Wednesday, December 12, 2018

താളം, തുഴയുടെ താളം


കൊതുമ്പുവള്ളം കുട്ടനാടിന്റെ ജീവിതനൗകയാണ്. അതിന്റെ പാശ്ചാത്യരൂപമാണ് ഒരര്‍ഥത്തില്‍ കയാക്ക്. ഇന്ന് കുട്ടനാടിനെ അറിയാന്‍ സഞ്ചാരികള്‍ കയാക്കിങ് ആശ്രയിക്കുന്നു... 

ജനിച്ചതും വളര്‍ന്നതും ലണ്ടനിലാണെങ്കിലും ദീപേഷ് പട്ടേല്‍ ഗുജറാത്തിയാണ്. മാതൃഭാഷ മറന്നിട്ടുമില്ല. തണുത്തുറഞ്ഞ് കിടക്കുന്ന ലണ്ടനില്‍ നിന്ന് കേരളത്തിന്റെ ചൂടു നുകരാനെത്തിയതാണീ കുംഭമാസത്തില്‍ അയാള്‍. പമ്പാനദിയിലൂടെ ഒരു കയാക്കിങ്, തട്ടേക്കാട്ടില്‍ പക്ഷി നിരീക്ഷണം. പിന്നെ കൊച്ചി മുംബൈ വഴി ലണ്ടന്‍.. തിരക്കേറിയ ഐ.ടി. മേഖലയിലെ ജോലിക്കിടയില്‍ ഒന്നു റിലാക്‌സ് ചെയ്യുക. അതാണ് ലക്ഷ്യം.

ആലപ്പുഴ ചേന്നങ്കരിയിലെ അക്കരക്കളം മെമ്മയേഴ്‌സ് 150 വര്‍ഷം പഴക്കമുള്ള കുട്ടനാടന്‍ വീടാണ്. താമസത്തിന് തിരഞ്ഞെടുത്തത് ഈ റിസോര്‍ട്ടാണ്. കുട്ടനാടിനെ കുറിച്ച് വായിച്ചറിഞ്ഞതു മുതലുളള കൗതുകമാണ് ഇവിടെയെത്തിച്ചത്. കൊച്ചിയിലെ കാലിപ്‌സോ അഡ്വഞ്ചേഴ്‌സാണ് അയാള്‍ക്ക് കയാക്കിങിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത്. രാവിലെ 10 മണിക്കു തന്നെ വെയിലു ചൂടുപിടിച്ചു തുടങ്ങിയിരുന്നു. കായല്‍ക്കാറ്റില്‍ അതറിയുന്നില്ലെന്നു മാത്രം. കയാക്കിങിനുള്ള ചെറുവള്ളത്തില്‍ കയറി തുഴയെറിഞ്ഞയാള്‍ നെടുമുടിയിലേക്കു യാത്ര തിരിച്ചു. ഒപ്പം കാലിപ്‌സോയുടെ കയാക്കിങ് താരങ്ങളായ നൈനേഷും പ്രവീണും ഹരിയും. പിന്നെ ഞങ്ങളും.

വഴിക്ക് 'ഐല്‍ ഹെവന്‍' റിസോര്‍ട്ടിനടുത്തെത്തിയപ്പോള്‍ കരയിലൊരു വിദേശി കുടുംബം. കൈ വീശിയും ടാറ്റാ കാണിച്ചും അവര്‍ ആനന്ദം പങ്കിടുന്നതു കണ്ടപ്പോള്‍ ദീപേഷ് കയാക്ക് അങ്ങോട്ടടുപ്പിച്ചു. ഹോളണ്ടുകാരനായ ഹാന്‍സും ഭാര്യ റിയാന്‍ നോപ്പും മക്കളായ പെല്ലോയും ഇന്ത്യയും അടങ്ങുന്ന കുടുംബം കേരളം കാണാന്‍ എത്തിയിരിക്കുകയാണ്. ഇളയ മകളുടെ പേരിനു പിന്നിലൊരു ഇന്ത്യന്‍ കണക്ഷനുമുണ്ട്. ''ഞാന്‍ പാതി ഇന്ത്യനാണ്. അച്ഛന്‍ ഹിമാചല്‍ പ്രദേശുകാരനാണ്. ഞാന്‍ കണ്ടിട്ടില്ല. അമ്മ പറഞ്ഞറിവു മാത്രം. അമ്മ കുറേക്കാലം ഹിമാചല്‍ പ്രദേശിലായിരുന്നു. ഇന്ത്യയോടുള്ള എന്റെ പിതൃബന്ധമാണ് ഈ പേരിനു പിന്നില്‍.'' റിയാന്‍ പറഞ്ഞു.

കയാക്ക് കണ്ടപ്പോള്‍ റിയാനക്ക് തുഴയാന്‍ മോഹം. യൂറോപ്പിലെ കുട്ടനാടാണ് ഹോളണ്ട്. അവര്‍ക്ക് വള്ളവും തുഴയും പുത്തരിയല്ല. വള്ളത്തില്‍ കയറിയപ്പോള്‍ കരയില്‍ ഹാന്‍സിന്റെ കമന്റ് ''നൗ യു ലൂക്ക് ലൈക്ക് എ ബോളിവുഡ് സ്റ്റാര്‍, ഡാര്‍ലിങ്.'' പരിചയ സമ്പന്നയായ കയാക്കിങ് താരത്തെ പോലെ റിയാന്‍ തുഴയെറിഞ്ഞു. ഒപ്പം പ്രവീണും.

നെടുമുടിയിലെ കൈത്തോടുകളിലൂടെ ഒന്നു കറങ്ങി വീണ്ടും ആറ്റിലെത്തിയപ്പോള്‍ ഹരി കയാക്ക് ഒന്നു വെട്ടിതിരിച്ചു. അത് കമഴ്ന്നടിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചതിനാല്‍ പൊങ്ങി കിടന്നെങ്കിലും മറിഞ്ഞ കയാക്ക് നേരെയാക്കാന്‍ അല്‍പ്പം പാടുപെട്ടു. നൈനേഷ് സഹായത്തിനെത്തി. കയാക്കിലെ വെള്ളം കളഞ്ഞ് വീണ്ടും യാത്ര.സന്തോഷകരമായൊരു അനുഭവം സമ്മാനിച്ചതിന് എത്ര നന്ദി പറഞ്ഞിട്ടും റിയാന് മതിയാവുന്നില്ല.



ദീപേഷിന്റെ യാത്ര പക്ഷേ ഇവിടെ തീരുന്നില്ല. ഒരു ദിവസം കൂടി കുട്ടനാട്ടില്‍ കറങ്ങാനാണ് പ്ലാന്‍. പിന്നെ തട്ടേക്കാട് പക്ഷി സങ്കേതത്തിലും. കായല്‍ പക്ഷി നീരീക്ഷണത്തിന് ഏറ്റവും നല്ലത് കയാക്കിങ് ആണ്. ഒച്ചയില്ലാതെ തുഴഞ്ഞു പോവാം. പക്ഷികളുടെ പടമെടുക്കാം. പക്ഷി നീരീക്ഷണം ഹോബിയായി കൊണ്ടു നടക്കുന്ന ദീപേഷ് അതു കൊണ്ടു കൂടിയാണ് ഈ ഇന്ത്യന്‍ വെക്കേഷന്‍ കയാക്കിങ്ങിനായി മാറ്റി വെച്ചത്. 


Text: G Jyothilal, Photos: B Muralikrishnan