Showing posts with label Idukki. Show all posts
Showing posts with label Idukki. Show all posts

Friday, November 11, 2016

പുഴയുടെ പുറപ്പാട്‌

കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് കാട്ടില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ട് പുഴയുടെ പുറപ്പാടു തേടി ഒരു ഫോട്ടോഗ്രാഫറുടെ യാത്ര

കാട്ടിലൂടെ നടക്കുമ്പോള്‍ നാം മറക്കുന്നത് കാലിനേയും വയറിനേയുമാണ്. കയറ്റിറക്കങ്ങള്‍ കഴിഞ്ഞ് സമയമാപിനിയെ തൊടുമ്പോഴാണ് വയറ് വിശക്കുന്നുവെന്ന് പറയുക. ആദ്യമായാണ് യാത്രയെങ്കില്‍ അട്ടകള്‍ ഓര്‍മ്മപ്പെടുത്തുമ്പോഴായിരിക്കും കാലിനെ നാം ഓര്‍ക്കുന്നത്.

കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് അതിനരികില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ടു നീങ്ങുന്ന യാത്ര പണ്ടെനിക്ക് മുത്തശ്ശിക്കഥയായിരുന്നെങ്കില്‍ ഇന്നെനിക്ക് പ്രാണവായുവാണ്.

തേക്കടി തടാകത്തിനു മുകളിലെ പെരിയാറിനെ കാണാന്‍ നടത്തിയ യാത്ര മനസ്സില്‍ നിറയുന്നു. കൊടിയ വേനലിലും കയങ്ങളില്‍ വെള്ളം നിറച്ച് സുക്ഷിക്കുന്ന കാട്ടരുവിയുടെ കരയിലുടെ നടന്ന് തുടക്കത്തിലെ നീര്‍ത്തുള്ളിയെ കണ്ടെത്താന്‍ മൂന്നര ദിവസത്തെ നീണ്ട നടത്തം. മുല്ലയാറും പെരിയാറും ചേര്‍ന്നുണ്ടായ വെള്ളത്തിന്റെ പേരില്‍ രണ്ടു സംസ്ഥാനങ്ങള്‍ വഴക്കടിക്കുമ്പോഴും പണ്ടേ തുടങ്ങിയ ജലമോഷണത്തിന്റെ കഥ പറയുന്ന ചെമ്പകവല്ലിയിലെ കല്‍ക്കെട്ടുകളിന്നുമുണ്ട്. ചൊക്കംപെട്ടി മലനിരയുടെ മുകളില്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കാനുള്ള ചെറുചാലുകളും. അതിനപ്പുറം തമിഴ്‌നാട്ടിലേക്കുള്ള കുത്തിറക്കം ഇറങ്ങുമ്പോള്‍ അരികത്തെ ഉരുളന്‍പാറകള്‍ പുഴയായിരുന്നുവെന്ന് നമ്മോടു പറയും.

തേക്കടിയില്‍ നിന്നും 23 കിലോമീറ്ററോളം ബോട്ടില്‍ യാത്രചെയ്താല്‍ താന്നിക്കുടിയിലെത്തും. അവിടെനിന്ന് മുന്നര ദിവസത്തെ നടപ്പുനടന്നാല്‍ പെരിയാറിന്റെ തുടക്കമായ ചൊക്കാംപെട്ടി മലനിരകളിലുമെത്താം.

അണ കെട്ടി ഒരു കാടിനെ മുക്കികൊല്ലുന്നതിന്റെ കഥയാണ് തേക്കടിയില്‍ നിന്നും താന്നിക്കൂടിയിലേക്കുള്ള യാത്രയ്ക്കിയില്‍ തടാകത്തില്‍ കാണുന്ന മരക്കുറ്റികള്‍ നമ്മോട് പറയുക. വംശനാശ ഭീഷണിയുള്ള ചേരക്കോഴിയും മലമുഴക്കി വേഴാമ്പലും വലുതും ചെറുതുമായ നീര്‍ക്കാക്കകളും ഈ പഴയ കാടിന്റെ നശിക്കാത്ത ഓര്‍മ്മകളായി മുന്നിലും ആകാശത്തും കാണാം.
തേക്കടിയില്‍ നിന്ന് മണിക്കൂറിലേറെ യാത്ര ചെയ്താലേ മുല്ലയാറും പെരിയാറും സംഗമിക്കുന്ന മുല്ലക്കുടിക്ക് സമീപം എത്താനാവൂ. ഈ 28 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ ആനകളും കാട്ടുപോത്തും മ്ലാവും പന്നിയുമെല്ലാം നമ്മുടെ മുന്നില്‍ ഉണ്ട്. ബോട്ടിലൂടെ 28 കിലോമീറ്റര്‍ താണ്ടിയാല്‍ താന്നിക്കുടിയിലെത്താം. അവിടെ നിന്ന് 28 കിലോമീറ്റര്‍ കൂടി താണ്ടിയാല്‍ ചൊക്കാംപെട്ടിയിലെത്തും. ഈ ദൂരം താണ്ടാനാണ് മൂന്നു ദിവസമെടുക്കുന്നത്.

താന്നിക്കുടിയില്‍ പഴയൊരു ഇന്‍സ്‌പെക്ഷന്‍ ബംഗഌവുണ്ട്. പണ്ട് ശിക്കാറിന് പോയിരുന്നവര്‍ക്കായി ഒരുക്കിയതാണിത്. ഇന്നത് പരിരക്ഷണത്തിന്റെ ആസ്ഥാനമാണ്. വേനലായാല്‍ താന്നിക്കുടി ഐ ബി ക്കടുത്ത് വരെ ബോട്ടില്‍ പോകാന്‍ കഴിയില്ല. ചൊക്കാംപെട്ടിയില്‍ നിന്നും ഒഴുകിയെത്തുന്ന പുഴ മുല്ലയാറുമായി ചേരുന്നിടത്തു നിന്ന് മുകളിലോട്ട് പോകുമ്പോള്‍ അരികിലെ മുളകളെല്ലാം പൂത്തുനില്‍ക്കുന്നു. താഴെ പുഴയുടെ അരികില്‍ പച്ച. കുറച്ച് മുകളിലെത്തുമ്പോള്‍ പുഴയ്‌ക്കൊരു ചെമ്പന്‍ വര്‍ണ്ണം. ചിലയിടങ്ങളില്‍ കടും ചുവപ്പ്. അതിനിടയില്‍ ഒരു നേര്‍ത്ത ചാലായി പുഴ. ഇങ്ങനെയായാല്‍ മുകളിലെ അവസ്ഥയെന്തായിരിക്കുമെന്ന് ഉള്ളിലാശങ്ക. കുറച്ചുകൂടി മുകളിലോട്ട് നീങ്ങുമ്പോള്‍ അങ്ങിങ്ങുള്ള കയങ്ങളില്‍ വെള്ളം നിറച്ച് പുഴ കിടക്കുന്നു. ഇര വിഴുങ്ങിയ പാമ്പുപോലെ. അരികിലെ മണ്‍തിട്ടയില്‍ പല വര്‍ണ്ണത്തില്‍ മണ്ണിന്റെ അടുക്കുകള്‍. ഇത് കാടിന്റെ ജീവചരിത്രമെന്ന് ഒരുമിച്ചുണ്ടായിരുന്ന വിജ്ഞാന ഭണ്ഡാരം ഡോ. സതീഷ്ചന്ദ്രന്റെ വെളിപ്പെടുത്തല്‍. കാടു കത്തിയ കാലം ആ മണ്ണടുക്കില്‍ എഴുതിവെച്ചിരിക്കുന്നു. താന്നിക്കുടിയില്‍ നിന്ന് മ്ലാപ്പാറയിലേക്ക് 10 കിലോമീറ്ററോളം ദൂരമുണ്ട്. താന്നിക്കുടി കഴിഞ്ഞുള്ള കയറ്റത്തിലാണ് കോണകം തൂക്കിപ്പാറ. ആദ്യമായി ഇതു വഴി പോകുന്നവര്‍ കോണകമഴിച്ച് ഇവിടുത്തെ മരത്തില്‍ തൂക്കുന്നത് പഴയ ആചാരം. ഞാനും അവിടെ തൂക്കി, കോണകമല്ല, കൈയിലുള്ള തൂവാല. അതു കഴിഞ്ഞാണ് നെല്ലിപ്പാറ. ഇതിന്റെ താഴ്‌വാരത്തില്‍ പോത്തിന്‍ കൂട്ടം, ദൂരെ ഒരാന. കുറച്ച് താഴെ ഒരു കാട്ട്‌പോത്ത് പുഴയരികില്‍ എല്ലാം മറന്ന് മേയുന്നു. പോത്തിനടുത്ത് ഞാനെത്തിയിട്ടും അതറിഞ്ഞില്ല. അതു കഴിഞ്ഞ് പുഴയരികില്‍ തീ കൂട്ടി ഒരു കട്ടന്‍ ചായ. രാവിലെ കരുതിയ ഉപ്പുമാവുണ്ട് കൂട്ടിന്. അല്‍പ്പ വിശ്രമം. അതു കഴിഞ്ഞ് മ്ലാപ്പാറയ്‌ലേക്കുള്ള ഇറക്കം. ആദ്യ ദിവസത്തെ ക്യാമ്പ് മ്ലാപ്പാറയിലാണ്. കാട്ടുചോലയിലൊരു കുളി കഴിഞ്ഞപ്പോള്‍ നടത്ത ക്ഷീണം അലിഞ്ഞുപോയി. ചോറു വേവുന്നതും കാത്തിരിപ്പാണ് പിന്നെ. ഉണക്കമുള്ളനും കാന്താരി മുളകും ചേര്‍ത്തിടിച്ച് ചമ്മന്തിയും ചോറും അത്താഴം. കുശാല്‍. ടെന്റൊരുക്കി തീ കൂട്ടി ഉറക്കചാക്കിലേക്ക് കയറി കഴിഞ്ഞാല്‍ പിന്നെ ഒന്നുമറിയില്ല. രാവിലെ പക്ഷികളുടെ ഒച്ച കേള്‍ക്കും വരെ.

മ്ലാപ്പാറയില്‍ പുഴയോരത്തു നിന്നും മുകളിലോട്ട് കുത്തനെയുള്ള കയറ്റമാണ്. പഴയ മ്ലാപ്പാറ എസ്റ്റേറ്റാണിത്. കുറേ കെട്ടിടങ്ങളും പേരയും നാരകവുമൊക്കെ കാണാം. ഇവ മാത്രമാണ് ഇവിടം പണ്ട് എസ്റ്റേറ്റായിരുന്നെന്നതിന് തെളിവ്. ഏത് ഏലത്തോട്ടവും കുറച്ച് വര്‍ഷം വെറുതേയിട്ട് ശല്യപ്പെടുത്താതിരുന്നാല്‍ കാടാകുമെന്നതിന്റെ സാക്ഷ്യപത്രമാണിവിടെ. അവിടം തൊട്ട് കൂട്ടിന് അട്ടയുണ്ട്.


കുറേ നടന്നാല്‍ ഇഞ്ചപ്പാറയിലെത്തും. രാവിലെ ഏഴിന് ഉപ്പുമാവും കഴിച്ച് തുടങ്ങിയ യാത്രയുടെ ആദ്യപാദം ഇവിടെ കഴിയുന്നു. ഇവിടെ കട്ടന്‍ ചായ തിളയ്ക്കും വരെ വിശ്രമം. അതു കഴിഞ്ഞുള്ള നടപ്പ് നല്ല കാട്ടിലൂടെയാണ്. മുകളില്‍ മലയണ്ണാന്‍. താഴെ പുഴയ്ക്ക് പലവര്‍ണ്ണങ്ങള്‍. ഇലകളുടെ പ്രതിബിംബമാണത്. രണ്ടാം ദിവസത്തിന്റെ അന്ത്യമടുത്തു വരുന്നു. മൂലവൈഗയിലാണ് ഊണും ഉറക്കവും. പുഴയുടെ നടുക്ക് ദ്വീപു പോലൊരു സ്ഥലത്ത് ഇരട്ടകളെ പോലുള്ള ആനകളുടെ തീറ്റയും കുസൃതിയും. കുറച്ച് ദൂരെ ഒരാനക്കൂട്ടം. അതില്‍ നിന്ന് മാറി നടക്കുന്ന ചട്ടുകാലന്‍ ആന ഞങ്ങളെ കണ്ടതും മുന്നറിയിപ്പ് ചിന്നം വിളിയുമായി കാട്ടിലേക്കോടി. പിറകില്‍ ഇരട്ടകളും. പുഴ മത്സ്യങ്ങളാല്‍ സമൃദ്ധമാണ്. പാറക്കുഴികളിലെ വെള്ളത്തിലെല്ലാം മീനുകള്‍. ഉയര്‍ന്ന തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം കാണുന്ന കുയില്‍ മീനുകളാണേറെ.വംശനാശ ഭീഷണിയുള്ള ബ്രാഹ്മണകണ്ടയും കൂട്ടിനുണ്ട് പിന്നെ ഈറ്റില കണ്ടയും കൂരലും.


തുടര്‍ന്നൊരു കയറ്റമാണ്, കുണ്ടാങ്കല്ലിലേക്ക്. ആനപോലും നിരങ്ങി വീഴുന്ന തരം ഉരുളന്‍ കല്ലുകളുള്ള ഇടമാണിത്. വീതി കുറഞ്ഞ കാട്ടാറിലൂടെ പാറകള്‍ ചാടികയറിയുള്ള ഈ യാത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്. തമിഴ്‌നാട്ടുകാരാണ് ഈ സ്ഥല ത്തെ കുണ്ടാങ്കല്ലെന്ന് വിളിച്ചത്. മന്നാന്‍മാര്‍ക്ക് ഇവിടം പടുതക്കാട്ട് വിടുതിയാണ്. തോട്ടരികില്‍ ചോറു വേവിക്കുമ്പോള്‍ കണ്ണന്‍ നൂറാന്‍കിഴങ്ങ് മാന്താന്‍ പോയി. ദൂരെ കുലച്ചു നില്‍ക്കുന്ന കാട്ടുവാഴയിലേക്കായിരുന്നു എന്റെ നോട്ടം. മുറിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. കല്ലുവാഴയാണത്. കല്ലില്ലാത്ത ഭാഗം ചെത്തി തോരന്‍ വെച്ചു. തോടരികിലെ മണ്ണിനടിയിലേക്ക് നീണ്ടുപോകുന്ന കിഴങ്ങു മാന്തല്‍ ചില്ലറ അദ്ധ്വാനമൊന്നുമല്ല. മാറാങ്കിഴങ്ങ് എന്നാണിതിനെ മാന്നാന്‍മാര്‍ വിളിക്കാറ്. പുഴുങ്ങി തിന്നാന്‍ നല്ല സ്വാദാണ്. കുണ്ടാന്‍കല്ലിലെ താമസം കഴിഞ്ഞ് മണലോട വഴിയാണ് മുക്കാറിലേക്ക് പോകുന്നത്. മണലോട കഞ്ചാവുകാരുടെ കേന്ദ്രമാണ്. വഴിയരികിലെ വെടിപ്ലാവിനു മുകളില്‍ സിംഹവാലന്‍. താഴെ പൊട്ടിക്കിടക്കുന്ന വെടിച്ചക്കകളാണത് പറഞ്ഞത്.

അന്ന് രാത്രി മുക്കാറിലാണ് താമസം. കാട്ടിനുള്ളിലെ താമസത്തിന്റെ അവസാനത്തെ കിടപ്പ് ഇവിടെയാണ്. സുന്ദരമലയില്‍ നിന്നും ചൊക്കന്‍ പെട്ടിയില്‍ നിന്നും ചെമ്പകവല്ലിയില്‍ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവികള്‍ പെരിയാറാകുന്ന സുന്ദര ദൃശ്യത്തിനാണ് ഞാന്‍ സാക്ഷിയാകുന്നത്. ഈ ഭാഗ്യം കിട്ടിയ അപൂര്‍വ്വം ഒരാളാവുകയാണ് ഞാന്‍.

ക്യാമറയ്ക്ക് ഒപ്പിയെടുക്കാന്‍ ആവുന്നതിലേറെ സൗന്ദര്യം ഈ കാഴ്ചയ്ക്കുണ്ട്. ഒഴുകിയെത്തുന്ന അരുവികള്‍ നിശ്ചലമായി കിടക്കുന്ന മുക്കാറില്‍. കാടിന്റെ വര്‍ണ്ണഭേദങ്ങള്‍ ആ പുഴകള്‍ തീര്‍ത്ത കണ്ണാടിയില്‍ പ്രതിഫലിക്കുന്നുണ്ട്. പല പച്ചകള്‍ ഉറഞ്ഞ് കറുപ്പാകുന്നതും അലിഞ്ഞ് വെള്ളയാകുന്നതും ഇവിടെ കാണാം. ഈ ചിത്രം വരികളില്‍ ഒതുക്കാനാവില്ല. എന്റെ ക്യാമറയില്‍ പകര്‍ത്താനും. അതെന്റെ മനസ്സിന്റെ ചുമരില്‍ തൂക്കിയിട്ടിരിപ്പാണ്. മുക്കാറില്‍ നിന്ന് ഇടത്തോട്ട് പോയാല്‍ ചെമ്പകവല്ലിയാണ്. ഇവിടെ കാലങ്ങള്‍ക്ക് മുമ്പ് മുല്ലപ്പെരിയാര്‍ ഒരുക്കുന്നതിനു മുമ്പുതന്നെ തമിഴ്‌നാട്ടുകാര്‍ അണകെട്ടിയിരുന്നു. കേരളത്തിലേക്കൊഴുകുന്ന ചെമ്പകവല്ലിത്തോടിനെ തടഞ്ഞുനിര്‍ത്തി ഒരു കിലോമീറ്ററോളം കല്‍ചാലിലൂടെ തമിഴ്‌നാടിന്റെ മുകളില്‍ കൊണ്ടുപോയി ഒഴുക്കി വിടുകയായിരുന്നു അവര്‍. എപ്പഴോ ഇതു കണ്ടെത്തി കേരളാ വനം വകുപ്പ് രണ്ടിടങ്ങളിലായി ഈ ചാല്‍ പൊളിച്ച് വെള്ളം കേരളത്തിലേക്ക് തന്നെ ഒഴുക്കി. അന്നവിടെ വിഘ്‌നമകറ്റാന്‍ സ്ഥാപിച്ച വിഘ്‌നേശ്വര പ്രതിമ ഇന്നുമുണ്ട്. പഴയ സുര്‍ക്കിയിട്ടുറപ്പിച്ച കല്‍ക്കെട്ടുകളും. ഇത് പിന്നിട്ട് കുറച്ച് മുകളിലോട്ട് നടന്നാല്‍ ഒരു ഭാഗത്ത് തൂശനിക്ക കുച്ചിലാണ്. പണ്ട് തമിഴ്‌നാട്ടുകാര്‍ വന്ന് ക്യാമ്പടിച്ചിരുന്ന സ്ഥലമാണിത്. അന്ന് ഭക്ഷണത്തിന്റെ ബാക്കി മത്തന്‍ കുരു മുളച്ച് വളര്‍ന്ന സ്ഥലമാണിത്. തൂശനിക്കയെന്നാല്‍ കുമ്പളങ്ങ. ഇത് പിന്നിട്ടാല്‍ കുത്തനെയുള്ള ഇറക്കമാണ്. കേരളാതമിഴ്‌നാട് അതിര്‍ത്തിയാണിവിടം. ഇറങ്ങിചെല്ലുന്നത് പന്ത്രണ്ടേക്കര്‍ എന്നറിയപ്പെടുന്ന എസ്റ്റേറ്റിലാണ്. വഴിയിലെങ്ങും പുളിനാരകങ്ങള്‍. കുറച്ച് നടന്നപ്പോള്‍ ഹരിതകാനനം. ചുറ്റും കള്ളിച്ചെടികള്‍. കാട്ടുകോഴികള്‍.

മുന്നില്‍ തീര്‍ഥപ്പാറ. കുളി ഇവിടെയാണ്. കാടിന്റെ സമസ്ത ഗന്ധവും മനസ്സില്‍ മാത്രമാക്കി ശരീരത്തിലെ കാട്ടോര്‍മ്മകള്‍ ഒഴുക്കി കളഞ്ഞാണിനി യാത്ര. പളിയക്കുടിയാണ് ലക്ഷ്യം. അവിടെ ഞങ്ങളെ കാത്ത് പെരിയാര്‍ കടുവ സങ്കേതത്തിലെ വാഹനവുമായി സുകുവെത്തും. പളിയക്കുടിയിലെത്തുമ്പോള്‍ കുരച്ച് സ്വാഗതം ഓതുന്ന നാട്ടുപട്ടികള്‍ , കൊത്തി ഓടിക്കാനെത്തുന്ന സുന്ദരന്‍ പൂവന്‍കോഴികള്‍. ഈ കുടിക്കടുത്തുള്ള പുഴയില്‍ വെള്ളമില്ല. ഉരുളന്‍ കല്ലുകള്‍ മാത്രം. എങ്ങിനെ വെള്ളമുണ്ടാകാനാണ്. തമിഴ്‌നാട് അതിര്‍ത്തിക്കിപ്പുറം കാടില്ല. എസ്റ്റേറ്റുകള്‍ മാത്രം.

ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ ഇപ്പുറം കടന്നപ്പോള്‍ സുകു കാത്തിരിപ്പുണ്ട്. പിന്നെ വാസുദേവനല്ലൂര്‍ കമ്പം തേനി വഴി കുമിളിയിലേക്ക് തിരികെ യാത്ര. വഴിയരികില്‍ വെള്ളക്കുപ്പായമഴിച്ച് വെച്ച് നഗ്‌നയായ് വൈഗ കിടക്കുന്നു. മനസ്സില്‍ പഴയൊരു സെമിനാറിന്റെ തലവാചകം.

(ഈ യാത്ര മഹാഭാഗ്യവാന്‍മാര്‍ക്കു മാത്രമുള്ളതാണ്. സംരക്ഷിത വനപ്രദേശത്തിന്റെ ഹൃദയത്തിലുടെയുള്ള യാത്ര പരിരക്ഷണ ആവശ്യാര്‍ത്ഥം വനപാലകരോടൊപ്പം മാത്രമാണ് ).


Text & Photos: C Sunil Kumar

Monday, November 11, 2013

പെരിയാര്‍ കനവുകള്‍



Periyar Tiger Reserve, Thekkadi, Idukki, Kerala
പേരമരങ്ങളില്‍ കാട്ടുതത്തകള്‍ ചിലച്ചു. അകലെ നിന്ന് ഒരു വേഴാമ്പലിന്റെ വിളി മലകളില്‍ മുഴങ്ങി. അകിലു പഴുക്കുന്ന മഴക്കാലത്ത് കാട്ടിലെ കിളികള്‍ക്കൊക്കെ സന്തോഷം. പേരറിയാത്ത പറവകള്‍ ഇലകളില്‍ മറഞ്ഞിരുന്നു. അങ്ങു ദൂരെ മലമുകളിലെ പുല്‍മേട്ടില്‍ കാട്ടുപോത്തുകള്‍ കറുത്തപൊട്ടുകളായി മേയുന്നു. ഞങ്ങള്‍ തേക്കടിയില്‍ പെരിയാര്‍ തടാകത്തിനക്കരെയുളള നെല്ലിക്കാംപട്ടി കാട്ടിലൂടെ നടക്കുകയായിരുന്നു.

പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഇക്കോടൂറിസത്തിന്റെ പ്രകൃതി യാത്രയില്‍ പങ്കാളികളാണ് ഞങ്ങളിപ്പോള്‍. നടന്ന് നടന്ന് ചെന്നിട്ടുവേണം മുളംചങ്ങാടത്തിലേറി തടാകത്തില്‍ അലയാന്‍. ചങ്ങാടയാത്രയുടെ രസം ഇതിനകം കുറച്ച് അറിഞ്ഞിരുന്നു. യാത്രയുടെ തുടക്കത്തില്‍ തേക്കടി ബോട്ട് ലാന്റിംഗ് പരിസരത്തുനിന്ന് ചങ്ങാടത്തില്‍ കയറിയാണ് തടാകം മുറിച്ച് കടന്ന് കാട്ടില്‍ എത്തിയത്.

മുമ്പ് പെരിയാര്‍ സഞ്ചാരത്തിന് വഴികള്‍ കുറവായിരുന്നു. മുരണ്ടു പായുന്ന യന്ത്ര ബോട്ടില്‍ തടാകത്തിലൂടെ കാടിന്റെ അയല്‍പക്കങ്ങളെ ചുറ്റിവരികയായിരുന്നു ഏറെ പേര്‍ക്കും ആശ്രയം. എന്നാല്‍ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ടൂറിസം പരിപാടികളുടെ വരവോടെ കാടിനെ അറിയാന്‍ കൂടുതല്‍ വഴികള്‍ തുറന്നു. കാടിനെയും ജന്തു സസ്യജാലങ്ങളെയും നോവിക്കാതെ, ഒരു കാലത്ത് കാടുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആദിവാസികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന വിനോദ സഞ്ചാരത്തിന്റെ തേക്കടി മാതൃക ഇതിനകം ലോകശ്രദ്ധനേടിക്കഴിഞ്ഞു.

Periyar Tiger Reserve, Thekkadi, Idukki, Keralaഈ യാത്രാ വഴിയില്‍ നിത്യ ഹരിതവനങ്ങളും ഇലപൊഴിയും കാടുകളും പുല്‍മേടുകളും ഒക്കെയുണ്ട്. 1934ല്‍ ഗെയിം സാംക്ച്വറിയായി പ്രഖ്യാപിക്കപ്പെട്ട നെല്ലിക്കാംപട്ടിയില്‍ നിന്നാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ വളര്‍ച്ചയുടെ തുടക്കം.ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയില്‍ അംഗങ്ങളായ, കാട്ടറിവുകളില്‍ പരിചയസമ്പന്നരായ വഴികാട്ടികള്‍ ഈ യാത്രയില്‍ നിങ്ങളോടൊപ്പം ഉണ്ടാവും. അഞ്ചു പേരുള്ള സംഘത്തിന് അഞ്ഞൂറ് രൂപയാണ് നല്‍കേണ്ടത്. മുളം ചങ്ങാട യാത്രയ്ക്ക് ആയിരം രൂപയും. ഒന്നുകില്‍ പ്രകൃതിയാത്രയോ, ചങ്ങാടയാത്രയോ തിരഞ്ഞെടുക്കാം. ചങ്ങാടയാത്ര തുടങ്ങുന്നിടത്ത് എത്താനും കാട്ടിലൂടെ നടക്കണം. രാവിലെ എട്ടുമണിക്ക് ബോട്ട് ലാന്റിംഗില്‍ നിന്ന് തുടങ്ങി വൈകുന്നേരം അഞ്ചിന് തിരിച്ചെത്തും. ഇതിനിടെ മൂന്ന് മണിക്കൂറോളം ചങ്ങാടത്തില്‍ സഞ്ചരിക്കാം. തോക്കേന്തിയ ഫോറസറ്റ് ഗാര്‍ഡും നാലു ഗൈഡുകളും സംഘത്തെ അനുഗമിക്കും.

Periyar Tiger Reserve, Thekkadi, Idukki, Keralaകാട് നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ ഈ യാത്ര നിങ്ങളെ ക്ഷീണിപ്പിക്കില്ല. കാട്ടുപൂക്കളെയും പൂമ്പാറ്റകളെയും പറവകളെയും കണ്ട്, ഏതു നിമിഷവും കാഴ്ച്ചയില്‍പെട്ടേയ്ക്കാവുന്ന വന്യമൃഗങ്ങളെ തിരഞ്ഞ് അങ്ങനെ നടക്കാം. പശ്ചിമഘട്ടമലനിരകളില്‍ തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന സസ്യജന്തുജാലമുള്ള കാടാണിത്. യാത്രയ്ക്കിടെ പലവഴികളിലൂടെ കടന്നുപോകുന്ന സഞ്ചാരികളുടെ കൂട്ടം. വിദേശികളുടെ സംഘങ്ങളില്‍ സ്ത്രീകളും ധാരാളം. നീര്‍ച്ചാലുകളും തോടുകളും പിന്നിടാന്‍ വഴികാട്ടികള്‍ തന്നെ കാട്ടുകമ്പുകള്‍ കൊണ്ട് പാലങ്ങള്‍ തീര്‍ത്തു.

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ്, കാട്ടുപേരപ്പഴങ്ങള്‍ പറിച്ചു തിന്ന് വിശ്രമിക്കുന്നതിനിടയില്‍, ഫോട്ടോഗ്രാഫര്‍ വിവേക് ജര്‍മ്മന്‍ നിര്‍മ്മിതമായ തന്റെ കൃത്രിമകാല്‍ അഴിച്ചുവെച്ചു. ഞങ്ങളോടൊപ്പം വന്ന ഗാര്‍ഡ് ശശിയും പ്രഭാകരനും വിജയനുമൊക്കെ ആ കാഴ്ച്ച കണ്ട് അന്തിച്ചുപോയി. പയ്യെ നടക്കുകയായിരുന്ന വിവേകിന്റെ കാലിന് എന്തോ ചെറിയ അസുഖമുണ്ടെന്നാണ് അതുവരെ അവര്‍ കരുതിയിരുന്നത്്്. ഒറ്റക്കാലുള്ള ഫോട്ടോഗ്രാഫറെയും കൊണ്ടാണ് കാടുകയറിയതെന്ന് അവര്‍ അപ്പോഴേ അറിഞ്ഞുള്ളു. അപകടത്തില്‍ കാലു മുറിക്കേണ്ടി വന്നതാണ്. പൂര്‍ണ ആരോഗ്യവാന്‍മാരെ മാത്രമേ കാട്ടില്‍ കയറ്റാവു എന്നാണ് ചട്ടം. ഒരു പക്ഷേ കൃത്രിമക്കാലാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ യാത്ര നടക്കുമായിരുന്നോ? അറിയില്ല. വിവേക് പെട്ടെന്ന് ഒരു വഴികാട്ടിയായി മാറി. നിശ്ചയദാര്‍ഢ്യത്തിന്റെയും മനോധൈര്യത്തിന്റെയും വഴികളില്‍ വിവേകിന്റെ അനുഭവം എല്ലാവര്‍ക്കും വെളിച്ചമായി. വഴികാട്ടികളായ ട്രൈബല്‍ ട്രാക്ക് ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലെ ചക്കനും ഷാജിമോനും പ്രഭാകരനും വിജയനുമൊക്കെ ഏറെ സ്‌നേഹവും കരുതലും തന്നു.

Periyar Tiger Reserve, Thekkadi, Idukki, Keralaഇനിയങ്ങോട്ട് ഏറെ നേരം ചെളി നിറഞ്ഞ ചതുപ്പുകളാണ്. ജര്‍മ്മന്‍ കാലില്‍ ചെളിപുരളുന്നത് ഒഴിവാക്കാന്‍ വിവേകിനെ തടാക തീരത്തുകൂടി ചങ്ങാടത്തില്‍ കയറ്റിവിടാന്‍ തീരുമാനിച്ചു. തേക്കടിയിലെ ചില കുടികളിലുള്ളവരുടെ ഉപജീവനം കാട്ടിനകത്തെ മീന്‍പിടുത്തമാണ്. അവരുടെ ചങ്ങാടങ്ങള്‍ പലേടത്തും കെട്ടിയിട്ടിട്ടുണ്ട്. ചങ്ങാടം മറ്റാരും കൊണ്ടുപോകാതിരിക്കാന്‍ തുഴകള്‍ അവര്‍ ഒളിച്ചുവെയ്ക്കും. ഒരു ചങ്ങാടം അഴിച്ചെടുത്ത് കാട്ടുകമ്പുകെട്ടി തുഴഞ്ഞാണ് വഴികാട്ടി വിവേകിനെ കൊണ്ടുപോയത്. ഞങ്ങള്‍ കരയിലും അവര്‍ വെള്ളത്തിലുമായി യാത്ര തുടര്‍ന്നു.


Periyar Tiger Reserve, Thekkadi, Idukki, Kerala
ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തടാകക്കരയില്‍ സഞ്ചാരികളുടെ മുളം ചങ്ങാടങ്ങള്‍ക്ക് അരികില്‍ എത്തി. കുറെ സായിപ്പന്‍മാരും മദാമ്മമാരും ചങ്ങാടത്തില്‍ കയറാനൊരുങ്ങുന്നു. ബ്രിട്ടനില്‍ നിന്നെത്തിയ കോളേജ് പ്രിന്‍സിപ്പല്‍ പാട്രിക്ക് മക്ഗവേണ്‍ ആയിരുന്നു സംഘത്തിലെ മുതിര്‍ന്നയാള്‍. 'എ വണ്ടര്‍ഫുള്‍ പ്ലെയ്‌സ്. ദ ഫോറസ്റ്റ് ഈസ് സ്‌പെക്ടാക്കുലര്‍'. അദ്ദേഹം പറഞ്ഞു. എട്ടുപേര്‍ക്ക് കയറാവുന്ന ചങ്ങാടം. കാട്ടറിവുകളില്‍ കെട്ടിയുണ്ടാക്കിയത്. മുളകൊണ്ടു തന്നെ അതില്‍ ഇരിപ്പിടങ്ങളും തീര്‍ത്തിരിക്കുന്നു. ചങ്ങാടത്തിലേറി അക്കരയ്ക്ക്. അവിടെ വന്യമൃഗങ്ങളെ മാറ്റിനിര്‍ത്താനെടുത്ത കൂറ്റന്‍ കിടങ്ങുകള്‍ക്ക് നടുവില്‍ ഒരു ഷെഡ്. സഞ്ചാരികള്‍ക്കെല്ലാം ബ്രെഡും ജാമും പഴവും ചായയും ഉള്‍പ്പെടുന്ന ബ്രേക്ക് ഫാസ്റ്റ്. അപ്പോഴേക്കും എതിര്‍ക്കരയില്‍, തടാകത്തോട് ചേര്‍ന്ന തുറസിലേക്ക് ആനകള്‍ എഴുന്നള്ളിവന്നു. വല്ലാത്തൊരു സന്തോഷമായിരുന്നു സഞ്ചാരികളുടെ ആ താവളത്തില്‍. എത്രയും വേഗം ചങ്ങാടത്തിലേറി അങ്ങോട്ടേയ്ക്ക് പുറപ്പെട്ടു. തോക്കേന്തിയ ഗാര്‍ഡ് ഗണേശനായിരുന്നു സംഘത്തിന്റെ നിയന്ത്രണം. ഗണേശന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കുട്ടികളെപ്പോലെ അനുസരിച്ചു. അവര്‍ തികഞ്ഞ നിശബ്ദത പാലിച്ചു. ക്യാമറകളുടെ ക്ലിക്ക് ശബ്ദം മാത്രം. പെട്ടന്നായിരുന്നു ആ കാഴ്ച്ച. അതാ ഒരു കുട്ടിക്കുറമ്പനും മറ്റൊരു പിടിയാനയും. സഹ്യന്റെ മക്കളെ അവര്‍ കണ്‍കുളിര്‍ക്കെ കൈയ്യെത്തും ദൂരത്ത് കണ്ടു. കരയില്‍ക്കയറിയിരുന്ന്്് ആനകളെക്കാണാന്‍ ഗണേശന്‍ സമ്മതിച്ചു. നാടകമോ നൃത്തമോ കാണുന്നതുപോലെ ആനകളുടെ ഓരോ ചലനത്തിനും ആദരവോടെ അവര്‍ കണ്‍പാര്‍ത്തു.

ഉച്ചഭക്ഷണവും കഴിഞ്ഞ് കുറേസമയം കൂടി ചങ്ങാടത്തില്‍ ചെലവഴിക്കാം. ചങ്ങാടത്തില്‍ നിന്നിറങ്ങി കാട്ടിലൂടെ മടങ്ങി വരുമ്പോള്‍ വഴിവക്കിലൊരു കാട്ടുപോത്ത്. അവന്‍ മറയുന്നത് വരെ ഞങ്ങള്‍ കാത്തുനിന്നു. രണ്ടു രാത്രിയും മൂന്ന് പകലും വരെ നീളുന്ന ടൈഗര്‍ ട്രെയില്‍ ഉള്‍പ്പടെ ഒട്ടേറെ ട്രെക്കിങ് പാക്കേജുകള്‍ ഇക്കോടൂറിസം നടത്തുന്നുണ്ട്്്. തലേന്ന് രാത്രിയില്‍ ഇക്കോ ടൂറിസത്തിന്റെ 'ബാംബു ഗ്രോവി'ലായിരുന്നു ഞങ്ങള്‍ താമസിച്ചത്. തേക്കടി ചെക്‌പോസ്റ്റിന് അടുത്തായി മുളകൊണ്ട് തീര്‍ത്ത സുന്ദരമായ കോട്ടേജുകള്‍. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍, തൊട്ടടുത്ത കോട്ടേജ് ബുക്ക് ചെയ്തിരുന്ന ഉത്തരേന്ത്യക്കാര്‍ ടി.വി ഇല്ലാത്തതിനാല്‍ കോട്ടേജ് ഉപേക്ഷിച്ചു പോവുന്നത് കണ്ടു. മഴക്കാലമായതിനാല്‍ കോട്ടേജുകള്‍ ശൂന്യമായതു കൊണ്ട് ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്നില്ല. ടൂറിസ്റ്റുകളുടെ തിരക്കേറിയ തേക്കടിയില്‍ സ്വച്ഛമായി താമസിക്കാവുന്നൊരു സ്ഥലം. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ സൗകര്യങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് ഈ മുളംകുടില്‍ വേറൊരനുഭവം തരും.

സഞ്ചാരികള്‍ക്ക്്് താമസിക്കാന്‍ കൊക്കരയില്‍, കാട്ടിനകത്ത ് 'ജംഗിള്‍ ഇന്‍' എന്ന ഏറുമാടംപോലെയുള്ള ഒറ്റമുറി സങ്കേതമുണ്ട്. രണ്ടുപേര്‍ക്ക്്് താമസിക്കാം. തേക്കടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം മംഗളാ ദേവിയിലേക്കുള്ള വഴിയിലൂടെ നടന്നു വേണം ഇവിടെ എത്താന്‍. ജംഗിള്‍ ഇന്നിലേയ്ക്കുള്ള അതിഥികളെയല്ലാതെ മറ്റാരെയും സാധാരണ ഇതുവഴി കടത്തിവിടാറില്ല. കാട്ടിലെ ഒരു വയല്‍ക്കരയിലാണിത്. കാട്ടിലെ തീന്‍മേശയാണ് വയല്‍. സസ്യഭുക്കുകള്‍ ഇവിടെ മേയാന്‍ എത്തും. അവയെത്തിന്നാന്‍ മാംസഭുക്കുകളും വരും. മെഴുകുതിരിവെട്ടത്തില്‍, കാടിന്റെ ഹൃദയത്തില്‍, ഏകാന്തമായൊരു രാത്രിയാണ് ജംഗിള്‍ ഇന്നിന്റെ സമ്മാനം. ഈ ലോകത്ത് മറുലോകങ്ങള്‍ കനവുകാണുന്നവര്‍ ഈ വഴികളിലൂടെ വരിക. നിങ്ങള്‍ക്ക് കൂടുകൂട്ടാന്‍ പൂമരച്ചില്ലകള്‍ ഉണ്ടിവിടെ.


Text: S N Jayaprakash, Photos: Vivek R Nair

Sunday, June 16, 2013

ആറാട്ടിനാനകള്‍ എഴുന്നള്ളി...


Mankulam, Aanakulam, Idukki, Kerala

കേട്ടപ്പോള്‍ കിനാവെന്നു തോന്നി. കണ്ടപ്പോള്‍ സ്വപ്‌നസുന്ദരം. കാടും മേടും നിലാവില്‍ നീരാടി നില്‍ക്കുന്ന രാത്രിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിച്ചു തിമര്‍ക്കാനിറങ്ങുന്ന ഒരിടം. പത്തും പന്ത്രണ്ടും ആനകളടങ്ങുന്ന സംഘം ഒന്നിനുപുറകെ ഒന്നായി നീരാടാനെത്തും. ഒരു കൂട്ടത്തിന്റെ കുളി കഴിഞ്ഞാല്‍ അടുത്തകൂട്ടം. അതും കണ്ട് നമുക്ക് കരയിലിരിക്കാം. തൊട്ടരികില്‍ അവ ശാന്തരായി എല്ലാം മറന്ന് കളിക്കും. കുട്ടിക്കൊമ്പന്‍മാരെ കുളിപ്പിക്കും. ചെറിയ തര്‍ക്കങ്ങളോടെ പരസ്പരം ഉന്തും തളളും കാണിക്കും. ഒരു പരിഭവ പ്രകടനത്തിനപ്പുറം അത് നീളുന്നില്ല. കളിയും കുളിയും മതിയാവോളമായാല്‍ അവ ശാന്തരായി നിബിഡ വനമേഖലകളിലേക്ക് നടന്നു മറയും. രാത്രിയും പൗര്‍ണ്ണമിയും പോയ്മറഞ്ഞാലും മനസിലൊരു മായാത്ത ചിത്രം!- ആനക്കുളത്തെ പറ്റി കേട്ടപ്പോള്‍ ഏതോ ഭാവനാശാലിയുടെ സുന്ദരമായൊരു സ്വപ്‌നം പോലെ...

Mankulam, Aanakulam, Idukki, Keralaകേട്ടറിവുകളില്‍ നിന്ന് മനസൊരുക്കിയ ദിവാസ്വപ്‌നങ്ങളേയും കൂട്ടിയായിരുന്നു യാത്ര. അടിമാലിക്കടുത്ത് മാങ്കുളം വനമേഖലയിലേക്ക്, ഒരു പൗര്‍ണ്ണമി നാളില്‍. ഉച്ചയോടെ അടിമാലിയിലെത്തി. മാങ്കുളം ഡി.എഫ്.ഒ ഇന്ദുചൂഡനെയാണ് ആദ്യം കണ്ടത്. ആനക്കുളത്തിന്റെ പ്രത്യേകതകളും മാങ്കുളത്തിന്റെ വിശേഷങ്ങളും അദ്ദേഹം പറഞ്ഞുതന്നു. ഫോറസ്റ്റര്‍ ജോയിയും ഡ്രൈവര്‍ സജീവും ഒപ്പം വന്നു.

അടിമാലിയില്‍ നിന്ന് മൂന്നാര്‍ റോഡിലൂടെ മുന്നോട്ട്. കല്ലാറില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാങ്കുളത്തേക്ക് 16 കിലോമീറ്റര്‍. മാങ്കുളത്തു നിന്ന് കുവൈത്ത് സിറ്റി വരെ യാത്ര കുഴപ്പമില്ല. പിന്നിടങ്ങോട്ട് ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് മാത്രം അള്ളിപ്പിടിച്ചു കയറുന്ന റോഡാണ്. ചാഞ്ഞും ചരിഞ്ഞും ഇളകി മറിഞ്ഞും ആനക്കുളത്തെത്തിയപ്പോള്‍ നാലുമണി. അന്തരീക്ഷം മേഘാവൃതമായതു കൊണ്ടാവാം,കാടിനും ഇരുളിമ. വെള്ളിലകള്‍ക്ക് തിളക്കം. ഇടിയും മിന്നലും മഴയും വന്നത് പെട്ടന്നാണ്. കുടെയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ മുഖം മ്ലാനമായി. മഴ പെയ്താല്‍ ആനയിറങ്ങുമെന്ന് തോന്നുന്നില്ല. ''ഛെ പൂജിച്ചുകൊണ്ടു വന്ന ക്യാമറയാണ ആദ്യ ചിത്രം ആനക്കുളത്തു നിന്നു തന്നെയായിക്കോട്ടെന്ന് കരുതി. അതിപ്പം ഇങ്ങിനെയായല്ലോ.''ഫോട്ടോഗ്രാഫര്‍ സജി മഴയെ ശപിച്ചു.

വനം വകുപ്പിലെ ജീവനക്കാരി രമണിചേച്ചി ഉണ്ടാക്കിതന്ന സ്വാദിഷ്ടമായ ചക്കപ്പുഴുക്കും ചോറും കോഴിക്കറിയും കഴിച്ച് മഴയ്ക്ക് പെയ്യാന്‍ കണ്ട നേരത്തെ പഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. മഴയൊഴിഞ്ഞെങ്കിലും കാട്ടില്‍ കോടമഞ്ഞ് കളി പറയാനെത്തിയിരുന്നു. നേരം പത്തേമുക്കാലായി കാണും. ഫോറസ്റ്റര്‍ ജോസഫ് വിളിച്ചുണര്‍ത്തി. ''അതാ ആനയിറങ്ങിയിട്ടുണ്ട്. എഴുന്നേക്ക് എഴുന്നേക്ക്''. ഉറക്കം മലയിറങ്ങിയത് പെട്ടെന്നാണ്. ക്യാമറയും ടോര്‍ച്ചുമായി ആനക്കുളത്തിനടുത്തേക്ക് നടന്നു. എന്തൊക്കെയോ ഒച്ചകള്‍ കേള്‍ക്കുന്നുണ്ട്. കാലുകൊണ്ട് വെള്ളം തേവുന്നതിന്റെയും ചില പിടിവലികള്‍ക്കിടയിലുള്ള അമറലുകളുടെയും ചെറിയ ചിന്നംവിളികളുടെയും ശബ്ദം രാത്രി നിശബ്ദതയില്‍ പേടി വിതറുന്നുണ്ട്. പൗര്‍ണ്ണമിയാണെങ്കിലും കോടമഞ്ഞില്‍ നിലാവ് മയങ്ങി കിടപ്പാണ്. ടോര്‍ച്ചടിച്ചു നോക്കിയെങ്കിലും പ്രകാശം പാതിവഴിയില്‍ പൊലിഞ്ഞുപോവുന്നു. അടുത്തോട്ട് പോകാമെന്ന് നാട്ടുകാരെല്ലാം സാക്ഷ്യം പറഞ്ഞതാണെങ്കിലും ഒരു ഭയം. ഇവിടെയെത്തുന്ന ആനകളില്‍ ഏതു കൊലകൊല്ലിയും ശാന്തരാവുമെന്നും, മുറ്റത്തു കളിച്ചു നില്‍ക്കുന്ന കുട്ടികളെ കവച്ച് വെച്ച് കടന്നുപോകുന്ന ആനകള്‍ ഒരത്ഭുതമായിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

Mankulam, Aanakulam, Idukki, Kerala
ഉരുളന്‍കല്ലും തെളിനീരും താണ്ടി..
ക്യാമറ കണ്ണിലൂടെ നോക്കിയിട്ടും ഒന്നും കാണുന്നില്ല. കഌക്ക ചെയ്ത് മോണിറ്ററില്‍ നോക്കിയപ്പോഴും ചില കരിരൂപങ്ങള്‍ മാത്രം. ഒടുക്കം ഡ്രൈവര്‍ സജീവിനെ വിളിച്ചുണര്‍ത്തി. ജീപ്പുമായി വരാന്‍ പറഞ്ഞു. റോഡില്‍ നിന്ന് അല്‍പ്പം മുന്നോട്ടുള്ള മണ്‍തിട്ടയില്‍ നിര്‍ത്തിയ ജീപ്പിന്റെ എഞ്ചിന്‍ ഓഫ് ചെയ്തു. ഹെഡ്‌ലൈറ്റ് ഓണാക്കി. ജീപ്പു വെളിച്ചത്തില്‍ ക്യാമറകണ്ണുകള്‍ മിന്നിയടയാന്‍ തുടങ്ങി. ഈ മോഹന സുന്ദരദൃശ്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണല്ലോ.

ആനനട പഠിച്ചുതുടങ്ങിയ കുട്ടിക്കൊമ്പനെ അമ്മ തുമ്പികൈ കൊണ്ട് വെള്ളം കുടിക്കാന്‍ പഠിപ്പിക്കുന്നു. വമ്പനൊരാന അനങ്ങാപാറ നയത്തില്‍ വെള്ളത്തില്‍ കിടപ്പാണ്. കൂട്ടത്തിലൊരുവനെ തുരത്താന്‍ ശ്രമിക്കുന്നുണ്ടൊരാള്‍. ആ ദേഷ്യത്തിലാണവന്‍ ചിന്നം വിളിക്കുന്നത്. കാലുകൊണ്ട് ഉരുളന്‍ കല്ലുകള്‍ മാറ്റുമ്പോള്‍ കുമിളകള്‍ ഉയരുന്നു. അത് പിടിച്ചെടുക്കാനുള്ള മത്സരം കുസൃതിയും കുറുമ്പുമാകുന്ന നിമിഷങ്ങള്‍. ഒരു ഇട്ടാവട്ടത്തിലാണിതെല്ലാം.

Mankulam, Aanakulam, Idukki, Kerala
കാട് കണ്ണാടി നോക്കുമ്പോള്‍
പതിനൊന്നു മണിക്ക് തുടങ്ങിയ ഫോട്ടോഷൂട്ട് തീര്‍ന്നപ്പോള്‍ പന്ത്രണ്ടേകാല്‍. ''ഇന്നിപ്പം മഴ പെയ്തതുകൊണ്ടാണ് അല്ലെങ്കില്‍ ഇനിയും ആനക്കൂട്ടങ്ങള്‍ എത്തിയേനേ.'' ഫോറസ്റ്റ് ഗാര്‍ഡ് ബാബു പറഞ്ഞു. ''എന്തായാലും നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഇന്നത്തെ കാലാവസ്ഥ കണ്ട് ആനയെ പ്രതീക്ഷിച്ചതേയല്ല. ഇതു നിങ്ങള്‍ക്കു വേണ്ടി വന്നതു പോലെയുണ്ട്.''

ചിലപ്പോ പകലും ആനയിറങ്ങാറുണ്ട്്. ആനയിറങ്ങിയാല്‍ വിവരം കാട്ടുതീപോലെ പടരും. മൂന്നാറു മുതലുള്ള റിസോര്‍ട്ടുകളില്‍ നിന്ന് സഞ്ചാരികള്‍ ജീപ്പുമെടുത്ത് കുതിച്ചെത്തും. ഡിസംബര്‍, ജനവരി മാസങ്ങളിലും വേനല്‍ക്കാലത്തുമാണ് കൂടുതല്‍ ആനകള്‍ എത്തുക. ശബരിമല നട തുറന്ന് അവിടെ തിരക്കാവുമ്പോള്‍ ശബരിഗിരിയിലെ ആനകളും ഇവിടേക്കെഴുന്നള്ളും.. ആനക്കുളത്തിനടുത്തുള്ള കൊച്ചു ക്ഷേത്രത്തിലും അപ്പോള്‍ ഉത്സവമാണ്. നെറ്റിപ്പട്ടം കെട്ടാത്ത കൊച്ചുകൊമ്പന്‍മാര്‍ മുതല്‍ മുത്തശ്ശി പിടിയാനകളും ചട്ടുകാലന്‍ കൊമ്പനുമെല്ലാം അണിനിരക്കുന്ന കാട്ടാനപ്പൂരം.

Mankulam, Aanakulam, Idukki, Kerala
ആനക്കുളം അങ്ങാടി
അഞ്ചാറ് കടമുറികളും കൊച്ചു കൊച്ചു വീടുകളും ഒരു കുരിശടിയും ക്ഷേത്രവും ഗുരുമന്ദിരവും ഈറ്റച്ചോലയാറും ചേര്‍ന്നാല്‍ ആനക്കുളമായി. ആനകള്‍ നീരാടാനെത്തുന്ന 'ആന ഓരി'നു സമീപമാണ് സ്ഥലത്തെ വോളിബോള്‍ കോര്‍ട്ട്. ആനയിറങ്ങുമ്പോള്‍ കളി നിര്‍ത്തിവെയ്ക്കുന്നു. കളിക്കാരും കാഴ്ചക്കാരാവുന്നു.

പകല്‍ ആനയെ കണ്ടാലോ എന്ന പ്രതീക്ഷയിലാണ് കാലത്ത് എഴുന്നേറ്റ് ആനക്കുളത്തിനടുത്തെത്തിയത്്. എന്നാലവിടെ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. കുറേപേര്‍ വെള്ളത്തിലെന്തോ തിരയുകയാണ്. രാത്രി ആന വെള്ളം കലക്കിയസ്ഥലത്ത് മനുഷ്യന്‍ കാലുകൊണ്ട് തട്ടി തട്ടി ആനവാല്‍രോമങ്ങള്‍ തിരയുന്നു. ആനകളുടെ പിടിവലിക്കിടയില്‍ വാലില്‍ നിന്ന് രോമങ്ങള്‍ വീഴും. അത് പെറുക്കിയെടുത്ത് ആനവാല്‍ മോതിരമുണ്ടാക്കി ഭയം കളയാം. അല്ലെങ്കില്‍ ആനവാല്‍ മോതിര പ്രേമികള്‍ക്ക് വിറ്റ് നാലുകാശുണ്ടാക്കാം. 


Text:G.Jyothilal
Photos:Sajichunda

Thursday, April 4, 2013

നീലകുറിഞ്ഞിയുടെ ആതിഥേയനൊപ്പം



Vattavada, Munnar, Idukki, Kerala


ദേവലോകത്തുനിന്ന് ഇറങ്ങി വന്ന ഏതോ അനുഗ്രഹീത കലാകാരന്‍ ഭൂവില്‍ വരച്ചുചേര്‍ത്ത ചിത്രം പോലെ, പഴംപാട്ടുകളില്‍ കേട്ടു മധുരിച്ച ഗ്രാമീണ സൗന്ദര്യത്തിന്റെ തുടിപ്പുമായ് ഒരു ഗ്രാമം. വട്ടവടയിലെത്തുന്ന ഓരോ മനുഷ്യന്റെ മനസ്സിലും വ്യത്യസ്ത ചിത്രമായിട്ടായിരിക്കിക്കും ഈ ഗ്രാമം പതിയുക.

മൂന്നാറില്‍ നിന്ന് ഏകദേശം 42 കി. മി അകലെയായി നിര്‍ദ്ദിഷ്ട നെടുമ്പാശ്ശേരി കൊടൈക്കനാല്‍ റോഡില്‍ തമിഴ്‌നാട് അതിര്‍ത്തിയിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്.

തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ തനി പകര്‍പ്പ്. ചുവരുകള്‍ തമ്മില്‍ വേര്‍തിരിവില്ലാത്ത വീടുകള്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മധുരയില്‍ നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികളുടെ പൂര്‍വ്വികര്‍. ഇടുക്കിയിലെ ആദ്യ കുടിയേറ്റക്കാര്‍. പഴയ തമിഴ് വാസ്തുവിദ്യയിലാണ് വീടുകള്‍ മിക്കവയും നിര്‍മ്മിച്ചിരിക്കുന്നത്. പൊതുവെ എല്ലാ വീടുകള്‍ക്കും ഉയരം കുറവാണ്. കാട്ടുകമ്പുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇവ, കറുത്ത മണ്ണ് തേച്ച് ബലപ്പെടുത്തിയിരിക്കുന്നു. വാതിലുകളും ജനാലകളും കൊത്തുപണികളാല്‍ മനോഹരമാക്കിയിരിക്കുന്നു. മിക്ക വീടുകളും ഒരേ വലുപ്പത്തിലും ആകൃതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സദാ ഉച്ചത്തില്‍ സംസാരിച്ച് തിരക്കിട്ടു നീങ്ങുന്ന ജനസമൂഹം അന്തരീക്ഷം ശബ്ദ മുകരിതമാക്കുന്നു. വീടിനു മുന്‍പിലായി റോഡിന്റെ അരികു ചേര്‍ന്നിരുന്ന് പച്ചക്കറി വിത്തുകള്‍ വേര്‍തിരിക്കുന്ന മുതിര്‍ന്നവരും, നിരത്തിന്റെ ഒത്തനടുക്കായി നിന്ന് എന്തൊക്കെയോ പറഞ്ഞു കൂട്ടുന്ന യുവതീ യുവാക്കളും വട്ടവടയുടെ പ്രത്യേകതകളാണ്.

പൊതുവെ, നിരത്തില്‍ വാഹന ഗതാഗതം കുറവാണ്. ഗ്രാന്റീസ് തടികള്‍ കയറ്റി വരുന്ന പൊട്ടിപൊളിഞ്ഞ ജീപ്പുകളാണ് കൂടുതലായി കാണപ്പെടുന്ന വാഹനം. പച്ചക്കറി ചുമന്നുവരുന്ന കോവര്‍ കഴുതകളെ നിരത്തില്‍ എപ്പോഴും കാണാം. വളരെ ഉച്ചത്തില്‍ സിനിമാ ഗാനങ്ങള്‍ മുഴങ്ങുന്ന ചായ കടകളും രജനീകാന്തിന്റെയും കമലഹാസന്റെയുമൊക്കെ വലിയ പോസ്റ്ററുകള്‍ പതിപ്പിച്ച ബാര്‍ബര്‍ ഷോപ്പുകളും വട്ടവടയിലെ കൗതുക കാഴ്ചകളാണ്.


Vattavada, Munnar, Idukki, Kerala


12 വര്‍ഷത്തില്‍ ഒരിക്കല്‍ വിരുന്നിനെത്തുന്ന നീലകുറിഞ്ഞിയുടെ ഈ സ്വന്തം ഗ്രാമത്തിന് പറയുവാന്‍ കഥകള്‍ ഏറെയുണ്ട്. കുറിഞ്ഞി മല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് വട്ടവടയിലാണ്. കുറിഞ്ഞിയുടെ പൂക്കാലം ഒരു ഉത്സവമായാണ് ഗ്രാമവാസികള്‍ കൊണ്ടാടുന്നത്. പൂജകളും ബലിയര്‍പ്പണവുമൊക്കെ ഗ്രാമീണര്‍ നടത്തുന്നു. കുറിഞ്ഞിയ്‌ക്കൊപ്പം കേരളത്തിന്റെ സ്വന്തം പച്ചക്കറി ഗ്രാമമെന്ന നിലയില്‍ പ്രശസ്തിയാര്‍ജിച്ച വട്ടവട കുറെ മലനിരകളാല്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. താഴ്‌വാരത്തിനോടുചേര്‍ന്ന് അല്പം ഉയരത്തില്‍ ഗ്രാമം സ്ഥിതി ചെയ്യുന്നു. . പഞ്ചായത്തിലെ കമ്പക്കല്‍, കടവരി പ്രദേശങ്ങള്‍ മുന്‍പ് കഞ്ചാവിന് പ്രശസ്തിയാര്‍ജിച്ച മേഖലകളായിരുന്നു.

അടുക്കടുക്കായി കാണപ്പെടുന്ന കൊച്ചു കൃഷിയിടങ്ങളാണ് ഗ്രാമത്തിന്റ ഏറ്റവും വലിയ പ്രത്യേകത. കാരറ്റും ബീറ്റ്‌റൂട്ടും കാബേജും ഉരുളക്കിഴങ്ങുമൊക്കെ വിളയുന്ന കൃഷിയിടങ്ങളാണവ. പച്ചക്കറിതോട്ടങ്ങളുടെയും കൃഷിക്കായി ഒരുക്കിയിരിക്കുന്ന ഭൂമിയുടെയുമൊക്കെ വിദൂരകാഴ്ച അതിമനോഹരമാണ്. ഗ്രാമവാസികള്‍ കൃഷി ചെയ്യുന്നതിനുമുണ്ട്് പ്രത്യേകത. അടുത്തടുത്ത തടങ്ങളില്‍ വ്യത്യസ്ത പച്ചക്കറികളാണ് ഇവര്‍ വിളയിക്കുന്നത്. ഒന്നില്‍ ഉരുളകിഴങ്ങാണെങ്കില്‍ മറ്റൊന്നില്‍ വെളുത്തുള്ളി. രാസവളങ്ങളുടെ ഉപയോഗം തീരെ കുറവാണ്. കൃഷിയിടങ്ങളിലൂടെ സര്‍വ്വസമയവും ജോലിയില്‍ വ്യാപൃതരായി നടക്കുന്ന പണിയാളര്‍ കേരളത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത കാഴ്ച്ചയാണ്.


Vattavada, Munnar, Idukki, Kerala


വട്ടവടയിലെ പ്രധാന വ്യാരകേന്ദ്രങ്ങളിലൊന്നായ കൊട്ടക്കാമ്പൂര്‍ ഗ്രാമം അവസാനിക്കുന്ന കുന്നിന്‍ മുകളില്‍നിന്നുമുള്ള കൃഷിഭൂമിയുടെ കാഴ്ച വര്‍ണ്ണനാതീതമാണ്. കഥകളില്‍ കേട്ടു പരിചിതമായ ഏതോ അത്ഭുത ലോകത്ത് എത്തിയതു പോലെ. ചുറ്റിനും വളരെ ദൂരേയ്ക്ക് വ്യാപിച്ചുകിടക്കുന്ന കൃഷിയിടങ്ങള്‍, അവയ്ക്കിരുവശത്തും വന്‍കോട്ടപോലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. ലോകത്തിന്റെ എറ്റവും അറ്റത്തുള്ള മുനമ്പില്‍ നില്‍ക്കുന്ന അനുഭൂതിയാണ് ആ കാഴ്ചകള്‍ പകര്‍ന്നുനല്‍കിയത്. അങ്ങു ദൂരെ മലനിരകള്‍ ഒത്തുചേരുന്ന പ്രദേശത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെന്ന് വിശ്വവസിക്കുവാന്‍ പെട്ടന്നെന്തോ മടി തോന്നി. കൃഷിയിടങ്ങളും മലനിരകളും നീലാകാശവുമൊക്കെ ഒരു ചെറിയ കോണില്‍ ഒത്തുചേരുന്നു. ശരിക്കും പ്രകൃതി ഒരുക്കിയിരിക്കുന്ന വലിയൊരു കോട്ട.

വട്ടവടയിലേയ്ക്കുള്ള യാത്രയും അതിമനോഹരമാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മഞ്ഞിന്റെ കുളിരുപറ്റി ഒരു യാത്ര. റോഡിനിരുവശവും കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നു. ചിലയിടങ്ങളിലില്‍ പച്ച പരവതാനി വിരിച്ചതുപോലെ പുല്‍മേടുകള്‍ കാണാം. മാട്ടുപെട്ടി, കുണ്ടള ഡാമുകളുടെ ഭംഗിയും, എക്കോ പോയിന്റെന്ന അത്ഭുതവും, ചെത്തിയൊരിക്കിയതെന്ന് തോന്നലുളവാക്കുന്ന കുളുക്കുമലയുമൊക്കെ യാത്രയില്‍ കൂട്ടിനെത്തുന്നു. മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ വട്ടവടയ്ക്കു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാന്റീസ് മരങ്ങള്‍ വെട്ടിയൊരുക്കി വാഹനത്തില്‍ കയറ്റുവാന്‍ ധൃതി കൂട്ടുന്ന പണിയാളര്‍ ഗ്രാമം അടുക്കാറായെന്ന് വിളിച്ചോതുന്നു. ഏകദേശം നാല് കിലോ മീറ്റര്‍ തമിഴ് നാട് അധീന പ്രദേശത്തുകൂടി സഞ്ചരിച്ചുവേണം വട്ടവടയിലെത്താന്‍.


Vattavada, Munnar, Idukki, Kerala


കൊച്ചുകൃഷിയിടങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന വരമ്പുകളിലൂടെ മണ്ണിന്റെ ഭംഗി ആസ്വദിച്ച് എത്ര സമയം നടന്നുവെന്ന് ഓര്‍മ്മയില്ല. സ്ത്രീകള്‍ വെളുത്തുള്ളികള്‍ വിളവെടുത്ത് ഭംഗിയായി അടുക്കി ഉയര്‍ത്തുന്നത് കുറേ സമയം നോക്കി നിന്നു. രാത്രിയില്‍ കൃഷി നശിപ്പിക്കുവാന്‍ എത്തുന്ന പന്നികളില്‍ നിന്ന് അധ്വാനത്തെ രക്ഷിയ്ക്കുന്നതിനായി കാവലു നില്‍ക്കുന്നവര്‍ക്കായി കാട്ടു കമ്പുകള്‍ ഉപയോഗിച്ച് കെട്ടി ഉയര്‍ത്തിയിരിക്കുന്ന കൊച്ചുകുടിലുകളില്‍ കയറിയിറങ്ങി.

വിളവെടുക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന്, മണ്ണില്‍ നിന്നുയര്‍ത്തിയ ഉടനെ കൈക്കലാക്കി കൃഷിയിടത്തില്‍ വെച്ചുതന്നെ വൃത്തിയാക്കിയ കാരറ്റിന്റെ രുചിയും ആസ്വദിച്ച് വട്ടവടയോട് വിടചൊല്ലുമ്പോള്‍ കുറിഞ്ഞിയ്ക്കുമപ്പുറം ഒരു കൊച്ചു ഗ്രാമത്തിന്റെ ഒരുപാട് പ്രത്യേകതകളില്‍ അല്പമെങ്കിലും സ്വന്തമാക്കുവാന്‍ സാധിച്ചു എന്ന ലഹരിയിലായിരുന്നു മനസ്സ്. ശരിക്കും ഭൂമിയിലെ പറുദീസ...

Travel Tips
തണുപ്പ് കുറവായതിനാല്‍ കമ്പിളി വസ്ത്രങ്ങള്‍ കരുതേണ്ടതില്ല.
ഗ്രാമത്തില്‍ കേരളാ രീതിയിലുള്ള ആഹാരം ലഭിക്കുവാന്‍ സാദ്ധ്യത കുറവായതിനാല്‍ ഭക്ഷണം കരുതുക.

Location
Vattavada is located in Idukki district near to munnar.

How to reach
Nearest railwaystation: Aluva
Nearest airport : Cochin

Distance chart (approx)
Munnar 42 km
Ernakulam 177 km
Thekkady 147


Text: പ്രിന്‍സ് ജെയിംസ്‌

Thursday, January 31, 2013

മൂഴിയാറിന്റെ വിസ്മയക്കാഴ്ച്ചകളിലൂടെ

Moozhiyar, Idukki, Keralaകാടിന്റെ കഥകളും വനയാത്രാ വിവരണങ്ങളും വായിക്കുമ്പോള്‍ പോലും കാടിന്റെ സുഖം ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവരുടെ മനസ്സുകളില്‍ ഒരുതരം അസൂയ നിറയും. മാര്‍ഗ്ഗം ലക്ഷ്യത്തേക്കാള്‍ മനോഹരമാകുന്ന ആരണ്യപര്‍വ്വങ്ങളുടെ ഓരോ നിമിഷത്തിലും യാത്രിന്‍ അനുഭവിക്കുന്ന അനിര്‍വ്വചനീയമായ അനുഭൂതിയോടു തോന്നുന്ന തീവ്രമായ അസൂയ. വീണ്ടും കാട്ടിലേക്കു പോകാനും അതിന്റെ ശാന്തവിഹ്വലതകള്‍ നല്‍കുന്ന സുഖാനുഭവം നുകരാനുമുള്ള തത്രപ്പാട്.

നിബിഡവനഭംഗിയും അരുവികളും കുളിരും കളികളര്‍മൊക്കെ കാനനയാത്രകളിലേക്ക് സഞ്ചാരിയെ വീണ്ടും ക്ഷണിക്കുന്ന ഘടകങ്ങളാണെങ്കിലും കേരളത്തിലെ വനങ്ങളിലൂടെയുള്ള യാത്രകളില്‍ ആനക്കാഴ്ച്ചകള്‍ തന്നെയാണ് എന്നും താരം. ആനക്കൂട്ടങ്ങളെ കാണാനുള്ള അദമ്യമായ ആഗ്രഹവും അതോടൊപ്പം തന്നെ കാനനപാതയിലെ അടുത്ത വളവിനപ്പുറം ചെന്നു പെടുന്നത് അവയുടെ മുന്നിലേക്കാവുമെന്ന ഭയവും ചേര്‍ന്ന വിവരിക്കാനാവാത്ത ആ മാനസിരകാവസ്ഥ ഈ യാത്രകള്‍ക്ക് മാത്രം സ്വന്തം. യാത്ര കഴിഞ്ഞാലും അതിന്റെ അനുഭൂതി കാലങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ഭയവും ആകാംക്ഷയും ആവേശവും കലര്‍ന്ന ഈ അനുഭവം കൊണ്ടു മാത്രമാണ്. പത്തനംതിട്ട ജില്ലയുടെ കിഴക്കുഭാഗത്തുള്ള മൂഴിയാറിലേക്കുള്ള ഈ കാനന യാത്രയുടെയും പ്രധാന ത്രില്‍ അതുതന്നെയായിരുന്നു.

സീതത്തോട്, ളാഹ, പെരിനാട്, വടശ്ശേരിക്കര, പ്ലാപ്പള്ളി, ആങ്ങാമുഴി വഴിയായിരുന്നു യാത്ര. മകരവിളക്കിനോടടുത്ത ദിവസമായിരുന്നതിനാല്‍ നിരവധി ശബരിമല വാഹനങ്ങള്‍ക്കൊപ്പമാണ് വഴിയിലെ പല ചെറുപട്ടണങ്ങളും താണ്ടാനായത്. അതു കൊണ്ടുതന്നെ ആങ്ങാമുഴി ഫോറസ്റ്റ് ചെക്‌പോസ്റ്റ് എത്തുമ്പോഴേക്കും ഇരുട്ട് വീണ് കഴിഞ്ഞിരുന്നു. അവിടെ നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റര്‍ വനത്തിനുള്ളിലേക്ക് മാറിയാണ് മൂഴിയാര്‍ പവര്‍‌സ്റ്റേഷന്‍. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങി അടുത്ത ദിവസം രാവിലെ മറ്റൊരു വഴിയിലൂടെ യാത്ര തുടരുകയാണ് ലക്ഷ്യം.

ആങ്ങാമുഴി താണ്ടുന്നതോടെ ജനപഥങ്ങള്‍ അവസാനിക്കുകയും മൃഗപഥങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. അവിടെ ചെക്‌പോസ്റ്റില്‍ വാഹനത്തിന്റെയും യാത്രക്കാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി അനുമതി വാങ്ങി വേണം യാത്ര തുടരാന്‍. പേടിപ്പെടുത്തുന്ന വനമാണെങ്കിലും മൂഴിയാര്‍ പവര്‍ഹൗസിലേക്കുള്ള മാര്‍ഗ്ഗമായതിനാല്‍ ടാറിട്ട ആ റോഡിലെവിടെയെങ്കിലും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ജീപ്പോ പോലീസ് ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ സഞ്ചരിക്കുന്ന ടൂവീലറുകളോ അതുമല്ലെങ്കില്‍ പത്തനംതിട്ടയില്‍ നിന്ന് ഉച്ചയക്ക് പുറപ്പെട്ട് രാത്രി മൂഴിയാറിലെത്തുകയും രാവിലെ ആറുമണിക്ക് മടങ്ങുകയും ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസ്സോ പോലുള്ള ഒറ്റപ്പെട്ട വാഹനങ്ങള്‍ കണ്ടെന്നും വരാം.

ഗസ്റ്റ് ഹൗസിന് നാലുകിലോമീറ്റര്‍ മുന്നിലായി പോലീസ് ചെക്‌പോസ്റ്റുണ്ട്. അവിടെയും യാത്രക്കാരുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തണം. ആരാണീ രാത്രയില്‍ എന്ന സംശയത്തോടെയാണ് ഡ്യൂട്ടി പോലീസുകാര്‍ വാഹനത്തിനടുത്തേക്ക് വന്നതെങ്കിലും അവരുടെ അതീവ സൗഹാര്‍ദപരമായ പെരുമാറ്റം ഭീതിയേകുന്ന ആ വനയാത്രയില്‍ ആശ്വാസമായി. അങ്ങകലെ കണ്ട ലൈറ്റുകള്‍ മൂഴിയാര്‍ പവര്‍ഹൗസിലേതാണെന്ന് അവര്‍ പറഞ്ഞു തന്നു.

ഗസ്റ്റ്ഹൗസിലെത്തുമ്പോഴേക്കും നേരത്തെ പറഞ്ഞതനുസരിച്ച് ചപ്പാത്തിയും ചിക്കന്‍കറിയുമുള്‍പ്പടെ അത്താഴം റെഡി. വനമധ്യത്തില്‍ പ്രതീക്ഷിക്കാവുന്നതില്‍ വെച്ച് ഭേദപ്പെട്ട സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 375 രൂപയാണ് ഒരാള്‍ക്ക് ഒരു ദിവസത്തേക്കുള്ള മുറിവാടക. വൈദ്യുതിഭവനുമായി ബന്ധപ്പെട്ട് നേരത്തേ ബുക്ക് ചെയ്യണം. വൈദ്യുതിബോര്‍ഡിന്റെ ഔദ്യോഗിക അവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്താത്ത ദിവസമാണ് മുറി മറ്റുള്ളവര്‍ക്ക് നല്‍കാറുള്ളത്. നേരത്തെ പറഞ്ഞുവെച്ചാല്‍ എന്തു വിഭവവും തയ്യാറാക്കി നല്‍കും.

ഭക്ഷണത്തിന് പ്രത്യേകം തുക അടയ്ക്കണമെന്ന് മാത്രം. എല്ലാം രജിസ്റ്റ്‌റില്‍ രേഖപ്പെടുത്തി സര്‍ക്കാര്‍ വക രസീതും നല്‍കും. ശുദ്ധമായ തണുത്ത വെള്ളത്തില്‍ കുളിയും സ്വാദിഷ്ട ഭക്ഷണവും കഴിഞ്ഞ് വനത്തിനുള്ളിലെ മകരമാസക്കുളിരില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അടുത്ത ദിവസത്തെ യാത്രയെക്കുറിച്ചുള്ള മധുരസ്വപ്‌നങ്ങളായിരുന്നു മനസ്സു നിറയെ.

രണ്ടാം ദിവസം


ആറുമണിക്കുണര്‍ന്ന് നടക്കാനിറങ്ങുമ്പോള്‍ വെളിച്ചം വീണു തുടങ്ങുന്നതേയുള്ളു. കാട്ടുവഴികളിലൂടെയുള്ള അലസഗമന എന്നും ഒരാവേശം തന്നെയാണ്. കണ്ണാന്തളിവേരിന്റെ കുളിര്‍മ്മയും കാട്ടുകുറിഞ്ഞിപ്പൂവിന്റെ സൗന്ദര്യവും പോലെ കാവിവാക്യങ്ങളില്‍ മാത്രം കേട്ടിരുന്ന പലതും കണ്ടതും അറിഞ്ഞതും ഇത്തരം പ്രഭാതയാത്രകളിലാണ്. വിളിപ്പാടകലെ കാട്ടാനയെക്കണ്ട് ഓടിയകന്നതും വേദനപ്പിക്കാതെ കടിച്ചു തൂങ്ങി രക്ത കുടിച്ചു വീര്‍ത്തുവരുന്ന അട്ടയുടെ പിടിവിടുവിക്കാനാവാതെ കാത്തിരുന്നതുമെല്ലാം മുന്‍കാല യാത്രകളിലെ മറക്കാനാവാത്ത അനുഭവങ്ങള്‍. കാല്‍ച്ചുവട്ടിലൂടെ ഇഴഞ്ഞു നീങ്ങുന്ന മേഘപാളികളും പച്ചമേലാപ്പിനിടയിലൂടെ അരിച്ചെത്തുന്ന തണുപ്പ് മാറാത്ത തിളങ്ങുന്ന വെയിലും ചേര്‍ന്നൊരുക്കിയ ചിത്രഭംഗി മൂഴിയാര്‍ വനത്തിലെ ഈ പ്രഭാതയാത്രയ്ക്കു മാറ്റുകൂട്ടി.

വഴിയില്‍ കണ്ട കൂറ്റന്‍ പെന്‍സ്റ്റോക്ക് പൈപ്പുകളും അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന ട്രാന്‍സ്മിഷന്‍ ടവറുകളും വനഭംഗിക്ക് കളങ്കമാണെങ്കിലും ദശകങ്ങള്‍ക്ക് മുന്‍പ് ചെങ്കുത്തായ ഈ മലഞ്ചെരുവുകളില്‍ അവ സ്ഥാപിച്ച മനുഷ്യന്റെ അധ്വാനത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ നമിക്കാതിരിക്കാനാവില്ല. അഞ്ച് മിനിട്ട് കറണ്ടു പോയാല്‍ രോഷം കൊള്ളുന്ന നമ്മള്‍, വൈദ്യുതി ഉത്പാദിപ്പിച്ച് നമ്മുടെ വീടുകളിലെത്തിക്കുന്നതിന് പിന്നിലെ സങ്കീര്‍ണമായ പ്രക്രിയയെക്കുറിച്ചോ അതിനു വേണ്ടി ഈ വനാന്തര്‍ഭാഗത്തെ പവര്‍ഹൗസുകളിലുള്‍പ്പടെ ജോലി ചെയ്യുന്ന മനുഷ്യരുടെ അധ്വാനത്തെക്കുറിച്ചോ ഒരിക്കലും ചിന്തിക്കാറേയില്ലെന്നതല്ലേ വാസ്തവം.

ട്രെക്കിങ് കഴിഞ്ഞ് എട്ടുമണിയോടെ ഗസ്റ്റ്ഹൗസില്‍ തിരിച്ചെത്തുമ്പോഴേക്കും ഗവിവഴി പോകുന്ന രണ്ടാമത്തെ കെ.എസ്.ആര്‍.ടി.സി ബസ്സ് എത്തിയിരുന്നു. ബസ് പുറപ്പെടുന്ന സ്ഥലത്ത് ചെറിയൊരു പലചരക്ക് കടയും ചായക്കടയും കംഫര്‍ട്ട് സ്‌റ്റേഷനുമുണ്ട്. മൂഴിയാറിലെ അടിസ്ഥാന സൗകര്യങ്ങള്‍ അത്ര തന്നെ. ഏതാണ്ട് ഒരുകിലോമീറ്റര്‍ മാറി താഴ്‌വരയിലായി മൂഴിയാര്‍ ധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗസ്റ്റ് ഹൗസസിന് സമീപം ബോര്‍ഡിന്റെ നിരവധി ക്വാര്‍ട്ടേഴ്‌സുകളുണ്ടെങ്കിലും ഏതാനും ചിലതില്‍ മാത്രമേ ആള്‍താമസമുള്ളുവെന്ന് തോന്നി. ബാക്കിയെല്ലാം ചുറ്റിലും കാടുംപടലും പിടിച്ച് ഉപയോഗിശൂന്യമായി കിടക്കുന്നു.

അവിടെയാകെ ചുറ്റിനടക്കുന്ന ഒറ്റയാനായ കാട്ടുപന്നിക്ക് മണികണ്ഠനെന്നാണ് അവിടെയുള്ള ജീവനക്കാര്‍ നല്‍കിയിരിക്കുന്ന പേര്. വര്‍ഷങ്ങളായി ഇവിടെയാണവന്റെ താമസം. ഉള്‍ക്കാട്ടിലേക്ക് കടത്താന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലത്രെ. ആര്‍ക്കും ശല്യമില്ലാതെ അന്തര്‍മുഖനായി അവനിവിടെ മനുഷ്യരോടൊപ്പെ സഹവസിക്കുന്നു.

Moozhiyar, Idukki, Kerala എട്ടരയോടെ കുളിയും ഭക്ഷണവും കഴിഞ്ഞ് ഗസ്റ്റ്ഹൗസ് ജീവനക്കാരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞിറങ്ങുമ്പോള്‍ വഴിതെറ്റാതിരിക്കുനുള്ള നിര്‍ദ്ദേശങ്ങളൊക്കെ അവര്‍ തന്നു. വഴിയിലെ കാഴ്ച്ചകളൊന്നും നഷ്ടപ്പെടരുതെന്നാഗ്രഹിക്കുന്ന മനസ്സും കാണ്ണും കാതും വാഹനത്തിന്റെ ഗ്ലാസ്സുകളെ പോലെ തന്നെ പൂര്‍ണമായും തുറന്നുവെച്ച് ഇടതൂര്‍ന്ന പച്ചപ്പുകളിലൂടെയും പുല്ലുമാത്രം വളരുന്ന മൊട്ടക്കുന്നുകളുടെയും താഴ്‌വരകളുടെയും നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടുപാതയിലൂടെ മുന്നിലേയ്ക്കു പോകുമ്പോള്‍ പലയിടത്തും ആനകള്‍ കടന്നു പോയതിന്റെ അടയാളങ്ങള്‍.

മരക്കൊമ്പുകള്‍ നിസ്സാരമായി ഒടിച്ചു മുന്നേറുന്ന ഇവര്‍ തന്നെയല്ലേ നാട്ടില്‍ മനുഷ്യന്‍ കയ്യിലേന്തുന്ന ഒരു ചെറുവടിയുടെ താളത്തിനൊപ്പം ഇടത്താനെ വലത്താനെ തുടങ്ങിയ ആജ്ഞകള്‍ ശിരസാവഹിച്ച് സഞ്ചരിക്കുന്നതും. നാട്ടാനകളുടെ ഈ വിധേയത്വം കണ്ട് ആരോ നടത്തിയ മണ്ടന്‍ കണ്ടു പിടുത്തമാവാണം ആനയ്ക്ക് ആനയുടെ കരുത്തറിയില്ല എന്നത്. കാട്ടാനകള്‍ അവയുടെ ശക്തിയെപ്പറ്റി തികച്ചും ബോധവാന്‍മാരാണ്. അതു പോലെ തന്നെ ആനകളെ ഒരിക്കലെങ്കിലും അവയുടെ സ്വന്തം തട്ടകങ്ങളില്‍ നേരിട്ട് കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള വനയാത്രികര്‍ക്കും ആനയുടെ കരുത്തിനെപ്പറ്റി ഒരു സംശയവുമുണ്ടാവാന്‍ വഴിയില്ല.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു ഡാമുകളാണ് ഈ വനഭൂമിയിലുള്ളത്. ഇതില്‍പ്പെട്ട കക്കി, ആനക്കയം ഡാമുകളിലൂടെയാണ് യാത്ര. ഡാമിനു മുകളില്‍ നിന്നുള്ള വനത്തിന്റെയും ജലസംഭരണിയുടെയും കാഴ്ച്ച അതിമനോഹരമാണ്. ഡാം നിര്‍മ്മാണത്തിനായി പാറപ്പൊട്ടിച്ച വനത്തിനുള്ളിലെ പാറമടയുടെ അവശിഷ്ടങ്ങള്‍ ഏതോ പുരാതനമായ കോട്ട പോലെ വന്യമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത് . ഡാം നിര്‍മ്മാണ വേളയില്‍ റോപ് വേയ്ക്കു വേണ്ടിയും സിമന്റ് പാകപ്പെടുത്താനും നിര്‍മ്മിച്ച കൂറ്റന്‍ തൂണുകളും കെട്ടിടങ്ങളും ഡാമിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നു നിലനില്‍ക്കുന്നു. മുന്നൂറടിയാണ് ഡാമിലെ ജലനിരപ്പെന്നും അതിനും താഴെയായി പവര്‍ ഹൗസിലേക്ക് ജലം കൊണ്ടുപോകുന്നുണ്ടെന്നും ഡാമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി.

ഡാമുകളിലെ പോലീസ് ചെക്‌പോസ്റ്റിനു പുറമേ പച്ചക്കാനം, വള്ളക്കടവ് തുടങ്ങിയ ഫോറസ്റ്റ് ചെക്‌പോസ്റ്റുകളിലും വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ നല്‍കിവേണം യാത്ര തുടരാന്‍. ഗവി ലക്ഷ്യമാക്കിയുള്ള ആ യാത്രയ്ക്കിടെ വ്യൂ പോയിന്റില്‍ നിന്നുള്ള മൊട്ടക്കുന്നുകളുടെ അനന്തദൃശ്യങ്ങള്‍ വിവരണാതീതമാണ്. ഗവിയിലേക്ക് വന്ന ചെറുപ്പക്കാരുടെ സംഘങ്ങളില്‍ ചിലത് പച്ച പുതച്ച മലമടക്കുകളുടെ ഈ സുന്ദരഭൂമിയിലേക്കും എത്തിയിരിക്കുന്നു. വനഭൂമിയെന്നതിനപ്പുറം ഇന്നിവിടം ടൂറിസ്റ്റുകളെത്തുന്ന ഒരു സെന്ററായി മാറി കൊണ്ടിരിക്കുന്നു. കൂട്ടമായെത്തുന് വിലകൂടിയ ബൈക്കുകളും പുത്തന്‍തലമുറ യൂട്ടിലിറ്റി വാനുകളും.

പിന്നെയും ഏതാനും കിലോമീറ്ററുകള്‍ മുന്നിലേക്ക് പോരുമ്പോല്‍ ഗവി തടാകവും അരികിലായി സൗകര്യമായ ഫോറസ്റ്റ് മാന്‍ഷനും കാണാം. പാക്കേജ് ടൂറുകളിലെത്തിയ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളും അവരുടെ വാഹനങ്ങളും നിറഞ്ഞ ഫോറസ്റ്റ് മാന്‍ഷന് മുന്നിലൂടെ യാത്ര തുടര്‍ന്നു. നീല്‍ഗിരി താര്‍, സിംഹവാലന്‍ കുരങ്ങ് തുടങ്ങിയവയുടെ സാന്നിധ്യമാണ് സമുദ്രനിരപ്പില്‍ നിന്ന് 3400 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗവിയുടെ ചുറ്റിനുമുള്ള വനഭൂമിയിലെ പ്രധാന ആകര്‍ഷണം.

ഗവിയിലേക്കടുക്കുമ്പോള്‍ തന്നെ കാനനപാതയുടെ ഇരുവശവും ശ്രീലങ്കയില്‍ നിന്നും കുടിയേറിപാര്‍ത്ത ജനങ്ങളുടെ കോളനി കാണാം. ഇവിടുത്തെ ഏലത്തോട്ടത്തിലും ഏലം ഫാക്ടറികളിലും തൊഴിലാളികളായി മൂന്ന് പതിറ്റാണ്ട് മുന്‍പ് എത്തിയവരാണവര്‍. ഇന്ന് ഗവി അവരുടെ സ്വന്തം നാടാണ്. തമിഴിലും സ്​പഷ്ടമായ മലയാളത്തിലും അവര്‍ സംസാരിക്കുന്നു. ഗവി പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള ലോകനാഥന്റെ കട ഒരു കൊച്ച് സൂപ്പര്‍മാര്‍ക്കറ്റ് തന്നെയാണ്. ലോകനാഥന്‍ ഇവിടേക്കെത്തിയത് മറ്റുള്ളവര്‍ക്കൊപ്പം ജാഫ്‌നയില്‍ നിന്നാണെങ്കിലും അയാളുടെ അച്ഛന്റെ സ്വദേശം മധുരയാണത്രേ. കൂടുതല്‍ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ ലോകനാഥന്‍ കടയ്ക്കു പിന്നിലെ വീടിനുള്ളിലേക്ക് വിളിച്ച് ചായ ഓര്‍ഡര്‍ ചെയ്തു. ഫോറസ്റ്റ് മാന്‍ഷനിലേക്കും വ്യൂ പോയിന്റിലേക്കും പോകുന്ന വാഹനങ്ങളില്‍ പലതും ചായയ്ക്കായി അവിടെ നിര്‍ത്തുന്നു.

വഴിയിലെ മറ്റൊരു പ്രധാന പോയിന്റാണ് പാണ്ടിത്താവളം. പമ്പയില്‍ പോകാതെ നേരെ ശബരിമലയ്ക്ക് നടന്നെത്താവുന്ന മാര്‍ഗ്ഗമാണിത്. വണ്ടിപ്പെരിയാറില്‍ നിന്ന് ജീപ്പുകളില്‍ ഇവിടെയെത്തുന്ന ഭക്തന്‍മാര്‍ ഉപ്പുപാറവഴി കാല്‍നടയായി സന്നിധാനത്തേക്ക് നീങ്ങുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാരാണ് ഈ വഴി തിരഞ്ഞടുക്കുന്നവരില്‍ അധികവും.

വനത്തോട് യാത്ര പറഞ്ഞ് വണ്ടിപ്പെരിയാറിലെത്തുമ്പോഴേക്കും നിത്യജീവിതത്തിന്റെ പിരിമുറുക്കങ്ങളിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയായി. പീരുമേട്, കുട്ടിക്കാനം വഴി അടുത്തിടെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ വാഗമണിലെ സുന്ദരമായ മൊട്ടക്കുന്നുകളും പൈന്‍മരക്കാടും പാരഗ്ലൈഡിങ് ഉള്‍പ്പടെയുള്ള സാഹസികതകളും കുരിശുമല ആശ്രമവും ഡയറിഫാമും ഒരു നോക്ക് കണ്ട് കുരിശുപള്ളിക്ക് താഴെയെത്തുമ്പോഴേക്കും വൈകുന്നേരത്തെ പുകമഞ്ഞ് മൂടിത്തുടങ്ങിയിരുന്നു. ഏറെക്കാഴ്ച്ചകള്‍ കണ്ട് അതിലുമേറെ കാണാന്‍ ബാക്കിവെച്ച് ഒരു മടക്കയാത്ര.

Text: Asha Vidhu 

Wednesday, November 21, 2012

സായിപ്പിനൊപ്പം മഴക്കാടുകളിലൂടെ



Ilaveezhapoonjira to Vagamon Trekking

കാടും മലകളും കാട്ടാറും കരിമ്പാറക്കൂട്ടവും താണ്ടി, വിദേശി യുവതീയുവാക്കള്‍ക്കൊപ്പം ഇലവീഴാപൂഞ്ചിറ മുതല്‍ വാഗമണ്‍ വരെ ഒരു സാഹസിക യാത്ര...

മദാമ്മകള്‍ക്കും സായിപ്പന്‍മാര്‍ക്കും പൊറോട്ടയില്‍ ആരോ കൈവിഷം കൊടുത്തിരിക്കണം! ഇല്ലെങ്കില്‍ പൊറോട്ടയെന്ന് കേള്‍ക്കുമ്പോഴേ എല്ലാവരുടെയും മുഖം താമര പോലെ വിരിയുന്നതും വഴിനീളെ പൊറോട്ട കിട്ടുമോയെന്നന്വേഷിച്ച് നടക്കുന്നതും എന്തിനാണ്.... സായിപ്പിന്റെ ധാരണ കേരളത്തിന്റെ 'ദേശീയ' ഭക്ഷണം പൊറോട്ടയാണെന്നാണ്.

ഇംഗ്ലണ്ടില്‍ നിന്നെത്തിയ 12 അംഗ യുവസംഘത്തിനൊപ്പം രണ്ടു ദിവസത്തെ ട്രെക്കിങിനാണ് 3200 അടി മുകളില്‍, ഇലവീഴാപൂഞ്ചിറയിലെത്തിയത്. മനസ്സ് കയ്യിലെടുത്ത് പിടിച്ചാണ് ഉരുളന്‍ കല്ലുകള്‍ക്ക് മീതെ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പില്‍ ഈ മലമുകളിലെത്തിയത്. ഡ്രൈവര്‍ക്കെങ്ങാന്‍ ഒന്നു പാളിയിരുന്നെങ്കില്‍ പഴയൊരു പരസ്യം പോലെയായേനെ 'പൊടി പോലുമില്ല കണ്ടുപിടിക്കാന്‍'!

ഇലവീഴാപൂഞ്ചിറയിലേക്കുള്ള കയറ്റം ഇടുക്കി ജില്ലയിലൂടെയാണ്. ലാന്‍ഡ് ചെയ്യുന്നത് കോട്ടയത്തും. രണ്ടു ജില്ലകള്‍ക്കിടക്കുള്ള സാന്‍ഡ്‌വിച്ച്! മഴക്കാലത്ത് മാത്രമേ ചിറയുണ്ടാവുകയുള്ളു. ഇവിടെ മലമുകളിലെ പോലീസ് വയര്‍ലസ് സ്‌റ്റേഷനില്‍ നിന്ന് നോക്കിയാല്‍ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കാണാം. മലങ്കരഡാമും മൂലമറ്റത്തു നിന്നും ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ചാലും ആകാശക്കാഴ്ച്ചയില്‍ ഒരു ഗൂഗിള്‍ മാപ്പു പോലെ...പിന്നെ, ഇലവീഴണമെങ്കില്‍ മരം വേണ്ടേ...? അതില്ല. ആകെയുള്ളത് തെരുവപ്പുല്ലും പുല്‍ച്ചൂലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചിറ്റീന്തുമാണ്.

Ilaveezhapoonjira to Vagamon Trekking
കൊച്ചിയിലെ കലിപ്‌സോ അഡ്വഞ്ചേഴ്‌സാണ് ട്രെക്കിങ് സംഘടിപ്പിച്ചത്. ഗൈഡുകളായ ഫോര്‍ട്ട്‌കൊച്ചിക്കാരന്‍ അമീറും ഉടുമ്പന്‍ചോലക്കാരന്‍ ജയനും മലമുകളില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തകൃതിയായി കുക്കിങ് നടത്തുന്ന വിദേശിസംഘത്തെയാണ് പൂഞ്ചിറ റിസോര്‍ട്ടില്‍ ചെന്നു കയറിയപ്പോള്‍ കണ്ടത്. പാത്രത്തില്‍ 'പാസ്റ്റ' എന്നു പേരുള്ള ഒരു സാധനം. ടേസ്റ്റ് നോക്കാന്‍ നാവില്‍ വെച്ചു. രുചി പിടിച്ചില്ല. വെറുതേയല്ല ഇവര്‍ക്ക് പൊറോട്ട കണ്ടപ്പോള്‍ 'പ്രാന്തായത്'!

റിസോര്‍ട്ടുണ്ടെങ്കിലും ട്രെക്കിങിനെത്തിയവരെല്ലാം ടെന്റടിച്ച് അതിനുള്ളിലായിരുന്നു ഉറക്കം. മൂലമറ്റം പവര്‍ഹൗസിന് മുകളിലാണെങ്കിലും റിസോര്‍ട്ടില്‍ വൈദ്യുതി എത്തിനോക്കിയിട്ടില്ല. തണുപ്പ് കൂടി വന്നതോടെ എല്ലാവരും സ്ലീപ്പിങ് ബാഗിനുള്ളിലേക്ക് ചുരുണ്ടു.

രാവിലെ കോഴി കൂവുന്നതിന് പകരം ലൂസി മദാമ്മയാണ് കൂവിയത്. എല്ലാവരും ഉറക്കം വിട്ട് ലൂസിയുടെ ടെന്റിന് മുന്നിലെത്തി. കാറിടിക്കാന്‍ വരുന്നത് സ്വപ്‌നം കണ്ടതാണത്രേ! വെളിച്ചം വീണു തുടങ്ങും മുന്നേ ടെന്റൊക്കെ അഴിച്ച് ബാഗിലാക്കി നടത്തം തുടങ്ങി. ഭക്ഷണ സാധനങ്ങളും ടെന്റും സ്ലീപ്പിങ് ബാഗും വസ്ത്രങ്ങളുമെല്ലമായി പത്തും പതിനഞ്ചും കിലോയായിരുന്നു ഓരോരുത്തരുടെയും ചുമലില്‍. ആദ്യ ലക്ഷ്യം മേലുകാവാണ്. ഇവിടെ വെച്ചാണ് 'വ്യത്യസ്തനായ ബാര്‍ബറാം ബാലനെ' മലയാളികള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ 'കഥപറയുമ്പോള്‍' സിനിമയുടെ ലൊക്കേഷനായിരുന്നു എന്നൊരു മേനി പറച്ചിലൊന്നുമില്ല മേലുകാവിന്. കാടുംമേടും വിട്ട് മലയിറങ്ങി റോഡിലൂടെയായി നടത്തം. മേലുകാവുകാര്‍ പുതപ്പിനുള്ളില്‍ തന്നെയാണ്.

Ilaveezhapoonjira to Vagamon Trekkingഅഞ്ച് കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും വെള്ളം വിയര്‍പ്പായി അപ്രത്യക്ഷമായിരുന്നു. വഴിയില്‍ കണ്ട ചാമ്പ് പൈപ്പില്‍ നിന്നും എല്ലാവരും വെള്ളമെടുത്തു. കുടിച്ചപ്പോള്‍ ഇരുമ്പിന്റെ ചുവ. അങ്ങനെ തന്നെ തുപ്പി. പിന്നത്തെ ലക്ഷ്യം കോലാനിയായിരുന്നു. അവിടെ നിന്നും മേച്ചാലിലേക്ക്... കാട്ടരുവിയും കരിമ്പാറക്കൂട്ടങ്ങളും താണ്ടി എല്ലാവരും 'നല്ല നടപ്പ്' തന്നെ. ചുമലിലേ ഭാരം ഇറക്കി വെച്ച് വിശ്രമിച്ച്, വിശ്രമിച്ചായിരുന്നു കയറ്റം. കൂട്ടത്തിലേറ്റവും 'തടിമിടുക്കുള്ള'വളും ദുര്‍ബലയും കേയ്റ്റായിരുന്നു. ഫിലോസഫിയില്‍ ബിരുദമെടുത്ത ശേഷം, ലണ്ടനില്‍ പബ്ബില്‍ ജോലിക്കാരിയാണ്. യാത്രയിലുടനീളം കയറ്റം കയറാന്‍ കഴിയാതെ കേയ്റ്റാണ് കൂടുതല്‍ തവണ ഇരുന്നു പോയത്.

അടുത്ത ലക്ഷ്യം ഇല്ലിക്കമലയ്ക്കടുത്തുള്ള പഴുക്കാകാനം. കറുത്ത പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നേര്‍രേഖയില്‍ നിന്നും വ്യതിചലിക്കുന്ന വെളുത്ത വരകള്‍... കാട്ടിലെ പച്ചപ്പിന്റെ തിക്കിലും തിരക്കിലും അത് മാറി, മാറി അടുത്തടുത്തെത്തി വെള്ളച്ചാട്ടമായി മാറി. ഏതോ കാലത്ത് ആരോ കല്ലില്‍ പണിത അനേകം ചവിട്ടു പടികളും തകര്‍ന്ന കൈവരികളും പാറയില്‍ നിന്ന് അടരാതെ നില്‍ക്കുന്നു.
Ilaveezhapoonjira to Vagamon Trekkingപരിസ്ഥിതി ശാസ്ത്രജ്ഞനായ ടോമും ഗ്രാഫിക് ഡിസൈനര്‍ ജൂലിയയും ഒഴികെ ബാക്കിയുള്ളവരെല്ലാം 18നും 24നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. കാടിന് കടുത്ത നിറമായതോടെ ഇന്ത്യന്‍ കണക്ഷനുള്ള ലൂസിയാനയ്ക്ക് ചെറിയതോതില്‍ പേടി തുടങ്ങി. 'മൃഗങ്ങളുണ്ടാവുമോ...?'. ഇല്ലെന്നു പറഞ്ഞിട്ടും കൂട്ടത്തിന്റെ നടുക്ക് സുരക്ഷിതയായിട്ടായിരുന്നു പിന്നീടുള്ള നടത്തം. ലൂസിക്ക് തമിഴിലെ ഗ്ലാമര്‍ താരം നമിതയുടെ ലുക്കുണ്ടായിരുന്നത് കൊണ്ട് 'മസലദസ' യെന്നായിരുന്നു കൂട്ടത്തിലെ നാല് മലയാളികളും ലൂസിയെ അടയാളപ്പെടുത്തിയത്. ലൂസിയാനയുടെ മുത്തച്ഛന്‍ ജനിച്ചതും വളര്‍ന്നതും പാകിസ്ഥാനിലായിരുന്നു. ഇന്ത്യ-പാക് വിഭജനകാലത്ത് അദ്ദേഹത്തെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ഓടിച്ചു. അങ്ങനെ ആഗ്രയിലെത്തി അവിടെ നിന്നും ലണ്ടനിലും. ഡിഗ്രി പൂര്‍ത്തിയാക്കിയ ലൂസി, ട്രെക്കിങ് കഴിഞ്ഞ ശേഷം മുംബൈയിലും കൊല്‍ക്കത്തയിലുമുള്ള ബന്ധുക്കളെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. കറുത്തു ചുരുണ്ട മുടിയും വിടര്‍ന്ന കണ്ണുകളും ലൂസിയെ മറ്റുള്ളവരേക്കാള്‍ സുന്ദരിയാക്കിയിരുന്നു.


Ilaveezhapoonjira to Vagamon Trekking

ഉച്ചകഴിഞ്ഞതോടെ എല്ലാവരും ക്ഷീണിതരായി. നടപ്പിന്റെ വേഗമൊക്കെ നന്നായി കുറഞ്ഞു. അടുത്ത ക്യാംപ് എത്താറായോ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. പഴുക്കാകാനത്തെ മലയോരകര്‍ഷകന്‍ രാഘവന്‍ ചേട്ടന്റെ വീടെത്തിയതോടെ ശ്വാസവേഗം ആശ്വാസത്തിന് വഴിമാറി. വീടിനു സമീപത്തെ പുല്ലു നിറഞ്ഞ പറമ്പില്‍ പത്തുമിനിറ്റ് കൊണ്ട് വളര്‍ച്ചയെത്താത്ത കൂണുകള്‍ പോലെ ടെന്റുകള്‍ പൊങ്ങി. പറമ്പിനടുത്ത് തോടുണ്ടെന്ന് കേട്ടതും എല്ലാവരും അങ്ങോട്ടോടി. ക്ഷീണിച്ചവശരായിരുന്നതിനാല്‍ തോട്ടിലെ തണുത്ത വെള്ളത്തില്‍ മുങ്ങികിടന്നു. മീനച്ചിലാറായി പടരുന്ന തോടുകളിലൊന്നായിരുന്നു അത്. സായിപ്പുമാര്‍ ബര്‍മൂഡയിലും മദാമ്മകള്‍ സ്വിമ്മിംഗ് സ്യൂട്ടിലുമായിരുന്നു. മലയാളത്താന്‍മാര്‍ തോര്‍ത്തിലും...

വൈകുന്നേരമായതോടെ മാനമിരുണ്ടുരുണ്ടുവന്നു. ശക്തമായ ഇടിവെട്ടോടെ മഴ, ടെന്റുകളില്‍ കുടം കണക്ക് വെള്ളമൊഴിച്ചു. ആകാശത്ത് നിന്നും ആരോ ഫോട്ടോയെടുക്കും പോലെ ടെന്റിനുള്ളില്‍ ഇടിമിന്നില്‍ വെട്ടം പലതവണ മിന്നി മറഞ്ഞു. ഇവിടെയും കറണ്ടുമില്ല മൊബൈലിന് റേഞ്ചുമില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടാമത്തെ രാത്രി. രാഘവന്‍ചേട്ടന്റെ വീടിന്റെ ഇറയത്തിരുന്ന് 'കാന്‍ഡില്‍ ലൈറ്റ്' ഡിന്നറും കഴിച്ച് വീണ്ടും ടെന്റിലെത്തി. മഴമാറുന്നില്ല, പക്ഷേ ഉറക്കം മഴയെയും മിന്നലിനെയും തോല്‍പ്പിച്ചു.

Ilaveezhapoonjira to Vagamon Trekkingപിറ്റേന്ന് രാവിലെ തോട്ടുവക്കത്ത് 'കാര്യസാധ്യം' കഴിച്ചു. രണ്ടു ദിവസമായി തനി പ്രാകൃതരാണ്. അഞ്ചുമണിക്ക് ടോര്‍ച്ചുവെളിച്ചത്തില്‍ നടപ്പു തുടങ്ങി. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 18കാരന്‍ ജാക്കായിരുന്നു കൂട്ട്. പതിനാറാം വയസ്സില്‍ പഠിത്തമവസാനിപ്പിച്ച് ഊരു ചുറ്റാന്‍ തുടങ്ങിയ ജാക്ക്, ഈ ട്രെക്കിങിന് ശേഷം യുണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിത്തം തുടരാന്‍ പോവുകയാണ്. ചെവിയില്‍ ഹെഡ്‌ഫോണും. കയ്യില്‍ ഐ-പോഡുമായി പാട്ടും കേട്ടാണ് ജാക്കിന്റെ മലകയറ്റം.

മീനച്ചിലാറിന്റെ ഉത്ഭവമായ ഉറവ പൊടിയുന്ന മലമുകളിലേക്ക്... കോടമഞ്ഞും പച്ചപ്പും കൈകോര്‍ത്ത് വഴിനീളെ മഞ്ഞു തുള്ളികള്‍ തൂവി. വെളിച്ചം വീണതോടെ കാഴ്ച്ചകള്‍ക്ക് കനം വെച്ചു, ചുമലിലേ ഭാരത്തിനും.

പെട്ടന്ന്, റേച്ചലിന്റെ കരച്ചില്‍ കേട്ട് എല്ലാവരും നിന്നു. കാല് പൊത്തിപിടിച്ചാണ് നിലവിളി. അട്ടകള്‍ അറ്റാക്ക് തുടങ്ങിയതാണ്. എല്ലാവരും കാലുകള്‍ പരിശോധിച്ചു. വെളുത്തതെന്നോ കറുത്തതെന്നോ വേര്‍തിരിവില്ലാതെ എല്ലാവരുടെയും കാലുകളില്‍ അട്ടകള്‍ അള്ളിപ്പിടിച്ചിട്ടുണ്ട്. അട്ടകളെ നിര്‍വ്വീര്യമാക്കിയ ശേഷമായിരുന്നു പിന്നത്തെ മലകയറ്റം. കരുതിയിരുന്ന വെള്ളമൊക്ക തീര്‍ന്നു. പാറയിടുക്കുകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളം കുപ്പിയിലാക്കിദാഹം തീര്‍ത്തു. ഒടുവില്‍ മലയുടെ ഒത്തമുകളില്‍. പാറപ്പുറത്തേക്ക് വലിഞ്ഞു കയറി, ചിലരെ കൈപിടിച്ചും പുറകില്‍ നിന്നു തള്ളിയുമാണ് കയറ്റിയത്. കേയ്റ്റ് രണ്ടു തവണ വീഴുകയും ചെയ്തു.

Ilaveezhapoonjira to Vagamon Trekkingപാറപ്പുറത്ത് ഇത്തിരി വിശ്രമം. ഇതിനിടെ ഇരുപത്തിരണ്ടുകാരന്‍ ഓവനും 'മസാലദസ' ലൂസിയും തമ്മില്‍ പ്രണയത്തിന്റെ ട്രെക്കിങ് തുടങ്ങിയോ എന്ന് സംശയം! വീണ്ടും നടത്തം. ഇത്തവണ ഇറക്കമാണ്. പാറയിലൂടെ തെന്നാതെ വേണം ഓരോ ഇറക്കവും ഇറക്കിവെക്കാന്‍. ദേ തെന്നി...സസി പാറപ്പുറത്തു നിന്നും മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ നിലത്തെത്തി. ശശി എന്നു വിളിച്ചപ്പോള്‍ അല്ല സസി ആണെന്ന് തിരുത്തിച്ചു ഈ തമിഴ്‌നാട്ടുകാരന്‍ എം.സി.എ. വിദ്യാര്‍ത്ഥി. വീഴ്ച്ചയില്‍ കയ്യിലെ കുറച്ച് പെയിന്റ് പോയെന്നതൊഴിച്ചാല്‍ കാര്യമായ പരിക്കൊന്നുമില്ല.

Ilaveezhapoonjira to Vagamon Trekkingമലയിറങ്ങി കുമ്പങ്ങാനത്തെത്തി. പണിതിട്ടും പണിതിട്ടും പണിതീരാത്ത കാഞ്ഞാര്‍-പുള്ളിക്കാനം റോഡിലേക്കാണ് മലയില്‍ നിന്നും ലാന്‍ഡ് ചെയ്തത്. അവിടുന്നങ്ങോട്ട് റോഡിലൂടെയായിരുന്നു നടത്തം. ചുറ്റും തേയിലത്തോട്ടങ്ങളും അങ്ങിങ്ങ് വീടുകളും. ചുമട്ടുത്തൊഴിലാളികളെ പോലെ ബാഗുമേറ്റി നടക്കുന്ന വിദേശികളെ റോഡുപണിക്കാര്‍ കൗതുകത്തോടെ നോക്കിനിന്നു. തൊലിവെളുപ്പില്ലാത്തവരെ കൂടെ കണ്ടപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. 'നാടനാ...ബോഡിഗാര്‍ഡുകളായിരിക്കും...'

ഹെയര്‍പ്പിന്‍ റോഡ് കയറി ഇറങ്ങിയപ്പോള്‍ ഇല്ലിക്കല്‍ പാറയുടെ കാഴ്ച്ച. കുടക്കല്ലും ചതുരക്കല്ലും തലയുയര്‍ത്തി നില്‍ക്കുന്നു. ചുറ്റും കൊത്തിവെച്ചിരുക്കുന്നത് പോലുള്ള സ്തൂപങ്ങളും. ഭക്ഷിച്ചാല്‍ അമര്‍ത്യനാവുമെന്ന് വിശ്വസിക്കപ്പെടുന്ന നീലകൊടുവേലി ഇല്ലിക്കമലയില്‍ പൂക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Ilaveezhapoonjira to Vagamon Trekkingഎട്ട് കിലോമീറ്റര്‍ പിന്നിട്ട് പുള്ളിക്കാനം കവലയിലെത്തി. ആദ്യം കണ്ട കടയില്‍ എല്ലാവരും പാഞ്ഞ് കയറി. പഴവും കൂള്‍ഡ്രിങ്ക്‌സുമൊക്കെ ആവോളം അകത്താക്കി. അവിടെ നിന്നും വാഗമണ്ണിലേക്ക് റോഡും തേയിലത്തോട്ടങ്ങളും താണ്ടി നടപ്പു തുടങ്ങി. ഇതിനിടെ പത്തൊന്‍പത്കാരന്‍ മാറ്റ് മാത്യൂസ് അടുത്തു കൂടി. ട്രെക്കിങിന് ശേഷം ഊട്ടിക്കും ആലപ്പുഴയ്ക്കും പോകണം. ഹൗസ്‌ബോട്ടില്‍ തങ്ങണമെങ്കില്‍ എത്രരൂപയാകും, പരിചയമുള്ളവരുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍...



Ilaveezhapoonjira to Vagamon Trekking
ഒടുവില്‍ വാഗമണെത്തിയപ്പോള്‍ വൈകീട്ട് നാല് മണി. ചുറ്റും മലനിരകള്‍ നിറഞ്ഞ അനന്യ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ദൂരെ വൈശാലിപ്പാറ പോക്കുവെയിലില്‍ തിളങ്ങുന്നു. ഇടുക്കി ഡാമിന്റെ നടുക്കുള്ള ഇവിടെയാണ് വൈശാലി സിനിമയില്‍ ഋഷ്യശൃംഗന്റെ താപസഭൂമി ചിത്രീകരിച്ചത്. രാത്രി, വാഗമണിന്റെ തണുത്ത കൈകളില്‍ ഉറങ്ങി. പിറ്റേന്ന് രാവിലെ ഇ-മെയിലുകളും ഫോണ്‍നമ്പറുകളും കൈമാറി വിദേശി സംഘത്തോട് വിട പറഞ്ഞു. ഫസ്റ്റ് ബസ്സ് കഴിഞ്ഞാല്‍ തൊടുപുഴയ്ക്ക് ചിലപ്പോള്‍ ലാസ്റ്റ് ബസ്സ് മാത്രമുള്ള റൂട്ടിലൂടെ കെ.എസ്.ആര്‍.ടി.സി.യില്‍ മലയിറക്കം.


Travel Info
Ilaveezhapoonchira - Vagamon Trekking

Ilaveezhapoonjira to Vagamon TrekkingJungle path between Ilaveezhapoonchira-Vagamon is a scenic route, with lushgreen hillocks and waterfalls. Poonchira is in the midst of the beautiful hillocks near Thodupuzha. During monsoon, the valley fills up to form a scenic lake.

Location: Dt. Kottayam, located at a height of 3200 ft. Nearest junction is Kanjar (Idukki Dt.). Kottayam (55km)

How to reach
By road:
Proceed from Thodupuzha to kanjar (15km) along Moolamattam road (Bus charge -Rs.10). from Kanjar, only fourwheel drive jeeps will climb up to Poonchira (7km). Jeep charge-Rs.750-850.

By rail: Kottayam (55km).

By air: Kochi (76km).

Contact: Kalypso Adventures (conducts trekking) : E-mail-vishal.kalypso@ gmail.com, nfo@kalypsoadventures.com a www.kalypsoadventures.com. Ameer (Guide)-09539118002. Jayan (Guide)-09961917293. Ratheesh (JeepDriver)-09645606676.

Tourist info centre: 0486-245519

Tips: No electric connection in Poonchira resort aTake precautions against lightning # No hotels at Poochira. Bring food items from Kanjar (7 Km) # Cell phone signals are rare in Poonchira and the entire trek route.

Stay at Ilaveezhapoonchira
DTPC Rest house (Six rooms), James Jacob-09746395295, 04862-243273.

Stay at Thodupuzha
STD Code: 04862
River Banks, Ph: 224942
The Mourya Monarch, Ph: 222697,
Siciliya Hotels, Ph: 222117

Stay at Vagamon
STD Code: 04869
Anannya Tourist home, PH-9847148965
Vagamon Hideout, PH-216166, 9447156000
Vagamon Heights, Ph: 248206
Indo-American International Gurukulam, PH: 04822-289255


Tips For Monsoon Trekkers

Ilaveezhapoonjira to Vagamon Trekkingസാഹസികര്‍ക്കുള്ളതാണ് മഴക്കാല ട്രെക്കിങ്. കാടിന്റെ പച്ചപ്പും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ഏറ്റവും ആസ്വാദ്യകരമാവുക ഇക്കാലത്താണ്. എന്നാല്‍ ഏറ്റവും അധികം മുന്‍കരുതല്‍ വേണ്ടതും മഴക്കാലത്താണ്. അട്ടകളെ സൂക്ഷിക്കുക. അട്ടയില്‍ നിന്ന് രക്ഷപ്പെടാന്‍ പുകയിലയും നല്ലെണ്ണയും മിശ്രിതമാക്കി കാലിലും ഷൂവിലും തേയ്ക്കുക. പുകയില, ഉപ്പ് എന്നിവ കയ്യില്‍ കരുതുക. അട്ടകടിച്ചാല്‍ പറിച്ചെടുക്കരുത്. പിന്നീട് ചൊറിച്ചില്‍ മാറാന്‍ ബുദ്ധിമുട്ടാണ്. അഥവ അറിയാതെ അട്ടയെ പറിച്ചു കളയേണ്ടിവന്നാല്‍, അട്ടകടിച്ച സ്ഥലത്ത് ഉപ്പും വെളിച്ചെണ്ണയും മിശ്രിതമാക്കി കുളിക്കുന്നതിന് മുന്‍പ് പുരട്ടുക. ചൊറിച്ചിലിന് ശമനമുണ്ടാകും.

മുന്നിലെ കാഴ്ച്ചമറയ്ക്കുന്ന രീതിയില്‍ കോടമഞ്ഞുണ്ടെങ്കില്‍ കോടയിറങ്ങിയ ശേഷമേ ട്രെക്കിങ് തുടരാവു. ഒറ്റയ്ക്ക് പോകരുത്. റൂട്ട് വ്യക്തമായി പരിചയമുള്ള ഗൈഡുകളെ കൂടെ കൂട്ടുക. അതിരാവിലെ തന്നെ ട്രെക്കിങ് ആരംഭിക്കുക. ഉച്ചസമയത്ത് വിശ്രമിക്കുക. ഗൈഡിന്റെ നിര്‍ദ്ദേശം അനുസരിക്കുക. കൂട്ടത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക.

Ilaveezhapoonjira to Vagamon Trekkingട്രെക്കിങിനാവശ്യമായതെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ സൗകര്യമുള്ളതും നിരവധി പോക്കറ്റുകളുള്ളതുമായ ബാഗ് കരുതുക. കുഷ്യന്‍ സൗകര്യമുള്ള ഷോള്‍ഡര്‍ സ്ട്രാപ്‌സ് ബാഗിനുണ്ടാവണം. സ്ലീപ്പിങ് ബാഗ്, ടെന്റ്, 50 മീറ്ററെങ്കിലും നീളമുള്ള ട്രെക്കിങ് റോപ്, റെയിന്‍കോട്ട് എന്നിവ കരുതുക. ടോര്‍ച്ച്, സിഗരറ്റ് ലൈറ്റര്‍, ചെറുതും മൂര്‍ച്ചയേറിയതുമായ കത്തി, ബ്ലാങ്കറ്റ്, വാട്ടര്‍ ബോട്ടില്‍, തൊപ്പി, മെഴുകുതിരി. ടോര്‍ച്ച് ബാറ്ററികള്‍ അധികമായി കരുതുക.

കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. കഴുത്ത് മറയ്ക്കുന്ന രീതിയിലുള്ള ഫുള്‍സ്ലീവ് ടീ-ഷര്‍ട്ടും, നിരവധി പോക്കറ്റുകളുള്ള കാര്‍ഗോസുമാണ് ഉത്തമം. ട്രെക്കിങ് ഷൂ തന്നെ ഉപയോഗിക്കുക. നല്ല ഗ്രിപ്പുണ്ടാവണം. കണങ്കാലിന് മുകളില്‍ വരെ എത്തുന്ന ക്യാന്‍വാസ് ഷൂ നല്ലതാണെങ്കിലും, നനഞ്ഞാല്‍ നടപ്പ് പ്രശ്‌നമാണ്. ഗുണനിലവാരമുള്ള സോക്‌സുകള്‍ വേണം ധരിക്കാന്‍. രണ്ട് മൂന്ന് ജോഡികളെങ്കിലും കരുതുക.

Ilaveezhapoonjira to Vagamon Trekkingധാരാളം കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കരുതുക. മദ്യവും സിഗററ്റും ഉപയോഗിക്കരുത്. ട്രെക്കിങിന് മുന്‍പ് മെഡിക്കലി ഫിറ്റ് ആണെന്ന് ഉറപ്പ് വരുത്തുക. രക്തസമ്മര്‍ദ്ദം, ഹൃദ്‌രോഗം, പേശി വലിവ് എന്നിവയുള്ളവര്‍ ട്രെക്കിങിന് ഒരുങ്ങരുത്. വേദന സംഹാരികള്‍, പ്രഥമശുശ്രൂഷ കിറ്റ്, സണ്‍സ്‌ക്രീന്‍ ലോഷന്‍, തലവേദന, ചുമ, നിര്‍ജ്ജലീകരണം, ശരീര ഊഷ്മാവ് അപ്രതീക്ഷിതമായി താഴല്‍ എന്നിവയ്ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കരുതാന്‍ മറക്കരുത്. 
Text: T J Sreejith, Photos: P Jayesh

Saturday, October 20, 2012

മറയൂര്‍ മലമുകളിലൂടെ...



Marayoor, Idukki, Kerala
ആനയും പോത്തും അട്ടയുമുള്ള കാടകങ്ങളിലൂടെയും പച്ചക്കറിപ്പാടങ്ങളിലൂടെയും മൂന്നുദിവസം നടന്നാല്‍ മാത്രമേ മറയൂരില്‍ നിന്നും കൊടൈക്കനനാലിലെത്തുകയുള്ളു. യാത്രയ്ക്കിടെ ഒറ്റപ്പെട്ട ചില ഗ്രാമങ്ങളുണ്ടെങ്കിലും താമസസൗകര്യം കിട്ടില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും ചായപ്പീടികയിലോ കാവല്‍മാടത്തിലോ വേണം രാത്രി ചെലവഴിക്കാന്‍. എന്നാല്‍ തുളച്ചുകയറുന്ന ശൈത്യത്തില്‍ ഇങ്ങനെ കഴിച്ചുകൂട്ടാന്‍ ബുദ്ധിമുട്ടേണ്ടി വരും. മാത്രവുമല്ല മലമുകളില്‍ ശീതകാലം തീവ്രമായിക്കഴിഞ്ഞതിനനാല്‍ യാത്രയ്ക്ക് അനുയോജ്യമായ സമയമല്ലെന്ന് പലരും സൂചിപ്പിക്കുകയും ചെയ്തു. പക്ഷെ പരിഭ്രമം തോന്നിയില്ല. കാരണം ഈ കാട്ടുവഴികള്‍ മുന്‍പേ പരിചിതമാണ്. ആദിവാസികളും ഗ്രാമീണരും കഞ്ചാവ് തോട്ടത്തിലെ പണിക്കാരും സഞ്ചരിക്കുന്ന ഈ നടപ്പാതകളിലൂടെ നാലഞ്ചുതവണ വന്നുപോയിട്ടുണ്ട്.
മറയൂരിലെ വാടകമുറിയില്‍ നിന്നും പുലര്‍ച്ചെ തന്നെ കാല്‍നടയാത്രയ്ക്ക് തയ്യാറെടുത്ത് പുറത്തിറങ്ങി. കൊച്ചിയുടെ നഗരാരവങ്ങളില്‍ നിന്നും രണ്ടുദിവസം മുന്‍പാണ് കേരളത്തിന്റെ മഴനിഴല്‍ താഴ്‌വരയായ മറയൂരിലെത്തിയത്. ചന്ദനക്കാടിന്റെ ഗന്ധമറിഞ്ഞ് സമീപത്തെ മലനിരകളിലൂടെയും വെള്ളക്കാട്ടുപോത്തുകളെ കാണാന്‍ കൊതിച്ച് ചിന്നാര്‍ വനന്യജീവിസങ്കേതത്തിലൂടെയും കുറെ അലഞ്ഞു. മലഞ്ചെരിവിലൂടെയുള്ള നടപ്പാതകളിലേക്ക് കയറുംമുന്‍പ് ഒരു ദിവസം മറയൂരില്‍ തങ്ങണമെന്നേ കരുതിയുള്ളു. പക്ഷെ നിനച്ചിരിക്കാതെ വൈകുന്നേരമായപ്പോഴേക്കും താഴ്‌വരയ്ക്കുമീതെ മഴ വീണു. ചുറ്റുപാടുമുള്ള പര്‍വ്വതങ്ങളില്‍ നിന്നും കുതിച്ചെത്തിയ മലവെള്ളം പാമ്പാറിലൂടെ ഒഴുകി. കാലാവസ്ഥ മോശമാവുമോയെന്ന ആശങ്ക മൂലം ഒരുദിവസം കൂടി തങ്ങിയിട്ടാവാം യാത്രയെന്നു കരുതി.
Marayoor, Idukki, Keralaതമിഴ്‌നാടന്‍ കാലാവസ്ഥയാണ് മറയൂരില്‍ നിലനില്‍ക്കുന്നത്. കേരളത്തിന്റെ മറ്റെല്ലാ ഭാഗത്തും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തകര്‍ത്തു പെയ്യുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ താഴ്‌വര മഴമേഘങ്ങളുടെ നിഴലിലമര്‍ന്നുകിടക്കും. ഇക്കാലത്ത് നേര്‍ത്ത മഴത്തൂവല്‍ മാത്രമുള്ള താഴ്‌വരയില്‍ ശീതക്കാറ്റ് ആഞ്ഞുവീശിക്കൊണ്ടേയിരിക്കുന്നു. രണ്ടുമാസത്തോളം ഇത് തുടരും. ഈ ഭൂപ്രദേശം പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരിവില്‍ സ്ഥിതിചെയ്യുന്നുവെന്നതാണ് ഇതിനുകാരണം. തമിഴ്‌നാട്ടില്‍ മഴ തകര്‍ത്തുപെയ്യുന്ന തുലാവര്‍ഷകാലത്ത് മറയൂരിന് മീതേയും കാര്‍മേഘങ്ങളെത്തി ശക്തമായി പെയ്‌തൊഴിയുന്നു. ഉദയത്തിന് മുന്‍പേ കാന്തല്ലൂരിലേക്കുള്ള വീതികുറഞ്ഞ ടാര്‍റോഡിലിറങ്ങി നടന്നു. വഴിയുടെ ഇരുവശങ്ങളിലും കരിമ്പുപാടങ്ങളാണ്. ചില തോട്ടങ്ങളില്‍ വളരെ നേരത്തെ തന്നെ പണിക്കാരെത്തിക്കഴിഞ്ഞിരിക്കുന്നു. പാടത്തുണ്ടാക്കിയിട്ടുള്ള താല്‍ക്കാലിക ഷെഡ്ഡുകളില്‍നനിന്നും ശര്‍ക്കരപ്പാവിന്റെ ഗന്ധം. തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരാണ് പലപ്പോഴും ഇവിടുത്തെ തോട്ടങ്ങളില്‍ ശര്‍ക്കരയുണ്ടാക്കുന്നത്. താഴ്‌വര മുറിച്ചുകടന്ന് കാന്തല്ലൂരിലേക്കുളള മലയടിവാരത്തെത്തി. ഇനിയങ്ങോട്ട് കയറ്റമാണ്. വളഞ്ഞും തിരിഞ്ഞും പാറ വെട്ടിയുണ്ടാക്കിയ റോഡിലൂടെ മുകളിലേക്ക് കയറി. ശിലായുഗകാലത്ത് ഇവിടെ ജീവിച്ചിരുന്ന പ്രാചീന ജനത തെറ്റുകാരായി കണ്ടെത്തുന്നവരെ ഈ പാറക്കെട്ടിലൂടെ താഴെയുള്ള കാട്ടിലേക്ക് ഉരുട്ടിവിട്ടിരുന്നതായി എവിടെയോ വായിച്ചതോര്‍മ്മ വന്നു. മുകളിലേക്ക് കയറുംതോറും തൊട്ടുപിന്നിലുള്ള താഴ്‌വര കൂടുതല്‍ വിശാലമായിക്കൊണ്ടിരുന്നു. കുറച്ചുദൂരം കൂടി മാത്രമേ വഴിപ്പുറങ്ങളില്‍ കരിമ്പുപാടങ്ങള്‍ കാണാന്‍ സാധിച്ചുള്ളു. അതുകഴിഞ്ഞപ്പോഴേക്കും പഴച്ചെടികള്‍ കണ്ടുതുടങ്ങി. പ്ലംസ്, പിച്ചീസ്, മരത്തക്കാളി, മെക്‌സിക്കന്‍ പാഷന്‍ഫ്രൂട്ട് തുടങ്ങിയവയെല്ലാം പഴുത്തുപാകമായി കിടക്കുന്നു. തണുപ്പിന് കട്ടി കൂടിക്കൂടി വരികയാണ്. അന്തരീക്ഷത്തിലെ വ്യതിയാനനത്തിനൊപ്പമാണ് കൃഷിരീതികളിലും മാറ്റമുണ്ടായിരിക്കുന്നത്. വീണ്ടും കുറച്ചുകൂടി മുന്നോട്ടുചെന്നതോടെ പച്ചക്കറിപ്പാടങ്ങള്‍ കണ്ടുതുടങ്ങി. മറയൂരില്‍നിന്നും യാത്രതിരിച്ച് നാലുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കാന്തല്ലൂരിലെത്തി. പഴത്തോട്ടങ്ങളുടെ നാടാണ് കാന്തല്ലൂര്‍. സമീപത്തെ മലഞ്ചെരിവുകളില്‍ ആപ്പിള്‍, ഓറഞ്ച്, ഷെറിമോയ, സബര്‍ജെല്ലി, കിവി ഫ്രൂട്ട്, സ്‌ട്രോബറി, രാജപുളി തുടങ്ങിയവയെല്ലാം നട്ടുവളര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിലേറെയും വാണിജ്യാടിസ്ഥാനനത്തില്‍ കൃഷി ചെയ്യുന്നവയല്ല. ഗ്രാമീണരുടെ ഉപയോഗത്തിനുശേഷം ബാക്കിയുള്ളത് ടൂറിസ്റ്റുകള്‍ക്കും കച്ചവടക്കാര്‍ക്കും വില്‍ക്കുന്നുവെന്ന് മാത്രം. വഴിയോരത്തുകണ്ട കടയില്‍ക്കയറി കുറച്ച് പാഷന്‍ഫ്രൂട്ടും പ്ലംസും മരത്തക്കാളിയും വാങ്ങി തോള്‍സഞ്ചിയിലിട്ടു. ഇനി കുറെ ദൂരം കൂടിക്കഴിഞ്ഞാല്‍ യാത്ര കാട്ടിലൂടെയാണ്. കഴിക്കാനൊന്നും കിട്ടില്ല. വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ പുത്തൂര്‍ എന്ന ഗ്രാമമായി. ഗ്രാമമാലിന്യങ്ങള്‍ നിറഞ്ഞ പാതയുടെ വശങ്ങളിലെല്ലാം തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങളാണ്. കാരറ്റ്, ബീന്‍സ്, കാബേജ്, ഗ്രീന്‍പീസ്, ഉള്ളി, സവാള, വെളുത്തുള്ളി, കടുക്, മല്ലി തുടങ്ങിയവയെല്ലാം ധാരാളമായി വളര്‍ന്നു നില്‍ക്കുന്നു. പാടങ്ങളില്‍ കമ്പിളിത്തൊപ്പിയും സ്വെറ്ററും ധരിച്ച് നിരവധി പേര്‍ പണിയെടുക്കുന്നുണ്ട്. ഇവിടുത്തെ തൊണ്ണൂറ്റൊന്‍പത് ശതമാനം ഗ്രാമീണരുടെയും ഉപജീവനമാര്‍ഗം കൃഷിയാണ്. പുത്തൂര്‍ വരെ മാത്രമേ വീതിയുള്ള റോഡ് നിര്‍മ്മിച്ചിട്ടുള്ളു.
Marayoor, Idukki, Kerala ഇനിയങ്ങോട്ട് കാടാണ്. അതിനുള്ളിലൂടെ നടപ്പാതകളുണ്ട്. പക്ഷെ, വഴിതെറ്റരുത്. തെറ്റിയാല്‍ ചിലപ്പോള്‍ എത്തിപ്പെടുക കാട്ടിനുള്ളിലെ ഏതെങ്കിലുമൊരു കഞ്ചാവ് തോട്ടത്തിലാവാം. അങ്ങനെയെങ്കില്‍ പോയതുപോലെ മടങ്ങിവരില്ലെന്ന് ഗ്രാമീണര്‍ പറഞ്ഞു. അവര്‍ ചൂണ്ടിക്കാട്ടിയ ദിക്കിലേക്ക് നോക്കി. പശ്ചിമഘട്ടത്തിന്റെ ഒരു ശിഖരം മാനംമുട്ടെ വളര്‍ന്നു നില്‍ക്കുന്നു. അത് കയറിയിറങ്ങിവേണം യാത്ര തുടരാന്‍. ഗ്രാമീണരോട് എളുപ്പവഴികള്‍ ചോദിച്ചറിഞ്ഞശേഷം മുന്നോട്ടു നടന്നു. കാട്ടിനുള്ളിലൂടെ മല കയറിത്തുടങ്ങുമ്പോഴേക്കും കനത്ത മൂടല്‍മഞ്ഞ് വീണിരുന്നു. ശൈത്യകാലമായാല്‍ ഇവിടെയിങ്ങനെയാണ്. ചിലപ്പോള്‍ ആഴ്ചകളും മാസങ്ങളും കഴിഞ്ഞാല്‍ മാത്രമേ സൂര്യനെ കാണാനാവുകയുള്ളുവെന്ന് വഴിയ്‌ക്കൊരാള്‍ പറഞ്ഞതോര്‍മ്മിച്ചു. പക്ഷെ ചൂടില്ലാത്തതിനാല്‍ യാത്രയ്ക്ക് സുഖമുണ്ട്. ഇടയ്ക്കിടെ വഴിയോരത്ത് കാട്ടുമുന്തിരി പഴുത്തുനില്‍ക്കുന്നത് കണ്ടു. ഇരുവശത്തുമുള്ള വന്‍മരങ്ങളില്‍ നിന്നും മഞ്ഞുതുള്ളികള്‍ അടര്‍ന്നുവീഴുന്ന ശബ്ദം. മഴ കഴിഞ്ഞ് മരം പെയ്യുന്നതുപോലെ. മുകളിലേക്ക് കയറും തോറും മൂടല്‍മഞ്ഞിന്റെ കട്ടി കൂടിക്കൂടി വന്നു. മഞ്ഞുപെയ്ത്തില്‍ ധരിച്ചിരുന്ന സ്വെറ്റര്‍ നനഞ്ഞിറങ്ങുകയാണ്. മണിക്കൂറുകളായി തുടരുന്ന നടത്തംമൂലം ശരീരത്തിന് ചൂടുള്ളതിനാല്‍ ശൈത്യത്തിന്റെ തീവ്രത അറിയുന്നില്ലെന്നേയുള്ളു. ഒപ്പമുള്ള ചങ്ങാതിമാരും ക്ഷീണിതരല്ല. മഞ്ഞുവീഴ്ചയുടെ ശബ്ദംമാത്രം കേട്ടുകൊണ്ട് കാട്ടിലെ വഴിത്താരയിലൂടെ ജാഗ്രതയോടെയുള്ള മലകയറ്റമാണ്. നടക്കുംതോറും സമീപത്തെ വൃക്ഷങ്ങളുടെ ഉയരം കുറഞ്ഞുവരുന്നതായി കണ്ടു. ഒപ്പം ചെറിയ തോതില്‍ കാറ്റും വീശിത്തുടങ്ങി. അതിന്റെ ഏറ്റക്കുറച്ചിലനനുസരിച്ച് മഞ്ഞുപടലങ്ങള്‍ പൊടുന്നെന അപ്രത്യക്ഷമാവുകയും വീണ്ടും വന്നുമൂടുകയും ചെയ്തു. മരച്ചില്ലകളില്‍ കാറ്റിന്റെ ചൂളംവിളി. മഞ്ഞ് മാറിയ ഒരു നിമിഷത്തെ കാഴ്ചയില്‍, അല്പംകൂടി നടന്നാല്‍ മലമുകളിലെത്തുമെന്ന് മനസ്സിലായി. അന്തരീക്ഷത്തിന് വീണ്ടും കോടമഞ്ഞിന്റെ വെളുത്ത നിറം. ഇപ്പോള്‍ ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിപ്പാടിലൂടെ മലയിറങ്ങുകയാണ്. ശരീരത്തിന് വല്ലാതെ ഭാരം കൂടിയതുപോലെ. കാലുകള്‍ വേച്ചുപോകുന്നു. കാറ്റിന്റെ ആരവം ശമിച്ചിട്ടില്ല. അങ്ങനെ നടക്കവെ ഒരു തിരിവിലെത്തിയപ്പോള്‍ മുന്നില്‍പോയ സുഹൃത്ത് പെട്ടെന്ന് നിന്നു. ഏതാണ്ട് അന്‍പതടി അകലെ മഞ്ഞിനനിടയില്‍ ഏതൊക്കെയോ നിഴലുകളനനങ്ങുന്നു. രൂപംവ്യക്തമല്ല. നടപ്പാത പോകുന്ന അതേ ദിശയിലാണ്. മഞ്ഞിന്റെ കനം കൂടിയതിനാല്‍ നിഴലുകള്‍ തീരെ കാണാന്‍ കഴിയാതായി. മുന്‍പൊരിക്കല്‍ ഇതുവഴി കടന്നുപോകുമ്പോള്‍ ഈ പരിസരത്തെവിടെയോ വച്ച് ഒരുകൂട്ടം കാട്ടാനകള്‍ക്ക് മുന്നില്‍പ്പെട്ടിരുന്നു. അന്നുപക്ഷെ, കുറെസമയം ഞങ്ങളെ നോക്കിനിന്ന ശേഷം അവ പുല്‍ക്കാട്ടിലൂടെ നടന്നുപോയി. മന്നവന്‍ചോല നാഷണല്‍പാര്‍ക്കുമായി ചേര്‍ന്നുകിടക്കുന്ന കാടാണ്. ആനയും പോത്തും പുലിയും പന്നിയുമെല്ലാമുണ്ട്. അതുകൊണ്ട് മുന്നോട്ടു നടക്കാന്‍ തോന്നിയില്ല. മഞ്ഞ് തൂത്തെറിയാന്‍ കരുത്തുള്ള ഒരു കാറ്റിന്റെ ശബ്ദം ശ്രവിച്ച് തൊട്ടടുത്തുള്ള പാറക്കൂട്ടത്തിന്റെ ചെരിവിലിരുന്നു.
Marayoor, Idukki, Keralaഎത്രവലിയ കാട്ടിലൂടെയും അപകടഭീതിയേതുമില്ലാതെ ധൈര്യമായി സഞ്ചരിക്കാമെന്ന് സുഹൃത്തും പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫറുമായ എന്‍.എ നസീര്‍ ഒരിക്കല്‍ പറഞ്ഞതോര്‍മ്മിച്ചു. മൃഗങ്ങള്‍ ഒരിക്കലും നമ്മെ ആക്രമിക്കുകയില്ലത്രെ. കാട്ടിലും നാട്ടിലുമെല്ലാം മനുഷ്യരെ മാത്രം ഭയപ്പെട്ടാല്‍ മതിയെന്നാണ് നസീറിന്റെ നിലപാട്. കാടനനുഭവങ്ങള്‍ ഒരുപാട് ഉള്ളയാളാണ്. വര്‍ഷത്തില്‍ കൂടുതല്‍ ദിവസങ്ങളിലും കാട്ടിനുള്ളിലായിരിക്കും. പറമ്പിക്കുളം, മസനനഗുഡി, തേക്കടി, ചിന്നാര്‍, ഇരവികുളം, നെല്ലിയാമ്പതി, വാഴച്ചാല്‍... അങ്ങനെ കാടുകളില്‍നിന്നും കാടുകളിലേക്ക് നസീര്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ തവണ കാടിറങ്ങുമ്പോഴും ആന, പോത്ത്, കരടി, കടുവ, പുലി, രാജവെമ്പാല തുടങ്ങിയവയുടെ അനേകം അപൂര്‍വ്വചിത്രങ്ങളുമുണ്ടാവും. നസീര്‍ കാട്ടില്‍ കയറിയാല്‍ മാജിക്ക് കാട്ടിയാണ് ചിത്രങ്ങളെടുക്കുന്നതെന്ന് മറ്റുചില ഫോട്ടോഗ്രാഫര്‍മാര്‍ പറയാറുണ്ട്. എന്തായാലും കാടിന്റെയും കാട്ടുമൃഗങ്ങളുടെയും മനസ്സറിയുന്നതിനും അവയുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള എന്തൊക്കെയോ സിദ്ധികള്‍ ഈ മനുഷ്യനുണ്ടെന്ന് അദ്ദേഹമെടുത്ത ചിത്രങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ തോന്നിപ്പോകും. പെട്ടെന്ന് ചുഴിതിരിഞ്ഞെത്തിയ ഒരു കാറ്റില്‍ പരിസരവും തൊട്ടപ്പുറത്തെ മലഞ്ചെരിവുകളുമെല്ലാം വ്യക്തമായി കണ്ടു. മുന്‍പ് നിഴലനനക്കം കണ്ട ഭാഗത്ത് നാലഞ്ച് ആദിവാസിസ്ത്രീകള്‍ നിശബ്ദരായിരുന്ന് വിറകടുക്കുന്നു. തൊട്ടടുത്തെവിടെയോ ആദിവാസിക്കുടിയുണ്ടാവണം. അവരുടെ പുറത്തുകെട്ടിയിരുന്ന മാറാപ്പില്‍ നിന്നും മുതുവാസമൂഹത്തില്‍പ്പെട്ടവരാണെന്ന് മനസ്സിലായി. ഞങ്ങളെ കണ്ടതും വിറകുകെട്ടുകള്‍ ഉപേക്ഷിച്ച് തൊട്ടടുത്തുള്ള മരങ്ങള്‍ക്കിടയിലേക്ക് അവര്‍ ഓടിപ്പോയി. ഇതൊരു പുതിയ അനുഭവമല്ല. പുറംലോകവുമായി സമ്പര്‍ക്കമില്ലാത്ത ആദിവാസികളാണെങ്കില്‍ കാട്ടിനുള്ളില്‍വച്ച് അപരിചിതരെ കണ്ടാല്‍ അകന്നുപോവുകയാണ് പതിവ്. മലയിറങ്ങി നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ പാതയോരത്തു തന്നെ മുതുവാസങ്കേതം കണ്ടു. മണ്ണ് കുഴച്ചുണ്ടാക്കിയ ഭിത്തികളും പുല്ലുമേഞ്ഞ വീടുകളുമാണ് അധികവും. കൂടല്ലാര്‍കുടി എന്നാണ് ഇതിന്റെ പേര്. ഒരു കുടിലിനു മുന്നിലിരുന്ന് ഏതാനും പേര്‍ തീകായുന്നുണ്ട്. സൗഹൃദസംഭാഷണത്തിന് ശ്രമിച്ചെങ്കിലും അവര്‍ വലിയ താല്പര്യം കാട്ടിയില്ല. അല്പംകൂടി നടന്നപ്പോള്‍ താഴ്‌വരയിലെത്തി. അവിടെയുള്ള ഒരു കാട്ടുചോല മുറിച്ചുകടന്നു. വീണ്ടും കയറ്റം. ഇറക്കം. അങ്ങനെ നടക്കവെ വഴി പച്ചക്കറിപ്പാടങ്ങളിലേക്ക് പ്രവേശിച്ചു. വഴിയുടെ ഇരുപുറങ്ങളിലും നിറയെ വെളുത്തുള്ളിയും കാരറ്റും കാബേജും കോളിഫ്‌ളവറും പട്ടാണിയും ഗോതമ്പുമെല്ലാം വളര്‍ന്നു നില്‍ക്കുന്നു. ഇടയ്ക്കിടെ കര്‍ഷകരുടെ സാന്നിധ്യം. ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചിലന്തിയാര്‍, വട്ടവട എന്നീഗ്രാമങ്ങള്‍ കടന്ന് വൈകുന്നേരത്തോടെ കോവിലൂരെത്തി. വൃത്തിഹീനനമായ പാതയുടെ ഇരുപുറവും നിറയെ വീടുകള്‍. താമസിക്കാന്‍ ഹോട്ടലുകളില്ല. വേണമെങ്കില്‍ പഞ്ചായത്ത് ഓഫീസിന്റെയോ സ്‌കൂളിന്റെയോ തിണ്ണയില്‍ കിടന്നുറങ്ങാം. പക്ഷെ അസാധാരണമായ തണുപ്പാണ്. രാത്രി കഴിച്ചുകൂട്ടാന്‍ നന്നേ ക്ലേശിക്കേണ്ടി വരും. വഴിയോരത്തുകണ്ട പുല്ലുമേഞ്ഞ ചായപ്പീടിക ലക്ഷ്യമാക്കി നടന്നു. മുന്‍പ് പലതവണയും ഇതുവഴി വന്നപ്പോള്‍ അവിടെയാണ് കിടന്നുറങ്ങിയത്. താമസിക്കാന്‍ വാടക കൊടുക്കേണ്ടതില്ലെങ്കിലും നാലുപേരുടെ രണ്ടു നേരത്തെ ഭക്ഷണത്തിന് ലഭിക്കുന്ന വിലയാണ് അവരുടെ നേട്ടം. രാത്രിയെപ്പോഴോ കുറച്ചകലെയുള്ള കൃഷിയിടത്തിലെ കാവല്‍മാടത്തില്‍ നിന്നും തുകല്‍വാദ്യം കൊട്ടുന്ന ശബ്ദം കേട്ടു. കാട്ടുപന്നികള്‍ കൂട്ടത്തോടെ കൃഷിയിടത്തില്‍ ഇറങ്ങിയിട്ടുണ്ടാവണം. പുലര്‍ച്ചെ തന്നെ കടുംകാപ്പി കുടിച്ചശേഷം ആവശ്യത്തിന് ഭക്ഷണവും പൊതിഞ്ഞുവാങ്ങി നടന്നു. ഇന്ന് കൂടുതല്‍ മലമുകളിലൂടെയാണ് യാത്ര. ഗ്രാമത്തില്‍നിന്നും മുകളിലേക്കുള്ള ചെറിയ നടപ്പാത വ്യക്തമായി കാണാം. മഞ്ഞില്ലാത്തതിനാല്‍ താഴ്‌വരയും കുന്നിന്‍ചെരിവുകളും കൃഷിയിടങ്ങളുമെല്ലാം തെളിഞ്ഞുകിടക്കുയാണ്. അടുത്തുള്ള പാടങ്ങളില്‍ കമ്പിളിവസ്ത്രം ധരിച്ച ഏതാനും പേര്‍ ജോലിചെയ്യുന്നു. കുറെദൂരം ചെന്നപ്പോള്‍ യാത്ര ഗ്രാന്റിസ് മരങ്ങള്‍ക്കിടയിലൂടെയായി. പിന്നെ കാട്ടിലൂടെയും. കേരളത്തില്‍ ഏറ്റവുമധികം കഞ്ചാവുകൃഷി നടക്കുന്ന കമ്പക്കല്ലിലെ മലമുടികളിലേക്കുള്ള നടപ്പാതയാണ് ഇത്. ഇടയ്‌ക്കൊരു സ്ഥലത്തു നിന്നും തിരിഞ്ഞുവേണം ക്ലാവറയിലേക്ക് പോകാന്‍. സൂര്യനനുദിച്ചപ്പോഴേക്കും ആദ്യമല കയറിക്കഴിഞ്ഞിരുന്നു. പാമ്പാടുംചോല നാഷണല്‍പാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന കാട്ടിലൂടെ നടക്കുമ്പോള്‍ കുറച്ചുമുന്നില്‍ ഒരുപറ്റം കാട്ടുപന്നികളെ കണ്ടു. വഴി മുറിച്ചുകടക്കുകയാണ്. തെല്ലകലെയുള്ള കുന്നിന്‍ചെരിവില്‍ ഏതാനും കാട്ടുപോത്തുകള്‍. എത്ര ദൂരം നടന്നുവെന്നറിയില്ല. രണ്ടോമൂന്നോ മലകള്‍കൂടി കയറിയിറങ്ങിയിട്ടുണ്ടാവണം. വഴിയില്‍ ഒരിടത്തിരുന്ന് ഭക്ഷണം കഴിച്ചു. ചോലയിലെ വെള്ളത്തിന് മരവിച്ചുപോകുന്ന തണുപ്പ്. ഒരുഘട്ടത്തില്‍ ഏറെദൂരത്തേക്ക് ഇറക്കം മാത്രമായി. ഇടയ്ക്ക് പരിസരത്തെ പൈന്‍മരക്കാട്ടിലിരുന്ന് അല്പസമയം വിശ്രമിച്ചു. തെല്ലപ്പുറത്തുള്ള കാട്ടില്‍ നിന്നും ആനച്ചൂരടിക്കുകയും ഞെരിയൊടിയുന്നതിന്റെ ശബ്ദം കേള്‍ക്കുകയും ചെയ്തപ്പോള്‍ തിരക്കിട്ട് എഴുന്നേറ്റു നടന്നു. ഇറക്കം അവസാനിക്കുന്നതിന് മുന്‍പുതന്നെ പച്ചക്കറിപ്പാടങ്ങളായി. കാട്ടിനുള്ളില്‍ എവിടെവച്ചോ തമിഴ്‌നാട്ടില്‍ പ്രവേശിച്ചിരുന്നു. മലയിറങ്ങിയെത്തിയത് താഴ്‌വരയിലുള്ള ക്ലാവറ എന്ന ഗ്രാമത്തിലേക്കാണ്. അതുകഴിഞ്ഞാല്‍ കവിഞ്ചി. രണ്ടിടത്തും പച്ചക്കറികൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണധികവും. ക്ലാവറ മുതല്‍, വാഹനങ്ങള്‍ ഓടുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുണ്ട്. പക്ഷെ ബസുകളില്ല. കുത്തനെയുള്ള കയറ്റിറക്കങ്ങളില്ലാത്ത വളഞ്ഞുതിരിഞ്ഞ റോഡിലൂടെ നടന്നു. തിരിഞ്ഞുനോക്കുമ്പോള്‍ മലമുകളില്‍ നിന്നും കനത്ത മൂടല്‍മഞ്ഞ് അടിവാരത്തേക്ക് ഇറങ്ങിവരുന്നത് കണ്ടു. താമസിയാതെ അത് കൃഷിയിടങ്ങളെയും മലമ്പാതകളെയുമെല്ലാം വന്നുമൂടി. മഞ്ഞിന്റെ അവ്യക്തതയിലൂടെ മൂന്നുമണിയായപ്പോഴേക്കും പൂണ്ടി എന്ന ഗ്രാമത്തിലെത്തി. ഏറെസമയം കാത്തിരുന്നിട്ടും മഞ്ഞ് മാറുകയോ ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍ കാണാന്‍ കഴിയുകയോ ചെയ്തില്ല. ഒരു സുഹൃത്തിന്റെ ഫാംഹൗസിലായിരുന്നു പൂണ്ടിയിലെ രാത്രി കഴിച്ചുകൂട്ടിയത്. നടത്തത്തിന്റെ ക്ഷീണം മൂലം പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി. കണക്കുകൂട്ടലുകള്‍ കൃത്യമായിരുന്നു. രാവിലെ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ സമീപപ്രദേശങ്ങള്‍ വ്യക്തമായി കാണാം. മഞ്ഞിന്റെ നേര്‍ത്തൊരു മൂടല്‍ മാത്രമേയുള്ളു. കുന്നിന്‍ചെരിവുകളിലെല്ലാം തട്ടു തട്ടായി തിരിച്ച കൃഷിയിടങ്ങള്‍... താഴ്‌വരയില്‍ കാട്ടരുവിയും അതിന്റെ തീരത്ത് ചോലക്കാടുകളും... കണ്ണെത്താദൂരത്തോളം അനേകം മലനിരകള്‍... അതിന്റെ ഓരങ്ങളില്‍ പേരറിയാത്ത ഏതൊക്കെയോ ഗ്രാമങ്ങള്‍... തണുപ്പിനെ അതിജീവിക്കാന്‍ കട്ടിയുള്ള കുപ്പായമിട്ട് പാതയോരങ്ങളിലൂടെ കൃഷിസ്ഥലത്തേക്ക് പോകുന്നവര്‍... അവര്‍ക്കിടയിലൂടെ നടന്നുപോകുമ്പോള്‍, ദൂരെ കിഴക്കന്‍മലകള്‍ക്ക് മീതേ ഉദയത്തിന്റെ നിറംമാറ്റം കണ്ടു. പൂണ്ടിയില്‍ നിന്നും കൊടൈക്കനാലിലേക്ക് ബസ് സര്‍വീസുണ്ട്. പക്ഷെ വേണ്ടെന്ന് തീരുമാനിച്ചു. കാട്ടുപുല്ലിന്റെയും പൂക്കളുടെയും കാറ്റിന്റെയും ഗന്ധമറിഞ്ഞുള്ള ഈ യാത്രയ്‌ക്കൊരു സുഖമുണ്ട്. മുഷിഞ്ഞുവാടിയ മനുഷ്യഗന്ധം നിറഞ്ഞ ബസിനുള്ളില്‍ നിന്നും അതൊരിക്കലും ലഭിക്കില്ല. കുറെക്കഴിഞ്ഞപ്പോള്‍ പ്രധാന പാതവിട്ട് കുറുക്കുവഴികളിലൂടെയായി യാത്ര. കൊളോണിയല്‍കാലത്ത് നട്ടുവളര്‍ത്തിയ പൈന്‍മരക്കാടുകളുടെ തണല്‍. പിന്നെ യൂക്കാലിപ്റ്റസ് പ്ലാന്റേഷനിലേക്ക് കടന്നു. ചില സ്ഥലങ്ങളില്‍ കൂറ്റന്‍മരങ്ങള്‍ വെട്ടി നീക്കുകയാണ്. അരിഞ്ഞുവീഴ്ത്തിയ മരത്തിന്റെ അവയവങ്ങള്‍ ഛേദിച്ച്, മുറിച്ചടുക്കി ലോറികളില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോകുന്നു. പണിക്കാരിലേറെയും മലയാളികളാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ളവര്‍. തമിഴ്‌നാട്ടുകാര്‍ കേരളത്തില്‍ പോയി പണിയെടുക്കുന്നു. മലയാളികള്‍ തമിഴ്‌നാട്ടിലെത്തി തടിവലിക്കുന്നു. ഈ ദേശാന്തരയാത്രകള്‍ എന്തിനു വേണ്ടിയാവും. ആവോ, കാരണം അന്വേഷിക്കാന്‍ മെനക്കെട്ടില്ല. പ്രതീക്ഷിച്ചതിലും നേരത്തെതന്നെ കൊടൈക്കനാലിലെത്തി.
സീസണായതിനാല്‍ എല്ലായിടത്തും ടൂറിസ്റ്റുകളുടെ തിരക്കാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശ്വസിച്ച വായുവിന്റെയും കണ്ട കാഴ്ചയുടെയും ശുദ്ധി എവിടെയോ നഷ്ടമായിരിക്കുന്നു. തൊപ്പിത്തൂക്കിപ്പാറയിലെ കാറ്റിന്റെ മുഴക്കത്തിനു വേണ്ടി കാതോര്‍ത്തും ഗുണാപോയിന്റിലെ ഇരുളടഞ്ഞ വഴികളിലൂടെ നടന്നും കുറെസമയം ചെലവഴിച്ചു. പിന്നെ, ആത്മഹത്യാമുനമ്പിന്റെ ഓരത്തിരുന്ന് കാഴ്ച കണ്ടു. പാറക്കെട്ടും മാമരങ്ങളും നിറഞ്ഞ താഴ്‌വരകള്‍. എത്രയോ പേര്‍ ഇവിടെ ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. ആത്മഹത്യ ഭീരുത്വമാണെന്ന് പറഞ്ഞത് ആരാണ്. മരണം തുടിക്കുന്ന ഈ താഴ്‌വരയുടെ ശൂന്യതയിലേക്ക് ചാടാന്‍ എത്രപേര്‍ക്ക് ധൈര്യമുണ്ടാവും. അറിയില്ല. ഭക്ഷണം കഴിച്ചശേഷം ആത്മഹത്യാമുനമ്പിന്റെ ചെരിവിലൂടെ ഇറങ്ങിനടന്നു. താഴ്‌വരയിലെവിടെയോ ഉള്ള വെള്ളഗവി എന്ന ഗ്രാമമാണ് ലക്ഷ്യം. മുന്‍പ് പലതവണ മൂന്നാറില്‍ നിന്നും മറയൂരില്‍ നിന്നും കൊടൈക്കനാല്‍ വരെ നടന്നെത്തിയിട്ടുണ്ട്. പക്ഷെ വെള്ളഗവിയിലേക്ക് ഇതാദ്യമാണ്. കഴിഞ്ഞ യാത്രയില്‍ ഇവിടെ വച്ചുകണ്ട ഒരു സായ്പില്‍നിന്നാണ് വെള്ളഗവിയെകുറിച്ച് അറിഞ്ഞത്. കേട്ടുകേള്‍വി പോലുമില്ലാത്ത വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന ഗ്രാമം. അടുത്ത യാത്രയില്‍ ആ ഗ്രാമഭൂമിയിലൂടെ അലഞ്ഞു നടക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു.

സ്വന്തം നാടിനെക്കുറിച്ച് പോലും നമ്മള്‍ വിദേശികളില്‍ നിന്നും അറിയുന്നു. അത്ഭുതം തന്നെ. കുറെദൂരം സബര്‍ജെല്ലിയും ആപ്പിള്‍മരങ്ങളും നിറഞ്ഞ തോട്ടത്തിലൂടെയായിരുന്നു യാത്ര. പിന്നെ കാടായി. കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ കുത്തിറക്കത്തിലൂടെ രണ്ടുമണിക്കൂറെങ്കിലും നടന്നിട്ടുണ്ടാവണം വെള്ളഗവിയിലെത്താന്‍. ഇവിടെ വീടുകളെല്ലാം അടുത്തടുത്താണ്. ഗ്രാമകവാടം കടന്നാല്‍ ചെരിപ്പിടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഊരിക്കയ്യില്‍ പിടിക്കണം. ഞങ്ങളുടെ അറിവില്ലായ്മയോട് ഗ്രാമവാസികള്‍ ക്ഷമിച്ചു. കരിങ്കല്‍ പാകിയ ഗ്രാമവഴിയുടെ ഇരുപുറങ്ങളിലൂമായി നൂറ്റൊന്നു വീടുകള്‍. എത്രയോ തലമുറകളായി ഇവരിവിടെ ജീവിക്കുന്നു. ഒരു ചായപ്പീടിക പോലുമില്ല. പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ ഒന്നുകില്‍ മലകയറി കൊടൈക്കനാലിലെത്തണം. അല്ലെങ്കില്‍ അടിവാരത്തുള്ള പെരിയകുളത്ത്. രണ്ടിടത്തേക്കും സമദൂരമാണ്. വഴിപോക്കരെങ്ങാനും അക്രമം കാട്ടിയാല്‍ ഗ്രാമകവാടത്തില്‍ തലകീഴായി കെട്ടിത്തൂക്കി ചാട്ടവാറുകൊണ്ടടിക്കും. ഗ്രാമത്തിലാര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ മഞ്ചലിലിരുത്തി നടപ്പാതയിറങ്ങി പെരിയകുളത്തെ ആശുപത്രിയിലേക്ക് പോകും. പക്ഷെ ഓരോ വീട്ടില്‍ നിന്നും ഒരാള്‍വീതം ഇതിെനാപ്പം പോകണമെന്നാണ് വിശ്വാസം. അങ്ങനെ ചില രാത്രികളില്‍ വെള്ളഗവിയില്‍ നിന്നും മലയിറങ്ങിയെത്തുന്ന കൂറ്റന്‍ ജാഥകള്‍ പെരിയകുളത്തെ ആശുപത്രികളിലേക്കെത്തും. അന്നുരാത്രി വെള്ളഗവിയുടെ വിശ്വാസങ്ങളുടെയും ആചാരാനനുഷ്ഠാനങ്ങളുടെയും കഥകേട്ട് അവിടുത്തെ ആളൊഴിഞ്ഞ ഒരു വീട്ടിലുറങ്ങി. ഗ്രാമത്തിലെ ഒരുസംഘം ചെറുപ്പക്കാരും ഒപ്പമുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെയെണീറ്റ് പെരിയകുളത്തേക്ക് നടന്നു. ചൂടുവീണപ്പോഴേക്കും അടിവാരത്തെത്തി. കടന്നുപോന്ന ദിക്കിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടു, പിന്നില്‍ പശ്ചിമഘട്ടത്തിന്റെ ഉത്തുംഗത. 


Text&Photos:Manoj Mathirappally 

Wednesday, August 8, 2012

കാറ്റിന്റെ ചിറകിലേറി. . .രാമക്കല്‍മേട്ടില്‍


Ramakkal Medu, Idukki, Keralaകാറ്റിന്റെ കൈപിടിച്ച് കാഴ്ചയുടെ കലവറയുമൊരുക്കി രാമക്കല്‍മേട് അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ്, സഞ്ചാരികളെ വരവേല്‍ക്കാന്‍. . . . .

ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ഗ്രാമം സഞ്ചാരികളുടെ പുത്തന്‍ പറുദീസയായി മാറിയിരിയ്ക്കുന്നു . . . . . . . .

ഒരു ഒഴിവു ദിനം ചിലവിടുന്നതിനായി രാമക്കല്‍മേടില്‍ എത്തിയപ്പോള്‍ ആദ്യം വരവേറ്റത് ആകാശത്തേയ്ക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന വന്‍ കാറ്റാടികളായിരുന്നു. കേരളത്തിന്റെ പുത്തന്‍ ഊര്‍ജ്ജ സ്രോതസ്. . .
Ramakkal Medu, Idukki, Kerala
രാമക്കല്‍മേടിന്റെ സൗന്ദര്യത്തിലേയ്ക്ക് കൂട്ടി കൊണ്ടുപോകുന്ന കൊച്ചു കാട്ടു പാതയും അതിമനോഹരമായിരുന്നു. ഇല്ലി കൂട്ടങ്ങള്‍ക്കിടയിലൂടെ ഒരു കൊച്ചു പാത. പാതയുടെ അരികില്‍ വിവിധ നിറങ്ങളിലുളള കൊങ്ങിണി ചെടികള്‍ പൂത്തു നില്‍ക്കുന്നുണ്ടായിരുന്നു. മലമുകളിലേയ്ക്കുളള യാത്ര തടസ്സെപ്പെടുത്തുവാന്‍ ശക്തിയായ കാറ്റ് ശ്രമിച്ചു കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ചുവടുകള്‍ പിന്നോട്ടാണു വെയ്ക്കുന്നതെന്ന് തോന്നി..

Ramakkal Medu, Idukki, Kerala ഭീമാകാരമായ വലുപ്പത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന രാമക്കല്‍മേടിന്റെ വശ്യത അതിശയിപ്പിക്കുമെങ്കിലും കുന്നു കയറി തീരുന്നതു വരെ കണ്ണുകള്‍ താഴ്‌വാരത്തിലായിരിയ്ക്കുമെന്ന് തീര്‍ച്ച. കാരണം തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ വിദൂര ദൃശ്യം അത്ര മനോഹരമായിരുന്നു.

പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ മലയുടെ ഏറ്റവും ഉയരത്തില്‍ എത്തിയപ്പോള്‍ ലോകത്തിന്റെ തന്നെ നെറുകയിലാണ് നില്ക്കുന്നതെന്ന് തോന്നി. താഴെ അങ്ങു ദൂരെയായി കാണപ്പെട്ട തമിഴ് നാടന്‍ ഗ്രാമങ്ങളുടെ ദൃശ്യം പ്രകൃതി തന്റെ കാന്‍വാസില്‍ ഒരുക്കിയിരിയ്ക്കുന്ന മനോഹര ചിത്രം. കൊച്ചു വളപ്പൊട്ടുകള്‍ വാരി വിതറിയിരിയ്ക്കുന്നതുപോലെ തമിഴ്‌നാടന്‍ പട്ടണങ്ങള്‍. കറുത്ത നേര്‍വരകളായ് റോഡുകള്‍ . അതിലൂടെ നിരങ്ങി നീങ്ങുന്ന വാഹനങ്ങള്‍. കമ്പവും തേനിയും കോമ്പയും തേവാരവുമൊക്കെ നിശബ്ദമായ് രാമക്കല്‍മേടിന്റെ മനോഹാരിത നോക്കി നില്ക്കുകയാണ്.

മണ്ണില്‍ വരച്ചു ചേര്‍ത്തതു പോലെ ഒരുക്കിയിരിയ്ക്കുന്ന കൃഷിയിടങ്ങള്‍. മുന്തിരിയും പയര്‍വര്‍ഗങ്ങളും പച്ചക്കറികളും ഒക്കെ കേരളത്തിനായ് ഒരുങ്ങുകയാണെന്ന് ആരോ പറഞ്ഞു. ഒപ്പം തെങ്ങിന്‍ തോപ്പുകളും പുളിമരക്കൂട്ടങ്ങളും. മനുഷ്യന്‍ കൊത്തി ഇളക്കി കൃഷിയ്ക്കായ് ഒരുക്കിയിരിയ്ക്കുന്ന മണ്ണിന് ഇത്രയും മനോഹാരിത ഉണ്ടെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. . . .

Ramakkal Medu, Idukki, Kerala വളരെ മിനുസമായ് കാണുന്ന രാമക്കല്‍മേടിലെ പ്രധാന പാറ, മുന്‍കാലങ്ങളിലെന്നോ തമിഴ്‌നാട് കടല്‍ മാറി കരയായതാണെന്ന തോന്നല്‍ ഉണ്ടാക്കും. തിരമാലകളുടെ നിരന്തരമായ തഴുകലേറ്റ് മിനുസമായതുപോലെ പാറ തലയുയര്‍ത്തി നില്ക്കുന്നു. കടലിനേയും കീഴടക്കിയവനെപോലെ. . .. .

പാറക്കെട്ടുകള്‍ ഏതോ പേരറിയാത്ത ശില്പ്പി ശ്രദ്ധാ പൂര്‍വ്വം ചേര്‍ത്തു വെച്ച ശില്പ്പം പോലെ. ഒന്നിനുമുകളില്‍ മറ്റൊന്ന്. അതിനു മുകളില്‍ ഒന്നിലധികം. . അങ്ങനെ. . .തമ്മില്‍ യാതൊരു ബന്ധവും ഇല്ലാത്ത രീതിയിലാണ് അവയുടെ ഇരുപ്പ്. ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്നപോലെ. മലമുകളിലേയ്ക്ക് സാഹസികമായ് കയറാന്‍ ശ്രമിക്കുന്നവര്‍ ഇവയെങ്ങാനും ഒന്നു തെന്നി പോയാലോ എന്ന് ചിന്തിയ്ക്കാതിരിയ്ക്കില്ല. ഒന്ന് ഉത്‌സാഹിച്ചു തളളിയാല്‍ അവ താഴെ പോകും എന്ന് നമുക്ക് തോന്നും, തീര്‍ച്ച. കിഴക്കാംതൂക്കായ് കിടക്കുന്ന വലിയ പാറയില്‍ പലയിടങ്ങളിലായ് വന്‍ തേനീച്ച കൂടുകള്‍ തൂങ്ങി കിടക്കുന്നു. ഏതോ നാട്ടുകാരന്‍ തന്റെ അറിവ് പങ്കുവെച്ചു, ചിലസമയങ്ങളില്‍ തേന്‍ എടുക്കുവാന്‍ ആദിവാസികള്‍ എത്താറുണ്ടത്രെ. അതെന്തായാലും പൂര്‍ണ്ണമായ് ഉള്‍ക്കൊളളുവാന്‍ മനസനുവദിച്ചില്ല. എങ്കിലും മനസില്‍ അറിയാത്ത സാഹസികര്‍ക്കായ് പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.. . .

പാറക്കൂട്ടങ്ങളിലും പുല്‍മേടുകളിലുമൊക്കെയായ് കുറെ സഞ്ചാരികള്‍ രാമക്കല്‍മേടിന്റെ സൗന്ദര്യം ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. പാറക്കൂട്ടങ്ങള്‍ മിക്കവയും യുവജനത കൈയടക്കിയിരുന്നു. ചിലരൊക്കെ അതിസാഹസികമായ് പാറകള്‍ക്കിടയിലൂടെ നടക്കുന്നു.

Ramakkal Medu, Idukki, Kerala ഫാമിലിയായ് എത്തിയവരില്‍ ഏറിയപങ്കും അരികിലുളള മറ്റൊരു കുന്നിലാണ് ഏറെസമയവും ചിലവിടുന്നത്. വിശാലമായ പുല്‍മേട്. ഒപ്പം കുറവന്റെയും കുറത്തിയുടേയും മനോഹര പ്രതിമ. കേരളത്തിലെ ഏറ്റവും വലിയ ട്വിന്‍ സ്റ്റാച്യു ആണത്രെ ഇത്. പ്രശസ്ത ശില്പി സി.ബി.ജിനന്റെ കരവിരുതില്‍ ഒരുങ്ങിയ അത്ഭുതം. എനിയ്ക്ക് കുറവനോടും കുടുംബത്തോടും അസൂയ തോന്നി, കാരണം പുളളിയിങ്ങനെ കുടുംബവും കുട്ടികളുമായ്, വെയിലും മഴയും ഇരവും പകലും ഒന്നും വകവെയ്ക്കാതെ ഈ സൗന്ദര്യവും നോക്കി നില്‍ക്കുകയല്ലെ.

രാമക്കല്‍മേടിന്റെ പേരിലുമുണ്ട് പ്രത്യേകത, രാവണന്‍ സീതാദേവിയെ അപഹരിച്ചു കൊണ്ടു പോയപ്പോള്‍ ശ്രീരാമന്‍ ഈ മലമുകളി ല്‍ നിന്ന് ലങ്കയെ നോക്കി എന്നാണ് വിശ്വാസം. അങ്ങനെ ശ്രീരാമന്റെ പാദങ്ങള്‍ പതിഞ്ഞ സ്ഥലം രാമക്കല്‍മേട് ആയി.

Ramakkal Medu, Idukki, Kerala രാമക്കല്‍മേടില്‍ നിന്നും തമിഴ് നാട്ടിലേയ്ക്ക് ഒരു കൊച്ചു കാട്ടു പാതയുണ്ട്. പണ്ടു കാലത്ത് രാമക്കല്‍മേട്ടിലേയ്ക്ക് തലച്ചുമടായും കഴുതപ്പുറത്തുമൊക്കെ സാധനങ്ങള്‍ കൊണ്ടുവന്നിരുന്ന ഒരു പാതയായിരുന്നു അത്. പത്തു മുപ്പത് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഇടുക്കിയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യം ഉണ്ടായിരുന്ന ഒരു പാത. അതു പോലെ രാമക്കല്‍മേട് തിരക്കേറിയ ഒരു വ്യാപാര കേന്ദ്രവും ആയിരുന്നു. പില്ക്കാലത്ത് സമീപ പ്രദേശങ്ങളിലുണ്ടായ വികസനം രാമക്കല്‍മേടിന്റെ പ്രസക്തി നഷ്ടപ്പെടുത്തി. എന്തായാലും ആ കാട്ടു പാതയിലൂടെ ഒരു യാത്ര നടത്തുവാന്‍ ഞാന്‍ തീരുമാനിച്ചു. ഇല്ലിക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഉളള ആ യാത്ര തികച്ചും രസകരമായിരുന്നു. ചില സ്ഥലങ്ങളില്‍ പൊന്തക്കാടുകള്‍ക്കിടയിലൂടെ വഴി ഉണ്ടാക്കി നീങ്ങേണ്ടി വന്നു. . .

വലിയ കാര്യമായല്ലെങ്കിലും ഇപ്പോഴും പാത ഉപയോഗിക്കുന്നുണ്ടെന്ന് തോന്നി. കുറെ കഴിഞ്ഞപ്പോള്‍ യാത്രയുടെ വേഗത കൂട്ടേണ്ടി വന്നു. കാരണം കല്ലുകള്‍ പാകിയ പാത വളരെ മിനുസമുളളതായിരുന്നു. ഒപ്പം വന്‍ ഇറക്കവും. ചിലപ്പോഴൊക്കെ പുതിയ പാത ഉണ്ടാക്കിയായിരുന്നു യാത്ര. അടിവാരത്തെത്തിയപ്പോഴേയ്ക്കും യാത്ര അമിത വേഗത്തിലായി. കാരണം നടക്കാന്‍ പറ്റുന്ന ഒരവസാഥയിലായിരുന്നില്ല വഴി. അല്ല വഴി എന്നെ നടക്കാന്‍ അനുവദിച്ചില്ല എന്നു പറയുന്നതാണ് ശരി. . .

Ramakkal Medu, Idukki, Kerala അടിവാരത്തെത്തിയപ്പോള്‍ ആദ്യം വരവേറ്റത് മനോഹരമായ ഒരു കൊച്ചു ക്ഷേത്രമായിരുന്നു. പേരറിയാത്ത ദൈവങ്ങള്‍ക്കുമുന്‍പില്‍ നന്ദിയോടെ കൈകൂപ്പി, ഒരുക്കിതന്ന മനോഹര കാഴ്ച്ചകള്‍ക്കായി. അങ്ങു ദൂരെ മലമുകളില്‍ നിന്ന് കണ്ട കൃഷിയിടങ്ങള്‍ അടുത്തു കണ്ടപ്പോള്‍ അവയോട് വാതോരാതെ എന്തൊക്കെയോ പറയണമെന്ന് തോന്നി. കാറ്റിനോടും ചെടികളോടും കൊച്ചു കിളികളോടുമൊക്കെ. നിങ്ങളെ കാണാന്‍ അങ്ങു മലമുകളില്‍ നിന്നും വന്നതാണെന്നോ മറ്റോ. ക്ഷേത്രത്തിന് പുറകില്‍ തലയുയര്‍ത്തി നില്‍ക്കുന്ന രാമക്കല്‍മേടിന്റെ ഭീമാകരമായ വലിപ്പം കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പേയി. മുകളില്‍ നിന്ന് നോക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ഭംഗി. ശരിയ്ക്കും ഒറ്റ കല്ലില്‍ തീര്‍ത്ത ഒരു പ്രതിമ പോലെ.

Ramakkal Medu, Idukki, Kerala കുറച്ചു നേരം വശ്രമിച്ച ശേഷം വന്ന വഴി മടങ്ങുവാനായിരുന്നു പദ്ധതി. അതെന്തായാലും ഇനി നടപ്പില്ല. അത്രയും ദൂരം ഇനി തിരിച്ചു കയറുന്ന കാര്യം ചിന്തിക്കാന്‍ വയ്യ. കൃഷിയിടങ്ങളിലെ പണിയാളരോട് അടുത്ത ടൗണിലേയ്ക്കുളള ബസ് തിരക്കി. ബസ്സിനി വൈകിട്ടേ ഉളെളന്നും, ചിലപ്പോള്‍ കാളവണ്ടിയോ സൈക്കിളോ കിട്ടാന്‍ സാദ്ധ്യതയുണ്ടെന്നും അറിഞ്ഞു. കാളവണ്ടിയില്‍ തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു യാത്ര കൊതിച്ചു പോയി. പക്ഷേ അതു നടന്നില്ല. പിന്നെ സൈക്കിളില്‍ കോമ്പയിലേയ്്ക്ക്, അവിടെ നിന്ന് കമ്പത്തിന്. അപ്പോഴേയ്ക്കും ഇരുള്‍ പരന്നു തുടങ്ങിയിരുന്നു. കമ്പത്തു നിന്ന് നെടുംകണ്ടത്തിന്. കമ്പംമെട്ടിലേയ്ക്കുളള ഹെയര്‍ പിന്‍ വളവുകള്‍ കയറുമ്പോള്‍ അങ്ങു ദൂരെ വൈദ്യുത പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന കമ്പം പട്ടണം കാണാമായിരുന്നു. കമ്പംമേട്ട് എത്തുന്നതുവരെ ആ കാഴ്ച നോക്കിയിരുന്നു. അപ്പോള്‍ കുറവനോടും കുടുംബത്തോടും അസൂയ തോന്നി. കാരണം അവര്‍ ഈ മനോഹര കാഴ്ച്ച കണ്ണിമ ചിമമാതെ നോക്കി നില്‍ക്കുകയാണല്ലൊ. ശരിയ്ക്കും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം ഭൂമിയില്‍ ഇറങ്ങി വന്നതു പോലെ. . . .

Ramakkal Medu, Idukki, Kerala
Travel Tips…

രാമക്കല്‍മേട്ടിലേയ്ക്ക് കുടുംബവുമൊത്തൊരു യാത്രയാണുദേശിക്കുന്നതെങ്കില്‍ കഴിവതും സന്ധ്യയ്ക്കു മുന്‍പ് തിരികെ പോരാന്‍ ശ്രമിയ്ക്കുക, കാരണം രാമക്കല്‍മേട്ടില്‍ ഒരു ടൂറിസ്റ്റ് ഇന്‍ഫോര്‍മറോ ഗാര്‍ഡോ ഇല്ല. അതുപോലെ മദ്യം യാതൊരു തടസവുമില്ലാതെ ലഭ്യമാണെന്നത് ഈ പ്രദേശത്തിന്റെ വലിയ പോരായ്മയാണ്. മദ്യപാനികളുടെ സംഘങ്ങളെ തന്നെ ഇവിടെ കാണാം. കുപ്പിച്ചില്ലുകള്‍ എവിടെയും പ്രതീക്ഷിയ്ക്കാം.

പരമ്പരാഗത വസ്ത്രമായ മുണ്ട്., ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ എന്നിവ ഒഴിവാക്കുക.

ശരാശരി കാറ്റിന്റെ വേഗത : 30km/hr

How to Reach:
Nearest railway station: Kottayam (135km)
Nearest airport Madurai (145km) and Cochin (185km)

Distance chart(aprox):
Nedumkandam to Ramakkalmedu 13km
Kattappana to Ramakkalmedu 20km
Thekkady to Ramakkalmedu 40km
Munnar to Ramakkalmedu 70km
Ernakulam to Ramakkalmedu 150km

Location:
Ramakkalmedu is located in idukki district near to Nedumkandam and can be reached from Thekkady- munnar road.


കടപ്പാട്: പ്രിന്‍സ് ജെയിംസ്‌

Saturday, December 17, 2011

ഇടുക്കി വേണോ ഇടുക്കി?


മൂന്നാറിലെ അണ്ണന്മാരെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. കേരളത്തിന്റെ മണ്ണില്‍ നിന്ന് കൊണ്ട് 'ഇടുക്കി വിട്ടു താങ്കോ' എന്ന് മുദ്രാവാക്യം വിളിക്കാന്‍ വാട്ട്‌ എ ധൈര്യം യു നോ?. ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണം എന്ന് മാത്രമല്ല, നാണം കെട്ട കേരള മക്കള്‍ ഇടുക്കി വിട്ടു പോകണം എന്നും അവര്‍ മുദ്രാവാക്കിക്കളഞ്ഞു. തമിഴ്നാട്ടില്‍ ചെന്ന് മലയാളികള്‍ ഇങ്ങനെയൊരു മുദ്രാവാക്യം വിളിച്ചിരുന്നുവെങ്കില്‍ എല്ലും തോലും പാണ്ടി ലോറിയില്‍ കേറ്റി ഇങ്ങോട്ടെത്തിക്കേണ്ടി വരുമായിരുന്നു. നമ്മള്‍ ഇവിടെ ചെയ്തത് ഇങ്ങനെയൊരു മുദ്രാവാക്യം വിളിക്കാന്‍ പോലീസ് അകമ്പടിയും ചാനലുകളുടെ ലൈവ് ക്യാമറയും ഏര്‍പാടു ചെയ്തു കൊടുക്കുകയാണ്. പ്രകടനം കഴിഞ്ഞു പോകുന്നവര്‍ക്ക് ലഡുവും പുഴുങ്ങിയ കോഴിമുട്ടയും വിതരണം ചെയ്തു എന്നും പറഞ്ഞു കേള്‍ക്കുന്നു. എന്തരോ മഹാനു ഭാവുലു ഗുലു!!

ഒരു കണക്കിന് മൂന്നാറില്‍ പ്രകടനം നടത്തിയത് അവരുടെ ധൈര്യം ആണെന്ന് പറഞ്ഞു കൂട. ബുദ്ധി അല്പം കുറവാണെങ്കിലും ആളുകളെ അളക്കുന്ന കാര്യത്തില്‍ അണ്ണന്‍മാര്‍ ഒട്ടും മോശക്കാരല്ല. നമുക്ക് കേരളത്തിന്റെ താത്പര്യങ്ങള്‍ അല്ല രാഷ്ട്രീയമാണ് വലുത് എന്ന് മനസ്സിലാക്കാന്‍ ഒരു കോവര്‍ കഴുതയുടെ ബുദ്ധി മതി. മലയാളികളെ അവര്‍ ശരിക്കും അളന്നു കഴിഞ്ഞു. 'ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്' എന്ന് പറഞ്ഞ പോലെ നമ്മുടെ പ്രതിഷേധങ്ങള്‍ ഏതറ്റം വരെ പോകുമെന്നു അവര്‍ കൂളായി മനസ്സിലാക്കിയിട്ടുണ്ട്. ഇടുക്കി മാത്രമല്ല, കാസര്‍ക്കോട് വിട്ടുതരണം എന്ന് പറഞ്ഞാലും കടലാസ് ശരിയാക്കിക്കൊടുക്കാന്‍ ഇവിടെ ഏതെങ്കിലുമൊക്കെ ദണ്ഡപാണനുണ്ടാകും എന്ന് അവര്‍ക്കറിയാം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ പൊതുസമൂഹം ഉയര്‍ത്തിക്കൊണ്ടു വന്ന ജനകീയ പ്രക്ഷോഭത്തെ ഇടതും വലതുമുള്ള രാഷ്ട്രീയക്കാര്‍ സമര്‍ത്ഥമായി ഒറ്റു കൊടുത്തതും അവര്‍ കണ്ടു. ഹൈക്കമാണ്ടും പോളിറ്റ് ബ്യൂറോയും നോക്കുന്നത് വോട്ടിന്റെ എണ്ണമാണ്. നീതിയും ന്യായവുമല്ല. അതുകൊണ്ടാണ് ഡല്‍ഹിയില്‍ ഒരു വാക്കും തിരോന്തരത്തു മറ്റൊരു വാക്കും പറയുന്നത്. ഇത് ശരിക്ക് അറിയുന്നത് കൊണ്ടാണ് ഇടുക്കി ഞങ്ങള്‍ക്ക് വേണം എന്ന് തമിഴന്മാര്‍ ആവശ്യപ്പെടുന്നത്.

'അമ്മി വേണോ അമ്മി' എന്ന് ചോദിച്ചു കൊണ്ട് മുക്കുത്തിയിട്ട തമിഴത്തിപ്പെണ്ണുങ്ങള്‍ പണ്ട് നമ്മുടെ വീടുകള്‍ കയറിയിറങ്ങിയിരുന്നു. നാല് വോട്ടും തേനിയില്‍ രണ്ടു തോട്ടവും കിട്ടുമെങ്കില്‍ 'ഇടുക്കി വേണോ ഇടുക്കി' എന്ന് ചോദിച്ചുകൊണ്ട് അമ്മായിയുടെ കാല്‍ക്കല്‍ വീഴാന്‍ ത്രിവര്‍ണവും ചെങ്കൊടിയും പുതച്ച വേണ്ടത്ര രാഷ്ട്രീയ നപുംസകങ്ങള്‍ നമുക്കുണ്ട്. കേരളത്തിലും കേന്ദ്രത്തിലും. പിറന്ന മണ്ണിനെ ഇങ്ങനെ ഒറ്റുകൊടുക്കാന്‍ ഒരു തമിഴനെയും കിട്ടില്ല. സംസ്ഥാനത്തിന്റെ പ്രശ്നം വരുമ്പോള്‍ വാഴ വെട്ടാന്‍ നടക്കുന്ന രാഷ്ട്രീയക്കാരും അവിടെയില്ല. അവരും നമ്മളും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്‌. 

തര്‍ക്കശാസ്ത്ര രീതിയനുസരിച്ച് ഒരു ചര്‍ച്ചയില്‍ വിട്ടുവീഴ്ചകള്‍ക്ക് ആദ്യം തയ്യാറാവുന്നവന്‍ തന്റെ വാദഗതികളില്‍ അല്പം വിശ്വാസക്കുറവുള്ളവന്‍ ആയിരിക്കും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളമാണ് ആ വഴി ആദ്യം തിരഞ്ഞെടുത്തത്. നിങ്ങള്‍ക്ക് മുഴുവന്‍ വെള്ളവും തരാം, കാശും കരാറും ഇല്ലെങ്കിലും പ്രശ്നമില്ല, എവിടെ വന്നും ഒപ്പിട്ടു തരാം, തുടങ്ങിയ കിഞ്ചന വര്‍ത്തമാനങ്ങള്‍ പറഞ്ഞ് നാം നമ്മുടെ തര്‍ക്കശാസ്ത്ര ദുര്‍ബലത തുടക്കത്തിലേ പ്രകടമാക്കി. എന്നാല്‍ അമ്മായി അതിലൊന്നും വീണില്ല എന്ന് മാത്രമല്ല ഒരു തര്‍ക്കം ജയിക്കാനുള്ള കാര്‍ക്കശ്യം തുടക്കത്തിലേ പ്രകടമാക്കുകയും ചെയ്തു. ചര്‍ച്ചയുടെ കാര്യം പറഞ്ഞ് ആരും ഇങ്ങോട്ട് വരേണ്ട എന്ന് പ്രധാനമന്ത്രിയോട് തന്നെ തുറന്നു പറഞ്ഞു. അവര്‍ പാറ പോലെ ഉറച്ചു നിന്നപ്പോള്‍ നമ്മള്‍ പിന്നെയും അയഞ്ഞു. ഡാം പൊട്ടിയാലും ഇടുക്കി താങ്ങിക്കൊള്ളും എന്ന് കോടതിയില്‍ എഴുതിക്കൊടുത്തു. തമിഴ്നാട്ടിലായിരുന്നു ഇങ്ങനെയൊരു സംഭവം നടന്നിരുന്നതെങ്കില്‍ അന്ന് രാത്രിയിലെ കഞ്ഞി കുടിക്കാന്‍ അതെഴുതിക്കൊടുത്തവന്‍ ജീവിച്ചിരിക്കുമായിരുന്നില്ല. ജനങ്ങള്‍ അവനെ പട്ടിയെപ്പോലെ എറിഞ്ഞു കൊല്ലുമായിരുന്നു.

നമ്മള്‍ സമരം അവസാനിപ്പിച്ചിടത്തു നിന്ന് അവര്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനി ഇത് രണ്ടാലൊന്ന് ആയിട്ടേ അവര്‍ ഈ സമരം നിര്‍ത്തുകയുള്ളൂ.. പേടിപ്പിക്കാന്‍ വേണ്ടി പറയുകയല്ല, അവരുടെ ഒരു രീതി അതാണ്‌. നമ്മളുടെ രീതി വേറെയാണ്. തുടക്കത്തില്‍ പുലിയായി വന്നു ഒടുക്കത്തില്‍ എലിയായി സ്ഥലം വിടുക. കേരളത്തിലെ മുല്ലപ്പെരിയാര്‍ പ്രക്ഷോഭങ്ങള്‍ ഏതാണ്ട് എലിയിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. തമിഴന്‍ എലിയില്‍ നിന്ന് പുലിയായി രൂപാന്തരം പ്രാപിച്ചുതുടങ്ങുന്നതേയുള്ളൂ. കളിയൊക്കെ ഇനിയാണ് വരാനിരിക്കുന്നത്. 

ഇടുക്കി വിട്ടുതരണം എന്ന് അവര്‍ ആവശ്യപ്പെടുന്നത് ശരിക്കും അത് വിട്ടുകിട്ടുന്നതിന് വേണ്ടിയല്ല. ഒരു തര്‍ക്കം ജയിക്കാനുള്ള ആപ്പുകള്‍ വെക്കുകയാണ്. കന്യാകുമാരിയില്‍ മലയാളം സംസാരിക്കുന്നവരാണ്‌ കൂടുതലുള്ളത്, തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ആ ജില്ല കേരളത്തിനു വേണം എന്ന് ആവശ്യപ്പെടാന്‍ ഒരു 'വൈക്കോ'ല്‍ പോലും നമുക്കില്ല. തേനിയും കന്യാകുമാരിയും കേരളത്തോട് ചേര്‍ക്കണം എന്ന് ഏതെങ്കിലും ഒരു വൈക്കോല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പോലും അതിനു അതിന്റേതായ ഒരു താര്‍ക്കിക ശക്തി ലഭിക്കും. Aim at sky and you will hit the mountaintop എന്നോ മറ്റോ സായിപ്പിന്റെ ഒരു ചൊല്ലുണ്ട്. ആകാശം ലക്‌ഷ്യം വെക്കുക, എങ്കില്‍ കുന്നില്‍ മുകളിലെങ്കിലും എത്താന്‍ പറ്റും. എപ്പോഴും അല്പം നീട്ടിയെറിയണം എന്ന് ചുരുക്കം. ഒരു തര്‍ക്കം ജയിക്കുന്നതിന്റെ പ്രധാന ഗുട്ടന്‍സ് ആ ചൊല്ലില്‍ ഉണ്ട്. തമിഴന്മാര്‍ ഇപ്പോള്‍ അതാണ്‌ ചെയ്തു കൊണ്ടിരിക്കുനത്. 

ഒരു പുതിയ ഡാം കെട്ടുന്നതിനു വേണ്ട എന്തെങ്കിലും മുന്നൊരുക്കങ്ങള്‍ കേരളം ഇതിനകം നടത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. അതിന്റെ നടപടി ക്രമങ്ങളുമായി നാം മുന്നോട്ട് പോയിരുന്നുവെങ്കില്‍ കാറ്റ് മാറിവീശുമായിരുന്നു. ചര്‍ച്ച നടത്താന്‍ അമ്മായി തിരുവനന്തപുരത്തു വരുമായിരുന്നു. ചാനലിലും അങ്ങാടിയിലും ഇരുന്ന് ഒച്ച വെക്കുകയല്ലാതെ ചെയ്യേണ്ട കാര്യങ്ങള്‍ അതതിന്റെ സ്ഥലത്തും സമയത്തും ചെയ്തിരുന്നുവെങ്കില്‍ സംസ്ഥാനത്തിലെ ജനങ്ങള്‍ ഒന്നാകെ ഇതുപോലെ നാണം കെടുന്ന ഒരവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഈ പോക്ക് പോയാല്‍ നമ്മള്‍ എവിടെയും എത്തില്ല. വെള്ളം 136 അടിയില്‍ നില്‍ക്കട്ടെ എന്നാണ്‌ സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു ദണ്ഡപാണി അവിടെയും വല്ലതും എഴുതിക്കൊടുത്തു കാണും. ഈ സമരം വിജയിക്കുമെന്ന് കരുതി സത്യാഗ്രഹം ഇരിക്കുന്നത് വെറുതെയാണ്. (MLA മാര്‍ക്ക് തടി കുറക്കാന്‍ വേണമെങ്കില്‍ അല്പം സത്യാഗ്രഹം ആവാം). കഴിയുന്നത്ര ആളുകളെ പെരിയാറിന്റെ തീരത്ത്‌ നിന്ന് മാറ്റിപ്പാര്‍പ്പിച്ചാല്‍ അത്രയും ജീവന്‍ രക്ഷിക്കാന്‍ പറ്റും. അതല്ല ഇടുക്കി ജില്ല വിട്ടുകൊടുത്തു കൊണ്ടുള്ള വല്ല ഫോര്‍മുലയും സര്‍ദാര്‍ജിയുടെ കയ്യിലുണ്ടെങ്കില്‍ അതും ആലോചിക്കാവുന്നതാണ്. ഏതുനിമിഷവും പൊട്ടാവുന്ന ഒരു ഡാമിനെ പേടിച്ചു തീ തിന്നു കഴിയുന്ന ആ പാവങ്ങളെ പറ്റിക്കുന്നതിലും ഭേദം അതാണ്‌.



കടപ്പാട് : manoj sudhakaran