[ മക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് മാതാപിതാക്കള്‍ക്ക് ധാരണ വേണം. ചുറ്റിലും കൂര്‍ത്ത മുള്ളുകളാണ്. അതിനിടയില്‍ നമ്മുടെ പുഷ്‌പങ്ങള്‍ക്ക് ക്ഷതമേല്‍ക്കരുത്.] ]]]] ]] ]] ]
അന്നത്തെ വെയിലിന് ചൂടുണ്ടായിരുന്നില്ല. എന്റെ മേലുദ്യോഗസ്ഥ മുഖവുരയൊന്നും കൂടാതെയാണ് ആ സഹായം തേടിയത്
``എന്റെ മൊബൈലില്‍ സഭ്യമല്ലാത്ത ഭാഷയില്‍ മെസ്സേജസ് വരുന്നു. ആളെ കണ്ടുപിടിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?''
സൈബര്‍ സെല്ലില്‍ എനിക്കൊരു മിത്രവുമുണ്ട്. അയാളുടെ തുണ തേടാം. എന്നാലും കാള പെറ്റെന്ന് കേട്ട മാത്രയില്‍ കയറെടുക്കരുതല്ലോ.
``മാഡം അയാളെ തിരിച്ചെങ്ങാനും വിളിച്ചിട്ടുണ്ടോ?'' ഞാന്‍ ആരാഞ്ഞു.
``ഏയ്... ഇല്ല, ഇങ്ങനെ വൃത്തികെട്ട കാര്യങ്ങളൊക്കെ തട്ടിവിടുന്നവന്മാരെ എന്തിന് വിളിക്കണം?''. ആ ഉദ്യോഗസ്ഥയുടെ മുഖത്ത് കനല്‍ കത്തുന്നുണ്ടായിരുന്നു. അപ്പോഴും വെയിലിന് ജ്വരലക്ഷണമില്ലായിരുന്നു.
``മാഡം, ആ ഫോണ്‍ ഇങ്ങു തന്നേ, ഞാനൊന്ന് വിളിച്ചു നോക്കാം. ആദ്യമൊന്ന് വിരട്ടിനോക്കാം''
ഞാന്‍ ഫോണെടുത്തു നമ്പര്‍ ഡയല്‍ ചെയ്‌തു. റിംഗ് ചെയ്യുന്നുണ്ട്. എന്റെ ആകാംക്ഷ നുരച്ചുപൊന്തി. ആരായിരിക്കും അവന്‍?
ഫോണ്‍ കണക്‌ടഡ് ആയി. തെല്ലിടനേരം മൂകത. പെട്ടെന്നൊരു ശബ്‌ദം. ഞാന്‍ ശരിക്കും അന്ധാളിച്ചു. ഒരു നാരീ ശബ്‌ദം!
``ഹലോ!''
ലോലമായ, ഹൃദ്യമായ നാദം. എനിക്ക് നമ്പര്‍ തെറ്റിയോ?
``ഹലോ, നിങ്ങള്‍ ആരാണ്? എന്റെ മൊബൈലില്‍ സ്ഥിരമായി മെസ്സേജുകള്‍ അയയ്‌ക്കുന്നു.''
മറുപടി ഝടുതിയിലെത്തി ``ഇത് മീരയുടെ ഫോണല്ലേ? ഞാന്‍ സ്വപ്‌നയാണ്.... ''
ആ പെണ്‍കുട്ടി പിന്നെന്തൊക്കെയോ പറഞ്ഞു. ഞാനൊന്നും കേട്ടില്ല. എന്റെ ചിത്തം എന്നോട് മന്ത്രിച്ചത് ഞാനുച്ചത്തില്‍ ചോദിച്ചു. ``മാഡം, മാഡത്തിന്റെ മോളുടെ പേരെന്താണ്? മീരയെന്നാണോ?''
``അതെ, എന്താ?''
``പേടിക്കണ്ട... ഇത് ഏതോ കൂട്ടുകാരി അയച്ച മെസ്സേജാണ്.'' ആ നിമിഷം വെയിലിന് ചൂടുണ്ടായിരുന്നു. ഞാന്‍ ഫോണ്‍ തിരികെ ഏല്‍പിച്ചു.
ആ അമ്മയുടെ മുഖം അപമാനത്താല്‍ കുനിയുന്നത് ഞാന്‍ കണ്ടു. ഈ കുട്ടികള്‍ ഇത്തരം മെസ്സേജുകളാണോ അയച്ചു കളിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നത് കേട്ടു.
ഇന്ന് മുതിര്‍ന്നവര്‍ പലപ്പോഴും ഇത്തരത്തില്‍ ചോദ്യമെറിയാറുണ്ട്.
ഈ കുട്ടികളെന്താ ഇങ്ങനെ?
ഞാനൊന്ന് തിരിച്ചു ചോദിക്കട്ടെ... ഈ മാതാപിതാക്കളെന്താ ഇങ്ങനെ?
നെറ്റി ചുളിക്കരുത്. കാര്യമുണ്ട്.
എന്റെ സഹപാഠിയായിരുന്ന സുരേന്ദ്രന്‍ ഒരു ബാര്‍ അറ്റാച്ച്‌ഡ് ഹോട്ടലിലെ മാനേജരാണിന്ന്. നഗരത്തിലെ ഈ ബാറിന് സമീപത്തുള്ള ആശുപത്രിയില്‍ അച്ഛനെ ശസ്‌ത്രക്രിയയ്‌ക്ക് പ്രവേശിപ്പിച്ചപ്പോള്‍ വീട്ടിലെ ഏകസന്താനമായ എന്നെ സഹായിക്കുവാന്‍ സുരേന്ദ്രന്‍ ഓടിയെത്തുമായിരുന്നു. ഒരു ദിവസം വൈകുന്നേരം ഞാന്‍ ഹോട്ടലിലെത്തി. സുരേന്ദ്രന്‍ രാത്രിയില്‍ അച്ഛനോടൊപ്പം കൂട്ടിരിക്കുമോയെന്നറിയുവാന്‍. എനിക്ക് വീട്ടിലേക്ക് പോകേണ്ടതുണ്ടായിരുന്നു. റിസപ്‌ഷനില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ ബാറിനകത്തെത്തി. അന്നത്തെ കണക്കെല്ലാം നോക്കുന്ന തിരക്കിലായിരുന്നു സുരേന്ദ്രന്‍. ഞാന്‍ ബാറിനകം കണ്ണുകളാല്‍ ഒപ്പിയെടുത്തു.
ഒരു ദൃശ്യം!
രണ്ടുപേര്‍ കുമിളകള്‍ ഇമവെട്ടുന്ന ഗ്ലാസ്സുകള്‍ക്ക് മുമ്പില്‍. അവര്‍ക്കരികില്‍ ഒരു ആണ്‍കുട്ടി. അഞ്ചോ, ആറോ വയസ്സു കാണും. സുഹൃത്തുക്കളിലൊരാള്‍ ഇടയ്‌ക്കിടെ നിലക്കടല നിറച്ച പ്ലേറ്റിലെ കരണ്ടിയെടുത്ത് അല്‍പം മദ്യം അതിലേക്കൊഴിച്ച് ആ കുട്ടിക്ക് നുണയാനായി നല്‍കുന്നു. ഞാന്‍ സുരേന്ദ്രനോട് ഈ സംഭവത്തേപ്പറ്റി സൂചിപ്പിച്ചു.
" അയാളുടെ അച്ഛന്‍ ആശുപത്രിയിലാണ്. ചില ദിവസങ്ങളില്‍ ബാറില്‍ വരും. അപ്പോഴെല്ലാം ഈ മോനും കാണും.''
വളര്‍ത്തലിന്റെ ന്യൂനതകളാണ് മൂല്യത്തകര്‍ച്ചയുടെ കാരണം. നമ്മുടെ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തതിനു ശേഷം പ്രതിരോധത്തിന് മുതിര്‍ന്നിട്ട് കാര്യമില്ല. മക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് മാതാപിതാക്കള്‍ക്ക് ധാരണ വേണം. ചുറ്റിലും കൂര്‍ത്ത മുള്ളുകളാണ്. അതിനിടയില്‍ നമ്മുടെ പുഷ്‌പങ്ങള്‍ക്ക് ക്ഷതമേല്‍ക്കരുത്. കമ്പ്യൂട്ടര്‍ മകന്റെ പഠനമുറിയില്‍ സൂക്ഷിക്കാതെ എല്ലാവരും കാണ്‍കെ സ്വീകരണമുറിയിലാണ് വച്ചിരിക്കുന്നതെന്ന് പറഞ്ഞ ഒരു പിതാവിനോട് എനിക്ക് ആദരവ് തോന്നി.
പ്ലസ്‌ടു കഴിഞ്ഞ മകന് ബൈക്ക് വാങ്ങിക്കൊടുത്ത് അവനെ വേഗതയുടെ തോഴനാക്കി മാറ്റുന്നതെന്തിന്? മകളുടെ കൈവശം പോക്കറ്റ് മണി കൊടുത്തയച്ച് അവളെ റെസ്റ്റോറന്റില്‍ സഖിമാരോടൊപ്പം പോകാന്‍ പ്രേരിപ്പിക്കുന്നതെന്തിന്?
മക്കളുടെ പാതകളില്‍ മാതാപിതാക്കള്‍ വഴുതലുണ്ടാക്കരുത്. ഇതൊരു അപ്രിയസത്യമായിരിക്കാം.
മൊബൈലില്ലാത്ത മക്കള്‍ വീട്ടിലെത്തുന്നതുവരെ മാതാപിതാക്കളെക്കുറിച്ചുള്ള ഓര്‍മ്മയെ ഉള്ളില്‍ ലാളിക്കട്ടെ. `ഐ മിസ് യു' സന്ദേശങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് നമ്മുടെ മക്കളുടെ ചങ്ങാത്തം പറന്നുയരട്ടെ.
മൊബൈലും, ചാറ്റിംഗും ഒന്നുമില്ലാതിരുന്ന കാലത്താണല്ലോ റോബര്‍ട്ട് ഫ്രോസ്റ്റ് എന്ന കവിയും ലൂയി അണ്ടര്‍മിയര്‍ എന്ന മിത്രവും തമ്മിലുള്ള അടുപ്പം അന്‍പത് വര്‍ഷത്തിലേറെ പരന്നൊഴുകിയത്.
നമ്മുടെ മക്കള്‍ക്ക് നല്ലതുമാത്രം നല്‍കാം... നല്ലതുമാത്രം.
By:ആന്റോ.എം
No comments:
Post a Comment