Monday, July 26, 2010

മാറുന്ന മലയാളിയുടെ ശീലങ്ങള്‍


Malayalee
മലയാളിക്ക്‌ സുന്ദരമായ ഒരു സാംസ്കാരിക പൈതൃകമുണ്ട്‌.മഹത്തായ ഒരു പാരമ്പര്യമുണ്ട്.ധന്യമായ ഒരു ചരിത്രമുണ്ട്.മലയാളിയെ ആള്‍കൂട്ടത്തില്‍ ശ്രദ്ധേയമാക്കുന്നതും അതാണ്‌.സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധീരതയുടെയും ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും ഭൂമികയില്‍ നിന്നാണ് മലയാളിയുടെ സൃഷ്ട്ടിപ്പ്.ആധിപത്യ ശക്തികള്‍ക്ക്‌ ഏറെ ഇഷ്ട്ടപ്പെട്ട ഇടം മലയാളക്കരയാണന്നത് ഇവിടെ ഉണ്ടായിരുന്ന നന്മയുടെ നിറത്തെയാണ് സൂചിപ്പിക്കുന്നത്.മലയാളിയുടെ ശീലങ്ങള്‍ ഒഴിവാക്കിയാല്‍ മലയാളി ശൂന്യമാണ്.നടത്തവും ഇരുത്തവും ചിന്തയും സംസാരവും മലയാളിയെ മാറ്റി നിര്‍ത്തുന്നു.പുതിയ ലോകത്തിലെ മാറ്റങ്ങളെ മലയാളിക്ക്‌ എങ്ങനെ നേരിടാനാകും,മാറ്റങ്ങള്‍ക്കൊപ്പം പോകണോ? അതോ മലയാളിത്തത്തിനൊപ്പമൊ?മാറ്റങ്ങളുടെ യന്ത്രങ്ങളില്‍ ചതഞ്ഞരഞ്ഞ മലയാളി എവിടെ നില്‍ക്കുന്നു?പഠനം കൂടുതല്‍ ചിന്തകള്‍ക്ക്‌ വകനല്‍കുന്നു. 



ശീലങ്ങളിലൂടെ മലയാളി വ്യത്യസ്തമാകുന്നത്

മലയാളി പ്രകൃതിയാണ്.അഥവാ പ്രകൃതിയുമായി വല്ലാതെ ഇണങ്ങി ജീവിക്കുന്നവനാണ്.പണ്ട് മരങ്ങള്‍ ഉണങ്ങുമ്പോള്‍ വാവിട്ടു കരയുന്ന മലയാളികള്‍ ഉണ്ടായിരുന്നെത്രേ.നെല്ലും വയലും ശരീരത്തിന്റെ ഭാഗമായിരുന്നു.പുഴയും കുളങ്ങളും മലയാളത്തിന്റെ ഭാവനാ ലോകത്തിനു നിറച്ചാര്‍ത്ത് പകര്‍ന്നിരുന്നു.നാടന്‍പാട്ടുകള്‍ സംവദിച്ചിരുന്നത് മനുഷ്യരോടായിരുന്നില്ല.പ്രകൃതിയോടായിരുന്നു.ഉദിക്കുന്ന സൂര്യനെയും അസ്തമിക്കുന്ന സൂര്യനെയും കണ്‍ നിറയെ കണ്ടു സന്തോഷിച്ച്ച മലയാളി ഉണ്ടായിരുന്നു. പ്രഭ ചൊരിയുന്ന ചന്ദ്രനെ നോക്കി പട്ടു പാടുന്നവനായിരുന്നു മലയാളി.

ഗ്രാമീണത മലയാളിയുടെ കൂട്ടായ്മയുടെ പ്രതീകമായിരുന്നു. മലയാളി ഒറ്റയാനായിരുന്നില്ല.ഓരോ മലയാളിയും എല്ലാ മലയാളിയുടെയും ഭാഗമായിരുന്നു.കരുണയും സ്നേഹവും ഐക്യവും ആര്‍ദ്രതയും ഇല്ലാത്ത ലോകം മലയാളിക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. മലയാളി വിശ്വാസിയായിരുന്നു.വിശ്വാസങ്ങളെ ബഹുമാനിക്കുന്നവനായിരുന്നു.മതങ്ങള്‍ക്കിടയില്‍ വേലിക്കെട്ടുകള്‍ ഇല്ലായിരുന്നു.ചിന്തയിലും സംസാരത്തിലും പെരുമാറ്റത്തിലും മലയാളിത്തം മുറ്റിനിന്നിരുന്നു.ഭക്ഷണത്തിനും ഉറക്കത്തിനു പോലും മലയാളിക്ക്‌ താളമുണ്ടായിരുന്നു.ഇതായിരുന്നു ലോകത്ത്‌ എവിടെയായാലും മലയാളിയെ മലയാളിയാക്കിയിരുന്നത്.

മാറ്റങ്ങള്‍

കുറഞ്ഞ കാലയളവ് കൊണ്ട് മലയാളി തെല്ലൊന്നുമല്ല മാറിയത്‌.മലയാളിക്ക്‌ കഴിഞ്ഞ കാലത്തെ കുറിച്ചു ചിന്തിക്കനാകുന്നില്ല.രണ്ടു വര്‍ഷത്തിനു മുമ്പുള്ള കേരളമല്‍ രണ്ടു വര്‍ഷത്തിനു ശേഷം. മാറ്റം ചെറുതൊന്നുമല്ല .മലയാളിയുടെ അസ്തിത്വം തന്നെ നശിപ്പിക്കുന്ന മാറ്റങ്ങള്‍ .ഭക്ഷണത്തില്‍,വസ്ത്രധാരണത്തില്‍,സംസാരത്തില്‍ സ്വഭാവത്തില്‍ എല്ലാം മാറ്റങ്ങള്‍ വന്നു.മലയാളിയുടെ പുരയിടങ്ങളില്‍ പറമ്പുകളില്‍ ഇപ്പോള്‍ കപ്പയും കൊള്ളിക്കിഴങ്ങുമില്ല.പപ്പായയും പുളിമാരവുമില്ല.കഴിക്കുന്നത് മിക്കപ്പോഴും 'റെഡിമെയിഡ്' ഭക്ഷണങ്ങളാണ് .ടി വി യിലും പത്രങ്ങളിലും വരുന്ന ഭക്ഷണ പരസ്യങ്ങള്‍ തേടി മലയാളി അലയുന്നു. ടി 'ഷോ' കള്‍ കണ്ടു വസ്ത്രം അന്വേഷിക്കുന്നു.അയല്‍വാസിയോടും കൂട്ടുകാരോടും എന്തിനു പറയണം കുടുംബത്തോട് പോലും സംസാരിക്കാന്‍ മലയാളിക്ക്‌ നേരം കിട്ടുന്നില്ല.സ്നേഹവും സഹകരണവും എന്തെന്നറിയാത്ത വലിയ നഗരങ്ങളിലെ 'യന്ത്ര' മനുഷ്യരെ പോലെ അഹങ്കാരത്തിന്റെ മൂര്‍ത്തി രൂപമായി മാറുന്നു.യാത്രകളിലും ആഘോഷങ്ങളിലും നമ്മള്‍ പടിഞ്ഞാറുകാരെ പിന്തുടരുന്നു.

മലയാളി വിദ്യാസമ്പന്നന്‍

ഇപ്പോള്‍ ശരാശരി മലയാളി സാമാന്യ വിദ്യഭ്യാസമുല്ലവനല്ല;ഉന്നത വിദ്യാഭ്യാസ മുള്ളവനാണ്.ബിരുദവും ബിരുദാനന്തര ബിരുദവും നേടി നടക്കുന്നവരാണ് മലയാളികളെല്ലാം.ഗ്രാമീണ വിദ്യാലയങ്ങളില്‍ മുഴങ്ങുന്ന മണിയുടെ ശബ്ദം താഴ്ന്നു തുടങ്ങി;പകരം ഇംഗ്ലിഷ് മീഡിയം സ്കൂളുകള്‍ ധാരാളമായുണ്ട്.കുട്ടികള്‍ക്ക്‌ മമ്മിയും ഡാടിയുമാണ്‌ ,അവര്‍ക്ക്‌ അച്ഛനെയും അമ്മയെയും അറിയില്ല .എല്‍ കെ ജിയില്‍ പോലും ഓരോ ആണ്‍കുട്ടിക്കും ഓരോ ഗേള്‍ഫ്രണ്ട് ഉണ്ടാകും ,പെണ്‍കുട്ടികള്‍ക്ക്‌ ബോയ്‌ ഫ്രണ്ടും.അവര്‍ക്ക്‌ ഗ്രാമവും ഗ്രമീനത്യും അറിയില്ല മണ്ണും വിണ്ണും അറിയില്ല .കോണ്‍ക്രീറ്റ്‌ ചെയ്ത മുറ്റങ്ങളില്‍ നിന്ന് വാഹനത്തില്‍ കയറി ക്ലാസ്സില്‍ ചെന്നിറങ്ങുന്നവരാണ് മലയാളി കുട്ടികള്‍ .എല്ലാവര്ക്കും ഡോക്ടറും എന്ജിനിയരും ബിസ്നസ് അട്മിസ്ട്ട്രാടരും ആവണം .അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക്‌ അങ്ങനെ ആക്കണം.ഭാവനയും ചിന്തയുടെ സന്കീര്‍ണതകളും ഇല്ലാത്തവരാണ് മലയാളി കുട്ടികള്‍. സിലബസ്സിന്റെയും പാഠങ്ങളുടെയും തൊഴില്‍ മോത്തിന്റെയും പിറകെയാണ് മലയാളി.നിരാശകള്‍ കുമിഞ്ഞു കൂടുമ്പോള്‍ മദ്യപിച്ചു സായൂജ്യം കണ്ടെത്തുന്നവരാണ്‌ ശരാശരി മലയാളി വിദ്യാര്‍ഥി. എന്നാലും സര്‍വ സമ്പനാനാണ് മലയാളി.

കൂട് വിട്ടിറങ്ങിയ മലയാളികള്‍

മലയാളിയില്ലത്ത അന്യ രാജ്യങ്ങളില്ല .ഗള്‍ഫ്‌ രാജ്യങ്ങള്‍ ഇപ്പോള്‍ മലയാളികളുടെതാണ്.അമേരിക്കയിലും ബ്രിട്ടനിലും,അയര്‍ലണ്ടിലും,ആസ്ട്രേലിയയിലും ഈജിപ്തിലും ഒത്തിരി മലയാളികളുണ്ട്.അവര്‍ ഇതര ശീലങ്ങള്‍ പഠിച്ചു മറ്റു മലയാളികളിലേക്ക് കൂടി സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നു.ആവശ്യത്തിലധികം പണം നേടുന്നവനാണ് കൂട് വിട്ട മലയാളി.അത്യാര്‍ത്തിയുടെ പര്യായമായി മാറിയിട്ടുണ്ട് .അവരുടെ മങ്കമാര്‍ സ്വതന്ത്രരാണ്.അവര്‍ അവരുടെ ലോകത്ത്‌ സ്വച്ഛന്തം വിഹരിക്കുന്നു.ചിലപ്പോള്‍ അവര്‍ മതില്‍ ചാടുന്നു.നിരാശരാകാതെ കൂട് വിട്ട മലയാളികള്‍ 'താല്‍കാലിക' ഭാര്യമാരെ തേടുന്നു.വലിയ ഷോപ്പിംഗ്‌ മാളുകള്‍ മലയാളി മങ്കമാരെ മാടി വിളിക്കുന്നു.കൂട് വിട്ട മലയാളികള്‍ പുതിയ ജീവിത രീതി പഠിക്കുന്നു.വലിയ വീടുകളും വാഹനങ്ങളും അവിഭാജ്യ ഘടകങ്ങളായി മാറി.മാറ്റങ്ങളെ വലിയ പെട്ടികളിലാക്കി വിമാനത്താവളങ്ങള്‍ വഴിയും കപ്പല്‍ വഴിയും അവര്‍ കൊണ്ട് വരുന്നു.

ശീലങ്ങള്‍ മാറുന്നു

പണ്ടുള്ള മലയാളിയെ കുറിച്ചു ഇന്നത്തെ മലയാളിക്ക്‌ ചിന്തിക്കാന്‍ വയ്യ.യാഥാസ്ഥികര്‍,പൌരാണികര്‍..! ഇപ്പോള്‍ ശീലങ്ങള്‍ 'മിക്സെഡ്' ആയി മാറി.നല്ലത് ,ചീത്ത എന്നീ സംഞ്ഞകള്‍ ഇല്ല. അതൊക്കെ ഓരോ സമൂഹം ഉണ്ടാക്കുനതാണ്; എത്നോ സെന്ട്രിക് ആയ ഒരു വീക്ഷണം വേണമെന്ന് പുതു മലയാളി പറയുന്നു.അഥവാ ശീലങ്ങള്‍ ചുറ്റുപാടിനെ നോക്കി നിശ്ചയിക്കണം .ഇവിടെ അമേരിക്കയുടെ ദുശീലങ്ങള്‍ നല്ല ശീലങ്ങളായി മാറുന്നു.

മലയാളി ഓടുന്നവനല്ല കുതിക്കുന്നവനാണ്.ഇത് വിവര സാങ്കേതിക വിദ്യയുടെ കാലമാണ്.വിവര വിപ്ലവത്തിന്റെ കാലമാണ്.ലോക മാറ്റം എന്നാല്‍ ആഗോളീകരണം ,ഇവിടെ ഉപഭോഗം പ്രധാന കാര്യമാണ്.ഉപഭോഗ സംസ്കാരമാണ് മലയാളിയുടെത്.അഥവാ ഉപയോഗിക്കുക,വലിച്ചെറിയുക.വികസനം എന്നാല്‍ കൂടുതല്‍ ഉല്‍പ്പാദനം ,കൂടുതല്‍ ഉപഭോഗം,കൂടുതല്‍ മാലിന്യം ,വികസനങ്ങള്‍ക്ക് മുമ്പില്‍ പാവപ്പെട്ടവനും പണക്കാരനും അയല്‍വാസിയും പ്രകൃതിയും എല്ലാം തുല്യമാണ്.

മാറുന്ന മലയാളികള്‍ ബാക്കി വെച്ചത്‌ 
പ്രസിദ്ധനായ മലയാള കവി എന്‍ വി കൃഷ്ണവാര്യര്‍ ചോദിച്ചു'മലയാളിക്ക്‌ ഇനി വല്ലതുമുണ്ടോ ബാക്കി' എന്ന് .നമുക്ക്‌ പറയാം ഇല്ല ;മലയാളി കേവലം പൂജ്യമാണെന്നു.

വാഹനമില്ലാതെ നടക്കാന്‍ കഴിയാത്ത മലയാളി നന്നേ ചെറുപ്പത്തിലേ ഒത്തിരി രോഗങ്ങളുടെ പിടിയിലാണ്.നാലില്‍ മൂന്നു മലയാളിക്കും പ്രമേഹമുണ്ട്.പ്രഷറും ഗ്യാസ്‌ ട്രബിലും മലയാളിയുടെ കൂടെ പിറപ്പാണ്. നടക്കനരിയാത്ത മലയാളിയെ ഡോക്ടര്‍മാര്‍ നടത്തം പഠിപ്പിക്കുന്നു.മണ്ണിലും ചരലിലും ഇറങ്ങാന്‍ പേടിയുള്ള മലയാളില്‍ മുള്മുനയുള്ള ചെരുപ്പ് നല്‍കുന്നു.

മറ്റുള്ളവനെക്കാളും എങ്ങനെ വലിയവനാകം എന്നാണ് ചെറുപ്പം മുതലേ മലയാളി അന്വേഷിക്കുന്നത്. ഏത് വിദ്യ ഒപ്പിച്ചും പിടിച്ചടക്കാനായി വെമ്പല്‍ കൊള്ളുന്നു.അത്യാര്‍ത്തിയുടെ ആള്‍ രൂപമായി മലയാളി മാറി.മാനസ്സികമായി മലയാളിക്ക്‌ ഒട്ടും സമാധാനമില്ല .കരിയറിസം തലക്ക്‌ പിടിച്ച വിദ്യാര്‍ഥികൂട്ടങ്ങളാണ് മലയാളിയുടെത്.ലോക സംസ്കാരത്തിനൊപ്പം നീങ്ങുമ്പോള്‍ മലയാളിക്ക്‌ ഒന്നും ബാക്കിയില്ലാതെ വരുന്നു.മാനസ്സിക രോഗികള്‍ കൂടുന്നു.ഓരോ കുടുംബത്തിനും കൌന്‍സിലര്മാര്‍ വേണ്ടി വരുന്നു.കമ്മ്യുനിട്ടി വെല്‍ഫയര്‍ എവിടെയും വേണ്ടി വരുന്നു.ഹ്രദയം തകര്‍ന്നു മലയാളികള്‍ മരിക്കുന്നു,മരിക്കാത്തവരെ മറ്റുള്ളവര്‍ കൊല്ലുന്നു.കൊന്നില്ലെന്കില്‍ ആത്മഹത്യ ചെയ്ത്‌ സ്വയം ഒടുങ്ങുന്നു.മലയാളിക്ക്‌ തന്‍റേതായ ഒരു സംസ്കാരം അന്യമായി. കാരണം മറ്റുള്ളവരുടെ സംസ്കാരം പുല്‍കി.പാരമ്പര്യവും പൈതൃകവും ഒട്ടും വിലയില്ലാത്ത ചരക്കുകളായി.പകരം മദ്യപാനവും വിഷമദ്യ ദുരന്തവും എയിഡ്സ് പോലുള്ള മഹാ മാരികളും മലയാളികളുടെ സ്വന്തമായി.ഉഴിച്ചില്‍ കേന്ദ്രങ്ങളില്‍ എല്ലാം നന്നായി നടക്കുന്നു.പുതിയ കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തി കൂടുതല്‍ രോഗികളെ ഉല്‍പാദിപ്പിച്ചു കൊണ്ടേയിരിക്കുന്നു.HIVയുടെ കാര്യത്തിലും മദ്യപാനത്തിന്റെ കാര്യത്തിലും മോശമല്ലാത്ത വളര്‍ച്ച നാം നേടി.

വൃദ്ധ സദനങളും ഡേ കെയര്‍ സെന്ററുകളും സംസ്കാരത്തിന്റെ ഭാഗമായി മാറി.ഗുരു ശിഷ്യ,മാതൃ-പിതൃ -മക്കള്‍ ബന്ധം പാടെ തകര്‍ന്നു.,അയല്‍ വാസികളെയും കുടുംബത്തെയും കണ്ടില്ലെങ്കിലും വിവരങ്ങള്‍ അറിഞ്ഞില്ലെങ്കിലും ഇന്റര്‍നെറ്റ്‌ വഴി വിദൂര ബന്ധങ്ങളില്‍ മലയാളി ഇടം കണ്ടെത്തി.നാടന്‍ പാട്ടുകളും നാട്ടു കലകളും അന്യമായി.പലരം ഫാഷന്‍ ഷോ കളും സിനിമാറ്റിക്‌ ഡാന്‍സുകളും റിയാലിറ്റി ഷോ കളും ആടിത്തിമിര്‍ത്തു.ക്യാമ്പസുകള്‍ എരിവുള്ള ചര്‍ച്ചാ വേദികള്‍ക്ക്‌ പകരം ഡേ കളുടെ വേദികളായി മാറി,ഫ്രണ്ട്ഷിപ്‌ ഡേ ,വലെന്റൈന്‍സ്‌ ഡേ ...അനങനെ പോകുന്നു ഡേ കള്‍ .സിലബസ്സുകല്‍ക്കകത്ത് വിദ്യാര്‍ത്ഥി ഞെരിഞ്ഞമര്‍ന്നു.,വിവാഹത്തിനും ലൈംഗികതക്കും പുതിയ നിര്‍വചനം നല്‍കി.

കഥകളും കവിതകളും നോവലുകളും സിനിമകളും പൂത്തുലഞ്ഞ പുഴക്കരകളും പ്രകൃതിയും ചരിത്രങ്ങളായി മാറി.എല്ലാം വികസനത്തിന് സമര്‍പ്പിച്ചു.നിലയും പെരിയാറും പമ്പയും വഴിമാറി ,നല്പ്പത്തിനാല് നദികളും മാലിന്യ ഓടകളായി മാറി.മലയാളി അസുരന്റെ അത്യാര്തിക്ക് മുമ്പില്‍ എല്ലാം തകര്‍ന്നടിഞ്ഞു.

കുടി വെള്ളം പോലും സൂക്ഷിക്കനാകാത്ത ദ്ര്ബലനായി മലയാളി പരിണമിച്ചു.മോഹങ്ങളുടെ ഇരുമ്പു ദണ്ട്കള്‍ കൊട് കുന്നും മലയും ഇടിച്ചു നിരത്തി.ആര്‍ത്തിയുടെയും നിരാശയുടെയും ശക്കൂനകള്‍ കൊണ്ട് വയലേലകള്‍ നിറച്ചു.ദുരഭിമാനത്തിന്റെ പ്രതീകങ്ങളായി പാട് കൂറ്റന്‍ ബില്ടിങ്ങുകള്‍ പൊങ്ങി.അറിയും,ഉറിയും ഉപ്പും തേടി വണ്ടി കയറേണ്ട അവസ്ഥ.

മലയാളത്തിന്റെ രാഷ്ട്രീയ വേദികള്‍ വിലകുറഞ്ഞ ചര്‍ച്ചകളുടെ വേദികളായി.അസൂയയുടെയും പകപോക്കലിന്റെയും അന്കാരത്തിന്റെയും പടി മുട്ടങ്ങളായി രാഷ്ട്രീയാലയങ്ങള്‍ മാറി.അഴിമതിയുടെ കറപറ്റാത്ത നേതാക്കള്‍ ഇല്ലാതെ പോയി.മാദ്യമങ്ങള്‍ മാന്യതയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു.രാഷ്ട്രീയ ചെളി ഏറിയാല്‍ പത്രങ്ങള്‍ മുഖ്യ ധര്‍മമായി ഏറ്റെടുത്തു.

ഇവിടെ ലോകം മലയാളിയെ തേടുന്നു,മദ്യമില്ലാതെ ഓണം ആഘോഷിക്കുന്ന മലയാളിയെ,പാരസ്പര്യം നഷ്ട്ടപ്പെടാത്ത മലയാളിയെ.

മലയാളിയെ മലയാളിയാക്കിയ ശീലങ്ങള്‍ തിരിച്ചു വന്നെങ്കില്‍ മലയാളിയെ കാണാം..!!

By: Rafi

Sunday, July 18, 2010

ഇന്റര്‍നെറ്റ് അടിമത്തം അപകടം

Internet Addiction


ആധുനിക ജീവിത സൗകര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നായി ഇന്റര്‍നെറ്റ് വളര്‍ന്നുകഴിഞ്ഞു. ഇ-മെയിലും ചാറ്റിങ്ങും ബ്രൗസിങ്ങുമെല്ലാം ശരാശരി മലയാളിയുടെ ശീലമായിക്കഴിഞ്ഞു. ഇതേസമയം തന്നെ, ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്റെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. യുവതലമുറയില്‍ 'ഇന്റര്‍നെറ്റ് അടിമത്തം' ഒരു പ്രശ്‌നമായി മാറുന്ന കാഴ്ചയാണ് കുറച്ചുനാളായി നാം കാണുന്നത്.

ഇന്റര്‍നെറ്റ് അഡിക്ഷന്‍
ജോലിയുമായി ബന്ധപ്പെട്ടല്ലാതെ, ഒരു വ്യക്തി ദീര്‍ഘനേരം ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും അത് ആ വ്യക്തിയുടെ ജോലിയെയും സാമൂഹികജീവിതത്തെയും ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് 'ഇന്റര്‍നെറ്റ് അഡിക്ഷന്‍'. ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:

' ജോലിയുമായി ബന്ധപ്പെട്ടല്ലാതെ ദിവസേന ആറ് മണിക്കൂറിലധികം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവിടുക; ഈ അവസ്ഥ മൂന്ന് മാസത്തിലേറെ നീണ്ടുനില്‍ക്കുക.

' നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളൊഴിവാക്കാനായി ഇന്റര്‍നെറ്റിനു മുന്നില്‍ സമയം ചെലവിടുക.

' ദോഷകരമാണെന്നറിഞ്ഞിട്ടും ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ കഴിയാതെ വരിക.

' മറ്റെന്ത് പ്രധാനപ്പെട്ട ഉത്തരവാദിത്വമുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഇന്റര്‍നെറ്റിന് മുന്നിലിരിക്കുക.

' ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ദൈര്‍ഘ്യം ദിനംപ്രതി വര്‍ധിച്ചുവരിക.

' നെറ്റ് ഉപയോഗിക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ അമിതദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കുക.

' പത്രംവായന, ടി.വി. കാണല്‍, സംഗീതം തുടങ്ങി മറ്റ് വിനോദങ്ങളിലൊന്നും തീരെ താത്പര്യമില്ലാത്ത അവസ്ഥ.

ഇന്റര്‍നെറ്റിന് അടിമപ്പെട്ടവര്‍ നെറ്റിന്റെ സഹായത്തോടെ ലൈംഗിക ചിത്രങ്ങള്‍ കാണുക, ചൂതാട്ടം, ചാറ്റിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍സമയം ചെലവിടുന്നത്. ഈ ശീലം കൗമാരപ്രായക്കാര്‍ക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇത്തരക്കാര്‍ ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്ന് ചാടാനും പഠനം മോശമായി ഭാവിജീവിതം നശിപ്പിക്കാനും സാധ്യതയേറെയാണ്. 'സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്' സൈറ്റുകളിലൂടെ പ്രായത്തിനനുസൃതമല്ലാത്ത ബന്ധങ്ങള്‍ വളരുന്നതും കൗമാരക്കാരുടെയിടയില്‍ വര്‍ധിച്ചുവരുന്നുണ്ട്.

കാരണങ്ങള്‍
വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയും മാതാപിതാക്കളുടെ ശ്രദ്ധക്കുറവും പലപ്പോഴും കാരണമാണെന്ന് പറയാറുണ്ടെങ്കിലും ചില പ്രത്യേക വ്യക്തിത്വ സവിശേഷതകളുള്ളവര്‍ ഇന്റര്‍നെറ്റ് അടിമകളാകാന്‍ സാധ്യത കൂടുതലാണ്. ജന്മനാ ലജ്ജാശീലരും ആത്മവിശ്വാസം കുറവുള്ളവരുമായ കുട്ടികള്‍ കൗമാരമെത്തുമ്പോള്‍ ഇന്റര്‍നെറ്റിന് മുന്നില്‍ ചടഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. അമിതമായ പരീക്ഷണസ്വഭാവം പ്രകടിപ്പിക്കുന്ന, എപ്പോഴും പുതുമകള്‍ തേടുന്ന കുട്ടികളും ഈ ശീലത്തിന് അടിമകളായേക്കാം. ഇന്റര്‍നെറ്റ് അടിമകളായ കൗമാരക്കാര്‍ക്ക് ആശയവിനിമയശേഷി, സമ്മര്‍ദങ്ങളെ നേരിടാനുള്ള കഴിവ് എന്നിവ കുറവാണ്.

പൊതുവെ സ്വപ്നജീവികളായ, സുഹൃദ്ബന്ധങ്ങള്‍ അധികമില്ലാത്ത കുട്ടികളും വേഗം ഇന്റര്‍നെറ്റിന് അടിമകളായേക്കാം. മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, അമിതസ്വാതന്ത്ര്യമുള്ള ഗൃഹാന്തരീക്ഷം, ആവശ്യങ്ങള്‍എല്ലാം സാധിച്ചുകൊടുക്കുന്ന മാതാപിതാക്കള്‍, മാതാപിതാക്കളുടെ അമിത ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയവയും കുട്ടികളില്‍ ഈ ശീലം വളര്‍ത്താന്‍ കാരണമായേക്കാം. കൗമാരപ്രായക്കാര്‍ ഇന്റര്‍നെറ്റിനെ ഒരു 'സുഹൃത്തായി' കണ്ട് സമയം ചെലവഴിക്കാന്‍ തുടങ്ങുന്നതാണ് ഇന്റര്‍നെറ്റ് അടിമത്തത്തിന്റെ മനശ്ശാസ്ത്രം.ഇന്റര്‍നെറ്റ് അടിമകളുടെ മസ്തിഷ്‌കത്തിനും മറ്റ് ലഹരിവസ്തുക്കള്‍ക്ക് അടിമകളായവരുടേതിന് സമാനമായ ചില വ്യതിയാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്‌കത്തിലെ 'ഡോപ്പമിന്‍' എന്ന രാസപദാര്‍ഥത്തിന്റെ അളവിലുള്ള വ്യതിയാനം, മസ്തിഷ്‌കത്തിന്റെ ഇടതുഭാഗത്തിന്റെ വളര്‍ച്ചക്കുറവ് എന്നിവ അവയില്‍ ചിലതാണ്.

പ്രത്യാഘാതങ്ങള്‍
പഠനത്തില്‍ പിന്നോക്കാവസ്ഥ, സാമൂഹികജീവിതത്തിലും കുടുംബജീവിതത്തിലുമുള്ള തകരാറുകള്‍, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ജോലിയിലെ പരാജയം, മാനസിക രോഗങ്ങള്‍ തുടങ്ങി പലവിധ പ്രശ്‌നങ്ങള്‍ ഇന്റര്‍നെറ്റ് അടിമകള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാഴ്ചക്കുറവ്, വിട്ടുമാറാത്ത തലവേദന, ശാരീരിക വേദനകള്‍, ക്ഷീണം തുടങ്ങി ദുര്‍മേദസ്സ്, ഹൃദ്രോഗം വരെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

മണിക്കൂറുകളോളം നീണ്ട 'ഓണ്‍ലൈന്‍ ഗെയിം' കളിച്ച ഒരു ഇരുപത്തെട്ടുകാരന്‍ ഗെയിമിന്റെ ഒടുവില്‍ മരണമടഞ്ഞ വാര്‍ത്ത 2005-ല്‍ ബി.ബി.സി. ന്യൂസ് പുറത്തുവിട്ടിരുന്നു! വിഷാദരോഗം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ, അക്രമസ്വഭാവം തുടങ്ങിയ മാനസിക അസ്വാസ്്ഥ്യങ്ങള്‍ ഇത്തരക്കാരില്‍ കാണപ്പെടാറുണ്ട്.

പരിഹാരം
കുട്ടികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം പരിമിതപ്പെടുത്തുക എന്നതാണ് പ്രധാന മാര്‍ഗം. കമ്പ്യൂട്ടര്‍, കുട്ടിയുടെ സ്വകാര്യ മുറിയില്‍ വെക്കാതെ ഹാളില്‍ത്തന്നെ വെക്കുക, അശ്ലീല സൈറ്റുകളും മറ്റും ബ്ലോക്ക് ചെയ്യുക, മാതാപിതാക്കള്‍ ഉള്ള സമയത്തുമാത്രം ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കുക എന്നതും സഹായകമാണ്. അന്തര്‍മുഖരായ കുട്ടികളെ ആശയവിനിമയശേഷി മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങള്‍ നല്‍കുന്നതും പ്രയോജനകരമാണ്.

'ഇന്റര്‍നെറ്റ് അടിമത്തം' ബാധിച്ചുകഴിഞ്ഞവരെ ശാസ്ത്രീയമായ ചികിത്സാരീതികള്‍ കൊണ്ട് അതില്‍നിന്ന് മോചിപ്പിക്കാന്‍ സാധിക്കും. ചിന്താഗതികളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കാനുള്ള കൗണ്‍സിലിങ്, ജീവിതശൈലി ക്രമീകരണം, റിലാകേ്‌സഷന്‍ വ്യായാമങ്ങള്‍, യോഗ, കുടുംബാംഗങ്ങള്‍ക്കുള്ള കൗണ്‍സിലിങ് എന്നിവ ചികിത്സയിലെ പ്രധാന ഘടകങ്ങളാണ്. അനുബന്ധമായി വിഷാദരോഗം, ഉത്കണ്ഠാരോഗം, അമിതവികൃതി എന്നിവ ഉള്ളവര്‍ക്ക് ഔഷധചികിത്സയും വേണ്ടിവന്നേക്കാം.

കൗമാരപ്രായക്കാരില്‍ ജീവിതനൈപുണ്യങ്ങള്‍ വികസിപ്പിക്കാനായി 'ലൈഫ് സ്‌കില്‍സ് ട്രെയിനിങ്' പോലെയുള്ള വ്യക്തിത്വ വികസന പരിശീലനങ്ങള്‍ നല്‍കുന്നത് ഇന്റര്‍നെറ്റ് അടിമത്തത്തിന് കാരണമാകുന്ന പല അടിസ്ഥാന വ്യക്തിത്വ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കും. മദ്യത്തിന്റെ ദുരുപയോഗം പ്രധാന ആരോഗ്യപ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞ കേരളത്തില്‍, ഇന്റര്‍നെറ്റ് അടിമത്തം ഒരു പ്രശ്‌നമാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ നാം ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.


Source: Mathrubhumi