Saturday, August 18, 2012

മുല്ലാ നാസറുദ്ദീന്‍ കഥകള്‍

Mulla Nasarudeen




വിളക്കിന്റെ ഉപയോഗം

'എനിക്ക് ഇരുട്ടത്ത് കണ്ണ് കാണാം.' - ഒരു ദിവസം ചായപ്പീടികയിലിരുന്ന് മുല്ല ബഡായി പറഞ്ഞു.

'നിങ്ങള്‍ ചില ദിവസം രാത്രി വിളക്കുമായി നിരത്തിലൂടെ നടക്കുന്നത് കാണാറുണ്ടല്ലോ -അതോ?'

'അതോ -അത് ഇരുട്ടത്ത് കണ്ണു കാണാത്ത മറ്റുള്ളവര്‍ എന്നെ വന്ന് മുട്ടാതിരിക്കാനാണ്.'






ഊഹങ്ങള്‍

'വിധി എന്നു പറയുന്നതിന് എന്താണര്‍ത്ഥം, മുല്ലാ?'

'വെറും ഊഹം.'

'എങ്ങനെ?'

'കാര്യങ്ങള്‍ നേരെ നടക്കാന്‍ പോവുകയാണെന്ന് നിങ്ങള്‍ ഊഹിക്കുന്നു. അതങ്ങനെയാകുന്നില്ല. അതിനെ നിങ്ങള്‍ 'നിര്‍ഭാഗ്യം' എന്നു ശപിക്കുന്നു. ചിലപ്പോള്‍ നശിച്ച് കുളം കോരാന്‍ പോവുകയാണെന്ന് നിങ്ങള്‍ വിചാരിച്ച കാര്യങ്ങള്‍ നേരെയാകുന്നു. അത് നിങ്ങള്‍ 'സൗഭാഗ്യം' എന്ന് ആശ്വസിക്കുന്നു. അതുപോലെ, ചിലകാര്യങ്ങള്‍ നടക്കാന്‍ പോവുകയാണെന്നോ അല്ലെന്നോ നിങ്ങള്‍ ഊഹിക്കുന്നു. ആ വഴിക്ക് സഹജബോധം നിങ്ങള്‍ക്കു നഷ്ടപ്പെടുന്നു. അങ്ങനെ എന്താണ് നടക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാതെ വരുന്നു. അങ്ങനെ ഭാവി അജ്ഞാതമാണ് എന്ന് നിങ്ങള്‍ ഊഹിക്കുന്നു. പിടികൂടപ്പെടുമ്പോള്‍ നിങ്ങളതിനെ 'വിധി' എന്നു വിളിക്കുന്നു.'



ദീര്‍ഘദൃഷ്ടി


മുല്ല ഒരു വിവാഹസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടു. അതിനു മുമ്പത്തെ തവണ ആ വീട്ടില്‍ വെച്ച് മുല്ലയുടെ ചെരിപ്പ് കളവു പോയിരുന്നു. ഇത്തവണ ചെരിപ്പ് വാതില്ക്കല്‍ വെക്കുന്നതിനു പകരം അദ്ദേഹം അതു പൊതിഞ്ഞ് കീശയില്‍ കുത്തിത്തിരുകുകയാണ് ചെയ്തത് .

വീട്ടുകാരന്‍ ചോദിച്ചു:

'നിങ്ങളുടെ കീശയില്‍ കാണുന്നത് എന്തു പുസ്തകമാണ്?'

'അവന്‍ ഇപ്പോഴും എന്റെ ചെരിപ്പിന്റെ പിന്നാലെ തന്നെയായിരിക്കും' - നാസറുദ്ദീന്‍ വിചാരിച്ചു: 'എനിക്ക് ഒരു പണ്ഡിതനെന്ന മതിപ്പ് നിലനിര്‍ത്തേണ്ടതും ഉണ്ട്.' മുല്ലാ വെളിവായിപ്പറഞ്ഞു: 'ഈ മുഴച്ച് കാണുന്നതിനകത്തെ വിഷയം 'ദീര്‍ഘദൃഷ്ടി'യാണ്.'

'ഏത് പുസ്തകവ്യാപാരിയില്‍ നിന്നാണത് വാങ്ങിയത്?'

'നേര് പറഞ്ഞാല്‍, ഇത് വാങ്ങിയത് ചെരിപ്പുകുത്തിയില്‍നിന്നാണ്.'



വെറുതെ, വിചാരിക്കൂ


'നന്ന്, എന്താണത്? തത്ത്വചിന്തയല്ലല്ലോ?'

'ദാ, അവിടെ അമീര്‍ ചെല്ലുന്നവര്‍ക്കെല്ലാം പൊടിപ്പന്‍ വിരുന്നു കൊടുക്കുന്നുണ്ട്.'

കുട്ടികള്‍ കൂട്ടത്തോടെ അമീറിന്റെ വീടിനു നേരെ ഓടി. നാസറുദ്ദീന്‍ താന്‍ പറഞ്ഞ വിരുന്നിന്റെ വിഭവങ്ങളെപ്പറ്റി ആലോചനയായി.

കുട്ടികള്‍ ദൂരെ മറയുന്നത് അദ്ദേഹം കണ്ടു. പെട്ടെന്നുതന്നെ മുല്ല തന്റെ ഉടുപുടവകള്‍ വലിച്ചുമുറുക്കിയുടുത്ത് അവരുടെ പിന്നാലെ ഓടി. മുല്ലാ വെച്ചടിച്ചു.

'ഞാനും അവിടെപ്പോയി നോക്കുന്നതാണ് നല്ലത്.' മുല്ല കിതപ്പോടെ സ്വയം പറഞ്ഞു: 'ചിലപ്പോള്‍ ഞാന്‍ പറഞ്ഞത് നേരായിരിക്കാനും മതി.'



പരുത്തിക്കൃഷി


മുല്ല ക്ഷൗരക്കടയില്‍ ചെന്നു. ക്ഷുരകന് പരിചയം കമ്മി. കത്തിക്ക് മൂര്‍ച്ചയും ഇല്ല. മുല്ലയുടെ താടി വടിച്ചപ്പോള്‍ തൊട്ടേടത്തൊക്കെ മുറിഞ്ഞു. ചോര പൊട്ടുമ്പോള്‍ അതു നിര്‍ത്താന്‍വേണ്ടി മുറിഞ്ഞേടത്തൊക്കെ അയാള്‍ അല്പാല്പം പഞ്ഞി വെക്കുന്നുണ്ടായിരുന്നു. ഇത് കുറേ നേരം തുടര്‍ന്നു. മുല്ലയുടെ മുഖത്തിന്റെ ഒരു വശം പഞ്ഞിക്കഷ്ണംകൊണ്ട് നിറഞ്ഞു.

ക്ഷുരകന്‍ മറ്റേ കവിളിലേക്ക് തിരിഞ്ഞപ്പോഴാണ് മുല്ല കണ്ണാടി നോക്കിയത് . തന്റെ ഒരു കവിളിലെ പരുത്തിക്കൃഷികണ്ട് അദ്ദേഹം ചാടിയെണീറ്റു:

'മതി, മതി. നന്ദി! അനിയാ, ഞാന്‍ മറുവശത്ത് ബാര്‍ലി കൃഷിചെയ്തുകൊള്ളാം.'



ആരുടെ ദാസന്‍?


മുല്ലാ നാസറുദ്ദീന്‍ എങ്ങനെയോ രാജകൊട്ടാരത്തിന്റെ പ്രീതി സമ്പാദിച്ചു. രാജസേവകന്മാരുടെ സമ്പ്രദായങ്ങള്‍ തുറന്നു കാണിക്കാനാണ് മുല്ല തന്റെ പദവി ഉപയോഗിച്ചത്.

രാജാവിന് വല്ലാതെ വിശന്ന ഒരു ദിവസം വഴുതിനങ്ങാക്കൂട്ടാന്‍ അദ്ദേഹത്തിന് നന്നേ ബോധിച്ചു. ഇനി എന്നും ഈ കൂട്ടാന്‍ മതി എന്നു കല്പനയായി.

'അതു ലോകത്തിലേക്ക് ഏറ്റവും നല്ല പച്ചക്കറിയാണ്. അല്ലേ, മുല്ലാ?' രാജാവ് കല്പിച്ച് ചോദിച്ചു.

'അതേ തിരുമേനി, ഏറ്റവും മുന്തിയത്.'

നാലഞ്ചു ദിവസം കഴിഞ്ഞു. തുടര്‍ച്ചയായി പത്താമത്തെ തവണയും വഴുതിനിങ്ങാ വിളമ്പിയപ്പോള്‍ രാജാവിന് ശുണ്ഠിയെടുത്തു:

'എടുത്തുകൊണ്ടുപോകൂ! ഞാനതു വെറുക്കുന്നു.'

മുല്ല യോജിച്ചു:

'അതെയതെ. ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും വൃത്തികെട്ട പച്ചക്കറിയാണത്.'

'പക്ഷേ മുല്ലാ, അത് ഏറ്റവും മുന്തിയതാണെന്ന് നിങ്ങള്‍തന്നെ പറഞ്ഞിട്ട് ഒരാഴ്ചയായില്ലല്ലോ.'

'വാസ്തവം. പക്ഷേ, ഞാന്‍ പച്ചക്കറിയുടെ ദാസനല്ല, രാജാവിന്റെ ദാസനാണ്.'



ദുര്‍ഗ്രഹമായ വിധി


നാസറുദ്ദീന്‍ ഒരിടവഴിയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ ഇടവഴിക്കടുത്തുള്ള വീട്ടിന്റെ മുകളില്‍നിന്ന് കാലു തെറ്റി ഒരാള്‍ വന്നു വീണത് മുല്ലയുടെ കഴുത്തിലാണ്. വീണയാള്‍ക്ക് കാര്യമായി ഒന്നും പറ്റിയില്ല. മുല്ല ചികിത്സയിലായി.

ചില അനുചരന്മാര്‍ മുല്ലയെ കാണാന്‍ ചെന്നു:

'ഈ സംഭവത്തില്‍ താങ്കള്‍ കാണുന്ന ജ്ഞാനം എന്താണ്, മുല്ലാ?'

'കാരണത്തിനും ഫലത്തിനും തമ്മിലുള്ള ബന്ധം അനിവാര്യമാണെന്ന ചിന്ത കളയുക. വീടിനു മുകളില്‍നിന്ന് വീഴുന്നത് ഒരാള്‍; ഒടിയുന്നത് വേറൊരാളുടെ കഴുത്തും!'



വങ്കന്മാര്‍


വലിയൊരു തലച്ചുമടായി സ്ഫടികപ്പാത്രങ്ങള്‍ കൊണ്ടുപോവുകയായിരുന്നു മുല്ല. അദ്ദേഹം അതുംകൊണ്ടു വീണു. എല്ലാം തവിടുപൊടിയായി.

ചുറ്റും ആള് കൂടി.

'വങ്കന്മാരേ, എന്താ കാര്യം?'

മുല്ല ഒച്ചവെച്ചു.

'നിങ്ങള്‍ ഇതിനുമുമ്പ് ഒരു വിഡ്ഢിയെ കണ്ടിട്ടില്ലേ?'



രണ്ടുപേരും, തിരുമേനീ!


രാജസദസ്സിലെ ആചാരമര്യാദകളെപ്പറ്റി നാസറുദ്ദീന് വേണ്ടത്ര നിശ്ചയമുണ്ടായിരുന്നില്ല. ഒരു കുതിരലായക്കാരനാണ് നാസറുദ്ദീന് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തത്. രാജാവ് ചില ചോദ്യങ്ങള്‍ ചോദിക്കും - ഇവിടെ താമസം തുടങ്ങിയിട്ട് എത്രയായി? ഒരു മുല്ലയാവാന്‍ എത്രകൊല്ലം പഠിച്ചു? നികുതി ചുമത്തലിനെപ്പറ്റിയും ജനങ്ങളുടെ ആധ്യാത്മികജീവിതത്തെപ്പറ്റിയും താങ്കള്‍ സംതൃപ്തനാണോ? തുടങ്ങിയവ.

മുല്ല എല്ലാ ഉത്തരവും ഓര്‍ത്തുവെച്ചിരുന്നു. പക്ഷേ, പറഞ്ഞു വന്നപ്പോള്‍ ക്രമം തെറ്റിപ്പോയി.

'എത്ര കൊല്ലം പഠിച്ചു?'

'മുപ്പത്തഞ്ച് കൊല്ലം.'

'അപ്പോള്‍ എത്ര വയസ്സായി?'

'പന്ത്രണ്ട്.'

'അസാധ്യം. നമ്മളിലാരാണ് ഭ്രാന്തന്‍?'

'രണ്ടു പേരും, തിരുമേനീ.'

'നിങ്ങളെപ്പോലെ എനിക്കും ഭ്രാന്താണെന്നോ?'

'അതെ തിരുമേനീ. രണ്ടു പേരും ഭ്രാന്തന്മാരാണ്. രണ്ട് വിധത്തിലാണെന്നേയുള്ളൂ.'



വാക്ക് മാറാത്തവന്‍


'മുല്ലയ്ക്ക് എത്ര വയസ്സായി?'

'നാല്പത്.'

'രണ്ടുകൊല്ലം മുമ്പ് വയസ്സ് ചോദിച്ചപ്പോഴും ഇതേ ഉത്തരമാണല്ലോ പറഞ്ഞത്?'

'അതെ. നിനക്കറിഞ്ഞുകൂടേ, ഞാന്‍ കൂടെക്കൂടെ വാക്ക് മാറാറില്ലെന്ന്.'



അദ്ഭുതം തന്നെ


മറ്റൊരാളുടെ അടുക്കളത്തോട്ടത്തില്‍ വലിഞ്ഞുകയറിയ നാസറുദ്ദീന്‍ കയ്യില്‍ക്കിട്ടിയതൊക്കെ വാരിയിട്ട് ചാക്ക് നിറച്ചുതുടങ്ങി.

തോട്ടക്കാരന്‍ അതു കണ്ട് ഓടിയെത്തി: 'എന്താ, എന്താ? , എന്താ നീയിവിടെ ചെയ്യുന്നത്?'

'ഒരു വലിയ കാറ്റാണ് എന്നെ ഇവിടെക്കൊണ്ടിട്ടത്.'

'ഈ പച്ചക്കറികളുടെയെല്ലാം വേര് പറിച്ചതാര്?'

'കാറ്റില്‍ പറന്നുപോകാതിരിക്കാന്‍വേണ്ടി ഞാന്‍ മുറുക്കിപ്പിടിച്ചപ്പോള്‍ പിഴുതുപോന്നതാകണം.'

'എന്നാല്‍പ്പിന്നെ പച്ചക്കറികള്‍ ഈ ചാക്കില്‍ എങ്ങനെയെത്തി?'

'ഞാനും അതാണാലോചിക്കുന്നത് -അതൊക്കെ എങ്ങനെ ഈ ചാക്കിലെത്തി?'



ഇഹലോകം


കപ്പല്‍ മുങ്ങാന്‍ പോവുകയാണ്. ആത്മാവിനെ പരലോകയാത്രയ്ക്ക് സജ്ജമാക്കണമെന്ന് താക്കീതു കൊടുത്തപ്പോള്‍ മുല്ലയെ പരിഹസിച്ചുചിരിച്ച സഹയാത്രികരെല്ലാം അദ്ദേഹത്തിന്റെ മുമ്പില്‍ മുട്ടുകുത്തിവീണു. അവരെല്ലാം മുല്ലയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് സഹായത്തിന്നപേക്ഷിച്ചു. രക്ഷ കിട്ടിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് അവര്‍ വാക്കു പറഞ്ഞുകൊണ്ടിരുന്നു.

മുല്ല ഉച്ചത്തില്‍ പറഞ്ഞു: 'ഇഹലോകത്തെ വസ്തുക്കളില്‍ നിങ്ങള്‍ക്കുള്ള കമ്പം കളയൂ. അവയുടെ മേലുള്ള കെട്ടിപ്പിടിത്തം വിടൂ. എന്നെ വിശ്വസിക്കൂ. ഞാന്‍ കര കാണുന്നുണ്ട്.'



പഠിക്കാന്‍ പഠിക്കുക


'കുടം പൊട്ടിക്കരുത്.' മുല്ല തൊള്ളയിട്ടു. കൂടെ ഒരു തല്ലും കൊടുത്തു.

കണ്ടുനിന്ന ഒരാള്‍ ചോദിച്ചു:

'കുറ്റമൊന്നും ചെയ്യാത്ത ആളെ ശിക്ഷിക്കുന്നതെന്തിനാണ് മുല്ലാ?'

'വിഡ്ഢി! കുടം ഉടച്ചു വന്നിട്ട് അവനെ അടിച്ചാല്‍ അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടാവുമോ?' മുല്ല തിരിച്ചു ചോദിച്ചു.



ഒറ്റയ്ക്ക് നേരിടേണ്ടിവരുമ്പോള്‍


മുല്ലയുടെ കഴുതയെ കാണാതായി. അദ്ദേഹം വളരെ സങ്കടപ്പെട്ടു. ഉച്ചത്തിലുള്ള മുല്ലയുടെ നിലവിളി നിലയ്ക്കാതായപ്പോള്‍ ഒരു അയല്‍വാസി ചോദിച്ചു:

'ആദ്യഭാര്യയെ നഷ്ടപ്പെട്ടപ്പോള്‍ നിങ്ങള്‍ ഇത്ര സങ്കടപ്പെട്ടില്ലല്ലോ?'

'നേര് തന്നെ. പക്ഷേ നിങ്ങള്‍ക്കോര്‍മയില്ലേ, അന്ന് നിങ്ങള്‍ നാട്ടുകാരെല്ലാവരും 'നമുക്ക് മറ്റൊരു ഭാര്യയെ കണ്ടെത്താമെന്ന്' എന്നോടു പറഞ്ഞത്. ഇപ്പോള്‍ നോക്കൂ, പകരം ഒരു കഴുതയെ കൊണ്ടത്തരാമെന്ന് ആരെങ്കിലും പറയുന്നുണ്ടോ?'



ആരും പരാതിപ്പെടാത്ത കാര്യം


നാട്ടുവിദ്വാനായ ഹംസ ചായപ്പീടികയിലിരുന്ന് തത്ത്വചിന്ത വിളമ്പുകയായിരുന്നു:

'മനുഷ്യന്റെ കാര്യം വിചിത്രംതന്നെ! അവന് ഒരിക്കലും ഒന്നിലും തൃപ്തിയില്ല. മഞ്ഞുകാലത്ത് അവന്‍ തണുപ്പ് കൂടുതലാണെന്ന് പരാതിപ്പെടും. വേനല്‍ക്കാലത്ത് ഉഷ്ണം കൂടുതലാണെന്നും. എന്തിനെപ്പറ്റിയും അവന് പരാതിയാണ്.'

മറ്റുള്ളവര്‍ ആ ആലോചനയെ ശരിവെയ്ക്കും മട്ടില്‍ തലയാട്ടി.

നാസറുദ്ദീന്‍ ഒരു പ്രശ്‌നം ഉന്നയിച്ചു:

'വസന്തത്തെപ്പറ്റി ആരും ഒന്നും പരാതിപ്പെടാറില്ലെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?'



നമ്മളെല്ലാം അങ്ങനെയല്ലേ?


പായുകയാണ് കഴുത. അതിന്റെ കയറുംപിടിച്ച് പിറകെ നാസറുദ്ദീനും ഉണ്ട്. ഇതുകണ്ട് ഒരയല്‍വാസി വിളിച്ചു ചോദിച്ചു.

'എവിടെപ്പോവുകയാണ്, മുല്ലാ?'

'ഞാന്‍ എന്റെ കഴുതയെ നോക്കി പോവുകയാണ്.'



സത്യത്തിന്റെ വില


ശിഷ്യസമൂഹത്തോട് ഒരിക്കല്‍ നാസറുദ്ദീന്‍ പറഞ്ഞു:

'നിങ്ങള്‍ക്ക് സത്യം ആവശ്യമാണെങ്കില്‍ അതിന് നല്ല വില കൊടുക്കണം.'

'സത്യത്തെപ്പോലുള്ള ഒന്നിന് വിലയോ?' -കേട്ടിരുന്നവരില്‍ ഒരാള്‍ സംശയിച്ചു.

'ദൗര്‍ലഭ്യമാണ് ഒരു വസ്തുവിന്റെ വില നിശ്ചയിക്കുന്നത് എന്ന കാര്യം നീ ശ്രദ്ധിച്ചിട്ടില്ലേ?' -മുല്ല ചോദിച്ചു.വിഷമിക്കേണ്ടതെപ്പോള്‍



ഒറ്റയ്ക്കാവുമ്പോള്‍


നാസറുദ്ദീന്റെ കഴുതയെ കാണാതായി. അയല്‍പക്കങ്ങളിലൊക്കെ തിരയുവാന്‍ എല്ലാവരും കൂടി.

ആരോ ചോദിച്ചു:

'മുല്ലാ, താങ്കള്‍ക്ക് ഒരു വിഷമവും ഉള്ളതായിക്കാണുന്നില്ലല്ലോ. അതിനെ ഒരിക്കലും കണ്ടുകിട്ടുകയില്ലെന്ന് വെച്ച് താങ്കള്‍ അതു മനസ്സില്‍നിന്ന് വിട്ടുകളഞ്ഞോ?'

നാസറുദ്ദീന്‍ മറുപടി കൊടുത്തു:

'അതാ, ആ കുന്ന് കാണുന്നില്ലേ? അവിടെ ഇതുവരെ ആരും തിരഞ്ഞില്ല. അവര്‍ കഴുതയെ അവിടെയും കണ്ടെത്തിയില്ല എന്നറിയുമ്പോള്‍ ഞാന്‍ വിഷമിക്കാന്‍ തുടങ്ങും.'



കാലചിന്ത


'എന്താണ് മുല്ലാ, ഈ നാലുംകൂടിയ വഴിയില്‍ ഇരിക്കുന്നത്?'

'ഒരു ദിവസം ഇവിടെ എന്തെങ്കിലും സംഭവിക്കും. അന്നു വലിയൊരു ജനക്കൂട്ടം ഓടിക്കൂടും. അന്നേരം എനിക്കതു വേണ്ടമാതിരി കാണാന്‍ സാധിക്കാതെ വരും. അതൊഴിവാക്കാന്‍ വേണ്ടി ഞാന്‍ ഇപ്പോഴേ സ്ഥലം പിടിച്ചതാണ്.'



വെറുതെ കളയാന്‍ നേരമില്ല


മുന്‍ നിശ്ചയമനുസരിച്ച് ഒരാളെ കാണുന്നതിനുവേണ്ടി തൊട്ടടുത്തുള്ള പട്ടണത്തില്‍ മുല്ല ഓടിയെത്തി. പക്ഷേ, അദ്ദേഹം പൂര്‍ണനഗ്നനായിരുന്നു! ആളുകള്‍ അതേപ്പറ്റി ചോദിച്ചു.

'അതോ, വസ്ത്രം ധരിക്കുന്ന തിരക്കില്‍ ഞാന്‍ വസ്ത്രം മറന്നുപോയി.'



പ്രഖ്യാപനം


നാസറുദ്ദീന്‍ ചന്തയില്‍നിന്ന് വിളിച്ചുചോദിച്ചു:

'ഹേ, ജനങ്ങളേ! നിങ്ങള്‍ക്ക് ബുദ്ധിമുട്ടാതെ വിജ്ഞാനം ആവശ്യമുണ്ടോ? കപടമില്ലാത്ത സത്യം ആവശ്യമുണ്ടോ? അധ്വാനംകൂടാതെ ലക്ഷ്യപ്രാപ്തി, ത്യാഗം കൂടാതെ പുരോഗതി ആവശ്യമുണ്ടോ?'

എളുപ്പം വളരെ വലിയൊരു ജനക്കൂട്ടം നാസറുദ്ദീന് മുമ്പില്‍ തടിച്ചുകൂടി. അവരെല്ലാം ഏകസ്വരത്തില്‍ വിളിച്ചുപറഞ്ഞു:

'ആവശ്യമുണ്ട്, ആവശ്യമുണ്ട്.'

'വളരെ നന്ന്.' മുല്ല പറഞ്ഞു: 'നിങ്ങള്‍ക്ക് അത് ആവശ്യമുണ്ടോ എന്ന് അറിയാന്‍ മാത്രമാണ് ചോദിച്ചത്. അത്തരം വല്ലതും എന്നെങ്കിലും ഞാന്‍ കണ്ടുപിടിക്കുകയാണെങ്കില്‍ അതേപ്പറ്റി പൂര്‍ണമായി നിങ്ങളോടു പറഞ്ഞുകൊള്ളാം.'



തീയ്ക്കുപോലും


തീ ആളിക്കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു നാസറുദ്ദീന്‍. പക്ഷേ, കനലുകള്‍ എരിഞ്ഞില്ല. മുല്ല ഊതിയതൊക്കെ വെറുതെയായി.

ശുണ്ഠിയെടുത്തു മുല്ല ഗര്‍ജിച്ചു.

'നീ കത്താന്‍ ഭാവമില്ലെങ്കില്‍ ഞാന്‍ എന്റെ ഭാര്യയെ വിളിക്കും.' അതു പറഞ്ഞ് കുറേക്കൂടി ശക്തിയില്‍ ഊതി. കരി കുറേക്കൂടി പ്രകാശിച്ചു. തീനാളം വര്‍ധിപ്പിക്കാന്‍വേണ്ടി മുല്ല ഭാര്യയുടെ തൊപ്പി തട്ടിപ്പറിച്ച് അടുപ്പിലിട്ടു. ഉടനെ തീ ആളിക്കത്തി.

നാസറുദ്ദീന്‍ പുഞ്ചിരിച്ചു:

'നോക്കണം, തീയ്ക്കുപോലും എന്റെ ഭാര്യയെ പേടിയാണ്.'



മരിച്ചാല്‍


'മുല്ലാ, മരിച്ചാല്‍ ഏതു രീതിയിലാണ് നിങ്ങളെ സംസ്‌കരിക്കേണ്ടത്?'

'തല കീഴായിട്ട്. ആളുകള്‍ വിചാരിക്കുംപോലെ നമ്മള്‍ ഈ ലോകത്തില്‍ തല നേര്‍ക്കായിട്ടാണ് നടക്കുന്നതെങ്കില്‍ അടുത്തലോകത്തില്‍ തലകീഴായി നടന്നുനോക്കാനാണ് എനിക്കു പൂതി.'



സ്വപ്നം


പാതിരയ്ക്ക് മുല്ല ബദ്ധപ്പെട്ട് ഭാര്യയെ വിളിച്ചുണര്‍ത്തി:

'ഓടിപ്പോയി എന്റെ കണ്ണട കൊണ്ടുവരൂ, വേഗം! ഞാന്‍ ഒരദ്ഭുതകരമായ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുകയാണ്. എനിക്കത് കുറേക്കൂടി വ്യക്തമായിക്കാണാന്‍ കണ്ണട വേണം. വേഗം പോയി കൊണ്ടുവരൂ.'

No comments: