ആലപ്പുഴപട്ടണത്തിലേക്ക് ഒരു യാത്ര... കോട്ടയം കോടിമത ബോട്ട്ജട്ടിയില്‍ നിന്ന് രാവിലെ 7 ന് പുറപ്പെടുന്ന ബോട്ടില്‍ വളരെ കുറഞ്ഞ ചെലവില്‍ ധാരാളം കാഴ്ചകള്‍ കണ്ടൊരുയാത്ര.
ഞായറാഴ്ചയുടെ ആലസ്യങ്ങളുമായി ആടിപ്പാടിയെത്തിയപ്പോഴെയ്ക്കും ബോട്ട് കോടിമതയില്‍ നിന്ന് ദാ തിരിച്ചു കഴിഞ്ഞു...ഇനിയെന്തൊന്ന് ചെയ്യും എന്നും കരുതി അവിടെ നിന്നപ്പോള്‍ ദാ മുന്നോട്ട് തിരിച്ച ബോട്ട് ഒരു തരത്തില്‍ വീണ്ടും തിരിച്ച് തിരിച്ച് തിരിച്ച്... ഞങ്ങളെ കയറ്റാന്‍ വേണ്ടി മാത്രം പുറകോട്ട് വരുന്നു!!!.
7 മണിക്ക് ബോട്ട് പോകുമെന്നറിഞ്ഞു കൂടെ നിങ്ങളെന്താണ് താമസിച്ചത്? വാതില്‍ക്കല്‍ നിന്ന ചേട്ടന്റെ ചോദ്യം? എന്തായാലും ബോട്ടിലുള്ള എല്ലാവര്‍ക്കും ഞങ്ങളെ കൂടി കയറ്റാനുള്ള മനസുള്ളതുകാരണം യാത്ര തരപ്പെട്ടു... മകള്‍ എയ്ഞ്ചലയും കൂട്ടുകാരി ഗീതുവുമാണ് കൂട്ടിന്.
ബോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്നവരാണ് കൂടുതല്‍ പക്ഷെ ടൂറിസ്റ്റുകളും ഉണ്ട്...കേറിയപാടെ ഏറ്റവും പുറകിലാണ് സീറ്റ് കിട്ടിയത്...എന്‍ജിന്റെ ക്ട ക്ട ശബ്ദം... ടിക്കറ്റൊക്കെ എടുത്ത് മുന്‍പിലേക്ക് ...കൊടൂരാറിന്റെ കുഞ്ഞോളങ്ങളിലെ പൊന്‍തിളക്കം...പോളകളിളകിയൊഴുകുന്നു....മരക്കമ്പുകളില്‍ കിനാവുകണ്ടിരിക്കുന്ന സുന്ദരിക്കിളികള്‍...നോക്കെത്താദൂരത്തോളം നീലപ്പ് (നീലാകാശം...)ഇടയ്ക്കിടെ പച്ചതുരുത്തുകള്‍... കണ്ണ്നിറച്ച് കാഴ്ചകള്‍. കരയില്‍ നിന്നും ആളുകള്‍ കയറുന്നു ഇറങ്ങുന്നു...
ഇടയ്ക്ക് തൊട്ടപ്പുറത്തിരിക്കുന്ന ജര്‍മന്‍ ദമ്പതികളുമായി എയ്ഞ്ചല കൂട്ടായി. ഇന്ത്യയിലെ പ്രസിദ്ധ സ്ഥലങ്ങളുടെ വിവരണങ്ങളടങ്ങിയ പുസ്തകം ഇടയ്ക്കിടയ്ക്കു മറിച്ചു നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു എന്തായാലും പുസ്തകത്തിലെ കുരങ്ങനെയും പൂക്കളെയുമൊക്കെ കാണിച്ച് തന്റെ മൂന്ന് വര്‍ഷത്തെ അറിവുകള്‍ ജര്‍മ്മന്‍കാരോട് പറഞ്ഞു കൊടുക്കുന്നുണ്ട്...ജര്‍മനിക്കാരെ എയ‌്ഞ്ചലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കണെ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങളും...!
ചൂണ്ടകളും ചോറുപാത്രങ്ങളുമായി വന്നവര്‍ മീന്‍ തേടി ഇറങ്ങി തുടങ്ങി...ടൗണില്‍ പോകേണ്ടവര്‍ കയറിക്കൊണ്ടുമിരുന്നു. ഇടയ്ക്ക് കുറച്ചു നേരം ഒരു മീന്‍ പിടുത്ത ബ്രേക്ക് ഉണ്ടായിരുന്നു. വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ടയാള്‍ പൊങ്ങിയത് പിടയ്ക്കുന്ന കരിമീനുമായിട്ടാണ്...രാവിലെ വീട്ടുവാതില്‍ക്കല്‍ എത്തുന്ന മീന്‍കാരനുമായി വിലപേശുന്ന നേരത്ത് ഇങ്ങോട്ട് പോന്നാല്‍ മതിയല്ലോ എന്ന് വെറുതെയൊന്നു വിചാരിച്ചു? വിചാരിക്കാല്ലോ? ബോട്ടിനൊപ്പം പറന്നെത്തുന്ന വര്‍ണകിളികളുടെ വേഗതയും ചുറ്റിക്കറങ്ങിയുള്ള പോക്കും കാമറയില്‍ പകര്‍ത്താന്‍ ഒരുങ്ങിയ ടൂറിസ്റ്റുകളെ പറ്റിച്ചെ എന്ന് പറഞ്ഞ് പറന്നകന്ന പക്ഷികള്‍...
ആ കര ഈ കര ...ആളുകളെ കയറ്റിയും ഇറക്കിയുമുള്ള യാത്ര...ആലപ്പുഴയിലേക്ക് ഇതാദ്യമായല്ല...ഒരു പാട് തവണ വന്നിട്ടുണ്ടെങ്കിലും കാഴ്ചയുടെ ഫ്രയിമുകള്‍ക്ക് നിറം കൂടിയിട്ടെയുള്ളു...കൂട്ടുകാരുമായി വന്ന ആദ്യയാത്രയുടെ കാഴ്ചകള്‍ നിറംമങ്ങാതെ നില്‍ക്കുന്നു. ആര്‍ ബ്ലോക്കിലെ കപ്പയും മീന്‍കറിയും കഴിച്ച് അതിനടുത്തുള്ള പാടവരമ്പത്ത് സൊറപറഞ്ഞിരുന്നതും.
കൂട്ടുകാരിയുടെ അച്ഛന്റെ ജോലിസ്ഥലത്ത് സദ്യയൊരുക്കിയതും വള്ളം കളികണ്ടതും...തൊടിയില്‍ നിറയെ കായ്ച്ചു നിന്ന് പേരമരവും... പേരയ്ക്കപറിച്ച് നടന്നു വന്ന വഴിക്ക് ഒരാവശ്യവുമില്ലാതെ ചാലൊഴുകുന്നതിന് മീതെ ചാടി തെന്നി വീണതുമെല്ലാം ചിന്നി മിന്നി പോയി...അതിന്റെയൊക്കെ ഉഗ്രന്‍ചിത്രങ്ങള്‍ പകര്‍ത്തിയ മോട്ടുമുയലിനെപ്പോലുള്ള കൂട്ടുകാരന്റെ കൂള്‍ പിക്സ് ക്യാമറ - പക്ഷെ ഭാഗ്യമോ നിര്‍ഭാഗ്യമോ? ബോട്ടില്‍ നിന്നും കരയിലേക്കിറങ്ങുന്നതിനിടയില്‍ പൊന്നുപോലെ സൂക്ഷിച്ച ക്യാമറ വേമ്പനാട്ട് കായലില്‍ വീണു...ചില യാത്രകളുടെ ഒാര്‍മകള്‍ക്ക് മധുരം കൂടുതലാണ്!
ക്യൂ, എസ്, ടി. കായല്‍നിലങ്ങള്‍
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം തിരുവിതാംകൂറില്‍ ഭക്ഷ്യക്ഷാമം നേരിട്ടകാലത്ത് കേരളത്തെ ഊട്ടിയ കായല്‍ രാജാക്കന്‍മാരുടെ ചരിത്രമുറങ്ങുന്ന നാട്ടിലൂ ടെയാണ് ഈ യാത്ര. മുരിക്കനെപോലെയുള്ള കായല്‍ രാജാക്കന്‍മാരുടെ ധീരകഥകള്‍...ആധുനിക എന്‍ജിനിയറിങ് വിദഗ്ദര്‍പോലും അമ്പരപ്പോടെ നോക്കുന്ന കായല്‍നില നിര്‍മാണം.
ചുറ്റും ബണ്ട് കെട്ടി സമുദ്രനിരപ്പിനെക്കാള്‍ താഴെ കൃഷിഭൂമിയൊരുക്കി ധാന്യം വിളയിക്കാമെന്ന് കാണിച്ചുതന്ന തോമസ് ജോസഫ് മുരിക്കന്‍. ചിത്തിര (C), റാണി (R), മാര്‍ത്താണ്ഡം (M) ബ്ലോക്കുകളില്‍ കതിര്‍മണി വിളയിച്ച മികവിന് കൃഷിരാജാപട്ടം നല്‍കി അന്നത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍നെഹ്റു അദേഹത്തെ ആദരിച്ചു.
ചിത്തിര കായലിന് സമീപമുള്ള ചിത്തിരപള്ളി(ദേവാലയം) മുരിക്കന്റെ പള്ളി എന്നാണ് അറിയപ്പെടുന്നത്. ചരിത്രസ്മാരകത്തിന്റെ ജലഛായചിത്രം പോലെ കായലിന് കാവലായ് നില്‍ക്കുന്നു ഈ ആലയം. പണ്ട് കായലിനു നടുവിലെ കൃഷിയിടം കാണാന്‍ വേണ്ടിമാത്രം വിദേശത്തുനിന്നും ഇവിടെ ആളുകള്‍ വന്നിരുന്നു...
മുരിക്കന്റെ പള്ളി |
ഭൂനയം പ്രാബല്യത്തില്‍ വന്നതോടെ കൃഷിഭൂമികളൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്നിപ്പോള്‍ മിക്കഭാഗവും കൃഷിയില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു.സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതറിഞ്ഞ് മുരിക്കന്‍ പറഞ്ഞു - സര്‍ക്കാര്‍ കൃഷിനടത്തുന്നത് കാണാമല്ലോ- എന്ന് പഴമൊഴി. ഇന്നിപ്പോള്‍ കായലില്‍ നിന്നും കുത്തിയെടുത്ത കൃഷിഭൂമി വീണ്ടും കായലായി മാറിക്കൊണ്ടിരിക്കുന്നു. കൃഷിയുടെ കാര്യത്തില്‍ ആ വാക്കുകള്‍ അറം പറ്റിയിരിക്കുകയാണ്. പാടം നിറയെ ധാന്യമണികളും അത് കൊത്തിപ്പെറുക്കാന്‍ വിരുന്നെത്തുന്ന ദേശാടനക്കിളികളും, അന്യംനിന്നു കൊണ്ടിരിക്കുന്നു.
രണ്ടുമണിക്കൂര്‍ യാത്ര ലക്ഷ്യസ്ഥാനം എത്താറായി...ഇളം വെയിലിന്റെ നിറം മാറി...തിരിച്ചുള്ള ബോട്ട് സമയം 11.30, 2.30, പിന്നെ 5നും...അപ്പോള്‍ 2.30നുള്ള ബോട്ടില്‍ തിരിച്ച് തുഴയാം എന്ന കണക്കു കൂട്ടലില്‍ ആലപ്പുഴപ്പട്ടണത്തിലേക്ക്...വേറെ ഒന്നുമില്ല ആദ്യം കണ്ട കടയില്‍ നിന്ന് കാപ്പികുടിച്ചു...എന്നാല്‍ പിന്നെ അര്‍ത്തുങ്കല്‍ പള്ളി വരെയൊന്നു പോയേക്കാം.... ഒരു പ്രൈവറ്റ് ബസില്‍ അര്‍ത്തുങ്കലേക്ക്...
പള്ളിയില്‍ പെരുന്നാളൊന്നുമല്ലെങ്കിലും ഞായറാഴ്ച കുര്‍ബാന കൂടാന്‍ ആള്‍ക്കാര്‍ ഒരുപാടുണ്ടായിരുന്നു...മുറ്റത്തെ പഞ്ചാരമണലില്‍ കാലുകള്‍ പതിപ്പിച്ച് കുറച്ചുനേരം...കടല്‍ തീരത്ത് പോകാനുള്ള ആഗ്രഹം കത്തുന്നവെയിലില്‍ മറന്നുപോയി!. അടുത്ത ബസില്‍ തിരിച്ച് ആലപ്പുഴയ്ക്ക്...നേരം ഉച്ചയായെങ്കിലും ചോറുകഴിക്കാനുള്ള വിശപ്പൊന്നും ഇല്ലായിരുന്നതുകൊണ്ട് ഒാരോ ജ്യൂസ് കുടിച്ച് ബോട്ടുജട്ടിയിലേക്ക്...
തിരിച്ചുള്ള ബോട്ട് കാഞ്ഞിരം വരെയെയുള്ളു. ഇപ്രാവശ്യം ബോട്ടെത്തുന്നതിനും മുന്‍പേ എത്തിയല്ലോ എന്ന് വിചാരിച്ച് കാഞ്ഞിരം ബോട്ടിലേക്ക്...ഇഷ്ട സീറ്റില്‍ അങ്ങനെ ഇരിക്കുമ്പോള്‍ ദാ വരുന്നു രാവിലെ പരിചയപ്പെട്ട ജര്‍മനിക്കാര്‍...അവരും ആലപ്പുഴ കണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. എട്ട് ദിക്കും പിന്നെ ബോട്ടും ഞെട്ടുന്ന പോലെ ഉറക്കെ ഹായ് എയ്ഞ്ചല...എന്ന്!!! ബോട്ടിലുള്ള മനുഷ്യരൊക്കെ നിങ്ങളൊക്കെ ആരാ എന്ന ഭാവത്തില്‍ ഞങ്ങളെ നോക്കുന്നില്ലെ എന്നൊരു സംശയം? ആഹ... വെള്ളത്തിലാണ് പുറത്തേയ്ക്കിറങ്ങാനും പറ്റത്തില്ല...!
എന്തായാലും അങ്ങോട്ട് പോയതിലും വേഗതയില്‍ ഇങ്ങോട്ട് എത്തിയെന്നു തോന്നുന്നു...തിരിച്ചുള്ളയാത്രയില്‍ രാവിലെ മീന്‍ പിടിക്കാന്‍ ഒാരോ തുരുത്തില്‍ ഇറങ്ങിയവരൊക്കെ ചെറു സഞ്ചികളുമായി കയറുന്നുണ്ടായിരുന്നു.
എല്ലാവരും ഒരു നല്ലദിവസം കിട്ടിയതിന്റെ സന്തോഷവുമായി വീടുകളിലേക്ക്. രാവിലെ മുന്നോട്ട് യാത്രതുടങ്ങിയ ബോട്ടിനെ പുറകോട്ടടുപ്പിച്ച് ഞങ്ങളെ കയറ്റാന്‍ നല്ല മനസുകാണിച്ച ബോട്ടുയാത്രക്കാര്‍ക്കെല്ലാം നന്ദിയോടെ വീട്ടിലേക്ക്...
Text - അല്‍ഫോന്‍സാ ജിമ്മി, Photos - ജിമ്മികമ്പല്ലൂര്‍
No comments:
Post a Comment