Tuesday, October 10, 2017

ക്രെഡിറ്റ് കാര്‍ഡ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍


വാര്‍ഷിക ഫീസ് (Annual Fees)
ക്രെഡിറ്റ് കാര്‍ഡ് സൗകര്യം നല്‍കുന്നതിന് ബാങ്കുകള്‍ പ്രതിവര്‍ഷം ഈടാക്കുന്ന തുകയാണിത്. പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മിക്ക ബാങ്കുകളും ആദ്യത്തെ വര്‍ഷം ഈ ഫീസ് ഒഴിവാക്കും. പക്ഷേ, കാര്‍ഡ് നല്ലതുപോലെ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഈ ഫീസ് കുറച്ചു തരണമെന്ന് ബാങ്കിനോട് ആവശ്യപ്പെടാന്‍ സാധിക്കും.

വാര്‍ഷിക പലിശ നിരക്ക്(Annual Percentage Rate-APR)
എല്ലാ മാസവും കൃത്യമായി ബില്ലടയ്ക്കുന്ന ഒരാള്‍ക്ക് ഈ എപിആറിനെ കുറിച്ച് പേടിക്കേണ്ട. അതേ സമയം ബില്ലടയ്ക്കാന്‍ നേരം വൈകുകയും ക്രെഡിറ്റ് കാര്‍ഡ് ലോണിലൂടെ എടുത്ത തിരിച്ചടവുകള്‍ വൈകുകയും ചെയ്തവരാണെങ്കില്‍ പേടിക്കണം. അതെല്ലാം കൂടി കൂട്ടി ഒരു ചാര്‍ജ് നിങ്ങളെ തേടി വരും.

ബില്ലിങ് സൈക്കിള്‍
ബില്‍ എന്നാണോ തയ്യാറാക്കുന്നത് ആ ദിവസമാണ് ബില്ലിങ് ഡേറ്റായി പരിഗണിക്കുക. ഈ ബില്‍ അടയ്‌ക്കേണ്ട അവസാന തിയ്യതിയായിരിക്കും ഡ്യൂ ഡേറ്റ്. ഒരു ബില്ലിങ് ഡേറ്റ് മുതല്‍ അടുത്ത ബില്ലിങ് ഡേറ്റ് വരെയുള്ള കാലയളവാണ് ബില്ലിങ് സൈക്കിള്‍. കാര്‍ഡ് തരുമ്പോള്‍ ഇവയെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ടാകും.

ബാലന്‍സ് ട്രാന്‍സ്ഫര്‍
ഒരു കമ്പനിയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും മറ്റൊരു കമ്പനിയുടെ കാര്‍ഡിലേക്ക് ബാധ്യതകള്‍ മാറ്റുന്നതിനെയാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്നു പറയുന്നത്. എപിആര്‍ ചാര്‍ജുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഇതു സഹായിക്കും. എപിആര്‍ ചാര്‍ജുകള്‍ കൂടിയ കമ്പനികളില്‍ നിന്നും കുറഞ്ഞ കമ്പനികളിലേക്ക് മാറുന്നതിനുവേണ്ടി ആളുകള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്.

ക്രെഡിറ്റ് ലിമിറ്റ്
ക്രെഡിറ്റ് കാര്‍ഡില്‍ ഉപയോഗിക്കാവുന്നതിന്റെ പരമാവധി പരിധിയാണ് ക്രെഡിറ്റ് ലിമിറ്റ്. കൂടുതല്‍ ക്രെഡിറ്റ് ലിമിറ്റുള്ളത് നിങ്ങളുടെ തിരിച്ചടയ്ക്കാനുള്ള കഴിവിനെ കുറിച്ചുള്ള സൂചന കൂടിയാണ്.

കാഷ് ലിമിറ്റ്
ക്രെഡിറ്റ് ലിമിറ്റും ക്യാഷ് ലിമിറ്റും രണ്ടാണ്. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണമായി നിങ്ങള്‍ക്കു പിന്‍വലിക്കാവുന്നതിന്റെ പരിധിയാണ് ക്യാഷ് ലിമിറ്റ്. ശ്രദ്ധിക്കുക, ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം പിന്‍വലിക്കുന്നത് തീര്‍ത്തും ബുദ്ധിപരമല്ല. ഈ സേവനത്തിന് വന്‍ പലിശയാണ് ബാങ്കുകള്‍ ഈടാക്കുന്നത്.

ലേറ്റ് ഫീ
കൃത്യം തിയ്യതിക്കു തന്നെ പണം അടച്ചില്ലെങ്കില്‍ ലേറ്റ് പെയ്‌മെന്റ് ഫീസ് നല്‍കാന്‍ കാര്‍ഡ് ഉടമകള്‍ ബാധ്യസ്ഥരാണ്.

ക്യാഷ് ബാക്
കൃത്യമായി ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാഷ് ബാക് പോളിസികള്‍ ചില സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. ഒരു നിശ്ചിത തുക ബാങ്ക് സമ്മാനമായി നില്‍കും.

സിബില്‍ സ്‌കോര്‍
പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ടി വരും. അതുകൊണ്ടു തന്നെ മികച്ച ക്രെഡിറ്റ് സ്‌കോര്‍(സിബില്‍) നിലനിര്‍ത്താന്‍ പെയ്‌മെന്റുകള്‍ കൃത്യസമയത്ത് നടത്തണം. ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉപയോഗിക്കാത്തവ ക്യാന്‍സല്‍ ചെയ്യുന്നതാണ് നല്ലത്. അതേ സമയം പണം കൃത്യമായി അടച്ചതിനുശേഷം വേണം കാര്‍ഡുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍. ഒരിക്കലും ക്രെഡിറ്റ് കാര്‍ഡ് തവണകള്‍ മുടങ്ങി ബാങ്കുമായി സെറ്റില്‍മെന്റിനു പോകരുത്. ക്രെഡിറ്റ് കാര്‍ഡ് സെറ്റില്‍മെന്റ് ചെയ്യുന്നത് നിങ്ങളുടെ സിബില്‍ സ്‌കോര്‍ കാര്യമായി കുറയ്ക്കും.

No comments: