പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ-
ദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍...
(ഇടശ്ശേരി - കറുത്ത ചെട്ടിച്ചികള്‍)
മലമ്പുഴയിലേക്ക് മഴമേഘങ്ങള്‍ കടന്നുവരുന്നത് കവയിലൂടെയാണ്. മലമുടികള്‍ക്ക് മേലെ കറുത്തിരുണ്ട് നിരക്കുന്ന മേഘങ്ങളെ കാണാന്‍ സഞ്ചാരികളെത്തും. കവയില്‍ മഴ കാത്തിരിക്കുന്ന നിമിഷങ്ങളിലൂടെ..
വളരെ പണ്ട്, തന്റെ ശക്തി മുഴുവന്‍ വാലില്‍ ശേഖരിച്ച്, ഒരു ഭീകരനായ വ്യാളി ഭൂമിയെ നശിപ്പിക്കാന്‍ വരികയായിരുന്നു. അപ്പോള്‍, അജാതശത്രുവും ഹെര്‍ക്കുലീസിനെപ്പോലെ ശക്തനും ഒഡീസിയസിനെപ്പോലെ ധീരനുമായ ഒരു രാജകുമാരന്‍ ആ വ്യാളിയെ നേരിടുകയും തന്റെ ഭീമന്‍ ഖഡ്ഗം കൊണ്ട് അതിന്റെ ശക്തി ഒളിപ്പിച്ചുവെച്ച വാല്‍ വെട്ടി വീഴ്ത്തുകയും ചെയ്തു. ആ വാല്‍ വന്നു വീണത് മലമ്പുഴയിലെ കവയിലാണെന്ന് തോന്നും, ഞങ്ങളുടെ നേര്‍ മുന്നില്‍ കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ ഒരു പര്‍വ്വത ശിഖരം കണ്ടാല്‍. കവ എന്ന സ്ഥലം അങ്ങിനെയാണ്. എപ്പോഴും നമ്മെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കും.
മഴമേഘങ്ങളുടെ ഗര്‍ഭഗൃഹമാണ് കവ. ആദ്യവര്‍ഷമേഘം ഉരുവം കൊള്ളുന്നത് കവയിലാണ്. പാലക്കാട് നഗരത്തിന് സമീപം ഒലവക്കോട്ട് നിന്ന് മലമ്പുഴ ഉദ്യാനത്തെ ചുറ്റിപ്പോകുന്ന റോഡിലൂടെ കവയിലെത്താം. മലമ്പുഴ തടാകത്തിന്റെ ആരംഭമാണ് ഇവിടം. സഞ്ചാരപ്രിയരായ നിരവധി സ്വദേശികളും വിദേശികളും ഇവിടേക്ക് സീസണില്‍ എത്താറുണ്ട്. മഴക്കാലത്തിന്റെ തുടക്കത്തില്‍ ആദ്യത്തെ മേഘം ഉരുണ്ടു തുടങ്ങുന്നതോടെ ഇവിടെ സീസണ്‍ ആരംഭിക്കുന്നു. മണ്‍സൂണ്‍ യത്രകളില്‍ ഒഴിവാക്കാനാകാത്ത ഇടമാണ് കവ.
കണ്ണുകള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വിധം വിശാലമാണ് ഇവിടുത്തെ പ്രകൃതിയുടെ കാന്‍വാസ്. നാല് മണിക്കാണ് ഞങ്ങള്‍ കവയിലെത്തിയത്. അവിടെ തെളിഞ്ഞ ആകാശം. പാലക്കാടന്‍ ചൂട് ശമിച്ചിട്ടില്ല. നേരിയ കാറ്റ്. 'ഇപ്പോള്‍ വരും മേഘങ്ങള്‍', സുധീര്‍ പറഞ്ഞു. ഞാനത് വിശ്വസിച്ചില്ല. സുധീര്‍ ട്രൈപോഡ് തടാകത്തിന്റെ നനഞ്ഞ മണ്ണില്‍ ഉറപ്പിക്കുകയും ആംഗിളുകള്‍ക്കായി നാലുപാടും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാനൊരു തേക്കിന്റെ ഇലയെടുത്ത് മുഖം മറച്ച് മണ്ണില്‍ കിടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്യാമറയുടെ ഒരു ക്ലിക്ക് ശബ്ദം. ഞാന്‍ അനങ്ങാതെ കിടന്നു. പിന്നീട് തുടരെ തുടരെ ക്ലിക്ക് ശബ്ദങ്ങള്‍. തേക്കിന്റെ ഇലമാറ്റി ഞാന്‍ കണ്ണുതുറന്നു. അതോടെ വിരസവും നിശബ്ദവും നിസ്സഹായവുമായ ഒരു ലോകത്ത് നിന്ന് നീരണിഞ്ഞു നില്‍ക്കുന്നതും ഘനശ്യാമവുമായ ഒരു ലോകത്തിലേക്ക് ഞാന്‍ എടുത്തെറിയപ്പെട്ടു. അഞ്ചു നിമിഷം കൊണ്ട് ചരിത്രവും ശാസ്ത്രവും ഇടകലരുന്ന മേഘങ്ങളുടെ കഥ കവയുടെ ആകാശത്ത് എഴുതപ്പെട്ടിരുന്നു. മലയിടുക്കിലൂടെ നീരാവിയുടെ ചെറിയ ഒരു അരുവി വന്ന് തടാകത്തിന്റെ മുകളില്‍ മേഘമാലകളായി മാറുന്നു. അവ കൂടുതല്‍ ഇരുളുന്നു.
മേഘങ്ങളുടെ വേഗവും അതിന്റെ ചുഴിയുന്ന സ്വഭാവവും ആദ്യമായും വ്യക്തമായും ഞങ്ങള്‍ കണ്ടുതുടങ്ങി. ജലത്തിന്റെയും കാറ്റിന്റെയും വേഗതയുമായി തട്ടിച്ചുനോക്കിയാല്‍ അസാധാരണമായ വേഗതയാണ് മേഘങ്ങള്‍ക്ക്. സെക്കന്റുകള്‍കൊണ്ട് അവ ഉരുണ്ടു കൂടുകയും ചിതറി തെറിക്കുകയും ചെയ്യും. ഷേക്‌സ്പിയറിന്റെ ടെമ്പസ്റ്റ് എന്ന നാടകത്തിലെ കടല്‍ ക്ഷോഭം ഓര്‍മ്മവരും, കവയിലെ മേഘങ്ങളുടെ അസാധാരണമായ ഈ രംഗാവിഷ്‌കാരം കണ്ടാല്‍.
മുന്നറിയിപ്പുകളൊന്നുമില്ലാതെ പിന്നെ മഴപെയ്യാന്‍ തുടങ്ങി. മഴ കൊണ്ടാലെന്താ? കൊള്ളുന്നെങ്കില്‍ കവയില്‍ നിന്നുകൊള്ളണം. മഴയല്ല, ആകാശമാണ് പെയ്യുന്നത്! പ്രകൃതിയുടെ മഹാരഹസ്യം നിസ്സാരരായ മനുഷ്യര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന നാടകശാലയാണ് കവ എന്ന് പറയുന്നത് ശരിയായിരിക്കും, ശരിയാവാതെ തരമില്ല.
Travel Info
Kava
Kava is located in Palakkad District. It lies on the hills of Malampuzha
and is an ideal place for natural lovers and adventures. The forest
nearby is a home to some rare species of birds and butterflies.
How to reach
By Road: Buses are available from Palaghat to Kava. Route: from Sulthanpet Jn to Olavakkodu (4km) and turn right to Malampuzha (8 km). Again turn right and procced 2 km to Kava.
By Rail: Palaghat 14 km
By Air: Coimbatore 55Km.
Stay
How to reach
By Road: Buses are available from Palaghat to Kava. Route: from Sulthanpet Jn to Olavakkodu (4km) and turn right to Malampuzha (8 km). Again turn right and procced 2 km to Kava.
By Rail: Palaghat 14 km
By Air: Coimbatore 55Km.
Stay
Tripenta Hotel, Ph: 2815210
Garden House,
Ph: 2815277
Govardhana Holiday Village, Ph:2815264
Champion Regency,Ph: 2815591
Hotel Dam Palace, Ph: 2815237
Contact
Garden House,
Ph: 2815277
Govardhana Holiday Village, Ph:2815264
Champion Regency,Ph: 2815591
Hotel Dam Palace, Ph: 2815237
Contact
STD Code: 0491
Information Office: 2815280, 2815140
Police Station: 2815284
Coimbatore Airport-04222574623
Dist Information Office-2533329.
Information Office: 2815280, 2815140
Police Station: 2815284
Coimbatore Airport-04222574623
Dist Information Office-2533329.
Text: M K Vasudevan, Photos: C Sudheer