Wednesday, October 30, 2013

എന്തിനാണ് എം.ടി. ഡൈ ചെയ്യുന്നത്? യേശുദാസും...

കല്പറ്റ നാരായണന്‍

യുവാക്കള്‍ക്കാണ്
അധികം ഭാരം ചുമക്കാനാവുക
പക്ഷെ, അദൃശ്യമായ ഭാരങ്ങള്‍ 
വൃദ്ധരോളം അവര്‍ക്ക് ചുമക്കാനാവില്ല

യുവാക്കള്‍ക്കാണ്
വേഗം നടക്കാനാവുക
പക്ഷെ, വൃദ്ധരെത്തുന്ന ദിക്കിലെത്താന്‍ 
അവര്‍ വളരെക്കാലമെടുക്കും (വൃദ്ധരും യുവാക്കളും)
M T Vasudevan Nair



ഒരുപക്ഷേ, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തനായ മലയാളം 'എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരാണ്. എം.ടിയുടെ കൂടി സൃഷ്ടിയാണ് ആധുനിക മലയാള മനസ്സ്. എത്രയോ അപരാഹ്നങ്ങളെ 'എം.ടി. യെന്‍' എന്ന് മലയാളി തിരിച്ചറിയുന്നു. മലയാളത്തിലെ മികച്ച ചെറുകഥകള്‍ എന്നൊരു സമാഹാരം എത്രകാലം കഴിഞ്ഞിറങ്ങിയാലും അതില്‍ ഒന്നിലധികം കഥകളുമായി എം.ടിയുണ്ടാവും. ഒറ്റക്കൈയിലെ വിരലുകളില്‍ എണ്ണിയാല്‍ പോലും മലയാളിയുടെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളില്‍ ഒന്ന് എം.ടിയുടേതാണ് ('നിര്‍മ്മാല്യം'). സംസാരത്തിലോ എഴുത്തിലോ അദ്ഭുത സ്ഫുലിംഗങ്ങളൊന്നുമുണ്ടാവാറില്ലെങ്കിലും മനഃപൂര്‍വമല്ലാത്ത ഒരു വാക്കും എം.ടിയില്‍ നിന്നുണ്ടാവാറില്ല. (മാധവിക്കുട്ടിയുടെ എഴുത്തിലോ സംസാരത്തിലോ അവിചാരിതമായ മിന്നലുകള്‍ എപ്പോഴമുണ്ടാവാമെങ്കിലും വിഡ്ഢിത്തങ്ങള്‍ക്ക് കുറവുണ്ടാവില്ല. മാധവിക്കുട്ടി അഭിമുഖങ്ങളില്‍ വിഡ്ഢിത്തങ്ങള്‍ പറയുമ്പോള്‍ ഓടിയോടിച്ചെന്ന്, അല്‍പനേരത്തേക്ക് ഓരോരോ മലയാളിയുടെയും കാതുപൊത്താന്‍ തോന്നാറുണ്ട്. അത്രക്കിഷ്ടമാണെനിക്കീ എഴുത്തുകാരിയെ. 'മതം'പോലെ കാലാവധി കഴിഞ്ഞ ഒരു 'കറുപ്പില്‍' അവരിങ്ങനെ ലഹരിപിടിക്കുമ്പോള്‍ ഇതെല്ലാം എന്റെ മാത്രം ഒരു ദുഃസ്വപ്നമായിരുന്നെങ്കില്‍ എന്നെപ്പോഴും തോന്നാറുണ്ട്). മലയാള ഗദ്യസാഹിത്യത്തിലെ പ്രധാനപ്പെട്ട പരിണാമം പത്രാധിപരായ എം.ടിയാണ്. ചെറിയതും സാരവത്തുമായ പ്രസംഗങ്ങള്‍ ചെയ്യുന്ന (ദൈവമേ, എം.മുകുന്ദന്‍ കേരളത്തില്‍ കൂടക്കൂടെ വരാതിരിക്കട്ടെ) മിതഭാഷിയായ, മുണ്ടുമാത്രമുടുത്ത് പ്രത്യക്ഷപ്പെടുന്ന ഈ ഗൗരവക്കാരന്‍, തന്റേടി, കേരളീയരുടെ ഏറ്റവും വലിയ സുകുമാരകലയായിത്തീര്‍ന്ന തലയില്‍ ചായം തേക്കലിനിങ്ങനെ വഴങ്ങിക്കൊടുക്കുന്നതെന്തിന്?

ഇതൊരു വ്യക്തിയുടെ സ്വകാര്യ പ്രശ്‌നമല്ലേ എന്ന് നിങ്ങളുടെ പുരികം ചുളിയുന്നത് ഞാന്‍ കാണുന്നു. കേരളത്തില്‍ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ അതിന്റെ ഏറ്റവും പ്രമുഖനായ എഴുത്തുകാരന്‍ പോലും മുടി കറുപ്പിച്ചേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ എന്നത് ചെറിയൊരു സ്വകാര്യ പ്രശ്‌നമല്ല. ചരിത്രപ്രാധാന്യമുള്ള, സാമൂഹിക പ്രാധാന്യമുള്ള, സാംസ്‌കാരിക പ്രാധാന്യമുള്ള വലിയൊരു യാഥാര്‍ഥ്യമാണ്. വാര്‍ധക്യത്തെ കഥയില്‍ യാഥാര്‍ഥ്യബോധത്തോടെ ('വാനപ്രസ്ഥം', 'അവര്‍') ചിത്രീകരിച്ച ഒരെഴുത്തുകാരന്‍ പോലും യഥാര്‍ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഭയന്ന കാലമായിരുന്നു ഇതെന്ന് പില്‍ക്കാലത്ത് തിരിച്ചറിയപ്പെടും. ദിവസവും നടക്കുന്ന പിന്നാക്കം തിരിഞ്ഞുള്ള ഈ ഓട്ടം എന്തൊരു തോറ്റ പടയായിരുന്നു നമ്മുടേതെന്ന് വരുങ്കാലം മനസ്സിലാക്കും. ജനങ്ങളുടെ പ്രിയങ്കരമായ ആ ഇമേജില്‍ നിന്ന് (ഒരുപാട് കേരളീയര്‍ക്ക് എം.ടിയാണ് എഴുത്തുകാരന്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന രൂപം) സ്വാഭാവികമായി പരിണമിക്കാന്‍, അവരുറ്റു നോക്കിയിരുന്ന യൗവനകാലത്തില്‍ നിന്ന് പരിണമിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എഴുത്തുകാരന്‍ തോന്നിയപോലെ ജീവിക്കട്ടെ, അദ്ദേഹത്തിന്റെ കൃതികളല്ലേ പ്രധാനം എന്ന് നിങ്ങളെപ്പോലെ ഞാനും കയര്‍ക്കുന്നു. പക്ഷേ, എം.ടി തോന്നിയപോലെ ജീവിക്കുന്നില്ലല്ലോ, ഉള്ള വയസ്സില്‍ യഥാര്‍ഥ രൂപത്തില്‍ അദ്ദേഹത്തില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന 'ഹെമിങ്‌വേത്തന്റേടത്തില്‍', മുഴുവന്‍ അഭിമാനത്തോടെയും.
നോക്കൂ, എന്താണ് ഡൈ ചെയ്യുമ്പോള്‍ സംഭവിക്കുന്നത്? യുവാവിന്റെ കറുത്ത മുടിയുള്ള ഒരു പൊയ്മുഖം നിങ്ങള്‍ വെയ്ക്കുകയാണ്. പ്രതീതി മതിയാവുന്നൊരു ലോകവുമായി നിങ്ങള്‍ ഒത്തുതീര്‍പ്പിലെത്തുകയും അത്തരമൊരു ലോകത്തെ വ്യാപിപ്പിക്കുകയുമാണ്. യൗവനം വേണ്ട, യൗവന പ്രതീതി (നോക്കൂ, പുറംവേദനയോ നടുവേദനയോ കിതപ്പോ അറിയാതെ ഉറങ്ങിപ്പോവലോ ഉറക്കം വരാതിരിക്കലോ വേഗം നടക്കാന്‍ കഴിയായ്കയോ നിങ്ങള്‍ക്ക് പരിഹരിക്കാനാവുന്നില്ല) മതി, പ്രണയം വേണ്ട പ്രണയ പ്രതീതി മതി, ധീരത വേണ്ട ധീരതാപ്രതീതി മതി, സമ്പന്നത വേണ്ട സമ്പന്നതാ പ്രതീതി മതി എന്നുള്ള ഒരു ലോകത്തെ സൃഷ്ടിക്കുകയാണ്, യാഥാര്‍ഥ്യത്തെ ഭയപ്പെടുന്ന ഒരു ലോകത്തിരുന്ന് ചായമടിക്കുകയാണ്. വാര്‍ധക്യവും മരണവും ദാരിദ്ര്യവും കുറ്റകരമായ ഒരു സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുകയാണ്. വാര്‍ധക്യത്തെ ഒന്നു കൂടി അനാഥമാക്കുകയാണ് നിങ്ങള്‍. മറ്റുള്ളവരല്ല താനാണ് തന്റെ നിയന്താവ് എന്നുറച്ചിരിക്കാറുള്ള, ലളിതമായ വസ്ത്രധാരണം ചെയ്യുന്ന, വിശദാംശങ്ങളുടെ ഈ കലാകാരന്‍ എന്തിനാണ് 'മാസ്‌ക്' ധരിക്കുന്നത്?

എം.ടിയോ യേശുദാസോ അഴീക്കോടോ ഡൈ ചെയ്യാതെ പ്രത്യക്ഷപ്പെട്ടാല്‍, കേരളത്തിലെ ജനതയുടെ ആയുസ്സ് പെട്ടെന്ന് കൂടും. മധ്യവയസ്സോ വാര്‍ധക്യമോ മറച്ചുവെക്കേണ്ടതല്ലാതായിത്തീരും. അനുകരണീയമായ സവിശേഷതകളുള്ളവരുടെ പ്രവൃത്തികള്‍ക്കെല്ലാം അനുകരണീയ മൂല്യമുണ്ടാവും. അറുപതു കഴിഞ്ഞവര്‍ -ചില 'കറുത്ത' മുടിക്കാര്‍ക്കിവിടെ എഴുപതു കവിഞ്ഞു- ഗംഭീരമായിപ്പാടുന്നതും പ്രസംഗിക്കുന്നതും എഴുതുന്നതും ഒരുജനതയുടെ ലീനശക്തിയെ വര്‍ധിപ്പിക്കും. മാധ്യമമാണ് ശരീരം, (കുയിലിന്റെ രൂപം സംഗീതമാണ് എന്ന് നീതിശാസ്ത്രം) അത് പ്രവര്‍ത്തനനിരതമാവുമ്പോള്‍ താന്‍ ഗംഭീരമായ അര്‍ഥത്തില്‍ ജീവിക്കുകയാണ് എന്ന് ആളുകള്‍ക്ക് ബോധ്യം വരും.

ശരിയായി പഴുക്കാത്തതിന്റെ ചവര്‍പ്പില്‍ നിന്നും കയ്പില്‍ നിന്നും നമുക്ക് മോചനം കിട്ടും. വേണ്ടതില്‍ കൂടുതല്‍ പണമില്ലാത്തതില്‍ അനുഭവിക്കുന്ന കുറ്റബോധത്തിന് ചെറിയ ശമനം കിട്ടും.
K J Yesudas

അറുപതു വയസ്സിലും അതിമധുരമായി പാടിക്കൊണ്ട് യേശുദാസ് അറുപത് വയസ്സിന്റെ മാധുര്യം കൂടി ആലപിക്കുമ്പോള്‍ അറുപതിലെത്തിയവര്‍ ചിലത് മാത്രമേ കാലത്തിന് തളര്‍ത്താനാവൂ എന്നാശ്വസിക്കുന്നു. ആ ആലാപനത്തില്‍ മുമ്പില്ലാതിരുന്ന ഒരു വിവേകത്തിന്റെ തെളിച്ചം കൂടിയില്ലേ; എന്നവര്‍ ആപാദമധുരമാവുകയും ചെയ്യുന്നു. ഈ എഴുപതുകളിലും മലയാളത്തിലേതെഴുത്തുകാരനും അസൂയ തോന്നുന്ന ശ്രദ്ധയോടെ എഴുതുന്ന എം.ടിയും എഴുപതില്‍ ജീവിതം മാറില്ലെന്ന് ഉറപ്പ് തരുന്നു. നേരത്തെ സുഗ്രഹമല്ലാതിരുന്ന ചിലത് സുഗ്രഹമായി വരുന്നതിന്റെ പ്രകാശം അനുഭവിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രായത്തിന്റെ ഉയരക്കൊമ്പിലിരുന്ന് നോക്കുമ്പോള്‍ കൂടുതല്‍ തെളിഞ്ഞു കാണാവുന്ന ചില കാഴ്ചകള്‍ ഉള്ളത് കൊണ്ട് കൂടിയല്ലേ, ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണുക എന്നെല്ലാമുള്ള ചാരിതാര്‍ത്ഥ്യങ്ങള്‍. അതും കൂടിയല്ലേ, അര്‍ത്ഥവത്തല്ലേ ഈ ജീവിതദൈര്‍ഘ്യം സോക്രട്ടീസിനേയോ വേദവ്യാസനേയോ ഗാന്ധിയേയോ വൃദ്ധരായി മാത്രം നാം സങ്കല്പിക്കുന്നത് വാര്‍ദ്ധക്യം വൃദ്ധി, വളര്‍ച്ച എന്നെല്ലാമര്‍ത്ഥങ്ങള്‍ വഹിക്കുന്നതു കൊണ്ട് കൂടിയല്ലേ? യുവാവായിക്കാണപ്പെടല്‍ അത്ര സാരമായൊരവസ്ഥയാണോ? സോക്രട്ടീസിനെ പിന്തുടര്‍ന്നിരുന്ന യുവാക്കള്‍ അദ്ദേഹത്തോട് സഹതപിച്ചിരുന്നോ? അതോ നിസ്സാരമായ സ്വന്തം യൗവ്വനത്തോട് സഹതപിച്ചുവോ? എത്ര മുന്നിലാണദ്ദേഹം, എത്ര നടക്കണം ഒപ്പമെത്താന്‍, അദ്ദേഹത്തിനൊപ്പം എത്തിയവര്‍ ചരിത്രത്തില്‍ത്തന്നെ എത്ര പേരുണ്ട് എന്നവര്‍ ക്ലേശിച്ചിരിക്കില്ലേ? സോക്രട്ടീസിനോളം സോക്രട്ടീസ് മുഴുകുന്നതില്‍ മുഴുകാന്‍ തങ്ങള്‍ക്കാവാത്തതിന്റെ വേദന, തങ്ങളുടെ യൗവ്വനം കൂടിയാണ് എന്നവര്‍ തിരിച്ചറിയില്ലേ? ലൈംഗിക തൃഷ്ണയില്‍ നിന്നും മുക്തമായപ്പോള്‍ താന്‍ ഭൂമിയിലെ യഥാര്‍ത്ഥ ഭംഗികള്‍ ആസ്വദിക്കാന്‍ തുടങ്ങിയെന്ന് സോഫോക്ലിസ്.

''വെള്ള സോക്‌സിട്ട മുടി നാരുകള്‍'' എന്ന പാഠഭാഗത്തെ മുന്‍നിര്‍ത്തി നടന്നൊരു ചര്‍ച്ചയില്‍ ഒരു വിദ്യാര്‍ത്ഥി എന്നോടൊരു രസികന്‍ ചോദ്യം ചോദിച്ചു. ഒരു താലത്തില്‍ യൗവ്വനവും ഒരു താലത്തില്‍ ഇപ്പോഴത്തെ പ്രായവും വെച്ചുനീട്ടിയാല്‍, യുവാവാവാന്‍ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം തന്നാല്‍, താങ്കള്‍ ഏത് സ്വീകരിക്കും? ഞാന്‍ പറഞ്ഞു; എനിക്കിപ്പോഴത്തെ പ്രായം മതി. മുപ്പതോ മുപ്പത്തഞ്ചോ വയസ്സില്‍ ആവതില്ലായിരുന്നു എനിക്ക് ഇന്ന് ചെയ്യുന്നത് ചെയ്യാന്‍. അന്നെഴുതിയത് വായിച്ച് അന്ന് ചിന്തിച്ചത് ആലോചിച്ച്, അന്ന് പ്രവര്‍ത്തിച്ചത് ഓര്‍മ്മിച്ച് ഞാന്‍ പുച്ഛിച്ച് ചിരിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും ഈ കിതപ്പ്, ഈ ശ്രദ്ധയില്‍പ്പെടായ്ക (എത്ര പേരാണ് എന്റെ കാല്‍വിരലുകള്‍ ചവിട്ടിത്തേയ്ക്കുന്നത്) ഞാനാഗ്രഹിച്ചതല്ല. പക്ഷെ എന്റെ എഴുത്തില്‍, എന്റെ വിചാരങ്ങളില്‍, സാക്ഷാത്ക്കരിയ്ക്കാനാവുമോ എന്ന് അന്നത്തെ എനിക്ക് പേടിയുണ്ടായിരുന്നവ തന്നെയാണ് ഞാന്‍ സാക്ഷാത്ക്കരിക്കുന്നത്. പത്ത് വയസ്സില്‍ വീട് വിട്ട് പോയകുട്ടി, ഇരുപത് വയസ്സില്‍ മടങ്ങി വന്ന് അന്ന് വളരെ ഉയരത്തിലായിരുന്ന കൊമ്പിന്‍മുരടിലെ തത്തപ്പൊത്ത് ഇന്ന് എത്ര താഴെയായി എന്ന് ആനന്ദിക്കുന്നു. ദൃശ്യമായ ഉയരങ്ങള്‍ മാത്രമല്ല ഭൂമിയിലുള്ളതെന്ന് അറിഞ്ഞിട്ടും, അദൃശ്യങ്ങളായ ഉയരങ്ങള്‍ വെല്ലുവിളിച്ചുകൊണ്ടിരിക്കുമ്പോള്‍, എന്തിനാണ് ഈ അധമ ബോധം?
(തല്‍സമയം എന്ന പുസ്തകത്തില്‍ നിന്ന്)

No comments: