തന്റേടം
എ.കെ.എച്ച്.എ. എന്ന ഭര്‍ത്താക്കന്മാരുടെ സംഘടനയുടെ ഒരു മീറ്റിങ്ങില്‍ അധ്യക്ഷന്‍ ഇപ്രകാരം പറഞ്ഞു: 'ഭാര്യയുടെ ചൊല്പടിയില്‍നിന്നും ഇനിയെങ്കിലും നമ്മള്‍ ഭര്‍ത്താക്കന്മാര്‍ മോചനം നേടണം. ആട്ടെ, ഭാര്യ പറയുന്നത് അതേപടി അനുസരിക്കുന്നവര്‍ സത്യസന്ധമായി ഹാളിന്റെ വലതു വശത്തേക്കു മാറിനില്ക്കുക.'
അതോടെ ഒരാളൊഴിച്ച് മറ്റെല്ലാവരും വേഗത്തില്‍ ഹാളിന്റെ വലതു വശത്തേക്കു തിക്കിത്തിരക്കി മാറിനിന്നു.
മാറാതെ നിന്ന ആ ഒരാളോട് അധ്യക്ഷന്‍ സന്തോഷത്തോടെ
പറഞ്ഞു: 'താങ്കളുടെ ഈ ഉറച്ച മനസ്ഥിതിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഭാര്യയെ ധിക്കരിക്കുക എന്ന ഈ തന്റേടം താങ്കള്‍ക്ക് ലഭിച്ചതെങ്ങനെയാണ്?'
അയാള്‍: 'തന്റേടമൊന്നുമല്ല സാര്‍, തിക്കും തിരക്കുമുള്ള സമയത്ത് ഒന്നും ചെയ്യാതെ, നില്ക്കുന്നേടത്തുതന്നെ നിന്നോളണമെന്ന് എന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാ...'
മാതൃകാദമ്പതികള്‍
ടെലിവിഷന്‍ ചാനലിലെ മാതൃകാദമ്പതികള്‍ എന്ന പരിപാടിയുടെ സമ്മാനവിതരണദിവസം, തിരഞ്ഞെടുക്കപ്പെട്ട ഭാര്യാഭര്‍ത്താക്കന്മാരില്‍ ഭാര്യമാത്രം സമ്മാനം വാങ്ങാന്‍ എത്തിച്ചേര്‍ന്നതുകണ്ട് പരിപാടിയുടെ പ്രൊഡ്യൂസര്‍: എവിടെപ്പോയി നിങ്ങടെ ആ മാതൃകാ ഭര്‍ത്താവ്?
സ്ത്രീ: ഓ, ഞങ്ങളങ്ങ് ഡൈവോഴ്‌സ് ചെയ്തു. സമ്മാനം വാങ്ങാന്‍ അതിയാന്‍ എത്തിയിട്ടുണ്ടോ എന്ന് അറിയത്തില്ല.
ശകാരം
ഭാര്യയും ഭര്‍ത്താവും ടൗണിലൂടെ നടക്കുന്നതിനിടയില്‍ ഭാര്യ അയാളെ ശകാരിക്കുകയാണ്: 'എന്തൊരു വിഡ്ഢിയാണ് നിങ്ങള്‍. നിങ്ങളെപ്പോലുള്ള ഒരു മന്ദബുദ്ധിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. മരത്തലയന്‍!' ഭാര്യ പറയുന്നത് എതിരെ വരുന്ന രണ്ടുപേര്‍ കേട്ടെന്ന് ഭര്‍ത്താവിന് സംശയം തോന്നി. ഉടനെ അവര്‍ കേള്‍ക്കാനായി അയാള്‍ തന്റെ ഭാര്യയോടു പറഞ്ഞു: 'അതു കേട്ടപ്പോള്‍ അവന്‍ നിന്നോടെന്ത് മറുപടി പറഞ്ഞു?'
പ്രസംഗം
ഒരാള്‍ സാമൂഹ്യപരിഷ്‌കരണത്തെക്കുറിച്ച് എത്രയോ നേരമായി പ്രസംഗിക്കുകയാണ്. കേള്‍വിക്കാര്‍ ഓരോരുത്തരായി എഴുന്നേറ്റുപോയ്ത്തുടങ്ങി. ഒടുവില്‍ ഒരു സ്ത്രീയും മൈക്കുസെറ്റുകാരനും മാത്രം ബാക്കിയായി. മൈക്കുസെറ്റുകാരനും ആ അറുബോറന്‍ പ്രസംഗം കേട്ട് ഉറക്കം വന്നുതുടങ്ങി. 'ഇയാളുടെ വാ അടപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ?' അവിടെ ശേഷിച്ച സ്ത്രീയോട് അയാള്‍ ചോദിച്ചു.
'കഴിഞ്ഞ ഇരുപതു വര്‍ഷമായി ഞാനും അതിനൊരു വഴിയന്വേഷിക്കുകയാണ്.' അവര്‍ പറഞ്ഞു 'ഞാനിയാടെ കെട്ടിയവളാണ്.'
കൂടുതലിഷ്ടം
കാമുകീകാമുകന്‍മാരായിരുന്ന നന്ദനും ചിഞ്ചുവും വിവാഹം കഴിച്ചു. കുറച്ചുദിവസങ്ങള്‍ക്കുശേഷം ചിഞ്ചു നന്ദനോട്: 'വിവാഹം കഴിഞ്ഞാല്‍ ചേട്ടന് എന്നോടുള്ള ഇഷ്ടം കുറയുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു.'
നന്ദന്‍: 'ഏയ് അതില്‍ ഭയക്കേണ്ട കാര്യമില്ല. വിവാഹം കഴിഞ്ഞ സ്ത്രീകളെയാണ് പണ്ടേ എനിക്കു കൂടുതലിഷ്ടം.'
മാനസികരോഗം
സൈക്യാട്രിസ്റ്റിനോട് ഒരു യുവതി: 'സര്‍, എന്റെ ഹസ്ബന്റിന് കാര്യമായി എന്തോ പ്രോബ്ലമുണ്ട്. മാനസികരോഗമാണെന്ന് ഞാന്‍ സംശയിക്കുന്നു. ഞാന്‍ മണിക്കൂറുകളോളം അദ്ദേഹത്തോടു വര്‍ത്തമാനം പറഞ്ഞാലും അതൊന്നും കേട്ടഭാവം അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ഉണ്ടാകുന്നില്ല.'
സൈക്യാട്രിസ്റ്റ്: 'ഇത് മാനസികരോഗമല്ലല്ലോ, മാനസികശക്തിയല്ലേ... ഐ മീന്‍ സഹനശക്തി...'
താത്പര്യം
ചോദ്യം: ഭര്‍ത്താവിന്റെ സംസാരത്തില്‍ ഭാര്യ കൂടുതല്‍ താത്പര്യം കാണിക്കുന്ന നേരമേത്?
ഉത്തരം: അയാള്‍ അന്യസ്ത്രീകളുമായി സംസാരിക്കുമ്പോള്‍.
ടീച്ചര്‍
രമേശന്‍: 'നീയെന്താ ടീച്ചറെ മാത്രമേ കല്യാണം കഴിക്കൂ എന്നു വാശിപിടിക്കുന്നത്?'
സതീശന്‍: 'അതോ, ഒരു നഴ്‌സിനെയാണ് ഞാന്‍ കെട്ടിയതെന്നു വെക്കുക.
ഞാനൊന്നു ചുംബിക്കാന്‍ ചെന്നാല്‍ അവള്‍ പറഞ്ഞേക്കും 'നിങ്ങള്‍ക്കിപ്പോള്‍ ക്ഷീണമുണ്ട് വിശ്രമിക്കൂ' എന്ന്. ഇനി ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ജോലിക്കാരിയാണെന്നിരിക്കട്ടെ, അവള്‍ പറയും 'നിങ്ങളിപ്പോള്‍ ക്യൂവിലാണ്, കാത്തിരിക്കൂ എന്ന്, ഒരു ബാങ്ക് മാനേജരെയാണെങ്കില്‍, അവള്‍ക്കതിനുവേണ്ടി നൂറ് അപേക്ഷകള്‍ കൊടുക്കേണ്ടിവരും. സര്‍ക്കാരില്‍ മറ്റുവല്ല ഉദ്യോഗവുമാണെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് കൈക്കൂലി കൊടുത്തു ഞാന്‍ മുടിയും. പക്ഷേ, ഒരു ടീച്ചറാണെങ്കിലോ... 'റിപ്പീറ്റ് ഇറ്റ്...' എന്നേ പറയൂ...
തമ്മില്‍ തമ്മില്‍
വേഗത്തില്‍ ഓടിപ്പോകുന്ന ഒരാളോട് മറ്റൊരാള്‍: 'എന്തിനാ ഓടുന്നത്?'
ഓടുന്നയാള്‍ (ഒരല്പം സ്പീഡുകുറച്ചുകൊണ്ട്): തല്ലുനടക്കുന്നതു തീര്‍ക്കാന്‍ ഓടുകയാണ്.'
'ആരൊക്കെത്തമ്മിലാ തല്ല്?' മറ്റെയാള്‍ വീണ്ടും ചോദിച്ചു.
'ഞാനും എന്റെ ഭാര്യയും തമ്മില്‍' ഓടുന്നയാള്‍ പറഞ്ഞു.
അന്ധവിശ്വാസം
ധാരാളം നിലകളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലെ ഫ്ലറ്റില്‍ ഒരു കോസ്‌മെറ്റിക്‌സ് വില്പനക്കാരന്‍ ചെന്നു.
ഫ്ലറ്റില്‍ സുന്ദരിയായ ഒരു സ്ത്രീ മാത്രമേയുള്ളൂ. അയാള്‍ കൊണ്ടുച്ചെന്ന സൗന്ദര്യവര്‍ധകവസ്തുക്കള്‍ നോക്കിക്കൊണ്ടിരിക്കവേ ഒരു പ്രത്യേകതരത്തില്‍ - നിറുത്തി നിറുത്തി മൂന്നു തവണ-ഡോര്‍ബെല്‍ ശബ്ദിച്ചു.
'അയ്യോ-എന്റെ ഹസ്ബന്റാണത്' പരിഭ്രമത്തോടെ സ്ത്രീ പറഞ്ഞു 'അദ്ദേഹം വലിയ സംശയക്കാരനാണ്. നിങ്ങളെ ഇവിടെ കണ്ടാല്‍ വലിയ കുഴപ്പമാകും, വേഗം ഈ ജനാലയിലൂടെ പുറത്തേക്കു ചാടിക്കൊള്ളൂ.'
'ഇത് പതിമൂന്നാമത്തെ നിലയല്ലേ? ഇവിടെനിന്ന് താഴോട്ട് ചാടാനോ!' അദ്ഭുതത്തോടെ കച്ചവടക്കാരന്‍ ചോദിച്ചു.
'പതിമൂന്ന് എന്നത് ഒരു ചീത്തനമ്പറോ നല്ലനമ്പറോ ആകട്ടെ' അവള്‍ പറഞ്ഞു: 'ഇപ്പോള്‍ അന്ധവിശ്വാസത്തിനൊന്നും നേരമില്ല.
ജീവന്‍ വേണമെങ്കില്‍ താഴോട്ടു ചാടിക്കൊള്ളൂ.'
സ്വര്‍ഗത്തിലെ സുഖം
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കണ്ടുമുട്ടിയ രമേശനോട് സതീശന്‍ അവന്റെ ഭാര്യയെക്കുറിച്ചന്വേഷിച്ചു.
രമേശന്‍: 'അവളിപ്പോള്‍ സ്വര്‍ഗത്തില്‍ സുഖമായി കഴിയുന്നു.' അപ്പോഴാണ് രമേശന്റെ ഭാര്യ മരിച്ചവിവരം സതീശന്‍ അറിയുന്നത്.
'ഞാന്‍ ദുഃഖിക്കുന്നു' സതീശന്‍ പറഞ്ഞു. ഉടനെത്തന്നെ അവനുതോന്നി, മരിച്ച ഭാര്യ സ്വര്‍ഗത്തില്‍ സുഖമായി കഴിയുന്നതിന് ദുഃഖിക്കുന്നു എന്നു പറഞ്ഞാല്‍ ശരിയാണോ എന്ന്. ഉടനെ അവന്‍ തിരുത്തി 'ഞാന്‍ സന്തോഷിക്കുന്നു' എന്നു പറഞ്ഞു. അതും ശരിയല്ലെന്നുകണ്ട് ഉടനെത്തന്നെ അവന്‍ 'ഞാന്‍ അദ്ഭുതപ്പെടുന്നു' എന്ന് എവിടേയും തൊടാതെ ഒരു കമന്റ് പാസ്സാക്കി.
യന്ത്രം
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കുന്ന ഒരു യന്ത്രം ഒരിക്കല്‍ നഗരത്തിലെത്തി. ഒരു കുട്ടി ടിക്കറ്റെടുത്ത് യന്ത്രത്തിനോടു ചോദിച്ചു:
'എന്റെ ഡാഡിയെവിടെയാണ്?'
യന്ത്രം പറഞ്ഞു: 'ഇപ്പോള്‍ ചെന്നൈയിലുണ്ട്.'
കുട്ടി പറഞ്ഞു: 'തെറ്റിപ്പോയി! എന്റെ ഡാഡി കഴിഞ്ഞ വര്‍ഷം മരിച്ചു പോയല്ലോ...' യന്ത്രം ഒന്നു സംശയിച്ചുകൊണ്ടു പറഞ്ഞു: 'നിന്റെ ചോദ്യം ഒന്നുകൂടെ ആവര്‍ത്തിക്കാമോ?'
കുട്ടി വിജയിയെപ്പോലെ പറഞ്ഞു: 'ഇതിലെന്തു വ്യക്തമാക്കാനാണ്. എന്റെ ഡാഡിയെവിടെയുണ്ടെന്നാ ഞാന്‍ ചോദിച്ചത്. ഐ മീന്‍, മൈ മദേഴ്‌സ് ഹസ്ബന്റ്... എന്റെ മമ്മിയുടെ ഭര്‍ത്താവ്...'
യന്ത്രം സമാധാനത്തോടെ പറഞ്ഞു: 'നിന്റെ മമ്മിയുടെ ഭര്‍ത്താവ് നീ പറഞ്ഞതുപോലെ കഴിഞ്ഞവര്‍ഷം തട്ടിപ്പോയി. പക്ഷേ, നിന്റെ ഡാഡി ഇപ്പോഴും ചെന്നൈയിലുണ്ട്.'
ഷേക്ക്ഹാന്റ്
സുഹൃത്ത് ലെസ്ലിയുടെ വിവാഹത്തില്‍ പങ്കുകൊള്ളാനായി സുന്ദരേശന്‍ പള്ളിയില്‍ വന്നു. പുരോഹിതന്‍ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്‍പായി പെണ്ണിന്റെയും ചെറുക്കന്റെയും കൈകള്‍ ചേര്‍ത്തുപിടിച്ചു. അതു കണ്ട് സുന്ദരേശന്‍ അടുത്തുകണ്ട ഒരാളോടു ചോദിച്ചു: 'ഇതെന്തിനാ പെണ്ണും ചെറുക്കനും ഷേക്ക്ഹാന്റ് കൊടുക്കുന്നത്?'
അയാള്‍: 'നിങ്ങള്‍ ഗുസ്തിയും ബോക്‌സിങ്ങുമൊന്നും കാണാന്‍ പോയിട്ടില്ലേ? അതെല്ലാം തുടങ്ങുന്നതിനുമുന്‍പ് അവര്‍ പരസ്പരം ഇങ്ങനെ കൈ കൊടുക്കാറുണ്ട്.'
നാടകം
തലസ്ഥാനത്തു നടന്ന ഒരു ചതുര്‍ദിന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ജോര്‍ജിനും മറ്റൊരു സ്ത്രീക്കും താമസിക്കാന്‍ കിട്ടിയത് ഒരേ മുറിയാണ്. സംഘാടകരുടെ ശ്രദ്ധയില്ലായ്മയാണ് കാരണം. പക്ഷേ, പരാതിയില്ലാതെ ജോര്‍ജും ആ സ്ത്രീയും ആ മുറി പങ്കുവെച്ചു. അവിടത്തെ രണ്ടു ഷെല്‍ഫുകളിലൊന്ന് ജോര്‍ജും മറ്റേത് സ്ത്രീയുമെടുത്തു; അതേപോലെത്തന്നെ രണ്ടു കട്ടിലുകളും.
ആദ്യ പകലും രാത്രിയും അവര്‍ മാന്യമായിത്തന്നെ കഴിച്ചുകൂട്ടി. എന്നാല്‍ രണ്ടാമത്തെ രാത്രി കഠിനമായ തണുപ്പുണ്ടായിരുന്നു. രണ്ടുപേര്‍ക്കും ഉറക്കം വന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീ അപ്പുറത്തെ കട്ടിലില്‍നിന്ന് വിളിച്ചു പറഞ്ഞു: 'ജോര്‍ജ് വല്ലാതെ തണുക്കുന്നു. ഇത്തിരി ചൂട് കിട്ടിയാല്‍ നന്നായിരുന്നു... താങ്കള്‍ ഷെല്‍ഫില്‍നിന്ന് ഒരു കമ്പിളിപ്പുതപ്പെടുത്തുതരുമോ?'
ജോര്‍ജിന് ആ സ്ത്രീയുടെ മനസ്സിലിരിപ്പ് പിടിക്കിട്ടി. ഒന്നുചിന്തിച്ച ശേഷം അയാള്‍ പറഞ്ഞു: 'നോക്കൂ, ഏതായാലും നാം രണ്ടുപേരും ഈ മുറിയില്‍ കഴിയുകയാണ്... നമുക്ക് ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചാലെന്താ?'
ആ സ്ത്രീയുടെ വായില്‍നിന്നും ഒരു ആഹ്ലാദസ്വരം പുറപ്പെട്ടു.
'എനിക്കു സമ്മതം.' സ്ത്രീ പറഞ്ഞു, 'താങ്കളുടെ ഭാര്യയായി അഭിനയിക്കാന്‍ എനിക്കു സമ്മതം.'
'ശരി' കിടന്നുകൊണ്ടു തന്നെ ജോര്‍ജ് പറഞ്ഞു.
'ഇപ്പോള്‍ ഭവതി എന്റെ ഭാര്യയാണല്ലേ?'
'അതേ, ഡാര്‍ലിങ്' വിവശയായിക്കൊണ്ട് സ്ത്രീ പറഞ്ഞു.
ഉടനെ ജോര്‍ജിന്റെ ശബ്ദമുയര്‍ന്നു:
'എന്നിട്ടെന്താടീ നീയെന്നോട് പുതപ്പെടുത്തുതരാന്‍ പറഞ്ഞത്. എന്റെ സ്വഭാവം നിനക്കറിയത്തില്ലേ? തന്നത്താന്‍ വേണമെങ്കില്‍ എടുത്ത് എന്നെ ഉപദ്രവിക്കാതെ അവിടെയെവിടെയെങ്കിലും കിടന്നൂടെ നിനക്ക്, ശവമേ!'
ദീര്‍ഘം
സാബു: 'അവിവാഹിതരേക്കാള്‍ ദീര്‍ഘമായിരിക്കും വിവാഹിതരുടെ ജീവിതകാലമെന്നു പറഞ്ഞു കേള്‍ക്കുന്നുണ്ടല്ലോ?'
ബാബു: 'ദീര്‍ഘമായി തോന്നുന്നതാണെടോ-'
(ഫാമിലി ജോക്‌സ് എന്ന പുസ്തകത്തില്‍ നിന്ന്)