ഏറുമാടത്തില്‍ പാതിമയക്കത്തില്‍ കിടക്കുമ്പോള്‍ താഴെ ഈറ്റച്ചില്ലകള്‍ ഒടിയുന്ന ശബ്ദം. പിന്നാലെ ഇടറിയ ചിന്നംവിളി. അതാ, അവര്‍ വരുന്നുണ്ട്.
ഭയവും സന്തോഷവും ഒപ്പത്തിനൊപ്പമാണ്. കാടുകയറി വന്ന അതിഥികളെ വിരട്ടിയോടിക്കണമെന്ന് 'സഹ്യന്റെ മക്കള്‍ക്ക്' തോന്നിയാല്‍ നാല് തേക്കുമരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടം കാറ്റിലെന്നപോലെ വിറച്ചേക്കും. തുമ്പിയൊന്നുയര്‍ത്തിയാല്‍ താഴത്തെ തട്ടുകള്‍ വലിച്ചിടാം.
പല കാടുകളില്‍ രാത്രിയും പകലുമെല്ലാം ആനക്കൂട്ടങ്ങളെ കണ്ടിട്ടുണ്ടെങ്കിലും തട്ടേക്കാട് ഇത്രയുമടുത്ത് മരമുകളിലിരുന്നൊരു അര്‍ധരാത്രി കാഴ്ച ആദ്യമാണെന്നതിന്റെ ആഹ്ലാദമുണ്ട്.
ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റുനോക്കി. കൂടെയുള്ളവരെല്ലാം ഉറക്കത്തിലായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ നാലു തലകളും ചുറ്റും ആനയെ തിരയുകയാണ്.
'അലറലോടലറല്‍' കുറേക്കൂടി ഉച്ചത്തിലായി. ഒന്നോ രണ്ടോ അല്ല കൂട്ടമായി വരുന്നതെന്ന് ഉറപ്പ്. മനസ്സില്‍ വീണ്ടും കൂട്ടലും കിഴിക്കലും. തുമ്പി ഉയര്‍ത്തിയാല്‍ എത്താത്ത ഉയരമുണ്ടായിരിക്കും ഏറുമാടത്തിന്റെ അടിത്തട്ടിന്? കൊമ്പിന്റെ ഉശിരില്‍ കുലുങ്ങാത്ത ബലമുണ്ടായിരിക്കും പാതി വളര്‍ന്ന ഈ തേക്കുമരങ്ങള്‍ക്ക്?
പക്ഷേ, ഒരു പരീക്ഷണത്തിനും തയ്യാറായിരുന്നില്ല, കാടിന്റെ കാവല്‍ക്കാര്‍ സ്റ്റീഫനും രാജനും. പൂതപ്പാട്ടിലെ ഭൂതത്തെപ്പോലെ സ്റ്റീഫന്‍ പേടിപ്പിച്ചോടിക്കാന്‍ നോക്കുകയാണ്. തൂക്കിയിട്ട വലിയ പ്ലാസ്റ്റിക് പാട്ടയില്‍ ഉറക്കെ കൊട്ടി ശബ്ദമുണ്ടാക്കി. ഓരോ കൊട്ടിനുമൊപ്പാം 'വിട്ടോ...', 'പൊക്കോള്‍ട്ടോ' എന്നിങ്ങനെ ചെകിടടയ്ക്കുന്ന ശബ്ദത്തില്‍ ഉറക്കെ പറയുന്നുമുണ്ട് സ്റ്റീഫന്‍. അടുത്തുവരാതെ പോകണമെന്ന ആ നിര്‍ദ്ദേശത്തില്‍ സ്‌നേഹം കലര്‍ന്ന ഒരാജ്ഞയുണ്ട്.
അതുവരെ മൂങ്ങയുടെ മൂളലും പേരറിയാത്ത മറ്റനേകം നിശാപക്ഷികളുടെ വര്‍ത്തമാനങ്ങളും മാത്രമുണ്ടായിരുന്ന കാടിന്റെ ശബ്ദലോകം എത്രപെട്ടെന്നാണ് മാറിപ്പോയത്! പാട്ടകൊട്ട് കേട്ട് വിജയന്‍ ചെവിപൊത്തി. 'ഈ കൊട്ടൊന്ന് നിര്‍ത്ത്, ആനയടുത്ത് വരട്ടേ'യെന്ന സാഹസികഭാവത്തിലായിരുന്നു ബാലരവിയും ഷജിലും. പതിവുപോലെ 'എന്തായാലും എനിക്കെന്ത്' എന്ന ഭാവത്തില്‍ ശ്രീകുമാര്‍.
സ്റ്റീഫന്റെ 'ഭൂതാവേശ'ത്തിന് മറ്റൊരു ചിന്നംവിളിയോടെയാണ് പ്രതികരണം വന്നത്. 'പേടിപ്പിച്ചോടിക്കാന്‍' നോക്കിയപ്പോള്‍ പേടിക്കാതങ്ങനെ നിന്ന അമ്മയെപ്പോലെ അവര്‍ പിന്‍വാങ്ങാതെ നിന്നു. വേണമെങ്കില്‍ പിന്നെയുമുണ്ട് ഏറുമാടത്തില്‍ പേടിപ്പിക്കാനുള്ള ആയുധങ്ങള്‍. പന്തം, തകരപ്പാട്ട എന്നിങ്ങനെ. പക്ഷേ, അതിനുമുമ്പേ ചിന്നംവിളി അകന്നുപോയി.
എല്ലാവരും വീണ്ടും കിടന്നു. സ്റ്റീഫന്‍ ഒഴികെ. ഏറുമാടത്തില്‍ നിന്നിറങ്ങി താഴെ അദ്ദേഹം വീണ്ടും തീ കൂട്ടി. വിറകും തടികളും കൂട്ടി സന്ധ്യയ്ക്കുതന്നെ തീയിട്ടതാണെങ്കിലും അതണഞ്ഞുപോയിരുന്നു. തീ കണ്ടാലും പുക ശ്വസിച്ചാലും ആനക്കൂട്ടം അടുത്തുവരില്ലെന്നാണ് പറയുക. പക്ഷേ, ഒരു മണിക്കൂര്‍ കഴിയുംമുമ്പേ മറ്റൊരു ഭാഗത്ത് വീണ്ടും കാടനക്കം.പാട്ടകൊട്ടലും തീ കൂട്ടലും ആവര്‍ത്തിച്ചു. അങ്ങനെ മൂന്നുതവണ.
നിലാവു പരന്ന ആ രാത്രി മുഴുവന്‍ ആരും ഉറങ്ങിയില്ല.
കാടു കാണാന്‍ വരുന്നവര്‍ക്ക് അതൊരു ആഹ്ലാദവും ആവേശവുമാകാം. എന്നാല്‍ രാത്രിയും പകലും കാടിനു കാവല്‍കിടക്കുന്ന ഈ ദിവസവേതനക്കാര്‍ക്ക് എന്താണ് ജീവിതം?
റേഞ്ച് ഓഫീസര്‍ അന്‍വറിനോടൊപ്പം ബോട്ടില്‍ കാടിന്റെ ഓരംചേര്‍ന്ന് ഏറുമാടത്തിന് അടുത്തെത്തുമ്പോള്‍ എതിരെ ഫൈബര്‍ വഞ്ചിയില്‍ തുഴഞ്ഞുവന്നു സ്റ്റീഫന്‍. പുഴയില്‍ വലയിടാനും അക്കരെനിന്ന് സാധനങ്ങള്‍ വാങ്ങാനുമെല്ലാം പോയിവരുന്നതാണ്. പിന്നെ ഏറുമാടത്തിന് താഴെ 'അടുക്കള'യില്‍ ഇഞ്ചിയും നാരങ്ങയും ചേര്‍ത്ത ചായ തയ്യാറായി. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡ്ഡില്‍ ചിമ്മിണിവിളക്ക് തെളിഞ്ഞു. സൗരോര്‍ജ്ജവേലികള്‍ നാളേറെയായി പ്രവര്‍ത്തിക്കാത്തതിനാല്‍ തീകൂട്ടി സുരക്ഷാവലയമൊരുക്കി. അരമണിക്കൂറിനുള്ളില്‍ അത്താഴം. കഞ്ഞിയും ഉണക്കമീന്‍ വറുത്തതും മുളകുചമ്മന്തിയും. കൈയില്‍ കരുതിയ ഭക്ഷണം പഴവും റസ്‌കും പപ്പടവടയുമായിരുന്നു. നാടന്‍ രുചി നുണഞ്ഞപ്പോള്‍ അതാര്‍ക്കും വേണ്ടാതായി.
കൂട്ടില്‍ വന്ന അതിഥി
ബോട്ടില്‍ വരുമ്പോള്‍ മറ്റൊരു അതിഥിയേക്കൂടി അന്‍വര്‍ കൂടെ കൂട്ടിയിരുന്നു. നാട്ടുകാര്‍ പോലീസില്‍ ഏല്പിച്ച വെള്ളിമൂങ്ങ. അന്‍വര്‍ പറഞ്ഞതുപോലെ 'അന്‍വറിനെപ്പോലെ ഒരു പാവം' സന്ധ്യ മയങ്ങിയിട്ടും അത് പറന്നുപോയില്ല. പരിക്കുകളൊന്നും കാണാതായപ്പോള്‍ സ്റ്റീഫന്‍ പറഞ്ഞു -കൂട്ടില്‍ വളര്‍ത്തിയിരുന്നതാവാനാണ് സാധ്യത.
കൂടുതല്‍ പരിചരണത്തിനായി പക്ഷിയെ കൂട്ടില്‍ തിരിച്ചാക്കുന്നതിനു മുമ്പ് മറ്റൊന്നുകൂടി അദ്ദേഹം കണ്ടെത്തി. മൂങ്ങയ്ക്ക് പ്രത്യേകം മണം തോന്നുന്നുവെന്ന്. 'പക്ഷികള്‍ സ്വന്തം കൂട് വൃത്തികേടാക്കാറില്ല' എന്നതുകൊണ്ട് ഇതിലെന്തോ സംശയം തോന്നിയിരിക്കണം സ്റ്റീഫന്. ലക്ഷങ്ങള്‍ വിലയുണ്ടെന്ന് തെറ്റിദ്ധരിച്ച് പലരും വെള്ളിമൂങ്ങയെ പിടിച്ചു വളര്‍ത്തുന്നുണ്ട്. നാട്ടിലെവിടെയെങ്കിലും കണ്ടാല്‍ ഉടനെ പിടികൂടി പോലീസില്‍ ഏല്പിക്കുന്ന നാട്ടുകാരും ഈ പാവത്തോട് ചെയ്യുന്നത് ക്രൂരത മാത്രമല്ല, ശിക്ഷ കിട്ടാവുന്ന നിയമലംഘനം കൂടിയാണ്.
തട്ടേക്കാട് 'പാമ്പ് സങ്കേതം'
52വയസ്സുള്ള സ്റ്റീഫന്‍ കാട്ടില്‍ പെരുമാറുന്നത് ഒരു യുവാവിനേക്കാള്‍ ചുറുചുറുക്കോടെയാണ്. രാത്രി മുഴുവന്‍ ഉറക്കം തടസ്സപ്പെട്ടാലും പുലര്‍ച്ചെ വഞ്ചി തുഴഞ്ഞ് വലയില്‍ മീന്‍ കുടുങ്ങിയോയെന്ന് നോക്കാനിറങ്ങും. 20 കൊല്ലമായി ഇതുതന്നെ ദിനചര്യ. ഇപ്പോള്‍ ദിവസക്കൂലി 250 രൂപ. അവധി ദിവസങ്ങളില്‍ വേതനമില്ല.
കാട്ടിലെ മരത്തേയും മൃഗങ്ങളേയും കാത്തുകൊള്ളാന്‍ ജീവന്‍ വച്ചുള്ള കളിയാണ്.
വിദഗ്ധനായ പാമ്പു പിടിത്തക്കാരന്‍കൂടിയാണ് സ്റ്റീഫന്‍. തട്ടേക്കാട് ധാരാളമുള്ള രാജവെമ്പാലകള്‍ക്ക് ഇദ്ദേഹത്തെ പേടിപ്പിക്കാനാവില്ല. അല്ലെങ്കിലും പാമ്പുകള്‍ ഒരിക്കലും ആക്രമണകാരികളല്ലെന്ന് അദ്ദേഹം അനുഭവംകൊണ്ട് പറയും. രാജവെമ്പാലയെക്കൂടാതെ അണലിയും മൂര്‍ഖനുമെല്ലാം തട്ടേക്കാട് പെരുകിയിട്ടുണ്ട്. സന്ധ്യയായാല്‍ പാമ്പിനെ ചവിട്ടാതെ നടക്കാനാവാത്ത സ്ഥിതി. എങ്കിലും കാട്ടിലെ പാമ്പല്ല, നാട്ടിലെ പാമ്പാണ് സ്റ്റീഫനെ കടിച്ചത്. ഒരു വീട്ടില്‍നിന്ന് അണലിയെ പിടികൂടുന്നതിടെയാണ് കടിയേറ്റത്. ആഴ്ചകളോളം ആസ്പത്രിയില്‍ കിടന്നു. ഇപ്പോഴും പൂര്‍ണ്ണമായി ഉണങ്ങാത്ത മുറിവ് ഭേദമാകാന്‍ ശസ്ത്രക്രിയവേണം.
പാമ്പുകള്‍ മാത്രമല്ല, ആനകളും പെരുകിയിരിക്കുന്നു തട്ടേക്കാട്. മൊത്തം വിസ്തൃതി 25 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ഈ കൊച്ചുകാട്ടില്‍ ആനകള്‍ക്ക് വേണ്ടത്ര ഇടമില്ലാത്ത സ്ഥിതിയാണ്. ആനത്താരകള്‍ പലതും നഷ്ടപ്പെടുകയും ചെയ്തു. മറ്റു കാടുകളിലെ ആനകളേക്കാള്‍ ആക്രമണ സ്വഭാവമുള്ളവയാണ് ഇവിടെയുള്ളവയെന്ന് പറയുന്നു. ഒഴിഞ്ഞുമാറുകയല്ല, ഒളിഞ്ഞിരുന്ന് ആക്രമിക്കുകയാണ് ഇവയുടെ ശീലം. അതുകൊണ്ടുതന്നെയാണ് കാട്ടുപാത ഒഴിവാക്കി ബോട്ടിലൂടെ ഏറുമാടത്തിലെത്തിയത്. മാക്കാച്ചിക്കാട (Frogmouth bird) എന്ന അപൂര്‍വ്വയിനം പക്ഷികളെ കാണാന്‍ റേഞ്ച് ഓഫീസറോടൊപ്പം ജീപ്പില്‍ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞത് 'ആനയെ കാണാതിരുന്നാല്‍ മതിയായിരുന്നു' എന്നാണ്. ഏറുമാടത്തില്‍ കയറുംമുമ്പേ സ്റ്റീഫനും രാജനും പറഞ്ഞതും അതുതന്നെ.
എങ്കിലും കാട്ടില്‍ 'അതിക്രമിച്ച്' കയറിയവരെത്തേടി അവരെത്തിയിരുന്നു എന്നതിന്റെ അടയാളങ്ങള്‍ രാവിലെ പുറത്തിറങ്ങിയപ്പോള്‍ കണ്ടു. കാടിനെക്കാത്ത് കിടക്കുന്നവരുടെ ശാസനയും ആജ്ഞയും കേട്ട് അവര്‍ തിരിച്ചുപോയതാവാം.
Text: M.K.Krishnakumar. Photos: Balaravi, Vijayan, Shajil
No comments:
Post a Comment