
എത്യോപ്യയിലെ വലിയ സംസ്ഥാനമായ (റീജ്യണ്‍) ഒറോമോയിലാണ് അംബോ. രാജ്യതലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് 120കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇവിടം മൂന്നു കാര്യങ്ങള്‍ക്കു പ്രസിദ്ധമാണ്: ഒന്ന്, മിനറല്‍ വാട്ടര്‍; രണ്ട്, ചൂടു നീരുറവകള്‍; മൂന്ന്, ആഫ്രിക്കയിലെ തന്നെ പ്രധാനപ്പെട്ട അഗ്നിപര്‍വത തടാകമായ വെഞ്ചി. പട്ടണത്തില്‍ നിന്ന് 35 കി.മീ. അകലെയാണ് വെഞ്ചി തടാകം.


ഒരു വഴികാട്ടിയെ വേണം. വഴികാട്ടിയെ തേടിയുള്ള ഞങ്ങളുടെ അന്വേഷണം അവസാനിച്ചത് അംബോ സര്‍വകലാശാലയിലെ ജീവശാസ്ത്ര വിഭാഗത്തില്‍ പുതുതായി ചേര്‍ന്ന ടക്ലു എന്ന യുവ എത്യോപ്യന്‍ അധ്യാപകനിലാണ്. ആഡിസ് അബാബ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മുണ്ടന്തറ ബാലകൃഷ്ണന്റെ കീഴില്‍ ജൈവവൈവിധ്യത്തില്‍ പഠനം നടത്തിയ ടക്ലു ഞങ്ങള്‍ക്ക് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്തു.
യാത്രയുടെ ചൊവ്വാഴ്ച

ടെക്ലുവിന്റെ സുഹൃത്തായ ഡ്രൈവര്‍ അബേറയും 13 പേര്‍ക്കിരിക്കാവുന്ന വണ്ടിയും തയ്യാര്‍. നമ്മുടെ മാരുതി വാന്‍ പോലൊരെണ്ണം. സകുടുംബയാത്രയ്ക്കു പറ്റിയത്. ഡോ. മസൂദും ആസ്ട്രിഡും കുഞ്ഞുങ്ങളുമായി വന്നു. അവര്‍ സഞ്ചികളില്‍ കുപ്പി വെള്ളവും വാഴപ്പഴവും റൊട്ടിയും ബിസ്‌ക്കറ്റുമെല്ലാം കരുതിയിട്ടുണ്ട്. ആവശ്യത്തിനു ഭക്ഷണവും വെള്ളവും കരുതിയേ മതിയാവൂ. വാഹനം നിര്‍ത്തുന്നിടത്തു നിന്ന് രണ്ടു മണിക്കൂര്‍ കഠിനമായ കാല്‍നടയാത്ര ചെയ്താലെ തടാക കരയെത്തൂ. തിരിച്ചും രണ്ടു മണിക്കൂര്‍. ഡോ. മസൂദിന്റെ ചുമലിലെ സഞ്ചിയില്‍ സസുഖമിരുന്ന് കുഞ്ഞ് റൂബെന്‍ ഞങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു.
എല്ലാവരും വാഹനത്തില്‍ കയറി ഇരിപ്പായി. ഡ്രൈവര്‍ക്കു സമീപം മുന്‍ സീറ്റില്‍ ടക്ലുവും. ഒരു കുലുക്കം, വണ്ടി ഗമിക്കുകയായി. ടെലികമ്യൂണിക്കേഷന്‍ ഓഫീസിന് എതിര്‍ വശത്തേക്കു തിരിഞ്ഞു. പുതിയ വഴി, പുതിയ അനുഭവങ്ങള്‍. ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും റോഡരികത്ത് ഒരു ആള്‍ക്കൂട്ടം. ഗാബയാണ് - ചന്ത. ഒരു കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ ടാറിട്ട റോഡ് അവസാനിച്ചു. ഇനി ചരല്‍ പാത. നല്ല കുലുക്കം. വണ്ടിക്കു പിന്നില്‍ പൊടിമേഘം. നാലു പാടും കല്ലുകള്‍ തെറുപ്പിച്ച് ചക്രങ്ങള്‍... എത്യോപ്യന്‍ ഗ്രാമ ഭംഗിയിലൂടെ ഞങ്ങള്‍ മുന്നേറുകയാണ്. ചില കുതിരയോട്ടക്കാര്‍ ഞങ്ങളുടെ വാഹനത്തെ പിന്നിലാക്കി മികവുകാട്ടി. ഒരു കാലത്ത് ഇന്ത്യാക്കാര്‍ 'ഹെര്‍ക്കുലീസ്', 'ഫിലിപ്‌സ്' സൈക്കിളുകളെ സ്‌നേഹിച്ചിരുന്നതുപോലെ കുതിരകളെ സ്‌നേഹത്തോടെ വളര്‍ത്തുന്നത് എത്യോപ്യയിലെ ഗ്രാമീണരുടെ അഭിമാനമുള്ള വിനോദമാണ്.

വോലെസ്സോയ്ക്ക് പത്തു ബിര്‍ (എത്യോപ്യന്‍ കറന്‍സി) വീതം ഞങ്ങള്‍ സമ്മാനിച്ചു. കുന്നിറങ്ങി വണ്ടിയിലേക്കു കയറി. വീണ്ടും യാത്ര. ബാര്‍ലിപ്പാടങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം. പൂത്തുലഞ്ഞ ഉരുളക്കിഴങ്ങിന്‍ പാടങ്ങള്‍ക്ക് വയലറ്റിന്റെ വശ്യത. കിലോമീറ്ററുകള്‍ കഴിഞ്ഞ് വണ്ടി വീണ്ടും ഓരം ചേര്‍ന്നു. നേരെ മുന്നിലൊരു ബോര്‍ഡ്: വെഞ്ചി ഇക്കോടൂറിസം അസോസിയേഷന്‍ (വെറ്റ). പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ നന്നായി നടത്തിപ്പോരുന്ന മാതൃകാസംരഭമാണ് വെറ്റ.
റോഡില്‍ നിന്നുയര്‍ന്നാണ് ഓഫീസ്. ടിന്‍ ഷീറ്റിട്ട ചെറു കെട്ടിടം. ഞങ്ങളെ കണ്ടപാടെ കുറെ കുട്ടികള്‍ പൂക്കളുമായി ഓടി വന്നു. പൂക്കള്‍ ഞങ്ങള്‍ക്കു നല്‍കി ഏതാനും ബിര്‍ നേടുകയാണ് ലക്ഷ്യം. പിഞ്ചുമുഖങ്ങളില്‍ കറചാര്‍ത്തി പൊടിയും മൂക്കൊലിപ്പും. അകത്ത് ഔദ്യോഗിക ഗൈഡുകള്‍ ഇരിപ്പുണ്ട്. ദാവീത്, ഫയേറ, കെബെഡെ, അയലെ - എല്ലാം യുവാക്കള്‍. പ്രൊഫ. സുബേറിയും ടക്ലുവും ഗൈഡുകളും ചുവരില്‍ പതിച്ചിരുന്ന വെഞ്ചി തടാകത്തിന്റെ രൂപരേഖയിലൂടെ കൈയോടിച്ച് പലതും തീരുമാനിച്ചു. ഒരു കുതിര - അമേലിനു സഞ്ചരിക്കാന്‍, ഒരു ദിശയിലേക്ക് അന്‍പതു ബിര്‍. തടാകത്തിനു നടുവിലെ ദ്വീപിലേക്ക് ബോട്ടിംഗ് - ആളൊന്നുക്ക് നാല്പതു ബിര്‍. പിന്നെ ഒരു ഔദ്യോഗിക വഴികാട്ടിയെ വെറ്റ ഓഫീസ് നിയോഗിക്കും - അന്‍പതു ബിര്‍. സന്ദര്‍ശകരില്‍ മതിപ്പുളവാക്കും വിധം സുതാര്യവും വിനയാന്വിതവുമാണ് വെറ്റയുടെ ഇടപാടുകളെന്നു തോന്നി.

ട്രെക്കിംഗ് അനുഭവം
ഇളകിയ പൊടി മണ്ണും ഉരുളന്‍ കല്ലുകളുമാണ് വഴിനീളെ. വെള്ളവിരിച്ചപോലെ. തടാകമെത്തുന്നതുവരെ ഇറക്കമാണ്. അശ്രദ്ധ അപകടം വിളിച്ചു വരുത്തും - എനിക്കു പറ്റിയത് അതാണ്. ക്യാമറയും പേനയും എഴുത്തുമൊക്കെയായി സ്റ്റൈലന്‍ പ്രകടനം നടത്തുകയായിരുന്നു. ഒരു നിമിഷം, ഒന്നു പാളി. മൂടും കുത്തി വീണുപോയി. എല്ലു നുറുങ്ങുമെന്നു കരുതിയതാണ്. വീണത് രണ്ടടിയോളം കനത്തിലുള്ള പൊടിമണ്ണിലേക്കായതിനാല്‍ മെത്തയില്‍ വീണന്നേ തോന്നിയുള്ളു. കണ്ണാടി തെറിച്ച് പൊടിയില്‍ മുങ്ങിപ്പോയി.
ഒരു വശത്ത് ചെങ്കുത്തായ പര്‍വതനിര, മറുവശത്ത് അഗാധമായ ഗര്‍ത്തങ്ങള്‍ - ഇതായിരുന്നു ട്രെക്കിംഗിലുടനീളം കണ്ട ഭൂമിയുടെ അവസ്ഥ. വൈവിധ്യമാര്‍ന്ന വര്‍ണങ്ങളിലുള്ള ഇലകളും പൂക്കളും കൊണ്ട് മൂടിയിരിക്കുകയാണ് പര്‍വതനിരകളും താഴ്‌വാരങ്ങളും. എങ്ങും നല്ല തണുപ്പ്. ചിലയിടങ്ങളില്‍ പര്‍വതഭാഗങ്ങള്‍ നഗ്നമായിരിക്കുന്നു. മണ്ണിടിച്ചിലുണ്ട്. ''ഇവിടെ കാറ്റുമൂലവും മണ്ണൊലിപ്പ് ഉണ്ടാകാം'', അഖില പരിസ്ഥിതിശാസ്ത്രം പറഞ്ഞു. പര്‍വതനിരകളില്‍ കാണപ്പെട്ട മണ്ണിന്റെ അടുക്കുകള്‍ ഓരോന്നായി തൊട്ടുകാട്ടിക്കൊണ്ട് പ്രൊഫ. സുബേറി വിശദീകരിച്ചു: ''ഇത് കളിമണ്ണ്..., ഇത് ചരല്‍ മണ്ണ്..., ആ വെള്ള നിറം കണ്ടില്ലേ, അത് കാല്‍ഷ്യം, ഫോസില്‍ സാന്നിധ്യമാണത് സൂചിപ്പിക്കുന്നത്''. ഇന്ത്യന്‍ മെര്‍ലിന്‍ മുതുകാടിനൊപ്പം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ചെയ്ത യാത്ര ഞാന്‍ ഓര്‍ത്തു പോയി. ദുര്‍ബലമായ പര്‍വത ഭാഗങ്ങള്‍ പലപ്പോഴും വഴിമുടക്കിക്കൊണ്ട് ചഴഞ്ഞിറങ്ങിയിരുന്നു. വെഞ്ചിയിലും പര്‍വതഘടന കശ്മീര്‍ മലകള്‍ പോലെ തന്നെ.

വഴിക്ക് നാല് ചൈനീസ് സഞ്ചാരികളെ കണ്ടു. ''ഹായ് യു ആര്‍ ഫ്രം ഇന്ത്യ? ഇന്ത്യ ചൈനാ ആര്‍ ബ്രദേഴ്‌സ്'' അതിലൊരാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇനിയങ്ങോട്ട് കുതിരയ്ക്കും പ്രവേശനമില്ല. അമേലും ഡോ. സല്‍മയും ഞങ്ങളോടൊപ്പം കാല്‍നടയ്ക്കു ചേര്‍ന്നു. ഏതാണ്ട് നൂറു വാര കൂടി നടന്നപ്പോള്‍ തടാക തീരമായി. മനോഹരിയായ വെഞ്ചിയിതാ കൈയെത്തും ദൂരത്ത്!
ബോട്ടിംഗ്
തടാകത്തിന് ഒത്ത മധ്യത്തായി നിലകൊള്ളുന്ന മനോഹരമായ ദ്വീപാണ് അടുത്ത ലക്ഷ്യം. തീരത്തോട് ചേര്‍ന്ന് രണ്ടു ചെറു ബോട്ടുകളുണ്ട്. ഒന്നു വലുത്, തടികൂട്ടിച്ചേര്‍ത്ത് തകിടുകൊണ്ട് പൊതിഞ്ഞത്. മറ്റൊന്ന് ചെറുത്, ഫൈബര്‍ നിര്‍മിതം. രണ്ടാമത്തേതാണ് ഞങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. രണ്ട് തുഴക്കാരുണ്ട്, മധ്യവയസ്‌കരായ അസ്ഫയും അബെറ്റയും. ചിരിച്ചുകൊണ്ട് ഹസ്തദാനം നല്‍കി അവര്‍ ഞങ്ങളെ ബോട്ടിലേക്കു സ്വീകരിച്ചു. ഞാന്‍ ചോദിച്ചു: ''എത്ര പേര്‍ക്കു കയറാം?'' ആറ് പേര്‍ക്കെന്ന് മറുപടി. സ്വതവേ ജലഭയമുള്ള എനിക്ക് അസ്വീകാര്യമായ മറുപടി. വെറ്റ ഗൈഡും കുഞ്ഞുങ്ങളും എല്ലാം ചേര്‍ന്നാല്‍ പത്തുപേരായി. ഭയം മനസ്സിലൊളിപ്പിച്ച് മുഖത്തൊരു പുഞ്ചിരി നിലനിര്‍ത്താന്‍ ഞാന്‍ ആവതു ശ്രമിച്ചു. ബോട്ടു നീങ്ങിത്തുടങ്ങി. ഏതാനും ദൂരം ചെന്നപ്പോള്‍ തുഴക്കാരന്‍ അസ്ഫ അയാളുടെ വിജ്ഞാനം വിളമ്പി: ''ഇവിടെ ഏതാണ്ട് 75 മീറ്റര്‍ ആഴം വരും''. എല്ലാവരും അതിലെ ത്രില്‍ ആസ്വദിച്ചു. എനിക്ക് മറ്റൊരു അപ്രിയസത്യമായേ തോന്നിയുള്ളൂ. തണുത്ത തടാകജലത്തെ തുഴകള്‍കൊണ്ട് കീറിമുറിച്ച് നമ്മുടെ ജലയാനം ദ്വീപിന്റെ കരയില്‍ ഇടിച്ചു നിന്നു.
സമുദ്രനിരപ്പില്‍ നിന്ന് 3380 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തടകാത്തിനു നടുവിലൊരു ദ്വീപ്. നിശബ്ദം, സ്വച്ഛന്ദം. ഇടതൂര്‍ന്ന മാമരങ്ങള്‍ക്കിടയിലൂടെ ഒരു ഒറ്റയടിപ്പാത. അതിലൂടെ ഞങ്ങള്‍ നടന്നു. ചെന്നെത്തിയത് ഒരു ക്രിസ്ത്യന്‍ പള്ളിയിലാണ്. തിരുമുറ്റത്ത് മരം കൊണ്ടുണ്ടാക്കിയ മണിമേട. പള്ളി തുറന്നിട്ടില്ല. വിശ്വാസികള്‍ വരുമ്പോള്‍ മാത്രമേ പള്ളിയില്‍ ആരാധനയുള്ളൂ. പുരോഹിതന്മാര്‍ പോലും അവിടെ താമസമില്ല. കിളികള്‍ക്കും കാറ്റിനും മരങ്ങള്‍ക്കും പുല്ലിനും പൂക്കള്‍ക്കും ആത്മീയതയ്ക്കും മാത്രമായി ഒരു തുണ്ട് ഭൂമി. നിശബ്ദതയാണ് ഈ ദ്വീപിന്റെ മുഖമുദ്ര. മന:ശാന്തി സന്ദര്‍ശകര്‍ക്കുള്ള സമ്മാനം. അതിഥികളെ കണ്ടിട്ടെന്നോണം പക്ഷികള്‍ പാട്ടുപാടി. ഒരു മൂളലോടെ ഇളംകാറ്റു ഞങ്ങളെ തഴുകി. മരച്ചില്ലകള്‍ ചാഞ്ചാടി. സ്വര്‍ഗീയമായ ചുറ്റുപാടില്‍ ഒന്നിച്ചിരുന്ന് ഞങ്ങള്‍ വിശപ്പുമാറ്റി. നല്ല യാത്രാക്ഷീണമുണ്ട്. തുഴക്കാരും ഒപ്പം ചേര്‍ന്നു. കൊണ്ടു വന്ന ബിസ്‌കറ്റും പഴവും റൊട്ടിയുമെല്ലാം എല്ലാവരും പങ്കിട്ടെടുത്തു. ''നിങ്ങള്‍ തയ്യാറെങ്കില്‍ ഈ ദ്വീപിനു ചുറ്റും ഒരു വലം ബോട്ടു തുഴയാന്‍ ഞങ്ങള്‍ തയ്യാര്‍. വരുന്നോ?'' തുഴക്കാരന്‍ അബേറ്റ അന്വേഷിച്ചു. എല്ലാവരും തയ്യാര്‍, ഞാന്‍ പോലും! പക്ഷേ ആസ്ട്രിഡിനു താല്പര്യമില്ല. ദ്വീപിലിരുന്ന് കുഞ്ഞു റൂബെന് മുലയൂട്ടണമെന്നാണ് ആസ്ട്രിഡ് ആഗ്രഹിച്ചത്. ''ഇവിടെ ഒറ്റയ്ക്കിരിക്കുന്നത് സുരക്ഷിതമാണോ?'' ടക്ലു ചോദിച്ചു. ''തീര്‍ച്ചയായും. ഇവിടെ അവര്‍ പരിപൂര്‍ണ സുരക്ഷിതയായിരിക്കും'', കെബെഡെ ഉറപ്പു നല്കി.
ദ്വീപിനു ചുറ്റും ഞങ്ങള്‍ ഒരു വലം ബോട്ടുയാത്ര നടത്തി. പറഞ്ഞാലും തീരാത്ത ജലഭംഗി. ഒരിടത്തു കടും നീല. മറ്റൊരിടത്ത് മരതകം പോലെ കടും പച്ച. ജലപ്പക്ഷികള്‍ പ്രത്യേക ശബ്ദത്തോടെ ഊളിയിട്ട് പുല്‍മേട്ടിലേക്കൊളിച്ചു. ചുറ്റും സഗൗരവം ഉയര്‍ന്നു നില്ക്കുന്ന പര്‍വതനിര. തിരിച്ച് ദ്വീപിലെത്തിയപ്പോള്‍ ആസ്ട്രിഡിന്റെ മടിയിലിരുന്ന് കുഞ്ഞു റൂബെന്‍ ഞങ്ങള്‍ക്കൊരു പഞ്ചാരപുഞ്ചിരി സമ്മാനിച്ചു. വശ്യലാവണ്യമുള്ള പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അമ്മയുടെ അമ്മിഞ്ഞപ്പാല്‍ നുകരാന്‍ കഴിഞ്ഞാല്‍ ഈ ഭൂമിയില്‍ ഏതു കുഞ്ഞാണ് ഇഷ്ടപ്പെടാത്തത്!
മടക്കയാത്രയ്ക്കു സമയമായി. തിരികെ സഞ്ചരിക്കവേ ദ്വീപിലൊരു പഴയ കല്ലറ കണ്ടു. അതില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ഫ്രെയിം ചെയ്ത് പിടിപ്പിച്ചിട്ടുണ്ട്. ദ്രവിച്ചുതുടങ്ങിയ ആ മുഖത്തൊരു പുഞ്ചിരി - സ്‌നേഹത്തിന്റെ മഞ്ഞുതുള്ളി പുരണ്ട പുഞ്ചിരി. നിത്യശാന്തി! വീണ്ടും ബോട്ടിലേക്ക്. യാനം മാറിയിരിക്കുന്നു - തടികൊണ്ടുള്ള ബോട്ടാണ്. പുതിയൊരു സഞ്ചാരികൂടി, തദ്ദേശിയാണെന്നു തോന്നുന്നു. തുഴക്കാരനില്‍ നിന്ന് തുഴകൈക്കലാക്കാന്‍ അയാളൊരു ശ്രമം നടത്തിയപ്പോള്‍ ബോട്ടൊന്നു കുലുങ്ങി. എന്റെ മുഖം വലിഞ്ഞു മുറുകി. അഖില അതുകണ്ട് ചിരിച്ചു. പിന്നെ കൂട്ടച്ചിരിയായി. മറുകരയെത്തി. ഇനി നടക്കണം. കയറ്റമാണ്. അമേലിനും ഡോ. സല്‍മയ്ക്കുമൊപ്പം അഖിലയും ആസ്ട്രിഡും കൂടി കുതിരസവാരിക്കാരായി. ''കൗ ഗേള്‍സ്'' ആരോ വിളിച്ചു പറഞ്ഞു. ഞങ്ങള്‍ ആണ്‍പ്രജകള്‍ കാല്‍നടക്കാര്‍. കാഴ്ചകള്‍ കണ്ടും കേട്ടും കാറ്റിന്റെ തഴുകലേറ്റും മുന്നോട്ട്. വെഹിക്കിള്‍ സ്റ്റോപ് പോയിന്റിലെത്തിയപ്പോള്‍ വൈകിട്ട് 3.45 (എത്യോപ്യന്‍ ഔദ്യോഗിക സമയം 9.45). അവിടെ നിന്ന് ഒന്നു തിരിഞ്ഞു നോക്കി. അകലെയായി വെഞ്ചി. വാനനീലിമ മുഴുവന്‍ വാരിത്തേച്ച് അവള്‍ വീണ്ടും വിളിക്കുകയാണ്.
Text & Photos: K P Shivakumar
(എത്യോപ്യയിലെ അംബോ പട്ടണത്തിലെ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനാണ് ലേഖകന്‍.
ഭാര്യ, ഡോ. അഖില എസ്. നായര്‍ അംബോ സര്‍വകലാശാലയില്‍ പരിസ്ഥിതി ശാസ്ത്ര
വിഭാഗം അസി. പ്രൊഫസര്‍.) )
No comments:
Post a Comment