സാധാരണ അമ്മദിനത്തില്‍ ഞാന്‍ ജന്തുലോകത്തിലെ ഏതെങ്കിലും ഒരു അമ്മയെക്കുറിച്ച് ഒരു പോസ്റ്റ് എഴുതുകയാണ് പതിവ്. ഇത്തവണ അമ്മമാരുടെ സമ്മേളനം വിളിച്ചു കൂട്ടാമെന്ന് വച്ചു. ഓരോരുത്തരായി കടന്നു വന്നു പരിചയപ്പെടുത്തി പോകട്ടെ.
1. പേര് അരണ. ഞാന്‍ മുട്ടയിടും, മുട്ട ശത്രുക്കള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ എന്റെ വാലുമുറിച്ചു വരെ അവയെ സംരക്ഷിക്കാന്‍ ശ്രമിക്കും. പക്ഷേ ശത്രുക്കളോട് പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്നു മനസ്സിലായാല്‍ ഞാനിട്ട മുട്ടകള്‍ ഞാന്‍ തന്നെ തിന്നും. കഷ്ടപ്പെട്ട് ഞാനിട്ട മുട്ട അങ്ങനെ വേറൊരുത്തരും തിന്ന് സുഖിക്കണ്ടാ. നിങ്ങള്‍ മനുഷ്യന്മാര്‍ക്ക് അത് വലിയ തെറ്റായിരിക്കാം, എന്നാലും ഒന്ന് ആലോചിച്ചു നോക്കൂ, ആ മുട്ടയെല്ലാം ഇട്ടിട്ടോടിയാല്‍ തിന്നുന്ന ശത്രുക്കള്‍ക്കാണ് പ്രയോജനം, പകരം ഞാന്‍ തന്നെ അടിച്ചാല്‍ അടുത്ത തവണ മുട്ടയിടാന്‍ ഉള്ള ആരോഗ്യവുമായി, ശത്രുക്കള്‍ക്ക് ഭക്ഷണം കിട്ടാതെയുമായി. ഇനി പറയൂ, അതൊരു തെറ്റാണോ?
2. ഞാന്‍ ഡീപ്പ് സീ ഒക്റ്റോപ്പസ്. നിങ്ങള്‍ മലയാളികളെപ്പോലെ കടലിന്റെ ഏതു കോണിലും- ആഴം കൂടിയേടത്തും കുറഞ്ഞ ഇടത്തും ഒക്കെ - കുടിയേറി ജീവിക്കും. ഒറ്റ പേറേ, അല്ല മുട്ടയിടീലേ എനിക്കുള്ളൂ ജീവിതത്തില്‍. എപ്പോ വിരിയും എന്ന് ആര്‍ക്കും ഒരു പിടിയും ഇല്ല. ആഴക്കൂടുതല്‍ അനുസരിച്ച് ചിലപ്പോ ഒരൊറ്റ മാസത്തില്‍ വിരിഞ്ഞേക്കും, ചിലപ്പോള്‍ 4 വര്‍ഷത്തിലും കൂടുതല്‍ ഞാന്‍ എന്റെ മുട്ടകളും കാത്തുസൂക്ഷിച്ച് കഴിയണം. 4 വര്‍ഷം എന്നൊക്കെ പറഞ്ഞാല്‍ എന്റെ മൊത്തം ആയുസ്സാണ് കേട്ടോ. 10 മാസം ചുമന്ന് പെറ്റു എന്നൊന്നും എന്നോട് പറയരുത്, ഞാന്‍ തുപ്പും. നമ്മള്‍ ഒരായുസ്സു മൊത്തം ഗര്‍ഭവും കൊണ്ട്, എന്നു വിരിയും എന്നറിയാത്ത അനിശ്ചിതത്ത്വത്തോടെ നടക്കുന്നയാളാണ്. ലോകത്ത് ഒരു ജീവിക്കും ഇത്രയും കാലം മുട്ടയ്ക്ക് അടയിരിക്കേണ്ട ഗതികേടില്ല.
3. പേര്, ശ്രീമതി സ്റ്റ്രോബെറി പോയിസണ്‍ ആരോ ഫ്രോഗ്. കൊച്ചുങ്ങളെ നോക്കുന്ന കാര്യം പറയണ്ടാ. മുട്ട തറേല്‍ വിരിഞ്ഞാല്‍ പിന്നെ ഓരോന്നിനെയായി തലച്ചുമടാക്കി മരത്തേല്‍ നൂറടി വലിഞ്ഞു കേറി നനവുള്ള ഇല നോക്കി തൊട്ടില്‍ ഉണ്ടാക്കി അതിലാക്കണം. എല്ലാം കൂടെ ഒരെണ്ണത്തില്‍ ആയാല്‍ ഇലയടര്‍ന്ന് താഴെ പോയാല്‍ കഴിഞ്ഞില്ലേ, എങ്ങനെ ഉണ്ട് എന്റെ ബുദ്ധി? തീര്‍ന്നില്ല. ഞാനിട്ടു വിരിയാതെ പോയ മുട്ടയാണ് കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ തീറ്റയായി കൊടുക്കാറ്. മരത്തിന്റെ മണ്ടയ്ക്ക് ഇരിക്കുന്ന പീക്രിക്കള്‍ക്ക് കഴിക്കാന്‍ ഞാനെന്തു കൊടുക്കാനാ? നെക്സ്റ്റ് റ്റൈം പ്രസവിക്കുമ്പോ നിങ്ങളു മറുപിള്ളയോ മറ്റോ സൂപ്പ് വച്ചു കൊടുത്തു നോക്കിക്കേ, കുട്ടികള്‍ വളരും ഇരട്ടി ഫാസ്റ്റര്‍, സ്റ്റ്രോങ്ങര്‍, സ്മാര്‍ട്ടര്‍.
4. ഞാന്‍ ബ്ലാക്ക് ഈഗിള്‍. ഒന്നില്‍ കൂടുതല്‍ പിള്ളേര്‍ ഉള്ളവര്‍ക്ക് അറിയാം ഇവറ്റ തമ്മില്‍ തല്ലിയാല്‍ എങ്ങനെ ദേഷ്യം വരുമെന്ന്. നിങ്ങളൊക്കെ പിള്ളേരെ വഴക്കുപറഞ്ഞ് അടക്കാറുണ്ട് അല്ലേ? ഞാന്‍ അതങ്ങ് അവഗണിക്കുകയാണ് പതിവ്. കയ്യൂക്കുള്ളവ ജീവിച്ചാല്‍ മതി. ചിലപ്പോ ഒരു കൊച്ച് മറ്റേ കൊച്ചിനെ അങ്ങു കൊല്ലും. പെണ്‍കൊച്ചുങ്ങള്‍ ആണ് വലിപ്പക്കൂടുതല്‍ എന്നതിനാല്‍ മിക്കവാറും ചത്തുപോകുക ആണ്‍ കുഞ്ഞായിരിക്കും. മക്കളു തമ്മി തല്ലി ചാകുമ്പോള്‍ നോക്കിക്കോണ്ടിരിക്കുന്ന ദുഷ്ട എന്നാണോ? പോടീ. നിന്റെയൊക്കെ നാട്ടില്‍ മനുഷ്യന്റെ തന്തേം തള്ളേം ഗര്‍ഭം പെണ്ണാണെങ്കില്‍ കലക്കും എന്ന് എനിക്കറിയാം.
5.ഞാന്‍ കുയില്‍. സറോഗസിയുടെ തലതൊട്ടമ്മ. മുട്ടയിടാറാകുമ്പോ കാക്കക്കൂട്ടില്‍ പോയി ഇടും. ബാക്കിയൊക്കെ കാക്കച്ചി നോക്കിക്കോളും, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍.
6. ഞാന്‍ ജയന്റ് പാന്‍ഡ. ഈരാറ്റുപേട്ട, ഛെ ഇരട്ടപെറ്റ പാന്‍ഡാ. ഞങ്ങള്‍ ഇരട്ട പെറ്റാല്‍ ഒരു കുഞ്ഞിനെ അങ്ങ് കളയാറാണ് പതിവ്. തെറി വിളിക്കുന്നേനു മുന്നേ കാരണം കൂടി കേള്‍ക്കൂ. രണ്ടെണ്ണത്തിനു പാലു തികയാറില്ല. അപ്പോ പിന്നെ രണ്ടും ചാകുന്നതിലും ഭേദമാണല്ലോ ഉള്ള പാല്‍ ഒന്നിനു കൊടുത്തു അതിനെ വളര്‍ത്തല്‍? ഇനി പറയൂ, ഞാന്‍ ചെയ്യുന്നത് പാപമാണോ?
7. ഇപ്പോ പോയ ചൈനാക്കാരി ഇരട്ട പെറ്റാ ഒന്നിനെ കളയും അല്ലേ? ഞങ്ങള്‍ അമേരിക്കക്കാര്‍ക്ക് നേരേ മറിച്ചാണ്, പെറുമ്പോ മൂന്നാലെണ്ണം വേണം. ഒന്നേയുള്ളെങ്കില്‍ നോക്കി മിനക്കെടാനൊന്നും എന്നെക്കൊണ്ട് വയ്യാ, ആ സമയം കൊണ്ട് അടുത്ത ഗര്‍ഭിണിയായാല്‍ ഒന്നില്‍ കൂടുതല്‍ കിട്ടൂല്ലേ? സോ, ഒറ്റക്കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതാണ് ഞങ്ങള്‍ എഫിഷ്യന്റ് തള്ളമാര്‍ ചെയ്യുന്നത്. പേരു പറയാന്‍ മറന്നു, ഞാന്‍ കരിങ്കരടിപ്പെണ്ണ്.
8. അടുത്ത് ഒരു ആശുപത്രി ഇല്ലെങ്കില്‍ പേറ് വലിയ ബുദ്ധിമുട്ടാണെന്ന് ഞാനായിട്ട് പറഞ്ഞു തരണ്ടല്ലോ. വല്ല ഫാള്‍സ് പെയിനും വന്നാല്‍ ആശുപത്രിയില്‍ പോയി വരുന്ന ദൂരം കൊണ്ട് തന്നെ ഗര്‍ഭം കലങ്ങും. ഞങ്ങള്‍ ചാര തിമിംഗിലങ്ങളുടെ കാര്യം വല്യ കഷ്ടമാന്നേ. താമസോം ഗര്‍ഭോം ഒക്കെ അങ്ങ് ആര്‍ട്ടിക്ക് ഓഷ്യനില്‍ ആണ്, പെറാന്‍ പോകേണ്ടത് മെക്സിക്കോ തീരത്ത്. ഒരു ടാക്സി പോലും ഇല്ല, ഈ മലപോലത്തെ ഗര്‍ഭവും വച്ച് ആറായിരം കിലോമീറ്റര്‍ നീന്തിപ്പോയി വേണം പെറാന്‍. മെക്സിക്കോ ആശുപത്രിയിലാണെങ്കില്‍ തട്ടുകട പോലും വിരളമാണ്. നീന്തലും പേറും കൂടെ പട്ടിണിയും. ഏതു തള്ളയ്ക്കുണ്ട് ഈ മൂന്നു ദുരിതവും?
9. ഞാന്‍ കുരുവി. ഊര്‍ക്കുരുവി, സാദാ കുരുവി. ഹൗസ് സ്പാരോ. മലയാളി വീടുകള്‍ക്കടുത്ത് താമസിച്ചു താമസിച്ച് ഞങ്ങളുടെ ജീവിതം ടെലിവിഷന്‍ സീരിയല്‍ പോലെ സംഭവ ബഹുലമായിപ്പോയി. കല്യാണം കഴിച്ചാലും ഞങ്ങള്‍ ചിലപ്പോ വഞ്ചിക്കും. അത് ആണും വഞ്ചിക്കും പെണ്ണും വഞ്ചിക്കും. പെണ്ണ് വഞ്ചിച്ചാല്‍ ഭര്‍ത്താവും ജാരനും കൂടെ കിടന്ന് തമ്മില്‍ തല്ലി തലപൊളിക്കുകയേ ഉള്ളൂ, പക്ഷേ പെണ്ണിന്റെ പ്രതികാരം, നിങ്ങള്‍ ആകാംഷയോടെ കാണുക. എന്റെ ഭര്‍ത്താവ് എന്നെ വഞ്ചിച്ചു മറ്റൊരുത്തിക്കു വയറ്റില്‍ മുട്ട ഉണ്ടാക്കിയെന്ന് ഞാന്‍ കണ്ടുപിടിച്ചാല്‍ ആ എന്ധ്യാനിച്ചിക്ക് വിരിയുന്ന കുഞ്ഞുങ്ങളെ ഞാന്‍ കൊത്തി കൊത്തി കൊത്തി കൊല്ലും. പകയില്‍ ഞാന്‍ താടകയാണ്, ഹൃദയത്തില്‍ എനിക്കു കാളകൂടമാണ്. മുടങ്ങാതെ എന്നും ഒളിഞ്ഞു നോക്കിക്കാണുക കുരുവിപ്പെണ്ണിന്റെ ജീവിതം; നിങ്ങളുടെ സ്വന്തം വീട്ടിന്റെ അട്ടത്ത്.
10. എനിക്കു മുന്നേ വന്ന ശ്രീമതി കുരുവി പറഞ്ഞത് ശുദ്ധ വിവരക്കേടാണ്. കുട്ടികള്‍ ആരുടേതായാലും കുട്ടികള്‍ ആണ്. നോര്‍വേയുടെ ചില്‍ഡ്രന്‍സ് ഓംബുഡ്സ്മാന്‍ പറഞ്ഞതിനോട് ഞങ്ങള്‍ മീര്‍കാറ്റുകള്‍ 100% യോജിക്കുന്നു. കുട്ടികള്‍ സമൂഹത്തിലെ അജ്ഞരും ആശ്രിതരുമായ നിസ്സഹായ പൗരന്മാരാണ്, അവരെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും പൗരധര്‍മ്മമാണ്. മീര്‍കാറ്റ് കുഞ്ഞുങ്ങളെ എല്ലാ സ്ത്രീകളും പരിചരിക്കും, സംരക്ഷിക്കും, തീറ്റും, പോറ്റും. അമ്മയാകാം, അമ്മായി ആകാം, കൊച്ചേച്ചി ആകാം, അയല്‍ക്കാരി ആകാം, ആരുമാകാം. തള്ളഭേദം തന്തഭേദം ഏതുമില്ലാതെ ഏവരും സോദരത്തേന വാഴുന്ന ജന്തുക്കളായ മീര്‍ക്കാറ്റുകള്‍ നിങ്ങള്‍ക്ക് ഒരു മാതൃകയായിരിക്കട്ടെ.
കടപ്പാട് - ജിതിന്‍ ദാസ്
No comments:
Post a Comment