മുലപ്പാലിന്‍റെ മഹത്വത്തെക്കുറിച്ച് ഏറെ പറയാറുണ്ടെങ്കിലും ചിലപ്പോഴെങ്കിലും നമ്മുടെ അമ്മമാര്‍ അതൊക്കെ മറന്നുപോകുന്നതായി തോന്നുന്നു. മുലപ്പാലിന്‍റെ ഗുണഗണങ്ങളെക്കുറിച്ചുള്ള അവബോധത്തോടൊപ്പം തന്നെ പ്രധാനമാണ് എങ്ങനെ മുലയൂട്ടണമെന്നതും. നവജാതശിശുക്കളുള്ള അമ്മമാര്‍ക്കും ഉടനടി അമ്മയാകാന്‍ പോകുന്നവര്‍ക്കുമായി മുലയൂട്ടലുമായി ബന്ധപ്പെട്ട ചില നുറുങ്ങുകള്‍ ഇതാ:
എപ്പോള്‍ തുടങ്ങണം?
സുഖപ്രസവമാണെങ്കില്‍ ഒരു മണിക്കൂറിനുള്ളിലും സിസേറിയനാണെങ്കില്‍ മയക്കം തെളിഞ്ഞതിനുശേഷം കഴിയുന്നതും ആദ്യത്തെ രണ്ടു മുതല്‍ അങ്ങേയറ്റം നാലു മണിക്കൂറിനുള്ളിലും മുലയൂട്ടല്‍ തുടങ്ങണം. മുല ചപ്പിക്കുടിക്കുവാനുള്ള കുഞ്ഞിന്‍റെ കഴിവ് ഏറ്റവും ശക്തമായിരിക്കുന്നത് പ്രസവശേഷമുള്ള ആദ്യമണിക്കൂറിലാണെന്നോര്‍ക്കുക.
എപ്പോഴെല്ലാം മുലയൂട്ടണം?
ഇത്ര മണിക്കൂര്‍ ഇടവിട്ട് എന്നു പറയാന്‍ പറ്റില്ല. കുഞ്ഞിന് ആവശ്യമുള്ളപ്പോഴൊക്കെ കൊടുക്കുക. Demand feeding എന്നതാണ് ഏറ്റവും അനുയോജ്യം. ആരോഗ്യമുള്ള കുഞ്ഞ് ഒരു പ്രാവശ്യം വയറുനിറയെ പാല്‍ കുടിച്ചാല്‍ രണ്ടു മൂന്നു മണിക്കൂര്‍ സുഖമായി ഉറങ്ങും. വീണ്ടും വിശന്നുകരയുമ്പോള്‍ പാല്‍ കൊടുത്തു തുടങ്ങാം.
കുഞ്ഞിനെ എങ്ങനെ പിടിക്കണം?
പല അമ്മമാരും മുലയൂട്ടുന്നതു വിവിധങ്ങളായ രീതിയില്‍ പിടിച്ചിട്ടാണെങ്കിലും പ്രധാനമായും നാലുതരത്തിലുള്ള രീതികളാണുള്ളത്.
ക്രേഡില്‍ ഹോള്‍ഡ്(Cradle hold) : ഇവിടെ കുഞ്ഞിന്‍റെ തല, ഏതു ഭാഗത്തെ മുലയാണോ കൊടുക്കുന്നത് ആ ഭാഗത്തെ കൈമുട്ടിന്‍റെ മടക്കിനുള്ളില്‍ വരത്തക്കവണ്ണമാണ് അമ്മ പിടിക്കേണ്ടത്. കൂടാതെ കൈകൊണ്ടു കുഞ്ഞിന്‍റെ പുറം താങ്ങുകയും വേണം. ആവശ്യത്തിന് ഉയരം കിട്ടാന്‍ മടിയില്‍ ഒരു തലയിണ വച്ചതിനുശേഷം വേണം ഇതു ചെയ്യാന്‍. മറുകൈ കൊണ്ടു മുല പിടിച്ചു കുഞ്ഞിന്‍റെ വായില്‍ വച്ചുകൊടുക്കുകയും വേണം. ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒരു പൊസിഷന്‍ ആണിത്.
ക്രോസ് ക്രേഡില്‍ ഹോള്‍ഡ് (Cross Cradle hold) : ഇത് ഏകദേശം ക്രേഡില്‍ ഹോള്‍ഡ് പൊസിഷന്‍ പോലെത്തന്നെയാണെങ്കിലും കുഞ്ഞു കുടിക്കുന്ന മുലയുടെ നേരെ വിപരീത ദിശയിലുള്ള കൈകൊണ്ടാണു കുഞ്ഞിനെ പിടിക്കുന്നത്. മടിയില്‍ തലയിണ വച്ചശേഷം കൈപ്പത്തികൊണ്ടു കുഞ്ഞിനെ തലയും കൈകൊണ്ടു പുറവും താങ്ങണം. ഇങ്ങനെ തല താങ്ങിപ്പിടിക്കുമ്പോള്‍ തള്ളവിരല്‍ കുഞ്ഞിന്‍റെ മുകളില്‍ വരുന്ന ചെവിക്കു പിറകിലും മറ്റു വിരലുകള്‍ അടിയില്‍ വരുന്ന ചെവിക്കു പിറകിലും വരുന്ന രീതിയിലും വേണം പിടിക്കാന്‍. മറ്റേ കൈകൊണ്ടു മുല പിടിച്ചു കുഞ്ഞിന്‍റെ വായില്‍ വച്ചു കൊടുക്കാം.
Football hold |
വശങ്ങളിലേക്ക് ചരിഞ്ഞുകിടക്കുന്ന പൊസിഷന്‍(Lying down/Sidelying position) : വലതുവശത്തേക്കു ചരിഞ്ഞു കിടക്കുമ്പോള്‍ ഇടതുകൈ കൊണ്ടും ഇടതുവശത്തേക്കു ചരിഞ്ഞുകിടക്കുമ്പോള്‍ വലതുകൈകൊണ്ടും മുല പിടിച്ചു കുഞ്ഞിന്‍റെ വായില്‍ വച്ചുകൊടുക്കുന്ന പൊസിഷന്‍ ആണിത്. ഏതു ഭാഗത്തേക്കാണോ ചരിഞ്ഞു കിടക്കുന്നത് ആ ഭാഗത്തെ കൈ തലയ്ക്കു പിറകില്‍ വരത്തക്കവണ്ണം വേണം അമ്മ കിടക്കാന്‍. ചില അമ്മമാര്‍ക്ക് തുടകള്‍ക്കിടയില്‍ ഒരു ചെറിയ തലയിണ വയ്ക്കുന്നതു സൗകര്യപ്രദമായി തോന്നാം. സിസേറിയന്‍ കഴിഞ്ഞവരാണെങ്കില്‍ വയറിനു മുകളില്‍ ഒരു ചെറിയ തലയിണ വയ്ക്കുന്നത് കുഞ്ഞിക്കാലു കൊണ്ടുള്ള ചവിട്ടു തടയാന്‍ സഹായിക്കും.
മേല്‍പ്പറഞ്ഞവയ്ക്കു പുറമെ സാഡില്‍ സിറ്റിങ്ങ് (Saddle Sitting) പൊസിഷന്‍ എന്നൊരു രീതികൂടി ചിലര്‍ അവലംബിക്കാറുണ്ട്. ഒരു സൈക്കിള്‍ സീറ്റിലോ കുതിരപ്പുറത്തെ സീറ്റിലോ ഇരിക്കുന്നതുപോലെ അമ്മയുടെ മടിയില്‍ കുത്തനെ ഇരുന്നുകൊണ്ട് മുലകുടിക്കുന്ന പൊസിഷനാണിത്. കഴുത്ത് ഉറക്കാത്തതുകൊണ്ടു നവജാതശിശുക്കള്‍ക്കും മൂന്നു മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ഈ രീതി അഭികാമ്യമല്ല.
ഫലപ്രദമായ മുലയൂട്ടല്‍ എങ്ങനെ?
∙ ഓരോ ഒന്നര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവിട്ട് കുഞ്ഞുണര്‍ന്ന് മുല കുടിക്കും. (ദിവസത്തില്‍ 8 മുതല്‍ 12 തവണ വരെ).
∙ ആദ്യത്തെ ഒന്നുരണ്ടു ദിവസം പച്ച കലര്‍ന്ന കറുപ്പുനിറത്തില്‍ മലശോധന ഉണ്ടായിരിക്കും. അതിനുശേഷം തവിട്ടു കലര്‍ന്ന മഞ്ഞ നിറത്തോടും പിന്നീട് മഞ്ഞനിറത്തോടും കൂടിയ മലശോധന.
∙ ജനിച്ചു മൂന്നാം ദിവസം മുതല്‍ ദിവസേന മൂന്നു മുതല്‍ ആറു തവണ വരെയെങ്കിലും മലശോധന.
∙ ദിവസേന ആറു മുതല്‍ എട്ടു തവണ വരെയെങ്കിലും മൂത്രം പോകും. (ഡയപ്പര്‍ ഉപയോഗിക്കുകയാണെങ്കില്‍ 6—8 തവണ നന്നായി കുതിര്‍ന്ന ഡയപ്പര്‍ മാറ്റണമെന്നര്‍ഥം)
∙ ജനിച്ചപ്പോഴുള്ള ഭാരത്തിന്‍റെ 10% വരെ ഭാരം ആദ്യത്തെ ഒരാഴ്ച കുറയാമെങ്കിലും ജനിച്ചു അഞ്ചാറു ദിവസം കഴിയുമ്പോള്‍ മുതല്‍ ശരീരഭാരം ക്രമേണ കൂടാന്‍ തുടങ്ങും. (ദിവസേന 15 മുതല്‍ 30 ഗ്രാം വരെയും ആഴ്ചയില്‍ 110 മുതല്‍ 220 ഗ്രാം വരെയും ഭാരം വര്‍ധിക്കും.)
∙ ശ്രദ്ധിച്ചുനോക്കിയാല്‍ കുഞ്ഞിന്‍റെ താടിയിലെ സന്ധി പാലുകുടിക്കുന്നതിനനുസരിച്ച് ഇളകുന്നതു കാണാം. മുല വലിച്ചുകുടിക്കുന്ന ശബ്ദവും കേള്‍ക്കാന്‍ സാധിക്കും. ഒരു അഞ്ചാറുതവണ പെട്ടെന്നു വലിച്ചുകുടിച്ച് പാല്‍ വായില്‍ നിറച്ചശേഷം ഒരുമിച്ച് ഇറക്കുന്നതാണ് കുഞ്ഞുങ്ങളുടെ രീതി.
ആദ്യ ദിവസങ്ങളിലെ പാല്‍
പ്രസവാനന്തരം ആദ്യത്തെ മൂന്നു ദിവസത്തെ പാല്‍ കട്ടികൂടിയതും മഞ്ഞനിറത്തോടുകൂടിയതുമായിരിക്കും. ഇതിനെ കൊളസ്ട്രം എന്നു പറയുന്നു. രോഗപ്രതിരോധശക്തി നല്‍കുന്ന ആന്‍റിബോഡികള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ A, D, E, K എന്നിവയെല്ലാം കൂടിയ അളവില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ആദ്യത്തെ കുറെ ആഴ്ചകളില്‍ കുഞ്ഞിനെ ശ്വാസകോശ സംബന്ധമായ അണുബാധയില്‍ നിന്നും വയറിളക്കത്തില്‍ നിന്നും രക്ഷിക്കാന്‍ ഇതിനു കഴിയും. അതിനാല്‍ ഈ പാല്‍ പിഴിഞ്ഞുകളയുകയോ കുഞ്ഞിനു കൊടുക്കാതിരിക്കുകയോ ചെയ്യരുത്.
മുലപ്പാല്‍ കുറയാന്‍ കാരണങ്ങള്‍
അമ്മയുടെ പോഷണക്കുറവാണ് പാല്‍ കുറയാന്‍ പ്രധാന കാരണം. അമ്മയ്ക്കുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങള്‍, കുഞ്ഞുമായി മാനസികമായ അടുപ്പം ഇല്ലാതിരിക്കല്‍ (ഉദാ: ആവശ്യമില്ലാത്തതും അപ്രതീക്ഷിതവുമായ ഗര്‍ഭധാരണങ്ങളില്‍), പ്രസവാനന്തരമുള്ള മാനസികാസ്വാസ്ഥ്യങ്ങള്‍, മുല കൊടുക്കുന്ന രീതി ശരിയാകാതെ വരുമ്പോള്‍ പാല്‍ ചുരത്താന്‍ ബുദ്ധിമുട്ടുണ്ടാവുക എന്നീ സന്ദര്‍ഭങ്ങളിലും കുഞ്ഞിനു വേണ്ടത്ര പാല്‍ കിട്ടാതെ വരാം.
ചിലതരം മരുന്നുകള്‍ (ഗര്‍ഭനിരോധന ഗുളികകള്‍, മെതര്‍ജിന്‍, എര്‍ഗോമെട്രിന്‍ മുതലായവ. മുലയിലെ വിണ്ടുകീറലുകള്‍, പഴുപ്പ്, പതിഞ്ഞ മുലഞ്ഞെട്ട്, ഉള്‍വലിഞ്ഞ മുലഞെട്ട് എന്നിവയും മുലയൂട്ടല്‍ തടസ്സപ്പെടുത്താം. ഇത്തരം സാഹചര്യങ്ങളില്‍ മൂലകാരണം കണ്ടെത്തി ചികിത്സ വേണ്ടവയാണെങ്കില്‍ അതു ചെയ്യുക. മുല ഞെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചു മുലപ്പാല്‍ ഊറ്റിയെടുത്ത് കൊടുക്കാം.
പ്രത്യേകം ശ്രദ്ധിക്കാന്‍
∙ കിടന്നുകൊണ്ടു മുല കൊടുക്കുമ്പോള്‍ അമ്മ ഉറങ്ങിപ്പോകരുത്.
∙ പാല്‍ മൂക്കിലും ശ്വാസകോശത്തിലും കയറാതെ സൂക്ഷിക്കുക. അങ്ങനെ വന്നാല്‍ ആസ്പിരേഷന്‍ ന്യൂമോണിയ പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകാം.
∙ പാല്‍ ശ്വാസനാളത്തില്‍ കയറിയാല്‍ കമിഴ്ത്തിപ്പിടിച്ചു പുറത്തു തട്ടണം. ഗുരുതരമായാല്‍ വൈദ്യസഹായം തേടണം.
മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കാന്‍
∙ കുഞ്ഞു മുലക്കണ്ണില്‍ കഷ്ടപ്പെട്ട് എത്തിപ്പിടിക്കുന്ന രീതിയില്‍ കുഞ്ഞിനെ പിടിക്കരുത്. കുഞ്ഞിനു സൗകര്യപ്രദമായ അകലത്തില്‍ പിടിക്കണം.
∙ കുഞ്ഞിന്‍റെ മൂക്ക് മൂലയില്‍ അമര്‍ന്ന് ശ്വാസോച്ഛ്വാസം തടസപ്പെടരുത്. (വലിയ സ്തനങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.)
∙ മുലക്കണ്ണില്‍ മാത്രമായി കടിച്ചുതൂങ്ങാന്‍ കുഞ്ഞിനെ അനുവദിക്കരുത്. അതു മുലക്കണ്ണിനു ക്ഷതവും വിള്ളലും ഉണ്ടാക്കും. മറിച്ചു മുലക്കണ്ണിനു ചുറ്റുമുള്ള കറുത്ത വൃത്തം കൂടി കുഞ്ഞിന്‍റെ വായ്ക്കുള്ളിലാണെന്ന് ഉറപ്പുവരുത്തണം.
∙ ഓരോ തവണയും കുഞ്ഞു രണ്ടു മുലയും കുടിച്ചുതീര്‍ക്കുന്നുവെന്ന് ഉറപ്പാക്കണം.
∙ ഓരോ തവണ മുലയൂട്ടുമ്പോഴും തുടക്കം ഒരേ മുലയില്‍ നിന്നാവാതെ മുലകള്‍ മാറ്റിമാറ്റി കൊടുക്കുക.
∙ മുലയൂട്ടലിനെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ മുലപ്പാലിന്‍റെ അളവു കുറയ്ക്കും.
∙ മുലക്കണ്ണ് കുഞ്ഞിന്‍റെ കരച്ചില്‍ മാറ്റാനുള്ള ഉപകരണമായി ഉപയോഗിക്കാതിരിക്കുക.
∙ മുല കൊടുക്കും മുമ്പ് മുല നന്നായി കഴുകാനും മുലയൂട്ടല്‍ കഴിഞ്ഞാല്‍ കുഞ്ഞിനെ തോളത്തിട്ടു തട്ടി ഗ്യാസ് (ഏമ്പക്കം) പുറത്തേക്കു വിടുവിക്കാനും ശ്രദ്ധിക്കുക.
ബ്രസ്റ്റ് പമ്പ് ഉപയോഗിക്കുമ്പോള്‍
ശരിയായ രീതിയില്‍ മുല വലിച്ചു കുടിക്കാന്‍ ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങള്‍ക്കുവേണ്ടി മുലപ്പാല്‍ കറന്നെടുക്കാനുള്ള ലളിതമായ ഒരു ഉപകരണമാണ് ബ്രസ്റ്റ് പമ്പ്. ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചോ അല്ലാതെയോ കറന്നെടുക്കുന്ന പാലിനെ എക്സ്പ്രസ്ഡ് ബ്രസ്റ്റ് മില്‍ക്ക് എന്നു പറയുന്നു. പ്രത്യേകതരം പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച, മുലയില്‍ ഘടിപ്പിക്കുന്ന ഒരു ഭാഗവും ഒരു റബ്വര്‍ നിര്‍മിതമായ സക്കറും ചേര്‍ന്നതാണ് ഈ ഉപകരണം. ബ്രസ്റ്റ് പമ്പിനു പകരമായി 20 മി. ലീ. പ്ലാസ്റ്റിക് സിറിഞ്ചിന്‍റെ അറ്റം വൃത്താകൃതിയില്‍ വൃത്തിയായി മുറിച്ചുമാറ്റിയും ഉപയോഗിക്കാവുന്നതാണ്. കറന്നെടുത്ത പാല്‍ അന്തരീക്ഷത്തിലെ താപനിലയില്‍ ആറു മണിക്കൂര്‍ വരെ കേടുകൂടാതിരിക്കും.
റഫ്രിജറേറ്ററില്‍ വച്ചാല്‍ 24 മണിക്കൂര്‍ വരെ കേടുകൂടാതെ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ വച്ച മുലപ്പാല്‍ പുറത്തെടുത്താല്‍ ചൂടാക്കരുത്. പകരം സാധാരണ ഊഷ്മാവിലുള്ള പച്ചവെള്ളത്തില്‍ ഇറക്കിവച്ചു തണുപ്പു മാറ്റിയെടുക്കാം. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് കറന്നെടുത്ത പാല്‍ മുലക്കുപ്പിയിലാക്കി കൊടുക്കരുത്. ചെറിയ കപ്പും സ്പൂണും ഉപയോഗിച്ചോ പഴയ കാലത്തെ ഗോകര്‍ണം ഉപയോഗിച്ചോ കൊടുക്കാം. ഇനി അഥവാ പാല്‍ തീരെ ഇല്ലാത്തവര്‍ക്ക് കൃത്രിമ പോഷണങ്ങളെ ആശ്രയിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ പാല്‍പ്പൊടി ടിന്നില്‍ പറയുന്ന അതേ ഫോര്‍മുലയില്‍ വേണം പാല്‍ തയ്യാറാക്കാന്‍. അല്ലെങ്കില്‍ വേണ്ടത്ര പോഷണങ്ങള്‍ കിട്ടുകയില്ല. ഈ പാലും കൊടുക്കാനായി മുലക്കുപ്പിയെ ആശ്രയിക്കരുത്. ഫോര്‍മുല ഫീഡിനെക്കാള്‍ അപകടമാണു മുലക്കുപ്പിയുടെ ഉപയോഗം.
പ്രഫ. സുനില്‍ മൂത്തേടത്ത് പ്രഫസര്‍ ഓഫ് നഴ്സിങ്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി