കുതിരവട്ടം പപ്പു സിനിമയില്‍ തിളങ്ങിനിന്നിരുന്ന കാലം.
ഒരിക്കല്‍ ഏതോ പടത്തിന്റെ ഷൂട്ടിങ്ങിന് അദ്ദേഹം ഊട്ടിയിലേക്ക് പോവുകയായിരുന്നു.
തമിഴ്‌നാടിനോട് ചേര്‍ന്നുള്ള ഒരു അതിര്‍ത്തിഗ്രാമത്തിലെ ചെറിയ അങ്ങാടിയിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ പപ്പു പറഞ്ഞു. നല്ല വിശപ്പ്. കാര്യമായെന്തെങ്കിലും കഴിക്കണം. ചെറുതെങ്കിലും വൃത്തിയുള്ള ഒരു ഹോട്ടല്‍ കണ്ടപ്പോഴാണ് കാര്‍ നിര്‍ത്താന്‍ പറഞ്ഞത്.
നിത്യജീവിതത്തില്‍ താരജാഡകളൊന്നും കാണിക്കാത്തയാളാണ് പപ്പു. കൈലിയും ബനിയനും, ചിലപ്പോഴൊരു തലയില്‍ക്കെട്ടുമൊക്കെയായിരി ക്കും വേഷം. അതുെകാണ്ട് പപ്പുവിനെ ആരും തിരിച്ചറിഞ്ഞില്ല.
മധ്യവയസ്‌കനായ ഒരു ഹാജിയാരാണ് കടയുടമ. അന്തസ്സുള്ള പെരുമാറ്റം. അതീവ രുചികരമായ ഭക്ഷണം. വയറുനിറയെ പൊറോട്ടയും മട്ടണ്‍കറിയും കഴിച്ച് സംതൃപ്തിയോടെ ബില്ല് കൊടുക്കുമ്പോള്‍ ഹോട്ടലുടമ വിനയത്തോടെ പപ്പുവിനോട ്‌ചോദിച്ചു: 'ങ്ങള് കുതിരവട്ടം പപ്പുവല്ലേ?'
പപ്പു അതേയെന്ന് തലയാട്ടി.
'ഭക്ഷണം മോശമായിട്ടൊന്നൂല്ലല്ലോ?'
ഭക്ഷണം അടിപൊളിയാണെന്നും ഇനിയും ഇതുവഴി വരുമ്പോള്‍ കയറാമെന്നുമൊക്കെപ്പറഞ്ഞ് പപ്പു യാത്രയായി.
ലൊക്കേഷനിലെത്തിയിട്ടും ആ മട്ടണ്‍കറിയുടെ രുചി പപ്പുവിന്റെ നാവില്‍നിന്നു പോയിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ മറ്റുള്ളവരും അത് ആസ്വദിച്ചുകൊണ്ടിരുന്നു.
ഏതാണ്ട് രണ്ടു വര്‍ഷത്തിനുശേഷമാണ് പപ്പു അതുവഴി വീണ്ടും വന്നത്. പഴയ ഹോട്ടലില്‍ കയറാനുള്ള ആവേശത്തോടെയാണ ് വരവ്. ഹോട്ടലിന്റെ
കൗണ്ടറില്‍ ഹാജിയാരുണ്ട്. പരിചയഭാവത്തോടെ ഹാജിയാരോട് ചിരിച്ച്
പപ്പു ഹോട്ടലിലേക്കു കയറി.
അല്ല, ഇതെന്തുപറ്റി? ഹാജിയാര്‍ക്ക് പണ്ടത്തെ സ്‌നേഹമൊന്നുമില്ല. പപ്പുവിനെ സൂക്ഷിച്ചൊന്ന് നോക്കിയശേഷം 'ങാഹാ, കാണിച്ചുതരാം' എന്നു പിറുപിറുത്തുകൊണ്ട് ഹാജിയാര്‍ കടയുടെ വെളിയിലേക്കോടി.
'എടാ ബീരാനേ, ഉസ്മാനേ, പോക്കറേ, ഓടി ബരിനെടാ, ഇതാടാ കുതിരവട്ടം പപ്പു ബന്നിരിക്ക്ണ്'. ഹാജിയാര്‍ അലറിവിളിക്കുകയാണ്.
പപ്പുവിന്റെ ഉള്ളൊന്ന് കാളി.
എന്തിനാണിയാള്‍ ആളുകളെ വിളിച്ചുകൂട്ടുന്നത്? എങ്ങനെയെങ്കിലും തടിയെടുക്കണം എന്നാലോചിക്കുമ്പോഴേക്കും അങ്ങാടിയിലെ ആളുകളെല്ലാം ഹോട്ടലിനു ചുറ്റും തടിച്ചുകൂടിയിരുന്നു. വീരപ്പനെ പിടിച്ച എസ്.പി. വിജയകുമാറിന്റെ ഭാവത്തില്‍, ഹാജിയാര്‍ നെഞ്ചുവിരിച്ചുനിന്ന് പൊതുജനത്തോടായി പ്രഖ്യാപിച്ചു:
'എടാ, നായിന്റെ മക്കളെ, കണ്ടോളിന്‍, കുതിരവട്ടം പപ്പു ഇതാ നിക്കണ്. നാളെ ഞമ്മള് നൊണ പറഞ്ഞൂന്ന് പറയരുത്.'
ആവേശംകൊണ്ട് ഹാജിയാര്‍ കിതയ്ക്കുകയാണ്.
ഇതെന്ത് നാടകമെന്ന് പപ്പു അമ്പരന്നുനില്‍ക്കെ ഹാജിയാര്‍ പ്രഖ്യാപിച്ചു: 'ഇനി എല്ലാരും പൊയ്‌ക്കോളീ. ഞമ്മള് മൂപ്പര്ക്ക് ഭക്ഷണം കൊടുക്കട്ടെ.'
പപ്പുവിനെ വിളിച്ചിരുത്തി സ്‌നേഹപൂര്‍വം പൊറോട്ടയും മട്ടണും വിളമ്പിക്കൊടുത്തുകൊണ്ട് ഹാജിയാര്‍ കഥ വിവരിച്ചു.
കഴിഞ്ഞ തവണ പപ്പു വന്ന കാര്യം നാട്ടുകാരോട് പറഞ്ഞപ്പോള്‍ ആരുമത്് വിശ്വസിച്ചില്ല.
'പിന്നേ, സിനിമാനടന്മാര് വന്ന് ഭക്ഷണം കഴിക്കുന്ന ഹോട്ടലേയ്' എന്ന മട്ടില്‍ അവരത് പുച്ഛിച്ചു തള്ളി. മാത്രമല്ല ഹാജിയാരുടെ 'പെരുംനൊണ' അങ്ങാടിയിലാകെ ചര്‍ച്ചയാവുകയും ചെയ്തു. പറഞ്ഞുപറഞ്ഞ് അയാള്‍ക്കൊരു വിളിപ്പേരും വീണു. 'കുതിരവട്ടം ഹാജിയാര്‍!'
നാട്ടുകാരുടെ കാര്യം പോകട്ടെ. ഭാര്യയും കുട്ടികളുംപോലും വിശ്വസിച്ചില്ല. സ്‌കൂളില്‍ പഠിക്കുന്ന മകള്‍ ബാപ്പയോട് പിണങ്ങി. അവള്‍ കൂട്ടുകാരികളോടെന്തെങ്കിലും പറഞ്ഞാല്‍, 'പോടീ നുണച്ചീ. നീ കുതിരവട്ടം ഹാജിയാരുടെ മോളല്ലേ?' എന്ന് അവര്‍ കളിയാക്കും. കാരണം, ഷൂട്ടിങ്ങുകളെല്ലാം മദ്രാസില്‍ മാത്രം നടക്കുന്ന അക്കാലത്ത് സിനിമാതാരങ്ങളെ കാണുക എന്നത് അത്രയും അപൂര്‍വസംഭവമായിരുന്നു.
ഇങ്ങനെ പരിഹാസം കേട്ടുകേട്ട് ഹാജിയാരുടെ മനസ്സിന്റെ സമനില തെറ്റിയിരിക്കുമ്പോഴാണ് പപ്പുവിന്റെ വരവ്.
എത്ര നിര്‍ബന്ധിച്ചിട്ടും ഹാജിയാര്‍ ബില്ല് വാങ്ങിയില്ല. പപ്പുവിനെ കാറില്‍ കയറ്റി യാത്രയാക്കിയിട്ടേ ഹാജിയാര്‍ മടങ്ങിയുള്ളൂ. ഏതായാലും പപ്പുവിന്റെ വയറ് നിറഞ്ഞു; ഹാജിയാരുടെ മനസ്സും.
പാവം ക്രൂരന്‍
വന്നവഴി മറക്കുന്നയാളാണ് ദിലീപ് എന്ന് പൊതുവെ ആരും ആക്ഷേപം ഉന്നയിച്ചു കേട്ടിട്ടില്ല.
സൂപ്പര്‍ താരം ആവുന്നതിനുമുന്‍പേയുള്ള സുഹൃത്തുക്കളെയെല്ലാം പരമാവധി പ്രോത്സാഹിപ്പിക്കാനും അവസരം നല്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. ദിലീപിന്റെ ചിത്രങ്ങളുടെയെല്ലാം മുന്നണിയിലും പിന്നണിയിലും ഈ സുഹൃത്തുക്കളുടെ സാന്നിധ്യം കാണാം.
ദിലീപിന്റെ ഇത്തരമൊരു സുഹൃത്താണ് ഈ കഥയിലെ നായകന്‍.
ദിലീപ് മിമിക്രി കളിച്ചു നടക്കുന്ന കാലം മുതലേയുള്ള സൗഹൃദമാണ്. പഴയ ചങ്ങാതിക്കൂട്ടത്തില്‍ പലരും പല മേഖലകളില്‍ പച്ച പിടിച്ചെങ്കിലും ഈ കക്ഷിമാത്രം പാറപ്പുറത്ത് മുളച്ച ആലിന്‍ തൈ പോലെ മൂത്ത് മുരടിച്ച് നില്‍പ്പാണ്. പേരിലെ 'കുട്ടി'ത്തം സ്വഭാവത്തിലുമുള്ളതിനാല്‍ എല്ലാവര്‍ക്കും ഇദ്ദേഹത്തെ ഇഷ്ടമാണുതാനും. ദിലീപ് നിര്‍മിക്കുന്ന എല്ലാ ചിത്രങ്ങളിലും ഇദ്ദേഹത്തിനൊരു വേഷം കാണും.
അങ്ങനെയൊരു ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് നടക്കുന്നു.
കഥാനായകന്‍ അടക്കം ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള രംഗമാണ് ചിത്രീകരിക്കുന്നത്. റിഹേഴ്‌സല്‍ കഴിഞ്ഞ് ടേക്കിലെത്തിയപ്പോള്‍ കക്ഷി തെറ്റിച്ചു. വീണ്ടുമൊരു ടേക്ക്. അതിലും തെറ്റി. മൂന്നാമത്തെ ടേക്കിലും സംഭവം തഥൈവ.
പല ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ഒരു സീന്‍ എടുക്കുക അല്പം വിഷമംപിടിച്ച പണിയാണ്. അതിനിടയില്‍ ഒരാള്‍ സ്ഥിരമായി തെറ്റിക്കുകയും ചെയ്താല്‍... മാത്രമല്ല, ഓരോ അടി ഫിലിമും വേസ്റ്റാകുമ്പോള്‍ ആയിരക്കണക്കിന് രൂപയാണ് തുലഞ്ഞുപോകുന്നത്.
ദിലീപിന് ചങ്കു പൊള്ളിത്തുടങ്ങി; നടന്‍ മാത്രമല്ല നിര്‍മാതാവ് കൂടിയാണല്ലോ അദ്ദേഹം.
നാലാമത്തെ ടേക്കിലും കക്ഷി തെറ്റിച്ചപ്പോള്‍ ദിലീപിന് കലികയറി. 'എടാ, എന്താ നീയീ കാണിക്കുന്നത്? ഒരടി ഫിലിമിന് എന്താ വിലയെന്ന് നിനക്കറിയാമോ? ഇനി തെറ്റിച്ചാല്‍ നിന്നെ ഞാന്‍ ഔട്ടാക്കും.'
ഇപ്പോള്‍ കരയും എന്ന ഭാവത്തില്‍ തനി പാവത്താനായി നില്ക്കുകയാണ് കക്ഷി. അഭിനയം ശരിയായില്ലെന്ന് വന്നാല്‍ നാണക്കേടാണ്. ഇത് ചര്‍ച്ചയായാല്‍ കരിയറിനെ ബാധിക്കുകയും ചെയ്യും. ആത്മാര്‍ഥമായി ശ്രമിക്കാഞ്ഞിട്ടല്ല, പക്ഷേ, എന്തോ ഒരു ശരികേട്.
ചില ദിവസങ്ങള്‍ അങ്ങനെയായിരിക്കും. ഇന്ന് കണികണ്ടവന്റെ തലയില്‍ ഇടിത്തീവീഴണേ എന്ന് കഥാനായകന്‍ മനസ്സ് ചുട്ട് ശപിച്ചു.
അടുത്ത ടേക്കില്‍ ഓക്കെയായിരിക്കണം എന്നാണ് ദിലീപ് അന്ത്യശാസനം നല്കിയിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥവെച്ച് അടുത്ത ടേക്കല്ല ആയിരം ടേക്കെടുത്താലും ശരിയാവാന്‍ പോകുന്നില്ലെന്ന് കക്ഷിക്കറിയാം.
അദ്ദേഹം ക്യാമറയുടെ ഫീല്‍ഡില്‍നിന്ന് അല്പം മാറിനിന്ന് കൈകൂപ്പി, കണ്ണുകളടച്ച് പ്രാര്‍ഥിച്ചു: 'എന്റെ എറണാകുളത്തപ്പാ, എന്റെ മാനം കാക്കണേ... ഈ ജനറേറ്റര്‍ കത്തിപ്പോണേ...'
സ്റ്റാറായിട്ടെന്താ?
ഗാന്ധിനഗര്‍ സെക്കന്‍ഡ്‌സ്ട്രീറ്റ് എന്ന പടത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും കാറില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു.
സമയം രാത്രി.
വഴിയിലൊരിടത്ത്, കാറിന് കൈകാണിച്ച ഒരു വൃദ്ധനെ മോഹന്‍ലാല്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. ആള്‍ ലാലിന്റെ അച്ഛന്റെ സുഹൃത്താണ്. പ്രായംചെന്ന മനുഷ്യനല്ലേ, ഈ അസമയത്ത് വണ്ടിയൊന്നും കിട്ടിയില്ലെങ്കിലോ എന്ന ചിന്തയില്‍ കാര്‍ റിവേഴ്‌സെടുപ്പിച്ച് ലാല്‍ വൃദ്ധനെക്കൂടി കയറ്റി.
സ്വയം പരിചയപ്പെടുത്തിയശേഷം വൃദ്ധന്‍ ചോദിച്ചു: 'നിങ്ങളെ മനസ്സിലായില്ല...?'
'ഞാന്‍ സത്യന്‍ അന്തിക്കാട്.'
വൃദ്ധന് ആളെ പിടികിട്ടിയില്ല. സത്യനെയൊക്കെ ആരറിയാന്‍ എന്നമട്ടില്‍ മോഹന്‍ലാല്‍ ഒന്നമര്‍ത്തിച്ചിരിച്ചു.
'അപ്പോ ഇയാളോ?', ചോദ്യം ലാലിനോട്.
'ഞാന്‍ മോഹന്‍ലാല്‍...'
'എവിടാ മോഹന്‍ലാലിന്റെ വീട്?'
'തിരുവനന്തപുരത്ത്.'
'തിരുവനന്തപുരത്തെവിടെ?'
'മുടവന്‍മുകളില്‍.'
'അവിടാരുടെ മോനാ?'
'സെക്രട്ടേറിയറ്റില്‍ ജോലിയുള്ള വിശ്വനാഥന്‍ നായരുടെ...' ലാല്‍ പറഞ്ഞവസാനിച്ചപ്പോഴേക്കും വൃദ്ധന്‍ ഇടപെട്ടു. 'ഓ, മനസ്സിലായി. നിന്റെ ചേട്ടനല്ലേ പ്യാരി. അവനിപ്പം എവിടാ?'
'ഓസ്‌ട്രേലിയയില്‍.' മോഹന്‍ലാലിന്റെ മറുപടി. (അന്ന് പ്യാരിലാല്‍ മരിച്ചിരുന്നില്ല.)
വൃദ്ധന്‍ വിടുന്നില്ല.
'അപ്പോ നിനക്കെന്താ ജോലി?'
കക്ഷിയുടെ ചോദ്യം കേട്ടപ്പോള്‍ മോഹന്‍ലാലിനെക്കാളും ഞെട്ടിയത് സത്യനും ഡ്രൈവറുമാണ്.
'സ്ഥിരം ജോലിയൊന്നുമായില്ല.' മോഹന്‍ലാലിന്റെ നിഷ്‌കളങ്കമായ മറുപടി വന്നു.
ഇത്രയുമായ സ്ഥിതിക്ക് വൃദ്ധനെ ഒന്ന് ഞെട്ടിച്ചേക്കാമെന്ന് കരുതി സത്യന്‍ വണ്ടിയിലെ ലൈറ്റിടുവിച്ചു. കാറിനകത്ത് ഇരുട്ടായതിനാല്‍ ഇത് സാക്ഷാല്‍ മോഹന്‍ലാലാണെന്ന് വൃദ്ധന് മനസ്സിലായിട്ടുണ്ടാവില്ല. ഇപ്പോക്കാണാം കക്ഷിയുടെ ചമ്മല്‍.
പക്ഷേ, ലൈറ്റിട്ടിട്ടും വൃദ്ധന് ഭാവമാറ്റമൊന്നുമില്ല. അനുകമ്പയോടെ
അയാള്‍ തുടര്‍ന്നു:
'ഇതുവരെ ജോലിയൊന്നുമാവാത്തത് കഷ്ടംതന്നെ. വിശ്വനാഥന്‍നായര്‍ സെക്രട്ടേറിയറ്റിലെ വലിയ ഉദ്യോഗസ്ഥനായിട്ടും മകനൊരു ജോലി തരാക്കാന്‍ പറ്റീല്യാച്ചാല്‍...'
കൊച്ചിയില്‍ വൃദ്ധന്‍ ഇറങ്ങിയശേഷം സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനോട് പറഞ്ഞു: 'വലിയ സ്റ്റാറായിട്ടെന്താ കാര്യം? നാലാള് അറിയില്ലാച്ചാല്‍...'
അഭിനയത്തിന്റെ യൂണിവേഴ്‌സിറ്റി
മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്തുകഴിഞ്ഞപ്പോള്‍ സംവിധായകന്‍ ലാല്‍ ജോസിന് ഒരാഗ്രഹം. മോഹന്‍ലാലിനെ വച്ചൊരു പടം ചെയ്യണം. പക്ഷേ, ലാലിന്റെ ഡേറ്റ് കിട്ടാനെളുപ്പമല്ലല്ലോ. വിഷയം ശ്രീനിവാസനോട് അവതരിപ്പിച്ചു. ആത്മാര്‍ഥമായി ശ്രമിക്കാമെന്ന് ശ്രീനി വാക്കും കൊടുത്തു.
കുറച്ചുനാളുകള്‍ക്കുശേഷം ശ്രീനിയെ കണ്ടപ്പോള്‍ 'ലാലിന്റെ ഡേറ്റിന്റെ കാര്യം എന്തായി?' എന്ന് ലാല്‍ ജോസ് തിരക്കി.
'മിക്കവാറും ഡേറ്റ് കിട്ടും' എന്ന് ശ്രീനി.
'ഇത്രയെളുപ്പം ഇതെങ്ങനെ സാധിച്ചു'വെന്നായി ജോസ്.
'അഭിനയത്തിന്റെ കാര്യത്തില്‍ ലാലൊരു യൂണിവേഴ്‌സിറ്റിയാണെന്നാണ് നിന്റെ അഭിപ്രായമെന്ന് ഞാനയാളോട് വെച്ചുകാച്ചി. മാത്രമല്ല, മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ അവിടുത്തെ വെറും പ്യൂണ്‍മാര്‍ മാത്രമാണെന്നും നീ പറഞ്ഞതായി ഞാന്‍ തട്ടിയിട്ടുണ്ട്.'
ഇത് കേട്ടപ്പോള്‍ ലാല്‍ ജോസ് ഒന്ന് നടുങ്ങി. ഇക്കാര്യം മമ്മൂട്ടിയും മറ്റുമറിഞ്ഞാല്‍ എന്തു വിചാരിക്കും?
'അത് നീ പേടിക്കേണ്ട'. ശ്രീനി ആശ്വസിപ്പിച്ചു. 'മമ്മൂട്ടി അഭിനയത്തിന്റെ യൂണിവേഴ്‌സിറ്റിയാണെന്നും ലാല്‍ വെറും പ്യൂണാണെന്നും പറഞ്ഞാ മറവത്തൂര്‍ കനവിനുവേണ്ടി ഞാന്‍ മമ്മൂട്ടിയുടെ ഡേറ്റ് വാങ്ങിയത്.'
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സിനിമാഫലിതങ്ങളുടെ സമാഹാരമായ ജോക്‌സ് ഓണ്‍ കണ്‍ട്രി എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗം.)