Thursday, March 3, 2016

നിള നിത്യകന്യക നിതാന്തയാത്രിക




തൃത്താലയിലെ മാദകമായൊരു സന്ധ്യയില്‍, കഥാവശേഷനായ സി.വി. ശ്രീരാമന്‍ എന്നോട് പറഞ്ഞു. 'രാമേശ്വരത്തെ പൂപ്പണ്ടാരത്തെ ഞാന്‍ തൃത്താലയില്‍ കണ്ടിട്ടുണ്ട് ''.

മൂന്നരവര്‍ഷം മുമ്പത്തെ മകരമാസം. നിറസന്ധ്യ, തൃത്താലയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിനു പിന്നില്‍ പുഴ ജീവാമൃതം പോലെ ഒരു കുടന്ന വെള്ളവുമായി ക്ഷീണിച്ചു കിടന്നിരുന്നു.

'അതിഥിമന്ദിരത്തിലെ ആല്‍മരച്ചുവട്ടില്‍ കറുത്തവസ്ത്രവും ചുവന്ന അരയില്‍ കെട്ടും കുടമണികള്‍ കിലുങ്ങുന്ന വടിയുമായി അയാള്‍ നില്‍പ്പുണ്ടായിരുന്നു. പൂപ്പണ്ടാരം'. ബേബിയേട്ടന്‍ എന്ന ശ്രീരാമന്‍ വക്കീല്‍ തറപ്പിച്ചു പറഞ്ഞു.

രാത്രി തൃത്താല അങ്ങാടിയിലൂടെ പൂപ്പണ്ടാരം നടന്നു പോകുന്നതു കണ്ടു. ബേബിയേട്ടന്‍ അയാളെ പിന്‍തുടര്‍ന്നു. പട്ടാമ്പിപാലത്തിനരികെ അയാള്‍ അപ്രത്യക്ഷനായി. 'പുഴയില്‍ എന്തോ മുഴങ്ങുന്ന സ്വരം കേട്ടു. തിരകള്‍ ഇളകുന്നതും. അതു പൂപ്പണ്ടാരമാണ്.' കഥാകാരന്‍ തറപ്പിച്ചു പറഞ്ഞു.

രാത്രി ഞങ്ങള്‍ കൂടെ നടന്നിട്ടും ആരേയും കണ്ടിരുന്നില്ല. ബേബിയേട്ടന്‍ ആരെയാണ് കണ്ടത്? എനിക്കെന്നല്ല കൂടെയുള്ള ജയരാജിനും അതു മനസിലായില്ല. 'സി.വി സഞ്ചരിക്കുന്നത് ഒരു അപരലോകത്തിലൂടെയാണ്. ലഹരി അതിന്റെ പണി തുടങ്ങിക്കാണും' ജയരാജ് ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.

പിന്നീടറിഞ്ഞു. അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. പൂപ്പണ്ടാരം ശ്രീരാമന്റെ ജീവിതത്തെ നിശ്ചയിച്ച രാമേശ്വരത്തെ ഒരു പൂജാരിയാണ്. അയാള്‍ ജനിമൃതികള്‍ പ്രവചിക്കുന്നവനാണ്. പിതൃക്കള്‍ക്ക് എള്ളും പൂവും ചന്ദനവും നല്‍കി പ്രസാദിപ്പിക്കുന്നവന്‍.

പൂപ്പണ്ടാരത്തിനും ഒരു ശ്രൗതസംസ്‌കാരമുണ്ട്. തൃത്താലയിലെ ഭൂമിക്കും അതുണ്ട്. തൃത്താല യജ്ഞഭൂമിയാണ്. പൂപ്പണ്ടാരം ഭൂമിയുടെ നനവു നോക്കി നടക്കും. നനവില്‍ നിന്നാണ് ജന്‍മ രഹസ്യങ്ങള്‍ കണ്ടെടുത്തത്. രാമേശ്വരത്ത് ചെന്ന് ബേബിയേട്ടന്റെ അമ്മയോട് പൂപ്പണ്ടാരം പറഞ്ഞു. ഇനിയൊരു ആണ്‍കുട്ടിയെ അമ്മ പ്രസവിക്കും. നാലു പെണ്‍മക്കളും പോയതിനുശേഷം ബേബിയേട്ടന്‍ ജനിച്ചു. കുഞ്ഞുമായി അമ്മ രാമേശ്വരത്തെത്തി. പൂപ്പണ്ടാരം പേരു ചൊല്ലി വിളിച്ചു. 'ശ്രീരാമന്‍'

ആ പൂപ്പണ്ടാരം ഏഴു പതിറ്റാണ്ടിനു ശേഷം എങ്ങിനെ തൃത്താലയില്‍ വന്നു? എന്തിനു നിളയില്‍ നീരാടി? ബേബിയേട്ടന് മറുപടിയുണ്ട് 'പൂപ്പണ്ടാരത്തിനു ജനിമൃതികളില്ല. ഭൂമിയുടെ നനവ് നോക്കി വന്നതാണ്. ഭൂമിയില്‍ ഏറ്റവും നനവുള്ള ഇടം നിളയാണ്. അത് ഭൂമിയിലല്ല, ഭൂമിയുടെ ഉള്ളിലാണ്'.

നിള സരസ്വതി പോലെയോ? വേണമെങ്ങില്‍ അങ്ങിനെയും കിനാവു കാണാം, നനവുകള്‍ വറ്റിപ്പോയ ഒരമ്മയുടെ അവസാനത്തെ കണ്ണീര്‍ച്ചാലുകള്‍ ഭൂമിയുടെ അടിയിലെവിടെയോ ഒഴുകുന്നുണ്ട്.

ഈ ഭൂമിയെ പ്രണയിച്ചവര്‍ മനുഷ്യരാണ്. തൃത്താലയില്‍ കാലുകുത്തുമ്പോള്‍ നിളയുടെ ഇരുകരകളിലുമായി തൃത്താലയും മേഴത്തൂരും കൂടല്ലൂരും പട്ടാമ്പിയും പരുതൂരുമൊക്കെ ഉറങ്ങിക്കിടക്കുന്നു. ആദിമമായ ഒരു നനവോടെ; നനവ് വാത്സല്യമാണ്.

തളര്‍ന്നു നില്‍ക്കുന്ന നാട്ടുമാവുകളുടെ കാരുണ്യം നിറഞ്ഞ തണലുകളില്‍ നില്‍ക്കുന്ന യാത്രികനോട്, അവശേഷിക്കുന്ന കന്യാവനങ്ങളില്‍ നിന്നു വീശുന്ന കാറ്റ് ഇടര്‍ച്ചയോടെ പറയുന്നുണ്ടാവും. ഇതു തന്നെയാണ് ആ ഭൂമി. സ്വപ്നങ്ങളുടെയും ഭാവനകളുടെയും കടവുകളുടെയും, നാട്ടുപാതകളുടെയും സാര്‍ഥവാഹകരുടെയും മണ്ണ്. ശ്രൗതത്തിന്റെ രഹസ്യങ്ങള്‍ ശീല്‍ക്കാരം പോലെ അമര്‍ന്നു കിടക്കുന്ന ഭൂമി.

വര്‍ത്തമാനകാലത്തിലേക്കും ഭൂതത്തിലേയ്ക്കും തുറക്കുന്ന വഴികളാണ് തൃത്താലയുടേത്. ഋതുമന്ദാരങ്ങളുടെ മണ്ണില്‍ ആഴത്തില്‍ കിടക്കുന്നത് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മണ്ണടരുകളാണ്.

നിളയുടെ തീരത്ത് നൈര്‍മല്യമുള്ള മനുഷ്യരും ഭാഷയുമുണ്ട്. ഭാഷയെ മലയാള സിനിമ ഇപ്പോള്‍ ഹൈജാക്ക് ചെയ്തു കഴിഞ്ഞു. അമേരിക്കയില്‍ പഠിച്ച കുട്ടി പോലും വെള്ളിത്തിരയില്‍ പറയുന്നത് വള്ളുവനാടന്‍. അതിന്റെ യഥാര്‍ഥ ഈണവും ധ്വനിയും കേള്‍ക്കണമെങ്ങില്‍ ഇവിടെ തന്നെ വരണം. 'ഊണിനു മുമ്പും പടയ്ക്കു പിമ്പുമായ തദ്ദേശിയരുടെ ഭാഷയാണ് ആദ്യത്തെ കൊള്ളമുതലെന്ന'് ആദ്യം ഓര്‍മ്മിപ്പിച്ചതും ഒരു വള്ളുവനാടനാണ്- വി.കെ.എന്‍. പിന്നെ ഇല്ലാതായത് വള്ളുവനാടിന്റെ കാഴ്ചകളാണ്. വട്ടിയും പക്ഷിക്കൂടുമായി ചുരം കയറിവരുന്ന കുറത്തികള്‍, മുണ്ടില്‍ കെട്ടിയ പകിട്ടുള്ള തുണിത്തരങ്ങളുമായി വരുന്ന സേലം അണ്ണാച്ചികള്‍. വളയും കണ്‍മഷിയുമായെത്തുന്ന കറുത്തചെട്ടിച്ചികള്‍.

ചരിത്രത്തിലേക്കും മേളത്തിലേക്കും ജ്ഞാനത്തിലേക്കും ശ്രൗതത്തിലേക്കും പാതകള്‍ നീളുന്നു. ആ വഴികള്‍ അഗ്‌നിഹോത്രിയും പാണനാരും നടന്നു തീര്‍ത്തവയാണ്. അതേ വഴിയിലൂടെ പുന്നശ്ശേരി നമ്പിയും രജകനും തച്ചനും നടന്നിട്ടുണ്ടാവും. എം.ടി.ബി നായര്‍ പക്ഷികളെ തേടി നടന്നതും ഇതേ മണ്ണിലൂടെയാണ്. എം.ടിയുടെ 'കാതു മുറിച്ച മീനാക്ഷിയേടത്തി'യും അമ്മിണിയേടത്തിയും ഈ വഴി തന്നെ പോയിരിക്കണം. അവിടെ തലങ്ങും വിലങ്ങും നടന്നുപോയൊരാളാണ്. ഉള്ളു ചുട്ടുപൊള്ളുന്ന വേവലാതികളും, സങ്കല്‍പ്പങ്ങളുമായി ജീവിതം നടന്നുതീര്‍ത്ത കറുത്തപട്ടേരി രാമന്‍ എന്ന വി.ടി.

തൃത്താലയില്‍ നിന്ന് ഒരു വിളിപ്പാടകലെയാണ് ആനക്കര. അതിനോട് ചേര്‍ന്ന് പന്നിയൂരമ്പലം. പന്നിയൂരമ്പലം പണി മുടിയില്ലെന്ന് പറഞ്ഞത് പെരുംതച്ചന്‍ തന്നെയാകുമോ?

'പെരുംതച്ചന്റെയും പറയിപെറ്റ പന്തിരുകുലത്തിന്റെയും മഹായാഗങ്ങള്‍ നിളയുടെയും തീരങ്ങളില്‍ കാത്തുകിടപ്പുണ്ട.്

തൃത്താലക്കടവ് കടന്നാല്‍ ആ ലോകത്തെത്തുകയായി. തൊണ്ണുറ്റിയൊമ്പത് യാഗങ്ങള്‍ പൂര്‍ത്തിയാക്കിയ യജ്ഞഭൂമി വെള്ളിയാംകല്ല് കടവിനപ്പുറം സ്മരണകളുടെ കാട്ടുപൊന്തകളില്‍ മറഞ്ഞുകിടപ്പുണ്ട്. യജ്ഞേശ്വരം ക്ഷേത്രത്തിന്റെ പ്രാക്തനത കാണുമ്പോള്‍ അത് കടംകഥയല്ലെന്ന് ബോധ്യമാവും.

അഗ്‌നിഹോത്രിയുടെ ഇല്ലമായ വേമഞ്ചേരി നല്‍കുന്നത് വൃദ്ധിക്ഷയങ്ങളുടെ ചിത്രമാണ്. അവിടെ വിരിഞ്ഞു നില്‍ക്കുന്ന തെച്ചിപ്പുക്കള്‍, കരിയുമ്പോള്‍ ഇല്ലം അന്യമാവുമത്രെ. അതൊരു സങ്കല്‍പ്പമാണ്. തെച്ചി ഇപ്പോഴും പൂക്കളുമായി നിന്നു ചിരിക്കുന്നു. ഇല്ലത്തിന്റെ സ്ഥിതിയെവിടെ?

പറയിപെറ്റ പന്ത്രണ്ടുകുലത്തിലെ മക്കള്‍, ആണ്ടു തോറും ഇല്ലത്തെത്തുന്നുണ്ട്. ഇല്ലക്കാരും പാക്കനാരുടെ കുടുംബക്കാരും പുലബന്ധമാചരിക്കുന്നുണ്ട്. കയ്ക്കാത്ത കാഞ്ഞിരമരത്തില്‍ നിന്നും തുടങ്ങുന്ന പാക്കനാര്‍ തോറ്റത്തില്‍ ആ കഥ കേള്‍ക്കാം. മുരടുകളും വേടുകളുമായി നില്‍ക്കുന്ന കാഞ്ഞിരമരത്തിന്റെ ഇലകള്‍ കടിച്ചുനോക്കി. അതിനു കയ്പില്ല. കഥകള്‍ മധുരമാകുന്നു. തൃത്താലയിലെ പൂരം കൊട്ടി പുറപ്പെടുന്നതും ആ കാഞ്ഞിരത്തെ സാക്ഷിയാക്കിയാണ്.

തൃത്താലയില്‍ നിന്നു തെക്കോട്ടുള്ള റോഡിലെ ആദ്യത്തെ ബസ്‌റ്റോപ്പ്- വി.ടിയുടെ പടിയാണ്. വി.ടി. എന്നാല്‍ വിരാട്പുരുഷന്‍. മാറ്റങ്ങളുടെ സ്വപ്നങ്ങളെ മണ്ണിലുറപ്പിക്കാന്‍ ശ്രമിച്ച ശില്‍പ്പി.

വി.ടി.വിഗ്രഹങ്ങളെ ഭഞ്ജിച്ചുവെങ്കില്‍ എം.ടി, കൂടല്ലൂരിന്റെ പ്രതിപുരുഷനായിരിക്കുന്നു. തൃത്താലയില്‍ നിന്ന് കൂടല്ലൂരിലേക്ക് പോകുമ്പോള്‍ നിള വളഞ്ഞൊഴുകുന്നത് കാണാം. എം.ടിക്ക് അതൊരു സംസ്‌കാരത്തിന്റെ തീരമാണ്. എം.ടി എപ്പോഴും ആ തീരഭൂമിയിലേക്ക് മനസുകൊണ്ട് മടക്കയാത്ര നടത്തുന്നു.

വാരാണസിയുടെ അവസാന പേജിലെത്തുമ്പോള്‍ ഇങ്ങിനെയും വായിക്കാം. 'നിങ്ങളാര് എന്ന് ഔപചാരികതയ്ക്ക് വേണ്ടി ചോദിച്ചാല്‍ എന്തു പറയും? വെറുമൊരു സന്ദര്‍ശകന്‍, തീര്‍ഥാടകന്‍...ആനന്ദവനവും മഹാശ്മശാനവുമായ ഈ നഗരം വീണ്ടും ഒരിടത്താവളമായി തീര്‍ന്നു. നാളെ വീണ്ടും യാത്ര ആരംഭിക്കുന്നു. മറ്റൊരിടത്താവളത്തിലേക്ക്.. എല്ലാം ഇടത്താവളങ്ങള്‍ മാത്രമാണ്.സ്വക്ഷേത്രം കൂടല്ലൂരാണ്.

സന്ധ്യ മയങ്ങുമ്പോള്‍ തൃത്താല വേഷം മാറുന്നു. ഇന്നത് ഏതൊരു കവലയേയും പോലെ രൂക്ഷമായ മദ്യത്തിന്റെയും പുകയുടേയും തോളിലേറി യാത്ര തുടങ്ങുന്നു. സന്ധ്യക്ക് തൃത്താലയുടെ ചേതസിനെ ഉണര്‍ത്തിയെടുത്ത കുഞ്ഞുകൃഷ്ണ പൊതുവാളുടെ ചെണ്ട അവിടെ എവിടെയോ ഉണ്ട്.

തായമ്പകയിലെ മലമക്കാവ് അഥവാ തൃത്താലശൈലിയുടെ ഏറ്റവും വിശുദ്ധനായ പ്രചാരകനായിരുന്നു പൊതുവാള്‍. അദ്ദേഹത്തിന്റെ അച്ഛനായ മലമക്കാവില്‍ കേശവപ്പൊതുവാളായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ 'ണ' കാരത്തിന്റെ ശുദ്ധിയും 'ധിം' കാരത്തിന്റെ കനവും ഇന്നാര്‍ക്കുമില്ല. ആ ശൈലിയുടെ വിശുദ്ധമായലാളിത്യവും, കുഞ്ഞുകൃഷ്ണ പൊതുവാളിനേയും ആലിപ്പറമ്പില്‍ ശിവരാമപൊതുവാളിനേയും അനുഗ്രഹിച്ചു. കൈയിന്റെയും കോലിന്റെയും ശുദ്ധി, സാധകസിദ്ധിയുമായിരുന്നു അതിന്റെ കൊടിയടയാളങ്ങള്‍. മലമക്കാവ് സമ്പ്രദായത്തിന്റെ ഭാവനയായിരുന്നു തൃത്താല കേശവന്റെ കൈമുതല്‍. കേശവന്റെ ഇരികിട, മനോജ്ഞമായ സംഗീതാനുഭൂതി പകര്‍ന്നു. മനോധര്‍മ്മ പ്രയോഗങ്ങളില്‍ അയാള്‍ മറ്റാരേയും അതിശയിച്ചു. തൃത്താലയിലെ സന്ധ്യകള്‍ ഇന്ന് മൗനികളായി മാറിയിരിക്കുന്നു. പഴയ ഹൃദയതാളത്തിന്റെ തേങ്ങലിനൊത്ത നാദങ്ങളെ കേള്‍ക്കാനുള്ളൂ.

പട്ടാമ്പിയിലെ മണല്‍ത്തീരത്തിലേക്ക് പോകുമ്പോള്‍, ആ മണല്‍ത്തീരം തന്നെ കവിതയും കിനാവുമായി മാറുന്നു. പുന്നശ്ശേരിനമ്പിയുടെ ദൃഢമായ കാല്‍വെയ്പ്പുകള്‍ പതിഞ്ഞ, മണപ്പുറത്തേക്കാണ് മഹാകവി പി. (കുഞ്ഞിരാമന്‍ നായര്‍) ആദ്യമെത്തിയത്. നമ്പിയെ തേടിയായിരുന്നു ആ യാത്ര. പുന്നശ്ശേരി നമ്പിയുടെ സര്‍വ്വകലാശാലയിലക്ക് സവര്‍ണ്ണരും അവര്‍ണരും ഒരുമിച്ചു പഠിക്കാനെത്തി. സംസ്‌ക്കാര കേരളത്തിലെ, ആദ്യത്തെ നിശബ്ദവിപ്ലവങ്ങളിലൊന്ന് നടന്നത് ആ മഠത്തിലായിരുന്നു. കുട്ടികൃഷ്ണമാരാരും കെ.പി.നാരായണപിഷാരടിയും, എം.പി.ശങ്കുണ്ണിനായരും, ഉള്ളാട്ടില്‍ഗോവിന്ദന്‍ നായരും, സി.എസ്.നായരും, രാമമാരാരും, കല്ലുള്ളി വാസുദേവന്‍ മൂസതും അറിയപ്പെട്ട ഹൈന്ദവ മുസ്ലിം ഭാഷാസ്‌നേഹികളും നമ്പിയുടെ ശിഷ്യരായിരുന്നു. പിന്നീട് ഷാരടി മാഷ് അതേ പാരമ്പര്യം തുടര്‍ന്നു. പട്ടാമ്പി പഞ്ചാംഗവും വിജ്ഞാന ചിന്താമണിയും ആ കാലഘട്ടത്തോടൊപ്പം മണ്‍മറഞ്ഞിട്ടുണ്ടാവാം. ഈഹാപുരേശ്വരി ക്ഷേത്രം ഇന്നുമുണ്ട്. അവിടത്തെ നൈവേദ്യച്ചോറിന്റെ രുചിയാവം, മാരാരുടെ കാഴ്ച്ചകള്‍ക്ക് വെളിച്ചമായത്. ഇന്നവിടെ സാളഗ്രാമം മാത്രം അവശേഷിച്ചിരിക്കുന്നു.

ഇന്നും, പട്ടാമ്പിയിലെ മണല്‍പ്പുറം വിശാലമായി കിടക്കുന്നു. വേനലില്‍ മണപ്പുറം മാത്രമേ കാണു. നിള, വെള്ളമില്ലാതെ മുറിഞ്ഞു കിടക്കും. എന്നിട്ടും നെടുവീര്‍പ്പോടെ പുതിയകാലത്തിന്റെ സ്വരം കേട്ടു. ആറ്റൂരും കടമ്മനിട്ടയും കെ.ജി.ശങ്കരപ്പിള്ളയും, സച്ചിദാനന്ദനും ബി.രാജീവനും അവരുടെതായ ലോകം അവിടെ സൃഷ്ടിച്ചു. ആറ്റൂരിന്റെ മേഘരൂപന്‍ പിറക്കുമ്പോള്‍ അതിന്റെ പശ്ചാത്തലവും പട്ടാമ്പിമണപ്പുറം തന്നെ.

'നിനക്കെഴുതുവാന്‍ പൂഴി വിരിപ്പൂ ഭാരതപ്പുഴ.

നിനക്കുകാണുവാന്‍ മാത്രം നീര്‍ത്തുന്നു വര്‍ണ പുസ്തകം'

ആ വര്‍ണ പുസ്തകങ്ങള്‍ എവിടെയാണ്? കെ.ജി.എസിന്റെ ഭാഷയില്‍, പട്ടാമ്പി ഒരു അന്ധഗാനഗന്ധര്‍വ്വനാണ്.

ഒറ്റക്കല്ലില്‍ തീര്‍ത്ത കൈത്തളി മഹാദേവക്ഷേത്രത്തിലേക്കും നാറാണത്തുഭ്രാന്തന്റെ രായിരനെല്ലൂര്‍മലയിലേക്കും ഭ്രാന്താചലം ക്ഷേത്രത്തിലേക്കും പോകണമെങ്കില്‍ പട്ടാമ്പിയിലെത്തണം. യജ്ഞേശ്വരത്തിലേക്കും, ഞാങ്ങാട്ടിരിയിലേക്കും പോകാനുള്ള വഴിയും പട്ടാമ്പിയാണ്.
കവിതമാത്രമല്ല പട്ടാമ്പിയുടെ അന്ധതയില്‍, ചിത്രമെഴുത്തിന്റെ ഒരുകാലവും നെടുവീര്‍പ്പോടെ നില്‍ക്കുന്നു.

പാട്ട് അരങ്ങില്‍ പട്ടുകൂറയിട്ടു അരങ്ങു തൂക്കി, നാലു ദിക്കുകളില്‍ വിളക്ക് തെളിയിച്ച്, പഞ്ചാഭൂതാത്മകമായ അഞ്ചുതരം പൊടികള്‍ കൊണ്ട് ചിട്ടയില്‍ ഒരു കളം. പരിവാരങ്ങള്‍ക്ക് വെള്ളരിവെച്ച് ശിരോഭാഗത്ത്. തിരുവിടാടയും വാളും വാല്‍ക്കണ്ണാടിയും മാലയും പീഠത്തില്‍. പിന്നെ കളത്തിനു പൂജ. കുഴിതാളം, താളത്തിന്റെ ശ്രുതിക്ക് നന്തുണി, തുടര്‍ന്ന് പാട്ട്, പിന്നെ കളംപൊലി. ഒടുവില്‍ മൂര്‍ത്തിയുടെ കോമരം കളത്തിനു ചുറ്റും ഉറയുന്നു. കുറുപ്പ് കളം മായ്ക്കുന്നു. സൃഷ്ടിച്ചതെല്ലാം ഭക്തരുടെ മനസ്സില്‍, മായയായും വര്‍ണമായും നില്‍ക്കുന്നു. കളം മായ്ച്ച പൊടിപ്രസാദം ഭക്തര്‍ക്ക്. നിളയുടെ തീരം ഇതെത്ര കണ്ടു. ഞാങ്ങാട്ടിയിരിലെ, കളം പാട്ടുകാരന്‍ കല്ലാറ്റ് പരമേശ്വരക്കുറുപ്പിന്റെ ജന്മം ഈ നിയോഗമായിരുന്നു. ഇന്നു മകന്‍ സുരേന്ദ്രനും, മറ്റും അതേറ്റെടുത്തിരിക്കുന്നു.

കളളാടിപ്പറ്റാ വിണ്ടാലിക്കര എം.വി.കൃഷ്ണവാര്യരും, ഒരു സ്മൃതിചിത്രമായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഗ്‌നിയുണ്ടായപ്പോള്‍, കരിഞ്ഞുപോയ ചുമര്‍ചിത്രങ്ങള്‍ക്ക് വീണ്ടും മെയ്യും കണ്ണും നല്‍കിയത് എം.വി. കൃഷ്്ണവാര്യരായിരുന്നു. വേട്ടയ്‌ക്കൊരുമകനും, അന്നപൂര്‍ണേശ്വരിയും പരശുരാമനുമൊക്കെ അങ്ങനെ പുനര്‍ജ്ജനിച്ചു. കൃഷ്ണവാര്യര്‍ക്ക് പിന്നാലെ പുതുമയുടെ ഒരു തലമുറ, കരപറ്റിയിട്ടുണ്ട്.

കൃഷ്ണവാര്യര്‍ക്കു മുമ്പേ, വി.ടി.ബാലകൃഷ്ണന്‍ നായര്‍ പോയി. കേരളത്തിന്റെ പോര്‍ട്രെയിറ്റിന്റെ ആചാര്യന്‍. സ്വന്തം പോര്‍ട്രെയിറ്റിന് മുന്‍പില്‍ വി.ടി.ബിയെ അവസാനം കാണുമ്പോള്‍ അന്ധനായിരുന്നു. പുഴ, ആ കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്നു...

പട്ടാമ്പി മണപ്പുറം ഇന്നു തീര്‍ത്ഥാടകര്‍ക്ക് പ്രിയപ്പെട്ടഭൂമിയാണ്. വെള്ളിയാങ്കല്ലിലേക്ക് യാത്രചെയ്യുമ്പോള്‍ പ്രകൃതിയുടെ സുന്ദരമായ ഭാവചിത്രം കാണാം. ഏറ്റവും സൗന്ദര്യവതിയായ നിളയുടെ പ്രകൃതിചിത്രം.

നിള, നീര്‍ച്ചാലായി ഒഴുകുന്ന മണപ്പുറത്തിന്, ജനവരിയാകുമ്പോള്‍ ഉണര്‍വേറും. പട്ടാമ്പിനേര്‍ച്ച കാണാന്‍ ഒരു ദേശം മുഴുവനും അവിടെ എത്തുന്നു.

നിത്യകന്യകയായ ഭൂമി
തീരാത്ത കാവ്യനര്‍ത്തനം
പുലരിപ്പൂമഞ്ഞ് പെയ്തുതീരട്ടെ,
കിനാവുകള്‍ ഉറങ്ങട്ടെ.
ഈ ഭൂമിയോളം വലിയ കിനാവില്ല. ഈ ചിദാകാശത്തെ പോലെ വലിയഭാവനയുമില്ല.

ലക്കിടി, കിള്ളിക്കുറിശ്ശിമംഗലം, തിരുവില്ലാമല-താളവും വിതയും കവിതയും നാട്യവും വിളഞ്ഞ മണ്ണ്. കവിതയുടെ നര്‍ത്തനം, നിളയുടെ ഓളങ്ങളെ ഉന്മത്തമാക്കിയ രാത്രികള്‍. കോലിന്റേയും കയ്യിന്റെയും വാദ്യത്തിന്റെയും വഴികള്‍, ഉന്മാദികളുടെ സ്വപ്നഭൂമികള്‍.
രണ്ടു പുഴയുടെ തീരത്ത് ജീവിച്ച ലോഹിതദാസ് മൂന്നാമതൊരു പുഴ തേടി ലക്കിടിയില്‍ വന്നു. ഇന്ന് അതേ തീരത്ത് പ്രശാന്തനായി ഉറങ്ങുന്നു. വന്നവരൊക്കെ മണ്ണിന്റെ സൗന്ദര്യത്തില്‍ വീണു.

ലക്കിടിയില്‍ വന്ന, അവധൂതന്‍, കവിയായി, മഹാകവിയായി, പി.കുഞ്ഞിരാമന്‍നായരായി. പുഴകടന്നും, തീരത്ത് ഉറങ്ങിയും നിലാവില്‍ മുങ്ങിയും ജീവിച്ചു.

സ്വയം തിരഞ്ഞു കൊണ്ട് കവി സ്വന്തം കഥയുമെഴുതി. നിലാവിന്റെ ഭാഷ. നിളയുടെ നനവ്.

'ഉദയതാരക- അമ്പലത്തില്‍ പള്ളിയുണര്‍ത്തല്‍- യാമശംഖധ്വനി.

എഴുന്നേറ്റു-നീര്‍ക്കോലിക്ക് പിടികൊടുക്കാതെ മത്സ്യങ്ങള്‍ പുളയുന്നു വടക്കേച്ചിറ-ഇളം നീലവിരി-മുങ്ങിക്കുളിച്ചു-വടക്കേനടപ്പടികള്‍ കയറി- മാനം തൊടുന്ന കരിങ്കല്‍പ്പടികള്‍, നിര്‍മ്മാല്യദര്‍ശനം-തിരുവില്ല്വാമല ക്ഷേത്രത്തിലെ സര്‍വ്വരോഗഹരമായ-സര്‍വ്വാപാപഹരമായ ദിവ്യനിര്‍മ്മാല്യ ദര്‍ശനം.

ഉറക്കെ രാമനാമം ചൊല്ലി: നാരായണ നാമം ജപിച്ചു സ്‌തോത്രങ്ങള്‍ പാടി.

നാദബ്രഹ്മമുണരുന്ന സരസ്വതീയാമം- പൂക്കള്‍ വിരിയുന്ന സരസ്വതീയാമം. സ്വയം കവിതയുദിക്കുന്ന സരസ്വതീയാമം. തൊഴുതിറങ്ങി. ചുറ്റും പാലക്കാടന്‍ വളളുവനാടന്‍ മലനിരപ്പെരും കോട്ട- വെണ്‍മണലില്‍ വെള്ളത്താമരത്തണ്ട് ഒത്തുകിടക്കുന്ന ഭാരതപ്പുഴ. ദൂരെ ലക്കിടി-കിള്ളിക്കുറിശ്ശിമംഗലം പാടം, കാവല്‍ച്ചാളകള്‍-അറ്റം കാണാത്ത റെയില്‍പാളം.'(എന്നെ തിരയുന്ന ഞാന്‍. പി.) തിരുവില്ല്വാമലയില്‍ കാലത്തിന്റെ ചിത്രഗുപ്തനായ, വി.കെ.എന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍, വടക്കേക്കൂട്ടാലയിലെ വീട്ടുവരാന്തയില്‍, മലയാളിയുടെ ചിരിക്ക് അര്‍ത്ഥവും പരിഹാസവും സൃഷ്ടിച്ച ആധുനികനായ കുഞ്ചനില്ല.

സൗന്ദര്യത്തിന്റെ നിറകുടമായിരിക്കുമ്പോഴും, ഈ മനോജ്ഞ തീരത്ത് നിരാമയമായ ഒരു പൊട്ടിച്ചിരി ഉണ്ടായിരുന്നു. അത് ചാക്യാരില്‍ നിന്ന് കുഞ്ചനിലേക്കും, പിന്നെ വി.കെ.എന്നിലേക്കും വളര്‍ന്നു.

കൂടിയാട്ടം വില്ല്വാദ്രിയുടെ മറുകരയിലാണ് വളര്‍ന്നത്. കിളളിക്കുറിശ്ശിമംഗലത്ത്. വില്ല്വാദ്രിക്ഷേത്രംപോലെ, കിള്ളിക്കുറിശ്ശിമംഗലംക്ഷേത്രവും കാലങ്ങളെ അതിജീവിച്ചു നില്‍ക്കുന്നു. കുട്ടഞ്ചേരിചാക്യാന്‍മാരുടെ പരമ്പര ഇവിടെ നിന്നായിരുന്നു. കുട്ടഞ്ചേരി മൂത്തചാക്യാരും, നാരായണചാക്യാരും, ദാമോദരചാക്യാരുമൊക്കെ, കൂടിയാട്ടത്തെ, വിശുദ്ധമായ ഒരു കലയായിരക്ഷിച്ചുപോന്നു. മിഴാവില്‍, കോച്ചാമ്പിളളിക്കല്‍ രാഘവന്‍ നമ്പ്യാരും, രാമന്‍നമ്പ്യാരും അതിന് താളക്കൊഴുപ്പ് നല്‍കി.

കുട്ടഞ്ചേരി ചാക്യാരുമായി, മമതയും സ്‌നേഹവും പറ്റിയ മാണിയൂര്‍ കുടുംബത്തിലാണ് മാണിചാക്യന്‍മാര്‍ വളര്‍ന്നത്. അവരില്‍ മാധവചാക്യാര്‍ നടനത്തിന്റെ സാക്ഷാത്ക്കാരമായി. നിളാതീരത്ത് മാധവചാക്യാരും, പൈങ്കുളം ചാക്യാന്മാരും, ലോകത്തെ ഏറ്റവും പ്രാചീനമായ കലാരൂപത്തിന്റെ സംരക്ഷകരായി. പൈങ്കുളം രാമചാക്യാര്‍ ഒരു പിന്‍തലമുറയെകൂടി പോറ്റിവളര്‍ത്തി.
ഇന്നും, ഒരു ആധുനികന്‍ കിള്ളിക്കുറിശ്ശിമംഗലത്തെത്തുമ്പോള്‍, ഈ ഭൂമിയുടെ കാരുണ്യവും നിനവും അറിയും. ആ ക്ഷേത്രക്കുളം പ്രാചീനമായൊരു ജലശേഖരമായി നമ്മുടെ മുമ്പില്‍ നിശ്ചലമായി കിടക്കുന്നു. ആ കല്‍വിളക്കിനും പറയാനുണ്ട്, കാലങ്ങളോളം തിരിതെളിഞ്ഞതിന്റെ കഥകള്‍.

മിഴാവില്‍, ഉറക്കം തൂങ്ങിപ്പോയ ഒരു മഹാപുരുഷന്റെ കഥയും അവിടെയുണ്ട്. ഉറക്കം തൂങ്ങിപ്പോയ നമ്പ്യാരെ പരിഹാസം കൊണ്ട് ആട്ടിയിറക്കിയപ്പോള്‍ ഉള്ളില്‍ ഊറിക്കൂടിയ അപമാനത്തിന്റെയും കോപത്തിന്റെയും കണികയില്‍ നിന്നാണ്, പരിഹാസം അതിന്റെ ജനകീയമായ രൂപം കണ്ടെടുത്തത്. തുള്ളല്‍ പ്രസ്ഥാനം, ഒരു ജനകീയകലാരൂപമായപ്പോള്‍, മഹാകവി, വീണ്ടും രചനകളില്‍ തര്‍പ്പണം ചെയ്തു.

കിള്ളിക്കുറിശ്ശിമംഗലം, ശാസ്ത്രിക്കളിയുടേയും പറയുടേയും ചെണ്ടയുടേയുമൊക്കെ തട്ടകമാണ്. എല്ലാ കലാരുപങ്ങളുടേയും ഒരു സോപാനത്തറ അവിടെയായിരുന്നു. കിളളിക്കുറിശ്ശിമംഗലത്തെ കോപ്പാട്ട് അപ്പുണ്ണി പൊതുവാളുടെ, കളരിയിലാണ് കാവുങ്കല്‍ ശങ്കരപ്പണിക്കര്‍ ചൊല്ലിയാടിവളര്‍ന്നത്. ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കടുത്തുള്ള ചോമായില്‍ വീട്ടില്‍ മാധവിയമ്മയാണ് മോഹിനിയാട്ടം എന്ന കലാരൂപത്തെ തേച്ചുമിനുക്കി, കല്ല്യാണിക്കുട്ടിയമ്മയ്ക്ക് സമ്മാനിച്ചത്.

കിള്ളിക്കുറിശ്ശിമംഗലവും, വില്ല്വാദ്രിയും, സമീപഗ്രാമങ്ങളും, താളത്തിലാണ് രമിച്ചിട്ടുള്ളത്. താളം, ഹൃദയത്തിന്റേയും മണ്ണിന്റേയും ശാശ്വതകല്‍പ്പനകളായിരുന്നു.

വില്ല്വാദ്രിയില്‍ നില്‍ക്കുമ്പോള്‍, പുനര്‍ജ്ജനിയുടെ ഇങ്ങേവഴിയിലൂടെ നടന്നെത്തിയാല്‍ അപ്പുക്കുട്ടി പൊതുവാളിന്റെയും കൃഷ്ണന്‍കുട്ടിപൊതുവാളിന്റെയും അച്ചൂട്ടിപൊതുവാളിന്റെയും മഹത്വപരമ്പര അറിയാതെ പോകില്ല. അവരുടെ കര്‍മ്മഭൂമി വില്ല്വാദ്രിയായിരുന്നു. കൊമ്പുകുഴലും ചെണ്ടയും ഇടയ്ക്കയും, മദ്ദളവും തിമിലയുമൊക്കെ ഒരു പോലെ വളര്‍ന്ന നാദലോകമാണിത്. തിരുവില്ല്വാമലവെങ്കിച്ചന്‍ സ്വാമിയും, ചിട്ടന്‍പട്ടരും മാധവവാര്യരും ജീവിതസന്ധ്യയില്‍ കിള്ളിക്കുറിശ്ശിമംഗലത്തിന്റെ അടുത്ത കരയിലെത്തിയ പല്ലാവൂര്‍ അപ്പുമാരാരുമൊക്കെ താളത്തിന്റെ മഹാഗുരുഭൂതരായിരുന്നു. ഇടയ്ക്കയില്‍ പല്ലാവൂര്‍, കാലംമാത്രമല്ല വായിച്ചത്. സംഗീതംകൂടിയായിരുന്നു.

ഈ ഗ്രാമചത്വരങ്ങള്‍ക്കു ചുറ്റും കുമ്മാട്ടിയും കണ്യാരും ചെറുമക്കളികളും കാളവരുവുകളും കുതിരവേലയും കാളിയും ദാരികനും കരിങ്കാളിയും തിമിര്‍ത്തു കളിച്ചു.

ഈ ദേശത്തെത്തുമ്പോള്‍ ഗ്രാമത്തിന്റെ വിശുദ്ധി ഒരുങ്ങിയും ഒതുങ്ങിയും നില്‍ക്കുന്നത് കാണാം. അരികെ നിള, ചിത്രങ്ങള്‍ വരച്ചും മായ്ച്ചും ഒഴുകുന്നു.

താളം വേഷം പ്രകൃതി

നിശബ്ദതയുടെ താഴ്‌വാരങ്ങളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന കുന്തിപ്പുഴ, ഒപ്പം ചേരുന്ന തൂതയും തുപ്പനാടുപുഴയും ഈ തീരം താളത്തിന്റെയും കാല്‍പ്പനികകലയുടെയും പ്രകൃതിയുടെയും അഭേദകല്‍പ്പനയാണ്.

വെള്ളിനേഴി, കാറല്‍മണ്ണ, വാഴേങ്കട, ചെര്‍പ്പുളശ്ശേരി. കുറച്ചകലേക്ക് പോയാല്‍ കോങ്ങാടും ശ്രീകൃഷ്ണപുരവും മാങ്ങോടും ചെത്തല്ലൂരും, എല്ലാം കലയുടെ നാട്ടുവഴികള്‍.

ഒളപ്പമണ്ണ കളിയോഗം, കല്ലുവഴിച്ചിട്ടയുടെ ആരൂഢമായിരുന്നു. വെള്ളിനേഴി കലയ്ക്കു വേണ്ടി പ്രകൃതി നല്‍കിയ ഗ്രാമവും. ഏതു വഴിയും ചെന്നെത്തുന്നത് ഒരു ചെണ്ടയുടെ മുമ്പിലോ, വേഷക്കാരന്റെ പടിപ്പുരയിലോ ആയിരിക്കും.

അപ്പോള്‍ നാം ഒളപ്പമണ്ണ ഇല്ലത്തെ കളിയോഗത്തിനു മുന്നിലെത്തും. ആചാര്യന്‍ പട്ടിക്കാംതൊടി രാമുണ്ണി മേനോനും കോപ്പന്‍നായരും വെള്ളിനേഴി നാണുനായരുടെ ചോന്നാടിയും, കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ചെണ്ടയും, വെള്ളിനേഴി രാമന്‍കുട്ടിയുടെ പാട്ടും, കുഞ്ഞുകൃഷ്ണ പൊതുവാളും അച്ചുണ്ണി പൊതുവാളും, തേലക്കാട് മാധവന്‍ നമ്പൂതിരിയുമൊക്കെ സൃഷ്ടിയുടെ മനോജ്ഞ രഹസ്യങ്ങള്‍ തേടിയത് ഇവിടെയാണ്. 'കൊട്ടവേ കൃഷ്ണന്‍കുട്ടി, പാടവേ രാമന്‍കുട്ടി എന്ന് മഹാകവി ഒളപ്പമണ്ണ.''

ഇടവേളയ്ക്കു ശേഷം കളിവട്ടം വീണ്ടും ദീപ്തമായി. വാഴേങ്കടയില്‍ കുഞ്ചുനായര്‍, കാറല്‍മണ്ണയില്‍ തേക്കിന്‍കാട്ടില്‍ രാമുണ്ണിനായര്‍, ഒരു വിളിപ്പാടകലെ കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കീഴ്പ്പടം, ചമ്മന്നൂരില്‍ തരകന്‍മാര്‍, കോതാവില്‍ രാമനാശാരി...പിന്നാലെ കോട്ടയ്ക്കല്‍ ശിവരാമന്‍, പാട്ടിന്റെ മറുകര നീന്തി ഉണ്ണികൃഷ്ണക്കുറുപ്പ്..കരുമാനം കുറിശ്ശി വഴി നടക്കുമ്പോള്‍ കാഴ്ചകള്‍ കണ്ടും ചരിത്രത്തെ ഒപ്പം കൂട്ടിയും വന്നതിന്റെ അര്‍ഥമറിഞ്ഞു. കല്ലുവഴിച്ചിട്ടയുടെ കോപ്പുകള്‍ മുഴുവനും അവിടെ വിളങ്ങി നില്‍ക്കുന്നു. ഏറ്റവും ഒടുവില്‍ അവിടെ തെളിഞ്ഞു നിന്നത് കഥകളിയുടെ ഗുരുനാഥനാണ്... പത്മനാഭനാശാന്‍.

ഇന്നും വെള്ളിനേഴിയില്‍ എത്തുന്ന ഒരു യാത്രികന് , അമ്പതു കലാകാരന്‍മാരെ കണ്ടുമുട്ടാന്‍ പ്രയാസമുണ്ടാവില്ല. ഓരോ വീട്ടിലും പൂമുഖത്ത് ഒരു ഫോട്ടോ തൂങ്ങുന്നുണ്ടാവും. മക്കള്‍ അഭിമാനത്തോടെ പറയും. അതെന്റെ അച്ഛനാണ്, കഥകളി ആര്‍ട്ടിസ്റ്റാണ്, പാട്ടുകാരനാണ്...
ചെര്‍പ്പുളശ്ശേരിയും കോങ്ങാടും താളങ്ങളിലാണ് രമിച്ചത്. ചെര്‍പ്പുളശ്ശേരിയിലെത്തുമ്പോള്‍, അയ്യപ്പന്‍കാവിന്റെ വട്ടമായ കാവുംവട്ടം ഒരു കലാസംസ്‌കൃതിയുടെ ഭൂമികയായി മാറുന്നു.

തായമ്പകയിലും സോപാനസംഗീതത്തിലും ലളിത മധുര കോമള നാദത്തിന്റെ ഉടമയായ ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍, ചെര്‍പ്പുളശ്ശേരിക്കാരനാണ്. പിന്നീട് ചെര്‍പ്പുളശ്ശേരിയുടെ പേര് പുറം ലോകത്തെത്തിച്ചത് ചെര്‍പ്പുളശ്ശേരി ശിവന്‍.

ഈ ഗ്രാമങ്ങളുടെയൊക്കെ വിശുദ്ധി അതിന്റെ അമ്പലവട്ടങ്ങളാണ്. കല വളര്‍ന്നതും വിളഞ്ഞതുമൊക്കെ ഈ കാവുകളിലോ ക്ഷേത്രങ്ങളിലോ ആണ്. വള്ളുവനാട് ഉത്സവങ്ങള്‍ അതിന്റെ വാച്യ മണ്ഡപങ്ങളാണ്. മാങ്ങോടും ചെര്‍പ്പുളശ്ശേരിയും കാന്തളൂരും, പുത്തനാല്‍ക്കലും കാറല്‍മണ്ണയും വാഴേങ്കടയുമൊക്കെ ദേവിദേവന്‍മാരുടെ സാന്നിധ്യത്തിലാണ്, താളവും മേളവും വേഷവുമൊക്കെ പൂര്‍ണ്ണതയിലെത്തിച്ചത്്.
ചെതലിയുടെ താഴ്‌വാരങ്ങളിലേക്ക് ചെതലിയിലേക്ക് ... നെയ്ത്തറികളുടെ താളം, വാക്കുകളുടെ മഴ, മുഴങ്ങുന്ന ചെണ്ട...

ഇന്നു നാം അറിയുന്നു. ചെതലി സവിശേഷമായ ഗന്ധവും നാദവും നനവുമുള്ള മണ്ണ്. ചുട്ടവേനലില്‍, പാടങ്ങള്‍ വിണ്ടുകീറിക്കിടക്കും. കരിമ്പനകള്‍ കാറ്റില്‍ ശീല്‍ക്കാരമുയര്‍ത്തും. മലകളുടെ അടിവാരങ്ങളില്‍, ചെതലി മാരാന്‍മാരുടെ ചെണ്ട രൗദ്രതയോടെ മുഴങ്ങും.

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പിറന്നു കഴിഞ്ഞിട്ടും ഖസാക്ക് എന്ന തസ്രാക്കിന് യാതൊരു മാറ്റവുമില്ല. ആ ഇതിഹാസ നോവല്‍ കാല്‍നൂറ്റാണ്ടിന്റെ പിറവി ആഘോഷിച്ചു കഴിഞ്ഞു. വാക്കുകളെ സംഗീതത്തിലും ഇന്ദ്രിയങ്ങളിലും വിളക്കിയിണക്കിയ, മലയാളത്തിന്റെ കഥാകാരന്‍, ഒ. വി. വിജയന്‍, തിരിച്ചുനടന്നിട്ടും മാറ്റമില്ലാതെ തസ്രാക്ക് നിലനില്‍ക്കുന്നു.

ഭാഷ നിശ്ചലമല്ല. കല്‍പ്പിച്ചു കൊടുത്ത അര്‍ഥങ്ങളേയും സ്വഭാവങ്ങളേയും അതിജീവിച്ച് എഴുത്തുകാരന്‍ അര്‍ഥത്തിന്റെ ഒരതീതതലം സമ്മാനിക്കുന്നു. ഓട്ടുപുലക്കല്‍ വേലുവിന്റെ മകന്‍ വിജയന്‍ ഭാഷയെ മനോധര്‍മ്മ പ്രധാനമായ രാഗാലാപനം പോലെയാക്കുന്നു.

നെയ്ത്തുതറികളുടെ സംഗീതം കേള്‍ക്കുന്ന കൊടുമ്പില്‍ നിന്ന് (തറികളുടെ സംഗീതമോ? അത് നിസ്സഹായനായ മനുഷന്റെ ഹൃദയമിടിപ്പല്ലേ? ) തിരുവാലത്തൂരും കടന്ന് തസ്രാക്കിലെത്തുമ്പോള്‍ കരിമ്പനകളില്‍ കാറ്റു പിടിക്കുന്നത് കാണാം. അപ്പോള്‍ കരിമ്പനകളുടെ ശീല്‍ക്കാരം കേള്‍ക്കാം. പച്ചപ്പാടങ്ങളുടെ നെടുവരമ്പുകളിലേക്ക് നീങ്ങുന്ന വഴികള്‍ ചെതലിയുടെ നനവൂറുന്ന ശിഖരങ്ങളിലേക്ക് കയറി പോകുന്ന നാട്ടുപാതകള്‍. അവിടെ ജീവിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ മൊല്ലാക്കയോ നൈജാമലിയോ മൈമുനയോ ചാന്തുമ്മയോ മാധവന്‍നായരോ ആണെന്നു നിനയ്ക്കും.

ചെതലിയിലെയും തിരുവാലത്തൂരിലെയും കൊടുമ്പിലേയും നെയ്ത്തിന്റെ ആവേഗവും ഖ്യാതിയും ആരുമറിയാതെ പോയി, ചിതലിയിലെ ഖാദിപ്പട്ടിനും പുതിയ കാലത്ത്് വാണിജ്യമുദ്ര പതിപ്പിക്കാനായിട്ടില്ല.

ചെതലിയുടെ ഖ്യാതി ചെണ്ടയിലായിരുന്നു. ചെതലിയിലെ ചെണ്ടകള്‍ പാലക്കാടന്‍ ശൈലിയുടെ സംഗീതം നിറഞ്ഞ താളത്തെ അനുഭവിപ്പിച്ചു. ഇന്നും വാദ്യപ്രണയികള്‍ ആ ചെണ്ടയുടെ ശ്രുതിശുദ്ധമായ നാദം ഓര്‍മ്മിപ്പിക്കുന്നു. ചെതലി മാരാന്‍മാരുടെ ചെണ്ടകള്‍ ഒരു സംഗീതോപകരണമായിരുന്നു.

പാലക്കാടന്‍ ചെണ്ടയുടെ നാദവും കിഴക്കന്‍ചിട്ടയും വളര്‍ന്നുവന്നു. പല്ലശ്ശനയില്‍ പത്മനാഭമാരാര്‍, കല്ലേക്കുളങ്ങരയില്‍ അച്യുതമാരാര്‍, ചെതലിയില്‍ രാമമാരാര്‍, പിന്നെ ഒരേയൊരു ചന്ദ്രമന്നാടിയാര്‍.

കാശിയില്‍പാതി

കാശിയില്‍ പാതി പുണ്യമാണത്രെ കല്‍പ്പാത്തി. കല്ലുപതിച്ച പാതയെന്നും മറ്റൊരു കഥ.

പഴമയുടെ ചിത്രമന്വേഷിച്ചെത്തുന്ന സഞ്ചാരിക്ക്, ചിലതെങ്കിലും കിട്ടാതിരിക്കില്ല.

ഓരോ വീടുകളും പരസ്പരം ബന്ധിച്ച് കൊരുത്തെടുത്ത അഗ്രഹാരങ്ങള്‍, മായാവാരത്തു നിന്ന ശില്‍പ്പികള്‍ പണിതുയര്‍ത്തിയവയാരിക്കും. തെരുവുകളിലൂടെ നടക്കുമ്പോള്‍, നിങ്ങള്‍ തിരുവാരൂരോ മായാവാരത്തോ നടക്കുകയാണെന്ന് തോന്നും.

പക്ഷെ, കല്‍പ്പാത്തിയില്‍ ഒഴുക്കുനിലച്ചതുപോലെ, ജീവിതവും നിലവിട്ടുപോയി. ചിറ്റൂരിലേയും, കൊടുവായൂരിലേയും തത്തമംഗലത്തേയും അഗ്രഹാരങ്ങള്‍ ഇല്ലാതായി. മലമ്പുഴയില്‍ അണക്കെട്ട് ഉയര്‍ന്നപ്പോള്‍ മുക്കൈ ഗ്രാമം തന്നെ ജലസമാധിയിലായി.

മായാവാരത്തു നിന്നു വന്നവരായിരുന്നു തമിഴ് ബ്രാഹ്മണരുടെ ആദ്യ സംഘം. പാണ്ഡ്യരാജാവ് മാരവര്‍മ്മന്‍ മരിച്ചപ്പോഴാണ്. മുസഌം ഭരണാധികാരികളുടെ ക്രോധം ഭയന്ന് ദിണ്ഡിഗലിലെ ബ്രാഹ്മണര്‍ കല്‍പ്പാത്തിയുടെ തീരമണഞ്ഞത്. തളിക്കോട്ട യുദ്ധത്തില്‍ വിജയനഗരം സാനമ്രാജ്യം വീണപ്പോള്‍ മറ്റൊരു സംഘം പാലക്കാട്ടെത്തി.

ആദ്യത്തെ ഗ്രാമം ശേഖരിപുരമായിരുന്നു. ക്രമേണ കല്‍പ്പാത്തിയിലും ചാത്തപുരത്തും ഗ്രാമങ്ങള്‍ പിറന്നു. കൊല്ലങ്കോട്ടെ ശങ്കരശാസ്ത്രികള്‍ ഭജനപദ്ധതി കൊണ്ടു വന്നു. എലപ്പുള്ളി പ്രണതാര്‍ഥിഹാര സുബ്രഹ്മണ്യ ശാസ്ത്രികള്‍ ശങ്കരസ്മൃതികള്‍ വിവര്‍ത്തനം ചെയ്തു. സുബ്ബു അയ്യരും സേനാനികളും തിരുവിതാംകൂറിനു വേണ്ടി ബ്രിട്ടീഷുകാരോട് പടപൊരുതാനിറങ്ങി.

ചാത്തപുരത്ത് വേദമന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു. ഇപ്പോള്‍ പഴയ വേദപാഠശാല രാമനാഥപുരത്തേക്ക് മാറി. കാലം മാറിയപ്പോള്‍ മണ്ടക്കര കൃഷ്ണയ്യരുടെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ടൈപ്പ് റൈറ്റിങും ഷോട്ട്ഹാന്റും പഠിച്ചവര്‍ മുംബൈയിലേക്ക് പോയി. എല്ലാത്തിനും സാക്ഷി വിശാലാക്ഷി സമേതനായ വിശ്വനാഥന്‍. മുംബൈയിലെ ഏത് ഓഫീസിലും ഒരു കല്‍പ്പാത്തിക്കാരനുണ്ടാവും.

ശാസ്ത്രപുരം എന്ന ചാത്തപുരത്തെ കാരിക്കര്‍ കുടുംബത്തിന്റെ പഴമയുള്ള വീട് ആരേയും ആകര്‍ഷിക്കും. അതിന്റെ തൂണുകള്‍, ഒരു കാലത്തിന്റെ അടയാളമാണ്. ചാത്തപുരം ജംഗ്ഷന്‍ ഒന്ന് വേഷം മാറി. പുതിയൊരു ഫ്ലാറ്റ്, പച്ചക്കറി മാര്‍ക്കറ്റിനു പകരം ഹോമിയോ ആസ്പത്രി.

പൂഷ്ണിക്കാ തെരുവ്, കല്‍ച്ചട്ടിത്തെരുവ്, പന്ത്രണ്ടാം തെരുവ്, പുതിയ കല്‍പ്പാത്തിയിലെ നീളം കുടിയ തെരുവ്, ഓരോന്നും വ്യത്യസ്തതയുള്ള കഥകള്‍ പറയും. കല്‍പ്പാത്തി രഥോത്സവത്തിന്റെ മൂന്നാംപക്കം, കച്ചേരി കാണും. എം.എസ്. സുബ്ബലക്ഷ്മിയും വസന്തകുമാരിയും ചൗഡയ്യയും ചെമ്പൈയും പാടി ആനന്ദിപ്പിക്കും. മൃദംഗത്തില്‍ മണി അയ്യര്‍ എന്ന ചക്രവര്‍ത്തി ഉണ്ടാകും.

സംഗീതവും ജ്ഞാനവുമായിരുന്നു കല്‍പ്പാത്തിയുടെ അടയാളങ്ങള്‍. അഗ്രഹാരങ്ങള്‍ക്കു മുമ്പില്‍ അരിപ്പൊടിക്കോലങ്ങള്‍ തെളിഞ്ഞു കിടന്നു. അകത്ത് കര്‍ണ്ണാടക സംഗീതം, അനന്തമായൊഴുകി. സയന്‍സ്, അവിടെ ജനിച്ചതു പോലെ തോന്നും,

വേനലില്‍ പുഴയുടെ തീരത്ത് മണല്‍ വിരിച്ച്് പ്രൊഫ. പി.ജി.സുബ്രഹ്മണ്യയ്യര്‍ കുട്ടികളെ കാത്തിരിക്കും. നൂറുനൂറു സംശയങ്ങളുമായി പുതുതലമുറ അവിടെയെത്തും.

കല്‍പ്പാത്തിയും 96 ഗ്രാമങ്ങളും ചൂഴ്ന്നു നിന്ന് സംഗീതം, എം.ഡി.രാമനാഥനിലൂടെ വളര്‍ന്നു. പൂഷ്ണിക്കാതെരുവില്‍ നേരം മൂന്നരയാകുമ്പോള്‍ എം.ഡി.ആര്‍ സാധകം തുടങ്ങും. ഒരു ലെജന്റിന്റെ ആത്മസമര്‍പ്പണം. കല്‍പ്പാത്തിയില്‍ മുണ്ടായ രാമഭഗവതര്‍ സന്ധ്യാവന്ദനത്തിനെത്തും. കാവശ്ശേരി വെങ്കിച്ചന്‍ ഭാഗവതര്‍, മുക്കൈ ഗണപതി ഭാഗവതര്‍, മുക്കൈ ശിവരാമഭാഗവതര്‍, നൂറണി വെങ്കിട്ടരാമ ഭാഗവതര്‍, എണ്ണപ്പാടം വെങ്കിട്ടരാമ ഭാഗവതര്‍, ഞാണ്ടുകുളം അനന്തരാമ ഭാഗവതര്‍, കല്‍പ്പാത്തി കൃഷ്ണയ്യര്‍, മഞ്ഞപ്ര കല്യാണകൃഷ്ണ ഭാഗവതര്‍, സുബ്ബു അയ്യര്‍ പാലക്കാട് രഘു.. എം.ഡി ആറും മണിഅയ്യരും കെ.വി. നാരായണ സ്വാമിയും സാക്ഷാല്‍ ചെമ്പൈയും അനശ്വരമാക്കിയ പാലക്കാടിന്റെ സംഗീതം, നിളയെപോലെ പ്രവഹിച്ചു.

കല്‍പ്പാത്തിയുടെ രഥങ്ങള്‍ ഉരുളുന്ന റോഡിലൂടെ നടക്കുമ്പോള്‍, ബെര്‍മുഡ ധരിച്ച കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നു. മുംബൈയില്‍ നിന്നു വന്ന പ്രവാസികളാവും. ഓല മേഞ്ഞ പന്തലില്‍ ഒരു രഥം കിടക്കുന്നു. പതുക്കെ വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന പടവുകളിറങ്ങി നിന്നപ്പോള്‍ നിള നിലവിളിക്കുന്നതു പോലെ തോന്നി.


Text: M P Surendran, Photos: N M Pradeep, P Jayesh

No comments: