സി.രാധാകൃഷ്ണന്‍
എന്റെ അയല്‍ക്കാരില്‍ ഒരാള്‍ ഒരു പ്രത്യേകം മനുഷ്യനാണ്. ഗാന്ധിഭക്തന്‍, സര്‍ക്കാര്‍ വക പെന്‍ഷന്‍ വാങ്ങുന്ന ഉദ്യോഗസ്ഥന്‍. മര്യാദക്കാരന്‍. നാലു കുട്ടികളുടെ പിതാവ്. ആരോഗ്യവാന്‍. പക്ഷേ, ആളൊരു പരാതിക്കാരനാണ്. തമ്മില്‍ കണ്ടാല്‍ ഇല്ലായ്മയും വല്ലായ്മയും മാത്രമേ പറയാനുള്ളൂ.
എന്നേക്കാള്‍ അഞ്ചാറു വയസ്സു പ്രായമുണ്ട്. ഞാന്‍ ഹൈസ്‌കൂളില്‍ പോകുന്ന കാലത്തേ ഇദ്ദേഹം സര്‍ക്കാര്‍ ജോലിക്കാരനാണ്. ഞങ്ങളുടെ കൂടെ പുഴ കടക്കാന്‍ എന്നും ഉണ്ടാവും. തോണിയില്‍ ഇരുന്ന് അന്നേ അദ്ദേഹം പറയുക പരാതികളാണ്. അന്നദ്ദേഹത്തിനു ഭാര്യയും കുട്ടികളുമില്ല. പക്ഷേ, മാതാപിതാക്കളുണ്ട്, കൂടപ്പിറപ്പുകളുമുണ്ട്. ഒരു പ്രാരാബ്ധക്കാരന്റെ മട്ടാണ്, വാക്കാണ്, നോക്കാണ്. പരാതികളില്‍ കാമ്പുണ്ടായിരുന്നൂതാനും. ശമ്പളമൊക്കെ മോശമായിരുന്നു. കൈക്കൂലി വാങ്ങാറില്ല. ചുരുക്കിപ്പറഞ്ഞാല്‍, കഷ്ടപ്പാടായിരുന്നു.
ക്രമേണ കൂടപ്പിറപ്പുകളൊക്കെ പഠിച്ചു ജോലിയിലായി. സര്‍വീസില്‍ത്തന്നെ ഉള്ള ഒരാളെ ഇദ്ദേഹം വിവാഹവും കഴിച്ചു. സേവനവ്യവസ്ഥകള്‍ മെച്ചപ്പെട്ടു. അന്നും പക്ഷേ, ഇദ്ദേഹത്തെ കണ്ടാല്‍ അവതരിപ്പിച്ചു കിട്ടുക ഇല്ലായ്മകളുടെ ഒരു നീണ്ട പട്ടികയാണ്. സ്വന്തമായി സ്ഥലമില്ല, പുരയില്ല, പശുവില്ല, ആടില്ല, കോഴിയില്ല.
എഴുപതുകളുടെ ആരംഭത്തോടെ പ്രമോഷനായി. കൂടുതല്‍ ശമ്പളമായി. സിങ്കപ്പൂരില്‍ ഉണ്ടായിലുന്ന ഒരു അകന്ന അമ്മാമന്‍ അവിടെവെച്ചു മരിച്ചപ്പോള്‍ ഏകാവകാശിയായി ഇദ്ദേഹമേ ഉണ്ടായുള്ളൂ. ഏതാനും ലക്ഷങ്ങള്‍ അയച്ചു കിട്ടി. തറവാട്ടു സ്വത്ത് ഭാഗിച്ചും കിട്ടി. ഇതിനെ തുടര്‍ന്ന് സ്വന്തമായി സ്ഥലം വാങ്ങി വീടു പണിതു. കുറച്ചു നെല്‍പ്പാടം കൂടി വാങ്ങി ഉണ്ണാനുള്ള നെല്ല് കൃഷിചെയ്‌തെടുക്കാനും തുടങ്ങി.
അപ്പോഴും പരാതി ശേഷിച്ചു: കൈയിരിപ്പൊന്നുമില്ല, അത്യാവശ്യം വല്ലതും വന്നാല്‍ എന്തു ചെയ്യണമെന്നറിയില്ല. രോഗം വന്നാല്‍ ചികിത്സിക്കണ്ടെ? പിന്നെ, കുട്ടികള്‍ വളരുന്നു, അവരെ ഒരു കരയ്‌ക്കെത്തിക്കാന്‍ ഒരു മാര്‍ഗ്ഗവും കാണുന്നില്ല.
ക്രമേണ കുട്ടികള്‍ വലുതായി. പഠിച്ചു മിടുക്കരായി. രണ്ടുപേര്‍ ഗള്‍ഫില്‍ എഞ്ചിനീയര്‍മാര്‍. ഒരാള്‍ സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനും അവസാനത്തെ കുട്ടി ഡോക്ടറുമായി. വീട് പുതുക്കിപ്പണിതു. ഏതാണ്ടൊരു കൊട്ടാരം തന്നെ. അതിനു മുന്നില്‍ എട്ടുപത്തു ലക്ഷം ഉറുപ്പിക വിലയുള്ള ഒരു കാറും എത്തി.
ഈയിടെ ഞാന്‍ അദ്ദേഹത്തെ കാണുകയുണ്ടായി. മുഖത്ത് ഇല്ലായ്മയുടെ ഭാവം തന്നെ. സുഖമല്ലെ എന്ന എന്റെ അന്വേഷണത്തിനു കിട്ടിയ മറുപടി: 'എന്തു സുഖം? വീടിന്റെ മുകളില്‍ ഒരു നിലകൂടി പണിയണമെന്നു വിചാരിച്ചു തുടങ്ങിയിട്ട് കൊല്ലം മൂന്നായി. കുട്ടികള്‍ വല്ല പത്തുപതിനായിരംവീതം അയയ്ക്കും. അതുകൊണ്ട് എന്താവാന്‍? എല്ലാറ്റിനും തീ പിടിച്ച വിലയായില്ലെ? എന്തൊരു ദുരിതം!'
'ഇപ്പോള്‍ സന്തോഷമായിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതിയത്.'
'പുറമേക്കാര്‍ക്ക് തോന്നും, ഞങ്ങള്‍ക്ക് എല്ലാം ആയെന്ന്. എന്നാല്‍ കേട്ടോളുക: ഒരു മുറികൂടി എയര്‍ക്കണ്ടീഷന്‍ ചെയ്യാമെന്നു വിചാരിച്ചിട്ടു നടക്കുന്നില്ല, കറന്റു പോയാല്‍ ഉപയോഗിക്കാന്‍ നല്ലൊരു ജെന്‍സെറ്റ് ഇപ്പോഴുമില്ല, അത്യാവശ്യത്തിന് രണ്ടാമതൊരു കാറില്ല...'
(സി. രാധാകൃഷ്ണന്റെ ലേഖനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments:
Post a Comment