Wednesday, October 10, 2012

സൈക്കിള്‍ ചവിട്ടുന്നത് എന്തിന്?

Air pollution


കാറ് വാങ്ങാന്‍ മോഹിച്ചു നടക്കുന്നവനെ സൈക്കിള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിലും വലിയ അപരാധം വേറെയില്ല. പക്ഷെ കാര്യങ്ങളുടെ കിടപ്പുവശം പരിശോധിച്ച് ഉത്കണ്ഠപ്പെടുന്നവര്‍ക്ക് ഇത് പറയാതിരിക്കാനും വയ്യ. പാല്‍പ്പായസം മോഹിച്ചു വന്നവന്‍ കരിങ്ങാലി വെള്ളം കൊണ്ട് തൃപ്തനാകുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. അതിനാല്‍ മറ്റൊരു ഓപ്ഷന്‍ മുന്നില്‍ക്കണ്ടാണ് ഇതു പറയുന്നതെന്ന് ആദ്യമേ തെര്യപ്പെടുത്തട്ടെ.

പാല്‍പ്പായസം കുടിച്ചതിനു ശേഷം അല്‍പം കരിങ്ങാലി വെള്ളം കുടിക്കുന്നതില്‍ പിഴവൊന്നുമില്ല. പായസത്തിന്‍റെ ചെടിപ്പ് മാറാന്‍ അത് സഹായിക്കും. ഒന്നുകൂടി മലയാളത്തില്‍ പറഞ്ഞാല്‍, കാര്‍ വാങ്ങുന്നതിനൊപ്പം ഒരു സൈക്കിള്‍ കൂടി വാങ്ങാം. വാട് ഏന്‍ ഐഡിയ സെര്‍ജീ......!

കരിമ്പുക പുറന്തള്ളല്‍ കാര്യങ്ങളില്‍ വളരെയേറെ ആശങ്ക പുറംനാടുകളില്‍ വളരുന്നുണ്ട്. ചൂട് നിമിത്തം വീട്ടിനകത്ത് ഇരിക്കാന്‍ പോലും കഴിയാതെ നാം ഞെരിപിരി കൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. ആഗോളതാപനം എന്നുകേട്ടാല്‍ വന്‍ സിദ്ധാന്തങ്ങള്‍ പടച്ചുവിടാന്‍ ബുദ്ധിജീവികള്‍ ധാരാളം നമ്മുടെ നാട്ടിലുണ്ട്. അവര്‍ പോലും അടുത്ത വളവിലെ കടയില്‍ നിന്ന് ജീരകം വാങ്ങാന്‍ കാറെടുത്തേ പുറത്തിറങ്ങൂ എന്നതാണ് സ്ഥിതി. ഇവരെയാണ് നാം 'പ്രബുദ്ധമലയാളി' എന്ന് വിളിച്ച് കളിയാക്കാറുള്ളത്.

പറഞ്ഞുവന്നത് ഇതാണ്: കാറിനൊപ്പം ഒരു സൈക്കിള്‍ എന്നത് ഒരു മൂലമന്ത്രമാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഇത് എന്തുകൊണ്ട് എന്നതിന് കൂടുതല്‍ യുക്തിയുക്തമായ കാരണങ്ങള്‍ ആവശ്യമാണ്.

'എന്തുകൊണ്ട് സൈക്കിള്‍?' എന്നതാണ് ഇവിടെ വിഷയം. ഇതുസംബന്ധിച്ച, 'സൈക്കിള്‍ മതമൗലിക വാദിക'ളുടെ ലഭ്യമായ അഭിപ്രായങ്ങളെ ആശ്രയിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ നിങ്ങള്‍ക്കുള്ളിലെ കാര്‍ പ്രണയിക്ക് വേദനിക്കുന്നുവെങ്കില്‍ ക്ഷമിക്കുക.

1) 'എന്തുകൊണ്ട് സൈക്കിള്‍' എന്ന ചോദ്യത്തിന്‍റെ ആദ്യ ഉത്തരം 'വിലക്കുറവ്' എന്നതാണ്. ഒരു പുതിയ കാര്‍ വാങ്ങുന്നതുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കാത്ത വിധം കുറഞ്ഞ വിലയില്‍ സൈക്കിള്‍ വിപണിയില്‍ ലഭിക്കുന്നു. അമേരിക്കയുടെ ഏഏഏ റേറ്റിംഗ് അന്തംവിട്ട് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ എന്ത് വിശ്വസിച്ചാണ് ഒരാള്‍ വന്‍ തുക കടം വാങ്ങി കാറെടുക്കുക എന്നാണ് ചില സൈക്കിള്‍ മൗലിക വാദികള്‍ ചോദിക്കുന്നത്. നമുക്ക് അത്രത്തോളം പോകേണ്ട. നേരത്തെ പറഞ്ഞതു മാതിരി കാറിനൊപ്പം ഒരു സൈക്കിള്‍ എന്നതാണ് നമ്മുടെ മുദ്രാവാക്യം.

2) സൈക്കിള്‍ യാതൊരു വിധത്തിലുള്ള മലിനീകരണവും നടത്താത്ത വളരെ ശാന്തസ്വഭാവമുള്ള ഒരു ജീവിയാണ്. 

3) കാറുകളെയും മറ്റ് വാഹനങ്ങളെയും പോലെ പ്ലാസ്റ്റിക് ഉപയോഗം വളരെയില്ല എന്നതാണ് മറ്റൊരു ഗുണം. ഇക്കാരണത്താല്‍ ഒരു സൈക്കിള്‍ കൂടി വാങ്ങിയാല്‍ പ്ലാസ്റ്റിക് മലിനീകരണം കൂടുമല്ലോ എന്ന ആശങ്ക വേണ്ട.

4) ചെറിയ ദൂരത്തേക്ക് സൈക്കിളെടുത്ത് യാത്ര തിരിക്കുമ്പോള്‍ നികുതി അടയ്ക്കുന്ന മറ്റുള്ളവരെ ബഹുമാനിക്കുകയാണ് നാം ചെയ്യുന്നത്. നികുതി ദായകന്‍റെ പണമെടുത്തിട്ടാണല്ലോ റോഡ് നിര്‍മാണം നടത്തുന്നത്. ഈ റോഡിലൂടെ ഇടയ്ക്കിടെ വാഹനം വെറുതെ ഓടിച്ച് ഉള്ള ഗട്ടറുകളുടെ വലിപ്പം കൂട്ടുന്ന പ്രവൃത്തിക്ക് നമ്മളെന്തിന് കൂട്ടു നില്‍ക്കണം? ഇതിനെയാണ് പൗരബോധം, പൗരബോധം എന്നു പറയുന്നത്.

5) ചിലയാളുകള്‍ രണ്ടാമതൊരു വാഹനം കൂടി വാങ്ങി ഗാരേജിലിടാന്‍ ഉത്സാഹമുള്ളവരാണ്. രണ്ടാം വാഹനം എന്ന തോന്നല്‍ വരുമ്പോള്‍ അത് സൈക്കിളിനപ്പുറം പോകാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നമുക്കും നന്ന് നാട്ടാര്‍ക്കും നന്ന്.

നഗരങ്ങളില്‍ 'ഗുരുക്കന്മാ'രുടെ എണ്ണം കൂടി വരികയാണ്. ഇതിനുള്ള പ്രധാന കാരണം ശോധനക്കുറവാണ്. വിശദീകരണം ആവശ്യമാണല്ലേ? തരാം.

നഗരങ്ങളിലെ ഭക്ഷണരീതികള്‍ പലപ്പോഴും വയറിനെ നാശമാക്കാന്‍ പര്യാപ്തമായവയാണ്. ഭക്ഷണം അന്തമില്ലാതെ അടിച്ചുകയറ്റാന്‍ കെ എഫ് സി പോലുള്ള സ്ഥാപനങ്ങള്‍ നമ്മെ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ വയറിന് അസുഖം പിടിച്ചവരാണ് യോഗ ക്ലാസ്സുകളില്‍ ഇടിച്ചുകയറുന്നത്. ഇവരെയാണ് ചില ഗുരുക്കന്മാര്‍ വലയെറിഞ്ഞ് പിടിക്കുന്നത്. ഇവരെ 'ശോധനാഗുരുക്കന്മാര്‍' എന്ന് വിളിക്കുക. 

6) സൈക്കിള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ, അത്ഭുതമേ, നമ്മുടെ വയറിന്‍റെ പ്രശ്നങ്ങള്‍ പോയൊഴിയുന്നു. ഇത് മറ്റൊരു സാമൂഹ്യ സേവനത്തിനു കൂടി കാരണമാകും. ശോധനാഗുരുക്കന്മാര്‍ ഉന്മൂലനാശം ചെയ്യപ്പെടും!

7) അന്താരാഷ്ട്ര വിലയില്‍ മാറ്റമുണ്ടാകുന്നതനുസരിച്ച് ആഭ്യന്തര വിലയില്‍ മാറ്റം വരുത്താന്‍ വേണ്ടിയാണ് പെട്രോള്‍ വിലയിടീല്‍ കര്‍മം കുത്തക കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ഇപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അന്താരാഷ്ട്ര വില കൂടുമ്പോള്‍ മാത്രമാണ് ആഭ്യന്തര വിലയില്‍ മാറ്റമുണ്ടാകുന്നത് എന്നാണ്. ഇത് വാഹനം വാങ്ങുന്നവനെ ഇരുട്ടത്തിട്ട് പെരുമാറുന്നതിന് തുല്യമാണ്. ഡീസല്‍ കാറുകള്‍ വാങ്ങിയാല്‍ പ്രശ്നം ഒടുങ്ങുമെന്നാണ് ചിലര്‍ കരുതുന്നത്. ഡീസലിന്റെ വില വര്‍ധനവും ഡീസല്‍ കാറുകളുടെ അടിക്കടി ഉണ്ടാവുന്ന റിപെയര്‍ഉം നോക്കിയാല്‍ അതും വളരെ നഷ്ടമാണന്നു കാണാം. പറഞ്ഞു വന്നത്, ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കാനായി സാധ്യമായ സമയങ്ങളില്‍ സൈക്കിള്‍ ഉപയോഗിക്കുക എന്നതാണ്.

8) ഇന്നത്തെക്കാലത്ത് നഗരങ്ങളില്‍ ഏറ്റവും വേഗതയേറിയതും കാര്യക്ഷമവുമായ വാഹനം സൈക്കിള്‍ തന്നെയാണ്. ട്രാഫിക് കുരുക്കുകളില്‍ നിന്ന് എളുപ്പത്തില്‍ ഊരിപ്പോരാന്‍ സൈക്കിള്‍ സഹായിക്കുന്നു. അതിനാല്‍ ഓഫീസ് യാ‍ത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുക.


Air pollution

No comments: