ജനല്‍ചില്ലുകള്‍ക്കപ്പുറത്ത് ആര്‍ത്തുപെയ്യുന്ന മഴയുടെ ശീല്‍ക്കാരം കേട്ടുകൊണ്ടാണ് അന്ന് ഉറക്കമുണര്‍ന്നത്. തലവഴി മൂടിപ്പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിച്ചുമാറ്റി മെല്ലെ എഴുന്നേറ്റ് ജനവാതില്‍ തുറന്നപ്പോള്‍ കാറ്റിന്റെ കൈകളിലേറി മഴച്ചാറല്‍ മുഖത്തുവന്നു തഴുകി. മുറ്റത്ത് തളംകെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ എന്തോ കൊത്തിചികഞ്ഞുകൊണ്ടിരിക്കുന്ന ഓലേഞ്ഞാലിയെ നോക്കിയിരുന്നപ്പോഴാണ് 'സോനു നിഗം' നീട്ടി പാടിയത്..... മൊബൈലെടുക്കാനായി കൈ നീട്ടിയപ്പോള്‍ കണ്ടു, ഗൂഗിള്‍ ടോക്കില്‍ രതീശന്റെ മെസ്സേജ് വന്നുകിടപ്പുണ്ട്... 'എപ്പോഴാണ് യാത്ര...' ഈശ്വരാ ഇന്നലെ കംപൂട്ടര്‍ ഓഫ് ചെയ്യാതെയാണോ കിടന്നത്... ഇത്തവണത്തെ കറന്‍റ് ബില്ലു വരുമ്പോള്‍ അറിയാം...! കംപൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്ത് മൊബൈല്‍ എടുത്തപ്പോള്‍ അങ്ങേതലക്കല്‍ ശരത്തിന്റെ ശബ്ദം.... 'ഡാ... റെഡിയായില്ലേ...?' 'എന്താടാ ചെയ്യ്വാ മഴയാണല്ലോ..' 'അതൊന്നും സാരമില്ല, ഏതായാലും തീരുമാനിച്ചതല്ലേ, പോയ്ക്കളയാം....', 'ശരി എങ്കില്‍ ഞാന്‍ എട്ടര ആവുമ്പോഴേക്കും എത്താം' കുളികഴിഞ്ഞെത്തുമ്പോള്‍ മേശപ്പുറത്ത് കൊണ്ടുപോവേണ്ട സാധനങ്ങളെല്ലാം അമ്മ റെഡിയാക്കി വെച്ചിരുന്നു.... ..... രണ്ട് ജോഡി ഡ്രസ്സ്, തോര്‍ത്ത്, കേമറ, ഒരു സഞ്ചി നിറയെ ഈത്തപഴം...... അല്ല, റെയിന്‍കോട്ടെവിടെ...? ഒന്ന് ഒച്ചവെച്ചപ്പോള്‍ ജിംന എവിടൊക്കെയോ തെരഞ്ഞ് റെയിന്‍കോട്ടെടുത്തു കൊണ്ടുവന്നു.
ഇന്നലെ ഉച്ചക്ക് തുടങ്ങിയ മഴയാണ്.. ഇതുവരെ അടങ്ങിയിട്ടില്ല. ഈ പെരുമഴയത്ത് കോട്ടില്ലാതെങ്ങനാ..?! ബൈക്കെടുത്ത് ബിജുവിന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ എല്ലാവരും എന്നെ കാത്തിരിക്കുകയായിരുന്നു. എന്നെ കണ്ടയുടനെ ബിജുവിന്റെ അമ്മ ഓടിവന്ന് ചോദിച്ചു... 'അപ്പൊ.. പോവാന്‍തന്നെ തീരുമാനിച്ചു അല്ലേ....? ഞാന്‍ കരുതി കേന്‍സല്‍ ചെയ്തിട്ടുണ്ടാവുംന്ന്....' അല്ല, അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം കഴിഞ്ഞ വര്‍ഷം ഇതേ സമയം പേരുപോലും അറിയാത്ത ഏതോ ഒരു കാട്ടില്‍ പോയിട്ട് വഴിയറിയാതെ ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കുടുങ്ങിപോയതും പുലിയുടെ വായില്‍നിന്നും കഷ്ടിച്ചു രക്ഷപെട്ടതും നാട്ടില്‍ പാട്ടാണല്ലോ... 'പിന്നെ ബിനീഷേ... അവിടംവരെ നിങ്ങള്‍ ബൈക്കിലാണോ പോകുന്നത്...? ' ......രാജേട്ടനാണ്... എല്ലാവരുടേയും കയ്യിലിരിപ്പ് അവര്‍ക്ക് നന്നായറിയാം.. അതാണ് അങ്ങനെ ഒരു ചോദ്യം..... 'ഏയ്... ബൈക്ക് കണ്ണൂരില്‍ വെച്ചിട്ട് അവിടുന്ന് ടാറ്റാ സുമൊ പിടിച്ചിട്ട് പോവും....' ഞാനത് പറയുമ്പോള്‍ വാവയും ഷിനോജും ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു. പുറപ്പെടാന്‍ നേരം ഷിനോജിന്റെ വക ഉപദേശം... 'മഴയാണ്, പത്തെഴുപത് കിലോമീറ്റര്‍ റൈഡ് ചെയ്യേണ്ടതുമാണ്.. അതുകൊണ്ട് മെല്ലെ എല്ലാവരും പരസ്പരം കാണത്തക്കരീതിയില്‍ ബൈക്ക് ഓടിച്ചാല്‍ മതി.' ....മിഥുവിനോടാണ്.... അവനാണ് കൂട്ടത്തില്‍ വേഗതയോട് അത്രയും പ്രണയമുള്ളത്.
കണ്ണൂരിലെത്തിയപ്പോള്‍ കുട്ടുവിനേയും ഷിനോജിനേയും ബാക്കി സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ചിട്ട് ഞാന്‍ ഇന്‍റര്‍നെറ്റ് കഫേയില്‍ കയറി. കേമറ മെമ്മറികാര്‍ഡിലെ ഫോട്ടൊ മുഴുവന്‍ റൈറ്റ് ചെയ്ത് മാറ്റണം. കാര്‍ഡ് റീഡര്‍ കംപ്ലയിന്‍റായതുകൊണ്ട് വീട്ടില്‍വെച്ച് ചെയ്യാന്‍ കഴിഞ്ഞില്ല. കഫേയില്‍ അധികം ഉയരമില്ലാത്ത വട്ടമുഖമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ഞാന്‍ റൈറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്റെ തൊട്ടടുത്ത കസേരയില്‍ വന്നിരുന്നു. ഒന്ന്.... രണ്ട്.... മൂന്ന്..... കംപൂട്ടറില്‍ 'നീറോ' യുടെ പ്രോഗ്രസ്സും നോക്കിയിരുന്നപ്പോള്‍ വെറുതെ അവളോട് പേര് ചോദിച്ചു.. ........ദീപിക......... അപ്പോഴാണ് വാവയുടെ ഫോണ്‍ വന്നത്. മൊബൈലെടുത്ത് ചെവിയോട് ചേര്‍ത്തപ്പോള്‍ അക്ഷമനായി ജിത്തുവിന്‍റെ ശബ്ദം... 'ഡാ നിനക്കിനിയും വരാറായിട്ടില്ലേ...?' 'നിന്റെയൊക്കെ ഫോട്ടൊ തന്നെയാണ് ഇതില്‍ നിറയെ... എന്നാപിന്നെ മുഴുവന്‍ കളഞ്ഞേക്കട്ടെ...?' ഉള്ളില്‍ തോന്നിയ ദേഷ്യം മറച്ചുവെക്കാതെ ഞാന്‍ ചോദിച്ചു. അവന്റെ മറുപടിക്കു കാത്തുനിക്കാതെ ഫോണ്‍ വെക്കുമ്പോള്‍ പുറത്ത് മഴ തകര്‍ക്കുകയായിരുന്നു.
എല്ലാം കഴിഞ്ഞ് കണ്ണൂര്‍ ടൗണ്‍ വിടുമ്പോള്‍ പതിനൊന്ന് മണി കഴിഞ്ഞിരുന്നു. ഞാന്‍ എന്റെ ബൈക്കിലെ കിലോമീറ്റര്‍ മനസ്സില്‍ കുറിച്ചിട്ടു. ഏറ്റവും പിന്നിലായിട്ടാണ് ഞങ്ങളുടെ ബൈക്ക് നീങ്ങിയത്. അതുകൊണ്ടുതന്നെ കുറച്ചകലെയായി ബാക്കി മൂന്നു ബൈക്കും ഞങ്ങള്‍ക്ക് കാണാമായിരുന്നു. ശക്തിയായ മഴ കണ്ണില്‍ പതിക്കുന്നതുകൊണ്ട് എല്ലാവരും പതുക്കെയാണ് വണ്ടി ഓടിച്ചിരുന്നത്. തളിപ്പറമ്പ് കഴിഞ്ഞ് കുറച്ച് ചെന്നപ്പോള്‍ റോഡില്‍ ശരിക്കും ഒരു പുഴ തന്നെ.... അതുവരെ പെയ്ത മഴവെള്ളം മുഴുവന്‍ റോഡില്‍ കെട്ടി കിടക്ക്വാണ്... ഞങ്ങളേയും തോളിലേറ്റി 'യൂണികോണ്‍' പതുക്കെ ആ പുഴ നീന്തി കടന്നു. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ഓടിക്കാണും..... അവന്റെ സൈലന്‍സറില്‍ നിന്നും ഒരു തുമ്മല്‍ ശബ്ദം.... പിന്നെ ഓടാന്‍മടിച്ച് അവന്‍ പതിയെ നിന്നു.... ഞാന്‍ തിരിഞ്ഞ് ബിജുവിന്‍റെ മുഖത്തേക്ക് നോക്കി.... 'ഏയ് സാരമില്ല, അത് സൈലന്‍സറില്‍ വെള്ളം കേറിയിട്ടാവും.... ഇപ്പൊ ശരിയാക്കാം...' അവന്‍ നല്ല ധൈര്യത്തിലായിരുന്നു. ഏതായാലും ഞാന്‍ പേടിച്ചപോലൊന്നും സംഭവിച്ചില്ല. അടുത്ത സ്‌റ്റോപ്പില്‍ എല്ലാവരും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. അവിടെനിന്ന് മഴയില്‍ നനഞ്ഞ് ഒരു ഫോട്ടോയും എടുത്ത് വീണ്ടും യാത്രയായി.
ഏതാണ്ട് അര മണിക്കൂര്‍ ഓടിക്കാണും. ഒരു വലിയ കയറ്റം കേറി ചെല്ലുമ്പോള്‍ നേരെ മുമ്പിലായി വലത് വശത്തേക്ക് വിരല്‍ചൂണ്ടി ഒരു കെ. ടി. ഡി. സി. ബോര്‍ഡുണ്ടായിരുന്നു..........'പൈതല്‍മല 26 കിലോമീറ്റര്‍' സ്ഥലം ഒടുവള്ളിയാണ്. ഇവിടെ നിന്ന് വലത്തേക്ക് മാറി പോകണം. സമയം ഒരുമണി ആയിരിക്കുന്നു. 'മതി.. ഇനി ഊണ് കഴിച്ചിട്ട് മതി യാത്ര' ..... ശരത്താണ്..... അല്ലെങ്കിലും വിശപ്പിന്റെ
അസുഖം കൂടുതലുള്ളത് അവന് തന്നെയാണല്ലോ...! ഊണ് കഴിഞ്ഞ് പിന്നെ അരമണിക്കൂര്‍ യാത്ര ചെയ്തപ്പോഴേക്കും പൈതല്‍മലക്ക് മുന്‍പുള്ള അവസാനത്തെ ടൗണ്‍ എത്തി.... ....നടുവില്‍..... പിറ്റേന്ന് രാവിലെ വരേക്കുള്ള ഭക്ഷണവും വാങ്ങി, പിന്നേയും അരമണിക്കൂര്‍ കൂടി.. ഞങ്ങളിപ്പൊ വലിയ കയറ്റം കയറുകയാണ്.... എന്നെയും തൊണ്ണൂറ് കിലോയുള്ള ബിജുവും സാമാന്യം വലിപ്പമുള്ള ഒരു ബേഗും തൂക്കി കയറ്റം കയറുമ്പോള്‍ 'യൂണികോണ്‍' ഉച്ചത്തില്‍ കരഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു.... 'ഹാവൂ.... ' എന്റെ വണ്ടിയൊരു ദീര്‍ഘനിശ്വാസം വിട്ടുകാണണം... റോഡവസാനിച്ചിരിക്കുന്നു. ഇനിയങ്ങോട്ട് കാട്ടുപാതയാണ്.
ദൂരെ മലമുകളില്‍ ചെറിയൊരു തീപ്പെട്ടികൂടുപോലെ വാച്ച് ടവര്‍ കാണാം. നോക്കിയിരിക്കേ ഒരു മജീഷ്യന്റെ ചടുലതയോടെ കോട വന്ന് വാച്ച് ടവര്‍ മായ്ച്ചു കളഞ്ഞു.... ഞാന്‍ മൊബൈലെടുത്ത് നമ്പര്‍ സെര്‍ച്ച് ചെയ്തു.... 'രാജു തോന്നക്കല്‍'.... ഡി.ടി.പി.സി മെമ്പറാണ്. 'കാറ്റും കോളുമായതുകൊണ്ട് ആനയിറങ്ങും.. കോടകാരണം തൊട്ടടുത്ത് വന്നാലും നിങ്ങള്‍ക്കതിനെ കാണാനും പറ്റില്ല.... ഈ രാത്രി അവിടെ തങ്ങാതിരിക്കുന്നതാണ് ബുദ്ധി..' അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും നേരിയ വിറയലുണ്ടാക്കി. ഇനിയിപ്പൊ എന്തുചെയ്യും... ഞങ്ങളില്‍തന്നെ രണ്ട് പക്ഷക്കാരുണ്ടായി... ഇവിടെ തങ്ങിയിട്ട് രാവിലെ മലകേറാമെന്ന് കുറച്ച്‌പേര്‍.... എന്തായാലും വെച്ച കാല്‍ പുറകോട്ടില്ലെന്ന് തീരുമാനിക്കാന്‍ അധികം താമസമുണ്ടായില്ല..!! എല്ലാവരും കാലില്‍ ഉപ്പുവാരിത്തേച്ച് അതിനുമേലെ സോക്‌സും ഷൂസുമിട്ട് പാന്റ്‌സിന്റെ അറ്റം സോക്‌സിനുള്ളില്‍ തിരുകി കയറ്റി, എല്ലാറ്റിനും മേലെ റെയിന്‍കോട്ടുമിട്ട് ബൈക്കും ലോക്ക് ചെയ്ത് നടക്കാന്‍ തുടങ്ങി...... മെല്ലെ കാട്ടിലേക്ക്....
മഴ ഇപ്പോ തെല്ലൊന്നടങ്ങിയിട്ടുണ്ട്. കാട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ ഇരുട്ടിന് കനംവെച്ച് തുടങ്ങി... നാല് മണി ആവുന്നതേയുള്ളൂവെങ്കിലും നേരം സന്ധ്യയായതുപോലെ തോന്നി.... ആരുമാരും അധികം സംസാരിക്കുന്നില്ല... ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ക്കും കുറ്റികാടുകള്‍ക്കുമിടയില്‍ വളഞ്ഞും പുളഞ്ഞും നേരിയ നടപ്പാത കാണാനുണ്ട്. ആരും പുറത്ത് കാണിക്കുന്നില്ലെങ്കിലും എല്ലാവരിലും ഒരു ഭയം തളംകംട്ടി കിടക്കുന്നുണ്ടായിരുന്നു. അതിനു പിന്നണിയെന്നോണം ചീവീടുകള്‍ കൂട്ടത്തോടെ ഒച്ചവെച്ചുതുടങ്ങി.... ഇടക്കിടെ വഴിമുറിച്ചുകൊണ്ട് കൊച്ചു മരങ്ങള്‍ വീണു കിടപ്പുണ്ട്. ഓരോരുത്തരുടേയും കണ്ണുകള്‍ കാട്ടുപാതയുടെ ഇരുവശവും അലഞ്ഞു നടക്കുകയായിരുന്നു. കാതുകള്‍ കേള്‍ക്കാന്‍ കൊതിക്കാത്ത ഏതോ ശബ്ദത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഏതു നിമിഷവും ഒരു ഒറ്റയാന്‍ വന്ന് മുന്നില്‍ നില്‍ക്കാം.... അല്ലെങ്കില്‍ അടുത്ത തിരിവില്‍ വഴിമുടക്കി അവന്‍ നില്‍ക്കുന്നുണ്ടാവാം.... അതുമല്ലെങ്കില്‍ കാതടപ്പിക്കുന്ന ഒരലര്‍ച്ച ഏതു നിമിഷവും കാടിനെ പ്രകമ്പനം കൊള്ളിക്കാം... 'അയ്യോ. അട്ട........' ആനയുടെ അലര്‍ച്ചക്കു പകരം കേട്ടത് കുട്ടുവിന്റെ നിലവിളിയാണ്... 'ഡാ ആന വരുന്നേ എന്ന് പറയുംപോലാണോ അട്ടയെന്നു പറയുന്നേ...?' അട്ടയെ പറിച്ചെടുക്കുന്നതിനിടയില്‍ ബിജു അവന്റെ തലക്കിട്ടൊന്നു കൊടുത്തു.
ദൂരെ ഒരു പൊട്ടുപോലെ കുറച്ച് വെളിച്ചം കണ്ടു... അടുക്കും തോറും ആ വെളിച്ചം കൂടിക്കൂടി വന്നു. 'ഈശ്വരാ ഞങ്ങളെത്തിയോ...?' ശരിയാണ് ഞങ്ങളിപ്പോ, സമുദ്ര നിരപ്പില്‍ നിന്നും 1372 മീറ്റര്‍ ഉയരത്തിലാണ്. കണ്‍മുന്നില്‍ നിറയെ പഞ്ഞികെട്ടുകള്‍ പോലെ മേഘങ്ങള്‍ ഒഴുകി നടക്കുകയാണ്. പതുക്കെ മേഘങ്ങള്‍ ഒഴിഞ്ഞുമാറിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.... എന്റെ സന്തത സഹചാരിയായ 'സോണി സൈബര്‍ഷോട്ടിനു' പോലും ഈ സൗന്ദര്യം പൂര്‍ണ്ണമായി ഒപ്പിയെടുക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. ഇളം പച്ച പുതപ്പ് വിരിച്ച് കിടക്കുന്ന പൈതല്‍മല. അങ്ങകലെ നീണ്ടുകിടക്കുന്ന വഴിയുടെ അറ്റത്ത് ഒരു മായാവിക്കോട്ടപോലെ വാച്ച് ടവര്‍. മലമടക്കുകളില്‍ കരിംപച്ച നിറത്തില്‍ നിഗൂഢമായ കാടുകള്‍.. ഒഴുകിനടക്കുന്ന വെണ്‍മേഘങ്ങള്‍.... ശക്തമായ കാറ്റിനെതിരെ പറക്കാന്‍ ശ്രമിക്കുന്ന പേരറിയാത്ത ഏതോ പക്ഷി...... വാച്ച് ടവറില്‍ കയറി എല്ലാവരും ഡ്രസ്സ് മാറുന്നതിനിടയില്‍ ഞാന്‍ കേമറയും തൂക്കിയിറങ്ങി. ദൂരെ മാടിവിളിക്കുന്നതുപോലെ സൂയിസൈഡ് പോയന്‍റ്... ടവറിന്റെ ഇടതുവശം താഴോട്ട്മാറി ഒരു തടാകം പോലെ വെള്ളം തളംകെട്ടികിടക്കുന്നു. മുഖം നോക്കാനായിരിക്കണം മേഘങ്ങള്‍ ഇതിനുമേലെ താഴ്ന്നു പറക്കുന്നത്.
തിരിച്ചുവന്നപ്പോള്‍ ജിത്തുവും ബിജുവും ടെന്റ് കെട്ടാനുള്ള ഒരുക്കത്തിലായിരുന്നു. ടവറിന്റെ മുകളില്‍ ഒരുവിധം ഷീറ്റ് വലിച്ചുകെട്ടി. അവിടെ നേരെ നില്‍ക്കാന്‍ പോലും പറ്റുന്നില്ല. അത്രയും ശക്തിയായ കാറ്റില്‍ ഞങ്ങളും പറന്നുപോകുമെന്ന് തോന്നി. പെട്ടെന്നാണ് മേഘത്തിന്റെ സ്വഭാവം മാറാന്‍ തുടങ്ങിയത്.... വെണ്‍മേഘങ്ങള്‍ കറുത്തിരുളാന്‍ തുടങ്ങി... കാറ്റ് ഹുങ്കാര ശബ്ദത്തോടെ ഒന്നുകൂടി ശക്തിയാര്‍ജ്ജിച്ചു...... അതിനേക്കാള്‍ ശക്തിയില്‍ ആര്‍ത്തലച്ച് മഴയും താണ്ഡവമാടാന്‍ തുടങ്ങി... ഞങ്ങളെട്ടുപേരും വലിച്ചുകെട്ടിയ ഷീറ്റിനടിയില്‍ കയറി നിന്നു. പക്ഷേ ബിജുമാത്രം എന്തോ വെളിപാട് കിട്ടിയതുപോലെ പുറത്തേക്കിറങ്ങിയോടി...! ഞാന്‍ ഷീറ്റിനിടയില്‍ക്കൂടി നോക്കുമ്പോള്‍ അവന്‍ കുറച്ചകലെയെത്തിയിരുന്നു.... പെട്ടെന്നാണ് അതെന്റെ കണ്ണില്‍ പെട്ടത്.... വല്ലാത്ത ഒരാന്തലോടെ ഞാന്‍ മറ്റുള്ളവരേയും ആ കാഴ്ച കാണിച്ചു കൊടുത്തു.... എല്ലാവരുടേയും ശ്വാസം നിലച്ചുപോയ നിമിഷം.... ബിജു നില്ക്കുന്നിടത്തുനിന്ന് അല്‍പ്പം മാറി കാട്ടില്‍ നിന്നും ഒരാന കയറിവരുന്നു... ശരം പോലെ ഓടിവന്ന അത് അവന്‍ നിക്കുന്നിടവും കഴിഞ്ഞ് എതിരേയുള്ള കാട്ടിലേക്ക് ഓടിമറഞ്ഞു.......! ഒഴിഞ്ഞുപോയ അപകടത്തെ ഓര്‍ത്ത് നെടുവീര്‍പ്പിടുന്നതിനിടയില്‍ വീശിയടിച്ച കാറ്റ് ഷീറ്റിന്റെ ഒരുഭാഗത്ത് കെട്ടിയ കയറ് വലിച്ച് പൊട്ടിച്ചു.... ബേഗും സാധനങ്ങളുമെടുത്ത് ഓടി ഞങ്ങള്‍ വാച്ച് ടവറിന് തൊട്ടുകിടക്കുന്ന മുറിയില്‍ ചെന്നു നിന്നു... മുറിയെന്നൊന്നും പറയാനൊക്കില്ലെങ്കിലും, ഒരു മേല്‍ക്കൂരയും നാല് ചുമരുമുണ്ടായിരുന്നു.. ജനലിന്റേയും വാതിലിന്റേയും സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. ജനലിന്റെ ഭാഗത്തുകൂടെ മഴ അകത്തേക്ക് വീഴുന്നുണ്ട്. തറയാണെങ്കില്‍ അഴുക്കുവെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭാഗ്യത്തിന് ചുമരില്‍ രണ്ട് ഭാഗത്തും ഓരോ കമ്പി തറച്ചുകയറ്റിയിട്ടുണ്ട്. ഷീറ്റ് അഴിച്ചുകൊണ്ടുവന്ന് കമ്പിയില്‍ പിടിച്ചുകെട്ടി ബാക്കി ഭാഗം തറയില്‍ അഴുക്ക് വെള്ളത്തിന് മുകളിലേക്കിട്ടു.. ഇതിലാണ് രാത്രി മുഴുവന്‍ കഴിയേണ്ടതെന്നോര്‍ത്തപ്പോള്‍ പലര്‍ക്കും വരേണ്ടിയിരുന്നില്ലെന്നു തോന്നി.
രാത്രി വളരുന്തോറും മഴയും ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.. ഇതുവരെ കേട്ടിട്ടില്ലാത്ത എന്തൊക്കെയോ ശബ്ദങ്ങളും ഇടക്കിടെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. രാത്രി മുഴുവന്‍ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നു... നിശയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ആണ് മഴ അവസാനിച്ചത്... രാവിലെ വെണ്‍മേഘങ്ങള്‍ ഞങ്ങളേയും കാത്ത് പുറത്ത് നില്‍പ്പുണ്ടായിരുന്നു.... ഈ മേഘങ്ങളാണ് ഇന്നലെ കറുത്തിരുണ്ട് തിമര്‍ത്താടിയത്.... ഒരുപക്ഷേ ഇവയ്ക്കും വികാരങ്ങളുണ്ടായിരിക്കാം... എല്ലായിടവും ഒന്നുകൂടെ ചുറ്റിക്കണ്ട്, സൂയിസൈഡ് പോയിന്റിന്റെ വന്യമായ സൗന്ദര്യം കേമറയില്‍ പകര്‍ത്തി ഞങ്ങള്‍ തിരിച്ചു നടന്നു....... കാട്ടുപാതയിലേക്ക് ഇറങ്ങുംമുന്‍പ് ഞാനൊന്നുകൂടെ തിരിഞ്ഞു നോക്കി......... മെല്ലെ ഒഴുകി നീങ്ങുന്ന വെണ്‍മേഘങ്ങള്‍.... ഒരായിരം പ്രാവശ്യം പെയ്തിറങ്ങാനുള്ള കണ്ണുനീരുംപേറി അവളെന്നെനോക്കി വശ്യമായി പുഞ്ചിരിച്ചു...... അവസാനമായി.
Text&Photos: Bineesh R.K
No comments:
Post a Comment