മഴക്കാലത്ത് ഹൊഗ്ഗനക്കലിലേക്ക് പോകാം. കാവേരിയുടെ സുന്ദരതാണ്ഡവം കാണാം. വെള്ളച്ചാട്ടങ്ങള്‍ക്ക് താഴെ വട്ടക്കൊട്ടയില്‍ തുഴയാം
ശിവനസമുദ്രം ജലപാലപാതങ്ങള്‍ക്കു താഴെ, രണ്ടു വന്‍ വെള്ളച്ചാട്ടങ്ങള്‍ നല്‍കിയ ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനെന്നോണം അതിവേഗത്തിലാണ് ഇപ്പോള്‍ കാവേരിയുടെ ഗമനം. കാവേരി ഏറെ ദൂരം ഒഴുകും മുമ്പ് കനകപുര സംഗമേശ്വര ശിവക്ഷേത്രത്തിനു സമീപം അര്‍ക്കാവതി എന്നൊരു പോഷകനദി കാവേരിയില്‍ ലയിക്കും. മേകത്താടിന് തൊട്ടു മുകളിലുള്ള ഈ നദീസംഗമത്തിന് നിത്യസാക്ഷിയെന്നോണമാണ് സംഗമേശ്വരന്റെ നില്‍പ്പ്.
സംഗമസ്ഥാനത്തിനു താഴെ മണലൊഴിഞ്ഞ കാവേരിയാണ്. കാവേരിയിലെ അനുസ്യൂതമായ തെളിനീരൊഴുക്കിനും, ഹരിതാഭമായ ഇരു കരകള്‍ക്കുമിടയിലെ പഞ്ചാരമണല്‍തിട്ട പൊടുന്നനെ അപ്രത്യക്ഷമാകും. മേകത്തോട് എന്നറിയപ്പെടുന്ന ഇടുങ്ങിയ മലയിടുക്കിലൂടെയാണ് കാവേരിയുടെ തമിഴകത്തേക്കുള്ള പ്രയാണം. തുടര്‍ന്ന് 36 കി.മി. ദൂരം കാവേരി കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയായൊഴുകും. അതിനിടയിലാണ് മനേഹരമായ ഹൊഗ്ഗനക്കല്‍ വെള്ളച്ചാട്ടം.
'പുകയും പാറ' എന്നാണ് ഹൊഗ്ഗനക്കല്‍ എന്ന കന്നഡ പദത്തിനര്‍ഥം. തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബംഗളൂരുവില്‍ നിന്ന് 140 കി.മീറ്ററും, മൈസൂരില്‍ നിന്ന് 80 കി.മീറ്ററും, സേലത്തു നിന്ന് 114 കി.മീറ്ററും ദൂരമുണ്ട്.
ഹൊഗ്ഗനക്കലിലൂടെ ഒഴുകുന്ന കാവേരിയുടെ ഇടതുകര കര്‍ണ്ണാടകത്തിലും വലതുകര തമിഴ്‌നാട്ടിലുമാണ്. പശ്ചിമഘട്ടത്തിലെ നിബിഡവനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന ഹൊഗ്ഗനക്കാലിലെ ഔഷധഗുണമുള്ള കാവേരിയില്‍ കുളിക്കാനായി ധാരാളം പേര്‍ എത്താറുണ്ട്. വിനോദസഞ്ചാരികള്‍ക്ക് അവിടെ അപായരഹിതമായി വെള്ളച്ചാട്ടത്തില്‍ കുളിക്കാം. 'പരശല്‍' എന്ന വട്ടക്കൊട്ടയില്‍ ജലയാത്ര നടത്താം.
കരിമ്പാറക്കെട്ടുകളില്‍ നിന്നും കുത്തനെ താഴോട്ടു പതിക്കുന്ന ജലധാര ഇടിമുഴക്കത്തോടെ ആകാശത്തേക്കുയര്‍ന്ന് പുകയായി പോകുന്ന കാഴ്ച്ച ആരവം, അഥര്‍വം, റോജ, നരന്‍ തുടങ്ങിയ അനേകം ചിത്രങ്ങളില്‍ നാം കണ്ടിട്ടുണ്ട്. മെയിന്‍ ഫാള്‍സ്, സിനി ഫാള്‍സ്, ക്രോക്കഡൈല്‍ ഫാം, മിനി സൂ, സിനി ബെഡ് (മേകത്തോടിനു മുകളില്‍ അപ്രത്യക്ഷമാകുന്ന മണല്‍പ്പരപ്പ് ഇവിടെ പ്രത്യക്ഷമാകുന്നു), ഭീമാകാരമായ ചിതല്‍പ്പുറ്റുകള്‍ എന്നിവയാണ് ഹൊഗ്ഗനക്കലിലെ മറ്റു കാഴ്ച്ചകള്‍.
കാവേരിയില്‍ നിന്ന് അപ്പപ്പോള്‍ പിടിച്ചെടുക്കുന്ന മത്സ്യം മുളകിട്ടു പൊരിച്ചതും മീന്‍കുഴമ്പും കൂട്ടിയുള്ള നാടന്‍ ഭക്ഷണവും, മാലീസുമാണ് (ഓയില്‍ മസ്സാജ്) ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന കൗതുകങ്ങള്‍. ഹൊഗ്ഗനക്കലില്‍ നിന്നും തെക്കോട്ട് തിരിഞ്ഞ് തിരുച്ചെങ്കോട്ട്, ഓമല്ലൂര്‍ താലൂക്കുകളിലൂടെ മുന്നോട്ടൊഴുകുന്ന കാവേരി, മലങ്കാരി മലകള്‍ എന്നറിയപ്പെടുന്ന സീതമല, പാലമല എന്നിവക്കിടയിലൂടെ മേട്ടൂര്‍ ഡാമിന്റെ സ്റ്റാന്‍ലി റിസര്‍വോയറിലേക്ക് പ്രവേശിക്കുന്ന കാഴ്ച്ച മനോഹരമാണ്.
ഹൊഗ്ഗനക്കലില്‍ നിന്നും കൊട്ടവഞ്ചിയില്‍ കര്‍ണ്ണാടകത്തിലെ മാര്‍ക്കോട്ടം ഗ്രാമത്തിലെത്താം. അവിടെ നിന്നും എം. എ. ഹില്‍സിലേക്ക് (മാതേശ്വരന്‍ മല) നേരിട്ട് ബസ്സുണ്ട്. കാവേരിയുടെ തീരം പറ്റി പഴയ വീരപ്പന്‍ കാടുകളിലൂടെയുള്ള യാത്ര മറ്റൊരനുഭവം തരും. മടിയില്ലെങ്കില്‍ ഫോട്ടോ എടുക്കാനുള്ള സൗകര്യത്തിന് കണ്ടക്ടറെ സോപ്പിട്ട് ബസ്സിന്റെ മുകളില്‍ ഒരു സീറ്റ് തരപ്പെടുത്തുക. ബസ്സിനകത്ത് എപ്പോഴും നല്ല തിരക്കാണ്. യാത്രക്കാര്‍ക്കു പുറമെ അടുത്ത ചന്തകളിലേക്കുളള വനവിഭവങ്ങളും വളര്‍ത്തു മൃഗങ്ങളും കൂട്ടിനുണ്ടാവും.
Travel Info
Hogenakkal
Location: State-Tamilnadu, Dharmapuri dt.
Altitude: 750 feet above sea level admist Yelagiri Hills.
How to reach
By air: Bengaluru 140 km.
By rail: Though Salem 111 km is the major rail head, Morappur station is the nearest rail head from where trains are there to Chennai and Coimbatore.
By road: Reach Salem via Coimbatore, Bhavani, on NH 47 (165 km) and deviate to Dharmapuri from Salem on NH7 (65 km) and then to Hogenakal (46 Km). From Bengaluru one can reach Hogenakal via Hosur, Krishnagiri and Dharmapuri on Nh 7(140 Km).
Best season: Just after Monsoon.
Stay
KSTDC Tourist bungalow, Ph: 080 2275869.
Hotel TamilNadu, Ph: 04342 256447, 254448.
Tips: മഴക്കലാത്ത് വെള്ളച്ചാട്ടം ആസ്വദിക്കുമ്പോള്‍
*വെള്ളച്ചാട്ടത്തിലോ അടുത്തുള്ള അരുവികളിലോ കുളിക്കുമ്പോള്‍ പെട്ടെന്ന് മലവെള്ളപാച്ചിലുണ്ടാവാം, ഒഴുക്കുകൂടാം. *വഴികളും പാറകളും വഴുക്കാന്‍ സാധ്യതയുണ്ട്. നല്ല ഗ്രിപ്പുള്ള ചെരിപ്പോ ഷൂവോ കരുതണം.
*അട്ട ശല്യം കൂടും. ഉപ്പുകിഴി, പുകയില കരുതുക.
*ഗൈഡുകളുടെ നിര്‍ദേശം അനുസരിക്കുക.
*പ്രഥമ ശുശ്രൂഷാകിറ്റ് കരുതണം.
*മദ്യപിച്ച് വെള്ളത്തിലിറങ്ങരുത്.
*വെള്ളത്തിനുള്ളില്‍ കുപ്പിച്ചില്ലുകള്‍ കണ്ടേക്കാം.
*മാറ്റാന്‍ ഒരു ജോഡി വസ്ത്രങ്ങളും കരുതുക.
*റെയിന്‍ കോട്ടോ കുടയോ കരുതുക.
*മഴവെള്ളം അകത്തുകടക്കാത്ത രീതിയിലുള്ള ബാഗ് കരുതുക.
Text & Photos: Dr. Rajan Chungath