Saturday, September 29, 2012

എന്തു പറ്റി, മമ്മൂട്ടിക്ക്?

What Happened to Mammootty


കഴിഞ്ഞ ദിവസം ചാനലില്‍ ‘കറുത്തപക്ഷികള്‍ ‘ എന്ന സിനിമ വീണ്ടും കാണുകയായിരുന്നു. എത്ര തവണ കണ്ടാലും മതിവരാത്ത ആ സീനില്‍ എത്തിയപ്പോള്‍ സത്യത്തില്‍ അറിയാതെ കണ്ണുനിറഞ്ഞുപോയി. സിനിമയിലെ വൈകാരിക രംഗങ്ങള്‍ വരുമ്പോള്‍ അമ്മയും ചേച്ചിയും സ്ക്രീനിലായിരിക്കില്ല നോക്കുക; എന്റെ മുഖത്തായിരിക്കും. അച്ഛനും അമ്മയും ചേച്ചിയുമൊത്ത് സെക്കന്റ് ഷോ കാണാന്‍ പോകുന്ന കാലത്തേ അത് പതിവുള്ളതാണ്. സ്ക്രീനില്‍നിന്നുള്ള വെളിച്ചത്തില്‍ തിളങ്ങുന്ന എന്റെ കണ്ണീര്‍ ചാലുകള്‍ക്ക് നീളം കൂടുമ്പോള്‍ കളിയാക്കാനായി ചേച്ചി കൈലേസ് നീട്ടും. തിയറ്ററിലെ ഇരുട്ടില്‍ ഓരോരുത്തരും തനിച്ചാണ് എന്ന ഫിലോസഫി എന്റെ കാര്യത്തിലെങ്കിലും വെറുതെയാവാറുണ്ട്.
വീട്ടില്‍ ടി.വിയില്‍ പഴയ സിനിമകള്‍ വീണ്ടും കാണുമ്പോഴും ഇങ്ങനെ കണ്ണ് നിറയും. കുറച്ചുനേരത്തേക്ക് ചിലപ്പോള്‍ ഒന്നും മിണ്ടാന്‍ പോലും കഴിയാതാകും. അപ്പോഴൊക്കെ സൂത്രത്തില്‍ വാഷ് ബേസിനില്‍ പോയി കണ്ണും മുഖവും കഴുകിയാണ് സന്ദര്‍ഭത്തിന്റെ ചളിപ്പില്‍നിന്ന് രക്ഷപ്പെടുക.
പക്ഷേ, കറുത്ത പക്ഷികളിലെ ആ സീനില്‍നിന്ന് അത്രവേഗം രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. ഭാര്യ മരിച്ചത് എങ്ങനെയായിരുന്നു എന്ന് മീനയുടെ കഥാപാത്രം ചോദിക്കുമ്പോള്‍ ചോര വാര്‍ന്നാണ് എന്ന് പറയുന്ന സീനുണ്ട്. മുഖം പൊത്താതെ മുഖത്ത് നോക്കി കണ്ണ് കലങ്ങി തൊണ്ടയിടറി തമിഴന്റെ മലയാളത്തില്‍ മമ്മൂട്ടി ആ രംഗം അവതരിപ്പിക്കുമ്പോള്‍ അയാളില്‍ ശരിക്കും മുരുകന്‍ എന്ന തമിഴന്‍ ആവേശിച്ചിരിക്കുകയാണോ എന്ന് തോന്നിപ്പോകും. ആ രംഗം തിയറ്ററിലെ സ്ക്രീനില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ സീറ്റിലിരുന്ന് കരഞ്ഞിട്ടുണ്ട്. തൊട്ടടുത്ത് ആരോ ഇരുന്ന് കൂവുന്നുണ്ടായിരുന്നു. പതിവ് മമ്മൂട്ടി ചിത്രം പ്രതീക്ഷിച്ചെത്തിയ അയാള്‍ക്ക് സലിം കുമാറിന്റെപോലും തല്ലുകൊള്ളുന്ന കുത്തേല്‍ക്കുന്ന മമ്മൂട്ടിയെ ഉള്‍ക്കൊള്ളാനായില്ലെന്ന് തോന്നി. പാതിവഴിയില്‍ അയാള്‍ അരിശത്തോടെ ഇറങ്ങിപ്പോകുന്നതും കണ്ടു.
What Happened to Mammootty
അഭിനയം നൃത്തമാവുന്ന നേരം
സങ്കടത്തിന്റെ ആ ഒരു നിമിഷത്തെ സ്ക്രീനില്‍ ഇത്ര സൂക്ഷ്മമായി പകര്‍ത്താന്‍ മമ്മൂട്ടി എന്ന ഒരൊറ്റ നടനേ മലയാളത്തിലുള്ളു. അഭിനയത്തിന്റെ ഇത്തരം വേളകളില്‍ മമ്മൂട്ടിയുടെ ശരീരം ഫ്ലെക്സിബിലിറ്റിയില്ലായ്മ എന്ന സ്ഥിരം ആക്ഷേപത്തിന്റെ പടികടന്ന് ഒരൊന്നാന്തരം നൃത്തം കാഴ്ചവെയ്ക്കുന്നത് കാണാം. സത്യത്തില്‍ അതല്ലേ നൃത്തം? സന്തോഷം വരുമ്പോള്‍ നൂറ്റൊന്നുപേര്‍ക്കൊപ്പം കെട്ടിപ്പിടിച്ച് ആടുന്നതല്ലല്ലോ.
പാലേരി മാണിക്യത്തില്‍ ശ്വേതാ മേനോന്‍ കുളിച്ചീറനണിഞ്ഞ് പോകുമ്പോള്‍ ”ഒള്ള ചീത്തപ്പേര് കൂട്ടാനായിട്ട് ഈ പെണ്ണുങ്ങളിങ്ങനെ ഇറങ്ങി നടന്നാല്‍ എന്താ ചെയ്ക..?” എന്നു പറഞ്ഞ് അസ്സല്‍ വിടനായി ചിരിച്ചുലയുന്ന അഹമ്മദ് ഹാജിയുടെ മുഖത്ത് നിറയുന്നത് അസാധ്യമായ അത്തരമാരു നൃത്തമാണ്. അതുകൊണ്ടായിരിക്കാം താന്‍ കണ്ട ഏറ്റവും ഫ്ലക്സിബിളായ നടന്‍ മമ്മൂട്ടിയാണ് എന്ന് മരിച്ചുപോയ ലോഹിതദാസ് പറഞ്ഞത്.
പക്ഷേ, ആ പശു ചത്തു; മോരിലെ പുളിയും പോയി എന്നു പറയുന്ന രീതിയിലേക്കാണോ കാര്യങ്ങള്‍ പോകുന്നത്. വരിവരിയായി പൊട്ടിയ എട്ടു ചിത്രങ്ങളുടെ ഉശിരന്‍ റെക്കോര്‍ഡുമായി മമ്മൂട്ടി നില്‍ക്കുമ്പോള്‍, അത്തരമൊരു ആശങ്കയാണ് ചോദ്യ ചിഹ്നമായിമുന്നില്‍ നില്‍ക്കുന്നത്.

What Happened to Mammootty
എട്ടുനിലയില്‍ പൊട്ടുന്ന വിധം
1986ലെ ഓണക്കാലം ഓര്‍മിക്കുക. അഞ്ച് ചിത്രങ്ങളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അതില്‍ ആവനാഴി എന്ന ചിത്രം മമ്മൂട്ടി എന്ന നടന്റെ മാത്രം പെര്‍ഫോമന്‍സില്‍ വിജയിച്ച പടമായിരുന്നു. പൂവിന് പുതിയ പൂന്തെന്നല്‍, സായംസന്ധ്യ, ന്യായവിധി, നന്ദി വീണ്ടും വരിക എന്നിവയായിരുന്നു മറ്റുള്ള ചിത്രങ്ങള്‍. സുഖമോ ദേവി, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നീ ചിത്രങ്ങളുമായി മോഹന്‍ലാലുമുണ്ടായിരുന്നു ഒപ്പം. ഒന്നിനൊന്ന് വ്യത്യസ്തമായ ആ അഞ്ച് ചിത്രങ്ങളും വിജയമായിരുന്നു. ആവനാഴിയായിരുന്നു വമ്പന്‍ ഹിറ്റ്.
ആ നടനാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു ചിത്രം പോലും ഹിറ്റാക്കാന്‍ കഴിയാതെ കെട്ട് പൊട്ടിയ പട്ടം കണക്കെ വട്ടം കറങ്ങുന്നത്! എന്താണ് സംഭവിക്കുന്നത്? മമ്മൂട്ടി എന്ന നടന്റെ കാലം കഴിയുകയാണോ? മലയാളത്തിന്റെ വെള്ളിത്തിരയില്‍ മമ്മൂട്ടി യുഗം അവസാനിക്കുകയാണോ….? എട്ടാമത്തെ ചിത്രം പൊട്ടുമ്പോഴെങ്കിലും എട്ടുനിലയില്‍ പൊട്ടി എന്ന് പറയാനുള്ള ആ സ്വാതന്ത്യ്രമുണ്ടല്ലോ, ഒരു പ്രേക്ഷകനു മാത്രം കഴിയുന്ന ആ സ്വാതന്ത്യ്രത്തില്‍ ചിന്തിക്കുമ്പോള്‍ അങ്ങനെയൊക്കെയാണ് തോന്നിപ്പോവുന്നത്.
ഏറ്റവുമൊടുവില്‍ ഇറങ്ങിയ താപ്പാന എന്ന സിനിമയും ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണിരിക്കുന്നു. അതിന് മുമ്പ് ഇറങ്ങിയ തുടര്‍ച്ചയായ ഏഴ് ചിത്രങ്ങളും പരാജയപ്പെടുകയായിരുന്നു. 2010 ഡിസംബര്‍ ഒമ്പതിന് റിലീസായ ‘ബെസ്റ്റ് ആക്ടറി’ന് ശേഷം ഒരൊറ്റ ചിത്രം പോലും ക്ലച്ച് പിടിച്ചിട്ടില്ല. താപ്പാനയ്ക്ക് മുമ്പിറങ്ങിയ കോബ്ര, കിംഗ് ആന്റ് ദ കമ്മീഷണര്‍, വെനീസിലെ വ്യാപാരി, ബോംബേ മാര്‍ച്ച് 12, ദ ട്രയിന്‍, ഡബിള്‍സ്, ആഗസ്റ്റ് 15 എന്നീ എഴ് ചിത്രങ്ങളും കരിയറിലെ വന്‍ പരാജയങ്ങളായിരുന്നു.

What Happened to Mammootty
സാധ്യതകളുടെ പര്യവേക്ഷകന്‍
സാമ്പത്തികമായി വിജയങ്ങളാകാത്ത എത്രയോ മികച്ച സിനിമകള്‍ മമ്മൂട്ടി ചെയ്തിട്ടുണ്ട്. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ മാറ്റുരച്ച ചിത്രങ്ങളായിരുന്നു അത്. സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും മമ്മൂട്ടിയുടെ പൊട്ടന്‍ഷ്യല്‍ ഏറെ ഉപയോഗിച്ച, വ്യത്യസ്തമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച ചിത്രങ്ങള്‍. തീര്‍ച്ചയായും ആ പട്ടികയിലാണ് കറുത്ത പക്ഷികള്‍ക്കും ഇടം.
പൊന്തന്‍മാടയും വിധേയനും കൈയൊപ്പും ഡാനിയും ഭൂതക്കണ്ണാടിയും സൂര്യമാനസവും മതിലുകളുമൊന്നും സാമ്പത്തിക വിജയമായിരുന്നില്ലെങ്കിലും മമ്മൂട്ടി എന്ന നടനെ കാലവും ചരിത്രവും ഓര്‍മിക്കുന്ന കഥാപാത്രങ്ങളിലൂടെ ഷോകേസ് ചെയ്തത് അവയായിരുന്നു. അത്തരം ചിത്രങ്ങളില്‍ മമ്മൂട്ടി താരത്തിന്റെ ആടയാഭരണങ്ങള്‍ കൈയൊഴിഞ്ഞാണ് നടനിലേക്ക് ഇറങ്ങിവന്നിരുന്നത്. തോര്‍ത്തുടുത്ത് ചെളി പുരണ്ട് പാളത്തൊപ്പിയുമിട്ട് മമ്മൂട്ടി പൊന്തന്‍മാടയുടെ സെറ്റിലിരിക്കുന്നത് കണ്ടപ്പോള്‍ നസറുദ്ദീന്‍ ഷായുടെ കണ്ണ് നിറഞ്ഞുപോയതായി കേട്ടിട്ടുണ്ട്.
സമാന്തര സിനിമയും മുഖ്യധാരാ സിനിമയുമായി എണ്ണയും വെള്ളവും കണക്കെ വേറിട്ട് നിന്ന കാലത്ത് രണ്ടിന്റെയും അതിര്‍വരമ്പുകളെ സമര്‍ത്ഥമായി നേര്‍പ്പിച്ച് ഒന്നുചേര്‍ത്തതില്‍ മുഖ്യപങ്ക് വഹിച്ചത് മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു. അതില്‍ ഒരുപടി മുകളില്‍ മമ്മൂട്ടിതന്നെയായിരുന്നു. ‘ആര്‍ക്കും മനസ്സിലാവാത്ത അവാര്‍ഡ് പടങ്ങള്‍’ എന്ന് വിളിപ്പേരുണ്ടായിരുന്ന അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ താരങ്ങള്‍ മുതിരാതിരുന്ന കാലത്ത് മമ്മൂട്ടി കാണിച്ച ധൈര്യമായിരുന്നു അദ്ദേഹത്തിന് ദേശീയ പുരസ്കാരങ്ങള്‍ നേടിക്കൊടുത്തത്. ഒന്നിലേറെ ദേശീയ പുരസ്കാരങ്ങള്‍ കിട്ടുമായിരുന്ന ചിത്രങ്ങളില്‍ ഒരേസമയത്ത് അഭിനയിച്ച് ഒറ്റ അവാര്‍ഡില്‍ ഒതുങ്ങിപ്പോകേണ്ടിവന്നയാളുമാണ് മമ്മൂട്ടി.

What Happened to Mammootty
പ്രായം ക്രിമിനല്‍ കുറ്റമല്ല
പക്ഷേ, കഴിഞ്ഞ കുറച്ചു കാലമായി ഇതാണോ അവസ്ഥ? മമ്മൂട്ടിയിലെ അഭിനയ പ്രതിഭ ഒട്ടും പരീക്ഷിക്കപ്പെടുന്നില്ല. പകരം കുറേ അഴകിയ രാവണന്മാരെ ആവര്‍ത്തിച്ച് സ്ക്രീനില്‍ പതിപ്പിക്കുകയാണ് ഈ വലിയ നടന്‍. സ്വാഭാവിക നടനല്ലാത്ത മമ്മൂട്ടി കഠിനാധ്വാനത്തിലൂടെയാണ് അഭിനയം പഠിച്ചത്. ഇന്ത്യയിലെ തന്നെ മികച്ച നടനായി തീര്‍ന്നത്. പക്ഷേ, കാലം ശരീരത്തിലും ഭാവത്തിലും ഏല്‍പ്പിക്കുന്ന അപ്രതിരോധ്യമായ തിരിച്ചടികളെ തിരിച്ചറിഞ്ഞ് ആ ട്രാക്കിലൂടെ മുന്നോട്ട് പോകാന്‍ മമ്മൂട്ടി തയാറാവാത്തതാണ് ഇപ്പോള്‍ അദ്ദേഹം നേരിടുന്ന മുഖ്യപ്രശ്നമെന്നാണ് ഇത്രകാലവും ആ മഹാപ്രതിഭയെ വെള്ളിത്തിരയില്‍ പിന്തുടര്‍ന്ന എന്റെ വിശ്വാസം.
1987ല്‍ മമ്മൂട്ടി പരാജയത്തിന്റെ വക്കില്‍ നിന്നിരുന്ന ഘട്ടത്തില്‍ തിരിച്ചുവന്നത് ‘ന്യൂഡല്‍ഹി’യിലെ പത്രാധിപര്‍ കൃഷ്ണമൂര്‍ത്തിയിലൂടെയായിരുന്നു. വടക്കന്‍ വീരഗാഥയിലെ ചന്തുവും പൊന്തന്‍മാടയിലെ മാടയും വിധേയനിലെ പട്ടേലരും പലേരി മാണിക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയും പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിലെ പ്രാഞ്ചിയേട്ടനുമെല്ലാം പൊതുവായ ഒന്നുണ്ട്. പ്രായത്തെക്കാള്‍ കവിഞ്ഞ പാകത വന്ന കഥാപാത്രങ്ങളാണത്. അത്തരം ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടി അഭിനയത്തിന്റെ പരകോടിയില്‍ കയറിയത്.
കീര്‍ത്തിചക്രയിലും പ്രണയത്തിലും ഗ്രാന്റ്മാസ്റ്ററിലും സ്വന്തം പ്രായത്തെയും നരയെയും വെളിപ്പെടുത്തുന്ന കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. പ്രായത്തിനിണങ്ങുന്ന കഥാപാത്രങ്ങളിലൂടെ സ്വയം ബോധ്യം വന്ന് അഭിനയിച്ചാണ് അടുത്ത കാലത്ത് മോഹന്‍ലാല്‍ തുടരന്‍ പരാജയങ്ങളില്‍നിന്ന് തിരിച്ചുകയറിയത്.
എന്നാല്‍, സ്വന്തം ഇമേജില്‍ കുടുങ്ങിക്കിടക്കുകയാണ് മമ്മൂട്ടിയെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഒരിക്കല്‍ മോഹന്‍ലാലിന്റെയും (പടയോട്ടം) പഴയ നായകന്‍ ശങ്കറിന്റെയും (അന്തിച്ചുവപ്പ്) അച്ഛനായി പോലും അഭിനയിച്ചിട്ടുള്ള മമ്മൂട്ടി ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ അച്ഛനായി പോലും അഭിനയിക്കാന്‍ തയ്യാറാവണമെന്നില്ല. വയസ്സായി എന്ന് ഈ 60കളിലും സമ്മതിക്കാന്‍ മമ്മൂട്ടി തയാറാകുന്നില്ല. കോബ്ര പൊട്ടിയപ്പോള്‍ നേരത്തേ സമ്മതിച്ചിരുന്ന ഒരുപിടി സിനിമകളില്‍നിന്ന് മമ്മൂട്ടി പിന്മാറിയെന്നാണ് അറിവ്. പക്ഷേ, അത് താപ്പാന പോലുള്ള ദുരിതങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ മമ്മൂട്ടിയുടെ തീരുമാനം തെറ്റായിപ്പോയി എന്നു പറയേണ്ടിയിരിക്കുന്നു.

What Happened to Mammootty
തിരിച്ചറിവുകള്‍ അനിവാര്യമാണ്
മമ്മൂട്ടി ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത് തന്റെ പ്രായത്തിനിണങ്ങാത്ത കോപ്രായങ്ങള്‍ പടച്ചുണ്ടാക്കുന്ന ജോണി ആന്റണിയെപ്പോലുള്ളവരുടെ സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയാണ്. ഹിന്ദി സിനിമയില്‍ ഇപ്പോഴും അമിതാഭ് ബച്ചന്‍ താരമായി നിലനില്‍ക്കുന്നത് തന്റെ പ്രായത്തിനനുസരിച്ച കഥാപാത്രങ്ങളെ കണ്ടെത്തിക്കൊണ്ടാണ്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകരെ കണ്ടെത്തിയത് മമ്മൂട്ടിയാണ്. ലാല്‍ ജോസ്, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ആഷിഖ് അബു, വൈശാഖ്, മാര്‍ട്ടിന്‍ പ്രാക്കാട്ട്, ബ്ലെസി തുടങ്ങിയവരുടെയൊക്കെ ആദ്യ ചിത്രത്തിന് ഡേറ്റ് നല്‍കാന്‍ ധൈര്യം കാണിച്ച മമ്മൂട്ടിക്ക് അവരുടെ കഴിവില്‍ അത്രയും വിശ്വാസവും അവര്‍ പറഞ്ഞ കഥകളില്‍ മികച്ച സിനിമ കണ്ടെത്താനുള്ള കണ്ണുമുണ്ടായിരുന്നു.
പക്ഷേ, സോഹന്‍ സീനുലാലിനെപ്പോലുള്ളവരും (ഡബിള്‍സ്) തോമസ് സെബാസ്റ്റ്യനെ പോലുള്ളവരും (മായാബസാര്‍) കൊണ്ടുവരുന്ന കഥകളില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളയാന്‍ മമ്മൂട്ടിക്ക് എന്തുകൊണ്ടോ കഴിയാതെ പോയി. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഈ അഭിനയപ്രതിഭയ്ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലേ വെനീസിലെ വ്യാപാരി, ലൌ ഇന്‍ സിംഗപൂര്‍, കോബ്ര, കിംഗ് ആന്റ് കമ്മീഷണര്‍, ദ്രോണ തുടങ്ങിയവയൊക്കെ തന്നിലെ നടനെ വീഴ്ത്തുന്ന വാരിക്കുഴികള്‍ ഉണ്ട് എന്ന്?

What Happened to Mammootty
ഇനിയെന്ത്?
തനിക്ക് പറ്റിയ കഥയും കഥാപാത്രങ്ങളും കണ്ടെത്താന്‍ ചെറുപ്പക്കാരോട് പറഞ്ഞുനോക്കൂ. അവര്‍ വരട്ടെ, പ്രായത്തിന് പറ്റിയ വേഷങ്ങളുമായി. ഹാരിസണ്‍ ഫോര്‍ഡും, ക്ലിന്റ് ഈസ്റ്റ് വുഡുമൊക്കെ വയസാംകാലത്തും നായകരായി വിലസുന്നത് പ്രായത്തെ മറച്ചുകൊണ്ടല്ല; പ്രായത്തെ തെളിച്ചുകൊണ്ടാണ്. ഭരത് ഗോപി പോലും നായകനായത് വയസ്സാംകാലത്തായിരുന്നുവല്ലോ. അതും കഷണ്ടിത്തല വിഗ്ഗില്‍ പൊതിഞ്ഞുവെക്കാതെ. അല്ലെങ്കില്‍തന്നെ, പ്രായമാവുക എന്നത് ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോ?
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി രംഗപ്രവേശം ചെയ്തിരിക്കുന്ന കാലമാണിത്. രണ്ട് ചിത്രങ്ങളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു, അയാള്‍. മമ്മൂട്ടിയെ ഇനിയും ചെറുപ്പക്കാരനായി നടത്തിക്കാനായിരിക്കും വിപണിക്ക് താല്‍പ്പര്യം. സാറ്റലൈറ്റ് റൈറ്റ് അടക്കമുള്ള സാധ്യതകള്‍ മാത്രം മുന്നില്‍കാണുന്ന മുന്‍നിര സംവിധായകര്‍ക്കും അതായിരിക്കും പഥ്യം. ഒരു പക്ഷേ, മമ്മൂട്ടിക്കും അതാവാം താല്‍പ്പര്യം. എന്നാല്‍, സ്വന്തം സാധ്യതകള്‍ അടച്ചു കളയല്‍ മാത്രമാണ് അതെന്ന് മമ്മൂട്ടിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍, മാറിച്ചിന്തിക്കാന്‍ തയാറായില്ലെങ്കില്‍, ഫാന്‍സിന്റെ വളിപ്പന്‍ ഫ്ലക്സുകളിലെ അയഥാര്‍ത്ഥമായ വാചകങ്ങളില്‍ അഭിരമിക്കാന്‍ മാത്രമായിരിക്കും ആ നടന് വിധി.
Text: സഞ്ജീവ് സ്വാമിനാഥന്‍

Wednesday, September 19, 2012

മലയാള സിനിമ

മലയാള സിനിമയില്‍ കണ്ടു മടുത്ത ക്ലീഷെസ് - ഇനീമുണ്ട് ഒരു നൂറെണ്ണം .
1. നായകനും നായികയും ചൂണ്ട ഇടുമ്പോള്‍ ഇപ്പോഴും ചെരുപ്പ് കിട്ടും - ഇതിനും മാത്രം ചെരുപ്പ് ആരാണ് പുഴയിലും കുളത്തിലും ഇടുന്നത് ?

2.. സിനിമയില്‍ ഉന്നം തെറ്റുന്ന കല്ല്‌ എല്ലായ്പ്പോഴും ഒരു ഗ്രാമീണന്‍ പാല്‍ കുടം തലയിലേറ്റി വരുന്നതില്‍ തന്നെ കൊള്ളുന്നു ? ഇതു ഗ്രാമത്തിലാണ് ഇപ്പോഴും പാല്കുടവുമായി നടക്കുന്നത് ?

3..നായിക എത്ര കുലീനയും ലജ്ജാവതിയും ആയിരുന്നാലും ഇടിയും മിന്നലും വന്നാല്‍ അല്ലെങ്കില്‍ ജയന്റ് വീലില്‍ കയറിയാല്‍ പേടിച്ചു അടുത്തുള്ള ചെറുപ്പക്കാരനെ കേട്ടിപ്പിടിചിരിക്കും - എന്ത് കൊണ്ടാണ് പെണ്ണുങ്ങള്‍ ഇങ്ങനെ ?

4. മെന്റല്‍ ഹോപിറ്റലില്‍ ഫുള്‍ കോമഡിയായിരിക്കും .

5. കൊമെഡിയനമാര്‍എപ്പോഴും ചാണക കുഴിയില്‍ വീഴും , നായകനും മറു നടന്മാരൊന്നും വീഴില്ല

6. ബോംബ്‌ പൊട്ടിയാലും , പടക്ക കട മൊത്തമായി കത്തിയെരിഞ്ഞാലും കരിയും പുകയും മാത്രമായി ഒരു രൂപം വരും - ആര്‍ക്കും ഒരു പൊള്ളല്‍ പോലും ഏല്‍ക്കില്ല .

7 .ഷോക്കടിച്ചാല്‍ മുടി കുന്തം പോലെ നില്‍ക്കും , പിന്നെ അവരെ രക്ഷിക്കാന്‍ ആരെങ്കിലും പോയാല്‍ അവരും സ്ടാച്ചു പോലെ ഇങ്ങനെ നില്‍ക്കും - വേറെ കുഴപ്പമൊന്നും സംഭവിക്കില്ല

8. നായകന്‍ എത്ര നന്മയുള്ളവനായാലും ആരെങ്കിലും നുണ പറഞ്ഞാലുടനെ നായകന്റെ അമ്മയും വേണ്ടപ്പെട്ടവരുമെല്ലാം നായകനെ തെറ്റിദ്ധരിച്ചു തള്ളിപറയും

9. വില്ലനായ അച്ഛന്റെ കൈ കൊണ്ട് അബദ്ധത്തില്‍ വില്ലനായ മകന്‍ മരിക്കുന്നു

10. ഉന്നമില്ലാത്ത വില്ലന്മാര്‍, ഉന്നമുള്ള നായകന്‍.

11. ഉണ്ടയുള്ളപ്പോ വെടി വെക്കില്ല, വെടി വെക്കുമ്പോ ഉണ്ട കാണില്ല.

12. കൂടിയ ഡയലോഗ് വിട്ടു നടന്നു പോകുന്ന നായകനെ വില്ലന്‍ തോക്കുന്ടെങ്കിലും നോക്കി നിക്കും. ഇനി പുറകില്‍ നിന്ന് കുത്താല്‍ വല്ലോം പോകുവാനെങ്കില്‍ ആദ്യമേ അങ്ങ് അലറും. നായകന് അത് കേട്ടിട്ട് വേണം തിരിയാനും വില്ലനെ അടിക്കാനും

13. നായികമാരുടെ കൂട്ടുകാരൊക്കെ കൊച്ചു പിള്ളേര് ആയിരിക്കും. തമിഴില്‍ ആണ് കൂടുതല്‍. നിഷ്കളങ്കത കാണിക്കാന്‍ ആണ് .നിഷ്കളങ്കയായ ഈ നായിക ചിലപ്പോ അടുത്ത പാട്ടുസീനില്‍ ടൂ പീസില്‍ വരും. അല്ലെങ്കില്‍ നായികയെ കാണിക്കുമ്പോള്‍ അaന്ധയെ സഹായിക്കുന്ന , വൃദ്ധരെ വഴി നടത്തുന്ന, , സന്മനസ്സുള്ള പെണ്ണായിരിക്കും .

14. ബലാല്‍സംഗം കഴിഞ്ഞാല്‍ നെറ്റിയിലെ കുങ്കുമം എന്തായാലും ഒന്ന് തേഞ്ഞരിക്കണം

15. നായികയുടെ നഗ്നത നായകന്‍ കണ്ടാല്‍, ജീവന്‍ രക്ഷിച്ചാല്‍ പ്രേമം

16. ഒരു പ്രകോപനവും ഇല്ലാതെ ഡ്രൈവിംഗ് സീന്‍ മൂന്നു മിനിറ്റില്‍ അധികം കാണിച്ചാല്‍ ..അതിനര്‍ത്ഥം അക്സിടന്റ്റ്‌ ഉറപ്പ്

17. എണ്പതുകളില്‍ തൊഴില്‍രഹിതര്‍ ആയ ചെറുപ്പക്കാര്‍ സംഘം ചേര്‍ന്നാല്‍ വായില്‍നോട്ടം .കോമഡി , ഇന്നാണെങ്കില്‍ കൊട്ടേഷന്‍

18. ജഗതി അന്നും ഇന്നും ഓട്ടോ കാശ് കൊടുക്കില്ല

19. അയാള്‍ എന്നെ ............... (അത്രേ പറയൂ , വേണമെന്കിഇല്‍ നശിപ്പിച്ചു എന്ന് ചേര്‍ക്കാം )

20. അന്യനാട്ടിലുള്ള കഥാപാത്രങ്ങള്‍ രംഗ പ്രവേശം ചെയ്യുമ്പോള്‍ ..ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനം വന്നു ലാന്റ് ചെയ്യുന്ന സീന്‍ കാണിക്കും

21. നായികയെ പ്രേമിക്കാന്‍ അധികാരം നായകന് മാത്രേ ഉള്ളൂ ...നായകന്‍റെ കൂട്ടുകാരന് വേണമെങ്കില്‍ അവളെക്കാള്‍ ഭംഗി കുറഞ്ഞ അവളുടെ തോഴിയെ പ്രേമിക്കാം

22. വനിതാ ക്ലബ്ബില്‍ പോകുന്ന സ്ത്രീകളുടെ ബ്ലൌസിന് കൈ ഉണ്ടാവില്ല

23. ക്യപുസ്‌ ആണെന്കി ഒരു ബൈക്ക് , അതിനു ചുറ്റും കൊറേ പിള്ളേര്‍ , ചര്‍ച്ച , ഒരു മണ്ടന്‍

24. നായകന്റെ കാമുകി വേറെ കല്യാണം കഴിച്ചാലും പതിവ്രത ആയിരിക്കും

25. നായകന് മൂത്ത രണ്ടു ചേച്ചിമാര്‍ ഉണ്ടെങ്കില്‍ അവരും അവരുടെ ഭര്‍ത്താക്കന്മാരും പ്രശ്നക്കാര്‍ ആയിരിക്കും ..ഇപ്പോഴും കാശിന്റെ കാര്യം പറഞ്ഞു നായകനെ കഷ്ടപ്പെടുത്തും ...പക്ഷെ അനിയത്തി മാത്രം നായകനും ഇപ്പോഴും സപ്പോര്‍ട്ട് ആയിരിക്കും

26. നായിക ഗുണ്ടയുടെ കയ്യില്‍ കടിച്ച് ഓടി രക്ഷപ്പെടുമ്പോള്‍ എത്ര വലിയ ഫിറ്റ് ആയ ഗുണ്ട ആയാലും കിലോമീറ്ററോളം ഓടിയാലും നായികയുടെ ഏഴു അയലത്ത് എത്തില്ല..
നായിക അവസാനം നായകന്‍റെ നെഞ്ചത്ത് ഇടിച്ചാണ് നില്‍ക്കുക

27. നായകന്‍ ഓട്ടോയില്‍ നിന്നും ഇറങ്ങുന്ന സീന്‍ .."എത്രയായി?".."12 രൂപ"...നായകന്‍ ഒരു നോട്ട് എടുത്തു കൊടുക്കുന്നു ..ബാക്കി പൊലുംചോദിക്കാതെ നടന്നു നീങ്ങുന്നു /അവിടെയുള്ള മുറുക്കാന്‍ കടക്കാരന്‍ "ഇക്ക"യുമായി പരിചയം പുതുക്കുന്നു ..ഓട്ടോ കാരന്നും കാഷ് കിട്ടുന്ന നിമിഷം സ്ഥലം വിടും

28. ആരു വീട്ടിൽ വന്നാലും രണ്ടാമത്തെ ഡയലോഗിൽ നായകന്റെ/നായികയുടെ അമ്മ പറയും :“ നിങ്ങൾ സംസാരിച്ചിരിക്കു അപ്പോഴേക്കും ഞാൻ ചായയെടുക്കാം

29.എന്ത് അത്യാവശ്യമുള്ള കാര്യം പറയാന്‍ വിളിച്ചാലും നായിക നായകനോട് , "നാളെ വൈകുന്നേരം 5 .00 ആ പഴയ ബോട്ട് "ജട്ടി" യുടെ അടുത്ത് വരണം , എന്നിട്ട് പറയാം" എന്ന് മാത്രമേ പറയുകയുള്ളൂ !


30.മധുസൂദനന്‍ നായര്‍ സാറിന്റെ കവിതയാണ് ഫോണില്‍ പറയുന്നതെങ്കിലും , ഫോണ്‍ എടുത്ത ഉടന്‍ കാര്യം പിടികിട്ടും ! അപ്പോള്‍ തന്നെ ചടപടാ കാര്യങ്ങള്‍ പറഞ്ഞു ഫോണ്‍ കട്ട് ചെയ്യും !

31.ചപ്പി ചളുങ്ങി ഇരുന്നാലും , നമ്മുടെ വയസ്സന്മാരായ നായകന്‍ മാരെ , എല്ലാ യുവ നായിക മാര്‍ക്കും ഒറ്റ നോട്ടത്തില്‍ , ഭ്രാന്തു പിടിക്കുന്ന തരത്തിലുള്ള , സ്നേഹം തോന്നും.

32.നായകനല്ലാതെ ആരെങ്കിലും നായികയെ നേരത്തെ കല്യാണം കഴിച്ചിട്ടുന്ടെങ്ങില്‍ അവന്‍ കല്യാണ ദിവസം തന്നെ തളരുന്നു പോകുകയോ മയ്യതാക്കുകയോ ചെയ്തിട്ടുണ്ടാകും ....

33.ഒരു ഗ്ലാസ്‌ ചായ ആര്‍ക്കു കൊടുത്താലും മുഴുവന്‍ കുടിക്കില്ല ..കൂടി പോയാല്‍ രണ്ടു കവിള്‍...... ..........,

34.ഫീലിംഗ്സ് കൂടിയാല്‍ നായകനായാലും വില്ലനായാലും വെള്ളമോ സോഡയോ ചേര്‍ക്കാതെ തവിട്ടു നിറമുള്ള മദ്യം കുടിചിരിക്കും..

35.വിമ്മിട്ട വെള്ളമോ ആഹാരമോ കഴിച്ചാല്‍ അത് വയറ്റില്‍ എത്തുന്നതിനു മുന്‍പേ കക്കൂസില്‍ പോകാന്‍ മുട്ടും....

36.എനിക്ക് ഒരു രഹസ്യം പറയാന്‍ ഉണ്ട് " എന്നെങ്ങാനും ആരെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ , പിന്നെ നായകന്‍ അവനെയോ അവളെയോ കൊണ്ട് ഒരു പോക്കാണ് !!! ഏതെങ്കിലും കടപ്പുറത്ത് നല്ല വഴുക്കുള്ള പാറക്കൂട്ടത്തിന്റെ ഒത്ത മുകളില്‍ !!! വളരെ കഷ്ടപ്പെട്ട് അവിടെ എത്തി "എനിക്ക് നിന്നെ ഇഷ്ടമാണ് " അല്ലെങ്കില്‍ "എനിക്ക് സോമാടിക്കോ മെലിങ്ങസ് രേമീല എന്ന അപൂര്‍വ്വ രോഗമാണ് " എന്നത് കേള്‍ക്കാന്‍ വേണ്ടി മാത്രം !

37. മുഖ്യമന്ത്രിയുടെയോ , മറ്റു ഏതു മന്ത്രിമാരുടെയോ മുഖത്ത് നോക്കി , ഒരു കമ്മീഷണര്‍ അല്ലെങ്കില്‍ കളക്ടര്‍ എന്ത് തന്നെ പച്ച തെറി വിളിച്ചാലും , അവരെല്ലാം "ചെയ് ...നിര്ത്തെടോ....തനിക്കു നാണമില്ലേ..." എന്ന് മാത്രമേ പറയുള്ളൂ !!!

38. നായകനും നായികയ്ക്കും സന്തോഷം തോന്നിയാല്‍ , ഏതെങ്കിലും വലിയ മലയുടെ മുകളില്‍ വലിഞ്ഞു കയറിയെങ്കിലും , ഒരേ സ്റെപ് എടുത്തു ഒരേ ടൈമിംഗ് സൂക്ഷിച്ചു ഡാന്‍സ് ചെയ്യുന്നത് , ഇന്ത്യന്‍ സിനിമയില്‍ മാത്രം കാണുന്ന ഒരു അപൂര്‍വ്വ കാഴ്ചയാണ് .

39. ചെകിട്ടത്ത് അടിച്ചാലും , കൂമ്പിനിട്ടു ഇടി കൊടുത്താലും , ബോംബ്‌ പൊട്ടുന്ന അത്രയും ശബ്ദം ഉറപ്പു ആണ് !

40.മുണ്ടുടുത്ത നായകന്‍ സ്റ്റണ്ട് സീനാകുമ്പോള്‍ വെള്ള കളസമിടും....
41.വാറ്റു ചാരായം എപ്പോഴും നീളമുള്ള പഴയ ബിയര്‍ കുപ്പിയില്‍ വല്ല വാഴ ഇല കൊണ്ട് അടച്ചു വച്ച് തന്നെ ആയിരിക്കും ...മൊബൈല്‍ ഡയല്‍ ചെയ്യുമ്പോള്‍ 3 ബട്ടണ്‍ അമക്കിയാല്‍ കാള്‍ പോയിരിക്കും .

42.കമ്പ്യൂട്ടര്‍ എപ്പോളും വെണ്ടയ്ക്ക അക്ഷരത്തില്‍ "PASSWORD INCORRECT" എന്നൊക്കെ കാണിക്കും.
43.നായകന്റെ / നായികയുടെ അച്ഛനെ/അമ്മയെ വില്ലന്‍ വെടിവെചിടുന്നു.....എന്നാലും ഉടനെയൊന്നും മരിക്കില്ല .....നായകനും നായികയും ഒക്കെ വന്നു കാര്യങ്ങള്‍ ഒക്കെ സംസാരിച്ചതിന് ശേഷമേ മരിക്കുള്ള്...........വില്ലന്മാരുടെ ഗുണ്ടകള്‍ ( ഇരട്ടി വലിപ്പമുള്ളവര്‍ ) ഒറ്റ വെടിക്ക് ചത്ത്‌ വീഴും ..... 
44.ബഹുനില ക്കെട്ടിടത്തില്‍ നിന്നും രക്ഷ പ്പെട്ടു പോകുന്ന ഗുണ്ട ബൈക്കില്‍ രക്ഷപ്പെടുനത് നായകന്‍ ഏറ്റവും മുകളിലെ നിലയില്‍ നിന്നും കണ്ടു നിരാശനടയും.... 
45.ബുള്ളറ്റ് പ്രൂഫ്‌ ഇട്ടിട്ടുണ്ടെങ്കില്‍ ഉണ്ട നെഞ്ചിലെക്കും അല്ലെങ്ങില്‍ കാലിലോ കയ്യിലോ ആയിരിക്കും ... 
46.എത്ര വെടിയോ കുത്തോ കൊണ്ടാലും എത്ര വിഷം കഴിച്ചാലും അവസാന ഡയലോഗിന് കുറച്ചു ജീവന്‍ ബാക്കി വച്ചേക്കും ...അവസാന സീനുകളില്‍ സംഘട്ടനത്തില്‍ നായകന്‍ തലമുടികളില്‍ നിന്നും വെള്ളം കുടഞ്ഞെക്കും. 
47.തോക്കും കത്തിയും ഒക്കെ ഉണ്ടെങ്കിലും നായകന് വില്ലനെ ഇടിച്ചു തന്നെ കൊല്ലണം....
48.മണ്ണിന്റെ മണമുള്ള പടമാണെങ്കില്‍ കപ്പയും മീന്‍ കറിയും മസ്റ്റ്(courtsey: Sathyan Anthikad).. 
49.നായകനുമായി എപ്പോള്‍ പിണങ്ങിയാലും ശരി, എത്ര കോടീശ്വരിയാണെങ്കിലും ശരി, സ്വന്തം വീട്ടിലേക്കു പോകുമ്പോള്‍ ഒരു പെട്ടിയില്‍ കൊള്ളാവുന്ന സാധനങ്ങളേ നായിക കൊണ്ടുപോകൂ. വര്‍ഷങ്ങള്‍ക്കു ശേഷം പിണക്കം മാറി തിരികെ വരുമ്പോഴും ഒരുപെട്ടി സാധനങ്ങളേ കൊണ്ടുവരൂ. 
50.നായിക പാറമടയില്‍ കല്ലുടയ്ക്കുകയാണെങ്കിലും കൈവിരലിലെ നഖങ്ങള്‍ ഭംഗിയായി നീട്ടി വൃത്തിയായി പോളിഷ് ഇട്ടിരിക്കും. അരിവാങ്ങാന്‍ കാശില്ലാതെ പട്ടിണിയിലാണെങ്കിലും മുടി എന്നും ഷാംപൂ ചെയ്ത് കുട്ടപ്പനാക്കി വച്ചിരിക്കും. 
51.നായിക കാലില്‍ എന്തു ധരിച്ചാലും ശരി നടക്കുമ്പോള്‍ ‘ഡക്, ഡക്, ഡക് ‘ എന്ന ശബ്ദമായിരിക്കും കേള്‍ക്കുക. നായികയുടെ കൊലുസിന് ചിലങ്കയുടെ ഇഫക്ടാണ്. 

Sunday, September 9, 2012

വയനാടന്‍ കാഴ്ച്ചകള്‍


Bandhipur, Wayanad


നവംബര്‍-ഡിസംബര്‍ ലക്കം യാത്ര കയ്യില്‍ കിട്ടിയപ്പോഴാണ് പതിവുള്ള ന്യൂ ഇയര്‍ യാത്ര വയനാട്ടിലേക്കായാലോ എന്ന് ചിന്തിച്ചത്. സ്ഥിരം സഹയാത്രികരെ വിളിച്ച് നോക്കി. അങ്ങോട്ട് വേണോ? എന്നാല്‍ പിന്നെ മുത്തങ്ങ വഴി ഗുണ്ടല്‍ പേട്ട്, ബന്ധിപ്പൂര്‍, മുതുമലയൊക്കെ കണ്ട് നിലമ്പൂര്‍ വഴി മടങ്ങാം.

തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടു, കോഴിക്കോട്ടെത്തിയപ്പോള്‍ ഒരു സുലൈമാനിയടിച്ചു. മൂന്ന് മണിയോട് ബത്തേരിയിലെത്തി. മുത്തങ്ങയില്‍ ഏഴുമണിക്കേ വനയാത്ര തുടങ്ങുകയുള്ളു. അതിന് മുന്‍പ് കര്‍ണാടക അതിര്‍ത്തി വരെ ഒന്ന് പോയി നോക്കാം. മുത്തങ്ങ ചെക് പോസ്റ്റ് കടന്ന് അല്‍പ്പം മുന്നോട്ട് പോയപ്പോള്‍ റോഡരികിലുള്ള മുളങ്കാടുകള്‍ ഇളകുന്നു. അഞ്ചോ ആറോ ആനകളുടെ ഒരു കൂട്ടം മുളകള്‍ ഒടിച്ച് തിന്നുകയാണ്. ഹെഡ്‌ലൈറ്റിന്റെ വെളിച്ചമടിച്ചതോട് കൂടി അവ ഉള്‍ക്കാട്ടിലേക്ക് പിന്‍മാറി.

ലൈറ്റ് ഓഫ് ചെയ്ത് കുറച്ച് നേരം കാത്തിരുന്നെങ്കിലും നോ രക്ഷ. വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി ആനകള്‍ക്ക് പണിയുണ്ടാക്കണ്ടെന്ന് കരുതി നേരെ കര്‍ണാടക അതിര്‍ത്തിയിലേക്ക് വാഹനങ്ങളുടെ നീണ്ട നിര. രാവിലെ ആറുമണിക്ക് ശേഷമേ പോകാന്‍ അനുവദിക്കുകയുള്ളു. തിരികെ വീണ്ടും മുത്തങ്ങയിലെത്തി. ഏഴുമണിയായപ്പോഴേക്കും ഗേറ്റില്‍ പൂരത്തിന്റെ ജനം. ഒരു ഗൈഡിനേയും സംഘടിപ്പിച്ച് ജീപ്പുമെടുത്ത് വനത്തിനകത്തേക്ക്. കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വ്വീസ് പോകുന്നത് പോലെയാണ് നിര്‍ബാധം ജീപ്പുകള്‍ അകത്തേക്ക് പോകുന്നത്. നമ്മുടെ ജീ്പ്പ് ഡ്രൈവറാണെങ്കില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് പോകുന്നത് പോലെ കുതിക്കുകയാണ്.


Bandhipur, Wayanad


ഇടക്ക് ഒന്നോ രണ്ടോ മാനിനെ കാണാന്‍ സ്​പീഡ് അല്‍പ്പം കുറച്ചു. വീണ്ടും പൂര്‍വ്വാധികം സ്​പീഡില്‍ പോയി മുന്നില്‍ പോയിരുന്ന രണ്ട് ജീപ്പുകളെ ഓവര്‍ടേക്ക് ചെയ്ത് ഞങ്ങളെ ഒന്നാമതായി പുറത്തെത്തിച്ചു. എന്തിനാണീ വഴിപാടെന്നറിയാതെ എല്ലാവരും പകച്ച് നിന്നു.

റോഡരുകില്‍ നിന്ന് തന്നെ പല്ല് തേപ്പെല്ലാം കഴിച്ച് തൊട്ടടുത്ത് തന്നെയുള്ള നസീറമെസ്സിലേക്ക്. ചൂടുള്ള പുട്ടും കടലയും കഴിച്ച് എല്ലാവരും ഉഷാറായി. പതിയെ കര്‍ണാടക വനങ്ങളുടെ ഭംഗി ആസ്വദിച്ച് ഗുണ്ടല്‍ പേട്ടിലെത്തി. അവിട നിന്ന് വലത്തോട്ട് തിരിഞ്ഞ് ഹംഗ്ല വഴി ഗോപാല്‍ സ്വാമിബെട്ടയിലേക്ക് വണ്ടി വിട്ടു. വഴി നിറഞ്ഞ് കാലിക്കൂട്ടം പോവുകയാണ്. ഇരുവശത്തും പുതുകൃഷിക്കായി കൃഷിയിടങ്ങള്‍ ഉഴുതുമറിച്ചിട്ടിരിക്കുന്ന മനോഹര ദൃശ്യം, ശക്തമായ കാറ്റ്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്‍പിലുള്ള കരിങ്കല്‍ കട്ടിള പിടിയില്‍ നിന്നും പലപ്പോഴും വെള്ളം തുള്ളി തുള്ളിയായി താഴേക്ക് വീഴുന്നു.

തിരിച്ച് ഹംഗ്ലവഴി ബന്ദിപ്പൂരിലേക്ക്. വഴിയരികില്‍ തന്നെയുള്ള ഒരു റിസോര്‍ട്ടില്‍ കയറി ഭക്ഷണം കഴിച്ചു. രണ്ടു റൂമുള്ള ഒരു കോട്ടേജും ബുക്ക് ചെയ്തു. റൂം ബോയ് മലപ്പുറത്തുകാരന്‍ ഒരു പയ്യന്‍. 'സാറേ വൈകീട്ട് എല്ലാ സൗകര്യങ്ങളും ചെയ്തു തരാം...' അവന്‍ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. 'സുഖം' അന്വേഷിച്ച് വന്നതല്ല മാഷേ. തൃശ്ശൂര്‍ ഭാഷയില്‍ മറുപടി കൊടുത്തു.


Bandhipur, Wayanad


മൂന്നു മണിയായപ്പോഴേക്കും ബന്ധിപ്പൂര്‍ പാര്‍ക്കിന്റെ ഗേറ്റില്‍ എത്തി. ഇരുപതോളം പേര്‍ക്ക് കയറാവുന്ന വാനിലാണ് ഇവിടെ വനയാത്ര. മാന്‍, മയില്‍ കാട്ടുപന്നി എന്നിവ യഥേഷ്ടം. ആനയുടെയും പുലിയുടെയും പൊടി പോലുമില്ല. നിരാശരായി തിരികെ റിസോര്‍ട്ടിലേക്ക് മടങ്ങുകയാണ്. സമയം ആറുമണി കഴിഞ്ഞു. ഒരു തിരിവ് കഴിഞ്ഞപ്പോള്‍ ഏതോ ഒരു മൃഗം റോഡ് മുറിച്ചു കടക്കുന്നു. വണ്ടി നിര്‍ത്തി സൂക്ഷിച്ചു നോക്കി. ഒരു പുള്ളിപ്പുലി. ക്യാമറെയുടുക്കുമ്പോളേക്കും അവന്‍ കാട്ടിലേക്ക് മറിഞ്ഞു.

പിറ്റേ ദിവസം അതിരാവിലെയെഴുന്നേറ്റ് നേരെ മുതുമലയിലേക്ക്. റോഡിനിരുവശവും നിബിഢ വനങ്ങളാണ്. എട്ട് മണി ആയപ്പോഴേക്കും തെപ്പക്കാട് എത്തി. അവിടെ ആനപ്പുറത്തുള്ള സഫാരിയുണ്ടെന്ന് കേട്ട് അന്വേഷിച്ച് നോക്കി. ഒരു രക്ഷയുമില്ലാ എല്ലാം നേരത്തെ ബുക്ക് ചെയ്യണം. തൊട്ടടുത്ത് തന്നെയുള്ള ആനത്താവളത്തിലേക്ക് പോയി. ചോറും റാഗിയും ശര്‍ക്കരയും കൂട്ടിക്കുഴച്ച ഭക്ഷണം ആനകള്‍ വെട്ടി വിഴുങ്ങുന്നു. നമ്മുടെ വയറും കരിയുന്ന മണം.

നേരെ ഊട്ടി റോഡിലൂടെ വണ്ടി വിട്ട് മസിനഗുഡിയില്‍ പോയി വയറ് നിറച്ച് ഭക്ഷണം കഴിച്ചു. അവിടെ വിഭൂതി മലമുകളിലുള്ള കോവിലും മാരിയമ്മന്‍ കോവിലും കണ്ട് തിരിച്ചിറങ്ങി. വഴിയിരികിലുള്ള മരങ്ങളില്‍ കുരങ്ങുകള്‍. അങ്ങകലെയായി കാട്ടുപോത്തിന്‍ കൂട്ടം. എല്ലാം കണ്ട് ഗൂഡല്ലൂര്‍ വഴി നാടുകാണിചുരവും താണ്ടി മടക്കം.


Text&photos: പ്രിജോ ജോസ്‌