Showing posts with label Chasing the Monsoon. Show all posts
Showing posts with label Chasing the Monsoon. Show all posts

Thursday, May 25, 2017

മഴ വിശേഷങ്ങള്‍

മഴ പെയ്യുന്നതു നോക്കിയിരിക്കാന്‍ തന്നെ ഒരു രസമാണ്. ചിലപ്പോഴൊക്കെ മഴകൊണ്ട് നടക്കാനും... മാനവും മനവും കുളിര്‍പ്പിച്ച് കാലവര്‍ഷം പെയ്തു തുടങ്ങിയിരിക്കുന്നു. ഇനിയങ്ങളോട്ട് തകര്‍പ്പന്‍ മഴയുടെ നാളുകള്‍. മഴ കാണുന്നതിനും കൊള്ളുന്നതിനുമൊപ്പം മണ്‍സൂണിനെപ്പറ്റി, മഴയെപ്പറ്റി ചില വിശേഷങ്ങള്‍:

1) മഴയെ നെഞ്ചേറ്റിയവരാണ് മലയാളികള്‍. എന്നാല്‍ നമ്മുടെ മണ്‍സൂണിനെപ്പറ്റി ഏറ്റവും മികച്ച യാത്രാവിവരണ പുസ്തകങ്ങളിലൊന്നെഴുതിയത് ഒരു വിദേശിയാണ്. വന്വാട്ടു എന്ന കൊച്ചു ദ്വീപസമൂഹത്തില്‍ ജനിച്ചു വളര്‍ന്ന അലക്സാണ്ടര്‍ ഫ്രേറ്റര്‍ എന്ന പത്രപ്രവര്‍ത്തകന്‍. ഒരിക്കല്‍ രോഗബാധിതനായി ലണ്ടനില്‍ ചികില്‍സയിലിരിക്കെ പരിചയപ്പെട്ട ഗോവക്കാരിയാണ് ഫ്രേറ്ററിന് ഇന്ത്യയിലെ മണ്‍സൂണിനെപ്പറ്റി പറഞ്ഞുകൊടുത്തത്. അങ്ങനെ 1987ല്‍ തിരുവനന്തപുരത്തു നിന്ന് ചിറാപുഞ്ചിയിലേക്ക് മഴക്കാലത്തിനൊപ്പം യാത്ര ചെയ്ത ഫ്രേറ്ററുടെ അനുഭവമാണ് ‘ചേസിങ് ദ് മണ്‍സൂണ്‍’ എന്ന പുസ്തകം.

2) ‍മേഘാലയയിലെ ചിറാപുഞ്ചിയിലും പിന്നെ മൗസിന്‍റാമിലുമാണ് ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്നത്. എന്നാല്‍ ഏറ്റവുമധികം ശുദ്ധജലക്ഷാമം നേരിടുന്നതും അവിടുത്തുകാരാണ്. മേല്‍മണ്ണു മാത്രമേ ഇവിടെയുള്ളൂ. മണ്ണിനു താഴെ കല്‍ക്കരിയും ചുണ്ണാമ്പുകല്ലുമാണ്. അതിനാല്‍ത്തന്നെ പെയ്യുന്ന മഴയെല്ലാം ഒലിച്ചു പോകും. തങ്ങളുടെ പറമ്പിലെ കല്‍ക്കരി പൊട്ടിച്ചു വിറ്റാണ് അവിടുത്തുകാര്‍ ജീവിക്കുന്നതു തന്നെ. കൃഷിക്കു പോലും യോഗ്യമല്ല അവിടത്തെ ഭൂമി. ടൂറിസ്റ്റുകള്‍ക്ക് ചിറാപുഞ്ചിയില്‍ കുപ്പിവെള്ളമേയുള്ളൂ ശരണം. അവിടത്തെ ജനങ്ങള്‍ ചിലപ്പോഴൊക്കെ കിലോമീറ്ററുകള്‍ താണ്ടിയാണ് ശുദ്ധജലം കൊണ്ടു വരുന്നത്. ഇപ്പോള്‍ ആ സ്ഥിതിക്ക് ചില മാറ്റങ്ങളൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്.

3) കൊല്ലവര്‍ഷം 1099ല്‍ ഒരു കൊടുംമഴയത്തുണ്ടായ വെള്ളപ്പൊക്കം ചരിത്രപ്രസിദ്ധമാണ്. 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന അത് 1924 ജൂലൈ, ഓഗസ്റ്റ് സമയത്തായിരുന്നു. അക്കാലത്ത് മൂന്നാറില്‍ റയില്‍പ്പാതയും തീവണ്ടിയുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ മഴ കനത്തതോടെ സമുദ്രനിരപ്പില്‍ നിന്ന് 5000 മുതല്‍ 6500 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ നഗരം പോലും മുങ്ങിപ്പോയി. മലവെള്ളപ്പാച്ചിലില്‍ റയില്‍പ്പാതയും തീവണ്ടികളുമൊക്കെ കുത്തിയൊലിച്ചും പോയി. അന്നു ചൂളം കുത്തിപ്പാഞ്ഞുപോയതാണ് ജില്ലയിലേക്കൊരു ട്രെയിനെന്ന ഇടുക്കിയുടെ സ്വപ്നം.

4) മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗന്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ എഴുതിയ പുസ്തകമാണ് മലബാര്‍ മാന്വല്‍. ഫെബ്രുവരി, മാര്‍ച്ച് സമയത്തിലെപ്പോഴോ ആണ് ഈ അനുഭവം അദ്ദേഹത്തിനുണ്ടായത്. വഴിയില്‍ക്കണ്ട ഒരാളോട് ഇത്തവണ കാലവര്‍ഷം എന്നുണ്ടാകുമെന്ന് ചോദിച്ചു. ഉടന്‍ വന്നു മറുപടി–‘മാര്‍ച്ച് 22ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആദ്യത്തെ ചാറ്റല്‍ മഴ കിട്ടും’. ലോഗന്‍ കാത്തിരുന്നു. പറഞ്ഞതുപോലെത്തന്നെ അന്നേദിവസം ഉച്ചതിരിഞ്ഞ് മഴയെത്തി, ഒരഞ്ചു മിനിറ്റിന്റെ വ്യത്യാസത്തില്‍. അത്യാധുനിക സംവിധാനങ്ങളുണ്ടെങ്കിലും ഇന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനു പോലും കാലവര്‍ഷത്തെ പ്രവചിക്കാന്‍ സാധിക്കാത്ത കാര്യവും ഈ നിമിഷം വെറുതെയൊന്ന് ഓര്‍ക്കാം.

5) ഇന്തൊനീഷ്യയില്‍ കൃഷി ചെയ്യാനായി ഡച്ചുകാര്‍ കുരുമുളകിന്റെ തൈകള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുപോയപ്പോള്‍ സാമൂതിരി പറഞ്ഞ വാക്കുകള്‍ പ്രശസ്തമാണ്: ‘അവര്‍ക്ക് നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാകില്ലല്ലോ..’എന്ന്. പക്ഷേ സത്യത്തില്‍ സാമൂതിരിക്ക് തെറ്റി. തിരുവാതിര ഞാറ്റുവേലയും അക്കാലത്തെ ഇടവിട്ടുള്ള മഴയും ഇന്തൊനീഷ്യയിലുമുണ്ട്. അഗ്നിപര്‍വതത്തിന്റെ ചാരം വീണ് ഫലഭൂയിഷ്ഠമായ അവിടത്തെ മണ്ണില്‍ കേരളത്തിലേക്കാള്‍ സമൃദ്ധമായി കുരുമുളക് വളരുകയും ചെയ്യും.

6) മഴക്കാലത്ത് മിക്കവരും സുഖചികില്‍സയ്ക്ക് പോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം ഇളകിയിരിക്കുന്നതിനാല്‍ ശരീരത്തെ ശുദ്ധീകരിക്കാന്‍ എളുപ്പമായതിനാലാണത്രേ സുഖചികില്‍സയും പഞ്ചകര്‍മചികില്‍സകളുമെല്ലാം മഴക്കാലത്തു ചെയ്യുന്നത്.

7) കര്‍ണാടക സംഗീതത്തില്‍ അമൃതവര്‍ഷിണി എന്നൊരു രാഗമുണ്ട്. മഴയുടെ ആത്മരാഗമെന്നറിയപ്പെടുന്ന ഇതിന്റെ സ്രഷ്ടാവ് മുത്തുസ്വാമി ദീക്ഷിതരാണെന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ മധുരമീനാക്ഷി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ വരള്‍ച്ച കൊണ്ട് വരണ്ടുണങ്ങിയ ഒരു ഗ്രാമത്തിലൂടെ വരേണ്ടി വന്നു അദ്ദേഹത്തിന്. അവിടത്തെ ഗ്രാമീണരുടെ ദുരിതത്തില്‍ മനംനൊന്ത് അദ്ദേഹം അമൃതവര്‍ഷിണി രാഗത്തിലുള്ള ആനന്ദാമൃതാകര്‍ഷിണി എന്ന കീര്‍ത്തനം പാടി. അതു മുഴുമിപ്പിക്കും മുന്‍പു തന്നെ ഗ്രാമീണരുടെ മനംകുളിര്‍പ്പിച്ചുകൊണ്ട് കോരിച്ചൊരിയുന്ന മഴയെത്തിയെന്നാണ് ഐതിഹ്യം.

8) മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറി കൃത്രിമ മഴ പെയ്യിക്കുന്ന സംവിധാനം , ക്ലൗഡ് സീഡിങ്, ഇന്ത്യയിലും പ്രയോഗിച്ചിട്ടുണ്ട്. തമിഴ്നാടാണ് അതില്‍ മുന്നില്‍. എണ്‍പതുകളില്‍ മേഘങ്ങളില്‍ മഴവിത്തു വിതയ്ക്കാനായി 35 ലക്ഷം രൂപ മുടക്കി പെപ്പര്‍ ആഷക് എന്ന വിമാനം പോലും തമിഴ്നാട് വാങ്ങി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ കേരളത്തിലും അത്തരമൊരു പരീക്ഷണം നടത്തിയിട്ടുണ്ട്. 1987ല്‍ തമിഴ്നാടിന്റെ സഹായത്തോടെത്തന്നെയായിരുന്നു അതും. എന്നാല്‍ ക്ലൗഡ് സീഡിങ് നടത്തിയതിനു തൊട്ടുപിറകെ കൊടുംമഴയെത്തിയതിനാല്‍ സംഗതി വിജയിച്ചോ ഇല്ലയോ എന്നു തിരിച്ചറിയാനായില്ല. ലക്ഷങ്ങള്‍ പൊടിഞ്ഞതു മിച്ചം.

9) മഴയോടൊപ്പം മഞ്ഞുകട്ടകള്‍ അഥവാ ആലിപ്പഴങ്ങള്‍ വീഴുന്നത് ഒരു സ്വാഭാവിക സംഭവമാണ്. ചെറിയൊരു പയറുമണിയുടെ വലിപ്പമേ ആലിപ്പഴങ്ങള്‍ക്കുണ്ടാകൂ. പക്ഷേ ബംഗ്ലദേശില്‍ ഒരിക്കല്‍ വീണത് ഒന്നേകാല്‍ കിലോയോളം ഭാരമുള്ള ആലിപ്പഴങ്ങളായിരുന്നു. 1986ലായിരുന്നു അത്.1888ല്‍ ഇന്ത്യയിലെ മൊറാദാബാദിലുണ്ടായ ആലിപ്പഴമഴയില്‍ 246 പേരാണു മരിച്ചത്.

10) മണ്‍സൂണിന് ആ പേരിട്ടത് അറബികളാണ്. സമുദ്രയാത്രകള്‍ക്കിടെ ചില സമയത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നു ശക്തമായ കാറ്റുവീശുമെന്ന് അവര്‍ കണ്ടെത്തി. അതിന്റെ ശാസ്ത്രമൊന്നും അന്നവര്‍ക്ക് പിടികിട്ടിയില്ല. ഒരു പ്രത്യേക കാലത്തുണ്ടാകുന്ന കാറ്റ് എന്ന അര്‍ഥത്തില്‍ അറബികള്‍ അതിനെ അവരുടെ ഭാഷയില്‍ മൗസം എന്നു വിളിച്ചു. അത് ഇംഗ്ലിഷിലെത്തിയപ്പോള്‍ മണ്‍സൂണും ആയി.
Text - നവീന്‍