Tuesday, December 12, 2017

കരിയാത്തന്‍പാറയിലെ പച്ചപ്പരവതാനിയിലൂടെ..

തൂമഞ്ഞ് വീണുകൊണ്ടിരുന്ന ഡിസംബര്‍ പ്രഭാതം. ഇതുവരെ കാണാത്ത സ്ഥലത്തേക്ക് ഒരു പാതി ദിവസ യാത്ര എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. അതുകൊണ്ടാണ് കുറ്റിയാടി പവര്‍ പ്രൊജക്ടിന്റെ റിസര്‍വോയര്‍ ആയ കക്കയം പോകാന്‍ തീരുമാനിച്ചത്. മലമ്പാതയിലൂടെയുള്ള യാത്ര മുമ്പേ ഇഷ്ടമായിരുന്നു. പല ട്രക്കിംഗ് പരിപാടികള്‍ക്കും ഗൈഡ് ആയി പോയിക്കൊണ്ടിരിക്കുന്ന എന്റെ വിദ്യാര്‍ത്ഥി കൂടിയായ സാഹില്‍ ഒരു നിര്‍ദ്ദേശം വച്ചു. കക്കയം പോകുന്ന വഴിയില്‍ സുന്ദരമായ ഒരു സ്ഥലമുണ്ട്; എല്ലാവര്‍ക്കും ഒന്ന് കൂടി ഇരിക്കാനും ഒന്നൊന്നര മണിക്കൂര്‍ ചെലവഴിക്കാനും പറ്റിയ ഒന്നാംതരം സ്ഥലം കരിയാത്തന്‍പാറ. കേരളത്തിന്റെ എന്നല്ല, കോഴിക്കോടിന്റെ ടൂറിസ്റ്റ് മാപ്പില്‍ പോലും കേട്ടിട്ടില്ലാത്ത ഒരു സ്ഥലം.പക്ഷേ സ്ഥലപ്പേരിലുള്ള ആ പ്രകൃതി ബന്ധം തന്നെ എന്നെ ആകര്‍ഷിച്ചു. ടൂറിസം അധികൃതരുടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന പല സുന്ദരസ്ഥലങ്ങളും ചില കറക്കങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിച്ചിരുന്നതിനാല്‍ എന്റെ മനസ്സ് കരിയാത്തന്‍പാറയില്‍ ഉടക്കി.
കക്കയത്തേക്കുള്ള വഴി തന്നെ വളരെ മനോഹരമായിരുന്നു.വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡില്‍ നിന്നും അങ്ങകലെ മലകള്‍ അതിരിട്ട തെങ്ങിന്‍തോപ്പുകളുടെ നടുവില്‍ റിസര്‍വോയറിലെ വെള്ളം കെട്ടി നില്‍ക്കുന്നത് കാണുന്നുണ്ടായിരുന്നു. ഒരു ഒഴിഞ്ഞ സ്ഥലത്ത് ബസ്സ് നിര്‍ത്തിയപ്പോഴും സുന്ദരമായ ഒരു സ്ഥലം ആ ബസ്‌റ്റോപ്പിന് മീറ്ററുകള്‍ക്കപ്പുറം ഒളിഞ്ഞിരിക്കുന്നു എന്ന് ഞങ്ങളാരും അറിഞ്ഞില്ല. ആ പച്ചപ്പരവതാനിയിലേക്ക് ഞങ്ങള്‍് നീങ്ങി. മലബാറിലെ ഏക പവര്‍ പ്രൊജക്ട് ആണ് കുറ്റിയാടി പവര്‍ പ്രൊജക്ട്. കേരള സംസ്ഥാന വിദ്യുഛക്തി ബോഡിന്റെ കീഴിലാണ് ഇത്. പെരുവണ്ണാമൂഴി അണക്കെട്ട് ആണ് പ്രധാന റിസര്‍വോയര്‍.അവിടെ നിന്നും വെള്ളം പൈപ്പ് വഴി കക്കയം പവര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. തേക്കടി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.പക്ഷേ കുറേ മരങ്ങളും അതിന്റെ കുറ്റികളും വെള്ളക്കെട്ടുകളും ഒക്കെയായുള്ള ഒരു ചിത്രം തേക്കടിയെ പറ്റി മനസിലുണ്ട്. ഏകദേശം അതേ ചിത്രം തന്നെയാണ് കരിയാത്തന്‍പാറയും. മഴക്കാലത്ത് റിസര്‍വോയറിലെ വെള്ളം പൊങ്ങി കരയും വെള്ളവും ആലിംഗനം ചെയ്തു നില്‍ക്കുന്ന ഒരു പ്രദേശമാണ് കരിയാത്തന്‍പാറ. അതിന്റെ വിദൂര ദൃശ്യം വശ്യമനോഹരമായിരുന്നു.
നാം വീട്ടില്‍ ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കുന്ന പുല്‍തകിടി പ്രകൃതി അതിന്റേതായ ചാരുതയോടെ ശില്പഭംഗിയോടെ നിര്‍മ്മിച്ച് വച്ചിരിക്കുന്നു.ആ പച്ചപ്പരവതാനിക്ക് നടുവില്‍ പല സ്ഥലത്തും തല ഉയര്‍ത്തി നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ ആ താഴ്‌വരക്ക് കൂടുതല്‍ സൌന്ദര്യമേകി.തണല്‍ ഇല്ലെങ്കിലും അല്പം തണല്‍ കൊതിച്ച് ആ മരങ്ങള്‍ക്കടിയില്‍ ഇരിക്കുമ്പോള്‍ സൂര്യന്റെ കത്തുന്ന വെയില്‍ ഞങ്ങളെ ബാധിച്ചതേ ഇല്ല. ഞങ്ങള്‍ അവിടെ സമയം തള്ളുന്നതിനിടക്ക് പ്രദേശവാസികളായ രണ്ട് കുട്ടികള്‍ അവരുടെ വീട്ടിലെ നായയെയും കൊണ്ട് അവിടെ വന്നു.അവര്‍ ഞങ്ങളെ ശ്രദ്ധിച്ചതേ ഇല്ല.'മുറ്റത്തെ മുല്ലക്ക് മണമില്ല' എന്ന ചൊല്ല് അന്വര്‍ത്ഥ!മാക്കിക്കൊണ്ട് അവര്‍ അവിടേയും ഇവിടേയും നടക്കുന്നത് കാണാമായിരുന്നു. ഇതാ ഈ അരുവി ആ മലയുടെ ഉച്ചിയില്‍ നിന്നും മന്ദം മന്ദം ഒഴുകി ഇവിടെ ചിലങ്ക കുലുക്കുന്നു.ഏത് സംഗീതജ്ഞനും സൃഷ്ടിക്കാന്‍ കഴിയാത്ത ഒരു സംഗീതം അവ പൊഴിക്കുന്നു. അതാസ്വദിച്ച് ഞങ്ങള്‍ ആ അരുവിക്കരയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. കക്കയം വാലിയിലൂടെ കിന്നാരം ചൊല്ലി ഒഴുകുന്ന ആ അരുവിയിലെ വെള്ളം ഞങ്ങളെ മുഴുവന്‍ കൊതിപ്പിച്ചു.നല്ല തെളിഞ്ഞ വെള്ളം.വെള്ളിക്കീറ് പോലെ അത് പാറകളില്‍ കൂടി ഉരുണ്ടുരുണ്ട് വരുന്നു.പക്ഷേ ആ ആകര്‍ഷണ വലയത്തില്‍ പെട്ട് വെള്ളത്തിലേക്ക് ഇറങ്ങരുത്.പാറകള്‍ എല്ലാം തന്നെ വളരെ വളരെ തെന്നുന്നതായിട്ടാണ് അനുഭവപ്പെട്ടത്.വെള്ളത്തിനടിയില്‍ കിടക്കുന്ന ഈ അപകടം മനസ്സിലാക്കാതെ ഇറങ്ങിയാല്‍ തെന്നി വീണ് പാറയില്‍ തലയിടിക്കും എന്ന് തീര്‍ച്ച.സമീപത്തെ തോപ്പുകളുടെ പ്രതിബിംബം ഒരു നീലക്കണ്ണാടി പോലെ വെള്ളത്തില്‍ പ്രതിഫലിച്ചു കണ്ടു. കുറച്ചാളുകള്‍ കൂടുമ്പോള്‍ എന്തെങ്കിലും ഒരു കലാപരിപാടി നടത്തുക എന്ന ഞങ്ങളുടെ സ്ഥിരം പരിപാടി അവിടേയും അരങ്ങേറി.
അല്പമകലെ തല ഉയര്‍ത്തി നില്‍ക്കുന്ന മലകള്‍.മഴക്കാലത്ത് വെള്ളച്ചാട്ടങ്ങള്‍ വെള്ളികീറുന്ന ആ മാമലസൌന്ദര്യം പക്ഷേ ആസ്വദിക്കാന്‍ ഇപ്പോള്‍ ഒരു ചോലയും അവിടെയില്ലാതെ പോയി.എങ്കിലും ആ വന്യഭംഗി നഗരത്തില്‍ താമസിക്കുന്ന ഞങ്ങളുടെ കണ്ണുകള്‍ക്ക് ദൃശ്യവിരുന്നേകി. കക്കയം വാലി എന്തുകൊണ്ടും കേരളത്തിന്റെ ടൂറിസം മാപ്പില്‍ ഇടപിടിക്കാന്‍ അര്‍ഹതപ്പെട്ടത് തന്നെ എന്ന് എനിക്ക് തോന്നി.പക്ഷേ ആ സ്ഥാനം ഒരു പക്ഷേ ഈ സുന്ദരസ്വര്‍ഗ്ഗത്തിന്റെ സ്വത്വത്തെ നശിപ്പിച്ചേക്കാം. അപ്പോള്‍ ഒരു ചെറിയ ട്രിപ്പ് ആണ്‍് നിങ്ങളുടെ മനസ്സിലെ പ്ലാന്‍ എങ്കില്‍ അത് കക്കയം വാലി തന്നെയാകട്ടെ.ഒരു ഉച്ചക്ക് ശേഷമുള്ള ട്രിപ്പ് ആണെങ്കില്‍ താഴ്‌വരയില്‍ സൂര്യന്റെ വലിയ വിളയാട്ടവും ഉണ്ടാകില്ല.പക്ഷേ ഒരു കാര്യം.നാടിനെപറ്റി അധികം അറിയാത്തതിനാല്‍ ഇരുട്ടുന്നതിന് മുമ്പ് അവിടം വിടുന്നതായിരിക്കും നല്ലത്. ഇവിടെ എത്തിച്ചേരാനുള്ള വഴി കൂടി പറയാം.കോഴിക്കോട് പുതിയ ബസ്റ്റാന്റില്‍ നിന്ന് കക്കയം പോകുന്ന ബസ്സില്‍ കയറി കക്കയം വാലി എന്നോ കരിയാത്തന്‍പാറ എന്നോ പറയുക.ഏകദേശം 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുണ്ട്.


Text & Photos:Abid Areekode