Showing posts with label Trivandrum. Show all posts
Showing posts with label Trivandrum. Show all posts

Saturday, October 10, 2015

മഞ്ഞണിഞ്ഞ സുന്ദരി...


സഹ്യപര്‍വ്വതത്തിന്റെ പൊന്‍കിരീടമാണ് പൊന്‍മുടി. തിരുവനന്തപുരത്ത് നിന്ന് 60 കിലോ മീറ്റര്‍ വടക്ക് കിഴക്ക്. സമുദ്രനിരപ്പില്‍ നിന്ന് 3002 അടി ഉയരെ. അവിടെ എന്തര്് കാണാനെന്ന് ചോദിക്കരുത്. 'ഓ, മഞ്ഞുകളും മലകളും ഭയങ്കര ചന്തങ്ങളു തന്നെ'. വേണ്ടത്ര താമസസൗകര്യമൊക്കെയുണ്ടായിരുന്നെങ്കില്‍ 'നാട്ടിലെ ഊട്ടി' എന്നൊക്കെ വിളിക്കാമായിരുന്നു പോട്ടെ. അതൊക്കെ നടക്കുമായിരിക്കും. പണി നടക്കുന്നുണ്ട്.

22 ഹെയര്‍പിന്‍ വളവുകളും തല്ലിപ്പൊളി റോഡും പിന്നിട്ട് തനി മഴക്കാടുകളും ചോലവനങ്ങളും തേയിലത്തോട്ടങ്ങളുമൊക്കെയുള്ള, പൊന്‍വെളിച്ചം വീഴുന്ന ഈ മലമുടിയില്‍ ഒന്ന് വന്നുനോക്കൂ. ഗസ്റ്റ് ഹൗസ് പരിസരത്തുനിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള വിശാലമായ ടോപ് സ്റ്റേഷനാണ് പൊന്‍മുടിയുടെ സവിശേഷത. രാവിലെ പരസ്പരം കാണാനാവാത്ത മഞ്ഞ്. ഉച്ച തിരിഞ്ഞാല്‍ കാറ്റോട് കാറ്റ്. മരങ്ങള്‍ക്കിടയില്‍ ചിമ്മിനിയില്‍ നിന്നുള്ള പുകപോലെ ഉയര്‍ന്നു പൊങ്ങുന്ന കോടമഞ്ഞ്.

തിരുവിതാംകൂര്‍ രാജാക്കന്മാരാണ് ഇവിടെ ആദ്യം വിശ്രമ സങ്കേതങ്ങള്‍ തീര്‍ത്തത്. ഇവിടെനിന്ന് മൂന്നു മണിക്കൂര്‍ ട്രക്കിംഗ് നടത്തിയാല്‍ വരയാട്ടുമൊട്ടയില്‍ വരയാടുകളെക്കാണാം. വിതുരയില്‍ നിന്ന് പൊന്‍മുടിയിലേക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാര്‍ അരുവിയും. കല്ലാറിനോട് കളിക്കരുത്. ഉരുണ്ട മിനുസമുള്ള കല്ലുകള്‍ തഴുകിയോടുന്ന അരുവി മാടിവിളിക്കാം. കല്ലുകള്‍ വഴുതാം. ഇത്രയും കുറഞ്ഞ ചെലവില്‍ താമസിക്കാവുന്ന ഹില്‍സ്‌റ്റേഷന്‍ വേറെയുണ്ടാവാനിടയില്ല; പ്രത്യേകിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്. ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ അവര്‍ക്ക് വന്‍ ഡിസ്‌കൗണ്ട്. ആളുക്ക് 50 രൂപയോളം. മറ്റ് സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് വാടകയുടെ പകുതി. അതായത് 200 രൂപയും ടാക്‌സും. മറ്റുള്ളവര്‍ക്ക് 400 രൂപയും ടാക്‌സും.




ഒറ്റ ദിവസം കൊണ്ട് യാത്ര തീര്‍ക്കാനാണെങ്കില്‍ പൊന്‍മുടിയും തെന്‍മലയും കോന്നിയും ഒപ്പം കണ്ട് തിരിച്ച് പോവാം. നളചരിതം പോലെ കഥ ദിവസങ്ങള്‍ നീളണമെങ്കില്‍ പൊന്‍മുടിയിലോ തെന്‍മലയിലോ ഒരു ദിവസം തങ്ങി നേരെ ചെങ്കോട്ട വഴി കുറ്റാലത്തേയ്ക്ക് വിട്ടോളൂ.


Text: S N Jayaprakash, Photos: Vivek R Nair

Tuesday, March 3, 2015

സൂര്യന്റെ സ്വന്തം കന്യാകുമാരി


Kanyakumari


ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പ്. സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന വിസ്മയതീരം....

കടലുകള്‍ പുണരുന്ന കന്യാകുമാരി. വൈവിധ്യത്തിന്റെ സാഗരസംഗമം. നാഞ്ചിനാടിന്റെ ഹൃദയഭൂമി. പഴയ തിരുവിതാംകൂറിന്റെ നെല്ലറ. സമതലത്ത് വിശാലമായ നെല്‍പ്പാടങ്ങളും നേന്ത്രവാഴത്തോട്ടങ്ങളും പൂന്തോപ്പുകളും താമരപ്പൊയ്കകളും. തീരദേശത്ത് ഹരിത കേരസമൃദ്ധി. മലനിരകളില്‍ റബ്ബറിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും കൃഷി. മണ്‍പാത്ര നിര്‍മ്മാണം, ശില്‍പ്പനിര്‍മ്മാണം, കൈത്തറി എന്നിവ മറ്റ് തൊഴില്‍രംഗങ്ങള്‍. കടലും മലയും കൈകോര്‍ക്കുന്ന മണ്ണില്‍ ഇറങ്ങിവരുന്ന വെള്ളച്ചാട്ടങ്ങള്‍, കടല്‍ത്തീരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളും കന്യാകുമാരിയുടെ പ്രത്യേകത.

Kanyakumari
മൂന്നലകടലുകള്‍ മുത്തമിടുന്ന അപൂര്‍വ്വതയാണ് കന്യാകുമാരിയുടെ ചാരുത. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ സംഗമിക്കുന്ന മുനമ്പില്‍ മണല്‍ത്തരികള്‍ക്കു പോലും നിറഭേദം പ്രകടം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരി സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന ലോകത്തെ ചുരുക്കം സ്ഥലങ്ങളിലൊന്നാണ്. നിറപൗര്‍ണ്ണമി നാളില്‍ സൂര്യാസ്തമയവും ചന്ദ്രോദയവും കന്യാകുമാരി തീരത്ത് ഒരേ സമയം ദൃശ്യമാകും.

ഏ.ഡി ഒന്നാം നൂറ്റാണ്ടില്‍ പെരിപഌസിന്റെയും, രണ്ടാം നൂറ്റാണ്ടില്‍ ടോളമിയുടെയും കുറിപ്പുകളിലും സംഘകാല കൃതികളിലും കന്യാകുമാരിയുടെ പരാമര്‍ശമുണ്ട്. നീലക്കടലിന്റെ ഓരത്ത് നിത്യതപസനുഷ്ഠിക്കുന്ന ദേവീ കന്യാകുമാരിയാണ് മറ്റൊരു വിസ്മയം. കടലിന് അഭിമുഖമായ കിഴക്കേനട ഇവിടെ തുറക്കാറില്ല.

Kanyakumariഗാന്ധി മണ്ഡപവും വിവേകാനന്ദപാറയും കന്യാകുമാരിയുടെ മായാത്ത ചിത്രങ്ങളാകുന്നു. 1948ല്‍ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ച സ്ഥലത്ത് 1956 ല്‍ പണി കഴിപ്പിച്ചതാണ് ഗാന്ധി മണ്ഡപം. മരണസമയത്ത് ഗാന്ധിജിയുടെ പ്രായം അനുസ്മരിപ്പിക്കുന്ന വിധം 79 അടി ഉയരം മണ്ഡപത്തിനുണ്ട്. ഒറീസാ വാസ്തുശില്‍പകലയിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ചിതാഭസ്മകലശം സൂക്ഷിച്ച സ്ഥലത്ത് നിര്‍മിച്ച പീഠത്തില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് മേല്‍ക്കൂരയിലെ സുഷിരത്തിലൂടെ സൂര്യരശ്മികള്‍ തഴുകിമാറുന്ന കാഴ്ച നിര്‍മാണത്തിന്റെ പ്രത്യേകതയാണ്.

വിവേകാനന്ദ പാറയ്ക്കു സമീപമുള്ള മറ്റൊരു പാറയില്‍ ഋഷിതുല്യനായ തമിഴ്കവി തിരുവള്ളുവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിമ നിര്‍മിച്ചു. തിരുക്കുറളിലെ 133 അധ്യായത്തെ അനുസ്മരിപ്പിക്കും വിധം 133 അടി ഉയരമുള്ള ശിലാപ്രതിമ 2000 ജനവരി ഒന്നിനാണ് അനാച്ഛാദനം ചെയ്തത്. തീരത്തു നിന്നും തമിഴ്‌നാട് പൂംപുഹാര്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഈ പാറയിലേക്കും ബോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്.


വിവേകാനന്ദപ്പാറ
Kanyakumari
സ്വാമി വിവേകാനന്ദന്‍ 1892 ഡിസംബര്‍ 24, 25, 26 തീയതികളില്‍ തപസ്സിരുന്ന പാറയിലാണ് വിവേകാനന്ദ സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്. ദേവീ കന്യാകുമാരി ഏകപാദസ്ഥിതയായി തപസ്സനുഷ്ഠിച്ചെന്ന് കരുതുന്ന ശ്രീപാദപാറ ഇവിടെയുണ്ട്. മന്നത്തു പത്മനാഭന്‍ പ്രസിഡണ്ടും ഏകനാഥ റാനഡെ സെക്രട്ടറിയുമായ സമിതി ഒന്നരക്കോടി ചെലവില്‍ നിര്‍മ്മിച്ച വിവേകാനന്ദ സ്മാരകം 1970 സപ്തംബര്‍ രണ്ടിന് മുന്‍ രാഷ്ട്രപതി വിവി ഗിരി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ശ്രീപാദപാറയ്ക്ക് പുറമെ ധ്യാനമണ്ഡപവും പ്രധാനഹാളും മണ്ഡപത്തിലുണ്ട്. വിവേകാനന്ദ കേന്ദ്രത്തിനാണ് സ്മാരകത്തിന്റെ ചുമതല.

Boating: Rs. 20 to Vivekananda Rock
Timing: 8am to 4pm
Entry Fee: Rs.10


Kanyakumari





Travel Info
Kanyakumari

KanyakumariLocation: Southern tip of Indian Subcontinent.Tamilnadu State. Kanyakumari Dt.

Distance chart: Thiruvananthapuram (86 Km), Nagarkovil (19 Km), Thirunelveli (89 Km), Rameswaram (430 Km).

How to Reach
By Air:
Thiruvananthapuram( 86 km).

By rail:Kanyakumari Railway Station. it is connected to all major cities of India. Himasagar Express which runs between
Kanyakumari town and Jammu-Tawi is India's longest running locomotive, covering a distance of 3751 km. Nagarkovil is the major railway junction near Kanyakumari which connects all major destinations. (19 Km).

By road: Kanyakumari is well connected to Thiruvananthapuram (3hrs), Nagarkovil (1hr) and all major towns of Tamilnadu by Bus. N.H- 7 which passes through Madurai and N.H-47 which runs through Kerala to TN meet at Kanyakumari.

Contact
STD Code:
04652

Tamailnadu Tourist Office, Beach road Ph: 246276

Information Centre, Vivekananda Rock Memorial Ph:246250

Police station Ph: 246224

Raiway station Ph: 246247

Tamilnadu State Transport Corporation Ph: 246019

Kanyakumari Temple Ph: 246223

Sights around
Kanyakumari
Wax Museaum: Entry fee: Rs.50

Kanyakumari Devi Temple: Temple timings: 4.30am to 2.15 pm 4 pm to 8pm.
Baywatch Water Theme Park: Entry fee Rs.200 (adults), Rs.150 (Children). Timing 10 am to 7.30 PM. Ph:04652 246563

Stay at kanyamari

Kerala House, Ph: 04652- 246229

Tamilnadu Tourism development Corporation Hotel, Ph:246257, 246258

Vivekananda Kendram, Ph:246250

Hotel Madhini, Ph:246787,246887

Manikyam Tourist Home, Ph:246387, 246687

Hotel Sangam, Ph:246351

Hotel Samudra, Ph: 246162, 246165

Hotel Seaview,Ph:247841

Hotel Sunworld, Ph: 247899, 247977



Map of Kanyakumari


Text: T Ramanandakumar, Madhuraj

Monday, February 2, 2015

അഗസ്ത്യഹൃദയം

അഗസ്ത്യഹൃദയം തേടി പോകാം.

കൊടും കാടിന്റെ പൊരുളറിഞ്ഞ്, വെള്ളച്ചാട്ടങ്ങളും പുല്‍മേടുകളും താണ്ടി അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ ലോകത്തിലൂടെ ഒരു യാത്ര. 36 കിലോമീറ്റര്‍ നടന്ന് അഗസ്ത്യമുനിയുടെ ശിലാപ്രതിഷ്ഠയും തൊഴുത് തിരിച്ചിറങ്ങുമ്പോള്‍ മനസും ശരീരവും പുത്തനുണര്‍വ്വ് കൈവരിക്കുന്നു. കേരളത്തിലെ ഏറ്റവും ദുര്‍ഘടമായ ട്രെക്കിങ് പാത്താണ് നിങ്ങള്‍ കീഴടക്കുന്നത്. ശബരിമല നട അടയ്ക്കുമ്പോള്‍ ഇവിടേയ്ക്കുള്ള തീര്‍ഥാടനം തുടങ്ങുകയായി. വിശദവിവരങ്ങള്‍ക്ക്. The Wildlife Warden, Agasthyavanam Biological Park, Rajeev Gandhi Nagar, Vattiyourkavu.P.O. Trivandrum 695013 Phone: 0471-2360762

Agasthyakoodam, Agasthyavanam Biological Park, Trivandrum, Kerala


വന്യമൃഗങ്ങളുടെ സങ്കേതം. ചോരയൂറ്റാന്‍ കാത്തിരിക്കുന്ന അട്ടകള്‍. അള്ളിപ്പിടിച്ച് കയറേണ്ട പാറകള്‍. ദുര്‍ഘടമായ പാതയും. തിരുവനന്തപുരത്തു നിന്ന് അഗസ്ത്യകൂടത്തിലേക്ക് യാത്രതിരിക്കും മുമ്പ് മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ പലരും പറഞ്ഞു. എല്ലാം താണ്ടിയെത്തുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ബാക്കിയാവുന്ന അനുഭവനിധികളെ പറ്റി പറയാനും അവര്‍ മറന്നില്ല.
തിരുവനന്തപുരം- നെടുമങ്ങാട്-വിതുര. ഒമ്പതു മണിക്ക് പുറപ്പെട്ട യാത്ര വിതുരയിലെത്തിയപ്പോള്‍ മണി 11. വിതുരയില്‍ നിന്നാണ് കാട്ടിലേക്ക് വേണ്ട സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്തത്. അത്യാവശ്യ സാധനങ്ങളുമായി കാണിത്തടത്തെ വനം വകുപ്പ് ചെക്ക്‌പോസ്റ്റിലെത്തുമ്പോള്‍ 12 മണിയായി. വഴികാട്ടികളായി ഗിരീഷ്‌കുമാറും ബിനുക്കുട്ടനും കാത്തിരിപ്പുണ്ടായിരുന്നു. ഫോറസ്റ്റ് ഗാര്‍ഡ് ശശിധരക്കുറുപ്പ് അഗസ്ത്യമലയെ കുറിച്ച് ചില പ്രാഥമിക വിവരങ്ങള്‍ തന്നു. ഒരു മണിക്ക് ബോണക്കാടെത്തി. ബോണക്കാടില്‍ നിന്ന് നാലു കിലോമീറ്റര്‍ നടന്നാല്‍ വനംവകുപ്പിന്റെ പിക്കറ്റ് സ്റ്റേഷനായി. കാട് അവിടെ തുടങ്ങുന്നു.
പച്ചക്കാടാണ് ഇനി. സൂര്യ വെളിച്ചം നിഴലായി മാത്രം താഴെയെത്തുന്ന നിബിഡ വനം. കല്ലും മുള്ളും വേരും നിറഞ്ഞ ട്രെക്കിംഗ് പാത്ത്. അടുത്ത ലക്ഷ്യം അതിരുമല ബേസ് ക്യാംപാണ്. അവിടെയൊരു വയര്‍ലസ് സ്റ്റേഷനും ഡോര്‍മറ്ററിയുമുണ്ട് 16 കിലോമീറ്ററാണ് അവിടേക്ക് നടക്കാനുള്ളത്. ഞങ്ങള്‍ യാത്ര തുടങ്ങി. മണി മൂന്നായി.
മൃഗങ്ങള്‍ എന്തെല്ലാമുണ്ടീ കാട്ടില്‍?
'ആന, പുലി, കാട്ടുപോത്ത്, കരടി, കരിങ്കുരങ്ങ്, കേഴമാന്‍ തുടങ്ങി പലതരം. പാമ്പുമുണ്ട്.'
ആക്രമിക്കാറുണ്ടോ?
Agasthyakoodam, Agasthyavanam Biological Park, Trivandrum, Kerala 'വന്യമൃഗങ്ങള്‍ വെറുതേകേറി ആക്രമിക്കാറില്ല. ജീവരക്ഷാര്‍ഥം മാത്രം. കുഞ്ഞ് കൂടെയുണ്ടെങ്കില്‍ കരടി ചെലപ്പോ ആക്രമിക്കും. കുഞ്ഞിനെ തട്ടിയെടുത്താലോ എന്ന ഭയം കൊണ്ടാണത്. കരടിക്ക് നല്ല ശക്തിയാ, ഒരടി കിട്ടിയാല്‍ എല്ലു വരെ നുറുങ്ങിപ്പോവും. അങ്ങിനെ കൈ നഷ്ടപ്പെട്ട ഒരാള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. കരടി തേന്‍ എടുക്കാന്‍ മരത്തില്‍ കയറും. കയറാന്‍ അറിയാമെങ്കിലും അതിന് ഇറങ്ങാന്‍ പറ്റില്ല. തേന്‍ കുടിച്ച് മത്തായി പിടി വിട്ട് താഴെയ്ക്ക്് വീഴുകയാണ് ചെയ്യുക.'
ബിനു പകരുന്ന കാടറിവുകളും കേട്ട്, ബോണാ ഫാള്‍സ്്, തങ്കയ്യന്‍ വെച്ച കോവില്‍, കരമനയാറ്, വാഴപീന്തിയാറ്, അട്ടയാറ്, പിന്നെ കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങള്‍ വേറെയും പിന്നിട്ട് ഏഴുമടക്കം തേരിയിലെത്തി. പുല്‍മേടായ ഒരു മല കടക്കാന്‍ ഏഴു മടക്കായിട്ടിരിക്കുന്ന വഴിയാണിത്. ചുരം സ്റ്റൈലില്‍ ഏഴു ഹെയര്‍പിന്‍ വളവുകള്‍. കിഴക്ക് സഹ്യപര്‍വ്വതം കോട്ട കെട്ടിയപോലെ. പടിഞ്ഞാറ് പച്ചവിരിച്ചിട്ട മലനിരകളുടെ നിമ്‌നോന്നതങ്ങള്‍. ബ്രിട്ടീഷുകാര്‍ പണിത ഒരു കുതിര ലായത്തിന്റെ അവശിഷ്ടങ്ങളും കണ്ടു. അന്നവര്‍ അതിരു മലയില്‍ തേയിലത്തോട്ടമുണ്ടാക്കിയിരുന്നു.
ഇരുണ്ടു തുടങ്ങി. കാട്ടിലെ രാത്രിക്ക് ഇരുളിമ കൂടുതലാണ്. വഴി ഹൃദിസ്ഥമായ ബിനുക്കുട്ടനാണ് മുന്നില്‍. അവന്റെ കാലടികള്‍ പിന്തുടരുകയാണ് ഞങ്ങള്‍. പുല്‍മേട്ടില്‍ നിലാവെളിച്ചം തുണയുണ്ട്.
മുന്നില്‍ നടന്ന ബിനു പെട്ടെന്നൊന്ന് നിന്നു. കണ്ണും കാതും കൂര്‍പ്പിച്ചു. മണം പിടിച്ചു. അവന്‍ പരിസരത്തെങ്ങാനുമുണ്ടോ?
എന്താടാ, എന്തുപറ്റി? പിന്നില്‍ നിന്നും ടോര്‍ച്ചടിച്ച് ഗിരീഷ്.
പുല്ല് പറിച്ചിട്ടിരിക്കുന്നു. ചൂരുമുണ്ട്. ആനയുണ്ടെന്നാ തോന്നുന്നത്.
ഗിരീഷ് ഓടിയെത്തി. ടോര്‍ച്ചടിച്ചു. ഇത് ഉച്ചയ്‌ക്കെങ്ങാനും പോയതായിരിക്കും. പുല്ല് വാടിയിട്ടുണ്ട്. നടക്ക്. അത് അതിന്റെ വഴിക്ക് പോകും. നമ്മള്‍ നമ്മുടെ വഴിക്കും. നടത്തം തുടര്‍ന്നു. വഴിക്ക് ആനപിണ്ടങ്ങള്‍, നീരരുവികളില്‍ ആന കുളിച്ച് മദിച്ചതിന്റെ ലക്ഷണങ്ങള്‍. മനസ്സില്‍ ഒരാനപ്പേടി ചിന്നം വിളിച്ചെങ്കിലും പുറത്ത് കാണിച്ചില്ല.
ഇനി വരാന്‍ പോകുന്നതാണ് മുട്ടിടിച്ചാന്‍ തേരി. കയറുമ്പോള്‍ കാല്‍മുട്ട് താടിയില്‍ പോയിടിക്കും. അത്രയ്ക്ക് കഠിനമായ പാത. കൊടുംകാടും. നിലാവ് താഴെയെത്തുന്നില്ല. പിന്നില്‍ നിന്നടിക്കുന്ന ടോര്‍ച്ച് വെളിച്ചത്തില്‍ പയ്യെ പയ്യെ മുന്നോട്ട്. ടോര്‍ച്ച് മങ്ങി തുടങ്ങുന്നു. ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്. മസിലുകള്‍ പിടിച്ചു തുടങ്ങിയിരിക്കുന്നു. ആയാസപ്പെടുന്ന ചുവടുകള്‍ക്ക് ആശ്വാസമേകാന്‍ കാട്ടിലെ കാറ്റ് തുണ. കാട്ടരുവിയിലെ വെള്ളവും. നടത്തം ഊര്‍ജ്ജിതപ്പെടുത്തി.
Agasthyakoodam, Agasthyavanam Biological Park, Trivandrum, Keralaടോര്‍ച്ചിലെ വെളിച്ചം മങ്ങി തുടങ്ങി. വഴിയറിയാത്ത ഈ വനാന്തരത്തില്‍ വെളിച്ചമില്ലാതെ എന്തു ചെയ്യും? എന്തായാലും അതിരുമലയെത്തിയാലെ പറ്റൂ. തലചായ്ക്കാനല്ല. കാല് ചായ്ക്കാന്‍. മസിലുകള്‍ പെരുകി മുറുകുന്നു. നടത്തത്തിന് വേഗം കൂടി .വെളിച്ചത്തിന് മങ്ങലും. ഒടുക്കം അതൊരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി. വഴി നിശ്ചയമുള്ളതു കൊണ്ട് ബിനുക്കുട്ടന്‍ മുന്നോട്ട്. പിന്നാലെ ഞങ്ങളും. അട്ടക്കാടെത്തി. കാലില്‍ എവിടെയൊക്കെയോ അട്ട കയറുന്നു. ഒന്നും നോക്കാന്‍ നേരമില്ല. ഗിരീഷ്‌കുമാര്‍ ചെക്‌പോസ്റ്റിലേക്ക് വിളിച്ചു. വയര്‍ലസ്സില്‍ ഒരു മെസേജ് നല്‍കാന്‍. ഡോര്‍മെറ്ററിയില്‍ നിന്ന് ആരെങ്കിലും ടോര്‍ച്ചുമായി വന്നെങ്കില്‍..! പക്ഷേ എന്തു ചെയ്യാന്‍? വയര്‍ലെസ് സെറ്റ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്. ഇനി ഒന്നും നോക്കാനില്ല. കണ്ണും പൂട്ടി നടക്കുക തന്നെ.

Agasthyakoodam, Agasthyavanam Biological Park, Trivandrum, Kerala
8.30. അതിരുമലയിലെത്തി. വയര്‍ലസ് ഓപ്പറേറ്റര്‍ ഋഷികേശ് ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. 'ആരാ... ആരാ...' അദ്ദേഹം ഓടി വന്നു. മുന്‍കൂട്ടി വിവരം ലഭിക്കാത്തതിനാല്‍ ഇങ്ങിനെ ചില അതിഥികളെ അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ദൈ്വവാരം കാട്, ദൈ്വവാരം നാട്. ഋഷികേശ് എന്ന വിമുക്തഭടന്റെ ഇവിടുത്തെ ജീവിതം അങ്ങിനെയാണ്. 15 ദിവസത്തേക്കുള്ള ഭക്ഷണവുമായി കാടു കയറിയാല്‍ പിന്നെ 15 ദിവസം കഴിഞ്ഞിറങ്ങും. പകരം മാത്തന്‍ കാണി വരും. മഴയായാലും വെയിലായാലും ഇത് തെറ്റിക്കാന്‍ പറ്റില്ല. കാടിനുള്ളിലെ വിവരങ്ങള്‍ പുറംലോകത്തെത്തിക്കാന്‍ വയര്‍ലസ്സാണ് ഏക സംവിധാനം. കറന്റില്ലാത്ത അവിടെ സോളാര്‍ ബാറ്ററി കൊണ്ടാണിവ പ്രവര്‍ത്തിക്കുന്നത്.
ഈ ഏകാന്ത കാനനവാസം മടുപ്പിക്കില്ലേ? ഋഷികേശന്‍ ചേട്ടനോട് ചോദിച്ചു. ഇത് ശീലമായി. പിന്നെ നിങ്ങളെപ്പോലുള്ള അതിഥികള്‍ ഇടയ്ക്കുണ്ടാവും. റേഡിയോയാണ് മറ്റൊരു കൂട്ട്. അതിപ്പം ചീത്തയായി കിടക്കുകയാണ്.
തണുത്ത കാറ്റ് ആഞ്ഞുവീശുന്നു. മുകളില്‍ അഗസ്തകൂടം മഞ്ഞില്‍ പുതഞ്ഞ്കിടക്കുന്നു. കാറ്റില്‍ കോട നീങ്ങുമ്പോള്‍ ഇടയ്ക്കത് തെളിയുന്നു. നക്ഷത്രങ്ങള്‍ വിരിഞ്ഞ നീല വാനില്‍ പൗരാണികതയുടെ ദിവ്യ സാന്നിധ്യമായി അഗസ്ത്യകൂടം മോഹിപ്പിക്കുന്ന കാഴ്ചയായി നിറയുന്നു.
കാല് നനയുന്നുണ്ട്. ഒന്നു നോക്കണം. സോളാര്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ ഷൂസ് ഊരി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. കാല് നിറയെ അട്ട. കുടു കുടാ ചോര. ഋഷികേശ് ഉപ്പുമായോടി വന്നു. അട്ടകള്‍ പിടിവിട്ടു. പക്ഷേ ചോര നിലയ്ക്കുന്നില്ല. ചോര കട്ടിയാവാതിരിക്കാനുള്ള മരുന്ന് കൂടി കുത്തി വെച്ചിട്ടാണത്രെ അട്ട ചോരയൂറ്റാന്‍ തുടങ്ങുന്നത്. കാലുകഴുകി. മുറിവായില്‍ ഉപ്പിന്റെ നീറ്റല്‍. ചോര ചാടുന്നിടത്ത്് ന്യൂസ് പേപ്പറുകള്‍ ഒട്ടിച്ചിട്ടു. രക്തം നിലയ്ക്കാന്‍ അതാണ് വഴി.
ഗിരീഷും ബിനുവും കഞ്ഞിവെപ്പ് ആരംഭിച്ചിരുന്നു. അടുപ്പിനരികില്‍ ചൂടു പിടിപ്പിച്ചങ്ങിനെ.. അഗസ്ത്യകൂടത്തിന്റെ മനോഹരമായ ഒരു രാത്രി കാഴ്ച ക്യാമറയിലാക്കാനുള്ള വെമ്പലിലാണ്. മധു. ഈ ഡോര്‍മിറ്ററി ഒരു കിടങ്ങിനു നടുവിലാണ്. അതുകൊണ്ട് ആനയെ പേടിക്കണ്ട. പണ്ടിവിടെ പണിക്കു വന്നവരുടെ കൂടെയുണ്ടായിരുന്ന പട്ടിയെ പുലിപിടിച്ച കഥ ഋഷികേശ് പറഞ്ഞു. വാതില്‍ കുറ്റിയിട്ടെന്ന് ഉറപ്പു വരുത്തിയത് അതുകൊണ്ടു കൂടിയാണ്.
Agasthyakoodam, Agasthyavanam Biological Park, Trivandrum, Keralaകഞ്ഞികുടിച്ച് സ്ലീപ്പിംഗ് ബാഗിനുള്ളില്‍ ഉറക്കം കാത്ത് കിടക്കുമ്പോള്‍ പിന്നിട്ട വഴികളെ കുറിച്ച് ഓര്‍ത്തുപോയി. അറിയാതെ പടരുന്നൊരു ഭയം. എന്ത് വിവരക്കേടാണ് കാണിച്ചത്. കയ്യിലൊരു ടോര്‍ച്ചില്ലാതെ ഒരിക്കലും കാട്ടില്‍ പോകരുത്. ഓരോരുത്തരുടെ കയ്യിലും ഒരു ടോര്‍ച്ച് വേണം. അട്ട കടിക്കാതിരിക്കാന്‍ കാലില്‍ ഉപ്പു പുരട്ടണം. കയ്യില്‍ ഒരു ഉപ്പു കിഴി കരുതിയാല്‍ ഉത്തമം. കാട്ടിലെ പാഠങ്ങള്‍ മനസ്സിലുറപ്പിക്കവെ ചിന്തകള്‍ ഉറക്കത്തിന് വഴി മാറി.
കൊക്കക്കോ.. കോ.. കാട്ടിലും കൂവിയുണര്‍ത്താന്‍ കോഴിയോ? കാട്ടുകോഴികള്‍ കാടിനെ കൂവിയുണര്‍ത്താറുണ്ടോ? ഓ, ഇത് മൊബൈല്‍ കോഴിയാണ്. അലാറം വെച്ചിരുന്നു. 5.30. എല്ലാവരും എഴുന്നേറ്റു. ഒരു കട്ടന്‍ ചായ തയ്യാറാക്കി. പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞ് അതിരുമലയില്‍ നിന്ന് അഗസ്ത്യകൂടത്തിലേക്ക്.
'ഈറ്റക്കാട്ടിലെത്തുമ്പോ സൂക്ഷിക്കണം. ഇന്നലെ വിസിലടി കേട്ടിരുന്നു.' (ചിന്നംവിളിക്ക് കാട്ടിലെ ഭാഷ). ഋഷികേശ് മുന്നറിയിപ്പ് തന്നു.
അത് ഞങ്ങള്‍ക്ക് മുമ്പേ വന്ന ആനക്കൂട്ടമായിരിക്കും. അത് ഇപ്പോ നെയ്യാറിലെത്തിയിരിക്കും -ആന സഞ്ചാരത്തെ കുറിച്ച്് കണക്കുകൂട്ടലുകളുള്ള ഗിരീഷിന്റെ മറുപടി.
ഈറ്റക്കാട് തുടങ്ങുന്നതിനു മുമ്പുള്ള പാറക്കൂട്ടത്തിലിരുന്ന് ഞങ്ങള്‍ അവല്‍ നനച്ചു. മധു മലയോര ദൃശ്യങ്ങള്‍ ക്യാമറയിലാക്കി. ഈറ്റക്കാട്ടില്‍ ചിലപ്പോ വഴി തെറ്റിപ്പോകും. കാരണം അവിടെ ആനകളും ചില വഴിയുണ്ടാക്കിവെച്ചിട്ടുണ്ടാവും.
ഇതു കണ്ടോ ഈ ഭാഗം തമിഴ്‌നാടാണ്. ബിനു കേരള-തമിഴ്‌നാട് അതിര്‍ത്തി കാട്ടിതന്നു. ഇനി നമ്മള്‍ കയറാന്‍ പോകുന്ന പൊങ്കാലപ്പാറയും തമിഴ് നാട്ടിലാണ്. തമിഴ്‌നാടിനെ ഒന്ന് തൊട്ട് വീണ്ടും കേരളത്തില്‍ കടന്ന് അങ്ങിനെയാണീ യാത്ര.
ഈറ്റക്കാടിനപ്പുറത്ത് പൊങ്കാലപ്പാറ ഒരു കരിമ്പടം വിരിച്ചിട്ടപോലെ കിടക്കുന്നു. ബിനുക്കുട്ടന്‍ ഒന്നു നിന്നു. ആന? എല്ലാ മുഖങ്ങളിലും ആകാംക്ഷ. ഒരു കാട്ടിക്കൂട്ടം. ഒച്ചയുണ്ടാക്കണ്ട. ഇവിടെ പതുങ്ങിയിരുന്നോ? ഫോട്ടോയെടുക്കാന്‍ പറ്റുമോന്ന് നോക്ക.് നമ്മളെ കണ്ടാല്‍ ചിലപ്പോ ഓടിക്കളയും. ഞങ്ങള്‍ സമീപത്തെ പാറയിലമര്‍ന്നു. അട്ട കയറുമോ എന്ന ഭയത്തോടെ.
ദൂരെ കുന്നിനു മുകളില്‍ രണ്ടു കൊമ്പുകള്‍ തെളിയുന്നു. കാട്ടി ഞങ്ങളെ സുക്ഷിച്ചു നോക്കുന്നു. അവ മെല്ലെ പിന്‍വാങ്ങി. ഞങ്ങള്‍ മുന്നോട്ട്. പൊങ്കാലപ്പാറയുടെ താഴ്‌വാരത്തു നിന്ന് മധു അഗസ്ത്യകൂടത്തെ ക്യാമറയിലാക്കവെ ഞാനും ബിനുക്കുട്ടനും മുകളിലെത്തി അവര്‍ വരുന്നതും കാത്ത് പാറയിലിരുന്നു. പെട്ടെന്നൊരു ശബ്ദം.. ഭുമികുലുക്കമോ? ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ കൂറ്റന്‍ കാട്ടുപോത്ത് തൊട്ടരികിലൂടെ ഓടുന്നു. കാട്ടിക്കൂട്ടത്തില്‍ ഇവന്‍ മാത്രം മാറാതവിടെ കിടപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ട് പേടിച്ചാണവന്‍ ഓടുന്നത്!
മുനിമാര്‍ മരുന്നരയ്ക്കാന്‍ കുഴിച്ച ഉരുള് കുഴിച്ചാന്‍ പാറ കണ്ടു. തണുത്ത കാറ്റ് വീശുന്നുണ്ട്. മലകളില്‍ പൂക്കള്‍ വിരിഞ്ഞു തുടങ്ങിയിരിക്കുന്നു. സീസണ്‍ ആയാല്‍ ഇത് മുഴുവന്‍ പൂക്കള്‍ കൊണ്ട് നിറയും. ഇതൊരു പൂ മലയാവും.
നടത്തം ഇപ്പോള്‍ ഏറ്റവും ദുര്‍ഘടമായ പാതയിലെത്തി. ഉരുളന്‍ കല്ലുകള്‍ അട്ടിയിട്ടപോലെ. അള്ളിപിടിച്ച് കയറേണ്ട മലകള്‍. ഒരിടത്ത് മാത്രം കയറു കെട്ടിയിട്ടുണ്ട്. കുന്നിന്റെ ഉച്ചിക്കടുത്തും കാടുണ്ട്. മരങ്ങള്‍ക്ക് അധികം ഉയരമില്ല. കാറ്റ് അവയുടെ ഉയരം തടയുന്നു. ഔഷധസസ്യങ്ങള്‍ ധാരാളം. ഒരു മരത്തിനു ചുവട്ടില്‍ പുല്ല് ആരോ അടിച്ചിട്ട പോലെ. പുലി വന്നതിന്റെ ലക്ഷണമാണ്. മുന്നോട്ട് പോയപ്പോള്‍ ഒഴിഞ്ഞൊരു സ്ഥലത്ത് എന്തോ വന്ന് കിടന്നതിന്റെ ലക്ഷണം. പുല്ല് ഞെരിഞ്ഞമര്‍ന്നിരിക്കുന്നു. പുലിയല്ല, കടുവയാണ്. തൊട്ടു താഴെ തമിഴ്‌നാട് സര്‍ക്കാരിന്റെ കടുവാ സങ്കേതമാണ്.

