Thursday, November 15, 2012

ഫേസ്ബുക്കില്‍ നിന്നു കിട്ടിയ ചില കഥകള്‍/ലേഖനങ്ങള്‍

അറേഞ്ച്ട് മാര്യേജ്
ഇക്കഥയിലെ അറേഞ്ച്ട് മാര്യേജ് ഒരു ഗ്ലാസ് സ്റ്റോറിയാണ്. പെണ്ണുകാണലിലെ ചായഗ്ലാസ്സില് തുടങ്ങി, ആദ്യരാത്രിയിലെ പാല്ഗ്ലാസ്സില്, ട്വിസ്റ്റോടുകൂടി സ്റ്റോപ്പാവുന്ന ഒരു ഗ്ലാസ് സ്റ്റോറി .

പെണ്ണ് കാണല് ….. ബെല്റ്റിടാതെ ലോ വൈയ്സ്റ്റ് പാന്റിട്ട് നടക്കുന്നത് പോലെയാണ്. ഓരോ സെക്കണ്ടും പിരിമുറുക്കം നിറഞ്ഞതായിരിക്കും. കന്നികാണല് ആണെങ്കില് അവസ്ഥ അതിലും മാരകമായിരിക്കും. മനു അനുഭവിച്ചറിഞ്ഞു... കൊണ്ടിരിക്കുകയായിരുന്നു അത്.
വിവാഹ മാര്ക്കറ്റില് ചെല്ലുമ്പോള് കൂലിപണിക്കാര് മുതല് CEOമാര് വരെ എഴുന്നള്ളിക്കുന്ന സ്പെസിഫിക്കേഷന്സ് ഉണ്ടല്ലോ, ഗ്രാമീണത, ശാലീന സൌന്ദര്യം, നാട്ടിന് പുറത്തുകാരി, നിഷ്കളങ്കത …..ഇതൊക്കെതന്നെയാണ് മനുവും ആഗ്രഹിച്ചത്. കൂട്ടത്തില് ഒന്ന്കൂടെ പറഞ്ഞു,
“കേരളത്തിന് പുറത്തു ഹോസ്റ്റലില് നിന്ന് പഠിച്ച കുട്ടിയാണെങ്കില് ജാതകം പോലും എന്റെ വീട്ടില് കേറ്റരുത്.”
ഇതൊക്കെ ഏതാണ്ട് ഒത്തുവന്ന്, കുട്ടന് പണിക്കര് ഒറ്റനോട്ടത്തില് ‘proceed’ എന്ന് കണ്ണുംപൂട്ടി പറഞ്ഞ ഒരു ചിങ്ങത്തിലെ ചതയതിന്റെ വീട്ടിലാണ് മനുവും,ഏട്ടനും,അച്ഛനും,അമ്മയും കൂടി ചായകുടിക്കാന് വന്നിരിക്കുന്നത്.

പെണ്കുട്ടിയുടെ അമ്മ ജിലേബിയും , ലഡുവും കൊണ്ടുവെച്ചു. മനു ഒരു ലഡുവെടുത്തപ്പോള് കുട്ടിയുടെ അച്ഛന്റെ കമെന്റ്,
“മോനെ, മോളെ കാണുമ്പോ ലഡു പൊട്ടരുതേ”
പുളിച്ച വിറ്റടിച്ചിട്ട് ഒറ്റയ്ക്ക് ഹലാക്കിലെ ചിരി ചിരിക്ക്യാണ് ഭാവി ഫാദര് ഇന് ലോ.വോവ്!വാട്ട് എ ബ്യൂട്ടിഫുള് സീന് !കമ്മീഷന് കൂടുതല് തരുമെന്ന് കരുതീട്ടാവും ബ്രോക്കര് ഇടയ്ക്കൊന്നു കമ്പനി കൊടുത്ത്. മനു ഏട്ടനെ നോക്കി, എട്ടന് ഇപ്പഴേ ഇറങ്ങി ഓടിയാല് കൊള്ളാമെന്നുണ്ട്.
മനു, ലഡു എടുത്തിടത്തു തന്നെ തിരികെവെച്ചു.

കുട്ടി ചായയുമായി വന്നു, ഇന് ചായഗ്ലാസ്. മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം !
“ഇതാണ്, ഇത് തന്നെയാണ് നിന്റെ പേര് അറ്റത്ത് ചേര്ക്കാന് പോണ ആ പെണ്കുട്ടി” മനസ്സ് അന്നൌന്സ് ചെയ്തു.
അപ്പുറത്തിരുന്നിരുന്ന ഏട്ടന് തോണ്ടിയിട്ട് ചെവിയില്പറഞ്ഞു
“ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള് കല്ലത്തായത്. എന്റേതടക്കം!കണ്ട്രോള് “
അപ്പോഴാണ് താനറിയാതെ തന്റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം മനുവിനെ അടാടെ ആകര്ഷിച്ചിരുന്നു.
“ഇതാണ് ഞങ്ങ പറഞ്ഞ പെണ്ണ് , ഇതാണ് പെണ്ണ് ! ” എന്ന ഭാവത്തോടെയാണ് ബ്രോക്കറുടെ നില്പ്പ്.
പിന്നെയാണ് അറേഞ്ച്ട് മാര്യേജ് പെണ്ണുകാണലിലെ ആ FAQ (ഫ്രീക്ക്യുന്റ് കൊസ്റ്റ്യന് ആന്ഡ് ആന്സര് ) പിറന്നത്,
“പേരെന്താ”?
“സുജിത.”
പക്ഷെ ഇവിടെ ചോദിച്ചത് ഏട്ടനും മറുപടി പറഞ്ഞത് അച്ഛനുമായി പോയി. മനു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

കാലമെത്ര പുരോഗമിച്ചിട്ടും പെണ്ണുകാണലിന്റെ സ്ക്രിപ്റ്റിനും, സൊ കാള്ഡ് ഡയലോഗുകള്ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
“ഇനി അവര്ക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും, നമുക്കൊന്ന് മാറികൊടുക്കാം”
പെണ്ണ്കാണലിലെ പവര്പ്ലേയാണ്, ജയവും തോല്വിയും തീരുമാനിക്കുന്ന മിനുട്ടുകള് !
മനുവിനെ സുജിതയുടെ അടുത്ത് ഒറ്റയ്ക്കാക്കി എല്ലാരും പോയി.
“ഓപ്പണായി ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് , ഇപ്പഴത്ത കാലമാണ് ……..ആരോടെങ്കിലും വല്ല പ്രേമമോ മറ്റോ ഉണ്ടോ, ഉണ്ടെങ്കില് പറഞ്ഞോളൂ നോ പ്രോബ്ലം……” മനു ചോദിച്ചു;(Precaution No.1).
“ഒരു പാട് പേര് ഇങ്ങോട്ട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് …….പക്ഷെ എനിക്ക് ……..ഇതുവരെയാരോടും ………അങ്ങനെയൊന്നും………തോന്നിയിട്ട
ില്ല”
WOW! ഏതൊരു ബാച്ചിലറും കേള്ക്കാന് ആഗ്രഹിക്കുന്നു ഹോട്ട് ഫേവറിറ്റ് റിപ്ലെ. മനു ധൃതംഗപുളകിതനായി.
“ഞാന് ഒരു ഫോട്ടോ എടുത്തോട്ടെ ?”
“മം ….എന്തിനാ ?”
“അനിയത്തി സേലത്ത് ചെറിയമ്മയുട വീട്ടില് നിന്നാ പഠിക്കുന്നത്, അവള്ക്ക് അയച്ചുകൊടുത്ത് അഭിപ്രായം ചോദിക്കാനാ .”
ആഹാ അഭിപ്രായം ചോദിയ്ക്കാന് പറ്റിയ മൊതല്, കാണേണ്ട താമസം കുറ്റം പറഞ്ഞു തുടങ്ങിക്കോളും. ആ ഉടല് മുഴുവന് അസൂയമാത്രേ ഉള്ളൂ. ക്ലാസ്സില് തന്നെക്കാള് ഗ്ലാമറുള്ള പെണ്പിള്ളേര് ഉണ്ടാവാതിരിക്കാന് തമിഴ്നാട്ടില് പോയി പഠിക്കണ ടീമാ (ആത്മഗതം)
“ഉം …എടുത്തോളൂ.”
ആ മുഖം Galaxy s2 ഒപ്പിയെടുക്കുമ്പോള് മനു എന്താണ് ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് എന്ന് ആരും അറിഞ്ഞില്ല.

എല്ലാം കഴിഞ്ഞ്, പെണ്ണുകാണല് ടീം ഇറങ്ങാറായി.
“ഞങ്ങള് വിവരമറിയിപ്പിക്കാം.”
ഒരുമാതിരിപെട്ട പെണ്ണുകാണല് ഷോര്ട്ട് ഫിലിമൊക്കെ ആവസാനിക്കുന്നത് ഈ ഡയലോഗിലാണ് .
സുജിത ശശിധരനിലെ, ശശിധരന് എന്ന ശശി പറഞ്ഞു,
“കത്തൊന്നും അയച്ച് അറിയിപ്പിക്കരുതേ, കല്യാണം വൈകിപോകും” പൊട്ടിച്ചിരി ……ഏകാംഗ പൊട്ടിച്ചിരി
വീണ്ടും ഒലക്കേമിലെ തമാശ! മനു ഏട്ടനെ നോക്കി, ഏട്ടന് അടിക്കാത്ത ഫോണെടുത്ത് ചെവിയില് വെച്ച് ഫ്രേമില് നിന്നും സ്കൂട്ടാവുന്നു .
കുട്ട്യേടച്ഛന് കഷണ്ടി, മാരക വിറ്റായിരിക്കുമെന്ന് ബ്രോക്കര് ഒരു സൂചന തന്നിരുന്നു, പക്ഷെ ഇമ്മാതിരി അമാനുഷിക വിറ്റടിക്കുന്ന ഉരുപ്പടിയായിരിക്കുമെന്ന് കരുതിയില്ല. “വൈഫ് ഹൌസിലെ മാരീഡ് ലൈഫ് ഇരമ്പും !!”

ഡ്രൈവര്, അച്ഛന്, അമ്മ, മനു, ഏട്ടന് . വണ്ടി നിറഞ്ഞു. വണ്ടി സ്റ്റാര്ട്ടായി.
“മനൂ, ഞങ്ങള്ക്കൊക്കെ ഇഷ്ടായി. നിന്റെ അഭിപ്രായം പറഞ്ഞില്ല ….”
“അമ്മാ, വീട്ടിലെത്തിയിട്ടു പറയാ അമ്മാ”
അമ്മയുടെ യോര്ക്കര്, ! “വീട്ടിലാരോടാടാ നിനക്ക് ചോദിക്കാനുള്ളത് ? “
അച്ഛന്റെ ബൌണ്സര്, !! “ശരിയാ, വീട്ടിലുള്ള എല്ലാരും ഇവിടെയില്ലേ ? “
പക്ഷെ വിക്കറ്റെടുത്തത് ഏട്ടനായിരുന്നു, !!! “വീട്ടിലുള്ള ഒരാളുമാത്രം ഇവിടെയില്ല……..വേലക്കാരി രമണി !”
നിശബ്ദത ……….
.
.
.
“നീ നോ പറഞ്ഞാല് ഇവിടെ ഒന്നും സംഭവിക്കില്ല, പക്ഷെ നിന്റെയൊരു യെസ്, ഒരു ചരിത്രമാവും. വരാനിരിക്കുന്ന ഒരുപാട് പേര്ക്ക് യെസ് എന്ന് പറയാന് ധൈര്യംനല്ക്കുന്ന ചരിത്രം”
അച്ഛന് ‘ട്രാഫിക്കി’ലെ ഡയലോഗടിക്കാന് കണ്ട സമയം. മനു കൌണ്ടര് അറ്റാക്ക് തുടങ്ങി.
“നിങ്ങള്ക്കെന്താ ഇത്ര ധൃതി? നിങ്ങള് മൂന്നാളും ഇന്റര്നെറ്റും, മൊബൈലും കേരളത്തില് വരുന്നതിനും മുന്നേ കല്യാണം കഴിച്ചോരാണ്. കാലം മാറി, പെണ്കുട്ട്യോള് അതിനേക്കാട്ടും മാറി. ഇക്കാലത്ത് പെണ്ണ്കെട്ടാന് പോകുമ്പോ പലതും നോക്കണം, ഈ തലമുറയ്ക്കേ അതിന്റെ വിഷമം അറിയൂ”
അതേറ്റു, വീണ്ടും നിശബ്ദത.
ഡ്രൈവര് സുഗുണേട്ടന് ആക്സിലേറ്ററില് ദേഷ്യം തീര്ക്കുന്നത് മനു ശ്രദ്ധിച്ചു. ഹോ ഹോ, അപ്പൊ ഏട്ടന്റെ ആ രമണി വിറ്റ് അവിടെയാണ് കൊണ്ടത് ! ഇങ്ങനെയൊരു കുടുംബാ സൂത്രണം എന്റെ വീട്ടില് നടക്കുന്നത് ഇപ്പോഴാണ് അറിയുന്നത് . അങ്ങനെ വരട്ടെ , സുഗുണേട്ടന് ചീത്ത കേള്ക്കുന്ന ദിവസം, സാമ്പാറില് ഉപ്പു കൂടുന്ന ‘പ്രതിഭാസ’ത്തിന്റെ പൊരുള് ഇതായിരുന്നല്ലേ ?. ഇതൊന്ന് കഴിയട്ടെ ശരിയാക്കിതരാം (ആത്മഗതം).

വീടെത്തി, മനു മുറിയില്കേറി വാതിലടച്ചു. ട്വിട്ടെരില് സ്റ്റാറ്റസ് ഇട്ടു, ‘പെണ്ണ് കണ്ടു ‘. എന്നിട്ട ഗൂഗിള് ഇമേജ് സെര്ച്ച് എടുത്തു, നേരത്തെ എടുത്ത സുജിത ശശിധരന്റെ ഫോട്ടോ അവിടേക്ക് അപ്ലോഡ് ചെയ്തു.
ഹോ ! മനുവിന് പാതി ആശ്വാസമായി. സിമിലര് ഇമേജസ് ഒന്നും ഗൂഗിളിനു തപ്പിയിട്ടു കിട്ടിയില്ലത്രേ !! അപ്പൊ അവളുടെ ഫോട്ടോകള് ഒന്നും വെബ് സൈറ്റുകളില് ഇല്ലെന്നുറപ്പിക്കാം.
“ഇനി വല്ല വീഡിയോസ്??” ഇതുപോലെ, നെറ്റിലുള്ള സിമിലര് വീഡിയോസ് സെര്ച്ച് ചെയ്യാന് വകുപ്പില്ല.
“ടെക്നോളജി ഇനിയും ഒരുപാട് പുരോഗമിക്കേണ്ടിയിരിക്കുന്നു.” ഉണ്ടാവില്ല എന്ന വിശ്വാസത്തില് മനു മുന്നോട്ടുനീങ്ങി .

ഇനിയാണ് അടുത്ത കടമ്പ, ഫേസ്ബുക്ക് …….സക്കര് ബര്ഗിനെ ധ്യാനിച്ച് തുറന്നു.
പേരടിച്ചു, സുജിത ശശിധരന് …….. സെര്ച്ച് റിസള്ട്ട് വന്നു.
“ങേ! അതിലും ഗ്ലാമറുള്ള കുറെ സുജിത ശശിധരന്മാര്!!!!”, മനസ്സില് കോഴി കൂവി.
“പിന്നെ നോക്കാം ഇപ്പൊ ഇതാണ് വലുത് “
അവളുടെ പ്രൊഫൈല് ! 328 ഫ്രണ്ട്സ്. ഫോട്ടോകള് ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്! ആശ്വാസം. വകതിരിവുള്ള കുട്ടിയാണ്.
ഒരു മ്യൂച്ചല് ഫ്രണ്ട്! വിശാഖ് !! പടച്ചോനേ പെട്ട്, എന്റെ 679 ഫ്രണ്ട്സില് ഈ കുരുപ്പിനെ മാത്രേ കണ്ടുള്ളൂ ഇവള്ക്ക് മ്യൂച്ചല് ഫ്രെണ്ടാക്കാന് ? വേറെ ആരായിരുന്നെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. മനുവിന്റെ നെഞ്ചു പെടച്ചു തുടങ്ങി.
അവന് ഫോണെടുത്ത് വിശാഖിനു ഡയല് ചെയ്തു.
“അളിയാ വിശാഖേ ……ഞാനിന്നോരുത്തിയെ പെണ്ണ് കണ്ടു, ഇഷ്ടപെടുകയോക്കെ ചെയ്തു …പക്ഷെ ഫേസ്ബുക്കില് നോക്കിയപ്പോ നീ മ്യൂച്ചല് ഫ്രണ്ട്. അതുകണ്ടപ്പോ…..”
“ഏതാടാ ആള്?”
“ഒരു സുജിത ശശിധരന് “
“പേടിക്കണ്ടാടാ, ഞാന് ഫോട്ടോ കണ്ടു റിക്വസ്റ്റ് അയച്ചതാ,അവള് ആള് മാറി ആക്സെപ്റ് ചെയ്തു. ഞാന് കുറെ വളയ്ക്കാന് നോക്കി. മെസേജിനു ഒരു റിപ്ല്യ് പോലും തരുന്നില്ല. നീ ധൈര്യായിട്ട് കെട്ടിക്കോ, നല്ല കുട്ട്യാവും.”
അവനു ഒരു ഗംബീരന് ട്രീറ്റ് ഓഫര് ചെയ്ത് മനു ഫോണ് വെച്ചു.
“ഈ പ്രൊഫൈല് എനിക്കുള്ളതാണ്”, മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പുറത്ത് വന്ന എല്ലാവരോടും ഇച്ചിരി നാണത്തോടെ പറഞ്ഞു,
“ഉറപ്പിച്ചോളൂ, എനിക്ക് സമ്മതമാണ് “

കുഭത്തിലെ രണ്ടാമത്തെ ഞാറാഴ്ച. കല്യാണമൊക്കെ രാവിലെയേ കഴിഞ്ഞ് . ഇപ്പൊ രാത്രി, അല്ല ആദ്യരാത്രി.
സുജിത മനു, സിനിമാ സ്റ്റൈലില് കസവുമുണ്ടും, മുല്ലപ്പൂവുമണിഞ്ഞ്, കയ്യില് പാല്ഗ്ലാസുമായി മുറിയിലേക്ക് കടന്ന് വാതിലടച്ചു.
അവിടെ ജനലും തുറന്നിട്ട് നക്ഷത്രമെണ്ണുന്ന വരന്, കയ്യില് കിങ്ങ്സ് പുകഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ…..
മനു വധുവിനെ നോക്കി ഒന്ന് ചിരിച്ചു.
അവള് മനസ്സിലായില്ലെന്ന ഭാവത്തില് മുഖത്തേക്ക് നോക്കി.
“അല്ല, പണ്ടൊക്കെ ഈ ആദ്യരാത്രികളിലെ സ്ഥിരം കാഴ്ചയാണ്, സിഗരെറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ഭര്ത്താവിനെ കണ്ടിട്ട് മുറിയിലേക്ക് വരുന്ന ഭാര്യയുടെ കയ്യിലിരിക്കുന്ന പാല്ഗ്ലാസ് നിലത്ത് വീണുപൊട്ടുന്ന രംഗം,അതോര്ത്തു ചിരിച്ചതാ. സില്ലി ഗേള്സ് !”
മനു പാല് ഗ്ലാസ് വാങ്ങി .
സുജിത മനു കൈനീട്ടി, ആദ്യരാത്രിയിലെ അവളുടെ ആദ്യത്തെ വാക്കുകള്,
“മനൂ , ഒരു പഫ്ഫ് താ, ഞാന് കിങ്ങ്സ് ഇത് വരെ വലിച്ചു നോക്കിയിട്ടില്ല”
ചിലിം ………പാല്ഗ്ലാസ് നിലത്തു വീണു. കുപ്പിച്ചില്ലുകള് സ്ലോ മോഷനില് ചിതറി .
ആ ശബ്ദം കേട്ട്, വാതിലിനു പുറത്തു നിന്ന് ചിരിയൊച്ചകള് ഉണ്ടായി, ഒപ്പം അടക്കിപിടിച്ച പറച്ചിലുകളും .
“അവനു പണ്ടേ ഭയങ്കര ആക്രാന്താ ”
-------------------------------------------------------------------------------------------------------

ആദ്യരാത്രി

ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.

ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.

അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു.

നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു.

എല്ലാരേം പരിചയപ്പേടുകയായിരുന്നു...

സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു.

പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ?

അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...

എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം...

മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്‍ വേണ്ട' എന്ന് പറഞ്ഞു.

അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി.

ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്.

അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്.

'ഇതായിക്കാ പാല്...'

ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു

ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ?

ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?

അതല്ലെടീ... ഈ പാല്‍...?

അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...

നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു.

അല്ലിക്കാ... മറായി ആരാ?

മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്.

ഇക്ക കണ്ടിട്ടുണ്ടോ?

പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...

അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'

അല്ലാഹ്... ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു.

'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി.

'ഇക്ക സുബഹിക്ക് എണീയ്ക്കോ?'

സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും.

'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'

'ഉപ്പയും ഉമ്മയും എണിക്കോ?'

'പിന്നേ... അവരെന്നും എണീയ്ക്കും...'

'അല്ല, ആരും എണീയ്ക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'

ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള വര വരക്ക്യാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഗൗരവത്തോടുകൂടെതന്നെ ഞാന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.'

കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു.

ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്'

'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്'

ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?

ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍ വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?'

'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം'

ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.

അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.

'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്'

ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ....

റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി...

നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം...

കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ് ഞാന്‍ ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന് വായിച്ചു...

******

ഇക്കയെന്നോട് ക്ഷമിക്കണം...

ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ?

എന്ന് സ്വന്തം ....

കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍ തുടങ്ങി

' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ് കൊടുത്തില്ലേല്‍ മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്‍ക്കും...'

എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട് നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍...

ഉടനെ പെങ്ങളുടെ കമന്റ് വന്നു...

'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍ അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ... തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ തോളോട് ചേര്‍ത്ത് പിടിച്ചു.

ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലാം ഒരുമിച്ച് വന്നു.

'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി.

'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍.

എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്‍ തന്നെയടച്ചു.

ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ...

'ചായ'........

ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല'

രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു

-----------------------------------------------------------------------------------------------------------
ഫാദേര്‍സ് ഡേ

അങ്ങനെ അവനും അവളും കണ്ടുമുട്ടി. ഒരു കുടുംബമൊക്കെ ഉണ്ടാക്കാന്‍ തീരുമാനിച്ചു. വേനലാകുമ്പോഴേക്ക് സമുദ്രത്തിനടുത്തുള്ള ഐസുപാളികളെല്ലാം ഉരുകിപ്പോകും. അങ്ങനെ  ഉരുകാത്ത, സമുദ്രത്തില്‍ നിന്ന് എഴുപത്തഞ്ചോ നൂറ്റിയിരുപത്തഞ്ചോ കിലോമീറ്റര്‍ ദൂരെയുള്ള ഇടങ്ങളില്‍ വേണം  കുഞ്ഞുങ്ങളെ വളര്‍ത്താന്‍. അവരും അവരെപ്പോലെ   മറ്റു ആയിരക്കണക്കിനു ദമ്പതികളും തീറ്റയും ചൂടും തരുന്ന കടല്‍ വിട്ട് ഐസിന്‍ പുറത്തു കൂടി, കൊച്ചു കാലുകളാല്‍ തത്തി തത്തി ഈ നൂറുകിലോമീറ്ററ് നടക്കണം. കടല്‍ വിട്ടാല്‍ ഭക്ഷണമില്ല പിന്നെ. രണ്ടു മാസത്തോളം നടന്ന്, പട്ടിണിയും തണുപ്പും ഇരുന്നൂറു കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും അതിജീവിച്ച് അവര്‍ റൂക്കെറി പ്രദേശത്ത് എത്തുന്നു.

കൂടോ? പുല്ലു മുളയ്ക്കാത്ത ഐസില്‍ എന്തു കൂട്. അവളൊരു മുട്ടയിടും. അത് അവനെ ഏല്പ്പിച്ച് വീണ്ടും കടലിലേക്കുള്ള നൂറു കിലോമീറ്റര്‍ നടത്ത തുടങ്ങും. പെണ്‍ സംഘങ്ങള്‍ മാത്രമായി. അവനും മറ്റു ഭര്‍ത്താക്കന്മാരും അവിടെ നില്‍ക്കും, കാലിനിടയിലെ ചര്‍മ്മത്തിന്റെ പൊതിയില്‍ മുട്ടയ്ക്ക് ചൂടു കൊടുത്ത്. അടിച്ചു പറത്തിക്കളയുന്ന കാറ്റത്ത്. കൊടും തണുപ്പില്‍, പട്ടിണിയില്‍ ഒറ്റയ്ക്ക്. അവനൊന്നു തലകറങ്ങി വീണാല്‍, ഒന്നു നടുവു നിവര്ക്കാന്‍ നടന്നാല്‍, ഒരു ഇരപിടിയനെ കണ്ട് പേടിച്ചോടിപ്പോയാല്‍, തണുപ്പു തട്ടി പിന്നെയാ മുട്ട വിരിയില്ല. അറുപത്തി നാലു ദിവസം അവന്‍ ആ ഒറ്റ നില്പ്പു നില്‍ക്കുമ്പോള്‍ മുട്ട വിരിയാന്‍ തുടങ്ങും. പിന്നെയും മൂന്നു നാലു ദിവസമെടുക്കും പൂര്‍ണ്ണമായി വിരിയാന്‍.

അപ്പോഴേക്കും അങ്ങോട്ടുമിങ്ങോട്ടും ഇരുന്നൂറു കിലോമീറ്റര്‍ സഞ്ചരിച്ച് വയറ്റില്‍ കുഞ്ഞിനു തീറ്റയുമായി  അമ്മയെത്തണം. അവളെത്താന്‍ താമസിച്ചു  പോയാല്‍ പട്ടിണി കൊണ്ടും കഠിനാധ്വാനം കൊണ്ടും അവശമായ തന്റെ ശരീരത്തിലെ അവസാന തുള്ളി പ്രോട്ടീനും ഈസൊഫാഗസിലെ ഗ്രന്ഥിയിലൂടെ സ്രവിപ്പിച്ച് കുഞ്ഞിനു നല്‍കി അവന്‍ സ്വന്തം ജീവന്‍ കളഞ്ഞും അമ്മ വരും വരെ കുഞ്ഞിന്റെ ജീവന്‍ നില നിര്‍ത്താന്‍ ശ്രമിക്കും.

അപ്പോഴേക്കും  വയറ്റില്‍ തീറ്റയുമായി അവളെത്തും.  ആയിരക്കണക്കിനു പിതാക്കന്മാരുടെയും കുഞ്ഞുങ്ങളുടെയും കൂട്ടത്തിനു നടുവില്‍ അവനെ കണ്ടെത്തുക എളുപ്പമല്ല. അവള്‍ കണ്ട, പ്രേമിച്ച, നാല്പ്പതു കിലോ തൂക്കമുള്ള യുവസുന്ദരനല്ല അവനിപ്പോള്‍. പട്ടിണിയും കാറ്റും, അദ്ധ്വാനവും മൂലം പേക്കോലമായ പത്തു പതിനാറു കിലോ വെയിറ്റുള്ള ഒരു ജീവച്ഛവം. കണ്ടാല്‍ തിരിച്ചറിനാവാത്ത അവനെ ശബ്ദം കൊണ്ടാണവള്‍ തിരിച്ചറിയുക. അവള്‍ വന്ന് കുഞ്ഞിനു സ്വന്തം വയറ്റില്‍ സൂക്ഷിച്ച തീറ്റ നല്‍കി തുടങ്ങുന്നതോടെ അവന്‍ വേച്ചു വേച്ച് അവന്റെ നൂറു കിലോമീറ്റര്‍ യാത്ര തുടങ്ങുന്നു-തിനാനും കുഞ്ഞിനു ഭക്ഷണം തേടാനും. എറെ പ്രയാസപ്പെട്ട് കുഞ്ഞിന്റെ ഭക്ഷണവുമായി   അവന്‍ തിരിച്ചു വരുമ്പോള്‍ കുഞ്ഞിനെ അവനെ ഏല്പ്പിച്ച് അവള്‍ അടുത്ത യാത്ര തുടരുന്നു. ഇങ്ങനെ ഊഴം വച്ച് നോക്കിയും പോയി വന്ന് ഊട്ടിയും അവര്‍ കുഞ്ഞുങ്ങളെ അഞ്ചാറു മാസം  വളര്‍ത്തുമ്പൊഴേക്ക്  ഐസുരുകുന്നു. ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ സംഘം ഒറ്റ ഊളിയിടല്‍- വെള്ളത്തിലേക്ക്. സ്വന്തം തീറ്റ സ്വയം തേടി, സ്വന്തം ജീവിതം സ്വയം നോക്കി.

തന്തേഴ്സ് ഡേയും തള്ളേഴ്സ് ഡേയും ഒന്നും അവര്‍ക്കില്ല. പിന്നെ നാലു കഥ  പറഞ്ഞു കൊടുത്തതിന്റെയും രണ്ട് ചെരിപ്പ്  പോളിഷ് ചെയ്തതിന്റെയും പേരില്‍ മീശ പിരിച്ചു കാണിക്കുന്ന എനിക്കൊക്കെ എന്തോന്ന് ഡേ.
-----------------------------------------------------------------------------------------------------------

പ്രണയം
നിത്യകുമാരക നായകനും വീട്ടിലും തലയിലും ശരീരത്തും റബ്ബര്‍ പാലൊഴുകുന്ന സുന്ദരിയും പ്രണയിച്ചു നടക്കുന്നു. തനിക്കില്ലാത്തില്‍ ആകൃഷ്ടനാകുമെന്ന സാമാന്യതത്വമനുസരിച്ച് പെണ്‍കുട്ടിയുടെ സൌന്ദര്യവും നായകന്‍റെ ബുദ്ധിയും പ്രണയത്തില്‍ പ്രധാനപങ്കു വഹിച്ചു. പ്രണയം പരിശുദ്ധവും പാവനവും ആയിരുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധികളൊന്നും തന്നെ ഇടയ്ക്കു കടന്നു വന്നിരുന്നില്ല. യാദൃശ്ചികമെന്നു പറയട്ടെ, സാമ്പത്തിക ശാസ്ത്രപരീക്ഷയുടെ ദിവസമാണ് സാമ്പത്തിക പ്രശ്നം ഉദിക്കുന്നുന്നത്. പരീക്ഷ കഴിഞ്ഞ് ദാഹപരവശരായ കമിതാക്കള്‍ പുറത്തിറങ്ങുന്നു. അടുത്തു കണ്ട കൂള്‍ബാറില്‍ കയറുന്നു.

നായികയുടെ അംഗഭംഗികള്‍ തടസ്സമില്ലാതെ കാണാനുതകുന്ന വിധം നായകന്‍ സ്വയം പ്രതിഷ്ഠിക്കുന്നു. ഒരു ഫ്രീ ഷോയുടെ മൂഡ് പരീക്ഷ അപഹരിച്ചതു കൊണ്ട് നായിക ദൂരത്തേക്കു നോക്കുന്നു.

അടൂര്‍ ഗോപാലകഷ്ണന്‍റെ സിനിമ പോലെ നിശബ്ദമായ രംഗം അതിവേഗം അവസാനിക്കുന്നു. ഇടയ്ക്ക് പശ്ചാത്തല സംഗീതമായി ചവയ്ക്കുകയും കുടിക്കുകയും ചെയ്യുന്ന ശബ്ദം മാത്രം. ചന്ദ്രകുമാര്‍ സാറിന്‍റെയോ മറ്റേ ഗോപാലകൃഷ്ണന്‍ സാറിന്‍റെയോ പടത്തിന്‍റെ മൂഡിലേക്ക് നായിക വരണമെന്ന് നായകന്‍ മനസ്സില്‍ പ്രാര്‍ത്ഥിക്കുകയും തേങ്ങാ ഉടയ്ക്കുകയും കുരിശു വരയ്ക്കുകയും ചെയ്യുന്നു. കിം ഫലം.

നായിക കൈകഴുകാന്‍ പോയപ്പോള്‍ പണം കൊടുത്തിടപാടു തീര്‍ക്കുന്ന നായകന്‍.

തിരികെയെത്തുന്ന നായിക. പതിവു പോലെ പണം കൊടുക്കേണ്ടി വരുമെന്ന കണക്കൂകൂട്ടല്‍.

ഇന്നും ഞാന്‍ തന്നെ കൊടുക്കണമല്ലേ?

നിനക്കെന്താ കൊടുത്തു മടുത്തോ?

അശ്ലീലം പറയരുത്

ചൂടാവുന്ന നായിക.

ഗതികേടാണ്. അഞ്ചിന്‍റെ പൈസ എടുക്കാനില്ല.

നിന്‍റെ ഗതികേടല്ല, എന്‍റെ ഗതികേട്

നായികയുടെ മുഖത്ത് വിജയഭാവം. നീണ്ടു നിന്ന വിലാപങ്ങള്‍ക്കു ശേഷം കൌണ്ടറിലേക്ക് നിങ്ങുന്ന നായിക. പെഴ്സില്‍ നിന്നും പുറത്തു ചാടിയ റബ്ബര്‍പാലിന്‍റെ പുത്തന്‍ മണം മാറാത്ത നൂറിന്‍റെ നോട്ട്. പുശ്ചരസത്തോടെ കൌണ്ടറിലേക്കു നീട്ടുന്നു. പണം കിട്ടി ബോധിച്ചതായി കൌണ്ടറില്‍ നിന്നും അശരീരി. മറ്റു ടേബിളുകളില്‍ നിന്നും ചിരിയുടെ ചെറിയ അല നായികയെ മൂടി അരിശം പിടിപ്പിക്കുന്നു.

നീയല്ലേ പറഞ്ഞത് , അഞ്ചിന്‍റെ പൈസ കണികാണാനില്ലെന്ന്, എന്നിട്ട്?

രംഗം കൈവിട്ടു പോയതില്‍ പശ്ചാത്തപിക്കുന്ന നായകന്‍. കത്തിക്കയറുന്ന നായിക

നിന്നെ ഞാനിന്നു കാണിച്ചു തരാം.

രംഗം ശാന്തമാക്കാന്‍ വഴികളാലോചിക്കുന്ന നായകന്‍റെ നാക്കില്‍ ഗുളികന്‍

ഇവിടെ വെച്ചു വേണ്ട, ഞാന്‍ പിന്നെ കണ്ടോളാം.

ടേബിളുകളില്‍ നിന്നും അലറിയുയരുന്ന ചിരി. ചിരിയോളങ്ങളില്‍ അലിഞ്ഞില്ലാതാകുന്ന നായിക.

അടുത്ത ദിവസം നായകന്‍റെ പിതാവ് കണികാണുന്നത് ക്ഷമാപണസഹസ്രം രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് ഗദ്യരൂപത്തില്‍ പകര്‍ത്തിയെഴുതുന്ന നായകനെയാണ്.

-----------------------------------------------------------------------------------------------------------
ഫേസ്ബുക്ക്‌ നക്കിയ ജീവിതം!!
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് യുഗം വളര്‍ന്നു പടര്‍ന്നു പന്തലിച്ച് ഗൂഗിള്‍ പ്ലസ്സില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തിലും പഴയ പ്രതാപത്തിന് ഒട്ടും കുറവു വന്നിട്ടില്ലാത്തതു കൊണ്ടാണ് പെങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കിക്കൊടുത്തത്. എന്നാല്‍ അത് സ്‌നേഹത്തിന്റെ പുറത്ത് ഒരു ദുര്‍ബല നിമിഷത്തില്‍ ദശരഥന്‍ കൈകേയിക്ക് വരം കൊടുത്ത പോലെ, ജീവിതത്തിലെ െ്രെപം ടൈമില്‍ എനിക്ക് തന്നെ പാരയായിട്ടു മാറുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഇതിപ്പോ പൊരുന്നക്കോഴി മുട്ടയ്ക്ക് അടയിരിക്കുന്ന പോലെ അവള് കമ്പ്യൂട്ടറിന് മുന്നിലിരിപ്പാണ്. അങ്ങോട്ട് അടുപ്പിക്കുന്നില്ല. ആ പരിസരത്ത് കൂടി പോയാല്‍ ചീറും!! എന്താ കാര്യം??

വാതില്‍ കട്ടിള അടുത്ത് വരരുതെന്ന ഉദ്ദേശത്തോടെ 2 കൈ കൊണ്ടും തടഞ്ഞു നിര്‍ത്തുന്ന പോസില്‍ എടുത്ത ഫോട്ടോ 1

തൂണിന് ഉമ്മ കൊടുക്കുന്ന പോസിലുള്ള ഫോട്ടോ 2

സ്വയം മൊബൈല്‍ ക്യാമറ തിരിച്ചു പിടിച്ച്, കൈ ഉളുക്കാതെ അതിസാഹസികമായി എടുത്ത ഫോട്ടോ 3

ഇമ്മാതിരി ഓണക്ക ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുന്നതിന്റെയും അവളൊരു പെണ്ണായത് കൊണ്ട് മാത്രം അതിനു ചില കോന്തന്‍മാരിടുന്ന പരട്ട കമന്റ്‌സ് വായിക്കുന്നതിന്റെയും തിരക്കാണ്…

അതല്ലേലും അങ്ങിനെയാണ്. ഏതെങ്കിലും ആണൊരുത്തന്‍ കാമ്പുള്ള എന്തെങ്കിലും ഒരു സാധനം പോസ്റ്റ് ചെയുന്ന സമയത്ത് കണ്ണുകള്‍ക്ക് തിമിരവും തലച്ചോറിന് അല്‍ഷിമേഴ്‌സുമോക്കെ ബാധിക്കുന്ന ചില ലവന്‍മാര് ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരുത്തി ഇടുന്ന phirrr… എന്ന പോസ്റ്റിന് തേനില്‍ കല്‍ക്കണ്ടവും ഡെയറി മില്‍ക്കും അരച്ച് ചേര്‍ത്ത വാക്കുകളാല്‍ What happend dear??, Wow, Coooolഎന്നിങ്ങനെയൊക്കെ പ്രതികരിക്കുന്നതിന് ദൃക്‌സാക്ഷികളും അനുഭവസ്തരും ഏറെയാണ്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി ‘എന്നെ ഈ ഗ്രൂപ്പില്‍ ആര്‍ക്കും ഇഷ്ട്ടമല്ല’ എന്ന് ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിനു കിട്ടിയത് 805 commentsഉം 500 ലധികം ലൈക്കുകളുമാണ്. ഇതൊക്കെ കാണുമ്പോള്‍ ചില സമയത്ത്, വല്ല ശ്രീക്കുട്ടി എന്ന പേരിലെങ്ങാനും ഒരു അക്കൗണ്ട്‌ തുടങ്ങിയാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. ഇജ്ജാതി ടീംസ് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നൊക്കെ എന്ന് VRS എടുക്കുന്നോ അന്നേ ഇവളുമാരൊക്കെ ഒരു പാഠം പഠിക്കുകയുള്ളൂ. ഇനി എന്നെങ്കിലും അങ്ങനെ സംഭവിച്ചാലും ഇനിയങ്ങോട്ട് എനിക്ക് മാത്രമായി വീട്ടിലെ കമ്പ്യൂട്ടര്‍ വിട്ടു കിട്ടുമെന്ന് തോന്നുന്നില്ല. കാരണം മാര്‍ക്ക് സുക്കന്‍ബര്‍ഗ് എന്ന പുണ്യാത്മാവ് രൂപപ്പെടുത്തിയ ഫേസ് ബുക്ക് എന്ന പ്രസ്ഥാനം ഇപ്പൊ പലര്‍ക്കും ഓക്‌സിജന്‍ പോലെയായാണ്. ഇതില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിരിക്കുന്നു. കൊച്ചിയില്‍ കായലരികത്ത് ഫ്‌ലാറ്റ് എന്നൊക്കെ പറയുന്നത് പോലെ സ്വന്തമായി ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട് എന്ന് പറയുന്നത് ഇപ്പോള്‍ സ്റ്റാറ്റസിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. പിരിയാന്‍ നേരത്ത് ‘വൈകിട്ട് കാണാം’ എന്ന് ചിലര് പറയുന്നത് ഏതെങ്കിലും കവലയിലോ അവരുടെ പ്രിയപ്പെട്ട സ്ഥലത്തോ വെച്ചുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചല്ല ഫേസ് ബുക്കില്‍ കാണുന്നതിനെക്കുറിച്ചാണ്. Savings accountതുടങ്ങുന്നത് പോലെ, പോളിസിയൊക്കെ ചേര്‍ന്നിടുന്നത് പോലെ ഒന്നര വയസുള്ള മകള്‍ക്ക് ഇപ്പോഴേ ഫേസ് ബുക്കില്‍ അക്കൗണ്ട്‌ ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു പെരുന്തച്ചന്‍ ഫേസ് ബുക്ക് എന്ത്രമാത്രം ചിലരുടെയൊക്കെ ജീവിതത്തിന്റെ ഫേസ് മാറ്റിയിട്ടുണ്ട് എന്നുള്ളതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്…

ഇപ്പൊ സ്വന്തം തറവാട്ടില്‍ കയറാന്‍ മറന്നാലും ചിലര് ഫേസ്ബുക്കില്‍ കയറാന്‍ മറക്കാറില്ല. രണ്ടാഴ്ചയായിട്ട് ഇട്ടുകൊണ്ടിരിക്കുന്ന ജീന്‍സ് മാറ്റിയില്ലെങ്കിലും ആഴ്ചയിലൊരിക്കല്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ചിലരൊക്കെ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നതും അത് നമ്മളില്‍ പലരും അറിയുന്നതും ഫേസ്ബുക്ക് ഉള്ളത് കൊണ്ടാണ്. ഇവരില്‍ ചിലര്‍ 24 മണിക്കൂറും ഓണ്‍ലൈന്‍ ആയിരിക്കും. ഏത് സമയത്ത് കയറിയാലും ഇവരെ കാണാന്‍ പറ്റും. പോസ്റ്റ് ഇടുന്നതിനു മുന്‍പേ ലൈക്ക് അടിക്കുന്ന ഇവര് എപ്പോഴാണ് ഉണ്ണുന്നത്, ഉറങ്ങുന്നത്, മറ്റു കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നുള്ളത് എനിക്കിതു വരെ പിടികിട്ടിയിട്ടില്ല.

മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ്‌ഉപയോഗം വ്യാപകമായതോടെ വല്ലപ്പോഴുമൊക്കെ ഫേസ്ബുക്കില്‍ കയറുന്നവന്‍റെയൊക്കെ സ്റ്റാറ്റസ് അപ്ഡേറ്റ് ക്രിക്കറ്റ്‌ കമന്ററി പോലെയായി. കഴിക്കാന്‍ പോണൂ, കഴിച്ചു തുടങ്ങീ… nice, എക്കിളെടുക്കുന്നു… wow, കൈ കഴുകി thats really cool ഇങ്ങനെയൊക്കെയായി. നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും ഒറ്റക്കൈ കൊണ്ട് status update ചെയ്തിട്ടേ ഇക്കൂട്ടര്‍ താഴേക്ക്‌ പോകൂ… ഹോ മഴ കാത്തിരിക്കണ വേഴാമ്പലിനെ പോലെ ചില ലവന്‍മാര് ‍ഫേസ് ബുക്കില്‍ ഒരു comment കാത്തിരിക്കണ ഇരിപ്പ് കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. fbയ്ക്ക് മുന്നിലിരുന്നാല്‍ (ഇപ്പൊ fbന്നാ പറയുക പോലും) ഒലക്കയ്ക്കടിച്ചാലും, റൂമിന് തീയിട്ടാലും അറിയാത്ത ഇവരില്‍ ചിലരോട് എന്തെങ്കിലുമൊക്കെ സംസാരിക്കണം എന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് fbയില്‍ account ഉണ്ടാക്കി ചാറ്റില്‍ വരേണ്ട അവസ്ഥയാണ്. അവിടെ ഒന്നിലധികം ചാറ്റ് ബോക്സുകള്‍ തുറന്നിട്ട്‌ ശിവമണി ഡ്രംസ് വായിക്കണ പോലെ ഓടിനടന്നു ചാറ്റ് ചെയ്യുന്നതിനിടയില്‍ അമ്മയുടെ chat box കണ്ടാല്‍ അന്നത്തെ അത്താഴം തയ്യാറാണെന്നുള്ളത് അവനെ അറിയിക്കാം. അല്ലെങ്കില്‍ ചിലര്‍ക്ക് പറ്റാറുള്ളത് പോലെ ചാറ്റ് ബോക്സ്‌ അവന് മാറിപ്പോകണം…

സ്വന്തം സ്ഥാപനം വളര്‍ത്താനെന്ന പോലെ സ്വന്തം ഗ്രൂപ്പ് വളര്‍ത്താന്‍ ഓടുന്നവര്‍, അതില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു വേറെ ഗ്രൂപ്പുണ്ടാക്കുന്നവര്‍, എന്തിനെയും കയറി ലൈക്കുന്നവര്‍, പോസ്റ്റിനു കിട്ടുന്ന കമന്റുകളുടെയും ലൈക്കുകളുടെയുമൊക്കെ എണ്ണം കൂട്ടാനായിട്ടു കഷ്ട്ടപ്പെടുന്നവര്‍, പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ടെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞ് കമന്റ് ഇടീക്കുന്നവര്‍, പോസ്റ്റിനു കമന്റ് ഇട്ടില്ലെങ്കിലോ ലൈക്ക് അടിച്ചിട്ടില്ലെങ്കിലോ പിണങ്ങുന്നവര്‍… ഇങ്ങനെ അതികലശലായ ഫേസ്ബുക്ക് മാനിയ പിടിപെട്ട്, ഉള്ളിലുള്ള fb നാഗവല്ലിയെ ഓടിക്കാനായി ഒരു ഡോക്ടര്‍ സണ്ണിയുടെ വരവും കാത്തിരിയ്ക്കുന്നവര്‍ ഒരുപാടാണ്.

മുന്‍പൊരിക്കല്‍ ഞാന്‍ fbയില്‍ ഇട്ട ഒരു പോസ്റ്റിനു ലൈക്ക് അടിച്ച നമ്മുടെ ഒരു സുഹൃത്ത് പുറകെ മൊബൈലില്‍ ഒരു മെസ്സേജും അയച്ചിരിക്കുന്നു. ‘എന്റെ മൊബൈലില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യില്ല അതുകൊണ്ട് ഇപ്പൊ ഒന്നും മനസിലാവുന്നില്ല കുറേ കട്ടകള്‍ മാത്രമേ കാണുന്നുള്ളൂ വിശദമായി പിന്നീട് കമന്റ് ഇടാം’ എന്ന്.അതിനര്‍ത്ഥം ഞാന്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് പോലും നോക്കാതെയാണ് ലൈക്കിയിരിക്കുന്നത് എന്നല്ലേ?. അപ്പൊ ക്ഷണിച്ചിട്ടു കല്യാണത്തിന് പോയില്ലെങ്കില്‍ മോശമല്ലേ എന്നൊക്കെ ചിന്തിക്കുന്ന പോലെ അവന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിട്ട് ഒന്ന് ലൈക്കിയില്ലെങ്കില്‍ മോശമല്ലേ എന്നുള്ള രീതിയിലൊക്കെ ആളുകളിപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മറ്റൊരു fb സുഹൃത്ത് എനിക്കയച്ച മെസ്സേജ് എന്താണെന്നോ ‘മറ്റേ ഗ്രൂപ്പില്‍ നിന്നും കുറച്ചു പാരകളൊക്കെ നമ്മള്‍ക്ക് വരുന്നുണ്ട് അതുകൊണ്ട് ഒന്ന് അലേര്‍ട്ട് ആയിരിക്കണം. ഇതിലേക്ക് പരമാവധി ആളുകളെ ചേര്‍ക്കാന്‍ മറക്കരുത്. നമുക്ക് ഒരുമിച്ചു നിന്ന് പോരാടണം’ എന്ന്. അത് വായിച്ചപ്പോള്‍ അത്രയൊക്കെ അലേര്‍ട്ട് ആവാന്‍ മാത്രം, ഞാന്‍ നില്‍ക്കുന്നത് കാര്‍ഗിലിലാണോ എന്ന് ചിന്തിച്ചു പോയി…

ചിലരൊക്കെ fb വഴി സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍ ശത്രുക്കളെയാണല്ലോ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് പലപ്പോഴും സങ്കടം തോന്നിപ്പോയിട്ടുണ്ട്. നിസ്സാരകാര്യങ്ങളുടെ പേരില്‍ നമ്മളുമായിട്ട് യാതൊരു ബന്ധവുമില്ലാതിരുന്ന ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന ഒരു മനുഷ്യനെ ശത്രുവാക്കാനും പലര്‍ക്കും ഇതുവഴി സാധിക്കുന്നുണ്ട്. മര്യാദയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന പലര്‍ക്കും ഇതു അത്ഭുതം ഉളവാക്കുന്ന കാര്യമായിരിക്കുമെങ്കിലും അതാണ് സത്യം എന്നുള്ളത് fbയില്‍ ആക്ടിവ് ആയിട്ടുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇതിന്റെയൊക്കെ അടിത്തട്ടില്‍ കിടക്കുന്ന പ്രശ്‌നം Self promotionഎന്നുള്ളതാണ്. പലരും സമ്മതിക്കില്ലെങ്കിലും ഒരു കാര്യം പറയാതെ വയ്യ… സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയൊന്നു Self promotionനു വേണ്ടിയാണ് നല്ലൊരു വിഭാഗവും ഇതില്‍ ആക്ടിവ് ആയിരിക്കുന്നത്. അതിനുള്ള സൗകര്യങ്ങള്‍ കൂടുതലാണ് എന്നുള്ളതാണ് ഫേസ് ബുക്കിനെ മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും വ്യത്യസ്തവും ഏവര്‍ക്കും പ്രിയങ്കരവുമാക്കി മാറ്റിയത്.

ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കിലും ഇവരോടൊക്കെ എനിക്കൊന്നു മാത്രമേ പറയാനുള്ളൂ. ഫേസ് ബുക്ക് അല്ല ജീവിതം. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ‘ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത് ജീവിക്കാന്‍ വേണ്ടിയാവണം ഭക്ഷണം കഴിക്കേണ്ടത്’ എന്ന് പറയാറുള്ളത് പോലെ ഫേസ്ബുക്കിനു വേണ്ടി ജീവിക്കരുത്, ജീവിക്കാന്‍ വേണ്ടിയായിരിക്കണം ഫേസ്ബുക്ക് ഉപയോഗിക്കേണ്ടത്’. അല്ലെങ്കില്‍ പിന്നെ ഫേസ് ബുക്ക് നമ്മള്‍ക്ക് ദിവസവും ഒരു ലിറ്റര്‍ പാല് തരികയോ, മുട്ടയിടുകയോ മറ്റോ ചെയ്യണം. അതുമല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് Facebooker Prizeവല്ലതും ഉണ്ടാകണം. ഇതൊന്നുമില്ലല്ലോ?? പിന്നെയുള്ളത് സാമൂഹികബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന കാര്യമല്ലേ?? അതിപ്പോ വാസ്‌കോ ഡ ഗാമ കോയിക്കോട്ട് ബന്നതും കച്ചോടം ഒറപ്പിച്ചതും ഫേസ്ബുക്ക് വഴിയല്ലല്ലോ??? അതാണ് പറയണത്, അക്കാലത്തും ആളുകള്‍ക്ക് അന്യദേശങ്ങളില്‍ പരിചയക്കാരും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു. നാട്ടിലെ പിണ്ണാക്ക് നിയാസിന്റെ മൂത്താപ്പാക്ക് മൂപ്പരുടെ ആയ കാലത്ത് ബര്‍മയില്‍ വരെ പരിചയക്കാരുണ്ടായിരുന്നു. അന്ത കാലത്ത് ഫേസ് ബുക്കിന്റെ ഫാദര്‍ മാര്‍ക്ക് സുക്കന്‍ ബര്‍ഗിനെക്കുറിച്ചു അങ്ങോരുടെ ഫാദറ് പോലും ചിന്തിച്ചിട്ടില്ല. അതുകൊണ്ട് fbയില്‍ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാനായിട്ടു ഓടുമ്പോള്‍, ഫുള്‍ ടൈം നെറ്റില്‍ കുരുങ്ങുമ്പോള്‍… കണ്ണിന്റെ ഫിലമന്റ് അടിച്ചു പോകാതെയും, ആ സമയം കൊണ്ട് ആസ്വദിക്കാമായിരുന്ന മനോഹരമായിട്ടുള്ള മറ്റു പലതും നഷ്ട്ടപ്പെടാതെയും ശ്രദ്ധിക്കുക…

ഇത്രയൊക്കെ എഴുതിപ്പിടിപ്പിക്കാനായിട്ടു മാര്‍ക്ക് സക്കര്‍ബര്‍ഗുമായിട്ടു എനിക്ക് അതിര് തര്‍ക്കമോ ഫേസ് ബുക്ക് എന്റെ ദാമ്പത്യ ജീവിതം തകര്‍ക്കുകയോ ഒന്നും ചെയ്തിട്ടില്ല. ചിലരുടെയൊക്കെ ജീവിതത്തിലെ ഏക ആശ്രയം ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുമൊക്കെയാണെന്നുള്ള കാര്യം ഞാന്‍ മറന്നിട്ടുമില്ല. എന്നാല്‍ നിരവധി നന്‍മകളുള്ള ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന് നമ്മുടെയൊക്കെ വിലപ്പെട്ട ഈ ജീവിതത്തില്‍ മറ്റെന്തിനെക്കാളും പ്രാധാന്യം ചിലര്‍ കൊടുക്കുന്നത് കാണുമ്പോള്‍ ജീവിതം ഫേസ്ബുക്ക് നക്കിപ്പോകരുത് എന്ന ആഗ്രഹം ഉള്ളിലുള്ളത് കൊണ്ട് കീബോര്‍ഡ് കണ്ടപ്പോള്‍ അറിയാതെ ടൈപ്പ് ചെയ്തു പോയതാണ്…

അപ്പൊ ശരി എല്ലാം പറഞ്ഞ പോലെ… കഴിഞ്ഞ ദിവസം ഇട്ട ഫോട്ടോയ്ക്ക് കമന്റും വല്ലതും വന്നിട്ടുണ്ടോന്നു നോക്കട്ടെ ഹി ഹി ഹീ :)



Disclaimer - not sure who are the original author(s) of these stories.

No comments: