Saturday, February 28, 2015

നികുതി ചോരുന്ന വഴികള്‍

ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി. ഈ സാമ്പത്തികവര്‍ഷത്തെ നികുതിവരുമാനത്തില്‍ വാണിജ്യവകുപ്പ് ലക്ഷ്യമിട്ടതിനേക്കാള്‍ 4000 കോടി രൂപയുടെ കുറവുവരുമെന്നാണ് കണക്കാക്കുന്നത്. 31,960 കോടി ലക്ഷ്യമിട്ടതില്‍ ഇതുവരെ 22,250 കോടി മാത്രമേ ഖജനാവില്‍ എത്തിയിട്ടുള്ളൂ. ബജറ്റ് രേഖകള്‍പ്രകാരം ധനകാര്യവകുപ്പിന്റെ വരുമാനത്തിന്റെ 75 ശതമാനവും സംഭാവന ചെയ്യുന്ന വാണിജ്യനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ കനത്ത ടാര്‍ജറ്റുമായി പാഞ്ഞുനടക്കുകയാണ് .

സംസ്ഥാനഖജനാവില്‍ എത്തേണ്ട 12,000കോടി രൂപ ഇലക്ട്രോണിക് രേഖകളില്‍ മറഞ്ഞുകിടക്കുന്നുവെന്നാണ് നിയമസഭയില്‍ വെച്ച സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 5000 കോടി നികുതിയും 7000 കോടി പിഴയുമാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. ആളോഹരി ഉപഭോഗത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കേരളത്തില്‍ എല്ലാമേഖലയിലും വിറ്റുവരവില്‍ വന്‍നേട്ടമുണ്ടാക്കുമ്പോഴും വില്‍പ്പനനികുതി കുറയുന്നതെങ്ങനെ? ചരക്കു സേവനനികുതി രാജ്യമൊട്ടാകെ വരുമ്പോള്‍ വന്‍ വരുമാനസാധ്യത പ്രതീക്ഷിക്കപ്പെടുന്ന കേരളം എങ്ങനെയാണ് ഇത് പ്രയോജനപ്പെടുത്തുക? ബജറ്റില്‍ അന്യായമായും അവിഹിതമായും പ്രഖ്യാപിക്കുന്ന ഇളവുകള്‍, കിട്ടിയ നികുതി തിരിച്ചുകൊടുക്കുന്ന ഉദാര മുന്‍കാലപ്രാബല്യം, ഉദ്യോഗസ്ഥതലത്തിലെ അടിമുടി അഴിമതിവെട്ടിപ്പിന് എല്ലാ പഴുതുകളും കണ്ടെത്തുന്ന വ്യാപാരിസമൂഹംഅതിന് ചൂട്ടുപിടിക്കുന്ന സര്‍ക്കാറും രാഷ്ട്രീയപാര്‍ട്ടികളും. പൗരനില്‍നിന്ന് ഈടാക്കുന്ന വില്പനനികുതി എങ്ങോട്ടാണ് ചോരുന്നത് ഒരു അന്വേഷണം-
ഒ രാധിക
എഴുതുന്നു...

നൂറുഗ്രാം വെളിച്ചെണ്ണ20 രൂപ, പച്ചമരുന്നുകള്‍10രൂപ. മുടി വളരാനുള്ള ഏത് എണ്ണയ്ക്കും നിര്‍മാതാക്കള്‍തന്നെ അവകാശപ്പെടുന്ന ചേരുവകള്‍പ്രകാരം ഒരുകുപ്പിക്ക് പരമാവധി നിര്‍മാണച്ചെലവ് 40 രൂപമാത്രം. പക്ഷേ, 100 ഗ്രാമിന്റെ കുപ്പിക്ക് വിപണിയില്‍ വില 400രൂപവരും. 201213ലെ ബജറ്റില്‍ 14.5 ശതമാനമായിരുന്നു ഇവയ്ക്കുള്ള നികുതി. ഒരു ഡോക്ടറും രോഗിക്കു നിര്‍ദേശിക്കാത്ത ഈ എണ്ണകളും മുഖലേപനങ്ങളും വെളുപ്പിക്കുംസോപ്പും തടികുറയ്ക്കുമെണ്ണയുമെല്ലാം സര്‍ക്കാര്‍ ആയുര്‍വേദമരുന്നുകളുടെ പട്ടികയിലാക്കി നികുതികുറച്ചു. ഇപ്പോള്‍ അവയുടെ നികുതി വെറും അഞ്ചുശതമാനം. നികുതിയിളവിന് ഒരുകൊല്ലത്തെ മുന്‍കാലപ്രാബല്യവും പ്രഖ്യാപിച്ചു. അതോടെ പിരിച്ച നികുതി തിരിച്ചുകൊടുക്കേണ്ടിവന്നു. ഖജനാവിനു നഷ്ടം 50കോടിരൂപയ്ക്കുമേല്‍.

സാധാരണക്കാരന്റെ ജീവിതത്തെ ഒരുവിധത്തിലും ബാധിക്കാത്ത, ഒരൊറ്റക്കുപ്പിയുടെമേല്‍മാത്രം ഉപഭോക്താവില്‍നിന്ന് പലമടങ്ങു ലാഭംകൊയ്യുന്ന ഉത്പന്നത്തിന് എന്തിനു നികുതികുറയ്ക്കണം? നികുതി കുറച്ചതുകൊണ്ട് അതിന്റെ വില്പനവിലയിലെന്തെങ്കിലും കുറവുണ്ടായോ? ഇതാണ് ബജറ്റ് മറിമായം.

മുന്‍കാലത്ത് ധനമന്ത്രി കുറച്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം തയ്യാറാക്കി കൊണ്ടുവരുന്ന പെട്ടിയില്‍ എന്തെന്നത് അതിരഹസ്യമായിരുന്നു. ഇപ്പോളതെല്ലാം പോയി, പ്രീബജറ്റ് ചര്‍ച്ചകളിലുയരുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിലപേശല്‍ശേഷിയുള്ളവര്‍ നേടിയെടുക്കുന്നതാണ് ബജറ്റ്.

സാധാരണക്കാരന് ഒരുഗുണവുമില്ലാത്ത നാലിനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഈവര്‍ഷം നികുതിയിളവു നല്‍കിയത്. വെളിച്ചെണ്ണ ചേര്‍ത്ത അലക്കുസോപ്പിന്റെ നികുതി 14.5 ശതമാനത്തില്‍നിന്ന് ഒരുശതമാനമാക്കി കുറച്ചു. നികുതികുറച്ചതുകൊണ്ട് വിലയില്‍ ഒരുകുറവുമുണ്ടായില്ല. 100കോടി വിറ്റുവരവുള്ള വ്യാപാരിക്ക് ഇതുവഴിമാത്രം ലാഭത്തില്‍ 13.5 കോടി രൂപയുടെ വര്‍ധനയുണ്ടായി. തെങ്ങുകര്‍ഷകര്‍ക്കു ഗുണമുണ്ടാവുമെന്നും കരുതേണ്ട. ഈ സോപ്പുകളില്‍ വെളിച്ചെണ്ണ ഇത്രശതമാനം ഉപയോഗിക്കണമെന്നില്ല നിയമത്തില്‍. പേരിന് വെളിച്ചെണ്ണ ചേര്‍ക്കണമെന്നുമാത്രം. നികുതിയിളവിനുവേണ്ടി ഇപ്പോള്‍ അലക്കുസോപ്പെല്ലാം ഉത്പാദകര്‍ ''വെളിച്ചെണ്ണകൊണ്ടുണ്ടാക്കുന്നു''!

അരിപ്പൊടിയുള്‍പ്പെടെ പാക്കറ്റ് ഉത്പന്നങ്ങള്‍ക്കും സംസ്ഥാനം നികുതി ഒഴിവാക്കിയിട്ടുണ്ട്. മല്ലി, മുളക് എന്നിവയുടെ നികുതി നാലില്‍നിന്ന് ഒരുശതമാനമാക്കി. പക്ഷേ, ഒന്നിനും വിലകുറഞ്ഞില്ല. അപ്പോള്‍, ഇളവുകള്‍കൊണ്ടു ഫലമുണ്ടാക്കിയതാരാണ്? പരമാവധി നികുതികുറയ്ക്കുന്നതാണ് ജനപ്രിയബജറ്റ്. എന്നാല്‍, ഇതുകൊണ്ട് എന്തുമാറ്റം ജീവിതത്തിലുണ്ടായെന്ന് ആരും പിന്നെ അന്വേഷിക്കാറില്ല. മൈദ, സൂചി, ആട്ട എന്നിവയുടെ നികുതി ഒഴിവാക്കി. എന്നാല്‍, ഇവയ്‌ക്കോ ഇവകൊണ്ടുണ്ടാക്കുന്ന ബേക്കറി, ഹോട്ടല്‍ ഉത്പന്നങ്ങള്‍ക്കോ വിലകുറഞ്ഞ അനുഭവമുണ്ടായതുമില്ല. 60 കോടി നികുതിവരുമാനം നഷ്ടമായെന്നുമാത്രം.

ഒരുകോടിയില്‍ക്കൂടുതല്‍ വിറ്റുവരവുള്ള, അഞ്ചുവര്‍ഷമായി കോമ്പൗണ്ട് നികുതിയടയ്ക്കുന്ന സ്വര്‍ണവ്യാപാരിയുടെ നികുതി മുന്‍വര്‍ഷത്തേതിന്റെ 115 ശതമാനമായും മൂന്നുവര്‍ഷമായി കോമ്പൗണ്ട് നികുതിയടച്ചുവരുന്ന വ്യാപാരിക്ക് 120 ശതമാനമായും കുറച്ചു. നേരത്തേ ഇത് 125 ശതമാനമായിരുന്നു. ഈ ഇളവിന് മുന്‍കാലപ്രാബല്യംകൂടി നല്‍കിയതോടെ ചെറിയ പട്ടണത്തിലെ വന്‍കിട ജ്വല്ലറിയുടെ ശാഖയ്ക്കുപോലും 25 ലക്ഷംവരെ അടച്ചനികുതി സര്‍ക്കാര്‍ തിരിച്ചുനല്‍കി. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം ശാഖകളുള്ള ജ്വല്ലറികള്‍ക്ക് കോടികളാണു തിരിച്ചുകിട്ടിയത്. ഈ വര്‍ഷം അടയ്ക്കുന്നതിലും വലിയ ഇളവുകിട്ടി.

ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ബാധകമായ ആഡംബരനികുതി മൂന്നുമാസത്തേക്ക് 12.5 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു. കേരളത്തില്‍ വിനോദസഞ്ചാരമേഖലയില്‍ ഏറ്റവും തിരക്കുള്ള ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളിലെ നികുതിയിലാണ് വന്‍ ഇളവുനല്‍കിയത്. സര്‍ക്കാറിന് വലിയ വരുമാനമുണ്ടാവേണ്ടിയിരുന്നകാലമായിരുന്നു ഇത്. ഈ മാസങ്ങളിലെ നഷ്ടം നികത്താനാവാതെ തകര്‍ന്നുകിടക്കുകയാണ് വിനോദസഞ്ചാരമേഖലയ്ക്കു പ്രാമുഖ്യമുള്ള വയനാട്, ഇടുക്കി വാണിജ്യനികുതി ഓഫീസുകള്‍.

ബജറ്റില്‍ നികുതി കുറയ്ക്കാവുന്നതാണെന്ന ഒറ്റവരിപ്പരാമര്‍ശമുണ്ടായ മേഖലകള്‍ക്കു പിന്നീട് വന്‍നികുതിയിളവുകൊടുത്ത സംഭവങ്ങളുമുണ്ടായി. ചിലവയ്ക്ക് ബജറ്റില്‍ കൂട്ടിനിശ്ചയിച്ച്, പിന്നാലെ വന്‍നികുതിയിളവു പ്രഖ്യാപിച്ച അദ്ഭുതങ്ങളുമുണ്ടായി. അത്തരത്തിലൊന്നാണ് ക്രഷര്‍ യൂണിറ്റുകള്‍ക്കു കിട്ടിയ സൗജന്യം. എംസാന്‍ഡ് വില്പനനികുതിനിരക്ക് അഞ്ചുശതമാനത്തില്‍നിന്ന് 14.5ശതമാനമാക്കി നിശ്ചയിച്ചെങ്കിലും ചെറിയ തുകനിശ്ചയിച്ച് കോമ്പൗണ്ടിങ് കൊണ്ടുവരുന്നതാണു പിന്നെക്കണ്ടത്. ഉദാഹരണത്തിന്, മണിക്കൂറില്‍ 100മുതല്‍ 150വരെ മെട്രിക് ടണ്‍ ഉത്പാദനശേഷിയുള്ള മെഷീനുകള്‍ക്കു നിശ്ചയിച്ച നിരക്ക് 32.5ലക്ഷം. 10കോടിയോളം വിറ്റുവരവുള്ള ഇവര്‍ക്ക് നികുതിയായി 1.56കോടി അടയ്‌ക്കേണ്ടിടത്ത് 66 ലക്ഷമാക്കി. സംസ്ഥാനത്ത് ഇത്തരം വലിയ മെഷീനുകള്‍ 828 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അങ്ങനെയെങ്കില്‍ ഒരു വ്യാപാരിക്ക് ലാഭം 90 ലക്ഷം; മൊത്തം 756കോടി. ഇത്രയും ഖജനാവിലെത്തേണ്ടതായിരുന്നു. അടുത്തിടെ സംസ്ഥാനഖജനാവിന് വലിയ ക്ഷതമേല്‍പ്പിച്ച നടപടിയാണിത്. വ്യവസായികളുടെതന്നെ അഭിപ്രായത്തില്‍ ഏറ്റവും ലാഭകരമായി മുന്നേറുന്ന മേഖലയാണിത്. ഒപ്പം എല്ലാത്തരത്തിലും ഏറ്റവും ശക്തമായ സംഘടിതശക്തിയും രാഷ്ട്രീയവിലപേശല്‍ശേഷിയുമുള്ള ഗ്രൂപ്പാണിത്. സംസ്ഥാനത്തെ രാഷ്ട്രീയസ്വാധീനമുള്ളവര്‍ പിന്‍ബലമേകുന്ന സമ്പന്നരുടെ ലോബിയാണ് പാറമട ഉടമകള്‍. നാടിന്റെ പൊതുസ്വത്താവേണ്ട പ്രകൃതിവിഭവങ്ങള്‍ പാറയും പൊടിയുമാക്കി വിറ്റ് ലാഭംകൊയ്യുന്നവരില്‍നിന്ന് ഉയര്‍ന്ന നികുതി വാങ്ങുകയെന്നത് നികുതിനയത്തിനുചിതവുമാണ്. വന്‍നികുതിയിളവും അമിതമായ ലാഭവും ചേരുമ്പോള്‍ സംസ്ഥാനത്തെ കാടിന്റെയും പാറകളുടെയും ഗതി മെറ്റലും മണലുമാവുകയായിരിക്കും.

ഏറ്റവുമവസാനമുണ്ടായ ജനപ്രിയനികുതിതീരുമാനമാണ് റബ്ബറിന്റേത്. നികുതിവരുമാനത്തിലെ ഇടിവിന്റെ വ്യാപ്തി അറിയണമെങ്കില്‍ ഈ കണക്കുമാത്രം മതി. മൈനസ് 30 ശതമാനം കുറവുവന്നെന്നാണ് വാണിജ്യനികുതിവകുപ്പിന്റെ ഏറ്റവുമൊടുവിലത്തെ കണക്ക്. റബ്ബറിന് തറവില 136 ആയി നിശ്ചയിച്ച് നികുതിയൊഴിവാക്കിയതിന്റെ ലക്ഷ്യം റബ്ബര്‍കര്‍ഷകരെ സഹായിക്കലാണെന്നാണ് കേള്‍വി. ഇതുവഴി സര്‍ക്കാറിന് 50 കോടി നഷ്ടമുണ്ടാവുമെന്നാണു കരുതുന്നത്. എന്നാല്‍, നേട്ടം കര്‍ഷകര്‍ക്കല്ല. മറിച്ച്, പ്രധാനമായും രണ്ടു റബ്ബര്‍ കമ്പനികളാണ് ലാഭംകൊയ്യുന്നത്. തങ്ങള്‍ ശേഖരിച്ചതോ മുമ്പുവാങ്ങിയതോ കടത്തിയതോ എന്തുമാവട്ടെ, ഇതിന്റെ മറവില്‍ വില്‍ക്കാനുള്ള സൗകര്യവും കമ്പനികള്‍ക്കുകിട്ടുന്നു. നികുതിയൊഴിവായതോടെ എല്ലാവിധ പരിശോധനയില്‍നിന്നും ഒഴിവായത് ഇരട്ടിനേട്ടവും.

ഭക്ഷ്യ എണ്ണയ്ക്ക് ഒഴിവാക്കിയ നികുതി വീണ്ടും അഞ്ചുശതമാനമാക്കി പുനഃസ്ഥാപിച്ചതോടെ കോഴിക്കോട് ജില്ലാ വില്‍പ്പനനികുതി ഓഫീസിലെ വരുമാനം കൂടി. ഒഴിവാക്കലും ഇളവും എത്രമാത്രം വാണിജ്യനികുതിവരുമാനത്തെ ബാധിക്കുന്നുവെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ് .
ഇനിയിതാ വിചിത്രമായ ഒരിളവും വരാന്‍പോവുന്നു. വിമാന ഇന്ധനമായ എ.ടി.എഫിന് നികുതി ഒഴിവാക്കിക്കൊടുക്കുന്നു. കേരളത്തില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന വിമാനക്കമ്പനികള്‍ക്കാണ് ഈ ഇളവ്. അത്തരത്തിലേതോ കമ്പനി വരാന്‍പോകുന്നതാണ് ഈ രാഷ്ട്രീയതീരുമാനത്തിനുപിന്നിലെന്ന ഊഹമേ ഉദ്യോഗസ്ഥര്‍ക്കും ഇപ്പോഴുള്ളൂ.

ബജറ്റില്‍ സര്‍ക്കാറിന് കൃത്യമായി ഖജനാവിലെത്തുമെന്നുറപ്പുള്ള മൂന്നു വരുമാനങ്ങളാണുള്ളത്. ഇതിന്റെ സിംഹഭാഗവും സര്‍ക്കാര്‍വകുപ്പുകള്‍ നേരിട്ടടയ്ക്കുന്ന ബിവറേജസ് നികുതിയും ലോട്ടറിയില്‍നിന്നുള്ള വരുമാനവുമാണ്. ഇത് മൊത്തം വരുമാനത്തിന്റെ 43 ശതമാനം വരും. പെട്രോളിയം നികുതിയിനത്തില്‍ കമ്പനികള്‍ അടയ്ക്കുന്നത് പ്രതിമാസം 500കോടിയോളം രൂപ. എന്നാല്‍, പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറഞ്ഞതിനനുസരിച്ച് നികുതി കുറഞ്ഞു. ഇപ്പോള്‍ വാണിജ്യനികുതി എറണാകുളം ഓഫീസിലെത്തുന്നത് 460 കോടിയോളമാണ്. മറ്റു മേഖലകളില്‍നിന്നുള്ള നികുതിവരുമാനത്തില്‍ വന്‍ചോര്‍ച്ചയാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരുവിഭാഗമാളുകളില്‍ കുമിയുന്ന സമ്പത്ത് നികുതിയിലൂടെ സമാഹരിച്ച് പാവങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ സാമ്പത്തികവിടവ് കുറയ്ക്കുകയെന്ന ആധുനികനികുതിതത്ത്വവുമായി ഒരുവിധത്തിലും യോജിക്കുന്നതല്ല സര്‍ക്കാറിന്റെ നയം. ഇനി, ബജറ്റ് വഴി നികുതി ഒഴിവാക്കുകയോ ഇളവുകിട്ടുകയോ വേണമെന്നില്ല; അല്ലാതെയും നികുതിബാധ്യതയില്‍നിന്നു രക്ഷപ്പെടാം. താഴെത്തട്ടിലുള്ള ഒരു വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ ബില്ലുകളും അക്കൗണ്ടും പരിശോധിച്ച് നികുതിവെട്ടിപ്പ് കണ്ടെത്തി നോട്ടീസ് കൊടുത്താലും അതിന്‍മേല്‍ സ്‌റ്റേനല്‍കാന്‍ തൊട്ടുമുകളിലുള്ള അപ്പലെറ്റ് അതോറിറ്റി മുതല്‍ തലസ്ഥാനത്തെ മന്ത്രി ഓഫീസ് വരെ തയ്യാര്‍. ഭരിക്കുന്നവരും ഉദ്യോഗസ്ഥരും വ്യാപാരികളും ചേര്‍ന്ന് തേവരുടെ ആനയെന്ന മട്ടില്‍ ഭരണം വലിച്ചുകൊണ്ടുപോയാല്‍ സര്‍ക്കാര്‍വരുമാനം തലകുത്തിവീഴും.

നികുതിനഷ്ടം ആയിരം കോടി, അരിവില ഇരട്ടി


നാലുകൊല്ലം മുമ്പ് ഒരുകിലോ പൊന്നിയരിക്ക് വില 22രൂപ. അന്ന് വില്പനനികുതി ഒരുശതമാനം. അരിയുടെ നികുതിയില്‍നിന്നുമാത്രം സംസ്ഥാനസര്‍ക്കാറിന്റെ പ്രതിവര്‍ഷവരുമാനം 200കോടി രൂപ. ഇപ്പോള്‍ വില്പനനികുതി പൂജ്യം. സര്‍ക്കാരിന് വരുമാനം പൂജ്യം. പക്ഷേ അരിവില കിലോയ്ക്ക് 40 രൂപ. നികുതിയില്ലാതിരുന്നിട്ടും വില ഇരട്ടിയായി.

അരിയുടെ നികുതി പിന്‍വലിച്ചതുകാരണം സംസ്ഥാനത്തിന് നാലുകൊല്ലംകൊണ്ട് നികുതിയിനത്തിലുണ്ടായ നഷ്ടം 1000കോടിയിലേറെ രൂപയാണ്. ഒരുശതമാനം നികുതിയുണ്ടായാല്‍ത്തന്നെ ഒരു കിലോയ്ക്ക് 40 പൈസയാണുവരിക. 30 കിലോ അരി വാങ്ങുമ്പോള്‍ ഒരു കുടുംബത്തിനുണ്ടാകുന്ന നികുതിബാധ്യത വെറും 12രൂപ. നികുതി കുറച്ചതുകൊണ്ട് ഉപഭോക്താവിനും കര്‍ഷകനും സര്‍ക്കാറിനും ഗുണമൊന്നുമുണ്ടായില്ലെന്നു വ്യക്തം. അപ്പോള്‍ ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ അരിയുടെ നികുതി ഒഴിവാക്കിയത്?

സംസ്ഥാനത്തെ പത്തോളം റൈസ് മില്ലുടമകളാണ് ഈ നികുതിയിളവിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍. അവരുടെ വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടായി. നികുതിനഷ്ടത്തിനുപുറമേ സംസ്ഥാനത്തേക്ക് എത്തുകയും പോവുകയും ചെയ്യുന്ന അരിക്ക് ഒരുകണക്കുമില്ലാതാവുകയുംചെയ്തു.

നികുതിയില്ലാത്ത ബജറ്റാണു നല്ല ബജറ്റ് എന്നൊരു ധാരണയുണ്ടു സാധാരണക്കാരന്. ബജറ്റ് വരുമ്പോള്‍ എന്തിനൊക്കെ വില കുറയും, കൂടും എന്നന്വേഷിക്കുന്നത് അതുകൊണ്ടാണ്. സംസ്ഥാനത്ത് ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന, വന്‍നികുതിവരുമാനമുണ്ടാക്കാവുന്ന പല മേഖലകള്‍ക്കും കഴിഞ്ഞ മൂന്നുവര്‍ഷത്തെ ബജറ്റുകളില്‍ നികുതികുറയ്ക്കുകയോ പാടേ ഒഴിവാക്കുകയോ ചെയ്തു. എന്നാല്‍, ഇതുകൊണ്ട് സാധനവില കുറയുകയോ സാധാരണക്കാരനു ഗുണമുണ്ടാവുകയോ ചെയ്തില്ല. സംസ്ഥാനം വന്‍ സാമ്പത്തികപ്രതിസന്ധി നേരിടുകയും നികുതിവരുമാനം കുത്തനെ താഴേക്കുപോവുകയും ചെയ്യുമ്പോഴാണ് ജനത്തിന് പ്രയോജനമില്ലാത്ത ഇത്തരം ഇളവുകളുണ്ടാവുന്നത്.

സൂചിക്കുഴയില്‍ ഒട്ടകത്തെ കയറ്റുന്നവര്‍
വയനാടും ഇടുക്കിയും അറബിക്കടലോരത്താണെന്നും ആ ജില്ലയിലുള്ളവരുടെയെല്ലാം അടിസ്ഥാനതൊഴില്‍ മീന്‍പിടിത്തമാണെന്നും കരുതേണ്ടിവരും ചുരംകയറുന്ന വലകളുടെയും മീന്‍പിടിത്തക്കയറുകളുടെയും കണക്കെടുത്താല്‍. കേരളത്തില്‍ മീന്‍പിടിത്തവലയുടെയും കയറിന്റെയും നികുതി ഉപേക്ഷിച്ചതോടെ, നമ്മുടെ വീട്ടാവശ്യത്തിനുള്ളതടക്കം ഇവിടേക്കെത്തുന്ന ഏത് പ്ലാസ്റ്റിക് കയറും ഇപ്പോള്‍ മീന്‍പിടിത്തത്തിനുള്ളതാണെന്നാണു രേഖകള്‍. അപ്പോള്‍പ്പിന്നെ പരിശോധനയുമില്ല. വെള്ളവും വെയിലുമേറ്റാലും കേടാവാത്തവയാണ് മീന്‍പിടിത്തത്തിനുള്ള വലകളും കയറുകളും. മത്സ്യത്തൊഴിലാളികളുടെ പേരില്‍വന്ന ഇളവിന്റെ നേട്ടമുണ്ടായത് തമിഴ്‌നാട്ടിലെ പ്ലാസ്റ്റിക് കയര്‍ കമ്പനിക്കാണെന്ന് കേരളത്തിലെ വിതരണക്കാര്‍തന്നെ സമ്മതിക്കുന്നു.

കേരളത്തിലിപ്പോള്‍ കണക്കില്‍ 500 രൂപയ്ക്കുമുകളിലുള്ള ചെരിപ്പ് വില്‍ക്കുന്നത് അപൂര്‍വമായെന്നാണു രേഖകള്‍. കാരണം 500 രൂപയ്ക്കു താഴെയുള്ളവയുടെ നികുതി അഞ്ചുശതമാനമാണ്. അതിനുമുകളില്‍ 12.5 ശതമാനമാണ്. അപ്പോള്‍പ്പിന്നെ ഉപഭോക്താവ് എത്ര വിലകൂടിയതു വാങ്ങിയാലും എല്ലാറ്റിനും വ്യാപാരിയുടെ കൈയിലെ കണക്കില്‍ വില 500ല്‍ത്താഴെമാത്രം. അതേസമയം പാവപ്പെട്ടവന്റെയും സമ്പന്നന്റെയും ടി.വി.ക്ക് ഒറ്റനികുതിയേയുള്ളൂ14.5 ശതമാനം. ടി.വി. വില 3000 രൂപയായാലും മൂന്നുലക്ഷമായാലും നികുതി ഒന്നുതന്നെ. വാറന്റിയുള്ള സാധനങ്ങള്‍ക്ക് ഉപഭോക്താവ് ബില്‍ ചോദിച്ചുവാങ്ങും, കൃത്രിമം പറ്റില്ല. മറ്റു സാഹചര്യങ്ങളില്‍ എന്തുകൊണ്ടാണ് ബില്‍ വേണമെന്ന് ഉപഭോക്താക്കള്‍ ശഠിക്കാത്തത്? ബില്‍ വേണമെങ്കില്‍ നികുതികൂട്ടും, പൈസ കൂടും എന്ന വ്യാപാരിയുടെ ഭീഷണിയില്‍ സ്വന്തം അവകാശമാണു മറക്കുന്നത്.

സത്യത്തില്‍ വ്യാപാരികള്‍ ബില്‍ നല്‍കാത്തതിലൂടെ ഒരേസമയം സര്‍ക്കാറിനെയും ഉപഭോക്താവിനെയും വഞ്ചിക്കുകയാണ്. നികുതിയടങ്ങിയ എം.ആര്‍.പി.വിലതന്നെ വാങ്ങിയാണ് നികുതിയൊടുക്കാതെ തട്ടിക്കുന്നത്. അതേസമയം നികുതിയൊടുക്കില്ലെങ്കിലും എം.ആര്‍.പി.യില്‍ നികുതി കുറച്ച് വിലകുറച്ചുകൊടുക്കുന്നുമില്ല. ഉപഭോക്താവ് നല്‍കിയ നികുതിയും ലാഭം. വ്യാപാരിയുടെ കമ്മീഷനും വില്പനനികുതിയും ചേര്‍ന്നതാണല്ലോ എം.ആര്‍.പി. എന്ന പരമാവധിവില.

ചെറുകിടവ്യവസായത്തെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കരകൗശല ഉത്പന്നങ്ങളുടെ നികുതി ഒഴിവാക്കിയത്. അതോടെ ഫര്‍ണിച്ചര്‍ കടകളെല്ലാം കരകൗശലശാലകളായിമാറി. ആവകയില്‍ നികുതിവെട്ടിക്കുന്നു, അത്രതന്നെ. കൈത്തറിക്ക് കൈകൊണ്ട് നിര്‍മിക്കുന്ന സര്‍ക്കാര്‍നികുതി ഒഴിവാക്കിയപ്പോള്‍ കേരളത്തിലേക്കുള്ള തുണിയെല്ലാം ഇപ്പോള്‍ കൈത്തറിയാണ്. അതല്ലാത്തതൊന്നും ചെക്‌പോസ്റ്റ് വഴി വരുന്നില്ലെന്നാണു രേഖ. എവിടെയാണ് ഇത്രയധികം തറികളും കൈവേലക്കാരുമുള്ളതെന്ന കടംകഥയില്‍ ചോദ്യമില്ല. ഇതും നികുതിചോരുംവഴികളില്‍ ഒന്നുമാത്രം.

ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ഒരുകോടിക്കുമുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് വാണിജ്യനികുതി വിറ്റുവരവിന്റെ രണ്ടുശതമാനമാക്കി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സ്വമേധയാ ഈ മേഖലയിലെ നികുതിയൊന്നും വാണിജ്യവകുപ്പ് ഓഫീസുകളില്‍ ഈ വര്‍ഷം ഇത്രയായിട്ടും എത്തുന്നില്ല. ലക്ഷ്യം ഒപ്പിക്കാന്‍ നികുതിയടപ്പിക്കാന്‍ തന്ത്രം പയറ്റുന്ന ഉദ്യോഗസ്ഥര്‍ക്കുകിട്ടുന്ന മറുപടിയാണു രസം. ഈ വര്‍ഷം ബജറ്റില്‍ തങ്ങള്‍ക്ക് വലിയ ആനുകൂല്യം കിട്ടുമെന്നും അതിന് മുന്‍കാലപ്രാബല്യമുണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണവര്‍. ഇപ്പോള്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കു മാത്രമാണു നികുതിയുള്ളത്. കോമ്പൗണ്ട് രീതിമാറ്റി മൊത്തം നികുതി ഒന്നോ രണ്ടോ ശതമാനമാക്കണമെന്നാണൊരാവശ്യം. അതായത് തങ്ങളുടെ വരുമാനത്തില്‍നിന്നുമാറ്റി ഉപഭോക്താവിനുമേല്‍ ചുമത്തണം. കുറ്റം പറയാനാവില്ല; ക്രഷറുകാര്‍ക്കും സ്വര്‍ണക്കാര്‍ക്കും കിട്ടിയെങ്കില്‍ എന്തുകൊണ്ടിവര്‍ക്കുമായിക്കൂടാ! ഇളവിന്റെകാര്യത്തില്‍ കച്ചവടക്കാരെ വിശ്വസിക്കുന്നതാണ് ജീവനക്കാര്‍ക്കും സൗകര്യം. ഉത്തരവുകള്‍ ഓഫീസിലെത്താന്‍ മാസങ്ങളെടുക്കുമെങ്കിലും അപ്പപ്പോള്‍ കാര്യങ്ങളറിയുന്നത് കച്ചവടക്കാരാണ്.

സംസ്ഥാനത്താകെ 60 ലക്ഷത്തിലേറെ വ്യാപാരികളുള്ളതില്‍ 2.4 ലക്ഷം മാത്രമാണ് രജിസ്‌ട്രേഷനുള്ളവര്‍. അതായത്, നികുതിബാധ്യതയുള്ള, പത്തുലക്ഷം രൂപയിലധികം വാര്‍ഷികവിറ്റുവരവുള്ളവര്‍. വാര്‍ഷികവിറ്റുവരവ് 10 ലക്ഷത്തിനു താഴെയായാല്‍ നികുതിയടയ്‌ക്കേണ്ട. ഒരിക്കലും കണക്കില്‍ തങ്ങള്‍ക്ക് അതിലേറെ വരുമാനമുണ്ടാവാതിരിക്കാനാണ് വ്യാപാരി ശ്രമിക്കുക. യഥാര്‍ഥ ബില്‍ ഭൂരിഭാഗം പേരും വെയ്ക്കില്ല. അത് അക്കൗണ്ടന്റിന്റെ കൈവശമായിരിക്കും. സാമ്പത്തികവര്‍ഷത്തിന്റെ അവസാനമാസങ്ങളില്‍ വ്യാപാരമേഖലയില്‍ മാന്ദ്യത്തോടുമാന്ദ്യമാണ്. കാരണം, വിറ്റുവരവ് കൂടാതിരിക്കാന്‍ കണക്കില്‍ കൃത്രിമം കാണിക്കും. ഒരു വ്യാപാരി ഒരൊറ്റ സ്ഥാപനത്തിനുതന്നെ നാലു രജിസ്‌ട്രേഷനെടുക്കുന്നതായും അങ്ങനെ നികുതിവലയില്‍നിന്നു സമര്‍ഥമായി രക്ഷപ്പെടുന്നതായും സി.എ.ജി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്‌റ്റോക് കണക്കെടുപ്പിലൂടെ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ ഈ തട്ടിപ്പ് കണ്ടുപിടിക്കാനാവും. എന്നാല്‍, അതിന് ഭൂരിഭാഗവും മിനക്കെടില്ല. മാത്രവുമല്ല, സംസ്ഥാനത്ത് കടപരിശോധനകള്‍ പൂര്‍ണമായും നിലച്ചതോടെ ഒരു ക്രമക്കേടും കണ്ടെത്താത്ത സ്ഥിതിയാണ്.

അമേരിക്കയില്‍ നികുതി നല്‍കുകയെന്നത് ദേശീയബഹുമതിയായി പൗരന്മാര്‍ കണക്കാക്കുമ്പോള്‍ നമ്മള്‍ ഇന്ത്യക്കാര്‍ കോര്‍പ്പറേറ്റുകള്‍മുതല്‍ സാധാരണക്കാര്‍വരെ നികുതിയൊഴിവാക്കലാണ് ദേശീയബഹുമതിയായി കാണുന്നത് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ജെ.എസ്. പരിപൂര്‍ണന്റേതാണ് ഈ നിരീക്ഷണം.

ഈയടുത്ത് വയനാട് ജില്ലാ ജഡ്ജി മുന്‍കൈയെടുത്ത് വാണിജ്യനികുതിവകുപ്പുമായി ബന്ധപ്പെട്ട് ഒരു അദാലത്ത് നടത്തി. നികുതികുടിശ്ശികയുള്ള വ്യാപാരികള്‍ക്കെല്ലാം നോട്ടീസയച്ചു. തൊട്ടടുത്തദിവസംതന്നെ പണവുമായി അക്കൗണ്ടന്റുമാര്‍ കുതിച്ചെത്തി. കാരണം, കൃത്യസമയത്ത് വ്യാപാരികളില്‍നിന്ന് നികുതിയും ഉദ്യോഗസ്ഥര്‍ക്കുള്ള മാമൂലും വാങ്ങി സ്വന്തം പോക്കറ്റില്‍ സൂക്ഷിക്കുകയായിരുന്നു ഇവര്‍. പിടിക്കപ്പെടുമെന്നായപ്പോഴാണ് സത്യം പുറത്തായത്.

ശരാശരി കച്ചവടക്കാരന് ഒരിക്കലും മനസ്സിലാവുന്നതല്ല, തടിച്ച ഇംഗ്ലീഷ് നിയമപുസ്തകം. ആക്ടും നോട്ടീസും മലയാളത്തിലല്ലാത്തിടത്തോളം അവരെ സംബന്ധിച്ചിത് ഭയപ്പെടുത്താനുള്ള ഉപകരണം മാത്രം. ഉദ്യോഗസ്ഥരതു ചെയ്യുന്നുമുണ്ട്. യഥാര്‍ഥബില്ലടക്കം എല്ലാം വ്യാപാരി അക്കൗണ്ടന്റിനെ ഏല്പിക്കുന്നു. അക്കൗണ്ടന്റാണ് നിയമം വ്യാഖ്യാനിക്കുന്നത്. പറ്റിക്കപ്പെട്ടാലും കച്ചവടക്കാരന് ഒന്നും ചെയ്യാനാവില്ല. ഇപ്പോള്‍ രജിസ്‌ട്രേഷനുള്ള വ്യാപാരിക്കു നല്‍കുന്ന രഹസ്യ പാസ്‌വേഡടക്കം കൈകാര്യംചെയ്യുന്നത് വ്യക്തിപരമായല്ല. ഉപഭോക്താവില്‍നിന്ന് സര്‍ക്കാറിന് നികുതിപിരിച്ചുകൊടുക്കുകയെന്ന വലിയ സേവനംചെയ്യുന്ന കച്ചവടക്കാരന് പലപ്പോഴും ഇതൊരു പീഡനമായാണനുഭവപ്പെടുക. നികുതിനിര്‍ണയം നടത്തി കച്ചവടക്കാരന് സ്വന്തമായടയ്ക്കുന്നതിന് സര്‍ക്കാറോ ജീവനക്കാരോ ഒരു പ്രോത്സാഹനവും നല്‍കുന്നില്ല. ടാര്‍ജറ്റും നികുതിയും തനിക്കുള്ള കൈക്കൂലിയും മാത്രം ഉദ്യോഗസ്ഥന്റെ ലക്ഷ്യമാവുമ്പോള്‍ പലപ്പോഴും കച്ചവടക്കാരന് എല്ലാം നഷ്ടമാവുന്നു, അല്ലെങ്കില്‍ കോടതികയറിയിറങ്ങേണ്ടിവരുന്നു.

തമിഴ്‌നാട്ടില്‍ എല്ലാ നോട്ടീസും തമിഴിലാണു നല്‍കുന്നത്. അതുകൊണ്ടുതന്നെ കച്ചവടക്കാരനോ െ്രെഡവര്‍ക്കോ തന്റെഭാഗം വ്യക്തമാക്കാനാവും. കോമ്പൗണ്ട് നികുതി വന്‍കിടക്കാര്‍ക്ക് ലാഭവും ചെറുകിടക്കാര്‍ക്ക് വന്‍നഷ്ടവുമുണ്ടാക്കുന്നുവെന്നു വിമര്‍ശമുണ്ട്. ഈ നികുതി സ്വീകരിച്ച മേഖലകളില്‍ ചെറുമത്സ്യങ്ങളെ വിഴുങ്ങി വന്‍കിടക്കാര്‍ കൊഴുക്കുന്ന പ്രതിഭാസവും കാണാനാകും. ടേണോവര്‍ നികുതി കച്ചവടക്കാര്‍ക്കുമേല്‍ മള്‍ട്ടിപ്പിള്‍ നികുതിയും അടിച്ചേല്‍പിക്കുന്നു. നികുതിനയത്തിലെ നികുതിഘടനയിലുമുണ്ട് ഒട്ടേറെ പോരായ്മകളും പിഴവുകളും.

രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ ലളിതമാക്കണമെന്നാവശ്യപ്പെടുന്നു വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍. സര്‍ക്കാറും ഉദ്യോഗസ്ഥരും തങ്ങളെ കൊള്ളക്കാരെപ്പോലെ കാണുന്നത് അവസാനിപ്പിക്കണം. കടകയറിപ്പരിശോധന ഒരുതരത്തിലും അംഗീകരിക്കാനാവില്ല. വ്യാപാരമേഖലയില്‍ സര്‍ക്കാര്‍ ഒരാനുകൂല്യവും തന്നിട്ടില്ല. ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ച് തങ്ങളെ കൈക്കൂലി കൊടുക്കുന്നവരാക്കുകയാണ്. ഇനി പുതുതായി നികുതിയേര്‍പ്പെടുത്താനാവില്ല. ഏര്‍പ്പെടുത്തിയാല്‍ വ്യാപാരമേഖല പ്രതിസന്ധിയിലാവും, കച്ചവടം മുരടിക്കും. സര്‍ക്കാര്‍ വരുമാനത്തിന് മറ്റു മേഖലകള്‍ കണ്ടെത്തട്ടെ നസിറുദ്ദീന്‍ പറയുന്നു.

മാര്‍ബിളില്‍ തിളങ്ങുന്ന മയ്യഴി, കോഴിതിന്ന് കൊഴുക്കുന്ന ജനം

ദുര്യോധനന്‍ കണ്ട പാണ്ഡവകൊട്ടാരം ഇന്ദ്രപ്രസ്ഥംപോലെ പളപള തിളങ്ങണം മയ്യഴിയിലെ മണ്ണും തെരുവും വീടും, എന്തിന്, വീടിന്റെ മേല്‍ക്കൂരവരെ. മാഹിക്കാരാവട്ടെ മൂന്നുനേരം കോഴിമാത്രം കഴിച്ച് ജീവിക്കുന്നവരുമാവണം അവിടേക്കുള്ള സാധനങ്ങളുടെ ഒഴുക്കിന്റെ കണക്കില്‍. ഒരുദിവസം എട്ടുലക്ഷം രൂപയുടെ മാര്‍ബിളാണ് മയ്യഴിയിലെ ആവശ്യത്തിനെന്നപേരില്‍ കേരളാതിര്‍ത്തി കടക്കുന്നത്. സാനിറ്ററി, പെയിന്റ് എന്നീ വിഭാഗത്തില്‍ മൂന്നോ നാലോ ലക്ഷം രൂപയുടെ സാധനങ്ങളുമെത്തുന്നു.

ഗോപാലപുരംവഴി ശരാശരി 35,000 കിലോ കോഴിയാണ് ഒരുദിവസമെത്തുന്നത്. ഇതിന് കേരളത്തിന്റെ കണക്കില്‍ 48,200 രൂപ ഒരുദിവസം നികുതിയായി വരേണ്ടതാണ്. കോഴിയിറച്ചിയായി ഫ്രോസണ്‍ ശരാശരി ദിവസം അഞ്ചുലക്ഷത്തിന്റെ ലോഡ് എത്തുന്നുവെന്നാണ് ചെക്ക് പോസ്റ്റിലെ കണക്ക്. 72,500 രൂപ നികുതിയായിക്കിട്ടണം. ഒമ്പത് ചതുരശ്രകിലോമീറ്ററാണ് മയ്യഴിയുടെ ആകെ വിസ്തൃതി. ആകെ ജനസംഖ്യ 42,000വും. കേരളത്തില്‍ 14.5 ശതമാനം നികുതിയുള്ളപ്പോള്‍ പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയില്‍ നികുതിവേണ്ട. നിത്യോപയോഗസാധനങ്ങളടക്കം സംസ്ഥാനത്ത് നികുതിയുള്ള എല്ലാം മയ്യഴിയിലേക്കുള്ള കണക്കിലാണ് ഈ മേഖലയിലേക്കു വരുന്നത്. ചെക്‌പോസ്റ്റുകളില്‍ പ്രവേശനപാസ് നല്‍കുകമാത്രമാണു നടക്കുന്നത്.

കുഞ്ഞിപ്പിള്ളി ചെക്‌പോസ്റ്റില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതോടെ മയ്യഴിയിലേക്കുള്ള മാര്‍ബിള്‍, ഗ്രാനൈറ്റ് യാത്ര തുടങ്ങും. ആ വിവരം മയ്യഴിയിലെ വില്പനനികുതി ഇന്റലിജന്‍സ് സ്‌ക്വാഡിനു ലഭിക്കുന്നതോടെ അവര്‍ കാത്തുനില്പാരംഭിക്കും. കെട്ടിടങ്ങള്‍ക്കു മുകളില്‍ ഒളിച്ചും പാത്തും നില്‍ക്കും. ചിലപ്പോള്‍ ഒരുരാത്രിമുഴുവന്‍ മഴയും മഞ്ഞുമൊന്നും കൂസാതെ നില്പുതുടരേണ്ടിവരും. തൊട്ടുതൊട്ടില്ലാക്കളിയാണു പിന്നെ. ഒറ്റച്ചുവടുകൊണ്ട് കേരളത്തില്‍നിന്നു മയ്യഴിയിലെത്തും. പിന്നെ രക്ഷയില്ല. വലിയ വണ്ടിയില്‍നിന്നു മാറ്റി ചെറുവണ്ടികളിലാക്കി ഇടവഴികളിലൂടെ കേരളത്തിലേക്കു കടത്തും. തലശ്ശേരി, കണ്ണൂര്‍, വടകര എന്നിവിടങ്ങളിലേക്ക് ചെറുവഴികളിലൂടെ ഒഴുകും. രണ്ടു സ്‌ക്വാഡാണു മയ്യഴിയിലുള്ളത്. ഒരുസംഘത്തിന്റെ ജോലി ഉച്ചയ്ക്കു തുടങ്ങി പിറ്റേന്നുച്ചയ്ക്കവസാനിക്കും. രാത്രി രണ്ടിനും മൂന്നിനുമിടയിലാണ് കോഴിക്കടത്ത്.

കണ്ണൂരിലെ രാഷ്ടീയബന്ധമുള്ള ഗുണ്ടാസംഘങ്ങളുടെ കാവലോടെയാണ് കടത്ത്. വടക്കന്‍ മലബാറിലെ രാഷ്ട്രീയനേതാവിന്റെ കൊലപാതകത്തിലെ പ്രതികള്‍ കോഴിക്കടത്ത് എസ്‌കോര്‍ട്ടുകാരുമായിരുന്നു. കോഴിവില കൂടിയതോടെ ഇതിലെ ലാഭം കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മാര്‍ബിള്‍ കടത്തുന്നതിലാണ് സംഘങ്ങളുടെ ശ്രദ്ധ കൂടുതല്‍. കേരളത്തില്‍ പിടിച്ചാല്‍ തറവിലയുടെ 72.5 ശതമാനവും രജിസ്‌ട്രേഷന്‍ ഫീസായി 2500 രൂപയും ഒടുക്കേണ്ടിവരും. പിടിക്കപ്പെടാതിരിക്കാന്‍ സംഘം ഏതുവഴിയും നോക്കും. സ്‌ക്വാഡിനെക്കുറിച്ചുള്ള വിവരം മൊബൈല്‍വഴി ഉടന്‍ കൈമാറാന്‍ ധാരാളം എസ്‌കോര്‍ട്ടുണ്ട്. ചിലപ്പോള്‍ ഒരുവണ്ടിക്കുപിന്നാലെ സ്‌ക്വാഡിനെ ഓടിച്ച് ആ മറവില്‍ മറ്റുവണ്ടികള്‍ കടത്തും. വലിയ റിസ്‌കുണ്ട് ഈ കടത്തിന്.

കടയ്ക്കുള്ളിലെത്തിയാല്‍ എല്ലാം ഭദ്രം. അവിടെ ആരും കണക്കു പരിശോധിക്കാനെത്തില്ല. അതിനൊട്ടനുവദിക്കുകയുമില്ല. പാലക്കാട്ടെ ഒളവപ്പാറ ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥരിരിക്കുന്നത് റോഡിനു മുകളില്‍. താഴെ റോഡുവഴി നിര്‍ബാധം സാധനങ്ങളുമായി വണ്ടിപോകും. ഒന്നും ചെയ്യാനാവില്ല. തൃശ്ശൂരില്‍ കോഴിക്കടത്ത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന് ഇന്നും സ്വന്തം ജില്ലയിലെത്തുമ്പോള്‍ ഗണ്‍മാന്റെ സംരക്ഷണമുണ്ട്. അത്രമാത്രം ശക്തമാണ് സംസ്ഥാനത്ത് ലോബികള്‍.

തലസ്ഥാനത്തിരുന്ന് പ്രവര്‍ത്തനംകൊണ്ട് 'പൊറുതിമുട്ടിച്ച' ഒരുദ്യോഗസ്ഥനെ വ്യാപാരികള്‍ കൊല്ലത്തേക്കു മാറ്റിച്ചു. സര്‍ക്കാറിലേക്കെത്തേണ്ട നികുതി കണ്ടെത്തുന്നതിലും നോട്ടീസുകൊടുക്കുന്നതിലും ജാഗ്രതയുള്ള അദ്ദേഹം അവിടെയെത്തിയപ്പോള്‍ കശുവണ്ടിവ്യവസായികള്‍ക്കായി പരാതി. എങ്കില്‍, ഇവര്‍വിചാരിച്ച് തന്നെ തിരിച്ചു നാട്ടിലേക്കു സ്ഥലംമാറ്റിത്തരട്ടെയെന്നുകരുതി അദ്ദേഹം അത് ഊര്‍ജിതമാക്കി. അപ്പോഴാണ് അഴിമതിക്കാരനല്ലാത്ത ആ ഉദ്യോഗസ്ഥന്‍ ഞെട്ടലോടെ അറിയുന്നത്, ഒരുവിഭാഗം അതൊരു നല്ല വിളവെടുപ്പുള്ള കൃഷിയാക്കിയത്. അദ്ദേഹം നോട്ടീസ് കൊടുക്കുന്നു, അടുത്തദിവസംതന്നെ ഇടനിലക്കാരിടപെട്ട് അതിന് സ്‌റ്റേ വാങ്ങിക്കൊടുക്കും. അതോടെ സ്ഥലംമാറ്റപ്രതീക്ഷയും പോയി, സര്‍ക്കാറിന്റെ വരുമാനവും പോയി എന്ന സ്ഥിതിയിലാണദ്ദേഹം.

എന്നാല്‍, ആളോഹരി ഉപഭോക്തൃസൂചികയുള്ള കേരളത്തിന് വില്പനനികുതിവരുമാനം പ്രധാന ആശ്രയംതന്നെയാണ്. ഇനി സേവനങ്ങളും നികുതിപരിധിയില്‍ വരുന്ന ചരക്കുസേവനനികുതി നടപ്പാക്കാനൊരുങ്ങുമ്പോള്‍ പഴുതുകളടച്ചുള്ള പിരിവിലൂടെമാത്രമേ സര്‍ക്കാറിന് പിടിച്ചുനില്‍ക്കാനാവൂ.

Thursday, February 26, 2015

കേരളം കൂടുതല്‍ ധനപ്രതിസന്ധിയിലേക്ക്

2014-15 ലെ ബജറ്റിനുശേഷം അപ്രതീക്ഷിതമായിട്ടുണ്ടായ ആഘാതം റബറിന്റെ വന്‍ വിലയിടിവാണ്. വന്‍ തോതില്‍ നികുതി വെട്ടിപ്പ് നടന്നൊരുമേഖലയാണെങ്കില്‍പ്പോലും ഇത് സംസ്ഥാനത്ത് ഒരു മാന്ദ്യാവസ്ഥ സൃഷ്ടിച്ചുവെന്നത് പരമാര്‍ത്ഥമാണ്. എന്നാല്‍ റെവന്യൂ വരുമാനം കുറഞ്ഞുവരുന്നതിനുള്ള കാരണങ്ങള്‍ കഴിഞ്ഞ ബജറ്റില്‍ തന്നെ കണ്ടെത്താനാകും.

► 2005 ല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കിയപ്പോള്‍ കേന്ദ്ര നയത്തിന് അനുസൃതമായി അഞ്ച് ലക്ഷമോ അതിലധികമോ വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങള്‍ വാറ്റിന്റെ പരിധിയില്‍ വരണമെന്നാണ് എല്ലാ സംസ്ഥാനങ്ങളും തീരുമാനിച്ചത്്. 2013 -14 വരെ അത് അങ്ങനെതന്നെ തുടര്‍ന്നെങ്കിലും 2014-15 ലെ കേരള ബജറ്റില്‍ അഞ്ച് ലക്ഷം എന്നത് 10 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് വ്യാപാരികളുടെ താല്‍പ്പര്യങ്ങള്‍ സാധാരണക്കാരുടേതിന് മുകളില്‍ സ്ഥാപിച്ചു. എന്നാല്‍ മറ്റുള്ള സംസ്ഥാനങ്ങള്‍ ഇപ്പോഴും അഞ്ച് ലക്ഷത്തിന്റെ പരിധി മാറ്റിയിട്ടില്ല. ഒരിക്കലും 10 ലക്ഷത്തിന്റെ കെണിയില്‍ വീഴരുതെന്ന്് കരുതി നിരവധി വ്യാപാരികള്‍ 'അണ്ടര്‍ റിപ്പോര്‍ട്ട്' ചെയ്തുകൊണ്ടിരുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ആളോഹരി ഉപഭോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും ആളോഹരി മൂല്യവര്‍ധിത നികുതി നല്‍കുന്ന കാര്യത്തില്‍ കേരളം എട്ടാം സ്ഥാനത്താണെന്ന വസ്തുത ഓര്‍ക്കുക. ബജറ്റിലെ ഈ ഉദാര സമീപനം ബജറ്റിനു പുറത്തുവച്ചുണ്ടാക്കിയ നീക്കുപോക്കുകള്‍ കൊണ്ടായിരുന്നോ അതോ അറിവില്ലായ്മ കൊണ്ടുണ്ടായതോ?

► സ്വര്‍ണത്തിന്മേലുള്ള കോംപൗണ്ടിംഗ് നികുതി 125 ശതമാനത്തില്‍ നിന്ന് 115 ശതമാനമായി കുറച്ചത് ആര്‍ക്കുവേണ്ടിയാണ്? പ്രതിവര്‍ഷം ഒരു കോടിയിലധികം വിറ്റുവരവുള്ള സ്വര്‍ണ വ്യാപാരികളാണ് കോംപൗണ്ടിംഗ് സമ്പ്രദായം സ്വീകരിക്കുന്നത്്. ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് 2012-13ല്‍ 18456 കോടിയുടെ സ്വര്‍ണം കേരളത്തില്‍ വിറ്റുപോയിട്ടുണ്ട്. കോംപൗണ്ടിംഗ് സ്വീകരിക്കാത്ത സ്വര്‍ണ വ്യാപാരികള്‍ക്ക് ബാധകമായ അഞ്ച് ശതമാനം നികുതി എല്ലാവര്‍ക്കും ബാധകമാക്കിയിരുന്നെങ്കില്‍ 925 കോടി രൂപ നികുതിയായി ലഭിക്കുമായിരുന്നു. പകരം 394 കോടി മാത്രമാണ് നികുതിയായി ലഭിച്ചത്്.

► മൈദ, ഗോതമ്പുപൊടി, ആട്ട, സൂചി എന്നിവക്കുണ്ടായിരുന്ന ഒരു ശതമാനം നികുതി എടുത്തുകളഞ്ഞു. ഇതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളായ ബേക്കറിയുടമകള്‍ക്ക് ബ്രാന്‍ഡഡ്, അണ്‍ ബ്രാന്‍ഡഡ് വ്യത്യാസമില്ലാതെ എല്ലാ ബേക്കറി ഉല്‍പ്പന്നങ്ങളുടെയും നികുതി നിരക്കുകള്‍ ഏകീകരിച്ച് അഞ്ച് ശതമാനമാക്കി നല്‍കിയതിന് പുറമേയാണിത്. 

► നിലവിലുണ്ടായിരുന്ന ലക്ഷ്വറി നികുതി 12.5 ശതമാനത്തില്‍ നിന്ന് ഓഫ് സീസണില്‍ ഏഴ് ശതമാനമായി കുറച്ചു. ഇത് 10 ശതമാനമായി കുറച്ചാല്‍ മതിയായിരുന്നില്ലേ ?

► പുറമ്പോക്കിലെ ക്വാറികള്‍ എന്തുകൊണ്ടാണ് ഇ-ലേലം വഴി ലേലം ചെയ്ത് നല്‍കാത്തത്്? വെട്ടിയെടുക്കുന്ന കല്ലിന്റെ അളവറിയാന്‍ ലോറി / ട്രക്ക്് ഇവയുടെ വലുപ്പം നിജപ്പെടുത്തി ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഇ-പാസ്് നല്‍കി ഖജനാവിലേക്ക് വരേണ്ടത് വരുത്താത്തതെന്തുകൊണ്ടാണ്?

ഇത്തരത്തില്‍ കഴിഞ്ഞ ബജറ്റിലൂടെ വരുമാനം ഒലിച്ചുപോയ നിരവധി വഴികളുണ്ട്്. സംസ്ഥാന ഖജനാവിനെ നിറയ്ക്കാനും കാലിയാക്കാനും ഒരു ബജറ്റിന് കഴിയുമെന്നതിന് ഇവയൊക്കെ ഉദാഹരണമാണ്. വാണിജ്യ നികുതി വകുപ്പിന്റെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 2014 വരെ തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളില്‍ നിന്നും ലഭിച്ച നികുതി വരുമാനം ശ്രദ്ധിക്കുക. (പട്ടിക -1)


നികുതി വെട്ടിപ്പിന് വഴികള്‍ അനേകം 
28 ഉല്‍പ്പന്നങ്ങളിന്മേലുള്ള നികുതി വരുമാനം കണക്കാക്കിയപ്പോള്‍ 79.3 ശതമാനം വരുമാനവും വിദേശമദ്യം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍, സിമന്റ്് എന്നിവയില്‍ നിന്നാണെന്ന് കണ്ടെത്തുകയുണ്ടായി. എന്തുകൊണ്ടാണ് മറ്റുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള നികുതി വരുമാനം കുറയുന്നത്്? സിമന്റിന് ചെലവുണ്ടെങ്കില്‍ മറ്റുള്ള നിര്‍മാണ സാമഗ്രികള്‍ക്കും ചെലവുണ്ടാകുമെങ്കിലും അവയില്‍ നിന്നുള്ള നികുതി വരുമാനം അതിന് അനുസരണമായി വര്‍ധിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല. സ്വന്തം ആവശ്യത്തിനെന്ന പേരില്‍ നികുതി വകുപ്പില്‍ നിന്നും ഫോം- 16 വാങ്ങിച്ചെടുക്കും. പിന്നീട് ഒരു നിര്‍മാണ പ്രവര്‍ത്തനമല്ല ഒരു ലക്ഷം നിര്‍മാണ പ്രവര്‍ത്തനത്തിനാവശ്യമായ പെയ്ന്റ്, വയറിംഗ് സാധനങ്ങള്‍, ടൈല്‍സ്് തുടങ്ങിയവ എയര്‍, റെയില്‍, റോഡ്്, കപ്പല്‍ എന്നിവയിലൂടെ കടത്തും. ഇതിന് തടയിടാന്‍ ഇ-ലോകത്ത് മാര്‍ഗങ്ങളില്ലേ ?

മൂവായിരത്തോളം വന്‍കിട മൊത്ത കച്ചവടക്കാരാണ് ചെക്ക് പോസ്റ്റുകള്‍ മുഖേന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് ചരക്കെത്തിക്കുന്നത്. ഒരേ ടിന്‍ നമ്പരും പിന്‍ നമ്പരും ഉപയോഗിച്ച് പല വ്യാപാരികളും സാധനങ്ങള്‍ കടത്തിക്കൊണ്ടു വരും. ലോഡുമായി വരുന്ന ട്രക്കുകളും ലോറികളും 'ഒഴിഞ്ഞത്' എന്നു കാണിച്ച് കടത്തി വിടുകയും ചെയ്യും. ലക്ഷ്യ സ്ഥാനത്ത് എത്തിയാലും ഇവരുടെ നികുതി വെട്ടിക്കല്‍ അവസാനിക്കുന്നില്ല. വിറ്റുപോയില്ലെന്നും മാന്ദ്യമാണെന്നും പറഞ്ഞ് ഇന്‍പുട്ട് ക്രെഡിറ്റ് തിരികെ ചോദിച്ചുകൊണ്ട്് കള്ള റിട്ടേണ്‍ ഫയല്‍ ചെയ്യും. 

നികുതി വെട്ടിപ്പുകാര്‍ മറന്നുപോകുന്ന ചില വസ്തുതകളുണ്ട്. ഖജനാവില്‍ പണമുണ്ടാകുകയും അത് മികവോടെ ചെലവഴിക്കുകയും ചെയ്താല്‍ നല്ല റോഡുകള്‍, റെയിലുകള്‍, മെച്ചപ്പെട്ട ജീവിത സാഹചര്യം, ക്ഷേമം, കൂടുതല്‍ വില്‍പ്പന, ലാഭം എന്നിവയൊക്കെ ഉണ്ടാകും. വ്യാപാരികള്‍ നികുതി നല്‍കുന്നത് അവരുടെ കീശയില്‍ നിന്നല്ല. മറിച്ച് സര്‍ക്കാരിനും ഉപഭോക്താക്കള്‍ക്കും മധ്യേയുള്ള ഇടനിലക്കാര്‍ മാത്രമാണവര്‍. അതിനാല്‍ ഉപഭോക്താവില്‍ നിന്നും നികുതി ഈടാക്കുക മാത്രമല്ല യാതൊരു മടിയും കൂടാതെ അത് ഗവണ്‍മെന്റിന് കൊടുക്കുകയും വേണം. 

ഖജനാവ് നിറയ്ക്കാനായി നികുതിയേതര വരുമാനം സംഭരിക്കുന്നതിനുള്ള അനന്തമായ സാധ്യതകളുണ്ട്്. കൂടാതെ കുടിശിക പിരിവ് ഊര്‍ജിതപ്പെടുത്തുമെന്ന്് ഗവണ്‍മെന്റ് പ്രഖ്യാപിച്ചെങ്കിലും അതും കാര്യമായി നടപ്പാക്കാനായില്ല. വേണ്ടപ്പെട്ടവരാണ് കുടിശികക്കാരെങ്കില്‍ ആരും ആ വഴിക്ക് ചിന്തിക്കില്ലല്ലോ.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അധീനതയില്‍ ധാരാളം ഭൂമി വെറുതെ കിടപ്പുണ്ട്്. 1970 കളില്‍ ഹെക്റ്ററൊന്നിന് 1300 രൂപ വാടക നിശ്ചയിച്ച് കൊടുത്തതാണിത്. വാടക പതിനായിരം രൂപയാക്കി ഉയര്‍ത്തുകയും കൃത്യമായി പിരിച്ചെടുക്കുകയും വേണമെന്ന് ഗവണ്‍മെന്റ് നിയമിച്ച ഒന്നിലധികം കമ്മിറ്റികള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാട്ടത്തുക വര്‍ധിപ്പിച്ചുമില്ല, കുടിശിക പിരിച്ചിട്ടുമില്ല. ചുരുക്കത്തില്‍ സംസ്ഥാന ഖജനാവ് കാലിയായി കിടക്കവേ വിഭവം സമാഹരിക്കാവുന്ന നികുതി, നികുതിയേതര സ്രോതസുകളൊക്കെ കാമധേനുക്കളായി ആര്‍ക്കെല്ലാമോ വേണ്ടി പാല്‍ ചുരത്തുന്നു.

ഡോ.മേരി ജോര്‍ജ്, സാമ്പത്തിക വിദഗ്ധ

Sunday, February 22, 2015

ടിന്റുമോന്‍


സൃഷ്ടികര്‍ത്താവ്
സ്‌കൂളില്‍ ആദ്യമായി പോകുന്ന ടിന്റു മോനോട് മമ്മി പറഞ്ഞു: ടിന്റുമോനേ, സ്‌കൂളില്‍ ചെന്നാല്‍ നിന്നെ സൃഷ്ടിച്ചതാരാണെന്നു ടീച്ചര്‍ ചോദിക്കും. അപ്പോള്‍ ദൈവമാണെന്നു മറുപടി പറയണം. അതൊരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളായിരുന്നു. അതുകൊണ്ടു തന്നെ അവിടുത്തെ ടീച്ചര്‍ അങ്ങനെ ചോദിക്കുമെന്നു ടിന്റു മോന്റെ മമ്മിക്കറിയാമായിരുന്നു.
മമ്മി: പറഞ്ഞതുപോലെ തന്നെ ടിന്റുമോനോട് അവനെ സൃഷ്ടിച്ചതാരാണെന്നു ടീച്ചര്‍ ചോദിച്ചു.
മമ്മി പറഞ്ഞുകൊടുത്ത ഉത്തരം മറന്നുപോയ ടിന്റുമോന്‍ പരുങ്ങലോടെ പറഞ്ഞു. ആ വ്യക്തിയുടെ പേര് മമ്മി പറഞ്ഞുതന്നാരുന്നു. ഞാനത് മറന്നുപോയി. ഏതായാലും അത് ഡാഡിയായിരുന്നില്ല.

പ്രൈമറികള്‍
സ്‌കൂളില്‍ വെച്ച് ഒരു സഹപാഠി ടിന്റുമോനോട് ഒരു സംശയം ചോദിച്ചു. എന്താണ് അപ്പര്‍ പ്രൈമറി
അത് വളരെ സിംപിള്‍ ചോദ്യമല്ലേ. ടിന്റുമോന്‍ പറഞ്ഞു: ഒരു റോഡിനിരുവശത്തും രണ്ടു പ്രൈമറികളാണ്. റോഡിനു അപ്പുറത്തുള്ളത് അപ്പര്‍ പ്രൈമറി. റോഡിനു ഇപ്പുറത്തുള്ളത് ഇപ്പര്‍ പ്രൈമറി.

ഗുണനം
കണക്കു ടീച്ചര്‍ ക്ലാസില്‍ ഗുണനം പഠിപ്പിക്കുകയാണ്.
ടീച്ചര്‍: ഒരു നാല്‍ നാല് ഇരുനാല്‍ എട്ട്...
ഇടയ്ക്കുകയറി ടിന്റുമോന്‍: അപ്പോള്‍ കിടന്നാലോ ടീച്ചറേ?

സംശയം
കണക്കു ക്ലാസില്‍ ടിന്റുമോന്റെ ഒരു സംശയം: എഴുപത്ത് എഴുപത്, എട്ടു പത്ത് എണ്‍പത്. അങ്ങിനെയാകുമ്പോള്‍ ഒമ്പത് പത്തിന് ഒമ്പത് എന്നു തന്നെയല്ലേ പറയേണ്ടത്?
പകരം നൂറുകൂടി കൂട്ടി തൊണ്ണൂറ് എന്നു പറയുന്നതെന്തിന്?

ചെയ്യാത്ത കുറ്റം
ടീച്ചറോട് ടിന്റു മോന്‍: ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കാന്‍ പാടുണ്ടോ ടീച്ചര്‍?
ടീച്ചര്‍: ഒരിക്കലും പാടില്ല. എന്തേ ടിന്റുമോന്‍ അങ്ങിനെ ചോദിച്ചത്?
ടിന്റുമോന്‍: ടീച്ചര്‍ തന്ന ഹോം വര്‍ക്ക് ഇന്നലെയെനിക്കു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലേന്നെ...

കാണാനില്ല
ടിന്റുമോനും ഇരുപത്തിയഞ്ചു കൂട്ടുകാരും കൂടി സ്‌കൂളില്‍ നിന്നു കാര്‍ണിവല്‍ കാണാന്‍ പോയി. കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയില്‍ ടിന്റുമോന് വഴി തെറ്റി. ഇരുപത്തഞ്ച് കൂട്ടുകാരേയും ഒരിടത്തും അവന് കണ്ടെത്താനായില്ല. ഉടനെ അവന്‍, വാര്‍ത്തകള്‍ അനൗണ്‍സ് ചെയ്യുന്ന കൗണ്ടറില്‍ ചെന്നു പറഞ്ഞു: 'എന്റെ കൂടെ വന്ന ഇരുപത്തിയഞ്ചു പേരെ കാണാനില്ല. അതൊന്നു വേഗം വിളിച്ചു പറയണം പ്ലീസ്'
അവനെയൊന്ന് ചുഴിഞ്ഞു നോക്കിക്കൊണ്ട് കൗണ്ടറിലിരിക്കുന്നയാള്‍ പറഞ്ഞു: നീയെന്താ പറയുന്നത് നിന്നെയല്ലെ കാണാതായത്. അപ്പോള്‍ അനൗണ്‍സ് ചെയ്യേണ്ടത് അങ്ങനെയല്ലെ.
അതുകേട്ട് ടിന്റു മോന്‍: പിന്നെയെങ്ങനെയാ ഞാന്‍ അനൗണ്‍സ് ചെയ്യേണ്ടത്? എന്നെ കാണാനില്ല എന്നോ?

ജലജീവികള്‍
ടീച്ചര്‍: വെള്ളത്തില്‍ ജിവിക്കുന്ന ഒരു ജീവിയുടെ പേരു പറയൂ.
ടിന്റുമോന്‍: മീന്‍
ടീച്ചര്‍: വെള്ളത്തില്‍ ജീവിക്കുന്ന മറ്റൊരു ജീവിയുടേ പേരു പറയൂ
ടിന്റുമോന്‍: മറ്റൊരു മീന്‍. ഇനി വേണമെങ്കില്‍ അതിന്റെ കുഞ്ഞുങ്ങളുമുണ്ട് ടീച്ചര്‍...

സമാസമം
സ്‌കൂളില്‍ നിന്നു വീട്ടിലെത്തിയ ടിന്റു മോനോട് ഡാഡി: എടാ, ഇന്ന് സ്‌കൂളില്‍ ഉച്ചവരെ എന്തു പഠിപ്പിച്ചു.
ടിന്റുമോന്‍: ഉച്ചവരെ ടീച്ചറില്ലായിരുന്നു.
ഡാഡി: ഉച്ച കഴിഞ്ഞോ
ടിന്റുമോന്‍: ഉച്ചകഴിഞ്ഞ് ക്ലാസില്‍ ഞാനുമില്ലായിരുന്നു.

ബൈബിള്‍ വചനം
ക്ലാസില്‍ ബഹളമുണ്ടാക്കിയതിന് ടീച്ചര്‍ ടിന്റുമോനെ തല്ലി. ഹെഡ് മാസ്റ്ററുടെ മുന്നില്‍ കൊണ്ടു വരികയും ചെയ്തു. ടിന്റുമോന്‍ ഹെഡ്മാസ്റ്ററോട്: ഞാന്‍ ഈ ടീച്ചറെ വെറുക്കുന്നു. ദൈവഭക്തനായി ഹെഡ്മാസ്റ്ററ്: അങ്ങനെ പറയരുത് കുഞ്ഞേ, എല്ലാവരേയും സ്‌നേഹിക്കണമെന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്.
ടിന്റുമോന്‍: ബൈബിള്‍ എഴുതുന്ന കാലത്ത് ഈ ടീച്ചര്‍ ജനിച്ചിട്ടില്ലായിരുന്നല്ലോ സാറേ

മരുഭൂമി
ടീച്ചര്‍: മരുഭൂമി എന്നു പറഞ്ഞാല്‍ എന്താണ്?
ടിന്റുമോന്‍: ഒരിക്കലും യാതൊന്നും വളരാത്ത സ്ഥലം
ടീച്ചര്‍: മിടുക്കന്‍: ആട്ടെ മരുഭൂമിക്ക് ഒരുദാഹരണം പറയൂ.
ടിന്റുമോന്‍: സാറിന്റെ കഷണ്ടത്തല.

സിഗരറ്റ്
സ്‌കൂളില്‍ നിന്നു മടങ്ങുന്ന വഴി ടിന്റുമോന്‍ സിഗരറ്റ് വലിക്കുന്നതു കണ്ട ഒരാള്‍: ആ സിഗരറ്റ് നിന്നേക്കാള്‍ വലിപ്പമുണ്ടല്ലോടാ
ടിന്റുമോന്‍: അതല്ലേ വലിച്ചോണ്ടു പോണത്.

ടെന്‍ഷന്‍
സ്‌കൂളിനരികിലുള്ള പൊന്തക്കാട്ടില്‍ നിന്നും പുകപോകുന്നതു കണ്ട് മേരിടീച്ചര്‍ ചെന്നു നോക്കിയപ്പോള്‍, അതിനുള്ളിലിരുന്നു ടിന്റുമോന്‍ സിഗരറ്റ് വലിക്കുന്നതു കണ്ടു.
മേരി ടീച്ചര്‍: ഇതെന്താ ടിന്റു മോനേ, നീ ഈ ദുസ്വഭാവവും തുടങ്ങിയോ? ഞാനിത് കംപ്ലെയിന്‍ ചെയ്യും.
ടിന്റുമോന്‍: വേണ്ട ടീച്ചറേ, ഇനിയിത് ആവര്‍ത്തിക്കില്ല. പിന്നെ, നമ്മള്‍ രണ്ടു പേരും ഇവിടെയിങ്ങനെ നില്‍ക്കുന്നത് ആരെങ്കിലും കാണണ്ട.

ദൂരം
ടീച്ചര്‍: ചന്ദ്രനിലേയക്കോ സൂര്യനിലേക്കോ നക്ഷത്രങ്ങളിലേയ്‌ക്കോ ഇവിടെനിന്നു ഏറ്റവും ദൂരമുളളത്?
ടിന്റുമോന്‍: ബാംഗ്ലൂരിലേക്ക്
ടീച്ചര്‍: ബാംഗ്ലൂരിലേക്കോ, വിഡ്ഡിത്തം പറയുന്നോ?
ടിന്റുമോന്‍: വിഡ്ഢിത്തമല്ല ടീച്ചര്‍, സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളേയും നമുക്ക് ഇവിടെനിന്നു നോക്കിയാല്‍ കാണാമല്ലോ, പക്ഷെ ബാംഗ്ലൂര്‍ കാണാന്‍ കഴിയുന്നുണ്ടോ?

ബര്‍ത്ത് ഡേ
കൂട്ടുകാരന്‍: ടിന്റുമോനേ, ഇന്നു നിന്റെ ബര്‍ത്ത്‌ഡേയല്ലേ, ഞാന്‍ നിന്റെ വീട്ടിലേയ്ക്ക് വരുന്നു. വീടെവിടേയെന്നു പറ
ടിന്റുമോന്‍: ജെ.കെ. നഗറില്‍ രണ്ടാം ലൈനില്‍ മൂന്നാമത് ഫ്ലറ്റ്. അവിടെ വന്ന് നെറ്റികൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തിയാല്‍ മതി.

കൂട്ടുകാരന്‍: അതെന്തിനാ നെറ്റികൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തുന്നത്?
ടിന്റുമോന്‍: ബര്‍ത്ത് ഡേയ്ക്ക് വരുമ്പോള്‍ നിന്റെ കൈകളില്‍ കാര്യമായി എന്തെങ്കിലുമൊക്കെയുണ്ടായിരിക്കില്ലേ?

ഉന്നത കുലജാതന്‍
ജെറി: ടിന്റുമോന് ഇപ്പോള്‍ വയസെത്രയായി?
ടിന്റുമോന്‍: ഏഴ്
ജെറി: കുറച്ചു വര്‍ഷങ്ങളായി നീ ഇതേ പ്രായം തന്നേയല്ലെ പറയുന്നത്.
ടിന്റുമോന്‍: ഞാന്‍ തറവാട്ടില്‍ പിറന്നവനാ. ഒരിക്കലും പറഞ്ഞ വാക്കു മാറ്റിപറയുകേല.

പട്ടിയെ മെരുക്കല്‍
ടിന്റു മോന്റെ വീട്ടില്‍ ഒരു പട്ടിയുണ്ട്. അത് ടിന്റുമോനുമായി വലിയ ചങ്ങാത്തത്തിലാണ്. ഇതുകണ്ട് സുഹൃത്തായ ജെറി: എനിക്ക് പട്ടിയെ ഭയങ്കര പേടിയാണ്. ഇതെങ്ങിനേയാണ് ടിന്റുമോനേ ഈ പട്ടികളെ മെരുക്കുന്നത്?
ടിന്റുമോന്‍: വളരെ ഈസിയല്ലേ! പിന്നെ, നമുക്ക് പട്ടിയേക്കാള്‍ ഒരല്പം ബുദ്ധി വേണമെന്നു മാത്രം.

മാന്ത്രികന്‍
ടിന്റുമോന്‍: ഞങ്ങടെ കുടുംബത്തിലെ ഒരു മുത്തശ്ശന് മരിക്കുന്നതിനു മുമ്പ് അങ്ങൊരുടെ മരണത്തീയതി അറിയാമായിരുന്നു.
ജെറി: ഓഹോ! അങ്ങോര്‍ മാന്ത്രികനോ, ജ്യോത്സ്യനോ മറ്റോ ആയിരുന്നോ?
ടിന്റുമോന്‍: അല്ലെന്നേ, ഹൈക്കോടതി ജഡ്ജിയാണ് പുള്ളിക്കാരന്റെ മരണത്തിയതി നിശ്ചയിച്ചത്.

സൂപ്പര്‍ സിനിമ
ചിക്കന്‍ ബിരിയാണി തിന്ന് ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമയ്ക്ക് പോയി മടങ്ങി വന്ന ടിന്റുമോന്‍: ഇനി ഒരിക്കലും ഞാന്‍ ചിക്കന്‍ ബിരിയാണ് കഴിച്ച് സൂപ്പര്‍ താരങ്ങളുടെ സിനിമയ്ക്കു പോവില്ല.
കൂട്ടുകാരന്‍: എന്തു പറ്റി?
ടിന്റുമോന്‍: വയറ്റിലുള്ള കോഴി പോലും കൂവി....

സൂചി
ടീച്ചര്‍: സൈലന്‍സ്! ഒരാളും മിണ്ടിപ്പോകരുത്. നിശബ്ദത നിറയട്ടെ ഇവിടെ. സൂചിവീണാല്‍ കേള്‍ക്കാന്‍ കഴിയണം.
ക്ലാസ് പെട്ടെന്ന് നിശബ്ദമായി. കുട്ടികള്‍ ശ്വാസം കഴിക്കുന്നതു പോലും നിര്‍ത്തവെച്ചതുപോലെ.
സെക്കന്റുകള്‍ നിങ്ങിയപ്പോള്‍ പിന്‍ ബെഞ്ചില്‍ നിന്നു ടിന്റുമോന്റെ ശബ്ദം. ടീച്ചര്‍ വേഗം ആ സൂചി താഴേ ഇടൂ.

ഗേള്‍ ഫ്രണ്ട്
ടിന്റു മോന്റെ ഗേള്‍ഫ്രണ്ട്: നീ കൂടെയുള്ളപ്പോള്‍ സമയം പോകുന്നതേ അറിയില്ല.
ടിന്റുമോന്‍: നീ കൂടെയുള്ളപ്പോള്‍ പോക്കറ്റ് കാലിയാകുന്നതും.

ചോദ്യോത്തരം
ടീച്ചര്‍: ഉത്തരം പഠിക്കാതെ ചോദ്യം മാത്രം പഠിച്ചതെന്നോ?
ടിന്റുമോന്‍: നാളെ ചോദ്യം ചോദിക്കുമെന്നല്ലേ ടീച്ചര്‍ പറഞ്ഞിരുന്നത്.

മൃഗശാല
ടിന്റുമോനും ഡാഡിയും മൃഗശാലയില്‍
ചുവന്ന കണ്ണുരുട്ടി കൂര്‍ത്ത പല്ലുകള്‍ കാട്ടി മുരളുന്ന പുലിയുടെ കൂടിനു മുന്നില്‍ നില്ക്കുകയാണ് അവര്‍. ടിന്റുമോന്‍ ഒന്നോ രണ്ടോ അടി പിന്നോട്ടു മാറിനിന്നു.
ടിന്റുമോന്‍: ഈ പുലിയെങ്ങാന്‍ കൂടു പൊളിച്ചു പുറത്ത് വന്ന് ഡാഡിയെ പിടിച്ചാലോ
ഡാഡി: (ചിരിച്ചുകൊണ്ട്) പിടിച്ചാല്‍.
ടിന്റുമോന്‍: പിന്നെ വീട്ടിലെത്താന്‍ ഞാന്‍ ഏതു ബസ്സാണ് കയറേണ്ടത്?

നിക്കറിടാത്ത കാക്ക
വഴിയില്‍ വെച്ച് ടിന്റുമോന്റെ ഷര്‍ട്ടില്‍ കാക്ക കാഷ്ഠിച്ചു. ദേഷ്യത്തോടെ കാക്കയോട് ടിന്റുമോന്‍: നിനക്കൊക്കെ ഒരു നിക്കറിട്ടുകൂടെ
കാക്ക: നീയൊക്കെ നിക്കറിട്ടാണോ ടിന്റുമോനേ അപ്പിയിടുന്നത്.?

അച്ഛനും ഡാഡിയും
ഒരാള്‍ ടിന്റുമോനോട്: മോനേ, അച്ഛനുണ്ടോ ഇവിടെ?
ടിന്റുമോന്‍: ഇല്ല
വന്നയാള്‍: പിന്നെ ആരാണ് വീട്ടിനുള്ളില്‍ നിന്നു സംസാരിക്കുന്നത്
ടിന്റുമോന്‍: അത് ലഞ്ചിനു നേരം വൈകിയതിനു ഡാഡി മമ്മിയെ വഴക്കു പറയുന്നതാണ്.

ടിന്റുമോന്റെ ബുദ്ധി
ടിന്റുമോന് തന്റെ വസ്ത്രങ്ങള്‍ ഇസ്തിരിയിടനുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും കറണ്ട് പോയി.
പെട്ടെന്ന് ടിന്റുമോന് ഒരു ബുദ്ധി തോന്നി. അവന്‍ ഇസ്തിരിപ്പെട്ടിയുടെ തന്തയ്ക്ക് വിളിച്ചു
അതു കേട്ട് ഇസ്തിരിപ്പെട്ടിക്ക് ചൂടായി. ആ ചൂടില്‍ ടിന്റു വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു.

മറവി
ടിന്റുമോന്‍: ഡാഡീ എന്റെ ടീച്ചര്‍ക്ക് ഭയങ്കര മറവിയാണ്
ഡാഡി: എന്തേ
ടിന്ററുമോന്‍: ടീച്ചര്‍ ബോര്‍ഡില്‍ 'രാമായണം' എന്നെഴുതിയിട്ട് തിരിഞ്ഞ് നിന്ന് ചോദിക്കുവാ, 'രാമായണം' എന്നെഴുതിയതാരാണെന്ന്.

സദ് സ്വഭാവം
ടിന്റുമോന്‍ ഗേള്‍ ഫ്രണ്ടിനോട്: ഞാന്‍ പൊങ്ങച്ചം പറയുകയാണെന്നു കരുതരുത്. ചീത്ത സ്വഭാവങ്ങള്‍ ഒന്നും തന്നെ എനിക്കില്ല. പുകവലിക്കാറില്ല, മദ്യപിക്കാറില്ല, ആരുമായും അടിയുണ്ടാക്കാറില്ല, ചീട്ടുകളിക്കാറില്ല, പാന്‍പരാഗ് തിന്നാറില്ല. പിന്നെ ഇങ്ങിനെ കുറേ നുണകള്‍ പറയും അത്രയേയുള്ളൂ...

വെറുംവയറ്
ഡോക്ടര്‍: ഈ മരുന്ന് എന്നും കാലത്തും വെറും വയറില്‍ കഴിക്കണം.
ടിന്റുമോന്‍: അപ്പോള്‍ നിക്കറിടാമോ ഡോക്ടര്‍?

പൂച്ച
ഡാഡി: എടാ ടിന്റുമോനേ, ഈ പൂച്ചയെ വളരെ ദൂരെ ഏതെങ്കിലും സ്ഥലത്ത് കൊണ്ടുവിടാനല്ലേ ഞാന്‍ നിന്നോട് പറഞ്ഞത്? എന്നിട്ടിതിവിടെ പിന്നേയും എത്തിയല്ലോ?
ടിന്റുമോന്‍: വളരെ ദൂരെത്തന്നെയാ ഞാനിതിനെ കൊണ്ടു വിട്ടത്. പക്ഷേ, അവിടെ നിന്നും തിരിച്ചവിടെയെത്താന്‍ എനിക്ക് ഇതിന്റെ സഹായം തന്നെ വേണ്ടി വന്നു.

കല്യാണം
മമ്മിയോട് ടിന്റുമോന്‍: മമ്മീ എനിക്കുടനെ കല്യാണം കഴിക്കണം.
മമ്മി (ചിരിച്ചുകൊണ്ട്) എന്തേ ഇത്ര പെട്ടെന്ന്?
ടിന്റുമോന്‍: ഭാര്യ വഴി ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് ഈയാഴ്ചത്തെ നക്ഷത്രഫലത്തില്‍ കാണുന്നത്.

പത്രപ്പരസ്യം
മുത്തച്ചന്‍ മരിച്ചപ്പോള്‍ ടിന്റുമോന്‍ അതു പത്രത്തില്‍ പ്രത്യേകം കൊടുക്കാനായി പരസ്യവിഭാഗത്തിലെത്തി.
പരസ്യക്കാരന്‍: ഓരോ വാക്കിനുമാണ് പണം. പറയൂ എന്താണ് കൊടുക്കുവാനുള്ളത്.
ടിന്റുമോന്‍: 'മുത്തച്ഛന്‍ മരിച്ചു' എന്നുമാത്രം
പരസ്യക്കാരന്‍: അതു പറ്റില്ല.

അഞ്ചുവാക്കുകളെങ്കിലും വേണം.
ടിന്റുമോന്‍: എങ്കില്‍ 'മുത്തച്ഛന്‍ മരിച്ചു, ഒരു വീല്‍ചെയര്‍ വില്പനയ്ക്ക്' എന്നു കൊടുത്തേയ്ക്ക്.

ബില്‍ഗേറ്റ്‌സിനേക്കാള്‍ വലിയവന്‍
മമ്മിയൊടും ഡാഡിയോടും വഴക്കിട്ട്, വീടു വിട്ടിറങ്ങിയ ടിന്റുമോന് ഒരു പലചരക്കുകടയില്‍ സഹായിയായി ജോലി കിട്ടി. ജോലിക്കിടയില്‍ സഹപ്രവര്‍ത്തകനോട് ടിന്റുമോന്‍: എനിക്ക് ബില്‍ഗേറ്റ്‌സിന്റെ അത്ര പണമുണ്ടായിരുന്നെങ്കില്‍ ഞാന്‍ അങ്ങേരെക്കാള്‍ വലിയ പണക്കാരനാകുമായിരുന്നു.
സഹപ്രവര്‍ത്തകന്‍: അതെങ്ങനെ ടിന്റുമോനേ? ബില്‍ഗേറ്റ്‌സിന്റെ അത്രപണമുണ്ടെങ്കില്‍ ബില്‍ഗേറ്റ്‌സിനെപ്പോലെ പണക്കാരനാകാനല്ലേ കഴിയൂ.
ടിന്റുമോന്‍: എനിക്ക് ഈ പല ചരക്കുകടയിലെ ശമ്പളം കൂടിയുണ്ടല്ലോ.

ആശുപത്രിയില്‍
ക്രിക്ക്റ്റ് കളിക്കിടയില്‍ ടിന്റുമോന്റെ ബാറ്റ് തട്ടി ഒരു കുട്ടിയുടെ തല പൊട്ടി. ടിന്റുമോനും കൂട്ടുകാരും അവനെ ഹോസ്​പിറ്റലിലെത്തിച്ചു. കുട്ടിയെ പരിശോധിച്ച് ഡോക്ടര്‍ ടിന്റുവിനോട് ചോദിച്ചു. ഇവന് സ്റ്റിച്ചിടേണ്ടി വരും. കൂടെയ വലിയവരാരും വന്നിട്ടില്ലേ.
ആയിരത്തി അഞ്ഞൂറ് രൂപ അടയ്‌ക്കേണ്ടി വരും.
ടിന്റുമോന്‍: വെറുതെയൊരു സ്റ്റിച്ചു മതി ഡോക്ടര്‍, എംബ്രോയിഡറി വര്‍ക്കൊന്നും വേണ്ട.

തെറ്റായ ചോദ്യം
ഇംഗ്ലീഷ് ക്ലാസില്‍ ടീച്ചര്‍: സ്വിമ്മിങ് എന്നതിന്റെ അര്‍ഥമെന്താണ്. ടിന്റുമോന്‍ പറയൂ
ടിന്റുമോന്‍: ചാടുക എന്നാണ്
ടീച്ചര്‍: ഉത്തരം തെറ്റി. നീന്തുക എന്നാണ്. ചാടുക എന്നതിന് ജംപിംഗ് എന്നാണ് പറയുക.
ടിന്റുമോന്‍: ടീച്ചറുടെ ചോദ്യമാണ് തെറ്റിയത്. ജംപിങ്ങ് എന്നതിന്റെ അര്‍ഥമെന്തെന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്.

ശരിയായ ഉത്തരം
ടീച്ചര്‍: 'ലയണ്‍' എന്നതിന്റ അര്‍ഥമെന്താണ്.
ടിന്റുമോന്‍: പുലി. ശരിയല്ലേ ടീച്ചര്‍
ടീച്ചര്‍: ശരിയാണ്. പക്ഷെ ഞാന്‍ ചോദിച്ചതിന്റെ അര്‍ഥമല്ലെന്നു മാത്രം.

ബാറില്‍
ടിന്റുമോന്‍ ബാറിലെത്തി.
ബാര്‍ ടെണ്ടര്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു. പെണ്‍കുട്ടി അരികിലെത്തിയപ്പോള്‍ ടിന്റുമോന്‍ ഓര്‍ഡര്‍ നല്‍കി. രണ്ട് പെഗ് വിസ്‌കി.
പെണ്‍കുട്ടി ടിന്റുമോന്‍രെ നേരെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് ചെറിയ കുട്ടിയായ നിനക്ക് മദ്യം വേണമെന്നോ. നീയെന്നെ കുഴപ്പത്തിലാക്കാനുള്ള പുറപ്പാടാണോ?
ടിന്റുമോന്‍: നിന്നെ കുഴപ്പത്തിലാക്കുന്ന കാര്യം നമുക്ക് പിന്നീട് ചിന്തിക്കാം. തല്‍ക്കാലം വിസ്‌കി കൊണ്ടുവാ.

ചന്ദ്രനില്‍ വെള്ളം
സുഹൃത്ത്: ടിന്റുവിനോട്: ടിന്റുമോനേ ചന്ദ്രനില്‍ വെള്ളം കണ്ടെത്തി.
ടിന്റുമോന്‍: ഞങ്ങടെ കിണറ്റില്‍ ഞാന്‍ വളരെ മുമ്പു തന്നെ ചന്ദ്രനെ കണ്ടെത്തിയതാ. ആരോടും പറഞ്ഞിട്ടില്ലെന്നു മാത്രം.

ജന്മസ്ഥലം
ടിന്റുമോനോട് ടീച്ചര്‍: ജന്മസ്ഥലത്തിന്റെ പേരു പറയൂ
ടിന്റുമോന്‍: ട്രിവാന്‍ഡ്രം
ടീച്ചര്‍: ട്രിവാന്‍ഡ്രത്തിന്റെ സ്‌പെല്ലിംഗ് പറയൂ.
ഒരു നിമിഷം ആലോചിച്ചതിനു ശേഷം
ടിന്റുമോന്‍: ടീച്ചറെ പറ്റിച്ചേ! എന്റെ ജന്മസ്ഥലം പാലയാണ്.

അതേ നോട്‌സ്
ക്ലാസില്‍ മറ്റു കുട്ടികളെല്ലാവരും ടീച്ചര്‍ പറയുന്നത് എഴുതിയെടുക്കുകയാണ്. പക്ഷെ ടിന്റുമോന്‍ മാത്രം നോട്‌സ് എഴുതുന്നില്ല.
അതുകണ്ട് ടീച്ചര്‍: ടിന്റുമോനെന്താ നോട്‌സ് എഴുതാത്തത്?
ടിന്റുമോന്‍: ഇതെല്ലാം വീട്ടിലുണ്ട് ടീച്ചറെ, എന്റെ ഡാഡിയും മമ്മിയും ഈ സ്‌കൂളില്‍ തന്നെയാ പഠിച്ചത്.

തവള
ലാബില്‍ വച്ച് ടീച്ചര്‍ ടിന്റുമോന്റെ കൈയില്‍ ഒറു തവളയെ കൊടുത്തു. തമാശയ്ക്ക് വേണ്ടി ടിന്റുമോന്‍ ഒരു നമ്പറിറക്കി.
ടിന്റുമോന്‍: ഈ തവളയ്ക്ക് ഗര്‍ഭമുണ്ടല്ലോ ടീച്ചര്‍
ടീച്ചര്‍: നിന്റ കൈയില്‍ തരുന്നതുവരെ അതിനു കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ.

പൂച്ചവാല്‍
മമ്മി: മോനേ, പൂച്ചയുടെ വാലു പിടിച്ചു വലിക്കരുത്.
ടിന്റുമോന്‍: ഞാന്‍ വാല് പിടിക്കുന്നതേയുള്ളൂ. വലിക്കുന്നതു പൂച്ചയാണ്.

മറ്റുള്ളവരുടെ സന്തോഷം
ടീച്ചര്‍: ആഴ്ചയില്‍ ഒരു ദിവസം അല്ലെങ്കില്‍ മാസത്തില്‍ ഒറു ദിവസമെങ്കിലും നാം മറ്റുള്ളവര്‍ക്ക് സന്തോഷമുണ്ടാകുന്ന പ്രവൃത്തി ചെയ്യണം.
ടിന്റുമോന്‍: ഞാന്‍ കഴിഞ്ഞാഴ്ചയില്‍ അങ്ങിനെയാണ് ചെയ്തത് ടീച്ചര്‍
ടീച്ചര്‍: വെരി ഗുഡ്. ആട്ടെ ടിന്റുമോന്‍ എന്താണ് ചെയ്തത്?
ടിന്റുമോന്‍: ഞാന്‍ കഴിഞ്ഞയാഴ്ച രണ്ടുദിവസം ആന്റിയുടെ വീട്ടില്‍ താമസിക്കുവാന്‍ ചെന്നിരുന്നു. അവിടെ നിന്ന ഞാന്‍ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ആന്റിയ്ക്ക് വലിയ സന്തോഷമായി.

ദൈവം
സുഹൃത്തിനോട് ടിന്റുമോന്‍: ഞങ്ങളുടെ പുതിയ അയല്‍ക്കാര്‍ എന്നെ ദൈവത്തേപ്പോലെയാണ് കാണുന്നത്.
സുഹൃത്ത്: ദൈവത്തെപ്പോലെയോ. അതെന്തിന്?
ടിന്റുമോന്‍: ഞാന്‍ മുമ്പ ഒന്നുരണ്ടുതവണ അവിടെ ചെന്ന് കുറേ നേരം ചിലവഴിച്ചിരുന്നു. ഇന്നലെ വീണ്ടും ഞാനവിടെ ചെന്നപ്പോള്‍ അവിടത്തെ ആന്റി അത്ഭുതത്തോടെ ചോദിക്കുകയാണ് 'ദൈവമേ' നീ പിന്നേയും വന്നോ എന്ന്.

Saturday, February 14, 2015

Expansion of A, B, C, D, E

BOY: A, B, C
GIRL: What?
BOY: Always Be Careful
GIRL: Ahan then?
BOY: D, E, F, G
Girl : ??
BOY: Don't Ever ForGet That
GIRL: Hmmm...
BOY: I'm H I
Girl: What H I ?
BOY: Happily In love
GIRL: So ??
BOY: J, K, L, M, - Just Keep Loving Me
GIRL: And how about N, O,P, Q, R,S, T, U, V, W, X, Y, Z?

BOY: No Other Person Quite, Reasonable, Shall Treat U Very Well Xcept me You'll Zee♥♥♥..

Monday, February 2, 2015

അഗസ്ത്യഹൃദയം

അഗസ്ത്യഹൃദയം തേടി പോകാം.

കൊടും കാടിന്റെ പൊരുളറിഞ്ഞ്, വെള്ളച്ചാട്ടങ്ങളും പുല്‍മേടുകളും താണ്ടി അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ ലോകത്തിലൂടെ ഒരു യാത്ര. 36 കിലോമീറ്റര്‍ നടന്ന് അഗസ്ത്യമുനിയുടെ ശിലാപ്രതിഷ്ഠയും തൊഴുത് തിരിച്ചിറങ്ങുമ്പോള്‍ മനസും ശരീരവും പുത്തനുണര്‍വ്വ് കൈവരിക്കുന്നു. കേരളത്തിലെ ഏറ്റവും ദുര്‍ഘടമായ ട്രെക്കിങ് പാത്താണ് നിങ്ങള്‍ കീഴടക്കുന്നത്. ശബരിമല നട അടയ്ക്കുമ്പോള്‍ ഇവിടേയ്ക്കുള്ള തീര്‍ഥാടനം തുടങ്ങുകയായി. വിശദവിവരങ്ങള്‍ക്ക്. The Wildlife Warden, Agasthyavanam Biological Park, Rajeev Gandhi Nagar, Vattiyourkavu.P.O. Trivandrum 695013 Phone: 0471-2360762

Agasthyakoodam, Agasthyavanam Biological Park, Trivandrum, Kerala


വന്യമൃഗങ്ങളുടെ സങ്കേതം. ചോരയൂറ്റാന്‍ കാത്തിരിക്കുന്ന അട്ടകള്‍. അള്ളിപ്പിടിച്ച് കയറേണ്ട പാറകള്‍. ദുര്‍ഘടമായ പാതയും. തിരുവനന്തപുരത്തു നിന്ന് അഗസ്ത്യകൂടത്തിലേക്ക് യാത്രതിരിക്കും മുമ്പ് മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ പലരും പറഞ്ഞു. എല്ലാം താണ്ടിയെത്തുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ബാക്കിയാവുന്ന അനുഭവനിധികളെ പറ്റി പറയാനും അവര്‍ മറന്നില്ല.
തിരുവനന്തപുരം- നെടുമങ്ങാട്-വിതുര. ഒമ്പതു മണിക്ക് പുറപ്പെട്ട യാത്ര വിതുരയിലെത്തിയപ്പോള്‍ മണി 11. വിതുരയില്‍ നിന്നാണ് കാട്ടിലേക്ക് വേണ്ട സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്തത്. അത്യാവശ്യ സാധനങ്ങളുമായി കാണിത്തടത്തെ വനം വകുപ്പ് ചെക്ക്‌പോസ്റ്റിലെത്തുമ്പോള്‍ 12 മണിയായി. വഴികാട്ടികളായി ഗിരീഷ്‌കുമാറും ബിനുക്കുട്ടനും കാത്തിരിപ്പുണ്ടായിരുന്നു. ഫോറസ്റ്റ് ഗാര്‍ഡ് ശശിധരക്കുറുപ്പ് അഗസ്ത്യമലയെ കുറിച്ച് ചില പ്രാഥമിക വിവരങ്ങള്‍ തന്നു. ഒരു മണിക്ക് ബോണക്കാടെത്തി. ബോണക്കാടില്‍ നിന്ന് നാലു കിലോമീറ്റര്‍ നടന്നാല്‍ വനംവകുപ്പിന്റെ പിക്കറ്റ് സ്റ്റേഷനായി. കാട് അവിടെ തുടങ്ങുന്നു.
പച്ചക്കാടാണ് ഇനി. സൂര്യ വെളിച്ചം നിഴലായി മാത്രം താഴെയെത്തുന്ന നിബിഡ വനം. കല്ലും മുള്ളും വേരും നിറഞ്ഞ ട്രെക്കിംഗ് പാത്ത്. അടുത്ത ലക്ഷ്യം അതിരുമല ബേസ് ക്യാംപാണ്. അവിടെയൊരു വയര്‍ലസ് സ്റ്റേഷനും ഡോര്‍മറ്ററിയുമുണ്ട് 16 കിലോമീറ്ററാണ് അവിടേക്ക് നടക്കാനുള്ളത്. ഞങ്ങള്‍ യാത്ര തുടങ്ങി. മണി മൂന്നായി.
മൃഗങ്ങള്‍ എന്തെല്ലാമുണ്ടീ കാട്ടില്‍?
'ആന, പുലി, കാട്ടുപോത്ത്, കരടി, കരിങ്കുരങ്ങ്, കേഴമാന്‍ തുടങ്ങി പലതരം. പാമ്പുമുണ്ട്.'
ആക്രമിക്കാറുണ്ടോ?
Agasthyakoodam, Agasthyavanam Biological Park, Trivandrum, Kerala 'വന്യമൃഗങ്ങള്‍ വെറുതേകേറി ആക്രമിക്കാറില്ല. ജീവരക്ഷാര്‍ഥം മാത്രം. കുഞ്ഞ് കൂടെയുണ്ടെങ്കില്‍ കരടി ചെലപ്പോ ആക്രമിക്കും. കുഞ്ഞിനെ തട്ടിയെടുത്താലോ എന്ന ഭയം കൊണ്ടാണത്. കരടിക്ക് നല്ല ശക്തിയാ, ഒരടി കിട്ടിയാല്‍ എല്ലു വരെ നുറുങ്ങിപ്പോവും. അങ്ങിനെ കൈ നഷ്ടപ്പെട്ട ഒരാള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. കരടി തേന്‍ എടുക്കാന്‍ മരത്തില്‍ കയറും. കയറാന്‍ അറിയാമെങ്കിലും അതിന് ഇറങ്ങാന്‍ പറ്റില്ല. തേന്‍ കുടിച്ച് മത്തായി പിടി വിട്ട് താഴെയ്ക്ക്് വീഴുകയാണ് ചെയ്യുക.'
ബിനു പകരുന്ന കാടറിവുകളും കേട്ട്, ബോണാ ഫാള്‍സ്്, തങ്കയ്യന്‍ വെച്ച കോവില്‍, കരമനയാറ്, വാഴപീന്തിയാറ്, അട്ടയാറ്, പിന്നെ കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങള്‍ വേറെയും പിന്നിട്ട് ഏഴുമടക്കം തേരിയിലെത്തി. പുല്‍മേടായ ഒരു മല കടക്കാന്‍ ഏഴു മടക്കായിട്ടിരിക്കുന്ന വഴിയാണിത്. ചുരം സ്റ്റൈലില്‍ ഏഴു ഹെയര്‍പിന്‍ വളവുകള്‍. കിഴക്ക് സഹ്യപര്‍വ്വതം കോട്ട കെട്ടിയപോലെ. പടിഞ്ഞാറ് പച്ചവിരിച്ചിട്ട മലനിരകളുടെ നിമ്‌നോന്നതങ്ങള്‍. ബ്രിട്ടീഷുകാര്‍ പണിത ഒരു കുതിര ലായത്തിന്റെ അവശിഷ്ടങ്ങളും കണ്ടു. അന്നവര്‍ അതിരു മലയില്‍ തേയിലത്തോട്ടമുണ്ടാക്കിയിരുന്നു.
ഇരുണ്ടു തുടങ്ങി. കാട്ടിലെ രാത്രിക്ക് ഇരുളിമ കൂടുതലാണ്. വഴി ഹൃദിസ്ഥമായ ബിനുക്കുട്ടനാണ് മുന്നില്‍. അവന്റെ കാലടികള്‍ പിന്തുടരുകയാണ് ഞങ്ങള്‍. പുല്‍മേട്ടില്‍ നിലാവെളിച്ചം തുണയുണ്ട്.
മുന്നില്‍ നടന്ന ബിനു പെട്ടെന്നൊന്ന് നിന്നു. കണ്ണും കാതും കൂര്‍പ്പിച്ചു. മണം പിടിച്ചു. അവന്‍ പരിസരത്തെങ്ങാനുമുണ്ടോ?
എന്താടാ, എന്തുപറ്റി? പിന്നില്‍ നിന്നും ടോര്‍ച്ചടിച്ച് ഗിരീഷ്.
പുല്ല് പറിച്ചിട്ടിരിക്കുന്നു. ചൂരുമുണ്ട്. ആനയുണ്ടെന്നാ തോന്നുന്നത്.
ഗിരീഷ് ഓടിയെത്തി. ടോര്‍ച്ചടിച്ചു. ഇത് ഉച്ചയ്‌ക്കെങ്ങാനും പോയതായിരിക്കും. പുല്ല് വാടിയിട്ടുണ്ട്. നടക്ക്. അത് അതിന്റെ വഴിക്ക് പോകും. നമ്മള്‍ നമ്മുടെ വഴിക്കും. നടത്തം തുടര്‍ന്നു. വഴിക്ക് ആനപിണ്ടങ്ങള്‍, നീരരുവികളില്‍ ആന കുളിച്ച് മദിച്ചതിന്റെ ലക്ഷണങ്ങള്‍. മനസ്സില്‍ ഒരാനപ്പേടി ചിന്നം വിളിച്ചെങ്കിലും പുറത്ത് കാണിച്ചില്ല.
ഇനി വരാന്‍ പോകുന്നതാണ് മുട്ടിടിച്ചാന്‍ തേരി. കയറുമ്പോള്‍ കാല്‍മുട്ട് താടിയില്‍ പോയിടിക്കും. അത്രയ്ക്ക് കഠിനമായ പാത. കൊടുംകാടും. നിലാവ് താഴെയെത്തുന്നില്ല. പിന്നില്‍ നിന്നടിക്കുന്ന ടോര്‍ച്ച് വെളിച്ചത്തില്‍ പയ്യെ പയ്യെ മുന്നോട്ട്. ടോര്‍ച്ച് മങ്ങി തുടങ്ങുന്നു. ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്. മസിലുകള്‍ പിടിച്ചു തുടങ്ങിയിരിക്കുന്നു. ആയാസപ്പെടുന്ന ചുവടുകള്‍ക്ക് ആശ്വാസമേകാന്‍ കാട്ടിലെ കാറ്റ് തുണ. കാട്ടരുവിയിലെ വെള്ളവും. നടത്തം ഊര്‍ജ്ജിതപ്പെടുത്തി.
Agasthyakoodam, Agasthyavanam Biological Park, Trivandrum, Keralaടോര്‍ച്ചിലെ വെളിച്ചം മങ്ങി തുടങ്ങി. വഴിയറിയാത്ത ഈ വനാന്തരത്തില്‍ വെളിച്ചമില്ലാതെ എന്തു ചെയ്യും? എന്തായാലും അതിരുമലയെത്തിയാലെ പറ്റൂ. തലചായ്ക്കാനല്ല. കാല് ചായ്ക്കാന്‍. മസിലുകള്‍ പെരുകി മുറുകുന്നു. നടത്തത്തിന് വേഗം കൂടി .വെളിച്ചത്തിന് മങ്ങലും. ഒടുക്കം അതൊരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി. വഴി നിശ്ചയമുള്ളതു കൊണ്ട് ബിനുക്കുട്ടന്‍ മുന്നോട്ട്. പിന്നാലെ ഞങ്ങളും. അട്ടക്കാടെത്തി. കാലില്‍ എവിടെയൊക്കെയോ അട്ട കയറുന്നു. ഒന്നും നോക്കാന്‍ നേരമില്ല. ഗിരീഷ്‌കുമാര്‍ ചെക്‌പോസ്റ്റിലേക്ക് വിളിച്ചു. വയര്‍ലസ്സില്‍ ഒരു മെസേജ് നല്‍കാന്‍. ഡോര്‍മെറ്ററിയില്‍ നിന്ന് ആരെങ്കിലും ടോര്‍ച്ചുമായി വന്നെങ്കില്‍..! പക്ഷേ എന്തു ചെയ്യാന്‍? വയര്‍ലെസ് സെറ്റ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്. ഇനി ഒന്നും നോക്കാനില്ല. കണ്ണും പൂട്ടി നടക്കുക തന്നെ.

Agasthyakoodam, Agasthyavanam Biological Park, Trivandrum, Kerala
8.30. അതിരുമലയിലെത്തി. വയര്‍ലസ് ഓപ്പറേറ്റര്‍ ഋഷികേശ് ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. 'ആരാ... ആരാ...' അദ്ദേഹം ഓടി വന്നു. മുന്‍കൂട്ടി വിവരം ലഭിക്കാത്തതിനാല്‍ ഇങ്ങിനെ ചില അതിഥികളെ അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ദൈ്വവാരം കാട്, ദൈ്വവാരം നാട്. ഋഷികേശ് എന്ന വിമുക്തഭടന്റെ ഇവിടുത്തെ ജീവിതം അങ്ങിനെയാണ്. 15 ദിവസത്തേക്കുള്ള ഭക്ഷണവുമായി കാടു കയറിയാല്‍ പിന്നെ 15 ദിവസം കഴിഞ്ഞിറങ്ങും. പകരം മാത്തന്‍ കാണി വരും. മഴയായാലും വെയിലായാലും ഇത് തെറ്റിക്കാന്‍ പറ്റില്ല. കാടിനുള്ളിലെ വിവരങ്ങള്‍ പുറംലോകത്തെത്തിക്കാന്‍ വയര്‍ലസ്സാണ് ഏക സംവിധാനം. കറന്റില്ലാത്ത അവിടെ സോളാര്‍ ബാറ്ററി കൊണ്ടാണിവ പ്രവര്‍ത്തിക്കുന്നത്.
ഈ ഏകാന്ത കാനനവാസം മടുപ്പിക്കില്ലേ? ഋഷികേശന്‍ ചേട്ടനോട് ചോദിച്ചു. ഇത് ശീലമായി. പിന്നെ നിങ്ങളെപ്പോലുള്ള അതിഥികള്‍ ഇടയ്ക്കുണ്ടാവും. റേഡിയോയാണ് മറ്റൊരു കൂട്ട്. അതിപ്പം ചീത്തയായി കിടക്കുകയാണ്.
തണുത്ത കാറ്റ് ആഞ്ഞുവീശുന്നു. മുകളില്‍ അഗസ്തകൂടം മഞ്ഞില്‍ പുതഞ്ഞ്കിടക്കുന്നു. കാറ്റില്‍ കോട നീങ്ങുമ്പോള്‍ ഇടയ്ക്കത് തെളിയുന്നു. നക്ഷത്രങ്ങള്‍ വിരിഞ്ഞ നീല വാനില്‍ പൗരാണികതയുടെ ദിവ്യ സാന്നിധ്യമായി അഗസ്ത്യകൂടം മോഹിപ്പിക്കുന്ന കാഴ്ചയായി നിറയുന്നു.
കാല് നനയുന്നുണ്ട്. ഒന്നു നോക്കണം. സോളാര്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ ഷൂസ് ഊരി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. കാല് നിറയെ അട്ട. കുടു കുടാ ചോര. ഋഷികേശ് ഉപ്പുമായോടി വന്നു. അട്ടകള്‍ പിടിവിട്ടു. പക്ഷേ ചോര നിലയ്ക്കുന്നില്ല. ചോര കട്ടിയാവാതിരിക്കാനുള്ള മരുന്ന് കൂടി കുത്തി വെച്ചിട്ടാണത്രെ അട്ട ചോരയൂറ്റാന്‍ തുടങ്ങുന്നത്. കാലുകഴുകി. മുറിവായില്‍ ഉപ്പിന്റെ നീറ്റല്‍. ചോര ചാടുന്നിടത്ത്് ന്യൂസ് പേപ്പറുകള്‍ ഒട്ടിച്ചിട്ടു. രക്തം നിലയ്ക്കാന്‍ അതാണ് വഴി.
ഗിരീഷും ബിനുവും കഞ്ഞിവെപ്പ് ആരംഭിച്ചിരുന്നു. അടുപ്പിനരികില്‍ ചൂടു പിടിപ്പിച്ചങ്ങിനെ.. അഗസ്ത്യകൂടത്തിന്റെ മനോഹരമായ ഒരു രാത്രി കാഴ്ച ക്യാമറയിലാക്കാനുള്ള വെമ്പലിലാണ്. മധു. ഈ ഡോര്‍മിറ്ററി ഒരു കിടങ്ങിനു നടുവിലാണ്. അതുകൊണ്ട് ആനയെ പേടിക്കണ്ട. പണ്ടിവിടെ പണിക്കു വന്നവരുടെ കൂടെയുണ്ടായിരുന്ന പട്ടിയെ പുലിപിടിച്ച കഥ ഋഷികേശ് പറഞ്ഞു. വാതില്‍ കുറ്റിയിട്ടെന്ന് ഉറപ്പു വരുത്തിയത് അതുകൊണ്ടു കൂടിയാണ്.
Agasthyakoodam, Agasthyavanam Biological Park, Trivandrum, Keralaകഞ്ഞികുടിച്ച് സ്ലീപ്പിംഗ് ബാഗിനുള്ളില്‍ ഉറക്കം കാത്ത് കിടക്കുമ്പോള്‍ പിന്നിട്ട വഴികളെ കുറിച്ച് ഓര്‍ത്തുപോയി. അറിയാതെ പടരുന്നൊരു ഭയം. എന്ത് വിവരക്കേടാണ് കാണിച്ചത്. കയ്യിലൊരു ടോര്‍ച്ചില്ലാതെ ഒരിക്കലും കാട്ടില്‍ പോകരുത്. ഓരോരുത്തരുടെ കയ്യിലും ഒരു ടോര്‍ച്ച് വേണം. അട്ട കടിക്കാതിരിക്കാന്‍ കാലില്‍ ഉപ്പു പുരട്ടണം. കയ്യില്‍ ഒരു ഉപ്പു കിഴി കരുതിയാല്‍ ഉത്തമം. കാട്ടിലെ പാഠങ്ങള്‍ മനസ്സിലുറപ്പിക്കവെ ചിന്തകള്‍ ഉറക്കത്തിന് വഴി മാറി.
കൊക്കക്കോ.. കോ.. കാട്ടിലും കൂവിയുണര്‍ത്താന്‍ കോഴിയോ? കാട്ടുകോഴികള്‍ കാടിനെ കൂവിയുണര്‍ത്താറുണ്ടോ? ഓ, ഇത് മൊബൈല്‍ കോഴിയാണ്. അലാറം വെച്ചിരുന്നു. 5.30. എല്ലാവരും എഴുന്നേറ്റു. ഒരു കട്ടന്‍ ചായ തയ്യാറാക്കി. പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞ് അതിരുമലയില്‍ നിന്ന് അഗസ്ത്യകൂടത്തിലേക്ക്.
'ഈറ്റക്കാട്ടിലെത്തുമ്പോ സൂക്ഷിക്കണം. ഇന്നലെ വിസിലടി കേട്ടിരുന്നു.' (ചിന്നംവിളിക്ക് കാട്ടിലെ ഭാഷ). ഋഷികേശ് മുന്നറിയിപ്പ് തന്നു.
അത് ഞങ്ങള്‍ക്ക് മുമ്പേ വന്ന ആനക്കൂട്ടമായിരിക്കും. അത് ഇപ്പോ നെയ്യാറിലെത്തിയിരിക്കും -ആന സഞ്ചാരത്തെ കുറിച്ച്് കണക്കുകൂട്ടലുകളുള്ള ഗിരീഷിന്റെ മറുപടി.
ഈറ്റക്കാട് തുടങ്ങുന്നതിനു മുമ്പുള്ള പാറക്കൂട്ടത്തിലിരുന്ന് ഞങ്ങള്‍ അവല്‍ നനച്ചു. മധു മലയോര ദൃശ്യങ്ങള്‍ ക്യാമറയിലാക്കി. ഈറ്റക്കാട്ടില്‍ ചിലപ്പോ വഴി തെറ്റിപ്പോകും. കാരണം അവിടെ ആനകളും ചില വഴിയുണ്ടാക്കിവെച്ചിട്ടുണ്ടാവും.
ഇതു കണ്ടോ ഈ ഭാഗം തമിഴ്‌നാടാണ്. ബിനു കേരള-തമിഴ്‌നാട് അതിര്‍ത്തി കാട്ടിതന്നു. ഇനി നമ്മള്‍ കയറാന്‍ പോകുന്ന പൊങ്കാലപ്പാറയും തമിഴ് നാട്ടിലാണ്. തമിഴ്‌നാടിനെ ഒന്ന് തൊട്ട് വീണ്ടും കേരളത്തില്‍ കടന്ന് അങ്ങിനെയാണീ യാത്ര.
ഈറ്റക്കാടിനപ്പുറത്ത് പൊങ്കാലപ്പാറ ഒരു കരിമ്പടം വിരിച്ചിട്ടപോലെ കിടക്കുന്നു. ബിനുക്കുട്ടന്‍ ഒന്നു നിന്നു. ആന? എല്ലാ മുഖങ്ങളിലും ആകാംക്ഷ. ഒരു കാട്ടിക്കൂട്ടം. ഒച്ചയുണ്ടാക്കണ്ട. ഇവിടെ പതുങ്ങിയിരുന്നോ? ഫോട്ടോയെടുക്കാന്‍ പറ്റുമോന്ന് നോക്ക.് നമ്മളെ കണ്ടാല്‍ ചിലപ്പോ ഓടിക്കളയും. ഞങ്ങള്‍ സമീപത്തെ പാറയിലമര്‍ന്നു. അട്ട കയറുമോ എന്ന ഭയത്തോടെ.
ദൂരെ കുന്നിനു മുകളില്‍ രണ്ടു കൊമ്പുകള്‍ തെളിയുന്നു. കാട്ടി ഞങ്ങളെ സുക്ഷിച്ചു നോക്കുന്നു. അവ മെല്ലെ പിന്‍വാങ്ങി. ഞങ്ങള്‍ മുന്നോട്ട്. പൊങ്കാലപ്പാറയുടെ താഴ്‌വാരത്തു നിന്ന് മധു അഗസ്ത്യകൂടത്തെ ക്യാമറയിലാക്കവെ ഞാനും ബിനുക്കുട്ടനും മുകളിലെത്തി അവര്‍ വരുന്നതും കാത്ത് പാറയിലിരുന്നു. പെട്ടെന്നൊരു ശബ്ദം.. ഭുമികുലുക്കമോ? ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ കൂറ്റന്‍ കാട്ടുപോത്ത് തൊട്ടരികിലൂടെ ഓടുന്നു. കാട്ടിക്കൂട്ടത്തില്‍ ഇവന്‍ മാത്രം മാറാതവിടെ കിടപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ട് പേടിച്ചാണവന്‍ ഓടുന്നത്!
മുനിമാര്‍ മരുന്നരയ്ക്കാന്‍ കുഴിച്ച ഉരുള് കുഴിച്ചാന്‍ പാറ കണ്ടു. തണുത്ത കാറ്റ് വീശുന്നുണ്ട്. മലകളില്‍ പൂക്കള്‍ വിരിഞ്ഞു തുടങ്ങിയിരിക്കുന്നു. സീസണ്‍ ആയാല്‍ ഇത് മുഴുവന്‍ പൂക്കള്‍ കൊണ്ട് നിറയും. ഇതൊരു പൂ മലയാവും.
നടത്തം ഇപ്പോള്‍ ഏറ്റവും ദുര്‍ഘടമായ പാതയിലെത്തി. ഉരുളന്‍ കല്ലുകള്‍ അട്ടിയിട്ടപോലെ. അള്ളിപിടിച്ച് കയറേണ്ട മലകള്‍. ഒരിടത്ത് മാത്രം കയറു കെട്ടിയിട്ടുണ്ട്. കുന്നിന്റെ ഉച്ചിക്കടുത്തും കാടുണ്ട്. മരങ്ങള്‍ക്ക് അധികം ഉയരമില്ല. കാറ്റ് അവയുടെ ഉയരം തടയുന്നു. ഔഷധസസ്യങ്ങള്‍ ധാരാളം. ഒരു മരത്തിനു ചുവട്ടില്‍ പുല്ല് ആരോ അടിച്ചിട്ട പോലെ. പുലി വന്നതിന്റെ ലക്ഷണമാണ്. മുന്നോട്ട് പോയപ്പോള്‍ ഒഴിഞ്ഞൊരു സ്ഥലത്ത് എന്തോ വന്ന് കിടന്നതിന്റെ ലക്ഷണം. പുല്ല് ഞെരിഞ്ഞമര്‍ന്നിരിക്കുന്നു. പുലിയല്ല, കടുവയാണ്. തൊട്ടു താഴെ തമിഴ്‌നാട് സര്‍ക്കാരിന്റെ കടുവാ സങ്കേതമാണ്.

വീണ്ടും മുന്നോട്ട്. അളളിപ്പിടിച്ചും ചുവടുറപ്പിച്ചും അഗസ്ത്യമലയുടെ ഉച്ചിയില്‍ എത്തുമ്പോഴേക്കും സൂര്യനും ഉച്ചസ്ഥായിയിലെത്തിയിരുന്നു. സമയം 12.30. അവിടെ അഗസ്ത്യമുനിയുടെ ശിലാപ്രതിമയുണ്ട്. എന്നോ വന്ന ഭക്തര്‍ അര്‍പ്പിച്ച പൂക്കള്‍ വാടിക്കിടപ്പുണ്ട്. കാണിക്കയര്‍പ്പിച്ച ഏതാനും നാണയത്തുട്ടുകളും. താഴെ കിഴക്കോട്ട് നോക്കിയാല്‍ തമിഴ്‌നാട്. തിരുനെല്‍വേലി ജില്ലയാണത്. അംബാസമുദ്രം കാണാം. മൂടല്‍മഞ്ഞിന്റെ പാലാഴി കാരണം കാഴ്ചകള്‍ അവ്യക്തം. പടിഞ്ഞാറ് നെയ്യാറും പേപ്പാറയും ഡാമുകള്‍. ഏതോ ഭൂഖണ്ഡത്തിന്റെ ഭൂപടങ്ങള്‍ പോലെ... ഭൂമിയില്‍ നിന്നൊരു ഗൂഗിള്‍ എര്‍ത്ത് കാഴ്ച.
പണ്ടിവിടെ ഒരു വാന നിരീക്ഷണ കേന്ദ്രവും ഉണ്ടായിരുന്നത്രെ. അവിടെ നിന്ന് ദൂരദര്‍ശിനിയിലൂടെ ശ്രീലങ്കയിലെ കിള്ളിനോച്ചി കാണാമായിരുന്നെന്നും പറയുന്നു.
സൂര്യന് ചൂടുണ്ടെങ്കിലും നമ്മളതറിയുന്നില്ല. കോടമഞ്ഞ് തഴുകാനെത്തും. ചിലപ്പോഴത് നമ്മെ പൊതിയും. പച്ചപ്പിന്റെ നേര്‍ത്തരാശിയുള്ള പാറയില്‍ തട്ടി മഞ്ഞ് മഴ പെയ്യും. കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ വെയിലില്‍ വെട്ടിതിളങ്ങുന്നു.
'വാതം പറത്തി'യും 'നീരുപറ്റി'യും ബിനു കാണിച്ചു തന്നു. മലങ്കാണി കണ്ടെടുത്ത ആരോഗ്യപച്ചയും ഈ വനാന്തരത്തിലാണ്. അത് തിന്നാല്‍ വിശപ്പും ദാഹവുമറിയാതെ ദിവസങ്ങളോളം വനത്തില്‍ കഴിയാമത്രെ. മലയുടെ ഉച്ചിയില്‍ വളരുന്ന കവുങ്ങിനുമുണ്ട്്് ചില പ്രത്യേകതകള്‍. കാന്തകവുങ്ങ് എന്നാണത് അറിയപ്പെടുന്നത്. കൊഞ്ഞുള്ള കുഞ്ഞുങ്ങള്‍ക്ക് ഇതിന്റെ പാളയില്‍ ചോറുകൊടുത്താല്‍ മതിയത്രെ. ഇതിന്റെ കൂമ്പ് കറിവെക്കാനും ഉപയോഗിക്കാം നല്ല ഇറച്ചിക്കറി പോലെയുണ്ടാവും. ബിനു അറിയാവുന്ന ഔഷധ രഹസ്യങ്ങള്‍ പറയുകയാണ്.
തിരിച്ചിറക്കം. നടത്തം കുറച്ച് വേഗത്തിലാക്കി. കാരണം അന്നുതന്നെ താഴ്‌വരയിലെത്താന്‍ തിടുക്കമുണ്ടായിരുന്നു. കയ്യില്‍ ടോര്‍ച്ചില്ല, ഭക്ഷണ സാധനങ്ങളുമില്ല. ഇരുളും മുമ്പേ കാടിറങ്ങിയാല്‍ രക്ഷപ്പെട്ടു. പെരുകുന്ന മസിലുകള്‍ വകവെയ്ക്കാതെ ആഞ്ഞുപിടിച്ചു. ആലോചിച്ചാല്‍ ഒരന്തവുമില്ല. ആലോചിക്കാതിരുന്നാല്‍ ഒരു കുന്തവുമില്ല. ഗിരീഷ് മലകയറ്റത്തിന്റെ പ്രാഥമിക പാഠം പങ്കുവെക്കുന്നു.
Agasthyakoodam, Agasthyavanam Biological Park, Trivandrum, Kerala അതിരുമലയിലെത്തി കഞ്ഞികുടിച്ച് ഇറങ്ങുമ്പോള്‍ സമയം നാലു മണിയായി. ഇന്നലെ ഞങ്ങള്‍ പിന്നിട്ട വഴിയാണോ ഇതൊക്കെ? ഇരുളില്‍ ഒന്നുമറിയാതെ കടന്നു പോന്ന വഴി പകല്‍വെളിച്ചത്തില്‍ കണ്ടപ്പോള്‍ വിശ്വാസം വരുന്നില്ല. ഏഴുമടക്കംതേരി പിന്നിട്ടാല്‍ അട്ടയാറിനടുത്ത് നിന്ന് ഈറ്റ വെട്ടി ചൂട്ടുണ്ടാക്കി എട്ടു മണിക്ക് മുമ്പ് കാട് കടക്കാമെന്നാണ് ഗിരീഷും ബിനുവും പറയുന്നത്. അട്ടയാറിലെത്തുമ്പോള്‍ ഇരുള്‍ വ്യാപിച്ചിരുന്നു. ചൂട്ടിനു പോയ ബിനു വെറും കയ്യോടെ തിരിച്ചു വന്നു. ഉണങ്ങിയ ഈറ്റ അവിടെങ്ങുമില്ല.
സമീപത്ത് കണ്ട ഉണക്കപുല്ലുകള്‍ പറിച്ചെടുത്ത് ചൂട്ടാക്കി. അഞ്ചു ചൂട്ട്. നടത്തം മുന്നോട്ട്. കൂറേക്കൂടി ഇരുട്ടിയിട്ട് കത്തിക്കാം. നടത്തിന് വേഗം കൂട്ടുമ്പോഴും വേദനിക്കുന്ന മസിലുകള്‍ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ചൂട്ടുകള്‍ ഒരോന്നായി തീരാന്‍ തുടങ്ങി. ആഴത്തെങ്ങിന്റെ ഉണക്കോലകള്‍ കണ്ടതും ബിനുക്കുട്ടന്റെ മുഖം വിടര്‍ന്നു. ഒരഞ്ചു ചൂട്ടിനുള്ള വക കൂടിയായി.
അവയും കത്തിതീര്‍ന്നപ്പോഴാണ് ഒരു ഐഡിയ തോന്നിയത്. കയ്യിലുള്ള തോര്‍ത്ത് കീറി കമ്പില്‍ കെട്ടി പന്തമാക്കിയാലോ? ഐഡിയ എല്ലാവര്‍ക്കും ബോധിച്ചു. ബിഗ്‌ഷോപ്പറില്‍ വെളിച്ചെണ്ണ കവറ് പരതാന്‍ എല്ലാവര്‍ക്കും ഉത്സാഹമായിരുന്നു. പക്ഷേ ഫലം നിരാശ. അത് അതിരുമലയില്‍ വെച്ച് മറന്നിരിക്കുന്നു. ഐഡിയയുടെ മറ്റൊരു ഫ്‌ളാഷ് മിന്നി. ഫോട്ടോഗ്രാഫര്‍ മധുരാജ് തന്റെ ഫ്‌ളാഷ് കയ്യിലെടുത്തു. അങ്ങിനെ ഫ്‌ളാഷിന്റെ വെളിച്ചത്തില്‍ കുറേ ദൂരം മുന്നോട്ട്. ഒടുക്കം അതും പിണങ്ങി. ഇനി തലേന്ന് നടന്ന പോലെ കണ്ണും പൂട്ടി നടക്കുക തന്നെ.
Agasthyakoodam, Agasthyavanam Biological Park, Trivandrum, Kerala ഉത്സാഹത്തോടെ നടക്കാന്‍ ഇറങ്ങിയ നിത്യനടത്തക്കാരായ ഗിരീഷിനും ബിനുവിനും പോലും കാല് നോവാന്‍ തുടങ്ങി. അപ്പോഴേക്കും ഞങ്ങള്‍ 30കിലോ മീറ്റര്‍ പിന്നിട്ടിരിക്കുന്നു.
രണ്ട് കിലോമീറ്റര്‍ കൂടി നടന്നാല്‍ ബോണക്കാട്ടിലെ പിക്കറ്റ് സ്റ്റേഷനെത്തും. അതിന്റെ വരാന്തയിലെങ്കിലും ഒന്ന് കാല് ചായ്ക്കാം. കാലത്ത് യാത്ര തുടരാം. ഞങ്ങള്‍ തീരുമാനിച്ചു. തീ കൂട്ടി വന്യ മൃഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി നാല് ആത്മാക്കള്‍ അവിടെ അന്തിയുറങ്ങി.
ഉറങ്ങിയെന്ന് പറയാനാവില്ല. തലേന്ന് അവിടെ പരിചയപ്പെട്ട വയര്‍ലസ് ഓപ്പറേറ്റര്‍ ഷാജി പറഞ്ഞ ആനക്കഥകള്‍ മനസ്സില്‍ കിടപ്പുണ്ടായിരുന്നു. കുടില്‍ നശിപ്പിച്ചതും വനകവാടത്തിലെ ശിലാവിഗ്രഹം വലിച്ചെറിഞ്ഞതുമെല്ലാം... ആനപ്പേടി മനസ്സിലും വേദനയുടെ സുഖനൊമ്പരം ശരീരത്തിലും. ആ കാനന രാത്രി ഞങ്ങള്‍ക്ക് പകലായിരുന്നു. എങ്കിലും കിടന്ന് ക്ഷീണം മാറ്റിയെന്ന് പറയാം.
കാലത്ത് ആറു മണിക്ക് എഴുന്നേറ്റ് വീണ്ടും നടത്തം.. അകലെ അഗസ്ത്യകൂടം ഇതെല്ലാം കാണുന്നുണ്ടാവും... സാഹസികതകള്‍ക്ക് ഊര്‍ജ്ജമേകുന്ന പ്രകൃതിചൈതന്യം. എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ബാക്കിയാവുന്നത് കാടിന്റെ കുളിര്‍മ്മയും യാത്രയുടെ ത്രില്ലും.
സീസണില്‍ യാത്ര ഇത്രയും ബുദ്ധിമുട്ടില്ല. വഴിതെളിക്കും. 100 പേര്‍ക്കാണ് പ്രവേശനം. 25 പേരടങ്ങുന്ന സംഘത്തിന് ഒരു ഗൈഡുണ്ടാവും. ഭക്ഷണം കാശ് കൊടുത്താല്‍ ഡോര്‍മറ്ററിയിലും പിക്കറ്റ് സ്‌റേറഷനിലും കിട്ടുമെന്നതിനാല്‍ ഭക്ഷണഭാരം കുറയും. മഴ കുറയുന്നതോടെ അട്ട ശല്യവും കുറയും.

Agasthyakoodam, Agasthyavanam Biological Park, Trivandrum, Kerala Travel Tips
നിശ്ശബ്ദതയും അച്ചടക്കവും പാലിക്കുക
വര്‍ണ്ണ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കരുത്.
മൃഗങ്ങളെ ശല്യപ്പെടുത്തരുത്.
അത്യാവശ്യ മരുന്നുകളും പ്രഥമ ശുശ്രൂഷാ കിറ്റും കരുതണം.
ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുക.
ഔഷധ സസ്യങ്ങള്‍ നശിപ്പിക്കരുത്.
മദ്യം പാടില്ല.
പ്ലാസ്റ്റിക്ക് അടക്കം കൂപ്പികളും മാലിന്യങ്ങളും വലിച്ചെറിയരുത്
ജംഗിള്‍ ബൂട്ട്‌സ് ഉപയോഗിക്കാം.
സ്‌ളീപ്പിങ് ബാഗ് കരുതുന്നതും നല്ലതാണ്.
ടോര്‍ച്ച് കരുതണം. ചാര്‍ജ് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ ബാറ്ററി ടോര്‍ച്ചാണ് നല്ലത്. ഒപ്പം ബാറ്ററിയും കരുതുക.
അട്ടയില്‍ നിന്ന് രക്ഷനേടാന്‍ പുകയിലയും ഉപ്പും കരുതുക.
ഹൃദ്രോഗികളും രക്തസമ്മര്‍ദ്ദമുള്ളവരും കഴിവതും മലകയറ്റമൊഴിവാക്കുക.

Info
AGASTHYAKOODAM Agasthyakoodam is located about 61 kms from Thiruvanthapuram, Kerala. It is located at a height of 1,868 meters (6129 feet)
How to reach: By Air: Trivandrum 69 km
By Rail: Nearest station trivandrum 61 kms.
By Road: Trivandrum- nedumangad -vithura- bonacaud -61 kms.
Stay at Trivandrum or Nedumangad. Sights Around: Neyyar dam. Peppara dam. Neyyar lion safari park.
Contact:
The Wildlife Warden, Agasthyavanam Biological Park,
Rajeev Gandhi Nagar, Vattiyourkavu.P.O.
Trivandrum 695013
Phone: 0471-2360762

Guide:Binukuttan:9526671637. 

G Jyothilal, Photos: Madhuraj