Showing posts with label Travel. Show all posts
Showing posts with label Travel. Show all posts

Wednesday, December 12, 2018

താളം, തുഴയുടെ താളം


കൊതുമ്പുവള്ളം കുട്ടനാടിന്റെ ജീവിതനൗകയാണ്. അതിന്റെ പാശ്ചാത്യരൂപമാണ് ഒരര്‍ഥത്തില്‍ കയാക്ക്. ഇന്ന് കുട്ടനാടിനെ അറിയാന്‍ സഞ്ചാരികള്‍ കയാക്കിങ് ആശ്രയിക്കുന്നു... 

ജനിച്ചതും വളര്‍ന്നതും ലണ്ടനിലാണെങ്കിലും ദീപേഷ് പട്ടേല്‍ ഗുജറാത്തിയാണ്. മാതൃഭാഷ മറന്നിട്ടുമില്ല. തണുത്തുറഞ്ഞ് കിടക്കുന്ന ലണ്ടനില്‍ നിന്ന് കേരളത്തിന്റെ ചൂടു നുകരാനെത്തിയതാണീ കുംഭമാസത്തില്‍ അയാള്‍. പമ്പാനദിയിലൂടെ ഒരു കയാക്കിങ്, തട്ടേക്കാട്ടില്‍ പക്ഷി നിരീക്ഷണം. പിന്നെ കൊച്ചി മുംബൈ വഴി ലണ്ടന്‍.. തിരക്കേറിയ ഐ.ടി. മേഖലയിലെ ജോലിക്കിടയില്‍ ഒന്നു റിലാക്‌സ് ചെയ്യുക. അതാണ് ലക്ഷ്യം.

ആലപ്പുഴ ചേന്നങ്കരിയിലെ അക്കരക്കളം മെമ്മയേഴ്‌സ് 150 വര്‍ഷം പഴക്കമുള്ള കുട്ടനാടന്‍ വീടാണ്. താമസത്തിന് തിരഞ്ഞെടുത്തത് ഈ റിസോര്‍ട്ടാണ്. കുട്ടനാടിനെ കുറിച്ച് വായിച്ചറിഞ്ഞതു മുതലുളള കൗതുകമാണ് ഇവിടെയെത്തിച്ചത്. കൊച്ചിയിലെ കാലിപ്‌സോ അഡ്വഞ്ചേഴ്‌സാണ് അയാള്‍ക്ക് കയാക്കിങിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത്. രാവിലെ 10 മണിക്കു തന്നെ വെയിലു ചൂടുപിടിച്ചു തുടങ്ങിയിരുന്നു. കായല്‍ക്കാറ്റില്‍ അതറിയുന്നില്ലെന്നു മാത്രം. കയാക്കിങിനുള്ള ചെറുവള്ളത്തില്‍ കയറി തുഴയെറിഞ്ഞയാള്‍ നെടുമുടിയിലേക്കു യാത്ര തിരിച്ചു. ഒപ്പം കാലിപ്‌സോയുടെ കയാക്കിങ് താരങ്ങളായ നൈനേഷും പ്രവീണും ഹരിയും. പിന്നെ ഞങ്ങളും.

വഴിക്ക് 'ഐല്‍ ഹെവന്‍' റിസോര്‍ട്ടിനടുത്തെത്തിയപ്പോള്‍ കരയിലൊരു വിദേശി കുടുംബം. കൈ വീശിയും ടാറ്റാ കാണിച്ചും അവര്‍ ആനന്ദം പങ്കിടുന്നതു കണ്ടപ്പോള്‍ ദീപേഷ് കയാക്ക് അങ്ങോട്ടടുപ്പിച്ചു. ഹോളണ്ടുകാരനായ ഹാന്‍സും ഭാര്യ റിയാന്‍ നോപ്പും മക്കളായ പെല്ലോയും ഇന്ത്യയും അടങ്ങുന്ന കുടുംബം കേരളം കാണാന്‍ എത്തിയിരിക്കുകയാണ്. ഇളയ മകളുടെ പേരിനു പിന്നിലൊരു ഇന്ത്യന്‍ കണക്ഷനുമുണ്ട്. ''ഞാന്‍ പാതി ഇന്ത്യനാണ്. അച്ഛന്‍ ഹിമാചല്‍ പ്രദേശുകാരനാണ്. ഞാന്‍ കണ്ടിട്ടില്ല. അമ്മ പറഞ്ഞറിവു മാത്രം. അമ്മ കുറേക്കാലം ഹിമാചല്‍ പ്രദേശിലായിരുന്നു. ഇന്ത്യയോടുള്ള എന്റെ പിതൃബന്ധമാണ് ഈ പേരിനു പിന്നില്‍.'' റിയാന്‍ പറഞ്ഞു.

കയാക്ക് കണ്ടപ്പോള്‍ റിയാനക്ക് തുഴയാന്‍ മോഹം. യൂറോപ്പിലെ കുട്ടനാടാണ് ഹോളണ്ട്. അവര്‍ക്ക് വള്ളവും തുഴയും പുത്തരിയല്ല. വള്ളത്തില്‍ കയറിയപ്പോള്‍ കരയില്‍ ഹാന്‍സിന്റെ കമന്റ് ''നൗ യു ലൂക്ക് ലൈക്ക് എ ബോളിവുഡ് സ്റ്റാര്‍, ഡാര്‍ലിങ്.'' പരിചയ സമ്പന്നയായ കയാക്കിങ് താരത്തെ പോലെ റിയാന്‍ തുഴയെറിഞ്ഞു. ഒപ്പം പ്രവീണും.

നെടുമുടിയിലെ കൈത്തോടുകളിലൂടെ ഒന്നു കറങ്ങി വീണ്ടും ആറ്റിലെത്തിയപ്പോള്‍ ഹരി കയാക്ക് ഒന്നു വെട്ടിതിരിച്ചു. അത് കമഴ്ന്നടിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചതിനാല്‍ പൊങ്ങി കിടന്നെങ്കിലും മറിഞ്ഞ കയാക്ക് നേരെയാക്കാന്‍ അല്‍പ്പം പാടുപെട്ടു. നൈനേഷ് സഹായത്തിനെത്തി. കയാക്കിലെ വെള്ളം കളഞ്ഞ് വീണ്ടും യാത്ര.സന്തോഷകരമായൊരു അനുഭവം സമ്മാനിച്ചതിന് എത്ര നന്ദി പറഞ്ഞിട്ടും റിയാന് മതിയാവുന്നില്ല.



ദീപേഷിന്റെ യാത്ര പക്ഷേ ഇവിടെ തീരുന്നില്ല. ഒരു ദിവസം കൂടി കുട്ടനാട്ടില്‍ കറങ്ങാനാണ് പ്ലാന്‍. പിന്നെ തട്ടേക്കാട് പക്ഷി സങ്കേതത്തിലും. കായല്‍ പക്ഷി നീരീക്ഷണത്തിന് ഏറ്റവും നല്ലത് കയാക്കിങ് ആണ്. ഒച്ചയില്ലാതെ തുഴഞ്ഞു പോവാം. പക്ഷികളുടെ പടമെടുക്കാം. പക്ഷി നീരീക്ഷണം ഹോബിയായി കൊണ്ടു നടക്കുന്ന ദീപേഷ് അതു കൊണ്ടു കൂടിയാണ് ഈ ഇന്ത്യന്‍ വെക്കേഷന്‍ കയാക്കിങ്ങിനായി മാറ്റി വെച്ചത്. 


Text: G Jyothilal, Photos: B Muralikrishnan

Wednesday, October 10, 2018

കാടിന്റെ രാത്രി കാവല്‍ക്കാര്‍


ഏറുമാടത്തില്‍ പാതിമയക്കത്തില്‍ കിടക്കുമ്പോള്‍ താഴെ ഈറ്റച്ചില്ലകള്‍ ഒടിയുന്ന ശബ്ദം. പിന്നാലെ ഇടറിയ ചിന്നംവിളി. അതാ, അവര്‍ വരുന്നുണ്ട്.

ഭയവും സന്തോഷവും ഒപ്പത്തിനൊപ്പമാണ്. കാടുകയറി വന്ന അതിഥികളെ വിരട്ടിയോടിക്കണമെന്ന് 'സഹ്യന്റെ മക്കള്‍ക്ക്' തോന്നിയാല്‍ നാല് തേക്കുമരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടം കാറ്റിലെന്നപോലെ വിറച്ചേക്കും. തുമ്പിയൊന്നുയര്‍ത്തിയാല്‍ താഴത്തെ തട്ടുകള്‍ വലിച്ചിടാം.

പല കാടുകളില്‍ രാത്രിയും പകലുമെല്ലാം ആനക്കൂട്ടങ്ങളെ കണ്ടിട്ടുണ്ടെങ്കിലും തട്ടേക്കാട് ഇത്രയുമടുത്ത് മരമുകളിലിരുന്നൊരു അര്‍ധരാത്രി കാഴ്ച ആദ്യമാണെന്നതിന്റെ ആഹ്ലാദമുണ്ട്.
ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റുനോക്കി. കൂടെയുള്ളവരെല്ലാം ഉറക്കത്തിലായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ നാലു തലകളും ചുറ്റും ആനയെ തിരയുകയാണ്.

'അലറലോടലറല്‍' കുറേക്കൂടി ഉച്ചത്തിലായി. ഒന്നോ രണ്ടോ അല്ല കൂട്ടമായി വരുന്നതെന്ന് ഉറപ്പ്. മനസ്സില്‍ വീണ്ടും കൂട്ടലും കിഴിക്കലും. തുമ്പി ഉയര്‍ത്തിയാല്‍ എത്താത്ത ഉയരമുണ്ടായിരിക്കും ഏറുമാടത്തിന്റെ അടിത്തട്ടിന്? കൊമ്പിന്റെ ഉശിരില്‍ കുലുങ്ങാത്ത ബലമുണ്ടായിരിക്കും പാതി വളര്‍ന്ന ഈ തേക്കുമരങ്ങള്‍ക്ക്?


പക്ഷേ, ഒരു പരീക്ഷണത്തിനും തയ്യാറായിരുന്നില്ല, കാടിന്റെ കാവല്‍ക്കാര്‍ സ്റ്റീഫനും രാജനും. പൂതപ്പാട്ടിലെ ഭൂതത്തെപ്പോലെ സ്റ്റീഫന്‍ പേടിപ്പിച്ചോടിക്കാന്‍ നോക്കുകയാണ്. തൂക്കിയിട്ട വലിയ പ്ലാസ്റ്റിക് പാട്ടയില്‍ ഉറക്കെ കൊട്ടി ശബ്ദമുണ്ടാക്കി. ഓരോ കൊട്ടിനുമൊപ്പാം 'വിട്ടോ...', 'പൊക്കോള്‍ട്ടോ' എന്നിങ്ങനെ ചെകിടടയ്ക്കുന്ന ശബ്ദത്തില്‍ ഉറക്കെ പറയുന്നുമുണ്ട് സ്റ്റീഫന്‍. അടുത്തുവരാതെ പോകണമെന്ന ആ നിര്‍ദ്ദേശത്തില്‍ സ്‌നേഹം കലര്‍ന്ന ഒരാജ്ഞയുണ്ട്.

അതുവരെ മൂങ്ങയുടെ മൂളലും പേരറിയാത്ത മറ്റനേകം നിശാപക്ഷികളുടെ വര്‍ത്തമാനങ്ങളും മാത്രമുണ്ടായിരുന്ന കാടിന്റെ ശബ്ദലോകം എത്രപെട്ടെന്നാണ് മാറിപ്പോയത്! പാട്ടകൊട്ട് കേട്ട് വിജയന്‍ ചെവിപൊത്തി. 'ഈ കൊട്ടൊന്ന് നിര്‍ത്ത്, ആനയടുത്ത് വരട്ടേ'യെന്ന സാഹസികഭാവത്തിലായിരുന്നു ബാലരവിയും ഷജിലും. പതിവുപോലെ 'എന്തായാലും എനിക്കെന്ത്' എന്ന ഭാവത്തില്‍ ശ്രീകുമാര്‍.


സ്റ്റീഫന്റെ 'ഭൂതാവേശ'ത്തിന് മറ്റൊരു ചിന്നംവിളിയോടെയാണ് പ്രതികരണം വന്നത്. 'പേടിപ്പിച്ചോടിക്കാന്‍' നോക്കിയപ്പോള്‍ പേടിക്കാതങ്ങനെ നിന്ന അമ്മയെപ്പോലെ അവര്‍ പിന്‍വാങ്ങാതെ നിന്നു. വേണമെങ്കില്‍ പിന്നെയുമുണ്ട് ഏറുമാടത്തില്‍ പേടിപ്പിക്കാനുള്ള ആയുധങ്ങള്‍. പന്തം, തകരപ്പാട്ട എന്നിങ്ങനെ. പക്ഷേ, അതിനുമുമ്പേ ചിന്നംവിളി അകന്നുപോയി.
എല്ലാവരും വീണ്ടും കിടന്നു. സ്റ്റീഫന്‍ ഒഴികെ. ഏറുമാടത്തില്‍ നിന്നിറങ്ങി താഴെ അദ്ദേഹം വീണ്ടും തീ കൂട്ടി. വിറകും തടികളും കൂട്ടി സന്ധ്യയ്ക്കുതന്നെ തീയിട്ടതാണെങ്കിലും അതണഞ്ഞുപോയിരുന്നു. തീ കണ്ടാലും പുക ശ്വസിച്ചാലും ആനക്കൂട്ടം അടുത്തുവരില്ലെന്നാണ് പറയുക. പക്ഷേ, ഒരു മണിക്കൂര്‍ കഴിയുംമുമ്പേ മറ്റൊരു ഭാഗത്ത് വീണ്ടും കാടനക്കം.പാട്ടകൊട്ടലും തീ കൂട്ടലും ആവര്‍ത്തിച്ചു. അങ്ങനെ മൂന്നുതവണ.
നിലാവു പരന്ന ആ രാത്രി മുഴുവന്‍ ആരും ഉറങ്ങിയില്ല.

കാടു കാണാന്‍ വരുന്നവര്‍ക്ക് അതൊരു ആഹ്ലാദവും ആവേശവുമാകാം. എന്നാല്‍ രാത്രിയും പകലും കാടിനു കാവല്‍കിടക്കുന്ന ഈ ദിവസവേതനക്കാര്‍ക്ക് എന്താണ് ജീവിതം?


റേഞ്ച് ഓഫീസര്‍ അന്‍വറിനോടൊപ്പം ബോട്ടില്‍ കാടിന്റെ ഓരംചേര്‍ന്ന് ഏറുമാടത്തിന് അടുത്തെത്തുമ്പോള്‍ എതിരെ ഫൈബര്‍ വഞ്ചിയില്‍ തുഴഞ്ഞുവന്നു സ്റ്റീഫന്‍. പുഴയില്‍ വലയിടാനും അക്കരെനിന്ന് സാധനങ്ങള്‍ വാങ്ങാനുമെല്ലാം പോയിവരുന്നതാണ്. പിന്നെ ഏറുമാടത്തിന് താഴെ 'അടുക്കള'യില്‍ ഇഞ്ചിയും നാരങ്ങയും ചേര്‍ത്ത ചായ തയ്യാറായി. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡ്ഡില്‍ ചിമ്മിണിവിളക്ക് തെളിഞ്ഞു. സൗരോര്‍ജ്ജവേലികള്‍ നാളേറെയായി പ്രവര്‍ത്തിക്കാത്തതിനാല്‍ തീകൂട്ടി സുരക്ഷാവലയമൊരുക്കി. അരമണിക്കൂറിനുള്ളില്‍ അത്താഴം. കഞ്ഞിയും ഉണക്കമീന്‍ വറുത്തതും മുളകുചമ്മന്തിയും. കൈയില്‍ കരുതിയ ഭക്ഷണം പഴവും റസ്‌കും പപ്പടവടയുമായിരുന്നു. നാടന്‍ രുചി നുണഞ്ഞപ്പോള്‍ അതാര്‍ക്കും വേണ്ടാതായി.


കൂട്ടില്‍ വന്ന അതിഥി

ബോട്ടില്‍ വരുമ്പോള്‍ മറ്റൊരു അതിഥിയേക്കൂടി അന്‍വര്‍ കൂടെ കൂട്ടിയിരുന്നു. നാട്ടുകാര്‍ പോലീസില്‍ ഏല്പിച്ച വെള്ളിമൂങ്ങ. അന്‍വര്‍ പറഞ്ഞതുപോലെ 'അന്‍വറിനെപ്പോലെ ഒരു പാവം' സന്ധ്യ മയങ്ങിയിട്ടും അത് പറന്നുപോയില്ല. പരിക്കുകളൊന്നും കാണാതായപ്പോള്‍ സ്റ്റീഫന്‍ പറഞ്ഞു -കൂട്ടില്‍ വളര്‍ത്തിയിരുന്നതാവാനാണ് സാധ്യത.

കൂടുതല്‍ പരിചരണത്തിനായി പക്ഷിയെ കൂട്ടില്‍ തിരിച്ചാക്കുന്നതിനു മുമ്പ് മറ്റൊന്നുകൂടി അദ്ദേഹം കണ്ടെത്തി. മൂങ്ങയ്ക്ക് പ്രത്യേകം മണം തോന്നുന്നുവെന്ന്. 'പക്ഷികള്‍ സ്വന്തം കൂട് വൃത്തികേടാക്കാറില്ല' എന്നതുകൊണ്ട് ഇതിലെന്തോ സംശയം തോന്നിയിരിക്കണം സ്റ്റീഫന്. ലക്ഷങ്ങള്‍ വിലയുണ്ടെന്ന് തെറ്റിദ്ധരിച്ച് പലരും വെള്ളിമൂങ്ങയെ പിടിച്ചു വളര്‍ത്തുന്നുണ്ട്. നാട്ടിലെവിടെയെങ്കിലും കണ്ടാല്‍ ഉടനെ പിടികൂടി പോലീസില്‍ ഏല്പിക്കുന്ന നാട്ടുകാരും ഈ പാവത്തോട് ചെയ്യുന്നത് ക്രൂരത മാത്രമല്ല, ശിക്ഷ കിട്ടാവുന്ന നിയമലംഘനം കൂടിയാണ്.


തട്ടേക്കാട് 'പാമ്പ് സങ്കേതം'
52വയസ്സുള്ള സ്റ്റീഫന്‍ കാട്ടില്‍ പെരുമാറുന്നത് ഒരു യുവാവിനേക്കാള്‍ ചുറുചുറുക്കോടെയാണ്. രാത്രി മുഴുവന്‍ ഉറക്കം തടസ്സപ്പെട്ടാലും പുലര്‍ച്ചെ വഞ്ചി തുഴഞ്ഞ് വലയില്‍ മീന്‍ കുടുങ്ങിയോയെന്ന് നോക്കാനിറങ്ങും. 20 കൊല്ലമായി ഇതുതന്നെ ദിനചര്യ. ഇപ്പോള്‍ ദിവസക്കൂലി 250 രൂപ. അവധി ദിവസങ്ങളില്‍ വേതനമില്ല.

കാട്ടിലെ മരത്തേയും മൃഗങ്ങളേയും കാത്തുകൊള്ളാന്‍ ജീവന്‍ വച്ചുള്ള കളിയാണ്.
വിദഗ്ധനായ പാമ്പു പിടിത്തക്കാരന്‍കൂടിയാണ് സ്റ്റീഫന്‍. തട്ടേക്കാട് ധാരാളമുള്ള രാജവെമ്പാലകള്‍ക്ക് ഇദ്ദേഹത്തെ പേടിപ്പിക്കാനാവില്ല. അല്ലെങ്കിലും പാമ്പുകള്‍ ഒരിക്കലും ആക്രമണകാരികളല്ലെന്ന് അദ്ദേഹം അനുഭവംകൊണ്ട് പറയും. രാജവെമ്പാലയെക്കൂടാതെ അണലിയും മൂര്‍ഖനുമെല്ലാം തട്ടേക്കാട് പെരുകിയിട്ടുണ്ട്. സന്ധ്യയായാല്‍ പാമ്പിനെ ചവിട്ടാതെ നടക്കാനാവാത്ത സ്ഥിതി. എങ്കിലും കാട്ടിലെ പാമ്പല്ല, നാട്ടിലെ പാമ്പാണ് സ്റ്റീഫനെ കടിച്ചത്. ഒരു വീട്ടില്‍നിന്ന് അണലിയെ പിടികൂടുന്നതിടെയാണ് കടിയേറ്റത്. ആഴ്ചകളോളം ആസ്​പത്രിയില്‍ കിടന്നു. ഇപ്പോഴും പൂര്‍ണ്ണമായി ഉണങ്ങാത്ത മുറിവ് ഭേദമാകാന്‍ ശസ്ത്രക്രിയവേണം.

പാമ്പുകള്‍ മാത്രമല്ല, ആനകളും പെരുകിയിരിക്കുന്നു തട്ടേക്കാട്. മൊത്തം വിസ്തൃതി 25 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ഈ കൊച്ചുകാട്ടില്‍ ആനകള്‍ക്ക് വേണ്ടത്ര ഇടമില്ലാത്ത സ്ഥിതിയാണ്. ആനത്താരകള്‍ പലതും നഷ്ടപ്പെടുകയും ചെയ്തു. മറ്റു കാടുകളിലെ ആനകളേക്കാള്‍ ആക്രമണ സ്വഭാവമുള്ളവയാണ് ഇവിടെയുള്ളവയെന്ന് പറയുന്നു. ഒഴിഞ്ഞുമാറുകയല്ല, ഒളിഞ്ഞിരുന്ന് ആക്രമിക്കുകയാണ് ഇവയുടെ ശീലം. അതുകൊണ്ടുതന്നെയാണ് കാട്ടുപാത ഒഴിവാക്കി ബോട്ടിലൂടെ ഏറുമാടത്തിലെത്തിയത്. മാക്കാച്ചിക്കാട (Frogmouth bird) എന്ന അപൂര്‍വ്വയിനം പക്ഷികളെ കാണാന്‍ റേഞ്ച് ഓഫീസറോടൊപ്പം ജീപ്പില്‍ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞത് 'ആനയെ കാണാതിരുന്നാല്‍ മതിയായിരുന്നു' എന്നാണ്. ഏറുമാടത്തില്‍ കയറുംമുമ്പേ സ്റ്റീഫനും രാജനും പറഞ്ഞതും അതുതന്നെ.

എങ്കിലും കാട്ടില്‍ 'അതിക്രമിച്ച്' കയറിയവരെത്തേടി അവരെത്തിയിരുന്നു എന്നതിന്റെ അടയാളങ്ങള്‍ രാവിലെ പുറത്തിറങ്ങിയപ്പോള്‍ കണ്ടു. കാടിനെക്കാത്ത് കിടക്കുന്നവരുടെ ശാസനയും ആജ്ഞയും കേട്ട് അവര്‍ തിരിച്ചുപോയതാവാം.


Text: M.K.Krishnakumar. Photos: Balaravi, Vijayan, Shajil

Tuesday, May 1, 2018

റാണിപുരത്തെ വിശേഷങ്ങള്‍

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനു കിഴക്കുള്ള റാണിപുരം അരികെയുണ്ടായിട്ടും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ലാത്ത, കാണാന്‍ ഒരുപാട് ആഗ്രഹിച്ച വിനോദസഞ്ചാരകേന്ദ്രമായിരുന്നു. ഞങ്ങള്‍ കൂട്ടുകാര്‍! റാണിപുരം ട്രിപ്പ് മൂന്നു പ്രാവശ്യം പ്ലാന്‍ ചെയ്തുവെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നിരുന്നില്ല.

അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങള്‍ നാല്‌പേര്‍ റാണിപുരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പുറപ്പെട്ടു. ട്രെയിന്‍ സുഹൃത്തുക്കളായ ഞങ്ങളുടെ സ്ഥിരം തട്ടകമായ 'മംഗലാപുരം ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സ് ' വണ്ടിയില്‍ രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് എത്താമെന്നായിരുന്നു ഞങ്ങളുടെ കണക്കുക്കൂട്ടല്‍. ഇങ്ങനെയുള്ള യാത്രകളിലെ സ്ഥിരം മെമ്പര്‍മാരായ ബൈജുവും ഷഫീകും ഞാനും കൂടാതെ ഷാഫറും ഞങ്ങളുടെ കൂടെ വരാന്‍ താല്പര്യപ്പെട്ടു. ഷാഫറും ഞാനും കാസറഗോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ഉപ്പളയില്‍ നിന്ന് കയറേണ്ട ബൈജു തനിക്ക് ട്രെയിന്‍ മിസ്സായി എന്നറിയിച്ചു വിളിച്ചത്. എന്തായാലും ഞങ്ങള്‍ ഈ വണ്ടിക്ക് തന്നെ പോവുന്നെന്നും താന്‍ അടുത്ത വണ്ടിയില്‍ വന്നാല്‍ മതിയെന്നും കാഞ്ഞങ്ങാട് കാത്തു നില്‍ക്കാമെന്നും അവനെ അറിയിച്ചു ഞങ്ങള്‍ കോട്ടിക്കുളം സ്‌റ്റേഷനില്‍ നിന്ന് കയറിയ ഷഫീകുമായി കാഞ്ഞങ്ങാട് ഇറങ്ങി ബൈജുവിനെ കാത്തു പ്ലാറ്റ്‌ഫോമില്‍ വിശ്രമിച്ചു. ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥിരഅംഗത്വമുള്ള ഞങ്ങള്‍ ടിക്കറ്റ് എടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.....

പ്രഭാതത്തിന്റെ കുളിരും മനസ്സിലെ ത്രില്ലും അനുഭവിച്ചു പ്ലാറ്റ്‌ഫോമിലിരുന്ന ഞങ്ങളുടെ മനസ്സുകളില്‍ പല ഓര്‍മകളും തത്തിക്കളിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഷഫീക്കിന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി....! ' നമ്മള്‍ കാട്ടിലേക്കല്ലേ പോവുന്നത്, അവിടെ മുയലും മറ്റു മൃഗങ്ങളും ഉണ്ടാവില്ലേ. തോക്ക് ഉണ്ടായിരുന്നുവെങ്കില്‍! വെടിവെച്ചു വേട്ടയാടാമായിരുന്നു' ഷഫീക് പറഞ്ഞു. പിന്നീടായിരുന്നു ഷഫീകിന്റെ പ്രശസ്തമായ ഉദ്ധരണി വെളിച്ചം കണ്ടത്(പിന്നീടു ഞങ്ങളത് പറഞ്ഞു പ്രശസ്തമാക്കിയതാണ്) ' ന്റെ ഉപ്പപ്പാക്ക് ഒരു തോക്കുണ്ടായിരുന്നു, രണ്ടു കുഴലുകളുള്ള നീളമുള്ള ഒരു തോക്ക്!'. ഇപ്പോള്‍ ആ തോക്ക് തന്റെ അമ്മാവന്റെ കൈയിലാണെന്നും അത് കിട്ടിയിരുന്നെങ്കില്‍ വേട്ടയാടാമായിരുന്നു എന്നും ഷഫീക് തട്ടിവിട്ടു. ഷഫീക് തന്റെ ഉപ്പാപ്പയുടെ വീരസാഹസികകൃത്യങ്ങള്‍ വിവരിച്ചു കൊണ്ടിരുന്നത് കേട്ട ഷാഫറിന്റെ തലയിലും ഒരു കൊള്ളിയാന്‍ മിന്നി. തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു കൊണ്ട് ഷാഫര്‍ , 'പണ്ട് ഞാന്‍ ആദൂരില്‍ പോയിരുന്നപ്പോള്‍ അവിടെയൊക്കെ ആള്‍ക്കാര്‍ രാത്രിയിലാണ് മീന്‍ പിടിക്കുന്നത്. മീന്‍ ഉറങ്ങുമ്പോള്‍ ഒരു വടിയെടുത്തു അടിച്ചു കൊല്ലും'. ഇത് കേട്ടു ഞങ്ങള്‍ ചിരിച്ചു മണ്ണ് കപ്പി. അപ്പോഴാണ് ഷഫീകിന്റെ മനസ്സില്‍ രണ്ടാമത്തെ ലഡ്ഡു പൊട്ടിയത്....! താന്‍ ചെറുപ്പത്തില്‍ പട്‌ലയിലുള്ള ബന്ധുവീട്ടില്‍ പോയി ചെമ്മീന്‍ പിടിച്ചിട്ടുണ്ട് എന്നും അതിന്റെ രീതികളെ കുറിച്ചും ഞങ്ങളോട് പറഞ്ഞു പിടിപ്പിച്ചു. അങ്ങനെ സൊറ പറഞ്ഞിരിക്കുന്ന ഞങ്ങളുടെ എതിരായി ഇരുന്ന ഒരു തട്ടമിട്ട സുന്ദരി ഷഫീകിനെത്തന്നെ നോക്കികൊണ്ടിരുന്നു 'രൂക്ഷമായി'..! തട്ടമിട്ട സുന്ദരിയെ കണ്ടതോടെ ഷഫീക് തനിക്ക് നടുവേദനയാണെന്നും മല കയറാന്‍ പറ്റില്ലെന്നും പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ബൈജു എത്തിയതോടുകൂടി ഷഫീകിനെ പിടിച്ചു കൊണ്ട് പോയി ഞങ്ങള്‍ കാഞ്ഞങ്ങാട് ടൗണിലേക്ക് നടന്നു.

വിശപ്പിന്റെ വിളി തുടങ്ങിയത് കൊണ്ട് എന്തെങ്കിലും കഴിച്ചിട്ടാവാം യാത്രയെന്ന് തീരുമാനിച്ചു ഒരു ഹോട്ടലില്‍ കയറി. ദോശയും ഇഡ്ഡലിയും വെള്ളയപ്പവും ഇടിയപ്പവുമുണ്ട് എന്ന് പറഞ്ഞ സപ്ലയറിനോട് തനിക്ക് ഇതൊന്നും വേണ്ട നൂല്‍പുട്ട് ഉണ്ടോ എന്നായിരുന്നു ഷഫീകിന്റെ അന്വേഷണം. ഇടിയപ്പം തന്നെയാണ് നൂല്‍പുട്ട് എന്ന് സപ്ലയര്‍ പറഞ്ഞപ്പോള്‍ നല്ലൊരു ഇരയെ കിട്ടിയത് ഉപയോഗിച്ച് ഞങ്ങള്‍ മൂന്നു പേരും അവനെ കളിയാക്കി. അങ്ങനെ നാല് വെള്ളയപ്പത്തിനു ഓര്‍ഡര്‍ കൊടുത്തു കാത്തിരുന്ന ഞങ്ങളുടെ മുമ്പില്‍ നാല് പ്ലേറ്റ് അപ്പം വെക്കുകയും തുടര്‍ന്ന് നാല് ഗ്ലാസ് വെള്ളം ഒറ്റക്കയ്യില്‍ പിടിച്ചു ടേബിളിലേക്ക് വെച്ചതും സപ്ലയറുടെ കൈ വഴുതി എല്ലാ പ്ലേറ്റ്കളിലും വെള്ളം നിറഞ്ഞു കിടന്നു. ഇത് കണ്ട ബൈജുവിന്റെ കമന്റ് 'ഇപ്പോഴാണ് ഇത് യഥാര്‍ത്ഥ വെള്ളയപ്പമായത്, പ്ലേറ്റില്‍ വെള്ളവുമായി അപ്പവുമായി'. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ എന്റെ ഉപദേശം ഇതായിരുന്നു 'ലേറ്റ് ആവാന്‍ സമയമില്ല, വേഗം പോവാം'. അങ്ങനെ എനിക്കും കണക്കിന് കിട്ടി. വയറും നിറച്ച് ഞങ്ങള്‍ ബസ്സ്റ്റാന്റ്‌ലേക്ക് വിട്ടു.

ബസ്സ്റ്റാന്റിന്റെ പിറകില്‍ ബസ് നില്‍ക്കുന്നത് കണ്ട ഞങ്ങള്‍ ജനാലക്കരികിലുള്ള സീറ്റില്‍ ഇരുന്നു പ്രകൃതിഭംഗി ആസ്വദിക്കാം എന്ന് കരുതി ഓടിയത് മിച്ചം, ബസ് മുഴുവന്‍ ആളുണ്ടായിരുന്നു. തിങ്ങിനിറഞ്ഞ ബസില്‍ ശരീരം അനക്കാന്‍ പറ്റാത്തത്ര തിരക്കില്‍ കഷ്ട്ടപെട്ടു ഞങ്ങള്‍ റാണിപുരം ലകഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു. ടിക്കറ്റ് എടുക്കാന്‍ വന്ന കണ്ടക്ടറിനോട് ഇരിക്കുന്നവരില്‍ അടുത്തുള്ള സ്‌റ്റോപ്പ്കളില്‍ ഇറങ്ങാനുള്ളവരെക്കുറിച്ച് സെന്‍സസ് എടുക്കുകയും അതനുസരിച്ച് ഓരോരുത്തരും പെട്ടെന്ന് ഇറങ്ങുന്നവരുടെ സീറ്റില്‍ പറ്റിച്ചേര്‍ന്നു സീറ്റിനായി കാത്തുനിന്നു. സീറ്റിലിരുന്ന ഒരു വൃദ്ധന്‍ ഇടയ്ക്കിടയ്ക്ക് എണീക്കുമ്പോള്‍ ഞങ്ങള്‍ അയാളുടെ അടുത്തേക്ക് ആര്‍ത്തിയോടെ സീറ്റ് പിടിക്കാനായി പറ്റിച്ചേരുകയും ഓരോ തവണയും അയാള്‍ ഞങ്ങളെ പറ്റിച്ചു ഉടുമുണ്ട് ശരിയാക്കി വീണ്ടും ഇരിക്കുകയും ചെയ്യും. ഇത് കുറെ പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അവസാനം ക്ഷമകെട്ടു ഞങ്ങള്‍ അയാളോട് ചോദിച്ചു 'ശരിക്കും നിങ്ങള്‍ എവിടെയാണ് ഇറങ്ങുന്നത്?' കുറച്ചു ദൂരം ഇങ്ങനെ സീറ്റിനായി കാത്തുനിന്ന് സാവധാനത്തില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കായി സീറ്റ് ലഭിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒരു വിധത്തില്‍ ഞങ്ങള്‍ പനത്തടിയില്‍ എത്തി.

ബസ് പനത്തടിയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി. ഇനി ജീപ്പിലാണ് പോകേണ്ടത്. അവിടെയുള്ള കടയില്‍ നിന്നും ശരീരം ചാര്‍ജ് ചെയ്യാനുള്ള സാധനങ്ങള്‍ വാങ്ങിച്ചു. രണ്ടു കുപ്പി വെള്ളവും ബിസ്‌കറ്റ് പാക്കറ്റ്കളും ഓറഞ്ചുകളുമായിരുന്നു വാങ്ങിച്ചത്. ജീപ്പ് റാണിപുരം റോഡില്‍ നിര്‍ത്തിയിരിക്കുന്നു. ജീപ്പിനു അടുത്തേക്ക് ചെന്നപ്പോള്‍ പിന്‍ഭാഗത്തെ സീറ്റില്‍ ആള്‍ക്കാര്‍ നിറഞ്ഞിരിക്കുന്നു. മുന്‍സീറ്റില്‍ മൂന്ന് പേര്‍ക്ക് അടുപ്പിച്ചു ഇരിക്കാം. എന്നാലും ഞങ്ങളില്‍ ഒരാള്‍ ബാക്കിയാവും. ഷഫീകിനോട് പിന്നിലെ കമ്പിയില്‍ തൂങ്ങി നില്‍ക്കാന്‍ ഞങ്ങള്‍ പറഞ്ഞു. മൂന്നും നാലും മണിക്കൂര്‍ ഫോണില്‍ തൂങ്ങി സംസാരിക്കുന്ന ഷഫീക്കിനു ജീപ്പില്‍ അരമണിക്കൂര്‍ തൂങ്ങി നില്‍ക്കാന്‍ പറ്റില്ലത്രേ..! അവനെ ഒരു വിധം നിര്‍ബന്ധിപ്പിച്ചു തൂങ്ങിപ്പിടിപ്പിച്ചു. കുട്ടന്‍ എന്നാ സാരഥിയുടെ ജീപ്പില്‍ ആളുകളെ കുത്തി നിറച്ചു കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ ചരിഞ്ഞും കുലുങ്ങിയും ഞങ്ങള്‍ ലകഷ്യസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്നു.

ജനവാസം തീരെ കുറവായ ശാന്തമായ ഒരു സ്ഥലമായിരുന്നു റാണിപുരം ട്രെക്കിങ്ങിനുള്ള സ്റ്റാര്‍ട്ടിംഗ് പോയിന്റ്. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള സഞ്ചാരികള്‍ക്കുള്ള ഗസ്റ്റ് ഹൗസിന്റെ പണി അവിടെ പുരോഗമിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ച കുറച്ചു മനുഷ്യര്‍. വീടുകളെല്ലാം അകലെയായിട്ടാണ് സ്ഥിതിചെയ്യുന്നത്. തൊഴിലാളികളോട് വഴി ചോദിച്ചു. ഞങ്ങളുടെ സാഹസികയാത്രയുടെ തുടക്കം മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കിയ ഒരു അരുവിയില്‍ നിന്നായിരുന്നു. വേനലിന്റെ ആരംഭമായതിനാല്‍ കുറച്ചു വെള്ളം മാത്രം ഒഴുകുന്നുണ്ടായിരുന്ന അരുവിയില്‍ കൈയും കാലും മുഖവും കഴുകി ഫ്രഷ് ആയി. അരുവിക്ക് കുറുകെയായി പൊട്ടിപൊളിഞ്ഞ, ബ്രിട്ടീഷ്‌നിര്‍മ്മാണരീതി ഓര്‍മ്മിപ്പിക്കുന്ന ഒരു പാലമുണ്ട്. അതില്‍ കയറി നിന്നും ഇരുന്നും ചരിഞ്ഞും കുനിഞ്ഞും വിവിധതരം ഫോട്ടോകള്‍ എടുത്തു.

ആദ്യം ലളിതമായ മലകയറ്റം പോലെ അനായാസമായിരുന്നു കാട്ടിലൂടെയുള്ള ട്രെക്കിംഗ്. പിന്നീട് കയറ്റം കുത്തനെയായിത്തുടങ്ങി. മരങ്ങള്‍ തിങ്ങി നിറഞ്ഞ പാതയിലൂടെയായിരുന്നു നടത്തം. കരിയിലകള്‍ നിറഞ്ഞു മണ്ണ് കാണാനാവാത്ത വിധമായിരുന്നു കാട്. ഇടയ്ക്ക് ഈ ഇലകളില്‍ ചവിട്ടി തെന്നുന്നുമുണ്ട്. എന്നാലും പരസ്പരം സഹായിച്ചും പാട്ടുപാടിയും കൂകിവിളിച്ചും മുദ്രാവാക്യം വിളിച്ചും ഫോട്ടോ എടുത്തും മലകയറ്റം ഞങ്ങള്‍ ഒരു ആഘോഷമാക്കി മാറ്റി. മുകളിലേക്ക് എത്തുംതോറും കയറ്റം ബുദ്ധിമുട്ടായി തുടങ്ങി. വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ചും മരക്കമ്പുകള്‍ താങ്ങിയും പുല്ലില്‍ അള്ളിപിടിച്ചും ഒരുവിധം കയറ്റം പൂര്‍ത്തിയായി. വന്‍മരങ്ങളുടെ കൂട്ടം ഞങ്ങളുടെ കാഴ്ചകളെ അതിശയിപ്പിച്ചു. 'വല്ലഭനു പുല്ലും ആയുധം' എന്ന പഴംചൊല്ലിന്റെ ആശയം പണ്ട് സ്‌കൂളില്‍ ടീച്ചര്‍ ഒരുപാട് പഠിപ്പിച്ചു തന്നിരുന്നുവെങ്കിലും കയറ്റത്തിന്റെ ബദ്ധപ്പാടിലാണ് ഈ പഴംചൊല്ലിന്റെ യഥാര്‍ത്ഥ ആശയം ഞങ്ങള്‍ അനുഭവിച്ചു മനസ്സിലാക്കിയത്. അങ്ങനെ ഞങ്ങളും വല്ലഭന്മാരായി..! കുത്തനെയുള്ള കയറ്റത്തിന്റെ അവസാനം ഞങ്ങള്‍ക്ക് ആശ്വാസമായി നിരപ്പായ സ്ഥലത്തെത്തി. അവിടെ ഒരു മരത്തിനടിയില്‍ തണലത്തിരുന്നു വെള്ളവും മിക്ചറും ഓറഞ്ച്ഉം ക്രീംബിസ്‌കറ്റും കഴിച്ചു വിഷപ്പകറ്റി. അപ്പോഴാണ് ഷഫീക് ഒരു കണ്ടുപിടിത്തം നടത്തിയതായി പ്രഖ്യാപിച്ചത്. ആകാംഷയോടെ അവനെയും നോക്കിയിരുന്ന ഞങ്ങള്‍ കണ്ടത് ഒരു കൈയില്‍ ക്രീംബിസ്‌കറ്റും മറുകയ്യില്‍ ഓറഞ്ച്മായി ഒന്നിനുപിറകെ ഒന്നായി അകത്താക്കുന്നതാണ്. എന്നിട്ട് ഒരു ഡയലോഗും 'ക്രീംബിസ്‌കറ്റും ഓറഞ്ച്ഉം സൂപ്പര്‍ കോമ്പിനേഷന്‍ ആണ്. ഇത് രണ്ടും ഒരുമിച്ചു തിന്നു നോക്കൂ, എന്താ ടേസ്റ്റ്... ഞാനാ ഇത് ഇപ്പൊ കണ്ടുപിടിച്ചത്. ഞങ്ങളും ഈ കോമ്പിനേഷന്‍ പരീക്ഷിച്ചു. പറഞ്ഞ പോലെ തന്നെ വ്യത്യസ്തമായ രുചിയാണ്.

ഇനി ഞങ്ങളുടെ മുന്നിലുള്ളത് പുല്‍മേട്കളാല്‍ സമ്പന്നമായ രണ്ടു കുന്നുകളായിരുന്നു, മനോഹരങ്ങളായ ഇരട്ടക്കുന്നുകള്‍. അതില്‍ വലത്തെ ഭാഗത്തെ കുന്നിനു മുകളില്‍ പാറക്കെട്ടുകള്‍ ഭയാനകമായ ഉയരത്തില്‍ നിവര്‍ന്നു നില്‍ക്കുന്നു. ഇത് കണ്ട ഷഫീക് അണ്ടി കണ്ട അണ്ണാനെ പോലെ മുന്നും പിന്നും നോക്കാതെ പാറകള്‍ താണ്ടി ഏറ്റവും ഉയരമുള്ള പാറമുകളില്‍ കയറി നിന്ന് ഫോട്ടോ എടുക്കാന്‍ പറഞ്ഞു. ഞങ്ങളും പിന്നാലെ കയറി. അഗാധതയിലുള്ള, പേടിപ്പെടുത്തുന്ന കൊക്ക കാണുമ്പോള്‍ കാല്‍ വിറക്കുന്നുണ്ടോ എന്നൊരു സംശയം? കുന്നിനു മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. എങ്ങും പാര്‍വതനിരകളും താഴ്‌വാരങ്ങളും, കുടക് മലയായിരുന്നു എതിര്‍വശത്ത്. കേരളത്തിന്റെയും കര്‍ണാടകയുടെയും മലകള്‍ അതിര്‍ത്തി പങ്കുവെക്കുന്ന ഒരുമയുടെ വിളനിലം. ഈ ദൃശ്യഭംഗി ആസ്വദിക്കുന്നതിനിടയിലാണ് അങ്ങകലെ ഞങ്ങള്‍ വന്ന വഴികളില്‍ നിന്ന് ആളനക്കം കേട്ടത്. പത്തു പതിനഞ്ചു പേരടങ്ങിയ ഒരു സംഘം ആയിരുന്നു അത്. പരിചയപെട്ടപ്പോള്‍ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ജോലി നോക്കുന്ന യുവകേസരികള്‍. പ്രൊഫഷണല്‍ ക്യാമറയുമായി വന്ന അവരെ കൊണ്ട് ഞങ്ങളുടെ ഫോട്ടോ എടുപ്പിക്കുകയും ചെയ്തു. അവരോടു കുശലം പറഞ്ഞു തമാശകള്‍ പങ്കുവെച്ച് ഞങ്ങള്‍ രണ്ടാമത്തെ കുന്നിലേക്ക് തിരിച്ചു. അവിടെ ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി പുരാതനമായ കുടിലായിരുന്നു കാണാന്‍ സാധിച്ചത്. ഞങ്ങള്‍ അതിനകത്തേക്ക് ചെന്ന് അകവും പുറവും പരിശോധിച്ചു. ആള്‍ താമസമുള്ളതിന്റെ ലക്ഷണമില്ല. അകത്തു കുറെ പണിയായുധങ്ങളും മറ്റും കിടക്കുന്നു. അവിടെ ഉണ്ടായിരുന്ന പഴയ പത്രങ്ങള്‍ തൊപ്പിയാക്കി ബൈജുവും ഷഫീകും ഷാഫറും ഫോട്ടോക്ക് പോസ് ചെയ്തു. കെട്ടിടവും പരിസരവും സൂക്ഷ്മമായി വീക്ഷിച്ചു ഞങ്ങള്‍ അവിടെ കുറച്ചു കറങ്ങി നടന്നു.

പ്രകൃതിയുടെ എത്ര കണ്ടാലും മതിവരാത്ത മനോഹാരിതയോടു തല്‍ക്കാലത്തേക്കെങ്കിലും നോ പറഞ്ഞു ഞങ്ങള്‍ തിരിച്ചിറങ്ങി. ശരീരം ക്ഷീണിച്ചിരുന്നെങ്കിലും മനസ്സിനു വല്ലാത്തൊരു ഉന്മേഷം. അതിവേഗത്തില്‍ കാട്ടില്‍ തെന്നിയും മറിഞ്ഞും അവസാനം അരുവിയുടെ അരികിലെത്തി. ഒഴുകുന്ന വെള്ളം കണ്ടപ്പോള്‍ ഷഫീകിനു ഒരു കുളി പാസ്സാക്കാന്‍ മോഹം, ഉടനെ ഷഫീക് വെള്ളത്തിലിറങ്ങി. പിന്നാലെ ഞങ്ങളും കൈയും കാലും മുഖവുമൊക്കെ കഴുകി. ആ വെള്ളത്തിന്റെ കുളിര്‍മ്മ ദേഹത്ത് സ്പര്‍ശിച്ചതോടെ ഞങ്ങളുടെ ക്ഷീണം പമ്പ കടന്നു. പ്രകൃതിയുടെ മടിത്തട്ടിലൊഴുകുന്ന വെള്ളത്തിന്റെ മാന്ത്രികത ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു.

തിരിച്ചു പോകാനുള്ള ജീപ്പ് നിര്‍ത്തുന്ന സ്ഥലത്തേക്ക് കുറച്ചു നടന്നു പോകാനുണ്ടായിരുന്നത് കൊണ്ട് ഞങ്ങള്‍ നാല് പേരും അലക്ഷ്യമായി നേരെയും തിരിഞ്ഞും നടന്നു. അതിനിടയില്‍ വഴിയില്‍ ഒരു തെങ്ങോല കണ്ട ഷഫീകിനു വീണ്ടുമൊരു അതിമോഹം ഓലയില്‍ ഇരിക്കുകയും എന്നിട്ട് ആരെങ്കിലും അവനെ വലിച്ചു കൊണ്ടുപോവണം..! ഷഫീക് ഓലയില്‍ ഇരിക്കുകയും ബൈജു ടാറിട്ട ഇറക്കമുള്ള റോഡില്‍ അവനെയും വലിച്ചു അതിവേഗം ഓടുകയും ചെയ്തു. കുറച്ചുദൂരം താണ്ടിയപ്പോള്‍ ഷഫീകിന്റെ അതിദയനീയമായ നിലവിളി കേട്ട് തിരിഞ്ഞു നോക്കിയ ഞങ്ങള്‍ കണ്ടത് അവനിരുന്ന ഓല തേഞ്ഞു അവന്റെ പിന്‍ഭാഗം റോഡില്‍ ഉരസാന്‍ തുടങ്ങിയിരുന്നു. അവനെ സമാധാനിപ്പിചിരിക്കുമ്പോള്‍ അതാ അടുത്ത ഒരു വീട്ടില്‍ നിന്ന് ഒരു അമ്മയും മകനും ഞങ്ങളെ നോക്കി ചിരിക്കുന്നു. ചമ്മല്‍ മാറ്റാന്‍ വേണ്ടി ഞങ്ങള്‍ ഉടനെ അവരെ നോക്കി ചിരിക്കുകയും അടുത്തുപോയി കുടിക്കാന്‍ വെള്ളം ചോദിക്കുകയും ചെയ്തു. ദാഹം അകറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വന്ന കുട്ടന്റെ ജീപ്പ് കാണുകയും അതില്‍ കയറി തിരികെ പനത്തടിയില്‍ ഇറങ്ങുകയും ചെയ്തു. അവിടെ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ബസ് പിടിച്ചു. അവിടെ നിന്ന് ചായയും കുടിച്ചു എല്ലാവരും വീട്ടിലേക്കു തിരിച്ചു. അങ്ങനെ അവിസ്മരണീയമായ ഒരു യാത്ര കൂടി ഓര്‍മ്മയിലായി.


Text:  Mohammed Rashad

Tuesday, December 12, 2017

കരിയാത്തന്‍പാറയിലെ പച്ചപ്പരവതാനിയിലൂടെ..

തൂമഞ്ഞ് വീണുകൊണ്ടിരുന്ന ഡിസംബര്‍ പ്രഭാതം. ഇതുവരെ കാണാത്ത സ്ഥലത്തേക്ക് ഒരു പാതി ദിവസ യാത്ര എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. അതുകൊണ്ടാണ് കുറ്റിയാടി പവര്‍ പ്രൊജക്ടിന്റെ റിസര്‍വോയര്‍ ആയ കക്കയം പോകാന്‍ തീരുമാനിച്ചത്. മലമ്പാതയിലൂടെയുള്ള യാത്ര മുമ്പേ ഇഷ്ടമായിരുന്നു. പല ട്രക്കിംഗ് പരിപാടികള്‍ക്കും ഗൈഡ് ആയി പോയിക്കൊണ്ടിരിക്കുന്ന എന്റെ വിദ്യാര്‍ത്ഥി കൂടിയായ സാഹില്‍ ഒരു നിര്‍ദ്ദേശം വച്ചു. കക്കയം പോകുന്ന വഴിയില്‍ സുന്ദരമായ ഒരു സ്ഥലമുണ്ട്; എല്ലാവര്‍ക്കും ഒന്ന് കൂടി ഇരിക്കാനും ഒന്നൊന്നര മണിക്കൂര്‍ ചെലവഴിക്കാനും പറ്റിയ ഒന്നാംതരം സ്ഥലം കരിയാത്തന്‍പാറ. കേരളത്തിന്റെ എന്നല്ല, കോഴിക്കോടിന്റെ ടൂറിസ്റ്റ് മാപ്പില്‍ പോലും കേട്ടിട്ടില്ലാത്ത ഒരു സ്ഥലം.പക്ഷേ സ്ഥലപ്പേരിലുള്ള ആ പ്രകൃതി ബന്ധം തന്നെ എന്നെ ആകര്‍ഷിച്ചു. ടൂറിസം അധികൃതരുടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന പല സുന്ദരസ്ഥലങ്ങളും ചില കറക്കങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിച്ചിരുന്നതിനാല്‍ എന്റെ മനസ്സ് കരിയാത്തന്‍പാറയില്‍ ഉടക്കി.
കക്കയത്തേക്കുള്ള വഴി തന്നെ വളരെ മനോഹരമായിരുന്നു.വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡില്‍ നിന്നും അങ്ങകലെ മലകള്‍ അതിരിട്ട തെങ്ങിന്‍തോപ്പുകളുടെ നടുവില്‍ റിസര്‍വോയറിലെ വെള്ളം കെട്ടി നില്‍ക്കുന്നത് കാണുന്നുണ്ടായിരുന്നു. ഒരു ഒഴിഞ്ഞ സ്ഥലത്ത് ബസ്സ് നിര്‍ത്തിയപ്പോഴും സുന്ദരമായ ഒരു സ്ഥലം ആ ബസ്‌റ്റോപ്പിന് മീറ്ററുകള്‍ക്കപ്പുറം ഒളിഞ്ഞിരിക്കുന്നു എന്ന് ഞങ്ങളാരും അറിഞ്ഞില്ല. ആ പച്ചപ്പരവതാനിയിലേക്ക് ഞങ്ങള്‍് നീങ്ങി. മലബാറിലെ ഏക പവര്‍ പ്രൊജക്ട് ആണ് കുറ്റിയാടി പവര്‍ പ്രൊജക്ട്. കേരള സംസ്ഥാന വിദ്യുഛക്തി ബോഡിന്റെ കീഴിലാണ് ഇത്. പെരുവണ്ണാമൂഴി അണക്കെട്ട് ആണ് പ്രധാന റിസര്‍വോയര്‍.അവിടെ നിന്നും വെള്ളം പൈപ്പ് വഴി കക്കയം പവര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. തേക്കടി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.പക്ഷേ കുറേ മരങ്ങളും അതിന്റെ കുറ്റികളും വെള്ളക്കെട്ടുകളും ഒക്കെയായുള്ള ഒരു ചിത്രം തേക്കടിയെ പറ്റി മനസിലുണ്ട്. ഏകദേശം അതേ ചിത്രം തന്നെയാണ് കരിയാത്തന്‍പാറയും. മഴക്കാലത്ത് റിസര്‍വോയറിലെ വെള്ളം പൊങ്ങി കരയും വെള്ളവും ആലിംഗനം ചെയ്തു നില്‍ക്കുന്ന ഒരു പ്രദേശമാണ് കരിയാത്തന്‍പാറ. അതിന്റെ വിദൂര ദൃശ്യം വശ്യമനോഹരമായിരുന്നു.
നാം വീട്ടില്‍ ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കുന്ന പുല്‍തകിടി പ്രകൃതി അതിന്റേതായ ചാരുതയോടെ ശില്പഭംഗിയോടെ നിര്‍മ്മിച്ച് വച്ചിരിക്കുന്നു.ആ പച്ചപ്പരവതാനിക്ക് നടുവില്‍ പല സ്ഥലത്തും തല ഉയര്‍ത്തി നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ ആ താഴ്‌വരക്ക് കൂടുതല്‍ സൌന്ദര്യമേകി.തണല്‍ ഇല്ലെങ്കിലും അല്പം തണല്‍ കൊതിച്ച് ആ മരങ്ങള്‍ക്കടിയില്‍ ഇരിക്കുമ്പോള്‍ സൂര്യന്റെ കത്തുന്ന വെയില്‍ ഞങ്ങളെ ബാധിച്ചതേ ഇല്ല. ഞങ്ങള്‍ അവിടെ സമയം തള്ളുന്നതിനിടക്ക് പ്രദേശവാസികളായ രണ്ട് കുട്ടികള്‍ അവരുടെ വീട്ടിലെ നായയെയും കൊണ്ട് അവിടെ വന്നു.അവര്‍ ഞങ്ങളെ ശ്രദ്ധിച്ചതേ ഇല്ല.'മുറ്റത്തെ മുല്ലക്ക് മണമില്ല' എന്ന ചൊല്ല് അന്വര്‍ത്ഥ!മാക്കിക്കൊണ്ട് അവര്‍ അവിടേയും ഇവിടേയും നടക്കുന്നത് കാണാമായിരുന്നു. ഇതാ ഈ അരുവി ആ മലയുടെ ഉച്ചിയില്‍ നിന്നും മന്ദം മന്ദം ഒഴുകി ഇവിടെ ചിലങ്ക കുലുക്കുന്നു.ഏത് സംഗീതജ്ഞനും സൃഷ്ടിക്കാന്‍ കഴിയാത്ത ഒരു സംഗീതം അവ പൊഴിക്കുന്നു. അതാസ്വദിച്ച് ഞങ്ങള്‍ ആ അരുവിക്കരയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. കക്കയം വാലിയിലൂടെ കിന്നാരം ചൊല്ലി ഒഴുകുന്ന ആ അരുവിയിലെ വെള്ളം ഞങ്ങളെ മുഴുവന്‍ കൊതിപ്പിച്ചു.നല്ല തെളിഞ്ഞ വെള്ളം.വെള്ളിക്കീറ് പോലെ അത് പാറകളില്‍ കൂടി ഉരുണ്ടുരുണ്ട് വരുന്നു.പക്ഷേ ആ ആകര്‍ഷണ വലയത്തില്‍ പെട്ട് വെള്ളത്തിലേക്ക് ഇറങ്ങരുത്.പാറകള്‍ എല്ലാം തന്നെ വളരെ വളരെ തെന്നുന്നതായിട്ടാണ് അനുഭവപ്പെട്ടത്.വെള്ളത്തിനടിയില്‍ കിടക്കുന്ന ഈ അപകടം മനസ്സിലാക്കാതെ ഇറങ്ങിയാല്‍ തെന്നി വീണ് പാറയില്‍ തലയിടിക്കും എന്ന് തീര്‍ച്ച.സമീപത്തെ തോപ്പുകളുടെ പ്രതിബിംബം ഒരു നീലക്കണ്ണാടി പോലെ വെള്ളത്തില്‍ പ്രതിഫലിച്ചു കണ്ടു. കുറച്ചാളുകള്‍ കൂടുമ്പോള്‍ എന്തെങ്കിലും ഒരു കലാപരിപാടി നടത്തുക എന്ന ഞങ്ങളുടെ സ്ഥിരം പരിപാടി അവിടേയും അരങ്ങേറി.
അല്പമകലെ തല ഉയര്‍ത്തി നില്‍ക്കുന്ന മലകള്‍.മഴക്കാലത്ത് വെള്ളച്ചാട്ടങ്ങള്‍ വെള്ളികീറുന്ന ആ മാമലസൌന്ദര്യം പക്ഷേ ആസ്വദിക്കാന്‍ ഇപ്പോള്‍ ഒരു ചോലയും അവിടെയില്ലാതെ പോയി.എങ്കിലും ആ വന്യഭംഗി നഗരത്തില്‍ താമസിക്കുന്ന ഞങ്ങളുടെ കണ്ണുകള്‍ക്ക് ദൃശ്യവിരുന്നേകി. കക്കയം വാലി എന്തുകൊണ്ടും കേരളത്തിന്റെ ടൂറിസം മാപ്പില്‍ ഇടപിടിക്കാന്‍ അര്‍ഹതപ്പെട്ടത് തന്നെ എന്ന് എനിക്ക് തോന്നി.പക്ഷേ ആ സ്ഥാനം ഒരു പക്ഷേ ഈ സുന്ദരസ്വര്‍ഗ്ഗത്തിന്റെ സ്വത്വത്തെ നശിപ്പിച്ചേക്കാം. അപ്പോള്‍ ഒരു ചെറിയ ട്രിപ്പ് ആണ്‍് നിങ്ങളുടെ മനസ്സിലെ പ്ലാന്‍ എങ്കില്‍ അത് കക്കയം വാലി തന്നെയാകട്ടെ.ഒരു ഉച്ചക്ക് ശേഷമുള്ള ട്രിപ്പ് ആണെങ്കില്‍ താഴ്‌വരയില്‍ സൂര്യന്റെ വലിയ വിളയാട്ടവും ഉണ്ടാകില്ല.പക്ഷേ ഒരു കാര്യം.നാടിനെപറ്റി അധികം അറിയാത്തതിനാല്‍ ഇരുട്ടുന്നതിന് മുമ്പ് അവിടം വിടുന്നതായിരിക്കും നല്ലത്. ഇവിടെ എത്തിച്ചേരാനുള്ള വഴി കൂടി പറയാം.കോഴിക്കോട് പുതിയ ബസ്റ്റാന്റില്‍ നിന്ന് കക്കയം പോകുന്ന ബസ്സില്‍ കയറി കക്കയം വാലി എന്നോ കരിയാത്തന്‍പാറ എന്നോ പറയുക.ഏകദേശം 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുണ്ട്.


Text & Photos:Abid Areekode

Saturday, September 9, 2017

ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ മലനിരകള്‍.

ഓരോ വ്യക്തിയും ഒരിക്കലെങ്കിലും ഈ വഴികളിലൂടെ യാത്ര ചെയ്യണം. പ്രകൃതിയുടെ കലിഡോസ്‌കോപ്പില്‍ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ വഴിത്താരകള്‍, വനസ്ഥലികള്‍, മലനിരകള്‍...ആതിരപ്പള്ളി മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്ക്...അവിടുന്ന് ചുരമിറങ്ങി പൊള്ളാച്ചി വഴി തിരികെ.... മാരുതി 800-ന്റെ കരുത്തില്‍ ഞങ്ങള്‍ നാലുപേര്‍ തൃശ്ശൂരില്‍നിന്നും രാവിലെ 7 മണിക്ക് യാത്രതിരിച്ചു. ചാലക്കുടിയില്‍നിന്നും 31 കിലോമീറ്റര്‍ പിന്നിട്ട് ആതിരപ്പിള്ളിയിലെത്തി. ആതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നതേയുള്ളൂ. അവിടെയിറങ്ങാന്‍ സമയമില്ലാത്തതിനാല്‍ വാഴച്ചാലിലേക്ക് വച്ചുപിടിച്ചു. പ്രഭാതത്തിന്റെ നനുത്ത തണുപ്പ്, വഴികള്‍ക്കിരുവശവും അതിരിടുന്ന വന്‍മരങ്ങളും മുളങ്കൂട്ടങ്ങളും, ചാലക്കുടിപ്പുഴയുടെ കളകളാരവങ്ങള്‍...പോകുന്നവഴിയുടെ സൗന്ദര്യത്തില്‍ മയങ്ങി അല്‍പ്പനേരം വിനിര്‍ത്തി കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി. വീും യാത്ര... ഇടയ്ക്ക് ഒരു കൊച്ചുപാലം. നോക്കിയപ്പോള്‍ പാറക്കെട്ടിന് മുകളിലൂടെ താഴേക്ക് പതിക്കുന്ന ജലത്തിന്റെ വശ്യത. മഴക്കാലത്ത്മാത്രം സജീവമാകുന്ന ചാര്‍പ്പാ വെള്ളച്ചാട്ടം. കണ്ടിട്ടും കണ്ടിട്ടും മതിവരാതെ സഞ്ചാരികള്‍ പോകാന്‍ മടിച്ചുനില്‍കുന്നു. സഹയാത്രികന്‍ മധുവിന് ചിത്രങ്ങളെടുത്ത് മതിവരുന്നില്ല.

മലക്കപ്പാറയിലേക്ക്.

ഇനി യാത്ര വാഴച്ചാല്‍ ചെക്‌പോസ്റ്റിലേക്ക്. അവിടെ നിന്നാണ് മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്കുള്ള യാത്രയുടെ ആരംഭം. ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്ക്‌ശേഷം പാസ് നല്‍കും. മദ്യംകൊുപോകുന്നത് കുറ്റകരമാണ്. കൂടാതെ വണ്ടിയിലുള്ള പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെ എണ്ണവും രേഖപ്പെടുത്തും. ഇവ വനത്തില്‍ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹം. ആയിരംരൂപ പിഴ ഈടാക്കാവുന്ന കുറ്റം. ചെക്കിംഗിനുശേഷം യാത്ര തുടര്‍ന്നു. ഇരുവശവും കാട്, കാട് മുറിച്ചുകടക്കുന്ന ഒരു മയില്‍, മുളങ്കാടുകളില്‍ ഊഞ്ഞാലാടുന്ന കരിങ്കുരങ്ങുകള്‍... സിരകളില്‍ പടര്‍ന്നുകയറുന്ന ശുദ്ധവായുവിന്റെ ഊര്‍ജ്ജദായകമായ സ്​പര്‍ശം. വഴിനീളെ നിരന്നുകിടക്കുന്ന ആനപ്പിങ്ങള്‍, ഇരുവശത്തുമുള്ള മുളങ്കൂട്ടങ്ങളില്‍ ചിലത് ആനകള്‍ ഒടിച്ചിട്ടിരിക്കുന്നു. കൂട്ടത്തിലെ ശ്രീജിത്തിന് വഴിയില്‍ കാറിനുമുന്‍പില്‍ ആനവരുമോ എന്നപേടി. വെറുതെയെല്ല ഈ സ്ഥലത്തിന് ആനക്കയമെന്ന് പേര്കിട്ടിയത്. പോകുന്ന വഴി പെരിങ്ങല്‍കുത്ത് ഡാം. ഡാമിനുള്ളില്‍ പ്രവേശിക്കുന്നതിന് അനുമതി വാങ്ങണം. ഞങ്ങള്‍ യാത്ര തുടര്‍ന്നു. അല്‍പ്പദൂരം കഴിഞ്ഞപ്പോള്‍ വഴിയുടെ ഇടതുഭാഗത്തായി പെരിങ്ങല്‍കുത്ത് ഡാമിന്റെ വിദൂരക്കാഴ്ച്ച. ക്യാന്‍വാസില്‍ ജലച്ഛായംകൊ് പെയിന്റ ് ചെയ്തപോലെ. അവിടെ ഇറങ്ങി ക്യാമറ ക്ലിക്ക് ചെയ്ത് മതിവരുന്നില്ല. പക്ഷെ ഇനിയും യാത്ര തുടരണമല്ലൊ. മനസില്ലാമനസ്സോടെ കാറില്‍ കയറി. മലക്കപ്പാറയിലേക്കുള്ള വഴിയുടെ അവസ്ഥ ഏറെ മോശം. മലക്കപ്പാറയിലേക്ക് 52 കിലോമീറ്ററുകളു്. കേരള-തമിഴ്‌നാട് അതിര്‍ത്തിയാണ് മലക്കപ്പാറ. വഴിയില്‍ ഷോളയാര്‍ പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പെന്‍സ്റ്റോക്ക് കുഴലുകള്‍. ഭിത്തിക്കുമുകളില്‍ കാണുന്ന റോസ്‌നിറത്തിലുള്ള ഓര്‍ക്കിഡ് പുഷ്പ്പങ്ങളെ അനുസ്മരിപ്പിക്കുന്ന പൂക്കള്‍ നിറഞ്ഞ ചെടികള്‍. വി കുലുങ്ങിക്കുലുങ്ങി നീങ്ങുന്നു. മാരുതിയുടെ വലയം സുരേഷേട്ടന്‍ ഏറ്റെടുക്കുന്നു. വഴിയിലുടനീളം വന്യ സൗന്ദര്യം ആസ്വദിച്ച് ഞങ്ങള്‍ മലക്കപ്പാറയിലെത്തി. അത്യാവശ്യം നീ ഒരുയാത്രയുടെ ക്ഷീണം ഏവരുടെയും മുഖത്തു്. മണി കൃത്യം പന്ത്രര. പ്രകൃതിയുടെ ഒന്നാംവിളി തീര്‍ക്കാന്‍ കാപ്പിത്തോട്ടത്തിലിറങ്ങിയ സുരേഷേട്ടന്റെ കാലില്‍ അട്ട കയറി. ഒരുവിധത്തില്‍ അതിനെതട്ടിമാറ്റി. എല്ലാവര്‍ക്കും തങ്ങളുടെ കാലില്‍ അട്ടപിടിച്ചിട്ടുാേ എന്ന് സംശയം. പിന്നീട് കുറച്ച്‌സമയം സൂഷ്മപരിശോധനനടത്തലായി ഏവരും. മലക്കപ്പാറ ഒരു കൊച്ച് സ്ഥലമാണ്. കുറച്ച് വീടുകള്‍ മൂന്നോ നാലോ പീടികകള്‍ രാേ മൂന്നോ ഹോട്ടലുകള്‍...ഇത്രമാത്രം. മുന്‍പില്‍ക ഹോട്ടലില്‍നോക്കിയപ്പോള്‍ ആരുമില്ല. ഇത് പ്രശ്‌നമാകുമോ എന്ന സന്ദേഹത്തിലാണ് അവിടെക്കയറിയത്. എല്ലാവര്‍ക്കും വിശപ്പോട് വിശപ്പ്. ഊണ് പറഞ്ഞു.അല്‍പ്പസമയംകഴിഞ്ഞപ്പോള്‍ ഞങ്ങളെ വിസ്മയിപ്പിച്ച് നല്ല ചുട്‌ചോറും സാമ്പാറും പപ്പടവും ക്യാബേജ് തോരനും മോരൊഴിച്ച കറിയും ഉഗ്രന്‍ അച്ചാറും മുന്നിലെത്തി. എല്ലാവരും ചൂടോടെ വെട്ടിവിഴുങ്ങാന്‍ ആരംഭിച്ചു. പരസ്​പരം രുചിയെപ്പറ്റി പുകഴ്ത്തി. ഇടയ്ക്ക് കടക്കാരന്‍ എത്തിനോക്കി സ്‌പെഷ്യല്‍ എന്തെങ്കിലും വേണോ എന്നൊരു ചോദ്യം. എന്താ സ്‌പെഷ്യല്‍ എന്ന് മറുചോദ്യം. നല്ല പുഴമീന്‍ പൊരിച്ചതുെന്ന് മറുപടി. രെണ്ണം പോരട്ടെയെന്ന് ഞങ്ങളും. പുഴമീനെത്തി. ഒന്നു നാക്കില്‍ വച്ചതേയുള്ളൂ, ഓ....പിന്നെ പുഴമീന്‍ പോയവഴിയറിഞ്ഞില്ല. പാത്രത്തില്‍ മുള്ള്‌പോലും കാണാനില്ല. ബില്ല് വന്നത് വെറും 150 രൂപമാത്രം. ഓ കുറെ നാളുകള്‍ക്ക്‌ശേഷം ഇന്നാ ഇത്ര ആസ്വദിച്ച് വയറുനിറയെ കഴിച്ചത്. ശ്രീജിത്ത് ഏമ്പക്കം വിട്ടുകൊ് പറഞ്ഞു. പിന്നെ ഒരുവിധത്തില്‍ വണ്ടിയില്‍കയറി വാല്‍പ്പാറയിലേക്ക് യാത്ര തുടര്‍ന്നു.

വാല്‍പ്പാറ

മലക്കപ്പാറ ചെക്ക്‌പോസ്റ്റിലെത്തി വാഴച്ചാല്‍ ചെക്ക്‌പോസ്റ്റില്‍നിന്നും തന്ന സ്ലിപ്പ് പരിശോധിച്ചു യാത്രയ്ക്ക് അനുമതിതന്നു. ഇനി വാല്‍പ്പാറ ചെക്ക്‌പോസ്റ്റിലേക്ക്. അവിടെയെത്തിയപ്പോള്‍ പോലീസിന്റെ മട്ടുമാറി. പരിശോധകന്റെ വായില്‍ മുറുക്കാന്‍, പോലീസിന്റെ ഗാംഭീര്യമൊന്നും തോന്നുന്നില്ല. ഒരു 20 രൂപ കൊട്മ്മാ എന്ന് മറയില്ലാത്ത ചോദ്യം. 10രൂപയേ ഉള്ളൂ എന്ന് പറഞ്ഞപ്പോള്‍ അതുമതി എന്ന് ഭാഷ്യം. ചെക്ക്‌പോസ്റ്റ് തുറന്നുതന്നു. ഇനി കാഴ്ച്ചകളുടെ വസന്തം. പ്രകൃതിയാകെമാറി. 
ഇരുവശവും തേയിലക്കാടുകളുടെ വശ്യസൗന്ദര്യം. മനോഹരമായി അതിരിടുന്ന തേയിലച്ചെടികളുടെ ഇടയിലൂടെ കാര്‍ കുതിച്ചുപായുന്നു. സത്യംപറയാമല്ലോ, വാല്‍പ്പാറമുതല്‍ റോഡുകളുടെ നിലവാരത്തിന് തമിഴ്‌നാട് സര്‍ക്കാരിനെസ്തുതിക്കാതെവയ്യ. മലക്കപ്പാറയില്‍നിന്ന് വാല്‍പ്പാറയിലേക്ക് 26 കിലോമീറ്ററാണ് ദൂരം. വഴിയില്‍ ഇടയ്ക്കിടെ മലനിരകളില്‍നിന്ന് ഒഴുകിപ്പതിക്കുന്ന അരുവികള്‍. വേണ്ടവര്‍ക്ക് ധൈര്യമായി ഒരു കുളിയാകാം. കാരണം പ്രകൃതിയുടെ എല്ലാ പരിശുദ്ധിയും നിങ്ങള്‍ക്ക് അതിലൂടെ ലഭിക്കുമെന്നതുതന്നെ. യാത്രയ്ക്കിടയിലാണ് ഷോളയാര്‍ ഡാം. പകുതിയോളമേ വെള്ളമുള്ളൂ. പക്ഷെ കാഴ്ച്ചക്കാര്‍ ധാരാളം. തമിഴനും മലയാളിയും ഒരുപോലെ ആസ്വദിക്കുന്ന കാഴ്ച്ച. തേയിലത്തോട്ടങ്ങളുടെ മനോഹാരിത അതിന്റെ പാരമ്യത്തിലെത്തിത്തുടങ്ങി. വാല്‍പ്പാറ അടുത്തുതുടങ്ങിയിരിക്കുന്നു. പതിനായിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍ പരന്നുകിടക്കുന്ന ഒരു കൊച്ചുപട്ടണമാണ് വാല്‍പ്പാറ ടൗണ്‍. 100 വര്‍ഷങ്ങള്‍ക്ക്മുന്‍പ് ബ്രിട്ടീഷുകാരാണ് ഇവിടെ തേയിലകൃഷി തുടങ്ങിയത്. ഇപ്പോള്‍ ടാറ്റ ടീയും, വുഡ് ബ്രയര്‍ ഗ്രൂപ്പുമാണ് തോട്ടങ്ങളില്‍ കൃഷി നടത്തുന്നത്. ഈ പ്രദേശത്തിന്റെ മനോഹാരിത ഇത്രനന്നായി നിലനിര്‍ത്തുന്നതിന് അവര്‍ക്ക് സ്തുതി. അന്തരീക്ഷത്തില്‍ തണുപ്പ് ഏറിയേറി വരുന്നു. പതിയെപ്പതിയെ കോടയിറങ്ങിത്തുടങ്ങി. തേയിലക്കാടുകളുടെ മനോഹാരിത കോടമഞ്ഞില്‍ ഏറിയതുപോലെ. മനസുമുഴുവന്‍ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദവും കുളിര്‍മ്മയും. ഇനി പൊള്ളാച്ചിവഴി തിരികെ.

മലയിറക്കം

ഈ വഴി എവിടെനോക്കിയാലും കാഴ്ച്ചയുടെ കടല്‍തന്നെ. 40 ഹെയര്‍പിന്നുകള്‍ പിന്നിട്ടുവേണം പൊള്ളാച്ചിചുരമിറങ്ങാന്‍. പൊള്ളാച്ചിയിലേക്ക് ദൂരം 64 കിലോമീറ്റര്‍. 1886-ല്‍ മാത്യു ലോം സായിപ്പ് തയ്യാറാക്കിയ കാഴ്ച്ചകളുടെ വിസ്മയ പാത. ടൈഗര്‍വാലി നിബിഢവനങ്ങളിലൂടെയാണ് പാതവെട്ടിത്തെളിച്ചിരിക്കുന്നത്. അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തെ നൂറുതവണ നമിക്കണം. അസ്തമയസൂര്യന്‍ മാനത്തുതീര്‍ക്കുന്ന കാഴ്ച്ചകളുടെ പൂരം. ആദ്യത്തെ 12 ഹെയര്‍പ്പിന്നുകള്‍ പിന്നിട്ടാല്‍ എത്തുന്നത് മലയുടെ ശൃംഖത്തിലാണ്. ഇവിടെനിന്ന് നോക്കിയാല്‍ വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാതയുടെ കാഴ്ച്ച അത്ഭുതമുണര്‍ത്തുന്നതാണ്. പിന്നീട് 28 വളവുകള്‍ താഴേക്ക്. അസ്തമയസൂര്യന്റെ സുവര്‍ണ്ണ കിരണങ്ങള്‍ ഏറ്റുവാങ്ങി മലയിറക്കം. മനസ്സിലെവിടെയോ ബാക്കിനില്‍ക്കുന്ന ഒരു നൊമ്പരം. ഇനി അശാന്തിയുടെയും യാന്ത്രികതയുടെയും മാത്സര്യങ്ങളുടെയും ലോകത്തേക്കാണല്ലോ മടക്കയാത്ര. പക്ഷെ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ ഈ വിസ്മയ ഭൂമിയിലേക്ക് ഇനിയുംവരാമല്ലോ എന്ന ശുഭപ്രതീക്ഷയും. 


Text: Prabeesh Nanda

Monday, June 6, 2016

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര

പുറം ലോകത്ത് അധികം ആരാലും അറിയപ്പെടാതെ, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നമട്ടില്‍ ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന സ്വര്‍ഗ്ഗ സുന്ദരമായ ഒരു പാട് സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. അത് പോലെ ഒരു സ്ഥലമാണ് തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതും ആയ വെള്ളച്ചാട്ടങ്ങളും. നമ്മുടെ സര്‍ക്കാര്‍ ഈ സ്ഥലത്തെ അല്പമെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ കേരളീയര്‍ക്ക് അഭിമാനത്തോടെ പറയാന്‍, അനുഭവിക്കാന്‍ ഒരു സുന്ദരസ്ഥലം കൂടി നമുക്ക് കിട്ടുമായിരുന്നു.

ഇത്തരം കുറച്ചു സ്ഥലങ്ങളെയെങ്കിലും കുറച്ചു പേരിലെക്കെങ്കിലും എത്തിക്കാന്‍ കഴിയണം, കഴിയും എന്ന ആഗ്രഹത്തോടെയാണ് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ മരോട്ടിചാലിലേക്ക് ഒരു യാത്ര തുടങ്ങിയത്. പതിമൂന്നു വര്‍ഷം മുന്‍പ് ആ കാട്ടിലൂടെ ഞാന്‍ നടത്തിയ യാത്രയുടെ പരിചയം മാത്രം വെച്ചാണ്, ഞങ്ങള്‍ ആ കാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. മറ്റു പലരുടെയും കാട്ടിലേക്കുള്ള ആദ്യ യാത്രയും കൂടിയായിരുന്നു അത് .

എറണാകുളത്തു നിന്നാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്. എറണാകുളം പാലക്കാട് നാഷണല്‍ ഹൈവയില്‍ ആമ്പല്ലൂര്‍ തലോര്‍ എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ വരുന്ന ഒരു സ്ഥലമായ കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം-മരോട്ടിച്ചാല്‍ റോഡിലൂടെ ഏകദേശം 12 KM സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം. പാലക്കാടു നിന്നും വരുന്നവര്‍ക്ക് മണ്ണുത്തി നടത്തറ കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ക്ക് മിഷന്‍ ഹോസ്പിടല്‍ അഞ്ചേരി കുട്ടനെല്ലൂര്‍ വഴിയും മരോട്ടിച്ചാലില്‍എത്താം. തൃശ്ശൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് െ്രെപവറ്റ് ബസ് സര്‍വീസ് നടത്തുന്നുണ്ട് .

മരോട്ടിച്ചാലില്‍ ഒന്നോ രണ്ടോ നാടന്‍ ചായക്കടകള്‍ മാത്രമേ ഉള്ളൂ. അതിലാണെങ്കില്‍ ചായ മാത്രം പ്രതീക്ഷിച്ചാല്‍ മതി, ഞായറാഴ്ചയാണ് എങ്കില്‍ അതുപോലും കിട്ടിയില്ല എന്നും വരും. അത് മുന്‍കൂട്ടി അറിയാവുന്നത് കൊണ്ട് തന്നെ ഭക്ഷണം ഞങ്ങള്‍ കരുതിയിരുന്നു. അതും കൈയിലെടുത്തു കാറ് വീട്ടുകാരുടെ സമ്മതത്തോടെ അവരുടെ മുറ്റത്ത് കയറ്റിയിട്ടു ഞങ്ങള്‍ യാത്ര തുടങ്ങി. വേറെയും കുറച്ചു ആളുകള്‍ ഞങ്ങളുടെ മുന്‍പേ നടക്കുന്നുത് കണ്ടപ്പോള്‍ മനസ്സിന് അല്പം ആശ്വാസം തോന്നി. കാട്ടിലെ ഒരു വഴി മായ്ക്കാനും ഒരു പുതിയ വഴി തുറക്കാനും പ്രകൃതിക്ക് അല്പം സമയം മാത്രം മതിയാകുന്നത് കൊണ്ട്, എന്റെ ഓര്‍മ്മയിലെ വഴി മറന്നാലും മുന്‍പേ പോകുന്നവര്‍ വഴികാട്ടുമല്ലോ എന്ന ചിന്തയാണ് ആശ്വാസം തന്നത് .

റോഡരുകിലെ കനാലില്‍ കരയിലൂടെ അല്പം നടന്നപ്പോള്‍ തന്നെ ആദ്യ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ചെവികളെ തഴുകിയെത്തി. തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും ഒരു ദിവസ്സത്തെക്ക് മാത്രമായിട്ടുള്ള മോചനം ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. മുന്‍പേ പോയവന്റെ കാല്‍പാട് പോലും മായ്ച്ചു കളയുന്ന ആ കാട്ടു വഴികളിലൂടെ നടക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. കിളികളുടെ ശബ്ദവും കാടിന്റെ വന്യതയും അനുഭവിക്കാന്‍ തുടങ്ങി. എങ്ങും നിറഞ്ഞ പച്ചപ്പ് മാത്രം.

പോകുന്ന വഴിക്ക് ചില ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കുറെ എണ്ണം ഉണ്ട്. കുടുംബമായി വരുന്നവര്‍ ആദ്യത്തെ വെള്ളച്ചാട്ടത്തില്‍ കുളിച്ചു മടങ്ങുകയാണ് സാധാരണ ചെയ്യാറുള്ളത്. ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ 'ഇലഞ്ഞിപ്പാറയിലേക്ക്' കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കണം. അതുകൊണ്ട് തന്നെ ചെറിയ സ്ഥലങ്ങളില്‍ നിന്ന് സമയം കളയാതെ ലക്ഷ്യസ്ഥാനം നോക്കി ഞങ്ങള്‍ നടന്നു.

ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള കാടുവഴികളില്ലൂടെ കുറെ നടന്നപ്പോള്‍ പുഴയുടെ കരയില്‍ വഴി അവസാനിച്ചു. ഒന്ന് കൂടെ നോക്കിയപ്പോള്‍ പുഴയുടെ അപ്പുറത്ത് വീണ്ടും വഴി തുടങ്ങുന്നതും കണ്ടു. ഞാന്‍ ആദ്യം പുഴയില്‍ ഇറങ്ങി പുഴയുടെ ആഴവും ഒഴുക്കും മനസ്സിലാക്കി, ചതിക്കുഴികള്‍ ഇല്ല എന്നും ഉറപ്പു വരുത്തി വീണ്ടും തിരികെ വന്നു പിന്നെ സുഹൃത്തുക്കളുമായി കൈകോര്‍ത്തു പിടിച്ചു പുഴയെ മുറിച്ചു കടന്നു. നല്ല തണുപ്പായിരുന്നു വെള്ളത്തിന്...കണ്ണുനീരിന്റെ പരിശുദ്ധിയും..



കാട് ശരിക്കും ഭീകരമായിരുന്നു. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും ചെറുതും വലുതുമായ പാറകളും ഉണങ്ങി വീണ മരങ്ങളും ചിലയിടങ്ങളില്‍ തടസ്സം സൃഷ്ടിച്ചു. അതെല്ലാം ചാടിക്കടന്നു, പാറകളില്‍ തെന്നി വീഴാതെ നടന്നു. അല്പം തുറസ്സായ ഒരിടത്ത് എത്തി അല്പം ആശ്വസിക്കാന്‍ ശ്രമിച്ചപ്പോള്‍ അല്പം അകലെ വഴിയില്‍ ഉരുണ്ട വസ്തുക്കള്‍ കുന്നു കൂടി കിടക്കുന്നത് കണ്ടു. ചെന്ന് നോക്കി. ആനപിണ്ടമായിരുന്നു അത്. നഗ്‌നപാദങ്ങള്‍ കൊണ്ട് അതില്‍ പതുക്കെ കാല്‍ വെച്ച് നോക്കി. തണുപ്പും ചൂടും ഇല്ലാത്ത ഒരു അനുഭവം. ചൂടുണ്ടായിരുന്നു എങ്കില്‍ ആനകള്‍ കടന്നു പോയിട്ട് അധികസമയം ആയിട്ടില്ല എന്ന് മനസ്സിലാക്കാമായിരുന്നു ഒരു വടിയെടുത്തു പിണ്ഡം അല്പം ഇളക്കി നോക്കി. അധികം പഴക്കമുള്ളതാണ് എങ്കില്‍ പുഴുക്കള്‍ കാണാറുണ്ട്. അതും കണ്ടില്ല. അധികം ദൂരത്തിലല്ലാതെ ആനകള്‍ എവിടെയെങ്കിലും ഉണ്ടാകും എന്ന തോന്നല്‍ മനസ്സില്‍. ആനയല്ല ആനക്കൂട്ടമാണ് അതിലെ കടന്നു പോയതെന്ന് പിണ്ടങ്ങളുടെ കിടപ്പില്‍ നിന്നും ബോധ്യമായി. എല്ലാവരുടെയും ഉള്ളില്‍ അല്പം പേടി കടന്നു. പക്ഷെ ആരും അത് പരസ്പരം പറഞ്ഞില്ല. എന്തുവന്നാലും യാത്ര തുടരാന്‍ തീരുമാനിച്ചു ഞങ്ങള്‍ നടന്നു.

റോഡരുകില്‍ നിന്നും ഏകദേശം രണ്ടുമണിക്കൂറോളം കാട്ടിലൂടെ നടന്നു. വഴിയില്‍ സുന്ദരമായ ചില ചെറിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. എവിടെ വെച്ച് യാത്ര അവസാനിപ്പിച്ചാലും ആരും ആ യാത്ര നഷ്ടമായി എന്ന് പറയാത്ത ഒരിടമാണ് ഈ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍. ഓരോന്നും കണ്ടും ഫോട്ടോയെടുത്തും ആനയെക്കുറിച്ചു ചിന്തിക്കാതെ ഞങ്ങള്‍ വീണ്ടും നടന്നു. ഏറ്റവും അവസാന ലക്ഷ്യമായ ഇലഞ്ഞി പാറ വെള്ളച്ചാട്ടത്തിലേക്ക്.

അല്പം കൂടി നടന്നപ്പോള്‍ വഴി രണ്ടായി പിരിയുന്ന ഒരിടത്ത് എത്തി. ഞങ്ങള്‍ക്ക് മുന്‍പേ വന്ന ആളുകളെ അവിടെ കണ്ടു. അവരും ഏതു വഴിയെ പോകണം, എന്ത് ചെയ്യണം എന്നറിയാതെ കാത്തു നില്‍ക്കുകയാണ്. ഒടുവില്‍ അവര്‍ വലതുവശത്തെ വഴിയിലൂടെ നടന്നു തുടങ്ങി. അതാണ് വഴിയെന്നു അവരില്‍ പലരും തര്‍ക്കിച്ചു. ഞങ്ങളും അവരോടൊപ്പം ചേര്‍ന്ന് നടന്നു. കുറെ നടന്നിട്ടും വെള്ളച്ചാട്ടത്തിന്റെ ശബ്ദമൊന്നും കേള്‍ക്കുന്നുമില്ല. എന്തോ ഒരു പന്തികേട് തോന്നി. വഴിയില്‍ ആനയുടെ കാല്പാടുകള്‍, പിന്നെ റോഡില്‍ മരച്ചില്ലകള്‍ കുറെ ഒടിഞ്ഞു കിടക്കുന്നു, വഴിയാണെങ്കില്‍ വളരെ വലിയ ഒരു കയറ്റത്തിലേക്ക് ആണ് പോകുന്നത്. അല്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തിലുള്ള സുഹൃത്തുക്കള്‍ മടങ്ങാം എന്ന് പറഞ്ഞു തുടങ്ങി. എനിക്കാണെങ്കില്‍ ഇവിടെ വരെ വന്നിട്ട് ഇത്രയും വഴി നടന്നിട്ട് തോറ്റു പിന്മാറാന്‍ മനസ്സും വരുന്നില്ല. പക്ഷെ ലക്ഷ്യം ഏത് എന്നറിയാതെ വെറുതെ നടന്നിട്ട് ഒരു കാര്യവും ഇല്ല. ഒടുവില്‍ തോല്‍വി സമ്മതിച്ചു ഞങ്ങള്‍ മടങ്ങി തുടങ്ങി. എല്ലാവരും അവശരായിരുന്നു. കടന്നു വന്ന വഴികള്‍ പിന്നിട്ട് ഞങ്ങള്‍ നിരാശരായി വീണ്ടും ഇരു റോഡുകളും പിരിയുന്ന റോഡില്‍ തിരിച്ചെത്തി.

ഇനിയും പോകാന്‍ ബാക്കിയുള്ള ഇടതു വശത്തെ വഴിയിലൂടെ നടന്നാല്‍ വെള്ളച്ചാട്ടത്തില്‍ എത്തുമെന്നറിയാം. പക്ഷെ ഇനിയും വഴിതെറ്റുമോ എന്ന ഭയത്തില്‍ നടക്കാന്‍ സുഹൃത്തുക്കള്‍ക്ക് താല്പര്യം ഇല്ല. അത് കൊണ്ട് അല്‍പ നേരം വിശ്രമിച്ചിട്ട് തിരിച്ചു നടക്കാം എന്ന് പറഞ്ഞ് പാറപ്പുറത്ത് ഇരുന്നെങ്കിലും മനസ്സില്‍ മറ്റൊരു പ്രതീക്ഷയായിരുന്നു, മറ്റേ വഴിയിലൂടെ ആരെങ്കിലും തിരിച്ചു വന്നാല്‍ അവര്‍ വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നവര്‍ ആണെങ്കില്‍ ...

ചില സമയങ്ങളില്‍ ഭഗവാന്‍ കൂടെയുണ്ടാകും എന്നതിന്റെ തെളിവായി അല്‍പ സമയത്തിനുള്ളില്‍ തന്നെ പത്തോളം പേര്‍ മലയിറങ്ങി വരുന്നത് കണ്ടു. വെറും പത്തു മിനിട്ട് കൊണ്ട് അവിടെ നടന്നെത്താം എന്ന് അവരില്‍ നിന്നും കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി. ക്ഷീണമെല്ലാം മറന്നു ഞങ്ങള്‍ വീണ്ടും മല കയറി. അങ്ങിനെ ഒടുവില്‍ ഞങ്ങള്‍ ആ കാട്ടിനുള്ളിലെ സ്വര്‍ഗലോകത്തു എത്തി ചേര്‍ന്നു.



മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവും ആണ് ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനെ പല ആങ്കിളിലും കാണാന്‍ പ്രകൃതി തന്നെ അവിടെ സൌകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു. ഞങ്ങള്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ കയറി ബാഗെല്ലാം വലിച്ചെറിഞ്ഞു ഏറ്റവും അടുത്തുകണ്ട നീരൊഴുക്കില്‍ എല്ലാം മറന്നു മുങ്ങി കിടന്നു. എന്തോ നേടിയ പ്രതീതിയായിരുന്നു മനസ്സില്‍. മൂന്നു മണിക്കൂര്‍ നീണ്ട യാത്രയുടെ ക്ഷീണം മുഴുവന്‍ കഴുകിക്കളഞ്ഞു, കുറെ നേരം വെള്ളത്തില്‍ മുങ്ങിക്കിടന്നു.

ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം ഇവിടത്തെ നാട്ടുകാരുടെ ഇടയില്‍ 'കുത്ത്'എന്ന പേരിലാണ് അറിയപ്പെടുന്നത്.

വേറെയും കുറച്ചു ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ഒരു കൂട്ടത്തെ പരിചയപ്പെട്ടു. എല്ലാവരും ആ നാട്ടുകാര്‍ ആയിരുന്നു. പുറം ലോകത്ത് നിന്നും വന്നവര്‍ ഞങ്ങള്‍ മാത്രം. പല ഒഴിവു ദിവസ്സങ്ങളിലും ഇവിടെ വന്നു ഈ കാടിന്റെ സംഗീതം കേട്ടു, കണ്ണുനീരിനേക്കാള്‍ പരിശുദ്ധമായ ഈ വെള്ളത്തില്‍ കുളിച്ചു മടങ്ങുന്ന അവരോടു അസൂയയാണ് തോന്നിയത്.

വെള്ളച്ചാട്ടത്തിനു താഴെയും മുകളിലും കുളിച്ചും ഭക്ഷണം കഴിച്ചും കഴിഞ്ഞതോടെ എല്ലാവരും വീണ്ടും ആരോഗ്യം വീണ്ടെടുത്തിരുന്നു. വെള്ളച്ചാട്ടത്തിന്റെ എതിരെയുള്ള പാറയില്‍ കയറി കുറെ നേരം കാറ്റും കൊണ്ടിരുന്നു. ഈ സ്ഥലം തമിഴ്‌നാട്ടിലായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രശസ്തമായ ഒരു എക്കോ ടൂറിസം സെന്റര്‍ ആയേനെ എന്ന ചിന്തയായിരുന്നു മനസ്സില്‍.

നല്ല മഴപെയ്താല്‍ മാത്രമേ വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനായി ആസ്വദിക്കാന്‍ കഴിയൂ. എന്നാല്‍ മഴയത്ത് കാടിലൂടെയുള്ള യാത്ര ദുഷ്‌കരവുമാണ്. തിരിച്ചു നടക്കുമ്പോള്‍ എവിടെയും നില്‍ക്കാതെ, ആനയെ പേടിക്കാതെ ഞങ്ങള്‍ നടന്നു. കൃത്യം ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ കാട്ടിനിന്നും നിന്നും പുറം ലോകത്തെത്തി.

തിരിച്ചു റോഡിലെത്തി കാറിലിരിക്കുമ്പോള്‍ മനസ്സില്‍ മറ്റൊരു ചോദ്യം ആയിരുന്നു. മടക്കയാത്രയില്‍ ചെരുപ്പ് പൊട്ടിയ സുഹൃത്തിന് സ്വന്തം ചെരുപ്പ് കൊടുത്തു. നഗ്‌നപാദനായി കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കുന്നതിനിടയില്‍ അറിയാതെ ചവിട്ടിയ വിഷപാമ്പ്, സാധാരണ ഒരു സെക്കന്റ് പോലും വേണ്ടാതെ തിരിച്ചു കടിക്കാറുള്ള ആ ജീവി, എന്നെ കടിക്കാതെ പത്തിയും മടക്കി പോയത് എനിക്കായി വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും ഓര്‍ത്തിട്ടായിരിക്കുമോ? അതോ എന്നിലൂടെ, ഞങ്ങളിലൂടെ ഈ സുന്ദരലോകം കുറച്ചു പേരെങ്കിലും അറിയട്ടെ എന്ന് ആ പാമ്പും ആഗ്രഹിച്ചിരിക്കുമോ?

അറിയില്ല... അല്ലെങ്കിലും പ്രകൃതിയുടെയും വിധിയുടെയും ചില തീരുമാനങ്ങള്‍ക്ക് ഉത്തരം പറയാന്‍ നമുക്കാവില്ലല്ലോ ?


Text&Photos: Madhu Thankappan

Thursday, May 5, 2016

കാനനമനം




ഒരു സംസ്ഥാനം പല ലോകം-വിനോദ സഞ്ചാര മേഖല കര്‍ണാടകയെ അങ്ങിനെയാണ് വിശേഷിപ്പിക്കുന്നത്. ഡാന്‍ഡേലിയും അതിന് അടിവരയിടുന്നു. കാനനനിഗൂഢതകളില്‍ കൗതുക കാഴ്ചകളൊരുക്കി, താളമിട്ടൊഴുകുന്ന കാളിപ്പുഴയില്‍ സാഹസികതകളുടെ ഹരം നുകര്‍ന്ന് പക്ഷികളുടെ പാട്ടും പ്രകൃതിയുടെ താളവും സിരകളില്‍ സ്വന്തമാക്കി, ഈ കാനനചോലയിലെ ഒഴിവുകാലം എന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കാം....

ഡാന്‍ഡേലി-പേരു കേള്‍ക്കുമ്പോള്‍ ഒരു താളമുണ്ട്. പാറക്കൂട്ടങ്ങളെയും കുഞ്ഞു കുഞ്ഞു തുരുത്തുകളെയും തല്ലിതലോടിയൊഴുകുന്ന കാളിപ്പുഴയുടെ താളമാണത്. ഏഷ്യയിലെ ഏറ്റവും വലിയ പേപ്പര്‍ മില്ലുകളിലൊന്നായ വെസ്റ്റ്‌കോസ്റ്റ പേപ്പര്‍മില്ലും ഇവിടെയാണ്. ഒരു പക്ഷെ അതില്ലെങ്കില്‍ വിജനമായൊരു കാട്ടുമൂല മാത്രമായി പോയേനെ ഇവിടം. 4000 ത്തിലധികം തൊഴിലാളികളും അവരെ ചുറ്റിപറ്റിയുള്ള ജീവിതവുമാണ് ഡാന്‍ഡേലിയെ ഒരു ചെറിയ നഗരമാക്കി മാറ്റിയത്. ജൈവവൈവിധ്യ സമ്പന്നമായ പ്രകൃതിയുടെ അനുഗ്രഹം കൊണ്ട് ഇപ്പോള്‍ വിനോദ സഞ്ചാര മേഖലയും ഉണര്‍ന്നു. ബാംഗഌര്‍-മുംബൈ നഗരജീവിതത്തില്‍ നിന്ന് മോചനം തേടി ആയിരങ്ങള്‍ ഇവിടെയെത്തുന്നു. കാനന ജീവിതത്തിന്റെ പൊരുളറിഞ്ഞ് തിരിച്ചുപോകുമ്പോള്‍ വീണ്ടും വരാമെന്നാണ് എല്ലാവരും പറയുന്നത്. വരണം എന്ന് ഡാന്‍ഡേലിയും..

കോഴിക്കോടു നിന്ന് മംഗലാപുരത്തേക്ക് നാലുമണിക്കൂര്‍ യാത്ര. പിന്നെ വെള്ളച്ചാട്ടങ്ങളും നെടുങ്കന്‍പാലങ്ങളും തുരങ്കങ്ങളും താണ്ടിയുളള കൊങ്കണ്‍പാതയിലൂടെ...ആ യാത്ര തന്നെ ഒരു വിനോദസഞ്ചാര ഹരം പകരുന്നു. വഴിയില്‍ മൂന്നു കിലോമീറ്റര്‍ നീളമുള്ള ഒരു തുരങ്കം കടന്നാല്‍ ഉടനാണ് കാര്‍വാര്‍ സ്‌റ്റേഷന്‍. അറബികടലോരത്തെ മനോഹരമായ തീരനഗരം. കാളിപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖം. മംഗലാപുരത്തു നിന്ന് മത്സ്യഗന്ധയില്‍ കാര്‍വാറിലെത്തുമ്പോള്‍ സമയം ആറുമണി. സ്‌റ്റേഷനില്‍ നിന്ന് നഗരത്തിലേക്ക് പിന്നെയും 12 കിലോമീറ്റര്‍ ഉണ്ട്. ബസ്റ്റാന്‍ഡിലെത്തി ഡാന്‍ഡേലിക്കുള്ള ബസിനായി അന്യേഷിച്ചു. അഞ്ചരയ്ക്കാണ് അവസാന ബസ്. ഇനി നാളെ രാവിലെ നോക്കിയാല്‍ മതി. കൊടുംകാട്ടിലൂടെയാണ് വഴി. പകല്‍യാത്രയാണ് സഞ്ചാരികള്‍ക്കു നല്ലതും.

ഏഴുമണിക്കുള്ള ആദ്യബസ് പിടിക്കാനായി സ്റ്റാന്‍ഡിലെത്തിയെങ്കിലും ഒരു മിനിട്ടിന്റെ വെത്യാസത്തില്‍ അത് നഷ്ടമായി. പിന്നെ തൊട്ടടുത്തെ പ്രധാന സ്ഥലമായ ജോയ്ഡയിലേക്കുള്ള ബസ് പിടിച്ചു. 96 കിലോമീറ്റര്‍. കാനനപാതയില്‍ ചിലയിടത്തും മാത്രം റോഡ് മോശമാണ്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് ജോയ്ഡയിലെത്തിയത്. അവിടെ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറി. പാവപ്പെട്ടൊരു അങ്ങാടി. റവ ഇഡ്ഡലിയും ബണ്‍സ് എന്ന ഓമന പേരിലറിയപ്പെടുന്ന പൂരിയുമല്ല, ബണ്ണുമല്ലാത്തൊരു പലഹാരവും. ചായ രുചികരമാണെങ്കിലും ചെറിയൊരു ഗ്ലാസില്‍ തുള്ളിയേ കാണൂ. അതിനേക്കാള്‍ ചെറിയ ഗ്ലാസിനി കണ്ടു പിടിക്കാനിരിക്കുന്നേയുള്ളു!

തുടര്‍ന്നുള്ള യാത്ര ഉത്തരകര്‍ണാടകയുടെ 'ദേശീയവാഹന'മായ ട്രാക്‌സിലാണ്. പത്തു പേര്‍ക്കിരിക്കാവുന്ന ആ വണ്ടിയില്‍ 17 ഉം 20 പേരുണ്ടാവും. ചിലപ്പോള്‍ വണ്ടിയ്ക്ക് മുകളിലും ആളുണ്ടാവും. വാഹനങ്ങള്‍ കുറവായതിനാല്‍ ഏതു വണ്ടിയ്ക്ക് കൈകാണിച്ചാലും നിര്‍ത്തി ആളെ എടുത്തെന്നിരിക്കും. ഇതിനകത്താണെങ്കില്‍ മറാഠി, ഹിന്ദി, കന്നഡ, തെലുങ്ക് ഏതാണ്ട് എല്ലാ ഭാഷയും ഉണ്ട്. ഞങ്ങളെ കൂടി കുത്തി കൊള്ളിച്ചതോടെ അതൊരു ഇന്ത്യന്‍ വണ്ടിയായി. നാനാത്വത്തിലെ ഏകത്വം കാനനപാതയിലൂടെ അത്യുത്തര കര്‍ണ്ണാടകത്തിന്റെ ഉത്തര ഭാഗത്തേക്ക്...

കാനനയാത്രയ്ക്ക് വനം വകുപ്പിന്റെ അനുമതി വേണം. ഡാന്‍ഡേലിയിലെത്തിയപ്പോള്‍ ആദ്യം പോയത്. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലേക്കാണ്. ഞായറാഴ്ചയാണെങ്കിലും അവിടെ ഉദ്യോഗസ്ഥരുണ്ടായിരുന്നു. ചിത്രദുര്‍ഗക്കാരനായ കുമാരസ്വാമി. അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ ജംഗിള്‍ലോഡ്ജാണ് ഇവിടെ താമസിക്കാനുളളത്. അവിടെ കാശ് അല്‍പ്പം കൂടുതലായിരിക്കും. പാക്കേജുകളാണ് കൂടുതലും. താമസവും ഭക്ഷണവും സഫാരിയുമടക്കം ഒരാള്‍ക്ക് 2500 രൂപയാവും. വനം വകുപ്പിന്റെ നേച്ചര്‍ ക്യാമ്പാണ് പിന്നെയുള്ളത്. അവിടെ ഡീലക്‌സ് ടെന്റിന് 500 രുപയാണ്. സാധാരണ ടെന്റിന്250 ഉം. മരംകൊണ്ടുള്ള കോട്ടേജുകള്‍ക്ക് 1200 രുപയും. സഫാരിക്കും മറ്റും വേറെ കാശു ചെലവാകുമെങ്കിലും പോക്കറ്റിനാശ്വാസം ഇതു തന്നെ. പിന്നെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന് ടൂര്‍ പാക്കേജില്‍ പോയാല്‍ അവര്‍ക്കുള്ള കമ്മീഷന്‍ കൂടി വേണ്ടി വരും. ഞങ്ങള്‍ ഡീലക്‌സ് ടെന്റും ബൂക്ക് ചെയ്ത് കുള്‍ഗി നാച്ചര്‍ ക്യാമ്പിലേക്ക് പോയി. 12 കിലോമീറ്റര്‍ 'ദേശീയ വാഹന'ത്തില്‍..
സ്‌പെഷല്‍ വണ്ടിയല്ലെങ്കില്‍ നാച്ചര്‍ ക്യാമ്പിലേക്ക് ഒരു കിലോ മീറ്റര്‍ നടക്കണം. ഒരു മണിയ്ക്കാണ് അവിടെയെത്തുന്നത്. ഭക്ഷണം കഴിച്ച് സമീപത്തെ കൊടും കാട്ടിലെ പാതയിലൂടെ വെറുതെ നടക്കാനിറങ്ങി. നാഗജ്ഹരി വ്യൂ പോയിന്റില്‍ കയറി. മലനിരകളും താഴ്‌വരകളും വേഴാമ്പലുകളും...




പിറ്റേ ദിവസം കാലത്താണ് ജംഗിള്‍ സഫാരി. ജീപ്പ് വാടക 600 ഗൈഡ് ഫീയും എന്‍ട്രന്‍സ് ഫീയും 150 രൂപ. എല്ലാം കൂടെ 750. വീഡിയോ ഉണ്ടെങ്കില്‍ 150 രുപ കൂടി നല്‍കണം. പ്രഭാതത്തിലുണരുന്ന പക്ഷികള്‍ക്കേ പുഴുക്കളേയും ശലഭങ്ങളേയും കിട്ടൂ എന്നാണല്ലോ. കാനന സഫാരിയുടെയും ആപ്ത വാക്യമാണിത്. ആദ്യ വണ്ടിയാണെങ്കിലെ മൃഗങ്ങളെ കാണാന്‍ കഴിയൂ. പിന്നെ എല്ലാ വന്യജീവി സങ്കേതത്തിലും പറയും പോലെ ഇവിടെയും പറയും ഭാഗ്യമുണ്ടെങ്കിലേ മൃഗങ്ങളെ കാണാന്‍ പറ്റൂ!

ഭാഗ്യാനേഷികളായി ഞങ്ങളുടെ യാത്ര സൂര്യനുണരും മുമ്പേ തന്നെ തുടങ്ങി. പാന്‍സൊള്ളി ചെക്‌പോസ്റ്റിലാണ് അനുമതിപത്രം കാണിക്കേണ്ടത്. അവിടെ കാവലിരിക്കുന്നത് ബഷീര്‍ക്കയാണ്. കൊല്ലം ആയൂര്‍ സ്വദേശി. 30 കൊല്ലത്തിലധികമായി കര്‍ണ്ണാടക വനം വകുപ്പിലാണ്. കാടിനകത്ത് മയില്‍, കാട്ടുകോഴി, മാന്‍, കാട്ടുപന്നി,വിവിധ തരം പക്ഷികള്‍ എന്നിവയെ കാണാം. ജലാശയങ്ങള്‍ക്കു സമീപമെല്ലാം വാച്ച് ടവറുകളുമുണ്ട്. സീസണല്ലാത്തിനാല്‍ സഫാരിയ്ക് വണ്ടികള്‍ കുറവാണ്. പെട്ടന്നാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്. ചൂണ്ടി കാണിച്ച സ്ഥലത്ത്് ഒരു നിഴലനക്കം. കാട്ടുപോത്താണ്. ജീപ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ ഫോറസ്റ്റ് ഗാര്‍ഡ് അനുവദിച്ചില്ല. അപകടകാരിയാണവന്‍. ശരിയാണ്. അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ മുക്രയിടല്‍ കേട്ടു. രൂപം പോലെ തന്നെ ആ ചീറ്റലിനും ഗാംഭീര്യം. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ പാതയില്‍ ഒരു മുളങ്കൂട്ടം ഉണങ്ങി വീണിരിക്കുന്നു. രക്ഷയില്ല ഇനി സീസണായാലേ അതെല്ലാം വൃത്തിയാക്കൂ. ഇറങ്ങി മുളങ്കൂട്ടം നൂഴ്ന്ന് കടന്ന് മുന്നോട്ടേക്ക്. സഫാരി റൂട്ട് അവസാനിക്കുന്നിടത്തു നിന്ന് കാവള ഗുഹയിലേക്കുള്ള ട്രെക്കിങ് പാത തുടങ്ങുന്നു. വഴിയില്‍ കടുവയുടെ ഫോട്ടോയെടുക്കാന്‍ വനംവകുപ്പ്് സ്ഥാപിച്ച ഒളിക്യാമറ കാട്ടിതന്നു. ഒരു കടുവയുടെ ഫോട്ടോ ഇവിടെ നിന്ന് കിട്ടിയിട്ടുണ്ടത്രെ. കരിമ്പുലികളാണ് ഈ കാട്ടില്‍ ധാരാളമുള്ളതെന്നും പറയുന്നു. 1650 കാട്ടുപോത്ത്, 17 കടുവ, 27 പുലി, 390 കരടി, 45 ആന, സെന്‍സസ് പ്രകാരമുള്ള മൃഗങ്ങളുടെ കണക്ക് അങ്ങിനെയാണ്.

കോണ്‍ക്രീറ്റ് സ്‌റ്റെപ്പുകള്‍ തുടങ്ങുകയായി. 500 പടികള്‍ താഴോട്ടിറങ്ങണം. പണ്ട് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച 800 സ്റ്റെപ്പുകള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നു. ഒരു കൂറ്റന്‍ മലയുടെ മുന്നില്‍ ഗൂഹാമുഖത്താണ് നാമെത്തുന്നത്. പാറവിടവുകളില്‍ നരിച്ചീറുകളുടെ മഹാസമ്മേളനം. കാല്‍ പെരുമാറ്റവും ശബ്ദവും കേട്ടപ്പോള്‍ അവ പറക്കാന്‍ തുടങ്ങി. വിവിധ തരം പക്ഷികളുടെ ബഹുവിധ ശബ്ദങ്ങള്‍. കളകൂജനങ്ങളും. ഗുഹാമുഖത്തിന് 3 അടി ഉയരമേയുള്ളു. ഉള്ളില്‍ കൂരിരുട്ടും ഇരുട്ടിന് കൂട്ടായി നരിച്ചീറുകളും. ഗൈഡ് ബീരു കുനിഞ്ഞകത്തു കടന്നു. ടോര്‍ച്ചടിച്ച് പാത സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി. പിന്നാലെ ഞങ്ങളും. കുനിഞ്ഞ് കുനിഞ്ഞ് കുറച്ചു ദൂരം പിന്നിടുമ്പോള്‍ നിവര്‍ന്നു നില്‍ക്കാം. അവിടെയാണ് വിസ്മയം. ബീരു ടോര്‍ച്ചടിച്ചു തന്നു. പ്രകൃതി ശില്‍പ്പി പ്രതിഷ്ഠിച്ച ശിവലിംഗം!. പുറത്തു നിന്ന് പറിച്ച നന്ത്യാര്‍വട്ട പൂക്കള്‍ അര്‍പ്പിച്ച് നമശിവായ ചൊല്ലി അയാള്‍ ഒരു നിമിഷം പ്രാര്‍ഥിച്ചു. മുകളില്‍ കൂര്‍ത്തു നില്‍ക്കുന്ന പാറമുനകളില്‍ നിന്ന് അഭിഷേക തീര്‍ഥം പോലെ വെള്ളത്തുള്ളികള്‍ ഇറ്റു വീഴുന്നു. വീഴുന്ന ജലകണങ്ങള്‍ ശിവലിംഗത്തിലുറച്ച് അത് വളരുന്നു. തൊട്ടു മുകളില്‍ രാജവെമ്പാലയുടെ രൂപം പോലെ മറ്റൊരു ശിലാതലം. മൊത്തം ഭക്തിസാന്ദ്രം. ശിവരാത്രിക്ക് ഭക്തജനസഹസ്രങ്ങള്‍ എത്തുന്നു. വിളക്കുകള്‍ തെളിയുന്ന ആ കാനനരാത്രി മറക്കാനാവില്ലെന്നും വഴികാട്ടിയുടെ സാക്ഷ്യം.
സ്റ്റാലറ്റൈറ്റ് ആന്‍ഡ് സ്റ്റാലെറ്റ്‌മൈറ്റ് എന്ന പ്രകൃതിയിലെ രാസ പരിണാമമാണിതെന്ന് യുക്തിവാദികള്‍ക്കു പറയാം. രണ്ടായാലും സംഗതി വിസ്മയം തന്നെ. സ്റ്റാലറ്റൈറ്റും ( മുകളില്‍ നിന്ന് താഴോട്ട് വളരുന്നവ )സ്റ്റാലറ്റ്‌മൈറ്റും (താഴെ നിന്ന് മുകളിലേക്ക് വളരുന്നവ) കൂടി ചേര്‍ന്ന് ഒന്നായയിടവും അങ്ങിനെ കൂടി ചേര്‍ന്ന് ഗണപതിരൂപം കൈവരിച്ചയിടവുമെല്ലാം ബീരുവിന്റെ ടോര്‍ച്ച് വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു.
ഗൂഹയ്ക്ക് ചില കൈവഴികളുണ്ട്. ഗൈഡ് കൂടെയില്ലെങ്കില്‍ വഴി തെറ്റിപോകും. ഒരു വഴി കാശി വരെ നീളുന്നതാണെന്നും അതു വഴി ഋഷിവര്യന്‍മാര്‍ കാശിയിലേക്ക് പോകാറുണ്ടെന്നും ബീരു പറയുന്നു. രാമലക്ഷ്മണന്‍മാര്‍ വനവാസകാലത്ത് ഇവിടെ വന്നിരുന്നു, പഞ്ചപാണ്ഡവന്‍മാരുടെ കാനനവാസം ഇവിടെയും ഉണ്ടായിരുന്നു, അങ്ങിനെ കഥകള്‍ ഏറെയുണ്ട്. മുകളില്‍ കൂര്‍ത്തു കിടക്കുന്ന പാറകെട്ടില്‍ തലയടിക്കാതെ സൂക്ഷിച്ചു വേണം ചുവടുകള്‍. വീണ്ടും കുനിഞ്ഞ് ഇഴഞ്ഞ് വേണം പുറത്തു കടക്കാന്‍. മറ്റൊരു വഴിയിലൂടെയാണ് പുറത്തെത്തുന്നത്. രണ്ടും ഒരു ഗുഹാമുഖത്തു തന്നെയാണ്. ഗുഹാമുഖത്തു നിന്നുള്ള പുറം കാഴ്ചയും ചേതോഹരമാണ്. കൊടുകാടടങ്ങിയ താഴ് വരയിലൂടെ കുതിച്ചൊഴുകുന്ന കാളിപ്പുഴ. അതിനപ്പുറം വീണ്ടുമൊരു കാനനമല. ദൂരെ കാണുന്ന മല ഉത്തരകന്നഡയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ഷിരോളിപീക്ക്-സഞ്ചാരികള്‍ ധാരാളമെത്തുന്ന വ്യൂപോയിന്റാണിത്. നാഗജ്ഹരി നദി കാളിപ്പുഴയിലേക്ക് കൂടിചേരുന്ന ദൃശ്യം കാണാം. കുള്‍ഗിയുടെ അടുത്ത സ്റ്റോപ്പായ അംബികാനഗറില്‍ നിന്ന് മൂന്നു കിലോമീററര്‍ സഞ്ചരിച്ചാല്‍ അവിടെയെത്താം.
കാവള എന്നാല്‍ അടയ്ക്ക എന്നാണ് അര്‍ഥം. ഗുഹയ്ക്കകത്തെ ശിവലിംഗത്തിന് കൊട്ടടയ്ക്ക തലകീഴായ്് വെച്ച് ആകൃതിയാണ്. അടയ്ക്കയുടെ പുറംതോടിനോട് സാമ്യവും ഉണ്ട്. അങ്ങിനെ ആദിവാസികളായ ഗൗളകളാണത്രെ ഈ ഗുഹയ്ക്ക് കാവള ഗുഹ എന്ന് പേരിട്ടത്. ചില ഭക്തര്‍ ഇതിനെ രുദ്രാക്ഷത്തോടാണ് ഉപമിക്കുന്നത്.



കഥയും കേട്ട് കാഴ്ചകളില്‍ മതിമറന്നിരിക്കുമ്പോഴാണ് ഒരു കളകൂജനം. ഇട്ടിച്ചിരിയേ പച്ചപയറൊത്തോ എന്ന് വിലപിക്കുന്ന പക്ഷിപാട്ടാണോ അതെന്നോര്‍ത്ത് നില്‍ക്കവെ ബീരു വാചാലനാവാന്‍ തുടങ്ങി. അത്യപൂര്‍വ്വമായി കാണുന്ന ഒരു പക്ഷിയാണിത്. ശ്രദ്ധിച്ച് നോക്കണം, പരിസരത്തെ മരങ്ങളിലേക്ക് കണ്ണോടിച്ച് അയാള്‍ പക്ഷിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അപ്പോഴാണ് ഫോട്ടോഗ്രാഫര്‍ ഓടിവന്ന് ബാഗ് തിരയുന്നത്. ബാഗിന്റെ കള്ളികളില്‍ പരതി സജി ആ പക്ഷിയെ പിടിച്ചുകഴിഞ്ഞു. മൊബൈലിലെ റിങ്‌ടോണ്‍! തിത്തിരിപക്ഷിയുടെ ചിലയ്ക്കല്‍! അതോടെ ബീരുവിന്റെ മുഖത്തു നിന്ന് രക്തപ്രസാദത്തിന്റെ ഒരു കിളിയും പറന്നു പോയി. കുറച്ചുനേരത്തേയ്ക്ക് കക്ഷിക്ക് മിണ്ടാട്ടം ഇല്ല. ശരിക്കും കിളി കരയുമ്പോള്‍ രണ്ടുവട്ടം ആലോചിച്ചാണ് വിശദീകരണത്തിനൊരുങ്ങുന്നത്. കാട്ടില്‍ പോകുമ്പോള്‍ മൊബൈലില്‍ കിളിയൊച്ചകള്‍ വെക്കാന്‍ പാടില്ലെന്നൊരു നിര്‍ദ്ദേശം കൂടി വൈകാതെ വന്നേക്കാം! വഴിക്കു നമ്മുടെ തൊട്ടാവാടിയെ കണ്ടു. ഒരു പുതുമുഖത്തെ പരിചയപ്പെടുത്തുന്ന പോലെ ബീരു തൊട്ടാവാടി തൊട്ടുകാട്ടി തന്നു. അതിന്റെ വംശവും ജാതിയും പറയും മുമ്പെ ഇത് നമ്മുടെ നാട്ടിലും ധാരാളമുണ്ടെന്ന സത്യം ഞങ്ങളങ്ങോട്ട് പറഞ്ഞു. എങ്കിലും കന്നഡയില്‍ തൊട്ടാവാടിയുടെ പേരു കേള്‍ക്കാന്‍ രസമുണ്ട്. മുട്ടിതരമുനി. മുട്ടിയാല്‍ മുനിയാവുന്നവന്‍ എത്ര അര്‍ഥവത്തായ പേര്..

കുള്‍ഗിയിലെത്തിയപ്പോഴാണ് ഗൗളഎന്ന ആദിവാസികളെ കൂടി കാണാമെന്നു തോന്നിയത്. തൊട്ടടുത്തെ കാടോരത്ത് ഒമ്പതു കുടുംബങ്ങള്‍ അടങ്ങുന്ന കോളനിയും ഉണ്ട്. ഞങ്ങള്‍ അങ്ങോട്ട് യാത്രയായി. കയറി ചെല്ലുന്നത് തൊഴുത്തിലേക്കാണെന്നു തോന്നിപോകും. മുന്നില്‍ എരുമകളും പോത്തും. ഒരു മുളവടി വെച്ച് തിരിച്ചതിനപ്പുറം മനുഷ്യരും. പാലുവിറ്റാണ് ജീവിതം. പുതിയ തലമുറ വിദ്യാഭ്യാസത്തിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. മറാഠിയാണ് ഭാഷ. പശുക്കളെ സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് നോക്കുന്നത്. ഫോട്ടോയെടുക്കുമ്പോള്‍ മക്കളെ കൂടി കൂട്ടട്ടെ എന്നായിരുന്നു അവരുടെ ചോദ്യം. കോഴിക്കൂടും ഇതിനകത്തു തന്നെ. കന്നുകാലികളെ രാവിലെ കാട്ടില്‍ മേയാന്‍ വിടും. വൈകീട്ടവ തിരിച്ചു വരും. ഒരു കോണകവും മുകളിലൊരു ഷര്‍ട്ടുമാണ് പുരുഷ വേഷം. സ്ത്രീകള്‍ സാരി പാളത്താറായി ഉടുത്തിരിക്കുന്നു.

പിറ്റേദിവസം ബൈക്കിലായിരുന്നു യാത്ര. പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പോലും എതിരെ വാഹനങ്ങള്‍ വരാത്ത വിജനമായ കാട്ടുപാത ടാറിങ്ങ് കഴിഞ്ഞിട്ട് അധിക ദിവസമായിട്ടില്ല. കാടിന്റെ കൂളിര് നല്‍കുന്ന എയര്‍കണ്ടീഷന്‍ അനുഭവം. ആ വഴിയിലൂടെ ബൈക്ക് ഓടിക്കുന്നതു തന്നെ ഒരനുഭൂതിയാണ്. സിന്തേരി റോക്കിലേക്കാണാ യാത്ര. ഡാന്‍ഡേലിയില്‍ നിന്ന് 24 കിലോമീറ്റര്‍. കാടിനുള്ളില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ ഇപ്പുറം വരെ ബൈക്ക് പോകും. പിന്നെ അല്‍പ്പം നടന്ന് പടികളിറങ്ങണം. പടികള്‍ തുടങ്ങുന്നിടത്തു തന്നെ അത്ഭുതം കൊണ്ട് കണ്ണുകള്‍ വിടരും. 350 അടി ഉയരത്തിലുള്ള ഒറ്റക്കല്ല്. അടിവശത്ത് ചെറിയ ചെറിയ ഗുഹകള്‍. ഗുഹയിലേക്കും പാറയെ തൊട്ടും കാനേരി നദി ചെറിയ വെള്ളച്ചാട്ടമായൊഴുകുന്നു. കല്ലിന്റെ ഘടനയും വലിപ്പവും ലാവ ഒലിച്ചിറങ്ങിയതു പോലുള്ള സമീപത്തെ പാറകളുമെല്ലാം ഭൂമിശാസ്ത്രം പഠിക്കുന്നവര്‍ അക്ഷയ ഖനികളാണ്. കല്ലിന്റെ രുപപരിണാമത്തെ പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങളും നല്‍കുന്നതു കൊണ്ട് അധ്യയന യാത്രയ്ക്കും ഈ സ്ഥലം എന്തുകൊണ്ടും അനുയോജ്യമാണ്. ജ്വാലാമുഖിയായിരുന്നു ഇതെന്ന് കൂടെ വന്ന ബാപ്പുജി പറഞ്ഞു. ജ്വാലാമുഖി നമ്മുടെ അഗ്നിപര്‍വ്വതമാണ്. ഈ ഒറ്റക്കല്ലിന്റെ പാര്‍ശ്വഭാഗത്ത് മനുഷ്യനു ചെന്നെത്താന്‍ പ്രയാസമാണ്. അതുകൊണ്ടാവാം തേനീച്ചകള്‍ കൂടു കൂട്ടിയിരിക്കുന്നു. പാറപള്ളയില്‍ പറ്റിപിടിച്ചിരിക്കുന്ന 30 ലധികം തേനീച്ച കൂടുകളും ഒരു കാഴ്ച തന്നെ. പൊത്തുകളില്‍ നിറയെ പ്രാവുകളും. വെള്ളച്ചാട്ടവും പുഴയും കണ്ട് കുളിച്ചേക്കാം എന്നാരും വിചാരിച്ചേക്കരുത്. അപകടമാണ്. പറഞ്ഞാ കേക്കാത്ത പന്ത്രണ്ടു പേര്‍ ഇതിനകം കാലപുരി പൂകിയിട്ടുണ്ടെന്നും ആ ലിസ്റ്റ് നീളം വെപ്പിക്കരുതെന്നും മുന്നറിയിപ്പു ബോര്‍ഡുണ്ട്. അടിയില്‍ ചുഴികളുണ്ടെന്നും ഈ പാറകള്‍ അപകടകാരികളാണെന്നും ബാപ്പുജി വിശദീകരിച്ചു.

ഒരു ബ്രിട്ടീഷ് വനിതയാണത്രെ സിന്തേരിയെ ആദ്യം വെളിച്ചത്തു കൊണ്ടു വന്നത്. സെന്റ് തേരി എന്ന അവരിട്ട പേരാണ് സിന്തേരിയായതെന്നും പറയുന്നു. ചാറ്റല്‍ മഴയ്ക്കിടയില്‍ വെയിലു തെളിഞ്ഞതോടെ മനോഹരമായൊരു മഴവില്ലു വിരിഞ്ഞു. കന്നഡയിലെ കാമനവില്ല്. തിരിച്ചു വരുമ്പോള്‍ കാഴചകളുടെ മായൊത്തൊരു മഴവില്ലാണ് മനസില്‍ വിരിഞ്ഞതെന്നറിയാം.- ഡാന്‍ഡേലിയിലെത്തിയാല്‍ കാവളയും സിന്തേരിയും കാണാതെ വരരുത്.

ഗണേഷ്ഗുഡിയാണ് ഡാന്‍ഡേലിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്. ഇവിടെ സുപാഡാമും കാളിപ്പുഴയും നിരവധി റിസോര്‍ട്ടുകളും, സാഹസിക ജലവിനോദങ്ങള്‍ക്ക് അനന്തസാധ്യതയും ഉണ്ട്. ബൈസണ്‍ റിസോര്‍ട്ടിനു സമീപമുള്ള റാപ്പിഡ്‌സിലൂടെ ഒരിക്കലെങ്കിലും റാഫ്റ്റിങ്ങ് നടത്തണം. വാക്കുകള്‍ക്ക് അതീതമായൊരു അനുഭവമാണത്. പാറ വിടവിലേക്ക് ഇരുവശങ്ങളില്‍ നിന്നും കുടിചേര്‍ന്നൊഴുകുന്ന നദിയിലൂടെ ഏതാണ്ട് 60 ഡിഗ്രി ചരിവിലൂടൊരു ചാട്ടം, പിന്നെ പാറക്കെട്ടിലൂടെ തട്ടിതടഞ്ഞ് ചാഞ്ചാടിയൊരു യാത്ര. ഒമ്പതു കിലോമീറ്റര്‍ മുതല്‍ 13 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഒരാള്‍ക്ക് 1300രൂപ മുതല്‍ 1650 രുപവരെ ചെലവാകും. വേനല്‍കാലത്ത് റാഫ്റ്റിങ് നടത്താമെന്നതാണ് ഇവിടുത്തെ പ്രത്യേകത. മഴക്കാലത്ത് നടത്താന്‍ അനുവദിക്കാറില്ല. വട്ടത്തോണിയാത്ര, മീന്‍പിടിത്തം, കയാക്കിങ് കനോയിങ്ങ് റാപ്പെല്ലിങ്, റിവര്‍ക്രോസിങ്ങ് അങ്ങിനെ സാഹസികതയുടെ ഒരു വലിയ ലോകം..
മര മുകളില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്ന ഹോണ്‍ബില്‍ റിസോര്‍ട്ടും വിവിധ ഹോംസ്‌റ്റേകളും ഗണേഷ്ഗുഡിയിലുണ്ട്. ജംഗിള്‍ ലോഡ്ജിന്റെ ഓള്‍ഡ്മാഗസിന്‍ ഹൗസും ഇവിടെയാണ്. ജംഗിള്‍ ലോഡ്ജിനേക്കാള്‍ ചുരുങ്ങിയ ചെലവില്‍ താമസിക്കാം. 900 രൂപ മുതല്‍ 1600 വരെയുളള പാക്കേജുകളുണ്ട് ഇവിടെ.




തിരിച്ചു വരും വഴി ഡാന്‍ഡേലിക്കടുത്തുള്ള പിക്‌നിക് സ്‌പോട്ടിലും പോയി. വിശാലമായൊഴുകുന്ന കാളിപ്പൂഴയുടെ തീരത്ത് കാട് കുടവിരിക്കുന്ന തണലിനു താഴെ എത്ര നേരം വേണമെങ്കിലും ഇരിക്കാം. ടെന്റ് അടിച്ച് ഭക്ഷണവുമെല്ലാം ഒരുക്കി ഒരു കാനന നദീതീര ദിവസം ആഘോഷിക്കാം. മുതലകളെ കാണാം. റിവര്‍വ്യൂ റിസോര്‍ട്ടാണെങ്കില്‍ വേഴാമ്പലുകള്‍ തമ്പടിച്ചിരിക്കുന്ന പുഴയോരത്താണ്. നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം. ഇവിടെ 1200 രുപ ഡോര്‍മറ്ററി പാക്കേജ് അടക്കം 4000 രുപയുടെ കപ്പിള്‍ പാക്കേജുകളുണ്ട്.

പിറ്റേദിവസം സാത്തോഡ് വെള്ളച്ചാട്ടം കാണാന്‍ പോകാന്‍ വേണ്ടിയാണ് യെല്ലാപ്പൂരിലേക്ക് യാത്ര തിരിച്ചത്. വഴിക്ക ഹളിയാലിലെത്തിയതുമുതല്‍ ബസ് നിറയെ ആഫ്രിക്കക്കാര്‍. ലോകകപ്പും വെച്ച് ഇവരെന്തേ ഇങ്ങു പോന്നത്. ഹളിയാലിലാണെങ്കില്‍ ഇവരുടെ എണ്ണം കൂടി കൂടി വരുന്നു. സിദ്ദീസ് എന്നറിയപ്പെടുന്ന ആദിവാസികളാണ്. കര്‍ണ്ണാടകയിലേയും ഗുജറാത്തിലേയും കാടുകളില്‍ കണ്ടു വരുന്ന ഇവരുടെ പിന്‍മുറക്കാരെ 400 വര്‍ഷങ്ങള്‍ക്കു മുമ്പ് പോര്‍ച്ചുഗീസുകാര്‍ അടിമകളാക്കി കൊണ്ടു വന്നവരാണ്. അന്ന് രക്ഷപ്പെട്ടോടി വനത്തില്‍ അഭയം പ്രാപിച്ചതാണത്രെ. പൊതു സമൂഹവുമായി ഇടപെടാന്‍ മടിക്കുന്നവരാണ് ഏറെയും. ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കോളനിനിവാസികള്‍ക്ക് പ്രതിഷേധം. പത്രപ്രവര്‍ത്തകരാണെന്നറിഞ്ഞപ്പോള്‍ അതിരട്ടിയായി. സര്‍ക്കാരിനോടുള്ള അമര്‍ഷമാണ് വാക്കുകളില്‍. പത്രങ്ങളും സര്‍ക്കാരുമെല്ലാം അവരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഫോട്ടോയെടുത്താല്‍ ക്യാമറ തച്ചുടയ്ക്കുമെന്നു വരെ അവര്‍ ഭീഷണി മുഴക്കി. സമീപവാസികളുടെ സഹായത്തോടെയാണ് തടിയൂരിയത്. മറ്റൊരു കോളനിയില്‍ പോയി ഞങ്ങള്‍ പത്രക്കാരേയല്ല കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ മാത്രമാണെന്നു പറഞ്ഞപ്പോള്‍ പ്രതിഷേധമുണ്ടായില്ല.

സാത്തോഡി യെല്ലാപ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി കൊടും വനത്തിലുള്ള ഒരു വെള്ളച്ചാട്ടമാണ്. ഒരു കിലോമീറ്റര്‍ ഇപ്പുറം വരെ വണ്ടി പോകും. പോകും വഴി തന്നെ ഒരു വശത്ത് വിശാലമായ വെള്ളക്കെട്ട് കാണാം. കോടസള്ളി ഡാമിന്റെ ജലസംഭരണി. വെള്ളത്തില്‍ മുങ്ങി നശിച്ചുപോയ തെങ്ങും മരങ്ങളും പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ജനങ്ങള്‍ തിങ്ങിതാമസിച്ചിരുന്നയിടമാണ്. ഡാമിനു വേണ്ടി ഒഴിപ്പിച്ചു. അവരെ പുനരധിവസിപ്പിച്ചിടം ചെറിയൊരു ടൗണായിട്ടുണ്ട്. ഒരു ഹോട്ടലും കുറച്ചു കടമുറികളും. പാര്‍ക്കിങ് ഏരിയയില്‍ ഒരു ടിക്കറ്റ് കൗണ്ടറുണ്ട് സീസണല്ലാത്തതിനാല്‍ ഇപ്പോല്‍ ടിക്കറ്റില്ല. ആ നടവഴി ഒരു മലയടിവാരത്തിലൂടെയാണ്. നടപ്പാതയെ തൊട്ടൊഴുകുന്ന കനാല്‍. പച്ചപ്പുകള്‍ക്കിടയിലൂടെ ഈ കാഴ്ചയും കണ്ട് നടക്കുമ്പോള്‍ നാടും നഗരവും മനസിന്റെ റീസൈകഌങ് ബിന്നിലേക്ക്. വമ്പനൊരു പാറയുടെ പശ്ചാത്തലത്തില്‍ ചിതറി തെറിച്ചപോലുള്ള പാറക്കൂട്ടങ്ങളിലേക്ക വെള്ളം പതിക്കുന്നു. അവിടെ മരംകൊണ്ടൊരു ചെറിയ തടയണയുണ്ടാക്കിയാണ് കനാലിലേക്ക വെള്ളം തിരിച്ചു വിട്ടിരിക്കുന്നത്. കുളിക്കാം വെള്ളച്ചാട്ടത്തെ തൊടാം. ഏത് വേനലിലും വെള്ളമുണ്ടാവും എന്നതൊക്കെയാണ് ഇവിടുത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പിന്നെ ഹൃദയഹാരിയായ ആ വഴിയും.
പിറ്റേ ദിവസം മടക്കയാത്ര യെല്ലാപ്പൂരില്‍ നിന്ന് അംഗോള, ഗോകര്‍ണ്ണം, കുംട, ഉഡുപ്പി വഴി വീണ്ടും കൊങ്കണ്‍ തുരങ്കങ്ങളിലൂടെ.....

Dandeli- info.
Dandeli city is located on the banks of river Kali in Karwar Dt. Uttara Kannada.(117 Kms from Karwar) It is one of the last patches of pristine forest left in the Western Ghats. The Location is surrounded by dense forest,which is one of the richest wildlife habitats in the world. it is home to several valuable trese and animals, Dandeli is also a bird watcher's paradise and home to 450 species of birds. The Great Indian Hornbill and the Malabar Pied Hornbill are an integral part of this resourceful wildlife
How to reach:
By Air:
Nearest airport: Hubli (75 kms) Belgaum (110 kms) and Goa (150 kms).
Air Deccan has daily flights from Mumbai and Bangalore to Belgaum, Goa and Hubli.
By Train: Closest rail head: Alnavar (32 kms) Londa (48 kms), Dharwad (57 kms), & Hubli (75 kms).
Konkan-Karwar(117 Km).
By Road: Dandeli is well connected to Bangalore, Mumbai (Bombay), Goa, Belgaum, Karwar and Dharwad, Hubli by road. Several buses ply to Dandeli everyday. Pick up and drop facility from closest destination is available on request by tour operators.
Distance Chart:Dharwad-57Km. Hubli-75Km,Belgaum--110km,Karwar-117, Goa-150km,Bangalore-481Km.
Don't bring along music or talk loudly. If you want to spot interesting wildlife, you have to be quiet.
Wear safari colours. Browns, tans and khaki blend with the nature and are less likely to startle the animals.
Tips:
Do not feed any animals. By feeding them you are harming their natural habits for survival.
Don't litter.
Keep your distance. When viewing wild animals give them plenty of room.
Don't take plants or animals away from their habitat.
Avoid wearing perfumes and colognes.
Follow strict precautions against accidental fire.
Don't throw things at wild animals. You may get more attention than you bargained for
Stay at Dandeli
Bison River Resort, Ganesh Gudi, Ph: 08383-256539 09886230539. http://www.indianadventures.com/BisonRiverResort.htm
Tel: 08383 - 256539 Telefax: 08383 - 256548
Hornbill River Resort: Ph: 08383-256336, 09880683323. email:info@hornbillriverresort.in, hornbillriverresort@yahoo.com, http://www.hornbillriverresort.in
Jungle lodge: Ph: 080 40554055, Fax: 080 40554040.
River view Resort, Ph:09880062897.
State Lodge, Ph: 08284-231920. 234920,233606 9845052943, 9845861464.
Kali River Lodge Kogilban Ph: (0832) 3258928.
Jungle Camp Resorts Ph : 98457-33053/ 94498-54729
Best season:
You can visit Dandeli any time of the year. During the monsoons, you may see less animals and miss white-water rafting, but the place acquires a unique ambience. October to June first Week is ideal time.
Tour operators:
Pramod D Revankar, Abhayaranya Ph: 08284-232568. 08971898749, 9986130889.
Manju Rathore Dandeli Wild life Adventures and Tours Ph: 08284-231992. Ph: 09900671757. 9449175001.email:manju_nature907@yahoo.co.in www.Dandeli 1.com
Charges for Various Activities
Jungle Safari-3 1/2 Hrs-100 km- 2500 per head
Water Rafting 3 Hrs-9.5 Km. 1300.
Coracle Ride: 45 minutes-75 Km.
Moonlight Coracle Ride: 45 minutes-150 Km.
Coracle Ride and Jacugy- 1hr.150.
Fishing Tackle per hr -50
Mountain Biking per hr-50.
Rappling 1/2hr 250.
Trekking 3 hrs 150- (6km)
Archary-1/2hr- 75
Target Shooting 20 minutes-20 bullets
Synthery Rocks-2 1/2 hrs-1500 75 km
Cavla 4 hrs 2500.
Crock Treck -1200 2hrs
Wajra water falls 1500 3hrs
Sunset Koddi back water 500- 14 kms
Visit to Little Tibet- 3000 8hrs. 260 Km
Kayaking- 1/2hrs Rs:200.
Things To Do
The White-water rafting in Dandeli is very pleasant and inviting from October to about beginning of March. White-water rafting season starts from November and goes on till June. The monsoon season starts from June till September and the forests are at their greenest best then. April-June are the driest months and the temperatures can touch 40 C.
Contact:
Deputy Conservator of Forests Wildlife Division Dandeli-Ph: (08284) 231585
Kalinadi Hydroelectric Project Ambikanagar 581363 Ph: (08284) 258625
Superintendent of Police - karwar, Ph: 226233, 226308
PWD Guest House-DANDELI, Ph: 231217
Jungle Lodges-Ph: 230266
Forest Guest House-Ph: 231289
JOIDA PWD Guest House, Ph: 282483
KPC Guest House GANESHGUDI,Ph: 246527
DSP, Dandeli, Ph: 231595, 230977
PI, Yellapur Police station, Ph: 261133, 261140
Tourism Asst. Director -Ph: 221172
Manager, Jungle Lodges & Resorts, Dandeli.Ph: 230266


ചുറ്റുവട്ടം.


ഡാന്‍ഡേലിയിലേക്കുള്ള യാത്രയ്‌ക്കൊപ്പം പഌന്‍ ചെയ്യാന്‍ ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും ഉണ്ട്. ഗോവയിലെ കടലോര വിനോദങ്ങള്‍ ആസ്വദിച്ച് ഡാന്‍ഡേലിയിലെ കാനനകേളികളാവാം. പ്രകൃതിയുടെ രണ്ട് ഭാവങ്ങള്‍. മാംഗഌരില്‍ നിന്ന് ഉഡുപ്പി, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രങ്ങളിലെ തീര്‍ഥാടനത്തിനു ശേഷം ഡാന്‍ഡേലിയിലെത്തുന്നത് മറ്റൊരു പഌന്‍. കൊങ്കണിലെ ഗോകര്‍ണ്ണം, മുരുഡേശ്വര്‍, കാര്‍വാര്‍ തീരദേശ തീര്‍ഥാടന കേന്ദ്രങ്ങള്‍ കണ്ട ശേഷം ഡാന്‍ഡേലിയിലേക്ക് പോകുന്ന രീതിയിലും പഌന്‍ ചെയ്യാം. ഡാന്‍ഡേലിയില്‍ നിന്നു യെല്ലാപ്പൂരിലേക്ക് പോയി സാത്തോഡി, ലാല്‍ഗുളി, മുണ്ടഗോഡ് വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കാം. സിര്‍സി വനപ്രദേശത്തും വെള്ളച്ചാട്ടങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും ഉണ്ട്.

ഈ സ്ഥലങ്ങള്‍ തമ്മിലുള്ള ഏകദേശ ദൂരം
മംഗലാപുരം-കാര്‍വാര്‍-268 കി.മീ, കാര്‍വാര്‍-ഡാന്‍ഡേലി-117 കി.മീ. മംഗലാപുരം-ഗോവ-374 കി.മീ, ഗോവ-ഡാന്‍ഡേലി-150 കി.മീ, ഡാന്‍ഡേലി-ഹളിയാല്‍-18 കി.മീ, ഹളിയാല്‍-യെല്ലാപ്പൂര്‍- 47 കി.മീ, ഡാന്‍ഡേലി-സിര്‍സി-108 കി.മീ, ഡാന്‍ഡേലി-സുപഡാം-28 കി.മീ,ഡാന്‍ഡേലി-കുള്‍ഗി-12 കി.മീ, യെല്ലാപ്പൂര്‍-സാത്തോഡ് വെള്ളച്ചാട്ടം-25 കി.മീ, യെല്ലാപ്പൂര്‍-ലാല്‍ഗുളി-10 കി.മീ, യെല്ലാപ്പൂര്‍-ജോഗ് വെള്ളച്ചാട്ടം-115 കി.മീ, മംഗലാപുരം-ഉഡുപ്പി-56 കി.മീ, മംഗലാപുരം-കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം-97 കി.മീ, മംഗലാപുരം-ഗോകര്‍ണ്ണ-228കി.മീ.  

 Text: G Jyothilal, Photos: Sajichunda