Thursday, July 7, 2016

ഈറ്റ ജീവിതങ്ങള്‍





പുറംലോകത്തിന് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ജീവിതങ്ങളാണ് ഇടമലയാറിലെ ഈറ്റവെട്ടുകാരുടേത്. കാട്ടിലും ആറ്റിലും അപകടം നിഴല്‍പോലെയുണ്ടാവും. അവര്‍ക്കൊപ്പം കാട്ടിലൊരു രാത്രി, ആനപ്പേടിയില്‍ ഈറ്റക്കുടിലിലുറങ്ങി, ആറിന്റെ അറ്റം കണ്ട്, ആയിരംകെട്ട് ഈറ്റയില്‍ ഇടമലയാറ്റിലൂടെയൊരു സാഹസികയാത്ര....

പ്രളയം താണ്ടാന്‍ നോഹ തീര്‍ത്ത പേടകം നിറയും പോലെ ആ കൊച്ചുവഞ്ചി നിറഞ്ഞു. പ്രാരാബ്ധങ്ങള്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞ് അരിക്കും ഉപ്പിനും മുളകിനുമൊപ്പം അവര്‍ വഞ്ചിയിലേക്ക് കയറി. ആ സങ്കടപ്രളയം തീരണമെങ്കില്‍ ഇനി പതിനഞ്ച് നാള്‍ കഴിയണം. അതു വരെ ഇടമലയാറിന്റെ തീരത്തെ കാടുകളില്‍ അവരോരുത്തരും ഓരോ തുരുത്തുകളാണ്. പുറംലോകമറിയാതെ കുറെ ജീവിതങ്ങള്‍. ഇനി ഇവിടെ ഈറ്റ വെട്ടിക്കൂട്ടും. അറിയാതെയെങ്കിലും ആനത്താരകളിലാകാം ഇവര്‍ തീര്‍ക്കുന്ന കൊച്ച് കൂരകള്‍. പതിനഞ്ചാം പക്കം തിരികെ വിളിക്കാന്‍ വഞ്ചിയെത്തുമ്പോള്‍ ചിലരെ കണ്ടില്ലെന്ന് വരാം.. എന്നിട്ടും അവര്‍ ഇടവേളകളില്ലാതെ എത്തുന്നു. അല്ലെങ്കില്‍ ജീവിതമവരെ എത്തിക്കുന്നു...

ഇടമലയാറിന്റെ അറ്റമായ കപ്പായം തേടിയാണ് ഈറ്റവെട്ടുകാര്‍ക്കൊപ്പം ഇറങ്ങി തിരിച്ചത്. രണ്ട് 'മ' കളായിരുന്നു യാത്രയിലെ പ്രശ്‌നക്കാര്‍. രണ്ടു തവണ യാത്ര മാറ്റിവെയ്ക്കാനിടയാക്കിയ മണ്ണെണ്ണയും യാത്രയിലുടനീളം ആകെ നനച്ച മഴയും. മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന യമഹ എന്‍ജിന്‍ ഘടിപ്പിച്ച വഞ്ചിയാണ് ഈറ്റകെട്ടുകള്‍ വലിച്ചു കൊണ്ട് വരിക. ഈറ്റവെട്ടുകാരുടെ ജീവലായനിയായ മണ്ണെണ്ണയുടെ ക്ഷാമം കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.

ഒടുവില്‍ മഴയൊന്ന് മറഞ്ഞ് നിന്ന ഒക്ടോബറിലെ ഒരു പുലര്‍കാലത്ത,് ഇടമലയാര്‍ ഡാമിനോടു ചേര്‍ന്ന എണ്ണക്കല്‍ കടവില്‍ നിന്ന് വഞ്ചിക്ക് അനക്കം വെച്ചു. ആളുകളേക്കാള്‍ ചാക്കുകെട്ടുകളുണ്ട് വഞ്ചിയില്‍. അരിക്കും പച്ചക്കറിക്കും പാത്രങ്ങള്‍ക്കും പുറമേ ഓരോരുത്തരുടേയും പണിയായുധങ്ങളും കൂരകള്‍ പണിയാനുള്ള ടാര്‍പോളിനുക ളും നിറഞ്ഞ ചാക്കുകള്‍. ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. ഇവരില്‍ പലര്‍ക്കും ഈറ്റവെട്ട്, കുടുംബത്തൊഴിലാണ്. മക്കളെ വീട്ടിലാക്കി ഭര്‍ത്താവിനൊപ്പം ഭാര്യയുമെത്തും. മറ്റുചിലര്‍ ഏകാന്ത തുരുത്തുകളും.

കോടമഞ്ഞില്‍ അനക്കമില്ലാതെ കിടക്കുകയായിരുന്ന ഇടമലയാറിലെ ജലത്തെ യമഹ എന്‍ജിന്‍ തട്ടിയുണര്‍ത്തി. ക്ലാസ്സില്‍ ഉറങ്ങുന്ന കുട്ടികളെ ചോക്കെറിഞ്ഞ് ഉണര്‍ത്തുന്ന അധ്യാപകനെ പോലെ. ഓളങ്ങളേക്കാള്‍ വേഗത്തില്‍ നദീതടത്തെ തൊട്ട യമഹയുടെ മുരള്‍ച്ച, ആറിന്റെ ഇരുകരകളെയും ഞെട്ടിച്ചു. വെള്ളം കുടിക്കാന്‍ ആറ്റുവക്കത്തെത്താറുള്ള ആനക്കൂട്ടങ്ങളെ യാത്രയവസാനം വരെ കാടിന്റെ കറുപ്പിനുള്ളില്‍ മറച്ചു നിര്‍ത്തി ആ ശബ്ദം. അതോ മഴയായിരുന്നോ വില്ലന്‍...? കാടിനുള്ളില്‍ വെള്ളം കിട്ടുമ്പോള്‍ കാട്ടാനകള്‍ പുറത്തേക്ക് വരില്ലത്രേ. വേനലിലാണ് യാത്രയെങ്കില്‍ ഇരുകരകളിലും ആനക്കൂട്ടങ്ങള്‍ നിറഞ്ഞ് നില്‍ക്കുമായിരുന്നു!

ജലരേഖകള്‍ തെളിഞ്ഞും മാഞ്ഞുമിരുന്നു. കാടിന്റെ പച്ചപ്പിന് മീതെ നെടുനീളത്തില്‍ കോടമഞ്ഞൊരു വെള്ളവര വരച്ചിരിക്കു ന്നു. വഞ്ചി ആനക്കയം കുത്ത് വെള്ളച്ചാട്ടത്തിനരികിലെത്തി. ആറിലേക്ക് അതിശക്തിയോടെ പതിക്കുന്ന ജലപാതം. വെളുത്തപതകള്‍ പരക്കുന്ന ഓളപ്പരപ്പില്‍ നിന്ന് എരണ്ടകള്‍ വാനിലേക്കുയര്‍ന്നു. യമഹയുടെ ശബ്ദമൊഴിച്ചാല്‍ പതിനാറ് പേരുള്ള വഞ്ചി നിശബ്ദമായിരുന്നു. പ്രത്യേക ലക്ഷ്യമില്ലാതെ ദൂരേയ്ക്ക് നോക്കിയിരിക്കുന്ന മുഖങ്ങള്‍ക്കെ ല്ലാം ഒരേ ഭാവം, ജീവിതക്കണക്കുകളുടെ കൂട്ടലും കിഴിക്കലും... വേലായുധന്റെ ഭാര്യ പങ്കജാക്ഷി മാ ത്രം തോണി വക്കത്തിരുന്ന് ഇടയ്ക്കിടെ എന്തൊക്കയോ പറയുന്നുണ്ട്. താന്‍ പറയുന്നത് ആരെങ്കിലും കേള്‍ക്കുന്നുണ്ടോയെന്നു പോലും ഓര്‍ക്കാതെ..

അടുത്തയിടം ഒരു കൊടിയ വളവാണ്. ഇടമലയാര്‍ ഡാമിന്റെ വന്‍മതിലിനെ പിന്നാമ്പുറത്തു നിന്നും മായ്ക്കുന്ന വളവ്. ഏപ്രയെന്നാണിവിടം അറിയപ്പെടുന്നത്. ഏപ്രയ്ക്ക് മുകളിലാണ് അതിരപ്പിള്ളി-മലക്ക പ്പാറ പാതയിലെ വാച്ചുമരമെന്നയിടം. വാച്ചുമരത്തില്‍ നിന്ന് കാടിറങ്ങിവരുന്ന കുത്തൊഴുക്ക് ഇടമലയാറില്‍ ലയിക്കുന്നു. ഏപ്ര പിന്നിടുമ്പോള്‍ ആനപ്രതീക്ഷയോടെ കണ്ണുകള്‍ ഇരുകരകളിലേക്കും അവിടെ നിന്ന് കാടുകളിലേക്കും പരക്കം പാഞ്ഞു. ദൂരെ ഒരു പൊട്ടു പോലെ കാടിന്റെ പച്ചപ്പിന് മീതെ ഒരു വീടുയര്‍ന്നു നില്‍ക്കുന്നു. 'അതാണ് ഐക്കര വാച്ച് ടവര്‍...' യാത്രയില്‍ ഒപ്പം വന്ന ഇടമലയാര്‍ റേഞ്ചിലെ ഫോറസ്റ്റര്‍ സുധീഷ്‌കുമാര്‍ വിളിച്ചു പറഞ്ഞു. ചെറുപ്പക്കാരനാണ്്, ട്രെയിനിങ് കഴിഞ്ഞ് എത്തിയതേയുള്ളു. അദ്ദേഹത്തിനൊപ്പം കോഴിക്കോട് സ്വദേശിയായ ഫോറസ്റ്റ് ഗാര്‍ഡ് സിജുവുമുണ്ട്. ഈറ്റവെട്ടുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും വനംവകുപ്പിന്റെ അനുമതിയില്ലാതെ ഇതിലെ സഞ്ചരിക്കാനാവില്ല.

കൂര്‍ക്കുഴി പിന്നിട്ട് വാടാര്‍മുഴി അള്ളിന് സമീപമെത്തി. അള്ളെന്ന് പറയുന്നതൊരു ഗുഹയാണ്. പത്തു പേര്‍ക്ക് സുഖമായി കിടന്നുറങ്ങാം. രാത്രി തങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നത് ഇവിടെയാണ്. ആ ഗുഹയൊന്ന് സങ്കല്‍പ്പിക്കാനൊരു വിഫല ശ്രമം നടത്തി. ഇനി വെണ്‍മുഴി, ഇവിടെയാണ് കൂട്ടത്തിലെ ദമ്പതി സംഘങ്ങള്‍ക്കിറങ്ങേണ്ടത്. തീരത്ത് ഈറ്റകള്‍ വെട്ടിക്കൂട്ടി ചങ്ങാടം പോലെയാക്കിയിരിക്കുന്നു. രണ്ടാഴ്ച്ച മുന്‍പ് വന്നപ്പോള്‍ ചെയ്ത് വെച്ചു പോയ പണിയാണ്. ഇനി ഓരോ തുരുത്തി ലും ഇത്തരം ഈറ്റചങ്ങാടങ്ങള്‍ കാണാം. നേരത്തെ വെട്ടികുട്ടിയവ. തിരികെ ഇടമലയാറിന് പോകുമ്പോള്‍ ഇതെല്ലാമൊന്നിച്ചാക്കി ഒപ്പം കൂട്ടണം.

വെണ്‍മുഴിക്കരയില്‍ മൂന്നോ നാലോ ഈറ്റക്കൂരകള്‍. കഴിഞ്ഞ തവണ വന്നപ്പോള്‍ കെട്ടിയതാണ്. 'അയ്യോ, വെള്ളം കേറീല്ലോ... ആനക്കൂട്ടം തട്ടീട്ടുണ്ട്'. മേരി ചേച്ചിയുടെ ചിലമ്പിച്ച ശബ്ദം. ആറ് കര കവര്‍ന്നപ്പോള്‍ ആരുടെയോ കൂരയില്‍ വെള്ളം കയറി. രണ്ടെണ്ണത്തില്‍ ആനക്കൂട്ടം കലി തീര്‍ത്തിട്ടുമുണ്ട്. വീണ്ടും കെട്ടണം കൂരകള്‍... കുറേപേര്‍ ചാക്കുകെട്ടുകളുമായി അവിടെയിറങ്ങി.




യമഹ വീണ്ടും ശബ്ദിച്ചു. അടുത്തത് ചാരുപാറ, കൂട്ടത്തിലെ വൃദ്ധനെന്നു തോന്നിച്ച ജോസഫ് അവിടെയിറങ്ങി. അങ്ങനെ ഓരോരുത്തരേയും ഓരോ തുരുത്തിലിറക്കി. നാടുകടത്തും പോലെ. അമ്മായിപ്പാറയെത്തിയപ്പോള്‍ കരയിലൊരാള്‍ കുന്തിച്ചിരിക്കുകയാണ്. ഈ വഞ്ചിയും കാത്തുള്ള ഇരുപ്പ്്. കരയ്ക്കടുക്കും മുമ്പേ കരയില്‍ നിന്നും ചോദ്യം വഞ്ചിയിലെത്തി. 'കഴിഞ്ഞാഴ്ച്ച വരാമെന്ന് പറഞ്ഞിട്ടെന്ത്യേ..? ' വനവകുപ്പ് വാച്ചറായ ഐ.എ.പിയുടെതാണ് ശബ്ദം. ഐ.എ.പിയെന്നാല്‍ ഐ.എ. പൗലോസ്. കുറിയ ശരീരത്തില്‍ മുഷിഞ്ഞ മുണ്ടും ഷര്‍ട്ടും, തോളിലൊരു ചുവന്ന തോര്‍ത്തും. തല എണ്ണ കണ്ടിട്ട് കുറച്ചായി.. ഏഷ്യയിലെ ഏറ്റവും വണ്ണമുള്ള തേക്ക് ഇവിടെയാണ്. അതിന്റെ കാവലാളായ പിള്ള ചേട്ടന് പനിപിടിച്ചത് കാരണം കൂട്ടു പോയതാണ് ഐ.എ.പി. ആ ഗൗരവക്കാരനേയും വഹിച്ചായി പിന്നത്തെ യാത്ര.




താളിപ്പാറയ്ക്കടുത്തെത്തിയപ്പോള്‍ അത്ഭുതം പപ്പായകളുടെ രൂപത്തിലവതരിച്ചു. കാട്ടില്‍ പപ്പായയോ... കുറച്ചു കൂടി ശ്രദ്ധിച്ചപ്പോള്‍ മുകളിലൊരു കൂരയുണ്ട്. കാവിമുണ്ടു മാത്രമുടുത്തയൊരാള്‍ പ്രത്യക്ഷപ്പെട്ടു. കൂടെയൊരു കറുത്ത് മെല്ലിച്ച പട്ടിയും. 'ഒസ്സാനെ മീന്‍ വല്ലോമുണ്ടോ..' വഞ്ചി നയിച്ചിരുന്ന മത്തായി ചോദിച്ചു. വെട്ടിയ ഈറ്റകള്‍ ബാംബു കോര്‍പ്പറേഷനിലെത്തിക്കാന്‍ കരാറുള്ള ഏലിയാസിന്റെ അനിയനാണ് മത്തായി. 'മീനൊന്നുമൊത്തില്ല..' ഒസ്സാന്റെ മറുപടിയൊറ്റവാക്കിലൊതുങ്ങി. ഇടമലയാര്‍ ഡാം പണിയുന്ന കാലത്ത് എല്ലാവരേയും പോലെ എങ്ങു നിന്നോ വന്ന് ഇവിടെ കൂടിയതാണ് ഒസ്സാന്‍. ഡാം പണി തീര്‍ന്നപ്പോള്‍ ഈറ്റവെട്ടുമായി ഇവിടെ കാട്ടിനുള്ളില്‍ തന്നെ താമസമാക്കി.