വീണ്ടും മുന്നോട്ട്. അളളിപ്പിടിച്ചും ചുവടുറപ്പിച്ചും അഗസ്ത്യമലയുടെ ഉച്ചിയില്‍ എത്തുമ്പോഴേക്കും സൂര്യനും ഉച്ചസ്ഥായിയിലെത്തിയിരുന്നു. സമയം 12.30. അവിടെ അഗസ്ത്യമുനിയുടെ ശിലാപ്രതിമയുണ്ട്. എന്നോ വന്ന ഭക്തര്‍ അര്‍പ്പിച്ച പൂക്കള്‍ വാടിക്കിടപ്പുണ്ട്. കാണിക്കയര്‍പ്പിച്ച ഏതാനും നാണയത്തുട്ടുകളും. താഴെ കിഴക്കോട്ട് നോക്കിയാല്‍ തമിഴ്‌നാട്. തിരുനെല്‍വേലി ജില്ലയാണത്. അംബാസമുദ്രം കാണാം. മൂടല്‍മഞ്ഞിന്റെ പാലാഴി കാരണം കാഴ്ചകള്‍ അവ്യക്തം. പടിഞ്ഞാറ് നെയ്യാറും പേപ്പാറയും ഡാമുകള്‍. ഏതോ ഭൂഖണ്ഡത്തിന്റെ ഭൂപടങ്ങള്‍ പോലെ... ഭൂമിയില്‍ നിന്നൊരു ഗൂഗിള്‍ എര്‍ത്ത് കാഴ്ച.
പണ്ടിവിടെ ഒരു വാന നിരീക്ഷണ കേന്ദ്രവും ഉണ്ടായിരുന്നത്രെ. അവിടെ നിന്ന് ദൂരദര്‍ശിനിയിലൂടെ ശ്രീലങ്കയിലെ കിള്ളിനോച്ചി കാണാമായിരുന്നെന്നും പറയുന്നു.
സൂര്യന് ചൂടുണ്ടെങ്കിലും നമ്മളതറിയുന്നില്ല. കോടമഞ്ഞ് തഴുകാനെത്തും. ചിലപ്പോഴത് നമ്മെ പൊതിയും. പച്ചപ്പിന്റെ നേര്‍ത്തരാശിയുള്ള പാറയില്‍ തട്ടി മഞ്ഞ് മഴ പെയ്യും. കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ വെയിലില്‍ വെട്ടിതിളങ്ങുന്നു.
'വാതം പറത്തി'യും 'നീരുപറ്റി'യും ബിനു കാണിച്ചു തന്നു. മലങ്കാണി കണ്ടെടുത്ത ആരോഗ്യപച്ചയും ഈ വനാന്തരത്തിലാണ്. അത് തിന്നാല്‍ വിശപ്പും ദാഹവുമറിയാതെ ദിവസങ്ങളോളം വനത്തില്‍ കഴിയാമത്രെ. മലയുടെ ഉച്ചിയില്‍ വളരുന്ന കവുങ്ങിനുമുണ്ട്്് ചില പ്രത്യേകതകള്‍. കാന്തകവുങ്ങ് എന്നാണത് അറിയപ്പെടുന്നത്. കൊഞ്ഞുള്ള കുഞ്ഞുങ്ങള്‍ക്ക് ഇതിന്റെ പാളയില്‍ ചോറുകൊടുത്താല്‍ മതിയത്രെ. ഇതിന്റെ കൂമ്പ് കറിവെക്കാനും ഉപയോഗിക്കാം നല്ല ഇറച്ചിക്കറി പോലെയുണ്ടാവും. ബിനു അറിയാവുന്ന ഔഷധ രഹസ്യങ്ങള്‍ പറയുകയാണ്.
തിരിച്ചിറക്കം. നടത്തം കുറച്ച് വേഗത്തിലാക്കി. കാരണം അന്നുതന്നെ താഴ്‌വരയിലെത്താന്‍ തിടുക്കമുണ്ടായിരുന്നു. കയ്യില്‍ ടോര്‍ച്ചില്ല, ഭക്ഷണ സാധനങ്ങളുമില്ല. ഇരുളും മുമ്പേ കാടിറങ്ങിയാല്‍ രക്ഷപ്പെട്ടു. പെരുകുന്ന മസിലുകള്‍ വകവെയ്ക്കാതെ ആഞ്ഞുപിടിച്ചു. ആലോചിച്ചാല്‍ ഒരന്തവുമില്ല. ആലോചിക്കാതിരുന്നാല്‍ ഒരു കുന്തവുമില്ല. ഗിരീഷ് മലകയറ്റത്തിന്റെ പ്രാഥമിക പാഠം പങ്കുവെക്കുന്നു.
Agasthyakoodam, Agasthyavanam Biological Park, Trivandrum, Kerala അതിരുമലയിലെത്തി കഞ്ഞികുടിച്ച് ഇറങ്ങുമ്പോള്‍ സമയം നാലു മണിയായി. ഇന്നലെ ഞങ്ങള്‍ പിന്നിട്ട വഴിയാണോ ഇതൊക്കെ? ഇരുളില്‍ ഒന്നുമറിയാതെ കടന്നു പോന്ന വഴി പകല്‍വെളിച്ചത്തില്‍ കണ്ടപ്പോള്‍ വിശ്വാസം വരുന്നില്ല. ഏഴുമടക്കംതേരി പിന്നിട്ടാല്‍ അട്ടയാറിനടുത്ത് നിന്ന് ഈറ്റ വെട്ടി ചൂട്ടുണ്ടാക്കി എട്ടു മണിക്ക് മുമ്പ് കാട് കടക്കാമെന്നാണ് ഗിരീഷും ബിനുവും പറയുന്നത്. അട്ടയാറിലെത്തുമ്പോള്‍ ഇരുള്‍ വ്യാപിച്ചിരുന്നു. ചൂട്ടിനു പോയ ബിനു വെറും കയ്യോടെ തിരിച്ചു വന്നു. ഉണങ്ങിയ ഈറ്റ അവിടെങ്ങുമില്ല.
സമീപത്ത് കണ്ട ഉണക്കപുല്ലുകള്‍ പറിച്ചെടുത്ത് ചൂട്ടാക്കി. അഞ്ചു ചൂട്ട്. നടത്തം മുന്നോട്ട്. കൂറേക്കൂടി ഇരുട്ടിയിട്ട് കത്തിക്കാം. നടത്തിന് വേഗം കൂട്ടുമ്പോഴും വേദനിക്കുന്ന മസിലുകള്‍ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ചൂട്ടുകള്‍ ഒരോന്നായി തീരാന്‍ തുടങ്ങി. ആഴത്തെങ്ങിന്റെ ഉണക്കോലകള്‍ കണ്ടതും ബിനുക്കുട്ടന്റെ മുഖം വിടര്‍ന്നു. ഒരഞ്ചു ചൂട്ടിനുള്ള വക കൂടിയായി.
അവയും കത്തിതീര്‍ന്നപ്പോഴാണ് ഒരു ഐഡിയ തോന്നിയത്. കയ്യിലുള്ള തോര്‍ത്ത് കീറി കമ്പില്‍ കെട്ടി പന്തമാക്കിയാലോ? ഐഡിയ എല്ലാവര്‍ക്കും ബോധിച്ചു. ബിഗ്‌ഷോപ്പറില്‍ വെളിച്ചെണ്ണ കവറ് പരതാന്‍ എല്ലാവര്‍ക്കും ഉത്സാഹമായിരുന്നു. പക്ഷേ ഫലം നിരാശ. അത് അതിരുമലയില്‍ വെച്ച് മറന്നിരിക്കുന്നു. ഐഡിയയുടെ മറ്റൊരു ഫ്‌ളാഷ് മിന്നി. ഫോട്ടോഗ്രാഫര്‍ മധുരാജ് തന്റെ ഫ്‌ളാഷ് കയ്യിലെടുത്തു. അങ്ങിനെ ഫ്‌ളാഷിന്റെ വെളിച്ചത്തില്‍ കുറേ ദൂരം മുന്നോട്ട്. ഒടുക്കം അതും പിണങ്ങി. ഇനി തലേന്ന് നടന്ന പോലെ കണ്ണും പൂട്ടി നടക്കുക തന്നെ.
Agasthyakoodam, Agasthyavanam Biological Park, Trivandrum, Kerala ഉത്സാഹത്തോടെ നടക്കാന്‍ ഇറങ്ങിയ നിത്യനടത്തക്കാരായ ഗിരീഷിനും ബിനുവിനും പോലും കാല് നോവാന്‍ തുടങ്ങി. അപ്പോഴേക്കും ഞങ്ങള്‍ 30കിലോ മീറ്റര്‍ പിന്നിട്ടിരിക്കുന്നു.
രണ്ട് കിലോമീറ്റര്‍ കൂടി നടന്നാല്‍ ബോണക്കാട്ടിലെ പിക്കറ്റ് സ്റ്റേഷനെത്തും. അതിന്റെ വരാന്തയിലെങ്കിലും ഒന്ന് കാല് ചായ്ക്കാം. കാലത്ത് യാത്ര തുടരാം. ഞങ്ങള്‍ തീരുമാനിച്ചു. തീ കൂട്ടി വന്യ മൃഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി നാല് ആത്മാക്കള്‍ അവിടെ അന്തിയുറങ്ങി.
ഉറങ്ങിയെന്ന് പറയാനാവില്ല. തലേന്ന് അവിടെ പരിചയപ്പെട്ട വയര്‍ലസ് ഓപ്പറേറ്റര്‍ ഷാജി പറഞ്ഞ ആനക്കഥകള്‍ മനസ്സില്‍ കിടപ്പുണ്ടായിരുന്നു. കുടില്‍ നശിപ്പിച്ചതും വനകവാടത്തിലെ ശിലാവിഗ്രഹം വലിച്ചെറിഞ്ഞതുമെല്ലാം... ആനപ്പേടി മനസ്സിലും വേദനയുടെ സുഖനൊമ്പരം ശരീരത്തിലും. ആ കാനന രാത്രി ഞങ്ങള്‍ക്ക് പകലായിരുന്നു. എങ്കിലും കിടന്ന് ക്ഷീണം മാറ്റിയെന്ന് പറയാം.
കാലത്ത് ആറു മണിക്ക് എഴുന്നേറ്റ് വീണ്ടും നടത്തം.. അകലെ അഗസ്ത്യകൂടം ഇതെല്ലാം കാണുന്നുണ്ടാവും... സാഹസികതകള്‍ക്ക് ഊര്‍ജ്ജമേകുന്ന പ്രകൃതിചൈതന്യം. എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ബാക്കിയാവുന്നത് കാടിന്റെ കുളിര്‍മ്മയും യാത്രയുടെ ത്രില്ലും.
സീസണില്‍ യാത്ര ഇത്രയും ബുദ്ധിമുട്ടില്ല. വഴിതെളിക്കും. 100 പേര്‍ക്കാണ് പ്രവേശനം. 25 പേരടങ്ങുന്ന സംഘത്തിന് ഒരു ഗൈഡുണ്ടാവും. ഭക്ഷണം കാശ് കൊടുത്താല്‍ ഡോര്‍മറ്ററിയിലും പിക്കറ്റ് സ്‌റേറഷനിലും കിട്ടുമെന്നതിനാല്‍ ഭക്ഷണഭാരം കുറയും. മഴ കുറയുന്നതോടെ അട്ട ശല്യവും കുറയും.

Agasthyakoodam, Agasthyavanam Biological Park, Trivandrum, Kerala Travel Tips
നിശ്ശബ്ദതയും അച്ചടക്കവും പാലിക്കുക
വര്‍ണ്ണ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കരുത്.
മൃഗങ്ങളെ ശല്യപ്പെടുത്തരുത്.
അത്യാവശ്യ മരുന്നുകളും പ്രഥമ ശുശ്രൂഷാ കിറ്റും കരുതണം.
ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുക.
ഔഷധ സസ്യങ്ങള്‍ നശിപ്പിക്കരുത്.
മദ്യം പാടില്ല.
പ്ലാസ്റ്റിക്ക് അടക്കം കൂപ്പികളും മാലിന്യങ്ങളും വലിച്ചെറിയരുത്
ജംഗിള്‍ ബൂട്ട്‌സ് ഉപയോഗിക്കാം.
സ്‌ളീപ്പിങ് ബാഗ് കരുതുന്നതും നല്ലതാണ്.
ടോര്‍ച്ച് കരുതണം. ചാര്‍ജ് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ ബാറ്ററി ടോര്‍ച്ചാണ് നല്ലത്. ഒപ്പം ബാറ്ററിയും കരുതുക.
അട്ടയില്‍ നിന്ന് രക്ഷനേടാന്‍ പുകയിലയും ഉപ്പും കരുതുക.
ഹൃദ്രോഗികളും രക്തസമ്മര്‍ദ്ദമുള്ളവരും കഴിവതും മലകയറ്റമൊഴിവാക്കുക.

Info
AGASTHYAKOODAM Agasthyakoodam is located about 61 kms from Thiruvanthapuram, Kerala. It is located at a height of 1,868 meters (6129 feet)
How to reach: By Air: Trivandrum 69 km
By Rail: Nearest station trivandrum 61 kms.
By Road: Trivandrum- nedumangad -vithura- bonacaud -61 kms.
Stay at Trivandrum or Nedumangad. Sights Around: Neyyar dam. Peppara dam. Neyyar lion safari park.
Contact:
The Wildlife Warden, Agasthyavanam Biological Park,
Rajeev Gandhi Nagar, Vattiyourkavu.P.O.
Trivandrum 695013
Phone: 0471-2360762

Guide:Binukuttan:9526671637. 

G Jyothilal, Photos: Madhuraj

Thursday, August 28, 2014

കാടൊരു കളിക്കളം

ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്റ്റാണ് 
തെന്മല വിനോദസഞ്ചാര കേന്ദ്രം.
സ്വാഭാവിക പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക്..




ഐത്തലക്കിടി കലകലകല......ഉം....ഹാ....ഉം.....ഹാ....
തെന്‍മല അഡ്വഞ്ചര്‍ സോണില്‍നിന്ന് കേട്ടതാണ് ഈ വായ്ത്താരി. വാലി ക്രോസിംഗില്‍ കമ്പിയിലൂടെ തൂങ്ങി നിരങ്ങിയിറങ്ങുന്ന കുടവയറന്‍ ഡാഡിക്ക് മക്കളുടെയും മമ്മിയുടെയും വക പ്രോത്സാഹനം. ഒരു ചെന്നൈ ഫാമിലിയുടെ വീരസാഹസിക കൃത്യങ്ങളാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പ്രോജക്ടാണ് തെന്‍മല വിനോദസഞ്ചാര കേന്ദ്രം.സ്വാഭാവിക പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക്. കുറെ രസവും കുറച്ച് അറിവും ചേരുന്ന 'അവിയല്‍' യാത്ര. കുട്ടികള്‍ക്ക് കാടിന്റെ സാമ്പിള്‍ അറിയാന്‍ പറ്റിയ സ്ഥലം. കൊല്ലം ജില്ലയിലാണ് തെന്‍മല. പുനലൂര്‍-ചെങ്കോട്ട റോഡില്‍. കല്ലട ജലസേചന പദ്ധതിയുടെ അണക്കെട്ടാണിത്. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട്, പാലോട്, മടത്തറ - കുളത്തൂപ്പുഴ വഴിയും കൊല്ലത്തുനിന്ന് പുനലൂര്‍ വഴിയും ഇവിടെ എത്താം. രണ്ടു മണിക്കൂര്‍ യാത്ര. പശ്ചിമഘട്ടത്തില്‍ ശെന്തുരുണി വന്യജീവ സങ്കേതത്തിനു സമീപമാണ് തെന്‍മല ഡാം.

മൂന്ന് സോണുകളാണ് തെന്‍മലയില്‍. അഡ്വഞ്ചര്‍ സോണ്‍, ലിഷര്‍ സോണ്‍, കള്‍ച്ചറല്‍ സോണ്‍. അഡ്വഞ്ചര്‍ സോണില്‍ മരത്തലപ്പുകളിലൂടെ മരപ്പാലത്തില്‍ നടക്കാം. മരങ്ങള്‍ക്കിടയിലൂടെ 21 അടി ഉയരത്തില്‍ വരെ കയറിയും ഇറങ്ങിയും പോകുന്ന ഒരു പാലം. 120 മീറ്റര്‍ നീളം. 110 പടികള്‍. ആകാശത്തും ഭൂമിയിലുമല്ലാതെ, എങ്ങോട്ടെന്നില്ലാതെ നടന്നു പോവുന്നതിന്റെ രസമൊന്നു വേറെ തന്നെ. ഗിയറുള്ള സൈക്കിളില്‍ കാടിന്റെ കയറ്റിറക്കങ്ങളിലൂടെ ഓടിച്ചുപോകാം. തടാകത്തിനു മുകളിലൂടെ കയറില്‍ തൂങ്ങി നീങ്ങാം. പാറയില്‍ വലിഞ്ഞു കയറാം. 'ചിലന്തി വല'യില്‍ കയറി നോക്കാം. തടാകത്തില്‍ പെഡല്‍ ബോട്ടില്‍ സഞ്ചരിക്കാം. സ്പീഡ് ബോട്ടില്‍ കെട്ടിയ ഗോവന്‍ ബനാനയില്‍ പേടിച്ച് കണ്ണടച്ചിരിക്കാം. സാഹസം ഫ്രീയല്ല. പലതിനും വെവ്വേറെ കാശു കൊടുക്കണം.

ലിഷര്‍ സോണില്‍ ജലാശയത്തിനു കുറുകെ തൂക്കുപാലമാണ്. പ്രശസ്തമായ പുനലൂര്‍ തൂക്കുപാലത്തെയിതു ഓര്‍മ്മിപ്പിക്കും. ഇവിടെയാണ് 23 ശില്പങ്ങളുള്ള ശില്‌പോദ്യാനം. ശില്പങ്ങളുടെ വിഷയം മനുഷ്യനും പ്രകൃതിയും. മരങ്ങള്‍ക്കിടയിലൂടെ നടക്കാനും വിശ്രമിക്കാനുമൊക്കെ ഒരുപാട് ഇടങ്ങള്‍.
കള്‍ച്ചറല്‍ സോണില്‍ രാത്രി ഏഴു മുതല്‍ മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫൗണ്ടന്‍. തിങ്കളാഴ്ച ഫൗണ്ടന്‍ ഡാന്‍സ് ചെയ്യില്ല. പരപ്പാര്‍ ജലാശയത്തില്‍, ശെന്തുരുണി വനത്തിന്റെ സൗന്ദര്യം നുകര്‍ന്നും ഒത്താല്‍ വന്യമൃഗങ്ങളെക്കണ്ടും ഒരു മണിക്കൂര്‍ ബോട്ടുയാത്ര. ബോട്ട് ലാന്റിംഗ് സെന്റിലെത്താന്‍ കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ പ്രോകണം. അതിനൊക്കെ വാഹനമുണ്ട്.

പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ശലഭസഫാരി പാര്‍ക്കും ഇവിടെയുണ്ട്. ശലഭങ്ങളും അവയുടെ പ്രതിമകളുമൊക്കെയുള്ള മനോഹരമായ പാര്‍ക്ക്. ഇവിടെ അല്പനേരം നടന്നാല്‍ കാണാത്ത ശലഭങ്ങളെ കാണാം. കണ്ടു പരിചയിച്ചവരുടെ നാളും പേരും ഊരുമെല്ലാമറിയാം. വംശനാശം നേരിടുന്ന ഓട്ടം ലീഫ് ബട്ടര്‍ഫ്ലൈയുടെ ആവാസകേന്ദ്രമാണ് തെന്മല.

ഇതിനൊക്കെ പുറമെ ഇക്കോ ഡവലപ്പ്‌മെന്റ് സൊസൈറ്റി നടത്തുന്ന വിവിധ ട്രക്കിംഗുകളും. സര്‍വ്വം പ്രകൃതിമയം. ഇവിടെത്തന്നെ താമസിക്കണമെങ്കില്‍ ഡോര്‍മിറ്ററിയുണ്ട്. അല്ലെങ്കില്‍ അഡ്വഞ്ചര്‍ സോണില്‍ താമരപ്പൊയ്കയുടെ കരയില്‍ ടെന്റില്‍ മെഴുകുതിരി വെട്ടത്തില്‍ ഒരു കാല്പനിക രാത്രിയാവാം. എന്താ പോരുന്നോ തെന്‍മലയ്ക്ക്? ഒരു കാര്യം. പുറപ്പെടും മുമ്പ് കേരളത്തിലാകമാനം ബോംബ് വെയ്ക്കുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നറിയണം. എങ്കില്‍ ഡാം അടച്ചിടാം. ഞങ്ങള്‍ക്ക് ഒരിക്കല്‍ അബദ്ധം പറ്റിയതാണ്.


Text: S N Jayaprakash, Photos: Vivek R Nair

Saturday, May 5, 2012

ചരിത്രമുറങ്ങുന്ന കൊട്ടാരം


Padmanabapuram Palace


ദാരു നിര്‍മ്മിതമായ പദ്മനാഭപുരം കൊട്ടാരം. കലയുടെയും കരവിരുതിന്റെയും മാത്രമല്ല, ലാളിത്യത്തിന്റെയും ഉദാത്ത മാതൃക


തിരുവിതാംകൂറിന്റെ ആദ്യതലസ്ഥാനമായ പത്മനാഭപുരത്തെ 18-ാം നൂറ്റാണ്ടിലെ ദാരു നിര്‍മ്മിതമായ കൊട്ടാരം. 1609ല്‍ ഇരവിപ്പിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് കൊട്ടാരം നിര്‍മ്മിച്ചതെന്ന് കരുതുന്നു. 1741 ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് ഇന്നു കാണുന്ന നിലയില്‍ കൊട്ടാരം പുതുക്കി പണിതത്. ആറര ഏക്കര്‍ വിസ്തൃതിയുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വേണാടിന്റെ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ പത്മനാഭപുരത്തിന്റെ പ്രൗഢി കുറഞ്ഞു. കൊട്ടാരം നില്‍ക്കുന്നത് തമിഴ്‌നാട്ടിലാണെങ്കിലും കൊട്ടാരവും പരിസരങ്ങളും കേരളത്തിന്റെ സ്വന്തമാണ്.

Padmanabapuram Palace
പൂമുഖത്തെ മച്ചില്‍ ശില്‍പാലംകൃതമായ കൊത്തുപണികള്‍ കാണാം. മുകളില്‍ രാജസഭ കൂടിയിരുന്ന ദര്‍ബാര്‍ ഹാള്‍. സമീപത്ത് ഇരുനിലകളിലായി ആയിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഊട്ടുപുര. 400 കൊല്ലം പഴക്കമുള്ള തായ് കൊട്ടാരവും ഇതിനടുത്താണ്. വരിക്കപഌവിന്റെ തടിയില്‍ നിര്‍മിച്ച കന്നിത്തൂണിലും മച്ചിലും കമനീയമായ കൊത്തുപണികള്‍. മൂന്നു നിലകളുള്ള ഉപ്പിരിക്ക മാളിക, താഴെ ഖജനാവ്, മുകളില്‍ രാജാവിന്റെ ശയനഗൃഹം, ഏറ്റവും മുകളില്‍ തേവാരപ്പുര. കേരളത്തിലെ പുരാതനമായ ചുമര്‍ചിത്ര ശേഖരങ്ങള്‍ ഈ തേവാരപ്പുരയിലാണുള്ളത്. സുരക്ഷാകാരണങ്ങളാല്‍ ഉപ്പിരിക്ക മാളികയുടെ മുകള്‍നിലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

Padmanabapuram Palaceമാളികയോടു ചേര്‍ന്ന് രാജവധുക്കളുടെ അന്തപ്പുരം. തുടര്‍ന്ന് ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന തെക്കേ തെരുവ് മാളിക. രാജഭരണക്കാലത്ത് അതിഥിമന്ദിരമായി ഉപയോഗിച്ചിരുന്ന ഇന്ദ്രവിലാസം മാളിക കൊട്ടാരസമുച്ചയത്തില്‍ ഏറ്റവും ഒടുവിലത്തേതാണ്. യൂറോപ്യന്‍ മാതൃകയില്‍ നിര്‍മിച്ച ഈ ഉത്തുംഗ സൗധത്തില്‍ പോപ്പിന്റെ സന്ദേശവുമായി ഇന്ത്യയില്‍ ആദ്യമെത്തിയ ഫാ. പൗലിനോസ് ബര്‍ത്തലോമിയ എന്ന വിദേശമിഷണറി താമസിച്ചിട്ടുണ്ട്.

Padmanabapuram Palaceരാജഭരണകാലത്ത് നവരാത്രിപൂജയും നൃത്തസംഗീത സദസും നടത്തിയിരുന്ന നവരാത്രി മണ്ഡപം പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ചതാണ്. പ്രത്യേക മിശ്രിതം കൊണ്ട് നിര്‍മ്മിച്ച തറയില്‍ നോക്കി മുഖം മിനുക്കാം. നവരാത്രി മണ്ഡപം ഒഴികെ കൊട്ടാരസമുച്ചയത്തിലെ മറ്റ് കെട്ടിടങ്ങളെല്ലാം പൂര്‍ണമായും തടിയില്‍ നിര്‍മിച്ചവയാണ്. കേരള പുരാവസ്തു വകുപ്പിന്റെ ചുമതലയിലാണ് കൊട്ടാരം. തിങ്കളാഴ്ച അവധിയാണ്.


Padmanabapuram Palace


Travel Info
Padmanabapuram Palace
The Padmanabhapuram Palace was
the HQ of kings of erstwhile Travancore State.

Location: 37 km from Kanyakumari on the way
to Thiruvananthapuram at Padmanabhapuram near Thuckalai (2km) and Nagarkovil (20km)

How to Reach
By Air:
Thiruvanathapuram (60km)
By Rail:Iraniyal (8km), Nagarkovil(15 km)
By Road: Palace is 2km away from Thuckalai, on the way to Kulashekharam. Buses are plenty from Thiruvanthapu ram (55 Km) and Kanyakumari (37km). Autorickshaws and buses available from Thuckalai.


Contact (STD Code: 04651)
Palace Ph: 250255
Eraniyal Railway Station Ph: 222338
Thuckalai Police Station Ph: 250723.

Padmanabapuram Palace


Tips
Ticket Charge: Rs. 25/head, Rs.10 for Children
Foreigners: Rs. 200/head
Still Camera: Rs. 25
Video Cam: Rs. 1500.
Monday holiday.

Stay
At Thuckalai: Lakshmi Lodge,Ph 04651 - 253844.
At Nagarkovil: Hotel Parvathi International, Ph:233020.
Hotel Ganga,Ph:232599, 236199
Hotel Srikrishna Inn, Ph:277782
Hotel Vijeyatha, Ph:232206/7


Text: T Ramanandakumar, Photos: Madhuraj

Wednesday, February 23, 2011

വരയാട്ടുമൊട്ട

Varayadu Motta, Trivandrum, Kerala


"വരയാടും വേഴാമ്പലും നിങ്ങളെ കാത്തിരിക്കുന്നു"
വരയാട്ടുമൊട്ടയെ പറ്റി വന്ന ലേഖനത്തില്‍ ഏറെ ആകര്‍ഷിച്ചത് ഈ വരികളായിരുന്നു.മുഴുവന്‍ വായിക്കും മുന്‍പ്തന്നെ അവിടെക്കൊരു യാത്ര മനസ്സില്‍ ഉറപ്പിച്ചു.തിരുവനന്തപുരത്തിന്റെ 59 കിലോമീറ്റര്‍ അകലെ പൊന്‍ മുടിക്കടുത്താണ് വരയാട്ടുമൊട്ട.1200 മീറ്ററൊളം ഉയരമുള്ള ഈ റേഞ്ചിലെ എറ്റവും ഉയരംകൂടിയതാണു വരയാട്ടുമൊട്ട ,വരയാട്ടുമുടി എന്നൊക്കെ അറിയപ്പെടുന്ന ഈ കൊടുമുടി.കേരളത്തില്‍ മൂന്നാറിനു തെക്ക് വരയാടുകള്‍ ഉള്ള ഏക മലയും ഇതാണ്.30എണ്ണത്തൊളം ഇവിടെ ഉണ്ടെന്നാണു അറിയാന്‍ കഴിഞ്ഞതു.ഇകൊ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗൈഡഡ് ട്രെക്കിഗ് ആണു ഈമലകളിലേക്കുള്ള്.

ചാറ്റല്‍മഴയുള്ള വെളുപ്പാന്‍ കാലത്തുതന്നെ തിരുവനന്തപുരത്തുനിന്നും തിരിച്ചു.നഗരം വിട്ടു ചെറിയ ഗ്രാമങ്ങളിലൂദെ ,ചെറിയ കാടുകളിള്ലൂടെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയപ്പൊള്‍ 7 മണി കഴിഞ്ഞിരുന്നു.ഇകൊ ടൂറിസം വക ചെറിയ ഓഫീസിന്റെ തിണ്ണയില്‍ ഗൈഡ് രാമചന്ദ്രന്‍ റെഡി.കയ്യില്‍ ഒരു കന്നാസും കത്തിയും ഒരു ചെറിയ പൊതിയും.കന്നാസ് വെള്ളം കൊണ്ടുപൊകാനാണ്.ചോലവനങ്ങള്‍ കടന്നു പുല്‍മെട്ടിലെത്തിയാല്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാണ്.പൊതിയില്‍ എന്താണെന്നു ചോദിച്ചപ്പൊള്‍ ഒരു ചെറുചിരിയോടെ രാമചന്ദ്രന്‍ തുറന്നു കാട്ടി..നാലഞ്ചു കവര്‍ ശംഭു ആണു.ആട്ടയ്ക്കെതിരെ ഉള്ള ഒരു ഉഗ്രന്‍ പ്രയോഗം.ശംഭു ചെറിയ കിഴികെട്ടി യാത്രക്കുമുന്‍പുതന്നെ എല്ലാവര്‍ക്കും തന്നിരുന്നു.ഉപ്പു,ഡെറ്റൊള്‍,സോപ്പുപൊടി തുടങ്ങിയ പ്രയോഗങ്ങലേക്കള്‍ വളരെ ഫലപ്രദമാണു ഈ പരിപാടിയെന്നു കിഴി മുട്ടുമ്പൊള്‍ തന്നെ പിടിവിടുന്ന അട്ടകളെ കണ്ടപ്പൊള്‍ ശരിക്കും മന്സിലായി.



Varayadu Motta, Trivandrum, Kerala

സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റരില്‍ നിന്നും തുടങ്ങുന്ന യാത്രയില്‍ വരയാട്ടുമൊട്ടയുടെ മുകളിലെത്തന്‍ 3 കിലൊമീറ്റെര്‍ വനത്തിലൂടേയും 2കിലൊമീറ്റെര്‍ പുല്‍മേടുകളിലൂടെയും മലകയറണം.ഫോറസ്റ്റു സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ മറ്റു മലകളുടെ മറവുമൂലം വരയാട്ടുമുടി കാണാന്‍ കഴിയില്ല.ഫോറസ്റ്റ് സ്റ്റേഷന്നു തൊട്ടടുത്തുള്ള കാളക്കയവും കുരിശടി വെള്ളച്ചാട്ടവും വളരെ മനോഹരമാണു.
അകെഷിയയും യൂക്കലിമരങ്ങളും നിറഞ്ഞ നിരപ്പില്‍ നിന്നും കയറിചെല്ലുന്നതു അടഞ്ഞ ഈറ്റക്കാടുകളിലേക്കണ്.തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ അരയാള്‍ പൊക്കത്തില്‍ വെട്ടിയിണ്ടാക്കിയിരിക്കുന്ന തുരങ്കതിലൂടേ വേണം മുകളിലെക്കു കയറാന്‍.ഒരാള്‍ക്കു കഷ്ടി നൂണുകടക്കാം.കുനിഞ്ഞു ഉള്ളില്‍ കടന്നാല്‍ പിന്നെ നടുവു നിവര്‍ത്തണമെങ്കില്‍ പുറത്തുകടക്കണം.ഇലകള്‍ വീണുകിടക്കുന്ന കയറ്റത്തില്‍ തെന്നാനും കണ്ണിലും മറ്റും കുത്തികയറാനും സാധ്യതയുള്ളതിനാല്‍ ഇതു വളരെ അപകടകരമായി തോന്നി.ചിലയിടങ്ങളില്‍ 10 മിനിട്ടിലധികം കുനിഞ്ഞു നടക്കേണ്ടിവന്നു.ഇടക്കുള്ള തെളിഞ്ഞ ഇടങ്ങളില്‍ ഒന്നു നടുവുനിവര്‍ത്തി വീണ്ടും ഈറ്റക്കാടുകളിലൂടെ പത്തുപെരുടെ ക്യൂ ഇഴഞ്ഞു നീങ്ങി.മുന്‍പിലും പിന്‍പിലും അരൊക്കെയൊ ഇടക്കു തെന്നിവീഴുന്നുണ്ടെങ്കിലും നിവര്‍ന്നു നൊക്കാന്‍ കഴിയുന്നില്ല

നിസ്സാരപരിക്കുകളോടേ ഈറ്റക്കാടിനു പുരത്തെത്തി.ഇനി ഇരുണ്ട പച്ചനിറമുള്ള അടഞ്ഞ നിത്യഹരിതവനങ്ങളാണ്.ആകാശം മറയ്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍ തിളങ്ങുന്ന ചെറിയ നീര്‍ച്ചാലുകള്‍.ദൂരകാഴ്ച തീരെയില്ല.ദിശാബോധം തീരെ നഷ്ടപ്പെട്ടതുപൊലെ തോന്നി.മരങ്ങള്‍ക്കിടയിലൂടെ മുകളിലേക്കുള്ള കുത്തുകയറ്റതില്‍ ഇലകള്‍ വീണഴുകികിടക്കുന്ന മേല്‍മണ്ണ് ഒരടിക്കു രണ്ടടി എന്ന കണക്കില്‍ പിന്നോട്ടു പോകും.താഴേക്കുനോക്കിയാല്‍ ചാടിപിടിക്കന്‍ അവസര്‍ം നൊക്കുന്ന ചോരകുടിയന്‍ അട്ടകള്‍..എങ്ങും നില്‍ക്കാതെ വളരെ വേഗം നടക്കുക എന്നതുമാത്രമാണു പോംവഴി.ഇടക്കൊരു പാറയെതിയപ്പൊളാണു ശംഭു കിഴികള്‍ പുരത്തെടുത്തത്.മിക്കവരുടെയും കഴുത്തില്‍വരെ അട്ടകള്‍ കടിച്ചുതൂങ്ങി.ടീ-ഷര്‍ട്ടുകളില്‍ പലയിടത്തും ചോരപാടുകള്‍. 



Varayadu Motta, Trivandrum, Kerala


അല്പസമയം ഒരു ചെറിയ മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ വിട്ടിട്ടു ഗൈഡ് തിരിച്ചെത്തുമ്പൊള്‍ കയ്യില്‍ ഒരു തീരെ കനംകുറഞ്ഞ എന്നാല്‍ നല്ല ബലമുള്ള ഒരു തരം വടികള്‍ ഉണ്ടായിരുന്നു.ഇവിടെ വളരുന്ന പന വര്‍ഗത്തില്‍പെട്ട ചെടിയുടെ മടലുകളാണത്രെ.മുകളിലേക്കു ചെന്നപ്പൊള്‍ ഈ ചെടി കണാന്‍ കഴിഞ്ഞു.കണമരത്തിനോടു സാമ്യമുള്ള അതില്‍ നിന്നും കള്ള് ചെത്തിയെടുക്കാന്‍ പറ്റുമത്രെ.

കയറ്റതിനിടയില്‍ പലരും വീണെങ്കിലും അധികം പെയ്ന്റു പോകതെ രക്ഷപെട്ടു.



Varayadu Motta, Trivandrum, Kerala

മൂന്നിലദികം മണിക്കൂര്‍ നീണ്ട വനയാത്ര പതിനൊന്നു മണിയൊടെ പുല്‍മേട്ടിലെത്തിച്ചു.വെളിച്ചവും പുല്‍മേടും കണ്ടപ്പൊള്‍ തന്നെ വല്ലാത്തൊരാശ്വാസം.അങ്ങിങ്ങു കുറച്ചു മലകള്‍ കാണാം.മുന്നോട്ട് പോകുംതോറും താഴ്വരകളുടെ സുഭഗ ദര്‍ശനം കിട്ടിതുടങ്ങും.



Varayadu Motta, Trivandrum, Kerala


പുല്‍മേടിന്റെ ഒത്തനടുക്കുള്ള ഒറ്റപാറയും ചുറ്റും തണല്‍ തീര്‍ത്തു നില്‍ക്കുന്ന നലഞ്ച്ചു മരങ്ങളും സവിശേഷമായ കാഴ്ച്ചയണ്.സുഖകരമായ തണുത്ത കാറ്റേറ്റ് മേഘങ്ങളെ ഉമ്മവെക്കുന്ന മലകളെയും പച്ചപുതച്ച താഴ്വാരങ്ങളെയും കണ്ടു വിശ്രമിച്ചെ ആരും മുകളിലേക്കു പോകൂ.

Varayadu Motta, Trivandrum, Kerala

പുല്‍മേടുകളില്‍ ചിലയിടങ്ങളില്‍ കാഴ്ച്ചപ്പനയൊട് സാമ്യമുള്ള ചില മരങ്ങള്‍ കൂട്ടമായി വളര്‍ന്നു നില്‍പ്പുണ്ട്.ഈ പനകള്‍ ഉയര്‍ന്ന മലകളിലേ വളരൂ എന്നും ഇതിന്റെ പഴുത്തുവീഴുന്ന ഓലകള്‍ വരയാടുകള്‍ കഴിക്കാറുന്ടെന്നുമൊക്കെ ഗൈഡില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.വാഗമണ്ണ് കുരിശുമലയിലെ ചില പാറക്കെട്ടുകളില്‍ ഇത്തരം പനകള്‍ മുന്‍പു കണ്ടത്തോര്‍ക്കുന്നു.



Varayadu Motta, Trivandrum, Kerala


പുല്‍മേടുകളില്‍ നിന്നും നൊക്കിയാല്‍ തലക്കു മുകളിലായി വരയാട്ടുമൊട്ട കാണാം.വലിയ മകമത്സ്യത്തെ കൊത്തിവെച്ചിരിക്കുന്നതുപൊലേ വലിയ ഒരു പാറ.അതിന്റെ ചുവട്ടില്‍ എതിയപ്പൊള്‍ തന്നെ എല്ലാവരും തളര്‍ന്നിരുന്നു.ഗൈഡ് അടക്കം പലര്‍ക്കും ഇനി മുകളിലേക്കു കയറാന്‍ മടി.പാറക്കെട്ടുകളിലൂടെ മുകളിലേക്കു വലിഞ്ഞു കയറുന്നതു വിലക്കിയ ഗൈഡിന്റെ മുന്നറിയിപ്പുകള്‍ സ്നേഹപൂര്‍വം അവഗണിച്ചു ഞാനടക്കം കുറച്ചുപേര്‍ മുകളിലേക്കു കയറി.ഇടക്കിടെ വന്നുപോകുന്ന മേഘങ്ങള്‍ ചാറ്റല്‍മഴ പൊഴിക്കുന്നതിനാലാവണം പാറകളും പുല്ലുമെല്ലാം നന്നായി നനഞ്ഞിരിക്കുന്നു.നല്ല വഴുക്കലുമുണ്ട്.ചില മേഘങ്ങള്‍ കടന്നുപോകുമ്പൊള്‍ മഴപെയ്തതു പൊലേ ഞങ്ങള്‍ നനഞ്ഞെങ്കിലും താഴെ നിന്നവര്‍ ഒട്ടും നനയാഞ്ഞതു കണ്ടു പിന്നീടു വിസ്മയം തൊന്നി.ഇടക്കു ഞങ്ങളുടെ നിലക്കും താഴത്തുകൂടി കടന്നുപോയ മേഘം തഴ്വരകളുടെയും താഴെനില്‍ക്കുന്നവരുടെയും ദ്രിശ്യങ്ങള്‍ പറ്റെ മായിച്ചു.മുകളില്‍ നോക്കിയല്‍ നനഞ്ഞ പാറയും തെഴെ മേഘങ്ങളും ..ആ അനുഭൂതി വര്‍ണനകള്‍ക്ക് അപ്പുറമാണു ക്ഷമിക്കൂ.



Varayadu Motta, Trivandrum, Kerala

അരമണിക്കൂര്‍ പരിശ്രമം വേണ്ടിവന്നു മുകളിലെത്താന്‍.ഇവിടെ നിന്നാല്‍ കടല്‍ കാണാം എന്നുപറഞ്ഞിരുന്നു എങ്കിലും കാലാവസ്ത പ്രതികൂല മായിരുന്നു.കനത്ത മഞ്ഞുവന്നു കാണാഞ്ഞിട്ടാവണം താഴെനിന്നും കൂക്ക് വിളികള്‍കേട്ടു.താഴേക്ക്‌ നോക്കിയാല്‍ മഞ്ഞല്ലാതെ ഒന്നും കാണാന്‍ കഴിയുന്നില്ല.മുകളിലെത്തിയത്തിന്റെ സന്തോഷവും വരയാടിനെ കാണാത്ത ദുഖവുമായി അഞ്ചരമണിക്കൂര്‍ കയറ്റം അവസാനിപ്പിച്ചു ഇറങ്ങാന്‍ തുടങ്ങി.ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തുമ്പോള്‍ അഞ്ചുമണി കഴിഞ്ഞിരുന്നു.തൊട്ടടുത്തുള്ള മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ചു ചീവിടിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ വണ്ടിയില്‍ കയറി തിരിക്കുമ്പോള്‍ സൂര്യന്റെ അവസാന രശ്മികളും മങ്ങിമറഞ്ഞു കഴിഞ്ഞിരുന്നു 



Varayadu Motta, Trivandrum, Kerala



എത്തേണ്ട വഴി : തിരുവന്തപുരം - പാലോട് -മങ്കയം
കൂടുതല്‍ വിവരങ്ങള്‍ക്കും ഗൈഡിനും :- വിളിക്കുക 0472 2842122 പാലോട് ഫോറസ്റ്റ് സ്റ്റേഷന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : -റോസ്ബിന്‍ പാലയ്ക്കല്

കടപ്പാട് :beingstrange

Tuesday, February 15, 2011

മരുത്വാന്‍മലയിലെ രാത്രി.

Maruthuva Malai, Trivandrum, Kerala
നാഗര്‍കോവില്‍ കന്യാകുമാരി റൂട്ടില്‍ കന്യാകുമാരി എത്തുന്നതിനു 5കിലോമീറ്റര്‍ മുന്‍്പായാണ് സഹ്യപര്‍വതത്തിലെ അവസാനത്തെ മലയായ മരുത്വാന്‍മല.കരിമ്പാറകെട്ടുകള്‍് നിറഞ്ഞ ഔഷദസസ്യങ്ങളുടെ കേദാരമായ ഈ മല ഇപ്പോള്‍ തമിഴ്നാട് വനംവകുപ്പിന്റെ സംരക്ഷണയിലാണുളളത്.സമുദ്രനിരപ്പില്‍ നിന്നും 800 അടിയിലധികം ഉയരമില്ലാത്ത ഈ മലയ്ക്ക് ചരിത്ര പുരാണേതിഹാസ ബന്ധങ്ങളുണ്ട്.രാമ-രാവണ യുദ്ധത്തില്‍ ഇദ്രജിത്തിന്റെ ബാണമേറ്റു മോഹാലസ്യപെട്ട ലക്ഷ്മണനെ രക്ഷിക്കാന്‍ ഹനുമന്‍ ഹിമാലയത്തില്‍ നിന്നും കൊണ്ടുവന്ന മൃതസന്ജീവനി വളരുന്ന മേരു പര്‍വ്വതത്തിന്റെ ഭാഗമാണിതെന്നാണ് ഐതീഹ്യം.മലയുമായി ലങ്കയിലെതിയ ഹനുമാനോട് ഉദയത്തിനു മുന്‍പ് മേരു പൂര്‍വ്വ സ്ഥാനതെത്തിക്കാന്‍് രാമന്‍ ആജ്ഞാപിക്കുന്നു.ആജ്ഞ ശിരസാവഹിച്ച ആന്ജനെയന്‍് അകാശമാര്‍്ഗേ കന്യകുമാരിയിലെത്തിയപ്പോള്‍ നേരം പുലര്‍ന്നെന്നും തന്‍മൂലം മേരുവിനെ ഇവിടെ ഉപേക്ഷിച്ചു പോകുകയായിരുന്നു എന്നാണ് കഥ.

അസുലഭങ്ങളായ മരുന്നുകളുടെ ഒരു കലവറയായി കരുതി പോരുന്ന ഈ മലയെ കുറിച്ച് പല പുരാതന ആയുര്‍വേദ സംബന്ധിയായ പുസ്തകങ്ങളിലും പരാമര്‍ശമുണ്ട്. ഇവിടെയുള്ള "പശിയടക്കി" എന്ന ചെടിയുടെ ഇലകഴിച്ചാല്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ കഴിയാമെന്നു കേട്ടിട്ടുണ്ട്.മാരുതി കൊണ്ടുവന്ന മലയായതിനാലാണ് ഇതിനു മരുത്വാന്‍മല എന്ന് പേര് വന്നതെന്നും അതല്ല "മരുന്തുകള്‍ വാഴും മലൈ" എന്ന തമിഴ്പേരില്‍ നിന്നാണെന്നും പറഞ്ഞുകേള്‍ക്കുന്നു.

പ്രശസ്തരായ പലരും തപസനുഷ്ടിച്ചിട്ടുള്ള ഈ മലമുകളില്‍ ഒരു ഗുഹയുണ്ട്.ഗുഹാമുഖം കടലുകളുടെ ത്രിവേണി സംഗമത്തിനഭിമുഖമായണ്.ഈ ഗുഹയില്‍ തപസനുഷ്ടിച്ചവരില്‍ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും പെടും.ചില പഴയ ചരിത്രരേഖകളില്‍ "പിള്ളതടം " എന്നാണ് ഈ ഗുഹയെ പരാമര്‍ശിച്ചു കാണുന്നത്.പുറംലോകത്തുനിന്നും അകന്നു ഗുഹാവാസികളായി(ഗുഹകളില്‍ അല്പസ്വല്‍പം സിമന്റ്‌ കൊണ്ടുള്ള മിനുക്ക്‌പണികള്‍ ഉണ്ട്)കഴിയുന്ന സന്യാസിമാര്‍ ഇപ്പോഴുമുണ്ട്.മലയടിവാരത്തില്‍ ഒരാശ്രമവും(നായനാര്‍സ്വാമി ആശ്രമം) ഫോറസ്റ്റ് സ്റ്റേഷനും ഉണ്ട്.മലയുടെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തിലേക്ക് പാറകളിലൂടെ വെള്ളചായം പൂശിയ പടിക്കെട്ടുകള്..കന്യാകുമാരി യാത്ര ചെയ്യുന്ന ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്‌.സാധാരണ ദിനങ്ങളില്‍ വിരലില്‍ എണ്ണാവുന്ന ഭക്തര്‍ മാത്രമെത്തുന്ന ഇവിടുത്തെ ഉല്‍സവം ധനുമാസത്തിലെ കര്‍്ത്തികനാളിലാണ്.അന്നേദിവസം മരുത്വാന്‍മലയുടെ മുകളില്‍ പോകാനുള്ള പ്രത്യേകഅനുമതി വനംവകുപ്പ് നല്‍കിവരുന്നു.

കാര്‍ത്തികദിവസം രാവിലെ തന്നെ തിരുവന്തപുരത്ത് നിന്നും പുറപ്പെടുമ്പോള്‍ ചിതറാല്‍,പദ്മനാഭപുരം കൊട്ടാരം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സന്ധ്യയോടെ മരുത്വാന്‍ മലയില്‍ എത്താനായിരുന്നു പ്ലാന്‍.നാഗര്കോവിലില് നിന്നും 17കിലോമീറ്റര്‍ അകലെ ശുചീന്ദ്രത്തിനു
സമീപമാണ് മര്ത്വാന്‍മല.കന്യാകുമാരി റോഡില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ഉള്ളിലേക്ക് ചെന്നാല്‍ മലയടിവാരത്തിലെത്താം.കാര്‍ത്തിക ദിവസം സന്ധ്യയോടെ മലയുടെ മുകളില്‍ വലിയ ഒരു ജ്യോതി തെളിക്കുന്നത് ദൂരെ സ്ഥലങ്ങളില്‍നിന്നും കാണാവുന്നതാണ്‌.ചുവട്ടിലെ ആശ്രമത്തിലും അമ്പലത്തിലേക്കുള്ള വഴിയിലും സാമാന്യം തിരക്കുണ്ട്‌.തൊട്ടടുത്തെങ്ങും കടകള്‍ ഇല്ലയെന്നത്‌ മുന്‍പേ അറിയാവുന്നത് മൂലം ഒരു രാത്രി താങ്ങാനുള്ള കരുതലുകള്‍ നടത്തിയിട്ടുണ്ട്.പകല്‍ തന്നെ മുകളിലെ ഗുഹയുടെസ്ഥാനം കണ്ടു പിടിക്കാനും അതില്‍ കടക്കാനുള്ള വഴി(ഗുഹ ഒരു പാറക്കെട്ടിന്റെ അടിയിലാണ്) മനസിലാക്കാനും ബുദ്ധിമുട്ടാണെന്നതാണ് തദേശ്ശവാസിയുമായ മുന്‍പ് ഇവിടെ വന്നപ്പോള്‍ പരിചയപെട്ട രാജന്‍സ്വാമികളെ കൂടെകൂട്ടാന്‍ തീരുമാനിച്ചത്.ഭാഗ്യം..വീട്ടില്‍ചെന്ന് വിളിച്ചപ്പോള്‍ ഉറക്കച്ചടവോടെ
അദ്ദേഹം പുറത്തേക്കുവന്നു.പ്രായം അമ്പതുകഴിയുമെന്കിലും നല്ല ആരോഗ്യമുള്ള ശരീരം.അരയിലൊരു കൈലിയും കയ്യില്‍ തോര്‍ത്തുമാണ്‌ വേഷം.
തീപ്പെട്ടി,ലൈറ്റര്‍ മുതലായവ മുകളിലേക്ക് കൊണ്ട് പോകരുതെന്നും വൈകാതെ തിരിചെത്തണമെന്നുമുള്ള വനംവകുപ്പ് ഉദ്യോഗസ്തരുടെ നിര്ദേശങ്ങള്‍ക്ക് തലയാട്ടി സന്യാസിമാരുടെ കാലടികള്‍ പതിഞ്ഞ വഴികളിലൂടെ മുകളിലേക്ക് കയറിത്തുടങ്ങി.
ഇടയ്ക്കിടെ പാറകളും വേരുകളും നിറഞ്ഞവഴി.പാറയില്‍ മുകളിലേക്ക് പടികള്‍ വെട്ടിയിട്ടുണ്ട്.വഴിക്ക് തന്നെ ചില സന്യാസി മാര്‍ "ഇരിക്കുന്ന" സ്ഥലങ്ങള്‍ ഉണ്ട്.ഒരു വലിയ പാറയുടെ വശത്തു ചെറുതായി കെട്ടി മറച്ചതു പോലെ.മുന്നോട്ടു പോയപ്പോള്‍ പടര്‍ന്ന ആല്‍മരത്തിന്റെ ചോട്ടില്‍ വളരെ ചൈതന്യതോടും സുന്ദരമായും സംസാരിക്കുന്ന ഒരു സന്യാസി,ചുറ്റിലും ഇരിക്കുന്ന മൂന്നോ നാലോ പേരോട് സംസാരിക്കുന്നു.അല്പം കേട്ടപ്പോള്‍ "തക്ഷകന്റെ"കഥയാണെന്ന് മനസിലായ്‌.

Maruthuva Malai, Trivandrum, Kerala
ഇടയ്ക്കു വഴി കുറച്ചു ബുദ്ധിമുട്ടാണ്.വേരുകളിലും വള്ളികളിലും പിടിച്ചു കയറണം.വഴികളില്‍ ഇടയ്ക്കിടയ്ക്ക് കൊച്ചു ഗുഹകളുണ്ട്.ഇവയില്‍ ചിലതിനു മാര്‍്ത്താണ്ഡവര്‍മയുടെ ചരിത്രവുമായി ബന്ധമുണ്ടത്രേ.പാറയില്‍ തീര്ത്തതെന്നു തോന്നിക്കുന്ന ശിവക്ഷേത്രത്തിനു മുന്‍പ് വഴിയില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്ന യുവസന്യാസി..സമാധിയായ മാധവസ്വാമികളുടെ ഗുഹയില്‍താമസിക്കുന്ന അദ്ധേഹത്തിന്റെ പേര് ബാലുസ്വാമി എന്നാണെന്നുമുള്ള വിവരങ്ങള്‍ രാജന്‍സ്വാമികള്‍ പറഞ്ഞറിഞ്ഞതാണ്.
ക്ഷേത്രത്തിന്റെ സമീപത്തുള്ള പാറയില്‍ തീര്‍ത്തിരിക്കുന്ന ചെറിയ കെട്ടിടത്തിനുള്ളില്‍ ആട്ടുകല്ലും അരകല്ലും പായും മറ്റും കാണാം.ഇപ്പോള്‍ അധികമായില്ലെന്കിലും മുന്‍പ് കാലങ്ങളില്‍ പലരും മരുന്നുകള്‍ക്കായി ഇവിടെ വരികയും ഇവിടെ നിന്നുതന്നെ മരുന്നുണ്ടാക്കുന്ന പതിവുണ്ടയിരുന്നത്രേ.

"മലയിലുരുന്തു എതെ കഴിച്ചാലും മരുന്തു..മലയിരങ്ങിയതുക്കപ്പുറം വിഷം".

രാജന്‍ സ്വാമി പറഞ്ഞ ചൊല്ലാണ്.ഈ വിശ്വാസമായിരിക്കാം ഇവിടെ വെച്ച് തന്നെ മരുന്നുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.
ക്ഷേത്രത്തിലെ ചെറുപ്പക്കാരനായ പൂജരിയുമായി റോസ്ബിന്‍ പരിചയം പുതുക്കി.കടലയും ഉള്ളിയും മലരും ചേര്‍ന്ന പ്രസാദം കിട്ടിയതുമായി കയറ്റം തുടര്‍ന്നു.ഇവിടം പിന്നിട്ടാല്‍ പടികാളൊ നല്ല വഴികളൊ ഇല്ല.കിഴുക്കാംതൂക്കായ വലിയ പാറയുടെ വശത്തുകൂടി വേണം മുകളിലേക്കുകയറാന്‍.മുക്കാല്‍ മണിക്കൂര്‍ കയറിയാല്‍ മുകളിലെത്താം.ഇടയ്ക്കു പാറയില്‍ വിശ്രമിക്കുന്ന ഞങ്ങള്‍ക്ക് മലമുകളെവിടെയോ ഉള്ള ഉറവയില്‍ നിന്നും രാജന്‍സ്വാമി വെള്ളം കൊണ്ടുതന്നു.നിലാവുദിച്ചപ്പൊള് പേരറിയാത്ത ഒരുപാട് ചെടികളുടെ തിളക്കം..നടക്കുമ്പോള്‍ ഞെരിയുന്ന മരുന്ന് ചെടികളുടെ സുഗന്ദം...തണുത്തകാറ്റും ആരെയും ഭാവഗായകനാക്കും.പേശി വലിവ് വകവെക്കാതെ സന്തോഷത്തോടെ കയറുന്ന രംഗരാജനെ പറ്റി പറയാതെവയ്യ.ഇതിനുശേഷം വളരെയധികം യാത്രകള്‍ ഇവിടെക്കുനടത്തിയ ഇദ്ദേഹത്തിനു മരുന്നുകളെപറ്റി അറിയാനും പല സന്യാസിമാരുമായും സംസാരിക്കാനും അവസരം കിട്ടിയിട്ടുണ്ട്.

കാര്‍ത്തികജ്യോതി കത്തുന്നതിന് കുറച്ചു മാറിയാണ് പ്രശസ്തമായ ഗുഹയുള്ളത്.പുറത്തുനിന്നു നോക്കിയാല്‍ ഒരു വലിയ പാറക്കൂട്ടമാണെന്നെ തോന്നൂ.പാറകള്‍്ക്കിടയിലുള്ള വിടവിലൂടെ താഴേക്ക്‌ നൂണിറങ്ങണം,ഒരാള്‍ക്ക്‌ ചെരിഞ്ഞിറങ്ങാന്‍ പറ്റുന്ന വിടവേ പാറക്കുള്ളു,മുന്നോട്ടു അല്പം മുട്ടില്‍ നീങ്ങിയാല്‍ ഗുഹാ മുഖത്തെത്തും.

Maruthuva Malai, Trivandrum, Kerala
ഇടതും വലതുമായി രണ്ടു ഗുഹകള്‍ അവയ്ക്ക് നടുവില്‍ ചെറിയ ഒരുതളം,അവിടെ നിന്നാല്‍ കന്യാകുമാരി തീരങ്ങള്‍ കാണാം..കടല്‍ കാറ്റിന്റെ ചൂളംവിളി ഒഴിച്ചാല്‍ എല്ലാം ശാന്തം.ഇവിടെ ശ്രീനാരായണഗുരു തപസനുഷ്ടിച്ച ഗുഹക്കുള്ളില്‍ കണ്ണാടി പ്രതിഷ്ടിച്ചിട്ടുണ്ട്.ഗുഹയുടെ ഉള്‍വശം വെള്ളചായം പൂശിയിരിക്കുന്നതു വെളിച്ചത്തിന് വേണ്ടിയാവണം.വെള്ളം ഒഴുകി വന്നു നിറയാന്‍ കെട്ടിയ ചെറിയ ചാന്നലും ചെറിയകുഴിയും ഗുഹക്കുള്ളില്‍ കണ്ടത്തില്‍ നിന്നും നിന്നും പണ്ടു ഗുഹക്കുള്ളില്‍ വെള്ളം ലഭിക്കാനുള്ള മാര്‍ഗം ഉണ്ടയിരു‌നു എന്ന് മനസിലാക്കാം.അവിടുത്തെ ശാന്തതയും തണുപ്പും ഏറെ നേരം പിടിച്ചിരുത്തി.
Maruthuva Malai, Trivandrum, Kerala
പാറയില്‍ വെട്ടിയുണ്ടാക്കിയ വലിയ ഒരു കുഴി...അതില്‍ ഇറക്കി വെച്ചിരിക്കുന്ന വലിയ കുംഭത്തില്‍ നിറച്ചിരിക്കുന്ന വസ്തുക്കളാണ് ജ്യോതിയായി കത്തുന്നത്.തീപ്പൊരി പറന്നു കാട്ടുതീ ഉണ്ടാകാതിരിക്കാനുള്ള സംവിധാനമാണ്.തൊട്ടടുത്തുതന്നെയുള്ള ഹനുമാന്‍ പ്രതിഷ്ടയ്ക്കു മുന്‍പില്‍ കുറച്ചു നിവേദ്യങ്ങള്‍.രാത്രി പതിനൊന്നുമണിയോടെ ജ്യോതി അണഞ്ഞു.നിലവില്‍ കുളിച്ചുനില്‍ക്കുന്ന കടല്തീരങ്ങളുടെ കാഴ്ചയും കടല്‍ക്കാറ്റിന്റെ തലോടലും മോഹന്റെയും തോംസന്റെയും സംഗീതവും ..ഒരു രാത്രി മുഴുവന്‍ ഉറങ്ങതിരിന്നിട്ടും മതിവരാത്തത് പോലെ.ഉദയത്തിന്റെ ആദ്യരശ്മികള്‍ വഴികാണിച്ചപ്പോള്‍് മലയിറങ്ങി.ഇത്ര സുന്ദരമായി കടലിലെ ഉദയവും അസ്തമയവും കാണാന്‍ കഴിയുന്ന മലകള്‍ വേറെ ഉണ്ടാകുമോ ?


ഇനിയും പോകണം മരുത്വാന്‍ മലയിലേക്ക് ..മരുന്ന് ചെടികളെ അറിയാന്‍,സന്യസിമാരുമായി സംസാരിക്കാന്‍,സുന്ദരമായ ഒരു രാത്രി കൂടി അവിടെ കഴിയാന്‍ ...
ഫോട്ടോകള്‍ക്ക് കടപ്പാട് മോഹന്‍ എടപ്പാള്‍

കടപ്പാട് : beingstrange