മണ്ണപ്പം ചുട്ടു കളിച്ച ഏതെങ്കിലും സായിപ്പിന് തോന്നിയ ഐഡിയ ആയിരിക്കുമോ മണ്ണ് ഡാം അഥവാ എര്‍ത്ത് ഡാം എന്ന സങ്കല്‍പ്പം. പണ്ട് മഴക്കാലത്ത് വീടിന്റെ തൊടിയില്‍ മഴ വെള്ളത്തെ തടഞ്ഞു നിര്ത്താന്‍ മണ്ണ് കൊണ്ട് തടയണ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ നല്ല ഓരു മഴയ്ക്ക് അത് തവിടു പൊടിയായിട്ടുമുണ്ട്. പറഞ്ഞു വരുന്നത് എന്തിനെക്കുറിച്ചാണെന്നല്ലേ. പറയാം. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എര്‍ത്ത് ഡാമിനെക്കുറിച്ച്. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനെക്കുറിച്ച്…
ഒരു വൈകുന്നേരമായിരുന്നു ബാണാസുരനെക്കാണാന്‍ വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ നിന്ന് വാഹനം കയറിയത്. ഡാമിന്റെ താഴെ ഇറങ്ങി ഡാമിന് മുകളിലേക്ക് വലിഞ്ഞു കയറുമ്പോള്‍ ചുറ്റിലും മനസിലും പെരുപ്പിച്ചു നില്‍ക്കുന്ന കൂറ്റന്‍ മലകള്‍.
ആ മലയുടെ അപ്പുറത്തുനിന്ന് വൈകുന്നേരത്തെ ചാറ്റല്‍ വെയില്‍ ചുകപ്പു നാടകള്‍ പോലെ ആകാശ ചിത്രങ്ങള്‍ വരയ്ക്കുന്നു. ഓരോ നിമിഷവും ആ ചിത്രത്തിന്റെ നിറങ്ങള്‍ക്ക് ഭാവപ്പകര്‍ച്ചകള്‍… നീണ്ടു നിവര്‍ന്നു കിടക്കുന്ന മലകളുടെ വലിപ്പവും നീളവും ഡാമിലേക്കുള്ള കയറ്റം കയറുന്നതിനനുസരിച്ച് കൂടിവന്നു.
കുറച്ചു നേരത്തെ കിതപ്പിന് ശേഷം ബാണാസുരന്റെ തോളിലെത്തി. ഇവിടുത്തെ കാഴ്ച്ചകള്‍ 360 ഡിഗ്രിയിലാണ്. ഒരു ഫിഷ്ഐ ലെന്‍സിനും പകര്‍ത്താന്‍ കഴിയാത്തത്ര വൈഡായ കാഴ്ച്ചകള്‍… കുന്നിറങ്ങി വരുന്ന മഞ്ഞ്പാളികള്‍… നിറഞ്ഞു തുളുമ്പുന്ന ബാണാസുരസാഗരം. അത് തഴുകി വരുന്ന തണുത്തകാറ്റ്….
കാറ്റിന് വേഗം കൂടുമ്പോള്‍ ഈ സാഗരത്തിലെ തിരമാലകള്‍ക്കും ശക്തികൂടും. ആ തിരമാലകള്‍ ഇവിടുത്തെ ചെറുകല്ലുകളില്‍ തലതല്ലിപ്പൊളിക്കും . ഈ അനന്തമായ കാഴ്ച്ചയിലേക്ക് മനസ്സും ശരീരവും തുറന്ന്വച്ച് രണ്ട് കമിതാക്കള്‍ ഡാമിനു മുകളിലെ കല്‍ഭിത്തിയില്‍ വലിഞ്ഞുകയറിയിരുപ്പുണ്ട്. കുറച്ച് പയ്യന്‍മാര്‍ വേറൊരിടത്ത് കൂടിനില്‍ക്കുന്നു. ഏതോ കോളേജില്‍ നിന്നും ടൂറിന് വന്നവരാണവര്‍. കാഴ്ച്ചകളില്‍ മതിമറന്ന് അവര്‍ പാട്ടുകള്‍ പാടുന്നു… കൂ കി വിളിക്കുന്നു. പൊട്ടിച്ചിരിക്കുന്നു… ഇവിടെ വന്നാല്‍ ഈ കാഴ്ച്ചകള്‍ കണ്ട് ആര്‍ക്കും അങ്ങനെ ചെയ്യാന്‍ തോന്നിപ്പോകും. ഒന്നുറക്കെ കൂകാന്‍ തോന്നിയ എന്നെ ഉള്ളിലെ സദാചാരപോലീസുകാരന്‍ വിലക്കി. ഞാന്‍ കൂകല്‍ അടക്കിപ്പിടിച്ച് മുന്നോട്ട് നടന്നു.കുറച്ചു നേരത്തെ കിതപ്പിന് ശേഷം ബാണാസുരന്റെ തോളിലെത്തി. ഇവിടുത്തെ കാഴ്ച്ചകള്‍ 360 ഡിഗ്രിയിലാണ്. ഒരു ഫിഷ്ഐ ലെന്‍സിനും പകര്‍ത്താന്‍ കഴിയാത്തത്ര വൈഡായ കാഴ്ച്ചകള്‍… കുന്നിറങ്ങി വരുന്ന മഞ്ഞ്പാളികള്‍… നിറഞ്ഞു തുളുമ്പുന്ന ബാണാസുരസാഗരം. അത് തഴുകി വരുന്ന തണുത്തകാറ്റ്….
മലമടക്കുകള്‍ കടന്നുവരുന്ന ഇവിടുത്തെ കാറ്റിന് ചൂളം വിളിയുടെ ശബ്ദമാണ്. വൈകുന്നേരത്തെ ഇളം വെയില്‍ മങ്ങി വരുന്നതിനൊപ്പം ഇരുണ്ട നീലനിറം ബാണസുരസാഗരത്തെ പൊതിഞ്ഞുതുടങ്ങിയിരുന്നു. ഈ ഡാമിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്കുള്ള നടത്തം കാഴ്ച്ചയുടെ പുതിയ സാഗരങ്ങളാണ് സമ്മാനിക്കുക.
ഈ ഡാമിന്റെ റിസര്‍വോയറില്‍ 28 ചെറു ദ്വീപുകളുണ്ട്. അതിനെയൊക്കെ വലം വച്ചു കാണാന്‍ ഇവിടെ ഫോറസ്റ്റ് ഡിപാര്‍ട്‌മെന്റിന്റെ സ്പീഡ് ബോട്ടുകളുണ്ട്. ബോട്ട്ലാന്റില്‍ എത്തിയപ്പോള്‍ അവിട രണ്ട് സ്പീഡ് ബോട്ടുകള്‍ കാഴ്ച്ചകാരെയും കാത്ത് നില്‍ക്കുന്നു. അതില്‍ ഒന്നില്‍ ക്കയറി ഈ ബാണാസുരസാഗരത്തിലൂടെ പറന്നുനടന്നു.
ഹരം പിടിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ സ്പീഡ് ബോട്ടിലെയാത്ര. ഓളപ്പരപ്പുകളെ കീറിമുറിച്ച് മലകള്‍ വലം വച്ച് അവസാനം തളര്‍ന്ന കുതിരയെപ്പോലെ ബോട്ട് ലാന്റില്‍ എത്തിയപ്പോള്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി അത് മാറി. ഇരുട്ടുവീണ ഡാമിന് മുകളിലൂടെ നടക്കുമ്പോള്‍ ദൂരെ മലമുകളില്‍ നിന്ന് ഇറങ്ങി വന്ന മഞ്ഞ് മലകളെ മുഴുവന്‍ മറച്ചിരിക്കുന്നു… എന്നാല്‍ അപ്പോഴും മനസ്സില്‍ ഒപ്പിയെടുത്ത ബാണാസുരന്റെ കാഴ്ച്ചകള്‍ മായതെ തന്നെ കിടന്നു.
കടപ്പാട് .. Inside Wayanad /എഴുത്തും ചിത്രങ്ങളും വരുണ്‍ രമേഷ്
No comments:
Post a Comment