നായ്‌വരയും അവസാന ഈറ്റവെട്ടു തുരുത്തുമായ കാളിമാനും കടന്ന് വഞ്ചി കപ്പായത്തിലെത്തിയപ്പോഴേക്കും മഴ തുടങ്ങി. ദൂരെ അങ്ങ് മുകളിലെ മഞ്ഞക്കല്ലില്‍ നിന്നൊലിച്ച് വരുന്ന ജലം പാറക്കൂട്ടങ്ങളില്‍ തട്ടിതടഞ്ഞിറങ്ങി ഇടമലയാറാകുന്ന കാഴ്ച്ച... ആറിന്റെ തുടക്കത്തില്‍ പാറമുകളിലൊരു കൂര. അത് അരയ്ക്കാപ്പ് കോളനിയെന്നറിയപ്പെടുന്ന മാന്നാന്‍ സമുദായത്തിന്റെ മൂപ്പന്‍, സോമന്റേതാണ്. മീന്‍ പിടുത്തത്തിനും ഈറ്റവെട്ടിനുമിടയില്‍ വിശ്രമിക്കാനുള്ള താവളം. ഇതുവരെ ഒരു ആദിവാസി മൂപ്പനെ നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ എങ്ങനെയെങ്കിലും ആ കൂരയിലെത്തണമെന്നാശിച്ചു. പാറക്കുട്ടങ്ങളുള്ളതിനാല്‍ വഞ്ചി പോകില്ല. നാല് മുളകള്‍ കൂട്ടിക്കെട്ടിയ പോണ്ടിയാണ് ശരണം. ഒരു കൊച്ച് വഞ്ചി, പക്ഷേ ഇരുപ്പ് വെള്ളത്തില്‍ തന്നെ. പിന്‍ഭാഗമാകെ നനയും. മറുകരയിലുണ്ടായിരുന്ന മന്നാന്‍ സമുദായത്തിലെ രാമകൃഷ്ണന്‍ സഹായത്തിനെത്തി. അയാളുടെ പോണ്ടി മറുകരയിലടുത്തു. നല്ലൊരു ചുവപ്പന്‍ ടീഷര്‍ട്ടും മുണ്ടും ധരിച്ച സോമന്‍മൂപ്പന്‍ കൂരയിലേക്ക് ക്ഷണിച്ചു. മാന്നാന്‍ വിശേഷങ്ങളുമായി കുറേ നേരം കൂരയിലിരുന്നു. റേഡിയോ ആണ് കൂരയിലെ വിനോദോപാധി. പുറത്ത് മഴയുടെയും അകത്ത് റിലേ കിട്ടാന്‍ പാടുപെടുന്ന റേഡിയോയുടെയും ഇരമ്പലുകള്‍ക്ക് ഒരേ താളം.

ഇടമലയാറിന്റെ അറ്റത്തു നിന്ന് കാടിനുള്ളിലേക്ക് കയറിയാല്‍ അരയ്ക്കാപ്പ് കോളനിയാണ്. അവിടെ നിന്നും മുകളിലേക്ക് വീണ്ടും കയറിയാല്‍ മലക്കപ്പാറയായി. മലമുകളില്‍ തമിഴ്‌നാടിനേയും കേരളത്തെ യും കൂട്ടിക്കെട്ടിയ കൊച്ചു ഗ്രാമം. മഴയ്ക്ക് ശക്തി കൂടുകയാണ്. രാമകൃഷ്ണനൊപ്പം പോണ്ടിയില്‍ കയറി. ശീലമില്ലാത്തവരുടെ ചുവടുകളില്‍ പോണ്ടിയാകെയൊന്നുലഞ്ഞു. നില തെറ്റിയാല്‍ നിലയില്ലാക്കയത്തിലേക്ക് താഴാം. നൂറാളിന് മീതെ താഴ്ച്ചയാണ് ഇടമലയാറിന്. പ്രശ്‌നങ്ങളൊന്നുമില്ലാതെ പോണ്ടി, വഞ്ചിക്കരികിലെത്തി. ആറ്റില്‍ നിന്ന് പിടിച്ച്, ഒരു നാടയില്‍ കോര്‍ത്ത ചെമ്പല്ലി മത്സ്യങ്ങളെ രാമകൃഷ്ണ ന്‍ മത്തായി ചേട്ടന് നല്‍കി.

ഇനി ഈറ്റയെടുക്കലാണ്. കാളിമാനില്‍ ആദിവാസികള്‍ വെട്ടിക്കൂട്ടി ചങ്ങാടമാക്കിയ ഈറ്റക്കെട്ടുകള്‍ വഞ്ചിയോട് ചേര്‍ത്ത് കെട്ടണം. ഈറ്റവെട്ടുകാര്‍ക്ക് ഒരു കെട്ടിന് 70 രൂപയാണ് ലഭിക്കുക. ഒരു കെട്ടില്‍ 20 ഈറ്റകളുണ്ടാകും. വെള്ളത്തില്‍ വലിയൊരു പനമ്പായ വിരിച്ച പോലെ ഈറ്റക്കെട്ടുകള്‍! കാലങ്ങളായി ഈറ്റവെട്ടിന്റെ ചുക്കാന്‍ പിടിക്കുന്ന ശശിയേട്ടന്റെ കൈകള്‍ യമഹയുടെ ആക്‌സിലറേറ്ററില്‍ മുറുകിയപ്പോള്‍ പനമ്പായ രണ്ടായി മുറിഞ്ഞു. ഈറ്റക്കെട്ടിന് നടുവിലായി വഞ്ചി. ഇരുവശത്തേയും കെട്ടുകള്‍ വഞ്ചിയോട് ചേര്‍ത്ത് കെട്ടി. ഇടമലയാറുനിന്ന് കപ്പായത്തേക്ക് 24 കിലോമീറ്ററാണ്. രണ്ടുമണിക്കൂറെടുത്തു യാത്ര. പക്ഷേ തിരിച്ചുപോക്ക് പ്രവചിക്കാനാവില്ല. ഈറ്റക്കെട്ടിന്റെ എണ്ണം കൂടുന്നതനുസരിച്ച് തിരിച്ചെത്താനുള്ള സമയവും കൂടും. ചിലപ്പോള്‍ അഞ്ച് മണിക്കൂര്‍, ചിലപ്പോള്‍ രണ്ട് ദിവസം.

കോരിച്ചൊരിയുന്ന മഴയില്‍ ഈറ്റയെ ഒപ്പം കൂട്ടി വഞ്ചി നീങ്ങി. ഓരോ തുരുത്തുകളിലും ഈറ്റക്കെട്ടുകളുണ്ട്. അവയെല്ലാം ശേഖരിക്കണം. കൂട്ടം തെറ്റി പോകുന്ന കുഞ്ഞുങ്ങളെ തടുത്തുകൂട്ടി നടക്കുന്ന തള്ളക്കോഴിയെ പോലെ ഈറ്റക്കെട്ടുകളെ കൂടെ കൂട്ടിയ വഞ്ചി തുരുത്തുകളില്‍ നിന്നും തുരുത്തുകളിലേക്ക്... ചിലയിടത്ത് വഞ്ചി പോവില്ല. മത്തായി ചേട്ടന്‍ നീന്തി ചെന്ന് ഈറ്റകോലിന് കുത്തി കെട്ടുകള്‍ വഞ്ചിയോടടുപ്പിച്ചു. വെള്ളത്തില്‍ വീണ മഷിത്തുള്ളി പോലെ വഞ്ചിക്കു ചുറ്റിനും ഈറ്റക്കെട്ടുകള്‍ പരന്നു.

ചാരുപാറവരെയുള്ള കെട്ടുകള്‍ എടുത്തുകഴിഞ്ഞപ്പോഴേക്കും കാടിനും ആറിനും മീതെ ഇരുട്ട് പരക്കാ ന്‍ തുടങ്ങി. വെണ്‍മുഴിയിലേക്ക്..അവിടെ കൂരകള്‍ പൊങ്ങിക്കഴിഞ്ഞു. അടുപ്പിലെ പുക ആകാശത്തേക്കുയരുന്നു. ഈറ്റെകാണ്ട് തന്നെയാണ് കൂര. അകത്ത് കിടന്നുറങ്ങാനായി ഈറ്റ തല്ലി ചതച്ച് വിരിപോലൊന്നുണ്ടാക്കിയിരിക്കുന്നു. പാത്രങ്ങളും മറ്റും വെയ്ക്കാനുള്ള തട്ടുകളും ഈറ്റ കൊണ്ട്. എന്തിന് തുണിയിടാനുള്ള അഴ വരെ ഈറ്റ. ഇവരുടെ ജീവിതം മുഴുവന്‍ ഈറ്റയാണ്, ഈറ്റ ജീവിതങ്ങള്‍!

മേരി ചേച്ചി ചോറുണ്ണാന്‍ ക്ഷണിക്കും വരെ കൂരകള്‍ക്ക് പിന്നിലെ വെള്ളച്ചാട്ടത്തിന്റെ അവസാനത്തില്‍ ചൂണ്ടയെറിഞ്ഞ് സമയം കൊന്നു. മേരിചേച്ചിക്കും വര്‍ക്കി ചേട്ടനുമൊപ്പം ഊണ്. വലിയ കലത്തില്‍ നിന്ന് ഈറ്റപ്പിടിയുള്ള ചിരട്ട കൈലില്‍ ചോറ്, പാത്രത്തിലേക്ക് പകര്‍ന്നു. ചെമ്പല്ലിക്കറിയും കൂട്ടി രുചിയോടെ ചോറുണ്ടു. 'ഇനിയിപ്പോള്‍ വാടാര്‍മുഴി അള്ളിലേക്ക് പോകേണ്ട, ഇവിടെ കൂടാം. നല്ല മഴ പെയ്താല്‍ അള്ളില്‍ വെള്ളമിറങ്ങും...' ശശിയേട്ടന്‍ പറഞ്ഞു.

രാത്രി... ഓരോ കൂരയിലും മണ്ണെണ്ണവിളക്കുകള്‍ തെളിഞ്ഞു. പീറ്ററേട്ടന്‍ അനുഭവകഥകളുടെ ഭാണ്ഡവും തുറന്നു. 'അന്നിവിടെ ഡാമില്ല. പുഴയായിരുന്നു, അത് ഭീകരതയാണ്. 34 കിലോമീറ്റര്‍ നീളത്തില്‍ പുഴ. കപ്പായത്ത് നിന്ന് ഈറ്റ വെട്ടി ചങ്ങാടം പണിതാല്‍ ഒന്നരമണിക്കൂര്‍ കൊണ്ട് എണ്ണക്കല്ലിലെത്തും. അത്രയ്ക്ക് കുത്തൊഴുക്കാണ്. പാറക്കൂട്ടങ്ങളില്‍ തട്ടിതകരാതെ ഈറ്റ ചങ്ങാടം ലക്ഷ്യത്തിലെത്തിക്കണം. ഒരു ബീഡി കത്തിച്ച് ചുണ്ടത്ത് വെച്ചാല്‍ എണ്ണക്കല്ലിലെത്തിയാലും ബീഡിയവിടെയുണ്ടാകും. പാറക്കല്ലുകളില്‍ നിന്ന് ചങ്ങാടത്തെ കുത്തിയകറ്റുന്നതിനിടയില്‍ ബീഡി കെട്ടുപോകുന്നത് അറിയുക പോലുമില്ല..'.

അപകടങ്ങള്‍ ഇവരുടെ നിഴലായുണ്ട്. ഈറ്റവെട്ടാനായി കാടുകയറുമ്പോള്‍ ഒറ്റയാന് മുന്നില്‍ പെട്ടുപോയവരൊത്തിരിയുണ്ട്. കാട്ടില്‍ രണ്ടുനാള്‍ സുഹൃത്തിന്റെ മൃതദേഹത്തിന് കാവലിരുന്നവരുണ്ട്. ആനക്കൂട്ടം കൂരകള്‍ക്ക് ചുറ്റും നിന്ന് അലറിവിളിക്കുമ്പോള്‍ പേടിച്ചരണ്ട് കൂരയ്ക്കുള്ളിലെ മണ്ണെണ്ണ വിളക്കിനോട് കൂടുതല്‍ ചേര്‍ന്നിരിക്കാനെ ഇവര്‍ക്കാവൂ...
മേരിചേച്ചിയുടെ ആങ്ങള ഈറ്റവെട്ടികൊണ്ടുവരുമ്പോള്‍ പാറക്കൂട്ടത്തിലേക്ക് വീണാണ് മരിച്ചത്. എണ്ണക്കല്ലുകഴിഞ്ഞാല്‍ കുത്തനെയുള്ള പാറക്കൂട്ടങ്ങളായിരുന്നു. ഒഴുക്കില്‍ ചങ്ങാടം നിയന്ത്രിക്കാനായില്ല. ആ സംഭവം പറഞ്ഞു കഴിഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു. ഈറ്റ വെട്ടാന്‍ വന്നവരെല്ലാം തന്നെ മധ്യവയസ്സ് പിന്നിട്ടവരാണ്. പുതിയ തലമുറയ്ക്ക് ഇതിനോട് പുച്ഛമാണത്രേ. ഇത്രയും റിസ്‌ക്കുള്ള പണി നാട്ടിലെടുത്താല്‍ ഇതിന്റെ ഇരട്ടിയുടെ ഇരട്ടി കാശ് കിട്ടുമെന്നാണവര്‍ പറയുന്നത്, വര്‍ക്കി ചേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ഇവരുടെ കാലശേഷം ഈറ്റവെട്ട് ഇല്ലാതാവുമോ...?

മണ്ണെണ്ണവിളക്ക് കത്തിച്ചു വെച്ചാണ് കൂരയ്ക്കുള്ളില്‍ ഇവരുറങ്ങുക. വെളുക്കുംവരെ അത് കത്തും. തീ കണ്ടാല്‍ മൃഗങ്ങള്‍ വരില്ലെന്ന വിശ്വാസം.. എന്നിട്ടും ഒന്നു രണ്ടു തവണ ആനക്കൂട്ടം ആക്രമിച്ചിട്ടുണ്ട്. എല്ലാം ഉപേക്ഷിച്ച് പോണ്ടിയില്‍ കയറി അക്കരയ്ക്ക് രക്ഷപ്പെടുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു. അന്നു രാത്രി അവരെ പോലെ ഞങ്ങളും ആ കുരയ്ക്കുള്ളില്‍ കിടന്നുറങ്ങി. ഒരു മണ്ണെണ്ണ വിളക്കിന്റെ വിശ്വാസത്തില്‍..




മത്തായി ചേട്ടനാണ് ഉറക്കത്തില്‍ നിന്നുണര്‍ത്തിയത്. സ്ഥലകാല ബോധം വീണപ്പോള്‍ തല തൊട്ടു നോക്കി. ഭാഗ്യം അതവിടെയുണ്ട്, ആന ചവിട്ടിയിട്ടില്ല. കട്ടന്‍ ചായയും കുടിച്ച്, പുലരുവാനേറെയില്ലാത്ത നേരത്ത് ഈറ്റചങ്ങാടത്തിലേക്ക് കയറി. ഒരു തുരുത്ത് ഒഴുകി നീങ്ങും പോലെ ഈറ്റവഞ്ചി വെണ്‍മുഴിയില്‍നിന്നുമകന്നു. കൂരയിലുള്ളവര്‍ കുറച്ചുകഴിഞ്ഞാല്‍ കാട് കയറും. മൂന്നും നാലും കിലോമീറ്റര്‍ കാടിനുള്ളില്‍ ചെന്ന് ഈറ്റ വെട്ടി, തോളത്ത് കയറ്റി താഴേ ആറ്റുവക്കത്തേക്കിറക്കും. ഈറ്റവഞ്ചി കണ്ണില്‍ നിന്ന് മറയും വരെ അവര്‍ ഞങ്ങളെ നോക്കി നിന്നു. ഞങ്ങള്‍ അവരേയും. ഈറ്റയുടെ പുതുക്ക് പോലെ മനസ്സിലെവിടെയോ ഒരു ആത്മബന്ധം കിളിര്‍ത്തിരിക്കണം. പിന്നീടെപ്പോഴെങ്കിലും ഈറ്റവെട്ടിമാറ്റുന്നത് പോലെ ഈ മുഖങ്ങളും ജീവിതങ്ങളും ഓര്‍മ്മയില്‍ നിന്ന് മുറിച്ച് മാറ്റപ്പെടുമായിരിക്കും.

മഴ തീരെയില്ല. പക്ഷേ ചുറ്റുമുള്ള മലമുകളിലെ കാടിന്റെ പച്ചപ്പിന് മീതെ കോടയുടെ വെളുത്ത രേഖ ഇപ്പോഴുമുണ്ട്. പച്ച തുണിയില്‍ വെള്ളനൂല് കൊരുത്തിട്ടതു പോലെ കാട്ടിലെ പാറക്കെട്ടുകള്‍ക്കിടയിലെ വെള്ളച്ചാട്ടങ്ങള്‍. മുട്ടെത്താത്ത ചുവന്ന തോര്‍ത്തുമുണ്ടും മുഷിഞ്ഞ ഷര്‍ട്ടിന്റെ കയ്യും മടക്കിക്കയറ്റി ഈറ്റവഞ്ചിയുടെ ഏറ്റവും മുന്നിലെ കെട്ടുകളില്‍ നിന്നും ഇരുന്നും ഐ.എ. പി ബീഡി പുകയ്ക്കാന്‍ തുടങ്ങി. ബീഡിപ്പുക കോടയില്‍ ലയിക്കുന്നു. അതോ, ബീഡിയിലൂടെ കോടഅകത്തേക്ക് വലിക്കുന്നതാണോ?

ഐക്കര വാച്ച് ടവറിപ്പോള്‍ തെളിഞ്ഞ് കാണാം. കാടിന് മീതെ എങ്ങും തൊടാതെ നില്‍ക്കുന്ന ഒരു വീട്. അപ്പോഴേക്കും വെയില്‍ മൂത്തു. ശരീരമാകെ പൊള്ളാന്‍ തുടങ്ങി. മഴയെ ശപിച്ച അതേ നാവു കൊണ്ട് വെയിലിന് നേരെയും ശാപവാക്കുകളെറിഞ്ഞു. എല്ലാവരും കുടകള്‍ക്ക് പിന്നില്‍ മറഞ്ഞു. ചിലര്‍ വഞ്ചിയിലെ കൊച്ചു കൂടാരത്തിനുള്ളിലും. മഴ, പച്ചയ്ക്ക് മിഴിവേകിയിരിക്കുന്നു. അനക്കമില്ലാത്ത ആറിലെ ജലത്തില്‍ പച്ചത്തുരുത്തുകള്‍ കണ്ണാടിയിലെന്നപോല്‍ പ്രതിബിംബങ്ങളെറിഞ്ഞു. യമഹയുടെ ശബ്ദത്തിന് മീതെ കാട്ടിലെവിടെ നിന്നൊ മരക്കൊമ്പുകളോ മറ്റോ ഒടിയുന്ന ശബ്ദം. ആനക്കൂട്ടമാണ്, കാത്ത് നിന്നിട്ട് കാര്യമില്ല. അവ കാടിറങ്ങുമ്പോള്‍ ചിലപ്പോള്‍ ഉച്ചകഴിയും. ആനക്കയം കുത്ത് കൂടുതല്‍ വ്യക്തതയോടെ മുന്നില്‍ തെളിഞ്ഞു. വളവ് തിരിഞ്ഞപ്പോള്‍ ഇടമലയാര്‍ ഡാമും. ഡാമിന്റെ മൂക്കോളമായിരിക്കുന്നു വെള്ളം.

ഒടുവില്‍ എണ്ണക്കല്ലില്‍ ഈറ്റവഞ്ചിയടുത്തു. കരയ്ക്കിറങ്ങി മുകൡലേക്ക് കയറി. ആയിരം കെട്ട് ഈറ്റയാണ് തള്ളിക്കൊണ്ടു വന്നത്. പിന്‍തിരിഞ്ഞൊന്ന് താഴേക്ക് നോക്കി. അതു വരെ വിശാലമായൊരു മൈതാനമായിരുന്ന ഈറ്റക്കൂട്ടം, ഓളങ്ങളില്‍ ചാഞ്ചാടുന്ന പാതി നനഞ്ഞ കടലാസുകഷ്ണം പോലെ. ഒപ്പം മനസ്സില്‍ ഒന്നുരണ്ട് ചോദ്യങ്ങളുടെ തീപ്പെട്ടിക്കൊള്ളികള്‍ ഉരഞ്ഞുകത്തി. ഈറ്റവെട്ടുകാരിപ്പോള്‍ കാടുകയറിക്കാണുമോ...? കാട്ടാനക്കൂട്ടത്തിന് മുന്നിലെങ്ങാനും പെട്ടുകാണുമോ...?


Travel Info
The reed rafting along Edamalayar River is altogehter a different adventure experience. The stretch comes under the jurisdiction of Malayattoor forest division.

Location: Edamalayar, near Kothamangalam (Dt.Ernakulam), Kappayam, near Malakkapara (Dt.Thrissur)


How to reach
By Air: Kochi (65km)

By Rail: Aluva (55km)

By Road: Kothamangalam is accessible from Kochi via Aluva (NH-47). Take deviation to right from Aluva Jn. Head towards Kothamangalam via Perumbavoor on SH-16 (56km). The alternate route is via Thrippunithura and Muvattupuzha by NH49 (51km). From Kothamangalam head towards Vadattupara via Boothathankettu (24km). Road from Vadattupara leading to Edamalayar Damsite (3km) is in bad shape. Forest range office, Edamalayar is this way. Buses ply to Vadattupara from Kothamangalam Muncipal stand every half an hour . Get down at Vadattupara, Thalavanpadi and catch a jeep to dam site.




Contact
T.M.Manoharan, Principal Chief Conservator of Forest (Kerala State), Mob:9447979000, Ph: 0471-2529101

C.Rajendran, DFO, Malayattur Division-9447979053

A.J. Ramesh Kumar, Range Officer, Edamalayar-Mob:9447587670

Sudheesh Kumar.S, Forester, Edamalayar- 9961713957

Siju.A, Forest Guard, Edamalayar-9497031885

Edamalayar Range Office: 0485-2583226

Malayattur Division Office: 0484-2649052

Eliyas, Bamboo collection contractor: 9495505631


Trip Cost
If it is not the time of reed collection, you have to pay around Rs.4500 towards kerosene charges (depends on the market rate). Better accompany the team during reed collection periods with the permission of Forest Dept. The trip charges will be much lesser then. Negotiate with the reed collecting contractor.


Stay

Stay at Kothamangalam: STD code: 0485 Forest IB, Thattekkad, Ph: 2588273
Cloud Nine, Ph:282833
Kaveri Tourist Home, Ph: 2862847
Peechat Tourist Home, Ph: 2862604
Maria International, Ph: 2822015


TipsThere are two routes to Edamalayar dam site from Thundam Jn. Don't take left diversion, you may get trapped in front of wild elephents on the way. This road is abandoned by the public due to elephent's menace.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
*കപ്പായത്തേയ്ക്കുള്ള യാത്രയ്ക്ക് വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ അനുമതിയാണ് വാങ്ങേണ്ടത്.
*ഈറ്റവെട്ടുകാര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് ഇവിടേയ്ക്കുള്ള യാത്ര അനുവദിക്കുന്നത് അപൂര്‍വ്വമാണ്.
*ഈറ്റക്കാര്‍ക്കൊപ്പമാണ് യാത്രയെങ്കില്‍ അന്നു തന്നെ മടങ്ങാന്‍ കഴിയില്ല. ഒരു പുതപ്പ് കരുതുക. ടോര്‍ച്ചും എക്‌സ്ട്രാ ബാറ്ററിയും വലിയ മെഴുകുതിരികളും തീപ്പെട്ടിയും കൂടെ കരുതുക.
*നീന്തലറിയാത്തവര്‍ ഈ യാത്രയ്ക്ക് പുറപ്പെടരുത്.
*ലൈഫ് ജാക്കറ്റ് ഉപയോഗിക്കുക. ഇടമലയാര്‍ റേഞ്ച് ഓഫീസില്‍ ലൈഫ് ജാക്കറ്റ് ഉണ്ട്. അനുമതിക്കായി ബന്ധപ്പെടുമ്പോള്‍ ഇക്കാര്യം പറയുക.
*ആറിലൂടെ സഞ്ചരിക്കുമ്പോള്‍ വഞ്ചിയില്‍ തന്നെയിരിക്കുക. ഈറ്റക്കെട്ടുകളില്‍ കയറി നില്‍ക്കുകയാണെങ്കില്‍ ശ്രദ്ധയോടെ വേണം. കെട്ടുകള്‍ അകന്ന് മാറി കാല് തെന്നാന്‍ സാധ്യതയുണ്ട്.
*രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം കൂടെ കരുതുക. ഈറ്റവെട്ടുകാര്‍ക്കൊപ്പമാണെങ്കില്‍ അരിയ്ക്കും മറ്റ് സാധനങ്ങള്‍ക്കുമുള്ള തുക അവര്‍ക്ക് നല്‍കിയാല്‍ മതി.
*മൊബൈല്‍ ഫോണിന് സിഗ്‌നല്‍ ഇല്ലാത്ത ഇടമാണ്. ഇടമലയാര്‍ റേഞ്ച് ഓഫീസില്‍ മൊബൈല്‍ സൂക്ഷിക്കാം.
*വേനല്‍ക്കാലമാണെങ്കില്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍, സണ്‍ഗ്ലാസ്, ഹാറ്റ് എന്നിവ കൂടെ കരുതുക. ബര്‍മുഡ, ത്രീഫോര്‍ത്ത്, ഫുള്‍സഌവ് ടീ ഷര്‍ട്ട് എന്നിവയാണ് സൗകര്യം. മഴക്കാലമാണെങ്കില്‍ റെയിന്‍ കോട്ടും കുടയും കരുതുക.


നദീയാത്രകള്‍ ഷൂട്ട് ചെയ്യുമ്പോള്‍

മഴയും വെയിലും മഞ്ഞും നിമിഷങ്ങള്‍ കൊണ്ട് മാറിമാറി വരുന്ന കാലാവസ്ഥയാണ് ഇടമലയാറില്‍മറെയിന്‍കോട്ടിനൊപ്പം ക്യാമറ നനയാതിരിക്കാനുള്ള സംവിധാനം കരുതണം. പഌസ്റ്റിക് കവറാണ് നല്ലത്. പക്ഷെ പഌസ്റ്റിക് കാട്ടില്‍ കളയരുത് മരാത്രിയില്‍ ചിത്രങ്ങളെടുക്കാന്‍ ട്രൈപ്പോഡ് കരുതുന്നത് നല്ലതാണ്.

Gear used: Camera-Canon EOS 30d
Lense - Canon EFS10-22mm f/3.5-4.5 USM,
Canon EF70-200mm
f/2.8 L USM 

Text: T J Sreejith, Photos: P.Jayesh

No comments: