ആലപ്പുഴപട്ടണത്തിലേക്ക് ഒരു യാത്ര... കോട്ടയം കോടിമത ബോട്ട്ജട്ടിയില്‍ നിന്ന് രാവിലെ 7 ന് പുറപ്പെടുന്ന ബോട്ടില്‍ വളരെ കുറഞ്ഞ ചെലവില്‍ ധാരാളം കാഴ്ചകള്‍ കണ്ടൊരുയാത്ര.
ഞായറാഴ്ചയുടെ ആലസ്യങ്ങളുമായി ആടിപ്പാടിയെത്തിയപ്പോഴെയ്ക്കും ബോട്ട് കോടിമതയില്‍ നിന്ന് ദാ തിരിച്ചു കഴിഞ്ഞു...ഇനിയെന്തൊന്ന് ചെയ്യും എന്നും കരുതി അവിടെ നിന്നപ്പോള്‍ ദാ മുന്നോട്ട് തിരിച്ച ബോട്ട് ഒരു തരത്തില്‍ വീണ്ടും തിരിച്ച് തിരിച്ച് തിരിച്ച്... ഞങ്ങളെ കയറ്റാന്‍ വേണ്ടി മാത്രം പുറകോട്ട് വരുന്നു!!!.
7 മണിക്ക് ബോട്ട് പോകുമെന്നറിഞ്ഞു കൂടെ നിങ്ങളെന്താണ് താമസിച്ചത്? വാതില്‍ക്കല്‍ നിന്ന ചേട്ടന്റെ ചോദ്യം? എന്തായാലും ബോട്ടിലുള്ള എല്ലാവര്‍ക്കും ഞങ്ങളെ കൂടി കയറ്റാനുള്ള മനസുള്ളതുകാരണം യാത്ര തരപ്പെട്ടു... മകള്‍ എയ്ഞ്ചലയും കൂട്ടുകാരി ഗീതുവുമാണ് കൂട്ടിന്.
ബോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്നവരാണ് കൂടുതല്‍ പക്ഷെ ടൂറിസ്റ്റുകളും ഉണ്ട്...കേറിയപാടെ ഏറ്റവും പുറകിലാണ് സീറ്റ് കിട്ടിയത്...എന്‍ജിന്റെ ക്ട ക്ട ശബ്ദം... ടിക്കറ്റൊക്കെ എടുത്ത് മുന്‍പിലേക്ക് ...കൊടൂരാറിന്റെ കുഞ്ഞോളങ്ങളിലെ പൊന്‍തിളക്കം...പോളകളിളകിയൊഴുകുന്നു....മരക്കമ്പുകളില്‍ കിനാവുകണ്ടിരിക്കുന്ന സുന്ദരിക്കിളികള്‍...നോക്കെത്താദൂരത്തോളം നീലപ്പ് (നീലാകാശം...)ഇടയ്ക്കിടെ പച്ചതുരുത്തുകള്‍... കണ്ണ്നിറച്ച് കാഴ്ചകള്‍. കരയില്‍ നിന്നും ആളുകള്‍ കയറുന്നു ഇറങ്ങുന്നു...
ഇടയ്ക്ക് തൊട്ടപ്പുറത്തിരിക്കുന്ന ജര്‍മന്‍ ദമ്പതികളുമായി എയ്ഞ്ചല കൂട്ടായി. ഇന്ത്യയിലെ പ്രസിദ്ധ സ്ഥലങ്ങളുടെ വിവരണങ്ങളടങ്ങിയ പുസ്തകം ഇടയ്ക്കിടയ്ക്കു മറിച്ചു നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു എന്തായാലും പുസ്തകത്തിലെ കുരങ്ങനെയും പൂക്കളെയുമൊക്കെ കാണിച്ച് തന്റെ മൂന്ന് വര്‍ഷത്തെ അറിവുകള്‍ ജര്‍മ്മന്‍കാരോട് പറഞ്ഞു കൊടുക്കുന്നുണ്ട്...ജര്‍മനിക്കാരെ എയ‌്ഞ്ചലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കണെ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങളും...!
ചൂണ്ടകളും ചോറുപാത്രങ്ങളുമായി വന്നവര്‍ മീന്‍ തേടി ഇറങ്ങി തുടങ്ങി...ടൗണില്‍ പോകേണ്ടവര്‍ കയറിക്കൊണ്ടുമിരുന്നു. ഇടയ്ക്ക് കുറച്ചു നേരം ഒരു മീന്‍ പിടുത്ത ബ്രേക്ക് ഉണ്ടായിരുന്നു. വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ടയാള്‍ പൊങ്ങിയത് പിടയ്ക്കുന്ന കരിമീനുമായിട്ടാണ്...രാവിലെ വീട്ടുവാതില്‍ക്കല്‍ എത്തുന്ന മീന്‍കാരനുമായി വിലപേശുന്ന നേരത്ത് ഇങ്ങോട്ട് പോന്നാല്‍ മതിയല്ലോ എന്ന് വെറുതെയൊന്നു വിചാരിച്ചു? വിചാരിക്കാല്ലോ? ബോട്ടിനൊപ്പം പറന്നെത്തുന്ന വര്‍ണകിളികളുടെ വേഗതയും ചുറ്റിക്കറങ്ങിയുള്ള പോക്കും കാമറയില്‍ പകര്‍ത്താന്‍ ഒരുങ്ങിയ ടൂറിസ്റ്റുകളെ പറ്റിച്ചെ എന്ന് പറഞ്ഞ് പറന്നകന്ന പക്ഷികള്‍...
ആ കര ഈ കര ...ആളുകളെ കയറ്റിയും ഇറക്കിയുമുള്ള യാത്ര...ആലപ്പുഴയിലേക്ക് ഇതാദ്യമായല്ല...ഒരു പാട് തവണ വന്നിട്ടുണ്ടെങ്കിലും കാഴ്ചയുടെ ഫ്രയിമുകള്‍ക്ക് നിറം കൂടിയിട്ടെയുള്ളു...കൂട്ടുകാരുമായി വന്ന ആദ്യയാത്രയുടെ കാഴ്ചകള്‍ നിറംമങ്ങാതെ നില്‍ക്കുന്നു. ആര്‍ ബ്ലോക്കിലെ കപ്പയും മീന്‍കറിയും കഴിച്ച് അതിനടുത്തുള്ള പാടവരമ്പത്ത് സൊറപറഞ്ഞിരുന്നതും.
കൂട്ടുകാരിയുടെ അച്ഛന്റെ ജോലിസ്ഥലത്ത് സദ്യയൊരുക്കിയതും വള്ളം കളികണ്ടതും...തൊടിയില്‍ നിറയെ കായ്ച്ചു നിന്ന് പേരമരവും... പേരയ്ക്കപറിച്ച് നടന്നു വന്ന വഴിക്ക് ഒരാവശ്യവുമില്ലാതെ ചാലൊഴുകുന്നതിന് മീതെ ചാടി തെന്നി വീണതുമെല്ലാം ചിന്നി മിന്നി പോയി...അതിന്റെയൊക്കെ ഉഗ്രന്‍ചിത്രങ്ങള്‍ പകര്‍ത്തിയ മോട്ടുമുയലിനെപ്പോലുള്ള കൂട്ടുകാരന്റെ കൂള്‍ പിക്സ് ക്യാമറ - പക്ഷെ ഭാഗ്യമോ നിര്‍ഭാഗ്യമോ? ബോട്ടില്‍ നിന്നും കരയിലേക്കിറങ്ങുന്നതിനിടയില്‍ പൊന്നുപോലെ സൂക്ഷിച്ച ക്യാമറ വേമ്പനാട്ട് കായലില്‍ വീണു...ചില യാത്രകളുടെ ഒാര്‍മകള്‍ക്ക് മധുരം കൂടുതലാണ്!
ക്യൂ, എസ്, ടി. കായല്‍നിലങ്ങള്‍
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം തിരുവിതാംകൂറില്‍ ഭക്ഷ്യക്ഷാമം നേരിട്ടകാലത്ത് കേരളത്തെ ഊട്ടിയ കായല്‍ രാജാക്കന്‍മാരുടെ ചരിത്രമുറങ്ങുന്ന നാട്ടിലൂ ടെയാണ് ഈ യാത്ര. മുരിക്കനെപോലെയുള്ള കായല്‍ രാജാക്കന്‍മാരുടെ ധീരകഥകള്‍...ആധുനിക എന്‍ജിനിയറിങ് വിദഗ്ദര്‍പോലും അമ്പരപ്പോടെ നോക്കുന്ന കായല്‍നില നിര്‍മാണം.
ചുറ്റും ബണ്ട് കെട്ടി സമുദ്രനിരപ്പിനെക്കാള്‍ താഴെ കൃഷിഭൂമിയൊരുക്കി ധാന്യം വിളയിക്കാമെന്ന് കാണിച്ചുതന്ന തോമസ് ജോസഫ് മുരിക്കന്‍. ചിത്തിര (C), റാണി (R), മാര്‍ത്താണ്ഡം (M) ബ്ലോക്കുകളില്‍ കതിര്‍മണി വിളയിച്ച മികവിന് കൃഷിരാജാപട്ടം നല്‍കി അന്നത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍നെഹ്റു അദേഹത്തെ ആദരിച്ചു.
ചിത്തിര കായലിന് സമീപമുള്ള ചിത്തിരപള്ളി(ദേവാലയം) മുരിക്കന്റെ പള്ളി എന്നാണ് അറിയപ്പെടുന്നത്. ചരിത്രസ്മാരകത്തിന്റെ ജലഛായചിത്രം പോലെ കായലിന് കാവലായ് നില്‍ക്കുന്നു ഈ ആലയം. പണ്ട് കായലിനു നടുവിലെ കൃഷിയിടം കാണാന്‍ വേണ്ടിമാത്രം വിദേശത്തുനിന്നും ഇവിടെ ആളുകള്‍ വന്നിരുന്നു...
![]()  | 
| മുരിക്കന്റെ പള്ളി | 
ഭൂനയം പ്രാബല്യത്തില്‍ വന്നതോടെ കൃഷിഭൂമികളൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്നിപ്പോള്‍ മിക്കഭാഗവും കൃഷിയില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു.സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതറിഞ്ഞ് മുരിക്കന്‍ പറഞ്ഞു - സര്‍ക്കാര്‍ കൃഷിനടത്തുന്നത് കാണാമല്ലോ- എന്ന് പഴമൊഴി. ഇന്നിപ്പോള്‍ കായലില്‍ നിന്നും കുത്തിയെടുത്ത കൃഷിഭൂമി വീണ്ടും കായലായി മാറിക്കൊണ്ടിരിക്കുന്നു. കൃഷിയുടെ കാര്യത്തില്‍ ആ വാക്കുകള്‍ അറം പറ്റിയിരിക്കുകയാണ്. പാടം നിറയെ ധാന്യമണികളും അത് കൊത്തിപ്പെറുക്കാന്‍ വിരുന്നെത്തുന്ന ദേശാടനക്കിളികളും, അന്യംനിന്നു കൊണ്ടിരിക്കുന്നു.
രണ്ടുമണിക്കൂര്‍ യാത്ര ലക്ഷ്യസ്ഥാനം എത്താറായി...ഇളം വെയിലിന്റെ നിറം മാറി...തിരിച്ചുള്ള ബോട്ട് സമയം 11.30, 2.30, പിന്നെ 5നും...അപ്പോള്‍ 2.30നുള്ള ബോട്ടില്‍ തിരിച്ച് തുഴയാം എന്ന കണക്കു കൂട്ടലില്‍ ആലപ്പുഴപ്പട്ടണത്തിലേക്ക്...വേറെ ഒന്നുമില്ല ആദ്യം കണ്ട കടയില്‍ നിന്ന് കാപ്പികുടിച്ചു...എന്നാല്‍ പിന്നെ അര്‍ത്തുങ്കല്‍ പള്ളി വരെയൊന്നു പോയേക്കാം.... ഒരു പ്രൈവറ്റ് ബസില്‍ അര്‍ത്തുങ്കലേക്ക്...
പള്ളിയില്‍ പെരുന്നാളൊന്നുമല്ലെങ്കിലും ഞായറാഴ്ച കുര്‍ബാന കൂടാന്‍ ആള്‍ക്കാര്‍ ഒരുപാടുണ്ടായിരുന്നു...മുറ്റത്തെ പഞ്ചാരമണലില്‍ കാലുകള്‍ പതിപ്പിച്ച് കുറച്ചുനേരം...കടല്‍ തീരത്ത് പോകാനുള്ള ആഗ്രഹം കത്തുന്നവെയിലില്‍ മറന്നുപോയി!. അടുത്ത ബസില്‍ തിരിച്ച് ആലപ്പുഴയ്ക്ക്...നേരം ഉച്ചയായെങ്കിലും ചോറുകഴിക്കാനുള്ള വിശപ്പൊന്നും ഇല്ലായിരുന്നതുകൊണ്ട് ഒാരോ ജ്യൂസ് കുടിച്ച് ബോട്ടുജട്ടിയിലേക്ക്...
തിരിച്ചുള്ള ബോട്ട് കാഞ്ഞിരം വരെയെയുള്ളു. ഇപ്രാവശ്യം ബോട്ടെത്തുന്നതിനും മുന്‍പേ എത്തിയല്ലോ എന്ന് വിചാരിച്ച് കാഞ്ഞിരം ബോട്ടിലേക്ക്...ഇഷ്ട സീറ്റില്‍ അങ്ങനെ ഇരിക്കുമ്പോള്‍ ദാ വരുന്നു രാവിലെ പരിചയപ്പെട്ട ജര്‍മനിക്കാര്‍...അവരും ആലപ്പുഴ കണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. എട്ട് ദിക്കും പിന്നെ ബോട്ടും ഞെട്ടുന്ന പോലെ ഉറക്കെ ഹായ് എയ്ഞ്ചല...എന്ന്!!! ബോട്ടിലുള്ള മനുഷ്യരൊക്കെ നിങ്ങളൊക്കെ ആരാ എന്ന ഭാവത്തില്‍ ഞങ്ങളെ നോക്കുന്നില്ലെ എന്നൊരു സംശയം? ആഹ... വെള്ളത്തിലാണ് പുറത്തേയ്ക്കിറങ്ങാനും പറ്റത്തില്ല...!
എന്തായാലും അങ്ങോട്ട് പോയതിലും വേഗതയില്‍ ഇങ്ങോട്ട് എത്തിയെന്നു തോന്നുന്നു...തിരിച്ചുള്ളയാത്രയില്‍ രാവിലെ മീന്‍ പിടിക്കാന്‍ ഒാരോ തുരുത്തില്‍ ഇറങ്ങിയവരൊക്കെ ചെറു സഞ്ചികളുമായി കയറുന്നുണ്ടായിരുന്നു.
എല്ലാവരും ഒരു നല്ലദിവസം കിട്ടിയതിന്റെ സന്തോഷവുമായി വീടുകളിലേക്ക്. രാവിലെ മുന്നോട്ട് യാത്രതുടങ്ങിയ ബോട്ടിനെ പുറകോട്ടടുപ്പിച്ച് ഞങ്ങളെ കയറ്റാന്‍ നല്ല മനസുകാണിച്ച ബോട്ടുയാത്രക്കാര്‍ക്കെല്ലാം നന്ദിയോടെ വീട്ടിലേക്ക്...
Text - അല്‍ഫോന്‍സാ ജിമ്മി, Photos - ജിമ്മികമ്പല്ലൂര്‍






ഒടുവില്‍
 മഴയൊന്ന് മറഞ്ഞ് നിന്ന ഒക്ടോബറിലെ ഒരു പുലര്‍കാലത്ത,് ഇടമലയാര്‍ ഡാമിനോടു 
ചേര്‍ന്ന എണ്ണക്കല്‍ കടവില്‍ നിന്ന് വഞ്ചിക്ക് അനക്കം വെച്ചു. 
ആളുകളേക്കാള്‍ ചാക്കുകെട്ടുകളുണ്ട് വഞ്ചിയില്‍. അരിക്കും പച്ചക്കറിക്കും 
പാത്രങ്ങള്‍ക്കും പുറമേ ഓരോരുത്തരുടേയും പണിയായുധങ്ങളും കൂരകള്‍ പണിയാനുള്ള
 ടാര്‍പോളിനുക ളും നിറഞ്ഞ ചാക്കുകള്‍. ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. 
ഇവരില്‍ പലര്‍ക്കും ഈറ്റവെട്ട്, കുടുംബത്തൊഴിലാണ്. മക്കളെ വീട്ടിലാക്കി 
ഭര്‍ത്താവിനൊപ്പം ഭാര്യയുമെത്തും. മറ്റുചിലര്‍ ഏകാന്ത തുരുത്തുകളും.
കോടമഞ്ഞില്‍
 അനക്കമില്ലാതെ കിടക്കുകയായിരുന്ന ഇടമലയാറിലെ ജലത്തെ യമഹ എന്‍ജിന്‍ 
തട്ടിയുണര്‍ത്തി. ക്ലാസ്സില്‍ ഉറങ്ങുന്ന കുട്ടികളെ ചോക്കെറിഞ്ഞ് 
ഉണര്‍ത്തുന്ന അധ്യാപകനെ പോലെ. ഓളങ്ങളേക്കാള്‍ വേഗത്തില്‍ നദീതടത്തെ തൊട്ട 
യമഹയുടെ മുരള്‍ച്ച, ആറിന്റെ ഇരുകരകളെയും ഞെട്ടിച്ചു. വെള്ളം കുടിക്കാന്‍ 
ആറ്റുവക്കത്തെത്താറുള്ള ആനക്കൂട്ടങ്ങളെ യാത്രയവസാനം വരെ കാടിന്റെ 
കറുപ്പിനുള്ളില്‍ മറച്ചു നിര്‍ത്തി ആ ശബ്ദം. അതോ മഴയായിരുന്നോ വില്ലന്‍...?
 കാടിനുള്ളില്‍ വെള്ളം കിട്ടുമ്പോള്‍ കാട്ടാനകള്‍ പുറത്തേക്ക് വരില്ലത്രേ. 
വേനലിലാണ് യാത്രയെങ്കില്‍ ഇരുകരകളിലും ആനക്കൂട്ടങ്ങള്‍ നിറഞ്ഞ് 
നില്‍ക്കുമായിരുന്നു!
അടുത്തയിടം
 ഒരു കൊടിയ വളവാണ്. ഇടമലയാര്‍ ഡാമിന്റെ വന്‍മതിലിനെ പിന്നാമ്പുറത്തു 
നിന്നും മായ്ക്കുന്ന വളവ്. ഏപ്രയെന്നാണിവിടം അറിയപ്പെടുന്നത്. ഏപ്രയ്ക്ക് 
മുകളിലാണ് അതിരപ്പിള്ളി-മലക്ക പ്പാറ പാതയിലെ വാച്ചുമരമെന്നയിടം. 
വാച്ചുമരത്തില്‍ നിന്ന് കാടിറങ്ങിവരുന്ന കുത്തൊഴുക്ക് ഇടമലയാറില്‍ 
ലയിക്കുന്നു. ഏപ്ര പിന്നിടുമ്പോള്‍ ആനപ്രതീക്ഷയോടെ കണ്ണുകള്‍ 
ഇരുകരകളിലേക്കും അവിടെ നിന്ന് കാടുകളിലേക്കും പരക്കം പാഞ്ഞു. ദൂരെ ഒരു 
പൊട്ടു പോലെ കാടിന്റെ പച്ചപ്പിന് മീതെ ഒരു വീടുയര്‍ന്നു നില്‍ക്കുന്നു. 
'അതാണ് ഐക്കര വാച്ച് ടവര്‍...' യാത്രയില്‍ ഒപ്പം വന്ന ഇടമലയാര്‍ റേഞ്ചിലെ 
ഫോറസ്റ്റര്‍ സുധീഷ്‌കുമാര്‍ വിളിച്ചു പറഞ്ഞു. ചെറുപ്പക്കാരനാണ്്, 
ട്രെയിനിങ് കഴിഞ്ഞ് എത്തിയതേയുള്ളു. അദ്ദേഹത്തിനൊപ്പം കോഴിക്കോട് 
സ്വദേശിയായ ഫോറസ്റ്റ് ഗാര്‍ഡ് സിജുവുമുണ്ട്. ഈറ്റവെട്ടുകാര്‍ക്കല്ലാതെ 
മറ്റാര്‍ക്കും വനംവകുപ്പിന്റെ അനുമതിയില്ലാതെ ഇതിലെ സഞ്ചരിക്കാനാവില്ല. 
കൂര്‍ക്കുഴി
 പിന്നിട്ട് വാടാര്‍മുഴി അള്ളിന് സമീപമെത്തി. അള്ളെന്ന് പറയുന്നതൊരു 
ഗുഹയാണ്. പത്തു പേര്‍ക്ക് സുഖമായി കിടന്നുറങ്ങാം. രാത്രി തങ്ങാന്‍ 
നിശ്ചയിച്ചിരിക്കുന്നത് ഇവിടെയാണ്. ആ ഗുഹയൊന്ന് സങ്കല്‍പ്പിക്കാനൊരു വിഫല 
ശ്രമം നടത്തി. ഇനി വെണ്‍മുഴി, ഇവിടെയാണ് കൂട്ടത്തിലെ ദമ്പതി 
സംഘങ്ങള്‍ക്കിറങ്ങേണ്ടത്. തീരത്ത് ഈറ്റകള്‍ വെട്ടിക്കൂട്ടി ചങ്ങാടം 
പോലെയാക്കിയിരിക്കുന്നു. രണ്ടാഴ്ച്ച മുന്‍പ് വന്നപ്പോള്‍ ചെയ്ത് വെച്ചു പോയ
 പണിയാണ്. ഇനി ഓരോ തുരുത്തി ലും ഇത്തരം ഈറ്റചങ്ങാടങ്ങള്‍ കാണാം. നേരത്തെ 
വെട്ടികുട്ടിയവ. തിരികെ ഇടമലയാറിന് പോകുമ്പോള്‍ ഇതെല്ലാമൊന്നിച്ചാക്കി 
ഒപ്പം കൂട്ടണം.

നായ്‌വരയും
 അവസാന ഈറ്റവെട്ടു തുരുത്തുമായ കാളിമാനും കടന്ന് വഞ്ചി 
കപ്പായത്തിലെത്തിയപ്പോഴേക്കും മഴ തുടങ്ങി.  ദൂരെ അങ്ങ് മുകളിലെ 
മഞ്ഞക്കല്ലില്‍ നിന്നൊലിച്ച് വരുന്ന ജലം പാറക്കൂട്ടങ്ങളില്‍ 
തട്ടിതടഞ്ഞിറങ്ങി ഇടമലയാറാകുന്ന കാഴ്ച്ച... ആറിന്റെ തുടക്കത്തില്‍ 
പാറമുകളിലൊരു കൂര. അത് അരയ്ക്കാപ്പ് കോളനിയെന്നറിയപ്പെടുന്ന മാന്നാന്‍ 
സമുദായത്തിന്റെ മൂപ്പന്‍, സോമന്റേതാണ്. മീന്‍ പിടുത്തത്തിനും 
ഈറ്റവെട്ടിനുമിടയില്‍ വിശ്രമിക്കാനുള്ള താവളം. ഇതുവരെ ഒരു ആദിവാസി മൂപ്പനെ 
നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ എങ്ങനെയെങ്കിലും ആ 
കൂരയിലെത്തണമെന്നാശിച്ചു. പാറക്കുട്ടങ്ങളുള്ളതിനാല്‍ വഞ്ചി പോകില്ല. നാല് 
മുളകള്‍ കൂട്ടിക്കെട്ടിയ പോണ്ടിയാണ് ശരണം. ഒരു കൊച്ച് വഞ്ചി, പക്ഷേ ഇരുപ്പ്
 വെള്ളത്തില്‍ തന്നെ. പിന്‍ഭാഗമാകെ നനയും. മറുകരയിലുണ്ടായിരുന്ന മന്നാന്‍ 
സമുദായത്തിലെ രാമകൃഷ്ണന്‍ സഹായത്തിനെത്തി. അയാളുടെ പോണ്ടി മറുകരയിലടുത്തു. 
നല്ലൊരു ചുവപ്പന്‍ ടീഷര്‍ട്ടും മുണ്ടും ധരിച്ച സോമന്‍മൂപ്പന്‍ കൂരയിലേക്ക് 
ക്ഷണിച്ചു. മാന്നാന്‍ വിശേഷങ്ങളുമായി കുറേ നേരം കൂരയിലിരുന്നു. റേഡിയോ ആണ് 
കൂരയിലെ വിനോദോപാധി. പുറത്ത് മഴയുടെയും അകത്ത് റിലേ കിട്ടാന്‍ പാടുപെടുന്ന 
റേഡിയോയുടെയും ഇരമ്പലുകള്‍ക്ക് ഒരേ താളം.
ഇനി
 ഈറ്റയെടുക്കലാണ്. കാളിമാനില്‍ ആദിവാസികള്‍ വെട്ടിക്കൂട്ടി ചങ്ങാടമാക്കിയ 
ഈറ്റക്കെട്ടുകള്‍ വഞ്ചിയോട് ചേര്‍ത്ത് കെട്ടണം. ഈറ്റവെട്ടുകാര്‍ക്ക് ഒരു 
കെട്ടിന് 70 രൂപയാണ് ലഭിക്കുക. ഒരു കെട്ടില്‍ 20 ഈറ്റകളുണ്ടാകും. 
വെള്ളത്തില്‍ വലിയൊരു പനമ്പായ വിരിച്ച പോലെ ഈറ്റക്കെട്ടുകള്‍! കാലങ്ങളായി 
ഈറ്റവെട്ടിന്റെ ചുക്കാന്‍ പിടിക്കുന്ന ശശിയേട്ടന്റെ കൈകള്‍ യമഹയുടെ 
ആക്‌സിലറേറ്ററില്‍ മുറുകിയപ്പോള്‍ പനമ്പായ രണ്ടായി മുറിഞ്ഞു. 
ഈറ്റക്കെട്ടിന് നടുവിലായി വഞ്ചി. ഇരുവശത്തേയും കെട്ടുകള്‍ വഞ്ചിയോട് 
ചേര്‍ത്ത് കെട്ടി. ഇടമലയാറുനിന്ന് കപ്പായത്തേക്ക് 24 കിലോമീറ്ററാണ്. 
രണ്ടുമണിക്കൂറെടുത്തു യാത്ര. പക്ഷേ തിരിച്ചുപോക്ക് പ്രവചിക്കാനാവില്ല. 
ഈറ്റക്കെട്ടിന്റെ എണ്ണം കൂടുന്നതനുസരിച്ച് തിരിച്ചെത്താനുള്ള സമയവും കൂടും.
 ചിലപ്പോള്‍ അഞ്ച് മണിക്കൂര്‍, ചിലപ്പോള്‍ രണ്ട് ദിവസം.
ചാരുപാറവരെയുള്ള
 കെട്ടുകള്‍ എടുത്തുകഴിഞ്ഞപ്പോഴേക്കും കാടിനും ആറിനും മീതെ ഇരുട്ട് പരക്കാ 
ന്‍ തുടങ്ങി. വെണ്‍മുഴിയിലേക്ക്..അവിടെ കൂരകള്‍ പൊങ്ങിക്കഴിഞ്ഞു. അടുപ്പിലെ
 പുക ആകാശത്തേക്കുയരുന്നു. ഈറ്റെകാണ്ട് തന്നെയാണ് കൂര. അകത്ത് 
കിടന്നുറങ്ങാനായി ഈറ്റ തല്ലി ചതച്ച് വിരിപോലൊന്നുണ്ടാക്കിയിരിക്കുന്നു. 
പാത്രങ്ങളും മറ്റും വെയ്ക്കാനുള്ള തട്ടുകളും ഈറ്റ കൊണ്ട്. എന്തിന് 
തുണിയിടാനുള്ള അഴ വരെ ഈറ്റ. ഇവരുടെ ജീവിതം മുഴുവന്‍ ഈറ്റയാണ്, ഈറ്റ 
ജീവിതങ്ങള്‍!
അപകടങ്ങള്‍
 ഇവരുടെ നിഴലായുണ്ട്. ഈറ്റവെട്ടാനായി കാടുകയറുമ്പോള്‍ ഒറ്റയാന് മുന്നില്‍ 
പെട്ടുപോയവരൊത്തിരിയുണ്ട്. കാട്ടില്‍ രണ്ടുനാള്‍ സുഹൃത്തിന്റെ മൃതദേഹത്തിന്
 കാവലിരുന്നവരുണ്ട്. ആനക്കൂട്ടം കൂരകള്‍ക്ക് ചുറ്റും നിന്ന് 
അലറിവിളിക്കുമ്പോള്‍ പേടിച്ചരണ്ട് കൂരയ്ക്കുള്ളിലെ മണ്ണെണ്ണ വിളക്കിനോട് 
കൂടുതല്‍ ചേര്‍ന്നിരിക്കാനെ ഇവര്‍ക്കാവൂ...
ഐക്കര
 വാച്ച് ടവറിപ്പോള്‍ തെളിഞ്ഞ് കാണാം. കാടിന് മീതെ എങ്ങും തൊടാതെ 
നില്‍ക്കുന്ന ഒരു വീട്. അപ്പോഴേക്കും വെയില്‍ മൂത്തു. ശരീരമാകെ പൊള്ളാന്‍ 
തുടങ്ങി. മഴയെ ശപിച്ച അതേ നാവു കൊണ്ട് വെയിലിന് നേരെയും 
ശാപവാക്കുകളെറിഞ്ഞു. എല്ലാവരും കുടകള്‍ക്ക് പിന്നില്‍ മറഞ്ഞു. ചിലര്‍ 
വഞ്ചിയിലെ കൊച്ചു കൂടാരത്തിനുള്ളിലും. മഴ, പച്ചയ്ക്ക് 
മിഴിവേകിയിരിക്കുന്നു. അനക്കമില്ലാത്ത ആറിലെ ജലത്തില്‍ പച്ചത്തുരുത്തുകള്‍ 
കണ്ണാടിയിലെന്നപോല്‍ പ്രതിബിംബങ്ങളെറിഞ്ഞു. യമഹയുടെ ശബ്ദത്തിന് മീതെ 
കാട്ടിലെവിടെ നിന്നൊ മരക്കൊമ്പുകളോ മറ്റോ ഒടിയുന്ന ശബ്ദം. ആനക്കൂട്ടമാണ്, 
കാത്ത് നിന്നിട്ട് കാര്യമില്ല. അവ കാടിറങ്ങുമ്പോള്‍ ചിലപ്പോള്‍ ഉച്ചകഴിയും.
 ആനക്കയം കുത്ത് കൂടുതല്‍ വ്യക്തതയോടെ മുന്നില്‍ തെളിഞ്ഞു. വളവ് 
തിരിഞ്ഞപ്പോള്‍ ഇടമലയാര്‍ ഡാമും. ഡാമിന്റെ മൂക്കോളമായിരിക്കുന്നു വെള്ളം. 