Thursday, August 28, 2014

കാടൊരു കളിക്കളം

ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്റ്റാണ് 
തെന്മല വിനോദസഞ്ചാര കേന്ദ്രം.
സ്വാഭാവിക പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക്..




ഐത്തലക്കിടി കലകലകല......ഉം....ഹാ....ഉം.....ഹാ....
തെന്‍മല അഡ്വഞ്ചര്‍ സോണില്‍നിന്ന് കേട്ടതാണ് ഈ വായ്ത്താരി. വാലി ക്രോസിംഗില്‍ കമ്പിയിലൂടെ തൂങ്ങി നിരങ്ങിയിറങ്ങുന്ന കുടവയറന്‍ ഡാഡിക്ക് മക്കളുടെയും മമ്മിയുടെയും വക പ്രോത്സാഹനം. ഒരു ചെന്നൈ ഫാമിലിയുടെ വീരസാഹസിക കൃത്യങ്ങളാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പ്രോജക്ടാണ് തെന്‍മല വിനോദസഞ്ചാര കേന്ദ്രം.സ്വാഭാവിക പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക്. കുറെ രസവും കുറച്ച് അറിവും ചേരുന്ന 'അവിയല്‍' യാത്ര. കുട്ടികള്‍ക്ക് കാടിന്റെ സാമ്പിള്‍ അറിയാന്‍ പറ്റിയ സ്ഥലം. കൊല്ലം ജില്ലയിലാണ് തെന്‍മല. പുനലൂര്‍-ചെങ്കോട്ട റോഡില്‍. കല്ലട ജലസേചന പദ്ധതിയുടെ അണക്കെട്ടാണിത്. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട്, പാലോട്, മടത്തറ - കുളത്തൂപ്പുഴ വഴിയും കൊല്ലത്തുനിന്ന് പുനലൂര്‍ വഴിയും ഇവിടെ എത്താം. രണ്ടു മണിക്കൂര്‍ യാത്ര. പശ്ചിമഘട്ടത്തില്‍ ശെന്തുരുണി വന്യജീവ സങ്കേതത്തിനു സമീപമാണ് തെന്‍മല ഡാം.

മൂന്ന് സോണുകളാണ് തെന്‍മലയില്‍. അഡ്വഞ്ചര്‍ സോണ്‍, ലിഷര്‍ സോണ്‍, കള്‍ച്ചറല്‍ സോണ്‍. അഡ്വഞ്ചര്‍ സോണില്‍ മരത്തലപ്പുകളിലൂടെ മരപ്പാലത്തില്‍ നടക്കാം. മരങ്ങള്‍ക്കിടയിലൂടെ 21 അടി ഉയരത്തില്‍ വരെ കയറിയും ഇറങ്ങിയും പോകുന്ന ഒരു പാലം. 120 മീറ്റര്‍ നീളം. 110 പടികള്‍. ആകാശത്തും ഭൂമിയിലുമല്ലാതെ, എങ്ങോട്ടെന്നില്ലാതെ നടന്നു പോവുന്നതിന്റെ രസമൊന്നു വേറെ തന്നെ. ഗിയറുള്ള സൈക്കിളില്‍ കാടിന്റെ കയറ്റിറക്കങ്ങളിലൂടെ ഓടിച്ചുപോകാം. തടാകത്തിനു മുകളിലൂടെ കയറില്‍ തൂങ്ങി നീങ്ങാം. പാറയില്‍ വലിഞ്ഞു കയറാം. 'ചിലന്തി വല'യില്‍ കയറി നോക്കാം. തടാകത്തില്‍ പെഡല്‍ ബോട്ടില്‍ സഞ്ചരിക്കാം. സ്പീഡ് ബോട്ടില്‍ കെട്ടിയ ഗോവന്‍ ബനാനയില്‍ പേടിച്ച് കണ്ണടച്ചിരിക്കാം. സാഹസം ഫ്രീയല്ല. പലതിനും വെവ്വേറെ കാശു കൊടുക്കണം.

ലിഷര്‍ സോണില്‍ ജലാശയത്തിനു കുറുകെ തൂക്കുപാലമാണ്. പ്രശസ്തമായ പുനലൂര്‍ തൂക്കുപാലത്തെയിതു ഓര്‍മ്മിപ്പിക്കും. ഇവിടെയാണ് 23 ശില്പങ്ങളുള്ള ശില്‌പോദ്യാനം. ശില്പങ്ങളുടെ വിഷയം മനുഷ്യനും പ്രകൃതിയും. മരങ്ങള്‍ക്കിടയിലൂടെ നടക്കാനും വിശ്രമിക്കാനുമൊക്കെ ഒരുപാട് ഇടങ്ങള്‍.
കള്‍ച്ചറല്‍ സോണില്‍ രാത്രി ഏഴു മുതല്‍ മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫൗണ്ടന്‍. തിങ്കളാഴ്ച ഫൗണ്ടന്‍ ഡാന്‍സ് ചെയ്യില്ല. പരപ്പാര്‍ ജലാശയത്തില്‍, ശെന്തുരുണി വനത്തിന്റെ സൗന്ദര്യം നുകര്‍ന്നും ഒത്താല്‍ വന്യമൃഗങ്ങളെക്കണ്ടും ഒരു മണിക്കൂര്‍ ബോട്ടുയാത്ര. ബോട്ട് ലാന്റിംഗ് സെന്റിലെത്താന്‍ കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ പ്രോകണം. അതിനൊക്കെ വാഹനമുണ്ട്.

പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ശലഭസഫാരി പാര്‍ക്കും ഇവിടെയുണ്ട്. ശലഭങ്ങളും അവയുടെ പ്രതിമകളുമൊക്കെയുള്ള മനോഹരമായ പാര്‍ക്ക്. ഇവിടെ അല്പനേരം നടന്നാല്‍ കാണാത്ത ശലഭങ്ങളെ കാണാം. കണ്ടു പരിചയിച്ചവരുടെ നാളും പേരും ഊരുമെല്ലാമറിയാം. വംശനാശം നേരിടുന്ന ഓട്ടം ലീഫ് ബട്ടര്‍ഫ്ലൈയുടെ ആവാസകേന്ദ്രമാണ് തെന്മല.

ഇതിനൊക്കെ പുറമെ ഇക്കോ ഡവലപ്പ്‌മെന്റ് സൊസൈറ്റി നടത്തുന്ന വിവിധ ട്രക്കിംഗുകളും. സര്‍വ്വം പ്രകൃതിമയം. ഇവിടെത്തന്നെ താമസിക്കണമെങ്കില്‍ ഡോര്‍മിറ്ററിയുണ്ട്. അല്ലെങ്കില്‍ അഡ്വഞ്ചര്‍ സോണില്‍ താമരപ്പൊയ്കയുടെ കരയില്‍ ടെന്റില്‍ മെഴുകുതിരി വെട്ടത്തില്‍ ഒരു കാല്പനിക രാത്രിയാവാം. എന്താ പോരുന്നോ തെന്‍മലയ്ക്ക്? ഒരു കാര്യം. പുറപ്പെടും മുമ്പ് കേരളത്തിലാകമാനം ബോംബ് വെയ്ക്കുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നറിയണം. എങ്കില്‍ ഡാം അടച്ചിടാം. ഞങ്ങള്‍ക്ക് ഒരിക്കല്‍ അബദ്ധം പറ്റിയതാണ്.


Text: S N Jayaprakash, Photos: Vivek R Nair

No comments: