Sunday, July 7, 2013

36 വര്‍ഷത്തെ ഒളിവ് ജീവിതത്തിനു ശേഷം തിരിച്ചെത്തിയ കത്ത്

Letter returned to sender after 36 years
'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' പ്രശസ്തമാണ്. എന്നാല്‍ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും കുത്തിനിറച്ച് ഒരച്ഛന്‍ മകനയച്ച കത്ത് പ്രശസ്തമാകുന്നത് എങ്ങനെയെന്നറിയാമോ... നീണ്ട 36 വര്‍ഷത്തെ ഒളിവ് ജീവിതത്തിനു ശേഷം തിരിച്ചെത്തിയാണ് ഈ മലയാളിക്കത്ത് വേറിട്ട് നില്‍ക്കുന്നത്. 

സാഹിത്യകാരനായ ആലങ്ങാട് മംഗലശ്ശേരില്‍ വീട്ടില്‍ പി.ജി. നായര്‍ 1977 മാര്‍ച്ച് 16-നാണ് അമേരിക്കയിലേക്ക് ഈ കത്ത് അയക്കുന്നത്; ബര്‍ക്ക്‌ലി സര്‍വകലാശാലയില്‍ ഉന്നതപഠനം നടത്തുന്ന മകന്‍ എം.ജി. കലാധരന്‍ നായരുടെ വിലാസത്തില്‍.

വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളും ചില സാമ്പത്തിക കാര്യങ്ങളുമെല്ലാം നിറച്ചെഴുതിയ കത്ത് പക്ഷേ ഏറെനാള്‍ കഴിഞ്ഞിട്ടും കലാധരന്‍ നായര്‍ക്ക് കിട്ടിയില്ല. വീട്ടുകാര്‍ പതിയെ കത്തിന്റെ കാര്യം മറന്നു. നീണ്ട വര്‍ഷങ്ങള്‍ക്കിടെ പി.ജി. നായരും കലാധരന്‍ നായരും മരിച്ചു.

പി.ജി. നായരുടെ പേരക്കുട്ടിയും കാലടി സര്‍വകലാശാല പരീക്ഷാ വിഭാഗം സെക്ഷന്‍ ഓഫീസറുമായ രജി കമല സുകുമാരനും കുടുംബവുമാണ് ഇപ്പോള്‍ മംഗലശ്ശേരില്‍ വീട്ടില്‍ താമസിക്കുന്നത്. ഇവരെ തേടിയാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്ന് കത്ത് മടങ്ങിയെത്തിയത്. പി.ജി. നായരുടെ മകള്‍ കമല എസ്. നായരുടെ മകളാണ് രജി. 

ഇത്രയും വര്‍ഷങ്ങള്‍ അലഞ്ഞിട്ടും കത്തിന് കേടുപാടുകളൊന്നുമില്ലെന്ന് രജി പറഞ്ഞു. ഈ മാസം മൂന്നിനാണ് കത്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ചിരിക്കുന്നതെന്ന് പുറത്തെ സീലില്‍ ഉണ്ട്. വിലാസക്കാരനെ കണ്ടെത്താനാകാത്തതിനാല്‍ കത്ത് മടക്കി അയക്കുന്നുവെന്ന് കത്തിന് പുറത്ത് എഴുതിയിട്ടുണ്ട്. 

No comments: