശ്വാസംമുട്ടിച്ചു കൊല്ലുമ്പോള്‍ അയാള്‍ക്കു കുറ്റബോധം തോന്നുന്നുണ്ട്. 'ഞാനാണ് അവളെ കൊന്നത് എന്ന് അവള്‍ അറിഞ്ഞിട്ടുണ്ടാകുമോ' എന്ന് ഇടയ്ക്കിടെ അയാള്‍ തൊമ്മിയോടു ചോദിക്കുന്നുണ്ട്. ഇല്ലെന്ന ഉറപ്പിനായാണ് അയാള്‍ തൊമ്മിയോട് അങ്ങനെ ചോദിക്കുന്നത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പട്ടേലര്‍ ഈശ്വരേച്ഛയെ ഒട്ടും വകവെക്കുന്നില്ല. സരോജയെ കൊല്ലാനുള്ള ആദ്യശ്രമത്തില്‍ അയാള്‍ക്ക് ഉന്നംതെറ്റുന്നു. അവിടെ ആ ശ്രമം അവസാനിപ്പിച്ചുകൊണ്ട് സ്വയം നന്നാവാന്‍ അയാള്‍ക്കു ശ്രമിക്കാമായിരുന്നു. പക്ഷേ, അതിനു തുനിയാതെ അയാള്‍ കൊലപാതകശ്രമം തുടരുകയാണ്. ഒടുവില്‍, അയാള്‍ അതില്‍ വിജയിക്കുന്നു. ആ വിജയമാണ് അയാളുടെ ഭീതിദമായ അന്ത്യത്തില്‍ കലാശിക്കുന്നത്.
ഒടുവില്‍, ദൃശ്യബിംബങ്ങളുടെ വിചിത്രമായ ഒരു വ്യതിയാനത്തില്‍, പട്ടേലര്‍ തൊമ്മിയെപ്പോലെയാവുന്നു. അയാള്‍ തൊമ്മിയെപ്പോലെ പെരുമാറുന്നു. വിധിയുടെ വക്രോക്തി ഒരാളെ ദുരന്തത്തിലേക്കു തള്ളിയിടുമ്പോള്‍ മറ്റൊരാള്‍ക്ക് അത് സ്വാതന്ത്ര്യത്തിന്റെയും മോക്ഷത്തിന്റെയും സാധ്യതകള്‍ തുറന്നിടുന്നു. പക്ഷേ, അത് അങ്ങനെതന്നെയാണോ? ഒരുപക്ഷേ, തൊമ്മിയെപ്പോലുള്ള ഒരു കഥാപാത്രത്തിന് അടിമത്തത്തില്‍ മാത്രമേ സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ കഴിയൂ. പിന്നീടങ്ങോട്ടുള്ള തന്റെ ജീവിതത്തിന്റെ ചുമതലയേല്‍ക്കാന്‍ തൊമ്മി ഒരുപക്ഷേ, മറ്റൊരു യജമാനനെ തേടിപ്പോവാനുമിടയുണ്ട്.
എ ഡോര്‍ ടു അടൂര്‍ എന്ന പുസ്തകത്തില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു: 'അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒടുവില്‍ അയാള്‍ നേടുന്ന സ്വാതന്ത്ര്യം താല്‍ക്കാലികമാവാം. തൊമ്മിയെ അറിയുന്ന ഒരാള്‍ക്ക് അയാളുടെ ഒടുവിലത്തെ പാച്ചില്‍ വിമോചനത്തിന്‍േറതാണെന്നു വിചാരിക്കാനാവില്ല. സന്തോഷംകൊണ്ടായിരിക്കില്ല, അയാള്‍ ഇങ്ങനെ ഓടുന്നത്. അതില്‍ അയാളുടെ വ്യസനത്തിന്‍േറതായ ഒരു ഘടകംകൂടിയുണ്ട്. അയാളുടെ വിളി ഒരു നീണ്ട രോദനംപോലെയാവുന്നു. തന്‍േറതായ വസ്തുക്കളില്‍ വല്ലാത്ത ഒരു വൈകാരികബന്ധം ഉള്ളയാളാണ് തൊമ്മി. അത് ഭാര്യയായാലും തന്റെ ഭൂമിയായാലും. ഒരുപക്ഷേ, ഈ വൈകാരികബന്ധമാവാം അയാളെ അടിമത്തത്തിലേക്കു നയിക്കുന്നത്.'
ബഷീറില്‍നിന്നു വ്യത്യസ്തമായി തന്റെ കഥ ഗോപാലകൃഷ്ണന്‍ സിനിമയാക്കിയ രീതിയില്‍ സക്കറിയ സന്തുഷ്ടനായിരുന്നില്ല. സക്കറിയയും അടൂരും തമ്മിലുള്ള വിയോജിപ്പുകള്‍ വിവാദമായതോടെ പത്രങ്ങള്‍ക്ക് ഒരുപാട് ന്യൂസ്പ്രിന്റ് കടലാസ് ഉപയോഗിക്കേണ്ടിവന്നു; അല്ലെങ്കില്‍ പാഴാക്കേണ്ടിവന്നു.
സക്കറിയയുടെ പുസ്തകം ചിത്രത്തിലെ ആശയത്തിനു തുടക്കമിടുക മാത്രമായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിനോടു വിയോജിക്കുകയായിരുന്നു താനെന്ന് സക്കറിയ എന്നോടു പറഞ്ഞു. 'അടൂര്‍ എന്റെ കഥ പൂര്‍ണമായും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്,' സക്കറിയ തീര്‍ത്തുപറയുന്നു. പക്ഷേ, താന്‍ മതിലുകളില്‍ ചെയ്തതുപോലെ ചില മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയിട്ടുണ്ടെന്ന് അടൂര്‍ പറയുന്നു. 'ഞാന്‍ ഓമനയ്ക്കും സരോജയ്ക്കും പുസ്തകത്തിലുള്ളതിനേക്കാള്‍ പ്രാധാന്യം കൊടുത്തു.
സക്കറിയയുടെ പട്ടേലര്‍ സ്വത്തിനുവേണ്ടി തന്റെ ഭാര്യയെ കൊല്ലുന്നു. എന്റെ ചിത്രത്തില്‍ അങ്ങനെയല്ല. എന്റെ സിനിമയില്‍ ഒരൊറ്റ കൊലപാതകമേയുള്ളൂ. പട്ടേലര്‍ സരോജയെ വധിക്കുന്ന രംഗം. മനഃസാക്ഷിയുടെ വധം. സക്കറിയ പട്ടേലരെ ഒരു പരമ്പര കൊലയാളിയാക്കിയിരുന്നു. അതു ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.'
ഗോപാലകൃഷ്ണന്റെ വിധേയന്‍ പട്ടേലരുടെ മൃദുവായ വശംകൂടി കാട്ടിത്തരുന്നു. ഭാര്യയെയും കുഞ്ഞിനെയും അയാള്‍ വല്ലാതെ സ്‌നേഹിക്കുന്നുവെന്ന് നമുക്ക് അനുഭവപ്പെടുന്ന നിമിഷങ്ങളുണ്ട് ഈ ചിത്രത്തില്‍. തന്റെ കൂട്ടാളികളില്ലാതെ ഒറ്റപ്പെടുമ്പോള്‍ അയാള്‍ പാകത വന്നതുപോലെ ചിന്തിക്കുന്നു. അയാളുടെ കൂട്ടാളികളാണ് പകകൊണ്ട് അയാളെ ശാക്തീകരിക്കുന്നത്.
മറ്റൊരു രംഗത്തില്‍ വിശ്വാസം രക്ഷിക്കുന്നുവെന്ന് തെളിയിക്കാന്‍ ഗോപാലകൃഷ്ണന്‍ ബൈബിളിനെ കൂട്ടുപിടിക്കുന്നു. സക്കറിയയുടെ തോട്ട മത്സ്യക്കുളത്തില്‍ പൊട്ടുമ്പോള്‍ ഗോപാലകൃഷ്ണന്റെ തോട്ട പൊട്ടുന്നില്ല. 'തൊമ്മിയുടെ വിശ്വാസം - അയാള്‍ ഒരു ഹിന്ദുവല്ലായിരുന്നിട്ടും - നിലനില്‍ക്കുന്നു എന്ന് കാണിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. ഹിന്ദു ദൈവങ്ങള്‍ ആണ് മത്സ്യത്തെ സംരക്ഷിക്കുന്നതെന്ന് അയാള്‍ വിശ്വസിക്കുന്നു. അവ പകരമായി ഗ്രാമത്തെ സംരക്ഷിക്കുന്നു. തോട്ട പൊട്ടാതെ പോവുമ്പോള്‍ അത് വിശ്വാസത്തിന്റെ വിജയത്തിന്റെ സൂചനയാവുന്നു,' അടൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എഴുത്തുകാരനും സംവിധായകനും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ എന്തോ ആവട്ടെ, ഗോപാലകൃഷ്ണനെപ്പോലെയുള്ള ഒരാളുടെ കൈയില്‍ തന്റെ കഥ ഒരു മാറ്റവും വരുത്താതെ നിലനില്‍ക്കുമെന്ന് സക്കറിയ കരുതിയിരുന്നെങ്കില്‍, അത് സ്വതന്ത്രചിന്തയ്ക്കും കലാകാരന്റെ സ്വാതന്ത്ര്യത്തിനും വിട്ടുകൊടുത്തിരുന്നെങ്കില്‍, അദ്ദേഹത്തിന് ഇത്രയും അബദ്ധം പറ്റില്ലായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. എന്തുകൊണ്ടാണ് അടൂര്‍ മതിലുകള്‍ക്കുശേഷം വീണ്ടും ഒരു സാഹിത്യകൃതിയെ ഉപജീവിച്ചുകൊണ്ട് സിനിമ എടുക്കാന്‍ തീരുമാനിച്ചത്? കുറ്റബോധം തോന്നിക്കുന്ന മുഖത്ത് ഒരു പുഞ്ചിരി തെളിയുന്നു. 'മതിലുകള്‍ക്കുശേഷം ഞാന്‍ മഹാമടിയനായി. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു സിനിമ നിര്‍മിക്കണമെന്നു തോന്നി. എനിക്ക് കഥയുടെ ആശയം ഉരുത്തിരിഞ്ഞുകിട്ടിയില്ല. അപ്പോഴാണ് മാതൃഭൂമി വാര്‍ഷികപ്പതിപ്പില്‍ വന്ന സക്കറിയയുടെ രചനയെക്കുറിച്ച് ഓര്‍ത്തത്. അതൊരു നോവലെറ്റായിരുന്നു. ദൈര്‍ഘ്യം കുറഞ്ഞ നോവലെറ്റ്, പക്ഷേ, ഒരു ചെറുകഥയേക്കാള്‍ ദൈര്‍ഘ്യമേറിയത്.' സക്കറിയ തിരക്കിട്ട് എഴുതിയതാണ് ആ നീണ്ടകഥയെന്ന് കരുതപ്പെടുന്നു. പ്രസാധകന് ഒരു സമയത്ത് ഒരു പേജ് എന്ന കണക്കിന് അയച്ചുകൊടുക്കുകയായിരുന്നു.
ഗോപാലകൃഷ്ണന്റെ തിരക്കഥ സക്കറിയയുടെ രചനയ്ക്ക് അപ്പുറത്തേക്കു പോയി. 'എനിക്ക് ചരിത്രസന്ദര്‍ഭത്തില്‍ ആ കഥയെ സ്ഥാനപ്പെടുത്തേണ്ടി വന്നു. തിരുവിതാംകൂര്‍ ക്രിസ്ത്യാനികള്‍ നല്ല അധ്വാനശീലമുള്ളവരായിരുന്നു. ചിലര്‍ കര്‍ണാടക എന്ന പുതിയ ഭൂമിയില്‍ അഭിവൃദ്ധി പ്രാപിച്ചു. അവര്‍ അത് സ്വന്തം നാടാക്കി. തീര്‍ച്ചയായും അസന്തുഷ്ടമായ ജീവിതം നയിച്ചിരുന്ന തൊമ്മിയെപ്പോലുള്ളവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സ്വേച്ഛാധിപത്യപരമായി പെരുമാറുന്ന ഭൂവുടമകളെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. കാഴ്ചപ്പാടില്‍ ഫ്യൂഡല്‍ മനഃസ്ഥിതിയുള്ളവരായിരുന്നു ഭൂവുടമകള്‍. കാലഹരണപ്പെട്ട നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഭൂവുടമകള്‍ ശ്രമിച്ചു. എന്റെ സിനിമ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ റവന്യൂവിന്റെയും ഭരണത്തിന്റെയും ചുമതലകള്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. നേരത്തേ അവ ഏറ്റെടുത്തു നടപ്പാക്കിയിരുന്ന പട്ടേലര്‍മാര്‍ ഭീതിപരത്തിയും കീഴ്‌പ്പെടുത്തിയും ജനങ്ങളില്‍ കാര്യമായ ആധിപത്യവും സ്വാധീനവും ചെലുത്തിപ്പോന്നു.'
ചോദ്യങ്ങളില്ലാതെതന്നെ സ്വീകരിക്കപ്പെട്ടപ്പോള്‍ അധികാരം എന്നത് അടിച്ചമര്‍ത്തല്‍സ്വഭാവമുള്ളതായി മാറി. അത് ഒരു ജനാധിപത്യരാജ്യത്തുപോലും സംഭവിക്കാം. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ അത് അങ്ങേയറ്റം അധാര്‍മികമാവാം. ഇന്ത്യന്‍ മനസ്സില്‍ വിധേയത്വം ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി അടൂര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് നമ്മുടെ രാഷ്ട്രം പൂര്‍ണമായും ഒരു ജനാധിപത്യരാഷ്ട്രമായി മാറാത്തത്. ഭാസ്‌കരപ്പട്ടേലരെപ്പോലുള്ള കഥാപാത്രങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അയാള്‍ ഈ വ്യവസ്ഥിതിയിലേക്കാണ് പിറന്നുവീണത്. മറ്റുള്ളവരുടെ ജീവിതത്തിനുമേല്‍ അധികാരം പ്രയോഗിക്കാനുള്ള സ്വാഭാവികമായ അവകാശം തനിക്ക് ഉണ്ടെന്ന് അയാള്‍ വിചാരിക്കുന്നു. അതു മുഴുവനായും ഉപയോഗിക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവര്‍ അയാളോട് അനുസരണയും വിധേയത്വവും പ്രകടിപ്പിക്കാതിരുന്നാല്‍ അയാള്‍ ചോദ്യംചെയ്യപ്പെടുമായിരുന്നു. പക്ഷേ, അവിടെ ഒരു പ്രതിഷേധവും എതിര്‍ശബ്ദവും ഉണ്ടാവുന്നില്ല.
ചിത്രീകരണത്തിനുമുന്‍പ് ഗോപാലകൃഷ്ണനും സക്കറിയയും കര്‍ണാടക - കേരള അതിര്‍ത്തികള്‍ സന്ദര്‍ശിച്ചു. സക്കറിയയ്ക്ക് അവിടെ റബ്ബറും കശുവണ്ടിയും വളരുന്ന ഒരു ചെറിയ എസ്‌റ്റേറ്റ് ഉണ്ടായിരുന്നു. നിരവധി പട്ടേലര്‍മാരുടെ വീടുകള്‍ അവര്‍ സന്ദര്‍ശിച്ചു. പലരും ഇപ്പോള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഒരു വീടിന്റെ സ്ഥാനത്ത് ചെറിയ കൂടുമാത്രമുള്ളവര്‍. ഒടുവില്‍ ഗോപാലകൃഷ്ണന്‍ പട്ടേലര്‍വീടുകളുടെ ലാക്ഷണികസ്വഭാവമുള്ള രാമകൃഷ്ണറായിയുടെ വീട് തിരഞ്ഞെടുത്തു.
മരസാമാനങ്ങളുടെ സജ്ജീകരണം ഉള്‍പ്പെടെയുള്ള ചില പണികള്‍ അവിടെ ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു.
അതിനായുള്ള അന്വേഷണം മംഗലാപുരത്തേക്കും കാസര്‍കോട്ടേക്കും നീണ്ടു. അവിടെ പട്ടേലര്‍ഗൃഹങ്ങളിലെ ഫര്‍ണിച്ചറുകള്‍ കണ്ടു. ഭാസ്‌കരപ്പട്ടേലര്‍ ഉറങ്ങുകയും പിന്നീട് ഭാര്യയെ കഴുത്തു ഞെരിച്ചുകൊല്ലുകയും ചെയ്യുന്ന വലിയ കട്ടിലുകള്‍ ഉള്‍പ്പെടെ അവിടെ കണ്ടു.
പക്ഷേ, കൈയൊടിഞ്ഞ കസേര മാത്രം അദ്ദേഹത്തിനു പിടികൊടുക്കാതെ പലപ്പോഴും ഒഴിഞ്ഞുമാറി. കന്നട പ്രൊഫസര്‍ ആയ സുഹൃത്ത് ഡോ. ദാമോദര്‍ ഷെട്ടിയോടൊപ്പം ഗോപാലകൃഷ്ണന്‍ മംഗലാപുരത്തെ സെന്റ് അലോഷ്യസ് കോളേജില്‍ പോയി. കോളേജില്‍ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ കൈയൊടിഞ്ഞ പഴയ ഒരു കസേരയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു ക്രിസ്ത്യന്‍ പുരോഹിതനാണ് അവിടത്തെ പ്രിന്‍സിപ്പല്‍. അദ്ദേഹത്തെ മുറിയില്‍ ചെന്നുകണ്ടു. അദ്ദേഹം മുന്നിലിരുന്ന ഒരു ഫയല്‍ വായിക്കുകയായിരുന്നു. ഷെട്ടി പ്രിന്‍സിപ്പലിനോടു പറഞ്ഞു: 'സര്‍, ഇദ്ദേഹം വന്നത് പഴയ ഫര്‍ണിച്ചര്‍ നോക്കാനാണ്.' പ്രിന്‍സിപ്പല്‍ ഒന്നു തലയുയര്‍ത്തി നോക്കി ഗോപാലകൃഷ്ണനോടു ചോദിച്ചു: 'നിങ്ങള്‍ ഒരു ആശാരിയാണോ?' അടൂര്‍ മറുപടി നല്‍കി: 'ഒരു തരത്തില്‍...' അല്ലാതെ മറ്റാരാണ് കൈയൊടിഞ്ഞ ഒരു കസേര അന്വേഷിച്ചുവരിക എന്ന് പ്രിന്‍സിപ്പല്‍ അദ്ഭുതപ്പെട്ടു. ഒടുവില്‍ ഈ കസേര സെറ്റിലെത്തി. പിന്നീട് ഫ്രെയിമിലും. ചിത്രത്തിന്റെ ബ്രോഷറിന്റെ കവറില്‍പ്പോലും ഈ കസേര പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പട്ടേലര്‍ഭരണത്തിന്റെ ശിഥിലീകരണത്തെ പ്രതീകവത്കരിക്കുകയാണ് ആ കസേര. അധികാരം വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത, വാശിയോടെ അതില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പട്ടേലര്‍മാരുടെ പതനത്തിന്റെ പ്രതീകം. ശക്തമായി ഈ സന്ദേശം വിനിമയംചെയ്യാന്‍ കൈയില്ലാത്ത ഈ കസേരയുടെ അടയാളത്തിനു കഴിയുന്നു.
വിധേയന്‍ കര്‍ണാടകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരള അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്തായിരുന്നു ഷൂട്ടിങ്. ഗോപാലകൃഷ്ണനും സംഘവും ഒരു സ്ഥലം തിരഞ്ഞെടുത്ത് അവിടെ ഒരു കള്ളുഷാപ്പും മറ്റു ചില കടകളും നിര്‍മിച്ചു. ശിവന്റെ കലാസംവിധാന പരിശ്രമങ്ങള്‍ക്കുശേഷം ആ സ്ഥലം ഒരു ബസ് സ്‌റ്റോപ്പ് ഉള്ള തെരുവുകവലപോലെ തോന്നിച്ചു. സെറ്റ് നിര്‍മാണം പൂര്‍ത്തിയായി, ഷൂട്ടിങ് തുടങ്ങാനൊരുങ്ങിയപ്പോള്‍ അവിടെ താമസമുറപ്പിച്ച ചില ക്രിസ്ത്യാനികള്‍ കടകളുടെ ഓലമേഞ്ഞ മേല്‍ക്കൂര വലിച്ചു താഴെയിട്ട് അവയില്‍ ഓടു മേയുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ സ്ഥലത്തിന്റെ, പഴയ കാലഘട്ടത്തിന്റെ പ്രതീതി നഷ്ടമാവുമായിരുന്നു. ചിത്രീകരണം കഴിയുന്നതുവരെ അങ്ങനെ ചെയ്യരുതെന്ന് അടൂരും സംഘവും അവരോടു യാചിച്ചു. ഓലമേഞ്ഞ മേല്‍ക്കൂര അതേപടി നിലനിര്‍ത്താന്‍ തങ്ങള്‍ക്കു വന്‍തുക തരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആ പ്രദേശത്തെ ക്രിസ്ത്യന്‍ പുരോഹിതന്റെ അടുക്കല്‍ ചെന്ന് മീരാസാഹിബും സക്കറിയയും സഹായമഭ്യര്‍ഥിച്ചപ്പോഴാണ് ഒരു ഒത്തുതീര്‍പ്പില്‍ എത്തിയത്.
നാടകീയസംഭവങ്ങള്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഭാസ്‌കരപ്പട്ടേലരെപ്പോലെ ഒരാള്‍ അവിടെ ഉണ്ടെന്ന അഭ്യൂഹം പടര്‍ന്നിരുന്നു. തങ്ങളെക്കുറിച്ച് ഒരു സിനിമയെടുക്കുകയാണെന്ന് അവിടത്തെ പട്ടേലര്‍മാര്‍ വിചാരിച്ചു. അത് അവരില്‍ അസ്വസ്ഥത സൃഷ്ടിച്ചു. ഊഹാപോഹങ്ങള്‍ വന്യമായി പ്രചരിച്ചു. തോക്കേന്തിയ ഒരു പട്ടേലര്‍ സെറ്റില്‍ എത്തുമെന്നുവരെ മുറുമുറുപ്പുകള്‍ പടര്‍ന്നു. ആ അഭ്യൂഹം അഭ്യൂഹം മാത്രമായി അവശേഷിച്ചു. ഒരു പട്ടേലരും അവിടെ വന്നില്ല. കണ്ടുനില്‍ക്കുന്നവരില്‍ ചിത്രീകരണം നിരീക്ഷിക്കാനെന്നപോലെ ഒരു പട്ടേലര്‍ ഉണ്ടായിരുന്നുവെന്ന് അടൂര്‍ പറയുന്നു.
അദ്ദേഹത്തിന്റെ ദുഷ്‌കരമായ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഛായാഗ്രഹണം ഒരു ഭഗീരഥപ്രയത്‌നംതന്നെയായിരുന്നു. ചിലപ്പോള്‍ ലൊക്കേഷനുകള്‍ കൊടുംകാടിനുള്ളിലായിരുന്നു. അവിടങ്ങളില്‍ പലപ്പോഴും റോഡുപോലും കാണില്ല. ഭാരമേറിയ ചിത്രീകരണ ഉപകരണങ്ങള്‍ അവിടേക്ക് കാല്‍നടയായി വഹിച്ചു കൊണ്ടുപോവേണ്ടിവന്നു. കൂലിക്കാരെയും ചേര്‍ത്ത് അണിയറശില്‍പ്പികളുടെ എണ്ണം ഇരട്ടിയാക്കി.
വിധേയന്റെ ചിത്രീകരണത്തെക്കുറിച്ച് ഒരു മുഴുനീള ഫീച്ചര്‍ സിനിമതന്നെ എടുക്കാമായിരുന്നു. ചിത്രീകരണം നടന്നത് ഒരു വേനല്‍ക്കാലത്താണ്.
ചുട്ടുപൊള്ളുന്ന വെയിലും വരണ്ട ഭൂമിയും വളരെയധികം അസുഖകരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കി. പക്ഷേ, ഗോപാലകൃഷ്ണനോ അദ്ദേഹത്തിന്റെ മുഖ്യനടന്മാരോ ഛായാഗ്രാഹകനോ മറ്റ് അണിയറശില്‍പ്പികളോ അങ്ങനെ എളുപ്പം പേടിക്കുന്നവരായിരുന്നില്ല. അവര്‍ ചിത്രീകരണം തുടര്‍ന്നു.
ഒരു വെള്ളച്ചാട്ടത്തിനായുള്ള സംവിധായകന്റെ തിരച്ചില്‍ അപകടകരമായ മറ്റൊരു സാഹസികയാത്രയായിരുന്നു. ഗോപാലകൃഷ്ണന്‍, മീരാസാഹിബ്, സക്കറിയയുടെ മാനേജര്‍ ചന്ദ്രന്‍പിള്ള എന്നിവര്‍ ഇടതൂര്‍ന്നു വളരുന്ന പച്ചിലപ്പടര്‍പ്പിലൂടെ, കുറ്റിക്കാട്ടിലൂടെ വഴിതെറ്റിയേക്കാവുന്ന ഒരു യാത്രയ്ക്കു തുടക്കമിട്ടു. കുന്നിറങ്ങി പച്ചപ്പടര്‍പ്പുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിമാറ്റി അവര്‍ നടന്നു. ഉഗ്രവിഷമുള്ള രാജവെമ്പാലയ്ക്കു തൊട്ടടുത്താണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് അവര്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു. എന്നിരുന്നാലും അവരുടെ ശ്രമം വിജയിച്ചു. അവര്‍ വെള്ളച്ചാട്ടം കണ്ടെത്തി.
പിറ്റേദിവസം ക്യാമറ ഒരുക്കിവെക്കുകയും നടന്മാര്‍ തങ്ങളുടെ ഇടത്തില്‍ ഷൂട്ടിങ്ങിനു സന്നദ്ധരായി നില്‍ക്കുകയും ചെയ്തപ്പോള്‍ പൊടുന്നനെ ആകാശം ഭീഷണിയുയര്‍ത്തിക്കൊണ്ട് ഇരുണ്ട് മൂടിക്കെട്ടി നിന്നു.
പിന്നെ ശക്തമായ മഴ പെയ്യാന്‍ തുടങ്ങി. അവിടെ പെട്ടെന്ന് മലവെള്ളം പൊങ്ങാനിടയുണ്ടെന്ന് സംഘത്തിലെ ആരോ മുന്നറിയിപ്പു നല്‍കി. അതു കേട്ട നിമിഷം മമ്മൂട്ടി ജീവനുംകൊണ്ടോടി. മല കയറി റോഡിലേക്കും സുരക്ഷിതത്വത്തിലേക്കും ഓടിപ്പോയി. വെറും മുണ്ടുമാത്രം ഉടുത്ത മമ്മൂട്ടി പേടിച്ച് ഓടുന്നതിനിടയില്‍ അദ്ദേഹത്തിനു മുറിവും ചതവും പറ്റി. തിരശ്ശീലയിലെ വീരനായകകൃത്യങ്ങള്‍കൊണ്ട് നിരവധി പേരെ അസൂയാലുക്കളാക്കുന്ന മമ്മൂട്ടിക്കു ചേര്‍ന്ന പ്രതിച്ഛായയായിരുന്നില്ല അത്.
അദ്ദേഹത്തിന്റെ പ്രതികരണം മറ്റുള്ളവരെയും വേവലാതിയിലാഴ്ത്തി. ഏതാണ്ട് എല്ലാവരും കുത്തനെയുള്ള കുന്നു കയറി റോഡിലേക്കു കുതിക്കുന്നത് കാണാമായിരുന്നു. ത്രസിപ്പിക്കുന്ന ഒരു ദിവസമാകാമായിരുന്ന ആ ദിനം ഗോപാലകൃഷ്ണന് ഇച്ഛാഭംഗം സമ്മാനിച്ചു. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനായില്ല. ഭാരമേറിയ ചിത്രീകരണ ഉപകരണങ്ങള്‍ ആ കുന്നിനു മുകളിലേക്കും താഴേക്കും കൊണ്ടുപോവുക തമാശക്കളിയായിരുന്നില്ല.
എന്നിട്ടും വിധേയന്‍ അസാധാരണമാംവിധം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമായി. തുടക്കത്തില്‍ത്തന്നെ ഒരു നല്ല ഇതിവൃത്തമാണ് ഗോപാലകൃഷ്ണനു പ്രവര്‍ത്തിക്കാനായി കിട്ടിയത്. സക്കറിയയുടെ കഥ ഒരു ക്ലാസിക് രചനയായിരുന്നു. ഗോപാലകൃഷ്ണനിലെ തിരക്കഥാകൃത്ത് അതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ എഴുതിച്ചേര്‍ത്ത് പൂര്‍ണമായും ഒരു പുതിയ വ്യാഖ്യാനം നല്‍കി. തിരിഞ്ഞുനോക്കി ഈ ചിത്രത്തെ വിലയിരുത്തുമ്പോള്‍ തൊമ്മിയും പട്ടേലരും മോശപ്പെട്ടവരായി പ്രത്യക്ഷപ്പെടില്ല. വ്യത്യസ്തമായ വിധങ്ങളില്‍ സാഹചര്യത്തിന്റെ നിസ്സഹായരായ ഇരകളാണ് അവര്‍.
അടൂരിന്റെ ചിത്രങ്ങളിലെ ത്രില്ലര്‍ സ്വഭാവമുള്ള ഏക സിനിമയാണ്
വിധേയന്‍. തിന്മയുടെയും ദുഷ്‌കര്‍മങ്ങളുടെയും ഭയാനകമായ അനുഭവം സൃഷ്ടിക്കുന്നതിനു വിധേയനിലെ ഭൂരിഭാഗം രംഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രീകരണം കഴിഞ്ഞപ്പോള്‍ അടൂരിനു താന്‍ ഒരു കെണിയില്‍ അകപ്പെട്ടതുപോലെ തോന്നി. അവിടെനിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ചു. ഒരു പെട്ടിയില്‍ അടച്ചിട്ടതുപോലെ തോന്നുന്നത് ഭീതിദമായ ഒരനുഭവമാണ്. സൂര്യപ്രകാശത്തിലേക്ക് ഇറങ്ങി വിമോചനത്തിന്‍േറതായ ബോധം അനുഭവിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. തനിക്കു പ്രിയപ്പെട്ട ഒരു കഥയിലേക്കു നടന്നുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്തു. ആ കഥ മിക്കവാറും അദ്ദേഹത്തിന്‍േറതുതന്നെയായിരുന്നു.
(അടൂര്‍ ഗോപാലകൃഷ്ണന്‍: സിനിമയില്‍ ഒരു ജീവിതം എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment