Tuesday, November 21, 2017

ചരിതം - ഒരു തിരിഞ്ഞു നോട്ടം


ഇന്ത്യന്‍ മതങ്ങള്‍ രണ്ടായി തിരിക്കാം. 1. വൈദിക മതം. 2. അവൈദികമതം. ആര്യ സംസ്‌കാരമാണ് ഇന്ന് നിലവിലുള്ള ഹൈന്ദവ സംസ്‌കാരം.
‘ആര്യന്മാര്‍’ ഇന്ത്യക്ക് പുറത്തുനിന്ന് വന്നവരാണ് എന്നകാര്യത്തില്‍ മിക്ക പണ്ഡിതരും ഏകോപിച്ചിട്ടുണ്ടെങ്കിലും ഏത് ദേശക്കാരാണ് എന്നതില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇന്നത്തെ ഹംഗറി, ആസ്ട്രിയ, ബൊഹീമിയ തുടങ്ങിയവിടങ്ങളില്‍നിന്ന് വന്നവരാണ് എന്ന് അഭിപ്രായമുണ്ട്. യൂറോപ്പില്‍നിന്നും ഏഷ്യയില്‍ എത്തിയ ഗോത്രവിഭാഗങ്ങള്‍ പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് വന്നുവെന്ന അഭിപ്രായക്കാരും ഉണ്ട്. കരിങ്കടലിനു വടക്കുള്ള ‘ബാള്‍ക്കണ്‍’ പ്രദേശത്തുനിന്ന് വന്നവരാണെന്നും തുര്‍ക്കിയിലെ ‘അനത്തോളിയാ’ പ്രദേശത്തുനിന്ന് വന്നവരാണെന്നും അഭിപ്രായമുണ്ട്. ഏതായിരുന്നാലും ഇന്ത്യയുടെ അയല്‍ പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ആര്യന്മാര്‍ എന്ന വസ്തുതക്കു ഉപോല്‍ബലകമായ നിരവധി രേഖകളുണ്ട്. ഇത് ക്രിസ്തുവിന്നും 12 നൂറ്റാണ്ട് മുമ്പ് ആയിരുന്നു. ആര്യ ആക്രമണത്തെക്കുറിച്ച് ചരിത്രത്തില്‍ വസ്തുനിഷ്ടമായ പ്രതിപാദനങ്ങള്‍ കാണാം. പ്രഗത്ഭ ചരിത്രകാരന്മാരായ വി.ഡി. മഹാജന്‍, ഗോള്‍ഡന്‍ ചൈല്‍ഡ്, മോര്‍ട്ടിമര്‍ വീലര്‍ തുടങ്ങി നിരവധിയാളുകള്‍ ഉപര്യുക്ത പരാമര്‍ശം നടത്തിയതായി കാണാം.
ഇന്ത്യന്‍ സംസ്‌കാരം ആര്യ സംസ്‌കാരമല്ല. അതിനു മുമ്പ് ഇവിടെയുണ്ടായിരുന്ന ഹാരപ്പ-മോഹന്‍ജദാരോ സംസ്‌കാരങ്ങളാണ് യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌കാരം. സിന്ധൂനദീതട തീരത്തു നടന്ന ഉത്ഖനനങ്ങള്‍ ഈ വസ്തുത വിളിച്ചോതുന്നു.
വൈദിക കാലഘട്ടം എന്നു പറയുന്നത് ബി.സി.1200നും 1400നും ഇടയിലാണെന്നെന്നാണ് മാര്‍ക്‌സ്മുള്ളറടക്കമുള്ളവരുടെ അഭിപ്രായം. വൈദിക കാലഘട്ടം ബി.സി.3000ത്തിനുമപ്പുറമാണെന്ന് ചില സവര്‍ണ്ണ ഹൈന്ദവ ചരിത്രകാരന്മാര്‍ എഴുതിവെച്ചത് സൈന്ദവ നാഗരികത ആര്യസംസ്‌കാരത്തിന്റെ തുടര്‍ച്ചയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെുടുന്നത്.
സൈന്ദവ നാഗരികതയെക്കുറിച്ചുള്ള വിവരം 1856ല്‍ മുല്‍ത്താന്‍-കറാച്ചി റൂട്ടില്‍ റെയില്‍വെ ലൈന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എഞ്ചിനീയറായ ഡോണ്‍ ബ്രിണ്‍ടണ്‍ എന്ന ഇംഗ്ലീഷുകാരനാണ് ലഭിക്കുന്നത്. നാഗരികാവശിഷ്ടങ്ങള്‍ കൊണ്ട് റെയില്‍വേ ലൈനിന്റെ പണി ത്വരിതഗതിയില്‍ നടത്തി. എന്നാല്‍ 1921ല്‍ സര്‍ ജോണ്‍ മാര്‍ഷല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേധാവിയായിരിക്കുമ്പോള്‍ ആണ് ശാസ്ത്രീയ പഠനങ്ങള്‍ നടന്നത്. ബി.സി. 2500-ാമാണ്ടിനടുത്താണ് സൈന്ദവ നാഗരികത ഉഗ്ര പ്രാപ്തി നേടിയത് എന്നാണ് പണ്ഡിതമതം. ഈ സംസ്‌കാരവുമായി വൈദിക സംസ്‌കാരത്തിന് ബന്ധമില്ല. സൈന്ദവ നാഗരികതയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് ആര്യ സംസ്‌കാരമാണ് ഇന്ത്യയുടെ ആദിമ സംസ്‌കാരമെന്നായിരുന്നു നിഗമനം.
വേദോപനിഷത്തുകള്‍ പരിചയപ്പെടുത്തുന്നതല്ലാത്ത ഒരു സംസ്‌കാരം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തന്നെ ഇവിടെ നിലനിന്നിരുന്നു എന്ന് ഉല്‍ഖനനങ്ങള്‍ തെളിയിച്ചു. അതിന്റെ സ്ഥാപകര്‍ ദ്രാവിഢരായിരുന്നു. ദ്രാവിഢന്മാരും ആര്യന്മാരും ഒരു സാദൃശ്യവും ഇല്ലാത്തവരാണ്. ദ്രാവിഢര്‍ മെഡിറ്ററേനിയന്‍ പ്രദേശത്ത് നിന്നു വന്നവരാണ്. (എ. ഹിസ്റ്ററി ഓഫ് സൗത്ത് ഇന്ത്യ) ഇവരാണ് ഹാരപ്പയിലും മൊഹന്‍ജദാരോയിലും ഉദാത്ത മാതൃകയുള്‍ക്കൊള്ളുന്ന സംസ്‌കാരം പണിതത്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉറവിടം തേടിയുള്ള യാത്രയില്‍ നാഗരികതകളുടെ അകത്തളങ്ങളിലേക്കിറങ്ങിയ ചര്‍ച്ച വേണ്ടിവരും. ഇന്ത്യയില്‍ വിവിധങ്ങളായ സംസ്‌കാരങ്ങളുണ്ടായിരുന്നെന്നും അതില്‍ വേദകാലഘട്ടത്തിനേക്കാള്‍ മഹത്തവും പൗരാണികവുമായ സംസ്‌കാരമാണ് ദ്രാവിഢ സംസ്‌കാരമെന്നും മനസ്സിലാക്കാം. ഇന്ന് ഹൈന്ദവ സംസ്‌കാരമെന്ന നിലയില്‍ പരിചയപ്പെടുത്തപ്പെടുന്നത് ഭാരതീയ സംസ്‌കാരമല്ല, അത് ആര്യ സംസ്‌കാരമാണ്. ഭാരതീയ സംസ്‌കാരം സൈന്ധവ സംസ്‌കാരമാണ്. ആര്യാക്രമണത്തോട് കൂടി അത് തകര്‍ന്നു. സിന്ധൂനദീതട ലിഖിതം ഇതുവരെ വായിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ പ്രസ്തുത കാലഘട്ടത്തിലെ ആചാര ആരാധനാമുറകളെക്കുറിച്ച് ഉല്‍ഖനനങ്ങളെ അല്ലാതെ അടിസ്ഥാനപ്പെടുത്താന്‍ നിര്‍വ്വാഹമില്ല.
-------------------------------------------------------------------
ആര്യന്മാര്‍ ഇറാനില്‍ നിന്നും ഇന്ത്യയില്‍ വന്നില്ല എന്ന് വരുത്തി തീര്‍ക്കേണ്ടത് ബ്രാഹ്മണ്യത്തിന്റെ നിലനില്പ്പിന്റെ പ്രശ്നമാണ് !!! വ്യാഖ്യാന പുംഗവന്മാര്‍ അതിനു കൊണ്ടു പിടിച്ചു ശ്രമിക്കുന്നുമുണ്ട്, പക്ഷെ എന്തു ചെയ്യാം ശാസ്ത്രീയ തെളിവുകള്‍ ഇവരുടെ ഔട്ട്‌ ഓഫ് ഇന്ത്യ സിദ്ധാന്തത്തിനെതിരാണ്ജനിതക തെളിവുകള്‍ ചൂണ്ടുന്നത് ASI യും ANI യും തമ്മിലുള്ള മിക്സിംഗ് 4000 ത്തിനും 3500 നും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നടന്നത് എന്നാണു. ഇന്‍ഡോ-യുറോപ്പ്യന്‍ ഭാഷ ഗവേഷകരും ഇതേ കാലഘട്ടമാണ് ആര്യന്‍മാര്‍ ഇന്ത്യയില്‍ വന്നതായി സാക്ഷ്യപെടുത്തുന്നത്. ഇന്ന് പ്രബലമായ എല്ലാ ഭാഷാ തിയറികളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മറിച്ചു Out of India തിയറിക്ക് യാതൊരു വിധ അടിസ്ഥാനവുമില്ല.
പുരാവസ്തു ഗവേഷകര്‍ക്ക് ആര്യന്മാര് വന്നു എന്ന് കരുതപെടുന്ന റൂട്ടില്‍ വേദിക് സംസ്ക്കാരവുമായി ബന്ധപെട്ട പലവിധ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഈ തെളിവുകളുടെ കാലപഴക്കവും 4000 വര്‍ഷങ്ങള്‍ക്കു ഇങ്ങോട്ടാണ്‌. മറിച്ചു വേദിക് സംസ്ക്കാരവുമായി ബന്ധപെട്ട തെളിവുകള്‍ 3500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിന്ധുനദീതട സംസ്ക്കാര പ്രദേശത്ത് കിട്ടിയിട്ടില്ല.
ഇന്നത്തെ ഇറാനില്‍ നിന്നും ആണ് ആര്യന്മാര്‍ ഇന്ത്യയില്‍ എത്തിയത് എന്ന് പറയുന്നു. പക്ഷെ അതിനു മുന്‍പ് യൂറോപ്പില്‍ നിന്നുമാണ് അവര്‍ ഇറാനില്‍ കുടിയേറിയത് എന്നും പറയുന്നു., അഥവാ ഇന്ന് വരെയുള്ള പഠനം അങ്ങിനെ പറയുന്നു
വിവിധ ദേശങ്ങള്‍ സഞ്ചരിച്ച് അവിടെ ഉള്ളവരെ കീഴ്പ്പെടുത്തി ഉപയോഗിക്കുക എന്ന തന്ത്രം ഉപയോഗിച്ചിരുന്നവര്‍ ആയിരുന്നു ആര്യന്മാര്‍. ശാന്തശീലരായ ദ്രാവിഡരെ അവര്‍ തുരത്തി ,അവര്‍ ദക്ഷിണേന്ത്യയില്‍ ഒതുങ്ങി ,ഇന്നും തമിഴര്‍ അവരെ ദ്രാവിഡര്‍ എന്നു തന്നെയാണ് പറയുന്നത്, തമിഴ് ദ്രാവിഡ ഭാഷയും.
-------------------------------------------------------------------
താന്ത്രിക പൂജകള്‍ ബ്രാഹ്മണര്‍ കോപ്പിയടി ച്ചത് !!??

പരദേശി വൈദീകര്‍ ഷേത്രങ്ങളിലെ താന്ത്രിക വിദ്യ ആദ്യ കാലങ്ങളില്‍ ചെയ്തിരുന്നില്ല . പ്രതിഷ്ഠയോ പ്രതിമ പൂജയോ അവര്‍ക്ക് വലിയ താല്പര്യം ഉണ്ടായിരുന്ന കാര്യങ്ങള്‍ അല്ലായിരുന്നു . വൈദീകരുടെ പ്രധാന വേദമായ ഋഗ്വേദത്തില്‍ പോലും പ്രതിമ പൂജ എന്നതിനെ കുറിച്ച് പറയുന്നില്ല . ഇന്ദ്രന് പ്രീതി ഉണ്ടാക്കാന്‍ ഉള്ള യാഗങ്ങള്‍ ആയിരുന്നു അവരുടെ പ്രധാന കര്‍മ്മ പരിപാടി . അത് വഴി ലഭിക്കുന്ന ദാനം ആയിരുന്നു അവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം . എന്നാല്‍ ശ്രമണ മത സ്വാധീന ഫലമായി ആണ് വൈദീകര്‍ ക്ഷേത്ര പൂജയിലേക്ക് തിരിയുന്നത് . ശ്രമണ മതത്തിലെ വിഹാരങ്ങള്‍ വഴി അറിവ് പകര്‍ന്നതും സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരെ സ്വാധീനിക്കാനും എളുപ്പം ആണെന്ന് മനസിലാക്കിയ വൈദീകര്‍ വളരെ വേഗം ബുദ്ധ ജൈന മതങ്ങളെ നശിപ്പിച്ച വഴിക്ക് വിഹാരങ്ങള്‍ സ്വന്തമാക്കി ക്ഷേത്രം ആക്കി മാറ്റി .

ക്ഷേത്രം എന്നാ വാക്ക് തന്നെ പരദേശി വൈദീകരുടെത് അല്ല . അത് ജൈന മത വാക്ക് ആണ് . അപൂര്‍ത്ഥം എന്നതാണ് ആര്യന്മാര്‍ ക്ഷേത്രങ്ങള്‍ക്ക് നല്കിയ പേര് . മലയാളത്തില്‍ മുക്കാല്‍ വട്ടം എന്നാണ് ക്ഷേത്രങ്ങള്‍ ആദ്യ ബ്രാഹ്മണ കുടിയേറ്റ കാലത്ത് അവര്‍ നല്കിയ പേര്, എന്ന് ആദിമ ചെപ്പേടുകള്‍ എന്ന ക്ഷേത്ര രേഖകള്‍ സഷ്യപ്പെടുത്തുന്നു ശ്രാദ്ധ-ദിനകൃത്യം എന്ന ജൈന മത ഗ്രന്ഥത്തില്‍ ആണ് ക്ഷേത്രആരാധനവിധികള്‍ കൃത്യമായി രേഖപ്പെടുത്തുന്നത് .

വേദങ്ങളില്‍ എങ്ങും തന്നെ ക്ഷേത്ര ആരാധനയെ പറ്റി പറയുന്നില്ല.
വിഗ്രഹം എന്ന വാക്കുതന്നെ 2 പ്രാവശ്യമേ വേദങ്ങളില്‍ പറയുന്നുള്ളൂ . അത് ഋഗ്വേദത്തിലും യജുര്‍ വേദത്തിലും ഓരോ തവണ മാത്രം ആണ് . അതില്‍ തന്നെ ദേവ പ്രതിമ എന്ന അര്‍ത്ഥത്തില്‍ ഒരു തവണ യജുര്‍വേദത്തില്‍ മാത്രം ആണ് 4 വേദങ്ങളിലും കൂടി ഉപയോഗിച്ചിരിക്കുന്നതു വിഗ്രഹം എന്ന വാക്ക് . വൈദീകര്‍ക്ക് യാഗങ്ങളും യജ്ഞങ്ങളും ആയിരുന്നു പ്രിയം എന്നതിന് ഇതില്‍ കുടുതല്‍ തെളിവ് ആവശ്യം ഉണ്ടോ ???

കുടാതെ ഒരു കാര്യം കൂടി ഇത് വ്യക്തമാക്കുന്നതിനായി പറയാം - 11 നൂറ്റാണ്ടിനു മുന്‍പുള്ള ഒറ്റ താന്ത്രിക വിധി പുസ്തകങ്ങളും കേരളത്തില്‍ ബ്രാഹ്മണരുടെതായിട്ടില്ല . അതായതു ബുദ്ധ ജൈന മതങ്ങളെ നശിപ്പിച്ചതിനു ശേഷം അവരുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ആ മതങ്ങളുടെ ആരാധന കേന്ദ്രങ്ങള്‍ സ്വന്തമാക്കി അതിന്റെ ജന സ്വാധീനം മനസിലാക്കി നടത്തിപ്പുകാര്‍ ആയി മാറി , അതിനു ശേഷം ഉള്ള ക്ഷേത്ര പാരമ്പര്യം മാത്രം ആണ് വൈദീകര്‍ക്ക് അവകാശപ്പെടാന്‍ കഴിയുക .

ബ്രാഹ്മണ മതത്തിന്റെ ആചാരങ്ങള്‍ മറ്റുള്ളവര്‍ കോപ്പി അടിക്കുന്നു എന്ന് പരിതപിക്കുന്നവര്‍ അറിയുക . വൈദീകരും മറ്റുള്ളവരുടെ ആചാരങ്ങള്‍ കോപ്പി അടിക്കുന്നതില്‍ ഒട്ടും പുറകില്‍ അല്ലായിരുന്നു എന്ന് . ഓം കാരം , സ്വസ്തി , ഹ്രീകാരം ഒക്കെ ജൈനരുടെ കൈയില്‍ നിന്ന് കോപ്പി അടിച്ചത് ആണ് എന്ന് കുടി മനസിലാക്കുക . ഇതൊന്നും ആര്യന്മാര്‍ കൊണ്ട് വന്നത് അല്ല. ഭാരതത്തിലെ തദേശീയ മതം ആയ ജൈന മതത്തില്‍ നിന്നും കോപ്പി അടിച്ചത് ആണ് ഇന്ന് പറയുന്ന ഓംകാരം പോലും . ഓരോ പ്രാവിശ്യം ഓംകാരം കേള്‍ക്കുമ്പോഴും ഓര്‍ത്തുകൊള്ളുക, ക്രിസ്തു ഭാഗവത്ഗീത എന്ന് പറയുന്നത് പോലെ !!! മറ്റൊരു മതത്തിന്റെ ചിഹ്നം സ്വീകരിച്ചത് ആണ് ഓംകാരം , ഹ്രീകാരം , സ്വസ്തിക എന്നിവ. ജൈനമത ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിരുന്നഅതിന്റെ ഒറിജിനല്‍ ആണ് ചിത്രത്തില്‍ ഉള്ളത് .
എഴുതിയത് - Swetha S Chekavar‎

Saturday, November 11, 2017

ചില പീഡനചിന്തകള്‍...

വിനാശകാലേ വിപരീതബുദ്ധി... അല്ലാതെന്തു പറയാന്‍. ഓഫീസിന്റെ Transport Deskലെ ചേട്ടന്‍ പ്രത്യേകം ചോദിച്ചതാണ് 'ഒറ്റയ്ക്കല്ലേ പോവുന്നത്... അതിരാവിലെ എത്തുന്നതു ബുദ്ധിമുട്ടാവില്ലേ. വേറെ options നോക്കണോ' എന്ന്. അപ്പോള്‍ അഹങ്കാരം... 'ഇവിടെ സ്ത്രീകള്‍ ഒറ്റയ്ക്കു ബഹിരാകാശത്തു പോകുന്നു. ഇതിപ്പോ അത്രയ്‌ക്കൊന്നുമില്ലല്ലോ. ചെന്നൈവരെ അല്ലേ ഉള്ളൂ... അസമയത്ത് എത്തിയാലെന്താ... നേരം വെളുക്കുന്നതുവരെ പ്ലാറ്റ്‌ഫോമില്‍ ഇരുന്നാല്‍ പോരേ...' ചേട്ടനെ മനസ്സില്‍ പുച്ഛിച്ചുകൊണ്ടാണു ടിക്കറ്റ് വാങ്ങിയത്. 

എന്തായാലും ട്രെയിന്‍ രാവിലെ നാലു മണിക്കു ചെന്നൈയില്‍ എത്തി. പ്ലാറ്റ്‌ഫോമിലേക്ക് ഒരു നോട്ടം നോക്കിയതേ ഉള്ളൂ. എന്റെ പുച്ഛവും അഹങ്കാരവുമെല്ലം ആവിയായിപ്പോയി. മഹാഭാരതയുദ്ധം കഴിഞ്ഞ കുരുക്ഷേത്രംപോലെ കിടക്കുന്ന പ്ലാറ്റ്‌ഫോം. തലങ്ങും വിലങ്ങും ആളുകള്‍ കിടന്നുറങ്ങുന്നു. അതു മാത്രമോ... ഓരോരുത്തരുടെ അടുത്തും അവരെക്കാള്‍ വലിപ്പത്തില്‍ ഭാണ്ഡക്കെട്ടുകളും. ഏവംവിധം കാലു കുത്താന്‍ ഇടമില്ല. അവിടെയാണ് ഞാന്‍ രണ്ടുമൂന്നു മണിക്കൂര്‍ ഇരിക്കേണ്ടത്. അതൊന്നും പോരാതെ അവിടമാകെ സുഗന്ധമാണോ ദുര്‍ഗന്ധമാണോ എന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരുതരം ശ്വാസം മുട്ടിക്കുന്ന ഒരു വാസനയും... ബാഗും തൂക്കി പുറത്തേക്കിറങ്ങി. അല്ലെങ്കില്‍ അടുത്ത ദിവസം പത്രത്തില്‍ ന്യൂസ് വന്നേനേ, 'ചെന്നൈ മെയിലില്‍ വന്നിറങ്ങിയ യുവതി കുഴഞ്ഞുവീണു മരിച്ചു. ശ്വാസം കിട്ടാത്തതാണു മരണകാരണമെന്നു സംശയിക്കുന്നു.' പിന്നെയുള്ള വഴി നേരെ ഹോട്ടലിലേക്കു പോവുക എന്നതാണ്. പക്ഷേ, അറിയാത്ത നാട്ടിലൂടെ അസമയത്ത് പോകുന്നതും റിസ്‌ക്ക് ആണ്. വല്ലവരും തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചാലോ. അങ്ങനെ ആണെങ്കില്‍ത്തന്നെയെന്താ. പറയാനാണെങ്കില്‍ മൂന്ന് എ.ടി.എം. കാര്‍ഡ് ഉണ്ട്. പക്ഷേ, ജെ.സി.ബി. വെച്ചു മാന്തിയാലും അതില്‍നിന്നു ഡീസന്റ് ആയ ഒരു തുക അവര്‍ക്കു കിട്ടാന്‍ പോവുന്നില്ല. പിന്നെന്തു പ്രശ്‌നം... അങ്ങനെ ഒരു പ്രീപെയ്ഡ് ഓട്ടോയില്‍ ഞാന്‍ യാത്ര തുടങ്ങി. 

ഓട്ടോ റെയില്‍വേ പരിസരം വിട്ടു വിജനമായ റോഡിലെത്തി. എന്താണെന്നറിയില്ല, അകാരണമായ ഒരു ഭയം. ഒരു പിടിയും കിട്ടുന്നില്ല. വിതുര, സൂര്യനെല്ലി, ബാംഗ്ലൂര്‍ ബി.പി.ഒ, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ പരസ്​പരബന്ധമില്ലാത്ത പല വാക്കുകളും മനസ്സിലേക്കു വരുന്നു. ഒന്നാഞ്ഞു ചിന്തിച്ചു. എന്റെ പറശ്ശിനിമുത്തപ്പാ... എല്ലാം വിരല്‍ ചൂണ്ടുന്നത് ഒന്നിലേക്കാണ്, പീഡനം... ഞാന്‍ ചുറ്റും നോക്കി. അതിനു പറ്റിയ എല്ലാ സെറ്റപ്പും ഉണ്ട്. ഒന്നുറക്കെ അലറിയാല്‍പ്പോലും കേള്‍ക്കാനാരുമില്ല. ബാംഗ്ലൂര്‍ ആയിരുന്നെങ്കില്‍ നാലു തെരുവുപട്ടികളെങ്കിലും കുരച്ചേനേ, ഒരു സപ്പോര്‍ട്ടിന്. ചെറിയ ഭയം വലിയ ഭയമായി. ഉള്ളിലൊരാളല്‍പോലെ. ഒറ്റ വഴിയേ ഉള്ളൂ. ധൈര്യം അഭിനയിക്കുക... എനിക്ക് ഇവിടെ നല്ല പരിചയമാണെന്ന് ഒരു ഇംപ്രഷന്‍ വരുത്തുക. നല്ല തമിഴ് ലുക്ക് ഉള്ളതുകൊണ്ട് തമിഴത്തി ആണെന്നു വിചാരിച്ചോളും. ഒരു തമിഴ് സ്‌നേഹത്തിന്റെ പുറത്ത് ഉപദ്രവിക്കാതെ വിടുമായിരിക്കും. എന്തായാലും ഞാന്‍ ബാഗൊക്കെ സൈഡിലേക്കു മാറ്റി (ബാഗും കെട്ടിപ്പിടിച്ചിരുന്നാല്‍ പേടിച്ചിട്ടാണെന്ന് വിചാരിക്കും.) കാലിന്മേല്‍ കാലൊക്കെ വെച്ച് പുറത്തേക്കും നോക്കി 'ഓ, ഇതൊക്കെ ഞാന്‍ എന്നും പോകുന്ന വഴിയാ,' എന്നൊരു ഭാവത്തോടുകൂടി ഇരുന്നു. ഇടയ്ക്കിടയ്ക്ക് ഓട്ടോചേട്ടനെ പാളിനോക്കും. സിനിമയില്‍ ടി.ജി. രവി, ക്യാപ്റ്റന്‍ രാജു, ജനാര്‍ദനന്‍ തുടങ്ങിയ വില്ലന്മാരൊക്കെ പെണ്ണുങ്ങളെ നോക്കി 'നിന്നെ ഞാന്‍ വിടില്ലെടീ' എന്നൊക്കെ പറയുന്ന രംഗങ്ങള്‍ മനസ്സില്‍ ഓര്‍ത്തുനോക്കി. അപ്പോഴുള്ള അവരുടെ മുഖഭാവവും ഓട്ടോചേട്ടന്റെ ഭാവവും തമ്മില്‍ ഒന്നു കംപയര്‍ ചെയ്യലാണ് ഈ പാളിനോട്ടത്തിന്റെ ഉദ്ദേശ്യം. എന്തായാലും ഞാന്‍ അടുത്ത ചിന്തയിലേക്കു കടന്നു. ഒരാക്രമണമുണ്ടായാല്‍ എങ്ങനെ തടയും... മാന്തിയാലോ... അതു നടക്കില്ല. നഖമൊക്കെ കിട്ടിയ ഫ്രീ ടൈമില്‍ കടിച്ചു പറിച്ചു വൃത്തിയാക്കി വെച്ചിരിക്കുകയാണ്. ഇതിനൊക്കെ ഇങ്ങനെ ഉപകാരമുണ്ടാവുമെന്ന് ആരു കണ്ടു. കൈയിലുള്ള വല്ല ആയുധവുംകൊണ്ട് ഇയാളെ കുത്തിയാലോ... അതിന് ആയുധമെവിടെ... ആകെയുള്ളത് കുറച്ചു ഡ്രെസ്സും ഒരു ട്രൂത്ത്ബ്രഷുമാണ്. ദുപ്പട്ട (ഷാള്‍) കൊണ്ട് ഇയാളുടെ കഴുത്തില്‍ മുറുക്കി കൊന്നാലോ? പുറകിലിരുന്നു ചെയ്യാന്‍ എളുപ്പമുണ്ട്... അതുതന്നെ... മനസ്സിലുറപ്പിച്ചു. ഞാന്‍ സുബോധത്തിലേക്കു തിരിച്ചുവന്നു. ദൈവമേ, എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നത്? അതിനിവിടെ ഒന്നും സംഭവിച്ചില്ലല്ലോ. ഒരു ധൈര്യത്തിന് മാഹീലമ്മയെക്കൂടി കൂട്ടു വിളിച്ചു. 

പെട്ടെന്ന് ഓട്ടോ നിന്നു. എന്റെ ഹൃദയമിടിപ്പും നിന്നു. അവിടെ നിര്‍ത്തേണ്ട ഒരു കാര്യവുമില്ല. ഇതു സംഭവം മറ്റതുതന്നെ. ഞാന്‍ എടുത്ത തീരുമാനങ്ങളൊക്കെ ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കി. ഒന്നും വരുന്നില്ല. ഒരു സ്തംഭനാവസ്ഥ... അയാളതാ, തിരിഞ്ഞു നോക്കുന്നു 'മാഡം... ഈ വഴിയാണോ അതോ ബസ്‌സ്റ്റോപ്പ് കഴിഞ്ഞിട്ടുള്ള വഴിയാണോ?' (ഇതിന്റെ തമിഴാണു ചോദിച്ചത്. നിങ്ങള്‍ക്ക് മനസ്സിലാകാന്‍വേണ്ടി തര്‍ജമ ചെയ്തതാണ്). ദൈവമേ, കുടുങ്ങി... വഴി അറിയില്ല എന്ന് എങ്ങനെ പറയും. വായ തുറന്നാല്‍ തമിഴ് അറിയില്ല എന്നു മനസ്സിലാകും. അതോടുകൂടി തമിഴ് സ്‌നേഹമൊക്കെ അതിന്റെ വഴിക്കു പോകും. ഒറ്റ വഴിയേ ഉള്ളൂ. ഞാന്‍ തലയൊന്ന് ചരിച്ച് കണ്ണൊന്ന് തുറിച്ച് 'ഇതൊന്നുമറിയാതെയാണോ ഈ പണിക്കിറങ്ങിയത്' എന്ന മട്ടില്‍ ഒരു നോട്ടം നോക്കി. അതേറ്റു. പിന്നൊന്നും ചോദിച്ചില്ല. അയാള്‍ ഇറങ്ങിപ്പോയി. റോഡിനപ്പുറത്ത് ഒരോട്ടോയില്‍ കിടന്നുറങ്ങുന്ന ഒരു അണ്ണനെ വിളിച്ചുണര്‍ത്തി എന്തൊക്കെയോ ചോദിക്കുന്നു. എന്റെ ബുദ്ധി വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. ഇനി ഇവര്‍ രണ്ടുപേരും ഒരു ടീമാണോ? എന്നെ തട്ടിക്കൊണ്ടു പോകാനാണോ പ്ലാന്‍? മറ്റുള്ള നഗരങ്ങളിലെ പീഡനശൈലികള്‍ ഒന്ന് അവലോകനം ചെയ്തുനോക്കി. ഡല്‍ഹിയിലാണെങ്കില്‍ ബസ്സ് കാത്തുനില്ക്കുന്നവരെയും ജോലി കഴിഞ്ഞു വീട്ടില്‍ പോകാതെ കറങ്ങിനടക്കുന്നവരെയുമൊക്കെ ചുമ്മാ പിടിച്ചു വണ്ടിയില്‍ വലിച്ചുകേറ്റി കാര്യമൊക്കെ കഴിഞ്ഞ ശേഷം അറിയാത്ത ഏതെങ്കിലും മൂലയ്ക്കു കൊണ്ടുതള്ളും. തിരിച്ചു വീട്ടിലേക്ക് ഒരു ലിഫ്റ്റ് പോലും കൊടുക്കില്ല. ദുഷ്ടന്മാര്‍. പത്രത്തില്‍ ഒരു വാര്‍ത്തപോലും വരില്ല. ബാംഗ്ലൂരില്‍ പിന്നെ എന്റെ അറിവില്‍ ഒരു കേസേ ഉള്ളൂ. അതാണെങ്കില്‍ ആ കൊച്ചിനെ അവര്‍ കൊന്നുംകളഞ്ഞു. ഇപ്പഴും പോലീസ് 'ഇപ്പം ശരിയാക്കാം' എന്നും പറഞ്ഞു തപ്പിക്കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണസാക്ഷരരായതുകൊണ്ടാണോ എന്നറിയില്ല, കേരളത്തില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചമാണ്. അവിടെ മാസത്തില്‍ ഒന്നുവെച്ച് എന്ന തോതിലാണ്... പോലീസിനാണെങ്കില്‍ പിടിപ്പതു പണിയും. വളരെ പ്രീ പ്ലാന്‍ഡ് ആയിട്ടണ് ഓപ്പറേഷന്‍സ് എല്ലാം. ആരെ തട്ടിക്കൊണ്ടു പോണം, എവിടെ കൊണ്ടുപോണം, എപ്പോള്‍ വിടണം എന്ന കാര്യമൊക്കെ ആദ്യമേതന്നെ പ്ലാന്‍ ചെയ്തിട്ടുണ്ടാകും. ജാതിമതവര്‍ണവര്‍ഗപ്രായവ്യത്യാസമില്ലാതെ അതില്‍ പങ്കെടുത്ത് മതേതരത്വം, സമത്വം തുടങ്ങിയ ഗുണങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന കുറെ നല്ല മനുഷ്യര്‍. അതു കഴിഞ്ഞാലോ... കിട്ടുന്ന പ്രശസ്തിയെത്ര... ടി.വി., പേപ്പര്‍ എല്ലായിടത്തും നിറഞ്ഞുനില്ക്കില്ലേ. ക്രിക്കറ്റ് മാച്ചിന്റെ വിവരണംപോലെ, അയാള്‍ കുടുങ്ങി, ഇയാള്‍ പോയി തുടങ്ങിയ മിനിട്ടു വെച്ചുള്ള ന്യൂസ് ഫ്ലഷുകളും.

അതൊക്കെ അവിടെ. ചെന്നൈയിലെ രീതി ഒരു പിടിയുമില്ല. ഇവിടന്ന് ഇതുവരെ ഇങ്ങനെ ഒരു വാര്‍ത്തയും കേട്ടിട്ടില്ല. എന്നാലും ആശ്വസിക്കാന്‍ പറ്റുമോ... ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഇറങ്ങി ഓടിയാലോ? പക്ഷേ, എങ്ങോട്ട്? അതാ, ഡ്രൈവര്‍ ഒരു പുഞ്ചിരിയോടു (അതോ, കൊലച്ചിരിയോ) കൂടി തിരിച്ചുവരുന്നു. 

എനിക്കാണെങ്കില്‍ കൈയും കാലും ഒന്നും അനങ്ങുന്നില്ല. അയാള്‍ എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ ഓട്ടോ ഓടിച്ചു തുടങ്ങി. എന്റെ മനസ്സിലൂടെ കേരളത്തിലെ എല്ലാ പത്രങ്ങളുടെ ഫ്രണ്ട് പേജുകളും (എന്റെ ഫോട്ടോ അച്ചടിച്ചത്) ഒന്നിനു പുറകേ ഒന്നായി കടന്നുപോവുകയാണ്. എന്തൊക്കെയോ ചെയ്യണമെന്നുണ്ട്... പക്ഷേ, ഒന്നും പറ്റുന്നില്ല. പെട്ടെന്നതാ, വീണ്ടും ഓട്ടോ നിര്‍ത്തി. ഇത്തവണ അയാള്‍ ഇറങ്ങിവന്ന് എന്റെ ബാഗു വലിച്ചെടുത്തു. ഞാന്‍ അറിയുന്ന ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍സിക്കു ദൈവങ്ങളെയും ഒറ്റയടിക്കു വിളിച്ചുപോയി.
'മാഡം... ഹോട്ടല്‍.'

ഞാന്‍ ഞെട്ടിപ്പോയി. ഹോട്ടലിന്റെ മുന്‍പിലാണ് നില്ക്കുന്നത്. ആ സമയത്തെ എന്റെയൊരു സന്തോഷം... എന്തിനേറേ പറയുന്നു... കിലുക്കം സിനിമയില്‍ ഇന്നസെന്റിനു ലോട്ടറി അടിച്ചെന്നു കേട്ടപ്പോഴുണ്ടായ ഒരു ഭാവമില്ലേ... അതുതന്നെ. 

ആ നല്ല മനുഷ്യനെ ആണ് ഞാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊല്ലാന്‍ പ്ലാനിട്ടത്. ദൈവം പൊറുക്കട്ടെ. 

(സത്യം പറയാമല്ലോ, മൂന്നു മണിക്കൂര്‍ ആ ശ്വാസം മുട്ടിക്കുന്ന റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്നതാണോ, അതോ 30 മിനിറ്റ് ജീവനും കൈയില്‍ പിടിച്ചുകൊണ്ട് ഓട്ടോയില്‍ സഞ്ചരിക്കുന്നതാണോ നല്ലത് എന്നു ചോദിച്ചാല്‍... എനിക്കിനി രണ്ടാമതൊന്നാലോചിക്കാനില്ല... ) 

(കൊച്ചുത്രേസ്യയുടെ ലോകം എന്ന പുസ്തകത്തില്‍ നിന്ന്)