Saturday, July 26, 2014

കോമഡി ടാക്കീസ്‌

മഹാകവി മോഹന്‍ലാല്‍/
ഷൂട്ടിങ്ങിനിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ മോഹന്‍ലാലിന്റെ ഇഷ്ടവിനോദമാണ് കവിതാരചന. ഒരു തമാശ. അത്രമാത്രം. ഇങ്ങനെ കുത്തിക്കുറിക്കുന്ന വരികള്‍ ചുരുളാക്കി ആര്‍ക്കെങ്കിലും കൊടുത്ത് അഭിപ്രായം ചോദിക്കും. ആരും അത് ഗൗരവമായി എടുക്കാറില്ല - മോഹന്‍ലാല്‍ പോലും.
ഒരിക്കല്‍ ഇങ്ങനെ എഴുതിയ ഒരു കവിത മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനെ കാണിച്ചു.
ഗാനരചയിതാവുകൂടിയായ സത്യന്‍ അത് ചുരുട്ടിക്കൂട്ടി മൂലയിലേക്കെറിഞ്ഞു. 'ഇതാണോ കവിത? ഇതില്‍ വൃത്തമുണ്ടോ? പ്രാസമുണ്ടോ? പദഭംഗിയുണ്ടോ?'
അല്‍പ്പം കഴിഞ്ഞപ്പോള്‍, അങ്ങനെയങ്ങ് വിട്ടാല്‍ പറ്റില്ലെന്ന വാശിയോടെ മോഹന്‍ലാല്‍ അടുത്ത കവിതയുമായി വീണ്ടും സത്യന് മുന്നിലെത്തി. സത്യന്‍ അതും ചുരുട്ടിയെറിഞ്ഞു.
മൂന്നാമതും മോഹന്‍ലാല്‍ കവിതയുമായെത്തി. ഒന്നു നോക്കിയശേഷം അതും സത്യന്‍ അന്തിക്കാട് ചുരുട്ടി മൂലയിലിട്ടു.
'ഈ കവിതയും ശരിയായിട്ടില്ല അല്ലേ?' മോഹന്‍ലാല്‍ സത്യനോട് ചോദിച്ചു.
'ഏയ്, ഇതും പോരാ.' സത്യന്‍ പറഞ്ഞു.
ആ കടലാസെടുത്ത് മോഹന്‍ലാല്‍ ശ്രീനിവാസന് കൊടുത്തു.
'ശ്രീനിയൊന്ന് അഭിപ്രായം പറഞ്ഞേ', ശ്രീനി നോക്കുമ്പോള്‍ കിടിലന്‍ സാധനം. കടുകട്ടി പദങ്ങളും പ്രാസവും വൃത്തവുമെല്ലാമുള്ള കവിത. ഇങ്ങനെയൊരു സാധനം മോഹന്‍ലാല്‍ എഴുതാന്‍ സാധ്യതയില്ലല്ലോ.
ശ്രീനിവാസന്‍ മോഹന്‍ലാലിനെ വിളിച്ച് സ്വകാര്യം ചോദിച്ചു. 'ഇത് ലാല്‍ തന്നെ എഴുതിയതാണോ?' മോഹന്‍ലാല്‍ അതേയെന്ന് തലകുലുക്കി. 'ഓഹോ, ഈ കുമാരനാശാന്‍ എന്നു പറയുന്നയാള്‍ താങ്കളാണല്ലേ?' ശ്രീനിവാസന്‍ നമ്പരിട്ടു. ലാലിന്റെ മുഖത്ത് സഹജമായ ആ നിഷ്‌കളങ്കഭാവം.
'സത്യം പറ. ഇതെവിടെനിന്നാ പകര്‍ത്തിയത്?' പോലീസ് സ്‌റ്റൈലില്‍ ശ്രീനിവാസന്‍ ചോദിച്ചു.
'ദേ, ആ മുറിയില്‍ കിടന്ന ഒരു പാഠപുസ്തകത്തില്‍നിന്ന്.' പതിവു കള്ളച്ചിരിയോടെ കണ്ണിറുക്കിക്കൊണ്ട് മോഹന്‍ലാല്‍ സത്യം പറഞ്ഞു.
ഇത്തവണ ചമ്മിയത് സത്യന്‍ അന്തിക്കാടാണ്. ലാല്‍ എഴുതിയതാണെന്ന ധാരണയില്‍ മഹാകവി കുമാരനാശാന്റെ കവിതയല്ലേ ശരിയായിട്ടില്ലെന്ന് പറഞ്ഞത്!

സുഖചികിത്സ
'സുഖിപ്പിക്ക'ലിനെ ഒരു സുകുമാരകലയാക്കി വളര്‍ത്തിയെടുത്ത ഒരുപാടുപേര്‍ മലയാള സിനിമാരംഗത്തുണ്ട്.
പ്രശസ്ത വ്യക്തികളെ പ്രശംസിച്ച് വീര്‍പ്പുമുട്ടിച്ച് വിയര്‍പ്പിക്കുക, എതിരാളികളെക്കുറിച്ചുള്ള അപവാദകഥകള്‍ ചൂടാറാതെ ചെവിയില്‍ ഇറ്റിക്കുക എന്നിങ്ങനെ പോകുന്നു ഇവരുടെ 'സുഖചികിത്സാ'വിധികള്‍. ഒരു പുതിയ പടം റിലീസായാല്‍ ആദ്യത്തെ ഷോതന്നെ കണ്ട് ഏറ്റവുമാദ്യം അഭിപ്രായം പറയാന്‍ ഇത്തരക്കാര്‍ മത്സരിക്കും. കാരണം തിയേറ്ററിലെ ആദ്യ പ്രതികരണമെന്തെന്നറിയാന്‍ താരങ്ങളും സംവിധായകനും നിര്‍മാതാവുമെല്ലാം സ്വാഭാവികമായും ആകാംക്ഷാഭരിതരായിരിക്കുമല്ലോ.
ഇത്തരത്തിലൊരാള്‍, രണ്ടാഴ്ചത്തെ ഗള്‍ഫ് പര്യടനം കഴിഞ്ഞ് ഈയിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങി. കഷായത്തില്‍ ചുക്കെന്നപോലെ സിനിമാരംഗത്തെ എല്ലാ സെറ്റപ്പിലും ഒരുപോലെ 'വാഴു'ന്നയാളാണ്
ഇദ്ദേഹം!
പെട്ടെന്നാണ് ഇടിമിന്നല്‍പോലെ ഒരു ബോധോദയമുണ്ടായത്. ഇന്ന് മമ്മൂട്ടിയുടെ പടം റിലീസല്ലേ? ഇപ്പോള്‍ ആദ്യത്തെ ഷോ കഴിഞ്ഞിരിക്കും. ആദ്യംതന്നെ അഭിപ്രായം പറഞ്ഞില്ലെങ്കില്‍ മോശമാണ്.
ഒട്ടും അമാന്തിച്ചില്ല, കക്ഷി നേരെ മമ്മൂട്ടിയെ ഫോണില്‍ വിളിച്ചു: 'മമ്മൂക്കാ, പടം കണ്ടു. ഉഗ്രനെന്ന് പറഞ്ഞാല്‍ പോര, അത്യുഗ്രന്‍... മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്ത ഒരു പടം അടുത്തൊന്നും ഇറങ്ങിയിട്ടില്ല. എന്തായിരുന്നു തിയേറ്ററില്‍ കയ്യടി...'
ഫോണിന്റെ മറുതലയ്ക്കല്‍നിന്ന് മമ്മൂട്ടിയുടെ മനസ്സുതുറന്ന ചിരി കേട്ടപ്പോള്‍ കഥാനായകന് സന്തോഷമായി. ഏതായാലും പണി ഏറ്റു. ഇപ്പോത്തന്നെ വിളിക്കാന്‍ തോന്നിയത് എത്ര നന്നായി!
'ഫസ്റ്റ് ഹാഫ് അത്ര നന്നായില്ലെന്ന് ഒരു അഭിപ്രായം കേട്ടല്ലോ...' മമ്മൂട്ടി.
'ഛേയ്. അത് നമ്മുടെ ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ? മമ്മൂക്ക ആദ്യം അപ്പിയര്‍ ചെയ്തപ്പോ മുതല്‍ ഭയങ്കര ക്ലാപ്പിങ്ങല്ലായിരുന്നോ?'
'അപ്പോ സെക്കന്‍ഡ് ഹാഫോ?' മമ്മൂട്ടി.
'ശരിക്കും പറഞ്ഞാല്‍ സെക്കന്റ് ഹാഫിലാ തകര്‍ത്തത്. ഓരോ സീനിലും ഭയങ്കര പഞ്ചല്ലായിരുന്നോ? ക്യാരക്ടറിന് മമ്മൂക്ക കൊടുത്ത പുതിയ ട്രീറ്റ്‌മെന്റ് ജനത്തിന് അങ്ങേറ്റു. മമ്മൂക്കായ്ക്ക് ഹ്യൂമറ് ചെയ്യാന്‍ അറിയില്ലെന്ന് ഇനിയാരും പറയത്തില്ല.'
ഫോണിലൂടെ മമ്മൂട്ടിയുടെ ചിരി പൊട്ടിച്ചിരിയായി എട്ടു നിലകളില്‍ കത്തിപ്പടര്‍ന്നു. ചിരിയെന്നാല്‍ നിര്‍ത്താത്ത ചിരി. ചിരിക്കിടയില്‍ ഇത്തിരി ശ്വാസം പിടിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു: 'എടാ, നീ ഇത്രേം നേരം തിയേറ്ററിലിരുന്ന് പടം കണ്ട് വിയര്‍ത്തതല്ലേ... ഇനി പോയി കുളിച്ച് അല്‍പ്പം വിശ്രമിക്ക്...' ചിരി വീണ്ടും.
എന്തോ പന്തികേടുണ്ടോ? കഥാനായകന് സംശയം. 'എന്താ മമ്മൂക്കാ, അങ്ങനെ പറഞ്ഞത്?'
'എടാ, പ്രിന്റ് കിട്ടാത്തതിനാല്‍ പടം റിലീസ് ചെയ്തിട്ടില്ല. റിലീസ് അടുത്തയാഴ്ചത്തേക്ക് മാറ്റി...'
കഥാനായകന്റെ കയ്യില്‍നിന്നും ഫോണ്‍ വഴുതി താഴെ വീണു.

No comments: