തലവേദന മിക്കവാറും പേരെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. തലവേദന വന്നയുടനെ ഗുളികയെടുത്തു വിഴുങ്ങുന്നവരുണ്ട്. ഇതൊരു നല്ല പ്രവണതയല്ല. എപ്പോഴും മരുന്നു കഴിച്ചാല്‍ പിന്നീടിത് ഒരു ശീലമായി മാറും. തലവേദന മാറാനായി വീട്ടില്‍ത്തന്നെ ചെയ്യാവുന്ന നിരവധി പൊടിക്കൈകളുണ്ട്.
തലവേദനയുളളപ്പോള്‍ ഒരു കപ്പ് മസാല ചായ കുടിക്കുന്നത് തലവേദന മാറാന്‍ നല്ലതാണ്. ചായ കുടിക്കുന്നത് തലച്ചോറിലെ സെല്ലുകള്‍ക്ക് പുതുജീവന്‍ നല്‍കും. ചായയുണ്ടാക്കുമ്പോള്‍ അതില്‍ ഒരു കഷ്ണം ഇഞ്ചിയും ഏലക്കായയും ഗ്രാമ്പൂവും ഇട്ടാല്‍ അത് മസാലച്ചായയായി. ഈ മസാലകള്‍ തലവേദന മാറ്റുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. ചായ കുടിക്കുന്നത് ഒരു ശീലമാക്കി മാററിയാല്‍ സമയാസമയത്ത് അതു കിട്ടാതെ വന്നാല്‍ തലവേദന വരുന്നവരുമുണ്ട്. ഇവിടെ ചായകുടി തലവേദനക്കുളള ഒരു പരിഹാരമല്ലാ, ഒരു ചീത്തശീലമാണെന്ന് ഓര്‍ക്കുക. ഈ ശീലം വന്നാല്‍ പിന്നെ ഇതില്‍ നിന്നു പിന്‍തിരിയുക പ്രയാസമാകും.
പിരിമുറുക്കം കാരണമോ ജോലിക്കൂടുതല്‍ കാരണമോ തലവേദന വരാറുണ്ട്. ചെറുചൂടുള്ള എണ്ണയോ വെളിച്ചെണ്ണയോ തലയില്‍ മസാജ് ചെയ്യുന്നതാണ് ഇത് മാറാനുളള ഉത്തമമാര്‍ഗം. തലയിലും നെറ്റിയിലും ചില പ്രത്യേക പ്രഷര്‍പോയന്റുകളുണ്ട്. ഇവയില്‍ മൃദുവായി മസാജ് ചെയ്യുന്നത് പിരിമുറുക്കത്തില്‍ നിന്ന് മോചനം നല്‍കും. തലവേദനയില്‍ നിന്ന് മോചനം നല്‍കുന്നതിന് മാത്രമല്ലാ, മുടി വളരുന്നതിനും ഈ മസാജ് സഹായിക്കും.
മദ്യപാനം കാരണം തലവേദന വരുന്നവരുണ്ട്. മദ്യം ശരീരത്തിലെ ജലാംശം വലിച്ചടുക്കുകയാണ് ചെയ്യുന്നത്. ഇതു മാറാനായി ധാരാളം വെളളം കുടിക്കുക. ചെറുചൂടുള്ള നാരങ്ങാവെളളത്തില്‍ ഉപ്പും പഞ്ചസാരയും തുല്യഅളവില്‍ ചേര്‍ത്ത് കുടിക്കുന്നത് ഇത്തരം തലവേദനക്ക് നല്ലതാണ്.
Thanks Saritha