Showing posts with label Priest. Show all posts
Showing posts with label Priest. Show all posts

Tuesday, August 18, 2015

നമ്മള്‍ പൊളിച്ചുകളഞ്ഞ മതത്തിന്റെ വേലിക്കെട്ടുകള്‍ തിരിച്ചു വരുമ്പോള്‍

ചാര്‍ളി ഹെബ്ദോ: പ്രവാചകനെയും പോപ്പിനെയും ഒരുപോലെ കളിയാക്കിയ തന്റേടം. ധിഷണയും ധൈര്യവും ഒരുപോലെ തുടിച്ച കാര്‍ട്ടൂണുകള്‍. മതതീവ്രവാദികള്‍ അതിനെതിരെ നടത്തിയ ആക്രമണവും, അതു വളര്‍ത്തിയ മത വിദ്വേഷവും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും ഒക്കെ എല്ലാവരും ചര്‍ച്ച ചെയ്തും, അപലപിച്ചും ഒക്കെ സോഷ്യല്‍ മീഡിയ സംഭവബഹുലമായ സമയത്താണ്, ഏതോ ന്യൂസ് സൈറ്റില്‍, ഏതോ മൂലയില്‍ ആ വാര്‍ത്ത കണ്ടത്. അമേരിക്കയില്‍ ഒരു മലയാളി കത്തോലിക്കാ പുരോഹിതന്‍ child porn കൈവശം വെച്ചതിനു അറസ്റ്റിലായി എന്ന്. അത് ഒരു ബാലനെ കാണിച്ചു എന്നും ആ ബാലന് പിന്നീട് മെസ്സേജ് അയച്ചുവെന്നും ബാലന്‍ മാതാപിതാക്കളെ അതറിയിക്കുകയും, അവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അച്ചന്‍ അറസ്റ്റില്‍ ആയെന്നും. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ആ കത്തോലിക്ക രൂപതയുടെ കുറിപ്പും പുറത്തു വന്നു. ഒട്ടും വൈകിയില്ല, കേരള കത്തോലിക്കാ സഭയുടെ വക പുതിയ വാര്‍ത്തകള്‍ രംഗത്ത് വന്നു, കുട്ടി porn കാണുന്നത് കണ്ട് അച്ചന്‍ അത് ബലമായി ഡിലീറ്റ് ചെയ്‌തെന്നും, അതില്‍ ക്രുദ്ധനായ ബാലന്‍ പരാതി നല്‍കിയതാണ് എന്നും.

ഏതു സംഭവത്തിനും പല വശങ്ങള്‍ ഉണ്ടാവാം, അച്ചന്‍ തെറ്റുകാരന്‍ ആണോ അല്ലയോ എന്നും എനിക്കറിയില്ല. എന്തായാലും അച്ചന്‍ നിഷ്‌കളങ്കന്‍ ആണെന്ന കത്തോലിക്കാ സഭയുടെ വാദം share ചെയ്ത സുഹൃത്തിന്റെ പേജില്‍ ഞാന്‍ comment ചെയ്തു 'പാതിരി ചെയ്താലും മൊല്ലാക്ക ചെയ്താലും തെറ്റ് തെറ്റല്ലേ ' എന്ന്. (ഞാനും കാഞ്ഞിരപ്പള്ളി രൂപതയിലെ അതിപുരാതന റോമന്‍ കത്തോലിക്ക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു സത്യ ക്രിസ്ത്യാനി തന്നെ ആന്നേ).

പക്ഷേ, പിന്നീടങ്ങോട്ട് എന്റെ രണ്ടു സുഹൃത്തുക്കളുടെ comment പ്രവാഹമായിരുന്നു. മുസ്ലിം തീവ്രവാദത്തെയും, ഹിന്ദുത്വ അജണ്ടകളെയും ഒക്കെ വിമര്‍ശിച്ചു നെടുനീളന്‍ പോസ്റ്റുകളിടാറുള്ള സുഹൃത്തുക്കള്‍ അച്ചന്മാരെ കുറ്റം പറയുന്നത് സഹിക്കില്ല എന്നും, ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നും വേദനയോടെയാണെങ്കിലും ഞാന്‍ മനസിലാക്കി. PK എന്ന സിനിമ നിരോധിക്കണം എന്ന് പറയുന്ന ഒരു വിഭാഗത്തെപോലെ, ഞങ്ങളുടെ മതത്തെ, മത നേതാക്കന്മാരെ കുറ്റം പറയാന്‍ പാടില്ല എന്നത് തന്നെയാണ് എല്ലാ മത വിശ്വാസികളുടെയും നിര്‍ബന്ധം. അച്ചന്മാര്‍ എബോള ബാധിത പ്രദേശങ്ങളില്‍ സഹായത്തിനു പോയിരുന്നു വത്രേ. സുഹൃത്തേ അവര്‍ മാത്രമല്ല, ഒരു പാടു നല്ല മനുഷ്യര്‍ അവിടെ പോയിരുന്നു, എബോള ബാധിത പ്രദേശങ്ങളെ സഹായിക്കാന്‍ ഏറ്റവും വലിയ മെഡിക്കല്‍ സംഘത്തെ അയച്ചത് ക്യൂബ ആണ്. ഞാന്‍ സമ്മതിക്കുന്നു ഒരു പാട് നല്ല കത്തോലിക്കാ മിഷനറിമാര്‍ ലോകത്തിന്റെ ഒരു പാട് പ്രദേശങ്ങളില്‍ പല നന്മ പ്രവര്‍ത്തികളും ചെയ്യുന്നുണ്ട്. അത് കൊണ്ട് കത്തോലിക്കാ പുരോഹിതര്‍ക്കെല്ലാം അപ്രമാദിത്വമുണ്ട് എന്നല്ല അര്‍ഥം. സമൂഹത്തിന്റെ ഒരു ചെറിയ പതിപ്പ് തന്നെയാണ് ഏതു പുരോഹിത സമൂഹവും. അവരും മനുഷ്യരാണ്. അതല്ലാതെ എന്റെ സമുദായ നേതാക്കന്മാരും എന്റെ സഭാപുരോഹിതരും തെറ്റുകള്‍ക്ക് അതീതരാണ് എന്ന ചിന്തയില്‍ നിന്നാണ് മത അസഹിഷ്ണുതയും, മത തീവ്രവാദവും ഒക്കെ ആരംഭിക്കുന്നത്.



ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പൊതുവേ മിതവാദികളായ പലരും, അവരുടെ മതത്തെ, അല്ലെങ്കില്‍ അവരുടെ മതത്തില്‍െപ്പട്ടവരെ കുറ്റപ്പെടുത്തിയാല്‍ ആക്രമണ സ്വഭാവത്തോടെ പ്രതികരിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ദൃശ്യം സിനിമ ഒരു വലിയ തെറ്റല്ലേ എന്ന് തോന്നുമ്പോഴും, സ്വന്തം കുടുംബത്തെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടി ഏതു ജീവിയും എന്തും ചെയ്‌തേക്കുമല്ലോ എന്ന് ഞാനോര്‍ത്തു. അത് കൊണ്ട് ആ തെറ്റ് നമുക്കൊക്കെ അങ്ങ് ക്ഷമിക്കാം. പക്ഷെ, സ്വന്തം സമുദായ നേതാക്കന്മാരുടെ തെറ്റുകള്‍ ന്യായീകരിക്കാന്‍ വേണ്ടി പല്ലും നഖവും നീട്ടി പോരാടാനിറങ്ങുന്നതു കടന്നകൈ തന്നെ.

മതത്തിന്റെ വേലിക്കെട്ടുകള്‍ ഒന്നും എന്റെ കുട്ടിക്കാലത്ത് അനുഭവപ്പെട്ടതായി തോന്നുന്നില്ല. ഞങ്ങള്‍ മതത്തിനെയോ ജാതിയേയോ പറ്റി ആകെ സംസാരിച്ചത് തന്നെ അതിന്റെ ബുദ്ധിമുട്ടുകള്‍ ആയിരുന്നു. ഞായറാഴ്ച എന്ന അവധി ദിവസം ക്രിസ്ത്യാനി ആയതു കൊണ്ട് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടല്ലോ, അതുകൊണ്ട് ക്രിസ്ത്യാനി ആവുന്നതാണ് ഏറ്റവും കഷ്ടം എന്ന് ഞങ്ങള്‍ പരാതി പറഞ്ഞപ്പോള്‍, ദിവസവും ഓത്തു പള്ളിയില്‍ പോവുന്നതാണ് കൂടുതല്‍ ബുദ്ധിമുട്ട് എന്ന് മുസ്ലിം കുട്ടികളും തര്‍ക്കിച്ചു. ഞങ്ങള്‍ക്കിങ്ങനത്തെ തലവേദനകള്‍ ഇല്ലല്ലോ എന്ന് ഹിന്ദു കുട്ടികള്‍ പുഞ്ചിരിച്ചു. അങ്ങനെ 'ഹിന്ദു ആയാല്‍ മതിയാരുന്നു, രക്ഷപ്പെട്ടേനെ' എന്ന് ഒരു നെടുവീര്‍പ്പോടെ ഞങ്ങള്‍ അഹിന്ദുക്കള്‍ പറയുന്നതില്‍ ഞങ്ങളുടെ മത ചര്‍ച്ചകള്‍ അവസാനിച്ചിരുന്നു. ഒരിക്കലും 'എന്റെ മതം ആണ് നിന്റെതിനെക്കാള്‍ നല്ലത് ' എന്നോ 'എന്റെ മതം ആണ് ശരി, നിന്റേതു തെറ്റാണ്' എന്നോ ഒരു കുട്ടിയും പറഞ്ഞില്ല.

പക്ഷെ പിന്നീടെപ്പോഴോ കുട്ടിത്തത്തിന്റെ ആ നന്മകള്‍ ആരുടെയൊക്കെയോ പ്രബോധനങ്ങള്‍ മൂലം നഷ്ടമാവുന്ന പല കുട്ടികളെയും ഞാന്‍ കണ്ടു. 'എനിക്ക് മമ്മൂട്ടിയെയും മാമുക്കോയയെയും ആണ് ഇഷ്ടം, കാരണം അവര്‍ ഞങ്ങളുടെ കൂട്ടരാണ്' എന്ന് പറഞ്ഞ അനിയന്റെ കൂട്ടുകാരന്‍, എന്റെ നെറ്റിയിലെ ചന്ദനക്കുറി കണ്ടു 'ചേച്ചി അമ്പല കൂട്ടരാണോ, എനിക്ക് പള്ളി കൂട്ടരെയേ ഇഷ്ടമൊള്ളൂ' എന്ന് പറഞ്ഞ ഹോസ്റ്റലിന്റെ അടുത്ത വീട്ടിലെ കുട്ടി.... അവരെയൊക്കെ തിരുത്താന്‍ ശ്രമിച്ചപ്പോഴും, അതൊക്കെ കുട്ടിത്തത്തിന്റെ വിവരമില്ലായ്മകളാണ്, അവരൊക്കെ അതില്‍ നിന്നൊക്കെ വളരും എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, നമ്മുടെ സമൂഹം മറ്റു പല കാര്യങ്ങളിലും എന്നത് പോലെ, ഈ കാര്യത്തിലും പുറകോട്ടാണ് വളരുന്നത് എന്ന് തോന്നുന്നു. പലരുടെയും സാമൂഹ്യ ജീവിതവും, സുഹൃത്തുക്കളും പോലും ആരാധനാലയങ്ങളോട് ബന്ധപ്പെട്ടു മാത്രമാണ്. പരസ്പര സഹായവും സഹകരണവും വളരെ നല്ല ഗുണങ്ങളാണ്. പക്ഷെ അതു മതത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍, സ്വജാതിയില്‍പ്പെട്ടവര്‍ തമ്മില്‍ മാത്രമാവുമ്പോള്‍, സമൂഹം വിഭജിക്കപ്പെട്ടു പോവുകയാണ്.

കോളേജ് സമയത്ത് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി, ഡോക്ടര്‍ ആയ ചേട്ടന് ക്രിസ്മസിന് അവധി ഇല്ല, ക്രിസ്ത്യന്‍ ഡോക്ടര്‍മാരൊക്കെ വീട്ടില്‍ പോവുന്നത് കൊണ്ട് എന്ന് പറഞ്ഞപ്പോള്‍, ഞങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തത് ഓര്‍ക്കുന്നു.. പല മതങ്ങള്‍ ഉള്ളത് കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടല്ലേ. അവധി ദിവസങ്ങള്‍ പങ്കിട്ടെടുത്തു എല്ലാവര്‍ക്കും ഉത്സവങ്ങള്‍ പ്രിയപ്പെട്ടവരോടൊത്ത് ചെലവഴിക്കാനുള്ള അവസരം. അതെ, അതിനപ്പുറം മതങ്ങള്‍ക്കൊണ്ട് ഒരു ഗുണം കണ്ടെത്താന്‍ ഞങ്ങള്‍ക്കായിരുന്നില്ല. പ്രൊജക്റ്റ് വര്‍ക്ക് എന്ന് പറഞ്ഞു അവളുടെ വീട്ടില്‍ താമസിച്ച ദിവസങ്ങളില്‍ ആ വീട്ടുകാര്‍ക്കോ.. കത്തിച്ച നിലവിളക്ക് പോലെ ഐശ്വര്യമുള്ള, 'ഇവിടുത്തെ കുട്ടി പോലെ ആയിരിക്കണൂ' എന്ന് വാത്സല്യം തന്ന അമ്മൂമ്മയ്‌ക്കോ, എന്നെ സ്‌നേഹിക്കാന്‍ മതം തടസമായിരുന്നില്ല. എന്തിനേറെ, കത്തോലിക്ക വിശ്വാസി ആയി ജനിച്ചത് ഭാഗ്യം എന്നു ചിന്തിച്ചിരുന്ന, കടുത്ത മത വിശ്വാസിയായിരുന്ന എന്റെ വല്യമ്മച്ചിയ്ക്ക് പോലും ചുറ്റുമുള്ള എല്ലാ മനുഷ്യരെയും ഒരു പോലെ സ്‌നേഹിക്കാനും സഹായിക്കാനും സാധിച്ചിരുന്നു. എന്റെ പ്രതിസന്ധികളില്‍ കൂടെ നിന്ന് ഏറ്റവും അധികം എന്നെ സഹായിച്ച സുഹൃത്തുക്കളൊന്നും എന്റെ മതത്തില്‍പ്പെട്ടവരായിരുന്നില്ല. പ്രിയപ്പെട്ട ചില കൂട്ടുകാര്‍ക്കൊപ്പം അമ്പലങ്ങളില്‍ പോയിരുന്നത് ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓര്‍മയാണ്. ഒരിക്കലും ഞങ്ങളുടെയൊന്നും സ്‌നേഹബന്ധങ്ങളില്‍ മതത്തിനു പ്രസക്തി ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് പലരും സ്‌നേഹിക്കുന്നതും വെറുക്കുന്നതും ഒക്കെ മതം നോക്കി ആണെന്ന് തോന്നുന്നു.

എവിടെയോ വായിച്ചതു പോലെ വികസിത രാജ്യങ്ങളില്‍ ഇന്ന് മതത്തിനു പ്രസക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കൊണ്ടുതന്നെ ഈ മതവിഭാഗീയ ശക്തികളുടെ വിളഭൂമി ഇന്ത്യ പോലെയുള്ള രാജ്യങ്ങളാണ്. ആളുകളുടെ അജ്ഞതയെ ചൂഷണം ചെയ്യുന്ന ആള്‍ ദൈവങ്ങളും മതനേതാക്കളും ഒക്കെ ഇവിടെ തഴച്ചു വളരുന്നു. ഞാന്‍ ഇന്ന മതവിശ്വാസിയാണ് എന്ന് അഭിമാനത്തോടെ പറയുന്ന ഒരു ഓസ്‌ട്രേലിയക്കാരെയും ഞാന്‍ ഇത് വരെ ഇവിടെ കണ്ടില്ല. മറിച്ചു ഞാന്‍ മതവിശ്വാസി അല്ല എന്ന് അഭിമാനത്തോടെ പറയുന്ന ഒരു പാടുപേരെ ഞാന്‍ ഇവിടെ കണ്ടു. എന്നാല്‍ നമ്മുടെ നാട്ടിലാവട്ടെ, എല്ലാവരും താന്‍ ഇന്ന മതത്തിലാണ് എന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. മതവിശ്വാസം തെറ്റാണു എന്നല്ല. മതവിശ്വാസം വ്യക്തിയുടെ സ്വകാര്യത ആണ്. അത് ഒരിക്കലും ഒരാളെ സ്‌നേഹിക്കാനോ വെറുക്കാനോ ഉള്ള മാനദണ്ഡം ആവാന്‍ പാടില്ല. 'communtiy' എന്നത് ഇവിടത്തുകാര്‍ വളരെ പ്രാധാന്യം നല്‍കുന്ന ആശയം ആണ്. ഒരു സ്ഥലത്ത് താമസിക്കുന്ന ആളുകളുടെ കൂട്ടായ്മ, പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടി എല്ലാവരും ഒരുമിച്ചുള്ള പ്രവര്‍ത്തനം ഒക്കെയാണ് അത്. ഇങ്ങനെയുള്ള ഒരു കൂട്ടായ്മയും മതത്തിന്റെ പേരില്‍ ആവില്ല (ഉണ്ടെങ്കില്‍ അത് ഇന്ത്യന്‍ കൂട്ടായ്മകള്‍ ആവും). നമ്മുടെ നാട്ടിലും ഇങ്ങനെ മതങ്ങള്‍ക്കപ്പുറമുള്ള കൂട്ടായ്മകള്‍ വളര്‍ത്തേണ്ടിയിരിക്കുന്നു.



'Oh My God' എന്ന സിനിമയും PK യും കണ്ടു. ഒപ്പം പ്രഭുവിന്റെ മക്കളും. ഒരു താരതമ്യത്തിനോ, നിരൂപണത്തിനോ തുനിയുന്നില്ല. അവയൊക്കെ ഒരു സന്ദേശം നല്‍കാന്‍ ശ്രമിക്കുന്നതില്‍ സന്തോഷിക്കുന്നു. കോവൂരിന്റെ പുസ്തകങ്ങള്‍ വായിച്ചു വളര്‍ന്ന എനിക്ക് പ്രഭുവിന്റെ മക്കളോട് കൂടുതല്‍ ഇഷ്ടം തോന്നി. പക്ഷെ, എത്ര ആയാലും, മതങ്ങള്‍ക്കപ്പുറം ചിന്തിക്കൂ എന്നൊരു സന്ദേശം നല്‍കാന്‍ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളെയും അഭിനന്ദിച്ചേ പറ്റൂ.

കുട്ടിക്കാലത്ത് ശബരിമല സീസണ്‍ ആവാന്‍ കാത്തിരിക്കും, അരവണ കിട്ടാന്‍ വേണ്ടി. അടുത്ത വീടുകളില്‍ ഉള്ളവരൊക്കെ ശബരിമലയ്ക്ക് പോയി വരുമ്പോള്‍ അരവണ കൊണ്ട് വന്നു തന്നിരുന്നു. ഞങ്ങളെല്ലാവരും ആ സ്‌നേഹം സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. പിന്നീട് കോളേജില്‍ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കള്‍ കൊണ്ട് വന്ന അരവണ കഴിക്കാന്‍ ഒരു കൂട്ടുകാരി വിസമ്മതിച്ചപ്പോള്‍ മറ്റൊരു കൂട്ടുകാരി എന്നോട് പറഞ്ഞു 'ഞാനും ചെറുപ്പത്തില്‍ അരവണ കഴിക്കില്ലായിരുന്നു, പള്ളിയിലെ പ്രസംഗത്തിലും, പിന്നെ വീട്ടില്‍ അപ്പച്ചനും അമ്മച്ചിയും ഒക്കെ പറയാറുണ്ടായിരുന്നു അത് വിഗ്രഹത്തിനു നിവേദിച്ചതാണ്, അത് കഴിക്കുന്നത് പാപമാണ് എന്നൊക്കെ. പക്ഷെ വലുതാവുമ്പോള്‍ നമുക്ക് മനസിലാവില്ലേ, അതിലൊന്നും ഒരു കാര്യമില്ല എന്ന്, ഇവരൊന്നും എന്താ വലുതാവാത്തത്?' എന്റെ മനസ്സില്‍ ഇപ്പോഴുള്ള ചോദ്യവും അത് മാത്രമാണ് , 'ഇവരൊന്നും എന്താ വലുതാവാത്തത്?' എത്ര പഠിച്ചാലും, എന്റെ മതവും, എന്റെ സമുദായനേതാക്കളും മാത്രമാണ് ശരി എന്ന ഇടുങ്ങിയ ചിന്തയില്‍ നിന്ന് പുറത്തു വരാത്തതെന്താണ്?

പ്രഭുവിന്റെ മക്കളില്‍ പറയുന്നതു പോലെ, ഒരിക്കല്‍ നമ്മള്‍ പൊളിച്ച മതത്തിന്റെ വേലിക്കെട്ടുകള്‍, തിരിച്ചു കൊണ്ട് വരാനുള്ള ശ്രമമാണ് ഇപ്പോള്‍ എല്ലായിടത്തും നടക്കുന്നത്. അതിനെ എതിര്‍ത്തേ തീരൂ. മതമില്ലാത്ത ജീവനുകളെ വളര്‍ത്തി കൊണ്ട് വരാന്‍ നമ്മുടെ സമൂഹത്തില്‍ ബുദ്ധിമുട്ടാവും, പക്ഷെ, മതഭ്രാന്തില്ലാത്ത ജീവനുകളെ വളര്‍ത്തി കൊണ്ട് വരേണ്ടത് നമ്മുടെ കടമയാണ്, സമൂഹത്തിന്റെ ആവശ്യകതയാണ്.

എഴുതിയത് - മോന്‍സി മാത്യു

PS:



Saturday, June 6, 2015

കോടികളും കര്‍ത്താവും

ഈ ഇടക്കാണ്‌ 30 കോടി മുടക്കി ഇടപ്പള്ളി പള്ളി പണിത വാര്‍ത്ത‍ അറിയുന്നത്. വാര്‍ത്ത‍ വായിച്ചപ്പോള്‍ 30 വെള്ളികാശിനു കര്‍ത്താവിനെ ഒറ്റികൊടുത്ത യൂദാസിനെ ആണ് ഓര്മ വന്നത്.

3 ലക്ഷം മുടക്കി സ്വന്തം വീട് പണിയാന്‍ കഴിവില്ലാത്ത ആളുകള്‍ ഉള്ള ഈ നാട്ടില്‍ 30 കോടിയുടെ പള്ളി പണിയുന്നത് ആര്‍ഭാടമാണ്‌, അവിവേകമാണ്, കര്‍ത്താവിനെ നോക്കി പല്ലിളിക്കലാണ്. തന്റെ ഉല്‍ബോധനത്തില്‍ അവിടുന്ന് പറഞ്ഞിരിക്കുന്നത് പാവങ്ങളെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നാണ് അല്ലാതെ തന്റെ പേരില് സൌധങ്ങള്‍ പണിഞ്ഞു കൂട്ടുക എന്നല്ല.

കോടികള്‍ മുടക്കി വീട് പണിയുന്നത് സാധാരണമായ സ്ഥിതിക്ക് വെറും 30 കോടി മുടക്കി പള്ളി പണിതത് ഒരു തെറ്റാണോ എന്ന് നിങ്ങള്‍ ചോദിക്കാം. കോടികള്‍ മുടക്കി വീട് പണിയുന്നത് ആര്‍ഭാടം കാണിക്കുവാനാണ്, അയല്‍കാരന്‍ ഒരു കോടി മുടക്കി വീട് വച്ചാല്‍ താന്‍ രണ്ടു കോടി എങ്കിലും മുടക്കി ഒരു വീട് വക്കണം എന്ന അസൂയയാണ് നമ്മുടെ നാട്ടില്‍ ഉയര്ന്നു വരുന്ന വീട് പണിയല്‍ ചിലവിന്റെ ആധാരം. ഒരു ഭാര്യയും ഭര്‍ത്താവും ഒന്നോ രണ്ടോ മക്കല്‍ക്കും താമസിക്കാന്‍ 5000 ഉം 6000 ഉം sq ft ഉള്ള വീട് എന്തിനാണ് എന്ന് ആരും ചിന്തിക്കില്ല. ഒരു വീട് പണിത ശേഷം അതിനു മെയിന്ടനെന്‍സ് ആയി ഓരോ മാസവും എത്ര ചിലവാക്കുന്നുണ്ട് എന്ന് ആരെങ്കിലും കണക്കു കൂട്ടാരുണ്ടോ? ഇതേ പോലെ തന്നെ ആണ് പള്ളി പണിയും. ഒരു ഇടവകക്കാര്‍ ഒരു കോടി മുടക്കി പള്ളി പണിതാല്‍ അടുത്തുള്ള കുറച്ചു കൂടി സമ്പന്നന്മാര്‍ ഉള്ള ഇടവക 2 കോടിയുടെ പള്ളി പണിയും നമ്മള്‍ അവരെക്കാള്‍ പുറകില്‍ പോകരുതല്ലോ. ഈ മത്സരമാണ്‌ ഇന്നിന്റെ ശാപം. താമസിക്കാതെ തന്നെ നമ്മള്‍ 60 കോടിയുടെ പള്ളി പണിത കാര്യവും കേള്‍ക്കും.

പള്ളി പണിത ഇടവകക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടെ ഉള്ള വികാരി അച്ചമാര്‍ ഈ ധൂര്‍ത്ത് നടത്താന്‍ അനുവാദം കൊടുക്കരുതാരുന്നു. ദരിദ്ര വൃതം എടുത്ത അച്ചന്മാര്‍ സമ്പത്ത് ഉണ്ടാക്കുവാന്‍ വേണ്ടി ഓടി നടക്കുമ്പോള്‍ ഇതല്ല ഇതിന്‍റെ അപ്പുറവും നടക്കും. പണ്ടൊക്കെ കൂടുതല്‍ അച്ചന്മാര്‍ വിശ്വാസികളുടെ ആത്മീയ വളര്ച്ചക്കായി ആണ് പ്രധാനമായും പ്രവര്ത്തിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ കൂടുതല്‍ പേരും എങ്ങനെ ഭൌതിക സമ്പത്ത് ഉണ്ടാക്കാം എന്നാണ് നോക്കുന്നത്. തമ്മില്‍ തമ്മില്‍ കണ്ടാല്‍ കീരിയും പാമ്പും പോലെ ചിലര്‍. ഇടവകക്കാരെ പിഴിഞ്ഞ് പള്ളിക്ക് കാശ് ഉണ്ടാക്കുക എന്നതായിരിക്കുന്നു പലരുടെയും പ്രധാന പ്രവര്ത്തനം. എന്താണ് ദാരിദ്രം എന്ന് അറിയുന്ന അച്ചന്മാര്‍ ഇന്ന് കുറഞ്ഞു കൊണ്ടിരിക്കുന്നു. പലരുടെയും കൈയില്‍ 20ഉം 30ഉം ആയിരങ്ങള്‍ വിലയുള്ള ഫോണുകള്‍, ലക്ഷങ്ങള്‍ വിലയുള്ള കാറുകള്‍(ചിലര്ക്ക് കോടികള്‍), വിവിധ തരത്തിലുള്ള ഡൈനിങ്ങ്‌ സെറ്റുകള്‍, a/c അങ്ങനെ നിരവധി ആര്‍ഭാടങ്ങള്‍, ഒന്ന് നടക്കുക പോലും ചെയ്യാതെ പാമ്പ് ഇര വിഴുങ്ങിയ മാതിരി വയറും വച്ചുകൊണ്ട് ചിലര്‍ . ഇതൊക്കെ കാണുമ്പോള്‍ നമുക്കും പറയാന്‍ തോന്നുക ഈപ്പചന്‍ മുതലാളി പണ്ട് പറഞ്ഞ വാക്കുകളാണ് "അന്യന്‍ വേര്ക്കണ കാശുകൊണ്ട് അപ്പോം തിന്നു വീഞ്ഞും കുടിച്ചു കൊണ്ടാസേലും ബെന്‍സേലും കേറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട് അന്ന് തീര്‍ന്നതാ തിരുമെനീ ബഹുമാനം" എന്ന്.

പറഞ്ഞു വന്നത് എന്താന്ന് വച്ചാല്‍ പണ്ടൊക്കെ ഓല പുരകള്‍ ആയിരുന്നു പള്ളികളായി കൂടുതലും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് അവ വന്‍ സൌധങ്ങള്‍ ആയി പരിണമിച്ചിരിക്കുന്നു. ഇങ്ങനെ സൌധങ്ങള്‍ ഉണ്ടാക്കി 10ഓ 20ഓ കൊല്ലം കഴിയുമ്പോള്‍ വീണ്ടും അത് പൊളിച്ചു പുതിയത് പണിയുന്ന അവസ്ഥ മാറേണ്ടി ഇരിക്കുന്നു. ഒരു ഇടവകയില്‍ പള്ളി പണിയുമ്പോള്‍ അതിന്റെ കൂടെ ആ ഇടവകയില്‍ ഉള്ള ക്രിസ്ത്യാനികളും അല്ലാത്തവരുമായ എല്ലാ വീടില്ലാത്തവര്ക്കും വീട് വച്ച് കൊടുക്കുകയോ അതിന്റെ ധനസഹായം നല്കുകയോ ചെയ്യട്ടെ. കാശ് ഉണ്ടാക്കാനുള്ള ഉപകരണമായി പള്ളികളെയും അനുബന്ധ സ്ഥാപനങ്ങളെയും മാറ്റുന്നത് നിര്‍ത്തേണ്ടി ഇരിക്കുന്നു. വഴി വക്കുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാശ് ഉണ്ടാക്കാന്‍ വേണ്ടി മാത്രം വച്ചിരിക്കുന്ന നേര്ച്ച കുറ്റികള്‍ പൊളിച്ചു മാറ്റപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നേര്ച്ച ഇടെണ്ടാവര്‍ പള്ളികളില്‍ വന്നു നേര്ച്ച ഇടട്ടേ. വലിയ ആര്‍ഭാടമായി നടത്തുന്ന പെരുന്നാളുകളും, ഉത്ഘാടനങ്ങളും അതിന്റെ കെട്ടിമാറാപ്പുകളായ വെടിക്കെട്ട്‌, വഴി അടച്ചു കൊണ്ടുള്ള ഘോഷയാത്ര തുടങ്ങിയവ അവസാനിപ്പിക്കാന്‍ കാലമായിരിക്കുന്നു.

അച്ഛന്‍മാര്‍ ദാരിദ്രം വ്രതമാക്കി ജീവിക്കട്ടെ, അവരുടെ ഇടവകക്കാരുടെ ആത്മീയ വളര്ച്ചക്കും മറ്റുള്ള മതക്കാരുമായുള്ള സ്നേഹവും സാഹോദര്യവും വളര്തുന്നതിനും പരിശ്രമിക്കട്ടെ. അങ്ങനെ നമ്മെ നോക്കി മറ്റു മതക്കാര്‍ അവര്‍ ശരിക്കും ദൈവത്തിന്റെ മക്കളെ പോലെ ജീവിക്കുന്നു എന്ന് പറയുമാറാവട്ടെ.