Saturday, May 25, 2013

ജോക്‌സ് ഓണ്‍ കണ്‍ട്രി

നവാബിനെ ഗായകനാക്കിയപ്പോള്‍
യുവതലമുറയിലെ ശ്രദ്ധേയതാരമായ ഭാവന ആളൊരു ശുദ്ധഗതിക്കാരിയാണ്. ഭാവനയുടെ നിഷ്‌കളങ്കമായ മണ്ടത്തരങ്ങള്‍ സെറ്റില്‍ പലപ്പോഴും ചിരിയുണര്‍ത്താറുണ്ട്. എന്തെങ്കിലുമൊക്കെപ്പറഞ്ഞ് ഭാവനയെ വധിക്കാന്‍ കിട്ടുന്ന അവസരം പലരും പാഴാക്കാറുമില്ല.
സിബിമലയില്‍ സംവിധാനം ചെയ്യുന്ന ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു.
ഒരു ദിവസം കുറച്ചുപേര്‍ സിബിയെ സമീപിച്ചു. അവരുടെ കലാസമിതിയുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ ഒരു സിനിമാതാരത്തെ കിട്ടണം എന്നതാണ് ആവശ്യം.
ആ സമയത്ത് ഭാവനയ്ക്ക് വര്‍ക്കില്ല. സംഭവം പറഞ്ഞപ്പോള്‍ കക്ഷി റെഡി. പെട്ടെന്ന് ഒരുങ്ങി വന്നു.
അവര്‍ പോകാനിറങ്ങുമ്പോള്‍ സിബി ചോദിച്ചു: 'ഭാവനേ, എന്തു പരിപാ ടിയ്ക്കാ പോകുന്നതെന്നറിയ്വോ?'
അപ്പോഴാണ് ഭാവനയും അക്കാര്യം ഓര്‍ത്തത്. 'ശ്ശൊ. അറിയില്ല സാര്‍. എന്താ പരിപാടി?'
എന്താണ് പരിപാടിയെന്നു പോലുമറിയാതെ ചാടിപ്പുറപ്പെട്ടിറങ്ങിയത് കണ്ടപ്പോള്‍ ഭാവനയെ ഒന്നു വടിയാക്കാനായി സിബി പറഞ്ഞു: 'അവിടെ നവാബ് രാജേന്ദ്രന്‍ മരിച്ചതിന്റെ അനുസ്മരണച്ചടങ്ങ് നടക്കുകയാ!'
'നവാബോ? അതാരാ ആള്?'
'ഓ, അതറിയില്ലേ? നവാബ് വലിയ പാട്ടുകാരനല്ലേ?'
തമാശയായി ഇതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആരോ സിബിയെ അവിടെനിന്നും വിളിച്ചുകൊണ്ടുപോയി. അവിടെ കലാസമിതിയുടെ വാര്‍ഷികമാണ് നടക്കുന്നതെന്ന സത്യം പറഞ്ഞുകൊടുക്കാമെന്നു കരുതി സിബി നോക്കുമ്പോഴേക്കും ഭാവന പോയിക്കഴിഞ്ഞിരുന്നു.
രണ്ടുമൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 'അനുസ്മരണ'മൊക്കെ കഴിഞ്ഞ് ഭാവന തിരിച്ചെത്തിയിരുന്നു. പരിപാടി എങ്ങനെ ഉണ്ടായിരുന്നു എന്ന് സിബി ചോദിച്ചപ്പോള്‍ സഹജമായ ഉഷാറോടെ ഭാവന മറുപടി പറഞ്ഞു!
'പരിപാടി അടിപൊളിയായിരുന്നു സാര്‍. നവാബിന്റെ പാട്ടൊന്നും ഇതുവരെ ഞാന്‍ കേട്ടിട്ടില്ലെങ്കിലും, അങ്ങേര് ഭയങ്കര പാട്ടുകാരനായിരുന്നു എന്നൊക്കെ ഞാന്‍ വച്ചുകാച്ചി. പക്ഷേ എനിക്കൊരു സംശയം സാര്‍. ഞാന്‍ ഓരോ വാക്കു പറയുമ്പോഴും ആള്‍ക്കാര്‍ തലയറഞ്ഞ് ചിരിക്കുകയായിരുന്നു. നമ്മള് സീരിയസ്സായിട്ട് പറയുമ്പം ചിരിക്കാന്‍ അവര്‍ക്കെന്താ തലയ്ക്ക് വല്ല കുഴപ്പവുമുണ്ടോ?'
കലാസമിതിയുടെ വാര്‍ഷികത്തിന് ചെന്ന് 'പാട്ടുകാരനായ നവാബി'നെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തിയ ഭാവനയുടെ തകര്‍പ്പന്‍ പ്രകടനം ഭാവനയില്‍ കണ്ട സിബിമലയില്‍ മനസ്സില്‍ പറഞ്ഞു: അവര്‍ക്കാര്‍ക്കും ഒരു കുഴപ്പവുമില്ല മോളേ. അതുകൊണ്ടാണല്ലോ നീ തടി കേടാകാതെ ഇങ്ങെത്തിയത്.'

രവി മേനോനും ഹനീഫയും ആ ചുവന്ന കുപ്പായവും
അന്തരിച്ച നടന്‍ രവി മേനോനെക്കുറിച്ചോര്‍ക്കുമ്പോള്‍, ആ ചുവപ്പ് ഷര്‍ട്ടിനെക്കുറിച്ചാണ് കൊച്ചിന്‍ ഹനീഫയ്ക്ക് ഓര്‍മ വരിക. നിര്‍മാല്യം കഴിഞ്ഞ് തിളങ്ങിനില്‍ക്കുകയാണ് അന്ന് രവി മേനോന്‍. നടന്‍ സുകുമാരനും മറ്റുമൊപ്പം ഒരു വീട് വാടകയ്‌ക്കെടുത്ത് മദ്രാസില്‍ താമസിക്കുന്നു.

കൊച്ചിന്‍ ഹനീഫ ഉമാ ലോഡ്ജിലാണ് കുടിപാര്‍പ്പ്. സമയം കിട്ടുമ്പോഴൊക്കെ ഹനീഫ രവി മേനോന്റെ വീട്ടില്‍ വരും. രവി മേനോന് അന്ന് കടുംചുവപ്പു നിറത്തില്‍ ഒരു ഷര്‍ട്ടുണ്ടായിരുന്നു. വെളുത്തു തുടുത്ത മേനോന്റെ സൗന്ദര്യം ആ ഷര്‍ട്ടിടുമ്പോള്‍ ഒന്നുകൂടി ജ്വലിക്കും. അതു കാണുമ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം അദ്ദേഹത്തോട് അസൂയ. ഹനീഫയ്ക്കാകട്ടെ, എങ്ങനെയും ആ ഷര്‍ട്ട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. പക്ഷേ, ചോദിച്ചാല്‍ കിട്ടില്ലെന്നറിയാവുന്നതുകൊണ്ട് ആശ മനസ്സിലടക്കിയതേയുള്ളൂ. പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ രവി മേനോന്റെ സഹപാഠിയും ഹിന്ദി ചലച്ചിത്രതാരവുമായ ഡാനി ഡെന്‍ഗോണ്‍സ സ്‌നേഹപൂര്‍വം സമ്മാനിച്ചതാണ് ആ കുപ്പായം. മേനോന്‍ ഇക്കാര്യം അഭിമാനത്തോടെ എല്ലാവരോടും പറയാറുമുണ്ട്.
ഒരു ദിവസം, ആ ഷര്‍ട്ടെടുത്തിട്ട് കണ്ണാടിയില്‍ സ്വന്തം സൗന്ദര്യം ആസ്വദിച്ചുനിന്ന ഹനീഫയെ അമ്പരപ്പിച്ചുകൊണ്ട് മേനോന്‍ പറഞ്ഞു: 'വേണമെങ്കില്‍ ഹനീഫ അതെടുത്തോളൂ.'
നിധി കിട്ടിയതുപോലെയാണ് ഹനീഫയ്ക്ക് തോന്നിയത്. അടുത്ത ദിവസങ്ങളിലെല്ലാം ആ ഷര്‍ട്ടിട്ടാണ് ഹനീഫ നടന്നത്. അതിടുമ്പോള്‍ പുതിയൊരു ആത്മവിശ്വാസം; പുതിയൊരു ആവേശം - പത്തു വയസ്സ് കുറഞ്ഞതുപോലെ.

കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഹനീഫ ശ്രദ്ധിച്ചത്. അതിട്ടു ചെല്ലുമ്പോള്‍ കാണാന്‍ ഉദ്ദേശിച്ചവരെ കാണില്ല, സ്‌റ്റേഷനിലെത്തിയാല്‍ വണ്ടി പോയിരിക്കും. എന്തിന് സിനിമാ ടാക്കീസില്‍ പോയാല്‍പോലും ടിക്കറ്റ് കിട്ടില്ല. പല ഓഫറുകളും യാതൊരു കാരണവുമില്ലാതെ മുടങ്ങുകകൂടിയായപ്പോള്‍, അത് 'രാശിദോഷ'മുള്ള ഷര്‍ട്ടാണെന്ന് ഹനീഫയ്ക്കു മനസ്സിലായി. പിന്നെ അമാന്തിച്ചില്ല, ഷര്‍ട്ട് അലക്കി ഇസ്തിരിയിട്ട് മേനോന് തിരിച്ചുകൊടുത്തിട്ട് പറഞ്ഞു: 'ഡാനി സ്‌നേഹപൂര്‍വം സമ്മാനിച്ചതല്ലേ, ഇത് മേനോന്‍ തന്നെ എടുത്തോളൂ. എനിക്ക് രണ്ടു ദിവസം ഇടണമെന്നേയുണ്ടായിരുന്നുള്ളൂ. ആ കൊതി മാറി...'
രവി മേനോന്‍ ഉദാരനായി: 'ഞാന്‍ ഒരാള്‍ക്ക് ഇഷ്ടപ്പെട്ടെന്തെങ്കിലും കൊടുത്താല്‍ തിരിച്ചെടുക്കാറില്ല. ഹനീഫതന്നെ അതെടുത്തോളൂ...'
മേനോന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആ ഷര്‍ട്ടുമായി ഹനീഫയ്ക്ക് തിരിച്ചുപോരേണ്ടിവന്നു.
മുറിയിലെത്തിയ ഉടനെ അദ്ദേഹം അതെടുത്ത് ചുരുട്ടിക്കൂട്ടി ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു.
ഒരു തെരുവുപട്ടിയുടെ മുന്നിലാണത് ചെന്നുവീണത്. കടുംചുവപ്പു നിറം കണ്ടിട്ടോ എന്തോ, പട്ടി ഷര്‍ട്ട് കടിച്ചെടുത്ത് തിരിച്ചും മറിച്ചും കുടഞ്ഞ് കീറാന്‍ തുടങ്ങി.
തനിക്ക് നിര്‍ഭാഗ്യങ്ങള്‍ മാത്രം സമ്മാനിച്ച ഷര്‍ട്ടിന്റെ 'ദാരുണമായ അന്ത്യം' നോക്കി ഹനീഫ രസിച്ചങ്ങനെ നില്ക്കവേ പെട്ടെന്നതാ ഒരു പട്ടിപിടിത്തക്കാരന്‍ പതുങ്ങിപ്പതുങ്ങി വരുന്നു. അയാളുടെ കൈയിലുള്ള കുടുക്ക് മിന്നല്‍വേഗത്തില്‍ പട്ടിയുടെ കഴുത്തില്‍ മുറുകി. ഒരു നിലവിളിയോടെ പട്ടി മയ്യത്തായി. അതിന്റെ വായിലപ്പോഴും ചുവന്ന ഷര്‍ട്ടിന്റെ ഒരു കഷണം ഉണ്ടായിരുന്നു.
ഹനീഫ അതു കണ്ട് പൊട്ടിച്ചിരിച്ചു. പിന്നെ, ഇത്രയും ദുര്‍ഗതി തനിക്കു വന്നില്ലല്ലോ എന്നോര്‍ത്ത് ആശ്വസിച്ചു. ഈ സംഭവം പിന്നീടൊരിക്കല്‍ രവി മേനോനോട് ഹനീഫ പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
'വെറുതെയാണോ ഞാന്‍ നിനക്കത് തന്നത്. ഇത്രയും നിര്‍ഭാഗ്യമുള്ളൊരു ഷര്‍ട്ട് ജീവിതത്തില്‍ ഞാനിട്ടിട്ടില്ല...'

അടയാളം
സിനിമയുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ക്കായി ഈയിടെ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ കോഴിക്കോട്ടെത്തി. ജോലികളെല്ലാം തീര്‍ത്ത് തൃശ്ശൂര്‍ക്ക് പോകാനൊരുങ്ങുമ്പോഴാണ് വിനീത് ശ്രീനിവാസന്‍ കോഴിക്കോട്ടുണ്ടെന്നറിഞ്ഞത്. ഒരു ആല്‍ബത്തിന്റെ ചിത്രീകരണത്തിലായിരുന്നു വിനീത്. രവികുമാറിന് വിനീതിനെ അത്യാവശ്യമായി കാണേണ്ടതുണ്ടായിരുന്നു. ഫോണ്‍ ചെയ്തപ്പോള്‍, ഉടനെ എത്തിയാല്‍ കാണാമെന്ന് വിനീത് പറഞ്ഞു. ഷൂട്ടിങ് തീര്‍ത്ത്, വൈകിട്ടത്തെ വണ്ടിക്ക് എറണാകുളത്തേക്ക് പോകാനിരിക്കുകയാണ് അദ്ദേഹം. ഷൂട്ടിങ് നടക്കുന്ന സ്ഥലത്തെത്താനുള്ള വഴി രവികുമാര്‍ ചോദിച്ചു മനസ്സിലാക്കി. 'മൈക്രോവേവ് ടവര്‍ കഴിഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ ഒരു കള്ളുഷാപ്പ് കാണാം. ഷാപ്പിന് തൊട്ടടുത്തായി ഇടത്തോട്ടുള്ള റോഡില്‍ വരുമ്പോള്‍ മൂന്നാമത്തെ വീട്...' ഒരു ഓട്ടോ വിളിച്ച് മൈക്രോവേവ് ടവറിനടുത്തുള്ള കള്ളുഷാപ്പിലേക്ക് വിടാന്‍ രവികുമാര്‍ ആവശ്യപ്പെട്ടു. ഓട്ടോ ഓടിക്കൊണ്ടിരിക്കെ ഒരു ഫോണ്‍ വന്നു. മാക്ട പ്രതിസന്ധിയെക്കുറിച്ച് സിനിമാസുഹൃത്തുക്കളിലാരോ സംസാരിക്കുകയാണ്. ഫോണ്‍ സംഭാഷണം കഴിഞ്ഞപ്പോള്‍ ഓട്ടോക്കാരന്‍, 'കോഴിക്കോടന്‍ സൗഹൃദ'ത്തോടെ ചോദിച്ചു: 'ങ്ങള് സിനിമക്കാരനാ?'
രവികുമാര്‍ തലകുലുക്കി.

സിനിമയിലെന്താണ് പണിയെന്നായി അടുത്ത ചോദ്യം.
തിരക്കഥാകൃത്താണെന്നും ഇഷ്ടം, നമ്മള്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി തുടങ്ങിയ പടങ്ങളുടെ തിരക്കഥ എഴുതിയത് താനാണെന്നും തുടര്‍ന്നുള്ളചോദ്യംചെയ്യലില്‍ രവികുമാര്‍ വെളിപ്പെടുത്തി. അതോടെ ഓട്ടോക്കാരന്‍ രവികുമാറിന്റെ ആരാധകനായി. ഇഷ്ടവും നമ്മളുമൊക്കെ കക്ഷിക്ക് പെരുത്തിഷ്ടമായ പടങ്ങളാണ്. ഓട്ടോ അനന്തമായി ഓടിക്കൊണ്ടിരുന്നു.
ടൗണില്‍നിന്ന് നാലു കിലോമീറ്റര്‍ ദൂരമേ ഉള്ളൂ എന്നാണല്ലോ വിനീത് പറഞ്ഞത്... ഇപ്പോള്‍ പത്തു പന്ത്രണ്ട് കിലോമീറ്ററെങ്കിലും ഓടിക്കാണണം. ഇയാള്‍ തന്നെ പറ്റിക്കാന്‍ ശ്രമിക്കുകയാണോ? രവികുമാര്‍ ഇങ്ങനെ ചിന്തിച്ചെങ്കിലും പിന്നീട് ആശ്വസിച്ചു! ഏയ്, അങ്ങനെ വരാന്‍ വഴിയില്ല. കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാരില്‍നിന്ന് നല്ല അനുഭവങ്ങളേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. കേട്ടത് തെറ്റിയതായിരിക്കും. പതിനാലു കിലോമീറ്ററെന്നാവും വിനീത് പറഞ്ഞത്.
'ഇനിയും കുറേ ദൂരമുണ്ടോ?' രവികുമാര്‍ ചോദിച്ചു.
'ഏയ്, ദാ എത്തിപ്പോയി'. ഓട്ടോക്കാരന്‍ പറഞ്ഞു.

ഓട്ടോ ഇടത്തോട്ട് തിരിഞ്ഞ് ഒരു പുഴക്കരയിലെത്തി നിന്നു. ഓലക്കെട്ടിടത്തിന് പുറത്ത്, തകരപ്പാട്ടയില്‍ ചുണ്ണാമ്പുകൊണ്ട് കള്ള് എന്നെഴുതിയ ബോര്‍ഡ് അല്പം ഏങ്കോണിച്ച് തൂങ്ങിക്കിടക്കുന്നു. പക്ഷേ, അടുത്തെങ്ങും മൈക്രോവേവ് ടവറില്ല. സിനിമാക്കാരുടെ ഭാഷയില്‍ 'തനി ഗ്രാമീണ സെറ്റപ്പ്.'
'എവിടെ മൈക്രോവേവ് ടവര്‍?' രവികുമാര്‍ ചോദിച്ചു.
ഓട്ടോക്കാരന്‍ വലിയൊരു രഹസ്യം വെളിപ്പെടുത്തുന്നതുപോലെ പറഞ്ഞു: 'അവിടത്തെ കള്ളത്ര ഗുണം പോര. മാത്രമല്ല കറികളും മെച്ചമല്ല. ഈ ഷാപ്പില്‍ ഇവിടത്തന്നെ ചെത്തുന്ന കള്ളാ. വരവ് സാധനമല്ല കൊടുക്കുന്നത്. വിശ്വസിച്ച് കുടിക്കാ... ങ്ങളെപ്പോലേള്ള വല്യ ആള്‍ക്കാര്ക്ക് നല്ല ഷാപ്പ് കാണിച്ച് തരേണ്ടത് ഞമ്മളെ ഉത്തരവാദിത്തല്ലേ...'
ചിരിക്കണോ കരയണോ എന്നറിയാതെ രവികുമാര്‍ ഒരു നിമിഷം നിന്നുപോയി. അതേ വണ്ടിയില്‍ത്തന്നെ കയറി മൈക്രോവേവ് ടവറിനടുത്തുള്ള ഷാപ്പിനരികിലൂടെയുള്ള റോഡില്‍ വന്ന് നിര്‍ദ്ദിഷ്ട സ്ഥലത്തെത്തിയപ്പോള്‍ ഒരുപാട് വൈകി.
അപ്പോഴേക്കും ട്രെയിന്‍ പിടിക്കാനുള്ള തിരക്കില്‍ വിനീത് ശ്രീനിവാസന്‍ പോയിക്കഴിഞ്ഞിരുന്നു.

അക്ഷയപാത്രം
മൂന്നു പ്രശസ്ത നടന്മാര്‍ പൊള്ളാച്ചിയില്‍ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കേരളത്തിലേക്ക് വരികയാണ്. ഒരാള്‍ മലയാള സിനിമയിലെ ചിരിയുടെ ഉസ്താദ്. മറ്റൊരാള്‍ നാടന്‍കലകളുടെയും നാടന്‍പാട്ടിന്റെയുമൊക്കെ ആശാന്‍. മൂന്നാമന്‍ നര്‍മത്തിന്റെ മര്‍മം കണ്ട ജഗജില്ലി.
യാത്ര ഫുള്‍ ജോളി.
ദൂരം പിന്നിടുന്നതറിയുന്നതേയില്ല. അത്ര രസികന്‍ കമ്പനിയാണ് മൂന്നു പേരും.
നേരം രാത്രി പത്തു പതിനൊന്നായി കാണും.
ഒരു 'ചെറുതടിച്ചാലോ' എന്ന് ആര്‍ക്കോ ഒരു ഐഡിയ. മറ്റു രണ്ടുപേരും ആവേശത്തോടെ പിന്താങ്ങി. പക്ഷേ, ഒരു കുഴപ്പം. ബാറെല്ലാം അടച്ചുകാണും. മാത്രമല്ല ഒരു ഗ്രാമപ്രദേശത്തുകൂടിയാണ് വണ്ടി പോകുന്നതും.
അന്നേരം ഒരാള്‍ ബ്രീഫ്‌കെയ്‌സ് തുറന്ന് ഒരു ഫുള്‍ ബോട്ടില്‍ പുറത്തെടുത്തു. നല്ല സൊയമ്പന്‍ വിസ്‌കി. അതുകൂടി കണ്ടതോടെ കൂട്ടുകാരുടെ ആവേശം നുരഞ്ഞുപൊന്തി. പക്ഷേ, എവിടെയിരുന്ന് അടിക്കും? എങ്ങനെ അടിക്കും? സോഡയും ഗ്ലാസുമൊക്കെ വേണ്ടേ? തൊട്ടുനക്കാനെന്തെങ്കിലും കിട്ടിയില്ലെങ്കില്‍ സംഗതി ഇറങ്ങത്തുമില്ല.
രാത്രി വൈകിയതിനാല്‍ ഒരു കടപോലും തുറന്നിട്ടില്ല.
പെട്ടെന്നതാ, ഒരു നാടന്‍ ചായക്കടയില്‍ വെളിച്ചം. സഡന്‍ ബ്രേക്കില്‍ വണ്ടി നിന്നു. മൂവരും ചാടിയിറങ്ങി. കടക്കാരന്‍ കടയടച്ച് പോകാനൊരുങ്ങുകയാണ്.
മൂന്നു നടികര്‍ തിലകങ്ങളെ ഒന്നിച്ചു കണ്ടപ്പോള്‍ കടക്കാരന് അമ്പരപ്പ്, ബഹുമാനം.
'ഞങ്ങള്‍ക്കോരോ സ്‌മോള്‍ കഴിക്കാന്‍ സൗകര്യം ചെയ്തു തരണം. ഒരു അര മണിക്കൂറേ വേണ്ടൂ. കാശെന്താന്നുവെച്ചാല്‍ തരാം', താരങ്ങള്‍ നയം വ്യക്തമാക്കി.
പക്ഷേ, കടക്കാരന് ഉടനെ വീട്ടിലെത്തേണ്ട അത്യാവശ്യമുണ്ട്. അര മണിക്കൂര്‍ പോയിട്ട് അഞ്ചു മിനുട്ടുപോലും വൈകാന്‍ പറ്റില്ല. താരങ്ങളെ നിരാശരാക്കാനും പറ്റില്ല. ഒടുവില്‍, മഹാമനസ്‌കനായ അയാള്‍ തന്റെ സഹായിയായ പയ്യനെ അവിടെ നിര്‍ത്താമെന്ന് സമ്മതിച്ചു. ഓംലെറ്റും ദോശയുമൊക്കെ ഉണ്ടാക്കിക്കൊടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് പുറത്തേക്കിറങ്ങുമ്പോള്‍ രഹസ്യമായി ഒരു കാര്യം പയ്യനോട് പറഞ്ഞു: 'കുപ്പി കാലിയായാല്‍ ഉടന്‍ കട അടച്ചോളണം. കൂടുതല്‍ കഥ പറഞ്ഞിരിക്കാനൊന്നും സമ്മതിക്കരുത്.'
പയ്യന്‍ തലകുലുക്കി സമ്മതിച്ചു. താരങ്ങള്‍ പാനോത്സവം ആരംഭിച്ചു.
പിറ്റേന്നു രാവിലെ കടയുടമ വന്നപ്പോള്‍ കട തുറന്നിരിപ്പുണ്ട്. മേശമേല്‍, അഴിച്ചിട്ട തുണിപോലെ മൂന്നുപേരും തല കുമ്പിട്ടു കിടക്കുന്നു. മേശപ്പുറത്ത് മുക്കാലും തീര്‍ന്ന ഒരു കുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും. സഹായിയായ ചെറുക്കന്‍ ഒരു മൂലയില്‍ ഉറക്കം തൂങ്ങിയിരിക്കുന്നു.
കടയുടമ ചെറുക്കന്റെ ചെവിക്കു പിടിച്ചൊരു തിരുമ്മു തിരുമ്മി. 'എടാ, നിന്നോടു ഞാന്‍ പറഞ്ഞതല്ലേ പെട്ടെന്ന് കട അടയ്ക്കണമെന്ന്.'
'മുതലാളി പറഞ്ഞത് കുപ്പി കാലിയായാല്‍ കട അടയ്ക്കണമെന്നല്ലേ... ദേ, കുപ്പി തീര്‍ന്നില്ല', ചെറുക്കന്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.
'നേരം വെളുത്തിട്ടും കുപ്പി തീര്‍ന്നില്ലെന്നോ? അരക്കുപ്പി അടിച്ചപ്പോഴേക്കും സാറമ്മാര് പിമ്പിരിയായല്ലോ..', കടയുടമ അത്ഭുതപ്പെട്ടു.
ചെറുക്കന്‍ ബഞ്ചിന്റെ ചോട്ടിലേക്കു ചൂണ്ടിക്കാണിച്ചു. അവിടെ ഒഴിഞ്ഞ രണ്ടു ഫുള്‍ ബോട്ടിലുകള്‍ കിടക്കുന്നു. തന്റെ ഭാഗം ന്യായീകരിക്കാനായി പയ്യന്‍സ് മെല്ലെ പറഞ്ഞു:
'ഇതു കൂടി തീര്‍ന്നിട്ട് അടയ്ക്കാമെന്ന് സാറമ്മാര് പറഞ്ഞു...'

(ജോക്‌സ് ഓണ്‍ കണ്‍ട്രി എന്ന പുസ്തകത്തില്‍ നിന്ന്)

No comments: