Sunday, October 25, 2015

ചെയ്സ്

മിഷൻ ഇംപോസിബിളിൽ ടോം ക്രൂയിസ് വില്ലന്റെ പിന്നാലെ ബൈക്കിൽ ചെയ്സ് ചെയ്യുന്നു. ഓരോ ട്വിസ്റ്റിനും വളവിനും അനുസരിച്ച് തീയറ്ററിൽ വിസിലടിച്ചും കൈയടിച്ചും പ്രോത്സാഹനമാണ്. ഞാനാലോചിച്ചു, ഇവമ്മാരിത് എന്ത് കണ്ടിട്ടാ കൈയടിക്കുന്നത്! അതിന് മാത്രം എന്ത് അഭ്യാസമാണ് ടോം ക്രൂയിസ് കാണിക്കുന്നത്! പളപളത്ത റോഡ്. വില്ലനും നായകനും ഒഴികെ ബാക്കി എല്ലാവരും സ്റ്റെഡിയായി, ഇടയ്ക്ക് സ്പെയ്സ് ഇട്ട്, വരിയിൽ വണ്ടിയോടിക്കുന്നു. ഇതിന്റെ ഇടയിൽകൂടി വളഞ്ഞും പുളഞ്ഞും പോവാൻ വല്യ കഴിവൊന്നും വേണ്ട. ചുണയുണ്ടെങ്കിൽ ടോം ക്രൂയിസിനോട് കേരളത്തിൽ വന്ന് ഇത് കാണിക്കാൻ പറ. ആളുകൾ കൈയടിക്കുന്ന ആ അഭ്യാസം ഇവിടെ കാണിച്ചാൽ പത്ത് മീറ്ററിനുള്ളിൽ ക്രൂയിസിന്റെ പരിപ്പെളകും. കാരണം ഇവിടെ ഒന്നൊഴിയാതെ എല്ലാവരും വളഞ്ഞും പുളഞ്ഞുമാണ് പോകുന്നത്. ഒരു വണ്ടിയുടെ ഫ്രണ്ട് ബംപറിനും മുന്നിലെ വണ്ടിയുടെ ബാക്ക് ബംപറിനും ഇടയിൽ ഒരു നംബർ പ്ലേറ്റിനുള്ള ഗ്യാപ്പ് പോലും കാണില്ല. ഏത് വണ്ടി എപ്പോ എങ്ങോട്ട് തിരിയുമെന്ന് പിന്നാലെ വരുന്നവർക്ക് പോയിട്ട് അതോടിക്കുന്നവർക്ക് തന്നെ പറയാൻ പറ്റില്ല. ഇനി എങ്ങാനും അത്ഭുതം സംഭവിച്ച് ആദ്യ പത്ത് മീറ്ററിൽ ഒരു കൂട്ടിയിടി ഒഴിവായാൽ തന്നെ അടുത്ത അഞ്ച് മീറ്ററിനുള്ളിൽ റോഡിലെ ഒരു ഗട്ടറിലോ മാൻ ഹോളിലോ വണ്ടി വീണിരിക്കും. ഇങ്ങനൊക്കെ ആയിരുന്നിട്ടും നുമ്മടെ ചീള് പയ്യൻമാര് ഇതിന്റെ ഇടേക്കൂടെ നൂറേ നൂറ്റിപ്പത്തേന്നും പറഞ്ഞാ പായുന്നത്. ഇത് ദിവസോം കാണുന്ന നമ്മളെന്തിനാണ് കണ്ട ടോം ക്രൂയിസുമാർക്കൊക്കെ കൈയടിക്കുന്നത്?

By - Vaisakhan Thampi

No comments: