മനുഷ്യരുടെ ദുര്‍ബല വികാരങ്ങളെ ചൂഷണംചെയ്ത് മൊബൈല്‍ കമ്പനി കോടികളുടെ കൊള്ള നടത്തുന്നു. ഇന്ത്യയിലെ പ്രശസ്തമായ ഒരു മൊബൈല്‍ കമ്പനിയാണ് പെണ്സുഹൃത്തുക്കളെ നേടാം എന്ന വാഗ്ദാനത്തിലൂടെ പതിനായിരങ്ങളെ വിഡ്ഢികളാക്കി കോടികള്‍ കൊയ്യുന്നത്. പ്രസ്തുത കമ്പനിയുടെ മൊബൈല്‍ വരിക്കാര്‍ക്ക് കസ്റ്റമര്‍ കെയറില്‍ നിന്ന് പെണ്സുഹൃത്തുക്കളെ നേടാം എന്ന മേസേജ് വരികയും താല്‍പ്പര്യമുള്ളവര്‍ നമ്പര്‍ `5' പ്രസ് ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ് പതിവ്. പ്രസ് ചെയ്ത് കഴിഞ്ഞാല്‍ നിരവധി 11 അക്ക നമ്പര്‍ വരികയും (ഉദാ: + 55121 844061) അതിലേക്ക് വിളിച്ചാല്‍ മറുഭാഗത്ത് നിന്ന് പെണ് ശബ്ദം കേള്‍ക്കുകയും ചെയ്യും. ആദ്യം വിളിക്കുന്ന ആളെക്കുറിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ ആരാഞ്ഞശേഷം സ്വയം പരിചയപ്പെടുത്തും. ആകര്‍ഷകമായ പേരുകളും സംഭാഷണ ശൈലിയും ആരിലും മതിപ്പുളവാക്കും.
മാതാപിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരാണെന്നും, വിദേശത്തുള്ളവരാണെന്നുമൊക്കെ പരിചയപ്പെടുത്തി തുടങ്ങുന്ന സംഭാഷണം ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും. വിദ്യാര്‍ത്ഥിനിയെന്നും ഉദ്യോഗസ്ഥയെന്നുമൊക്കെ പറഞ്ഞാണ് പരിചയപ്പെടുന്നത്. തരുണീ മണികളുടെ കിളിക്കൊഞ്ചലില്‍ ആനന്ദം കണ്ടെത്തുന്ന ഞരമ്പു രോഗികള്‍ ഫോണിലെ കാശുപോകുന്നത് അറിയാറെയില്ല.
എന്നാല്‍ ഇതിനു പുറകിലെ ചതി തിരിച്ചറിയുന്നവര്‍ വിരളമാണ്. ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളും സ്ത്രീകളുമാണ് പെണ്‍സുഹൃത്തുക്കളായി മാറിമാറി സംസാരിക്കുന്നത്. ഇതിനായി കമ്പനിയുടെ ഒരു ഫ്രാന്‍ഞ്ചൈസി രഹസ്യമായി എറണാകുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കോള്‍സെന്ററിലേക്കെന്നു പറഞ്ഞ് പെണ്‍കുട്ടികളെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നു. 7000 രൂപയാണ് ശമ്പളമായി നിശ്ചയിക്കുന്നത്. തുടര്‍ന്ന് ട്രെയിനിംഗ് കൊടുക്കുന്നു. ആള്‍ക്കാരുടെ സ്വഭാവ സവിശേഷതകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ് സംസാരിക്കാനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക. ഈ സമയത്ത് മാത്രമാണ് തങ്ങളുടെ ജോലിയുടെ സ്വഭാവം പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നത്. കോളിന് മിനിറ്റിന് രണ്ട് രൂപയാണ് നിരക്ക്. ഇതില്‍ 1 രൂപ കമ്പനിക്കും 50 പൈസ ഫ്രാന്‍ഞ്ചൈസിക്കും, 50 പൈസ പെണ്‍കുട്ടിക്കും നല്‍കും. ഫോണ്‍ സംഭാഷണം എത്രത്തോളം നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കുമോ അത്രത്തോളം തുക ഇവര്‍ക്ക് കൂടുതലായി ലഭിക്കും. എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ജംഗ്ഷനടുത്തുള്ള ആറു നില കെട്ടിടത്തിലാണ് ഇതിന്റെ ഫ്രാന്‍ഞ്ചൈസി പ്രവര്‍ത്തിക്കുന്നത്. 25 നും 30 ഇടയില്‍ സ്ത്രീകള്‍ ഇവിടെ വ്യത്യസ്ത പേരുകളില്‍ ജോലി ചെയ്യുന്നു.
സാധാരണ നിലയില്‍ രാത്രി കോള്‍ അറ്റന്‍ഡ് ചെയ്യില്ലെങ്കിലും ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍, കര്‍ശന നിയന്ത്രണമില്ലാത്ത വീട്ടിലെ പെണ്‍കുട്ടികള്‍, നിര്‍ധന വീട്ടിലെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് രാത്രിയിലും കോള്‍ അറ്റന്റ് ചെയ്യാനുള്ള അനുമതിയുണ്ട്. ഓവര്‍ ഡ്യൂട്ടി അലവന്‍സ് വേറെയുണ്ട്. ശരാശരി ഒരു ദിവസം ഒരു പെണ്‍കുട്ടി ആറ് മണിക്കൂറെങ്കിലും ഫോണില്‍ സംസാരിച്ചിരിക്കണം. 8 മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുമുണ്ട്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് തങ്ങളുടെ വിവരങ്ങള്‍ വളരെ രഹസ്യമായി വെക്കും എന്ന ഉറപ്പിന്മേലാണ് പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നത്. കമ്പനി ഇവര്‍ക്ക് വ്യാജ ഐ.ഡികളും പേരുമാണ് നല്‍കിയിരിക്കുന്നത്. ശ്രദ്ധ, കാര്‍ത്തിക, ശില്‍പ്പ, ഹെല്‍ന, മായ തുടങ്ങിയ പേരുകളാണ് വ്യാജമായി ഇവര്‍ ഉപയോഗിക്കുന്നത്. കമ്പനി നല്‍കിയിരിക്കുന്ന ഈ പേരുകള്‍ മാത്രമേ ഫോണ്‍ ചെയ്യുന്ന സമയത്ത് ഉപയോഗിക്കാന്‍ പാടുള്ളു. ഓരോരുത്തര്‍ക്കും ഓരോ ചാറ്റ് ഐ.ഡി നമ്പറുകള്‍ ഉണ്ട്. ഇതിലേക്കാണ് കസ്റ്റമര്‍ ഫോണ്‍ വിളിക്കുന്നത്. കസ്റ്റമറുടെ ഫോണ്‍ നമ്പറും സംഭാഷണങ്ങളും റിക്കാര്‍ഡ് ചെയ്യാറുണ്ട്. ഇങ്ങനെ ചാറ്റ് ഐഡിയില്‍ സംസാരിച്ച് ചിലര്‍ പ്രണയത്തിലാവുകയും പരസ്പരം യഥാര്‍ത്ഥ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ഒളിച്ചോട്ടം അടക്കം നടന്ന സംഭവങ്ങളുമുണ്ട്. ഇങ്ങനെയുള്ള സൂചനകള്‍ വല്ലതും കമ്പനിക്ക് കിട്ടിയാല്‍ ഇവരെ എത്രയും പെട്ടെന്ന് പിരിച്ച് വിടുകയാണ് പതിവ്. കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ ബ്ലാക്ക് മെയിലിംങ്ങും ചെയ്യും. എന്നാല്‍ ഇങ്ങനെ പുറത്താകുന്ന പെണ്‍കുട്ടികള്‍ കമ്പനിയുടെ കാര്യങ്ങള്‍ വെളിയില്‍ പറയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
അടുത്തകാലത്ത് ആലപ്പൂഴയിലെ മൂന്ന് പെണ്‍കുട്ടികളെ ഒരുമിച്ച് കമ്പനിയില്‍ നിന്ന് പുറത്താക്കുകയുണ്ടായി. ഇവര്‍ ചാറ്റ് ഐഡിയില്‍ വിളിക്കുന്ന പുരുഷന്മാര്ക്ക് പേഴ്സണല്‍ നമ്പര്‍ കൈമാറുകയും ഇവരുമൊരുമിച്ച് മറൈന്‍ ഡ്രൈവില്‍ കറങ്ങുകയും ചെയ്തുവത്രെ.
ഇതാണ് പുറത്താക്കാനുള്ള കാരണം. വ്യക്തിയുടെ വിശദവിവരങ്ങള്‍ അറിഞ്ഞ് ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്ത് സാമ്പത്തികമായി വഞ്ചന നടത്തുന്നതും കുറവല്ല. മധ്യവയസ്ക്കര്‍, കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍, ഐ.ടി. പ്രൊഫഷണലുകള്‍ എന്നിവരാണ് ഊ ചതിയില്‍ കൂടുതലായി വീഴുന്നത്. പൂവാലന്മാരും ഞരമ്പ് രോഗികളും ഇവരുടെ പ്രധാന ഇരകളാണ്. ആണുങ്ങളെ കുരങ്ങ് കളിപ്പിക്കാന്‍ താല്‍പ്പര്യമുള്ള പെണ്‍കുട്ടികളും ടൈംപാസിന് വരുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷില്‍ ഭംഗീയായി സംസാരിക്കുകയും എത്ര ഉന്നതനെയും വലയില്‍ വീഴ്ത്താനും കഴിവുള്ളവര്‍ ഇവരിലുണ്ട്. ചതിയും വഞ്ചനയും നടത്തി കോടികള്‍ സമ്പാദിക്കുന്ന ഈ മൊബൈല്‍ കമ്പനിയുടെ ഗൂഢ തന്ത്രം വെളിച്ചത്തു വന്നില്ലെങ്കില്‍ ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുക വലിയൊരു വിഭാഗം ജനങ്ങളാണ്.
കടപ്പാട് : thattukadablog