Monday, April 20, 2015

വായിച്ചുതീരാനാകാത്ത അപൂര്‍വജീവിതം

സിനിമയെ ചൈതന്യവത്താക്കുന്ന ഡബ്ബിങ്ങ്കലയെ അതിന്റെ സൗന്ദര്യപൂര്‍ണ്ണതകളിലെത്തിച്ച കലാകാരിയാണ് ഭാഗ്യലക്ഷ്മി. അവരുടെ അസാധാരണമായ ജീവിതകഥ സ്വരഭേദങ്ങള്‍ പുസ്തകം അനാവരണം ചെയ്യുന്നു. ഒരു കലാകാരി എന്ന നിലയിലും തികച്ചും പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു ജീവിതം കരുപ്പിടിപ്പിച്ച സ്ത്രീയെന്ന നിലയിലും അവരുടെ ജീവിതകഥയുടെ പാരായണ മൂല്യം വലുതാണ്. അതാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും. പുസ്തകത്തെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ :

ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മിയെ എന്റെ കുടുംബത്തിലെ ഒരംഗമായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു. മദ്രാസ്സില്‍ വല്യമ്മയോടൊപ്പം കുട്ടികള്‍ക്കു ശബ്ദം കൊടുക്കാന്‍ വരുമ്പോള്‍ തൊട്ടുള്ള പരിചയമാണ്. അന്നു ഞാന്‍ സ്വതന്ത്രസംവിധായകനായിട്ടില്ല. പാവാടയില്‍നിന്ന് ദാവണിയിലേക്കും സാരിയിലേക്കുമൊക്കെയുള്ള ലക്ഷ്മിയുടെ വളര്‍ച്ച ഞങ്ങളുടെ കണ്‍മുന്നിലൂടെയായിരുന്നു. പക്ഷെ, അന്നു ഞാന്‍ കണ്ട ഭാഗ്യലക്ഷ്മിയല്ല യഥാര്‍ത്ഥ ഭാഗ്യലക്ഷ്മി എന്ന് തിരിച്ചറിയുന്നത് വാസ്തവത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം വായിച്ചപ്പോഴാണ്. അത് വായിച്ച് ഞാന്‍ തരിച്ചിരുന്നു പോയി. സങ്കടത്തിന്റെ ഒരു കടല്‍ ഈ പെണ്‍കുട്ടിയുടെ ഉള്ളിലിരമ്പുന്നത് ഞങ്ങളാരുമറിഞ്ഞിട്ടില്ലായിരുന്നു. ഞാന്‍ വിളിച്ചു. വിളിച്ചപ്പോള്‍ ലക്ഷ്മി പറഞ്ഞു; “ഞാന്‍ വിശദമായി എഴുതാന്‍ പോകുകയാണ് സത്യേട്ടാ; ഒരു ആത്മകഥ പോലെ.” ഇപ്പോള്‍ അത് എഴുതപ്പെട്ടിരിക്കുന്നു. വരും തലമുറയ്ക്കുള്ള ഒരു പാഠപുസ്തകമാണ് ഈ ആത്മാവിഷ്‌കാരം എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഏറ്റവും ലളിതമായ ഭാഷയാണ് ഏറ്റവും നല്ല ഭാഷയെന്ന് എം. ടി. പറഞ്ഞിട്ടുണ്ട്. മാധവിക്കുട്ടിയുടെയൊക്കെ വാക്കുകള്‍ നമ്മുടെ ഉള്ളില്‍ പതിഞ്ഞു പോകുന്നത് അതിന്റെ ലാളിത്യം കൊണ്ടാണ്. അറിഞ്ഞോ അറിയാതെയോ ഭാഗ്യലക്ഷ്മി ചെയ്തിരിക്കുന്നതും അതുതന്നെയാണ്. മറ്റൊരാള്‍ വായിച്ച് നമ്മള്‍ കണ്ണടച്ച് കേട്ടിരുന്നാല്‍ ലക്ഷ്മി സംസാരിക്കുന്നതുപോലെ തോന്നും. ഒട്ടും കൃത്രിമത്വമില്ലാതെ ഒരലങ്കാരവുമില്ലാതെ ഹൃദയത്തില്‍നിന്നൊഴുകിവരുന്നതുപോലെ! അതും എന്നെ അതിശയിപ്പിച്ചു.
ജീവിതത്തിന്റെ പലഘട്ടങ്ങളില്‍ ഭാഗ്യലക്ഷ്മിയുടെ പലമുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ തോന്നും ഒരു പാവമാണെന്ന്. ചിലപ്പോള്‍ ഒരു ചട്ടമ്പിയുടെ ഭാവം. 19 വയസ്സുള്ളപ്പോള്‍, അനാവശ്യം പറഞ്ഞുവന്ന പ്രശസ്തനായ ഒരു നടനെ തെരുവുപിള്ളേരുടെ ഭാഷയില്‍ ചീത്തപറഞ്ഞോടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാഴ്ചയില്‍ സുന്ദരിയായിരുന്നിട്ടും സിനിമയുടെ ചതിക്കുഴികളില്‍ വീണുപോകാതിരുന്നത് സ്വയം സംരക്ഷിക്കാനുള്ള ഈ കഴിവുകൊണ്ടുതന്നെയാകണം. ഭാഗ്യലക്ഷ്മി എന്നും തനിച്ചുതന്നെ ആയിരുന്നു. വിവാഹവും വിവാഹമോചനവും പിന്നീടു വന്ന പ്രണയവും അതില്‍നിന്നുള്ള നിശ്ശബ്ദമായ പിന്‍വാങ്ങലുമൊക്കെ സ്വയം തീരുമാനിച്ച കാര്യങ്ങളാണ്. അതിന് ഒരാളെയും കൂട്ടുപിടിച്ചിട്ടില്ല. ഈ ആത്മകഥയിലൂടനീളം ഒരാളെയും കുറ്റപ്പെടുത്തിയിട്ടുമില്ല. അതിനെയാണ് തന്റേടം എന്നു വിളിക്കുന്നത്.
എന്റെ അറിവില്‍ തന്റെ സ്വകാര്യങ്ങള്‍ ലക്ഷ്മി ആദ്യമായി ചുറ്റുമുള്ള ലോകത്തോട് വെളിപ്പെടുത്തുന്നത് ഈ കുറിപ്പുകളിലൂടെയാണ്. അതിനാകട്ടെ നല്ലൊരു തിരക്കഥയുടെ ചാരുതയുണ്ട്. വായനക്കാരെ തന്നോടൊപ്പം യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് നല്ല എഴുത്തുകാരുടെ ലക്ഷണം. ഭാഗ്യലക്ഷ്മിയോടൊപ്പം നമ്മളും ആ യാത്രയില്‍ പങ്കാളികളാകുന്നു. അതുകൊണ്ടാണ് ബാലമന്ദിരത്തില്‍ അനാഥമാക്കപ്പെട്ട ആ കൊച്ചു പെണ്‍കുട്ടിയുടെ സങ്കടം കണ്ട് നമ്മുടെ കണ്ണു നനയുന്നത്.
ഭാഗ്യലക്ഷ്മി അഹങ്കാരിയാണെന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷെ അതു പറയുന്നവരെക്കാള്‍ എനിക്കു വിശ്വാസം ഭാഗ്യലക്ഷ്മിയെത്തന്നെയായിരുന്നു. മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കാന്‍ സാധിക്കുക ഒരു വ്യക്തി എല്ലാ നിലയിലും വളരുമ്പോഴാണ്. ലക്ഷ്മിയോട് ഇപ്പോഴും പലര്‍ക്കും അസൂയ തോന്നുന്നുണ്ടാവാം. ഈ പുസ്‌കംപോലും ഭാഗ്യലക്ഷ്മിയുടെ വളര്‍ച്ച തന്നെയാണല്ലോ. ഇനിയും അസൂയപ്പെടാന്‍ കാലം എത്രയോ ബാക്കി നില്‍ക്കുന്നു.
തൊഴില്‍പരമായ മത്സരം ഭാഗ്യലക്ഷ്മിക്ക് ആരോടുമുള്ളതായി എനിക്കു തോന്നിയിട്ടില്ല. നായികമാര്‍ക്കു മാത്രം ശബ്ദം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ പുതിയൊരു നായിക വന്നാല്‍ സ്വാഭാവികമായും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രതീക്ഷകൂടും. അവിടെയും ഭാഗ്യലക്ഷ്മി എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ‘വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ സംയുക്ത വര്‍മ്മ എന്ന പുതുമുഖമാണ് അഭിനയിക്കുന്നത്, ശബ്ദം കൊടുക്കണം എന്നു പറഞ്ഞപ്പോള്‍ “ആ കുട്ടി മലയാളിയല്ലേ, സ്വന്തം ശബ്ദത്തില്‍ ഡബ്ബു ചെയ്തുനോക്കാന്‍ പറയൂ” എന്നാണ് എന്നോടു പറഞ്ഞത്. ഭാഗ്യലക്ഷ്മിയുടെ ശബ്ദം ആ കഥാപാത്രത്തിനു വേണം എന്നു ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ വന്നു ചെയ്തുതരികയും ചെയ്തു. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’എന്ന സിനിമയില്‍ സൗന്ദര്യയ്ക്ക് ശബ്ദം കൊടുക്കുമ്പോഴും ഒരു കലാകാരിയുടെ ആത്മാര്‍ത്ഥത ഞാന്‍ കണ്ടു. ഭാഷ അറിയില്ലങ്കിലും സംഭാഷണമൊക്കെ അര്‍ത്ഥമറിഞ്ഞ് മനഃപാഠമാക്കിയാണ് സൗന്ദര്യ  അഭിനയിക്കുക. അതുകൊണ്ടുതന്നെ ആ ശബ്ദത്തിലെ വികാരം അനുകരിക്കാനാകാത്തതാണ്. ഓരോ ഷോട്ടും ഡബ്ബ് ചെയ്തു കഴിഞ്ഞ് പൈലറ്റ് ട്രാക്ക് വീണ്ടും കേട്ടാല്‍ ഭാഗ്യലക്ഷ്മി പറയും “അയ്യോ! സൗന്ദര്യ അഭിനയിച്ച അത്രയും വന്നില്ല, നമുക്ക് ഒരിക്കല്‍ക്കൂടി നോക്കാം”്. പിന്നെപ്പിന്നെ സൗന്ദര്യയുടെ ശബ്ദം കേള്‍പ്പിക്കാതെയാണ് ഞാന്‍ ഡബ്ബു ചെയ്യിച്ചത്.
ഏതു ജോലിയിലും വിജയിക്കാന്‍ ഒരൊറ്റ വഴിയെ ഉള്ളു. ചെയ്യുന്ന ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യുക. അതില്‍ പൂര്‍ണ്ണമായി മനസ്സര്‍പ്പിക്കുക. ഭാഗ്യലക്ഷ്മി വിജയിക്കുന്നതും ഈ അര്‍പ്പണം കൊണ്ടാണ്. അതു ഡബ്ബിങ്ങില്‍ മാത്രമല്ല; പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലയിലും. സംഘടനാപ്രവര്‍ത്തനത്തിലായാലും കുടുംബജീവിതത്തിലായാലും സ്‌നേഹത്തിലും പ്രണയത്തിലും വിദ്വേഷത്തിലുമൊക്കെ ആ ആത്മാര്‍ത്ഥത ഞാന്‍ കണ്ടിട്ടുണ്ട്. ഈ പുസ്തകം വിജയിക്കുന്നതും അതുകൊണ്ടുതന്നെ. ഇതെല്ലാം മനസ്സില്‍ വച്ചുതന്നെയാണ് ഈ ആത്മാവിഷ്‌കാരം ഒരു പാഠപുസ്തകമാണെന്ന് ആദ്യമേ ഞാന്‍ പറഞ്ഞത്. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിതഭൂമികളില്‍ വളര്‍ന്നുവരേണ്ട, ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തു പകരുന്ന പാഠപുസ്തകം. സര്‍വ്വോപരി താങ്ങാന്‍ കുടുംബത്തിന്റെയോ സമ്പത്തിന്റെയോ പശ്ചാത്തലശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തു പകരുന്ന പാഠപുസ്തകം.  പുസ്തകം വായിച്ചുതീര്‍ത്ത് മടക്കി വയ്ക്കുമ്പോഴും ഒരു സംശയം ബാക്കിയാവുന്നു, യഥാര്‍ത്ഥ ഭാഗ്യലക്ഷ്മിയെ നമ്മള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയോ? നമമളോടു പങ്കുവയ്ക്കാത്ത സങ്കടങ്ങളും സന്തോഷങ്ങളും ഇനിയുമവര്‍ക്കുണ്ടോ? അറിയില്ല. ഒരിക്കലും വായിച്ചു തീരാത്ത ഒരു പുസ്തകംതന്നെയാണ് ഭാഗ്യലക്ഷ്മി.

No comments: