ഇന്നസെന്റ്
ഏതുകാര്യത്തിലായാലും എന്റെ തുടക്കവും തുടര്‍ച്ചയും ഒടുക്കവും അപ്പനിലാണ്. ഭൂമിയുടെ ഇരു ധ്രുവങ്ങളിലാണെങ്കിലും ഇവിടെയും പരലോകത്തുമാണെങ്കിലും ഞങ്ങള്‍ക്കുമാത്രം കാണാവുന്ന ഒരു ചരടിനാല്‍ ഞാനും അപ്പനും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. അകം കരഞ്ഞുകലങ്ങുമ്പോള്‍ ഇപ്പോഴും അപ്പനെന്റെ മുന്നില്‍ ഒരു വലിയ പൊട്ടിച്ചിരിയായി നില്ക്കുന്നു; കൊടുങ്കാറ്റിലോ കുത്തൊഴുക്കിലോ പെട്ട് വഴിതെറ്റുമ്പോള്‍ തുഴയും തുണയുമാകുന്നു. ഒരിക്കലും ഒറ്റപ്പെട്ടുപോകാന്‍ അപ്പന്‍ എന്നെ അനുവദിക്കുന്നേയില്ല; ഒരിക്കലും, ഒരിക്കലും. ഈ പ്രായത്തിലും അപ്പന്റെ ചൂടിലേക്കാണ് ഞാനെന്റെ ചിറകൊതുക്കുന്നത്.
ഇരിങ്ങാലക്കുട എന്ന നാട്ടിന്‍പുറത്ത് ജനിച്ച്, കഷ്ടി എട്ടാംതരംവരെ മാത്രം പഠിച്ച്, ഒരു കൊച്ചു കട നടത്തി ജീവിച്ച അപ്പന്‍ നാടിന്റെ അതിരുകള്‍ക്കപ്പുറം ദൂരങ്ങളിലേക്കൊന്നും സഞ്ചരിച്ചിട്ടില്ലായിരുന്നു. എന്നാല്‍ അപ്പന്റെ മനസ്സ് ഒരുപാട് ദൂരങ്ങളിലേക്ക് യാത്രചെയ്തിരുന്നു. മസ്തിഷ്‌കത്തില്‍ ഒരുപാട് ചിന്തകളുണ്ടായിരുന്നു. കമ്യൂണിസത്തിലുള്ള കടുത്ത വിശ്വാസവും അത് പകര്‍ന്നുകൊടുത്ത നിശിതമായ വായനയും ചര്‍ച്ചകളും വിശകലനങ്ങളുമെല്ലാം ചേര്‍ന്നാണ് അപ്പന്റെ മനസ്സില്‍ വെളിച്ചവും ശിരസ്സില്‍ ബുദ്ധിയും നിറച്ചത്.
മാപ്രാണത്ത് അപ്പന്‍ കട നടത്തിയതുതന്നെ കുറേ ആള്‍ക്കാരെ കമ്യൂണിസ്റ്റാക്കാനാണ് എന്ന് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. എനിക്കത് എത്രയോതവണ നേരില്‍ ബോധ്യപ്പെട്ടതാണ്. കടയില്‍ 'നവജീവന്‍' എന്ന പത്രം ഇട്ടിരുന്നു. അപ്പന്‍ അതുറക്കെ വായിക്കും. വായിക്കാനുള്ളത് ഒന്നും ഉറക്കെ വായിക്കരുതെന്ന് അപ്പന്‍ എന്നെ ഉപദേശിച്ചിരുന്നു. ഇപ്പോഴേ ഉറക്കെ വായിച്ചു ശീലിച്ചാല്‍ വലുതായി വായനശാലകളില്‍ ചെല്ലുമ്പോള്‍ എല്ലാവരും നിന്നെ ഒരു ശല്യമായിക്കാണും എന്നും അപ്പന്‍ പറഞ്ഞു. ആ അപ്പനാണ് നവജീവന്‍ നാട്ടുകാര്‍ മുഴുവന്‍ കേള്‍ക്കെ ഉറക്കെ വായിക്കുന്നത്. ഈ വൈരുധ്യം കണ്ട് ഞാന്‍ അപ്പനോട് ചോദിച്ചു.
'എന്നോട് ഒന്നും ഉറക്കെ വായിക്കരുതെന്ന് ഉപദേശിച്ച അപ്പന്‍ നാടുമുഴുവന്‍ കേള്‍ക്കുന്നവിധത്തില്‍ പത്രം വായിക്കുന്നതെന്തിനാ?'
അപ്പോള്‍ അപ്പന്‍ പറഞ്ഞു: 'കടയില്‍ വന്നിരിക്കുന്ന മിക്ക ആള്‍ക്കാരും ഈ പത്രത്തിനും അതിന്റെ ആശയങ്ങള്‍ക്കും എതിരാണ്. തൊട്ടുമുന്നില്‍ കിടന്നാല്‍പോലും എടുത്തുവായിക്കാറില്ല. എന്നാല്‍ വായിക്കണം എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടാകുകയും ചെയ്യും. അവര്‍ക്കുവേണ്ടിയാണ് ഞാനുറക്കെ വായിക്കുന്നത്. ചിലര്‍ കേട്ടില്ലെന്നു നടിക്കും; മറ്റുചിലര്‍ പാതിചെവി തുറന്ന് കേള്‍ക്കും. കേട്ടുകേട്ട് അതില്‍ ഏതെങ്കിലും ഒരാള്‍ കമ്യൂണിസത്തിന്റെ ചൂണ്ടയില്‍ കൊത്തും. അവന്‍ പിന്നെ പുറത്തുപോവില്ല.
അപ്പന്റെ ഈ കമ്യൂണിസ്റ്റ് ചൂണ്ടയില്‍ കൊത്തിയ എത്രയോപേര്‍ ഇരിങ്ങാലക്കുടയിലും മാപ്രാണത്തുമുണ്ടായിരുന്നു.
ഒരുദിവസം രാത്രി അല്പം നേരത്തേ ഉറങ്ങാന്‍ കിടന്ന അപ്പന്‍ ഉറക്കത്തില്‍ ചിരിച്ചു. അതുകണ്ട് അമ്മ പറഞ്ഞു: 'ഇന്ന് ആരെയോ കമ്യൂണിസ്റ്റാക്കിയതിന്റെ സന്തോഷത്തില്‍ ചിരിക്കുകയാണ് നിന്റെ അപ്പന്‍'.
ഒരേസമയം ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുമാകുക എന്നതാണ് ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച കാര്യം. അന്നും ഇന്നും അത് അങ്ങനെത്തന്നെയാണ്. അപ്പന്‍ ഈ വിഷമം വളരെയധികം അനുഭവിച്ചയാളാണ്. പള്ളിയിലും പാര്‍ട്ടി ക്ലാസിലും അപ്പന്‍ ഒരുപോലെ പോയി; ബൈബിളിനൊപ്പം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വായിക്കുന്നതില്‍ ഒരു വൈരുധ്യവും കണ്ടില്ല. എന്നാല്‍ ഇത് കണ്ടുനില്ക്കുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ പ്രശ്‌നമായിരുന്നു.
അപ്പന്റെ ഒരു സഹോദരി കന്യാസ്ത്രീ ആയിരുന്നു. സിസ്റ്റര്‍ ക്ലാവുദിയ എന്നായിരുന്നു അമ്മായിയുടെ പേര്. മാപ്രാണം ക്ലാരമഠത്തിലായിരുന്നു അവര്‍. അപ്പന്‍ കമ്യൂണിസ്റ്റായത് അമ്മായിക്ക് വലിയ കുറച്ചിലായി. മഠത്തിലും സഭയിലും അവര്‍ക്ക് പരിഹാസ്യയാകേണ്ടിവന്നു. ഒരുദിവസം അമ്മായി അപ്പനോട് പറഞ്ഞു:
'ചേട്ടാ, ചേട്ടന്‍ ഈ കമ്യൂണിസ്റ്റ് ചിന്താഗതി മാറ്റണം. ചെകുത്താന്റെ കൂട്ടുകെട്ട് നമുക്കുവേണ്ട'.
അതുകേട്ട അപ്പന്‍ അമ്മായിയോട് ചോദിച്ചു:
'നിനക്ക് തലയ്ക്ക് പ്രാന്തുണ്ടോ ക്ലാവുദിയേ? എനിക്കറിയാം എന്റെ വഴി'.
അമ്മായി തല്ക്കാലം ഒന്നും മിണ്ടിയില്ലെങ്കിലും വെറുതെയിരുന്നില്ല. അവര്‍ കോണ്‍വെന്റില്‍ പഠിക്കുകയായിരുന്ന എന്റെ ചേച്ചിമാര്‍ക്ക് എഴുതി:
'പ്രിയപ്പെട്ട പൗളീന്‍, സെലിന്‍...
നിങ്ങളുടെ അപ്പന്‍, എന്റെ ആങ്ങള, പിശാചിന്റെ വലയില്‍പെട്ട് ഉഴലുകയാണ്. വീട്ടില്‍ പ്രാര്‍ഥനയും നമസ്‌കാരങ്ങളും ഇല്ല എന്നുതന്നെ തോന്നുന്നു. നിങ്ങള്‍ അപ്പനെ അതില്‍നിന്ന് പിന്തിരിപ്പിക്കണം. ഒരു സത്യക്രിസ്ത്യാനിയായി അപ്പനെ തിരിച്ചുകിട്ടാന്‍ നമുക്ക് കര്‍ത്താവിനോട് പ്രാര്‍ഥിക്കാം...'
ഈ കത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ മുഴുവന്‍ കണ്ടു. അത് ചേച്ചിമാര്‍ക്ക് വലിയ നാണക്കേടും സങ്കടവുമുണ്ടാക്കി. അവര്‍ വീട്ടില്‍വന്ന് നിര്‍ത്താതെ കരഞ്ഞു. അപ്പന്‍ ആ കരച്ചിലിനെ തരിമ്പും വിലവെച്ചില്ല. അകത്ത് അവര്‍ കരയുമ്പോള്‍ പുറത്ത് ഒരു കൂസലുമില്ലാതെയിരിക്കുന്ന അപ്പനെ ഞാന്‍ കണ്ടിട്ടുണ്ട്. അമ്മായിയോട് പറഞ്ഞതുപോലെ അപ്പന്റെ വഴി അപ്പന് നന്നായി അറിയാമായിരുന്നു. പള്ളിയെയോ പുരോഹിതനെയോ മറ്റുപദേശികളെയോ അതില്‍ ഇടപെടാന്‍ അനുവദിക്കാറുമില്ലായിരുന്നു. ചിന്തയുടെ ധൈര്യമാണ് അതിന് അപ്പനെ സഹായിച്ചത് എന്ന് ഇന്നെനിക്കു മനസ്സിലാവുന്നു.
കറകളഞ്ഞ കമ്യൂണിസ്റ്റുകാരനാണെങ്കിലും എന്നോടൊരിക്കലും പാര്‍ട്ടിയില്‍ ചേരാനോ അതിന്റെ ആശയങ്ങളില്‍ വിശ്വസിക്കാനോ അപ്പന്‍ പറഞ്ഞിട്ടില്ല. അപ്പന് കമ്യൂണിസ്റ്റുപാര്‍ട്ടി എന്നാല്‍ കൊടിപിടിച്ച വെറും ഒരു ആള്‍ക്കൂട്ടമോ അവര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങളോ തിരഞ്ഞെടുപ്പോ ഭരണമോ ഒന്നുമായിരുന്നില്ല. അത് ഒരു സംസ്‌കാരവും മനുഷ്യത്വവും ധീരതയുമൊക്കെയായിരുന്നു. പാര്‍ട്ടിയെപ്പറ്റിയുള്ള പലകാര്യങ്ങളും പറഞ്ഞുതരുന്നതിലൂടെ അപ്പന്‍ എന്നിലേക്ക് പകര്‍ന്നതും ഇതൊക്കെത്തന്നെയായിരുന്നു. അവ പലതും എനിക്ക് ജീവിതത്തില്‍ വലിയ പാഠങ്ങളും വിളക്കുകളുമായി.
വിമോചന സമരകാലത്ത് അപ്പന്‍ സാക്ഷിയായ ഒരു സംഭവം എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പന്‍ കടപൂട്ടി വരികയായിരുന്നു. കമ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ കോണ്‍ഗ്രസ്സിന്റെ ഒരു ജാഥ കടന്നുപോവുകയാണ്. ആവേശത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജാഥയുടെ പ്രയാണം. പെട്ടെന്ന് ജാഥ ഒരിടത്തു നില്ക്കുകയും അല്പസമയത്തെ ബഹളത്തിനുശേഷം കടന്നുപോവുകയും ചെയ്തു. ജാഥയിലുണ്ടായിരുന്ന ഒരാള്‍മാത്രം ആ വഴിയില്‍ ശേഷിച്ചു. അപ്പനറിയാവുന്ന ഒരു മാഷായിരുന്നു അത്. അയാളെ ജാഥയില്‍നിന്ന് പുറത്താക്കിയതായിരുന്നു. കാരണം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:
'അവര്‍ വിളിച്ച എല്ലാ മുദ്രാവാക്യങ്ങളും ഞാന്‍ ഏറ്റുവിളിച്ചു വറീതേ, എന്നാല്‍ ഇ.എം.എസ്സിനെ ഉദ്ദേശിച്ച് വിളിച്ച,
'തൂങ്ങിച്ചാവാന്‍ കയറില്ലെങ്കില്‍
പൂണൂലൂരെട നമ്പൂരീ' എന്ന മുദ്രാവാക്യം എനിക്ക് വിളിക്കാന്‍ സാധിച്ചില്ല. എതിര്‍ചേരിയിലാണെങ്കിലും ഇ.എം.എസ്. അറിവുള്ളയാളാണ്. വലിയ മനുഷ്യനാണ്. ആഭാസകരമായ വാക്കുകള്‍ അദ്ദേഹത്തിനെതിരെ പ്രയോഗിക്കാന്‍ എന്റെ സംസ്‌കാരം എന്നെ അനുവദിച്ചില്ല. അതിന് അവര്‍ എന്നെ ജാഥയില്‍നിന്ന് പുറത്താക്കിയതാണ്.'
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. ഞങ്ങളുടെ ആഹ്ലാദപ്രകടനം എന്റെ എതിര്‍സ്ഥാനാര്‍ഥിയായ പോളിന്റെ വീടിനു മുന്നില്‍ എത്തിയപ്പോള്‍ ആരോ വിളിച്ചു:
'കെ.വി.പോളിനോടമ്മ പറഞ്ഞു
പന്ത്രണ്ടില്‍ നീ നില്ക്കരുതെന്ന്'
പെട്ടെന്ന് ഞാന്‍ ആ വീടിന്റെ പടിപ്പുരയിലേക്കുനോക്കി. അവിടെയിരിക്കുന്ന പോളിന്റെ കുട്ടികള്‍ ആ മുദ്രാവാക്യത്തിന് താളം പിടിക്കുന്നു. എന്റെ മനസ്സില്‍ പെട്ടെന്ന് ഒരു കറുത്തമേഘം വന്നുമൂടി. ഞാന്‍ കൂട്ടുകാരോട് പറഞ്ഞു:
'അരുത്, ആ മുദ്രാവാക്യം വേണ്ട, അത് നമുക്കുചേര്‍ന്നതല്ല. തിരഞ്ഞെടുപ്പില്‍ നമ്മള്‍ വിജയിച്ചു. അതിലപ്പുറം വാശിയോ ശത്രുതയോ എനിക്കാരോടുമില്ല.'
അപ്പന്‍ എന്റെ രക്തത്തിലേക്കു കയറ്റിവിട്ട രാഷ്ട്രീയ സംസ്‌കാരമാണ് എന്നെക്കൊണ്ട് അതുപറയിച്ചത്.
1987-ല്‍ വി.എം. സുധീരന്‍ മണലൂരില്‍ മത്സരിച്ചപ്പോള്‍ ഇ.എം.എസ്. അവിടെവന്ന് പ്രസംഗിച്ചു. അതിന്റെ പിറ്റേന്ന് പത്രം വായിച്ചതിനുശേഷം അപ്പന്‍ എന്നോട് ചോദിച്ചു:
'ഇ.എം.ന്റെ പ്രസംഗം നീ ശ്രദ്ധിച്ചോ'?
ഞാന്‍ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.
അപ്പന്‍ തുടര്‍ന്നു: 'എതിര്‍പാര്‍ട്ടിയിലായിട്ടും ഇ.എം.എസ്, സുധീരനെപ്പറ്റി മോശമായി ഒരുവാക്കുപോലും പറഞ്ഞില്ല. മറിച്ച്, കാര്യപ്രാപ്തിയുള്ളയാളും മിടുക്കനുമാണ് സുധീരന്‍ എന്നാണ് പറഞ്ഞത്. പക്ഷേ, ഇദ്ദേഹത്തെ ജയിപ്പിച്ചുവിട്ടാല്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സായിരിക്കും അധികാരത്തില്‍ വരിക എന്നുപറഞ്ഞ് വോട്ടുകള്‍ തടയുകയും ചെയ്തു. സംസ്‌കാരവും രാഷ്ട്രീയവും ഒരുമിച്ച്‌പോകുന്നത് ഇങ്ങനെയാണ്.'
അപ്പന്റെ ആ നിരീക്ഷണം അദ്ഭുതത്തോടെയാണ് ഞാന്‍ കേട്ടിരുന്നത്.
അപ്പന്റെ അടുത്തുനിന്നുകൊണ്ടാണ് ആദ്യമായി ഞാന്‍ ഒരു രാഷ്ട്രീയജാഥ കാണുന്നത്. 1952-ല്‍ എന്റെ നാലാം വയസ്സില്‍. സന്ധ്യക്ക് അപ്പന്‍ വീട്ടുമുറ്റത്ത് നില്ക്കുകയാണ്. ചെമ്മണ്‍റോഡിലൂടെ റാന്തല്‍വിളക്കിന്റെ വെളിച്ചത്തില്‍ ആര്‍പ്പുവിളികളോടെയാണ് അവര്‍ വന്നത്. ജാഥ വരുന്നതുകണ്ടപ്പോള്‍ അടുത്തുള്ള ക്രിസ്ത്യന്‍ വീടുകളിലൊന്നും ആരും പുറത്തേക്കുവന്നില്ല. ഞങ്ങളുടെ വീടുമാത്രം വാതില്‍ തുറന്നിട്ടുകണ്ടപ്പോള്‍ ജാഥ അങ്ങോട്ടുവന്നു. തെക്കേത്തല വറീതിന്റെ വീടാണ് അത് എന്ന് അവര്‍ക്ക് മനസ്സിലായിരിക്കണം. വീട്ടില്‍ കൃഷിപ്പണിക്കു സഹായിക്കുന്ന ജാനുച്ചേച്ചി എന്നെയും ഒക്കത്തെടുത്ത് ജാഥകാണാന്‍ വന്നുനിന്നു. മങ്ങിയ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ വെളുത്ത് ദൃഢശരീരിയായ ഒരു മനുഷ്യനെ ഞാന്‍ ആ കൂട്ടത്തില്‍ കണ്ടു. അയാളുടെ കഴുത്തില്‍ ഒരു ചുകന്ന മാലയിട്ടിരുന്നു. അയാള്‍ പെട്ടെന്ന് ഞങ്ങള്‍ക്കടുത്തേക്കുവന്നു. എന്നിട്ട് എന്റെ കവിളില്‍ ഒന്നുതട്ടി, ചുകപ്പുമാല ഊരി എന്റെ കഴുത്തിലിട്ടു. തുടര്‍ന്ന് അപ്പനെ നോക്കി ഒന്നുചിരിച്ചു. ജാഥ കടന്നുപോയി. ആ ദൃശ്യം എന്റെ മനസ്സില്‍ പതിഞ്ഞുകിടന്നു.
അന്ന് എന്റെ കഴുത്തില്‍ മാലയിട്ടുതന്ന ആ മനുഷ്യന്‍ ആരാണ് എന്ന് ഞാന്‍ വര്‍ഷങ്ങള്‍ക്കുശേഷം അപ്പനോടു ചോദിച്ചു.
'അതാണ് കെ.വി.കെ. വാരിയര്‍. വക്കീലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ നേതാവുമാണ്. 1952-ല്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോഴുള്ള ഘോഷയാത്രയായിരുന്നു അത്.' അപ്പന്‍ പറഞ്ഞു.
കറകളഞ്ഞ കമ്യൂണിസ്റ്റായ വാരിയര്‍ക്ക് ആകെയുണ്ടായിരുന്ന സ്വത്ത് പറപ്പൂക്കര പഞ്ചായത്തിലെ അല്പം കൃഷിയായിരുന്നു. ആ പഞ്ചായത്തില്‍തന്നെ പോയി ഒരിക്കല്‍ വാരിയര്‍ പ്രസംഗിച്ചു: 'കുടിയാന്മാര്‍ ജന്മിക്ക് ഒരു മണിപോലും പാട്ടംകൊടുക്കേണ്ടതില്ല' അന്നുമുതല്‍ വാരിയര്‍ക്ക് പാട്ടം കിട്ടാതെയായി. പാതി ചിരിയോടെയാണ് അപ്പന്‍ ഇതുപറഞ്ഞതെങ്കിലും, ആ മുഖത്ത് പെട്ടെന്ന് വല്ലാത്ത വിഷാദംപരന്നു.
അല്പനേരം ഒന്നും മിണ്ടാതെ അപ്പന്‍ ഒരു ബീഡി വലിച്ചു. എന്നിട്ടുപറഞ്ഞു:
'വാരിയര്‍ പറഞ്ഞ ഒരു അനുഭവകഥയിലൂടെയാണ് ഞാന്‍ യഥാര്‍ഥ കമ്യൂണിസത്തെയും മനുഷ്യസ്‌നേഹത്തെയും അറിഞ്ഞത്. പുസ്തകങ്ങള്‍ വായിച്ചോ പ്രസംഗങ്ങള്‍ കേട്ടോ നാടകങ്ങള്‍ കണ്ടോ അല്ല.' ആ സംഭവം അപ്പന്‍ പിന്നീട് എനിക്ക് പറഞ്ഞുതന്നു.
പാര്‍ട്ടിക്ലാസുകള്‍ എടുക്കുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്ത് വാരിയര്‍ വീറോടെ കത്തിനില്ക്കുന്ന കാലം. ഇരിങ്ങാലക്കുടയ്ക്ക് തൊട്ടടുത്ത സ്ഥലത്ത് ഒരു പൊലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ ഒരു കേസുണ്ടായി. അപ്പോള്‍ പാര്‍ട്ടി വാരിയരോട് പറഞ്ഞു: താങ്കള്‍ ഈ കേസില്‍ ഒളിവില്‍ പോവണം.
പ്രതിയാവാത്ത താന്‍ എന്തിനാണ് ഒളിവില്‍ പോകുന്നത് എന്ന് വാരിയര്‍ക്കു മനസ്സിലായില്ല. അദ്ദേഹം അത് പാര്‍ട്ടിയോട് ചോദിച്ചു. അപ്പോള്‍ പാര്‍ട്ടിപറഞ്ഞു:
താങ്കള്‍ പോയില്ലെങ്കില്‍ മറ്റുപലരുംപോകേണ്ടിവരും. അവരെ ഇപ്പോള്‍ പാര്‍ട്ടിക്ക് ഇവിടെ ആവശ്യമുണ്ട്.
വാരിയര്‍ക്ക് കാര്യം മനസ്സിലായി. അദ്ദേഹം ഒളിവില്‍പോകാന്‍ തീരുമാനിച്ചു.
ചാലക്കുടിക്കടുത്തുള്ള കനകമലയുടെ താഴ്‌വരയിലെവിടെയോ ആയിരുന്നു ഒളിത്താവളം ഒരുക്കിയിരുന്നത്. ബാക്കിയായ ചില പാര്‍ട്ടിക്ലാസുകള്‍കൂടി തീര്‍ത്ത് രാത്രി ഒന്‍പതുമണിയോടെയാണ് വാരിയര്‍ യാത്ര തുടങ്ങിയത്. പാര്‍ട്ടി അനുഭാവിയായ ഒരു ട്യൂട്ടോറിയല്‍ മാഷായിരുന്നു വഴികാട്ടി.
ഇരുട്ടില്‍, അപരിചിതമായ വഴിയിലൂടെ അവര്‍ അധികം സംസാരിക്കാതെ നടന്നു. തണുപ്പും കാറ്റും ചേര്‍ന്ന് അവരെ വിറപ്പിച്ചു. രാവിലെമുതല്‍ ആ സമയംവരെ ഒരു കട്ടന്‍ചായ മാത്രമായിരുന്നു വാരിയര്‍ കുടിച്ചിരുന്നത്. വിശപ്പ് സിരകളില്‍ മുഴുവന്‍ പടര്‍ന്നു. എട്ടുകിലോമീറ്ററോളം നടന്ന് രാത്രി പതിനൊന്ന്മണിയോടെ അവര്‍ കൂരയ്ക്കു മുന്നിലെത്തി.
ചെങ്കല്ലുകൊണ്ട് ചുമരുതീര്‍ത്ത ആ വീട് ഓലമേഞ്ഞതായിരുന്നു. മാഷ് മൂന്നുതവണ മുട്ടിയപ്പോള്‍ തീര്‍ത്തും ദുര്‍ബലമായ വാതില്‍ തുറന്ന് മുണ്ടും ബ്ലൗസും ധരിച്ച ഒരു സ്ത്രീ പുറത്തുവന്നു. ഒറ്റമുറി മാത്രമേ ആ വീടിനുണ്ടായിരുന്നുള്ളൂ. മണ്ണെണ്ണവിളക്കിന്റെയും ചെങ്കല്ലിന്റെയും നിറം കലര്‍ന്ന ആ മുറിയില്‍ ഒരു പ്ലേറ്റ് വെളുത്ത പിഞ്ഞാണംകൊണ്ട് അടച്ചുവെച്ചിട്ടുണ്ട്. അടുത്ത് ഒരുഗ്ലാസ്‌വെള്ളവും. അഞ്ചുവയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടി ചുമരിനോട് ചേര്‍ന്ന് പാതി ഉറക്കത്തിലാണ്ട് കിടക്കുന്നു. ഒരുവെളുത്ത വിരിപ്പില്‍ മുലകുടിമാറാത്ത ഒരുകുട്ടിയുമുണ്ട്.
വാരിയരെ വീട്ടിലാക്കി രാവിലെവരാം എന്നുപറഞ്ഞ് മാഷ് പോയി. അവിടെ ആ സ്ത്രീയും വാരിയരും കുട്ടികളും മാത്രമായി.
വെളുത്ത് സുമുഖനായ വാരിയരെ ആദ്യം ആ സ്ത്രീ തമ്പുരാനേ എന്നാണ് വിളിച്ചത്. വാരിയര്‍ അത് കര്‍ശനമായി തിരുത്തി സഖാവേ എന്നു വിളിക്കാന്‍ പറഞ്ഞു. സ്ത്രീ അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിച്ചു. വിശന്നുതളര്‍ന്ന
വാരിയര്‍ വേഗം കൈകഴുകി ഇരുന്നു. പിഞ്ഞാണമൂടി മാറ്റുമ്പോള്‍ വാരിയര്‍ സ്ത്രീയോട് ചോദിച്ചു:
'നിങ്ങള്‍ കഴിച്ചോ?'
സ്ത്രീ ഒന്നും മിണ്ടിയില്ല. പന്തികേട് തോന്നിയപ്പോള്‍ വാരിയര്‍ ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ പാതിമയക്കത്തില്‍ കിടന്നിരുന്ന പെണ്‍കുട്ടി പറഞ്ഞു:
'മാമന്‍ കഴിച്ചിട്ട് ബാക്കിയുള്ളത് കഴിക്കാം എന്ന് അമ്മപറഞ്ഞു.'
അത്‌കേട്ടതും വാരിയരുടെ ഉള്ളില്‍ ഒരു സേ്ഫാടനം നടന്നു. കത്തിപ്പടര്‍ന്ന വിശപ്പ് കെട്ടടങ്ങിയതുപോലെ, കണ്ണ് നിറഞ്ഞു. അത് പുറത്തുകാണിക്കാതെ അദ്ദേഹം പറഞ്ഞു:
'പലസ്ഥലങ്ങളിലും പാര്‍ട്ടിക്ലാസുകള്‍ കഴിഞ്ഞാണ് ഞാന്‍ വരുന്നത്. എല്ലാസ്ഥലത്തുനിന്നും ഭക്ഷണം കഴിക്കുകയും ചെയ്തു. സത്യം പറഞ്ഞാല്‍ എനിക്ക് വിശപ്പില്ലായിരുന്നു. നിങ്ങള്‍ കാത്തുവെച്ച ഭക്ഷണം കളയേണ്ട എന്നുകരുതി ഇരുന്നതാണ്.
അതുപറഞ്ഞ് മുറിയുടെ ഒരു മൂലയ്ക്ക് വിരിച്ചിരുന്ന ഒരു പായയില്‍ അദ്ദേഹം ചെന്നുകിടന്നു. കെട്ടടങ്ങിയ വിശപ്പ് സങ്കടത്തില്‍ കുളിച്ച് തിരിച്ചുവന്നു. ആ വിശപ്പിനെ അദ്ദേഹം എങ്ങോട്ടോ പറഞ്ഞയച്ചു. ഈ വിട്ടില്‍ നിന്നിട്ടുകാര്യമില്ല. വേദന പിന്നീട് തളര്‍ച്ചയായി. അങ്ങനെയങ്ങനെ വാരിയര്‍ ഉറങ്ങിപ്പോയി.
പിറ്റേന്ന് പുലര്‍ച്ചെ അദ്ദേഹം ഉണര്‍ന്നു. തലേന്ന് ഇരുന്നിരുന്ന അതേ സ്ഥലത്ത് ചുമരുചാരിയിരുന്ന് ആ സ്ത്രീ ഉറങ്ങുന്നു. പെണ്‍കുട്ടി തൊട്ടപ്പുറത്തു കിടക്കുന്നു, മാറത്ത് മുലകുടി മാറാത്ത കുട്ടിയും. അടച്ചുവെച്ച പിഞ്ഞാണം അതേപോലിരിക്കുന്നു. അതിനുചുറ്റും കറുത്ത ഉറുമ്പുകള്‍ നിറഞ്ഞിരിക്കുന്നു.
വാരിയര്‍ ആ സ്ത്രീയെ വിളിച്ചുണര്‍ത്തി. എന്നിട്ടു ചോദിച്ചു:
'നിങ്ങള്‍ ഈ ഭക്ഷണം കഴിച്ചില്ലേ? ഞാന്‍ പറഞ്ഞതല്ലേ?'
അപ്പോഴും ആ സ്ത്രീ ഒന്നും മിണ്ടിയില്ല. വീണ്ടുംചോദിച്ചപ്പോള്‍ പറഞ്ഞു:
'രാത്രിയെങ്ങാനും സഖാവിന് വീണ്ടും വിശന്നാലോ എന്നുകരുതി വെച്ചതാ. ഇവിടെ ഇതേ ഭക്ഷണമുള്ളൂ:'
അതുകൂടി കേട്ടപ്പോള്‍ വാരിയരുടെ ശരീരമാകെ വിയര്‍ത്തുകുളിച്ചു. ഉറക്കെ കരയണം എന്നുതോന്നി. അദ്ദേഹം വാതില്‍ തുറന്ന് പുറത്തെ ഇരുട്ടില്‍ ചെന്നുനിന്നു. അപരിചിതമായ ഒരു ദേശം മുഴുവന്‍ തന്നെവന്ന് വിഴുങ്ങുന്നതുപോലെ. നെഞ്ചില്‍ കരച്ചില്‍കിടന്ന് കിതയ്ക്കുകയാണ്.
അല്പംകഴിഞ്ഞപ്പോള്‍ മാഷ് വന്നു. വാരിയര്‍ അദ്ദേഹത്തിനൊപ്പം ഇറങ്ങി. വീട്ടില്‍നിന്നും ഇറങ്ങുന്നതിനു മുന്‍പ് അദ്ദേഹത്തിന് ആ സ്ത്രീയുടെ മുഖത്തേക്കുനോക്കാന്‍ സാധിച്ചില്ല.
പ്രഭാതത്തിന്റെ നേര്‍ത്ത പ്രകാശത്തില്‍ അവര്‍ മിണ്ടാതെ നടന്നു. കുറച്ചുവഴി കഴിഞ്ഞാല്‍ കാവലന്‍ എന്നൊരാള്‍ കാത്തുനില്പുണ്ടാവുമെന്നും പിന്നെ അയാള്‍ അടുത്ത താവളത്തില്‍ എത്തിക്കുമെന്നും മാഷ് പറഞ്ഞു.
വാരിയര്‍ ഒന്നും മിണ്ടിയില്ല. അപ്പോള്‍ മാഷ് ചോദിച്ചു.
'എന്താ ഭയം തോന്നുന്നുണ്ടോ?'
എന്നിട്ടും അദ്ദേഹം ഒന്നും പറഞ്ഞില്ല.
'ഞങ്ങള്‍ക്കൊക്കെ ധൈര്യം തരുന്ന കെ.വി.കെ. പതറുകയാണോ?' മാഷ് ചോദിച്ചു.
അതുകേട്ടതും കെ.വി.കെ. പൊട്ടിപ്പൊട്ടിക്കരയാന്‍ തുടങ്ങി. ഒരുമരത്തില്‍ മുഖം ചേര്‍ത്ത് ചങ്കുകീറിക്കരഞ്ഞു. മാഷിന് ഒന്നും മനസ്സിലായില്ല. കുറച്ചുകഴിഞ്ഞ് കരച്ചില്‍ ഒരു കിതപ്പിന് വഴിമാറിയപ്പോള്‍ വാരിയര്‍ നടന്നതെല്ലാം മാഷിനോട് പറഞ്ഞു. കനകമലത്താഴ്‌വരയിലെ തണുത്ത പ്രഭാതം ഒരിലപോലും പൊഴിക്കാതെ അത് കേട്ടുനിന്നു. പറഞ്ഞുതീര്‍ന്ന് വാരിയര്‍ ചോദിച്ചു:
'നമ്മള്‍പോന്ന ആ കുടിലിലെ കുട്ടികളെ പട്ടിണിക്കിട്ട് വളര്‍ത്തുന്ന കമ്യൂണിസം നമുക്കുവേണോ മാഷേ? കാര്യം എനിക്ക് കുട്ടികളില്ല, പക്ഷേ, എനിക്ക് വിശപ്പറിയാം'
അപ്പോള്‍ മാഷ് പറഞ്ഞു: കെ.വി.കെ., ആ കുട്ടികള്‍ ഒരുപക്ഷേ, ഇന്ന് പട്ടിണികിടന്നു മരിച്ചേക്കാം. എന്നാല്‍ ഇതുപോലുള്ള എത്രയോ കുട്ടികള്‍ക്കും ദരിദ്രര്‍ക്കുംവേണ്ടിയാണ് നമ്മള്‍ പൊരുതുന്നത്. ഞങ്ങള്‍ക്ക് ക്ലാസെടുക്കുന്ന കെ.വി.കെ.യ്ക്ക് അതറിയില്ലേ?'
കമ്യൂണിസം കലക്കിക്കുടിച്ച കെ.വി.കെ.യ്ക്ക് പക്ഷേ, അത് മനസ്സിലായില്ല. അദ്ദേഹം നനഞ്ഞ കണ്ണുകളോടെ മിഴിയടച്ചുനിന്നപ്പോള്‍, വിരിഞ്ഞുവരുന്ന ചുകന്ന പ്രഭാതത്തെ നോക്കി മാഷ് മുഷ്ടിചുരുട്ടി വിളിച്ചു:
'ഇങ്ക്വിലാബ്'.
അതുകേട്ട് കണ്ണുതുറന്ന കെ.വി.കെ. ഒരു നിമിഷത്തെ മൗനത്തിനുശേഷം കൈയുയര്‍ത്തി വിറയ്ക്കുന്ന സ്വരത്തില്‍ വിളിച്ചു:
'സിന്ദാബാദ്.'
അത് കനകമലയുടെ അസ്തിവാരങ്ങളില്‍ തട്ടി പ്രതിഫലിച്ചു. അവര്‍ നടന്നു.
ഇത്രയും പറഞ്ഞശേഷം അപ്പന്‍ കിതച്ചു. കുറച്ചുനേരം ചുമരില്‍ തലചായ്ച്ചിരുന്നു. ഒരു ബീഡികത്തിച്ചു. അന്ന് പിന്നെ അപ്പന്‍ ആരോടും മിണ്ടിയിട്ടില്ല.
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കെ.വി.കെ.യെ പരിചയപ്പെട്ടു. അപ്പോഴേക്കും അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നും പുറത്തുപോന്നിരുന്നു. എന്തൊക്കെയോ ദുഃഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പ്രായത്തില്‍ ഏറെ അന്തരമുണ്ടെങ്കിലും ഞാനും ബാലചന്ദ്രനും രവിയും ഹുസൈനും പോളിയും എല്ലാം ചേര്‍ന്ന സംഘത്തില്‍ അദ്ദേഹം വരും. അയ്യങ്കാവ് മൈതാനത്തും കൊറിയന്‍ ജോസിന്റെ കടയിലും ഞങ്ങള്‍ സംസാരിച്ചിരിക്കും.
കെ.വി.കെ.യെ പരിചയിച്ച കാര്യം അപ്പനോടു പറഞ്ഞപ്പോള്‍ അപ്പന്‍ പറഞ്ഞു:
'എന്തിനാണ് അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയത് എന്നെനിക്കറിയില്ല. എന്നാല്‍ ഒന്നറിയാം: അത്തരം കമ്യൂണിസ്റ്റുകാരെയും അദ്ദേഹം അന്നുപറഞ്ഞ ആ അനുഭവത്തിലേതുപോലുള്ള മനുഷ്യരെയും നിന്റെ വഴിയില്‍ നീ കണ്ടെന്നുവരില്ല. കമ്യൂണിസം വെറുമൊരു പാര്‍ട്ടിയോ തിരഞ്ഞെടുപ്പുകളോ മുദ്രാവാക്യം വിളികളോ അധികാരമത്സരങ്ങളോ ഒന്നുമല്ല ഇന്നസെന്റേ, മനുഷ്യത്വമാണ്; മനുഷ്യത്വം മാത്രമാണ് . മനുഷ്യത്വമുള്ളവരെല്ലാം നല്ല കമ്യൂണിസ്റ്റുകാരാണ്. മനുഷ്യത്വത്തിന്റെ പുസ്തകമാണ് മാര്‍ക്‌സിസം.'
ഇപ്പോഴും ഇടയ്ക്കിടെ ഇരിങ്ങാലക്കുട കിഴക്കേപ്പള്ളിയിലെ അപ്പന്റെ കുഴിമാടത്തില്‍ ഞാന്‍ ചെന്നുനില്ക്കാറുണ്ട്. അപ്പോഴെല്ലാം അപ്പന്‍ പതുക്കെ ചോദിക്കുന്നത് എനിക്കു കേള്‍ക്കാം: അത്തരം മനുഷ്യരെയോ കമ്യൂണിസ്റ്റുകാരെയോ നീ കണ്ടുമുട്ടിയോ?
പ്രിയപ്പെട്ട അപ്പാ, അത്തരക്കാര്‍ ഈ ഭൂമിയില്‍ എവിടെയൊക്കെയോ ഉണ്ട്. എന്റെ കണ്‍മുന്നില്‍ വരുന്നില്ല എന്നുമാത്രം. 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നല്ലേ ബൈബിള്‍ പറയുന്നത്? ഞാനെന്റെ അന്വേഷണം തുടരുകയാണ്. അത്തരം ഒരാളെ കണ്ടെത്തുന്ന ദിവസം അയാളുമൊത്ത് ഞാന്‍ അപ്പന്റെ കുഴിമാടത്തില്‍ വരും, എന്നിട്ട് അയാളുടെ കൈപിടിച്ചുയര്‍ത്തിയിട്ട് ഉച്ചത്തില്‍ വിളിക്കും.
'ഇങ്ക്വിലാബ്.'
അപ്പോള്‍ എനിക്കേറെ പ്രിയപ്പെട്ടതും പരിചിതമായതുമായ ശബ്ദത്തില്‍ അപ്പന്‍ വിളിക്കുന്നത് എനിക്കുകേള്‍ക്കാം.
'സിന്ദാബാദ്!'
പള്ളിക്കു മുകളിലെ തിരുരൂപം അതുകേട്ട് മന്ദഹസിക്കും, അള്‍ത്താരയില്‍ മെഴുകുതിരികള്‍ മിഴിതുറക്കും.
(ഇന്നസെന്റിന്റെ ചിരിക്ക് പിന്നില്‍ എന്ന ആത്മകഥയിലെ അവസാന അദ്ധ്യായം)

No comments:
Post a Comment