Wednesday, May 15, 2013

കാമനം ഈ കപ്പായം

Kappayam, Keralaഎന്റെ അനുഭവങ്ങളുടെ ശേഖരത്തില്‍ ഇത്തിരികൂടിയാവട്ടെ എന്ന ലക്ഷ്യത്തോടെ, ഇവിടെ, ഈ കാട്ടില്‍ എത്തിയതാണ് ഞാന്‍. ഇവിടെ എന്നു പറഞ്ഞാല്‍ കപ്പായത്ത്. നമ്മുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടില്ലാത്ത പ്രദേശമാണ്. എന്നാല്‍ എന്നെ പോലെ അപൂര്‍വ്വം സഞ്ചാരപ്രിയര്‍ ഇവിടെ എത്തിയിട്ടുണ്ടെന്നുള്ളതും സത്യമാണ്.

തൃശ്ശൂര്‍ ജില്ലയുടെ കിഴക്ക്ഭാഗത്ത് തമിഴ്‌നാട് അതിര്‍ത്തിയില്‍, മലയാറ്റൂര്‍ ഫോറസറ്റ്ഡിവിഷനു കിഴിലുളള ഇടമലയാര്‍ റെയ്ഞ്ചിലെ എണ്ണയ്ക്കല്‍ വനമേഖലയിലാണ് കപ്പായം.

ചാലക്കുടി കെ.എസ്.ആര്‍.ടി.സി ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും ഉച്ചയ്ക്ക് 2.30ന് തമിഴ്‌നാടിന്റെ ചാലക്കുടി-വാല്‍പ്പാറ-പൊള്ളാച്ചി ബസ്സില്‍ കയറി. അതിരപ്പിളളി-വാഴച്ചാല്‍ വനത്തിലൂടെ 88 കി.മി സഞ്ചരിച്ച് തമിഴ്‌നാട് അതിര്‍ത്തിക്ക് 4 കി.മി ഇപ്പുറത്ത് മലക്കപ്പാറയില്‍ എത്തിയപ്പോള്‍ സമയം വൈകീട്ട് 5.30. കപ്പായത്തെത്തുവാന്‍ മലക്കപ്പാറയിലാണ് ബസ്സിറങ്ങുക. മലക്കപ്പാറ 'സിറ്റി' മഹശേൗേറല 2500 ള.േ ആണ്. ഈ സമയം മഞ്ഞിറങ്ങാന്‍ തുടങ്ങിയിരുന്നു. ഏപ്രില്‍ ആദ്യവാരത്തിലെ കടുത്ത ചൂടില്‍ നിന്നും അല്പം ആശ്വാസം.
ഫോട്ടോഗ്രാഫര്‍ ജോബി ആലാ. അനീഷ്, സിമല്‍, സിനേഷ്, മധു, രാജേഷ്, രംഗരാജ് തുടങ്ങി ഞാനുള്‍പ്പടെ എട്ടുപേരാണ് ഈ യാത്രയില്‍.

മലക്കപ്പാറയില്‍ നിന്നും 4 കി.മി മലയിറക്കമാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ആദ്യം. പിന്നെ വനഭംഗി നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ താഴെ കപ്പായത്തേക്ക്. ഇതുവഴി നടന്നിറങ്ങുമ്പോള്‍ കൂട്ടത്തിലാരോ പറഞ്ഞു. പലപ്പോഴും ഈ വഴികളില്‍ ആനയിറങ്ങാറുണ്ടെന്ന്. ജോബി അതാദ്യം വിശ്വസിച്ചില്ല. എന്നാല്‍ ഞങ്ങള്‍ മടങ്ങി വരുംവഴി ആനകള്‍ വിളയാടിയ അടയാളങ്ങള്‍ കണ്ടപ്പോഴാണ് അദ്ദേഹത്തിന് വിശ്വാസമായത്.

Kappayam, Keralaതാഴെ മരങ്ങള്‍ക്കിടയിലൂടെ കപ്പായം പുഴയുടെ വിദൂര ദൃശ്യം. പുഴയുടെ കാഴ്ച്ച മനോഹരമാണ്. നേരം ഇരുട്ടുന്നു. പകല്‍ അതിന്റെ മടക്കയാത്രയില്‍. ഒറ്റയടിപ്പാതയിലൂടെയുള്ള യാത്ര ദുര്‍ഘടമായി തുടങ്ങി. കുണ്ടും കുഴിയും ഉരുളന്‍കല്ലുകളും ചവിട്ടിയിറങ്ങുകയാണ് ഞങ്ങള്‍. മൊബൈല്‍ ഫോണിന്റെയും പെന്‍ടോര്‍ച്ചിന്റെയും സഹയത്തോടെയായി പിന്നെയുള്ള യാത്ര. കുറച്ച് ദൂരം ചെന്നപ്പോള്‍ ഒരു കുടില്‍ കണ്ടു. കപ്പായനിവാസികളുടെ കുടികളുടെ തുടക്കം ഇവിടെയാണ്. ഇനി യാത്ര കൃഷിയടങ്ങള്‍ക്കിടയിലൂടെയാണ്. ഇടയ്ക്കിടയ്ക്ക് ഇറക്കത്തിന്റെ അവസ്ഥമാറും. ചിലത് നേരിയതാണെങ്കില്‍ ചിലത് കുത്തനെയുള്ളതാവും കാലിലെ മസിലുകള്‍ക്ക് പിടുത്തമായി കഴിഞ്ഞിരുന്നു. ഞെരമ്പുകള്‍ വലിയുന്നു. ഏതായാലും ഏഴരമണിയയപ്പോള്‍ നടപ്പിന് വിരാമമായി. സിമലിന്റെ കുടിയെത്തി. ഇവിടെയെത്തിയപ്പോള്‍ നടപ്പ് തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് മണിക്കൂറിലേറെയായിരുന്നു.

ഇവിടെ ഈ മലഞ്ചെരുവിലെ വളക്കൂറുള്ള മണ്ണ് തേടിയാണ് ഒരു കൂട്ടമാളുകള്‍ കാലങ്ങള്‍ക്ക് മുന്‍പ് ഇവിടെയെത്തിയത്. ഇന്ന് ഏതാണ്ട് നാല്‍പ്പത്തിയഞ്ചോളം കുടികളുണ്ട്. റബ്ബര്‍, കുരുമുളക്, അടയ്ക്കാ, കെക്കോ, മരച്ചീനി തുടങ്ങിയവ ഇവിടെ തഴച്ചുവളരുന്നു. മലഞ്ചരക്കുകള്‍ പുറത്തെ വ്യാപാര കേന്ദ്രങ്ങളിലെത്തിക്കുവാനാണ് ഇവര്‍ക്ക്് ബുദ്ധിമുട്ട്. മലക്കപ്പാറവരെ ചുമടുമായി കയറ്റം കയറി ചാലക്കുടിയിലോ തമിഴനാട്ടിലെ വാല്‍പ്പാറയിലോ എത്തിക്കണം. അല്ലെങ്കില്‍ താഴെ കപ്പായം പുഴയിലെത്തി ഇല്ലിമുള കൊണ്ടുണ്ടാക്കിയ പോണ്ടി (ചങ്ങാടം) 30 കി.മി തുഴഞ്ഞ് ഇടമലയാറിലെത്തിക്കണം. നമ്മള്‍ നഗരജീവിതത്തിന്റെ സൗകര്യമനുഭവിക്കുന്നവര്‍ക്ക് ഇത് ആലോചിക്കുമ്പോള്‍ ആശങ്കയോ നേരിയ ഭയപ്പാടോ ഒക്കെയാണ്.

Kappayam, Keralaപിറ്റേന്ന് കാലത്ത് ഈറ്റക്കാടിനുള്ളിലൂടെയായിരുന്നു യാത്ര. കാനനയാത്രയുടെ മാധുര്യം നുകര്‍ന്ന് ആനക്കഥകളും മറ്റുമായി നടക്കുമ്പോള്‍ നടപ്പാതയില്‍ അവിടവിടെയായി ആനപിണ്ടം കിടക്കുന്നത് കണ്ടത് ഒരു ത്രില്ലായിരുന്നു. കാടിനെ അറിയുന്ന പരിചയസമ്പന്നര്‍ കൂടെയുണ്ടെന്നുള്ളത് ആശ്വാസമായിരുന്നു. വഴിയില്‍ ഒരു ഘട്ടമെത്തിയപ്പോള്‍ മുന്‍പൊരിക്കല്‍ ഇവിടെ ഒരു പെരുമ്പാമ്പിനെ കണ്ടതായി അവര്‍ പറഞ്ഞു. പിന്നെയൊരുനാള്‍ പുഴയില്‍ നിന്ന് മീന്‍ പിടിച്ച് രാത്രി മടങ്ങും വഴി ആനയുടെ മുന്നില്‍പ്പെട്ടുപോയ സംഭവം. കൂരിരിട്ടായിരുന്നു. ടോര്‍ച്ചടിച്ചപ്പോള്‍ മുന്നില്‍ ആന. ഏറ്റവും മുന്നില്‍ നടന്ന ആള്‍ ആനയുടെ തുമ്പിക്കൈയുടെ തൊട്ടടുത്ത്. ചാടിക്കോടയെന്ന് പറഞ്ഞ് എല്ലാവരും പല വഴിക്ക് ചാടിയോടി. പക്ഷേ മുന്നില്‍ നടന്നയാള്‍ ആനയുടെ മുന്നില്‍ വീണു പോയി. എങ്കിലും ഉരുണ്ടു മാറി, പടര്‍ന്നു പന്തലിച്ചു കിടന്ന ഇല്ലിമുളകള്‍ക്ക് മറവിലൊളിച്ചു. വളരെ നേരത്തിനുശേഷം ആന പോയി എന്ന് ബോധ്യപ്പെട്ടതിനു ശേഷമാണത്രേ ശബ്ദമെടുക്കാനായതും പരസ്​പരം വിളിച്ചതും ഒന്നിച്ചു കൂടിയതും.

Kappayam, Keralaപക്ഷേ ഇനിയുമൊരു കഥ സിമലിന് പറയനുണ്ടായിരുന്നു. സത്യത്തില്‍ അതാണെന്നെ ഏറെ ഞെട്ടിച്ചത്. ഒരിക്കല്‍ സിമലും പിതാവും കൂടി ചങ്ങാടത്തില്‍ കുരുമുളകുമായി ഇടമലയാറിന് ഇടമലയാറിന് പോകുകയായിരുന്നു. 30 കി.മി താണ്ടി ഡാമിലെത്തിയപ്പോള്‍ ഉച്ചനേരം. ആ സമയത്തെ വീശിയടിക്കുന്ന കാറ്റിനെ അതിജീവിച്ചു കൊണ്ട് ഡാമിന്റെ നടുഭാഗത്തു കൂടി അവര്‍ തുഴഞ്ഞു. പെട്ടന്ന് അച്ഛന്റെ കയ്യില്‍ നിന്നും തുഴ വെള്ളത്തില്‍ പോയി. സിമല്‍ തുഴയെടുക്കാനായി വെളളത്തില്‍ ചാടി. കാറ്റിന്റെ ശക്തിയില്‍ ഓളങ്ങളില്‍പെട്ട് തുഴ അകന്നു. ഒരുവിധം നീന്തി ചെന്ന് തുഴ കൈക്കലാക്കി സിമല്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ അച്ഛനും ചങ്ങാടവും ഏറെ അകലെ. ഇങ്ങോട്ട് വരേണ്ട കരയിലേക്ക് നീന്തിക്കോളാന്‍ അച്്ഛന്‍ പറഞ്ഞു. ഒടുവില്‍ ഏറെ നേരം നീന്തി സിമല്‍ കരയിലെത്തി. തുഴയില്ലാതെ അച്ഛന്‍ എങ്ങനെയോ കരപറ്റി. സിമലിന്റെ കഥ ഉള്‍ക്കിടിലത്തോടെയാണ് ഞാന്‍ കേട്ടിരുന്നത്.

ഞങ്ങള്‍ പുഴക്കരയിലെത്തി. മുന്‍പൊരുതവണ ഇവിടെ വന്നപ്പോള്‍ കണ്ട പുഴയേ അല്ല ഇപ്പോള്‍. അന്ന് മഴക്കാലം കഴിഞഅഞ് തെളിവിനായിരുന്നു എത്തിയത. ഇന്നീ 'പുഴയിലൂടെ' നടന്നപ്പോള്‍ 'കുത്തിപ്പായാന്‍ മോഹിക്കും പുഴ വറ്റി വരണ്ടു കിടപ്പതു കാണാം' എന്ന കവി മുരുകന്‍ കാട്ടാക്കടയുടെ വരികളാണ് ഓര്‍മ്മവന്നത്. പക്ഷേ ഇവിടെ പുഴയ്ക്ക് സംഭവിച്ചത്് പ്രകൃത്യാലാണ്. വേനലിന്റെ പാരമ്യത കൊണ്ടാണ്. വേനലിന്റെ അറുതിയില്‍ മഴക്കാലമെത്തുമ്പോള്‍ പുഴ അതിന്റെ ജീര്‍ണാവസ്ഥയില്‍ നിന്നും സമൃദ്ധിയിലേക്കെത്തും. മറ്റ് 'സാങ്കേതിക തകരാറുകള്‍' പുഴയക്ക് സംഭവിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോഴുളള ഹ്രസ്വശോഷണം, കാലാവസ്ഥാനുസൃതമായതിനാല്‍ വ്യാകുലപ്പെടേണ്ടതില്ലെന്ന് മനസ്സിനെ ശാന്തമാക്കി. ഈ അവസ്ഥയിലും പുഴ സുന്ദരിയാണ്. അതംഗീകരിച്ച് ആസ്വദിച്ച് മുന്നോട്ട് നടന്നു.

Kappayam, Keralaകുറച്ചധികം ചെന്നപ്പോള്‍ പുഴയുടെ രൂപം മാറി. ഒരു ഭാഗത്തുകൂടി വെള്ളം ഒഴുകുകയും മറ്റ് പലയിടത്ത് വെള്ളക്കെട്ടുകളും. ഇനി കുറച്ച് നേരം ചങ്ങാടത്തിലായിരുന്നു യാത്ര. പുഴയുടെ കരകളില്‍ സര്‍ക്കാര്‍ കാര്‍ഡുള്ള ഈറ്റവെട്ടുകാര്‍ താമസിക്കുന്നുണ്ട്. ചങ്ങാടത്തിലൂടെ സഞ്ചരിച്ച് അവരുടെ ഷെല്‍ട്ടറുകള്‍ പലതും കണ്ടു. ചിലയിടത്ത് ഞങ്ങള്‍ ഇറങ്ങി. ആനയും മറ്റ് മൃഗങ്ങളും കയറാത്ത പാറയിടുക്കിലും മറ്റുമാണ് ഇവര്‍ ഷെഡ്ഡുകളും മാടങ്ങളും ഉണ്ടാക്കുക. ഇവരുടെ ഭക്ഷണത്തില്‍ എന്നും പുഴമീനിന്റെ സാന്നിധ്യമുണ്ടാകും. യഥേഷ്ടം മീനുകള്‍ പാറപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന കാഴ്ച്ച. ചേരില്‍ വെച്ച് ഉണക്കിയ മീനിന് ഭയങ്കര രുചിയാണത്ര!

ചങ്ങാടയാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നമ്മള്‍ വെള്ളത്തോട് ചേര്‍ന്നാണ് ഇരിക്കുന്നത്. അല്ല, വെള്ളത്തിലാണ് ഇരിക്കുന്നതെന്ന് പറയാം. നാലോ അഞ്ചോ മുളകള്‍ ചേര്‍ത്തുണ്ടാക്കിയ ചെറിയ പോണ്ടിയും പത്ത് പതിനഞ്ച് മുളകള്‍ ചേര്‍ത്തുണ്ടാക്കിയ വലിയ ജങ്കാറും ആള്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്.

Kappayam, Keralaവൈകുന്നേരം വെയില്‍ മങ്ങിയപ്പോള്‍, പുഴയുടെ ഇരുകരകളില്‍ നിന്നും ഈറ്റ ഒടിയുന്ന ശബ്ദം കേട്ടു. ഈറ്റക്കാടിനുളളില്‍ ആനകള്‍ ഉണ്ടെന്ന് മനസ്സിലായി. വരണ്ടുണങ്ങിയ ഒരു തോട്ടിലൂടെ പാറക്കല്ലുകള്‍ കയറിയും ഇറങ്ങിയും ഞങ്ങള്‍ ശബ്ദം കേട്ട ദിക്ക് ലക്ഷ്യമാക്കി നടന്നു, ഏത് സമയത്തും ഒരുത്തനെയെങ്കിലും മുന്നില്‍ കാണുമല്ലോ എന്നോര്‍ത്ത്. ഉള്ളില്‍ ഭയമുണ്ടെങ്കിലും ഭയത്തിനപ്പുറം ഒരു ത്രില്‍, ഒരു ഉന്മാദം. കുറച്ച് ചെന്നപ്പോള്‍ ആ ദൃശ്യം ഞങ്ങള്‍ കണ്ടു. പത്ത് മുപ്പത് ആനകള്‍ ഈറ്റകള്‍ക്കുള്ളില്‍ അവിടവിടെയായി. ഞങ്ങള്‍ കുറച്ചുകൂടി അടുത്തെത്തി. മനുഷ്യന്റെ മണം കിട്ടിയിട്ടാവം...പെട്ടന്ന് കൂട്ടത്തിലൊരാന ഈറ്റ ഒടി നിര്‍ത്തി. അവന്‍ തല തിരിച്ച് ശ്രദ്ധയോടെ ഈറ്റയിലകള്‍ക്കുള്ളിലൂടെ നോക്കുന്നു. അവന്റെ ചെവിയാട്ടലും. ഇത്തിരിപ്പോന്ന കണ്ണുകളും എന്തൊക്കയോ സൂചനകള്‍ നല്‍കുന്നു. അവന്റെ നോട്ടം എന്നെ ഭയപ്പെടുത്തിയില്ല. മറിച്ച് പുതിയൊരു അനുഭവത്തിന്റെ ലഹരിയിലായിരുന്നു ഞാന്‍. ആ കാഴ്ച്ച, ഓര്‍മ്മയുടെ ഭാണ്ഡത്തില്‍ ഒതുക്കിവെച്ച് ഞങ്ങള്‍ പുഴക്കരയിലേക്ക് നടന്നു.

Kappayam, Keralaനേരം മയങ്ങുകയാണ്. ആനകള്‍ ഒറ്റയായും കൂട്ടമായും പുഴയുടെ ഇരുകരകളെയും സമൃദ്ധമാക്കുന്നു. ഇനി വെളുക്കുവോളം അവയുടെ സമയമാണ്. വെള്ളം കുടിച്ചും മണ്ണുവാരിയെറിഞ്ഞും പുഴയിറമ്പിലെ ചെളി ചവുട്ടിമറിച്ചും അവര്‍ അവരുടെ ലോകം ആസ്വദിക്കുന്നു. ഇനി ഞങ്ങള്‍ക്കവിടെ സ്ഥാനമില്ല. കുടി ലക്ഷ്യമാക്കി ഇരുട്ടിലൂടെ നടന്നു.

ഈ കാനനം വിടുമ്പോള്‍ മനസ്സ് നിറയെ പച്ചമരങ്ങള്‍ നില്‍ക്കുന്ന മലഞ്ചെരുവുകളും നെറുക ഉയര്‍ത്തി നില്‍ക്കുന്ന കുന്നുകളും കാനനചോലകളും ശാന്തമായ പുഴയുമായിരുന്നു.

Travel tips:
കപ്പായത്ത് ചുറ്റുവാന്‍ നാട്ടുകാരുടെ സേവനം കൂടിയേ തീരു. സംരക്ഷിതവനമേഖലയായതിനാല്‍, വനത്തില്‍ പ്രവേശിക്കാന്‍ വനപാലകരുടെ അനുമതി ആവശ്യമാണ്.

Location: Kappayam is located in Thrissur District. Near Malakkappara.
How to Reach: Can be reached from Chalakkudi-Valppara-Pollachi road.
By air: Nearest Airport is Kochi.
By rail: Nearest railwaystation is Chalakkudi (88km)
By road: From Chalakkudi to Malakkappara (88km)
Via Athirappilly-Vazhachal


 Text: സേതു രാഘവന്‍, ക്യാമറ: ജോബി ആല

No comments: